രാധാകൃഷ്ണൻ മാഞ്ഞൂർ
ഒരു ദേശവും , അതിലെ മനുഷ്യരും ഒരു ഗുരുവിനെ , ഒരു പ്രഭാഷകനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് റെജി തോമസ് കുന്നൂപ്പറമ്പിൽ (M.A., M.Phil & B.Ed ) തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.
കോട്ടയം ജില്ലയിൽ മാഞ്ഞൂർ സൗത്ത് കുന്നൂപ്പറമ്പിൽ പരേതനായ തോമസിന്റെയും, കുട്ടിയമ്മയുടെയും മകൻ. റെജി തോമസ് ഉഴവൂർ ഒ.എൽ.എൽ സ്കൂളിലായിരുന്നു തൻറെ അധ്യാപന ജീവിതം തുടങ്ങിയത്. ഇപ്പോൾ കരിങ്കുന്നം (ഇടുക്കി ജില്ല ) സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ.
കഥകൾ ,കവിതകൾ, ലേഖനങ്ങൾ, പുസ്തകനിരൂപണം, ഫോട്ടോഗ്രാഫി മത്സരങ്ങളിലായി ഇതുവരെ 82 അവാർഡുകൾ നേടി. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി 750 പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
സംഭാഷണത്തിന്റെ കേവലാർത്ഥത്തിൽ നിന്ന് ജീവിതത്തിൻറെ വിശാലമായ ക്യാൻവാസിലേക്ക് ആ സായാഹ്ന നിമിഷങ്ങൾ നീണ്ടു .
ഗ്രാമീണ ജീവിതങ്ങളുടെ സൂക്ഷ്മമായ ഇലയനക്കങ്ങളും, ചാറ്റൽമഴകളും മനുഷ്യസ്നേഹിയായ ഒരു ഗുരുവിന്റെ സന്ദേഹങ്ങളും നിറഞ്ഞുനിന്ന സംഭാഷണം .
ബഹുമുഖപ്രതിഭയായ എൻറെ ബാല്യകാല സുഹൃത്ത് റെജി തോമസിനെ ഏറെ അഭിമാനത്തോടെ മലയാളംയുകെ വായനക്കാർക്കു മുന്നിൽ പരിചയപ്പെടുത്തുന്നു.
ചോദ്യം :- ബാല്യകാല ജീവിതം , സുഹൃത് ബന്ധങ്ങൾ ?
ചെറുപ്പകാലം മുതൽ നല്ലൊരു സുഹൃത് വലയമുണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ വീട്ടിൽ ഒത്തുചേരും. ക്രിക്കറ്റ് ,സിനിമാചർച്ചകൾ അങ്ങനെ എത്രയോ സായാഹ്നങ്ങൾ . വൈകുന്നേരം 5 മണി കഴിയുമ്പോൾ സെൻട്രൽ ലൈബ്രറിയിലേക്ക് പുസ്തകമെടുക്കാൻ ഒരു യാത്രയാണ്. അവിടെ സഹൃദയരായ നിരവധി സുഹൃത്തുക്കളുണ്ടാവും. അവിടുത്തെ രാഷ്ട്രീയ സംവാദങ്ങളാവാം ഒരു പക്ഷെ എന്നിലെ പ്രഭാഷകനെ രൂപപ്പെടുത്തിയത്.
ചോദ്യം :- ധാരാളം ചങ്ങാതികൾ വൈകുന്നേരം ഒത്തുകൂടുന്ന കുന്നൂപ്പറമ്പിൽ വീടിനെപ്പറ്റി ?
എനിക്കും, അനുജൻ റോയിക്കും റോബിനും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു . അലഹബാദിലെ ‘ആനന്ദഭവൻ’ (നെഹ്റുവിൻറെ തറവാട് ) പോലെയാണ് ഞങ്ങളുടെ തറവാടെന്ന് പലരും തമാശ പറയുമായിരുന്നു.
സിനിമയും ,സാഹിത്യവും , ക്രിക്കറ്റുമൊക്കെ സജീവമാക്കിയ ആ കാലങ്ങൾ ഒരിക്കലും മറക്കില്ല. ആ വൈകുന്നേരങ്ങൾക്ക് മിഴിവേകിയവരിൽ പ്രധാനിയാണ് മുൻ ആലത്തൂർ എം.പി. ഡോ.പി.കെ. ബിജു പിന്നെ മറ്റൊരാൾ ഫാദർ. തോമസ് ചാമക്കാല ( ടോമി ആലപ്പുറത്ത് )എല്ലാവരും സമീപവാസികളാണ്.
ചോദ്യം :- റെജിയുടെ മുത്തച്ഛൻ ലൂക്കാ വൈദ്യൻ (മുണ്ടച്ചായൻ) അറിയപ്പെടുന്ന ബാല വൈദ്യനായിരുന്നല്ലോ. ആ കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ ?
ലൂക്കാ വൈദ്യൻ (എൻറെ അമ്മയുടെ അച്ഛൻ ) വലിയ പേരും , പെരുമയുമുള്ള വൈദ്യനായിരുന്നു. അപ്പച്ചി എന്നുള്ള വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. മുത്തച്ഛൻ നെയ് കാച്ചുന്ന സമയത്ത് ധാരാളം പക്ഷികൾ ഞങ്ങളുടെ വീടിന് മുകളിൽ വട്ടമിട്ടു പറന്നിരുന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നുണ്ട്. മരുന്നരച്ച് ഗുളിക രൂപത്തിലാക്കുന്നതൊക്കെ വളരെ ശ്രദ്ധയോടെ ചെയ്യുന്ന ജോലിയാണ്. വൈദ്യം ഞങ്ങളുടെ പൂർവ പിതാക്കന്മാർ വളരെ ഉപാസനയോടെ അനുഷ്ഠിച്ചു.
അലോപ്പതി ഡോക്ടർമാരുടെ കുതിച്ചു കയറ്റം മുത്തച്ഛനെപ്പോലെയുള്ള നാട്ടു വൈദ്യന്മാരുടെ പ്രസക്തി നഷ്ടപ്പെടുത്തി. അധ്യാപകനായിരുന്നില്ലെങ്കിൽ ഞാനൊരു വൈദ്യനാകുമായിരുന്നു. അതും എനിക്കിഷ്ടപ്പെട്ട ജോലിയായിരുന്നു .
ചോദ്യം :- പരന്ന വായനാശീലത്തെപ്പറ്റി ? ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ?
മാഞ്ഞൂർ സെൻട്രൽ ലൈബ്രറിയുടെ ലൈബ്രേറിയൻ എൻറെ അമ്മാവനായിരുന്നു.(കെ.എൽ. പാച്ചി )
അക്കാലത്ത് നിരവധി പുസ്തകങ്ങൾ എൻറെ വായനയുടെ ലോകം വിസ്തൃതമാക്കി.
എം.ടിയും, മുകുന്ദനും, ഒ.വി. വിജയനുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാരായി. വായനശാലയിലെ പൊടിപിടിച്ച ഷെൽഫിൽ നിന്നും കണ്ടെടുത്ത സാധു ഇട്ടിയവിരയുടെ പുസ്തകം പോലും ഇന്നും ഓർമ്മയിലുണ്ട്.
പുസ്തകങ്ങളുടെ ഊർജ്ജം അതൊരു കരുത്താണ്, ജീവിതത്തിൻറെ അഴകിലേക്കും, അർത്ഥത്തിലേക്കും എന്നെ എത്തിച്ച ശക്തി . വിദൂര ദേശങ്ങളിലേക്കും വൻ നഗരങ്ങളിലേക്കും ഞാൻ യാത്ര ചെയ്യുന്നത് കുന്നൂപ്പറമ്പിലെ റെജി തോമസായിട്ടു തന്നെയാണ് . . .
തനി ഗ്രാമീണനായിട്ട്. എൻറെ അമ്മ (കുട്ടിയമ്മ ) പഠിപ്പിച്ചതാണതൊക്കെ . ലളിതമായി ജീവിക്കുക, എല്ലാവരോടും മധുരമായി പെരുമാറുക എന്നിങ്ങനെയുള്ള ശീലങ്ങൾ …പപ്പാ (തോമസ് ) കോട്ടയം മള്ളൂശ്ശേരി സ്വദേശിയാണ്. പപ്പായെ ഈ നാട്ടുകാർ ‘അളിയൻ ‘ എന്നാണ് വിളിച്ചത്. ( പപ്പാ ഇവിടെ ദത്തു നിൽക്കുകയായിരുന്നു. )
സഹായം ചോദിച്ചു വരുന്ന ആരെയും പപ്പാ പിണക്കി വിടില്ല . ആവുന്നത്ര സഹായം ആർക്കും ചെയ്തു കൊടുക്കണമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടാവാം ഞങ്ങൾ മക്കൾക്കും ജീവകാരുണ്യപ്രവർത്തനങ്ങളിൽ താല്പര്യമുണ്ടായത്. അകാലത്തിലണഞ്ഞു പോയ പപ്പായായിരുന്നു ജീവിതത്തിലെ മാർഗ്ഗദീപം.
ചോദ്യം :- ഡൽഹി ജെഎൻയുവിലെ പഠനകാലം ?
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പഠനകാലം ഒരുപാട് നല്ല സൗഹൃദങ്ങളെ സമ്മാനിച്ചു. ഇതിൽ വിദേശികൾ പോലുമുണ്ട്. എൻറെ രാഷ്ട്രീയ ബോധ്യങ്ങളെ പാകപ്പെടുത്തിയ ക്യാമ്പസ്. ഇടതുപക്ഷ സഹയാത്രികരുടെ ഭൂമിയാണിത്. അന്നുമിന്നും ഗാന്ധിയൻ ആശയങ്ങളിലൂന്നിയുള്ള നിലപാടുകളോടാണ് എനിക്ക് താല്പര്യം. പ്രശസ്ത എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടിനെപ്പോലുള്ള ചങ്ങാതികളെ ലഭിച്ചതും ജെഎൻയുവിൽ നിന്നാണ്.
ചോദ്യം :- സ്കൂൾ, കലാലയ ക്യാമ്പസുകൾ സംവാദാത്മകമാവണം. രാഷ്ട്രീയ ശരികളിലൂന്നിയ വിദ്യാഭ്യാസകാലത്ത് ക്യാമ്പസ് കലാപകലുക്ഷിതമാക്കുന്നുണ്ട്. അധ്യാപകൻ എന്ന നിലയിൽ പുതിയ ക്യാമ്പസുകളെ എങ്ങനെ കാണുന്നു ?
ക്യാമ്പസുകൾ ഒരേസമയം സംവാദാത്മകമായ എഴുത്തിൻ്റെയും, ചിന്തയുടെയും ഒരിടമായിരുന്നു. ഇന്ന് വിദ്യാർത്ഥികൾ കരീയർ മാത്രം സ്വപ്നം കാണുന്നവർ ആയി മാറുന്നു . പുതിയകാലത്തെ കുഞ്ഞുങ്ങൾ പ്രായോഗിക ചിന്തകളിലൂടെ ജീവിക്കുന്നു. ഭൂരിഭാഗം കുട്ടികളും അരാഷ്ട്രീയ വാദത്തിൻ്റെ വക്താക്കളാണ് …
ഇതൊരു മാറ്റമാണ്.
ചോദ്യം :- എഴുപതുകളുടെയും, എൺപതുകളുടെയും ഊർജ്ജപ്രവാഹമുള്ള ക്യാമ്പസുകൾ ഇന്നില്ല. ഫ്രീസ് ചെയ്യപ്പെട്ട ബ്രയിനുകളാണ് ഇന്ന് ക്യാമ്പസ് സ്റ്റുഡൻസിന് … വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്ക് വരുന്ന കുട്ടികളും, വെറും ‘പൊളിറ്റിക്കൽ കരിയറിസ്റ്റു’കളായി മാറുന്നു… എന്തുകൊണ്ടാവാം ഇങ്ങനെയൊരു പരിണാമം സംഭവിക്കുന്നത്?
ഞാൻ പറഞ്ഞല്ലോ ഇതൊരു മാറ്റമാണ് . ഒരുപാട് സ്വപ്നങ്ങളോടെ, വൻതുക വിദ്യാഭ്യാസ ലോണെടുത്ത് വരുന്ന എത്ര കുട്ടികൾക്കുണ്ടാവും നേതാവാകാനുള്ള മോഹം? സമരമുറകൾ മാത്രമല്ല വിദ്യാർത്ഥി രാഷ്ട്രീയം . ക്രിയേറ്റീവായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ക്ലാസ്സ് റൂമിലെ പഠനത്തിനപ്പുറം അവൻറെ ചിന്താധാരകളെ ബന്ധിപ്പിക്കാൻ പുറത്തൊരു ലോകമുണ്ടെന്നുള്ള സത്യം മനസ്സിലാക്കണം. ഈയൊരു സത്യം മനസ്സിലാക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കാറില്ല, മാതാപിതാക്കളും ശ്രദ്ധിക്കാറില്ല . കലാലയ രാഷ്ട്രീയത്തിന് ചേർത്തുപിടിക്കാവുന്ന ചില ജനാധിപത്യമൂല്യങ്ങളുണ്ട്… അതു തിരിച്ചു പിടിക്കാത്ത കാലത്തോളം ക്യാമ്പസുകൾ അരാജകവാദികളുടേതാവും .
ചോദ്യം:- എഴുന്നൂറ്റി അൻപതോളം മോട്ടിവേഷണൽ ക്ലാസുകൾ എടുത്തിട്ടുണ്ടല്ലോ . നമ്മുടെ വിദ്യാർത്ഥിസമൂഹം അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
സ്വദേശത്തും വിദേശത്തുമായി നിരവധി ക്ലാസുകൾ നടത്തി. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ എനിക്ക് ശുഭപ്രതീക്ഷകളുണ്ട്. വർത്തമാനകാലത്തെയും, ഭാവികാലത്തെയും അവർ പ്രതീക്ഷകളോടെ സമീപിക്കുന്നു, പ്രതികരിക്കുന്നു. കുഞ്ഞുങ്ങളെ നേരിൻ്റെ പാതയിൽ കൈപിടിച്ചുയർത്തുവാൻ ഒരു ഗുരുവിനു സാധിക്കും. അവരുടെ ഇഛാശക്തികളെ പോസിറ്റീവായി സമീപിക്കാൻ ഒരു മനസ്സുണ്ടായാൽ മതി. മോട്ടിവേഷണൽ ക്ലാസുകൾ എടുക്കാൻ പോയപ്പോൾ എനിക്ക് നേരിൽ ബോധ്യമായ കാര്യമാണിത്. മാറുന്ന കാലത്തെ പുത്തൻ പ്രതീക്ഷകളായി വിദ്യാർത്ഥിസമൂഹം മാറിക്കഴിഞ്ഞു . ഇവരാണ് പുതിയകാലത്തിൻ്റെ വക്താക്കൾ… ചാലക ശക്തികൾ…
REJI THOMAട
MA, MPhil, B. Ed
Motivational Speaker ,Mentor and Creative writer
പഠനം :-
മാഞ്ഞൂർ എസ്എൻ വി സ്കൂൾ, കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് ഹൈസ്കൂൾ , മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് ഹൈസ്കൂൾ, എംജി യൂണിവേഴ്സിറ്റി , മാന്നാനം കെ ഇ കോളേജ് , ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി
ഭാര്യ :- ബിൻസി റെജി (കുവൈറ്റിൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ) ചിറയിൽ ഫാമിലി, കുറുപ്പന്തറ
മക്കൾ:- തോംസൺ റെജി
ആൻ മരിയ റെജി
ജോസ് വിൻ റെജി
Mobile :- 91 9447258924
[email protected]
വിലാസം :- കുന്നൂപ്പറമ്പിൽ വീട്
മാഞ്ഞൂർ സൗത്ത് പി. ഒ
കോട്ടയം ജില്ല ,കേരളം പിൻ 686603
ഡോ. ഐഷ വി
ഓർമ്മചെപ്പ് കഴിഞ്ഞയാഴ്ച 100 അധ്യായങ്ങൾ പൂർത്തീകരിച്ചു. ഓരോ വ്യക്തിയുടേയും വിജയത്തിന് പിന്നിൽ ഒരുപാട് കരങ്ങളുണ്ടാകും. എനിക്ക് പേരറിയാത്ത നേരിട്ടറിയാത്ത മലയാളം യുകെ യുടെ സ്റ്റാഫംഗങ്ങൾ, ഞനെഴുതിയതിന്റെ മികച്ച വാചകങ്ങൾ ആദ്യ പേജിൽ ഹൈലൈറ്റ് ചെയ്ത എഡിറ്റിംഗ് ടീം. എന്റെ എഴുത്തിന് വേണ്ടി ചിത്രങ്ങൾ വരച്ച അനുജ സജീവ് , വരച്ച മറ്റുള്ളവർ, നല്ല വായനക്കാർ, അവരുടെ കമന്റുകൾ, സുഹൃത്തുക്കളുടെ പ്രോത്സാഹനം, പുസ്തകമായി പ്രസിദ്ധീകരിക്കണം എന്ന ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സ്നേഹം നിറഞ്ഞ പ്രോത്സാഹനങ്ങൾ, മലയാളംയുകെയുമായി എന്നെ ബന്ധപ്പെടുത്തിയ ശ്രീ .റ്റിജി തോമസ് സാറിന്റെ കൃത്യസമയത്തുള്ള ചില നിർദ്ദേശങ്ങൾ, എഴുതുന്ന വിഷയവുമായി ബന്ധപ്പെട്ട ഫോട്ടോകൾ വയ്ക്കണമെന്ന നിർദ്ദേശം, ഫോട്ടോയില്ലെങ്കിൽ മലയാളംയുകെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് വരപ്പിച്ചോളും . അങ്ങനെ ഞാൻ അറിഞ്ഞും അറിയാതെയും ഓർമ്മചെപ്പിന്റെ പ്രസിദ്ധീകരണത്തിൽ ഇടപെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ ആദ്യമേ തന്നെ രേഖപ്പെടുത്തുന്നു.
കുട്ടിക്കാലത്ത് നാടകം, ചില കവിതകൾ, കഥകൾ എന്നിവയൊക്കെ എഴുതുകയും കവിയരങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നെങ്കിലും ഞാൻ എഴുതാൻ അല്പം മടി കാണിച്ചിരുന്നു. സാങ്കേതിക വിദ്യ കൂടെ കൂടിയപ്പോൾ , സർഗ്ഗാത്മകത എവിടെയോ നഷ്ടപ്പെട്ടു പോയി. പിന്നെ ഏതാനും ലേഖനങ്ങൾ എഴുതി. ഒരായിരം കഥകൾ മനസ്സിലുണ്ടായിരുന്നെങ്കിലും എഴുത്ത് മാത്രം നടന്നില്ല. എന്റെ ഭർത്താവിന്റെ സ്കൂൾ മേറ്റായിരുന്ന ശ്രീമതി രേഖയുടെ അച്ഛൻ ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ എന്ന കവി ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വന്നു. അദ്ദേഹമഴുതിയ തീരാകടം, ഋതുഭേദങ്ങൾ എന്നീ കാവ്യ സമാഹാരങ്ങളുടെ ഒരു പ്രതി വീതം എനിക്ക് സമ്മാനിച്ചു. അന്ന് ഞങ്ങൾ കുടുംബ സമേതം തിരുവനന്തപുരത്തേയ്ക്ക് യാത്ര നടത്തിയപ്പോൾ അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. യാത്രാ മദ്ധ്യേ അദ്ദേഹം സ്വന്തം കവിതകൾ ചൊല്ലി കേൾപ്പിച്ചു. ഞാൻ അദ്ദേഹത്തോട് മനസ്സിൽ ധാരാളം വിഷയങ്ങൾ ഉണ്ടെങ്കിലും ഒന്നും എഴുതാത്തതിനെക്കുറിച്ച് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ . മനസ്സിൽ തോന്നുന്ന ആശയങ്ങൾ അപ്പപ്പോൾ ഒരു ഡയറിയിലോ നോട്ട്ബുക്കിലോ കുറിച്ചിടുക. പിന്നെയത് വിശദമായി എഴുതാം. അങ്ങനെ ഞാൻ പ്രാധാന വിഷയങ്ങൾ കുറിച്ച് വയ്ക്കാൻ തുടങ്ങി. എന്നിട്ടും അതേ പറ്റിയൊന്നും എഴുതിയില്ല. അങ്ങനെ കുറേ നാൾ കടന്നുപോയി.
ഒരു ദിവസം ഞങ്ങളുടെ കോളേജിലേയ്ക്ക് അവിടത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അഖിൽ മുരളിയെത്തി. അഖിൽ മുരളിയോട് സംസാരിച്ചപ്പോൾ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തിക പള്ളിയിൽ നിന്നും പോയ ശേഷം മാക്ഫാസ്റ്റിൽ നിന്നും പി ജി എടുത്തെന്നും ഇപ്പോൾ CSIR ലെ ജോലി, കവിതാ
രചന, സിവിൽ സർവ്വീസ് പഠനം എന്നിവയുമായി മുന്നോട്ട് പോകുന്നെന്നും മനസ്സിലായി. പത്രങ്ങൾ , ആനുകാലികങ്ങൾ എന്നിവയിൽ അഖിൽ മുരളിയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇനി ഒരു കവിതാ സമാഹാരം പുറത്തിറക്കുന്നുണ്ടെന്നും അതിന്റെ പ്രകാശന ചടങ്ങിലേയ്ക്ക് എന്നെ ക്ഷണിയ്ക്കാം എന്ന് പറഞ്ഞാണ് തിരികെ പോയത്. ഞാൻ അഖിലിനോട് ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ എന്ന ഒരു പ്രായം ചെന്ന കവിയുണ്ടെന്നും അദ്ദേഹത്തെ കൂടി ക്ഷണിക്കണമെന്നും പറഞ്ഞു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ അഖിൽ മുരളിയുടെ “നിഴൽ കുപ്പായം” എന്ന കവിതാ സമാഹാരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്യുകയാണെന്ന വിവരം പറഞ്ഞു എന്നെ ക്ഷണിച്ചു. നിഴൽ കുപ്പായത്തിന്റെ ഒരു സോഫ്റ്റ് കോപ്പി അഖിൽ എനിക്ക് നേരത്തേ തന്നെ അയച്ചു തന്നിരുന്നു. അത് ഞാൻ വായിച്ചു. 2019 സെപ്റ്റംബർ 29 നായിരുന്നു “നിഴൽ കുപ്പായത്തി”ന്റെ പ്രകാശന ചടങ്ങ്. ഞാനും ഭർത്താവും മകളും ശ്രീ ആറ്റിങ്ങൽ സി ദിവാകരനെയും കൂട്ടി വൈകുന്നേരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെത്തി. അഖിലിന്റെ സുഹൃത്തും സിവിൽ സർവ്വീസ് ആസ്പിരന്റുമായ ശ്രീമതി ശോഭരാജ് ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ ശോഭയെ പരിചയപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ മാക്ഫാസ്റ്റ് തിരുവല്ലയിലെ കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് ഹെഡായ ശ്രീ റ്റിജി തോമസ്, മാക്ഫാസ്റ്റിലെ പ്രിൻസിപ്പാൾ ഫാ. ചെറിയാൻ ജെ കോട്ടയിൽ, ശ്രീ ജോർജ് ഓണക്കൂർ, കേരള സ്റ്റേറ്റ് ചിൽഡ്രൻസ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ട്രഷറർ ശ്രീ രാധാകൃഷ്ണൻ എന്നിവർ എത്തി ചേർന്നു. അഖിലിന്റെ കാവ്യരചനയ്ക്ക് വളർച്ചയുടെ പശ്ചാത്തലമൊരുക്കിയത് മാക്ഫാസ്റ്റ് തിരുവല്ലയാണെന്ന് പറയാം. വിശിഷ്ടാഥിതികളിൽ ചിലർ എത്തിയിരുന്നില്ല. അഖിൽ പ്രിൻസിപ്പലച്ചനും റ്റിജി സാറിനും എന്നെ പരിചയപ്പെടുത്തി. ഞാൻ ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറിനെ അവർക്കും. അങ്ങനെ ഞാനും ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറും മറ്റു വിശിഷ്ടാഥിതികൾക്കൊപ്പം വേദിയിലേയ്ക്ക് ആനയിയ്ക്കപ്പെട്ടു. ശ്രീ റ്റിജി തോമസ് സർ എന്നോട് ” ടീച്ചർ എഴുതാറുണ്ടോ ?” എന്ന് ചോദിച്ചു. ചില ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഞാൻ മറുപടി കൊടുത്തു. ഇനിയെന്തെങ്കിലും രചനകൾ ഉണ്ടെങ്കിൽ മലയാളം യുകെ .കോം എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞു. ഞാൻ കൊടുക്കാമെന്നേറ്റു . റ്റിജി സർ എന്റെ വാട്സാപ് നമ്പർ വാങ്ങി. അതിൽ മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ച ” കാടിന്റെ ഉള്ളറിഞ്ഞ് ഒരു ദിനം” എന്ന് സാറെഴുതിയ ലേഖനം അയച്ച് തന്നു.
അഖിൽ മുരളിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾ ഗംഭീരമായി നടന്നു. റ്റിജി സർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോക്ടർ ജോർജ് ഓണക്കൂർ കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി. പുസ്തകം ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറിന് കൈമാറിയാണ് പ്രകാശനം നടത്തിയത്. അഖിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയായിരുന്നത് കൊണ്ട് , ശ്രീ ജോർജ് ഓണക്കൂർ – പബ്ലിഷ്ഡ് വർക്കിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ഉദാഹരണ സഹിതം സൂചിപ്പിച്ചു. അന്ന് 86 വയസ്സുള്ള കവിയാണ് പ്രായം കൊണ്ട് ഇരുപതുകളിലുള്ള അഖിലിന്റെ കവിതാ സമാഹാരം ഏറ്റുവാങ്ങിയത്. പിന്നെ മറ്റു വിശിഷ്ടാഥിതികൾക്കൊപ്പം അഖിൽ പഠിച്ച രണ്ട് കോളേജിലെ പ്രിൻസിപ്പൽമാരായ ഫാ. കോട്ടായിലും ഞാനും പ്രസംഗിച്ചു. ശോഭ കൃതജ്ഞത രേഖപ്പെടുത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. ചായ കുടിച്ച് അഖിലിന്റെ അച്ചനമ്മമാരെ പരിചയപ്പെട്ട് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. അഖിലിന്റെ കവിതാ സമാഹാരത്തിന്റെ ഏതാനും പ്രതികൾ ഞങ്ങളുടെ കോളേജ് ലൈബ്രറിയിലേക്കും വാങ്ങി സൂക്ഷിച്ചു. അഖിൽ മുരളി പിന്നീട് സ്വന്തം സ്ഥലപ്പേർ കൂട്ടി ചേർത്ത് അഖിൽ പുതുശ്ശേരി എന്ന തൂലികാനാമം സ്വീകരിച്ചു.
ഞാൻ റ്റിജി സാറിനോട് രചനകൾ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും ജനുവരി വരെ ഒന്നും എഴുതിയില്ല. 2020 ജനുവരി അവസാന വാരം റ്റിജിസാർ എന്നെ ഫോൺ വിളിച്ച് പറഞ്ഞു:” ടീച്ചർ രചനകൾ തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നും തന്നില്ലല്ലോ” എന്ന്. ഞാൻ രണ്ടു ദിവസത്തിനകം തരാമെന്ന് പറഞ്ഞു. പിറ്റേന്ന് ഞാൻ എഴുതി കൊടുത്തു. ” ഓർമ്മചെപ്പ് തുറന്നപ്പോൾ” എന്നാണ് ആ ഓർമ്മകുറിപ്പിന് പേരിട്ടത്. എല്ലാ ആഴ്ചയും ഓരോന്ന് തരാമെന്ന് ഞാനേറ്റു. എന്റെ ഓർമ്മകുറിപ്പുകൾ മലയാളംയുകെ .കോമിൽ പ്രസിദ്ധീകരിക്കുന്ന വിവരം അനൗൺസ് ചെയ്തു. അങ്ങനെ ഓർമ്മചെപ്പിന്റെ ആദ്യ അധ്യായം അനുജ സജീവിൻെറ വരകളോടെ 2020 ഫെബ്രുവരി രണ്ടാം തീയതി പ്രസിദ്ധീകരിച്ചു. പിന്നെ എല്ലാ ഞായറാഴ്ചയിലും പ്രസീദ്ധീകരിക്കാൻ വേണ്ടി ഞാനെഴുതി. “കംപൽസീവ് റൈറ്റിംഗ്” എന്നു പറയാം. സ്വന്തം ജീവിതത്തിലേയും പരിചയപ്പെട്ടവരുടെ ജീവിതത്തിലേയും ചില ഏടുകൾ ഓർമ്മചെപ്പിന് വിഷയമായി. ആദ്യ മൂന്നദ്ധ്യായങ്ങൾ ഭാഗം1, ഭാഗം2, ഭാഗം3 എന്നിങ്ങനെയാണ് പ്രസിദ്ധീകരിച്ചത്. അങ്ങനെ ഒരു ദിവസം റ്റിജി സാർ എന്നെ വിളിച്ച് പറഞ്ഞു: ” ടീച്ചറെ ഓർമ്മചെപ്പിന്റെ ഓരോ അധ്യായത്തിന് ഓരോ തലക്കെട്ടു കൂടി കൊടുത്ത് എഴുതുന്നത് നന്നായിരിക്കും.” അങ്ങനെ ഓർമ്മ ചെപ്പിന് ഒരു രൂപവും ഭാവവുമൊക്കെയായി.
പിന്നെയും ഒന്നു രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾ റ്റിജി സാർ വീണ്ടും വിളിച്ചു എന്നിട്ട് പറഞ്ഞു:” ടീച്ചറിന്റെ രചനകൾക്ക് നല്ല വായനക്കാരുണ്ട്. മലയാളം യു കെ യ്ക്ക് ടീച്ചറിനെ കിട്ടിയത് ഒരു ഭാഗ്യമാണ്. എന്തായാലും ടീച്ചർ ഇത് പുസ്തകമായി പ്രസിദ്ധീകരിക്കണം.”ഒരു റോക്കറ്റിന് ഇനിഷ്യൽ മൊമന്റം കിട്ടിയാൽ അത് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതു പോലെയായിരുന്നു എന്റെ കാര്യത്തിൽ ആ വാക്കുകൾ. എല്ലാ ഞായറാഴ്ചകളിലേയ്ക്കും മലയാളംയുകെ യ്ക്കു വേണ്ടി എഴുതുവാൻ എനിക്ക് ഉത്സാഹമായി. ഓർമ്മചെപ്പ് കൊടുക്കാൻ ഇത്തിരി വൈകിയാൽ റ്റിജി സാർ വിളിക്കും. ഓണം സ്പെഷ്യൽ പ്രസിദ്ധീകരിക്കുന്ന സമയത്തും ഒരു തവണ മലയാളം യുകെയിൽ സ്റ്റാഫ് ലീവായിരുന്ന സമയത്തും മറ്റൊരു തവണ എന്റെ തിരക്കുമൂലം ഒരുദിവസവുംമാത്രമേ ഓർമ്മ ചെപ്പ് പ്രസിദ്ധീകരിക്കാതിരുന്നുള്ളൂ. തൊണ്ണൂറിലധികം അധ്യായങ്ങളായപ്പോൾ റ്റിജി സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു:”ഒ സി രാജുമോൻ എന്നൊരു സുഹൃത്ത് എനിക്കുണ്ട്. ദീപികയിലൊക്കെ ദീർഘകാലം ജോലി ചെയ്തിട്ടുള്ളയാളാണ്. പുസ്തകം പ്രസിദ്ധീകരിക്കാൻ ടീച്ചറിനെ സഹായിക്കും. ടീച്ചർ ഒന്നിനെ കുറിച്ചും വിഷമിക്കേണ്ട കാര്യമില്ല.” അങ്ങനെ പരിചയ സമ്പന്നനായ ശ്രീ ഒ.സി രാജുമോനെ പുസ്തകം പ്രസിദ്ധീകരിക്കുന്ന ചുമതല ഏൽപ്പിച്ചു. ശ്രീ. ഒ. സി രാജുമോൻ ഇപ്പോൾ ഓർമ്മ ചെപ്പിന്റെ പണിപ്പുരയിലാണ്. 25 അധ്യായങ്ങൾ പൂർത്തിയാക്കി എനിക്കയച്ചു തന്നു.
നൂറാം അധ്യായം കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് മനസ്സിലായത് ഓർമ്മചെപ്പിന്റെ ഓരോ അധ്യായവും ഓരോ ചുവടുവയ്പുകളായിരുന്നു. ഓരോ മുന്നോട്ടുള്ള ചുവടു വയ്പ്പുകളുമാണ് നമ്മെ ഘാതങ്ങൾ താണ്ടാൻ സഹായിക്കുക. കൈകാര്യം ചെയ്ത വിഷയങ്ങൾ വൈവിധ്യമാർന്നതാക്കാൻ ഓരോ അധ്യായത്തിലും ഞാൻ ശ്രമിച്ചിട്ടുണ്ട്. നമ്മിലോരോരുത്തരിലും ധാരാളം കഴിവുകൾ ഉറങ്ങികിടക്കുന്നുണ്ടാകും. ആ കഴിവുകളെ ഉണർത്തിയെടുക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്റെ കാര്യത്തിൽ റ്റിജി സാർ നിർണ്ണായക പങ്കു വഹിച്ചു എന്നതാണ് സത്യം. ഓർമ്മചെപ്പിന്റെ ലിങ്ക് കിട്ടിയാൽ ഞാനാദ്യം എന്റെ ഭർത്താവ് ബി ശ്യാംലാലിന് ഇട്ടു കൊടുക്കും. എന്റെ നല്ല വിമർശകൻ കൂടിയാണ് അദ്ദേഹം. എന്റെ സഹോദരി ഡോ . അനിത വിയും നന്നായി വിമർശിയ്ക്കാറുണ്ട്. ഞാൻ ഒന്നിലധികം വിഷയങ്ങൾ ഒരധ്യായത്തിൽ കൈകാര്യം ചെയ്താൽ അനുജത്തി പറയും ഒരു വിഷയം മാത്രം ഒരധ്യായത്തിൽ കൈകാര്യം ചെയ്താൽ മതി. ഇതിനെ ചവിട്ടിപ്പിടിച്ചൊന്ന് എഡിറ്റ് ചെയ്യണം. ചിലപ്പോൾ റിസർച്ചിന്റെ തലത്തിലേയ്ക്ക് ചില അധ്യായങ്ങൾ കടക്കുന്നതായി അനുജത്തി പറയാറുണ്ട്. ഒരിക്കൽ മാമന്റെ മകളും മലയാളം അധ്യാപികയുമായ സിന്ധു റാണി പറഞ്ഞത് ശ്രീ എം ടി വാസുദേവൻ നായർ തന്റെ കുട്ടിക്കാലത്തെ കുറിച്ച് എഴുതുന്നതു പോലുണ്ടെന്ന്. മാമന്റെ മകനായ ഡോ. ശ്യാംലാൽ 100-ാം അധ്യായത്തെ കുറിച്ച് പറഞ്ഞത് Good Narration എന്നാണ്. വായനക്കാരായ ചിലർ ഞായറാഴ്ചകളിൽ ഓർമ്മച്ചെപ്പിൻെറ മലയാളം യുകെയിൽ പ്രസദ്ധീകരിച്ച ലിങ്ക് കൊടുക്കാൻ അല്പം താമസിച്ചാൽ വിളിയ്ക്കും. ഇന്ന് ഓർമ്മചെപ്പ് കണ്ടില്ലല്ലോയെന്ന് . വായനക്കാർക്ക് ഓർത്തിരിക്കാൻ എന്തെങ്കിലുമൊക്കെ അറിവ് കിട്ടണമെന്ന ആഗ്രഹവും ഓർമ്മചെപ്പിലെ ഓരോ അധ്യായത്തിന് പിന്നിലും എനിക്കുണ്ട്.
വായിച്ചും വിമർശിച്ചും പ്രോത്സാഹിപ്പിച്ചും കമന്റിട്ടും പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എന്നെ സഹായിച്ചും 100 അധ്യായങ്ങൾ പൂർത്തിയാക്കുന്നതിന് കൂടെ നിന്ന എല്ലാവർക്കും നന്ദി. ഓരോരുത്തർക്കും ഓരോ നിയോഗങ്ങളുണ്ട്. അതിലൊന്നാണ് എന്നെക്കൊണ്ട് എഴുതിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ശ്രീ റ്റിജി തോമസ് സാറിന്റെ നിയോഗം.
NB: ഓർമ്മചെപ്പ് പുസ്തകമാക്കുമ്പോൾ വാങ്ങാൻ താത്പര്യമുള്ളവർ വിളിയ്ക്കുക :9495069307
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
രാജു കാഞ്ഞിരങ്ങാട്
ഇരുട്ടത്രയും കെട്ടിക്കിടക്കുന്ന
വാ തുറന്ന വ്യാഘ്രം പോലെ –
പൊട്ടക്കിണർ
പാതിവെന്ത കരിന്തിരിപോലെ
അവളതിൻമുന്നിൽ
രക്തംതളം കെട്ടികിടക്കുന്നു
അവളുടെ കണ്ണിൽ
പുകഞ്ഞുകത്തുന്ന പച്ചവിറകി
ൽ നിന്നെന്നപോലെ
ഒരു കുഞ്ഞുനിലവിളി പിടിച്ചു
നിർത്തുന്നു
എടുത്താൽ പൊങ്ങാത്ത ഭാരം
പോലെ,
വ്രണങ്ങളുടെ പാടുപോലെ
കാഴ്ചയുടെഅറ്റത്ത് ചെറ്റക്കുടിൽ
നിറഞ്ഞു നിൽക്കുന്നു
പ്രതീക്ഷയുടെ ചതഞ്ഞ മുകുളം
പോലെ ഒരു കുഞ്ഞ്
ജീവിതദാഹം വറ്റിപ്പോയ ഒരമ്മ
പിഞ്ഞിയകുപ്പായത്തിനുള്ളിൽനിന്നും
തെറിച്ചു നിൽക്കുന്നു അവളുടെ
യൗവ്വനം
പാറിപ്പറക്കുന്നു മുള്ളുപോലെ ഉലർന്ന
എണ്ണമയമില്ലാത്ത മുടി
ദാരിദ്ര്യത്തിൽ നിന്ന്
സ്വന്തത്തെ മോചിപ്പിക്കുവാൻ
വഴി കാണാതെ
കുഞ്ഞിൻ്റെ കണ്ണിലെ കുട്ടിത്തത്തെ
അവൾ വാരിപ്പുണർന്നു
തികഞ്ഞ രൂപംകാണുന്നതിനായി
വാ തുറന്ന വ്യാഘ്രത്തെപ്പോലെ
മലർന്നു കിടക്കുന്ന പൊട്ടക്കിണ
റിലേക്ക് നടന്നു.
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ഡോ. ഐഷ വി
ശ്രീമതി ഉദയയെ ഞാൻ പരിചയപ്പെടുന്നത് തീരദേശ വികസന അതോറിറ്റിയിലെ അസിറ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ സുനിൽ സാറ് വഴിയാണ്. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപള്ളിയിൽ തീരദേശ വികസന അതോറിറ്റി വഴി ഒരു കെട്ടിടം പണിയാനുള്ള ശ്രമം നടന്നിരുന്നു. കാരണം തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം അവരുടെ മുറ്റത്തൊരുക്കുന്ന കോളേജാണ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപള്ളി . 2018 ലെ മഹാ പ്രളയവും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളും നിമിത്തം തീരദേശ വികസന അതോറിറ്റി വഴിയുള്ള ആ പദ്ധതി നടന്നില്ല. എന്നാൽ AXE സുനിൽ സാറിനെ കൃഷിയറിവുകൾ പങ്കു വയ്ക്കുന്നതിനും കാർഷികോല്പന്ന വിപണത്തിനും വേണ്ടി ഞാൻ രൂപീകരിച്ച APAS Agri Horti എന്ന കൃഷി ഗ്രൂപ്പിൽ ചേർത്തു. അതുകൊണ്ട് ഫലമുണ്ടായി. അദ്ദേഹത്തിന് കൃഷി കാര്യങ്ങൾ നോക്കാൻ സമയമില്ലെങ്കിലും താത്പര്യമുള്ളവരുടെ മൂന്നാല് പേരുകളും ഫോൺ നമ്പരുകളും ആ ഗ്രൂപ്പിൽ ചേർക്കാനായി എനിയ്ക്ക് തന്നു. അക്കൂട്ടത്തിൽ ഉദയയുടെ പേരും ഉണ്ടായിരുന്നു. ഉദയ സുനിൽ സാറിന്റെ ഭാര്യയുടെ ചേച്ചിയാണ്. ഉദയ ഒരു വിധവയാണ് പാലക്കാട് അല്പം കൃഷിയുമായി കഴിഞ്ഞു കൂടുന്നു. കൃഷി ഗ്രൂപ്പിൽ ചേർന്നാൽ കൃഷിയറിവുകൾ ലഭിയ്ക്കും. ഉദയയ്ക്ക് ഹൃദയ വേദനകളും മറക്കാൻ അത് വഴി തെളിയ്ക്കും എന്നാണ് അന്ന് സുനിൽ സാറിൽ നിന്നും എനിയ്ക്ക് മനസ്സിലായത്. അങ്ങനെ ഞാൻ അവരെയെല്ലാം കൃഷി ഗ്രൂപ്പിൽ ചേർത്തു. രണ്ടു മൂന്നു പ്രാവശ്യം കൃഷി സംബന്ധമായ കാര്യങ്ങൾ ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിരുന്നു.
പിന്നെ, ഓർമ്മ ചെപ്പിലെ ഏതാനും അധ്യായങ്ങളുടെ ലിങ്ക് ഞാൻ ഉദയയ്ക്ക് അയച്ചു കൊടുത്തിരുന്നു. വായിച്ചിട്ട് ഉദയയുടെ അഭിപ്രായങ്ങൾ വാട് സാപിൽ രേഖപ്പെടുത്തിയിരുന്നു . അങ്ങനെയിരിക്കെ എനിക്ക് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിലേയ്ക്ക് ട്രാൻസ്ഫർ ആയപ്പോൾ ഞാൻ ഓർമ്മയിൽ പരതി, ആരാണ് പാലക്കാട് ജില്ലയിൽ പരിചയക്കാരായി ഉള്ളതെന്ന്. ഉടനെ ഞാൻ ഉദയയെ വിളിച്ചു സംസാരിച്ചു . പാലക്കാട് ജില്ലയിലെ ഒലവക്കോട് റെയിൽവേ കോളനിയിൽ ധോണി ഫാമിനടുത്ത് പൈറ്റാൻ കുന്നിലാണ് ഉദയ താമസിയ്ക്കുന്നതെന്ന് പറഞ്ഞു. സമാന ചിന്തകളുള്ള ആൾക്കാർ അടുത്തു വരുന്നത് വളരെ നല്ലതു തന്നെയെന്നും തമ്മിൽ കാണാമെന്നും ഉദയ പറഞ്ഞു. പിന്നെയെനിയ്ക്ക് ഉദയ വാട്ട് സാപിൽ അയച്ചു തന്നത് ഒരു കവിതയായിരുന്നു. ഉദയയിൽ കൃഷിക്കാരി മാത്രമല്ല ഒരു കവയിത്രി കൂടിയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് അന്നാണ്.
( താരക പൈതൽ )
രചന : ഉദയ ശിവദാസ്
താരക പൈതലേ താറുടുപ്പിച്ചോണ്ട്
താരാട്ടുമൂളുന്ന പൂന്തെന്നലേ
താലോലമാട്ടുവാൻ ഞാനും വരട്ടെയോ
താഴോട്ടു പോരുവാൻ ചൊല്ലുമോ നീ
അങ്കണത്തൈമാവിലൂഞ്ഞാലിടാം നല്ലൊ_
രപ്പൂപ്പൻ താടി പുതപ്പു നൽകാം
ആലോലം താലോലം പാടുവാനാ കുയിൽ
പെണ്ണിനെ കൂടെ വിളിച്ചിരുത്താം
ആവണി ചേലൊത്ത പിഞ്ഞാണമൊന്നിൽ ഞാൻ
പൂനിലാ പൈമ്പാൽ നിറച്ചു നൽകാം
കാട്ടിലെ പൈങ്കിളി പെണ്ണിനെ കൂട്ടിട്ട്
കാവൊന്നു ചുറ്റുവാൻ കൊണ്ടുപോകാം.
പോരും വഴിക്കാ മുളങ്കൂട്ടിലെത്തുമ്പോൾ
പുല്ലാങ്കുഴൽ പാട്ട് ചേർന്ന് കേൾക്കാം
ചന്ദന കാടിന്റെ ഓരത്തുടെത്തുമ്പോൾ
ചന്ദനപൂവും പറിച്ചു നൽകാം
ചപ്രത്തലയനാ വള്ളിക്കെട്ടിൻ മേലെ
കൂമനുറങ്ങുമാ ചാഞ്ഞ കൊമ്പിൻ
മേലെയായ് വെൺ ചാരു ശില്പം പോൽ കാണുന്നു
ചാരു മുഖിയവൾ ചന്ദ്രലേഖ
നീ വരും നേരവും കാത്തു ഞാനൊട്ടെന്റെ
വള്ളിക്കുടിലിൽ മയങ്ങി പോയി
ചൊല്ലാൻ മറന്നവൾ ഏറ്റം കുറുമ്പത്തി
വാടാമലർ കിളി പെണ്ണൊരുത്തി ….
വായിക്കണം എന്നൊരു കുറിപ്പോടെ ഉദയ എനിയ്ക്കയച്ചു തന്ന ഈ കവിത ഞാൻ വായിച്ചു. സന്തോഷമായി. പിന്നെയും രണ്ടു മൂന്ന് മാസങ്ങൾ കഴിഞ്ഞാണ് ഇത് വളരെ കുറഞ്ഞ സമയം കൊണ്ട് എഴുതി തീർത്ത കവിതയാണെന്ന് ഉദയയിൽ നിന്നും ഞാനറിഞ്ഞത്. ചുരുക്കി പറഞ്ഞാൽ നിമിഷ കവിതകൾ എഴുതാൻ കഴിവുള്ള ഒരു കവയിത്രി എന്നു പറയാം. ഉദയയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ വല്യമ്മയുടെ വീട്ടിൽ പോയിട്ട് വന്നൊരു ദിവസം ഉച്ചയ്ക്കത്തേയ്ക്ക് ഒരുപ്പേരിയും സാമ്പാറും തയ്യാറാക്കുന്നതിനിടയ്ക്ക് എഴുതിയ കവിത. കറികൾ വയ്ക്കാൻ തുടങ്ങുമ്പോൾ ഒന്നുരണ്ട് വരികൾ ഹൃദയത്തിൽ നിന്നൊഴുകിയെത്തി. ഉടനെ തന്നെ ഒരു പേപ്പറും പേനയും അടുത്തെടുത്തു വച്ചു. ഒഴുകിയെത്തിയ വരികൾ ഒന്നൊന്നായി പേപ്പറിലേയ്ക്ക് പകർത്തി. അങ്ങനെ സാമ്പാറും ഉപ്പേരിയും വെന്തു കഴിയുമ്പോഴേയ്ക്കും “താരക പൈതൽ ” എന്നു പേരിട്ട കവിത പിറവിയെടുത്തിരുന്നു.
പിന്നെ ഉദയയിൽ നിന്നും ശുഭദിനാശംസകൾ നുറുങ്ങു കവിതകളായി എത്തിക്കൊണ്ടിരുന്നു.
സൗഹൃദ മൊന്ന തേ സർവ്വ ശ്രേഷ്ഠം
സ്വാതന്ത്ര്യമാണതിൻ ശാന്തി മന്ത്രം
ചേർത്തുപിടിക്കിലും വിട്ടു കൊടുക്കലിൻ
സൗന്ദര്യമാണതിന്നേക ഭാവം ….
ശുഭ ദിനം …
ഒരു നൂറു മൺചിരാതൊരുമിച്ചു തെളിയിക്കെ
മനസ്സിൽ നിറയുമീ ദീപാവലി
ശ്രീരാമചന്ദ്രനും സീതാദേവിക്കും
വരവേല്പൊരുക്കുമീ ദീപാവലി മനസ്സാലൊരുക്കുമീ ദീപാവലി നിറഞ്ഞു കത്തുന്ന നിലവിളക്കു പോലെ ഐശ്വര്യം നിറഞ്ഞതാവട്ടെ ഈ ദീപാവലി … ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.
നിറമുള്ള സ്വപ്നങ്ങൾ വിടാരാൻ തുടങ്ങുന്നു
തൂമഞ്ഞു ഹാസത്തി-
ന്നിതളു പോലെ ….
അഴകിൽ പ്രതീക്ഷകൾ
അണിയിച്ചൊരുക്കുന്നു
നിറമേഴും ചാലിച്ചു ചേർത്ത പോലെ
ശുഭ ദിനം.
നവസുദിനം തുകിലുണരുo
മലർവനിയിൽ മാന്തോപ്പിൽ
ഇടകലരും പറവകളുടെ
കളകൂജന മതി മധുരം
ശുഭദിനം
പുലർക്കാല വന്ദനം നേരുന്നു ഭൂമിക്ക്
പൊന്നാട ചാർത്തുമീ കുഞ്ഞിളം വെയിലിന്
പുലർക്കാല വന്ദനം തൂമഞ്ഞുതുള്ളിയിൽ വിശ്വം ചമയ്ക്കുന്ന വിസ്മയ പൊരുളിന്
ശുഭദിനം
ഉദയയുടെ “പുലർ വേള” എന്ന കവിത എഴുതി തീർന്നപ്പോൾ ഉദയ തന്നെ ഇമ്പമാർന്ന ശബ്ദത്തിൽ അത് പാടി റിക്കോർഡ് ചെയ്ത് എനിയ്ക്കിട്ടു തന്നു. പാടാനുള്ള കഴിവും ഉദയയ്ക്ക് ഉണ്ടെന്നറിയുന്നത് അന്നാണ്. ഞാൻ ഉദയയെ കണ്ടിട്ടില്ലായിരുന്നു. ഈ പാട്ടു കേട്ടുകഴിഞ്ഞപ്പോൾ ഞാൻ ഉദയയെ വാട്സാപ് വഴി വീഡിയോ കാൾ ചെയ്തു. ഞങ്ങൾ കണ്ട് സംസാരിച്ചു. അന്നാദ്യമായി ഉദയ തന്റെ കഥ എന്നോട് പറഞ്ഞു. ഉദയയുടെ കവിതകൾ പ്രസിദ്ധീകരിയ്ക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ കുറച്ചു കൂടി ഒന്നിരുത്തം വന്നിട്ട് പ്രസിദ്ധീകരിയ്ക്കാം എന്നാണ് ഉദയ പറഞ്ഞത്. ആദ്യ കാലങ്ങളിൽ ഉദയ എഴുതിയ കവിതകൾ ഒരു കൂട്ടുകാരിയുടെ സഹോദരിയായിരുന്നു പാടി റിക്കോർഡ് ചെയ്തിരുന്നത്. എപ്പോഴും അതെളുപ്പമല്ല എന്നു വന്നപ്പോൾ ഉദയ തനിയെ പാടി റിക്കോർഡ് ചെയ്യാൻ തുടങ്ങി. പുലർവേള എന്ന കവിതയുടെ കുറച്ച് ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
പുലർവേള
രചന: ഉദയ ശിവദാസ്
നവസുദിനം തുകിലുണരും
മലർവനിയിൽ മാന്തോപ്പിൽ
ഇടകലരും പറവകളുടെ കളകൂജനമധിമധുരം
കതിരവനിൻ കനക രഥം
കാണായ് പൊൻ പ്രഭ വിതറി
പനിമതി തൻ തിരുനെറ്റിയിൽ കളഭക്കുറി ചാർത്തിയ്ക്കേ
കന്നി സൂര്യന് കണി വെയ്ക്കാൻ …..
ഇങ്ങനെ നീളുന്ന കവിത പുലരിയുടെ എല്ലാ സൗന്ദര്യവും മൂല്യവും ഉദയയുടെ മാറ്റാർന്ന ശബ്ദ സൗകുമാര്യത്തിൽ വിടർന്നു വരുന്നതു പോലെയായിരുന്നു.
ഉദയ ശിവദാസ് ദമ്പതികളുടെ ഏക മകളായ ശ്രദ്ധ ശിവദാസിന് വേണ്ടി ഈ ജനുവരിയിൽ ഉദയ എഴുതിയ കവിത “മകൾക്ക്” എന്ന് പേരിട്ട് പാടി എനിയ്ക്ക് അയച്ചു തന്നിരുന്നു. ശ്രദ്ധ ഇപ്പോൾ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ എംബിഎ വിദ്യാർത്ഥിനിയാണ്. മകൾക്ക് വേണ്ടി ഉദയ എഴുതിയ കവിതയുടെ ഏതാനും വരികൾ താഴെ കൊടുക്കുന്നു.
മകളേ കണിക്കൊന്ന മലരേ
മനസ്സിന്റെ നിറവേ നിനക്കോർത്തു മൂളാൻ
കൊലുസിന്റെ താളത്തിലലിയുന്നൊരിരീണമായ് ചാരത്തു തന്നെയുണ്ടമ്മ
കനവേ നിനക്കെന്റെ കരളിൽ കുറിയ്ക്കുന്ന കവിത തൻ ചേലുമൊന്നല്ലേ.
വരികളിൽ വിരിയുന്ന വർണ്ണങ്ങളാലെത്ര മഴവില്ലു തീർത്തു തന്നില്ലേ .
അച്ഛന്റെ മാറിലെ ചൂടേറ്റുറങ്ങുമാ രാവും നിനക്കോർമ്മയില്ലേ.
………
വിവേകാനന്ദ സ്വാമികളെ കുറിച്ച് ഒരു കവിത ഉദയ എഴുതിയത് പാടി എനിക്കയച്ചു തന്നു.
എന്റെ ഗുരുനാഥൻ
ബ്രഹ്മകമലം വിടരും നയനം
ശാന്ത ഗംഭീര സുസ്മേര വദനം
പ്രണമിക്കുന്നു നിൻ തൃപ്പാദപത്മം ശ്രീവിവേകാനന്ദ സ്വാമികൾ ശരണം
പ്രണവാക്ഷര ജപ മുഖരിതമധരം
ഗൂഢസ്മിത മതിലലിയും പൊരുളായ്
സൂര്യതേജോമയ ഭവ കാന്തി
ശാന്തി പകരും ദർശനപുണ്യം
ഭാരത പൈതൃക ശ്രീയെഴുംവസനം
പ്രൗഢിയാർന്നരുളും തലപ്പാവും
ഓർക്കിലെന്തതി മോഹനരുപം
ശ്രീവിവേകാനന്ദ സ്വാമി തൻ സ്മരണം
മതസൗഹാർദ്ദത പെരുമകൾ തീർക്കേ
സഹോദര്യം നാദമുതിർത്തു
ഹൃത്ത് പകുത്താ മധു മന്ത്രധ്വനി
വിശ്വമാകെ മാറ്റൊലി കൊണ്ടു
ആർഷഭാരത സംസ്കൃതി പകരും ആത്മജ്ഞാന പരാത്പരമഖിലം
പുറമേയലയാതകമേ തിരിയുക
ബ്രഹ്മം നിയെന്നറിയുക മനമേ
ഋഷിവര്യന്മാരുള്ളാലെഴുതിയ
പൗരാണിക ബഹു താത്വിക ചിന്തകൾ
പ്രചരിപ്പിക്കാൻ ഉൾവിളിപോലെ
ശപഥമെടുത്താ ഭാരതപുത്രൻ
കന്യാകുമാരി നിൻ മൺതരിപോലും
പരമപദത്താൽ പാവനമല്ലേ
ആവേശത്തിര ചിതറും നടയിൽ അഭിമാനത്തിന്നലയൊലിയില്ലേ
കോടി ജന്മ സുകൃതം പോലൊരു ധ്യാന വേളയിലാഗതനായ് നീ
പുഞ്ചിരിയാലൊരു കവിത രചിച്ചെൻ
നെഞ്ചമാകെ മലർമഴ തൂകി (ബ്രഹ്മ)
ഈ കവിത കിട്ടിക്കഴിഞ്ഞപ്പോൾ വീണ്ടും പ്രസിദ്ധീകരിയ്ക്കുന്നതിനെ കുറിച്ച് ഞാൻ വീണ്ടും ചോദിച്ചു. എന്തെങ്കിലും ഒക്കെ ചെയ്യണം എന്നേ ഉദയ പറഞ്ഞുള്ളു. ഓർമ്മചെപ്പിൽ ഉദയയെ കുറിച്ച് ഞാൻ എഴുതട്ടേയെന്ന് ചോദിച്ചപ്പോൾ ഉദയയുടെ മറുപടി ഇങ്ങനെയായിരുന്നു. ” എന്നെ കുറിച്ച് എന്തെഴുതാനാണ് മാം?.” ഞാൻ പറഞ്ഞു: ” ഉദയ എഴുതിയ കവിത തന്നെ ധാരാളം”
അങ്ങനെ ഉദയ സമ്മതിച്ചു.
തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തെ ഒരാശുപത്രിയിലായിരുന്നു ഉദയയുടെ ജനനം. ഉദയ ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ ഉദയയുടെ അച്ഛന്റെയും അമ്മയുടേയും കുടുംബ o പാലക്കാട് ജില്ലയിലെ അട്ടപാടിയിലേയ്ക്ക് കുടിയേറി. ധാരാളം സ്ഥലമൊക്കെ വാങ്ങിച്ച് കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും കുലത്തൊഴിലായ മരപ്പണി ചെയ്തും ഉദയയുടെ അച്ഛനമ്മമാർ ആറു മക്കളെ പൊന്നുപോലെ വളർത്തി. അവർ താമസിക്കുന്ന സ്ഥലത്തു നിന്നും നല്ല കോളേജിലേയ്ക്കും മറ്റും പോകാൻ ഗതാഗത സൗകര്യം വളരെ കുറവായതിനാൽ ഉദയയുടെ വിദ്യാഭ്യാസം വീടിന് സമീപമുള്ള സ്കൂളുകളിലും പാരലൽ കോളേജിലും സമീപത്തെ ഒരു കോളേജിലുമായി ഒതുങ്ങി. അങ്ങനെ ബികോം പാസ്സായി കഴിഞ്ഞപ്പോൾ ഉദയയുടെ കൂട്ടുകാരി ലതയുടെ പരിചയത്തിലുള്ള ഒരു നല്ല മനുഷ്യൻ ഇവരെ സമീപിച്ച് പറഞ്ഞു: എനിക്ക് രണ്ട് പെൺകുട്ടികളെ വേണം. വനമാല കല്യാണാ ശ്രമത്തോടനുബന്ധിച്ച് ഒരു നഴ്സറി സ്കൂളും ഒന്നാം ക്ലാസ്സും തുടങ്ങാൻ ആഗ്രഹിയ്ക്കുന്നു. അവിടെ പഠിപ്പിക്കാനാണ്.
ആ നല്ല മനുഷ്യന്റെ ശമ്പളത്തിൽ നിന്നാണ് സ്കൂളിന്റെ നടത്തിപ്പ്. വേറെ സാമ്പത്തിക സ്രോതസ് ഒന്നുമില്ല. ഒരു ദക്ഷിണ പോലെ അഞ്ചു രൂപ നഴ്സറി ക്ലാസ്സിൽ നിന്നും 10 രൂപ ഒന്നാം ക്ലാസ്സിലെ കുട്ടികളിൽ നിന്നും ലഭിക്കും. അങ്ങനെ ലതയും ഉദയയും കൂടി സ്കൂൾ നടത്താൻ തുടങ്ങി. നാനൂറ് രൂപ വീതമായിരുന്നു ഇരുവർക്കും ലഭിച്ചിരുന്ന ശമ്പളം. അത് വണ്ടിക്കൂലിയ്ക്ക് പോലും തികയില്ലായിരുന്നു. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ ലത വിവാഹിതയായി പോയി. സ്കൂൾ നടത്തിപ്പ് ഉദയയുടെ മാത്രം ഉത്തരവാദിത്തമായി മാറി. ശമ്പളം കൊടുക്കുന്ന നല്ല മനുഷ്യൻ വല്ലപ്പോഴുമൊരിക്കൽ മാത്രം വരും. ഉദയ തന്റെ തന്നെ ഉത്തരവാദിത്വത്തിൽ കൂട്ടുകാരെ കൂടി വിളിച്ച് സ്കൂൾ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയി. രക്ഷിതാക്കൾ ഉദയയെ വിശ്വസിച്ചാണ് കൂട്ടികളെ ആ സ്കൂളിൽ ചേർത്തത്. അവരുടെ ആവശ്യം ആ സ്കൂളിൽ ചേർന്ന കുട്ടികളെ നാലാം ക്ലാസ് പരീക്ഷയെഴുതിച്ചിട്ടേ ഉദയ സ്കൂൾ വിട്ട് മറ്റ് ജോലിയ്ക്ക് പോകാവൂ എന്നായിരുന്നു അവരുടെ നിബന്ധന. അങ്ങനെ ഉദയ ആ സ്കൂളിന്റെ നടത്തിപ്പുമായി മുന്നോട്ട് പോയി. കുട്ടികളെ നാലാം ക്ലാസ്സ് പരീക്ഷ എഴുതിയ്ക്കാറായപ്പോഴാണ് പ്രശ്നം.
ഒരു പ്രൈവറ്റ് സ്കൂളുകാരും ഇവർക്കനുകൂലമായിരുന്നില്ല. പിന്നെ ഉദയ സാക്ഷരത മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത് കൊണ്ട് ഷോളയാർ സ്കൂളിലെ ഒരധ്യാപകനെ പരിചയമുണ്ടായിരുന്നു. അദ്ദേഹം ്് സഹായിയ്ക്കാമെന്നേറ്റു. ഒരു മാസം കുട്ടികളെ ഷോളയാർ സ്കൂളിൽ പഠിപ്പിച്ച് ഹാജർ നേടിയിട്ട് വേണം പരീക്ഷ എഴുതി യ്ക്കാൻ. 36 കിലോമീറ്റർ താണ്ടി ദിവസവും കുട്ടികളെ ആ സ്കൂളിലെത്തിയ്ക്കാൻ. ആ പ്രതിസന്ധിയും ഉദയ തരണം ചെയ്തു. കുട്ടികളെ നാലാം ക്ലാസ്സ് പരീക്ഷയെഴുതിച്ച് കഴിഞ്ഞ ശേഷം ഉദയ സ്കൂളിന്റെ പടിയിറങ്ങി. പിന്നെ അന്നാട്ടിലെ മിൽമ സൊസൈറ്റിയുടെ സെക്രട്ടറിയായി മൂന്നു വർഷത്തിലധികം ജോലി ചെയ്തപ്പോഴായിരുന്നു ഉദയയുടെ വിവാഹം. പത്രപരസ്യം കണ്ട് വെറുo പത്ത് ദിവസം കൊണ്ട് വിവാഹം നടന്നു.
ഫാർമസിസ്റ്റായ ശിവദാസ് ആയിരുന്നു വരൻ. ശിവദാസിന്റെ അച്ഛനമ്മമാർ പാലക്കാട്ടുകാരായിരുന്നു. അച്ഛന്ചത്തീസ്ഗഡ് സ്റ്റീൽ പ്ലാന്റിൽ അവിടെയായിരുന്നു കുടുംബത്തിന്റെ സ്ഥിര താമസം. ശിവദാസിന് ഒരു സഹോദരൻ കൂടിയുണ്ട്. രണ്ട് മക്കളും മലയാളക്കരയുമായി വല്യ ബന്ധമൊന്നുമില്ലാതെ വളർന്നവരാണ്. വിവാഹിതയാകുമ്പോൾ ഉദയയുടെ ഭർത്താവിന് ഡാമൻ ഡിയു എന്ന കേന്ദ്ര ഭരണ പ്രദേശത്തായിരുന്നു ജോലി. ഉദയ ആദ്യം ഛത്തിസ്ഗഡിലെത്തി. പിന്നെ ദമ്പതികൾ ദാമൻ ദി യു വിൽ കുറേക്കാലം ജീവിച്ചു. മകൾ പിറന്നപ്പോൾ ഉദയയുടെ വീട്ടുകാർ ഉദയയെ പ്രസവത്തിനായി നാട്ടിലേയ്ക്ക് കൊണ്ടുവരാൻ തയ്യാറായിരുന്നു. എന്നാൽ ഉദയയുടെ ഭർത്താവിന്റെ മാതാപിതാക്കൾ സന്തോഷത്തോടെ പ്രസവ ശുശ്രൂഷയൊക്കെ അവിടത്തന്നെ നടത്തി.
ശ്രദ്ധയെന്ന് പേരിട്ട് അവർ മകളെ വളർത്തി. ഡാമൻ ഡിയു ഗുജറാത്ത്, സിക്കിം എന്നിങ്ങനെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ജോലി മാറി മാറി കിട്ടിയതനുസരിച്ച് കുടുംബം പല സ്ഥലങ്ങളിൽ താമസിച്ചു. ഒരു ഫ്ലാറ്റ് വാങ്ങി. വിവാഹിതയായശേഷം സന്തോഷവും സ്നേഹവും സുരക്ഷിതത്വവും സമ്പത്തും ശിവദാസിന്റെ സ്നേഹ ചിറകിനുള്ളിൽ ഉദയയ്ക്കും മകൾക്കും യഥേഷ്ടം ലഭിച്ചിരുന്നു. അവസാനം സിക്കിമിലായിരുന്നു ഉദയയുടെ ഭർത്താവിന് ജോലി. സൺ ഫാർമയിൽ. മകൾ ഒമ്പതാം ക്ലാസ്സിൽ ചേർന്ന് 3 ദിവസമേ യായുള്ളൂ.
ശിവദാസിന് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടു. പ്രശ്നമൊന്നുമില്ലെന്ന് ഉദയയോട് പറഞ്ഞു. ബിപി കൂടിയതാകാമെന്നാണ് അവർ കരുതിയത്. ഹിൽ സ്റ്റേഷനിലാണ് അവരുടെ താമസം. അടുത്തുള്ള കാർഡിയോളജി സെന്ററിലേയ്ക്ക് അവർ നടന്നു പോയി. അഞ്ച് മിനിട്ട് കൊണ്ടെത്താവുന്നിടത്ത് അരമണിയ്ക്കൂർ കൊണ്ടാണെത്തിയത്. അവിടെ ചെന്നപ്പോൾ കാർഡിയോളജിസ്റ്റ് അന്ന് ലീവായിരുന്നു. ആശു പത്രിയിലുള്ളവർ ഒരറ്റാക്ക് കഴിഞ്ഞെന്നും വേഗം അടുത്ത അറ്റാക്ക് വരുന്നതിന് മുമ്പ് സിക്കിം മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിയ്ക്കണമെന്നും പറഞ്ഞു. അവർ തന്നെ ആംബുലൻസ് ഏർപ്പാടാക്കി കൊടുത്തു.
സിക്കിം മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെയും സമയത്തിന് വൈദ്യ സഹായം ലഭിച്ചില്ല. ഉദയ ഒരു ഫയലെടുത്തു തിരിച്ചു വന്നപ്പോൾ ഡോക്ടർ മാൻ ശിവദാസ് കിടന്ന കട്ടിലിന് ചുറ്റും കൂടി നിൽക്കുന്നു. അപ്പോഴേയ്ക്കും ആ ജീവൻ പൊലിഞ്ഞിരുന്നു. അകാലത്തിലെ ഭർത്താവിന്റെ വിയോഗം ഉദയയുടെ മനസ്സിന് ഉൾക്കൊള്ളാനോ താങ്ങാനോ കഴിയാവുന്നതിനും അപ്പുറമായിരുന്നു. പിന്നെ മൃതദേഹം ഛത്തീസ് ഗഡിലെത്തിച്ച് സംസ്കാരം നടത്തി. 13 ന്റെ അന്ന് ചടങ്ങുകൾ കഴിഞ്ഞപ്പോൾ ബന്ധുക്കൾ ഉദയയെയും മകളെയും സിക്കിമിലെ വീട്ടിലെത്തിച്ചു. കാരണം മകളുടെ വിദ്യാഭ്യാസം , ഇൻഷ്വറൻസ് , ബാങ്ക്, സൺ ഫാർമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അങ്ങനെ ധാരാളം വിഷയങ്ങൾ ഉണ്ടായിരുന്നതിനാൽ ഉദയയ്ക്കും മകൾക്കും കുറേക്കാലം കൂടി സിക്കിമിൽ തങ്ങാതെ തരമില്ല. ബന്ധുക്കൾക്ക് അവരവരുടെ കാര്യങ്ങൾ ഉള്ളതുകൊണ്ട് അവർക്ക് തിരിച്ചു പോകാതെ തരമില്ല. അവർ 3 പേർ താമസിച്ചിരുന്ന വീട്ടിൽ രണ്ടു പേർ മാത്രമായി. ശിവദാസ് പകുതി മാത്രം കുടിച്ച് ബാക്കിയാക്കി വച്ചിരുന്ന കാപ്പി കപ്പ് കണ്ടപ്പോൾ ഉദയയ്ക്ക് സഹിക്കാനായില്ല.
മകൾക്ക് മലയാളം അറിയില്ല. കേരളത്തിൽ പോയാൽ സിബിഎസ്സി സ്കൂളിൽ ചേർത്താൽ ഈ പ്രശ്നം പരിഹരിയ്ക്കാം. ഉദയ മകളെ അവിടെ സിബിഎസ്സി സ്കൂളിൽ ചേർത്ത് മകളുടെ ഒൻപതാം ക്ലാസ്സ് പരീക്ഷ കഴിയുന്നതു വരെ അവിടെ തങ്ങി. ആറു മാസം പല ഓഫീസുകൾ കയറിയിറങ്ങുന്ന ജോലി ഉദയ ഒറ്റയ്ക്ക് ചെയ്തു. മനസ്സെപ്പോഴേ പിടി വിട്ട് പോയപ്പോൾ ഒറ്റയ്ക്ക് തുഴയാൻ വയ്യ എന്നൊരു തോന്നൽ. അപ്പോൾ അനുജത്തി വന്ന് ആറ് മാസം കൂടെ താമസിച്ചു. മകളുടെ പരീക്ഷ കഴിഞ്ഞപ്പോൾ അവർ ടി സി വാങ്ങി നാട്ടിലേയ്ക്ക്. മകളെ പഠിപ്പിയ്ക്കാനായി ഉദയ അഞ്ച് സെന്റ് സ്ഥലം ഒലവക്കോട്ട് വാങ്ങി. വീടു വച്ചു. മകളെ സിബിഎസ്സി സ്കൂളിൽ ചേർത്തു. മകൾ മിടുക്കിയായി പഠിച്ചു ഇപ്പോൾ എംബിഎ ചെയ്യുന്നു. നാട്ടിൽ വന്ന കാലത്ത് ഉദയയുടെ മനസ്സിന്റെ നീററലകറ്റാൻ സഹോദരൻ ഉദയയെ നെല്ലിയാമ്പതിയ്ക്ക് കൊണ്ടുപോയി. ഉദയയ്ക്ക് ആ സമയം പുറം കാഴ്ചകളൊന്നു o ആസ്വദിയ്ക്കാനുള്ള മാനസികാവസ്ഥയില്ലായിരുന്നു.
ഭർത്താവ് സമയത്ത് ചികിത്സ കിട്ടാതെ മരിച്ചല്ലോ എന്ന ചിന്ത ഉദയയ്ക്ക് ആധിയും വ്യാധിയുമായി മാറി. അടിസ്ഥാനപരമായി പറഞ്ഞാൽ ഉദയ ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിവുള്ളവളാണ്. സ്കൂൾ നടത്തിപ്പിന്റെ കഴിവിൽ നമ്മളത് കണ്ടതാണല്ലോ. ഉദയ തുടങ്ങി വച്ച സ്കൂൾ ഇന്ന് 9-ാം ക്ലാസുവരെയുള്ള സ്കൂളായി മാറി. അവിടത്തെ ഒരു പ്രമുഖ സ്കൂളിന്റെ അനുബന്ധസ്കൂളായി പ്രവർത്തിക്കുന്നു. ഭർത്താവിന്റെ സ്നേഹ ചിറകിൽ ഒതുങ്ങി കഴിഞ്ഞപ്പോഴും വിയോഗ ശേഷം കുറേ കാലത്തേയ്ക്കും ഉദയ തന്റെ ശക്തിയും തന്നിലുറങ്ങി കിടക്കുന്ന കഴിവുകളും തിരിച്ചറിഞ്ഞില്ല. ഇന്ന് ഉദയ നന്ദി പറയുന്നത് വൈക്കം അനാ മയയിലെ ശ്രീ പ്രേംലാലിനോടാണ്. അദ്ദേഹത്തിന്റെ ഹാപ്പിനസ് ക്ലബ്ബിൽ ചേർന്നതിൽ പിന്നെയാണ്. അദ്ദേഹത്തിന്റെ മെന്ററിംഗ് യോഗ മെഡിറ്റേഷൻ എന്നിവ ഉദയയിൽ നല്ല മാറ്റം വരുത്തി. ഉദയ മണ്ണിനേയും മനുഷ്യനേയും മരത്തേയും സ്നേഹിച്ച് കൃഷി ചെയ്യാൻ തുടങ്ങി. റീഡേഴ്സ് ക്ലബ്ബിൽ ചേർന്നു. അതിൽ “who cry when you die?” എന്ന പുസ്തകം വായിച്ചു കേട്ടപ്പോൾ തന്റെ ജീവിതവും അർത്ഥപൂർണ്ണമാകണമെന്ന് ഉദയ ചിന്തിച്ചു. റീഡേഴ്സ് ക്ലബ്ബിൽ നിന്ന് ഡിസ്കഷൻ ക്ലബ്ബിൽ ചേർന്നു. നന്നായി കമന്റിടുന്ന ഉദയയെ മറ്റുള്ളവർ ശ്രദ്ധിയ്ക്കാൻ തുടങ്ങി. അങ്ങനെ അതിലുള്ളവർ ഉദയയോട് എന്തെങ്കിലും എഴുതി പോസ്റ്റു ചെയ്തു കൂടെ എന്ന് ചോദിച്ചു. അങ്ങനെ വീട്ടിലെത്തിയ ഉദയയുടെ ആദ്യ കവിത ഏകദേശം ഒരു മണിക്കൂർ കൊണ്ട് 2020 ഡിസംബറിൽ പിറന്നു. അത് താഴെ കൊടുക്കുന്നു. ഉദയയുടെ ഹൃദയ നൊമ്പരങ്ങൾ ആദ്യ കവിതയിൽ പ്രതിഫലിയ്ക്കുന്നുണ്ട്.
എനിക്കുമുണ്ടായിരുന്നു കുഞ്ഞിതൾ
വിടർത്തി പുഞ്ചിരി പൊഴിച്ച പൂക്കാലം
എനിക്കുമുണ്ടായിരുന്നു കുങ്കുമം വിതറി
നാണത്താൽ തുടുത്ത സന്ധ്യകൾ
എനിക്കു മുണ്ടായിരുന്നു പൂഞ്ചിറ_
കൊതുക്കി സല്ലപിച്ചിരുന്ന പൂഞ്ചില്ല
എനിക്കു മുണ്ടായിരുന്നു ഹൃത്തതിൽ
നനുത്ത പുഞ്ചിരി നിറച്ചു വച്ചൊരാൾ
എനിക്കു മുണ്ടായിരുന്നു നെഞ്ചിലെ
കിനാവിലെപ്പോഴും നിറഞ്ഞു നിന്നൊരാൾ
പിന്നെനിക്കു മുണ്ടായിരുന്നു കാവിലെ
വിളക്കണഞ്ഞ പോൽ കൊഴിഞ്ഞ നാളുകൾ
അടർന്നു വീണു പോയ്
നേർത്ത തേങ്ങലായ്
നനഞ്ഞ ഓർമ്മകൾ ബാക്കിയാക്കി നീ
പറഞ്ഞതില്ല നീ അറിഞ്ഞുമില്ല ഞാൻ
പിരിഞ്ഞു പോകവേ മുറിഞ്ഞു വാക്കുകൾ …..
പിന്നെ ശ്രീ പ്രേംലാലിന്റെ മെഡിറ്റേഷൻ സെഷൻ കഴിഞ്ഞപ്പോൾ അതേ കുറിച്ച് ഒരു കവിതയെഴുതി ഹാപ്പിനസ് ക്ലബ്ബിന്റെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. അതിന് നല്ല കൈയ്യടി ലഭിച്ചിരുന്നു. പിന്നൊരു നിമിഷ കവിത ജനിച്ചത് ഫാദേർസ് ഡേയിലാണ്. ഉദയയുടെ അനുജത്തി അച്ഛന്റെ പഴയ കാല കഷ്ടപ്പാടുകൾ വർണ്ണിച്ചു കൊണ്ടൊരു കവിത ഫാമിലി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. അതു വായിച്ച ഉദയ അപ്പോൾ തന്നെ അച്ഛനെ കുറിച്ച് മറ്റൊരു കവിതയെഴുതി ആ ഫാമിലി ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. അതിനും വളരെയധികം പ്രോത്സാഹനം ലഭിച്ചു. പിന്നെ ഏത് കാര്യവും 3 ആഴ്ച ചെയ്താൽ ശീലമാകുമെന്നാണല്ലോ . 3 ആഴ്ചത്തേയ്ക്കുള്ള വെല്ലുവിളി ഹാപ്പിനസ് ക്ലബ്ബിൽ നിന്നും ലഭിയ്ക്കുമ്പോൾ ഒരു കവിത പൂർത്തിയാക്കാൻ കഴിയണേ എന്നായിരിക്കും ഉദയയുടെ പ്രാർത്ഥന. ഉദയ അത് ഒരാഴ്ച കൊണ്ട് പൂർത്തീകരിച്ച് രണ്ടാഴ്ച വെറുതേയിരിയ്ക്കും. വീണ്ടും അടുത്ത 21 ദിവസ വെല്ലുവിളി വരുമ്പോൾ വീണ്ടും എഴുതും. പാട്ടും കവിതകളും കേൾക്കുക ഉദയയുടെ ഇഷ്ട വിനോദമാണ്. ഡിസ്കഷൻ ക്ലബ്ബിലെ രവിയേട്ടൻ ഉദയയുടെ ബന്ധു കൂടിയാണ്. ധാരാളം കവിതകളും പാട്ടുകളും ഉദയയ്ക്ക് ഇട്ടു കൊടുക്കും. ഉദയ അത് കേൾക്കും. ക്ലബ്ബിലെ ബേബി സാറും മറ്റംഗങ്ങളും ഉദയയെ വീണ്ടും വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിയ്കാറുണ്ട്. കൃഷ്ണനെ കുറിച്ചുള്ള കവിതകളും പാട്ടുകളുമാണ് ഉദയയ്ക്ക് ഏറെ പ്രിയം.
കൃഷ്ണനെ കുറിച്ച് ഉദയ എഴുതിയ കവിത താഴെ കൊടുക്കുന്നു.
കണി കാണണമെന്നുണ്ണി കണ്ണാ നിൻ രൂപം
നീലാഞ്‌ജനമണിയും നിൻ കാർമേഘവർണ്ണം
കഴലിണ ചേർത്ത രുളേണം അടിയനു തവ രൂപം
കളഭ ചാർത്തണിയും നിൻ കായാമ്പൂ വർണ്ണം
കാരുണ്യം വഴിയും നിൻ തിരുമിഴി കൾക്കഴകായ്
കണി മലരായ് വിരിയാനി ഹ തെല്ലല്ലൊരു മോഹം
ആനന്ദാമൃത് ചോരും ചെഞ്ചുണ്ടിൽ ഹാസം
ഇടനെഞ്ചിൽ തിരയിളകി കടലോളം ഹർഷം
ഒരു പീലി കണ്ണായ് നിൻ തിരുമുടിയിൽ ചേരാൻ
കൊതി തുള്ളും പൊൻ മയിലായ് അരികത്തിന്നണയാം
മണിമാലയോടിട ചേർന്നൊരു വനമാലയതാവാം
തിരു മാറിൽ ചേർന്നണിയെ പൊലിയണ മീ ജന്മം
തൂനെറ്റിയിലണിയും നറുകള ഭകൂട്ടാവാം
അതിലലിയും പനിനീർ കണമതു മതി മമ പുണ്യം
അല ഞൊറിയും മഴവില്ലോ പൂഞ്ചേല പരുവം
അതിലേ തോ വർണ്ണപ്പൊട്ടി ന്നെന്നുടെ ഹൃദയം (കണി)
ഒന്നും ഒന്നിന്റേയും അവസാനമല്ല. കാലമിനിയും ഉരുളും വിഷുവരും വർഷവരും എന്നു പറഞ്ഞതു പോലെ ഉദയയ്ക്കിനിയും ധാരാളം കവിതകൾ പിറക്കും. ഉദയ അത് പ്രസിദ്ധീകരിക്കും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഉദയയുടെ കൃഷി തോട്ടത്തിൽ നിന്നുള്ള ഫോട്ടോകൾ
രാധാകൃഷ്ണൻ മാഞ്ഞൂർ
ഏതൊരു വിഢിക്കും വിമർശിക്കുവാനും, പരാതിപ്പെടാനും, അപലപിക്കാനും കഴിയും. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും ആത്മനിയന്ത്രണം ആവശ്യമാണ്. പലപ്പോഴും മറ്റുള്ളവരെ വിമർശിക്കുവാൻ എനിക്കു തന്നെ എന്താണ് കുറവുള്ളതെന്ന് വെളിപ്പെടുത്തുന്നു. ഈ വാക്യങ്ങൾ സിഗ്മണ്ട് ഫ്രോയ്ഡ് കാലങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. ഒരു പക്ഷെ മലയാളിയുടെ സ്വഭാവരീതി മനസ്സിൽ വച്ചുകൊണ്ട് പറഞ്ഞതാവാം എന്ന് ചിന്തിച്ചുപോവുന്നു. വാവ സുരേഷിനെ മൂർഖൻ കടിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ചില ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മഹാന്മാരുടെ തള്ള് വിശേഷങ്ങൾ അരങ്ങ് കൊഴുത്തു മുന്നേറുകയായിരുന്നു . വാവ ഒരു കള്ള നാണയമാണെന്നും പാമ്പിൻവിഷം വിൽപ്പനക്കാരനാണന്നുമൊക്കെ അവർ പറഞ്ഞു വച്ചു. സൈബർ മീഡിയയിൽ ഉറഞ്ഞുതുള്ളിയവരുടെ ലക്ഷ്യങ്ങൾ എന്താണെന്നറിയില്ല. ഒരുകാര്യം സത്യമാണ്. ഫ്രോയിഡിയൻ മന:ശാസ്ത്രം പറഞ്ഞത് മലയാളിയുടെ വിമർശിക്കാനുള്ള മനസ്സിനെയാണ്, ആ നികൃഷ്ട സ്വഭാവത്തെയാണ്. വാവ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുല്ലുവില കൊടുക്കുന്നവർ അയാളൊരു നന്മമരമല്ലെന്നു പറയുന്നു,
കഴിഞ്ഞ തിങ്കളാഴ്ച കുറിച്ചിയിൽ (കോട്ടയം) പാമ്പു പിടുത്തത്തിൽ അപകടത്തിൽപെട്ട വാവസുരേഷിൻ്റെ ജീവനുവേണ്ടി നാടുമുഴുവൻ പ്രാർത്ഥനയിലായിരുന്നു.
കുറിച്ചിയിലെ വാർഡ് മെമ്പർ ബി.ആർ. മഞ്ജീഷ് കുമാർ മുതൽ ഒരു ഗ്രാമം മുഴുവൻ സുരേഷിനായ് മെഡിക്കൽ കോളേജിൽ ഓടിയെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിൻ്റെ നേതൃത്വത്തിൽ അഞ്ച് വിഭാഗങ്ങളെ മേധാവികൾ ഉൾപ്പെട്ട സംഘം ആ ജീവന് കാവൽ നിന്നു. മന്ത്രി വി. എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ സുരേഷിനെ സന്ദർശിച്ചു. കാര്യങ്ങൾ ഭംഗിയായി പുരോഗമിക്കുമ്പോഴും നാം ചർച്ചയിലായിരുന്നു.
വാവയ്ക്ക് കുറച്ച് ‘ഊള ഫാൻസുണ്ട’ന്ന് ഒരു നിരീക്ഷകൻ പറഞ്ഞു വച്ചു. നോക്കണെ കാര്യങ്ങളുടെ പോക്ക്……
നമ്മൾ മലയാളികൾ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു.
ജീവിതത്തിൽ നാം ഏറിയപങ്കും മറ്റുള്ളവരെ നിരീക്ഷിക്കുവാനാണ് സമയം കണ്ടെത്തുന്നത് മറ്റൊരുവൻ്റെ പ്രതികരണങ്ങൾ, സ്വകാര്യതകൾ തുടങ്ങി എല്ലാം വിധേയമാക്കുന്നു. ഇതൊക്കെയാണ് നമ്മൾ പർവ്വതീകരിച്ചു കാണുന്നത്…. ഏതോ കാലത്ത് ജീവിക്കുന്ന ‘മക്കോണ്ട ‘ നിവാസികൾ….. സ്വപ്നങ്ങളുടെ ഉട്ടോപ്യയിൽ ഉണ്ട് ഉറങ്ങുന്നവർ …..
സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങിയാൽ നമുക്കിതൊക്കെ വേഗം ബോധ്യമാകുമെന്ന് ഓഷോയും പറയുന്നു.
എന്തിനെയും വിമർശിച്ച് പറയുന്ന മലയാളിയുടെ വ്യാജ പൊങ്ങച്ച പ്രമാണങ്ങളെ പൊളിച്ചടുക്കണമെന്ന് പ്രശസ്ത ഗായകൻ ദിലീപ് വയല (ജയവിജയ ഹിറ്റ്സ് കോട്ടയം ) പറയുന്നു . ഏതു കാര്യത്തിലും നമ്മുടെ നാട്ടിലെ ആളുകൾ കുറ്റം പറയും. അവരുടെ രക്തത്തിൽ അലിഞ്ഞ കാര്യമാണ്. എത്ര നന്നായി പാടിയാലും എന്തെങ്കിലും കുറ്റം പറഞ്ഞെങ്കിലെ ഇവറ്റകൾക്ക് സമാധാനമാവുകയുള്ളൂ….. വാവയുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്… അയാൾ എത്ര ബഹുമാനത്തോടെയാണ് പാമ്പിനെ സമീപിക്കുന്നത്….. ‘അദ്ദേഹം’ എന്നോ ‘അതിഥി’ എന്നോ സംബോധന ചെയ്യുന്ന….. ഇതിൽ എവിടെയാണ് പാമ്പിനെ ഉപദ്രവിക്കുന്നത്….. പാമ്പിൻ വിഷം മാർക്കറ്റിൽ കൊടുക്കുന്നില്ല…. വാവ അയാൾക്കിഷ്ടപ്പെട്ട പ്രവർത്തി ചെയ്യുന്നു. അതും ലാഭേഛയില്ലാതെ ചെയ്യുന്നു . പല സ്ഥലങ്ങളിലും വണ്ടിക്കൂലി പോലും വാങ്ങാറില്ലത്രെ … ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. ദിലീപ് പറഞ്ഞു നിർത്തി.
ഉപരേഖ
വാവ സുരേഷ് ഒരു പ്രതീകമാണ് . നിസ്വാർത്ഥ പ്രവർത്തിയുടെ ആൾ രൂപം. വാവയുടെ ജാതിയും, ജാതകവും തിരഞ്ഞു പോയ മഹാന്മാരെയോർത്ത് നമുക്ക് ലജ്ജിക്കാം….. പലർക്കും അയാളുടെ നിറമാണ് പ്രശ്നം…. കറുപ്പ്…. അതൊരു പ്രശ്നമാവുന്നു….. നെറ്റി ചുളിയേണ്ട.
ഉഗ്രവിഷമുള്ള കാർക്കോടകൻമാരും, വാസുകിമാരും സൈബർ ഇടങ്ങളിലെ മാളങ്ങളിൽ ഇനിയുമുണ്ട് ……സൂക്ഷിക്കുക.
ഡോ. ഐഷ വി
2019 ൽ കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങിയതു മുതൽ അതിന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുന്നുണ്ടായിരുന്നു. കാരണം ജോലി സംബന്ധമായി മിക്കവാറും എല്ലാ പ്രവൃത്തി ദിവസവും 5 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരാറുണ്ട്. അതിനാൽ തന്നെ ബസ്സിൽ കയറി കഴിഞ്ഞാൽ, ടിക്കറ്റെടുത്തു കഴിഞ്ഞാൽ, ബസ്സിൽ നിന്നിറങ്ങിയാൽ , ഓട്ടോയിൽ കയറിയാൽ , ഓട്ടോയിൽ നിന്നിറങ്ങിയാൽ , ആരുടെയെങ്കിലും പക്കൽ നിന്നും ക്രയവിക്രയത്തിന്റെ ഭാഗമായി നോട്ടുകൾ വാങ്ങിയാൽ , നോട്ടുകൾ കൊടുത്താൽ വിദ്യാർത്ഥികളോ ഓഫീസ് സ്റ്റാഫോ കൊണ്ടുവരുന്ന ഫയലുകളോ പേപ്പറുകളോ ഒപ്പിട്ടു കഴിഞ്ഞാലുടൻ സാനിറ്റൈസർ ഇടുക എന്നത് എന്റെ പതിവായിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊറോണ വൈറസ് എന്നിൽ നിന്നും അകന്നു നിന്നതെന്തേ എന്നോർക്കുമ്പോൾ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. ഒരു പക്ഷേ കൃഷിപ്പണികൾ ചെയ്യുമ്പോൾ , നാമറിയാതെ നമുക്ക് ലഭിച്ച വൈറ്റമിൻ ഡി, വ്യായാമം പോഷകാഹാരം എന്നിവയാകാം വരാതിരിക്കാൻ ഒരു കാരണം.
വടക്കഞ്ചേരിയിലെ ഫ്ലാറ്റിൽ വന്നു കഴിഞ്ഞ് വ്യായാമവും വൈറ്റമിൻ ഡിയുടെ അളവും നന്നേ കുറഞ്ഞേക്കാം. സാമൂഹിക അകലവും സാറിറ്റൈസറും മാസ്കുമൊക്കെ പഴയ പോലെ തന്നെ ഉപയോഗിച്ചിരുന്നു. പിന്നെ എന്താകാം കാരണം എന്ന് ചിന്തിച്ചപ്പോഴാണ് ഫ്ലാറ്റിൽ കാറിറക്കാനായി ഗേറ്റ് തുറക്കാനും മറ്റും മാസ്ക്കിടാതെ മുറ്റത്തിറങ്ങിയ കാര്യം ഓർമ്മ വന്നത്. ജനുവരി 18 വരെ സ്മാർട്ടായി കോളേജിൽ പോയിരുന്ന എനിക്ക് 19-ാം തീയതി രാവിലെ പൊതിച്ചോർ തയ്യാറാക്കിയിട്ടും കോളേജിൽ പോകാനേ തോന്നുന്നില്ല. കിടന്നുറങ്ങാനാണ് തോന്നിയത്. നല്ല ദേഹം വേദനയുണ്ട്. വേഗം കോവിഡായിരിയ്ക്കും എന്നാണ് മനസ്സിൽ തോന്നിയത്.
കോളേജിൽ ഉദയകുമാറിനെ വിളിച്ച് ചാർജ്ജ് കൊടുത്ത ശേഷം ഓഫീസിലെ ഡാലിയെ വിളിച്ച് കോവിഡ് ടെസ്റ്റ് നടത്താൻ എവിടെ പോകണം എന്നന്വേഷിച്ചു. ഡാലി ഉടനേ പറഞ്ഞ മറുപടി രണ്ട് ദിവസം കൂടി കഴിഞ്ഞ് ടെസ്റ്റ് ചെയ്താൽ പോരേ എന്നാണ്. ഏതായാലും എനിക്ക് കിടന്നുറങ്ങാനാണ് തോന്നിയത്. ഒന്നെണിറ്റിരിയ്ക്കാനാവാത്ത തരത്തിൽ ദേഹം വേദനയും ക്ഷീണവും പനിയും . ചുമയോ ജലദോഷമോ തൊണ്ടവേദനയോ അപ്പോൾ എനിക്കുണ്ടായിരുന്നില്ല. ഇടയ്ക്ക് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും . ഫോണെടുത്ത് ഒന്ന് തോണ്ടാനോ ഇരിക്കാനോ തോന്നാത്ത അവസ്ഥ. ദശമൂല കടുത്രയം കഷായം, താലീസപത്രാദി ചൂർണ്ണം , ദശമൂലാരിഷ്ടം എന്നിവ ഡാലി ജോസഫ് കുട്ടികളെ കൊണ്ട് മേടിപ്പിച്ച് തന്നു.
അധ്യാപകർക്ക് അങ്ങനെ ഒരു ഗുണമുണ്ട്. എവിടെ ചെന്നാലും വിദ്യാർത്ഥികളും സഹപ്രവർത്തകരുമൊക്കെയുണ്ടാകും സഹായിക്കാൻ. രാത്രി ഭർത്താവെത്തിയപ്പോൾ ഞാൻ പറഞ്ഞു നാളെ കോളേജിൽ പോകണ്ടെന്ന്. അന്ന് രണ്ടു പേരും കഷായമൊക്കെ കഴിച്ച് കിടന്നു. പിറ്റേന്ന് രണ്ടുപേരും നേരെ വടക്കഞ്ചേരി PHC യ്ക്ക് വിട്ടു. അവിടെ ടോക്കണെടുത്തു ഡോക്ടറെ കാണാനായി കാത്തിരുന്നു. ഞങ്ങളുടെ ഊഴം വന്നപ്പോൾ ഡോക്ടറെ കണ്ടു. മരുന്നു കുറിച്ച ശേഷം ഡോക്ടർ പറഞ്ഞു: കോവിഡാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. ടെസ്റ്റ് ചെയ്താലും ഇല്ലെങ്കിലും ക്വാറന്റെനിൽ ഇരിക്കണം. ആശാ വർക്കറെ വിളിച്ച് ചോദിച്ചിട്ട് ടെസ്റ്റ് ചെയ്യാൻ നാളെ കല്യാണ മണ്ഡപത്തിൽ പോയാൽ മതി. രണ്ടു പേരും തിരികെ ഫ്ലാറ്റിലെത്തി. ആശാവർക്കറുടെ നമ്പർ സംഘടിപ്പിച്ചു. പിറ്റേന്ന് ടെസ്റ്റ് നടത്തുന്നില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ ഡാലി തന്ന ലാബുകാരുടെ നമ്പരിൽ വിളിച്ചു. അവർ പിറ്റേന്ന് ടെസ്റ്റു ചെയ്യാൻ വരാമെന്നേറ്റു . വീട്ടിൽ വന്ന് സ്വാബ് എടുക്കുന്നതിന് അധികത്തിൽ കാശ് കൊടുക്കണം. ഞാൻ ഓകെ പറഞ്ഞു.
രണ്ടു പേരും ഹോം ക്വാറന്റൈൻ ആയതിനാൽ രണ്ടു പേരും കൂടി ഭക്ഷണം ഉണ്ടാക്കി കഴിച്ചു സുഖമായി കിടന്നുറങ്ങി. കൊറോണയുടെ ആദ്യ തരംഗത്തിലെങ്ങാനുമായിരുന്നു ഞങ്ങൾ അസുഖ ബാധിതർ ആയിരുന്നതെങ്കിൽ രണ്ടു പേരേയും ദൂരെയെവിടെയെങ്കിലുമുള്ള ക്വാറന്റെൻ സെന്ററിൽ ആക്കിയേനെ. മൂന്നാം വരവിൽ ഭാഗ്യം . സ്വന്തം വാസസ്ഥലത്തിരിക്കാമല്ലോ? അത്രയും ആശ്വാസം. ഡാലി പൊരിച്ച മീനും മീൻ കറിയുമായി എത്തി. ദൂരെ നിന്ന് കണ്ടു. പോയി. ഞങ്ങൾക്ക് ഭക്ഷണം കുശാലായി. നാട്ടിൽ ഇതിനിടയ്ക്ക് സഹോദരന്റെ ഭാര്യയ്ക്കും മക്കൾക്കും എന്റെ അമ്മയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ദിവസവും അമ്മയെ വിളിച്ച് എല്ലാവരുടേയും വിവരങ്ങൾ അന്വേഷിച്ചു.
ഒരു ദിവസം ഞങ്ങൾ രണ്ടു പേരും കാലിക്കറ്റ് യൂണിവേഴ്സിറ്റി യു ജി ഓൺലൈൻ ക്വസ്റ്റ്യൻ പേപ്പറുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിംഗ് നടത്തിയത് അറ്റന്റു ചെയ്തു. നേരത്തേ പിജിയുടേത് ഓൺ ലൈൻ ആക്കിയിരുന്നു. അത് ഞങ്ങളെല്ലാവരും വിജയകരമായി പ്രാവർത്തികമാക്കിയിരുന്നു. മീറ്റിംഗിൽ മിക്കവാറും എല്ലാ പ്രിൻസിപ്പൽമാരും അവരവരുടെ അഭിപ്രായങ്ങൾ പങ്കു വച്ചിരുന്നു. അങ്ങനെ ആ ദിനം സാർത്ഥകമായി തോന്നി. ഇതിനിടയ്ക്ക് വിവരമറിഞ്ഞ സഹപ്രവർത്തകരും ബന്ധുമിത്രാദികളും വിദ്യാർത്ഥികളും എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു.
ഓർമ്മചെപ്പിന്റെ “ബൈ സ്റ്റാന്റർ ” എന്ന അധ്യായം പനി കിടക്കയിലാണെഴുതിയത്. ആദ്യം ഈ ആഴ്ച എഴുതേണ്ട എന്ന് വിചാരിച്ചെങ്കിലും എഴുതി പൂർത്തിയാക്കുകയായിരുന്നു. ഒരോ രചനയും മനസ്സ് മറ്റൊരു തലത്തിലേയ് ക്കെത്തി മനസ്സ് ചേർത്തു വച്ചെഴുതുമ്പോഴാണ് നന്നാവുന്നത്. ധൃതിയിൽ എഴുതുമ്പോൾ അത് നന്നാവണമെന്നില്ല. അങ്ങനെ ബൈസ്റ്റാന്റർ എഴുതി കഴിഞ്ഞപ്പോൾ ആ ക്വാറൻറ്റൈൻ ദിനവും അർത്ഥമുള്ളതായി തോന്നി.
അടുത്ത ദിവസം ലാബുകാരെത്തി . മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവമെടുത്ത് ടെസ്റ്റ് ചെയ്യാനായി തൃശ്ശൂർക്ക് അയച്ചു. പിറ്റേന്ന് റിസൾട്ട് വന്നു. ഞങ്ങൾ രണ്ടു പേരും കോവിഡ് പോസിറ്റീവ്. പിറ്റേന്നും ഡാലിയുടെ വക പൊരിച്ച മീനും മീൻ കറിയുമെത്തിയിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ സനത്, അനിൽ എന്നീ അധ്യാപകർ കാണാനെത്തി. അവരുടെ വക പഴങ്ങൾ . അടുത്ത ദിവസം സനത് കരിഞ്ചീരകം, ചുക്ക്, തുളസിയില . കറിവേപ്പില എന്നിവ എത്തിച്ചു തന്നു. ചുക്കു കാപ്പി, നാരങ്ങ വെള്ളം, മുട്ട പുഴുങ്ങിയത്, ഏത്തപ്പഴം പുഴുങ്ങിയത് എന്നിവ ഇടനേരങ്ങളിൽ ഞങ്ങൾ കഴിച്ചു.
ഒരു ദിവസം K-DISC ന്റെ YIP പ്രോഗ്രാമിന്റെ ഓൺലൈൻ റോഡ് ഷോയിൽ പങ്കെടുത്തു. അതു കഴിഞ്ഞ് മാന്നാർ UIT യുടെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് ജൈവ കൃഷി സംബന്ധിച്ച ഒരു ക്ലാസ്സെടുത്തു കൊടുത്തു. ദേഹം വേദന കടുത്തതായതിനാൽ നന്നായി ഉറങ്ങാൻ പോലും പ്രയാസമായിരുന്നു. അതിനാൽ ഞാൻ ശ്വസനക്രിയയും കൈകൾക്കും കാലുകൾക്കുമുള്ള വ്യായാമങ്ങളും നന്നായി ചെയ്തു. രക്തയോട്ടം കൂടിയതുമൂലമാകണം ശരീര വേദന കുറഞ്ഞു. സുഖ ഉറക്കം ലഭിച്ചു. ഭർത്താവിന് അപ്പർ റസ്പിറ്റേറി ലക്ഷണങ്ങളും പനിയും നന്നായുണ്ടായിരുന്നു. ഞാൻ വ്യായാമം ചെയ്തതു മൂലമാകണം എനിക്കായിരുന്നു വേഗത്തിൽ റിക്കവറി. ഇത്തിരി ശുദ്ധവായുവും കാറ്റും വെളിച്ചും ലഭിക്കാൻ ഞാൻ അടുക്കള ഭാഗത്തുള്ള വാതിൽ തുറന്നിട്ട് അവിടെ പടിയിൽ ഇരിക്കുന്നത് പതിവാക്കി. നല്ല കാറ്റ് ലഭിക്കുന്ന സ്ഥലമായതിനാൽ അവിടിരിക്കുമ്പോൾ നല്ല ഉന്മേഷം തോന്നി.
കിടക്കുന്ന മുറിയിൽ മൊബൈലിനിന് റേഞ്ച് കുറവായതിനാൽ ഫോൺ കാളുകളോ വാട്സാപ് മെസ്സേജുകളോ ആ മുറിയിൽ വച്ച് ലഭിച്ചിരുന്നില്ല. വാതിൽ പടിയിൽ എത്തുമ്പോഴാണ് മെസ്സേജുകൾ ചറപറായെന്നെത്തുക. പ്രധാനപ്പെട്ടവയൊക്കെ നോക്കും. എല്ലാ ദിവസവും 4 AM ക്ലബ്ബിലെ റോബിൻ തിരുമല, മോഹൻജി , ബീന, സുഷ ചന്ദ്രൻ തുടങ്ങിയവരുടെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ രാവിലെ നാലു മണിയ്ക്കല്ലെങ്കിലും കേൾക്കുകയും വായിക്കുകയും ചെയ്തു. പിന്നെ ഹരിപ്പാട് റോട്ടറി ക്ലബ്ബുനടത്തിയ “മെൻ സുറൽ ഹൈജീനെ ” കുറിച്ചുള്ള ഒരു ഇന്റർനാഷണൽ സെമിനാറിൽ പങ്കെടുത്തു. മെൻ സുറൽ കപ്പ് ഉപയോഗിയ് ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അത് ഒഴിവാക്കുന്ന മെൻ സുറൽ വേയ്സ്റ്റിന്റെ അളവിനെ കുറിച്ചും അത് ഉപയോഗിയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക ലാഭത്തെ കുറിച്ചും മറ്റും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വ്യക്തികൾ സംസാരിച്ചു.
കേരളത്തിലെ കുമ്പളങ്ങി എന്ന ഗ്രാമമാണ് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണമായും മെൻസുറൽ കപ്പുപയോഗിയ്ക്കുന്ന ഗ്രാമമെന്നത് എനിക്ക് പുതിയ അറിവായിരുന്നു. വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടുപോലുള്ള പ്രദേശക്കാർക്കും മെൻസുറൽ കപ്പിന്റെ ഉപയോഗം ആശ്വാസദായകമായിരിയ്ക്കും എന്നാണ് എന്റെ അഭിപ്രായം.
അടുത്ത ദിവസം ഡാലി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വീട്ടിലെത്തിച്ചു. കോളേജിലെ സെക്യൂരിറ്റി സ്റ്റാഫ് ബാലേട്ടനും ഇലക്ട്രോണിക്സ് ലക്ചറർ സുബിയും . ആവശ്യമുള്ള സാധനങ്ങൾ പൾസ് ഓക്സിമീറ്റർ , തെർമോമീറ്റർ , ഇൻഹലേറ്റർ ഉൾപ്പടെയുള്ളവ സമയാസമയം എത്തിച്ചിരുന്നു. ഫ്ലാറ്റിലെ താമസക്കാരും അവരാൽ കഴിയുന്ന സഹായങ്ങൾ ഞങ്ങൾക്കെത്തിച്ചു തരുവാൻ തയ്യാറായിരുന്നു. ഇടയ്ക്ക് ഞാൻ ക്യാൻസർ ബാധിച്ച് കീമോ ചെയ്തു കൊണ്ടിരിയ്ക്കുന്ന കാർത്തിക പള്ളി കോളേജിലെ ഒരധ്യാപികയെയും വിളിച്ച് സംസാരിച്ചിരുന്നു.
അല്പം ആശ്വാസം തോന്നിയ ദിവസം മുറിയൊക്കെ അടിച്ച് തുടച്ച് വൃത്തിയാക്കി പുതപ്പൊക്കെ കഴുകിയിട്ടു. പിന്നെ ഓർമ്മചെപ്പ് പുസ്തകമായി പ്രസിദ്ധീകരിക്കാനായി ശ്രീ ഒ.സി രാജുമോനെ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ ഓർമ്മചെപ്പിന്റെ 98 അധ്യായങ്ങൾ ഒന്നുകൂടി എഡിറ്റ് ചെയ്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തു . കഴിഞ്ഞ ദിവസം ക്വാറന്റൈൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ആശുപത്രിയിൽ ചെന്നപ്പോഴാണറിയുന്നത് ഒരാഴ്ച ഡോക്ടറും ക്വാറന്റൈനിൽ ആയിരുന്നെന്ന്. ആർടിപിസിആർ റിസൾട്ട് ആധാറുമായി ലിങ്ക് ചെയ്തിരുന്നതിനാൽ ഞങ്ങളെ വിളിച്ചത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ കോവിഡ് സെന്ററിൽ നിന്നുമായിരുന്നു. പാലക്കാടു കഴിയുന്ന ഞങ്ങൾക്ക് അവരെന്തു സഹായമെത്തിക്കാൻ. നാളെ വീണ്ടും ജോലിക്ക് കയറാനൊരുങ്ങുന്ന എന്നോട് ദൈവം തമ്പുരാൻ ” നീയൊന്ന് വിശ്രമിച്ചോ” എന്ന് പറഞ്ഞനുവദിച്ചു തന്ന ദിനങ്ങളായിരുന്നു ഈ ക്വാറന്റൈൻ ദിനങ്ങളെന്ന് എനിക്ക് തോന്നി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാധാകൃഷ്ണൻ മാഞ്ഞൂർ
“ചുറ്റിക്കെട്ടി മുകളിലേയ്ക്കെടുക്കടാ മരക്കഴുതെ ” ആശാൻ പീഠത്തിലിരുന്ന് ആജ്ഞാപിച്ചു .
പഞ്ചസാര മണലിൽ കുഞ്ഞുവിരൽ അമർത്തി പിടിച്ച് ശിഷ്യനെക്കൊണ്ട് അക്ഷരം എഴുതിക്കാനുള്ള തത്രപ്പാടാണ് നടക്കുന്നത്.
അക്ഷരം പിറന്നു വീഴാൻ വൈകുന്തോറും ചെറുവിരലിലെ പിടുത്തം മുറുകും. കണ്ണിൽ കൂടി പൊന്നീച്ച പറക്കും…..
ഏറെക്കഴിഞ്ഞ് ആ മണലിൽ ഒരക്ഷരം പിറന്നു. അതെ – ‘ൻ ‘ എന്ന അക്ഷര ത്തിൻറെ പരിണാമഗുപ്തി .
കാലം – 1971
സ്ഥലം:- മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിനരുകിലെ നിലത്തെഴുത്തു കളരി . ഗുരു അന്തരിച്ച കെ ആർ രാഘവൻ പിള്ള . ഇതിൽ പരാമർശിക്കുന്ന മരക്കഴുത ഈയുള്ളവൻ തന്നെ . പഠിതാവിൻ്റെ ചൂണ്ടുവിരൽ കൊണ്ട് മണലിൽ എഴുതിക്കുന്നതിന് ചില രീതികളുണ്ട്. ആശാൻറെ കാഴ്ചപ്പാടിൽ അക്ഷരങ്ങൾ തലകുത്തിയാണ് എഴുതുന്നത്. ശിഷ്യൻ്റെ കാഴ്ചയിൽ അക്ഷരം നേരെ തന്നെ രൂപപ്പെടുന്നു. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ഞാൻ ഓർക്കാറുണ്ട്.
അതായത് ആശാൻ അക്ഷരത്തിൻ്റെ തലയ്ക്കലും മണലിൽ എഴുതുന്ന കുട്ടി താഴെയും ഇരിക്കും.
ഏത് അക്ഷരവും തലതിരിച്ച് നിഷ്പ്രയാസം എഴുതാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.
സ്വരാക്ഷരം, വ്യജ്ഞനാക്ഷരം, ഗുണനം, ഹരണം, സങ്കലനം, വ്യവകലനം…. അങ്ങനെ നിലത്തെഴുത്തു കളരിയുടെ സിലബസ്സ് നീളുന്നു.
ഞങ്ങളുടെ ഗ്രാമത്തിൽ ആ കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരികളെ ഉണ്ടായിരുന്നുള്ളൂ . അക്ഷരങ്ങളുടെ ചൂടും, ചൂരും അറിഞ്ഞത് ആശാന്മാരിലൂടെയാണ്. അവർ കുട്ടികളെ ശാസിക്കും, ശിക്ഷിക്കും…. അതൊന്നും ആരുമൊരു കുറ്റമായ് കണ്ടില്ല.
രാഘവപിള്ളയാശാനും, കൃഷ്ണൻ നായരെന്ന പുതുവായിലാശാനും അക്കാലത്തെ പ്രശസ്തരായ ആശാൻമാരായിരുന്നു. അമ്മിണി ടീച്ചറിൻ്റെ വെൽഫെയർ സെൻററിലും നിരവധി കുട്ടികൾ അക്ഷരം പഠിച്ചു.
അക്ഷരങ്ങളും, അക്കങ്ങളും തറവാകണമെങ്കിൽ നിർബന്ധമായും ആശാൻ കളരിയിൽ വിട്ടു പഠിപ്പിക്കണമെന്ന് പഴയ തലമുറയ്ക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ ഗ്രാമത്തിൽ ഇതൊരു അലിഖിത നിയമമായിരുന്നു. അതുകൊണ്ട് എന്നെ പോലെ പഠിക്കാൻ മണ്ടന്മാരായ ശിഷ്യന്മാർ ഒന്നാം ക്ലാസിൽ ചേർന്നു കഴിഞ്ഞിട്ടും വൈകുന്നേരം കളരിയിലും പഠിക്കുമായിരുന്നു….. അതുകൊണ്ട് ഓരോ ആണ്ടറുതിയിലും എൻറെ ഓലവര നടക്കാതെ പോയി….. അക്ഷരം പഠിപ്പിച്ചെടുക്കുകയെന്ന ‘ഹെർക്കുലിയൻ ടാസ്ക്ക് ‘ ആശാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു.
അക്ഷരങ്ങളുടെയും, അക്കങ്ങളുടെയും ചതുര വടിവുകൾ വല്ലാതെ ഭയപ്പെടുത്തി…. എണ്ണിയെണ്ണി കുറയുന്ന അക്കങ്ങളുടെ ദശാസന്ധികൾ, പെരുക്കപ്പട്ടികയുടെ നിമ് ന്നോന്നതങ്ങൾ . എല്ലാം ആലീസിൻ്റെ അത്ഭുതലോകമായ് എനിക്കു മുന്നിൽ……
ഞങ്ങളുടെ ഈ ഓപ്പൺ യൂണിവേഴ്സിറ്റിയിലിരുന്നാൽ തൊട്ടടുത്തുള്ള സ്കൂൾമുറ്റം കാണാം, ആ മുറ്റത്തെ നന്ദ്യാർവട്ട ചെടികൾ കാണാം, കളരിയുടെ അരികിലെ അപ്പ മരങ്ങൾ കാണാം……
കളരിയുടെ തിണ്ണയിലേക്ക് കയറുന്നതിന് നിയതമായ വാതിലുകളില്ല …… എതിലെയും കയറാം. തെക്കേ സൈഡിലെ വാതിൽ വഴി കാലു നീളമുള്ളവർക്ക് കയറാം. ഉയരം കുറഞ്ഞവർ റോഡിലെ മതിലിനരികിൽ കെട്ടിയിരിക്കുന്ന നടക്കല്ലു വഴിയും കളരിയിൽ എത്തും. സ്കൂളിൽ നിന്ന് വരുന്ന സീനിയേഴ്സ് (ഒന്നും, രണ്ടും ക്ലാസുകാർ) ആശാൻ്റെ സായാഹ്ന ക്ലാസ്സിലേക്ക് ഓടിപ്പാഞ്ഞാണ് വരുന്നത്. മുറിയിലെ വലിയ സ്റ്റൂളിൽ ഇരിക്കാനുള്ള മത്സര ഓട്ടം. തകൃതമുള്ള വിദ്വാന്മാർക്കാണ് ആ കസേരയിൽ ഇരിക്കാൻ ഭാഗ്യം കിട്ടുന്നത്. അവസാനം വരുന്നവർ ‘ഓട്ടിക്കിശു’ എന്ന നാമധേയത്തിൽ അറിയപ്പെടും. അവർക്കൊരിക്കലും ആ സ്റ്റൂളിൽ ഇരിക്കാൻ ഭാഗ്യം കിട്ടാറില്ല….. പിന്നീട് സ്റ്റൂളിൽ ഇരുന്ന വിദ്വാനുമായി ഉന്തും തള്ളും ഉണ്ടാവും. ആ നേരത്താണ് ആശാൻ്റെ ചൂരൽ മേശപ്പുറത്ത് ആഞ്ഞടിക്കുന്നത്. ‘പോയിനെടാ പിള്ളേരെ’ എല്ലാവരെയും നല്ല വഴക്കുപറയും. കളരി പെട്ടെന്ന് നിശബ്ദമാവും…. പിന്നീട് ഞങ്ങളൊക്കെ നല്ല കുട്ടികളായി രൂപാന്തരപ്പെടും .
ചുവപ്പിലും, പച്ചയിലും അക്ഷരങ്ങൾ എഴുതിയ കാർഡ് ബോർഡുകൾ, ചുവന്ന കളറിലെഴുതിയ പട്ടിക ബുക്കുകൾ സ്ലേറ്റിൽ ഗുണനപ്പട്ടിക തെറ്റിച്ചെഴുതിയതിന് വലിയ ചൂരൽ വടി പ്രയോഗങ്ങൾ…..
ഇതെല്ലാം അരങ്ങേറുന്ന ഒരു മായികലോകം……. അതാണു കളരി!
കളരിയിൽ പഠനമുള്ള ഒരു ദിവസം ഉച്ചയ്ക്ക് നല്ല മഴ. മഴ ഒന്ന് ശമിച്ചപ്പോൾ നല്ല വെയിലും പിറന്നു .
ഇത് കണ്ട് അലക്സ് പറഞ്ഞു “വെയിലും, മഴയും ഒരുമിച്ചു വന്നാൽ കുറുക്കൻ്റെ പെണ്ണുകെട്ട് നടക്കും….. ”
എനിയ്ക്കതൊരു പുതിയ അറിവായിരുന്നു. പുറത്തെവിടെയെങ്കിലും ഒരു കുറുക്കൻ്റെ പെണ്ണുകെട്ട് കാണണമെന്ന് വ്യഥാ മോഹിച്ചു.
അവൻ പറഞ്ഞത് ശരിയാണ്….. കളരിക്കു വെളിയിൽ രണ്ടു കുറുക്കൻമാർ, നാദസ്വരം, നിലവിളക്ക്, പന്തൽ….
അതെ അവർ വിവാഹിതരാവുകയാണ്.
കെ.ആർ . രാഘവൻപിള്ള, നിലത്തെഴുത്താശാൻ. മാഞ്ഞൂർ തെക്കുഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ( ശ്രീരാഗം) താമസം.
മൂന്നു തലമുറകളിലായി ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ചു. ഭാര്യ പാലാ സ്വദേശിനി.
ഇവർക്ക് രണ്ടാണും, ഒരു പെണ്ണും. മൂന്നുപേരും വിവാഹിതർ.
ചെറുപ്രായത്തിൽതന്നെ നിലത്തെഴുത്തു കളരി സ്ഥാപിച്ചു.
മാഞ്ഞൂർ തെക്കുംഭാഗം ഗവൺമെൻറ് സ്കൂളിനരുകിലെ ഒറ്റമുറി കെട്ടിടത്തിലായിരുന്നു നിലത്തെഴുത്തു തുടങ്ങിയത്. വർഷാവർഷം എത്രയോ കുഞ്ഞുങ്ങൾ അവിടെനിന്ന് ഡ്രോപ്പൗട്ടുകളാവുന്നു…… ആശാൻ്റെ ശിഷ്യഗണങ്ങൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു .
” എന്നും വെളുപ്പിനെഴുന്നേൽക്കുന്നതാണ് ശീലം. മാഞ്ഞൂർ ഭഗവതി മഠത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചതിനുശേഷം മാത്രമേ കളരിയിൽ അധ്യാപനം തുടങ്ങുമായിരുന്നുള്ളൂ….. തികഞ്ഞ ദേവി ഭക്തനായിരുന്നു. കളരി അധ്യാപനത്തിൽ നിന്നും എൺപതു വയസ്സായപ്പോൾ വിരമിച്ചു. രണ്ടായിരം മാർച്ചിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ മരണമടഞ്ഞു. മരിക്കുമ്പോൾ എൺപത്തിയേഴ് വയസ്സുണ്ടായിരുന്നു.”
ആശാൻറെ ബന്ധു രാധാമണി ചേച്ചി പറയുന്നു.
മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ അധികൃതർ പൊന്നാടയണിയിച്ച് ആദരിച്ചതല്ലാതെ മറ്റൊരു സംഘടനകളും അദ്ദേഹത്തെ തേടി വന്നില്ല….. ആരോടും പരാതിയും, പരിഭവങ്ങളുമില്ലാതെ തൻറെ കർമ്മകാണ്ഡം പൂർത്തിയാക്കി ആ അക്ഷര പ്രഭു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
1986-ൽ മാഞ്ഞൂർ സൗത്ത് പോസ്റ്റ് ഓഫീസിൽ ഒരു രജിസ്റ്റർ തപാലുമായി ചെന്നപ്പോഴാണ് കളരിയിൽ ആശാനെ സന്ദർശിക്കാൻ സാധിച്ചത്. വർഷങ്ങൾക്കു ശേഷമുള്ള ഒരു കൂടിക്കാഴ്ച. എൻറെ ആദ്യാക്ഷരത്തിന്റെ കളരിയിൽ എല്ലാം പതിവുപോലെ……
തടിച്ച ഫ്രെയിം വച്ച കണ്ണടയ്ക്കുള്ളിൽ ആശാൻ, മടക്കി വെക്കാവുന്ന ആ മേശ ( ഇത് ജനലിന് കതകായും ഉപയോഗിക്കുന്നു.) പഴയ ആ തടിയൻ ബഞ്ച്, മൂലയ്ക്കിട്ടിരിക്കുന്ന ആ വലിയ സ്റ്റൂൾ, പോളിഷ് ചെയ്ത തടി അലമാര, മണിച്ചിത്ര പൂട്ടുള്ള കളരിയുടെ വാതിൽ …. ഇല്ല …. ഒന്നിനും മാറ്റമില്ല ….. ഞാൻ ചെല്ലുമ്പോൾ ആശാൻ മണ്ണെണ്ണ സ്റ്റൗവിൽ പാൽക്കഞ്ഞി ഉണ്ടാക്കുന്നു. ആശാൻ്റെ മെനു ഇങ്ങനെയാണ് . രാവിലെ പാൽക്കഞ്ഞി , ഒരു കപ്പ് ചായ , രണ്ട് ഏത്തപ്പഴം…..
ആശാൻ ജോലിയിലാണ്. ഞാൻ സ്വയം പരിചയപ്പെടുത്തി. ‘ആശാനെ…. ഞാനാ രാധാകൃഷ്ണൻ….. , പന്തല്ലൂരെ …. ‘
‘ ങ്ങാ ….നീയോ ‘
വർത്തമാനത്തിനിടയിൽ നാലഞ്ചു കുഞ്ഞുങ്ങളെ മണലിൽ അക്ഷരങ്ങളുടെ ചക്രവ്യൂഹത്തിലേക്കു കടത്തിവിട്ടു.
‘ൻ’ എന്ന അക്ഷരം എന്നെക്കൊണ്ട് എഴുതിക്കുമോന്ന് ഭയന്നു. ആശാനു പുറകിൽ വിനീത വിധേയനായി ആ പഴയ മരക്കഴുതയായി ഞാൻ നിലകൊണ്ടു.
ഇടയ്ക്കെപ്പോഴോ തടി അലമാര തുറന്ന് മൂന്നു ഞാലിപ്പൂവൻ പഴം എൻറെ നേർക്ക് നീട്ടി.
അലമാര തുറന്നപ്പോൾ ആ ഗന്ധത്തെയും ഞാൻ തിരിച്ചറിഞ്ഞു . ശരിയാണ് അതിനും മാറ്റമില്ല….. സാമ്പ്രാണിയുടെയും നേന്ത്രപ്പഴങ്ങളുടെയും സമ്മിശ്ര ഗന്ധം……
ആ പുരാതന ഗന്ധങ്ങൾ ഓല വരക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സാമ്പ്രാണിയും , പഴങ്ങളും ,കൽക്കണ്ടവും ദേവിക്കു മുന്നിൽ സമർപ്പിച്ച് മണലിലെഴുതിക്കുന്ന ഓലവര ചടങ്ങ് .
ഉണ്ണി പിള്ളേച്ചൻ്റെ കടയിൽ നിന്നും വരുന്ന ചായ, അവലു വിളയിച്ചത്, നേന്ത്ര പഴങ്ങൾ എല്ലാം ഉണ്ടാവും.
” ഓല വരയുള്ള ദിവസം ഞങ്ങൾ കുട്ടികളോട് നേരത്തെ പറയും കളരിയിൽ ചടങ്ങുണ്ടെന്ന്….. ഇടിച്ച അവലും, പഴവുമൊക്കെ കഴിച്ചത് ഇന്നലെയെന്നപോലെ ഓർക്കുന്നു….. ഞാൻ അമ്മിണി ടീച്ചറിൻ്റെ വെൽഫെയർ സെൻററിലാണ് പഠിച്ചത്…
ആശാൻ്റെ അയൽക്കാരി ലതികാ അമ്പിളി (തെള്ളകം മാതാ ഹോസ്പിറ്റൽ, പാതോളജി വിഭാഗം) പറയുന്നു. എന്തൊക്കെ പറഞ്ഞാലും കളരി അക്ഷരങ്ങൾ നമ്മുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത നിധി തന്നെയാണ്. എൻ്റെ ഗുരുനാഥ അമ്മിണി ടീച്ചർ പകർന്നുനൽകിയ അക്ഷരപുണ്യം ഞാനെങ്ങനെ മറക്കും…
ആശാന്മാർ പഠനകാര്യങ്ങളിൽ കാണിക്കുന്ന ജാഗ്രതയും, കരുതലുമൊക്കെ ഇന്നത്തെ എത്ര അധ്യാപകർ കാണിക്കും ….? അങ്ങനെയുള്ളവർ ഇല്ല എന്നതാണ് വാസ്തവം.”
ഡോ. ഐഷ വി
ബസ് കായംകുളം ബസ്സ്റ്റാന്റിൽ നിന്നും വിടാനൊരുങ്ങിയപ്പോൾ ‘ ഒരാളും കൂടിയുണ്ടേ’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ആ സ്ത്രീ ഓടി വന്ന് ബസ്സിൽ കയറി. ഞാനിരുന്ന സീറ്റിനടുത്ത ഒഴിഞ്ഞ സീറ്റിലേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം. അവർ അവിടെ വന്നിരുന്നു. ഞാൻ മൊബൈലിൽ വാട്‌സാപ് മെസേജ് മലയാളത്തിൽ എഴുതുന്നതു കണ്ടപ്പോൾ അവർക്ക് കൗതുകം. ആഹാ… സ്ലേറ്റിൽ എഴുതുന്നതു പോലെ ഇതിൽ എഴുതാൻ പറ്റുമോ?
“എനിക്ക് അതൊന്നും അറിഞ്ഞുകൂടാത്തതു കൊണ്ട്” മലയാളം വാക്കുകളും ഇംഗ്ലീഷിൽ തന്നെയാണ് ടൈപ്പ് ചെയ്യുന്നത്. പിന്നെ എനിക്കധികം വിദ്യാഭ്യാസവുമില്ല”.
വണ്ടി കുറച്ചു ദൂരം പിന്നിട്ടു കാണണം. റോഡിൽ വലതു വശത്തായി ഒരു വസ്ത്ര വ്യാപാര കടയുടെ കൂറ്റൻ പരസ്യ ബോർഡ്. അതിൽ ഒരു യുവതിയുടെ മുന്ന് വ്യത്യസ്ത പോസുകളിലുള്ള ഫോട്ടോ. അതു കണ്ടപ്പോൾ അടുത്തിരുന്ന സ്ത്രീ എന്നോട് പറഞ്ഞു: “അതെന്റെ മകളാണ്”.
വീണ്ടും ബസ് കുറേ നേരം കൂടി മുന്നോട്ട് പോയപ്പോൾ അവരുടെ മകളുടെ ചിത്രമുള്ള അതേ ബോർഡ് കണ്ടപ്പോൾ അവർ വീണ്ടും എന്നെ വിളിച്ച് കാണിച്ചു കൊണ്ട് പറഞ്ഞു: “ഇതെന്റെ മകളാണ്. അവളെ ഞാൻ ചെറുപ്പത്തിൽ ഡാൻസും പാട്ടുമൊക്കെ പഠിപ്പിച്ചതാണ്”. അവരുടെ മട്ടും ഭാവവും കണ്ടപ്പോൾ അവരുടെ ജീവിത കഥ അവർക്കെന്നോട് പറയാൻ ആഗ്രഹമുണ്ടെന്ന് തോന്നി. ഞാനവരോട് ചോദിച്ചു. “എവിടെ പോയി വരുന്നു ?’ ചക്കുളത്തുകാവിൽ . “വീടെവിടെ ? തിരുവനന്തപുരം ജില്ലയിൽ __ എന്ന സ്ഥലത്ത്.,” എന്ത് ചെയ്യുന്നു ?” “ബൈ സ്റ്റാന്ററാണ്.” ” ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് കൂട്ടിരിപ്പാണ് പണി. “വീട്ടുവേലയ്ക് പോയാൽ ആളുകളുടെ വിധം മാറും . പിന്നെ അവരുടെ വായിലിരിയ്ക്കുന്നതൊക്കെ കേൾക്കണം. അതിനാൽ ഈ ജോലി തിരഞ്ഞെടുത്തു. മുമ്പ് കുറേ വീടുകളിലൊക്കെ നിന്നിട്ടുണ്ട്. ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ നിർത്തി.
” ഈ മകൾ എന്തു ചെയ്യുന്നു? എന്ന് ഞാൻ ചോദിച്ചു. അത് ബി കോം ഫൈനലിയറാണ്. മകൾ അവളുടെ അച്ഛന്റെ കൂടെയാണ് താമസം. നിങ്ങളുടെ കൂടെ നിൽക്കാറില്ലേ? ഞാൻ ബൈസ്റ്റാന്ററായി ജോലിക്കു പോകുമ്പോൾ മകളെ കൂടെ നിർത്താറില്ല. അവൾ ഒറ്റയ്ക്കായിപ്പോകും. കുറച്ചൊക്കെ സമ്പാദ്യമായ ശേഷം ഞാൻ ഇടയ് ക്കൊക്കെ നിർത്താറുണ്ട്. എന്താണ് ഭർത്താവുമായി ബന്ധമൊഴിയാൻ കാരണം? ഈ ചോദ്യം കേട്ടപ്പോൾ അവർ എന്നെ അവരുടെ ജീവിത കഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇടത്തരം കുടുംബാംഗമായിരുന്ന ഇവരെ ഇടത്തരം കൂടുംബാംഗമായിരുന്ന ഒരാൾ വിവാഹമാലോചിച്ചു ചെന്നു. വീട്ടുകാർ ജ്യോത്സ്യനെ കണ്ട് ജാതകം നോക്കിച്ചു കവിടി നിരത്തി ജ്യോത്സ്യൻ പറഞ്ഞു. ജാതകം പൊരുത്തമുണ്ട്. പക്ഷേ ദാമ്പത്യം ദീർഘനാൾ നീണ്ടു നിൽക്കുകയില്ല. എന്തായാലും വീട്ടുകാർ വിവാഹം നടത്തി. രണ്ടു പേരും കൂടി സന്തോഷത്തോടെ ജീവിച്ചു. ഒരു മകനും ഒരു മകളും ജനിച്ചു. രണ്ടു പേരുടേയും അധ്വാനവും കരുതലും കൊണ്ട് വീടും വീടു നിൽക്കുന്ന പറമ്പിൽ റോഡു സൈഡിലായി കടയും പണിതു. വീട്ടിലേയും കടയിലേയും കാര്യങ്ങൾ രണ്ടു പേരും കൂടി നോക്കി നടത്തി. അത്യാവശ്യം സമ്പാദ്യം രണ്ടുപേരുടേയും പേരിലായി.
ഒരു വേനൽ കാലത്ത് റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ കടയിലേയ്ക്ക് പൊടി പടരുന്നത് കണ്ട് ഭർത്താവ് ഭാര്യയെ വെള്ളം തളിയ്ക്കാൻ ഏൽപ്പിച്ചു. ഭാര്യ റോഡിൽ വെള്ളം തളിച്ചു കൊണ്ടു നിന്നപ്പോൾ ഒരു ലോറി വന്നു. ലോറിയ്ക്ക് കൈ കാണിച്ചിട്ട് വെള്ളം തളിച്ചിട്ട് പോകാമെന്ന് പറഞ്ഞു. പിന്നീട് ഈ ലോറിക്കാരൻ കടയിലെ എസ്.ടി.ഡി ബൂത്തിൽ ഫോൺ വിളിക്കാൻ എത്തി തുടങ്ങി.
ഒരു ഹർത്താൽ ദിവസം ലോറിക്കാരൻ അവിടെയെത്തി. അവർ കടയുടെ ഷട്ടറിന്റെ മുക്കാൽ ഭാഗം താഴ്ത്തിയിട്ട ശേഷം കടയിലെ സാധനങ്ങൾ അടുക്കി വയ്ക്കുകയും കട തൂത്തു വൃത്തിയാക്കുകയും ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. അയാൾ ഭക്ഷണം ചോദിച്ചു. മറ്റെങ്ങും ഭക്ഷണം കിട്ടാനില്ലേയെന്ന് ചോദിച്ചപ്പോൾ ഹർത്താലായതു കാരണം കിട്ടാനില്ലെന്ന മറുപടി. ഒടുവിൽ അവർ വീട്ടിൽ പോയി ഭർത്താവിനോട് കൂടി പറഞ്ഞ ശേഷം ഒരു പാത്രം ചോറ് എടുത്തു കൊണ്ടു വന്നു. വീട്ടു പറമ്പിലെ മുരങ്ങിയില തോരനും പുളിശേരിയും മീൻ കറിയുമായിരുന്നു അന്നത്തെ കറികൾ . അത് വിളമ്പി കൊടുത്തു. അയാൾ കഴിച്ചു കൊണ്ടിരിയ് ക്കേ അവർ അയാളുടെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു. ഒന്ന് രണ്ട് കല്യാണം കഴിച്ചെങ്കിലും ഒന്നും ശരിയായില്ലെന്ന് അയാൾ മറുപടി കൊടുത്തു. അപ്പോൾ ചക്കുളത്തുകാവിൽ പോയി പൂജ ചെയ്താൽ എല്ലാം ശരിയാകുമെന്ന് ഇവർ പറഞ്ഞു.
ഇവരും ഇവരുടെ ചേച്ചിയും കൂടി അടുത്ത ശനിയാഴ്ച അമ്പലത്തിൽ പോകുന്നുണ്ടെന്നും അന്നു പോയാൽ മതിയെന്നും അയാളോട് പറഞ്ഞു. അയാൾ ഏറ്റു. കൃത്യം ആ ദിവസം ജ്യേഷ്ഠാനുജത്തിമാർ ബസ്സിൽ കയറിയ സമയം അയാളും ആ ബസ്സിൽ കയറി. അവർ അയാൾക്കും ചേച്ചിയ്ക്കും ടിക്കെറ്റെടുത്തപ്പോൾ അവരുടെ ചേച്ചി ഇക്കാര്യം ശ്രദ്ധിച്ചു. പോയി വന്നപ്പോൾ അവരുടെ ഭർത്താവിനോട് ചേച്ചി ഇക്കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഭർത്താവ് ഒരു പോലീസ് കേസ് കൊടുത്തതു പ്രകാരം പോലീസുകാർ ഇയാളെ ചോദ്യം ചെയ്ത് വിട്ടു. ഇതയാൾക്ക് വാശിയായി. പിന്നീട് ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മകളെയും ഒക്കത്തെടുത്ത് ഒരു ആട്ടോ പിടിയ്ക്കാനായി ജംഗ്ഷനിൽ എത്തിയപ്പോൾ അയാളും അവിടെയുണ്ടായിരുന്നു. ഇവർ കയറിയ ഓട്ടോയിൽ അയാളും ആ വഴിയ്ക്കാണെന്ന് പറഞ്ഞ് ചാടിക്കയറി. പിന്നീട് ഓട്ടോക്കാരൻ അയാൾ പറഞ്ഞതനുസരിച്ചാണ് വണ്ടി വിട്ടത്. അങ്ങനെ തമിഴ് നാട്ടിലെ ഒരു വീട്ടിൽ കൊണ്ടു പോയി ഇവരെ പൂട്ടിയിട്ട ശേഷം ലോറി ഡ്രൈവർ സ്ഥലം വിട്ടു. മൂന്നാം ദിവസം രാവിലെ അവർ പുറകു വശത്തെ വാതിൽപൊളിച്ച് പുറത്തിറങ്ങി. വഴിയിൽ കണ്ട സ്ത്രീയുടെ പക്കൽ നിന്നും പത്തു രൂപ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാനാണെന്നും പറഞ്ഞ് വാങ്ങി. പിന്നെ ഒരു എസ്.ടി.ഡി ബൂത്ത് കണ്ടുപിടിച്ച് നാട്ടിലേയ്ക്ക് ഫോൺ വിളിച്ചു. ഭർത്താവ് ഫോണെടുത്തു. സ്ഥലം ചോദിച്ചു മനസ്സിലാക്കി വണ്ടിയുമായി ചെന്ന് അവരെ കൂട്ടികൊണ്ട് പോന്നു. പോലീസ് സ്റ്റേഷനിൻ ചെന്ന് റിപ്പോർട്ട് ചെയ്ത ശേഷം ടൗണിലെത്തി ബാങ്കിൽ കയറി. ഇവരുടെ പേരിലുണ്ടായിരുന്ന കാശു മുഴുവൻ ഭർത്താവ് ഇവരെ കൊണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്ത് എടുപ്പിച്ചു സ്വന്തം പോക്കറ്റിലാക്കി.
ബാങ്കിൽ നിന്നിറങ്ങിയ ശേഷം ഇവരുടെ പക്കൽ നിന്നും കുട്ടിയെ ഭർത്താവ് വാങ്ങി ശേഷം ഇവരോട് ലോറി ഡ്രൈവറുടെ ഒപ്പം പൊയ് ക്കൊള്ളാൻ പറഞ്ഞു. ഇവർക്ക് ഇവരുടെ വീട്ടിലേയ്ക്ക് പോകാൻ തോന്നിയില്ല. ഭാര്യയെയും കുഞ്ഞിനേയുംകണ്ടു കിട്ടി പരാതിയില്ല എന്നെഴുതി കൊടുത്തതിനാൽ ലോറി ഡ്രൈവറുടെ പേരിലുള്ള പോലീസ് കേസും അവിടെത്തീർന്നു. അങ്ങനെ അവർ ലോറി ഡ്രൈവറുടെ കൂടെ പോകാൻ നിർബന്ധിതയായി. അയാൾ മദ്യപനും ആഭാസനുമാണെന്ന് ഒന്നുരണ്ട് ദിവസം കൊണ്ട് അവർക്ക് ബോധ്യപ്പെട്ടു. അങ്ങനെ അയാളില്ലാത്ത സമയം നോക്കി ജോലിക്കാരെ ഏർപ്പാടാക്കുന്ന ഏജൻസിയിൽ പോയി രജിസ്റ്റർ ചെയ്തു വേഗം തന്നെ ഒരു വീട്ടിലെ പണി ഒത്തതിനാൽ അങ്ങോട്ടു പോയി. അങ്ങനെ ദീർഘകാലം കഴിഞ്ഞപ്പോൾ ഇവരുടെ അച്ഛനമ്മമാർക്ക് വയ്യാതായി.
സഹോദരങ്ങൾ പല സ്ഥലങ്ങളിൽ കുടുംബമായി കഴിയുന്നതിനാലും അച്ഛനമ്മമാരെ കൂടെ വന്ന് നിന്ന് നോക്കാൻ സാധിക്കാത്തതിനാലും ഗൾഫിലുള്ള ഒരു സഹോദരൻ ഇവരെ വിളിച്ച് അച്ഛനമ്മമാരെ നോക്കുന്ന ചുമതല ഏൽപ്പിച്ചു. സഹോദരന്റെ ഷെയർ കൂടി ഇവർക്ക് കൊടുത്തു. ഇവർ അച്ഛനമ്മമാരുടെ മരണശേഷം ആ പറമ്പിൽ ഒരു വീടു വച്ചു. ലോറി ഡ്രൈവർ ഇവരെ അന്വേഷിച്ചെത്തി. ഇവർ അയാളെ ഓടിച്ചു വിട്ടു. മകൾ ചെറിയ കുട്ടിയായതിനാൽ നോക്കുന്ന കാര്യം ബുദ്ധിമുട്ടാകുമ്പോൾ ഇവരുടെ ഭർത്താവ് കുട്ടിയെ ഇവരുടെ അടുത്താക്കും. ഇവർക്ക് ജീവിക്കാൻ വരുമാനം വേണ്ടതിനാൽ കാശ് തീരുമ്പോൾ കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കിയ ശേഷം ഹോം നഴ്സായി പോകാൻ തുടങ്ങി. കുട്ടിയെ ഇതിനിടയ്ക്ക് നല്ലൊരു ടീച്ചറുടെ കീഴിൽ ഡാൻസും പാട്ടും അഭ്യസിപ്പിച്ചു. കുട്ടി ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ബന്ധുവായ ഒരു കുട്ടി സ്കൂളിൽ പഠിയ്ക്കാനെത്തി. അവർ രണ്ടു പേരും കൂടി ഒരു നൃത്തം സ്കൂളിൽ അവതരിപ്പിച്ചു. മറ്റേ കുട്ടിയുടെ ഒരു ബന്ധു ഇവർ നൃത്തം ചെയ്യുന്ന ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ആ ഫോട്ടോഗ്രാഫർ ഈ കുട്ടികളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. അഡ്വർട്ടൈസിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ ഇദ്ദേഹം ഫോട്ടോകൾ കാണിച്ചു. കാണാൻ നല്ല ആകാര സൗഷ്ഠവവും നിറവുമുള്ള പെൺകുട്ടികളുടെ ചിത്രം അയാൾക്ക് ബോധിച്ചു. കുട്ടികളുടെ അചഛനമ്മമാരുടെ സമ്മതത്തോടെ അവരെ വിളിപ്പിച്ച് ഒന്നുരണ്ട് സാംപിൾ പരസ്യങ്ങൾ എടുത്തു നോക്കി. അതവർ നന്നായി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ പിന്നീട് വന്ന പല പരസ്യങ്ങളിലും ഈ രണ്ട് കുട്ടികൾക്കും അവസരങ്ങൾ ലഭിച്ചു. അങ്ങനെ ഹൈ സ്കൂൾ തലത്തിൽ പഠിയ്ക്കുമ്പോൾ തന്നെ രണ്ടു പേരും മോഡലുകളായി. ചെറുതല്ലാത്ത വരുമാനമായി. സമ്പാദ്യമായി. അവർ പരസ്യ മോഡലുകളായുള്ള വിവിധ ഉൽപന്നങ്ങളുടെ കൂറ്റൻ പരസ്യ ബോർഡുകൾ ഹൈവേയുടെ വശങ്ങളിൽ സ്ഥാനം പിടിച്ചു. അത് കാണുന്നവരെ കടകളിലേയ്ക്ക് ആകർഷിച്ചു.
അങ്ങനെ കാലം കഴിഞ്ഞപ്പോൾ ഇവർ ആശുപത്രിയിലെ ബൈ സ്റ്റാന്റർ മാത്രമായി മാറി. ഇതിനിടയ്ക്ക് ഇവരുടെ മകൻ വളർന്നു ഒരു പെൺകുട്ടിയെ പ്രണയിച്ചു. അവരുടെ വീട്ടുകാർ എതിർത്തപ്പോൾ അവൻ അവളെ വിളിച്ചു കൊണ്ടുവന്ന് അമ്മയുടെ വീട്ടിൽ താമസിച്ചു. അമ്മയുടെ അതുവരെയുള്ള സസാദ്യം മുഴുവൻ അമ്മ മകന് കൊടുത്തു.ഏതാനും ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തി വിടാൻ തയ്യാറായി. വിവാഹത്തിന് അച്ഛൻ വീട്ടുകാരെല്ലാം കൂടി . മകൻ ഒരു വണ്ടി അമ്മയെ കൂട്ടികൊണ്ടുപോകാനായി വിടാൻ പറഞ്ഞിരുന്നെങ്കിലും അച്ഛന്റെ പെങ്ങന്മാർ ആരോ അത് തടഞ്ഞു. അങ്ങനെ അവർ അവിടെ തഴയപ്പെട്ടു. പിന്നീട് മകന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞപ്പോൾ മകൻ അമ്മയെ വിളിച്ചു കൊണ്ടുപോയി അച്ഛനും പെങ്ങളും അവനും ഭാര്യയും താമസിക്കുന്ന വീട്ടിലാക്കി. ഇവർ അവിടെ ചെന്നപ്പോൾ ഭർത്താവ് ഇവരോട് ഒരക്ഷരം മിണ്ടില്ല. ഭക്ഷണം വീട്ടിൽ നിന്നും കഴിക്കില്ല. കിടപ്പ് കടയിൽ തന്നെ എന്നിങ്ങനെയാക്കി. മരുമകൾക്കാണെങ്കിൽ എന്തിനും ഏതിനും ദേഷ്യം. ഇവരുടെ ജോലിഭാരം കൂട്ടാനായി തറയിൽ വെള്ളം കോരി ഒഴിയ്ക്കുക പ്രയാസപ്പെടുത്തുക എന്നിങ്ങനെയായി. മകളാണെങ്കിൽ പകൽ പഠിക്കാനായി പോകും. അങ്ങനെ മനസ്സു മടുത്ത് അവർ സ്വന്തം വീട്ടിലെത്തി.
വീണ്ടും ബൈ സ്റ്റാന്റർ പണി തന്നെ ശരണം. മകളുടെ കല്യാണം ഭംഗിയായി നടത്തണം അതിനുള്ള നേർച്ചയായിരുന്നു ചക്കുളത്തുകാവിലേയ്ക്കുള്ള ആ യാത്ര. എന്റെ സ്റ്റോപ്പെത്തിയപ്പോൾ ഞാനിറങ്ങി. അവർ അവരുടെ പ്രാർത്ഥനകളുമായി മുന്നോട്ട്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാധാകൃഷ്ണൻ മാഞ്ഞൂർ
2022 ജനുവരി 16 – ന് അരങ്ങൊഴിഞ്ഞു കടന്നുപോയ ആലപ്പി രംഗനാഥ് നാടക സിനിമാ രംഗത്തെ അപൂർവ പ്രതിഭയായിരുന്നു.
നാടക രചന , സംവിധാനം , ഗാനരചന , സംഗീതം, നൃത്ത സംവിധാനം ഇങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു.
ആലപ്പുഴ വേഴപ്ര കുഞ്ഞു കുഞ്ഞു ഭാഗവതരുടെ മകൻ സംഗീതത്തിൻറെ അപൂർവ്വ താളങ്ങളിലേക്ക് സഞ്ചരിച്ചു . ജീവിത സായാഹ്‌നത്തിലേക്ക് കടന്നപ്പോൾ പൂർണമായും സംഗീതത്തിന് സമർപ്പിച്ചു.
ഈ ആത്മാർപ്പണത്തിൽ നിന്നാണ് കനകാംഗി മുതൽ രസിക പ്രിയ വരെ 72 മേള കർത്താ രാഗങ്ങൾ പിറന്നത് …..
72 മഹാ പ്രതിഭകളെ കുറിച്ചുള്ള 72 കീർത്തനങ്ങൾ …..( 72 മേള കർത്താ രാഗങ്ങളാണ് കർണ്ണാട്ടിക് സംഗീതത്തിന്റെ അടിസ്ഥാനം) വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ ത്യാഗരാജസ്വാമികളുടെ ഓർമ്മയ്ക്ക് പഞ്ചരത്ന കൃതികൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സംഗീതത്തിൻറെ കൈവഴികളിൽ താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ സഹൃദയർ നെഞ്ചേറ്റുന്നുവെന്നറിയുമ്പോൾ രംഗനാഥൻ മാഷ് സന്തോഷിക്കുന്നു. അവാർഡുകൾക്ക് വേണ്ടിയോ , അംഗീകാരങ്ങൾക്ക് വേണ്ടിയോ ആരുടെയും കാല് പിടിക്കാൻ മാഷ് ശ്രമിക്കാറില്ല…. ഒരുപക്ഷേ അതുകൊണ്ടാവാം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും, നാടക രംഗത്തു നിന്നു മൊക്കെ ഒരു പിൻവാങ്ങൽ സംഭവിച്ചത്.
1992 മെയ് മാസത്തിലെ ഒരു വേനൽ പകലിലാണ് കാഞ്ഞിരപ്പള്ളി ‘കാരാമയിൽ ലോഡ്ജിൽ ‘ രംഗനാഥൻ മാഷിനെ കാണാൻ ചെല്ലുന്നത്. ‘നിഷേധം ‘ മാസികയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഇൻറർവ്യൂ എടുക്കണം. അസോസിയേറ്റ് എഡിറ്റർ സുനിൽ ഓച്ചിറ (സീബ്ലൂ സുനിൽ) പ്രകാശ് സ്വദേശി എന്നിവരും എന്നോടൊപ്പമുണ്ടായിരുന്നു .
ആലപ്പി രംഗനാഥ്
അഭിമുഖത്തിൽ കാഞ്ഞിരപ്പള്ളിയുമായുള്ള അപൂർവ്വ ബന്ധത്തെപ്പറ്റി വാചാലമായി. 1968 -ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് കൊച്ചിച്ചന്റെ വീട്ടിലേക്ക് താമസം മാറിയതോടെ കലാരംഗം കാഞ്ഞിരപ്പള്ളി യിലേക്ക് പറിച്ചു നടപ്പെട്ടു. ഈ കാലഘട്ടത്തിലാണ് കാഞ്ഞിരപ്പള്ളിയിൽ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബിന് നാടകം രചിക്കുകയും ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. പി .എ .തോമസ് എന്ന സിനിമാ നിർമാതാവ് ‘ജീസസ് ‘ എന്ന സിനിമയ്ക്കുവേണ്ടി ഗാനമെഴുതിയ അഗസ്റ്റിൻ വഞ്ചിമലയെ പരിചയപ്പെടുത്തുന്നു. തോമസിൻറെ ‘ജീസസിൽ’ അവർക്കൊപ്പം ഈണം നൽകി. അക്കാലത്ത് ‘വഞ്ചി – രംഗൻ’ ടീം വളരെ പ്രശസ്തമായിരുന്നു. പിന്നീട് അഗസ്റ്റിൻ വഞ്ചിമല ‘ന്യൂസ് ഇന്ത്യ ‘ എന്ന പത്രവുമായി തമിഴ്നാട്ടിൽ ഒതുങ്ങി . ഇടയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയ്ക്കൊപ്പം പ്രവർത്തിച്ചു. 2020ഫെബ്രുവരിയിൽ അഗസ്റ്റിൻ വഞ്ചിമല രോഗബാധിതനായി മരണപ്പെട്ടു .
അഗസ്റ്റിൻ വഞ്ചിമല യ്ക്കൊപ്പമുള്ള നാടകക്കാലങ്ങൾ ഒരിക്കലും മറക്കാനാവില്ലന്ന് രംഗനാഥൻ മാഷ് പറയുന്നു .
യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ സ്ക്രിപ്റ്റ് സ്ക്രൂട്ടിനൈസിങ്ങ് ഓഫീസറായി ജോലി ചെയ്തത് മഹാഭാഗ്യം .
ഈ കാലയളവിലാണ് നിരവധി മ്യൂസിക് ആൽബങ്ങൾ മലയാളത്തിന് സമ്മാനിച്ചു. യേശുദാസിനു വേണ്ടി തന്നെ 200-ൽ പരം ഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യം .
മധുരഗീതങ്ങൾ, എന്റെ വാനമ്പാടി ഈ ആൽബങ്ങൾ സ്വയം പാട്ടെഴുതി ചിട്ടപ്പെടുത്തി.
ഇൻറർവ്യൂവിൽ മുഴുവൻ സംഗീതവുമായുള്ള തൻറെ ആത്മബന്ധം തുറന്നു പറയുകയായിരുന്നു. കലയെ ഉപാസിക്കുന്നവന് എല്ലാം സമൃദ്ധമായി തിരികെ ലഭിക്കുമെന്നുള്ള പ്രകൃതി നിയമത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് അഭിമുഖം അവസാനിച്ചത്.
ഹരിവരാസനം പുരസ്കാരം സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ മരണം കോവിഡ് രൂപത്തിൽ വരുകയായിരുന്നു ….. ഒരുപക്ഷേ പല സ്വപ്നപദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ചാവാം മരണം അദ്ദേഹത്തെ കൊണ്ടുപോവുന്നത് ……
എങ്കിലും സംഗീതത്തിലെ പുതുതലമുറ ‘ ഗുരുരത്ന പഞ്ചകം’ പോലുള്ള മഹത്തായ കൃതികളെ തൊട്ടറിയും…..
കാലം എല്ലാറ്റിനും സാക്ഷിയാകും.
ഉപരേഖ
അഭിമുഖത്തിൽ ഞങ്ങൾ ചോദിച്ച ഒരു ചോദ്യവും അതിനുള്ള മറുപടിയും വളരെ പ്രസക്തമാവുന്നു.
ചോദ്യം :- ‘ ഇല്ലിമുളം കാടുകളിൽ ‘ ‘ബലികുടീരങ്ങളെ ‘ ഇങ്ങനെയുള്ള നാടകഗാനങ്ങൾ എക്കാലത്തും ഹിറ്റായി നിലനിൽക്കുന്നു . ഇന്നും നാടകങ്ങൾ പിറക്കുന്നുണ്ട് , നാടകഗാനങ്ങളും ഉണ്ടാവുന്നുണ്ട് …… പക്ഷെ മഹത്തായ ഗാനങ്ങൾ എന്തുകൊണ്ട് ഉണ്ടാവുന്നില്ല ?
ഉത്തരം :- പണ്ട് ഒരു മാസവും , രണ്ടു മാസവുമൊക്കെ സംഗീതസംവിധായകന്റെ വീട്ടിൽ താമസിച്ചാണ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ….. പക്കമേളക്കാരും , ഗായകരും , ഗാനരചയിതാക്കളും ഉൾപ്പെടുന്ന ഒരു ടീം വർക്കായിരുന്നു. ഇന്ന് വളരെ ഫാസ്‌റ്റായിട്ടുള്ള വർക്കുകളാണ് നടക്കുന്നത് . ആദ്യം ട്യൂണിടുന്നു. പിന്നീട് ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നു ….. എന്തൊരു വികലമായ രീതിയാണ് പിന്തുടരുന്നത്. ഇതിനിടയിൽ എങ്ങനെയാണ് ഒരു എവർഗ്രീൻ സോങ് സൃഷ്ടിക്കാനാവുന്നത് …?
ഡോ. ഐഷ വി
രഘുപതി ഒരു സ്ത്രീയാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ” പൂരം പിറന്ന സ്ത്രീ , പുരുഷ യോനി”. അതിനാൽ തന്നെ രണ്ട് മക്കൾ പിറന്ന ശേഷം അവർക്ക് ഭർത്താവുമൊത്തുള്ള രതിക്രീഡകളിലൊന്നും യാതൊരു താത്പര്യവുമില്ലായിരുന്നു. ജോലി ചെയ്യാതെ ജീവിക്കാനാഗ്രഹിച്ച അയാൾ ആദ്യം ചെയ്തത് ഭാര്യയുടെ ആഭരണങ്ങളും മറ്റും വിറ്റ് ജീവിക്കുക എന്നതാണ്. വിറ്റ പണം കൊണ്ട് മദ്യപിക്കുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു. കാശ് തീർന്നു. പിന്നെ രഘുപതിയുടെ വസ്തുവകകൾ വിറ്റു. മദ്യപാനവും വീട്ടുകാര്യങ്ങളും നടത്തി. കാശ് വരും പോകും മെയ്യനങ്ങാതെ തിന്നുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.
കുന്നോളം ധനമുണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരുമെന്നാണല്ലോ പ്രമാണം. പിന്നെ ഇരന്ന് തിന്നേണ്ടി വരും. ഇനിയെന്താണ് വിൽക്കാനുള്ളത് എന്ന് ചിന്തിച്ച അയാൾ ഭാര്യയെ വിറ്റാലോ എന്നാലോചിച്ചു. മുൻസിപ്പാലിറ്റിയിൽ ജോലിയുള്ള ഒരാളുമൊത്തായിരുന്നു അന്നത്തെ മദ്യപാനം. ഭാര്യയ്ക്ക് മുൻസിപാലിറ്റിയിൽ ജോലി ശരിയാക്കി കൊടുക്കാം എന്നയാൾ ഏറ്റു. അന്നു രാത്രി അയാൾക്ക് രഘുപതിയോടൊപ്പം കിടക്ക പങ്കിടണം. രഘുപതി വന്നയാളെ ആട്ടി പുറത്താക്കി. രഘുപതി അന്നു തന്നെ അയാളുടെ വീട്ടിൽ നിന്നും പറക്കമുറ്റാത്ത മക്കളേയും കൊണ്ടിറങ്ങി. ആ വീട്ടിലുണ്ടായിരുന്ന അയാളുടെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളും പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞിട്ടും അവർ തന്റെ തീരുമാനം മാറ്റിയില്ല.
ഒറ്റത്തടിയായി കഴിയുന്ന സത്‌സ്വഭാവിയായ മല്ലു അക്കന്റെ വീടായിരുന്നു അവരുടെ ലക്ഷ്യം. അവർക്കവിടെ പ്രവേശനം ലഭിച്ചു. മല്ലു അക്കൻ ഇവരെ കൂടാതെ വീടില്ലാത്ത രണ്ട് മൂന്ന് സ്ത്രീകൾക്ക് കൂടി അവരുടെ ഓലമേഞ്ഞ കൊച്ചുവീട്ടിൽ അന്തിയുറങ്ങാൻ അഭയം നൽകിയിരുന്നു. നേരം വെളുക്കുമ്പോൾ അവർ എന്തെങ്കിലും പണിക്ക് പോകും. അതിൽ ഒരു സ്ത്രീയുടെ സ്വഭാവം അത്ര ശരിയല്ല എന്ന് കണ്ടപ്പോൾ മല്ലു അക്കൻ അവരെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു. അങ്ങനെ രഘുപതിയും മക്കളും മല്ലുവക്കനും മറ്റു സ്ത്രീകൾക്കും ഒപ്പം പകൽ കിട്ടുന്ന ജോലിയും രാത്രി പാട്ടും ഭക്തിഗാനങ്ങളുമായി സന്തോഷത്തോടെ കഴിഞ്ഞു കൂടി.
രഘുപതിയ്ക്ക് സ്വന്തമായി ഒരു കൂരയുണ്ടാകണമെന്നത് വല്യ ആഗ്രഹമായിരുന്നു. ആ ആഗ്രഹം തീവ്രമായിത്തന്നെ അവർ മനസ്സിൽ സൂക്ഷിച്ചു. രഘുപതി കിട്ടിയ ജോലി എല്ലാം ചെയ്തു. ഹോട്ടലിലെ ജോലിയായിരുന്നു രഘുപതിയ്ക്ക് പ്രിയം. ഭക്ഷണവും കാശുമാകുമല്ലോ. ഒരു നൂറ് രൂപ നോട്ടു കിട്ടിയാൽ രഘുപതി നേരെ ബാങ്കിലേയ് ക്കോടും . അത് അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. വലിയ നോട്ടുകൾ ഒന്നും അവർ മാറിയില്ല. കിട്ടിയ അധിക ജോലികൾ എല്ലാം അവർ നന്നായി ചെയ്തു. തക്കലയിലെ അരിമില്ലുകളിലെ ജോലിയും കോവളത്തെ ഹോട്ടലുകളിലെ ജോലിയും സ്കൂളിൽ കുട്ടികളെ കൊണ്ടാക്കുന്ന ആയയുടെ ജോലിയും അവർ നന്നായി ചെയ്തു.
രഘുപതി വെറും നാലാം ക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും അവരുടെ സാമ്പത്തികശാസ്ത്രം വളരെ കേമമായിരുന്നു. ലോകത്ത് പണക്കാരുണ്ടെങ്കിലേ പാവപ്പെട്ടവർക്കും ഗുണമുണ്ടാവൂ എന്നവർ മനസ്സിലാക്കിയിരുന്നു. അതവർ പഠിച്ചത് തക്കലയിലെ അരി മില്ലുകൾ പൂട്ടി അവർക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോഴാണ് . കാശ് ഒരു ചക്രമാണ്. അതിന്റെ ചാക്രികത നിലനിന്നാലേ അത് പണക്കാരന്റെ കൈയ്യിൽ നിന്നും പാവപ്പെട്ടവന്റെ കൈകളിലേയ്ക്കും തിരിച്ചും എത്തുകയുള്ളൂ.
കോവളത്ത് ഒരു മൂന്ന് സെന്റ് സ്ഥലം വാങ്ങാനുള്ള കാശ് തികഞ്ഞപ്പോൾ അവർ അവിടത്തെ പണക്കാരിലൊരാളുടെ വീട്ടിലെത്തി അവരുടെ പറമ്പിന്റെ ഒരറ്റത്ത് മൂന്ന് സെന്റ് സ്ഥലം വിലയ്ക്ക് വേണമെന്നാവശ്യപ്പെട്ടു. അവിടത്തെ വീട്ടമ്മയ്ക്ക് രഘുപതിയുടെ സത്യസന്ധതയെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഒരു ദിവസം അവിടെ ജോലിക്ക് ചെന്നപ്പോൾ അലക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിലിരുന്ന നല്ലൊരുതുക രഘുപതി തിരിച്ചു കൊടുത്തത് അവർക്ക് ഓർമ്മയുണ്ടായിരുന്നു. അലക്കാൻ കിട്ടുന്ന വസ്ത്രങ്ങളുടെ പോക്കറ്റ് എല്ലാം നന്നായി പരിശോധിച്ചിട്ടേ രഘുപതി വസ്ത്രം കഴുകിയിരുന്നുള്ളൂ. അങ്ങനെ ആ വീട്ടമ്മയുടെ മനസ്സലിഞ്ഞ് 3 സെന്റ് കൊടുക്കാൻ തീരുമാനിച്ചു. രഘുപതിയ്ക്ക് ആരുടേയും ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. അതിനാൽ അവർ വസ്തു വിലയ്ക്കു തന്നെ വാങ്ങി. വീണ്ടും കുറേക്കാലത്തെ അധ്വാനവും സാമ്പത്തികാസൂത്രണവും വേണ്ടി വന്നു രഘുപതിയ്ക്ക് ഒരു കൊച്ചു കൂരയെന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാൻ .
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.