Latest News

കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.

1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതര്‍), അദിതി അന്തര്‍ജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം നേടി.

ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിര്‍വഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിൽ സഹായിയായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.

കരിനീലക്കണ്ണഴകീ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ… (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ. കൗസ്തുഭം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: ഗൗരി അന്തർജനം (കാഞ്ഞങ്ങാട് ആലമ്പാടി). മക്കൾ: അദിതി, നർമദ, കേശവ് (ഇരുവരും സോഫ്റ്റ് വെയർ എൻജിനീയർ).

പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത ചുരുളഴിയുന്നു. പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടിലെ തീപ്പിടിത്തത്തിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. മക്കളില്‍ ഒരാളെ കാണാനില്ലാത്തതിനാല്‍ ആരാണെന്നത് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. സംഭവം
കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നത്. മരിച്ചനിലയില്‍ കണ്ടെത്തിയത് ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ(25) ആണെന്നാണ് നിഗമനം.

എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന അടക്കം നടത്തിയതിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. അതിനിടെ, ശിവാനന്ദന്റെ രണ്ടാമത്തെ മകള്‍ ജിത്തു(22)വിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ജിത്തു ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ജിത്തുവിനെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞദിവസം മൂന്നുമണിയോടെയാണ് ശിവാനന്ദന്റെ വീട്ടില്‍ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയനിലയിലായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടന്നിരുന്നു. രണ്ട് മുറികള്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.

അഗ്‌നിരക്ഷാസേന തീയണച്ച ശേഷം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മുറികളിലൊന്നില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കള്‍ മൂത്ത മകള്‍ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞിരുന്നു.

സംഭവസമയം ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പോയിരുന്നതായാണ് പോലീസ് പറയുന്നത്. വിസ്മയയും ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിസ്മയ മാതാപിതാക്കളെ വിളിച്ച് എപ്പോള്‍ വരുമെന്ന് തിരക്കി. രണ്ട് മണിയോടെ എത്തുമെന്ന് മാതാപിതാക്കള്‍ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സംഭവമുണ്ടായത്. ഇരുചക്ര വാഹനത്തില്‍ മത്സ്യം വില്‍ക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബിബിഎ.യും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്.

ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ജിത്തുവിനെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്താലേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

 

വയനാട് അമ്പലവയൽ ആയിരം കൊല്ലിയിൽ വയോധികനെ കൊസപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികൾ പെൺകുട്ടികളല്ലെന്ന് കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ. പെൺകുട്ടികൾക്ക് മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നും തന്റെ സഹോദരനടക്കം കുടുംബത്തിലെ കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടെന്നും കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന ആരോപിച്ചു. മുഹമ്മദിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

സക്കീനയുടെ സഹോദരന്റെ ഭാര്യയാണ് പോലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടികളുടെ അമ്മ. മുഹമ്മദ് ഈ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ പിതാവുമായി തർക്കമുണ്ടായിരുന്നു എന്നും മുഹമ്മദിന്റെ ഭാര്യ ആരോപിക്കുന്നു.

കഴിഞ്ഞദിവസമാണ് മുഹമ്മദിന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈകിട്ട് 4. 30 യോടെയാണ് 15 ഉം 16 ഉം വയസ്സുള്ള 2 പെൺകുട്ടികൾ അമ്പലവയൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക വിവരം പെൺകുട്ടികൾ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ പൊട്ട കിണറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടികൾ പോലീസിന് നൽകിയ മൊഴി. ഇതിനിടെ മുഹമ്മദിന്റെ മൃതദേഹത്തിൽ നിന്ന് മുറിച്ചെടുത്ത കാൽ അമ്പലവയലിലെ മാലിന്യപ്ലാന്റിൽ നിന്ന് കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദും കുടുംബവും പോലീസ് കസ്റ്റഡിയിലുള്ള സ്ത്രീകളും കുട്ടികളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവദിവസം കോഴിക്കോട് പോയിരുന്ന താൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സംശയാസ്പദമായ രീതിയിലായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നാണ് ഭാര്യയുടെ മൊഴി.

‘11.15 വരെ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. കോഴിക്കോട് പോയിരുന്ന ഞാൻ തിരിച്ചുവന്ന് ചോദിച്ചപ്പോൾ ഇക്ക പുറത്തുപോയെന്ന് പറഞ്ഞു. വീടിനകത്ത് നനവ് കണ്ട് പൈപ്പ് പൊട്ടിയോ എന്ന് ചോദിച്ചപ്പോൾ വെള്ളം മറിഞ്ഞുവീണതാണെന്ന് പറഞ്ഞു. എന്നെ കണ്ടയുടനെ ചെറിയകുട്ടി പുറത്തേക്ക് ഓടി. ചോദിച്ചപ്പോൾ കാല് മുറിഞ്ഞിട്ടുണ്ടെന്നും പ്ലാസ്റ്റർ വാങ്ങാൻ പോകുകയാണെന്നും പറഞ്ഞു. നാത്തൂൻ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അടുത്തിടെ ആശുപത്രിയിൽ നിന്നുവന്ന അവർക്കും കൊലപാതകം നടത്താനാകില്ല. ഞങ്ങളിവിടെ ഇല്ലാത്ത തക്കം നോക്കി ആങ്ങളെയെ വിളിച്ചുവരുത്തി എല്ലാവരും ചേർന്ന് കൊല്ലുകയായിരുന്നു’ – സക്കീന ആരോപിച്ചു.

സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ നിലവിൽ ജുവനൈൽ ഹോമിലാണുള്ളത്. ഇവരുടെ അമ്മയെ സുൽത്താൻ ബത്തേരി കോടതിയിലെത്തിച്ച് കസ്റ്റഡിയിൽ വാങ്ങും. ഇതിനുശേഷം കൂടുതൽ തെളിവെടുപ്പ് നടപടിയിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വരുമ്പോൾ കേസിൽ വീണ്ടും വഴിത്തിരിവുണ്ടാകുകയാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടന്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്. സംഭവം നടന്നിട്ട് നാല് വർഷം പിന്നിടുകയാണ്. കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംഷയിലായിരുന്നു സിനിമ ലോകം.എല്ലാം തീർന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ കടന്നു വരവ്. എന്നാൽ ബാലന്ദ്ര ദിലീപിന്റെ സുഹൃത്തല്ല എന്നാണ് സംവിധായകന്‍ എംഎ നിഷാദ് ഇപ്പോൾ പറയുന്നത്. ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംശയമുണ്ടെന്നും നാല് വര്‍ഷം മുമ്പ് നടന്നു എന്ന് പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ഇത്രയും നാള്‍ എന്തുകൊണ്ട് ബാലു ഇക്കാര്യം പുറത്തുപറഞ്ഞില്ല എന്നത് പ്രധാന ചോദ്യമാണ്.

ബാല ചന്ദ്ര കുമാര്‍ പറയുന്നത് പൂര്‍ണമായും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും നിഷാദ് പറഞ്ഞു. ഭയമുള്ളതുകൊണ്ടാണ് വിവരങ്ങള്‍ പുറത്തുവിടാതിരുന്നതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മറുപടി. ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. താന്‍ ദിലീപിന് ഈ വര്‍ഷം ഏപ്രില്‍ 9ന് ഒരു സന്ദേശം അയച്ചുവെന്നും അല്‍പ്പം ഭീഷണിപ്പെടുത്തിയുള്ള സന്ദേശത്തില്‍ തനിക്കെതിരെ ദിലീപ് എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും ബാലചന്ദ്ര ചോദിച്ചു.

എന്തായിരുന്നു നിങ്ങള്‍ അയച്ച സന്ദേശമെന്ന് അവതാരകന്‍ നികേഷ് കുമാര്‍ ആരാഞ്ഞു. ഈ വേളയില്‍ ബാലചന്ദ്ര വിശദീകരിച്ചു. താന്‍ ദിലീപിന് അയച്ച സന്ദേശം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ദിലീപ് എനിക്കെതിരെ പരാതിപ്പെട്ടില്ല. ഒരുപക്ഷേ ദിലീപ് തനിക്കെതിരെ അന്ന് പരാതി നല്‍കിയിരുന്നെങ്കില്‍ ആ പരാതിയാകുമായിരുന്നു എല്ലാ കാര്യങ്ങളുടെയും തുടക്കമെന്ന് ബാലചന്ദ്ര പറഞ്ഞു.

ഇത്തരം കാര്യങ്ങളെല്ലാം ഇതുവരെ തുറന്നുപറയാതിരുന്നത് ഭയം കൊണ്ടാണെന്നും ബാലചന്ദ്ര പറയുന്നു. ബാലചന്ദ്ര കുമാറിനെ ദിലീപ് ഭയപ്പെടുന്നുണ്ടോ. പിന്നെ എന്തുകൊണ്ട് എനിക്കെതിരെ ദിലീപ് പരാതിപ്പെട്ടില്ല. ഒരു മാസം മുമ്പ് വീട്ടില്‍ ചെറുപ്പക്കാരന്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ പരാതിപ്പെട്ട വ്യക്തിയാണ് ദിലീപ്. ഞാന്‍ സന്ദേശം അയച്ചിട്ടും എനിക്കെതിരെ പരാതിപ്പെട്ടില്ല. അതില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കാവുന്നതാണെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. ഞാന്‍ മെസേജ് അയച്ച ദിവസം രാത്രി വണ്ടിയെടുത്ത് ദിലീപ് തിരുവനന്തപുരത്ത് വന്നു.

എന്നെ കാണാന്‍ പരമാവധി ശ്രമിച്ചു. വാട്‌സ്ആപ്പ് കോളുകളും വോയിസ് കോളുകളും ചെയ്തു. ബാലു ഐആം വൈറ്റിങ് എന്ന് അറിയിച്ചു. എനിക്ക് നിങ്ങളുമായി സംസാരിക്കണമെന്ന് പറഞ്ഞു. ഇതിന്റെ എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്ര പറയുന്നു.

ഹോട്ടലിലെത്തിയ ദിലീപ് എന്നെ കാണണം എന്ന് അറിയിച്ചപ്പോള്‍ ഞാന്‍ വീട്ടിലേക്ക് ക്ഷണിച്ചു. എന്റെ ഫോണ്‍ ഹാക്ക് ചെയ്യുന്നുണ്ട്. നിങ്ങളുമായി നേരിട്ട് സംസാരിക്കണം. വന്നോളൂ എന്നെല്ലാം ദിലീപ് പറഞുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. എന്താണ് ദിലീപിന് അയച്ച സന്ദേശത്തിലുള്ളതെന്ന് പിന്നീട് ബലചന്ദ്ര കുമാര്‍ വെളിപ്പെടുത്തുകയും ചെയ്തു.

സിനിമ വേണ്ട എന്ന് ഞാന്‍ മാനസികമായി തീരുമാനിച്ചിരുന്നു. ദിലീപിന് ഇക്കാര്യം വിശദീകരിച്ച് കത്തയക്കുകയും ചെയ്തു. എനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരണം. നിങ്ങള്‍ക്ക് വരാന്‍ സാധിക്കില്ലെങ്കില്‍ സഹോദരനെയോ സഹോദരീ ഭര്‍ത്താവിനെയോ അയക്കണം. എന്റെ കൈയ്യിലുള്ള തെളിവുകള്‍ കാണിക്കാനാണ് വരണമെന്ന് ആവശ്യപ്പെടുന്നത്.

നിങ്ങള്‍ വന്നില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ആ സന്ദേശമെന്നും ബാലചന്ദ്ര കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. സന്ദേശം അയച്ച പിന്നാലെ ദിലീപ് തുടര്‍ച്ചയായി വിളിച്ചു. അതിന്റെ തെളിവെല്ലാം എന്റെ ഫോണിലുണ്ട്. ദിലീപിന്റെ അടുക്കളയിലെ സിങ്ക് എവിടെയാണുള്ളതെന്ന് വരെ ഞാന്‍ വരച്ചുകാണിച്ച് തരാം. ദിലീപുമായി സൗഹൃദമില്ലെങ്കില്‍ അടുക്കളയില്‍ കയറാന്‍ സാധിക്കുമോ എന്നും ബാലചന്ദ്ര കുമാര്‍ ചര്‍ച്ചയില്‍ ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെയാണ് ബാലചന്ദ്രയുടെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.

പേട്ടയില്‍ മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവത്തില്‍ ദുരൂഹത. പുലര്‍ച്ചെ വീട്ടില്‍ കണ്ട അനീഷ് ജോര്‍ജിനെ(19) കള്ളനാണെന്ന് കരുതി കുത്തിയതെന്നാണ് പ്രതി സൈമണ്‍ ലാലയുടെ മൊഴി. എന്നാല്‍ ഇയാളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. തലേദിവസം രാത്രി വരെ വീട്ടിലുണ്ടായിരുന്ന മകന്‍ പുലര്‍ച്ചെയോടെ കുത്തേറ്റ് മരിച്ചെന്ന വിവരമറിഞ്ഞതിന്റെ ആഘാതത്തിലാണ് മാതാപിതാക്കള്‍.

തൊട്ടടുത്ത വീട്ടിൽ മകൻ ജീവനുവേണ്ടി പിടഞ്ഞപ്പോഴും മാതാപിതാക്കൾ ഒന്നുമറിഞ്ഞില്ല. രാവിലെ പൊലീസെത്തി മരണവിവരം അറിയിച്ചപ്പോൾ മാത്രമാണ് യുവാവ് വീട്ടിലിലെന്ന് കാര്യം കുടുംബം അറിയുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് അനീഷിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. കേസിലെ പ്രതിയായ സൈമൺ ലാലയുടെ മകളും അനീഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് അധികമാർക്കും അറിയുമായിരുന്നില്ല. അനീഷിന്റെ വീട്ടിൽ നിന്ന് വെറും 800 മീറ്റർ മാത്രമാണ് സൈമണിന്റെ വീട്ടിലേക്കുള്ള അകലം.

പുലർച്ചെ മൂന്ന് മണിയോടെ ആരും അറിയാതെ അനീഷ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയെന്ന നിഗമനത്തിലാണ് പൊലീസ്. നാലുമണിയോടെയാണ് കുത്തേറ്റ് വീണത്. സൈമണിന്റെ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സംഭവസമയത്ത് ഇവിടെ വാടകക്കാർ ഉണ്ടായിരുന്നില്ല.കൃത്യം നടത്തിയ ഉടൻ തന്നെ സൈമൺ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഉടൻ പൊലീസ് സ്ഥലത്തെത്തി, യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് യുവാവിന്റെ മാതാപിതാക്കളെയും അധികൃതർ വിവരമറിയിക്കുകയായിരുന്നു.

തിരുവനന്തപുരം പേട്ടയിൽ മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. പെൺകുട്ടിയുടെ മുറിക്കുള്ളിലെ കുളിമുറിയിൽ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അനീഷ് പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതോടെ ലാലു കത്തിയുമായി എത്തുകയായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ, വാതിൽ തല്ലിത്തകർത്തുവെന്നാണ് പറയപ്പെടുന്നത്. ലാലുവിനെ കണ്ടതോടെ അനീഷ് കുളിമുറിക്കുള്ളിൽ ഒളിക്കുകയായിരുന്നു. അവിടെവച്ച് ലാലു യുവാവിനെ കുത്തിവീഴ്ത്തി. വീട്ടിൽ ഒരു പയ്യൻ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഉടൻ പൊലീസ് ലാലുവിന്റെ വീട്ടിലേക്ക് പോയി, അനീഷിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഉള്ളത്. പ്രവാസിയായ ലാലു ഒന്നരവർഷം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിലായിരുന്നു താമസം. ഇവരുടെ അയൽവാസിയായിരുന്നു അനീഷ്.വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലാലുവിന്റെ കുടുംബത്തെ വീട്ടിൽ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്‌. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അനീഷ് ബഥനി കോളേജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്.

അപ്പച്ചന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ബീന ആന്റണി. അപ്പച്ചന്റെ മരണം അറിഞ്ഞതിന്റെ ഷോക്കില്‍ കുഞ്ഞിനെ നഷ്ടമായി എന്നാണ് ബീന ആന്റണി ഒരു അഭിമുഖത്തില്‍ പറയുന്നത്. അപ്പച്ചന്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നതിനെ കുറിച്ചും ബീന വെളിപ്പെടുത്തി.

അപ്പച്ചന്‍ ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്‌നേഹിച്ച വ്യക്തി ആയിരുന്നു. കെട്ടുനിറച്ചു ശബരിമല സന്ദര്‍ശനം മൂന്നു തവണ നടത്തിയിട്ടുള്ള അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നിരുന്നു. മക്കളുടെ കല്യാണം നടത്തി തരില്ലെന്ന് പള്ളിക്കാര് പറഞ്ഞു.

അതിന്റെ ആവശ്യമില്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ളവര്‍ വിവാഹം കഴിച്ചോട്ടെ എന്ന് പറയുകയും ചെയ്തു. അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു തന്റെ അമ്മയെന്നും ബീന. അമ്മയുടെ സഹോദരന്‍ അന്യമതത്തില്‍ നിന്നും പെണ്ണ് കെട്ടിയപ്പോള്‍ കൂടെ നിന്നതും സംരക്ഷിച്ചതും അപ്പച്ചന്‍ ആയിരുന്നു.

തന്റെ വിവാഹത്തിനും മുന്‍കൈ എടുത്തത് അപ്പച്ചന്‍ ആയിരുന്നു. തന്റെ അപ്പച്ചന്‍ ആണെന്നറിയാതെ തന്നെ കുറിച്ച് പറഞ്ഞ അപവാദത്തിന്റെ പേരില്‍ ഒരാളെ കുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ അപ്പച്ചന്‍ ജയില്‍ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ പലതുണ്ടായപ്പോഴും അദ്ദേഹം തന്റെ ഒപ്പം തന്നെ നിന്നിരുന്നു. 2004ല്‍ ഒരു അപകടത്തില്‍ പെട്ടാണ് അപ്പച്ചന്‍ മരിക്കുന്നത്. അപ്പോള്‍ താന്‍ ഗര്‍ഭിണി ആയിരുന്നു. ആ ഷോക്കില്‍ തനിക്ക് കുഞ്ഞിനെ നഷ്ടമായെന്നും ബീന പറഞ്ഞു.

വീടിനു തീപിടിച്ചു വീടിനുള്ളിൽ ഉണ്ടായിരുന്ന യുവതി മരിച്ചു. ഒരാളെ കാണാനില്ല. ചൊവ്വാഴ്ച വൈകിട്ടു 3 മണിയോടെ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീടിനാണു തീപിടിച്ചത്. ശിവാനന്ദന്റെ രണ്ടു പെൺമക്കളിൽ ഒരാളാണു മരിച്ചത്. ആരാണു മരിച്ചതെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

പൊലീസ് പറയുന്നത്: ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണു വീട്ടിൽ താമസിക്കുന്നത്. രണ്ടാമത്തെ മകൾ ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണു സംഭവം. ഡോക്ടറെ കാണാൻ ജിജി രാവിലെ 11 മണിയോടെ ശിവാനന്ദനുമൊന്നിച്ച് ആലുവയിൽ പോയി. 12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്നു തിരക്കി. രണ്ടു മണിക്കു വീണ്ടും വിളിച്ച് വീട്ടിൽ കുഴപ്പങ്ങളൊന്നുമില്ലെന്നു പറഞ്ഞു.

മൂന്നു മണിയോടെ വീടിനകത്തുനിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്. പൊലീസും ഫയർഫോഴ്സും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ 2 മുറികൾ പൂർണമായി കത്തി. അതിൽ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്.

മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകൾ വിസ്മയയാണു മരിച്ചതെന്നു മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഇരുചക്ര വാഹനത്തിൽ മത്സ്യവിൽപന നടത്തുന്നയാളാണു ശിവാനന്ദൻ. വിസ്മയ ബിബിഎയും ജിത്തു ബിഎസ്‌സിയും പൂർത്തിയാക്കിയവരാണ്. ഒരാഴ്ച മുൻപു ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ടു ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. വിസ്മയയുടെ മൊബൈൽ ഫോൺ വീട്ടിൽനിന്നു കാണാതായിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി.

ലോസാഞ്ചലസിലുണ്ടായ റോഡപകടത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഈ ഇന്ത്യൻ കുടുംബം.   ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു വരുമ്പോഴാണ് ജീവിതം മാറിമറിഞ്ഞ സംഭവം ഒരു കാറപകടത്തിന്റെ രൂപത്തിൽ എത്തിയത്. 35 മൈൽ സ്പീഡ് ലിമിറ്റ് ഉള്ള സ്ഥലത്ത് 70–80 വേഗത്തിൽ എത്തിയ എസ്‌യുവി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിൽ ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയി ആണ് നിന്നത്. ഉടൻ തന്നെ സമീപ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകൾക്ക് ശേഷം മകൻ അർജിത്ത് (14) മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ചയോടെ പതിനാറു വയസ്സുള്ള മകൾ അക്‌ഷിതയും.

പഠനത്തിൽ അതിസമർഥയായിരുന്നു അക്‌ഷിത. അടുത്ത വർഷം അമേരിക്കയിലെ പ്രശസ്തമായ ഐവി ലിഗ് സ്കൂളുകളിൽ പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു. ഇരുവരും പാഠ്യേതര വിഷയങ്ങളിലും സമർഥരായിരുന്നു. അക്‌ഷിത നോർത്ത് ഹോളിവുഡ് ഹൈലി മാഗ്‍നറ്റ് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡണ്ടും ആയിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന കാൻഡിൽ വിജിലിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം ജോൺ ലീ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിവിധ അമേരിക്കൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്തകൾ നൽകി.

ചികിത്സയിലായിരുന്ന രാമചന്ദ റെഡ്ഡിയും ഭാര്യ രാജിനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്‌യുവി ഓടിച്ചിരുന്ന 20 വയസ്സുള്ള യുവതി നരഹത്യക്ക് അറസ്റ്റിലായി.കുടുംബം തങ്ങളുടെ അമേരിക്കൻ സ്വപ്നത്തിന് അനുസരിച്ചാണ് ജീവിച്ചു വന്നത്. പിതാവ് രാമചന്ദ റെഡ്ഡിക്ക് പതിനാറുവർഷത്തിനുശേഷം ഗ്രീൻ കാർഡ് ലഭിച്ചു. ഈ വർഷം വീട് വാങ്ങി. മക്കൾ പഠനത്തിൽ സമർഥർ, മാതാവ് രജിനി റെഡ്ഡി തെലുഗു അസോസിയേഷനിൽ പ്രവർത്തക തുടങ്ങി ഒരു ശരാശരി പ്രവാസിയുടെ മാതൃകാ ജീവിതം. തെലങ്കാന സംസ്ഥാനത്തിലെ ജാൻഗുൺ ജില്ലക്കാരാണ് ഇരുവരും. കുട്ടികളുടെ സംസ്ക്കാരം പിന്നീട്.

പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മോൺസൺ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലാണ് അന്വേഷണം.

മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മോൻസന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കു പോയിരുന്നതായി നേരത്തേ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. പ്രാഥമിക ഘട്ടത്തിൽ ശ്രുതി ലക്ഷ്മിയിൽ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം.

Copyright © . All rights reserved