നരിപ്പറ്റ: കോഴിക്കോട് ഇരട്ടകളായ മക്കളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ അമ്മ തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പാണ്ടി തറമ്മൽ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 26-ന് രാത്രിയാണ് സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുമായി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിൻ എന്നിവർ മരിച്ചുവെങ്കിലും സുബീനയെ നാട്ടുകാർ രക്ഷപ്പെടുത്തി. പേരോട് സിസിയുപി സ്‌കൂൾ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബീന.
കേസിൽ ശിക്ഷ ലഭിച്ച സുബീനയ്ക്ക് മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
കോട്ടയം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്‌ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) നോമിനിയെ രംഗത്തിറക്കാന്‍ ചരടുവലി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ സിറോ മലബാര്‍ സഭയുടെ വനിതാ അത്മായ നേതാവിനെ ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാക്കാനാണു നീക്കം. യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നീക്കം.
തൃക്കാക്കര ഭാരത്‌മാതാ കോളജിലെ മുന്‍ അധ്യാപികയുടെ പേരാണ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണി നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. ഈ അധ്യാപികയുടെ ഭര്‍ത്താവ് കെ.എസ്.സി. നേതാവായിരുന്നു. നിരവധി സര്‍ക്കാര്‍, സമൂഹിക മേഖലകളില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഇവരെ മത്സരത്തിനിറക്കിയാല്‍ സഭയുടെ ഔദ്യോഗിക പിന്തുണ കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസി(എം)ന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന യൂത്ത് ഫ്രണ്ട് സംസ്‌ഥാന നേതൃക്യാമ്പില്‍ മുഖ്യപ്രഭാഷക ഈ അധ്യാപികയായിരുന്നു.
എന്നാല്‍, ഇടതുസ്വതന്ത്രയെന്ന പേരിലാണെങ്കിലും തങ്ങളുടെ കൈവശുമുള്ള സീറ്റ് സി.പി.എം. വിട്ടുകൊടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരം കടുത്തതാകുമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണി നേതൃത്വത്തിനുണ്ട്. പി.ടി. തോമസും കത്തോലിക്കാ സഭയുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതായതോടെ സഭയുടെ പരിപൂര്‍ണ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുമില്ല. അതിനാല്‍ കേരള കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന പേര് ഇടതുമുന്നണി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.
പാര്‍ട്ടി സംസ്‌ഥാന സമ്മേളനം കഴിയുന്നതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു സി.പി.എം. തീരുമാനം. ഏപ്രിലില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും.
ഷെറിൻ പി യോഹന്നാൻ
“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.
ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ് മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.

ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.
ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.
ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച് ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.
Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക് അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.
ഷെറിൻ പി യോഹന്നാൻ
“ഭീഷ്മ പർവ്വത്തിന് എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം”? Movie Man ന്റെ അഭിമുഖത്തിൽ അവതാരകൻ മമ്മൂട്ടിയോട് ചോദിക്കുന്നതാണ്. “ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്” എന്ന മറുപടിയാണ് അദ്ദേഹം ക്യാമറയിലേക്ക് നോക്കി പറയുന്നത്. അമൽ നീരദിന്റെ ഫിലിം മേക്കിങ് സ്റ്റൈലിലേക്ക് കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നതോടെ പ്രേക്ഷക പ്രതീക്ഷയും ഉയരും… അത് സ്വാഭാവികം.
1980കളുടെ അവസാനമാണ് കഥ നടക്കുന്നത്. അഞ്ഞൂറ്റി കുടുംബത്തിന്റെ നാഥനാണ് മൈക്കിൾ. സഹോദരന്മാരും അവരുടെ മക്കളും ഭയത്തോടെ സമീപിക്കുന്ന വ്യക്തി. മൈക്കിളിന്റെ ഭൂതകാലവും അധികാരവുമാണ് അവരെ ഭയപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാൻ തയ്യാറായി കുടുംബാംഗങ്ങൾ നിൽക്കുന്നു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച്, കപ്പൽ മുങ്ങാതെ കാക്കുന്ന കപ്പിത്താനാവുകയാണ് മൈക്കിൾ.

അൻപത് വർഷം പിന്നിട്ട ഹോളിവുഡ് ചിത്രമായ ‘ഗോഡ്ഫാദറി’ൽ നിന്നും മഹാഭാരത കഥയിൽ നിന്നും അമൽ നീരദ് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാണ്. ക്രെഡിറ്റ് ലൈനിൽ മരിയോ പൂസോയുടെയും വ്യാസന്റെയും പേരുകളൊക്കെ കാണാം. ഒരു കുടുംബത്തിനുള്ളിലെ കഥയെ സ്റ്റൈലിഷായി, എൻഗേജിങ് ആയി ഒരുക്കിയെടുത്തിട്ടുണ്ട് അമൽ. സാങ്കേതിക വശങ്ങളിലെ പെർഫെക്ഷനും സ്റ്റൈലിഷായ മേക്കിങ്ങുമാണ് ‘ഭീഷ്മ പർവ്വ’ത്തെ ഗംഭീരമാക്കുന്നത്. മഴയും സ്ലോ മോഷൻ സീനുകളും അമൽ നീരദ് ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. സ്ലോ മോഷൻ രംഗങ്ങളുടെ എണ്ണം ഇവിടെ കൂടുന്നുണ്ടെങ്കിലും എല്ലാം ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ളതായിരുന്നു.
ആദ്യമേ തന്നെ ഒരു ക്ലാസ്സ് സിനിമയുടെ മൂഡിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ചിത്രത്തിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ആക്ഷൻ കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു. മൈക്കിളിലേക്ക് മാത്രം ചുരുങ്ങാതെ മറ്റ് കഥാപാത്രങ്ങളെയും അവരുടെ ഇമോഷൻസിനെയും കൃത്യമായി കഥയിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ സംവിധായകന് കഴിഞ്ഞു. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നേരത്തെ തന്നെ പ്ലേലിസ്റ്റിൽ ഇടം നേടിയതാണ്.

മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഫലപ്രദമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി, മാനറിസം, വേഷം എന്നിവയൊക്കെ ഗംഭീരം. ഷൈൻ ടോം, സൗബിൻ, ദിലീഷ് പോത്തൻ, ജിനു എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്. അതിൽ ഷൈൻ, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ മനസ്സിൽ പതിയുയുമെന്ന് തീർച്ച. അമൽ നീരദ് ചിത്രങ്ങളിൽ കണ്ടുവരുന്ന സാമൂഹിക വിമർശനം ഇവിടെയും ദൃശ്യമാണ്. സിനിമയുടെ ആദ്യ രംഗങ്ങളിൽ അത് പ്രകടമായി കാണാം.
മികച്ച ക്യാമറ ആംഗിളുകളും ഗംഭീര ഫ്രെയിമുകളും ചേരുന്ന ആദ്യ ഫൈറ്റ് സീൻ പ്രേക്ഷകന് നൽകുന്ന ഇമ്പാക്ട് വളരെ വലുതാണ്. കണ്ടിരിക്കുന്ന ഏതൊരാൾക്കും ഊഹിക്കാൻ പറ്റുന്ന കഥാഗതിയും സാഹചര്യങ്ങളുമാണ് ചിത്രത്തിൽ. പ്രെഡിക്ടബിളായ സ്റ്റോറി ലൈനെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നതിനാൽ ഇവിടെ ബോറടിയില്ല. അത് തന്നെയാണ് ഭീഷ്മയെ മികച്ചതാക്കുന്നത്.
Last Word – തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ചിത്രമാണ് ‘ഭീഷ്മ പർവ്വം’. ഗംഭീര മേക്കിങ്ങിനൊപ്പം കഥാപാത്രനിർമിതിയും ശക്തമാകുമ്പോൾ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ ഭീഷ്മയ്ക്ക് സാധിക്കും. അമൽ നീരദ് – മമ്മൂട്ടി കോമ്പോയുടെ ഗംഭീര ക്രൈം ഡ്രാമ. ബിഗ് സ്‌ക്രീനിൽ മിസ്സ് ചെയ്യരുതാത്ത ചിത്രം.
പയ്യന്നൂരിൽ വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിന് ഹോട്ടലിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഹോട്ടലുടമയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് പ്രസിഡൻ്റുമായ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ യുവാക്കൾക്കുമാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂർ മൈത്രി ഹോട്ടലിലാണ് സംഭവം.
ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. എന്നാൽ കഴിക്കാൻ വേണ്ടി ഭക്ഷണം വിളമ്പിയ നേരത്താണ് ലഭിച്ചത് ചിക്കൻ ബിരിയാണിയാണെന്ന് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഓർഡർ ചെയ്തയാൾ ഇതിന്റെ പേരിൽ ഹോട്ടലുടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
വിവരം ഹോട്ടലുടമയെ അറിയിച്ചിട്ടും ഭക്ഷണം മാറ്റി നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം. താൻ വെജ് മാത്രമെ കഴിക്കുകയൊളളൂവെന്നും മാംസാഹാരം കഴിക്കില്ലെന്നും ഇയാൾ പറഞ്ഞിട്ടും ഭക്ഷണം മാറ്റി നൽകിയില്ല.
ഇതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ രണ്ടു യുവാക്കൾ കൂടി ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. അയാൾക്ക് കൊടുത്ത ചിക്കൻ ബിരിയാണി തങ്ങൾക്ക് നൽകി വെജ് ബിരിയാണി അയാൾക്ക് നൽകണമെന്ന് യുവാക്കൾ നിർദേശിച്ചു. എന്നാൽ ഹോട്ടലുടമ ഇവരുടെ നിർദേശവും പരിഗണിച്ചില്ല. തുടർന്നുണ്ടായ അടിപിടിയിൽ യുവാക്കള്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു.
ബഹളത്തെ തുടർന്ന് ആളുകൾ കൂടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവത്തിൽ ഹോട്ടലുടമയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലുടമയും തർക്കമുണ്ടാക്കിയ വ്യക്തിയും പരാതി നൽകിയിട്ടുണ്ട്.
യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുപത്തിയേഴുകാരിയായ നേഹയെ പോണേക്കരയിലുള്ള ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവുമൊത്തു താമസിക്കുകയായിരുന്നു ഇവര്‍. ഇവര്‍ അയച്ച ആത്മഹത്യ സൂചന നല്കുന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
മരണത്തില്‍ ദുരൂഹതയുള്ളതായാണ് സൂചന. ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഒപ്പം താമസിച്ച യുവാവ് വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇയാൾ നാട്ടിൽ പോയ ശേഷം വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയെന്നാണ് സൂചന.
ഇതിനിടെ, ഈ ഫ്ളാറ്റിൽ പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നു കണ്ടെടുത്തതായി പറയുന്നു. ഇവിടെ ലഹരി മരുന്നു വാങ്ങാൻ അസമയത്തും പലരും എത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഇതിനിടെ, സംഭവസ്ഥലത്ത് കാറിൽ എത്തിയ മൂന്നു യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മറ്റു രണ്ടു പേർക്ക് ഇതിൽ പങ്കില്ലെന്നു കണ്ടു അവരെ വിട്ടയച്ചതായി പറയുന്നു.
ബാലുശ്ശേരി: വ്‌ളോഗറും ആൽബം താരവുമായ പാവണ്ടൂർ മന്ദലത്തിൽ അമ്പലപ്പറമ്പിൽ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തിൽ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും. ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസമാണ് റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് നാട്ടിൽ കബറടക്കും. ആത്മഹത്യയാണെന്ന വിവരമാണ് ദുബായിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
അതേസമയം, ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിനു മുൻപ് രാത്രി ഒൻപതോടെ റിഫ വീഡിയോകോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞു മകന് ചുംബനം നൽകിയാണു സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം കടുംകൈ ചെയ്യാൻ വിധത്തിൽ മാനസികമായ തളർന്നത് എങ്ങനെ എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.
തിങ്കളാഴ്ച രാത്രി കൂട്ടുകാരോടൊപ്പം പുറത്തു ഭക്ഷണം കഴിക്കാൻ പോയ ഭർത്താവ് മെഹ്നാസ് തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ, ജോലി കഴിഞ്ഞെത്തിയ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചത്. ഭർത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വീഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.
വ്ളോഗറും ആൽബം അഭിനേതാവുമായിരുന്ന മെഹ്നാസിനെ റിഫ ഇൻസ്റ്റഗ്രാമിലൂടെയാണു പരിചയപ്പെട്ടത്. 3 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള മകനെ വീട്ടുകാരെ ഏൽപിച്ചാണു റിഫ ഗൾഫിലേക്കു പോയത്. റിഫയും ഭർത്താവും ഒരുമിച്ച് ബുർജ് ഖലീഫയ്ക്കു മുൻപിൽ നിന്ന് എടുത്ത വീഡിയോയാണു അവസാനമായി ഇവർ പോസ്റ്റ് ചെയ്തത്.
ബിനോയ് എം. ജെ.
ആത്മാവിന്റെ സ്വാതന്ത്ര്യത്തെ മോക്ഷം എന്ന് വിളിക്കുന്നു. അല്ലാത്തപ്പോൾ അത് പ്രകൃതീബന്ധനത്തിലാണ്. പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാൻ ശ്രമിക്കുമ്പോൾ ആത്മാവ് അഥവാ ‘പുരുഷൻ'(സാംഖ്യാദർശനത്തിൽ ആത്മാവിനെ പുരുഷൻ എന്ന് വിളിക്കുന്നു ) പ്രകൃതിബന്ധനത്തിൽ വീണു പോകുന്നു .ഇവിടെ പ്രകൃതിയെ ജയിക്കണമെന്ന ഇച്ഛ ഉണ്ടെങ്കിലും അതിനു വേണ്ടി പ്രകൃതിയുടെ സഹായം തന്നെ ആവശ്യപ്പെടുന്നതിനാൽ പുരുഷൻ പ്രകൃതിയുടെ അടിമയായി മാറുന്നു. ഇതിനെ തുടർന്ന് ആശയക്കുഴപ്പം ഉണ്ടാവുകയും അത് ദു:ഖത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇവിടെ പ്രകൃതിയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് കരുതേണ്ടാ. പ്രകൃതിയുടെ ധർമ്മം തന്നെ പുരുഷനെ സഹായിക്കുക എന്നതാണ്. പുരുഷന് ജ്ഞാനം ഉണ്ടാകേണ്ടിയിരിക്കുന്നു; അവന് മോക്ഷം കിട്ടേണ്ടിയിരിക്കുന്നു; അവൻ പ്രകൃതീബന്ധനത്തിൽ നിന്നും മോചിതനാകേണ്ടിയിരിക്കുന്നു; അതിനുവേണ്ടിയാണ് ഈശ്വരൻ പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ തന്നെ പ്രകൃതി സദാ പുരുഷന് ചങ്ങലകൾ ഒരുക്കുന്നു. ആ ചങ്ങലകളിൽനിന്നും മോചനം നേടുവാൻ പുരുഷൻ സ്വയം പഠിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു കൺകെട്ടിക്കളിപോലയേ ഉള്ളൂ. പുരുഷൻ എന്ന് പ്രകൃതിയെ ആശ്രയിക്കുന്ന ശീലം ഉപേക്ഷിക്കുന്നുവോ അന്ന് പ്രകൃതി സ്വയം തിരോഭക്കുന്നു. പിന്നീട് പ്രകൃതി പുരുഷന് ചങ്ങലകൾ ഒരുക്കുന്നില്ല! പുരുഷൻ സ്വതന്ത്രനാവുകയും ചെയ്യുന്നു .
അതിനാൽ തന്നെ പുരുഷൻ ഒരിക്കലും പ്രകൃതിയെ ആശ്രയിക്കുവാൻ പാടില്ല. അത്തരം ഒരാശ്രയത്വം പ്രകൃതീബന്ധനത്തിലേക്കേ നയിക്കൂ. പുരുഷൻ കേവലനായി നിൽക്കുവാൻ യത്നിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ അവന് സ്വാതന്ത്ര്യവും മോക്ഷവും കിട്ടൂ..പ്രകൃതിയിൽ നിന്നും പഠിക്കുക എന്നത് തെറ്റായ ഒരു പ്രക്രിയയും തെറ്റായ ഒരു സമീപനവും ആണ്. അതാണ് പുരുഷന്റെ മായാ(പ്രകൃതീ) ബന്ധനത്തിന്റെ അടിസ്ഥാനപരമായ കാരണം. എല്ലാ വിജ്ഞാനവും പുരുഷനിൽ തന്നെയാണ് കിടക്കുന്നത്. പ്രകൃതിയിൽ നിന്നും പഠിക്കുന്ന വിജ്ഞാനം പുരുഷനിൽ നൈസർഗ്ഗികമായി കിടക്കുന്ന അനന്ത ജ്ഞാനത്തിന്റെ വികലമായ ഒരനുകരണം മാത്രമാണ്.
കേവലനായി നിൽക്കുവാൻ ശ്രമിക്കുന്ന പുരുഷൻ ആപേക്ഷികജ്ഞാനത്തിനു പകരം, അനന്തമായ സ്വന്തം ഇച്ഛാശക്തിയിൽ ആശ്രയിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇത് അത്ര ക്ലേശകരമായ ഒരു കാര്യമല്ല. മാർഗ്ഗങ്ങളുടെയും (methodology) സാങ്കേതിക വിദ്യകളുടെയും(texhnology) പിറകെ പോകാതെയിരിക്കുക. ഏറ്റവും നല്ല മാർഗ്ഗവും സാങ്കേതിക വിദ്യയും അനന്തമായ നമ്മുടെ ഇച്ഛാശക്തിയിൽ ആശ്രയിക്കുക എന്നതാകുന്നു. അത് അനന്തമാകുന്നു ,എന്നത് കൊണ്ട് തന്നെ , ഒരിടത്തും തോൽക്കാത്തതുമാകുന്നു. അതിൽ ആശ്രയിക്കുന്നവൻ നിർണ്ണായകമായ, ആ വിജയം കൈവരിക്കുന്നു. മറിച്ച് ,മാർഗ്ഗങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പിറകെ പോകുന്നവൻ, പ്രകൃതിയെ ആശ്രയിക്കുകയും, അനന്തമായ സ്വന്തം ഇച്ഛാശക്തിയെ പ്രായോഗിക്കുന്നതിൽ പരാജയപ്പടുകയും ചെയ്യുന്നതിനാൽ നിർണ്ണായകമായ ആ വിജയത്തിൽ ഒരിക്കലും എത്തിച്ചേരുന്നില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെത്തിരെ നിലപാട് കടുപ്പിച്ച് ലോക ബാങ്ക്. റഷ്യയിലും ബെലാറൂസിലും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും അടിയന്ത്രമായി നിര്‍ത്തി വയ്ക്കുന്നതായി ലോക ബാങ്ക് അറിയിച്ചു. ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് ബെലാറൂസ് പിന്തുണ അറിയിച്ചിരുന്നു. അതിനാലാണ് ബെലാറൂസിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയത്.
റഷ്യക്കെതിരെ രാജ്യാന്തര നീതിന്യായക്കോടതിയില്‍ ഉക്രൈന്‍ പരാതി നല്‍കിയിരുന്നു. യുദ്ധക്കുറ്റം ചെയ്‌തെന്ന് പരാതിയില്‍ റഷ്യക്കെതിരെ അന്വേഷണം ഉണ്ടാകും. അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച് റേറ്റിങ് റഷ്യയുടെ റേറ്റിങ് താഴ്ത്തിയിട്ടുണ്ട്.
ലോക ബാങ്ക് റഷ്യക്കും ബെലാറൂസിനും അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുകയും, അംഗങ്ങള്‍ക്ക് നയപരമായ ഉപദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2014 മുതല്‍ റഷ്യക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ അംഗീകരിച്ചിട്ടില്ല. 2020 പകുതി മുതല്‍ ബെലാറൂസിനും പുതിയ വായ്പകള്‍ അനുവദിച്ചിട്ടില്ല. ബെലാറൂസില്‍ മൊത്തം 1.2 ബില്യണ്‍ ഡോളറിന്റെ 11 പ്രോജക്റ്റുകള്‍ ഉണ്ട്. ഊര്‍ജ്ജം, വിദ്യാഭ്യാസം, ഗതാഗതം, കോവിഡ് പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടുള്ള പദ്ധതികളാണിത്.
റഷ്യയില്‍, 370 മില്യണ്‍ ഡോളര്‍ ചെലവ് വരുന്ന നാല് പ്രോജക്റ്റുകള്‍ മാത്രമാണുള്ളത്. നയപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുളള പദ്ധതികളായിരുന്നു ഇത്. ഈ പദ്ധതികള്‍ എല്ലാം നിര്‍ത്തി വയ്ക്കുന്നതായാണ് ലോക ബാങ്ക അറിയിച്ചത്.
അതേസമയം യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിനായി 3 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് തയ്യാറാക്കുന്നതായി ലോക ബാങ്ക് ചൊവ്വാഴ്ച അറിയിച്ചിരുന്നു. 350 മില്യണ്‍ ഡോളര്‍ ഉടനടി നല്‍കും.ഉക്രൈനിന് അടിയന്തര സഹായം നല്‍കുമെന്ന് ഐ.എം.എഫും അറിയിച്ചിട്ടുണ്ട്.