പിങ്കി എസ്
ഓണം – ഐതിഹ്യത്തിന്റെ ശക്തി സൗന്ദര്യമാണ്. ഓണത്തെ സംബന്ധിച്ച് പല ചരിത്ര രേഖകളും കണ്ടെത്താൻ കഴിയുമ്പോഴും , ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് ഉത്സവമായാണ് കരുതി വരുന്നത്. ഓണം തമിഴ് നാട്ടിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കുടിയേറിയതാണെന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
സംഘ കാലത്ത് മലയാള നാട്ടിലും ബുദ്ധമതം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കർക്കിടകത്തിന്റേയും മഴക്കാലത്തിന്റേയും പഞ്ഞകാലം കഴിഞ്ഞ് ആളുകൾ വീണ്ടും വാണിജ്യം തുടങ്ങുന്ന മാസമാണ് ശ്രാവണ മാസം. പാലി ഭാഷയിൽ ഉള്ള സാവണം, ലോപിച്ചതാകണം ശ്രാവണം.പിന്നീടത് ഓണമായി മാറിയെന്നും കരുതുന്നു. പണ്ടു കാലത്ത് ചിങ്ങമാസത്തിലാണ് വിദേശ കപ്പലുകൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരള തീരത്ത് കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണം കൊണ്ടു വരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങ മാസമെന്നും , ഓണത്തെ പൊന്നോണമെന്നും വിളിച്ചു തുടങ്ങി. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ പ്രധാനമായും മനസ്സിലേക്ക് ഓടിയെത്തുക ഓണസദ്യ തന്നെയാണ്. ഉണ്ടറിയണം ഓണം … എന്നാണ് ചൊല്ല് . ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണ ദിവസം വിഭവ സമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. എന്നാൽ ഈ സദ്യയിലുമുണ്ട് വൈവിധ്യങ്ങൾ. വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ തിരുവോണ നാളിൽ ഇലയിൽ മത്സ്യമോ, മാംസമോ വിളമ്പാതെ സദ്യ പൂർണ്ണമാകില്ല. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശുദ്ധ വെജിറ്റേറിയൻ സദ്യയാണ് ഓണത്തിന് കണ്ടു വരുന്നത്. മലപ്പുറം കോഴിക്കോട് ജില്ലക്കാർ മൂന്നാലു ദിവസം മുമ്പ് തന്നെ പുളിയിഞ്ചി നാരങ്ങ മുതലായവ ഒരുക്കി ഓണ സദ്യക്ക് തയ്യാറെടുക്കുമ്പോൾ തെക്കൻ ജില്ലക്കാർ ഉത്രാട നാളിലാണ് പ്രധാനമായും ഇതിനു വേണ്ടി പരക്കം പായുന്നത്. വിഭവ സമൃദ്ധമായ സദ്യയിൽ പ്രധാനമായും എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്പ്, ചവർപ്പ് എന്നീ ആറു രസങ്ങൾ ഉണ്ടായിരിക്കും.
ഓണത്തെ മുൻ നിർത്തി ഭക്ഷണ സംസ്കാരത്തിന്റെ ചരിത്രം എന്തായിരിക്കും എന്ന് ഒരാലോചന നടത്താം.
ബഹുഭൂരിപക്ഷം മലയാളികളും ശുദ്ധ വെജിറ്റേറിയൻ ആയിരിക്കാൻ ഇഷ്ടപെടുന്നില്ലെങ്കിലും, തെക്കൻ കേരളത്തിലെ തിരുവോണ നാളിലെ ശുദ്ധ സസ്യാഹാര രീതി കൗതുകമുളവാക്കുന്ന ഒന്നാണ്. തിരുവോണ നാളിൽ മത്സ്യ മാംസാദികൾ ആഹരിക്കുക എന്നത് അവരുടെ വിദൂര ചിന്തയിൽ പോലും ഇല്ല. എന്നാൽ മുൻപിൻ ദിവസങ്ങളിൽ ഇതിനൊന്നും യാതൊരു തടസവും ഇല്ല താനും. ഒരുപക്ഷേ ഫ്യൂഡൽ ജന്മിത്വ വാഴ്ചയുടെ കാലത്ത് അടിയാള വിഭാഗങ്ങളിൽ പെട്ട മനുഷ്യർക്ക് ആണ്ടിലൊരിക്കലെങ്കിലും ജന്മിമാരെ പോലെ വിഭവ സമൃദ്ധമായ ഊണ് കഴിക്കുക എന്നത് ഒരു സ്വപ്നമായിരുന്നിരിക്കാം. വിഭവ സമൃദ്ധമെന്നാൽ അന്നത്തെ പ്രമാണിമാരുടെ വിസ്തരിച്ചുള്ള ശാപ്പാടും, അതിനു ശേഷമുള്ള നാലും കൂട്ടിയുള്ള മുറുക്കും ആണെന്ന് പറയേണ്ടതില്ലല്ലോ. ആചാരപരമായി തന്നെ ചില ആഹാര പദാർത്ഥങ്ങൾ ചില ജാതികൾക്ക് വിലക്കപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ത്വരയിൽ നിന്നുമാകാം തന്റെ സ്ഥായിയായ ജീവിത ക്രമത്തിന്റെ ഭാഗം അല്ലാതിരുന്നിട്ടു പോലും അത്തരം ശുദ്ധ സസ്യ ഭക്ഷണ ശൈലി അവൻ ഓണത്തിനെങ്കിലും സ്ഥാപിച്ചെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണ ശ്രമം പോലും സാമൂഹിക മാറ്റത്തിലേക്കുള്ള ചുവടു വയ്പായി കരുതുന്നതിൽ തെറ്റില്ല.
19ാം നൂറ്റാണ്ടിൽ അവർണ്ണ പ്രധാനികളായ ഈഴവർക്കും മറ്റും , വിവാഹത്തിന് നാലു തരം വിഭവങ്ങളോടെ സദ്യ നടത്തണമെങ്കിൽ പോലും മഹാരാജാവിന് മുൻകൂട്ടി പണം അടിയറ വെച്ച് അനുവാദം വാങ്ങേണ്ടിയിരുന്നു. എറണാകുളം പ്രവൃത്തിയിൽ ചിറ്റൂരു ദേശത്ത് കെള മംഗലത്ത് വീട്ടുകാർ കീഴ് മര്യാദ അല്ലാതെ അധിക പദവികൾ എടുത്ത് കൊണ്ട് പെണ്ണ് കെട്ട് കല്യാണം കഴിച്ചതിന് ശിക്ഷ ലഭിച്ചതായി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയിൽ പി.ഭാസ്ക്കരനുണ്ണി രേഖപ്പെടുത്തുന്നുണ്ട്. അധിക പദവി എന്നു പറയുന്നത് ഒരാറു കാലി പന്തലു കെട്ടിയതോ, വലിയ പപ്പടം കാച്ചി വിളമ്പിയതോ ഒക്കെ ആകാം. ഇക്കാര്യങ്ങൾ കേൾക്കുമ്പോൾ ഭക്ഷണ കാര്യങ്ങളിൽ വിലക്ക് ഉണ്ടായിരുന്നത് കീഴ് ജാതിക്കാർക്ക് മാത്രമാണെന്ന് ധരിക്കരുത്. മറിച്ച് ഭക്ഷണത്തിൽ ബ്രാഹ്‌മണർക്കും ഉള്ളി, വെളുത്തുള്ളി, ചുരയ്ക്ക, കരിഞ്ചണം, നെല്ലി എന്നിവയുടെ ഉപയോഗം വർജ്യമായിരുന്നു. മനു സ്മൃതിയിൽ അഭക്ഷ്യ പദാർത്ഥങ്ങളുടെ കൂട്ടത്തിൽ വെളുത്തുള്ളി, മുരിങ്ങ, ചുവന്നുള്ളി, ഭൂമിയിലും മരത്തിലുമുണ്ടാകുന്ന കൂൺ, അശുദ്ധ സ്ഥലങ്ങളിലുണ്ടാകുന്ന പദാർത്ഥങ്ങൾ ഇവ ബ്രാഹ്മണനു നിഷിദ്ധമെന്ന് പറയുന്നുണ്ട്. 19-ാo നൂറ്റാണ്ടിൽ പോലും ഇതിനു വ്യത്യാസമുണ്ടായതുമില്ല. പൊതുവേ എല്ലാ ജനങ്ങളും നന്നേ പുലർന്നുള്ള ഭക്ഷണം, അത്താഴമെന്ന നേരം മങ്ങിയുള്ള ഭക്ഷണം എന്നിങ്ങനെയുള്ള രണ്ടു നേരത്തെ ആഹാരം കൊണ്ട് തൃപ്തരായിരുന്നു. ഇതിൽ ഉയർന്ന നായന്മാരുടെ ഭവനങ്ങൾ ഒഴികെയുള്ള നായർ ഭവനങ്ങളിലും, ഈഴവർ തൊട്ടുള്ള താണ ജാതിക്കാരുടെ പുരകളിലും നിത്യഭക്ഷണം വളരെ മോശപ്പെട്ടത് ആയിരുന്നു. ചോറ് അപൂർവ്വം – അഥവാ ഉണ്ടെങ്കിൽ ഏറ്റവും മോശപ്പെട്ട അരിയുടേത് ആയിരുന്നു. ചാമ, തിന, മുള, നെല്ല്, കൂവരക്, മുതിര, പയറ് ഇവ കൊണ്ടുള്ള കഞ്ഞിയോ, കാടിയോ, പുഴുക്കോ കൊണ്ട് അവർ ഒരു വിധം അഷ്ടി കഴിച്ചു വന്നു. എന്നാൽ ഇല്ലങ്ങളിലും , പ്രഭു ഭവനങ്ങളിലും എന്നും സമൃദ്ധിയുടെ വിളയാട്ടവും. ഭക്ഷണം വെജിറ്റേറിയൻ വേണോ, നോൺ വെജിറ്റേറിയൻ വേണമോ എന്നുള്ളത് ആചാരപരമായി തീരുമാനിക്കപ്പെടുന്ന പ്രവണത ഇന്നും നില നിൽക്കുന്നു. ശുദ്ധമായ സസ്യഭക്ഷണ രീതി ബുദ്ധജൈന മതങ്ങളുടെ സംഭാവന ആയിരുന്നിരിക്കണം.
നാം പൂർണ്ണമായും സസ്യഭുക്കുകൾ ആയിരുന്നു എന്നത് നമ്മുടെ വേദങ്ങൾ പോലും അവകാശപ്പെടുന്നില്ല. എങ്കിലും ഭക്ഷണം ഇപ്പോഴും രാഷ്ട്രീയ ഉപകരണമാകുന്നു. മലയാളിയുടെ സന്തോഷത്തിന്റെ നല്ല ദിനങ്ങളാണ് ഓണ നാളുകൾ. അനേകം കളികളുടെ ഉത്സവമാണ് ഓണം. പുത്തനുടുപ്പിട്ട കുഞ്ഞുങ്ങളുടെ ഊഞ്ഞാലേറലാണ് ഓണം. ആദരിക്കപ്പെടുന്ന വൃദ്ധ മനസ്സുകളുടെ നിറവാണ് ഓണം. കാർഷിക സമൃദ്ധിയുടെ മധുരമുള്ള ഓർമ്മകളാണ് ഓണം. മാനവ മൈത്രിയുടെ സന്ദേശം ആവർത്തിച്ചു പുതുക്കലാണ് ഓണം.
വരുന്ന ഓണ നാളുകളേയും നമുക്കിഷ്ടമുള്ള ആഹാരം കഴിച്ചു കൊണ്ട് സന്തോഷത്തിന്റെ ദിനങ്ങളാക്കി മാറ്റാം.
പിങ്കി എസ്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.
ഡോ.ഉഷാറാണി .പി.
ആലക്തികദീപങ്ങളെക്കാൾ ഭംഗിയുണ്ടെനിക്കെന്നാ-
ദ്യത്തെയോണത്തിനാമോദരാവിൽ,
ആശ്ലേഷംകൊണ്ടനുഗ്രഹിച്ചൊരു
മൊഴിയിൽ നീ
മിഴിപൊത്തി ഞാൻ.
അപരിചിതത്വത്തിൻ്റെയിരുണ്ട പകലുകൾക്കറുതി –
പെടുത്തിയ പ്രഥമരാവുകളിലൊന്നി തു,
നിറദീപസമൃദ്ധിയിൽമുങ്ങി നഗരമദ്ധ്യത്തിലെ-
യോണരാവിൻപ്രഭയിൽ ഞങ്ങളും
നിലയ്ക്കാത്ത തിരക്കിൻ്റെയോരംതേടി.
ഒരു ചെറുചിരി തുടുപ്പിച്ചയെൻ്റെ
കവിളത്തു മിന്നിയ വർണ്ണവിളക്കുകൾ
ഓർമ്മയിലെയോണത്തിനു തനിയാവർത്തനം.
ബാല്യം മുതൽക്കെൻ്റെ നാലോണരാത്രികൾ
നാടോടിപ്പാട്ടിനുംമീതെ പ്രിയം തുന്നി,
അലങ്കാരവിളക്കിൻ്റെ നാഗരികവെട്ടത്തിൽ
സ്വപ്നം നിറച്ചിട്ടുമൂഞ്ഞാലിലാട്ടിയും
അത്തക്കളത്തിൽ പൂകൊണ്ടു മൂടിയും
തൂശനിലത്തുമ്പിൽ മാധുര്യമേറ്റിയും
പാലടപ്രഥമൻ നുകർന്നിരുന്നു.
പാടേപതിച്ചെടുത്തേകിയ ചുംബനത്തിൻ്റെയിളംചൂടൊപ്പി
കുങ്കുമക്കുറിപടർന്നു തിളങ്ങുന്ന
പുലർകാലവാനവുമെൻ്റെ തിരുനെറ്റിയും
പൊന്നോണംകൊണ്ടു പുണ്യമാവാഹിച്ചു
കൺകളിലേന്തുന്നു പ്രിയനുടെ സ്നേഹദീപങ്ങൾ.
ഡോ.ഉഷാറാണി .പി
തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959
ശ്രീകുമാരി അശോകൻ
ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ
ഓണത്തപ്പന് പൊന്നാട ചാർത്തുവാൻ ഓണനിലാവിന്നൊരുങ്ങിവന്നേ
പാടത്തിനോരത്ത് പൂമ്പാറ്റപ്പൈതങ്ങൾ
പാറിപ്പറക്കുന്നേ തോഷമോടെ
പൂഞ്ചേല ചുറ്റിയ ചിങ്ങമഴപ്പെണ്ണ്
പൂമുറ്റമാകവേ ശുദ്ധമാക്കി
അത്തക്കളത്തിൽ നിരത്തുവാൻ പൂവുമായ്
അമ്മിണിത്തത്തമ്മ ചാരെയെത്തി
ആറ്റിറമ്പിൽ പൂത്തു നിൽക്കണ പാച്ചോറ്റി
ആരാരും കാണാതെ പുഞ്ചിരിച്ചേ
താളത്തിൽ പാടുന്നേ പച്ചപ്പനങ്കിളി
താമരത്തുമ്പിയും കൂടെയുണ്ടേ
പൂങ്കാവുകളെല്ലാം പൂവണിഞ്ഞേ
പൂവായ പൂവെല്ലാം പുഞ്ചിരിച്ചേ
ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ.
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ലത മണ്ടോടി
മുറിയിൽ ഒരു പ്രത്യേക ഗന്ധമുണ്ടായിരുന്നു.
അയാൾ കിടക്കയിൽ മലർന്നു കിടന്ന് ആ ഗന്ധം ശ്വസിച്ചു. മരണത്തിന്റെ അതേ ഗന്ധം.
മരണമാണോ തനിക്കരികിൽ വന്നു നിൽക്കുന്നത്. അയാൾ സൂക്ഷിച്ചു നോക്കി.
“എന്താ നിങ്ങൾക്കെന്നെ… പേടിയുണ്ടോ?”
“ഏയ്… ഇല്ല. മരണത്തിനെ ഭയക്കേ…. അശേഷം ഇല്ല.”
“ഉണ്ടാവില്ലല്ലോ.. നിങ്ങൾ എന്നും ഒരു തികഞ്ഞ സ്പോർട്സ്മാൻ ആയിരുന്നില്ലേ ….”
“അതെ…പക്ഷേ മരണത്തിന്റെ ഈ ഗന്ധം.. അതെനിക്ക് അസഹ്യം. നിങ്ങൾ ഒന്നുകിൽ എന്നെ കൊണ്ടുപൊയ്ക്കോളൂ….അല്ലെങ്കിൽ ഇവിടെ നിന്നു ഒന്ന് മാറിത്തരു”.
“കൊണ്ടുപോകാൻ ആയിട്ടില്ല. തല്ക്കാലം മാറിത്തരാം….”
“അതെന്താ…”
“ഇനിയും കുറച്ചുകൂടി താമസമുണ്ട്….”
“ഓ.. ഞാൻ ഏറെ സ്നേഹിച്ച എന്റെ ശരീരം ചീഞ്ഞളിയണോ.. ”
“നിങ്ങൾ തോൽക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കൂ … എന്നാൽ എന്റെ വരവും വൈകികൊണ്ടിരിക്കും”.
അയാൾ ആ മറുപടി കേട്ടു ഒന്നാശ്വസിച്ചു. ആശ്വാസം മാത്രം. തിരിച്ചുവരവില്ലെന്നയാൾക്കറിയാം.
അയാളുടെ വയ്യാത്ത ശരീരം പേറി പേറി കിടയ്ക്കക്കു എല്ലായിടത്തും തഴമ്പാണ്. അതയാളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കിടയ്ക്കക്ക് കുറച്ചു മയമുണ്ടായിരുന്നെങ്കിൽ എന്നയാൾ ആശിച്ചു.
“നിങ്ങൾക്ക് കുറച്ചു മയത്തിൽ സംസാരിച്ചൂടെ…”
ഗൗരിയുടെ ശബ്ദം അയാളുടെ കാതിൽ വന്നലച്ചു. അതേ മയം. അയാളിപ്പോൾ ആഗ്രഹിക്കുന്ന അതേ മയം.
അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അല്ലെങ്കിൽ ശരീരം പൊട്ടും. പിന്നെ വെള്ളം നിറച്ച കിടക്ക വേണ്ടിവരും. പാലിയേറ്റീവ്കാരുടെ അവസാന മുന്നറിയിപ്പതായിരുന്നു. അതിനേക്കാൾ ഭേദം തഴമ്പു വീണ ഈ കിടക്ക തന്നെ. ഒന്നും മിണ്ടണ്ട. അയാൾ തീരുമാനിച്ചു.
അല്ലെങ്കിലും എന്തെങ്കിലും മിണ്ടാൻ തനിക്കെന്തവകാശം. ജന്മം കൊടുത്തത് കൊണ്ട് അച്ഛനാവില്ല എന്നു മകൻ ഒരിക്കൽ പറഞ്ഞത് അയാളോർത്തു. അയാളുടെ സ്വാർത്ഥതാല്പര്യങ്ങളും അത് സാധിച്ചെടുക്കാനുള്ള തന്ത്രങ്ങളും അതുമൂലമുണ്ടായ വിജയങ്ങളും അയാളെ എന്നും ഉന്മത്തനാക്കിയിരുന്നു.
പക്ഷേ ഇപ്പോൾ എഴുന്നേറ്റു സ്വന്തം ശരീരത്തെ ഒന്ന് നോക്കിയിട്ട് പോലും മാസങ്ങളായി. ഹോം നഴ്സിന്റെ കൃപയാൽ അതൊന്നു വൃത്തിയാക്കി കിട്ടും. മകനാണു ആ നഴ്സിനെ ഏർപ്പാടാക്കി തന്നത്. എന്തൊക്കെ പറഞ്ഞാലും അവൻ സ്നേഹമുള്ളവനാ. ഗൗരിയെപോലെത്തന്നെ. അയാൾക്കു തോന്നി.
ഒരുപാടുകാലത്തെ വ്യായാമവും ഭക്ഷണവും കൊണ്ട് ഉരുക്കി വാർത്തുണ്ടാക്കിയ അയാളുടെ ശരീരം അയാളെ നോക്കി കൊഞ്ഞനം കുത്തി. ഒരുകാലത്തു എല്ലാവരും അയാളുടെ ശരീരസൗന്ദര്യത്തെ വാഴ്ത്തിപ്പാടിയിരുന്നു. ഇനി അതുകൊണ്ട് ഒരു കാര്യവുമില്ല. അർബുദം അരയ്ക്കു താഴേക്കുള്ള ഭാഗം കാർന്നുതിന്നുകഴിഞ്ഞു. വിസർജനത്തിന് ശരീരത്തിന്റെ മറ്റൊരു ഭാഗം തുളച്ചിരിക്കുന്നു. ശരീരമാകെ ട്യൂബു കളാണ്. കീമോതെറാപ്പി ചെയ്തതിന്റെ അടയാളങ്ങളും പേറി കറുത്ത ഒരു രൂപം.
ബൂട്ടിന്റെ അടിയിലുള്ള ആണികൊണ്ട് ചവിട്ടി എതിർ ടീമിലുള്ളവന്റെ ശരീരം തുളയ്ക്കാൻ മിടുക്കനായിരുന്നു അയാൾ. അച്ചടക്കമില്ലാത്തൊരു കളിക്കാരൻ എന്ന പേരുമുണ്ടായിരുന്നു. എന്നാലും അയാളൊരു താരം തന്നെയായിരുന്നു . കോച്ചും ആയിരുന്നു. സ്വന്തം ടീം ജയിക്കാൻ, കളിക്കാരെ വാർത്തെടുക്കാൻ അയാൾ മിടുക്കനായിരുന്നു. അവരായിരുന്നു അയാൾക്കെല്ലാം.
അവർക്കു നല്ല ഭക്ഷണം, കളിക്കാനുള്ള യൂണിഫോം എല്ലാം സ്വന്തം ചെലവിൽ വാങ്ങികൊടുക്കുമായിരുന്നു. സ്വന്തം മകൻ ഭക്ഷണം കഴിച്ചിരുന്നോ എന്നുപോലും അയാൾ അന്വേഷിച്ചിരുന്നില്ല.
പെട്ടെന്നയാളുടെ കണ്ണുകൾ എവിടെയോ ഉടക്കി.
തനിക്കു സമ്മാനമായി ലഭിച്ച കപ്പുകൾ അതൊക്കെ നിറച്ച ഒരു തകരപ്പെട്ടി. അതാരോ കട്ടിലിന്റെ അടിയിലേക്ക് നീക്കിയിട്ടിരിക്കുന്നു.
ആദ്യമൊക്കെ അത് വീട്ടിൽ, വീട്ടിയിൽ തീർത്ത പിച്ചളക്കെട്ടുള്ള ചില്ലലമാരിയിൽ തുടച്ചു മിനുക്കി ആലങ്കാരികമായി വെച്ചിരുന്നു. ഗൗരി എപ്പോഴും അതൊക്കെ എടുത്തു തുടയ്ക്കുമായിരുന്നു അല്ലെങ്കിൽ ക്ലാവ് പിടിക്കും എന്നും പറഞ്ഞ്.
ഇപ്പോൾ അത് തകരപ്പെട്ടിയിലാക്കി ഒരു മൂലയിൽ ആർക്കും വേണ്ടാത്ത പാഴ്‌വസ്തു പോലെ. ഓരോ വിജയത്തിന്റെയും ആരവം ഇന്ന് തകരപ്പെട്ടിയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുന്നു നേർത്ത ധ്വനിപോലും പുറമേയ്ക്കില്ലാതെ.
ഇതൊക്കെ കണ്ടിട്ടും അയാൾ തളർന്നില്ല. ഗൗരി ഉണ്ടെങ്കിൽ ചിലപ്പോൾ സങ്കടപ്പെടുമായിരുന്നു. ഒന്നിനും പരിഭവം പറയാത്ത ഗൗരി. പാവമായിരുന്നു അവൾ. അവൾ നട്ടുവളർത്തിയ പനിനീർപുഷ്പം പറിച്ചു ഓഫീസിലെ പത്മിനിയ്ക്കു കൊടുത്തപ്പോൾ മാത്രം ഒരിക്കൽ അവൾ വല്ലാതെ ദേഷ്യപ്പെട്ടു.
“നിങ്ങളെന്തിനാ എപ്പോഴും ഈ പൂവ് പൊട്ടിച്ചു അവൾക്കു കൊടുക്കുന്നത്. അതാ ചെടിയിൽ ഇരിക്കുന്നതല്ലേ ഭംഗി. അവളെന്നും ഏട്ടന്റെ കൂടെ വരുന്നതിനു ഞാൻ ഒന്നും പറയാറില്ല ……പക്ഷേ ഇപ്പോൾ അവളെടുക്കുന്ന സ്വാതന്ത്ര്യം കൂടികൂടിവരുന്നു. എനിക്കിഷ്ടല്ല ഇതൊന്നും.”
പത്മിനി അയാളുടെ സഹപ്രവർത്തക. അയാളുടെ വീട്ടിന്റെ അടുത്തും. അവരുടെ ഭർത്താവ് ദൂരെയാണ്. അവര് എന്നും അയാളുടെ കൂടെയായിരുന്നു ഓഫീസിൽ പോവാറ്.
അവളെ അയാൾ ഇഷ്ടപ്പെട്ടിരുന്നുവോ. ഒരു സൗഹൃദം അത്രയേ ഉള്ളു അയാൾക്ക്. പക്ഷേ എല്ലാ പെണ്ണുങ്ങൾക്കും അയാളെ വലിയ ഇഷ്ടമായിരുന്നു.
അയാളൊരു നല്ല അത് ലറ്റും കൂടിയാണ്. ഓഫീസിലെ സ്ഥിരം ചാമ്പ്യൻ. കാണാനും സുമുഖൻ. പത്മിനിയോട് അയാൾക്കൊരു സോഫ്റ്റ്‌കോർണർ ഉണ്ടെന്നു ഓഫീസിലെ എല്ലാവരും മുറുമുറുത്തു.അതിനെ അയാൾ ഖണ്ഠിച്ചില്ലെന്നുമാത്രം. അയാളെപ്പോഴും പ്രണയിച്ചതു ഫുട്ബോളിനെ മാത്രം.
ഗൗരി സുഖമില്ലാതെ കിടന്നപ്പോൾ മാത്രമാണ് അയാൾ അവളെ ശരിക്ക് സ്നേഹിച്ചു തുടങ്ങിയത്.അവളുടെ മാറിൽ നിന്നു ഒരുതരം നീര് വന്നപ്പോൾ അയാൾ ശരിക്കും പേടിച്ചു.അതുവരെ അവള് കൈക്ക് വേദനയുണ്ട് എന്നു പറഞ്ഞപ്പോഴൊക്കെ അയാളതു നിസ്സാരമായി കണ്ടു. ഡോക്ടറെ കണ്ടപ്പോഴാണ് ബ്രെസ്റ്റ് ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലാണെന്നറിഞ്ഞത്.
“ഇത്രയ്‌ക്കായത് …. അറിഞ്ഞില്ല ”
എന്നയാൾ ഡോക്ടറോട് പറഞ്ഞു.
“നിങ്ങൾ എവിടുത്തെ ഭർത്താവാണ് ഹേ… ഭാര്യക്ക് ബ്രെസ്റ്റിനു കാൻസർ വന്നു മൂന്നാമത്തെ സ്റ്റേജ് എത്തുന്നതുവരെ നിങ്ങൾ അറിഞ്ഞില്ല എന്നുവെച്ചാൽ…”.
ഡോക്ടർ അയാളോട് കയർത്തു.
അയാൾ ജീവിതത്തിലാദ്യമായി ഒന്ന് തോറ്റു. അയാളുടെ നാവ് കുറച്ചു നേരത്തേക്ക് ചലിച്ചില്ല.
അയാൾക്കെപ്പോഴും ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാനായിരുന്നല്ലോ തിടുക്കം. മറ്റൊന്നും അയാൾ ശ്രദ്ധിച്ചിരുന്നില്ല. അച്ചടക്കമില്ലാത്തൊരു കളിക്കാരൻ.
വയ്യാതെ കിടക്കുന്ന ഗൗരിയോട് ഒരിക്കൽ ചോദിച്ചു.
നിനക്കെന്നോട് ദേഷ്യമുണ്ടോ….”
വീർത്തു കെട്ടിയ മുഖത്തെ ചൈതന്യമറ്റ കണ്ണുകൾ വലിച്ചു തുറന്നവൾ അയാളെ നോക്കി. പിന്നെ പറഞ്ഞു.
“അതിനുംകൂടി എനിക്കിനി സമയമില്ല……”
അതുകേട്ടയാൾക്കെവിടെയോ നൊന്തു.
പക്ഷേ ഒന്ന് പശ്ചാത്തപിക്കാൻ കൂടി സമയം അയാളെ അനുവദിച്ചില്ല. ഒന്ന് കുമ്പസാരിക്കാനും.
ഗൗരി പോയപ്പോൾ അയാൾ ശരിക്കും ഒറ്റപ്പെട്ടു .പക്ഷേ ആറു മാസം കഴിഞ്ഞില്ല അപ്പോഴേക്കും അയാളും മനസ്സിലാക്കി തനിക്കും വേഷങ്ങൾ അഴിക്കാറായെന്ന്.
നഴ്സിന്റെ ശബ്ദം അയാളെ പെട്ടെന്ന് ഉണർത്തി.
” നോക്കു …നല്ലപോലെ സഹകരിച്ചാൽ നമുക്ക് സ്നേഹത്തോടെ മുന്നോട്ടുപോകാം. നിങ്ങളുടെ ഭാരം താങ്ങാനൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടാ.
ആരും വരില്ല ഇവിടെ നിങ്ങളെ ഒന്ന് സഹായിക്കാൻ…. .”
ചിലപ്പോൾ ഇന്ന് കുളിക്കണ്ട എന്നു പറയാനാവും. അതിന് മാത്രമേ അവര് അയാളെ താങ്ങി ഇരുത്താറുള്ളു. നയതന്ത്രങ്ങൾ അയാൾക്കും അറിയാമായിരുന്നല്ലോ. അതുകൊണ്ട് അയാളും അഭിനയിച്ചു.
“വേണ്ട കുളിക്കണ്ട…. നല്ല തണുപ്പു തോന്നുന്നുണ്ട്. പുറത്തു നല്ല മഴയാണല്ലേ..”
പറഞ്ഞത് അവരെ സന്തോഷിപ്പിക്കാനാണെങ്കിലും അയാൾക്കും താങ്ങിയാലും എഴുന്നേറ്റിരിക്കാൻ ബുദ്ധിമുട്ടായി തുടങ്ങി.
അയാൾ തീരെ അവശനായി വരുന്നുണ്ടായിരുന്നു. എപ്പോഴും മയക്കത്തിലായിരിക്കും.
“അച്ഛാ …. ഒന്ന് കണ്ണ് തുറക്കൂ..”
മകന്റെ ശബ്ദമാണല്ലോ കേട്ടത്. സെഡക്റ്റീവ്സ് കഴിച്ചു മയങ്ങിയിരുന്ന അയാൾ പെട്ടെന്നുണർന്നു. അയാൾ അവനെ ഒട്ടും പ്രതീക്ഷിച്ചില്ല.
“നീയോ.. എന്തേ പോന്നത്…?”
“അച്ഛന് തീരെ വയ്യല്ലോ കുറച്ചിവിടെ നിൽക്കാം
എന്നുവിചാരിച്ചു….”
അയാൾ ആശ്ചര്യപ്പെട്ടു. ഇമ വെട്ടാതെ അവനെ തന്നെ നോക്കി.
“നിനക്ക് ഗൗരിയുടെയാ കൂടുതൽ ഛായ….”
“അച്ഛനെന്നെ ഇപ്പോഴാണോ കാണുന്നത്”
“അച്ഛൻ കണ്ടിരുന്നു. പക്ഷേ അച്ഛന്റെ കണ്ണുകൾക്കൊരു മങ്ങലുണ്ടായിരുന്നു. ”
അവനെത്തന്നെ നോക്കി കുറേനേരം അയാൾ കിടന്നു. അവൻ ചെറുതായി ചെറുതായി ഒരു കുട്ടിയായി അയാൾക്ക് മുന്നിൽ നിന്നു.
“അച്ഛാ….ഇന്ന് പേരെന്റ്സ് മീറ്റിംഗാണ് അച്ഛൻ വരണം എല്ലാകുട്ടികളുടെയും അച്ഛനാണ് വരാറ് .എന്റെ അച്ഛൻ ഇത് വരെ വന്നിട്ടില്ല.”
“അമ്മ വരാറില്ലേ….?”
“ഉണ്ട്…അതല്ല ആരും എന്റെ അച്ഛനെ ഇതുവരെ കണ്ടിട്ടില്ല…”
“ആ…നിനക്ക് അച്ഛനില്ല എന്നു വിചാരിച്ചോട്ടെ..”
ആ കുരുന്നു മനസ്സ് വേദനിക്കുമോ എന്നുപോലും അയാൾ അന്ന് ആലോചിച്ചില്ല.
അയാളുടെ കണ്ണുകൾ നിറഞ്ഞതായി അയാൾക്ക് തോന്നി. ഗൗരിയുടെ കൈകൾ അയാളുടെ കൈകളിൽ നിർജീവമായപ്പോഴും അയാൾ കരഞ്ഞിരുന്നു. ഇന്ന് മകനും തന്നെ കരയിക്കയാണല്ലോ.
മരണഗന്ധം അയാൾ വീണ്ടും അനുഭവിച്ചു തുടങ്ങി.
മരണത്തിന്റെ കാലൊച്ച അയാൾക്കു കേൾക്കാമായിരുന്നു. തോറ്റുകൊണ്ടിരുന്നാൽ മരണം വിളിക്കാൻ വരുമെന്ന് പറഞ്ഞിരുന്നല്ലോ. പൂർണ സംതൃപ്തിയാണ് അയാൾക്കു കൂടെപ്പോവാൻ. ഇനിയും തോൽക്കാനയാൾക്ക് ആവില്ല.അയാളിലെ സെന്റർഫോർവേഡിന്റെ ഒടുവിലത്തെ ഗോൾ ഗോൾമുഖത്തെ വലയിൽ ആരവങ്ങളില്ലാതെ തട്ടിത്തടഞ്ഞു, തട്ടിത്തടഞ്ഞു പതുക്കെ പതുക്കെ ഉരുണ്ടു കയറി.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യയിൽ നിന്നും വിരമിച്ച ശ്രീമതി. ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതുന്നു. നല്ലൊരു ഗായിക കൂടിയായ ലത കോഴിക്കോട് സ്വദേശിനിയാണ്. തന്റെ ആദ്യ കഥാസമാഹാരത്തിന്റെ പണിപ്പുരയിൽ ആണിപ്പോൾ.
ഷെറിൻ യോഹന്നാൻ
“നീയൊക്കെ എത്രനാൾ ഞങ്ങളെ പറ്റിച്ചു നടക്കുമെടാ?” ആ ശബ്ദം കേട്ട് രണ്ട് പേരുമൊന്ന് ഞെട്ടി. തിരിഞ്ഞുനോക്കും മുന്നേ ഇടതും വലതുമായി കാക്കി പാന്റ്സിട്ട കാലുകൾ നിരന്നുകഴിഞ്ഞു. കൂട്ടത്തിൽ നീളമുള്ളവന്റെ തോളിൽ ഇട്ടിരുന്ന ബാഗിലും പിടിവീണു. ഒന്ന് കുതറിയെങ്കിലും ഓടാൻ കഴിഞ്ഞില്ല. കാരണം ആ കൈകൾ വല്ലാതെ പിടിമുറുക്കിയിരുന്നു. കഴുത്ത് ഞെരിഞ്ഞമർന്നു. രക്തയോട്ടത്തിന്റെ വേഗത കുറയുന്നതായി അവനു തോന്നി. വലത്തോട്ട് കണ്ണ് വെട്ടിച്ചു നോക്കിയപ്പോൾ കൂടെയുണ്ടായിരുന്നവന്റെ കൈകൾ പുറകിൽ കെട്ടിവെച്ച അവസ്ഥയിൽ. ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല. അതിരാവിലെ ആണെങ്കിലും ഇരുവരും വിയർത്തു പോയി. ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. “മോഷണക്കേസിലെ രണ്ട് പ്രതികളെയും പിടിച്ചു സർ.”
2
ഒരാഴ്ച മുമ്പ്
“ഹലോ.. സാറെ, മെമ്പർ രമേശനാണെ… ഇത് എന്ത് പരിപാടിയാ സാറെ.. ഈ മാസം ഇത് നാലാമത്തെ വീടാ. ഇങ്ങനാണേൽ നാട്ടുകാർ സ്വസ്ഥമായിട്ട് എങ്ങനെ കിടന്നുറങ്ങും. ഇപ്പോ അവൻ ആളില്ലാത്ത വീട്ടി കേറി കക്കുന്നു. നാളെ ഉറങ്ങുന്നോന്റെ തല തല്ലിപൊളിച്ച് കട്ടോണ്ട് പോയാലോ… സാറുമാർക്ക് വരാൻ പറ്റുവെങ്കി വന്ന് അന്വേഷിക്ക്.” മറുപടിക്ക് കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്ത മെമ്പറുടെ ധാർഷ്ട്യത്തിലുള്ള അമർഷം മനസ്സിൽ കടിച്ചമർത്തികൊണ്ട് നൂറനാട് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം അയച്ചു. നാലാമത്തെ വീടും മോഷ്ടിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ കേസിന് പുറകെ ഉണ്ടായിരുന്ന ഏമാൻമാർ ജീപ്പെടുത്ത് ഇറങ്ങി.
3
നൂറനാടിന് സമീപം പടനിലം. ഇരുനില കെട്ടിടമാണ്. വീട്ടിൽ ആളില്ല. രണ്ട് ദിവസം മുമ്പ് ബന്ധുക്കാരുടെ ആരുടെയോ കല്യാണത്തിന് പോയതാണെന്ന് മെമ്പർ പറഞ്ഞു. മോഷണം നടന്നതറിഞ്ഞിട്ടും അധികം ആളുകൾ കൂടിയിട്ടില്ല. പുതിയൊരു കാര്യം അല്ലാത്തതിനാൽ ആവാം മെമ്പറും പത്രക്കാരനും വീട്ടുമുറ്റം തൂത്തിടാൻ എത്തിയ സ്ത്രീയും വോളിബോൾ കളിക്കാൻ പോയ കുറച്ചു പിള്ളേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളില്ലെങ്കിലും മുറ്റം തൂത്തിടാൻ പതിവ് പോലെ സ്ത്രീ എത്തും. ഗേറ്റിന്റെ താക്കോൽ ഇപ്പോൾ അവരുടെ കൈവശം മാത്രമേ ഉള്ളൂ. ഇന്നലെ രാത്രിയിലെ മഴയ്ക്ക് റോഡിലേക്ക് ചാഞ്ഞ ബോഗയിൻവില്ല നേരെ പിടിച്ചു കെട്ടിവയ്ക്കുന്നതിനിടയിലാണ് മതിലിൽ കാൽപാടുകൾ ശ്രദ്ധിച്ചത്. ചെളി ചവിട്ടിയ ചെരുപ്പിന്റെ പാടുകൾ മതിൽ കയറി പോയിരിക്കുന്നു.വീടിനുള്ളിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലുമൊരു തെളിവ് തേടി വീടും പരിസരവും ചികയുന്നതിനിടയിലാണ് കടിച്ചുമുറിച്ച രീതിയിൽ ഒരു ബസ് ടിക്കറ്റ് വീടിന്റെ പടിയോട് ചേർന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. രാത്രിയിലെ മഴ നനയാത്ത ടിക്കറ്റ്. മഴ രാത്രി 11 മണി വരെ ഉണ്ടായിരുന്നു. രാവിലെ ഇവിടെ നിൽക്കുന്ന ആരും ബസിൽ കയറി വന്നിട്ടുമില്ല. രാത്രി 11 കഴിഞ്ഞ് ഇവിടെ എത്തിയ ആരുടെയോ കയ്യിൽ ഉണ്ടായിരുന്ന ടിക്കറ്റ്. രാജൻ സാറിന് ആവേശമായി. ഒന്നിൽ പിഴച്ചാൽ മൂന്ന്… അല്ല നാല്. ഇതെങ്കിലും ഒത്തുവരണേ… ടിക്കറ്റും കൈയിൽ പിടിച്ച് രാജൻ സാർ മനസിലോർത്തു.
4
മുറിഞ്ഞ ടിക്കറ്റ് കഷ്ണങ്ങൾ കൂട്ടിവെച്ച് നോക്കി. കെഎസ്ആർടിസി ബസ് ടിക്കറ്റ് ആണ്. പലയിടത്തേയും മഷി മാഞ്ഞുപോയിട്ടുണ്ട്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റാണെന്നു മനസിലാക്കാൻ ഉള്ള വിവരം അതിൽ ഉണ്ടായിരുന്നു. കൊല്ലം ഡിപ്പോയിലേക്ക് അന്വേഷണം നീണ്ടു. ഫെയർ സ്റ്റേജ് നോക്കി ബസിന്റെ റൂട്ടറിഞ്ഞു. രാത്രി വൈകിയുള്ള ബസ് ആണ്. ചിറ്റുമലയിൽ നിന്നുള്ള ഫെയർ സ്റ്റേജ് നിരക്കാണ് ടിക്കറ്റിലെന്ന് അറിഞ്ഞതോടെ രാത്രി യാത്രക്കാരനായ ആനവണ്ടിയുടെ കണ്ടക്ടറെ തേടി പോലീസ് എത്തി. “ചിറ്റുമലേന്ന് മൂന്നു ദിവസം മുമ്പ് രണ്ടുപേര് കേറിയാരുന്നു സാറേ.. തൊപ്പി വെച്ച ഒരാളും തലേലൂടെ തോർത്തിട്ട നീളവൊള്ള ഒരാളും. അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും ഛർദിക്കാൻ വരുന്നെന്ന് പറഞ്ഞ് പടനിലത്ത് ഇറങ്ങി.”
5
ചിറ്റുമല ബസ് സ്റ്റോപ്പിന്റെ എതിർവശത്തെ കടയിൽ റോഡിലേക്ക് നോക്കി നിൽക്കുന്ന ഒരു സിസിടിവി ക്യാമറ ഉണ്ട്. ദൃശ്യങ്ങൾ തിരഞ്ഞപ്പോൾ രാത്രി 12:30ന് തൊപ്പിവെച്ചവനും തോർത്തിട്ടവനും ബസ് കയറിപോകുന്നത് കണ്ടു. തിരികെ എത്തിയത് രാവിലെ 6:15 ന്റെ ബസിൽ. ചിറ്റുമലയ്ക്ക് അടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന രണ്ട് പേരാണ് അതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബാഗും തോളിൽ ഇട്ട് രാവിലെ ബസ് ഇറങ്ങി നടന്നുവരുന്ന രണ്ടുപേരെ മീൻക്കാരൻ അന്ത്രപ്പൻ ചേട്ടനും കണ്ടിട്ടുണ്ട്. തന്നെയും മീൻവണ്ടിയെയും സിസിടിവിയിൽ കണ്ടത് അന്ത്രപ്പൻ ചേട്ടനങ്ങ് ഇഷ്ടപ്പെട്ടു.
6
കുമ്പളം രാജീവിന്റെ ഉടമസ്ഥയിലുള്ള വീട്ടിലാണ് ചെറുപ്പക്കാർ രണ്ടും കഴിഞ്ഞിരുന്നത്. രാജീവിന്റെ മകൻ സനലിനെ ഈ ചെറുപ്പക്കാരോടൊപ്പം കണ്ടവരുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് കേസിൽ സനൽ അകത്തു കിടന്നതാണെന്ന് അറിഞ്ഞതോടെ അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ മുറിയെടുത്ത് ചിറ്റുമലയിൽ താമസമാക്കി. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഒന്നാം ഭാഗത്തിലെ കാര്യങ്ങൾ നടന്നത്. പാരിപ്പള്ളിയിൽ നിന്ന് ഓപ്പറേഷൻ കഴിഞ്ഞെത്തിയ ചെറുപ്പക്കാരെ ചിറ്റുമല ബസ്സ്റ്റോപ്പിൽ നിലയുറപ്പിച്ച സാറുമ്മാർ പിടികൂടി.
“മോഷണക്കേസിലെ രണ്ട് പ്രതികളെയും പിടിച്ചു സർ.” ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിയെത്തി. ആഗസ്ത് മാസത്തിലെ പ്രഭാതത്തിൽ വിയർത്തുപോയ ചെറുപ്പക്കാരുടെ കയ്യിൽ വിലങ്ങുവച്ച് രാജൻ സാറും സുഹൃത്തും ജീപ്പിനായി കാത്തുനിന്നു. “അടിച്ചുമാറ്റൽ ഒക്കെ കഴിഞ്ഞ് ഇത്രേം നേരം എവിടായിരുന്നെടാ?” രാജൻ സാറിന്റെ ചോദ്യത്തിന് തൊപ്പിക്കാരനാണ് അല്പം മടിച്ചു മടിച്ചു മറുപടി പറഞ്ഞത്. “ക്ഷീണം കാണത്തില്ലേ സാറേ… വണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് തണുപ്പുമടിച്ച് പറ്റിയ വീട് നോക്കി ഇറങ്ങി പണി നടത്തുന്നതല്ലേ.. അവിടെ തന്നെ കിടന്ന് ഒന്ന് മയങ്ങും. രാവിലെ വേറെ സ്റ്റോപ്പീന്ന് ബസ് കേറി ഇങ്ങ് പോരും.” ചിരി വന്നെങ്കിലും രാജൻ സാർ ചിരിച്ചില്ല. തൊപ്പിക്കാരനെ ഒന്നുകൂടി മുറുക്കെ പിടിച്ചു.
ആഹ്.. അന്വേഷണ സംഘത്തിനും അവരുടെ ചികഞ്ഞെടുപ്പിനും ഒരു പേര് കൂടി ഉണ്ട്; ‘ഓപ്പറേഷൻ നൈറ്റ് റൈഡർ’
Based on True Events
ഷെറിൻ പി യോഹന്നാൻ : പത്തനംതിട്ട മല്ലപ്പള്ളി മുക്കൂർ സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസം ഡിപ്ലോമ പൂർത്തിയാക്കി. ഇപ്പോൾ കേരള കൗമുദി ദിനപത്രത്തിൽ ലേഖകൻ. നാല് വർഷമായി ഫിലിം റിവ്യൂ എഴുതുന്നു.
ശ്രീലത മധു പയ്യന്നൂർ
ഓണം കേരളത്തിന്റെ ദേശീയോത്സവം. തിരുവോണം ഒരു നക്ഷത്രമാണ്. പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന നന്മയുടെ നക്ഷത്രം. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് എന്തൊക്കെ കാര്യങ്ങൾ കടന്നുവരുന്നുണ്ട് എല്ലാവരും ജാതി – മത – വർഗ്ഗ ഭേദമന്യേ ഒരുമയോടെ ആഘോഷിക്കുന്ന ഓണം ഒരു കാലത്ത് വീടിന്റെ നാടിന്റെ സമൃദ്ധിയായിരുന്നു.
“മാവേലി നാടു വാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ ”
അഴിമതിരഹിതമായ ഒരു കാലം. ഇന്ന് കള്ളവും ,ചതിയും , പൊളിവചനങ്ങളും കൊണ്ട് സമത്വ സുന്ദരത നഷ്ടപ്പെട്ട് ഒരു ഓണക്കാലം. കർക്കടകവറുതിയിൽ നിന്നും ചിങ്ങമാസ പുലരിയിൽ സമൃദ്ധിയും, ഐശ്വര്യവും ആഹ്ളാദവും അന്ന് . പക്ഷെ കർക്കടക മാസം കഴിഞ്ഞു കാർമേഘജാലങ്ങൾ പോകാൻ മടിച്ച് കലപില കൂട്ടുന്ന അന്തരീക്ഷം. അതുപോലെ തന്നെ ദാരിദ്ര്യം ചിലയിടങ്ങളിൽ കുറവു കാണാമെങ്കിലും രോഗങ്ങൾ കൂടുതലാണ്.
എന്തിരുന്നാലും പൊന്നിൻ ചിങ്ങമാസം ഒരു കാർഷിക സംസ്കൃതിയുടെ സ്മരണ നമ്മളിൽ ഉണർത്തുന്നു.
അന്നൊക്കെ ഓണ പൂക്കളത്തിനു വേണ്ട പൂക്കൾ തൊടിയിൽ തന്നെ ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് അന്യ സംസ്ഥാനങ്ങളെ പൂക്കൾക്കുവേണ്ടി ആശ്രയിക്കുന്ന ഒരു കാഴ്ച നമുക്കു കാണാം. പണ്ട് കർഷകരുടെ മനസ്സും പത്തായവും അറയും ഒക്കെ നിറയുമായിരുന്നു. ഇന്ന് എല്ലാം ഓർമ്മകളിൽ മാത്രം. ഭക്ഷണത്തിനു പോലും വിപണിയിൽ വൻ തിരക്ക് ഏതു തരത്തിലുള്ള ഭക്ഷണവും ലഭിക്കും. എന്തൊക്കെ ഓണക്കളികളാണ് പണ്ട് കൈക്കൊട്ടിക്കളി, തുമ്പി തുള്ളൽ , വള്ളംകളി, ഊഞ്ഞാലാട്ടം, ഓണത്തല്ല് തുടങ്ങി നീണ്ടു പോകുന്നു ആഘോഷങ്ങൾ . ഇന്ന് കുട്ടികളും മുതിർന്നവരും ചാനലുകളിലും, സ്മാർട്ട് ഫോണിലുമായി ഒതുങ്ങിക്കൂടുന്നു.
നമ്മുടെ സ്വപ്നങ്ങളിലുള്ള ഒരു നല്ല നാളെയാണ് ഓണം പ്രതിനിധാനം ചെയ്യുന്നത്.
ഓണമോർമ്മയിൽ നാലു വരി കുറിക്കട്ടെ,
ഓർമ്മയിലോടിയെത്തുന്നു
നിറം മങ്ങാത്തൊരോണ ദിനങ്ങൾ
കാറു മറഞ്ഞൊരാകാശം
പൂർണ്ണ ചന്ദ്രൻ ചിരിക്കുമാകാശം
എല്ലാരെയുമൊന്നുപോലെ കണ്ടു –
മാവേലി മന്നൻ വരുമ്പോൾ
പൊന്നരിയിട്ടെതിരേൽക്കാൻ
ഞാനുമണി നിരക്കുന്നു.
എന്തു മനോഹരമാണ് ആ ഓർമ്മകൾ . ഓരോ മലയാളിയും നാടിന്റെ ഓരോ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നു പോലും കുടുംബത്തിനൊപ്പം ഒത്തുചേർന്ന് ഓണം ആഘോഷിക്കുന്നു.
ദാരിദ്ര്യവും വിശപ്പും നിരാശയും രോഗങ്ങളും നമുക്ക് മറികടക്കണം. നന്മയെ ചവിട്ടിതാഴ്ത്തി തിന്മ വാഴാൻ ഒരിക്കലും നാം അനുവദിക്കരുത്. അതുകൊണ്ടു തന്നെ ഈ തിരുവോണനാളിൽ നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ഒരു കൊറോണയ്ക്കും ഒരു പ്രളയത്തിനും നമ്മുടെ പ്രതീക്ഷയെ തകർക്കാൻ പറ്റില്ല. മുറ്റത്ത് പൂക്കളമൊരുക്കുന്നതോടൊപ്പം മനസ്സിലും പൂക്കളമൊരുക്കാം. തോളോടു തോൾ ചേർന്ന് സൗഹാർദ്ദ മനസ്സോടെ സമൃദ്ധിയുടെ തണലിൽ ഒത്തു ച്ചേർന്ന് സ്നേഹത്തിന്റെ ഊഞ്ഞാലാട്ടം നടത്താം. എല്ലാവർക്കും പൊൻതിരുവോണാശംസകൾ
ശ്രീലത മധു
1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്
ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര
ശുഭ
എൻ മനസ്സിന്റെ കോണിൽ
പൂവിടാത്ത കനവുകളൊക്കെയും
ഏതോ ചില്ലകൾ തേടി യാത്രയായ് .
എൻ കനവുകൾ എങ്ങോ പോയ് മറഞ്ഞു.
എൻ മൂകമാം രാവുകൾ
പ്രണയത്തിരമാലകൾ ഏല്ക്കാതെ,
ജനിമൃതിയുടെ ആഴങ്ങളറിയാതെ
എൻ മിഴികളിൽ നിറഞ്ഞ കടലിൻ
ആഴങ്ങളിൽ നിദ്രയിലാണ്ടു പോയി.
പാൽപുഞ്ചിരിതൂകുന്ന നിൻ ചൊടികളും,
പൂക്കളം തീർക്കുന്ന കുരുന്നു കൈകളും ,
എൻ മടിത്തടിൽ ഉറങ്ങുന്ന നിൻ വദനവും
വെറും പാഴ്ക്കിനാവായി കൊഴിഞ്ഞിടുമ്പോൾ,
പോകുന്നു ഞാൻ എന്നിൽ പൂവിടാത്ത,
കനവിന്റെ ചില്ലകൾ തേടി …
പോകുന്നു ഞാൻ …
നിറവോടെ
ശുഭ : കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുകെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്
ഭർത്താവ് – അജേഷ്
രാജു കാഞ്ഞിരങ്ങാട്
കോടക്കാറെല്ലാ,മൊഴിഞ്ഞുപോയി
കോടിയുടുത്തു വെൺമേഘമെത്തി
ചിന്നിച്ചിരിയാലെ ചിങ്ങമെത്തി
ചിത്രപദംഗങ്ങൾ കൂടെയെത്തി
ഒരുതുമ്പവന്നെൻ്റെ കാതിൽച്ചൊല്ലി
ഒരുതുമ്പിവന്നെൻ്റെ കാതിൽ മൂളി
വന്നുപോയ് വന്നുപോയ് ചിങ്ങമാസം
വന്നുപോയ് വന്നുപോയ് ഓണനാള്
അല്ലിയും മല്ലിയും കാത്തുനിന്നു
മുല്ലമലർ പല്ലുകാട്ടിനിന്നു
പിച്ചിയും, തെച്ചിയും, ചിറ്റാടയും
ചെമ്പകപ്പൂവും കുശലം ചൊല്ലി
മുക്കുറ്റി മഞ്ഞയുടുപ്പണിഞ്ഞു
കാക്കപ്പു കണ്ണെഴുതാനിരുന്നു
കിലുകിലേ കാശിത്തുമ്പ ചിരിച്ചു
നീൾമിഴി ശംഖുപുഷ്പമുണർന്നു
പൊന്നിൻകതിർക്കുല താളമിട്ടു
പച്ചപ്പനന്തത്ത പാട്ടു പാടി
വന്നുപോയ് വന്നുപോയ് ചിങ്ങമാസം
വന്നുപോയ് വന്നുപോയ് ഓണനാള്
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
മെട്രിസ് ഫിലിപ്പ്
പൂക്കാലം വന്നു പൂക്കാലം, തേനുണ്ടോ തുള്ളി തേനുണ്ടോ…
പൂക്കാലം വരവായ്. ചിങ്ങം പിറന്നു കഴിഞ്ഞു. മലയാള മക്കൾ ഓണത്തിനെ വരവേൽകാൻ ഒരുങ്ങി കഴിഞ്ഞു. ഓണക്കോടിയും, പൂക്കളവും, ഓണസദ്യക്കുള്ള ഒരുക്കങ്ങളും തുടങ്ങികഴിഞ്ഞു. ആർപ്പോ, ഇറോ എന്നുള്ള വിളികൾ ഉയർന്നു തുടങ്ങി. വള്ളം കളിയും, ഓണപാട്ടുകളും മൂളി തുടങ്ങി. ഓരോ ഓണവും, ഓരോ ഓർമ്മകൾ ആകുവാൻ നമ്മൾ ശ്രമിക്കുന്നുണ്ട്. കൊറോണ കാലവും മാറികഴിഞ്ഞു. നാടെങ്ങും ഓണം ആഘോഷിക്കാൻ ഒരുങ്ങികഴിഞ്ഞു.
ഓണത്തിന്റെ ഏറ്റവും മാറ്റ് കൂട്ടുന്നത്, അത്തപൂക്കളമാണ്. “പൂ പറിക്കാൻ പോരുമോ പോരുമോ” എന്നു ചോദിച്ചു കൊണ്ട്, “കുടമുല്ല പൂക്കളും മലയാളി പെണ്ണിനും” എന്ന് മൂളിപാട്ടുമായി മലയാളി മങ്കമാർ പൂക്കുടയുമായി ഇറങ്ങി കഴിഞ്ഞു.
ഓരോ മനുഷ്യന്റെയും മനസ്സിൽ സ്നേഹം എന്ന വികാരം ഏറ്റവുമധികമായി ഉണ്ട്. മനുഷ്യർ പരസ്പ്പരം സ്നേഹിക്കുന്നു. സസ്യലതാതികളും പരസ്പരം സ്നേഹം പങ്കു വെക്കുന്നുണ്ട്. എന്നാൽ, പൂമ്പാറ്റയുടെ സ്നേഹം അവർണ്ണനീയമാണ്. “നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം” എന്ന് പറഞ്ഞപോലെ, പൂമ്പാറ്റയുടെ, പൂവിനോടുള്ള സ്നേഹം തേൻ നുകരുന്നതിനേക്കാൾ കൂടുതൽ, ആ പൂവിനോടുള്ള സ്നേഹം കൂടി പങ്ക് വെക്കുകാ എന്നതും ഉണ്ട്. പൂമ്പാറ്റ ഒരു പൂവിൽ തേൻ നുകരാൻ ചുണ്ട് അമർത്തുമ്പോൾ അവിടെ ഒരു പരാഗണത്തിന്റെ വിത്ത് കൂടി നൽകിയിട്ടാണ് പോകുന്നത്. പരപരാഗണം എന്ന വിത്തുവിതക്കൽ. പൂമ്പാറ്റെയെ കാത്തിരിക്കുന്നത് പൂവുകൾ ആണ്.
ഒരു പൂന്തോട്ടത്തിലെ ചെടികൾ വ്യത്യസ്തമായിരിക്കും. വിവിധ തരത്തിൽ, വർണങ്ങളിൽ, ആകൃതിയിൽ, വലുപ്പത്തിൽ ഉള്ള പൂവുകൾ. കുഞ്ഞി ചെടികൾ മുതൽ വലിയ ചെടികൾ വരെ ഉണ്ടാകും. എന്നാൽ പൂമ്പാറ്റകൾക്കു ചെറുതൊന്നോ വലുതെന്നോ വ്യത്യാസമില്ല. അവ പാറിപറന്നുല്ലസിക്കുന്നു. ഇന്ന് തേൻ കുടിച്ച പൂക്കളെ തേടി പിറ്റേന്ന് അവ എത്തണമെന്നില്ല. പുതിയവ തേടി പോക്കൊണ്ടേയിരിക്കും. പൂക്കളെ പോലെ തന്നെ മനോഹരമാണല്ലോ, പൂമ്പാറ്റകളും. എന്ത് ഭംഗിയാണ് അവയുടെ പറക്കൽ കാണുവാൻ. മനുഷ്യ മനസ്സിന് ഏറ്റവും അധികം ശാന്തത നൽകുന്നത് പൂമ്പാറ്റയുടെ പറക്കലും അക്യുറിയത്തിലെ ഗോൾഡ്‌ഫിഷ്ന്റെ നീന്തലുകളും കാണുമ്പോൾ ആണെന്ന് പറയാം.
മനുഷ്യരും ഇത് പോലെയൊക്കെ തന്നെയാണ്. നമ്മൾ സ്നേഹിച്ചവർ നാളെയും നമ്മളെയൊക്കെ ഓർമ്മിക്കും എന്ന് ആർക്കും ഉറപ്പില്ല. പുതിയവ തേടി പോകുന്ന ആധുനിക ജനറേഷൻ ആണ് ഇപ്പോൾ ഉള്ളത്. ചെടികൾ ഉണങ്ങി പോകുന്നപോലെ, നമ്മളൊക്കെയും ഇല്ലാതാകും. ഭൂമിയിലെ ലഭ്യമാകുന്ന എല്ലാ സുഖങ്ങളും അനുഭവിക്കുന്നതോടൊപ്പം, അവശത അനുഭവിക്കുന്നവരെ കൂടി സ്നേഹംകൊണ്ട് ചേർത്തുപിടിക്കാം. ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ ഇല്ലാത്തവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് മനസിലാക്കാം. അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കാം. കൊറോണ കൊണ്ട് ദുരിതം അനുഭവിക്കുന്നവർ ഒട്ടേറെപ്പേരുണ്ട്.
2022 ഓണം, സ്നേഹവും സന്തോഷവും സമാധാനവും സമ്പൽസമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
ഉദയ ശിവ്ദാസ്
ഓണം കതിരോണം നിറവോണം തിരുവോണം
ഓണമതിന്നൊളിമങ്ങാ –
ത്തോർമ്മയതെന്നോണം.
മനതാരിൽ മാമ്പൂക്കൾ തിരിയിട്ടൊരുകാലം
മലരോണപ്പാട്ടിൽ –
തുടികൊട്ടിയിരുന്നുള്ളം.
ഓണനിലാപ്പുടവയുടുത്തെത്തുംപൊൻചിങ്ങം
ഓർമ്മകളിൽ കൈതപ്പൂവിതൾ വിരിയും ഗന്ധം .
മണ്ണിൽ പൂക്കളമെഴുതാൻ പൂമുറ്റമൊരുങ്ങും
വിണ്ണും താരകമലരാൽ പൂവട്ട നിറയ്ക്കും
ഓണം വരവായെന്നൊരു മണിനാദം കേൾക്കാം
മലർവാകക്കൊമ്പിൽ പൂങ്കുയിലാളുടെ പാട്ടിൽ
കനവാകെ പുതുരാഗം ശ്രുതി ചേരുന്നീണം
മനസ്സാകെയൊരാനന്ദ തിരതല്ലലിനോളം
കണ്ണാന്തളി, തിരുതാളി , ചെത്തി, ചെമ്പനിനീർ
താമരമലർ, മന്ദാരം, തുമ്പപ്പൂ, തുളസി,
പൊന്നുരുകി യലിഞ്ഞല്ലീ ചെണ്ടുമല്ലിപ്പൂവും ,
മഴവില്ലിൻചേലിൽ പൂക്കളമെഴുതുന്നെങ്ങും
വിരിയും പുത്തരിയോണം നെൽക്കതിരിൻചുണ്ടിൽ
അറയെല്ലാം നിറയും നൽപ്പൊലിയാൽ നേരോണം
മാവേലിത്തമ്പ്രാനുടെ പുകൾപേറുമതോണം
മലനാടിൻമംഗല്യത്തിരി തെളിയും ഘോഷം.
പനിനീരും കൊണ്ടുവരും കാർമുകിലിന്നോണം ,
പൂങ്കവിളിൻ നനവൊപ്പും
പൊൻവെയിലിനുമോണം.
ഓണവെയിലിലൂളിയിടും പൂത്തുമ്പിക്കോണം
മലയാളക്കര നീളെ കാറ്റിലുമുണ്ടോണം .
പുത്തരിവച്ചമ്മ തരും തിരുവോണസ്സദ്യ
മായാത്തൊരു രുചി തന്നെയതെന്നെന്നും നാവിൽ .
ഇല്ലായ്മകൾ, വല്ലായ്മകൾ തീണ്ടാമനസ്സൊന്നായ് –
കൊണ്ടാടിയിരുന്നോണം പുഞ്ചിരിതൻ നിറവിൽ .
കൈകൊട്ടിക്കളിയുണ്ട് , തിരുവാതിരചുവടും ,
പുലികളിയും, വള്ളംകളി യൂഞ്ഞാലിലാട്ടം
ആരവമതു തീർക്കുന്നു ആർപ്പുവിളിയ്ക്കൊപ്പം
സംഘം ചേർന്നെവിടേയും കേളികളുടെ മേളം
പെരുമകൾതൻ കഥയെഴുതും സഹ്യന്റെ മണ്ണിൽ
കഥകളിയും,കുമ്മാട്ടി,തെയ്യം,തിറയാട്ടം ,
തുഴയില്ലാതൊഴുകുന്ന തിരുവോണത്തോണി !
പൈതൃകമത് തേടുന്നു ഹൃദയങ്ങളിലൂടെ!!
കാലം പോയ് കഥ മാറി ജീവിതവും വഴിയായ് ,
നേരം തികയാറില്ലതു നേരത്തിനു പോലും .
കാശുണ്ടേൽ തിരുവോണം കടകളിലും ലഭ്യം
മാളോർക്കതു മതിയോണം
വഴിപാടിന് മാത്രം.
ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. ബാംഗ്ലൂർ ക്രൈസ്റ്റിൽ MBA യ്ക്കു പഠിക്കുന്നു.