Latest News

ബിനോയ് എം. ജെ.

എപ്പോഴൊക്കെ ധർമ്മത്തിന് ച്യുതിയും അധർമ്മത്തിനു ഉയർച്ചയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം സാധുക്കളെ സംരക്ഷിക്കുന്നതിനും, ദുഷ്ടരെ ഹനിക്കുന്നതിനും, ധർമ്മം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഈശ്വരൻ യുഗം തോറും അവതരിക്കുന്നതായി ഭഗവത്ഗീതയിൽ പറയുന്നു. ഈശ്വരൻ സർവ്വശക്തനാണല്ലോ, അവനൊന്ന് കൽപിച്ചാൽ എന്തും സംഭവിക്കുമല്ലോ പിന്നെന്തിനാണ് ക്ലേശങ്ങൾ സഹിച്ചു കൊണ്ട് ഈശ്വരൻ അവതരിക്കുന്നത് എന്ന് പലരും ചോദിച്ചേക്കാം.. അതിനുള്ള ഉത്തരം ലളിതമാണ്- മുങ്ങിച്ചാകുന്നവനെ കരക്കിരുന്നുകൊണ്ട് രക്ഷിക്കുവാൻ ആവില്ല. അതിനു വേണ്ടി കുളത്തിലേക്ക് ചാടുക തന്നെ വേണം.

ഈശ്വരന്റെ മനുഷ്യാവതാരത്തെക്കുറിച്ച് വിവിധ മതങ്ങളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് കാണുന്നത്. സർവ്വവും പടച്ച അള്ളാഹുവിന് മനുഷ്യനായി ജനിക്കാൻ ആവില്ല, അതിന്റെ ആവശ്യവുമില്ല എന്ന് ഇസ്ളാമിൽ പറയുന്നു. ലോക രക്ഷയ്ക്കുവേണ്ടി ഈശ്വരൻ മനുഷ്യനായി അവതരിക്കുമെന്ന് വീണ്ടും വീണ്ടും പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും സാക്ഷാൽ ദൈവപുത്രൻ ഭൂമിയിൽ അവതരിപ്പിച്ചപ്പോൾ അവിടുത്തെ അറിയുവാനോ ശ്രവിക്കുവാനോ യഹൂദന്മാർക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല താൻ ദൈവപുത്രനാണ് എന്ന് പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ അവിടുത്തെ കുരിശിൽ തറയ്ക്കുവാനും അവർ മടി കാട്ടിയില്ല എന്നതിൽ നിന്നും അവരുടെ അവതാര സങ്കൽപത്തിന്റെ പൊള്ളത്തരം നമുക്ക് തിരിച്ചറിയാൻ കഴിയും. ക്രിസ്തുമതത്തിൽ യേശു മാത്രമാണ് ഈശ്വരന്റെ അവതാരം എന്നും മറ്റൊരു അവതാരം ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല എന്ന് ശക്തമായി വാദിക്കുമ്പോൾ ഹിന്ദുമതത്തിൽ അവതാരങ്ങളുടെ ഒരു വലിയ നിര തന്നെ കാണുന്നു.

ഈ രീതിയിൽ ചിന്തിക്കുമ്പോൾ അവതാര സങ്കല്പം വളരെയധികം നിഗൂഢമായ ഒരു ആശയം ആണെന്ന് കാണുവാൻ കഴിയും . ഈശ്വരൻ പലതവണ അവതരിച്ചിട്ടുണ്ടെങ്കിലും യേശുക്രിസ്തുമാത്രമാണ് പൂർണ്ണ അവതാരമെന്ന് പലതുകൊണ്ടും സമ്മതിച്ച് കൊടുത്തേ തീരൂ. മറ്റ് അവതാരങ്ങൾക്കെല്ലാം തന്നെ പൂർവ ജനങ്ങളുടെയും മൃഗ ജന്മങ്ങളുടെയും ഒരു ചരിത്രം ഉള്ളപ്പോൾ യേശു മിശിഹായ്ക്ക് അങ്ങനെ ഒരു പൂർവജന്മ ചരിത്രമില്ല. അവിടുന്ന് ഒരിക്കൽ മാത്രമേ ജനിച്ചിട്ടുള്ളൂ. അതും അജ്ഞാനത്തെ ഒട്ടും തീണ്ടാതെ. പാപി അല്ലാതിരുന്നിട്ടും അവിടുന്ന് ഏറ്റവും വലിയ പാപിയെപ്പോലെ മരിച്ചു. മൂന്നു നാൾക്ക് ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. യേശുക്രിസ്തു വഴിയാണ് മാനവരാശിക്ക് മോക്ഷം കിട്ടിയതെന്നും പ്രസ്തുത മോക്ഷം നേടിയെടുത്തതല്ല; മറിച്ച് മനുഷ്യന് ദാനമായി കിട്ടിയതാണെന്നും ക്രിസ്തുമതം ലോകസമക്ഷം പ്രഖ്യാപിക്കുന്നു.

ഏതൊരു മനുഷ്യനും മോക്ഷം കിട്ടിയ ശേഷം അയാൾ വീണ്ടും ജനിക്കുകയാണെങ്കിൽ ആ ജനനം അയാൾക്ക് വേണ്ടി അല്ല മറിച്ച് ലോകഹിതാർത്ഥം ആണെന്നും അതിനാൽ തന്നെ അത് അവതാരമാണെന്നും സാമാന്യമായി പറയാം. ലോകത്തിന് മോക്ഷം ലഭിച്ചത് യേശുദേവൻ വഴിയാണെങ്കിൽ ആ മോക്ഷത്തിലെത്തിയ ലക്ഷക്കണക്കിനാളുകൾ ലോകത്ത് ഇതുവരെ ഉണ്ടായിരുന്നു എന്നും അവരിൽ ആയിരക്കണക്കിനാളുകൾ മോക്ഷപ്രാപ്തിക്ക് ശേഷം വീണ്ടും ജനിച്ചിട്ടുണ്ട് എന്നും അതിനാൽ തന്നെ അവരെല്ലാം തന്നെ അവതാരങ്ങൾ ആണെന്നും സമ്മതിച്ചേ തീരൂ . അവരെ ‘അംശാവതാരങ്ങൾ’ എന്ന് വിളിക്കാം. യേശു ജനിക്കുന്നതിനു മുമ്പ് തന്നെ ധാരാളം അവതാരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും നിങ്ങൾ ചോദിച്ചേക്കാം. ഉത്തരം ലളിതമാണ് -ഈശ്വരനിൽ സമയമില്ല . ചലനം ഉള്ളിടത്തേ സമയം ഉള്ളൂ .ഈശ്വരനിൽ എല്ലാം നിത്യതയിൽ സംഭവിക്കുന്നു.

ഈശ്വരന് മനുഷ്യനായി ഭൂമിയിൽ അവതരിക്കണമെങ്കിൽ അവിടുത്തേക്ക് അജ്ഞാനത്തിന്റെ മൂടുപടമണിഞ്ഞേ തീരൂ . ഈ അജ്ഞാനത്തെ അവർ തപസ്സിലൂടെ നീക്കിക്കളയുന്നു. അജ്ഞാനത്തിന്റെ മൂടുപടം അണിയാതെ ഒരു അവതാരം മാത്രമേ ഉണ്ടായിട്ടുള്ളൂ- അത് യേശുക്രിസ്തുവും ആകുന്നു. അവിടുത്തേക്ക് എല്ലാം തുടക്കം തൊട്ടേ അറിയാമായിരുന്നു .അതിനാൽ തന്നെ യേശുക്രിസ്തു മറ്റ് അവതാരങ്ങളിൽ നിന്നും ഭിന്നനും ആകുന്നു. മറ്റ് അവതാരങ്ങൾ ജീവിക്കുവാൻ വേണ്ടി അവതരിച്ചപ്പോൾ യേശുദേവൻ ആകട്ടെ മരിക്കുവാൻ വേണ്ടിയാണ് അവതരിച്ചത്.

‘നിർവിതർക്കസമാധി’യിൽ നിന്നും മടങ്ങി വരുവാൻ അവതാരങ്ങൾക്കേ കഴിയൂ. സാധാരണക്കാർക്ക് അതിനുള്ള കഴിവില്ല. സാധാരണക്കാർ നിർവിതർക്കസമാധിയിൽ ശാശ്വതമായി ലയിച്ചു പോകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

തിരുവനന്തപുരം പേട്ടയിൽ കോളജ് വിദ്യാർഥി അയൽവീട്ടിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി തള്ളി പൊലീസ്. പേട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയിൽ അനീഷ് ജോർജ്(19) ആണ് പേട്ട ചായക്കുടി ലെയ്നിലെ സൈമൺ ലാലന്റെ വീടായ ഏദനിൽ കുത്തേറ്റു മരിച്ചത്. സംഭവത്തിൽ സൈമൺ ലാലനെ(51) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിനെ കുത്തിയ വിവരം പേട്ട പൊലീസ് സ്റ്റേഷനിലെത്തി സൈമൺ തന്നെയാണ് അറിയിച്ചത്. പൊലീസ് എത്തി അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. ബുധനാഴ്ച പുലർച്ചെ 3.15ന് ആയിരുന്നു സംഭവം

കള്ളനാണെന്നാണു കരുതിയതെന്നും പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർഥം കുത്തിയതാണെന്നുമാണ് പ്രതി സൈമൺ ലാലന്റെ മൊഴി. എന്നാൽ പൊലീസ് ഇതു തള്ളുന്നു. സൈമണിന്റെ പ്ലസ് വൺ വിദ്യാർഥിനിയായ മകളും അനീഷും സുഹൃത്തുക്കളാണ്. പെൺകുട്ടിയെ കാണാനാകണം അനീഷ് ഈ വീട്ടിൽ എത്തിയതെന്നാണു പൊലീസ് കരുതുന്നത്. പെൺകുട്ടിയും അനീഷും മാതാവും പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു.

ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണു സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്നു മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്. പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു സൈമൺ എത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്നു ബലം പ്രയോഗിച്ചു കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ടു കുത്തിയെന്നുമാണു പൊലീസ് പറയുന്നത്.

കേരള സംഗീത സാഹിത്യ അക്കാദമി ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് എംജി ശ്രീകുമാര്‍. അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

”ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടുകേള്‍വി മാത്രമേ ഉള്ളൂ. കേട്ടു കേള്‍വി വച്ച് വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സിപിഐഎമ്മിലെ കുറച്ചു നേതാക്കളെ മാത്രമേ പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പരിചയം പോലുമില്ല.” എംജി ശ്രീകുമാര്‍ പ്രതികരിച്ചു.

എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് അടക്കം ഉയര്‍ന്നിരുന്നത്.ശ്രീകുമാറിന്റെ സംഘപരിവാര്‍ ബന്ധമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. കേസിൽ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനിൽകുമാർ. മുന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുകേശനും സമാന സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ പദവി ഒഴിഞ്ഞത്.സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് രാജി. കോടതിയുടെ പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആര്‍പിസി-173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് കോടതി പരിഗണിക്കും.

കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഒമിക്രോൺ വ്യാപന സാഹചര്യത്തില്‍ ലോകം നേരിടാനിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒന്നിച്ച് ഉയർത്തുന്ന ഭീഷണി വലുതാണെന്നും ഇതിനകം തളർന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നൽകി.ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത്​ കൊവിഡ്​ സുനാമിക്ക്​ കാരണമാകും പുതിയ കൊവിഡ് കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കിടയില്‍ അതിവേഗം രോഗവ്യാപനമുണ്ടാകുന്ന നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളുടെ താളം തെറ്റും, ടെഡ്രോസ് അഡാനം പറഞ്ഞു.

ഇത് ആഗോള തലത്തില്‍ മരണനിരക്കിലും കുത്തനെയുള്ള വർദ്ധനവിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നത്. ഒമിക്രോണിന് ഡെല്‍റ്റയുടേതിന് സമാനമായ തീവ്ര വ്യാപനമുണ്ടാകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും പഠനങ്ങള്‍ തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം സാധ്യമല്ലെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആശങ്ക പങ്കുവെച്ചത്.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലേക്കും പടർന്ന വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിനാണ് യുഎസും ഫ്രാന്‍സ് ഉള്‍പ്പടെയുള്ല യൂറോപ്യന്‍ രാജ്യങ്ങളും സാക്ഷ്യം വഹിക്കുന്നത്. ആഗോള കൊവിഡ് നിരക്കില്‍ 11 ശതമാനത്തിന്റെ ഉയർച്ചയാണ് കഴിഞ്ഞയാഴ്ച ഉണ്ടായിരിക്കുന്നത്. വാക്സിൻ എടുത്തവരിലും രോഗം വന്നുപോയവരിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുകയെന്നും ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ലോകാ​രോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 രാജ്യങ്ങളിലെ 40 ശതമാനം പേർക്കും വാക്സിനേഷന്‍ പൂർത്തീകരിച്ചിട്ടില്ല എന്നത് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ജൂലൈയോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യയിലും ഒമിക്രോൺ ആശങ്ക വിതക്കുകയാണ്​. രാജ്യത്ത്​ 900 പേർക്ക്​ ഇതുവരെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ സ്വന്തം ദാസേട്ടൻ ഓർമ്മയായി. തൃശൂർ മായന്നൂർ കുന്നൻചേരി മോഹൻദാസ് (65) ആണ് ആകസ്മികമായി ഇന്ന് വിടപറഞ്ഞത്. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലൻസ് സർവ്വീസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞയാഴ്ച ഹോസ്പിറ്റലിൽ പോയിരുന്നെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ വിട്ടിരുന്നു.

പതിനഞ്ചു വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ദാസേട്ടന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് സർവ്വീസിൽ ജോലി ചെയ്തുവരികയായിരുന്നു.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ പൊതുരംഗത്ത് സജീവമായിരുന്നു. മലായാളികൂട്ടായ്മകളിലെ സ്ഥിരസാന്നിദ്ധ്യവും മികച്ച സംഘാടകനുമായിരുന്ന ദാസേട്ടന്റെ അകാലവിയോഗത്തിൽ അതീവദുഃഖിതരാണ് സുഹൃത്തുക്കൾ. ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മോഹൻദാസിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ ഇഡി തന്നെ ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് നടി ശ്രുതി ലക്ഷ്മി. മോന്‍സണുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി തന്നോട് ചോദിച്ചതെന്ന് ശ്രുതി ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.

കലാകാരി എന്ന നിലയില്‍ പ്രോഗ്രാമിന് വിളിച്ചത് കൊണ്ടു മാത്രമാണ് മോണ്‍സന്റെ വീട്ടില്‍ പോയത്. മോന്‍സണ്‍ മാവുങ്കല്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി. അദ്ദേഹം മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായതായും നടി പറഞ്ഞിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. ശ്രുതിയുമായി മോന്‍സണ്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയച്ചത്.

മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട് മോന്‍സണിന്റെ അടുത്ത് താന്‍ ചികിത്സ തേടിയിരുന്നതായി ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരാവസ്തു വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട മോന്‍സന്റെ സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

താനും മോന്‍സന്‍ മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഒരാളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ശ്രുതി പറഞ്ഞിരുന്നു.

”ചില പരിപാടികള്‍ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമൊന്നുമില്ല. നന്നായി പെരുമാറുന്ന ആളാണ് മോന്‍സന്‍. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങള്‍ ചികയാന്‍ പോയിട്ടില്ല. അദ്ദേഹത്തെക്കുറിച്ച വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയത്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എങ്ങനെയാണിതിനൊക്കെ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല.

ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് മോന്‍സന്റെ അടുക്കല്‍ താന്‍ പോയത്. മുടികൊഴിച്ചില്‍ ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമാണ്. എന്നാല്‍ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുകളഞ്ഞു.

കുടുംബമായിട്ടാണ് പരിപാടികള്‍ക്ക് പോയത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു”.- ശ്രുതി പറഞ്ഞു.

പ്രാഥമിക ഘട്ടത്തില്‍ ശ്രുതി ലക്ഷ്മിയില്‍ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇഡിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസില്‍ ഇഡി അന്വേഷണം ശക്തമാക്കുകയാണ്.

‘അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു’ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

‘ഡോക്ടറെകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കള്‍ വാങ്ങുകയോ ചെയ്തിട്ടില്ല. ഏല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടി’ നടി പറയുന്നു.

‘അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍ നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു’ എന്നാണ് വിവാദങ്ങളോട് ശ്രുതി ലക്ഷ്മി പ്രതികരിച്ചത്.

മോന്‍സണ്‍ മാവുങ്കലുമായി തനിക്കൊരു ബന്ധവുമില്ലെന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചിരുന്നു. താനുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നടി പറഞ്ഞിരുന്നു. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതുമാണ് മോന്‍സനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ചു.

അനീഷ് ജോർജ്ജിനെ ലാലു എന്ന ഗൃഹനാഥൻ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ. അനീഷും ലാലുവിന്റെ മകളും തമ്മിൽ പള്ളിയിൽവെച്ച് പരിചയം ഉണ്ടായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ പെൺകുട്ടിയുടെ പിതാവ് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വളരെ വിത്യസ്തമായ വാർത്തകളാണ്. പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊലയാണ് നടന്നിരിക്കുന്നത്, മറ്റൊരു കെവിനായി മാറിയിരിക്കുകയാണ് അനീഷ്, പ്രണയത്തിന്റെ പേരിൽ നടന്ന ഞെട്ടിക്കുന്ന ക്രൂരമായ ദുരഭിമാനക്കൊലയാണെന്ന വിവരമാണ് അനീഷിന്റെ ബന്ധുക്കളും പിതാവും പങ്കുവെച്ചത്.

വളരെ ആസൂത്രിതമായാണ് കൊലപാതകം നടന്നത്, വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനീഷിനെ. ഫോൺവിളിച്ച് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഈ വിളിച്ച ഫോൺ പെൺകുട്ടിയുടെയാണോ ലാലുവിന്റെയാണോ എന്ന്  പോലീസ് വ്യക്തമാക്കുന്നില്ല. തെളിവുകൾ പോലിസീന്റെ കയ്യിലുണ്ട്. നമ്മുടെ പോലിസ് സമ്പ്രദായങ്ങൾ എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. ഒരു മകൻ മരിച്ച കുടുംബത്തോടുപോലും ലഭ്യമായ വിവരം പോലിസ് വെളിപ്പെടുത്തിയിട്ടില്ല. ദുരൂഹത അന്വേഷണത്തിൽ നിലനിർത്തുന്നത് പോലിസിന്റെ ഒരു വിനോദമായി മാറിയിരിക്കുന്നു.

അനീഷ് ലാലുവിന്റെ വീട്ടിലെത്തിയപ്പോൾ ഒറ്റകുത്തിന് കുത്തിവീഴ്ത്തുകയായിരുന്നു, മരണ വെപ്രാളത്തിൽ പിടയുന്ന അനീഷിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കുടുംബാംഗങ്ങൾ തയ്യാറായില്ല. ഞാൻ ഒരാളെ കുത്തിയിട്ടിട്ടുണ്ടെന്നും കള്ളനാണെന്ന് തോന്നുന്നു എന്ന് ​ഗൃഹനാഥൻ പോലിസ് സ്റ്റേഷനിൽ പോയി അറിയിക്കുകയായിരുന്നു. തെറ്റു ചെയ്തിരുന്നെങ്കിൽ മകന്റെ കയ്യും കാലും തല്ലിയൊടിച്ച് ഇടാമായിരുന്നു, അല്ലെങ്കിൽ പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കാമായിരുന്നു. എന്തിനാണ് ഈ കൊലപാതകം നടത്തിയത്, അവനെ ഞങ്ങൾക്ക് തിരിച്ചുകിട്ടുമായിരുന്നെന്ന് കണ്ണീരോടെ പിതാവും പറയുന്നു

അപകടം നടന്നെന്നു മാത്രമാണ് പൊലീസ് അനീഷിന്റെ കുടുംബത്തോട് ഫോണിലൂടെ പറഞ്ഞത്. വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനു മുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി അനീഷിന്റെ പിതാവ് പറഞ്ഞു. പൊലീസ് ജീപ്പിൽ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകനു കുത്തേറ്റ വിവരം അറിഞ്ഞത്. പൊലീസ് ജീപ്പിൽതന്നെ പിതാവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി. പിതാവിനെ കാണിച്ചശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്നു അറിയില്ലെന്നു ബന്ധുക്കൾ പറയുന്നു.

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.

കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സ്വതന്ത്ര സംഗീത സംവിധായകനായി എത്തുന്നത്. ‘തിളക്കം’, ‘കണ്ണകി’ ഉള്‍പ്പെടെ ഇരുപത്തോഞ്ചളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തില്‍ 1963ലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു വിദ്യാഭ്യാസം. തിളക്കം സിനിമയിലെ സാറേ സാറേ സാമ്പാറേ, കരിനീലക്കണ്ണഴകീ…,എന്നു വരും നീ…, വേളിക്കു വെളുപ്പാന്‍ കാലം.., ഇനിയൊരു ജന്മമുണ്ടെങ്കില്‍.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്. സംഗീത ആല്‍ബങ്ങളും കൈതപ്രം വിശ്വനാഥന്റേതായുണ്ട്.

ഷെറിൻ പി യോഹന്നാൻ

ഒരു സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരായി എത്തുന്നവരിലൂടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ‘മധുരം’. ഭാര്യയ്ക്ക് ഒപ്പം ബൈ-സ്റ്റാൻഡറായി എത്തിയതാണ് സാബുവും രവിയും. അമ്മയുടെ ശസ്ത്രക്രിയക്ക് കൂട്ടുവന്ന ആളാണ് കെവിൻ. എന്നാൽ ഇവർ മാത്രമല്ല പ്രധാന കഥാപാത്രങ്ങൾ – ഭക്ഷണവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുന്നു.

അഹമ്മദ് കബീറിന്റെ രണ്ടാമത്തെ ചിത്രം മനോഹരമാണ്. വളരെ ലളിതമായ കഥയെ കൃത്രിമത്വമില്ലാതെ, അതിഭാവുകത്വമില്ലാതെ സ്ക്രീനിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല മാർക്കറ്റ് ഉള്ള തട്ടിക്കൂട്ടു ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ‘മധുരം’. കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിച്ചെടുക്കുന്നതോടെ ‘മധുരം’ സുന്ദരമാകുന്നു.

ജോജുവിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് സാബു. തന്റെ പങ്കാളിയെ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കാത്ത സാബുവിനെ വളരെ സുന്ദരമായാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ മുഖഭാവവും വോയിസ്‌ മോഡുലേഷനും ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. പ്രകടനങ്ങളിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും അർജുൻ അശോകനും ശ്രുതിയും മികച്ചു നിൽക്കുന്നു. ഹൃദയസ്പർശിയായ ഗാനങ്ങളും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു.

സാബുവിന്റെയും ചിത്രയുടെയും പ്രണയം സുന്ദരമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ ഉടലെടുക്കുന്ന പ്രണയം പ്രേക്ഷകന്റെയും മനസ്സ് നിറയ്ക്കും. രണ്ടാം പകുതിയിലാണ് ഇത് തീവ്രമാകുന്നത്. എന്നാൽ, ചിത്രം പിറകോട്ടു വലിയുന്നത് കെവിൻ – ചെറി ദമ്പതികളുടെ കഥ പറയുന്നിടത്താണ്. ചില സാമൂഹിക നിർമിതികളിൽ നിന്ന് മാറി ചിന്തിക്കാൻ സംവിധായകൻ തയ്യാറാകാത്തത് ഇവിടെ പ്രധാന പോരായ്മയായി മാറുന്നു.

Last Word – പുതുമയില്ലെങ്കിലും ലളിതമായ കഥാഖ്യാനത്തിലൂടെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘മധുരം’. മികച്ച പ്രകടനങ്ങളും മനസ്സിനോടിണങ്ങി നിൽക്കുന്ന കഥാപാത്ര സൃഷ്ടിയും ചിത്രത്തെ സുന്ദരമാക്കുന്നു. ഭക്ഷണത്തെയും പ്രണയത്തെയും മനോഹരമായി ആവിഷ്കരിക്കുന്ന ചിത്രം.

സോണി ലിവിൽ നിന്ന് കടമെടുത്ത ഒരു വാചകം കൂടി കുറിയ്ക്കുന്നു;
“Love is sweet when its new, its sweeter when its true”

Copyright © . All rights reserved