Latest News

മദർ തെരേസക്കും മിഷണരീസ് ഒഫ് ചാരിറ്റിക്ക് നേരേയും ഗുരുതര ആരോപണങ്ങളുമായി ആർ.എസ്. എസ് മുഖവാരിക പാഞ്ചജന്യ. കുരിശേറ്റൽ, അധികാരം, ഗൂഡാലോചന’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മദർ തെരേസക്കെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ പാഞ്ചജന്യ ആക്ഷേപങ്ങൾ ഉന്നയിച്ചത്.

കേന്ദ്ര സർക്കാർ അടുത്തിടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രെജിസ്ട്രേഷൻ പുതുക്കുന്നത് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആർ.എസ്.എസ് മുഖവാരികയിൽ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ വിമർശനങ്ങൾ ഉയർന്നത്.

മദർ തെരേസക്ക് ഭാരത രത്നം നൽകാൻ കാരണം ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയം എന്നറിയപ്പെടുന്ന ചില കാരണങ്ങൾ’ കൊണ്ടാണെന്ന് ലേഖനത്തിൽ പറയുന്നു. മദർ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്നും പാഞ്ചജന്യത്തിലെ ലേഖനത്തിൽ പറയുന്നു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന് എതിരായ തന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് പോലീസിന് മൊഴിയും രേഖകളും നൽകിയെന്ന് ബാലചന്ദ്ര കുമാർ. പോലീസ് മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോൺ അടക്കം കൈമാറിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

കേസിൽ ഐപിസി സെക്ഷൻ 164 പ്രകാരം രഹസ്യ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചതായും ബാലചന്ദ്ര കുമാർ സ്വകാര്യ മാധ്യമത്തോട് വിശദീകരിച്ചു. കേസിൽ തന്റെ പരാതി അനുസരിച്ച് മൂന്ന് കാര്യങ്ങളാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.

ഒന്ന്, ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടു എന്നത്. രണ്ട്, കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നത്. മൂന്ന്, കേസുമായി ബന്ധപ്പെട്ടുള്ള വിഐപിയുടെ പങ്ക്. ഉന്നതന്റെ പങ്ക് എന്ന് പറയുമ്പോഴും അത് ആരാണ് എന്നതിൽ ഇതുവരെ വ്യക്തമായിട്ടില്ല.

ഈ വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് അവർ കണ്ടുവെന്നതുമാണ് മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പോലീസ് കാണിച്ചു. ഇതിൽ ഒരു ഫോട്ടോ കണ്ടപ്പോൾ അദ്ദേഹമായിരിക്കാമെന്ന് താൻ പറഞ്ഞു.

നാല് വർഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് പോലീസിനെ അറിയിച്ചതായും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.

ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവൻ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോൾ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

ഗാർഹിക പീഡനത്തെ തുടർന്ന് മരുമകൾ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും, അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ ഭാര്യയുമായ ശാന്തമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യം നൽകിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പിക്കു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ആണ് രാജൻ പി.ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി.

കേസിൽ രണ്ടാം പ്രതിയാണ് ശാന്തമ്മ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഭർത്താവ് ഉണ്ണിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

പ്രണയിതാക്കൾ തമ്മിലെ തർക്കത്തിന് ഒടുവിൽ ആൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തി പെൺകുട്ടി. ആൺസുഹൃത്ത് തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്നോടുകയായിരുന്നെന്നും പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാർ കണ്ടെത്തുകയായിരുന്നെന്നും പെൺകുട്ടി വെളിപ്പെടുത്തി.

പെൺകുട്ടിയുമായുള്ള തർക്കത്തെ തുടർന്ന് സുഹൃത്ത് വെച്ചൂർ സ്വദേശി ഗോപി വിജയ് ആണ് ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ചത്. ആ കാഴ്ച കണ്ടാണ് ഓടിപ്പോയതെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞു.

‘നഴ്‌സിങ് പഠനത്തിനു ചേരാൻ ബംഗളൂരുവിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എതിർത്തു. പോകരുതെന്നു പറഞ്ഞു. തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചുവരുത്തി. ബംഗളൂരുവിലേക്കു പോകരുതെന്ന് വീണ്ടും പറഞ്ഞു.

പോകുമെന്നു ഞാൻ പറഞ്ഞു. ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു. അതിനുശേഷം കുരുക്ക് കഴുത്തിൽ അണിഞ്ഞ് ചാടാൻ പോയി. ഗോപിയെ ആദ്യം പിന്തിരിപ്പിച്ചു. ബഹളം വച്ചെങ്കിലും ആരും വന്നില്ല. വിവരം അറിയിക്കാൻ പുറത്തേക്ക് ഓടി. തിരികെ വന്നപ്പോൾ ഗോപി കയറിൽ തൂങ്ങിക്കിടക്കുന്നതു കണ്ടു.

ഇതുകണ്ട് ഭയന്നുപോയി. എങ്ങോട്ടോ ഓടി. കുറ്റിക്കാട്ടിൽ വീണു. ബോധം കെട്ടു വീണു. രാത്രി പാതി ബോധം തെളിഞ്ഞു.’ പെൺകുട്ടി പോലീസിനോടു വിവരിച്ചു.

ഇന്നലെ രാവിലെയോടെയാണ് പെൺകുട്ടിയെ യുവാവ് ആത്മഹത്യ ചെയ്ത സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കണ്ടെത്തിയത്. ഭയന്നോടിയ താൻ ബോധരഹിതയായി കുറ്റിക്കാട്ടിൽ വീണു പോയതാണെന്നു പെൺകുട്ടി മൊഴി നൽകിയതായി ഡിവൈഎസ്പി ജെ സന്തോഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ വൈകിട്ടോടെ വീട്ടിലെത്തിച്ചു.

ചീപ്പുങ്കൽ മാലിക്കായൽ ഭാഗത്തെ പകൽ പോലും ആളുകൾ അധികം പോകാൻ മടിക്കുന്ന സ്ഥലത്താണ് പെൺകുട്ടി ഒരു രാത്രി ഒറ്റയ്ക്ക് കഴിഞ്ഞത്. രാവിലെ പാടത്തു പോത്തിനെ കെട്ടാൻ എത്തിയ മാലിക്കായൽ സ്വദേശി വിനോദാണ് പെൺകുട്ടിയെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവ ദിവസം പോലീസും നാട്ടുകാരും മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. പോലീസ് നായ മണം പിടിച്ച് പെൺകുട്ടി കിടന്ന ഭാഗത്ത് എത്തിയിരുന്നു. വെള്ളം നിറഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ആരും ശ്രദ്ധിച്ചതുമില്ല.

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാള്‍ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ബിന്ദു അമ്മിണിയെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മര്‍ദ്ദിച്ചയാള്‍ മദ്യലഹരിയിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നെന്ന് പോലീസ് പറയുന്നു.

‘ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി’, ബിന്ദു അമ്മിണി പറയുന്നു.

ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ ദൃശ്യങ്ങളാണുള്ളത്. കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം. സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു. മന:പൂര്‍വ്വം ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് അന്നു നല്‍കിയ പരാതിയില്‍ ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം അവര്‍ ആശുപത്രിയിലായിരുന്നു.

റാങ്ക് കിട്ടുന്ന കുട്ടികളോട് പത്രക്കാർ ചോദിക്കുന്ന പതിവു ചോദ്യം, ‘എന്താവാനാണ് ആഗ്രഹം?’ 1965–ൽ പത്താം ക്ലാസിൽ റാങ്ക് നേടിയ ഇരട്ടകളായ വേണുവിനോടും ഗോപിയോടും അന്നും പത്രക്കാ‍ർ ചോദിച്ചു –എന്താവാനാണ് ആഗ്രഹം? ‘എനിക്ക് എൻജിനീയർ ആകണം’ – വേണു പറഞ്ഞു. ‘എനിക്ക് ഡോക്ടർ ആവണം ’ – ഗോപി പറഞ്ഞു. ഒന്നിച്ചു പിറന്നതു മുതൽ വേഷത്തിലും നോക്കിലും നടപ്പിലും സ്വഭാവത്തിലും വരെ ഒരേ പോലെയായ ഈ ഇരട്ടകൾ ആദ്യമായി രണ്ടു വഴിക്കു തിരിഞ്ഞു.

അതിനൊരു കാരണമുണ്ട്. വേണുവും ഗോപിയും ഡോക്ടർ ആകണമെന്നാണ് ആഗ്രഹിച്ചത്. കുടുംബത്തിൽ ഡോക്ടർമാർ ധാരാളം. പക്ഷേ, അച്ഛൻ ഡോ. വി. ആർ. മേനോൻ (വള്ളത്തോൾ നാരായണ മേനോന്റെ കുടുംബാംഗം) പറഞ്ഞു– ‘അതു വേണ്ട, രണ്ടുപേരും രണ്ടായിത്തന്നെ നിൽക്കണം. ഒരാൾ എൻജിനീയറിങ് പഠിക്കുക.’ ചേർപ്പ് അമ്പാടിയിൽ ഡോ. വി.ആർ മേനോന്റെ മക്കളാണു വേണുവും ഗോപിയും.

ആര് ഏതു കോഴ്സിനു ചേരണമെന്നത് ഒടുവിൽ ടോസ് ചെയ്യാൻ തീരുമാനിച്ചു. ഗോപി ‘ഹെഡ്’ വിളിച്ചു ടോസ് പാസായി. ഞാൻ ഡ‍ോക്ടറാകും. എന്നു പ്രഖ്യാപിച്ചു. അങ്ങനെ വേണു താൽപര്യമില്ലാഞ്ഞിട്ടും എൻജിനീയറിങ് പഠിക്കാൻ തീരുമാനിച്ചു.

65 വർഷത്തിനിപ്പുറം ഇരട്ടകൾ എവിടെ? വേണു എന്ന എ. വേണുഗോപാൽ ടോസിൽ ‘ടെയിൽ’ പറഞ്ഞതുപോലെ തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കെമിക്കൽ എൻജിനീയറിങ് പാസായി. എംടെക് ഗോൾഡ് മെഡൽ നേടി. ഓയിൽ മേഖലയിൽ ആഫ്രിക്ക അടക്കം ഇരുപതോളം രാജ്യങ്ങളിൽ ജോലി ചെയ്തു. വിരമിച്ചു. ഗോപി, ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി. കാലിക്കറ്റിൽ നിന്നു പിജിയെടുത്തു. അരനൂറ്റാണ്ടോളമായി ലണ്ടനിൽ ഡോക്ടർ. കഴിഞ്ഞദിവസം ഈ സഹോദരങ്ങൾ തൃശൂരിൽ ഒത്തുകൂടി. 45 വർഷത്തെ പ്രഫഷനൽ ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷം ഒരുമിച്ചൊരു ജന്മദിനാഘോഷം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതുവരെ കളിച്ച മറ്റ് എല്ലാ ടെസ്റ്റിലും ബംഗ്ലാദേശ് തോറ്റിരുന്നു. സ്‌കോര്‍- ന്യൂസിലാന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2.

നാലാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. ഇതിനോട് 22 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ അവശേഷിക്കുന്ന വിക്കറ്റും അഞ്ചാം ദിനത്തിന്റെ തുടക്കത്തിലെ ആതിഥേയര്‍ക്ക് നഷ്ടമായി. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം വെറും 40 റണ്‍സ് മാത്രമായി.

16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. എബാദത്ത് ഹുസൈന്റെ ആറ് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്‍ഡിന തകര്‍ത്തത്. വില്‍ യംഗ് (69), റോസ് ടെയ്ലര്‍ (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റും സ്വന്തമാക്കി.

 

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്‌ സ്വന്തം തട്ടകത്തില്‍ തോല്‍വി. ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സ് 1-0 ത്തിനാണു യുണൈറ്റഡിനെ തോല്‍പ്പിച്ചത്‌.

പോര്‍ചുഗീസ്‌ താരം ജോയ മൗടീഞ്ഞോ കളി തീരാന്‍ എട്ടു മിനിറ്റ്‌ ശേഷിക്കേ നേടിയ ഗോളാണു വോള്‍വറിന്‌ അപൂര്‍വ ജയം നേടിക്കൊടുത്തത്‌. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വോള്‍വര്‍ ഓള്‍ഡ്‌ ട്രാഫോഡില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കുന്നത്‌. താല്‍ക്കാലിക കോച്ച്‌ റാല്‍ഫ്‌ റാഗ്നിക്‌ നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്‌.

സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയും എഡിന്‍സണ്‍ കാവാനിയെയും മുന്‍നിര്‍ത്തിയ 4-2-2-2 ഫോര്‍മേഷനാണു റാഗ്നിക്‌ തുടര്‍ന്നത്‌. വോള്‍വര്‍ കോച്ച്‌ ബ്രൂണോ മിഗ്വേല്‍ സില്‍വ 3-4-3 ഫോര്‍മേഷനിലാണ്‌ മാഞ്ചസ്‌റ്ററിലെത്തിയത്‌്. റൗള്‍ ഗിമെനസിനെയാണു ബ്രൂണോ മുന്നില്‍ നിര്‍ത്തിയത്‌. ഒന്നാം പകുതിയില്‍ വോള്‍വ്‌സാണു മികച്ച രീതിയില്‍ തുടങ്ങിയതും കളിച്ചതും. അവര്‍ ഒന്നാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോളടിക്കാനായില്ല. യുണൈറ്റഡ്‌ ഗോള്‍ കീപ്പര്‍ ഡേവിഡ്‌ ഡി ഗിയയുടെ റുബെന്‍ നെവസിന്റെ വോളി ഉള്‍പ്പെടെയുള്ള തകര്‍പ്പന്‍ സേവുകള്‍ യുണൈറ്റഡിനെ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ യുണൈറ്റഡ്‌ കളിയിലേക്ക്‌ തിരിച്ചു വന്നു. ബ്രൂണോ ഫെര്‍ണാണ്ടസിനെ കളത്തിലെത്തിച്ചതോടെ യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്കു വേഗമായി. വന്നതിനു പിന്നാലെ താരത്തിന്റെ ഒരു ഷോട്ട്‌ പോസ്‌റ്റില്‍ തട്ടി മടങ്ങി. പിന്നാലെ ക്രിസ്‌റ്റ്യാനോ ഹെഡ്‌ ചെയ്‌ത് സമനില ഗോളടിച്ചെങ്കിലും റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. മറുവശത്ത്‌ 75-ാം മിനിറ്റില്‍ സൈസിന്റെ ഫ്രീ കിക്കും പോസ്‌റ്റില്‍ തട്ടി മടങ്ങി.

82-ാം മിനിറ്റില്‍ വോള്‍വ്‌സ് അര്‍ഹിച്ച ഗോള്‍ വീണു. പെനാല്‍റ്റി ബോക്‌സിന്റെ അരികില്‍ നിന്നുള്ള മൗടീഞ്ഞോയുടെ ഷോട്ട്‌ ഡി ഗിയയെ കീഴടക്കി. ഈ ഗോളിന്‌ മറുപടി നല്‍കാന്‍ യുണൈറ്റഡിനായില്ല. വോള്‍വ്‌സിനെ ഭയപ്പെടുത്താന്‍ പോലുമാകാതെ യുണൈറ്റഡ്‌ കളി അവസാനിപ്പിച്ചു. അവസാന നിമിഷത്തിലെ ബ്രൂണോയുടെ ഫ്രീകിക്ക്‌ വോള്‍വര്‍ ഗോള്‍ കീപ്പര്‍ ജോസാ തടഞ്ഞതോടെ യുണൈറ്റഡിന്റെ തോല്‍വി ഉറപ്പായി. ഈ തോല്‍വി യുണൈറ്റഡിന്റെ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി. 31 പോയിന്റുമായി ഏഴാം സ്‌ഥാനത്താണ്‌ മാഞ്ചസ്‌റ്റര്‍. വോള്‍വ്‌സ് യുണൈറ്റഡിന്‌ തൊട്ടു പിറകില്‍ എട്ടാം സ്‌ഥാനത്താണ്‌.

നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലം ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടന്നുവെന്ന് വാർത്ത നിഷേധിച്ച് താരത്തിന്റെ പിതാവ്. ഒറ്റപ്പാലത്തെ ഓഫീസിലെത്തിയത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി ആണെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരിച്ചതെന്ന് റിപ്പോർട്ട്. അതേസമയം താരത്തിന്റെ ഓഫീസിൽ നടന്ന റെയ്ഡ് സംബന്ധിച്ച് റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ ഇ.ഡി വാർത്താക്കുറിപ്പും പുറത്തുവിട്ടേക്കും.

ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായിട്ടാണ് വിവരം. രണ്ട് കാറുകളിലായിട്ടായിരുന്നു ഉദ്യോ​ഗസ്ഥരെത്തിയത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് എന്നാണ് ഇ.ഡിയിൽ നിന്ന് ലഭിക്കുന്ന സൂചന. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരാനുണ്ട്.

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാണ വേഷത്തിലെത്തുന്ന ചിത്രത്തിൽ താരം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് മേപ്പടിയാനിൽ നായികാ വേഷത്തിലെത്തുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. സിനിമ ജനുവരി 14ന് തിയറ്ററുകളിലെത്തും.

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ആഞ്ഞുവീശുന്ന “ഒമിക്രോണ്‍ സുനാമി”യേത്തുടര്‍ന്ന്‌, കഴിഞ്ഞ തിങ്കളാഴ്‌ച മാത്രം കോവിഡ്‌ സ്‌ഥിരീകരിച്ചത്‌ 10 ലക്ഷത്തിലേറെപ്പേര്‍ക്ക്‌. രണ്ടുവര്‍ഷം മുമ്പ്‌ മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം, ഏതെങ്കിലുമൊരു രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവുമുയര്‍ന്ന കോവിഡ്‌ നിരക്കാണിത്‌. നാലുദിവസം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത 5,90,000 കേസുകളുടെ സ്വന്തം റെക്കോഡ്‌തന്നെയാണ്‌ അമേരിക്ക ഭേദിച്ചത്‌. അമേരിക്കയ്‌ക്കു പുറത്ത്‌ ഇതിനു മുമ്പ്‌ ഏറ്റവുമുയര്‍ന്ന കോവിഡ്‌ പ്രതിദിനനിരക്ക്‌ കഴിഞ്ഞ മേയ്‌ ഏഴിനായിരുന്നു- 4,14,000. ഒമിക്രോണിനു മുമ്പ്‌ തരംഗമായ ഡെല്‍റ്റാ വകഭേദമായിരുന്നു ആ കുതിച്ചുചാട്ടത്തിനു കാരണം.

അമേരിക്കയില്‍ വീടുകളില്‍ത്തന്നെ നടത്തുന്ന കോവിഡ്‌ പരിശോധനാഫലങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗികകണക്കുകളില്‍ വരുന്നില്ലെന്നിരിക്കേയാണ്‌, കഴിഞ്ഞദിവസം 10 ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അനൗദ്യോഗികഫലങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം ഭീതിജനകമാംവിധം ഇനിയുമുയരും. അവധിദിവസങ്ങളില്‍ കോവിഡ്‌ റിപ്പോര്‍ട്ടിങ്‌ നടക്കാത്തതും പ്രതിദിനനിരക്ക്‌ കുതിച്ചുയരാന്‍ കാരണമായെന്നു വിലയിരുത്തപ്പെടുന്നു. സമ്പര്‍ക്കവിലക്ക്‌ വെട്ടിച്ചുരുക്കി

നിലവില്‍ കോവിഡ്‌ കേസുകള്‍ ഗുരുതരമോ മരണകാരണമോ ആകുന്നില്ലാത്തതിനാല്‍ വീടുകളില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണു രോഗികള്‍. ലക്ഷണമില്ലാതെ കോവിഡ്‌ പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കവിലക്ക്‌ അഞ്ചുദിവസമായി യു.എസ്‌. സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ വെട്ടിച്ചുരുക്കി. എന്നാല്‍, പുറത്തിറങ്ങുന്നതിനു മുമ്പ്‌ പരിശോധന നടത്തി നെഗറ്റീവാണെന്ന്‌ ഉറപ്പിക്കണം.

അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്ന സാഹചര്യമാണ്‌. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു. വിതരണശൃംഖലയേയും കോവിഡ്‌ വ്യാപനം ബാധിച്ചിട്ടുണ്ട്‌. പുതുവര്‍ഷത്തിലും ജീവനക്കാര്‍ക്കു വീടുകളിലിരുന്നു ജോലിചെയ്യാന്‍ സൗകര്യമൊരുക്കുകയാണു വിവിധ കമ്പനികള്‍.

Copyright © . All rights reserved