അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിൻറെ (40 ) നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശോഭ ശേഖറിൻറെ അന്ത്യം.
അനുശോചനയോഗത്തിൽ പ്രസിഡണ്ട് എലെക്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ, ജോ: സെക്രട്ടറി സുധാ പ്ലക്കാട്ട് , ജോ.ട്രഷറർ ജോയ് തുമ്പമൺ എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയില്‍. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.ആശുപത്രി അധികൃതരാണ് തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. സിബിഐ അഞ്ചാം ഭാഗത്തിൽ ഇദ്ദേഹം ഉണ്ട് എന്നാണ് സൂചന. ഇപ്പോഴിതാ ജഗതിക്ക് അപകടം നടന്ന ദിവസത്തെക്കുറിച്ചുള്ള സംഭവം പറയുകയാണ് മകൾ പാർവ്വതി ഷോൺ.
പപ്പയ്ക്ക് അപകടം നടക്കുന്ന ദിവസം എല്ലാം ദുശകുനം ആയിരുന്നു എന്ന് പാർവ്വതി പറയുന്നു. പൂജാമുറി യാതൊരു പ്രകോപനവുമില്ലാതെ തീപിടിച്ചിരുന്നു. ഇപ്പോഴും ആ ദിവസം ഓർമ്മയുണ്ട് എന്ന് പാർവതി പറഞ്ഞു. പപ്പ വിളിച്ചു പറഞ്ഞതിനാൽ താൻ വീട്ടിലെത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞശേഷം വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞത്. അദ്ദേഹത്തെ തിരിച്ചു വിളിച്ച് കാര്യം അന്വേഷിക്കാൻ സാധിക്കില്ല. കാരണം മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു.
ഡ്രൈവർ അങ്കിളിനെ വിളിച്ചാണ് കാര്യങ്ങൾ തിരക്കിയിരുന്നത്. പക്ഷേ അന്ന് വണ്ടി ഓടിച്ചത് പപ്പേടെ ഡ്രൈവർ അല്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്. ഷൂട്ട് കഴിഞ്ഞ് പപ്പാ ക്ഷീണിച്ച് പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. സീ ബെൽറ്റ് ഒക്കെ ധരിച്ചിട്ട് ഉണ്ടായിരുന്നു. പക്ഷേ ആ കാറിൽ എയർബാഗ് സംവിധാനം ഇല്ലായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് പറയുന്നത്. പപ്പയുടെ സുഹൃത്ത് തങ്ങളെ ആദ്യം വിളിച്ച അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക് എന്താണ് എന്ന് തിരിച്ചു ചോദിച്ചപ്പോൾ കോൾ കട്ടായി. പിന്നെ നിരവധി കോളുകൾ വന്നു. ആശുപത്രിയിൽ എത്തിയപ്പോഴും ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരുകൈ മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ എന്ന് പാർവതി പറയുന്നു. അവിടെനിന്ന് പപ്പ ഇവിടെ വരെ എത്തി എന്നും ഇനി എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസമുണ്ട് എന്നും പാർവതി പറയുന്നു.
കെ റെയില്‍ സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്.
സര്‍വ്വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊടിക്കുന്നില്‍ സുരേഷ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഉദ്യോഗസ്ഥരോട് ‘നിന്റെ തന്തയുടെ വകയാണോ ഈ സ്ഥല’മെന്ന് ചോദിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രകടനം. ‘ഇയാളാരാ, ഞാന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്, നിന്നെക്കാള്‍ മേല്‍ ഇരിക്കുന്ന ആളാണ് ഞാന്‍’ എന്ന് സ്ഥലത്തെത്തിയ സിഐയോടും എംപി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ മൂന്നാം തീയതിയാണ് കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്‍കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.
ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസെഫ് എന്നിവര്‍ അവരെ വിറ്റു എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്‌കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്.
അന്തരിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ അവസാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹത്തിന്റെ മാനേജര്‍ ജെയിംസ് എര്‍സ്‌കിന്‍. വോണ്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അബോധാവസ്ഥയിലായതെന്ന് പറഞ്ഞു.
‘തായ്ലന്‍ഡിലെ ഖൊ സമുയിലുള്ള റിസോര്‍ട്ടില്‍ അവധി ആഘോഷിക്കാനായി എത്തിയതാണ് വോണ്‍. വോണ്‍ മദ്യപിച്ചിരുന്നില്ല. അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള പദ്ധതിയിട്ടിരുന്നു. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റാണ് അദ്ദേഹം ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിച്ച് യുകെയിലേക്ക് പോകാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്.’
‘വോണിനെ കാണാനായി ആന്‍ഡ്രൂ എന്ന സുഹൃത്ത് വന്ന സമയത്ത് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നതായി മനസിലാക്കി. അബോധാവസ്ഥയിലായ വോണിന് ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കാനും സുഹൃത്ത് ശ്രമിച്ചിരുന്നു. 20 മിനിറ്റ് വൈകിയാണ് ആംബുലന്‍സ് എത്തിയത്. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അദ്ദേഹം മരിച്ചു’ ജെയിംസ് എര്‍സ്‌കിന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോവിഡ് ബാധിതനായിരുന്ന വോണിന് അതിന്റെ സങ്കീര്‍ണതകളുമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷമാണ് ഓസീസ് താരത്തിന് കോവിഡ് ബാധിച്ചത്. കടുത്ത തലവേദനയും പനിയും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് വോണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. വേദന സഹിക്കാനാകാതെ നാല് ദിവസത്തോളം താരം വെന്റിലേറ്ററിലായിരുന്നു.
ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ച് ചന്ദ്രനില്‍ വലിയ ഗര്‍ത്തം. ഏഴ് വര്‍ഷക്കാലം ബഹിരാകാശത്ത് കറങ്ങിയ അവശിഷ്ടം വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറ് മണിയോടെയാണ് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത്.
ഇത്തരത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിതമായ വസ്തുവിന്റെ അവശിഷ്ടം ചന്ദ്രനില്‍ പതിക്കുന്നത്. അവശിഷ്ടം ചന്ദ്രനില്‍ കാര്യമായ കേടുപാടുകള്‍ സൃഷ്ടിച്ചേക്കില്ലെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. ഒരു റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് കറങ്ങുന്നതായി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ അവശിഷ്മമാണിതെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ചൈനീസ് റോക്കറ്റിന്റേതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ചൈന ഇത് നിഷേധിച്ചിട്ടുണ്ട്.
65 അടി വിസ്തൃതിയുള്ള ഗര്‍ത്തമാണ് ചന്ദ്രോപരിതലത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇന്ധനം തീര്‍ന്നോ എനര്‍ജി ഇല്ലാതെയോ ഭൂമിയിലേക്കെത്താന്‍ കഴിയാതെ ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇനിയുമുണ്ടെന്നാണ് വിവരം. ചിലതൊക്കെ ഭൂമിക്ക് തൊട്ട് മുകളിലാണുള്ളത്. ഇവ നീക്കം ചെയ്യാന്‍ ഇതുവരെ ഒരു പദ്ധതിയും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല.
Space junk crashes into far side of moon. It will take some time before we see the damage:https://t.co/f4jfhNjd1e
— USA TODAY (@USATODAY) March 4, 2022
ഒരുവര്‍ഷമായി രാജ്യത്ത് കോവിഡ് 19 വാക്സിനേഷന്‍ യജ്ഞം പുരോഗമിയ്ക്കുകയാണ്. അതിനിടെ മലയാളി ആരോഗ്യപ്രവര്‍ത്തകയെ തേടി ദേശീയ അംഗീകാരം എത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയയെ തേടി മികച്ച വാക്‌സിനേറ്റര്‍ പുരസ്‌കാരം
എത്തിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധ വാക്സിനേഷന്‍ വിതരണം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ, മികച്ച വനിതാ വാക്സിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം പ്രിയയെ തേടിയെത്തിയത്. ഗ്രേഡ് വണ്‍ നഴ്‌സിങ് ഓഫീസറായ പ്രിയ, 13 മാസം കൊണ്ട് 488 സെഷനുകളിലായി 1,33,161 ഡോസ് കോവിഡ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. ഓരോ ദിവസവും വാക്സിനേഷനായെത്തുന്ന അവസാന ആള്‍ക്കും കുത്തിവയ്പു നല്‍കി, നിരീക്ഷണം പൂര്‍ത്തിയാക്കി അവര്‍ പോകുന്നതു വരെ പ്രിയ വാക്സിനേഷന്‍ കേന്ദ്രത്തിലുണ്ടാവും.
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച 2021 ജനുവരി 19 മുതല്‍ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് പ്രിയയ്ക്ക് ഡ്യൂട്ടി. നൂറ് മുതല്‍ ആയിരം വരെ കുത്തിവയ്പുകള്‍ നല്‍കിയ ദിവസങ്ങളുണ്ട്. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോള്‍, സെന്റ് ജോസഫ് സ്‌കൂളില്‍ തയ്യാറാക്കിയ കേന്ദ്രത്തിലായിരുന്നു സേവനം. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും പ്രിയയെ രോഗം ബാധിച്ചില്ല.
‘വാക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഒരുപാട് ആളുകളെ കണ്ടു. വാക്സിന്‍ കിട്ടാത്തവര്‍ ശപിച്ചപ്പോള്‍, വാക്സിനായി ഒരുപാട് അലഞ്ഞെത്തിയവര്‍ കുത്തിവയ്‌പ്പെടുത്തുകഴിഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിച്ച നിമിഷങ്ങളുമുണ്ടായി. മനഃപൂര്‍വം വാക്സിന്‍ നല്‍കുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ തെറ്റിദ്ധരിച്ചതില്‍ മാത്രമാണ് വിഷമം തോന്നിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ എത്താതിരുന്നാല്‍ ബാക്കി വരുന്ന രണ്ടോ മൂന്നോ വാക്സിന്‍ വയലുകള്‍. ഇതിനായി മത്സരമാണ്. ആരും ഒഴിവാകില്ല. ഇവരില്‍നിന്ന് അര്‍ഹരായവരെ കണ്ടെത്തി നല്‍കുകയെന്നത് പ്രയാസകരമായിരുന്നു. കൂടെ ജോലി ചെയ്തവരുടെ സഹകരണവും വലുതായിരുന്നു’ – പ്രിയ പറഞ്ഞു.
2006ല്‍ ഡി.എം.ഒ. നിയമനമായാണ് ജനറല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2008-ല്‍ പി.എസ്.സി. നിയമനം ലഭിച്ചു. മലയിന്‍കീഴ് കരിപ്പൂര്‍ ഡ്രീം കാസിലില്‍ ഭര്‍ത്താവ് സുന്ദര്‍സിങ്ങിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മന്‍സൂക്ക് മാണ്ഡവ്യയില്‍ നിന്ന് പ്രിയ പുരസ്‌കാരം സ്വീകരിക്കും.
മോസ്‌കോ: യുക്രൈനില്‍ രണ്ട് നഗരങ്ങളില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും ഒഴിപ്പിക്കാന്‍ തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ വ്യക്തമാക്കി. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍.
‘ഇന്ന്, മാര്‍ച്ച് 5 ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക്, റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മരിയുപോളില്‍ നിന്നും വോള്‍നോവഹയില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യുന്നു’ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായി റഷ്യയുടെ മേല്‍ ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നുമാണ് റഷ്യന്‍ പക്ഷത്തിന്റെ നിലപാട്.
ഇന്ത്യന്‍ സമയം ഏകദേശം 12.50 ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയും റഷ്യയോട് താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് 229 ഇന്ത്യക്കാര്‍ കൂടി ഡല്‍ഹിയിലെത്തി. റൊമാനിയ അതിര്‍ത്തിയില്‍ എത്തിയ സംഘം ഓപറേഷന്‍ ഗംഗ രക്കാദൗത്യത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിയത്. ഇതിനകം 17,000 ഇന്ത്യക്കാര്‍ നാട്ടിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇന്നലെ വ്യോമസേന വിമാനത്തില്‍ 629 പേര്‍ തിരിച്ചെത്തിയിരുന്നു.
അതേസമയം, 1000 ഇന്ത്യക്കാര്‍ യുദ്ധബാധിത മേഖലയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 300 ഓളം പേര്‍ ഖര്‍കീവിലും 300 പേര്‍ സൂമിയിലും. ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്നും ഇന്ത്യക്കാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ യുക്രൈന്‍, റഷ്യന്‍ ഭരണകൂടങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതിനിടെ, വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷണ്‍ അനുമതി നല്‍കി. കോവിഡ് 19, യുക്രൈന്‍ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതുവരെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷ്യേറ്റ് പ്രകാരം വിദേശത്തു പഠിക്കുന്നവര്‍ രണ്ട് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമായിരുന്നു. എംബിബിഎസ് പൂര്‍ത്തിയാക്കിയ രാജ്യത്തും ഇന്ത്യയിലും.