ഭിന്നശേഷിക്കാരായ മക്കളെ ഒരു കുറവും വരുത്താതെ വളർത്തുകയായിരുന്നു സുരേഷും ഭാര്യ സുനിതയും. സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം സുരേഷിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം. എന്നാൽ കഴിഞ്ഞദിവസം ചേർപ്പ് വെങ്ങിണിശേരി ഗ്രാമം ഉണർന്നത് സുരേഷ് തന്റെ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്.
എംഎസ് നഗറിൽ താമസിച്ചുവരികയായിരുന്ന കുടുംബത്തിൽ സംഭവിച്ച ദുരന്തം ഇനിയും നാട്ടുകാർക്ക് ഉൾക്കൊള്ളാനായിട്ടില്ല. സുരേഷിന്റെ മകളും ഭിന്നശേഷിക്കാരിയുമായ ശ്രിദ്യയാണ് (24) കൊല്ലപ്പെട്ടത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം വെങ്ങിണിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന ചേനം പണിക്കശ്ശേരി സുരേഷ് (51) ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പോലീസ് പറഞ്ഞു. തലയിൽ വെട്ടേറ്റ നിലയിലാണ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതും് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതും. മനോനില തെറ്റിയ നിലയിൽ പെരുമാറിയ സുരേഷിന്റെ തലയിൽ ആഴത്തിൽ മുറിവുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണു നാടിനെ നടുക്കിയ സംഭവം.
വീട്ടിൽ നിന്നും ഉറക്കെയുള്ള കരച്ചിൽ കേട്ട് എത്തിയവർ കണ്ടത് അടച്ചിട്ട മുറിയിൽ വെട്ടേറ്റു കിടക്കുന്ന ശ്രിദ്യയെയും തലയിൽ നിന്നു ചോരയൊലിച്ചു നിൽക്കുന്ന സുരേഷിനെയുമായിരുന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നതിനാൽ പെട്ടെന്ന് അകത്തേക്ക് കടക്കാനായില്ല. വെട്ടുകത്തിയുമായി നിന്നിരുന്ന സുരേഷ് ആരെയും അടുപ്പിച്ചുമില്ല. ഒടുവിൽ നാട്ടുകാർ വാതിൽ തകർത്തു പുറത്തെടുത്തപ്പോഴേക്കും ശ്രിദ്യ മരിച്ചിരുന്നു.
സുരേഷിനെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുരേഷിന്റെ ഭാര്യ സുനിതയും മകൻ സുശീലും കണ്ടുനിൽക്കെയാണ് അതിക്രമമുണ്ടായത്. ശ്രിദ്യയുടെ സംസ്‌കാരം നടത്തി.
ഡിവൈഎസ്പി ബാബു കെ തോമസ്, ഇൻസ്‌പെക്ടർ ടിവി ഷിബു, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടു മക്കളും ഭിന്നശേഷിക്കാരായാണ് പിറന്നത്. തനിച്ച് ഒന്നും ചെയ്യാൻ ശേഷിയില്ലാത്ത മക്കൾക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു സുരേഷിന്റെ ജീവിതം.സുരേഷ് സ്ഥലക്കച്ചവടം നടത്തിയും ഭാഗ്യക്കുറിയും മീനും വിറ്റുമാണു ഭാര്യയെയും മക്കളെയും നോക്കിയിരുന്നത്.
ചേനത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകയ്ക്കു നൽകി മക്കളുടെ പഠനാവശ്യത്തിനായാണ് 4 മാസം മുൻപ് വെങ്ങിണിശേരിയിലെ വാടകവീട്ടിൽ എത്തിയത്. 2 മക്കളെയും അടുത്തുള്ള ബഡ്‌സ് സ്‌കൂളിൽ ചേർത്തു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നപ്പോഴും സുരേഷ് ഇതൊന്നും പുറത്ത് കാണിക്കാതെ മക്കൾക്കായി അധ്വാനിക്കുകയായിരുന്നു. കിട്ടുന്ന ജോലികൾ എല്ലാം ചെയ്തു കുടുംബം നോക്കിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ശ്രിദ്യയോട് ഏറെ വാത്സല്യം കാണിച്ചിരുന്ന സുരേഷ് ഈ കടുംകൈ ചെയ്‌തെന്ന് ഇപ്പോഴും സുഹൃത്തുക്കൾക്ക് വിശ്വസിക്കാനാവുന്നില്ല.
ഈയടുത്ത് ഒരുദിവസം കുടുംബസമേതം ആത്മഹത്യ ചെയ്യുകയാണെന്ന് സമീപത്തെ ഓട്ടോ ഡ്രൈവറോട് സുരേഷ് പറഞ്ഞിരുന്നു. ഇക്കാര്യം ഓട്ടോ ഡ്രൈവർ വീട്ടുടമയം അറിയിക്കുകയും അദ്ദേഹം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിപരീതമായിരുന്നു സുരേഷിന്റെ പ്രവർത്തി. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മകൾ മരിക്കുകയും ചെയ്തതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് സുനിതയും ഭിന്നശേഷിക്കാരനായ മകൻ സുശീലും.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് കൗമാരക്കാരുടെ മരണവാർത്തയറിഞ്ഞ ഞെട്ടലിലാണ് തലസ്ഥാനം. ബൈക്ക് യാത്രക്കാരായ നെടുമങ്ങാട് സ്വദേശി സ്റ്റെഫിൻ(16), പേരൂർക്കട സ്വദേശികളായ ബിനീഷ്(16), മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. പേരൂർക്കട-നെടുമങ്ങാട് റോഡിൽ ആണ് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാർത്ഥികളായ മൂന്ന്‌പേർ ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
വഴയില പെട്രോൾ പമ്പിനു സമീപം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിദ്യാർത്ഥി രണ്ട് പേരെ പുറകിലിരുത്തി ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് പാളി സമീപത്തെ കുറ്റിക്കാറ്റിലേക്ക് കയറി മരത്തിൽ ഇടിച്ചുകയറുകയായിരുന്നു.
ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനെ കൂടി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂവരെയും ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
യുകെയിൽ ആശുപത്രി ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം. ഒമിക്രോൺ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ എൻഎച്ച്‌എസ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ വിവിധ ആശുപത്രികളിലേക്ക് താത്കാലികമായി ജീവനക്കാരെ ട്രസ്റ്റുകൾ അയയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശിച്ചു. ഏകദേശം 1.4 മില്യൺ ആളുകൾ കോവിഡ് ബാധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഏറ്റവും മോശം സാഹചര്യം നേരിടാൻ എൻഎച്ച്എസ് ജീവനക്കാരെ പുനർവിന്യസിക്കാൻ സർക്കാർ നോക്കുകയാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.
ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഎച്ച്എസ് ജീവനക്കാരിൽ പത്തിൽ ഒരാൾ പോലും പുതുവർഷ രാവിൽ ജോലിക്ക് ഹാജരായിരുന്നില്ല. മൊത്തം 110,000 പേരിൽ 50,000 പേർ കൊറോണ വൈറസുമായി ബന്ധപ്പെട്ടാണ് ജോലിക്ക് എത്താതിരുന്നത്. യുണൈറ്റഡ് ലിങ്കൺഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, ജീവനക്കാരുടെ കുറവുമായി ബന്ധപ്പെട്ട് ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു.
കൗണ്ടിയിൽ ഉടനീളം നാല് സൈറ്റുകൾ നടത്തുന്ന യുണൈറ്റഡ് ലിങ്കൺഷെയർ ഹോസ്പിറ്റൽസ്, സേവനങ്ങൾ നിലനിർത്തുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും, അവശ്യ സേവനങ്ങൾ ആവശ്യമുള്ള ആർക്കും പൂർണ്ണമായും തുറന്നിരിക്കുന്നു, അതിനാൽ ആളുകൾ പരിചരണത്തിനായി മുന്നോട്ട് വരുന്നത് തുടരണമെന്നും ഹോസ്പിറ്റൽ ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.
എൻഎച്ച്എസ്ന്റെ പല ഭാഗങ്ങളും നിലവിൽ ‘പ്രതിസന്ധിയുടെ’ അവസ്ഥയിലാണെന്ന് ആരോഗ്യ മേധാവികൾ ഇന്ന് മുന്നറിയിപ്പ് നൽകി. ചില ആശുപത്രികൾ പ്രധാന സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ജീവനക്കാരെ വിട്ടുകൊടുക്കാൻ മറ്റ് ട്രസ്റ്റുകളോട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പ്രധാനമന്ത്രി പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്.
കോവിഡ് ഉൾപ്പെടെയുള്ള അസുഖങ്ങളാൽ പത്തിലൊന്ന് ജീവനക്കാരും ഹാജരാകാതിരുന്നതോടെ അടുത്ത ദിവസങ്ങളിൽ ചില സ്റ്റേഷനുകളിൽ റെയിൽ സേവനങ്ങളിൽ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അതേസമയം പ്രധാന യാത്രാ റൂട്ടുകളിലെ പ്രധാന എഞ്ചിനീയറിംഗ് ജോലികൾ അടുത്ത ആഴ്ച പകുതി വരെ തുടരും.
യുകെയിലുടനീളമുള്ള കൗൺസിലുകൾ അവശ്യ സേവനങ്ങൾക്ക് ജീവനക്കാരെ പുനർവിതരണം ചെയ്യേണ്ടതുണ്ട്. ഈ ആഴ്ച ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങുമ്പോൾ ജീവനക്കാരുടെ അഭാവത്തെ നേരിടാൻ അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ സ്കൂളുകളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം അധ്യാപക ക്ഷാമം പരിഹരിക്കാൻ ക്ലാസുകൾ ലയിപ്പിക്കണമെന്ന് സ്‌കൂളുകൾ ആവശ്യപ്പെട്ടു.
സന്ദീപ് ആർ സഹസ്രാര സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച് അശോക് ആര്‍ നാഥിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളി വൂണ്ട്.ഈ ചിത്രത്തിന്റെ പ്രമേയം എന്നത് ലെസ്ബിയൻ പ്രണയമാണ്.ഈ മനോഹര ചിത്രത്തിലൂടെ എല്ലാവർക്കും ബോധ്യപ്പെടുവാൻ പോകുന്നത് ഏറ്റവും തീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം വലിയ തടസ്സമല്ലയെന്നാണ്.രണ്ട് മനസ്സുകൾക്ക് പറഞ്ഞു അവസാനിപ്പിക്കുവാൻ കഴിയാത്ത ഒരു ആവേശം തന്നെയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.അതെ പോലെ ഈ ചിത്രത്തിന് മുന്നേറ്റം ഉണ്ടാക്കുന്നത് രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുമ്പോഴാണ്.
അതെ പോലെ ഈ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിരുന്നു പറഞ്ഞിരുന്നത്.അതിനൊക്കെ ശേഷം കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനൊരു ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.ഹോളിവൂണ്ട് എന്നത് ഒരു അക്കാഡമിക് ഉദ്ദേശത്തോട് കൂടിയെടുത്തതാണ്.സിനിമയുടെ ഇതി വ്യത്തം എന്നത് വിശുദ്ധ മുറിവ് എന്ന് അര്‍ത്ഥം വരുന്ന ടൈറ്റിലില്‍ തന്നെയാണ്.
അതെ പോലെ വളരെ പ്രധാനമായും ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളെ വളരെ പച്ചയായി തന്നെയാണ് ഈ ആവിഷ്ക്കരണത്തിലൂടെ വൈകാരികതയ്ക്ക് ഒരു മാറ്റവും വരാതെ തന്നെ ചിത്രത്തിലെ വിഷ്വലുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഈ ചിത്രം സമ്മാനിക്കുവാൻ പോകുന്നത് ലെസ്ബിയന്‍ പ്രണയത്തിന്റെ വളരെ വൈകാരിക കാഴ്ച്ചകളുടെ ഏറ്റവും പുതിയ അനുഭവം തന്നെയാണ്.ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത് ജാനകി സുധീര്‍ , അമൃത, സാബു പ്രൗദീന്‍ എന്നിവരാണ്.സംവിധായകന്‍ അശോക് ആര്‍ നാഥ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയത് എന്തെന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നുവെന്നാണ്.ഹോളിവൂണ്ട് ഒരുങ്ങുന്നത് ഫെസ്റ്റിവൽ ചിത്രമായി എന്നാണ് അശോക് ആര്‍ നാഥ് പറയുന്നത്.
സ്വന്തം കണ്മുന്നില്‍ കാമുകന്‍ ഗോപി ജീവനൊടുക്കുന്നത് കണ്ട ആതിര ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത് ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്ത്. ഗോപിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ആതിരയ്ക്കായി നാടു നാട്ടുകാരും പോലീസും തിരച്ചിലായിരുന്നു. 19 കാരനായ ഗോപിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയായ 18കാരി ആതിരയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ തന്റെ കാമുകന്റെ ജീവന്‍ പൊലിയുന്നത് നേരില്‍ കണ്ടതിന്റെ നടുക്കേെമാ പരിഭ്രമമോ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രണയ തര്‍ക്കത്തെ തുടര്‍ന്നാണ് 19കാരന്‍ ഗോപി കുമരകത്ത് തൂങ്ങി മരിച്ചത്. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി. ഇന്നലെ ഉച്ചയോടെയാണ് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറി കിടന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യനാണ് ഗോപി. കാമുകിയായ ആതിരയുമായി ഗോപി പലപ്പോഴും ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെയും കാണാതായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.
ഇന്നലെ ഉച്ചയോടെയാണ് ഗോപിയും ആതിരയും ചീപ്പുങ്കലില്‍ കായലോരത്തെ ആളൊഴിഞ്ഞ പറമ്പില്‍ എത്തിയത്. ഇരുവരും ഇവിടേക്ക് വരുന്നത് നാട്ടുകാര്‍ കണ്ടിരകരകുന്നു. മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരില്‍ ചിലര്‍ ഈ വഴി പോയപ്പോഴാണ് തൂങ്ങി മരിച്ച ഗോപിയെ കണ്ടത്. ഉടന്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്കായി നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കായല്‍ തീരത്തെ വഴിയിലൂടെ ആതിര ഓടി പോകുന്നത് അടുത്തുള്ള വീട്ടുകാര്‍ കണ്ടിരുന്നു.
ആതിരയുടെ ബാഗും മൊബൈല്‍ ഫോണും മാസ്‌കും ടവ്വലും ഗോപിയുടെ മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍ തന്നെ അല്‍പം മാറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവാവിന്റേത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവ് തൂങ്ങുന്നതുകണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്ത് നിന്നും പിന്നീട് യുവതിയെ കണ്ടെത്തുകയായിരുന്നു.
ചെന്നൈ : ‘കൊറോണ ഗാർഡ്’ എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെ ഇന്ററാക്ടീവ് റിസർച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഉപയോഗിക്കാവുന്നതാണ് ഇത്.
തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേർന്ന് ചെന്നൈ ഫ്രോണ്ടിയർ മെഡിവില്ലെ ആശുപത്രിയാണ് ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയത്.
പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാന ഘടകം. കൈകൾ സോപ്പിട്ടു കഴുകുമ്പോൾ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും. എണ്ണയുടെ ആവരണം തൊണ്ടയിൽ നിലനിൽക്കുമ്പോൾ വൈറസ് നശിക്കുമെന്നു ഡോക്ടർ പറയുന്നു. ഒരു മിഠായി കഴിച്ചാൽ 10 –12 മണിക്കൂർ ഗുണം കിട്ടും. ഈ വർഷം വിപണിയിലെത്തിയേക്കും.
ഒന്നിന് വില 10 രൂപയിൽ താഴെ മാത്രമാകും വില. പാർശ്വഫലങ്ങളൊന്നുമില്ലാതെ സാധാരണ മിഠായി പോലെ കഴിക്കാം.
ഇതിനു പുറമെ അമ്പത്തൂരിലെ ഫാക്ടറിയിൽ ഉൽപാദനം തുടങ്ങിയതായും മൂക്കിലൊഴിക്കാവുന്ന പ്രതിരോധ തുള്ളിമരുന്നും കവിൾകൊള്ളാനുള്ള (ഗാർഗിൾ) മരുന്നും തയാറാക്കുന്നുണ്ടത്രേ.
തൃശൂര്‍: മദ്യലഹരിയില്‍ എ.എസ്.ഐ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. കാറിലുണ്ടായിരുന്നവരെ പോലീസിനു കൈമാറി. പോലീസ് എത്തുമ്പോഴാണ് അപകടമുണ്ടാക്കിയത് എ.എസ്.ഐയാണെന്ന് വ്യക്തമായത്.
തൃശൂര്‍ കണ്ണാറയിലാണ് ഇന്നലെ രാത്രി എട്ടരയോടെ അപകടം. കണ്ണാറ സ്വദേശികളായ ലിജിത്ത് ഭാര്യ കാവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും കാലുകള്‍ തകര്‍ന്നു. മുഖത്തും കഴുത്തിലും പരിക്കുണ്ട്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മലപ്പുറം പോലീസ് ക്യാംപിലെ എ.എസ്.ഐയാണ് അപകടമുണ്ടാക്കിയ പ്രശാന്ത്. തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് വടക്കേക്കാട് ക്യാംപില്‍ ഡ്യുട്ടിയില്‍ ആയിരുന്നു. ഇവിടെനിന്നും കണ്ണാറയിലെ ഒരു വീട്ടില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മദ്യപിച്ച ശേഷം കാറില്‍ തൃശൂരിലേക്ക് പോകുകയായിരുന്നു.
അമിതവേഗതയില്‍ തെറ്റായ ദിശയിലാണ് കാര്‍ വന്നിരുന്നതെന്ന് പരിക്കേറ്റ ലിജിത്തിന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. ലിജിത്തിനും ഭാര്യയ്ക്കും ഗുരുതരമായ പരിക്കുകളുണ്ട്. തുടയെല്ല് പൊട്ടി എല്ല് പുറത്തേക്ക് വന്ന നിലയിലാണ്. സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ പിടിയിലായവരെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് അറിഞ്ഞതെന്നും ശ്രീജിത്ത് പറഞ്ഞു.
ദമ്പതികളെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഒരു കിലോമീറ്ററോളം മുന്നോട്ടുപോയി. ഇടിയുടെ ആഘാതത്തില്‍ കാറിനു കേടുപറ്റിയതിനാല്‍ പട്ടിക്കാട് എത്തിയതോടെ കാര്‍ മുന്നോട്ടുപോകാനാവാതെ നിന്നുപോയി. ഇതോടെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുക്കുമെന്നാണ് സൂചന. എ.എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടി വന്നേക്കും. അതിനു മുന്നോടിയായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പീച്ചി പോലീസാണ് കേസെടുത്തിരിക്കുന്നത്. എ.എസ്.ഐ പ്രശാന്ത് ഡ്രൈവറിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ഒമിക്രോണ്‍ വിദേശരാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലും കേരളത്തിലും എത്തിയിരിക്കുകയാണ്. കൊടുങ്കാറ്റിനായി കാത്തിരിക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. നിലവില്‍ ഒമിക്രോണിനെ സംബന്ധിച്ച നിഗമനങ്ങളിലെത്താനും പ്രതിരോധമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താനും വിദേശരാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളെയാണ് അടിസ്ഥാനമാക്കേണ്ടിയിരിക്കുന്നത്. ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, ഇംഗ്‌ളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഒമിക്രോണ്‍ പകര്‍ച്ചയിലും മറ്റു കാര്യങ്ങളിലും പ്രതീക്ഷിച്ചതുപോലെത്തന്നെയാണ് മുന്നോട്ടുപോകുന്നതെങ്കിലും സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം നിലവില്‍ പ്രവചനാതീതമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇത് നാം കണ്ടതാണ്. രോഗം പടരുമ്പോള്‍മാത്രമേ അത് സമൂഹത്തില്‍ ഏതുതരത്തിലൊക്കെയുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയൂ.
വളരെ വേഗം പടരുന്നതാണ് ഒമിക്രോണ്‍ എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഒന്നര-രണ്ടു ദിവസം മതി കേസുകള്‍ ഇരട്ടിയാകാന്‍. ഇതിനു മുമ്പുള്ള രണ്ടു വകഭേദങ്ങളെക്കാളും വേഗമേറിയതാണിത്. കാട്ടുതീപോലെ പടരാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഡിസംബര്‍ ആദ്യം യു.കെ.യില്‍ 46,000 കേസുണ്ടായിരുന്നത് 73,000 ആകാന്‍ രണ്ടാഴ്ചമാത്രമേ വേണ്ടിവന്നുള്ളൂ. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധിക്കുന്നവരില്‍ രോഗാവസ്ഥ ഗുരുതരമാകുന്നില്ലെന്നതും സ്ഥിരീകരിച്ച കാര്യമാണ്. രോഗബാധിതരില്‍ അധികമൊന്നും ഇതുവരെ അതിഗുരുതരാവസ്ഥയില്‍ എത്തിയിട്ടില്ല. ഒരേസമയത്ത് രോഗം വരുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ആശുപത്രി പ്രവേശനത്തിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യപോലെ ജനസംഖ്യ വളരെ കൂടുതലുള്ളതും ആശുപത്രികളുടെ എണ്ണം താരതമ്യേന കുറവുള്ളതുമായ ഇടങ്ങളില്‍ പ്രശ്‌നമായേക്കാം. വലിയൊരു തരംഗമുണ്ടായി ഒട്ടേറെ ആളുകളെ രോഗം ഒരേസമയം ബാധിച്ചാല്‍ ആശുപത്രിയിലെത്തുന്നത് ഒരു ശതമാനമാണെങ്കില്‍പ്പോലും അത് ആശുപത്രി സംവിധാനങ്ങളുടെ താളംതെറ്റിച്ചേക്കാം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ നാം നേരിട്ട പ്രതിസന്ധിയുടെ ഒരു രണ്ടാം പതിപ്പായി ഇതു മാറാതെ നോക്കേണ്ടതുണ്ട്. ഗുരുതരാവസ്ഥ ഏറ്റവും കുറഞ്ഞ കാറ്റഗറി ‘എ’ ആണെങ്കില്‍പ്പോലും വീട്ടില്‍ പരിചരിക്കാന്‍ ആളില്ലാതെ വന്നാല്‍ രോഗികള്‍ക്ക് ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നേക്കാം. ഇത് ആശുപത്രികളില്‍ തിരക്ക് വര്‍ധിപ്പിക്കാനിടയാക്കും. അതിനനുസരിച്ചുവേണം പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍.വാക്ലിന്‍ എടുത്തവര്‍ക്കും ഒമിക്രോണ്‍ പിടിപെടുന്നുണ്ടെന്നത് ശരിയാണ്. ഡെന്മാര്‍ക്കിലും മറ്റും രണ്ടു ഡോസും എടുത്തവര്‍ക്കുപോലും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗതീവ്രത കുറവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടായേക്കാം. ക്ഷീണംപോലുള്ള പ്രശ്‌നങ്ങള്‍ രോഗികളെ വിശ്രമത്തിലേക്ക് തള്ളിവിടും. മാത്രമല്ല, വീട്ടിലുള്ള മറ്റുള്ളവര്‍ക്കും അയല്‍ക്കാര്‍ക്കും രോഗം പകരും. ഇത് പുറത്തേക്കു പടര്‍ന്നായിരിക്കും വലിയൊരു തരംഗംതന്നെ ഉണ്ടാകുക.
രോഗപ്പകര്‍ച്ചയുടെ വേഗം തന്നെയാണ് ഇവിടെ പ്രശ്‌നം. രോഗികള്‍ക്ക് വീട്ടിലുള്ള പരിചരണമോ പ്രാഥമിക പരിചരണകേന്ദ്രങ്ങളിലെ ചികിത്സയോ മതിയാകുമെങ്കിലും ഒരു വീട്ടിലെ എല്ലാവര്‍ക്കും രോഗം വരുകയോ അയല്‍പക്കക്കാരിലേക്കുകൂടി പകരുകയോ ചെയ്താല്‍ ഏറ്റവും അടിസ്ഥാനപരമായ പരിചരണംപോലും ചിലപ്പോള്‍ ലഭ്യമാക്കാനാകാതെ വന്നേക്കാം. പരിചരിക്കാനുള്ള ആളുകളുടെ എണ്ണം താരതമ്യേന കുറവാണെന്നതാണ് കാരണം.
ആഘോഷങ്ങള്‍, യോഗങ്ങള്‍, സത്കാരങ്ങള്‍ തുടങ്ങി ആളുകള്‍ കൂടുന്ന പരിപാടികളില്‍നിന്നാണ് ഒമിക്രോണ്‍ ഏറ്റവുമധികം പകര്‍ന്നിരിക്കുന്നത്. അത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ എല്ലാവരിലേക്കും പകര്‍ന്നേക്കാം. അങ്ങനെ വൈറസ് വീടുകളിലെത്തുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. അതുകൊണ്ടുതന്നെ അത്തരം പരിപാടികളുടെ കാര്യത്തില്‍ കൃത്യമായ പ്രോട്ടോകോള്‍ നിശ്ചയിക്കേണ്ടതുണ്ട്.
സമ്പര്‍ക്കവിലക്കും സമ്പര്‍ക്കം കണ്ടെത്തലുമൊന്നുമല്ല ഇക്കാര്യത്തില്‍ പ്രധാനം. സംശയമുള്ള സ്ഥലങ്ങളില്‍നിന്നു വരുന്നവരെ പ്രത്യേകം പരിശോധിച്ചും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയുമാണ് ഇപ്പോള്‍ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, അതിനുമപ്പുറമാണ് ഒമിക്രോണ്‍ എന്നാണ് രോഗം വന്ന രാജ്യങ്ങള്‍ തെളിയിക്കുന്നത്. ജനങ്ങളെ മുഴുവനും പരിശോധിച്ചാല്‍ ചിലപ്പോള്‍ വൈറസ് വ്യാപനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ കിട്ടിയേക്കാം. നിലവില്‍ യാത്രചെയ്തുവരുന്ന ചെറിയൊരു വിഭാഗത്തെ മാത്രം പരിശോധിക്കുന്നതിനാലാണ് എണ്ണം വളരെ കുറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ചെറിയൊരു വിഭാഗത്തിലേക്കു മാത്രമായി ശ്രദ്ധതിരിക്കുമ്പോള്‍ നാം കാണാത്ത മേഖലകളില്‍ രോഗം പകരുകയും പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും.
പെട്ടെന്നു പടരുന്ന മഹാമാരികളില്‍, ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കുന്നതിന് ചെലവും മനുഷ്യവിഭവശേഷിയും വളരെ കൂടുതലായി വേണ്ടിവരും. അതുകൊണ്ട് ക്ലിനിക്കല്‍ ലക്ഷണങ്ങള്‍വെച്ച് രോഗം സ്ഥിരീകരിച്ച് മുന്നോട്ടുപോകുകയാണ് നല്ലത്. ഗുരുതരമായ രോഗമുണ്ടാകുന്നവരെ മാത്രം ടെസ്റ്റ് ചെയ്യുകയെന്നതിലേക്കാണ് ലോകരാഷ്ട്രങ്ങള്‍ നീങ്ങുന്നത്, അതാണ് അഭികാമ്യവും. ഒന്നോ ഒന്നരയോ മാസത്തിനുള്ളില്‍ ഒമിക്രോണ്‍ തരംഗം ഇന്ത്യയില്‍ മൂര്‍ച്ഛിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. അതിന്റെകൂടി അടിസ്ഥാനത്തില്‍വേണം പ്രതിരോധനടപടികള്‍ തയ്യാറാക്കാന്‍.
വളരെ പെട്ടെന്ന് പടരുകയും ഒട്ടേറെപ്പേരിലേക്ക് ഒരേസമയം എത്തുകയും തീവ്രത താരതമ്യേന കുറവായിരിക്കുകയും ചെയ്യുന്ന ഒരു പകര്‍ച്ചപ്പനിയായി ഒമിക്രോണിനെ കാണാം. ഹോം കെയറും സി.എഫ്.എല്‍.ടി.സി. പരിചരണവും കുറേക്കൂടി ശക്തിപ്പെടുത്തേണ്ടിവരും. കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വീടുകളിലും സി.എഫ്.എല്‍.ടി.സി.കളിലും ഏര്‍പ്പെടുത്തേണ്ടിവരും. ഏതുതരക്കാര്‍ക്ക് രോഗം വന്നാലും നേരിടാനും പരിചരിക്കാനും തയ്യാറായി നില്‍ക്കുന്നവരുണ്ടാകണം. രോഗമില്ലാത്തവരോ രോഗം വന്നുപോയവരോ ആയ ചെറുപ്പക്കാരെ രോഗീപരിചരണത്തിനായി നിയോഗിക്കേണ്ടിവരും. വാക്‌സിനെടുക്കാനുള്ള ചെറുപ്പക്കാര്‍ക്കായിരിക്കും ഒമിക്രോണ്‍ പ്രധാനമായും ബാധിക്കുക എന്നതുകൂടി പരിഗണിച്ചുവേണം തയ്യാറെടുപ്പുകള്‍. കൂട്ടതല്‍പ്പേര്‍ക്ക് പരിശീലനം കൊടുക്കുകയാണ് ഇതിനാവശ്യം. ഇവര്‍ക്ക് രോഗത്തില്‍നിന്ന് അകന്നുനില്‍ക്കാനുതകുന്ന സുരക്ഷാമാര്‍ഗങ്ങളും അവലംബിക്കണം. വളരെ പെട്ടെന്നു വന്നുപോകുന്ന രോഗമായതിനാല്‍ നാലോ ആറോ ആഴ്ച മാത്രമേ ഇത് നീണ്ടുനില്‍ക്കാനുള്ള സാധ്യതയുള്ളൂ. ആ സമയത്ത് പരിചരണത്തിന് പരിശീലനം ലഭിച്ചവരുടെ എണ്ണം കൂടുതലായി ഉണ്ടാകണമെന്നുമാത്രം. ഗുരുതരമായവര്‍ക്കുള്ള ചികിത്സയുടെ ഉപകരണം മാത്രമായിരിക്കണം ടെസ്റ്റിങ്. ആശുപത്രിസംവിധാനങ്ങള്‍ നിലവില്‍ നല്ലരീതിയിലുണ്ട്. ഈ സ്ഥിതിയില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരീക്ഷണം നടത്തി ദ്രുതഗതിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങണം.
വഴക്കടിച്ച കമിതാക്കളില്‍ കാമുകനെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവസമയം ഒപ്പമുണ്ടായിരുന്ന യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) ആണ് മരിച്ചത്.
കാണാതായ യുവതിയുടെ ബാഗും മൊബൈല്‍ഫോണും മാസ്‌കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍തന്നെ അല്പംമാറി ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തില്‍നിന്ന് പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുമരകം ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് ടൂറിസം വകുപ്പിന്റെ കാടുപിടിച്ചുകിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറിപ്പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനുമായില്ല. നാട്ടുകാര്‍ വെസ്റ്റ് പോലീസില്‍ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവാവ് തൂങ്ങുന്നതുകണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്. രാത്രി വൈകിയും യുവതി ബന്ധുവീടുകളിലുള്‍പ്പെടെ എങ്ങുമെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. നേരത്തേയുള്ള വഴക്കിനെത്തുടര്‍ന്ന് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാം കയറുമായി യുവാവ് ഇവിടെയെത്തിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ചൊവ്വാഴ്ച തുടരുമെന്ന് പോലീസ് പറഞ്ഞു. ഗോപുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പില്‍.
ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഡിജെ ഫെർ പലാസിയൊയ്ക്ക് വധഭീഷണി. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി മെസി അർജന്റൈൻ ഡിജെ ആയ പലാസിയൊയെ ക്ഷണിച്ചിരുന്നു.
പലാസിയോയാണ് മെസിക്ക് കോവിഡ് രോഗം പടർത്തിയതെന്ന് ആരോപിച്ചാണ് താരത്തിന്റെ ആരാധകർ വധഭീഷണി മുഴക്കിയത്. പലാസിയോയാണ് തനിക്ക് വധഭീഷണി ഉള്ളതായി വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചത്.
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായാണ് മെസി കുടുംബ സമേതം സ്വന്തം നാടായ റൊസാരിയോയിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയിൽ നിരവധി പാർട്ടികളിൽ മെസി പങ്കെടുത്തിരുന്നു. പലാസിയോയും നിരവധി പാർട്ടികളിൽ പങ്കെടുത്തു. പലാസിയോ പങ്കെടുത്ത പാർട്ടികളിലെ മിക്കവർക്കും പിന്നീട് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതാണ് മെസിക്ക് രോഗം പിടിപ്പിച്ചത് ഡിജെ ആണെന്ന് കരുതാൻ കാരണം.
കോവിഡ് പിടിപെട്ടതോടെ മെസിക്ക് ഫ്രാൻസിലേക്ക് മടങ്ങാനായില്ല. പിഎസ്ജിയുടെ അർജന്റൈൻ താരങ്ങളായ മെസി, മൗരൊ ഇക്കാർഡ്, പരേഡെസ്, എയ്ഞ്ചൽ ഡി മരിയ എന്നിവർ ഡിസംബർ 23നാണ് പ്രത്യേക വിമാനത്തിൽ ഫ്രാൻസിൽനിന്ന് സ്വദേശത്തെത്തിയത്. ഫ്രാൻസിലേക്കു തിരികെയുള്ള ഫ്ളൈറ്റിൽ ഇക്കാർഡിയും ഇല്ലായിരുന്നെന്നും റിപ്പോർട്ടുണ്ട്.