literature

 അമൃത ലക്ഷ്മി

“സാബ്, ഇനി നമ്മൾ കാണും എന്ന് തോന്നുന്നില്ല. ഇവിടെ നിന്നിട്ട് കാര്യമില്ല.ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. നടന്നിട്ട് ആണെങ്കിലും അവിടെ എത്തണം. ഇനിയിപ്പോ ഇവിടെയും കുറച്ചുനാൾ ജോലി ഒന്നും കാണില്ലല്ലോ. അവിടെത്തന്നെ ജോലിക്ക് ശ്രമിക്കും . എനിക്ക് എന്റെ മയൂറിനെ കാണണം. ശരി ഇറങ്ങട്ടെ”.
പുന്ദിറിന്റെ വാക്കുകളെ ഒരിക്കൽ കൂടി ഓർത്തെടുത്തപ്പോൾ നെറ്റിയിലെ ഉപ്പു നനവുകൾ അയാളുടെ കവിൾ തടത്തിലേക്ക് സാവധാനം നീങ്ങുകയായിരുന്നു.
കൈലേസുകൊണ്ട് വിയർപ്പിനെ ഒപ്പിയെടുത്ത് ഒരിക്കൽക്കൂടി ഫോണിലേക്ക് കണ്ണുകളെ വലിച്ചിട്ടു.
പുന്ദിർ ഈസ്‌ ഗോൺ എന്ന ഫിറോസിന്റെ സന്ദേശം അപ്പോഴും പച്ചകത്തുന്നുണ്ടായിരുന്നു.
മുടിയിലെ എണ്ണമയത്തിനോടും വിയർപ്പിനോടും കിടപിടിച്ചു നനയാത്ത തന്റെ കാക്കിത്തൊപ്പി അയാൾ ഊരി ജീപ്പിനു മുകളിൽ വെച്ചു.
പിന്നെ മൊബൈലിലെ മെസ്സേജ് ബോക്സിലേക്ക് ഊളിയിട്ട് പുന്ദിറിന്റെ നമ്പറിലേക്ക് അവസാനമായി അയച്ച സന്ദേശം അയാൾ ചികഞ്ഞെടുത്തു.
“ശുഭയാത്ര “.
കാതങ്ങൾ താണ്ടി അങ്ങകലേക്കുള്ള പുന്ദിറിന്റെ യാത്രയ്ക്ക് വിധി ചുവപ്പ് കൊടി കാട്ടിയിരിക്കുന്നു.
സന്ദേശങ്ങൾ അർഥവത്താകുന്നു.
അവൻ യാത്ര പറയുമ്പോൾ പല്ലി ചിലച്ചിരുന്നോ?
അകലെ എവിടെയോ ഉള്ള ചെറു തെരുവീഥിയിൽ മയൂർ ഇനിയാരെ കണ്ണുനട്ട് കാത്തിരിക്കാനാണ്. ഇനിയൊരിക്കലും കൃഷ്ണ പുന്ദിറിന്റെ പ്രിയപ്പെട്ട വടാ പ്പാവുമായി ഉറക്കമിളക്കുകയുണ്ടാവില്ല.
അറിയാത്തവരുടെ വയറു നിറക്കാൻ കൂകിയോടുന്ന ഇരുമ്പു ചക്രങ്ങൾക്കിടയിൽ മയൂറിനായി പുന്ദിർ കാത്തുവെച്ച ഉമ്മകൾ ചെഞ്ചായത്തിൽ കുതിർന്നില്ലാതായിരിക്കുന്നു.
മടക്കയാത്ര അവന് അനിവാര്യമായിരുന്നു ;ഒടുവിൽ അനന്തവും.
ബംഗാളീയെന്ന് ആര് വിളിച്ചാലും തിരിഞ്ഞു നോക്കി അവരെ തുറന്ന ചിരിയോടെ പ്രതിവന്ദനം ചെയ്യുന്നതായിരുന്നു അവന്റെ രീതി.
മെച്ചപ്പെട്ട വരുമാനത്തിൽ നടന്ന് പോന്ന അച്ഛന്റെ വർക്ക് ഷോപ്പിലേക്ക്‌ എന്തു പണിയും ചെയ്യാം എന്ന് കരഞ്ഞു വിളിച്ച് പുന്ദിർ വന്നു കയറിയത് ഇന്നലെയാണെന്ന് അയാൾക്ക് തോന്നി.
ആദ്യമൊന്നും അച്ഛനവനെ വിശ്വാസമേ ഉണ്ടായിരുന്നില്ല.
രാത്രികാലങ്ങളിൽ ഉറക്കമില്ലാതെ വർക്ക്‌ ഷോപ്പിനകത്തുതന്നെ ചെറിയ തകര കൊണ്ട് മറച്ചു മുറിപോലെയാക്കിയിടത്ത് ലൈറ്റുമിട്ട് അവനിരിക്കുമ്പോൾ അവനെ നോക്കി അച്ഛൻ വെറുതെ വിരണ്ടുപോകുന്നതായി തോന്നിയിട്ടുണ്ട്.
എങ്കിലും നന്നായി പണിയെടുക്കുന്ന അവനെ പറഞ്ഞുവിടാനും അച്ഛന് തോന്നിയില്ല. തെല്ല്‌ ഭയത്തോടെയാണെങ്കിലും അവന്റെ മുന്നിൽ അച്ഛൻ മുതലാളി ചമഞ്ഞ് ധൈര്യത്തിന്റെ ചായം തേച്ചിരുന്നു.
“നിന്റെ ജോലിയാണ് ഈ ബംഗാളിയെ ഇവിടെ നിർത്താൻ എന്നെ പ്രേരിപ്പിക്കുന്നത്. ”
അച്ഛൻ നെടുവീർപ്പിടുന്നു. സർവീസിൽ കയറുന്ന ആദ്യ ദിവസം പോലും ‘ഇരുമ്പുകൂടം തല്ലിത്തകർത്തു തന്നെ പഠിപ്പിച്ചത് തൊപ്പീം ലാത്തീം കൊണ്ട് നടന്ന് മീശപിരിക്കാനല്ല എന്ന് പറഞ്ഞ അച്ഛനെക്കൊണ്ട് പുന്ദിറിനെ ജോലിക്ക് നിർത്താനുള്ള ധൈര്യം താനാണെന്ന് പറയിപ്പിച്ചപ്പോഴാണ് അവനെ അയാൾ ആദ്യമായി തെല്ലൊരിഷ്ടത്തോടെ ഓർത്തത്.
ഒഴിവുള്ള ദിവസങ്ങളിൽ വെറുതെ വർക്ക്‌ ഷോപ്പിലേക്ക് ചെന്നിരിക്കുന്ന പതിവുണ്ടായിരുന്നു.
അങ്ങനെ ചെന്നിരുന്ന ഒഴിവു ദിവസമാണ് പകലുമുഴുവൻ നിന്നു തിരിയാതെ പണിയെടുത്തിട്ടും എന്തിനാണ് ഇരുട്ടിനെ കീറിമുറിച്ച് ഉറക്കമിളക്കുന്നതെന്ന് ഗൗരവത്തോടെ ചോദിച്ചപ്പോഴാണ് സ്വതേയുള്ള ചിരിയോടെ കൃഷ്ണയുടെ വയറ്റിൽ മയൂർ വളരുമ്പോൾ മുതൽ കാത്തു വെച്ച സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അവൻ അഴിച്ചുവെച്ചത്.
നിത്യവൃത്തിയ്ക്കു വേണ്ടി അവനിറങ്ങുമ്പോൾ മയൂറിന് കൃഷ്ണയുടെ ഉള്ളിൽ മൂന്നു മാസമായിരുന്നു പ്രായം.
പിന്നെ അവനായി സ്വരുക്കൂട്ടുമ്പോൾ സ്നേഹവും വാത്സല്യവും നിറച്ചുവെച്ച ഉമ്മകളും അവൻ കാത്തുവെച്ചുകൊണ്ടിരുന്നു.
ഒരിക്കൽ പാതിരാവു പിന്നിട്ടപ്പോൾ അവന്റെയടുത്തേക്ക് ചെന്നിരുന്ന് ചിരിച്ചപ്പോൾ പുന്ദിർ ഇരുട്ടിലേക്ക് കണ്ണുകൾ നട്ട് പതിവ് പോലെ ഇരിക്കുകയായിരുന്നു.
“ഉറക്കം വരുന്നില്ല അല്ലെ സാബ്? അതങ്ങനെയാണ് *ഭാഭി ഈയവസ്ഥയിൽ ആശുപത്രിയിൽ പോയതുകൊണ്ടല്ലേ സാബിന് ഉറക്കം നഷ്ടപ്പെട്ടത്. ഇതൊക്കെ മാറും സാബ്. എനിക്കും ഇതു തന്നെ അവസ്ഥ. മയൂറും കൃഷ്ണയും അവിടെ തനിച്ച്. അവനിപ്പോ ഏഴു വയസ്സുണ്ട്. അടച്ചുറപ്പില്ലാത്ത ആ കൂരയിൽ അവൾ മയൂറിനെ ഉറക്കി ഉറക്കമൊഴിഞ്ഞു കാവൽ കിടക്കുമ്പോൾ എനിക്കുറങ്ങാനാവില്ല സാബ്. ”
വവ്വാലിന്റെ ചിറകടി ശബ്ദം വായുവിൽ കലർന്നപ്പോൾ അവന്റെ ശബ്ദം മുറിഞ്ഞതായി തോന്നി.
ദിവ്യ ആശുപത്രിയിലേക്ക് പോകുമ്പോൾ വഴിക്കണ്ണുമായി കാത്തു നിൽക്കുന്ന അയാളുടെ മകളെ സമാധാനിപ്പിക്കാൻ പുന്ദിറിന് അസാമാന്യമായ കഴിവായിരുന്നു.
ശൈശവത്തിന്റെ എല്ലാ പിടിവാശികളും ഒന്നിച്ചു കൈവെള്ളയിൽ കൊണ്ടുനടക്കുന്ന അമ്മുവിനെ നിനക്കെങ്ങനെ പഴയ പ്രസരിപ്പിലേക്ക് കൊണ്ടു വരാൻ സാധിക്കുന്നു എന്ന ചോദ്യം പുരട്ടിയ വിസ്മയത്തോടെയുള്ള നോട്ടം ശ്രദ്ധിച്ചുകൊണ്ട് പുന്ദിർ പറഞ്ഞു:
“സാബ്, എന്റെ മയൂറും ഇങ്ങനെയാണ്.കൃഷ്ണ ഇടക്ക് വിളിക്കുമ്പോൾ പറയും ഞങ്ങളുടെ ഗലിയിലേക്ക് തിരിയുന്ന വഴിയിൽ എല്ലാ ദിവസും അവൻ പോയി നിൽക്കാറുണ്ടത്രെ. സന്ധ്യ കഴിഞ്ഞ് തിരികെ വരും. ഇരുട്ടു വലിയ പേടിയാണ്.”
അവൻ വീടുവിട്ടിറങ്ങും വരെ അമ്മക്ക് ആശ്വസിക്കാൻ കഴിയുമായിരുന്നു. ഇനി !
ഒരു പക്ഷെ ഇനിയാവും അമ്മക്ക് പരീക്ഷണത്തിന്റെ നാളുകൾ.
“പ്രദീപ്‌ സാറെ ഒരുത്തൻ വരുന്നുണ്ട്. ഇവനോടൊക്കെ വീട്ടിലിരിക്കാൻ പറഞ്ഞാലും ഇറങ്ങിക്കോളും വായിനോക്കാൻ. ”
ഓർമകളുടെ എൻജിൻ ഓഫ് ചെയ്ത് അയാൾ സഹപ്രവർത്തകൻ കൈചൂണ്ടിയിടത്തേക്ക് നോക്കി.
“നിന്നേ, എങ്ങോട്ടാ യാത്ര? ഈ സമയത്തു വീട്ടിലിരിക്കാൻ പറഞ്ഞിട്ടില്ലേ? “.
തലയിലെ തൊപ്പിയൂരി വിയർപ്പു തുടച്ച് സൈക്കിൾക്കാരൻ പയ്യൻ അയാളെ നോക്കി ചിരിച്ചു.
“സമൂഹ അടുക്കളയിൽ നിന്ന് ചോറ് വാങ്ങാൻ പോവ്വാണ് സർ. കറങ്ങി നടക്കില്ല. ഉടനെ പൊക്കോളാം. ”
മൂക്കിന് താഴെ പൊടിമീശകൾ മുളച്ചുവരുന്നതേയുള്ളു ആ പയ്യന്. അവന്റെ ചിരിയും കൂസലില്ലായ്മായും പുന്ദിറിനെ ഓർമിപ്പിച്ചു.
“ഇവിടുന്ന് കുറച്ചു ദൂരമല്ലേയുള്ളു. നീ ഇറങ്ങു. ഞാനും വരാം. ”
പ്രദീപ്‌ അവനൊപ്പം ഇറങ്ങി നടന്നു.
വിജനമായ റോഡിൽ വെയിൽ മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടിരുന്നു.
വാതോരാതെ അവൻ അയാളോട് സംസാരിച്ചു. മുഷിപ്പിക്കാതെ ഒരാളെ തന്റെ സംഭാഷണത്തിൽ പിടിച്ചു നിർത്താൻ പുന്ദിറിനെ പോലെ ഇവനും കഴിയുമെന്ന് അയാൾ നെടുവീർപ്പോടെ ഓർത്തു.
ഇരുപത് വയസ്സ് തികയാത്ത അവന്റെ പേര് വിജിൽ.
പുന്ദിറിനെ പോലെ സ്വപ്നങ്ങളുടെ ഭാണ്ഡം പേറി മഹാനഗരത്തിലും ഗ്രാമത്തിലും ഇക്കാലം കൊണ്ടു അവൻ അലഞ്ഞുതിരിഞ്ഞു.
ഓർമവെച്ച നാൾ മുതൽ കണ്ട, അവനെ വിജുവെന്ന് വിളിച്ച, അവൻ ആന്റിയെന്നു വിളിച്ച ഒരു സ്ത്രീ പറഞ്ഞ വാക്കുകളിൽ നിന്നാണ് അവൻ അച്ഛനെയും അമ്മയെയും കണ്ടത്.
ഒരിക്കൽ വിധി തോൽപ്പിക്കാൻ തുനിഞ്ഞിറങ്ങി ഉറ്റവരെ അകറ്റിയപ്പോൾ മഹാനഗരത്തിലേക്ക് അവൻ വണ്ടികയറി.
തട്ടുംതടവുമില്ലാത്ത ജലപ്രവാഹത്തിലെന്ന പോലെ ഒഴുകുന്ന ആൾക്കൂട്ടത്തിനു നടുവിൽ ഏറെ നാൾ തനിയെ.
പിന്നെ സ്വപ്‌നങ്ങൾ കൂട്ടിവെച്ച് തന്നെപ്പോലെ ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ടുപേർക്കൊപ്പം കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലും ജോലിയും താമസവും.
അവൻ അവരെ ചേച്ചിയെന്നും ചേട്ടനെന്നും വിളിച്ചു.
മോഹങ്ങളൊക്കെ സാധിച്ച് ഒരിക്കൽ തങ്ങളെ കാണാൻ വരണമെന്ന് പറഞ്ഞ് വണ്ടിക്കൂലി കൊടുത്ത് അവർ അവനെ തിരിച്ചയച്ചു.
തിരികെ നാട്ടിലെത്തി ചെറിയ ജോലികൾ ചെയ്ത് അവൻ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു.
പഠിച്ചു. പിന്നെയും ജീവിതം കരുപ്പിടിപ്പിക്കാൻ വിവിധ വേഷങ്ങൾ.
അടച്ചിടലിന്റെ ആഘാതത്തിൽ ഇതിനിടയിൽ നടത്തിവന്ന ചെറിയൊരന്വേഷണവും ഗതിമുട്ടിപ്പോയി എന്നവൻ പറഞ്ഞു.
എന്തന്വേഷണം എന്ന് ധ്വനിപ്പിച്ച ചോദ്യം അവനിലേക്കെറിഞ്ഞപ്പോൾ അവൻ ചിരിയോടെ വീണ്ടും പറഞ്ഞു.
“കേട്ടാ ചിരിക്കല്ലേ സാറെ, അച്ഛനേം അമ്മേം തപ്പി ഞാൻ ചെറിയൊരു ഡിക്ടറ്റീവ് ഏജൻസി തുടങ്ങിയിരുന്നു. ”
പറഞ്ഞു നിർത്തി അവൻ പൊട്ടിച്ചിരിക്കുമ്പോൾ പ്രദീപിന് പക്ഷെ അവനോടൊപ്പം ചേരാൻ കഴിഞ്ഞില്ല.
മുഖത്തെ വിയർപ്പൊപ്പുന്നതായി ഭാവിച്ച്‌ തുളുമ്പി നിൽക്കുന്ന കണ്ണുകളെ അയാൾ തുടച്ചു.
സമൂഹ അടുക്കളയിൽ നിന്ന് അവൻ തിരികെ ചോറുമായി വരുമ്പോൾ കുറച്ചിട ഇരുവരും മൗനമായിരുന്നു.
സ്വച്ഛമായ കുളത്തിലേക്ക് ചെറിയ കല്ലെടുത്തെറിഞ്ഞ് ഓളം തീർക്കുന്നതുപോലെയായിരുന്നു
പെട്ടെന്ന് വിജിലിന്റെ ചോദ്യം. “സാറ് ചോറുണ്ടായിരുന്നോ? ഇല്ലേൽ ഇതെടുത്തോ. “.
അവിശ്വാസ്യതയോടെ അയാൾ അവനെ നോക്കി.
ജോലി ചെയ്തിരുന്ന ഹോട്ടലുകളൊക്കെ അടച്ചുപൂട്ടലിൽ താഴിട്ടപ്പോൾ ഭക്ഷണം മുട്ടിപ്പോയ ഒരു കൗമാരക്കാരനാണ് അത് ചോദിച്ചതെന്ന് അയാൾക്ക് തോന്നിയില്ല.
തന്റെ ചെറിയ ജീവിതം പഠിപ്പിച്ച അനുഭവങ്ങളുടെ വലിയ തുരുത്ത് അവന്റെ കണ്ണുകളിൽ അയാൾ കണ്ടു.
“നിങ്ങളും ആശുപത്രിക്കാരും വല്യ കഷ്ടത്തിലാ അല്ലെ സാറെ “.
അയാൾ നിസ്സംഗതയോടെ വിജിലിനെ നോക്കിച്ചിരിച്ചു.
“അസുഖങ്ങളൊക്കെ ആർക്കു വേണേലും വരാല്ലോ. എന്നിട്ടും ആശുപത്രീലൊക്കെ ജോലിക്കാർക്ക് കൊറവില്ലല്ലോ? നിങ്ങളൊക്കെയാണെങ്കിലോ മഴയെന്നില്ല, വെയിലിന്നില്ല. അപ്പൊ നിങ്ങളെല്ലാം ആഹാരം കഴിച്ചോന്നൊക്കെ ഞങ്ങളൊക്കെ ചോദിക്കേണ്ടതല്ലേ “.
മനസുകൊണ്ട് അയാൾ വിജിലിനെ ചേർത്തു പിടിച്ചു.
“വേഗം പൊയ്ക്കോളൂ. എനിക്ക് ഡ്യൂട്ടിയുണ്ട്. നമുക്കിനിയും കാണാം. ”
വിജിൽ സൈക്കിളിലേറിപ്പോകുമ്പോൾ
പ്രദീപിന്റെ കണ്ണുകൾ അവന്റെ പാതയിലേക്ക് നീണ്ടു. ചെറിയ ഇടവഴിയിലേക്ക് അവൻ തിരിഞ്ഞപ്പോഴും കണ്ണുകൾ അവിടേക്ക് തന്നെ തറഞ്ഞു നിന്നു.
പ്രിയപ്പെട്ടവർ എന്ന സ്വപ്നത്തിലേക്കിറങ്ങി നടന്ന് കാഠിന്യത്തിന്റെ വഴികൾ താണ്ടിയ ക്ഷീണത്തിൽ മയക്കത്തിലേക്ക് ആണ്ടു കിടന്നുപോയപ്പോൾ വിധി ചൂളം വിളികളോടെ പാഞ്ഞെത്തി വാരിയെടുത്തു കൊണ്ടു പോയ പുന്ദിർ.
പ്രതീക്ഷകളുടെ തുരുത്തുമായി പലയിടങ്ങൾ കറങ്ങി പ്രത്യാശകളെ മുറുകെപ്പിടിച്ച് പല വേഷങ്ങൾ കെട്ടുന്ന കൗമാരക്കാരൻ വിജിൽ.
“സർ, ദേ വാർത്ത കണ്ടോ? രണ്ടു ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചില്ലേ ഒരു കൊച്ചു കുഞ്ഞ്. അത് മരിച്ചൂന്ന് സർ. ”
അവിശ്വാസ്യതയോടെ സഹപ്രവർത്തകൻ നീട്ടിപ്പിടിച്ച ഫോണിലേക്ക് അയാൾ നോക്കി. പ്രശസ്തമായ ചാനലിലെ പ്രഗത്ഭയായ അവതാരക പറയുന്നു.
ദിവ്യ ജോലി ചെയ്തിരുന്ന ആശുപത്രിയിലായിരുന്നു ചികിത്സ. ജോലികഴിഞ്ഞ് താത്കാലികമായി താമസിക്കുന്ന മുറിയിലേക്ക് വന്ന് അമ്മുവിനെ കാണാൻ അവൾ വീഡിയോകോൾ ചെയ്യും.
പുന്ദിറുള്ളപ്പോൾ അമ്മു ധൃതിയിലാകും ദിവ്യയോട് സംസാരിക്കുക.
അന്ന് കളിച്ച കളികളെക്കുറിച്ചും പുന്ദിർ പറഞ്ഞ കഥകളെ കുറിച്ചും അവൾ ചിരിച്ചുകൊണ്ട് പറയും.
അമ്മു പോയ്ക്കഴിയുമ്പോൾ അതുവരെ പിടിച്ചു നിർത്തിയവയൊക്കെയും അണപൊട്ടിയൊഴുകും.
ആശുപത്രിയിലെ തിരക്കുകൾക്കിടയിലെ സഹപ്രവത്തകരുടെ തമാശകളും വിശേഷങ്ങളും പറഞ്ഞു ചിരിച്ചിരുന്ന ദിവ്യ കണ്ണീരുപ്പിന്റെ രുചിയുള്ളവയാണ് ഇപ്പോൾ പറയുന്നത്. അമ്മയെയും അച്ഛനെയും കാണാതെ അടച്ചിരിക്കുന്ന, അമ്മുവിനേക്കാളും ചെറിയ കുട്ടിയെക്കുറിച്ച് പറയുമ്പോഴൊക്കെ അവളുടെ കവിളുകളിൽ കണ്ണീരിന്റെ നനവ് ഒഴുകി ഇറങ്ങുന്നത് കാണാം.
അമ്മുവിനോടുള്ള നുണ പറച്ചിലുകളിലൊക്കെയും അവൾ ആ കുഞ്ഞിനെക്കുറിച്ചും ഓർത്തിരിക്കാം.
ഉറ്റവർ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന തിരിച്ചറിവോടെ ഐസൊലേഷൻ വാർഡിലെ ചെറിയ കിളിവാതിലിലൂടെ അവർ യാത്രപറയുന്നത് നിറകണ്ണോടെ നോക്കിനിൽക്കുന്നവർ.
എത്രയെത്ര പരീക്ഷണങ്ങൾ ;ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ ഒന്നുമോർക്കാതെ നടന്നു കയറുന്ന ദിവ്യയെപ്പോലെ എത്രപേർ.
മഴത്തുള്ളികൾ പൊടുന്നനവെ യൂണിഫോമിൽ ചെറിയ പൊട്ടുകൾ തൊട്ടു.
“സാറെ വാ, ആ ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡിലിരിക്കാം. വണ്ടീലിരുന്ന ആരെങ്കിലും വന്നാൽ നമ്മളിറങ്ങി വരുമ്പോഴേക്കും അവന്മാരങ്ങ് പോകും”.
സഹപ്രവർത്തകനൊപ്പം അയാൾ നടന്നു.
വിജനമായ പാതയിലൂടെ മഴവെള്ളം സ്വച്ഛമായി ഒഴുകുന്നു.
മഴവെള്ളം ടാറിട്ട റോഡിനെ കൂടുതൽ മനോഹരമാക്കുന്നു. മുമ്പെങ്ങുമില്ലാത്ത തിളക്കം.
ഏറെ നാളുകൾക്കു ശേഷം മഴയിലെ ആ മാസ്മരിക ഗന്ധം അയാളുടെ നാസാന്ദ്രിയങ്ങളിലേക്ക് കുതിച്ചുകയറി.
അയാൾ ഇരുമ്പു തൂൺ ചാരി മഴയിലേക്ക് നോക്കി.
വാഹനങ്ങളുടെ നിലവിട്ട ഇരമ്പലില്ല.
പുറത്തേക്ക് വമിക്കുന്ന മടുപ്പിക്കുന്ന പുകയില്ല.
തകര ഷീറ്റിലേക്ക് മഴ ആർത്തലച്ചുതുള്ളുന്ന ആരവം മാത്രം.
പതിവില്ലാത്ത ശാന്തതയോടെ നദികളൊക്കെയും ഒഴുകുന്നു.
അയാൾ പതുക്കെ തലചെരിച്ചു നോക്കുമ്പോൾ സഹപ്രവർത്തകൻ ഫോണിൽ നോക്കി ചിരിക്കുന്നു.
കണ്ണുകളിൽ വാത്സല്യത്തിന്റെ തിളക്കം.
അടച്ചിടലിനിടയിൽ വന്ന കൺമണിയെ ഒരു നോക്ക് കാണുവാൻ കാത്തിരിപ്പു തുടരുന്നു.
അച്ഛന്റെ അഭാവത്തിൽ പേരിടൽ നീണ്ടുപോയി.
കഴിഞ്ഞയാഴ്ച അയാൾ പറഞ്ഞു :
“എന്റെ മോളിപ്പോഴും പേരില്ലാത്ത കുട്ടിയാണ് സർ. ജനിച്ചിട്ട് മാസം രണ്ടാവുന്നു. എന്തൊക്കെയാണ് അല്ലെ. “അയാൾ ചിരിച്ചു.
“സാറെ ഈ തണുപ്പത്തൊക്കെ ഇരിക്കുവല്ലേ. ദാ കട്ടൻ ചായ. മദുരം കുറവായിരിക്കും. ”
പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ വിജിൽ ചോറ്റുപാത്രം നീട്ടി. പിന്നെ കുറച്ചു ഡിസ്പോസിബിൾ ഗ്ലാസുകളും. കൈയിൽ പാതിയിലേറെ കമ്പികൾ ഒടിഞ്ഞ കുട.
പെരുമഴയത്ത് വിജനമായ നിരത്തിൽ നോക്കി തങ്ങൾ തണുത്തിരിപ്പുണ്ടെന്ന് അവൻ ഓർക്കുന്നു.
മീശപിരിച്ച് വിരട്ടി ഓടിക്കുന്ന ഭീകരന്മാർ അല്ല തങ്ങളിവർക്ക്.
എവിടെയൊക്കെയോ അറിയുന്നവരും അറിയാത്തവരുമായ മനുഷ്യർ തങ്ങളെ ഓർക്കുന്നു.
“മഴ മാറിയാൽ മാത്രം ദാ ആ കാണുന്ന ഇടവഴിയിൽ നിന്ന് എന്നെ വിളിച്ചാ മതി. ഇല്ലെങ്കി ഞാൻ വന്നെടുത്തോളം. സാറൊക്കെ ഇവിടെത്തന്നെ കാണുമല്ലോ. ”
മറിച്ചെന്തെങ്കിലും പറയും മുൻപേ അവൻ ഒടിഞ്ഞ കുടയുമായി ഓടി.
തന്നെ കാത്തിരിക്കാൻ ആരുമില്ലെങ്കിലും, ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ കാത്തിരിപ്പുണ്ടാകുമെന്ന് ഒരു കൗമാരക്കാരൻ അവന്റെ എളിയ ജീവിതാനുഭവങ്ങൾ കൊണ്ടു മനസിലാക്കുന്നു.
ഈ മഴയിൽ ചൂടുള്ള കട്ടൻ ചായയുമായി വന്നിട്ടും വണ്ടിയിലെ കുടകൊടുത്തു വിടാൻ തനിക്കു തോന്നിയില്ലല്ലോ എന്ന് അയാളോർത്തു.
അങ്ങകലെയുള്ള നാട്ടിൽ തന്നെ കാത്തിരിക്കുന്ന മകനെയോർത്ത്
അമ്മുവിനെ ചിരിപ്പിക്കുന്ന പുന്ദിർ.
ഇതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യർക്ക്‌ വേണ്ടി ജീവൻ പണയപ്പെടുത്തി മകളോട് നുണ പറഞ്ഞ് തന്റെ കടമ ചെയ്യുന്ന ദിവ്യ.
കാത്തുകാത്തിരുന്ന കുഞ്ഞിനെ കാണാൻ കഴിയാതെ വെയിലിലും മഴയിലും നിൽക്കുന്ന തന്റെ എത്രയെത്ര സഹപ്രവർത്തകർ.
വിജിൽ കൊണ്ടു വന്ന കട്ടൻ ചായ പകർന്നെടുത്ത് ചുണ്ടോട് ചേർക്കവേ പുന്ദിറിനെ ഓർമ വന്നു.
“സാബ് എനിക്കൊന്നും തന്നെ ഇനി ഇറങ്ങില്ല. അടച്ചുപൂട്ടലായതോടെ അവിടെ അവർക്ക് പച്ചവെള്ളം പോലും കിട്ടുമോന്നറിയില്ല”.
പലായനത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാവും മയൂറും കൃഷ്ണയും.
ഗലിയിലേക്കുള്ള കാത്തിരിപ്പുകൾക്ക് വിരാമമാവുന്നു.
മഴ കുറഞ്ഞു. വിജിൽ ഒഴിഞ്ഞ ചോറ്റുപാത്രമെടുത്ത് ഒരു ചിരി സമ്മാനിച്ച് കടന്നു പോയി.
കാർമേഘമൊഴിഞ്ഞ ആകാശത്ത് സൂര്യന്റെ കുഞ്ഞു വെളിച്ചം തെളിഞ്ഞു തുടങ്ങിയിരുന്നു അപ്പോൾ.
Nb:*ഭാഭി – ചേട്ടത്തി

 അമൃത ലക്ഷ്മി

ഈ വർഷത്തെ ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ടിൻെറ മാത്യു എം കുഴിവേലിൽ സ്മാരക പുരസ്‌കാര ജേതാവ്. 2014 മുതൽ എഴുതുന്നു. തുടർച്ചയായി 4 വർഷം വിദ്യാരംഗം കലസാഹിത്യ വേദിയുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു. 2016ൽ കേരള ജൈവ വൈവിധ്യ ബോർഡ്‌ നടത്തിയ ചെറുകഥ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. കണ്ണൂരിൽ വെച്ച് നടന്ന 57മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥാ രചനയ്ക്ക് ‘A ‘ഗ്രേഡ് നേടി. 2019 ൽ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം കഥാരചനയിൽ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയിലും മാതൃഭൂമി ബാലപംക്തിയിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

സുജാതാ അനിൽ

ശാപ മുള്ളേറ്റ് മുറിവുണങ്ങാതെയും ,
പ്രണയ നനവിറ്റ് തണലായ് തളിർത്തും.
പാണ്ഡുവിൻ പാശം കവരും,
സപത്നിയായ്
സർവ്വംസഹയായ് തപിക്കും
രാജകുമാരി നീ…

കഷ്ടങ്ങളൊക്കെയും
ഇഷ്ടങ്ങളാക്കിനിൻ
അന്തപ്പുരത്തിന്റെ
ആഴ ജലാശയം കണ്ണിലൊളിച്ചും
കാനന നീലിമ ഉള്ളിൽ നുകർന്ന നീ
അഗ്നി തൻ
മദഗന്ധമേറ്റുവാങ്ങി….

പ്രിയനേറ്റ ശാപവും
പ്രിയമായി മാറ്റിനിൻ
നിറയൗവനപ്പൂവി-
ന്നധരം മറച്ചും,
തനുവിന്റെ നിറവാർന്ന താളവും
തരളിതമാക്കിയ
അരചന്റെ ദേഹവും
മൃത്യുവാൽ കടo കൊണ്ട
ശല്യഭഗിനി ശാന്ത നീ.

പെണ്ണാണു നീയും വിഫലമാം ജീവിതം
സഫലമാക്കീടുവാൻ
അറിവോടെ
പരം പൊരുൾ പൂകിയ മാദ്രി നീ…

സ്വപ്നങ്ങൾ പാഴ്ക്കിനാവായതും ,സ്പന്ദനം കൊണ്ടെത്ര രാത്രികൾ സ്വച്ഛമുറങ്ങിയും.
മൗന വാതായനങ്ങൾ കണ്ണുനീർ കനൽ തീർത്തടർന്നതും.
നൊമ്പരമുള്ളിൽ തറഞ്ഞു പഴുത്തതും
പെണ്ണെന്ന പെണ്ണിവൾ
സതി ജനിച്ചതും….??

മാദ്രീ…
നീ ദീപ്തമാമോർമ
ജനിക്കുന്നു , മരിക്കുന്നു
ശാപ മുറിവിൽ
ചോര കിനിയുന്നു,
ഒഴുകി പരക്കുന്ന പെണ്ണുടൽ പ്രണയാപരാധം ചുമക്കുന്നു.

സുജാതാ അനിൽ

ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക. ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി.കൊല്ലം.
ഭർത്താവ്-അനിൽകുമാർ
മക്കൾ -വിദ്യാർത്ഥികളായ ഗൗതം എ എസ് , ഗൗരി കല്യാണി.

ശ്രീകുമാരി അശോകൻ

മത്സഖീ ഇന്നു ഞാനോർക്കുന്നു നീയെന്റെ
ജീവിത വാസന്ത വനികയിൽ പൂത്തനാൾ
മുഗ്ദ്ധാനുരാഗത്തിൻ സ്‌നിഗ്ദ്ധ മധുരമാം
സ്നേഹോപഹാരത്താൽ ഓടിയണഞ്ഞവൾ
ജീവിത കയ്പ്പുനീരേറെ കുടിച്ച നിൻ
മാനസതാരിലെ വിങ്ങുന്ന നോവുകൾ
ചേതനയറ്റ നിൻ കൺകളിൽ കണ്ടു ഞാൻ തൂമധു ചോരും കിനാവിന്റെയോളങ്ങൾ
വിപ്ലവ വീര്യങ്ങളേറെപറഞ്ഞു ഞാൻ
ജീവിതവീഥിയിലേകനായ് തീരവേ
ഓർത്തുപോയ്‌ നിന്റെയാ വിതുമ്പുന്ന ചുണ്ടിണ
ഓർത്തുപോയ്‌ നിന്റെയാ സാന്ത്വന സ്പർശങ്ങൾ
എന്നിട്ടുമെന്തേവം ക്രൂരനായ്‌ തീരുവാൻ
എന്തേ നിൻ ജീവനെ ഇല്ലാതെയാക്കുവാൻ
എന്താണെന്നുത്തരം കിട്ടാത്തൊരായിരം
ചിന്തകളെന്റെ മനസ്സിൽ പുകയുന്നു
എത്രയും പ്രിയതരമായ നിൻ ജീവന
മാല്യങ്ങളൊക്കെയും ദൂരേക്കെറിഞ്ഞു നിൻ
സ്വപ്നങ്ങളൊക്കെയും ചവുട്ടിയരച്ചതിൽ
ഉന്മത്ത നൃത്തം തുടരുന്നു പിന്നെയും
പൈശാചികത്വം സ്ഭുരിക്കുമെൻ കണ്ണുകൾ
ചുടുചോര നുണയുവാൻ വെമ്പുന്ന നാവുമായ്‌
ആസ്പഷ്ട വാക്കുകൾ ദിവികളിലലകൊൾകെ
ഓർത്തുപോയ്‌ ഞാനിത്ര ക്രൂരനോ പാപിയോ
എന്തേവം ഞാനിത്ര ക്രൂരനായ്‌ തീരുവാൻ
എന്തേവം ചിന്തകൾ ഭ്രാന്തമായ്‌ തീരുവാൻ
നിന്നോടെനിക്കുള്ള സ്നേഹന്ധതതന്നെ
മന്നിൽ ഞാനിത്രയും ക്രൂരനായ്‌ തീരുവാൻ
സ്നേഹത്താലന്ധത ബാധിച്ച കണ്ണുകൾ
സംശയദൃഷ്ടിയാൽ നോക്കിയതെപ്പോഴും
നിന്നെയപരന്മാർ നോക്കുന്നതെത്രയും
ദുസ്സഹമായിത്തുടങ്ങിയ നാളുകൾ
അന്നുതൊട്ടിന്നോളം ഞാൻ മാത്രമാണു നിൻ
ജീവിത നാടക വേദിയിൽ നായകൻ
അതുമാത്രമാണെന്റെ ചിന്താസരണിയിൽ
നീറിപ്പുകഞ്ഞൊരു ദ്വേഷത്തിൻ കാരണം
പ്രിയസഖി ഞാനിന്നു വരികയായ്‌ നിന്റെയാ
മരണാനന്തര ജീവിത യാത്രയിൽ
താങ്ങായി,തണലായി എന്നും നിൻ ജീവിത
വാസന്ത യവനികയെ പൂവണിയിക്കുവാൻ
പോരുകയാണെൻ അശ്രുബിന്ദുക്കളാൽ
ഏറെ പഴകിയോരെൻ പാപങ്ങൾ കഴുകുവാൻ

 

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഗംഗ. പി

അപ്പുവിന് ഇഷ്ട പെട്ട ദിവസങ്ങൾ ഏത് എന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയും” ഓണക്കാലം “. അവൻ്റെ ഗ്രാമത്തിലുള്ള അപ്പൂപ്പനും അമ്മൂമ്മയും ഒന്നിച്ചുള്ള ഓണക്കാലം അവൻ വളരെ അധികം ഇഷ്ട പെടുന്നതായിരുന്നു എന്ന് അവൻ്റെ അച്ഛന് നന്നായി അറിയാം. അപ്പുവിന് പട്ടണം തീരെ ഇഷ്ടമല്ല.

കാരണം പട്ടണത്തിൽ അവനു കളിക്കാൻ ആരുമില്ല. എല്ലാവരും തിരക്കിലാണ് . എല്ലാവർക്കും അവരുടെ കാര്യം മാത്രം. കഥകൾ പറഞ്ഞു കൊടുക്കാൻ ആരുമില്ല. അവൻ്റെ അച്ഛന് കഥ പറഞ്ഞു കൊടുക്കാൻ അറിയില്ല . അമ്മയ്ക്ക് സമയമില്ല.

എന്നാൽ ഗ്രാമത്തിൽ കളിക്കാൻ ഒത്തിരി കൂട്ടുകാരെ കിട്ടും . മുത്തശ്ശി കഥകൾ പറഞ്ഞു കൊടുക്കും. അപ്പൂപ്പനും കഥകൾ പറഞ്ഞു കൊടുക്കാറുണ്ട് . പിന്നെ പല തരം പായസം ഉണ്ടാക്കി കൊടുക്കും. നാട് കാണാൻ പോകാം. പല തരം മിഠായികൾ കഴിക്കാം . അങ്ങനെ രസകരമായ ദിവസങ്ങൾ അവിടെ ചെന്നാൽ കിട്ടും.

ഒടുവിൽ അവൻ കാത്തിരുന്ന ഓണം വന്നെത്തി. അവൻ ഓണം അടിച്ചുപൊളിക്കാൻ പോയി. അവിടെ ചെന്നപ്പോ അവനു വേണ്ടതെല്ലാം മുത്തച്ഛനും മുത്തശ്ശിയും ചെയ്തു കൊടുത്തു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി . അവധിക്കാലം കഴിഞ്ഞ് അച്ഛൻ വന്നു അപ്പുവിന് കൊണ്ട് പോകാൻ . അവൻ പോകാൻ കൂട്ടാക്കിയില്ല.
മുത്തശ്ശൻ്റെ വാക്കുകൾ കേട്ട് അവൻ പോകാൻ തയ്യാറായി. അവർ പറഞ്ഞു ഇവിടെ നിന്നാൽ അപ്പുവിന് നല്ല പഠിപ്പ് കിട്ടില്ല . മോൻ പഠിച്ച് വലിയ നിലയിൽ എത്തണം എന്നാണ് അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും ആഗ്രഹം . അത് അപ്പു സാധിക്കണം. ഇത് .എല്ലാം കേട്ടപ്പോ അപ്പു സമ്മതിച്ചു . വേറെ വഴി ഇല്ലാതെ അപ്പു അച്ഛൻ്റെ കൂടെ മനസ്സില്ലാ മനസ്സോടെ പട്ടണത്തിലേക്ക് പോയി.

അവനു സത്യത്തിൽ അപ്പൂപ്പനെയും അമ്മൂമ്മയെയും വിട്ട് പിരിയാൻ മനസില്ല . ഇവിടെ അമ്മൂമ്മയും അപ്പൂപ്പനും കൊച്ചുമകനും തമ്മിൽ ഉള്ള സ്നേഹം എത്ര മാത്രം ഉണ്ടെന്ന് കാണാൻ സാധിക്കും. ‘ ഈ
ലോകത്ത് എല്ലാവർക്കും മക്കളെക്കാൾ ഇഷ്ടം കൊച്ചു മക്കളെയാണ്

ഗംഗ പി

വളർന്നു വരുന്ന യുവ കഥാകാരി .  രചനകൾ നേരത്തെ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാരിപ്പള്ളി നിയാണ്

അഖിൽ പുതുശ്ശേരി

ചിങ്ങത്തേരിലണയുമിതോണം
മാമലനാടിൻ പഴമയതോണം
മാവേലിനാടുവാണൊരു കാലം
ഓമനിക്കാനൊരു ഓർമദിനം

പുത്തനുടുപ്പുമിട്ടൊരു ശലഭം
തത്തി തത്തി കളിച്ചൊരു വെയിലിൽ
തുമ്പപ്പൂവിൻ ചാരുത കാൺകേ
നുള്ളിയെടുത്തൊരു കൈയാലേ

മഴക്കാറൊഴിഞ്ഞു തെളിഞ്ഞൊരു വാന-
ത്തങ്കണം തന്നിൽ വിരിഞ്ഞതാ പൂക്കളും
ഇന്നെൻ മനസ്സിൽ പതിയുമൊരോർമ്മകൾ
ഓടിനടന്നു പൂവിറുത്തൊരു കാലം

“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ …..”
കേട്ടുമറന്നൊരീ ദേശീയഗാനം
കോളാംമ്പിയൊന്നു മുറുമുറുക്കേ
ആർപ്പുവിളിയും കുരവയുമായ്
തൂശനിലകൾ വിരിഞ്ഞുനിൽക്കേ

തിരുവോണ നാളിലേക്കായൊരുങ്ങുമീ ഭൂപ്രതി
ഒരുപിടി ഓർമ്മകൾ
അത്ത പൂക്കളായ് നിരത്തീടവേ
ഓണാഘോഷമതിന്നൊരു ഓർമയായ്
മാധ്യമംതന്നിൽ നിറഞ്ഞുനിൽക്കേ

‘അത്തം കറുത്താൽ ഓണം വെളുക്കും ‘
കേട്ടൊരു ചൊല്ലെൻ റേഡിയോ തന്നിൽ
ഞെട്ടിയുണർന്നു പരതിയെൻ കണ്ണുകൾ
ഞെട്ടലോടറിഞ്ഞതാ അത്തം പിറന്നുപോയ്‌
തൊടിയിലെ പറങ്കിയിൽ ഊഞ്ഞാൽപൊലികൾ
പാടിയെൻ മൈനകൾ ഓർമയാകേ

മാമല നാടേ മരതക നാടേ
മലയാള ഭാഷതൻ ഹർഷാരവമേ
അത്തമുദിക്കുമീ നേരംതൊട്ടതാ
കാത്തിരിക്കുന്നേവം
കടന്നുപോകുമീ
തിരുവോണനാളിനായ്

 

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി . 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു . നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു. കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

 

 

ഡോ. ഐഷ വി

പെട്രോമാക്സിന്റെ ശക്തിയേറിയ വെളിച്ചം വയലിൽ കിഴക്ക് ഭാഗത്തു നിന്നും കണ്ടു തുടങ്ങിയപ്പോഴേ തോന്നി സമയം രാത്രി എട്ടു മണിയായെന്ന്. ഏതാനും പേർ ദിവസവും മുടങ്ങാതെ തവളപിടുത്തം നടത്തി പോന്നു. ഞങ്ങളുടെ പുരയിടവും ആലുവിളക്കാരുടെ പറമ്പും തമ്മിൽ വേർതിരിയ്ക്കുന്ന ഒരു നീർ ചാലുണ്ട്. അതിലും പതിവായി അവരിറങ്ങി തവളയെ തപ്പും. 1970 കളിലേയും 1980 കളിലേയും പതിവായിരുന്നു ഇത്.. ഇതേ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് തവളകളെ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണെന്നാണ്. അന്നാട്ടുകാരുടെ തീൻ മേശയിലെ ഇഷ്ട വിഭവങ്ങളിലൊന്ന് തവളയിറച്ചി ഫ്രൈയാണത്രേ. നമ്മുടെ നാട്ടുകാർ വില്ലൻ ചുമയ്ക്ക് ഔഷധമായും തവളയിറച്ചി ഉപയോഗിച്ചിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. മുതുകത്ത് നേരിയ പച്ച നിറമുള്ള കൊഴുത്തുരുണ്ട തവളകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

തവളപിടുത്തക്കാർ പണി നിർത്തി തിരിച്ചു പോകുമ്പോഴേയ്ക്കും അർദ്ധരാത്രിയാകും.
പിന്നെ പിന്നെ തവളകളുടെ എണ്ണം കുറഞ്ഞു വന്നതിനാലാകണം 1990 കളുടെ പകുതി കഴിഞ്ഞപ്പോൾ തവളപിടുത്തക്കാരെ കാണാനില്ലാതായി. ഞാൻ പ്രീഡിഗ്രിയ്ക്ക് കൊല്ലം എസ് എൻ വിമൺസ് കോളേജിൽ പഠിക്കുന്ന കാലം. അവിടെ കാന്റീന്റെയടുത്തായി ഒരു വലിയ സിമന്റ് ടാങ്കിൽ വെള്ളം നിറച്ച് ധാരാളം തവളകളെ ഇട്ടിരുന്നു. ഇതിൽ നിന്നു പിടിച്ചു കൊണ്ടുവരുന്ന തവളകളായിരുന്നു ഞങ്ങളുടെ ഡിസക് ഷൻ ടേബിളിൽ എത്തിയിരുന്നത്. അറ്റൻഡർ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന തവളകളെ ഡിസക്ഷൻ ചെയ്ത് തൊലികളഞ്ഞ് , ത്‌സയാറ്റിക് നെർവ് കണ്ടുപിടിച്ച് ഏകദേശം 1mm x 2mm വലിപ്പത്തിൽ കട്ട് ചെയ്ത എക്സ്റേ ഫിലിം കഷണങ്ങൾ നെർവിനടിയിൽ സൂഷ്മതയോടെ ഫോഴ് സപ് സ് ഉപയോഗിച്ച് എടുത്ത് വച്ച് തവളയുടെ ത് സയാറ്റിക് പ് ലക് സസ് ഡിസ്പ്ലേ തയ്യാറാക്കി മായ റ്റീച്ചർ വന്ന് നോക്കാനായി ഞങ്ങൾ ഡിസക്ഷൻ ടേബിളിനരികിൽ കാത്തു നിൽക്കും. മായ ടീച്ചർ ഓക്കേ പറഞ്ഞാൽ റഫ് റിക്കോർഡും പിന്നെ ഫെയർ റിക്കോർഡും തയ്യാറാക്കാം.

അങ്ങനെ വീട്ടിൽ വച്ച് തവളയെ ഡിസക്ഷൻ ചെയ്യാൻ എനിയ് ക്കൊരു മോഹം. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന ഒരു വൈകുന്നേരം അനുജനും കൂട്ടുകാരും കൂടി പച്ച ഈർക്കിലി തുമ്പ് വളച്ച് കെട്ടി തവളയെ പിടിക്കാനുള്ള കുരുക്ക് തയ്യാറാക്കി. അവർ തോട്ടിലേയ്ക്ക് പോയി. കരയിലോ ആഴം കുറഞ്ഞ വെള്ളത്തിലോ വിശ്രമിക്കുന്ന തവളയുടെ തല ഈർക്കിലി കുടുക്കിട്ട് പിടിച്ച് നാല് തവളകളെ അനുജൻ വീട്ടിലെത്തിച്ചു. ഞാനവയെ ഡിസക്ഷൻ ചെയ്തു. കോളേജിൽ ഫോർമാലിൻ ഉപയോഗിച്ച് മയക്കിയ തവകളെയായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്. എന്നാൽ ഈ ജീവനുള്ള തവളകളെ ഡിസ് ക ട് ചെയ്യാൻ ഞാൻ പെടാപാടുപ്പെട്ടു. ഒന്ന് കൈ കൊണ്ട് പിടിക്കുമ്പോഴേയ്ക്കും വഴുതി പോകുന്ന ശരീരം. വല്ലവിധവും ഡിസക്ഷൻ പൂർത്തിയാക്കി ത്സയാറ്റിക് പ്ലക്സസ് ഡിസ്പ്ലേ അനുജനും അനുജത്തിയ്ക്കും കാണിച്ചു കൊടുത്തു. പിന്നെ ഞങ്ങൾ തവളയുടെ തുടകൾ ഫ്രൈ ചെയ്തു ഭക്ഷിച്ചു. അങ്ങനെ ആദ്യമായും അവസാനമായും തവളയിറച്ചിയുടെ രുചിയറിഞ്ഞു. എന്തുകൊണ്ടാണ് തവളപിടുത്തക്കാർ പതിറ്റാണ്ടുകളോളം സ്ഥിരമായി തവളയെ പിടിച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്.

ഉഭയജീവിയായ തവള ഈസ്റ്റിവേഷൻ, ഹൈബർനേഷൻ എന്നീ പ്രക്രിയകൾക്ക് വിധേയരാകുന്നവരാണ്. പ്രതികൂല കാലാവസ്ഥയാകുമ്പോൾ മാസങ്ങളോളം ഉറങ്ങും. മഴയുടെ ആരംഭത്തിൽ തന്നെ ഉണർന്ന് പൊക്രോം പൊക്രോം ശബ്ദത്തോടു കൂടി ഉത്സാഹഭരിതരായി അവർ പുതുമഴയെ വരവേൽക്കും. മഴയിൽ നനഞ്ഞ പുതു മണ്ണിന്റെ ഗന്ധം അന്തരീക്ഷത്തിൽ പടരും. പറമ്പിൽ പണിക്കാർ തെങ്ങിൻ തടം തുറന്ന് പെരുമഴയിൽ തടത്തിൽ വെള്ളം കെട്ടി നിൽക്കുന്ന സമയത്ത് തവളയുടെ ലാർവയായ വാൽ മാക്രികളെ ധാരാളമായി കാണാമായിരുന്നു.

ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട് വയലിൽ നിന്നും തോട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലായി വളരെ ഉയർന്ന പ്രദേശത്താണ്. ഈ പറമ്പിൽ ഒരു തവളയെ പോലും കാണ്മാനില്ലായിരുന്നു. എന്നാൽ ഞങ്ങൾ മത്സ്യം വളർത്താൻ ഒരു ചെറിയ പടുതാ കുളം , താറാവിന് കുളിക്കാൻ ഒരു കൊച്ചു കുളം എന്നിവ നിർമ്മിച്ചപ്പോൾ എവിടെ നിന്നെന്നറിയില്ല. നല്ല വലുപ്പമുള്ള തവളകൾ ഇവിടേയ് ക്കെത്തി. അങ്ങനെ നാലുകാലുള്ള നങ്ങേലിപ്പെണ്ണിനെ പിടിക്കാൻ കോലു നാരായണനും (ചേര) പുറകെയെത്തി. അങ്ങനെ പായലും മറ്റ് പ്ലവകങ്ങളും മത്സ്യങ്ങളും മാക്രികളും ഉരഗങ്ങളും പാമ്പിനെ പിടിക്കാൻ കീരിയുമൊക്കെയായി ഒരു ഇക്കോ സിസ്റ്റം വലിയ കാല താമസമില്ലാതെ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

CAD/CAM ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ശിവപ്രസാദ് സർ , സാറിന്റെ ചില ജീവിതാനുഭവങ്ങൾ അയവിറക്കി. താഴ്ന്ന ക്ലാസ്സുകൾ മുതൽ ക്ലാസ്സിൽ ഒന്നാമൻ .ബിടെക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് റാങ്ക് ഹോൾഡർ ആയിരുന്നു. ക്യാമ്പസ് പ്ലേസ്മെന്റും കിട്ടി. ആ ജോലിയ്ക്ക് ജോയിൻ ചെയ്തു. കടലുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ചില അസൈൻമെന്റുകളുണ്ടായിരുന്നു. അങ്ങനെ ജോലിയ്ക്കിടയിൽ പ്ലാറ്റ് ഫോം തകർന്ന് സാറും സഹപ്രവർത്തകരും കടലിൽ വീണു. ഏതോ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചതുകൊണ്ട്. നീന്തൽ വശമില്ലാത്ത സാറിനും സഹപ്രവർത്തകർക്കും ജീവൻ തിരിച്ചു കിട്ടി. എന്നാൽ കടലിൽ വീണതിന്റെ ഭയത്തിൽ നിന്നും സാറിന് മോചിതനാകാൻ ആ കാലഘട്ടത്തിൽ കഴിഞ്ഞില്ല. അതിനാൽ ആദ്യം കിട്ടിയ നല്ല ശമ്പളമുള്ള ജോലി രാജി വയ്ക്കേണ്ടി വന്നു. പിന്നെ എംടെക്കിന് ചേർന്നു. അതിനും റാങ്ക് ഹോൾഡർ ആയി. അതു കഴിഞ്ഞ് പി എച്ച് ഡി. അതും വിജയകരമായി പൂർത്തിയാക്കി.

ആഹ്ളാദം നൽകിയ വിജയങ്ങളെക്കാൾ വേദനപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ഏതാനും വർഷങ്ങൾ. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും ലഭിച്ചില്ല. ആകെ നിരാശ ബാധിച്ച കാലം. സ്കൂളിലും കോളേജിലും സാറിനേക്കാൾ മാർക്ക് കുറഞ്ഞയാൾ ഐ എ എസുകാരനായി. നിരന്തരമായ ശ്രമവും അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാനുള്ള തന്റേടവുമായിരുന്നു അദ്ദേഹത്തിന് തുണയായത്. സാറിന്റെ മറ്റൊരു കൂട്ടുകാരൻ മാർക്ക് സ്കോർ ചെയ്യുന്ന കാര്യത്തിൽ പുറകോട്ടായിരുന്നെങ്കിലും ഒരു മെട്രോപോളിറ്റൻ സിറ്റിയിൽ ഒന്നാന്തരമൊരു ഷോപ്പിംഗ് കോംപ്ലെക്സിന്റേയും സൂപ്പർ മാർക്കറ്റിന്റേയും ഉടമയായി കഴിഞ്ഞിരുന്നു. പിന്നെയും വളരെ കാലം കഴിഞ്ഞാണ് സാറിന് ആർ ഇ സിയിൽ സ്ഥിരമായി ലക്ചറർ പോസ്റ്റ് ലഭിച്ചത്. അദ്ദേഹം അന്ന് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഫുൾ സ്കോറർ ആയി മുന്നേറുമ്പോൾ നമ്മളാണ് മിടുക്കരെന്നും വിജയിച്ചവരെന്നും നമ്മൾ ചിന്തിക്കും. എന്നാൽ ജീവിത വിജയം മറ്റു ചില നൈപുണ്യങ്ങൾ ( സ്കിൽ) കൂടിയുള്ളവർക്കായിരിക്കും.

ഇപ്പോൾ റിസൾട്ടുകളുടെ സീസൺ ആണ്. പത്താം ക്ലാസ്സിലും പ്ലസ് ടുവിനും ഫുൾ എപ്ലസ് നേടിയവർ ധാരാളം. ഫുൾ എപ്ലസുകാർക്ക് അഭിനന്ദന പ്രവാഹമായിരിക്കും. അവർക്ക് ഫ്ലക്സ് , അനുമോദന യോഗങ്ങൾ, ട്യൂഷൻ സെന്ററുകാരുടെ നോട്ടീസിൽ ഫോട്ടോ എല്ലാം ഉണ്ടാകും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് ഒന്നോ രണ്ടോ എ പ്ലസ്സുകൾ നഷ്ടപ്പെട്ട ഡിസ്റ്റിംഗ്ഷൻ നേടിയ , നല്ല കഴിവും നൈപുണ്യമുള്ള ധാരാളം വിദ്യാർത്ഥികൾ റിസൾട്ടു വന്നവരുടെ കൂട്ടത്തിലുണ്ടാകും. അവർ പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങൾ ആകാറില്ല. അവർക്ക് ചിലപ്പോൾ വീട്ടിൽ നിന്ന് പോലും അനുമോദനങ്ങൾ ലഭിച്ചെന്ന് വരില്ല. രക്ഷിതാക്കൾ ചിലപ്പോൾ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥിയെ നോക്കി പഠിക്കാൻ അവരെ ഉപദേശിച്ചേക്കാം. അവർക്ക് വേണ്ടിയാണ് എന്റെ ഈ കുറിപ്പ്. ഒന്നോ രണ്ടോ റിസൾട്ടുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല.

മക്കൾക്ക് കുറച്ച് മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവരെ ശകാരിക്കുകയോ രക്ഷിതാക്കൾ മനോവിഷമപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. കാരണം പലവിധത്തിലുള്ള കഴിവുകളുള്ള ബഹുമുഖ പ്രതിഭകളായിരിക്കും അവർ. ചിലർ കര കൗശല വിദഗ്ദരാകാം. ചിലർ ദീനാനുകമ്പയുള്ളവരാകാം , ചിലർ സാഹിത്യത്തിലോ ശാസ്ത്രത്തിലോ കൃഷിയിലോ ഒക്കെ മിടുക്കരാകാം. അവരാരും മോശക്കാർ അല്ല. നാളെ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉതകുന്നവർ ആയിരിക്കും അവർ. രക്ഷിതാക്കളും സമൂഹവും അധ്യാപകരും അവരെയും പ്രോത്സാഹിപ്പിക്കണം. അടുത്ത ഘട്ടത്തിലെ വിജയത്തിലേയ്ക്ക് കുതിക്കാൻ അവരെ സഹായിക്കണം. ആദ്യ ഘട്ടത്തിൽ സ്കോർ കുറഞ്ഞ കുട്ടിയാണെങ്കിലും വിജയിക്കാനുള്ള മനസുണ്ടായിരുന്നാൽ ശുഭപ്രതീക്ഷയുണ്ടായിരുന്നാൽ നിരന്തര ശ്രമമുണ്ടായിരുന്നാൽ തീർച്ചയായും പിന്നീട് അവർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും. ഒരോരുത്തരും അവരവരിൽ ഉറങ്ങിക്കിടക്കുന്ന നൈപുണ്യവും വാസനയും തിരിച്ചറിയണം. അവനവനെ തന്നെ തിരിച്ചറിഞ്ഞ് കഴിവുകൾ തേച്ചുമിനുക്കിയെടുക്കുമ്പോഴേ യഥാർത്ഥ വിജയമാകുന്നുള്ളൂ. അവരവർക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ എടുത്ത് പഠിക്കുമ്പോൾ അവർക്കത് നന്നായി പൂർത്തിയാക്കാൻ സാധിക്കുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന മൈക്കിൾ തരകൻ സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന് കണക്കിലും സയൻസിലും സ്കിൽ കുറവായിരുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ട സോഷ്യൽ സയൻസ് ഐശ്ചിക വിഷയമായെടുത്ത് പഠിച്ചപ്പോൾ റാങ്ക് നേടാനും ഉന്നത പദവിയിൽ എത്താനും സാധിച്ചു. അതിനാൽ എല്ലാ വിദ്യാർത്ഥികളും ഒരാത്മ പരിശോധന നടത്തി അവരവരുടെ നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. ഭാവിയിൽ ഉന്നത വിജയം സുനിശ്ചിതം . എല്ലാ കൊച്ചു കൂട്ടുകാർക്കും സ്വയം തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെയെന്ന് ആശംസിച്ചു കൊണ്ട് തത്ക്കാലം നിർത്തുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

ഇവരെ നമുക്ക് “‘ കുഞ്ഞൂഞ്ഞമ്മ” എന്ന് വിളിക്കാം. ചില മനുഷ്യരുടെ യോഗം അങ്ങിനെയാണ്. അവർക്ക് ഒരു പേര് ഉണ്ടായിരുന്നോ എന്ന് പോലും സമൂഹം ഓർക്കില്ല. നാല് ആൺ തരികളുടെ ഇടയിലെ ഒരു പെൺതരിയായി വളർന്നപ്പോൾ പോലും ആരും പേര് വിളിച്ചില്ല. മോളേന്നോ കുഞ്ഞേന്നോ ഒക്കെ വിളിച്ചു. ആൺ മക്കളെ പഠിപ്പിച്ചപ്പോൾ അവരെയാരും പഠിപ്പിച്ചില്ല. മുറച്ചെറുക്കന് വിവാഹം ചെയ്ത് കൊടുത്തപ്പോൾ അയാൾ അവളെ “എടീ” എന്നു വിളിച്ചു. കാലക്രമേണ അവരും സ്വന്തം പേര് മറന്നു. എങ്കിലും ഏക പുത്രിക്ക് ” ലക്ഷ്മി” എന്ന് പേരിടാൻ കുഞ്ഞൂഞ്ഞമ്മ മറന്നില്ല. കുഞ്ഞുഞ്ഞമ്മയുടെ ഭർത്താവ് കേശവൻ ഉളള പറമ്പിലെ തേങ്ങ സമയാസമയം വെട്ടിച്ച് കാശാക്കുകയല്ലാതെ തെങ്ങിന്റെ തടം തുറക്കുകയോ വളമിടുകയോ കിളയ്ക്കുകയോ മറ്റെന്തെങ്കിലും ജോലി ചെയ്യുകയോ ഒന്നും ചെയ്തില്ല. കുഞ്ഞൂഞ്ഞമ്മ ചാരവും അടുക്കള മാലിന്യവും സമയാസമയം ഓരോ തെങ്ങിന്റേയും മൂട്ടിലെത്തിച്ചിരുന്നതിനാൽ അന്നം മുട്ടാതെ കഴിയാനുള്ള വക കല്പ വൃക്ഷം അവർക്ക് നൽകിക്കൊണ്ടിരുന്നു. കാലം 1960 കളായിരുന്നതിനാൽ മൊബൈൽ ഫോൺ, ടിവി, മിക്സി, ഗ്രൈന്റർ, വാഷിംഗ് മെഷീൻ എന്നിങ്ങനെ യാതൊരു വീട്ടുപകരണങ്ങളും വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നില്ല. അവർക്ക് മറ്റ് ചിലവുകളും ഇല്ലായിരുന്നു. ഒരു വീടും പറമ്പുകളും ഏക പുത്രി ലക്ഷ്മി അവകാശിയായുള്ളതായതിനാൽ സ്ത്രീധനത്തെ കുറിച്ചും അവർക്ക് ചിന്തിക്കേണ്ടിയിരുന്നില്ല. മകളുടെ വിവാഹ ശേഷം മകളുടെ മക്കളെ വളർത്തുന്നതിലായി കുഞ്ഞൂഞ്ഞമ്മയുടെ ശ്രദ്ധ. മകളുടെ പ്രസവങ്ങളുടെ എണ്ണം കൂടി കൂടി വന്നു. കുഞ്ഞുഞ്ഞമ്മയുടെ കൂനും. കേശവന് സമയാസമയം ഭക്ഷണം കഴിച്ചാൽ മാത്രം മതി.

ഒന്ന് രണ്ട് ദിവസമായി കുഞ്ഞൂഞ്ഞമ്മയെ കാണുമ്പോൾ കേശവന്റെ അവിഹിതത്തെ കുറിച്ച് പറയാൻ തുടങ്ങി. വിഷമം ഉള്ളിലൊതുക്കിയെങ്കിലും മകൾ വീട്ടിലുണ്ടായിരുന്നതിനാൽ കുഞ്ഞൂഞ്ഞമ്മ അതേ പറ്റി ഒന്നും ചോദിച്ചില്ല. മകൾ ഭർത്താവിന്റെ വീട്ടിൽ പോയി കഴിഞ്ഞ് ഒരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ കുഞ്ഞൂഞ്ഞമ്മ കേശവനോട് അതേ പറ്റി ചോദിച്ചു. ചോദ്യം കേട്ടതും കേശവൻ ഉത്തരം പറയാൻ മുതിർന്നില്ല. പ്രവർത്തിച്ചതേയുള്ളൂ. കുഞ്ഞൂഞ്ഞമ്മയുടെ ആഹാരം തട്ടിതെറിപ്പിച്ചു. ആ വീട്ടിലെ അടുപ്പിൽ വേവിക്കാൻ ഭക്ഷണം കഴിക്കാൻ ഒന്നും തന്നെ കേശവൻ പിന്നെ കുഞ്ഞൂഞ്ഞമ്മയെ അനുവദിച്ചില്ല. അയൽപക്കത്ത് സഹോദരന്റെ വീട്ടിൽ പോയി പാചകം ചെയ്യാൻ കുഞ്ഞൂഞ്ഞമ്മ ശ്രമിച്ചെങ്കിലും നാത്തൂനാരുടെ മുഖം കടുത്തു കണ്ടപ്പോൾ അവർ ആ ശ്രമം മതിയാക്കി. അപ്പോഴാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് തന്റെ പേരിലുള്ള 20 സെന്റ് സ്ഥലത്ത് ഒരു വീട് വച്ചാലോ എന്ന ആഗ്രഹം ഉണ്ടായത്. പണിക്കാരെ കൊണ്ട് പറമ്പിലെ തന്നെ മണ്ണ് കുഴിച്ചെടുത്തു കുഴച്ച് മൺകട്ടയറുത്തെടുത്ത് വെയിലത്തുണക്കി വീട് പണിഞ്ഞു. രണ്ടുമൂന്ന് കട്ടകൾ അല്പം അകലത്തിൽ ക്രമീകരിച്ച് ജാലകങ്ങളും തയ്യാറാക്കി. മേൽക്കൂര ഓലമേഞ്ഞ് പ്രകൃതി സൗഹൃദമായ ഒരു വീട് നിർമ്മിക്കാൻ കുഞ്ഞുഞ്ഞമ്മയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. തന്റെ കാലം കഴിഞ്ഞാൽ സ്വയം മണ്ണോട് ചേരുന്ന വീട്. അതിൽ തനിച്ച് താമസമാക്കിയ ആദ്യ ദിവസം കുഞ്ഞൂഞ്ഞമ്മ മനസ്സിൽ വിചാരിച്ചു. പക്ഷി മൃഗാദികളും ഇത്രയൊക്കെത്തന്നെയല്ലേ ചെയ്യുന്നത്. കാറ്റിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്ന ഒരു ഗേഹം. അവയുടെ കാലശേഷം മണ്ണോട് ചേരും.

അന്നുമുതൽ അവർക്ക് വളരെ ശാന്തിയും സമാധാനവും അനുഭവപ്പെട്ടു. അടിക്കടിയുള്ള പ്രസവത്തിനിടയിൽ മകൾക്ക് അമ്മയുടെ കാര്യം അന്വേഷിക്കാൻ സാധിച്ചില്ല. അമ്മാമ്മയെ കാണാതെ വളർന്ന കുഞ്ഞുങ്ങളും കുഞ്ഞൂഞ്ഞമ്മയുടെ പേരിനെ കുറിച്ച് അജ്ഞാതരായിരുന്നു. കുഞ്ഞൂഞ്ഞമ്മയ്ക്ക് പ്രായം കൂടി വന്നപ്പോൾ സഹോദരൻ സാമ്പത്തികമായി സഹായിച്ചു പോന്നു. അങ്ങിനെ കുഞ്ഞൂഞ്ഞമ്മയുടെ അന്ത്യ കാലമായി. ആരെയും ബുദ്ധിമുട്ടിയ്ക്കാതെ കുറച്ച് കരിപ്പട്ടിയും ഒരു മൺകുടത്തിൽ വെള്ളവുമായി തന്റെ വീടിനകത്ത് വാർദ്ധക്യത്തിന്റെ ആസക്തികളുമായി കുഞ്ഞൂഞ്ഞമ്മ ചിത്രഗുപ്തന്റെ കണക്കെടുപ്പ് തീരുന്നതുവരെ കാത്തു കിടന്നു. ജീവനെടുക്കുന്നതു വരെ ജീവിച്ചല്ലേ പറ്റൂ. അപ്പോൾ ജീവൻ നിലനിർത്താൻ അല്പാല്പം കരിപ്പട്ടിയും ജലവും കുഞ്ഞൂഞ്ഞമ്മ അകത്താക്കി. അന്ത്യ നിമിഷങ്ങളെണ്ണി കഴിയുമ്പോൾ കുഞ്ഞൂഞ്ഞമ്മയുടെ മനസ്സ് വളരെ ശാന്തമായിരുന്നു. എല്ലാ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രവും. ശവസംസ്കാരം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇല്ലെങ്കിൽ സമൂഹത്തിന് നാറും എന്ന പക്ഷക്കാരിയായിരുന്നു അവർ. അങ്ങനെ യാതൊരു കർമ്മബന്ധവുമില്ലാതെ അവർ യാത്രയായപ്പോൾ സമൂഹം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി. കുഞ്ഞുഞ്ഞമ്മയുടെ ദേഹം മണ്ണോട് ചേർന്ന് കഴിഞ്ഞപ്പോൾ കാലം അതിന്റെ കർത്തവ്യം പൂർത്തിയാക്കി. വീട് നിന്നതിന്റെ ഒരു പാടു പോലും അവശേഷിപ്പിക്കാതെ എല്ലാം മണ്ണോട് ചേർത്തു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ളതാണ് ഇന്ദിരാമ്മയെ കുറിച്ചുള്ള ഓർമ്മകളും. ഇന്ദിരാമ്മയെ ആദ്യം കണ്ട ദിവസം അവർ തങ്ങളെ സ്വീകരിച്ചത് ഒരു പാത്രം നിറയെ മാമ്പഴ കഷണങ്ങളുമായിട്ടായിരുന്നു. ചിരാവാത്തോട്ടത്തു നിന്നും വയൽ വഴി കുഴുപ്പിലച്ചാമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ ആയിരുന്നു ആദ്യമായി ഇന്ദിരാമ്മയെ കാണുന്നത്. അപരിചിതയായ ഒരു സ്ത്രീ തോട്ടു വരമ്പിലൂടെ മൂന്ന് കൂട്ടികളുമായി വരുന്നത് നോക്കി നിൽക്കുകയായിരുന്നു ഇന്ദിരാമ്മ. അങ്ങനെ ഞങ്ങൾ അടുത്തെത്തിയപ്പോൾ തോടിന്റെ അക്കരെ ഇക്കരെ നിന്നുകൊണ്ട് ഇന്ദിരാമ്മയും അമ്മയും പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ വല്യമാമനെ അവർക്കറിയാം. വല്യമാമന്റെയടുത്താണ് അവർ മരുന്ന് വാങ്ങാൻ പോകുന്നത്. മാത്രമല്ല, അമ്മയും ഇന്ദിരാമ്മയും ഒരേ കുടുംബക്കാർ ആണത്രേ. ഒല്ലാൽ കുടുംബം. അങ്ങനെ ഇന്ദിരാമ്മ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ തോട് മുറിച്ച് കടന്ന് ഇന്ദിരാമ്മയുടെ വീട് നിൽക്കുന്ന പറമ്പിലേയ്ക്ക് കയറി. അവർ ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. മക്കളെയും ഭർത്താവിനേയും പരിചയപ്പെടുത്തി. മൂന്നാമത്തെ മകളോട് മാമ്പഴം കൊണ്ടുവരാൻ പറഞ്ഞു. ആ ചേച്ചി മാമ്പഴം ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കി കൊണ്ടുവന്നു. മാമ്പഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

പിന്നീട് ഞങ്ങൾ ചിറക്കരത്താഴത്ത് താമസമായപ്പോഴാണ്‌ ഇന്ദിരാമ്മയെ വീണ്ടും കാണുന്നത്. ഗിരിജ ചേച്ചിയുടെ വിവാഹ നിശ്ചയത്തിന്റെ അന്ന്. രാവിലെ തന്നെ ഇന്ദിരാമ്മയെത്തി പച്ചക്കറികൾ അരിയാൻ മറ്റു സ്ത്രീകളെ സഹായിച്ചു. അവർ തമ്മിൽ കുശലാന്വേഷണം നടത്തുന്നതും വിശേഷങ്ങൾ പങ്കു വയ്ക്കുന്നതും ഞാൻ കേട്ടിരുന്നു. ഇന്ദിരാമ്മയുടെ ഒരു മകളെ വിവാഹം കഴിച്ചത് രാജസ്ഥാനിൽ ജോലിയുള്ള റയിൽവേ ജീവനക്കാരനായിരുന്നു. ആ മകളുടെ പ്രസവത്തിന് ഇന്ദിരാമ്മയ്ക്ക് അങ്ങോട്ട് പോകാൻ സാധിച്ചില്ല. പക്ഷേ അവിടത്തെ ആൾക്കാർ അവരുടെ ആചാരമനുസരിച്ച് വേണ്ടതെല്ലാം ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും അണിയിച്ചൊരുക്കി ആഘോഷങ്ങൾ നടത്തുകയും ചെയ്തു. അതിനാൽ ഇന്ദിരാമ്മയ്ക്ക് ആ കാര്യത്തിൽ ആശ്വാസമായിരുന്നു.

അന്ന് ഇന്ദിരാമ്മ പറഞ്ഞ മറ്റൊരു കാര്യം ഗൾഫുകാരായ ആങ്ങളമാരെ കുറിച്ചായിരുന്നു. ആങ്ങളമാർ ഇന്ദിരാമ്മയെ സാമ്പത്തികമായി സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരുന്നു. എന്നാൽ അവരുടെ ഭാര്യമാർ കൂടി അറിഞ്ഞ് സമ്മതിച്ച് നൽകുന്ന തുക മാത്രമേ ഇന്ദിരാമ്മ സ്വീകരിച്ചിരുന്നുള്ളൂ. നാത്തൂന്മാർ കൂടി ഇക്കാര്യമറിയണമെന്നായിരുന്നു ഇന്ദിരാമ്മയുടെ നിലപാട്. ഇന്ദിരാമ്മയുടെ ഈ നിലപാട് എനിക്കിഷ്ടപ്പെട്ടു.

ചിറക്കരത്താഴത്തേയ്ക്ക് ബസ് സർവ്വീസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞ് കാപ്പിൽ ഇടവ ഭാഗത്തു നിന്നും വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ ഒരു പെൺകുട്ടി പരവൂരിൽ നിന്നും ഞങ്ങളുടെ നാട്ടിലേയ്ക്കുള്ള ബസിൽ കയറി ലാസ്റ്റ് പോയിന്റായ ചിറക്കര താഴത്തെത്തി. ഇന്ദിരാമ്മയും ആ ബസ്സിലുണ്ടായിരുന്നു. ബസ്സുകാർ അവിടെ ഇറക്കിവിട്ട പെൺകുട്ടി എങ്ങോട്ടും പോകാനിടമില്ലാതെ നിന്നപ്പോൾ ഇന്ദിരാമ്മ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. അന്ന് ആറേഴ് മക്കളുള്ള വീട്ടിലേയ്ക്ക് ഒന്നിനെ കൂടി സ്വീകരിക്കാൻ അവർക്ക് പ്രശ്നമില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഫോണില്ലാതിരുന്ന കാലമായതുകൊണ്ട് നാട്ടിൽ നിന്നും ഒരാളെ കുട്ടിയുടെ വീട്ടിലേയ്ക്കയച്ചു. കുട്ടിയുടെ വീട്ടിൽ നിന്നും ആളെത്തി കുട്ടിയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുപോയി.

ഇന്ദിരാമ്മയുടെ ഒരു മകൾ സുനില എന്റെ കൂട്ടുകാരിയും മറ്റൊരു മകൾ അനില എന്റെ അനുജത്തിയുടെ കൂട്ടുകാരിയുമായിരുന്നു. ചിറക്കര ക്ഷേത്രത്തിൽ പോയി വരുന്ന വഴി ഇന്ദിരാമ്മ ഞങ്ങളുടെ വീട്ടുമുറ്റത്തു കൂടെയും അപ്പുറത്തെ വീട്ടുമുറ്റത്തു കൂടെയും കയറി ഇറങ്ങി കുശലം പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. പിന്നീട് അവർ കടുത്ത പ്രമേഹ ബാധിതയായിതീർന്നു. അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ പോയിട്ട് തിരികെ വരും വഴി ഞങ്ങളുടെ വീട്ടിൽ കയറി കഞ്ഞി വെള്ളം ചോദിച്ചു. അന്ന് കുത്തരിയുടെ കഞ്ഞി വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഞാനതെടുത്ത് കൊടുത്തു. പ്രമേഹ ബാധിതർക്ക് കുത്തരിയുടെ കഞ്ഞി വെള്ളം കുടിച്ചു കൂടെന്ന് പറഞ്ഞ് അവർ കുടിച്ചില്ല.

ഞാൻ കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുന്ന കാലത്തായിരുന്നു ഇന്ദിരാമ്മയുടെ മരണം. ഞാൻ കോഴിക്കോട് നിന്ന് എത്തിയ ദിവസം ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ലീനയും കൂടിയായിരുന്നു ഇന്ദിരാമ്മയുടെ മരണത്തിന് പോയത്. ഞങ്ങൾ ചെന്നപ്പോൾ അവർക്കായി ഒരു കല്ലറ അവിടെ തയ്യാറാകുന്നുണ്ടായിരുന്നു. ഇന്ദിരാമ്മയുടെ ആഗ്രഹപ്രകാരമാണ് കല്ലറയിൽ അടക്കുന്നതെന്ന് ലീന പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ പതിവില്ലാത്ത ഒരു രീതിയാണ് കല്ലറയിൽ അടക്കം ചെയ്യുന്നത്. അതിനാൽത്തന്നെ എനിയ്ക്കതിൽ പുതുമ തോന്നി. അങ്ങനെ ഇന്ദിരാമ്മ സുമംഗലിയായി ഈ ലോകത്തോട് യാത്ര പറഞ്ഞു.

ഇന്ദിരാമ്മയുടെ മരണശേഷം വീടും പറമ്പും ഒരു മകനാണ് ലഭിച്ചത് . മകൻ അത് പണയം വച്ച് ജപ്തി നടപടികൾ നേരിടേണ്ടി വന്നതു മൂലം ഇന്ദിരാമ്മയുടെ ഭർത്താവിന് താമസിക്കാൻ ഇടമില്ലാതായി. അങ്ങനെ ചിറക്കര ത്താഴം ജങ്ഷനിൻ അദ്ദേഹം പണി കഴിപ്പിച്ച കടമുറിയിലേയ്ക്ക് താമസം മാറി. സുനിലയുടെ ഭർത്താവിന്റെ വീടും ആ കടമുറിയ്ക്ക് സമീപമായിരുന്നു. കശുവണ്ടി ഫാക്ടറിയുടെ കെട്ടിട നിർമ്മാണവും പുകക്കുഴൽ നിർമ്മാണവും നല്ല വശമുള്ള മേസ്തിരിയായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം ജ്യോത്സ്യവും പഠിച്ചു. ഞാൻ ഡിഗ്രി കഴിഞ്ഞ് കുറച്ചു നാൾ ടൈപ്റ്റെറ്റിംഗ് പഠിക്കാൻ പോയപ്പോൾ വഴിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടപ്പോൾ എന്റെ നക്ഷത്രവും മറ്റും ചോദിച്ച് മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു. “നീ ടൈപ് റൈറ്റിംഗ് പഠിക്കേണ്ടവളല്ല. വേറെ കോഴ്സുകൾ ചെയ്യുക. നല്ല നിലയിലെത്തും”. പിന്നീട് ഞാൻ കംപ്യൂട്ടർ സയൻസ് എടുത്ത് പഠിച്ചപ്പോൾ അന്ന് പഠിച്ച ടൈപ് റൈറ്റിംഗ് കംപ്യൂട്ടർ കീ ബോർഡുമായി താദാത്മ്യം പ്രാപിക്കൽ എളുപ്പമാക്കി.

വർഷങ്ങൾ കഴിഞ്ഞ് 2008 ഏപ്രിൽ 23 ന് ഞങ്ങളുടെ വീടിന് തറക്കല്ലിടുന്ന സമയത്ത് ഞാൻ ഇന്ദിരാമ്മയുടെ ഭർത്താവിനെ ക്ഷണിച്ചു. അദ്ദേഹം രാവിലെ തന്നെ സ്ഥലത്ത് എത്തി ചേർന്നു. ഞാൻ ദക്ഷിണ കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് വളരെ സന്തോഷമായി. സ്വന്തം നാട്ടിൽ ലഭിച്ച ഒരംഗീകാരമായാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികൾ നന്നായി പൂർത്തിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ ഒരംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ചിലപ്പോൾ അങ്ങനെയാണ്. ഒരാളുടെ കഴിവുകൾ ആ നാട്ടിലെ പലരും അറിയുന്നുണ്ടാവില്ല.

അന്ന് ചടങ്ങ് കഴിഞ്ഞ് പോകുന്നതിന് മുമ്പായി കട്ടിളവയ്ക്കൽ ചടങ്ങ് നടക്കുമ്പോൾ കട്ടിളയുടെ അടിയിൽ ഒരു സ്വർണ്ണത്തരി കൂടി വയ്ക്കണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചു. എന്നിട്ട് പറഞ്ഞ കാര്യം “അന്ന് ഞാനുണ്ടാവില്ല” എന്നായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ ഓണക്കാലത്തിന് മുമ്പ് , കട്ടിളവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ദിരാമ്മയുടെ ലോകത്തേയ്ക്ക് യാത്രയായിരുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

ഇരുപത്തിയഞ്ച് പൈസത്തുട്ട് അനുജൻ അബദ്ധത്തിൽ വിഴുങ്ങിയപ്പോൾ .. ഞങ്ങൾക്കാകെ പരിഭ്രമമായി. അന്ന് ചിരവാത്തോട്ടത്തെ വീട്ടുമുറ്റത്ത് നിന്ന ഒരു ഔഷധ സസ്യമായിരുന്നു ആനത്തകര . അമ്മ ആനത്തകരയുടെ ഇളം ഇലകൾ പറിച്ചെടുത്ത് തോരൻ വച്ചു. അനുജനെ കൊണ്ട് ഈ തോരൻ ധാരാളം കഴിപ്പിച്ചു. പിറ്റേന്ന് വയറിളകിയപ്പോൾ തലേന്ന് വിഴുങ്ങിയ നാണയം സുഖമായി പുറത്തേയ്ക്ക് . ഭേദിയിളക്കണമെങ്കിൽ അമ്മ ഞങ്ങൾക്ക് ആവണെക്കണ്ണയോ ആനത്തകരയിലയുടെ തോരനോ ആയിരുന്നു തന്നിരുന്നത്. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ വളരുന്ന കുലയായി മഞ്ഞ പൂക്കൾ പിടിയ്ക്കുന്ന ഈ ചെടി അന്ന് ചിറക്കര വയലിൽ രണ്ടിടത്തായി കാണപ്പെട്ടിരുന്നു. ഒന്ന് കാവറ ഭാഗത്തും ഒന്ന് കൊച്ചാലുവിളയുടെ കിഴക്കുഭാഗത്തും . ഇപ്പോൾ അവിടെ നിന്നൊക്കെ ഇത് അപ്രത്യക്ഷമായി. വർക്കല റയിൽവേ സ്റ്റേഷൻ വക പറമ്പിൽ ഇത് ധാരാളമായുണ്ട്.

ഈ ചെടിയുടെ കുടുംബത്തിൽ പെട്ടവയാണ് വട്ടത്തകര, പൊൻ തകര, പൊന്നാവീരൻ എന്നിവ. മഴക്കാലത്ത് ധാരാളമായി കണ്ടുവരുന്ന ഈ ചെടികൾ പോഷക ഗുണമുള്ള ഇലക്കറിയായി ആളുകൾ ഉപയോഗിച്ചിരുന്നു. ആയുർവേദത്തിൽ ഒട്ടേറെ ഔഷധങ്ങൾ ഈ സസ്യം കൊണ്ട് ഉണ്ടാക്കാറുണ്ട്. അലോപ്പതിയിൽ ലിവർ സിറോസിസിനുള്ള മരുന്ന് നിർമിക്കുന്നതും ഈ സസ്യത്തിൽ നിന്നു തന്നെ.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved