Latest News

മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. താരപുത്രന്മാര്‍ സിനിമ രംഗം കൈയ്യടിക്കവെച്ചിരിക്കുന്നതിനിടയ്ക്ക് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്.

സിനിമയിലഭിനയിക്കുന്നതിന് മുമ്പേ ടൊവിനോയ്‌ക്കൊപ്പം ഒരേ റൂമില്‍ താമസിച്ച സുഹൃത്തായിരുന്നു സംവിധായകനും അവതാരകനുമായ മാത്തുകുട്ടി.

തങ്ങളുടെ കൂട്ടത്തില്‍ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടൊവിനോ ആയിരുന്നു എന്നും അത്രക്കും ആഗ്രഹവും അതിനുള്ള അധ്വാനവും ടൊവിനോ ചെയ്തിട്ടുണ്ടെന്നും പറയുകയാണ് മാത്തുക്കുട്ടി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓര്‍മകള്‍ മാത്തുക്കുട്ടി പങ്കുവെച്ചത്.

‘ടൊവിനോയും ഞാനും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ്. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവന്‍. ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നു. അതുപോലെ അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ മാത്തുക്കുട്ടി പറഞ്ഞു.

‘അന്ന് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് വേണമെങ്കില്‍ ചേട്ടനോട് ചോദിക്കണം. അതുകൊണ്ട് അവന്‍ ആ വണ്ടി ബാറ്ററിയില്ലാതെ കുറെ നാള്‍ ഓടിച്ചിട്ടുണ്ട്.

അന്ന് ആ കൂട്ടത്തില്‍ എനിക്ക് മാത്രമാണ് ജോലിയുള്ളത്. എന്റെ ബുള്ളറ്റിന് ഞാന്‍ മിലിട്ടറി ഗ്രീന്‍ പെയിന്റടിച്ചു. അത് കണ്ടിട്ട് അവനും സ്വന്തം വണ്ടിക്ക് ആ പെയിന്റ് അടിക്കണമെന്ന് തോന്നി.

എന്നോട് അന്വേഷിച്ചപ്പോള്‍ 5000 രൂപ ഉണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു. ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ ബുള്ളറ്റ് പുത്തന്‍ ബാറ്ററി വെച്ച് ഇപ്പോഴും അവന്‍ ഓടിക്കുന്നുണ്ട്,’ മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മിന്നല്‍ മുരളി വമ്പന്‍ വിജയമാണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ടൊവിനോയുടെ ചിത്രം.

2021-ൽ തലസ്ഥാനത്ത് നടന്ന 30-ാമത്തെ കൗമാര കൊലപാതകം. ഇന്നലെ രാത്രിയും രണ്ട് ആണ്‍കുട്ടികള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. 15ഉം 16ഉം വയസ്സുള്ളവരാണ് നഗരത്തില്‍ മിനിറ്റുകള്‍ക്കകം കൊല്ലപ്പെട്ടത്. ഇതുവരെയുള്ള കണക്കുകള്‍ വച്ച് റെക്കോര്‍ഡ് എണ്ണമാണ് ഇത്.

പുതിയ മരണനിരക്ക് ലണ്ടനിലെ കത്തി കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന മേയര്‍ സാദിഖ് ഖാന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന സംഘത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും തലസ്ഥാനത്തെ തെരുവുകളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നതും എല്ലാം ഇത്തരം ആക്രമണങ്ങള്‍ കുറച്ചുവെന്നായിരുന്നു മേയറിന്റെ അവകാശ വാദം.

ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പിന്തുണക്കുന്നുണ്ടെന്നും സേന അറിയിച്ചു. ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല, യഥാസമയം പോസ്റ്റ്‌മോർട്ടം പരിശോധന നടത്തും.

തെക്കൻ ലണ്ടനിലെ ക്രോയ്‌ഡണിലെ ആഷ്‌ബർട്ടൺ പാർക്കിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച മറ്റൊരു മരണം.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയത്. ആംബുലൻസ് എത്തുന്നതിന് മുമ്പ് അവർ കുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രാത്രി 7.36 ന് മരണം സ്ഥിരീകരിച്ചു.

അതേസമയം, ലണ്ടന്റെ ‘സ്‌കാറ്റര്‍ഗണ്‍’ സമീപനത്തെ വിമര്‍ശിച്ചതിനാല്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാണ് കത്തി വിരുദ്ധ കുറ്റകൃത്യ പ്രചാരകര്‍ വ്യക്തമാക്കുന്നത്.

കൊലപാതകമാണെന്ന് സംശയിക്കുന്ന 15 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് കുത്തേറ്റതിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല, എന്നാല്‍ അവരുടെ മരണം ഈ വര്‍ഷം തലസ്ഥാനത്ത് കൊല്ലപ്പെട്ട കൗമാരക്കാരുടെ എണ്ണം 30 ആയി ഉയര്‍ത്തി. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന എണ്ണം 2008ല്‍ 29 ആയിരുന്നു.

റെക്കോര്‍ഡ് ഉയര്‍ന്നതില്‍ തങ്ങള്‍ക്ക് അതിശയമില്ലെന്ന് കത്തി കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ബെന്‍ കിന്‍സെല്ല ട്രസ്റ്റിന്റെ സിഇഒ പാട്രിക് ഗ്രീന്‍ പറഞ്ഞു. ‘അടുത്ത വര്‍ഷം സ്ഥിതി വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല, കാരണം അത് മോശമാകാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ‘കത്തി കുറ്റകൃത്യം വളര്‍ന്നുവരുന്നതിന്റെ ഭാഗമാണെന്ന് പുതിയ തലമഉറ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത് പൂര്‍ണ്ണമായും അസ്വീകാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാര്യയുടെ പിണക്കം മാറ്റാൻ ന്യൂഇയറിനു കേക്ക് വാങ്ങിനൽകി ഭർത്താവ്. കേക്ക് ഭർത്താവിന്റെ മുഖത്തേക്കെറിഞ്ഞ് ഭാര്യ. സംഭവത്തിൽ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് യുവാവിന്റെ പ്രതികാരം. ഭാര്യാമാതാവിനെ ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിലായി. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

റെയില്‍വേ ട്രാക്കില്‍ പാഞ്ഞെത്തിയ ട്രെയിനിന്റെ മുന്നില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപെട്ട ഒരാളുടെ വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ട്രാക്കില്‍ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്ത് വച്ച്‌ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടതാണ് യുവാവിന്റെ ജീവന് രക്ഷയായത്.മുംബൈയിലെ ശിവദി സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഞായറാഴ്ച രാത്രി താൻ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ ആരോപിച്ചു. ഇമ്രാൻ ഖാന്റെ ഭരണത്തിന് കീഴിൽ പാകിസ്ഥാൻ “ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും” നാടായി മാറിയെന്ന് ആക്രമണത്തെ കുറിച്ച് തന്റെ മുൻ ഭർത്താവിനെ ലക്ഷ്യംവെച്ച് റെഹം ഖാൻ പറഞ്ഞു.

“എന്റെ അനന്തരവന്റെ വിവാഹം കഴിഞ്ഞ് മടങ്ങുംവഴി എന്റെ കാറിന് നേരെ വെടിയുതിർത്തു, മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ തോക്കിന് മുനയിൽ വാഹനം നിർത്തി! ഞാൻ ഈ അടുത്ത് വാഹനം മാറിയതേയുള്ളു. എന്റെ പിഎസും ഡ്രൈവറും കാറിൽ ഉണ്ടായിരുന്നു. ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാകിസ്ഥാൻ? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും രാജ്യത്തിലേക്ക് സ്വാഗതം!,” അവർ ട്വീറ്റ് ചെയ്തു.

പരിക്കേറ്റില്ലെങ്കിലും സംഭവം തന്നിൽ “രോഷവും ആശങ്കയും” ഉളവാക്കിയെന്ന് റെഹം ഖാൻ പറഞ്ഞു. “ഭീരുത്വം നിറഞ്ഞ ഗൂഢശ്രമ”ത്തേക്കാൾ ഒരു ‘ദ്വന്ദ്വയുദ്ധ’മാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന പരിശീലന പരിപാടിക്കിടയില്‍ കാളകള്‍ വിരണ്ടോടി. അമ്പത് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. കാളകളെ മെരുക്കാനായി നടത്തുന്ന പരിശീലനമായിരുന്നു ഇത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നീ ജില്ലകളില്‍ നിന്ന് 500ലേറെ കാളകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാര്‍ഗഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര്‍ തിരുവിഴ എന്നറിയപ്പെടുന്ന ചടങ്ങ് നടത്തിയത്.ഇത് കാണാനായി ആയിരത്തിലേറെ ആളുകള്‍ എത്തിയിരുന്നു. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്തായിരുന്നു പരിപാടി. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് തിരുവണ്ണാമലൈ പൊലീസ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിയോ വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളോ ഇല്ലാതെ പരിപാടി നടത്തിയത്. പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെയ്ക്കുകയും അഞ്ച് സംഘാടകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള ഒരു ബെക്കില്‍ ചെന്ന് ഇടിക്കുന്നതും ബൈക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.

ഈ മാസം 15ന് തമിഴ്‌നാട്ടില്‍ മാട്ടുപ്പൊങ്കലാണ്. ഇതിനെ തുടര്‍ന്ന നിരവധി ജല്ലിക്കെട്ടുകളാണ് നടക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ ഈ പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന് കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിൽ നേരത്തെ ക്രിമിനൽ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ വിചാരണ നിർത്തി വെയ്ക്കണമെന്ന പൊലീസിന്റെ ആവശ്യത്തിൽ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

നേരത്തെ കേസിൽ വിചാരണ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് കോടതി മാറ്റി. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആർപിസി 173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിർത്തിവെയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍മ്മാതാവ് ആയപ്പോള്‍ താന്‍ നേരിട്ട അനഭവങ്ങള്‍ നടി സാന്ദ്ര തോമസ് പങ്കുവയ്ക്കാറുണ്ട്. അഭിനേതാക്കളുടെ തെറവിളി വരെ കേട്ടിട്ടുണ്ട് എന്നാണ് സാന്ദ്ര പറയുന്നത്. അഭിനയിക്കാന്‍ വരാന്‍ സൗകര്യമില്ലെടി എന്ന് വിളിച്ച് പറഞ്ഞ ഒരു നടന്‍ പിറ്റേ ദിവസം വന്ന് തന്റെ കാല് പിടിച്ചതായാണ് സാന്ദ്ര ഇപ്പോള്‍ പറയുന്നത്.

നിര്‍മാതാവായപ്പോള്‍ അഭിനേതാക്കളുടെ തെറിവിളി വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗ് നടക്കുകയാണ്. ഇനി ചിത്രീകരിക്കേണ്ടത് പാട്ട് സീനാണ്. എല്ലാം റെഡിയായി കഴിഞ്ഞു. ലൊക്കേഷന്‍ കണ്ട് പണം വരെ കൊടുത്തു.

തിരുവന്തപുരത്ത് നിന്ന് അണിയറപ്രവര്‍ത്തകര്‍ എല്ലാ സന്നാഹങ്ങളുമായി എറണാകുളത്ത് എത്തി. പിറ്റേ ദിവസം ഷൂട്ട് നടക്കേണ്ടത്. അപ്പോഴാണ് രാത്രി വിളിച്ച് നടന്‍ നാളെ ഷൂട്ടിംഗിന് വരാന്‍ പറ്റില്ല മൂഡില്ല എന്ന് പറയുന്നത്. അയാള് പറഞ്ഞിട്ടാണ് നേരത്തെ ഷൂട്ട് ചെയ്യേണ്ട ഈ ഭാഗങ്ങള്‍ പിന്നീട് എന്ന് പറഞ്ഞ് മാറ്റി വച്ചത്.

അയാള്‍ വരില്ലാന്ന് പറഞ്ഞപ്പോള്‍ ‘പറ്റില്ല, നാളെ വരണം നഷ്ടം ഉണ്ടാകും’ എന്ന് താന്‍ പറഞ്ഞു. പിന്നീട് അയാള്‍ വരാന്‍ സൗകര്യമില്ലെടി എന്ന് പറഞ്ഞ് തെറിവിളിയായിരുന്നു. അവസാനം പടം പോയാലും വേണ്ടില്ല എന്ന് കരുതി രണ്ടും കല്‍പിച്ച് ഇനി ആ നടനോട് വരണ്ടാന്ന് പറഞ്ഞു.

പിറ്റേ ദിവസം അയാള്‍ വന്ന് കാലു പിടിച്ച് മാപ്പ് പറഞ്ഞു. ഇങ്ങനെ പലതും നിര്‍മ്മാതാവായിരിക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തിനിടെ സാന്ദ്ര പറഞ്ഞത്. നേരത്തെ അഭിനേതാക്കളുടെ കാല് പിടിച്ചാലും പ്രമോഷന് വേണ്ടി വരാറില്ലെന്നും സാന്ദ്ര തുറന്നു പറഞ്ഞിട്ടുണ്ട്.

ചികിത്സിക്കാന്‍ വൈകിയതില്‍ പ്രകോപിതനായി ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു അരസു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍നിന്നുവീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കള്‍ തിരുഭുവനൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍, ആശുപത്രി ജീവനക്കാര്‍ യുവാവിനെ ചികിത്സിക്കാന്‍ വൈകി. പരിക്ക് സംഭവിച്ചയാളെ ഗൗനിക്കാതെയായിരുന്നു ജീവനക്കാരുടെയും പെരുമാറ്റം. ഒടുവില്‍ കാത്തിരുന്ന് മുഷിഞ്ഞ അരസു ദേഷ്യത്തില്‍ ആശുപത്രിയിലെ ഒരു ചില്ലുവാതില്‍ കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. പൊട്ടിയ ചില്ലില്‍ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു.

ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാല്‍ രക്തം വാര്‍ന്ന് മയങ്ങിവീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാര്‍ അവഗണിച്ചെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ശേഷം, യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമായത്. ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുകെയിലെ സാന്‍ടന്‍ഡേഴ്‌സ് ബാങ്കിലെ സാങ്കേതിക തകരാര്‍ മൂലം ഇത്തവണ ഉപഭോക്താക്കള്‍ക്ക് ശരിക്കും ഹാപ്പി ക്രിസ്മസ് ആയി. അബദ്ധത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കെത്തിയ 1320 കോടി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍.

ബാങ്കിലെ കോര്‍പ്പറേറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ടുകളിലേക്കാണ് 130 മില്യണ്‍ പൗണ്ട്(1310 കോടി രൂപ) സൗജന്യമായി എത്തിയത്. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75000 ഇടപാടുകള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇരട്ടിയായതാണ് കാരണം.

പണം എത്തിയത് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്നായതിനാല്‍ ഇടപാടുകാരുടെ ആരുടെയും നിക്ഷേപത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു. യുകെയില്‍ വിവിധ ബാങ്കുകളുമായി സഹകരിച്ച് പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍. പണം ലഭിച്ചവര്‍ ഇത് പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ പണം തിരിച്ചു നല്‍കാന്‍ വിമുഖത കാണിക്കുമെന്നും ഇത് ഓവര്‍ഡ്രാഫ്റ്റിലേക്ക് നയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

ഷെഡ്യൂളിംഗ് പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നും ഇത് പരിഹരിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സാന്‍ടന്‍ഡറിന്റെ ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് വിംഗിന് പതിനാല് മില്യണ്‍ അക്കൗണ്ട് ഹോള്‍ഡേഴ്‌സ് ആണുള്ളത്.

RECENT POSTS
Copyright © . All rights reserved