ഡോ. ഐഷ വി
വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ളതാണ് ഇന്ദിരാമ്മയെ കുറിച്ചുള്ള ഓർമ്മകളും. ഇന്ദിരാമ്മയെ ആദ്യം കണ്ട ദിവസം അവർ തങ്ങളെ സ്വീകരിച്ചത് ഒരു പാത്രം നിറയെ മാമ്പഴ കഷണങ്ങളുമായിട്ടായിരുന്നു. ചിരാവാത്തോട്ടത്തു നിന്നും വയൽ വഴി കുഴുപ്പിലച്ചാമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ ആയിരുന്നു ആദ്യമായി ഇന്ദിരാമ്മയെ കാണുന്നത്. അപരിചിതയായ ഒരു സ്ത്രീ തോട്ടു വരമ്പിലൂടെ മൂന്ന് കൂട്ടികളുമായി വരുന്നത് നോക്കി നിൽക്കുകയായിരുന്നു ഇന്ദിരാമ്മ. അങ്ങനെ ഞങ്ങൾ അടുത്തെത്തിയപ്പോൾ തോടിന്റെ അക്കരെ ഇക്കരെ നിന്നുകൊണ്ട് ഇന്ദിരാമ്മയും അമ്മയും പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ വല്യമാമനെ അവർക്കറിയാം. വല്യമാമന്റെയടുത്താണ് അവർ മരുന്ന് വാങ്ങാൻ പോകുന്നത്. മാത്രമല്ല, അമ്മയും ഇന്ദിരാമ്മയും ഒരേ കുടുംബക്കാർ ആണത്രേ. ഒല്ലാൽ കുടുംബം. അങ്ങനെ ഇന്ദിരാമ്മ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ തോട് മുറിച്ച് കടന്ന് ഇന്ദിരാമ്മയുടെ വീട് നിൽക്കുന്ന പറമ്പിലേയ്ക്ക് കയറി. അവർ ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. മക്കളെയും ഭർത്താവിനേയും പരിചയപ്പെടുത്തി. മൂന്നാമത്തെ മകളോട് മാമ്പഴം കൊണ്ടുവരാൻ പറഞ്ഞു. ആ ചേച്ചി മാമ്പഴം ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കി കൊണ്ടുവന്നു. മാമ്പഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
പിന്നീട് ഞങ്ങൾ ചിറക്കരത്താഴത്ത് താമസമായപ്പോഴാണ് ഇന്ദിരാമ്മയെ വീണ്ടും കാണുന്നത്. ഗിരിജ ചേച്ചിയുടെ വിവാഹ നിശ്ചയത്തിന്റെ അന്ന്. രാവിലെ തന്നെ ഇന്ദിരാമ്മയെത്തി പച്ചക്കറികൾ അരിയാൻ മറ്റു സ്ത്രീകളെ സഹായിച്ചു. അവർ തമ്മിൽ കുശലാന്വേഷണം നടത്തുന്നതും വിശേഷങ്ങൾ പങ്കു വയ്ക്കുന്നതും ഞാൻ കേട്ടിരുന്നു. ഇന്ദിരാമ്മയുടെ ഒരു മകളെ വിവാഹം കഴിച്ചത് രാജസ്ഥാനിൽ ജോലിയുള്ള റയിൽവേ ജീവനക്കാരനായിരുന്നു. ആ മകളുടെ പ്രസവത്തിന് ഇന്ദിരാമ്മയ്ക്ക് അങ്ങോട്ട് പോകാൻ സാധിച്ചില്ല. പക്ഷേ അവിടത്തെ ആൾക്കാർ അവരുടെ ആചാരമനുസരിച്ച് വേണ്ടതെല്ലാം ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും അണിയിച്ചൊരുക്കി ആഘോഷങ്ങൾ നടത്തുകയും ചെയ്തു. അതിനാൽ ഇന്ദിരാമ്മയ്ക്ക് ആ കാര്യത്തിൽ ആശ്വാസമായിരുന്നു.
അന്ന് ഇന്ദിരാമ്മ പറഞ്ഞ മറ്റൊരു കാര്യം ഗൾഫുകാരായ ആങ്ങളമാരെ കുറിച്ചായിരുന്നു. ആങ്ങളമാർ ഇന്ദിരാമ്മയെ സാമ്പത്തികമായി സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരുന്നു. എന്നാൽ അവരുടെ ഭാര്യമാർ കൂടി അറിഞ്ഞ് സമ്മതിച്ച് നൽകുന്ന തുക മാത്രമേ ഇന്ദിരാമ്മ സ്വീകരിച്ചിരുന്നുള്ളൂ. നാത്തൂന്മാർ കൂടി ഇക്കാര്യമറിയണമെന്നായിരുന്നു ഇന്ദിരാമ്മയുടെ നിലപാട്. ഇന്ദിരാമ്മയുടെ ഈ നിലപാട് എനിക്കിഷ്ടപ്പെട്ടു.
ചിറക്കരത്താഴത്തേയ്ക്ക് ബസ് സർവ്വീസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞ് കാപ്പിൽ ഇടവ ഭാഗത്തു നിന്നും വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ ഒരു പെൺകുട്ടി പരവൂരിൽ നിന്നും ഞങ്ങളുടെ നാട്ടിലേയ്ക്കുള്ള ബസിൽ കയറി ലാസ്റ്റ് പോയിന്റായ ചിറക്കര താഴത്തെത്തി. ഇന്ദിരാമ്മയും ആ ബസ്സിലുണ്ടായിരുന്നു. ബസ്സുകാർ അവിടെ ഇറക്കിവിട്ട പെൺകുട്ടി എങ്ങോട്ടും പോകാനിടമില്ലാതെ നിന്നപ്പോൾ ഇന്ദിരാമ്മ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. അന്ന് ആറേഴ് മക്കളുള്ള വീട്ടിലേയ്ക്ക് ഒന്നിനെ കൂടി സ്വീകരിക്കാൻ അവർക്ക് പ്രശ്നമില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഫോണില്ലാതിരുന്ന കാലമായതുകൊണ്ട് നാട്ടിൽ നിന്നും ഒരാളെ കുട്ടിയുടെ വീട്ടിലേയ്ക്കയച്ചു. കുട്ടിയുടെ വീട്ടിൽ നിന്നും ആളെത്തി കുട്ടിയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുപോയി.
ഇന്ദിരാമ്മയുടെ ഒരു മകൾ സുനില എന്റെ കൂട്ടുകാരിയും മറ്റൊരു മകൾ അനില എന്റെ അനുജത്തിയുടെ കൂട്ടുകാരിയുമായിരുന്നു. ചിറക്കര ക്ഷേത്രത്തിൽ പോയി വരുന്ന വഴി ഇന്ദിരാമ്മ ഞങ്ങളുടെ വീട്ടുമുറ്റത്തു കൂടെയും അപ്പുറത്തെ വീട്ടുമുറ്റത്തു കൂടെയും കയറി ഇറങ്ങി കുശലം പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. പിന്നീട് അവർ കടുത്ത പ്രമേഹ ബാധിതയായിതീർന്നു. അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ പോയിട്ട് തിരികെ വരും വഴി ഞങ്ങളുടെ വീട്ടിൽ കയറി കഞ്ഞി വെള്ളം ചോദിച്ചു. അന്ന് കുത്തരിയുടെ കഞ്ഞി വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഞാനതെടുത്ത് കൊടുത്തു. പ്രമേഹ ബാധിതർക്ക് കുത്തരിയുടെ കഞ്ഞി വെള്ളം കുടിച്ചു കൂടെന്ന് പറഞ്ഞ് അവർ കുടിച്ചില്ല.
ഞാൻ കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുന്ന കാലത്തായിരുന്നു ഇന്ദിരാമ്മയുടെ മരണം. ഞാൻ കോഴിക്കോട് നിന്ന് എത്തിയ ദിവസം ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ലീനയും കൂടിയായിരുന്നു ഇന്ദിരാമ്മയുടെ മരണത്തിന് പോയത്. ഞങ്ങൾ ചെന്നപ്പോൾ അവർക്കായി ഒരു കല്ലറ അവിടെ തയ്യാറാകുന്നുണ്ടായിരുന്നു. ഇന്ദിരാമ്മയുടെ ആഗ്രഹപ്രകാരമാണ് കല്ലറയിൽ അടക്കുന്നതെന്ന് ലീന പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ പതിവില്ലാത്ത ഒരു രീതിയാണ് കല്ലറയിൽ അടക്കം ചെയ്യുന്നത്. അതിനാൽത്തന്നെ എനിയ്ക്കതിൽ പുതുമ തോന്നി. അങ്ങനെ ഇന്ദിരാമ്മ സുമംഗലിയായി ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഇന്ദിരാമ്മയുടെ മരണശേഷം വീടും പറമ്പും ഒരു മകനാണ് ലഭിച്ചത് . മകൻ അത് പണയം വച്ച് ജപ്തി നടപടികൾ നേരിടേണ്ടി വന്നതു മൂലം ഇന്ദിരാമ്മയുടെ ഭർത്താവിന് താമസിക്കാൻ ഇടമില്ലാതായി. അങ്ങനെ ചിറക്കര ത്താഴം ജങ്ഷനിൻ അദ്ദേഹം പണി കഴിപ്പിച്ച കടമുറിയിലേയ്ക്ക് താമസം മാറി. സുനിലയുടെ ഭർത്താവിന്റെ വീടും ആ കടമുറിയ്ക്ക് സമീപമായിരുന്നു. കശുവണ്ടി ഫാക്ടറിയുടെ കെട്ടിട നിർമ്മാണവും പുകക്കുഴൽ നിർമ്മാണവും നല്ല വശമുള്ള മേസ്തിരിയായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം ജ്യോത്സ്യവും പഠിച്ചു. ഞാൻ ഡിഗ്രി കഴിഞ്ഞ് കുറച്ചു നാൾ ടൈപ്റ്റെറ്റിംഗ് പഠിക്കാൻ പോയപ്പോൾ വഴിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടപ്പോൾ എന്റെ നക്ഷത്രവും മറ്റും ചോദിച്ച് മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു. “നീ ടൈപ് റൈറ്റിംഗ് പഠിക്കേണ്ടവളല്ല. വേറെ കോഴ്സുകൾ ചെയ്യുക. നല്ല നിലയിലെത്തും”. പിന്നീട് ഞാൻ കംപ്യൂട്ടർ സയൻസ് എടുത്ത് പഠിച്ചപ്പോൾ അന്ന് പഠിച്ച ടൈപ് റൈറ്റിംഗ് കംപ്യൂട്ടർ കീ ബോർഡുമായി താദാത്മ്യം പ്രാപിക്കൽ എളുപ്പമാക്കി.
വർഷങ്ങൾ കഴിഞ്ഞ് 2008 ഏപ്രിൽ 23 ന് ഞങ്ങളുടെ വീടിന് തറക്കല്ലിടുന്ന സമയത്ത് ഞാൻ ഇന്ദിരാമ്മയുടെ ഭർത്താവിനെ ക്ഷണിച്ചു. അദ്ദേഹം രാവിലെ തന്നെ സ്ഥലത്ത് എത്തി ചേർന്നു. ഞാൻ ദക്ഷിണ കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് വളരെ സന്തോഷമായി. സ്വന്തം നാട്ടിൽ ലഭിച്ച ഒരംഗീകാരമായാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികൾ നന്നായി പൂർത്തിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ ഒരംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ചിലപ്പോൾ അങ്ങനെയാണ്. ഒരാളുടെ കഴിവുകൾ ആ നാട്ടിലെ പലരും അറിയുന്നുണ്ടാവില്ല.
അന്ന് ചടങ്ങ് കഴിഞ്ഞ് പോകുന്നതിന് മുമ്പായി കട്ടിളവയ്ക്കൽ ചടങ്ങ് നടക്കുമ്പോൾ കട്ടിളയുടെ അടിയിൽ ഒരു സ്വർണ്ണത്തരി കൂടി വയ്ക്കണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചു. എന്നിട്ട് പറഞ്ഞ കാര്യം “അന്ന് ഞാനുണ്ടാവില്ല” എന്നായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ ഓണക്കാലത്തിന് മുമ്പ് , കട്ടിളവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ദിരാമ്മയുടെ ലോകത്തേയ്ക്ക് യാത്രയായിരുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഡോ. ഐഷ വി
ഇരുപത്തിയഞ്ച് പൈസത്തുട്ട് അനുജൻ അബദ്ധത്തിൽ വിഴുങ്ങിയപ്പോൾ .. ഞങ്ങൾക്കാകെ പരിഭ്രമമായി. അന്ന് ചിരവാത്തോട്ടത്തെ വീട്ടുമുറ്റത്ത് നിന്ന ഒരു ഔഷധ സസ്യമായിരുന്നു ആനത്തകര . അമ്മ ആനത്തകരയുടെ ഇളം ഇലകൾ പറിച്ചെടുത്ത് തോരൻ വച്ചു. അനുജനെ കൊണ്ട് ഈ തോരൻ ധാരാളം കഴിപ്പിച്ചു. പിറ്റേന്ന് വയറിളകിയപ്പോൾ തലേന്ന് വിഴുങ്ങിയ നാണയം സുഖമായി പുറത്തേയ്ക്ക് . ഭേദിയിളക്കണമെങ്കിൽ അമ്മ ഞങ്ങൾക്ക് ആവണെക്കണ്ണയോ ആനത്തകരയിലയുടെ തോരനോ ആയിരുന്നു തന്നിരുന്നത്. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ വളരുന്ന കുലയായി മഞ്ഞ പൂക്കൾ പിടിയ്ക്കുന്ന ഈ ചെടി അന്ന് ചിറക്കര വയലിൽ രണ്ടിടത്തായി കാണപ്പെട്ടിരുന്നു. ഒന്ന് കാവറ ഭാഗത്തും ഒന്ന് കൊച്ചാലുവിളയുടെ കിഴക്കുഭാഗത്തും . ഇപ്പോൾ അവിടെ നിന്നൊക്കെ ഇത് അപ്രത്യക്ഷമായി. വർക്കല റയിൽവേ സ്റ്റേഷൻ വക പറമ്പിൽ ഇത് ധാരാളമായുണ്ട്.
ഈ ചെടിയുടെ കുടുംബത്തിൽ പെട്ടവയാണ് വട്ടത്തകര, പൊൻ തകര, പൊന്നാവീരൻ എന്നിവ. മഴക്കാലത്ത് ധാരാളമായി കണ്ടുവരുന്ന ഈ ചെടികൾ പോഷക ഗുണമുള്ള ഇലക്കറിയായി ആളുകൾ ഉപയോഗിച്ചിരുന്നു. ആയുർവേദത്തിൽ ഒട്ടേറെ ഔഷധങ്ങൾ ഈ സസ്യം കൊണ്ട് ഉണ്ടാക്കാറുണ്ട്. അലോപ്പതിയിൽ ലിവർ സിറോസിസിനുള്ള മരുന്ന് നിർമിക്കുന്നതും ഈ സസ്യത്തിൽ നിന്നു തന്നെ.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ കാര്‍ റേസറായി അഭിനയിച്ച നടക്കാതെ പോയ സിനിമയെ കുറിച്ച് സംവിധായകന്‍ രാജീവ് അഞ്ചല്‍. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ പേര് ‘ഓസ്‌ട്രേലിയ’ എന്നായിരുന്നു. അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ഓസ്‌ട്രേലിയയുടെ ചിത്രീകരണം നടത്തിയത്.
റിസ്‌കി ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകന്‍. വേറിട്ട ലുക്കിലായിരുന്നു മോഹന്‍ലാല്‍ ആ രംഗങ്ങളില്‍ അഭിനയിച്ചത്. കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ച നായകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ റേസിംഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്.
കാമുകിയുടെ ഭയം മാറാന്‍ നായകന്‍ കാര്‍ വേഗത്തില്‍ ഓടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നുണ്ട് എന്നാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഓസ്‌ട്രേലിയ നടന്നില്ലെങ്കിലും അതിലെ രംഗങ്ങള്‍ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിന് ഉപയോഗിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു കാര്‍ ഒക്കെ ഡിസൈന്‍ ചെയ്തിരുന്നു. നായകന്റെ വര്‍ക്ക്‌ഷോപ്പും ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. എന്നാല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ചിത്രീകരിച്ച രംഗങ്ങളൊക്കെ ബട്ടര്‍ഫ്‌ളൈസിന് വേണ്ടി ഉപയോഗിച്ചു.
ബട്ടര്‍ഫ്‌ളൈസിലെ നായകന്‍ കാര്‍ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു. ബട്ടര്‍ഫ്‌ളൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ശ്രീ പെരുമ്പത്തൂരില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഉപയോഗിച്ചത്. അക്കാലത്ത് ആ സിനിമ ഹിറ്റായി എന്നും രാജീവ് അഞ്ചല്‍ വ്യക്തമാക്കി.
മുഹമ്മദ് റാഷിക്ക് കെ.പി.
മൈലാഞ്ചിപുതച്ച മീസാങ്കല്ലിന് മുകളിൽ പലപ്പൊഴുമൊരു ശലഭം വന്നിരിക്കാറുണ്ട്.
ഖബറിൽ നിന്നുള്ള കഥകൾ കേട്ടു,
ചിറകുകൾ കല്ലോട് ചേർത്തു
അതനങ്ങാതെ കിടക്കും.
കോലായിൽ കാലു നീട്ടിയിരുന്നാണ്
വലിയുമ്മ മുറുക്കുന്നതും, കഥ പറയുന്നതും.
നിലത്തിട്ടാൽ പാമ്പാവുന്ന വടിയുടെ കഥ
ദൈവകല്പനയേറ്റാൻ കത്തിയെടുത്ത
ത്യാഗിയായ ഉപ്പയുടെ കഥ..
കല്ലേറേറ്റു ചോര പൊടിഞ്ഞിട്ടും
അവർക്ക് പൊറുതുകൊടുക്കണമേയെന്നു പ്രാർത്ഥിച്ച
നന്മയുടെ രാജാവിന്റെ കഥ.
എങ്കിലും പറയാതെയൊളിപ്പിച്ച കഥകൾ
വലിയുമ്മയുടെ ചുണ്ടുകൾക്കിടയിൽ വീർപ്പുമുട്ടും.
കിടാങ്ങളുറങ്ങിക്കഴിയുമ്പോൾ മെല്ലെ കണ്ണുകളടച്ചു ദൂരെയെങ്ങോട്ടോ ഉമ്മാമ്മ യാത്ര പോകും.
അവർ പറയാതെ വിട്ട കഥകളിലധികവും
ഉമ്മയാണ് പറഞ്ഞത്, കഥയായല്ല, പയ്യാരമായി.
അപ്പോഴൊക്കെ
വിളക്ക് നോക്കി ഒരു നേർച്ചപ്പൂമ്പാറ്റ ചുവരിൽ
പറ്റിപ്പിടിച്ചു കിടക്കും…
ഖബറാളികൾ കഥ പറയുമോ..?
അവരുടെ കഥകളിലധികവും കാൽവിരലുകളോടൊപ്പം കൂട്ടിക്കെട്ടി
മൂന്നുകഷ്ണം തുണി പൊതിഞ്ഞു മൂടപ്പെട്ടതല്ലേ.?
പിന്നെ മിണ്ടാനും പറയാനുമവർക്ക്
റത്തുബിന്റെ പൊഴിയാത്ത തളിരുകൾ മാത്രം..
അവയോ തസ്ബീഹ് കൊണ്ടു ജന്നതിലേക്കു
വഴിവെട്ടുന്നു,
ദുനിയവിയായ കഥകൾ അവിടെ മരിക്കുന്നു…
അസറുകഴിഞ്ഞാൽ
നേർത്ത തണുപ്പുള്ളൊരു കാറ്റുവീശാറുണ്ട്.
അതിനു ശേഷമാണ് ശലഭങ്ങൾ
അടുക്കളയുടെ, കോലായുടെ ചുവരുകൾ-
തേടി വന്നിരിക്കാറുള്ളത്.
അവരറിയുന്ന കഥകളും
അവർകേട്ട വാർത്തകളും
നമ്മോടു പറയാൻ വരുന്നതാവാം.
മീസാങ്കല്ലിന്റെ തണുപ്പുള്ള,
മൈലാഞ്ചിമണമുള്ള കഥകൾ…
ഉമ്മാമ്മയുടെ മീസാങ്കല്ലിൽ
ഞാൻ കണ്ട കരിയില നിറമുള്ള പൂമ്പാറ്റ
ഇടക്കൊക്കെ അടുക്കളച്ചുവരിൽ
പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം..
അതു കാണുമ്പോഴേതോ നേർച്ചക്കടമുണ്ടെന്നോതി,യുമ്മ മെല്ലെ
ഖുർആനിലോ മൗലൂദിലോ സ്വയം മറക്കും.
സുബ്ഹിക്ക് മുന്പാ ശലഭം പറന്നു പോകും.
കഥകളാണല്ലോ വിശ്വാസങ്ങൾക്കാധാരം.
ഇപ്പോഴൊന്നും അവയെ കാണാറില്ല..
മരിച്ചവർ മരിച്ചവരാണ്, അവരോടൊപ്പം അക്കഥകളും…
ഇരുളിലെവിടെയോ ഒരു ശലഭം
വഴിതെറ്റി പറക്കുന്നുണ്ടാവണം…
ചരിത്രങ്ങളും, സ്വപ്നങ്ങളും
കഥകളായുറഞ്ഞു കൂടി ഒരു
മൈലാഞ്ചി മൊട്ടിൽ വിടരാൻ കാത്തു കിടക്കുന്നുണ്ടാവും…
ആരറിയാൻ…
ആരറിയാൻ
ഖബറാളികൾ കഥപറയുമോ എന്ന്…
നവയുഗത്തിലെന്നും ഈ സമയമല്ലോ വലുത്…
അതിലെവിടെ ഖബറാളികൾക്കൊരിടം.?
അവരെയും നാം ഖല്ബിന്റെ പള്ളിക്കാട്ടിൽ
മറമാടിയതല്ലേ…
അതു കൊണ്ടാണല്ലോ
മരിച്ചവർ മരിച്ചവരായതും
ശലഭങ്ങൾക്ക് വഴി തെറ്റിയതും….
മുഹമ്മദ് റാഷിക്ക് കെ.പി. : മലപ്പുറം സ്വദേശി . ഒരു സ്വകാര്യ ലാബിൽ അറ്റൻഡറായി ജോലി ചെയ്യുന്നു
ഡോ. ഐഷ വി
ലക്ഷ്മി അച്ഛാമ്മ എന്തേ കള്ളന്മാരെ തല്ലിയില്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. അതിനൊരു കാരണമുണ്ട്. ഈ സംഭവത്തിനും വളരെ മുമ്പ് ശ്രീദേവി അപ്പച്ചിയുടെ വിവാഹ നിശ്ചയത്തിന് മുമ്പൊരു ദിവസം അച്ഛൻ കല്ലടയിൽ പോയി മടങ്ങിയെത്തിയപ്പോൾ ഇരുട്ടിപ്പോയി. കല്ലടയിൽ നിന്നും തലച്ചുമടായി കുറെ സാധനങ്ങളും കൊണ്ടാണ് വരവ്. കല്ലടയിൽ നിന്നും കൊച്ചു വെളുപ്പാൻ കാലത്ത് നടക്കാൻ തുടങ്ങിയാൽ നേരം ഇരുട്ടിക്കഴിയുമ്പോൾ ചിറക്കരയിലെത്താം. അങ്ങനെ അച്ഛൻ നടന്നു വരികയായിരുന്നു. എന്തോ ശബ്ദം കേട്ട് ഉറക്കമുണർന്ന ലക്ഷ്മി അച്ഛാമ്മ ഒരു വടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. വൈദ്യുതിയില്ലാത്തതിനാൽ ഒരു മനുഷ്യനേക്കാൾ ഉയരമുള്ള എന്തോ നടന്നു വരുന്നതായി ലക്ഷ്മി അച്ചാമ്മയ്ക്ക് തോന്നി. അതിനാൽ വടിയെടുത്ത് ഒറ്റയടി. അടിച്ചു കഴിഞ്ഞാണ് അത് അച്ഛനായിരുന്നു എന്ന വിവരം ലക്ഷ്മി അച്ഛാമ്മ തിരിച്ചറിയുന്നത്. അച്ഛൻ ശ്രീദേവി അപ്പച്ചിയുടെ വിവാഹ നിശ്ചയത്തിനാവശ്യമായ കുറേ സാധനങ്ങൾ കല്ലടയിൽ നിന്നും കൊണ്ടുവന്നതായിരുന്നു.
ലക്ഷ്മി അച്ഛാമ്മ ധാരാളം നിയമ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ചിലതിൽ വിജയത്തിന്റെ മധുരം നുകരാൻ കഴിഞ്ഞിട്ടുണ്ട്. ചിലതിൽ പരാജയത്തിന്റെ കയ്പു നീരും നുണയേണ്ടി വന്നിട്ടുണ്ട്. വിജയിച്ചതിൽ ഒന്ന് സിങ്കപ്പൂരിലായിരുന്ന മരിച്ചുപോയ മകന്റെ സ്വത്തിൽ നിന്നും ജീവനാംശം ലഭിക്കേണ്ട കേസായിരുന്നു. പിൽക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ മരിച്ചതിന് ശേഷമുള്ള കേസിൽ പ്രീസിഡൻസ് ആയത് ഈ കേസിന്റെ വിധിയാണ്.
കൊച്ചുമക്കളുടെ പഠന കാര്യത്തിലും അവരവരാൽ കഴിയുന്ന ജോലി ചെയ്ത് സ്വന്തം കാലിൽ നിർത്താൻ ലക്ഷ്മി അച്ഛാമ്മ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി ബന്ധുക്കളുടെ വിവിധ സ്ഥാപനങ്ങളിൽ കൊച്ചുമക്കൾക്ക് ജോലി തരപ്പെടുത്തി കൊടുത്തിരുന്നു.
ജനുവരി 19 ലക്ഷ്മി അച്ഛാ’മ്മയുടെ മകന്റെ ശ്രാദ്ധ ദിവസമായിരുന്നു. എല്ലാ വർഷവും ആ ദിവസം ശ്രാദ്ധമാചരിക്കാൻ ലക്ഷ്മി അച്ഛാമ്മ പ്രത്യകം ശ്രദ്ധിച്ചിരുന്നു. ആ ദിവസം ബന്ധുമിത്രാദികളായി ധാരാളം പേർ ആ വീട്ടിൽ എത്തിയിരുന്നു
മറ്റൊന്ന് ലക്ഷ്മി അച്ഛാമ്മ ധാരാളം പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നു എന്നതാണ്. അതിന്റെ പങ്ക് പൊതിഞ്ഞ് മടിക്കുത്തിൽ വച്ച് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടുത്തരിക ലക്ഷ്മി അച്ഛാമ്മയുടെ പതിവായിരുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഡോ. ഐഷ വി
എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട ഏറ്റവും ധീരയായ സ്ത്രീ ലക്ഷ്മി അച്ഛാമ്മയായിരുന്നു. ലക്ഷ്മി അച്ഛാമ്മയ്ക്ക് ഇരുട്ടിനേയോ ദൂരത്തേയോ അപവാദത്തേയോ നിയമവ്യവസ്ഥയേയോ ഒന്നും ഭയമില്ലായിരുന്നു. ഒരു പക്ഷേ അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോയതു കൊണ്ടാകാം ലക്ഷ്മി അച്ഛാമ്മയക്ക് ഇത്രയും കരുത്ത് വന്നത്. ” തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നാണല്ലോ പ്രമാണം. ഇക്കാലത്ത് സ്ത്രീകൾ നിരന്തരം പീഡിപ്പിയ്ക്കപ്പെടുകയും, ഭർത്തൃ വീട്ടിലോ സമൂഹത്തിലോ അടിച്ചമർത്തപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യുമ്പോൾ അതിജീവനത്തിന്റേയും നിരന്തര പോരാട്ടത്തിന്റേയും മകുടോദാഹരണമായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ ജീവിതം. ഓരോ പോരാട്ടത്തിലും ശരിയും തെറ്റുമുണ്ടാകാം നീതിയും നീതികേടുമുണ്ടാകാം, ധാർമ്മികതയും അധാർമ്മികതയുമുണ്ടാകാം എന്നിരുന്നാലും ഈ പെൺകരുത്തിനെ സ്മരിക്കാതെ വയ്യ.
നാട്ടുവാഴി തറവാട്ടിൽ നീലമ്മയുടേയും ഈശ്വരന്റേയും മകളായി 120 വർഷം മുമ്പ് ജനനം. നീലമ്മയുടെ സഹോദരൻ കൊച്ചു പത്മനാഭനായിരുന്നു തറവാട്ടു കാരണവർ. 150 ഏക്കറിലധികം വസ്തുവകകൾ ഉണ്ടായിരുന്ന കാരണവർ അനന്തരവളെ പരവൂരിലുള്ള അതിസമ്പന്നമായ കുടുംബത്തിലെ രാമനുമായി വിവാഹം നടത്തി അയച്ചു. രാമൻ തന്റെ ജ്യേഷ്ഠനുമൊത്ത് പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ കച്ചവടം( പങ്ക് കച്ചവടം) നടത്തിയിരുന്നു. കച്ചവടത്തിൽ ജ്യേഷ്ഠന്റെ ചതി അനുജൻ മനസ്സിലാക്കിയിരുന്നില്ല. പാർട്ണർഷിപ്പിൽ ലയബിലിറ്റി കൂടുതൽ ആയിരിയ്ക്കും കമ്പനിയാണെങ്കിൽ ലയബിലിറ്റി കുറവായിരിയ്ക്കും എന്നൊക്കെ കോമേഴ്സ് വിദ്യാർത്ഥികൾ പഠിക്കുന്ന കാര്യങ്ങൾ രാമനോ ഒരു നൂറ്റാണ്ട് മുമ്പ് പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്ന ലക്ഷ്മി അച്ഛാമ്മയോ ഗ്രഹിച്ചിരുന്നില്ലെന്ന് രത്‌ന ചുരുക്കം. ഫലം , രാമനും ഭാര്യയും ജ്യേഷ്ഠന്റെ ചതിയിൽ പാപ്പരാക്കപ്പെട്ട് കുടുംബത്തിൽ നിന്നും കച്ചവടത്തിൽ നിന്നും പുറത്തേയ്ക്ക്. ഒരർത്ഥത്തിൽ പറഞ്ഞാൽ രാമായണത്തിലെ രാമന് ഭാര്യ സീതയുമൊത്ത് വനവാസത്തിന് പോകേണ്ടി വന്നതു പോലത്തെ അവസ്ഥ.
തറവാട്ടിലേയ്ക്ക് സ്വമേധയാ മടങ്ങിപ്പോരാൻ ലക്ഷ്മി അച്ഛാമ്മയുടെ ആത്മാഭിമാനം അനുവദിച്ചില്ല. അതിനാൽ തന്നെ പരവൂരിൽ ഒരു ചായക്കട നടത്തി പൂജ്യത്തിൽ നിന്നും ജീവിതം കരുപിടിപ്പിയ്ക്കാനായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ ശ്രമം. ആകെ അഞ്ച് മക്കളായിരുന്നു ലക്ഷ്മി അച്ഛാമ്മയക്ക്. മൂന്ന് പെണ്ണും രണ്ടാണും. ഭർത്താവ് രാമന് കടുത്ത പ്രമേഹം ബാധിക്കുക കൂടി ചെയ്തതോടെ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാൻ കഴിയാതെയായി. അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴാണ് പരവൂരിലെത്തിയ കാരണവർ ലക്ഷ്മി അച്ഛാമ്മയും കുടുംബവും കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണാനിടയായി. കൊച്ച് കഷ്ടപ്പാടിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കിയ കാരണവർ അവരെ ചിറക്കരയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോന്നു.
പിന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ലക്ഷ്മി അച്ഛാമ്മയുടെ പോരാട്ട കാലം. അനുഭവമെന്ന ഗുരുവിൽ നിന്നും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടാനായതിന്റെ പതിന്മടങ്ങ് വിവരം അവർ സ്വായത്തമാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് നെൽകൃഷിയുള്ളവർക്ക് സുഭിക്ഷമായി അരിയാഹാരം കഴിക്കാം അല്ലാതുള്ളവർക്ക് അന്നജം ലഭിക്കാൻ മരച്ചീനിയും മാംസ്യം ലഭിക്കാൻ മീനുമായിരുന്നു ആശ്രയം. അരിയാഹാരം കഴിക്കാൻ ആഗ്രഹിച്ച ലക്‌ഷ്മി അച്ചാമ്മ പാർവത്യാരുടെ വീട്ടിൽ രാത്രിയോ കൊച്ചു വെളുപ്പാൻ കാലത്തോ എത്തുന്ന നെല്ല് സഹായികളായ സ്ത്രീകളെയും കൂട്ടിപ്പോയി രാത്രിയോ പകലോ എന്ന് നോക്കാതെ തലച്ചുമടായി കൊണ്ടുവന്നു. പുഴുങ്ങിയുണക്കി ഉരലിൽ ഈച്ചാടി കുത്തി അരിയാക്കി. വിൽക്കാൻ വേണ്ടി ചെയ്താൽ തിന്നാൻ വേണ്ടി കിട്ടും എന്നതായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ സാമ്പത്തിക ശാസ്ത്രം. കൂടാതെ ഏത് ബിസിനസ്സിന്റേയും ലാഭം എത്രയളവിൽ ഉത്പാദിപ്പിക്കുന്നു – എന്നതിനെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന മാനേജ്മെന്റ് തന്ത്രവും അവർ മനസ്സിലാക്കിയിരുന്നു. ജോലിക്കാരെ ഒരിക്കലും പിണക്കാതെ നയത്തിൽ നിർത്തി കാര്യങ്ങൾ നടപ്പിലാക്കുന്ന മനുഷ്യവിഭവശേഷി വിദഗ്ധ കൂരോഹിണിമകളായടിയായിരുന്നു അവർ. ഈ നയം അപ്പച്ചിയ്ക്ക് കൂടി കിട്ടിയിരുന്നു. ഇവർ മനുഷ്യ വിഭവശേഷി കൃത്യമായും വിദഗ്ധമായും മാനേജ് ചെയ്യുന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
നെല്ലുകുത്തി വിൽക്കുന്നത് കൂടാതെ ബന്ധുക്കളായ ആലപ്പുഴക്കാരുടേയും തിരുവനന്തപുരത്തുകാരുടേയും വസ്തുവകകൾ കൂടി ലക്ഷ്മി അച്ചാമ്മ നോക്കി നടത്തിയിരുന്നു. അതിനാൽ തന്നെ കുറെ പണിക്കാർ ലക്ഷ്മി അച്ചാമ്മയെ ആശ്രയിച്ച് ജീവിച്ചിരുന്നു. ഇങ്ങനെ വസ്തുവകകൾ നോക്കി നടത്തിയിരുന്നതിനാൽ ഇടയ്ക്കിടെ ആലപ്പുഴ യാത്രയും തിരുവനന്തപുരം യാത്രയും ചെയ്യേണ്ടി വന്നിരുന്നു. യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് കൊച്ചു വെളുപ്പാൻ കാലത്തേ തന്നെ ഓലച്ചൂട്ട് കത്തിച്ചിറങ്ങി കിലോമീറ്ററുകൾ അകലെയുള്ള ബസ് സ്റ്റോപ്പിലെത്തണം. തിരിച്ചും അതുപോലെ രാത്രിയായിരിയ്ക്കും മടക്കം. ലക്ഷ്മി അച്ചാമ്മയുടെ സഹോദരിമാർ ഉൾപ്പടെ സമപ്രായക്കാരായ ആ കാലഘട്ടത്തിലെ സ്ത്രീകൾ പുരുഷന്റെ നിഴലായി വീട്ടിൽ ഒതുങ്ങിക്കഴിയുമ്പോഴായിരുന്നു ഇത്തരം യാത്രകൾ. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാരിരുമ്പിന്റെ കരുത്തുള്ള മനക്കരുത്തുള്ള സ്ത്രീയായി മാറുകയായിരുന്നു. ഒരു പൂവാലനും അവരുടെ പിറകെ കൂടിയില്ല. ആരും കമന്റടിച്ചില്ല. ഒരപവാദ പ്രചരണവും നടത്തിയില്ല. പ്രായം ഏറി വന്നപ്പോൾ ” കീഴതിലമ്മയെ”ന്ന് ആളുകൾ ബഹുമാനപുരസരം വിളിച്ചു പോന്നു.
എന്റെ കുട്ടിക്കാലത്ത് ഞാൻ ലക്ഷ്മി അച്ചാമ്മയോട് രാത്രിയുള്ള യാത്രകളിൽ പേടിയാകില്ലേയെന്ന് ഒരിക്കൽ ചോദിച്ചു. അപ്പോഴാണവർ മഴയുള്ള ഒരമാവാസി രാവിലെ യാത്രയെ കുറിച്ച് എന്നോട് പറഞ്ഞത്. വെളിച്ചത്തിന് വേണ്ടി ചൂട്ടും കെട്ടി പോവുകയായിരുന്നല്ലോ പതിവ്. മഴ കാരണം ചൂട്ടണഞ്ഞു പോയി. കുറ്റാകുറ്റിരുട്ട്.. ഒന്നും കാണാൻ വയ്യ. അന്നൊക്കെ പറമ്പുകൾ വൃത്തിയായും കയ്യാലകൾ ആണ്ടോടാണ്ട് കോരി മിനുക്കി ഇടുന്ന പതിവ് ആളുകൾക്കുണ്ടായിരുന്നു. അങ്ങനെ നാട്ടുവഴിയുടെ ഓരം ചേർന്ന് കയ്യാല തപ്പി തപ്പി നടന്ന ലക്ഷ്മി അച്ചാമ്മ ചെന്ന് പെട്ടത് ഒരാനയുടെ അടുത്താണ്. കയ്യാലയെന്ന് കരുതി ആനയെ പിടിച്ചപ്പോൾ അത് അനങ്ങുന്നു. ആന ഉപദ്രവിച്ചില്ല. അങ്ങനെ ലക്ഷ്മി അച്ചാമ്മ രക്ഷപെട്ടു. ഇക്കഥ കേട്ടപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരി മമ്മൂഞ്ഞിനെയാണ് എനിക്കോർമ്മ വന്നത്. മറ്റൊന്ന് കള്ളന്മാർ വന്ന ദിവസം പുറത്തിറങ്ങി നോക്കിയതാണ്. സ്വയരക്ഷയ്ക്കായി കൈയ്യിൽ കരുതുന്ന വടിയുമായി പുറത്തിറങ്ങിയ ലക്ഷ്മി അച്ഛാമ്മ കണ്ടത് വീടിന്റെ ഭിത്തിയിൽ ചേർന്ന് ശ്വാസം പോലും വിടാതെ നിൽക്കുന്ന രണ്ട് കള്ളന്മാരെയാണ്. ലക്ഷ്മി അച്ചാമ്മ അവരെ ഉപദ്രവിക്കാതെ വീടിനകത്തേയ്ക്ക് കയറിപ്പോയി.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാജു കാഞ്ഞിരങ്ങാട്
കനം തൂങ്ങുന്ന കൺപോളകളെ വലിച്ചു തുറന്ന് അവൻ എഴുന്നേറ്റിരുന്നു. ഇരമ്പിക്കൊണ്ട് ഒരു ബൈക്ക് കടന്നു പോയി.കണ്ണിൽ നിന്ന് ഉറക്കത്തെ തിരുമിക്കളയാൻ പാടുപെടുകയാണ് പുലരി. ഇരുട്ടിൻ്റെ കൂന ഇപ്പോഴും ബാക്കിയുണ്ട്. പീടികത്തിണ്ണയിൽ ഉറങ്ങുന്നവരുടെ അനക്കവും, ഞരക്കവും
കേൾക്കാം. രാവിനെ കുതിർത്ത മഴമുളയിടുന്നുണ്ട് ഈ കൊച്ചു വെളുപ്പിന് .കണ്ണ് ചിമ്മി ചിമ്മി വരുന്നു പുതച്ച് ചുരുണ്ടുകൂടി കിടക്കാൻ ആർത്തി. ഇനിയും താമസിച്ചു കൂടാ അവൻ വേഗം എഴുന്നേറ്റു ആകെ ഒരു പരവേശം കുറേ വെള്ളമെടുത്ത് മടുമടാന്ന് കുടിച്ച് ദീർഘശ്വാസം വിട്ടു. സമാവറിൽ വെള്ളമൊഴിച്ച് തീപ്പൂട്ടാനുള്ള ഒരുക്കമായി. രാത്രിയിലെ കള്ളിൻ്റെ കെട്ടു വിടാത്ത ഒരു കാർന്നോര് നാട്ടിൽ ചൂരുള്ള
തെറിയും തെറിപ്പിച്ച് തെറിച്ചു തെറിച്ചു നടന്നു പോയി.
മുഷിഞ്ഞ മുഖമുള്ള ഒരുവൾ വെള്ള കീറി വരുന്ന നേരം തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ഒരുവനെ തലയിൽ കൈവെച്ചു പ്രാകിക്കൊണ്ടിരുന്നു. നാട്ടുവഴി നാണത്താലെ മുഖം കുനിച്ചു നിന്നു. ഇലപ്പടർപ്പുകളിലൂടെ കിഴക്കൻ മാനത്തെ ചന്ദനത്തുടുപ്പ് തെളിഞ്ഞു. ചുവന്നതോർത്ത് തലയിൽക്കെട്ടി നീല ഷർട്ടിട്ട ചുമട്ടുകാർ ചന്തയിലേക്കു നടന്നുതുടങ്ങി. മലയിറങ്ങിവരുന്ന ബസ്സിൻ്റെ നീണ്ട ഹോണടി കേട്ട് ദൂരദിക്കിലേക്ക് പോകേണ്ടവർ ബസ്സ്റ്റോപ്പിലേക്ക് ഓടി. കടുപ്പത്തിലൊരു ചായ എടുത്ത് അവൻ ഊതിയൂതിക്കുടിച്ച് നിരപ്പലക ഓരോന്നായി തുറക്കാൻ തുടങ്ങി. ചവറ്റിലക്കിളികൾ മണ്ണിലേക്ക് പാറിയിറങ്ങി.പീടിക മോന്തായത്തിലിരുന്ന് ഒരു കാക്ക തൊള്ള തുറന്ന് വെളുപ്പിനെ വിളിച്ചുണർത്തിക്കൊണ്ടിരുന്നു.
അമ്പലത്തിൻ്റെ പൊട്ടിപ്പൊളിഞ്ഞ ആൽത്തയിൽ ഒറ്റയ്ക്കിരുന്ന് നേരം വെളുപ്പിച്ച അയാൾ പീടികയിലേക്ക് കയറി വന്നു എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തിയതാണ് ‘ നാടാറുമാസം കാടാറുമാസം’ – എന്നു പറഞ്ഞതുപോലെയാണ് അയാൾ. ഒരു ദിവസം നേരം വെളുത്താൽ പിന്നെ കാണില്ല. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കറങ്ങും. അങ്ങനെ എവിടെയൊക്കയോ ചുറ്റിക്കറങ്ങി ഒരു ദിവസം വെളുക്കുമ്പോൾ കാണാം പീടികയിലേക്ക് കയറി വരുന്നത്. തിരിച്ചു പോകുന്നതുവരെ അമ്പലത്തിലെ ആൽത്തറയിൽ താമസം. രാത്രി ഏതുനേരത്തും ഇരിക്കുന്നതേ ആളുകൾ കണ്ടിട്ടുള്ളു കിടന്നുറങ്ങുന്നത് ആരും കണ്ടിട്ടില്ല. ഒരോ ജന്മങ്ങള് ഓരോ മറിമായം .എത്ര പ്രായമുണ്ടെന്ന് ആർക്കും തിട്ടമില്ല അലക്കി വെളുപ്പിച്ച പാൻറും ഷർട്ടും, ഊശാൻ താടി, പിന്നിലേക്ക് ചീകിവെച്ച മുടി പുറത്ത് വലിയ ഒരു ബാഗ് എന്നും അയാൾ ഇങ്ങനെയായിരുന്നു. അന്നും ഇന്നും ഇതേ പ്രായം.രാവിലെ കടയിൽ വന്ന് കടുപ്പത്തിലൊരു ചായ. കുറച്ചു കഴിഞ്ഞ് വലിയ ബാഗ് വലിച്ചു തുറന്ന് വിദേശമദ്യത്തിൻ്റെ ഒരു കുപ്പിയെടുത്ത് രണ്ടു ഗ്ലാസിൽ പകരും അര ഗ്ലാസ് മദ്യത്തിൽ തണുത്ത വെള്ളമൊഴിച്ച് ഒരു ഗ്ലാസ് അവനു കൊടുത്ത് അടുത്ത ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി ഒരു പോക്കാണ് ബസ്സ് കയറി പട്ടണത്തിലേക്ക് .ഇത് ഒരു ദിവസം കാണാതാകുന്നതു വരെ തുടർന്നു കൊണ്ടിരിക്കും.
അവൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും അയാൾ ഇങ്ങനെ ആയിപ്പോയിട്ടുണ്ടാകുക . ഇന്നുവരെ അയാൾ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ഒരു ചിരിയിൽ എല്ലാം ഒതുക്കും. അനിശ്ചിതത്വത്തിൽ ആയിപ്പോയ ഒരു ജീവിതമോ? അനാഥത്വം പേറുന്ന ഒരു സങ്കടലോ? തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ!
മായികമായ മനുഷ്യമനസ്സിനെ തിരിച്ചറിയാൻ കഴിയുന്നേയില്ല. എന്തൊക്കെ ആഗ്രഹങ്ങളോടു
കൂടിയാണ് വളർന്നു വന്നിട്ടുണ്ടാകുക.പക്ഷേ എത്തിച്ചേരുന്നതോ’ നിനയ്ക്കുന്നത് ഒന്ന് ഫലിക്കുന്നത് മറ്റൊന്ന്’ – തൻ്റെ കർമ്മപഥമേതെന്ന് കാലം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാകാം. ആർക്കു വേണ്ടി, എന്തിനു വേണ്ടി ഈ നെട്ടോട്ടങ്ങൾ ആലോചിച്ചാൽ ആദിയും അന്തവുമില്ല. എല്ലാം പ്രതീക്ഷകളാണ് ജനിച്ചാൽ മരിക്കുമെന്ന് നമുക്കറിയാം ‘എന്ന്’ എന്നുള്ളതാണ് നമ്മേ മുന്നോട്ടേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. ആശകളും, വാക്കുകളും നമ്മേ ഊർജ്ജസ്വലരാക്കുന്നത്.
പിത്ത നിറമുള്ള തെരുവു വിളക്കുകൾ ഇപ്പോഴും മുനിഞ്ഞു കത്തുന്നു. അയാൾ ഇറങ്ങി നടന്നത് അ
വനറിഞ്ഞതേയില്ല.ആലോചനയിൽ നിന്ന് ഉണർന്നപ്പോൾ ലഹരിയുടെ ഒരു ചെറു ചൂട് തണുപ്പിനെ അകറ്റിക്കൊണ്ടിരുന്നു. എങ്കിലും അയാൾ തന്നെയായിരുന്നു മനസ്സിൽ. സമാവറിലെ വെണ്ണീർ തട്ടി നാണയ തുട്ടിട്ട തിളയ്ക്കുന്ന വെള്ളത്തിൻ്റെ ചിലമ്പിച്ച ശബ്ദത്തിലേക്ക് ചെവിചേർത്ത് അവൻ ഓർത്തു. വേരുകൾ വെട്ടിമാറ്റപ്പെട്ട ഒരു മരമോ അയാൾ വർഷങ്ങൾകടന്നു പോയിട്ടും വേദന വിട്ടുമാറാത്ത ഒരു ഹൃദയം.
ആളിപ്പടർന്നദുഃഖത്തിൽ നിശ്ശബ്ദമാക്കപ്പെട്ടപോലെ മൂകതയുടെ മൂടുപടം മാത്രം തനിക്കുരക്ഷ എന്നു ക
രുതുന്നതുപോലെ ജീവിതത്തെ എത്രമാത്രം തന്നിൽ നിന്നകറ്റി ഈ ശരീരത്തെ അലച്ചലിനായി വിട്ടു കൊ
ടുത്തു കൊണ്ട് അടങ്ങാത്ത ക്രൂരതയുടെ, അസഹിഷ്ണുതയുടെ ബഹിർസ്ഫുരണമോ.സ്വയം കത്തിത്തീരലോ. അങ്ങനെയുമുണ്ടാകാം ചിലജന്മങ്ങൾ
മഴയ്ക്ക് മണ്ണിനോട് പ്രണയമെന്ന് കാതിൽ പറയുന്നതുപോലെ ഇലകൾ പതുക്കെയനങ്ങിക്കൊ ണ്ടിരുന്നു. മഴക്കാറുള്ളതിനാൽ പ്രഭാതത്തിന് ഇന്ന് ഇരുണ്ട മുഖമാണ് .മുട്ടവിളക്കു പോലെ മുനിഞ്ഞു
കത്തിയതെരുവിളക്കുകൾ കണ്ണടച്ചു. പണിക്കു പോകുന്ന പെണ്ണുങ്ങളുടെ കലപില ശബ്ദം അടുത്തുവരുന്നു ഇനി കടയിലും തിരക്കാവും.
“എന്തൊക്കെയുണ്ടെടോ എന്ന കുഞ്ഞാരൻ മാഷിൻ്റെ ചോദ്യത്തിന് ‘എന്നും ഒരേ പോലെ രാവിലെ എഴുന്നേൽക്കുന്നു ചായ ഉണ്ടാക്കുന്നു ആൾക്കാർ വന്നു കുടിക്കുന്നു പോകുന്നു . ഉച്ച, രാത്രി ഇങ്ങനെയൊക്കെ’
എന്ന് പറയുമ്പോൾ അങ്ങനെയൊന്നുമല്ലെന്നും ഓരോ ദിവസത്തിനും പാഠഭേദങ്ങൾ ചമയ്ക്കുകയാണെന്നും ഇപ്പോൾ കാണുന്ന പുഴയല്ല പിന്നെ കാണുന്നത് എന്നും പറഞ്ഞു കൊണ്ട് ചായ കുടിക്കുന്ന മാഷിനെ നോക്കി ഇതെന്തൊരു മനുഷ്യനാപ്പായെന്ന് പിറുപിറുത്ത് ചായ പറ്റെഴുതി പീടിക വിട്ട് പോയിക്കെണ്ടിരുന്ന തോട്ടം പണിക്കാർ. അപ്പോഴും അവൻ്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നത് ലിപിയില്ലാത്ത ഭാഷ പോലുള്ള അയാളെയായിരുന്നു. വിയർത്ത മുഖം കള്ളി മുണ്ടിൻ്റെ കോന്തലയിൽ തോർത്തി ചെവിക്കുറ്റിയിലെ മുറി ബീഡി കത്തിച്ച് വലിക്കുമ്പോൾ കുഞ്ഞാരൻ മാഷ് ചോദിച്ചു.
“എന്താടോ, രാവിലെ ഒരാലോചന ”
ആളും അർത്ഥവുമില്ലാത്തഒരാളെക്കുറിച്ച് പറഞ്ഞാൽ തനിക്കെന്ത് പിരാന്ത് എന്നു കരുതുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം ഉറ്റ സുഹൃത്തിനെപ്പോലെ എന്നും രാവിലെ വന്ന് ഒരു ഗ്ലാസ് ഒഴിച്ചു തന്ന് ഒന്നും മിണ്ടാതെ നടന്നു മറയുന്നവനെക്കുറിച്ച് ഇവർക്കെന്തറിയാം.
” ഒന്നുമില്ല മാഷേ, ഓരോ ഓർമ്മകള് ”
ഇവനിതെന്തു പറ്റിയെന്ന് കുഞ്ഞാരൻ മാഷിൻ്റെ കണ്ണിൻ തുമ്പത്ത് പൊട്ടിവിരിയുന്നത് കണ്ട് മറ്റൊരു ചോദ്യമുണ്ടാകുന്നതിനു മുന്നേ അവൻ പണിയിൽ വ്യാപൃതനായി. ഓർക്കാപ്പുറത്തായിരിക്കും മാഷിൽ നിന്ന് വാക്കുകൾ ഇറങ്ങി വരുന്നത്. രാവിലെ കഴിച്ചതിൻ്റെ മണമെങ്ങാൻ കിട്ടിയാൽ മതി നാട്ടിലാകെ
നോട്ടീസടിക്കാൻ ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടലാകും അത്.
മുതലാളി വരാൻ നേരമായി അവൻ എല്ലാപണികളും വേഗത്തിൽ ഒതുക്കി. അന്ന് യാന്ത്രീകമായാണ് അ
വൻ ഓരോ പണിയും ചെയ്തത്. പക്ഷേ അലസത ഒട്ടും ഉണ്ടായിരുന്നില്ല. അയാളായിരുന്നു അവൻ്റെ മനസ്സുമുഴുവൻ എത്രയോകാലമായി കാണുന്നതാണ് ഇതുവരെ ഇങ്ങനെ ഒരനുഭവമുണ്ടായിട്ടില്ല. ഇവിടെ
എത്തിയാൽ എന്നും രാവിലെ വരും ചായ കുടിക്കും പിന്നെ ഗ്ലാസ് നിറച്ച് രണ്ടുപേരും കുടിക്കും അയാൾ
പോകും. അന്നൊന്നും തോന്നാത്ത എന്തോ ഒന്ന് ഇന്ന് മനസ്സിനെ മദിക്കുന്നു. മറ്റൊന്നും ഓർക്കാൻ
കഴിയുന്നില്ല ഓരോ ശ്രമവും പരാചയപ്പെടുകയാണ്.മനസ്സിൻ്റെ അടിത്തട്ടിൽ നിന്ന് മുങ്ങിയെടുക്കുന്ന തൊക്കെ അയാളെക്കുറിച്ചുള്ള ഓർമ്മകളുടെ വെള്ളാരങ്കല്ലുകളാണ്. കാച്ചിൽ വള്ളി പോലെ ഓർമ
ഞറുങ്ങണെ പിറുങ്ങനെ മനസ്സിനെ വരിയുന്നു,
രാത്രി കടയടക്കുമ്പോഴേക്കും അവൻ ചതഞ്ഞവള്ളി പോലെയായിരുന്നു. കുളി കഴിഞ്ഞ്
ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ അയാൾ തിരിച്ചെത്തിയിരിക്കുമോയെന്ന് അറിയാനുള്ള ഒരാകാംക്ഷ
ഇരച്ചെത്തി. എന്നാൽ അപ്പോൾ തന്നെ ഇനി വരാതിരിക്കുമോ എന്നആശങ്കയും കുടിയേറി പക്ഷേ, അതെല്ലാം നിമിഷനേരം മാത്രമേ ഉണ്ടായുള്ളു. സ്നേഹത്തിൻ്റെ ഒരു തെളിനീർ അവനെ വന്നു തൊടുന്നതു
പോലെ അദൃശ്യനായി അയാൾ അവനരികിൽ തൊട്ടിരിക്കുമ്പോലെ. പിന്നെ അവനിൽ നിന്ന് നേർത്ത താളത്തിൽ കൂർക്കം വലി ഉയർന്നു കൊണ്ടിരുന്നു.
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ഡോ. ഐഷ വി
ഒരു കശുവണ്ടി ഫാക്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു അവർ ജീവിതം കരുപിടിപ്പിച്ചിരുന്നത്. അവർ മാത്രമല്ല ആ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ വേതനത്തിന്റെ ഒരു പങ്ക് ലക്ഷ്യമിട്ട് കച്ചവടം ചെയ്തിരുന്നത്. മറ്റ് കച്ചവടക്കാരെ അപക്ഷിച്ച് ഇവർക്കുള്ള പ്രത്യേകത രണ്ട് പേർക്കും ഓരോ , ഏറുമാടക്കട സ്വന്തമായിട്ടുണ്ടായിരുന്നു എന്നതാണ്. മറ്റ് കച്ചവടക്കാർ തറയിൽ വിരിച്ചിട്ട ചാക്കിലോ പേപ്പറിലോ പാളയിലോ സാധനങ്ങൾ വച്ച് കച്ചവടം നടത്തുകയായിരുന്നു പതിവ്. ദേവകിയുടേയും വിജയമ്മയുടെയും ജീവിതത്തിൽ സമാനതകൾ ധാരാളമായിരുന്നു. രണ്ടു പേരും വ്യത്യസ്തമായ രാഷ്ട്രീയ പ്രബുദ്ധതയുള്ളവർ . രണ്ടു പേരും ഒരേ സാധനങ്ങൾ പരവൂർ കമ്പോളത്തിൽ നിന്നും എടുത്തു കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നവർ. വേഷത്തിൽ അല്പസ്വല്പം വ്യത്യാസമുണ്ട്. വിജയമ്മ നല്ല ടിപ് ടോപായി സാരിയുടുത്ത് മുടി പുട്ടപ്പ് ചെയ്ത് ഒരുങ്ങും. ദേവകി ഒരല്പം അലക്ഷ്യമായ വസ്ത്രധാരണമാണ്. ഒരു ചുവന്ന പ്രിന്റുള്ള കൈലി, ചുവപ്പ് നിറമുള്ള ബ്ലൗസ്, കാവി ഷാൾ ഹാഫ് സാരി ചുറ്റുന്നതുപോലെ ചുറ്റിയിരിക്കും. മുടി കൈ കൊണ്ട് ചീകി ഒതുക്കിയത് പോലെ തോന്നും.
രണ്ടു പേരും കശുവണ്ടി ഫാക്ടറിയിലെ ശമ്പള ദിവസവും തലേന്നും രാവിലേ തന്നെ പരവൂർ കമ്പോളത്തിലേയ്ക്ക് യാത്രയാകും . ആദ്യമൊക്കെ രണ്ടു പേരും ചിറക്കര ത്താഴത്തു നിന്നും പുത്തൻകുളം വരെ നടന്ന് രാവിലെ ആറേ മുക്കാലിനുള്ള എ കെ എം ബസ്സോ ഏഴു മണിയ്ക്കുള്ള കോമോസ് ബസ്സോ പിടിച്ച് പരവൂരിലേയ്ക്ക് . കൈയ്യിലുള്ള ചാക്കുകൾ നിറയെ പച്ചക്കറികൾ ശേഖരിച്ച് തിരികെ . പുത്തൻ കുളം വരെ ബസ്സിലെത്തിയ്ക്കുന്ന സാധനങ്ങൾ തല ചുമടായോ സൈക്കിളുള്ള ആരെയെങ്കിലും ആശ്രയിച്ചോ ചിറക്കര ത്താഴത്ത് എത്തിയ്ക്കും . 1983 ജനുവരിയിൽ ചിറക്കര ത്താഴത്തേയ്ക്ക് ആദ്യ ബസ്സെത്തിയപ്പോൾ അവർക്ക് ആശ്വാസമായി. കലയ് ക്കോടുള്ള ഒരു ബസ്സ് ഓണറുടെ ” ഉദയകുമാർ” എന്ന പേരിലുള്ള രണ്ട് ബസ്സുകളായിരുന്നു ചിറക്കത്താഴം – പരവൂർ – കുണ്ടറ റൂട്ടിൽ ഓടിയത്. അതോടെ ദേവകിയമ്മയ്ക്കും വിജയമ്മയ്ക്കും ആശ്വാസമായി. കമ്പോളത്തിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങൾ അവരരുടെ കടയുടെ മുന്നിൽ ഇറക്കാമെന്നായി. അധികം താമസിയാതെ കലയ് ക്കോട്ടെ ബസ് ഓണർ കൂനയിൽ ഉള്ള ഒരാൾക്ക് ബസ്സുകൾ വിറ്റു. പിന്നെ ബസ്സിന്റെ പേര് മാറി ശ്രീ മുരുകൻ എന്നായി. കശുവണ്ടി ഫാക്ടറിയിലെ എല്ലാ വെള്ളിയാഴ്ചയും ശമ്പള ദിവസമായിരുന്നതിനാൽ അന്ന് വൈകുന്നേരം ദേവകിയുടേയും വിജയമ്മയുടേയും മാത്രമല്ല മറ്റ് കച്ചവടക്കാരുടേയും കച്ചവടം പൊടിപൊടിയ്ക്കും.
വിജയമ്മയുടേയും ദേവകിയുടേയും ഏറുമാട കടയ്ക്കിരുവശങ്ങളിലായി നിരത്തിയിട്ടിരിക്കുന്ന ബഞ്ചുകളിലിരുന്നു “പട്ടിയാരത്തിൽ” കാരുടെ ചായക്കടയിൽ നിന്നോ ” വലിയ സോമന്റെ” ചായക്കടയിൽ നിന്നോ ചായയും കടിയും കഴിച്ചെത്തുന്ന അവരവരുടെ കക്ഷിരാഷ്ട്രീയത്തിൽപ്പെട്ടവർ സൊറ പറഞ്ഞിരിയ്ക്കും. കശുവണ്ടി ഫാക്ടറിയിൽ നിന്നും സ്ത്രീകൾ ഇറങ്ങിത്തുടങ്ങുമ്പോൾ ജങ്‌ഷൻ സജീവമാകും. അവരവർക്കാവശ്യമായ സാധനങ്ങൾ മുഴുവൻ അന്നേ ദിവസം കച്ചവടക്കാർ അവിടേയ്ക്ക് എത്തിച്ചിട്ടുണ്ടാകും. കശുവണ്ടിത്തൊഴിലാളികളായ സ്ത്രീകൾ ഫാക്ടറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങിവരുമ്പോൾ ആകെ കൂടി ഒരു ” കശുവണ്ടി” മണ മായിരിക്കും. ” ഷെല്ലിംഗ്” സെക്ഷനിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കൈ വെള്ള കണ്ടാലറിയാം , അണ്ടിക്കറ പിടിച്ച് വികൃതമായിരിയ്ക്കും. ” പീലിംഗ് / സോർട്ടിംഗ് സെക്ഷനിലുള്ളവരുടെ കൈകളും വസ്ത്രവും വൃത്തിയായിരിയ്ക്കും. (ഇക്കാലത്ത് എസ്എസ്എൽസിയോ പ്ലസ് ടുവോ പാസായ പെൺകുട്ടികളായിരിയ്ക്കും കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാർ . അവർ ഗ്ലൗസ് ഉപയോഗിക്കുന്നതിനാൽ എല്ലാവരുടേയും കൈകൾ വൃത്തിയായിരിയ്ക്കും.)
അഞ്ചാറോ ആറേഴോ അംഗങ്ങളായിരുന്നു വിജയമ്മയുടേയും ദേവകിയുടെയും വീടുകളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും ഓരോ കുട്ടിയെ കൂടി എടുത്തു വളർത്താനുള്ള സന്മനസ് രണ്ട് പേരും കാണിച്ചു.
ദേവകിയമ്മ തന്റെ ഒരു പ്രസവത്തിന് സർക്കാരാശുപത്രിയിൽ പോയപ്പോഴാണ് ഒരു പെൺകുഞ്ഞിനെ കൂടി അവർക്ക് ലഭിച്ചത്. തന്റെ പ്രസവത്തിന് മുമ്പ് ആശുപത്രിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ വന്ന് ഒരു കുട്ടിയെ ഇവരുടെ കൈയ്യിൽ കൊടു ത്തശേഷം ഞാനൊന്ന് ചായ കുടിച്ചിട്ട് വരാം അതുവരെ കുട്ടിയെ ഒന്ന് പിടിച്ചോളണേ എന്ന് പറഞ്ഞ് കൈയ്യിൽ കൊടുത്തിട്ട് പോയതാണ്. പിന്നെ തിരികെ വന്നില്ല. ആ പെൺകുഞ്ഞിനെ കുടാതെ താൻ പ്രസവിച്ച പെൺകുഞ്ഞും. അങ്ങനെ അവർ ആ കുട്ടിയെ കൂടി വളർത്തി. വിജയമ്മയ്ക്കാകട്ടെ ആൺമക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു മകളെ വേണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നതിനാലാണ് പുത്തൻ കുളത്തെ സന്തോഷ് ഹോസ്പിറ്റലിൽ വർക്കല ഭാഗത്തുള്ള ഒരു ഗൾഫുകാരന്റെ ഭാര്യ പ്രസവിച്ച് ഉപേക്ഷിച്ച് പോയ പെൺകുഞ്ഞിനെ എടുത്തു വളർത്താനായി ഓടിയെത്തിയത്. അവർ അതിനെ പൊന്നുപോലെ വളർത്തി.
തുടർച്ചയായ തൊഴിൽ സമരങ്ങൾ മൂലം കശുവണ്ടി ഫാക്ടറി ഉടമയിൽ നിന്നും കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറി ഏറ്റെടുത്ത് നടത്തി. കുറേനാൾ കഴിഞ്ഞ് തൊഴിൽ സമരങ്ങളും കശുവണ്ടിയുടെ ലഭ്യത കുറവും മൂലം ഫാക്ടറി പൂട്ടി. ഫാക്ടറി പൂട്ടിയത് അനേകം ആളുകളുടെ ജീവിതം വഴിമുട്ടാൻ ഇടയാക്കി. തൊഴിലാളികൾക്ക് തൊഴിലില്ലാതായി. വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടക്കാതായി. വിജയമ്മയും ദേവകിയമ്മയും അവരവർക്ക് ഏറുമാടക്കടയുള്ളതിനാൽ നേരത്തതുപോലെ ഉഷാറായില്ലെങ്കിലും ചെറിയ തോതിൽ കച്ചവടം അവരുടെ മരണം വരെ തുടർന്നു. കശുവണ്ടി ഫാക്ടറിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നവർ മറ്റ് തൊഴിൽ മേഖലയിലേയ്ക്ക് പതുക്കെ പതുക്കെ ചേക്കേറി.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
ഞങ്ങളുടെ വാടക വീട്ടിലെ ജോർജ് കുട്ടിയുടെ റൂം ഒരു ആർട്ട് ഗാലറി പോലെ തോന്നും ആദ്യമായി കാണുന്നവർക്ക്. റൂമിൽ ഒരു വലിയ കശുമാവ് ഫിറ്റ് ചെയ്തു വച്ചിട്ടുണ്ട്. അതിൻറെ ഉയരത്തിലുള്ള ശിഖരങ്ങളുടെ കീഴിൽ ജോർജ് കുട്ടിയുടെ കട്ടിൽ മേശ കസേരകൾ എല്ലാം നിരത്തിയിട്ടിരിക്കുകയാണ്. പ്രകൃതിയുമായി യോജിച്ചു ജീവിക്കുകയാണ് താൻ എന്നാണ് ജോർജ് കുട്ടി അതിനെ വിശേഷിപ്പിക്കുന്നത്. കാഴ്ചയ്ക്ക് വളരെ മനോഹരമാണ്, പക്ഷേ വളരെയധികം സ്ഥലം അതിനുവണ്ടി വെറുതെ പാഴായിപോകുന്നുണ്ട്.
സുഹൃത്തുക്കൾ ആരോ സിംഗപ്പൂരിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നു കൊടുത്തതാണ്. ആദ്യം കാണുന്നവർക്ക് നല്ലൊരു തമാശയാണ് ഈ കശുമാവും അതിൻ്റെ കീഴിലെ ഉറക്കവും.
എങ്ങനെയോ അതിൻ്റെ ഒരു ശാഖ ഇളകിതാഴെ വീണുപോയി. അത് കയ്യിലെടുത്തു് ജോർജ് കുട്ടി പറഞ്ഞു,” ഇത് ഒരു നല്ല ലക്ഷണമല്ലല്ലോ. ഫോറസ്റ്റ് ഡിപ്പാർട്മെൻറിൽ നിന്നും അനുവാദം ഇല്ലാതെ ആരാണ് ഇതിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റിയത്? ഇത് ,ആരോ ചന്ദനമരമാണ് എന്ന തെറ്റിദ്ധരിച്ചതായിരിക്കണം. കശുമാവും ചന്ദനവും തിരിച്ചറിയാൻ വയ്യാത്ത കാട്ടുകള്ളന്മാർ എന്ത് മണ്ടന്മാരാണ്.”
“അതെ, ശരിയാണ്.ഈ ദുർലക്ഷണം കണ്ടിട്ട് എന്തോ അപകടം സംഭവിക്കാൻ പോകുന്നതുപോലെ തോന്നുന്നു.” ഞാൻ പറഞ്ഞു.
വെറുതെ ഒരു തമാശ പറഞ്ഞതാണെങ്കിലും വൈകുന്നേരം ജോർജ് കുട്ടിക്ക് വീട്ടിൽ നിന്നും ഒരു ടെലിഫോൺ കോൾ വന്നു. ഉടനെ വീട്ടിലേക്ക് ചെല്ലണം, കാര്യം എന്താണെന്ന് പറയുന്നുമില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അളിയൻ വിസ അയച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് ഉടനെ വീട്ടിൽ വരണം,പാസ്പോർട്ട് മറ്റു വിശദവിവരങ്ങളും കൊടുക്കണം. വെറുതെ ജോർജ് കുട്ടി പേടിച്ചുപോയി.”അവിവാഹിതരായ അഞ്ചുപെങ്ങന്മാർ,തലക്ക് സ്ഥിരതയില്ലാത്ത ചേട്ടൻ രോഗിയായ അച്ഛൻ,പിന്നെ ഈ ഭാരമെല്ലാം ചുമക്കുന്ന ‘അമ്മ……………”
“നിർത്തു,ഈ കഥ നമ്മൾ കണ്ട കന്നട സിനിമയുടെ കഥയല്ലേ? തനിക്ക് പുതിയത് വല്ലതും കണ്ടുപിടിച്ചുകൂടെ? ആ രാധാകൃഷ്ണനോ മറ്റോ ആയിരിക്കണം, ഇപ്പോൾ ഒരു രണ്ടു കഥാപ്രസംഗത്തിനുള്ള വിഷയം കണ്ടുപിടിക്കുമായിരുന്നു.”ജോർജ് കുട്ടി പറഞ്ഞു.
“അളിയൻറെ പ്ലാൻ എന്തോ കാര്യമായിട്ടുണ്ട്, അതാ തന്നെ ഗൾഫിൽ കൊണ്ടുപോകണം എന്ന നിർബ്ബന്ധം പിടിക്കുന്നത്.”ഞാൻ പറഞ്ഞു
“ഒന്ന് പോയി നോക്കാം അല്ലേ?”.
വൈകുന്നേരത്തെ ഐലൻഡ് എക്സ്പ്രസ്സിൽ കയറ്റിവിടാനായി ഞാനും ജോർജ് കുട്ടിയുടെ കൂടെ റെയിൽവേ സ്റ്റേഷനിൽ പോകാൻ തയ്യാറാകുകയായിരുന്നു. ജോർജ് കുട്ടി പറഞ്ഞു,”ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല ”
ജോർജ് കുട്ടിയെ വണ്ടി കയറ്റിവിടാൻ ,വിവരം അറിഞ്ഞ എല്ലാവരും സ്റ്റേഷനിലെത്തി. പതിവിനു വിപരീതമായി ജോർജ്ജുകുട്ടിയുടെ കളിയും ചിരിയും നിന്നിരിക്കുന്നു തമാശ പറയുന്നില്ല കോമാളി വേഷങ്ങൾ കാണിക്കുന്നില്ല ജോർജുകുട്ടിയുടെ ഈ മാറ്റം ഞങ്ങൾ ആർക്കും സഹിക്കാൻ കഴിയുന്നില്ല.
രാധാകൃഷ്ണൻ ശോകമായ സ്വരത്തിൽ പറഞ്ഞു,” പന്തയം വെച്ച് ഇനി ആരു ഞങ്ങൾക്ക് മസാലദോശ വാങ്ങി തരും?” ഹുസൈൻ പറഞ്ഞു “എൻ്റെ ഷോർട്ട് ഫിലിം ഇനി എങ്ങനെ ഷൂട്ട് ചെയ്യും ?”
ജോർജ് കുട്ടി,പറഞ്ഞു “ഈ പറയുന്നത് കേട്ടാൽ തോന്നും ഞാൻ മരിച്ചുപോയെന്ന്,ഒന്ന് മിണ്ടാതിരിക്കണം .” ട്രെയിൻ വന്നു, സീറ്റ് റിസർവേഷൻ കിട്ടിയിരുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കയറിപ്പറ്റാൻ സാധിച്ചു വണ്ടി പുറപ്പെടാറായപ്പോൾ ജോർജ് കുട്ടി ജനലിൽ കൂടി തോളത്തു പിടിച്ചു ,എന്നിട്ടു പറഞ്ഞു,”എൻ്റെ റൂമിൽ കശുമാവിൻ കീഴിൽ ഒരു കാർഡ് ബോർഡ് പെട്ടി ഉണ്ട്, അതിൽ ഒരു കവർ ഉണ്ട്,അത് തനിക്കുള്ളതാണ്.”
താൻ ചിലപ്പോഴെങ്കിലും വിചാരിച്ചിട്ടില്ലേ ഞാൻ എന്തു തരം ജീവിയാണെന്ന് .”
രാധാകൃഷ്ണൻ അടുത്തേക്ക് വന്നു.”ഞങ്ങൾ അത്യാവശ്യം ചില കാര്യങ്ങളുടെ ചർച്ചയിലാണ്. ഇപ്പോൾ കഥാപ്രസംഗം നടത്തരുത്.”
“ആര് ഇപ്പോൾ കഥാപ്രസംഗം പറയും? ഞാൻ ഈ ദുഃഖകരമായ ഈ സാഹചര്യത്തിൽ അതിന് യോജിച്ച ഒരു ഗാനം എഴുതി ട്യൂൺ ചെയ്തിട്ടുണ്ട്. അത് പാടാം ”
“കൂകൂ കൂകൂ തീവണ്ടി എന്നല്ലേ തുടക്കം?”
“അതെ അച്ചായന് അത് എങ്ങനെ മനസ്സിലായി.?”
ട്രെയിൻ നീങ്ങിത്തുടങ്ങി. ജോർജ് കുട്ടി കൈ വീശി യാത്രപറഞ്ഞു.
മനസ്സിനുള്ളിൽ ഒരു അസ്വസ്ഥതയുടെ സ്പർശം .
വണ്ടി കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും നിശബ്ദരായി പുറത്തേക്ക് നടന്നു.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
ഡോ. ഐഷ വി
” ശിറു ദേവീ …. ശിറു ദേവി… ശിറു ദേവിയുണ്ടോ ?” ആരോ ശ്രീദേവി അപ്പച്ചിയെ വിളിക്കുന്നത് കേട്ടുകൊണ്ട് ഞാനാണാദ്യം മുറ്റത്തേയ്ക്കിറങ്ങി നോക്കിയത്. നല്ല വണ്ണവും ഒത്ത ഉയരവുമുള്ള ഒരു സ്ത്രീ മുടിയൊക്കെ നരച്ചിട്ടുണ്ട്. ഞാനവരെ കൗതുകത്തോടെ നോക്കി. അപ്പോഴേയ്ക്കും ശ്രീദേവി അപ്പച്ചി ഇറങ്ങി വന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം അവർ തിരികെ നടന്നപ്പോൾ ഞാൻ ശ്രീദേവി അപ്പച്ചിയോട് ആരാണത് എന്ന് ചോദിച്ചു. ശ്രീദേവി അപ്പച്ചി പറഞ്ഞു . ” കാറ്റ് ഭവാനി” അങ്ങനെ ” കാറ്റ്” എന്ന വിശേഷണം ചേർത്ത പേര് ഞാനാദ്യമായി കേൾക്കുകയായിരുന്നു. ഞാൻ പുറകെ ചെന്ന് അവരെ നോക്കി. അവരുടെ നടത്തത്തിന് വല്യ വേഗതയൊന്നുമില്ലായിരുന്നു. എന്നാൽ അവർ നടക്കുമ്പോൾ അവരുടെ നിതംബ ബിംബങ്ങൾ ഇരുവശത്തും ” ഗ” എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ചലിച്ച് താളമിട്ടിരുന്നു. ഏതൊക്കെയോ പറമ്പുകളിൽ നിന്ന് ശേഖരിച്ച ഓലകൾ ഞങ്ങളുടെ കയ്യാലയിൽ ചാരി വച്ചിരുന്നതുമെടുത്തു കൊണ്ടാണ് അവർ പോയത്. അന്ന് വൈകിട്ട് ഞാനും അമ്മയും കൂടി ശാരദ വല്യമ്മച്ചിയുടെ വീട്ടിൽ പോയപ്പോൾ ഞാൻ കാറ്റ് ഭവാനിയെ കണ്ട കാര്യം വല്യമ്മച്ചിയോട് പറഞ്ഞു. അപ്പോഴാണ് ശാരദവല്യമ്മച്ചി അമ്മയോടായി പറഞ്ഞത്: കാറ്റ് ഗോപാലൻ മരിച്ചു പോയി. ഒരു മകൻ പ്രൈവറ്റ് ബസ്സിൽ കിളി(ക്ലീനർ) യായി പോകുന്നു. 16008 ഭാര്യമാർ കാണണം. ഒരു മകളുണ്ട്. മകളും കുടുംബവും കാറ്റ് ഭാവാനിയോടൊപ്പമാണ് താമസം.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അച്ഛനും അമ്മയും കൂടി കാറ്റ് ഭവാനിയെ വിളിപ്പിച്ച് ഞങ്ങളുടെ വീട് നിൽക്കുന്ന പറമ്പിലുണ്ടായിരുന്ന കടമുറികളുടെ അകവും പുറവും തുത്തുവാരി കഴുകി വൃത്തിയാക്കിച്ചു. കൈലിയുടെ ഒരു തുമ്പ് ഇടുപ്പിൽ തിരുകി വച്ച് അവർ കടയുടെ പുറം ഭിത്തിയൊക്കെ നന്നായി കഴുകി വൃത്തിയാക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. പിന്നീട് മിക്കവാറും എല്ലാ ദിവസങ്ങളിലുമുള്ള നിരീക്ഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായത് മറ്റുള്ളവർ ഉണർന്ന് ആളില്ലാത്ത പറമ്പുകളിൽ വീഴുന്ന ഓലകൾ പെറുക്കുന്നതിന് മുമ്പ് എത്തി തെങ്ങോലകൾ പെറുക്കി വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു അവരെന്ന്.
ഒരിക്കൽ അവർ വീട്ടിലെത്തിയപ്പോൾ ഞാൻ അവരുടെ വീടെവിടെയാണെന്ന് ചോദിച്ചു. അവർ തെക്കേ പൊയ്കയ്ക്കടുത്ത് ഒരു കൊച്ചു വീട്ടിൽ മകളോടും കുടുംബത്തോടുമൊപ്പമാണ് താമസിക്കുന്നതെന്ന് പറഞ്ഞു. മകൻ വല്ലപ്പോഴുമെത്തി ഇവർ അധ്വാനിച്ചുണ്ടാക്കുന്ന കാശൊക്കെ അടിച്ചു മാറ്റി കൊണ്ടുപോവുകയാണ് പതിവ്. മകളും വ്യത്യസ്ഥയല്ല. കാറ്റ് ഭവാനിയെ വച്ച് താരതമ്യം ചെയ്താൽ വളരെ ശോഷിച്ച ശരീരമായിരുന്നു അവരുടെ രണ്ട് മക്കളുടേതും.
അങ്ങനെ ഒരു ദിവസം അവർ ഞങ്ങളുടെ നാട്ടിലെത്തിയ കഥ പറഞ്ഞു. അവരുടെ ജീവിതം ഒരു സിനിമാക്കഥയാക്കാനുള്ള വകയുണ്ട് എന്ന മുഖവുരയോടെയായിരുന്നു തുടക്കം. തിരുവനന്തപുരം ജില്ലയിലെ ” ഞെക്കാട്ടെ” ഒരു സമ്പന്ന തറവാട്ടിൽ ഒറ്റ പുത്രിയായി ജനനം. ആ പ്രദേശത്ത് ജോലിക്കെത്തിയ ചെറുപ്പക്കാരൻ ” കാറ്റ് ഗോപാലനുമായി” പ്രണയം. പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ തറവാട്ടു മഹിമയോ സമ്പത്തോ ഒന്നും നോക്കിയില്ല. കാറ്റ് ഗോപാലന്റെ കൂടെ ഇറങ്ങിപ്പോന്നു. അന്തസ്സും ആഭിജാത്യമുള്ള തറവാട്ടുകാർ “പുകഞ്ഞ കൊള്ളി പുറത്ത്” എന്ന മട്ടിലായിരുന്നു. ഇതറിയാവുന്ന ഭവാനി ജീവിതത്തിൽ പല പ്രതിസന്ധികളുണ്ടായിട്ടും അച്ഛനമ്മമാരുടെ അടുത്തേയ്ക്ക് തിരിച്ചു പോയില്ല. കാറ്റ് ഗോപാലനൊപ്പം ഇറങ്ങിത്തിരിച്ചതു കൊണ്ട് ഭവാനിയുടെ പേരിന് മുന്നിൽ “കാറ്റ്” എന്ന വാക്കു കൂടി ചേർന്നു. പലയിടത്ത് താമസിച്ച് ചാത്തന്നൂരിലെത്തിലെത്തിയപ്പോൾ കാറ്റ് ഗോപാലൻ ഒരു കുത്തു കേസിലെ പ്രതിയായി ജയിലിലായി. ഒരാശ്രയവുമില്ലാതെ ഒറ്റപ്പെട്ടു പോയ ഭവാനി , ലക്ഷ്മി അച്ഛാമ്മയുടെ അർദ്ധസഹോദരന്റെ “കാരം കോട്ടെ ” വീട്ടിൽ അഭയം തേടിയെത്തി. അങ്ങനെ അവിടെ തങ്ങുമ്പോഴാണ് ലക്ഷ്മി അച്ഛാമ്മ അവിടെയെത്തിയത്. നെല്ല് കുത്താനും മറ്റും നിനക്കൊരു സഹായമാകുമെന്ന് പറഞ്ഞ് സഹോദരൻ ഭവാനിയെ സഹോദരിയുടെ കൈയ്യിലേൽപ്പിച്ചു.
തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ലക്ഷ്മി അച്ഛാമ്മയ്ക്ക് ഒരു സംശയം . ഈ പെണ്ണ് ഗർഭിണിയാണോ എന്നായിരുന്നു അത്. ലക്ഷ്മി അച്ഛാമ്മ തന്റെ ആശങ്ക മറച്ചുവച്ചില്ല. നേരിട്ടങ്ങ് ചോദിച്ചു. പെണ്ണേ നീ ഗർഭിണിയാണോ? ഭവാനി : ” ങ്ങൂഹും”. താൻ .ഗർഭിണിയാണെന്ന് ഭവാനിയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എന്നിരുന്നിട്ടും അല്ലയെന്ന യർത്ഥത്തിൽ അവർ മൂളി. ഈ ചോദ്യം വീട്ടിലെത്തുന്നതുവരെ ലക്ഷ്മി അച്ഛാമ്മ ആവർത്തിച്ചു. ഭവാനിയുടെ ഉത്തരവും .
ലക്ഷ്മി അച്ഛാമ്മയുടെ ഭർത്താവും ജേഷ്ഠനും കൂടി പങ്കു കച്ചവടം നടത്തി. ജ്യേഷ്ഠൻ അനുജനെ പാപ്പർ സ്യൂട്ടാക്കി പുറത്താക്കിയ അന്നു മുതൽ ലക്ഷ്മി അച്ഛാമ്മയ്ക്ക് കുടുംബത്തിന്റെ ചുമതലകൾ ഒറ്റയ്ക്ക് നോക്കേണ്ടിവന്നു. അതിനാൽ തന്നെ തന്റെ മക്കളുടെ കാര്യങ്ങൾ കൂടാതെ ഒരു ഗർഭിണിയെ കൂടി താങ്ങാനുള്ള കരുത്ത് ലക്ഷ്മി അച്ഛാമ്മയ്ക്കില്ലായിരുന്നു. പാറുവത്യാരുടെ പക്കൽ നിന്നും മൊത്തത്തിലെടുക്കുന്ന നെല്ല് ഉണക്കിയത് ചെറിയ ഈർപ്പത്തോടു കൂടി ഉരലിൽ കുത്തിയെടുക്കുന്ന പ്രക്രിയയ്ക്ക് “ഈച്ചാടി കുത്തുക” എന്നാണ് പറയുക. ഈച്ചാടി കുത്തുന്ന അരിക്ക് പൊലിവ് ഇത്തിരി കൂടും അങ്ങനെ കുത്തിയെടുത്ത അരി , ബസ്സില്ലാതിരുന്ന അക്കാലത്ത് തലച്ചുമടായി കൊണ്ട് നടന്ന് പരവൂർ കമ്പോളത്തിൽ വിറ്റ് കിട്ടുന്ന കാശായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ പ്രധാന വരുമാന മാർഗ്ഗം. വീട്ടിലെത്തിയ ഭവാനി ലക്ഷ്മി അച്ഛമ്മയെ ഈച്ചാടി കുത്താൻ സഹായിച്ചു. വെയിലത്ത് പനമ്പിൽ ഉണക്കാനിട്ടിരിയ്ക്കുന്ന നെല്ല് ഇരു കൈകൾ ചേർത്ത് പിടിച്ച് “റ’ ആകൃതിയിൽ ഇടത്തോട്ടും വലത്തോട്ടും ചിക്കുക, ഉരലിന്റെ അപ്പുറവും ഇപ്പുറവുമായി നിന്ന് രണ്ട് സ്ത്രീകൾ ഇടുന്ന രണ്ട് ഉലക്കകൾ കൂട്ടിമുട്ടാതെ താളത്തിൽ നെല്ല് കുത്താനും അതിവേഗം ഭവാനി പഠിച്ചു. ശ്രീദേവി അപ്പച്ചിയോ രോഹിണി അപ്പച്ചിയോ മാറി മാറി നിൽക്കുമ്പോൾ ഒരൂഴം ഭവാനിയ്ക്കായിരുന്നു. അങ്ങനെ വെയിലിന്റെ കാഠിന്യം ഒരല്പം കൂടിയ ദിവസം ഭവാനി ബോധം കെട്ടു വീണു. ഇങ്ങനെയാണ് അവർ ഗർഭിണിയാണെന്ന വിവരം ലക്ഷ്മി അച്ഛമ്മ അറിയുന്നത്. എന്നിരുന്നിട്ടും ലക്ഷ്മി അച്ഛാമ്മ ഭവാനിയെ കൈവിട്ടില്ല. വേണ്ട ശുശ്രൂഷകൾ നൽകി. പ്രസവ സമയമായപ്പോൾ കാട്ടിക്കട ഭാഗത്തു നിന്നും ഒരു പതിച്ചിയെ വിളിച്ചു. ഭവാനിയ്ക്ക് പ്രസവ ശുശ്രൂഷകളൊക്കെ നൽകി. ഭവാനിയുടെ കുട്ടി വളർന്നപ്പോഴേയ്ക്കും ലക്ഷ്മി അച്ഛാമ്മയുടെ 13 വയസ്സിൽ പുതിയ പറുദീസ തേടി സിങ്കപ്പൂരിലെത്തിയ മൂത്ത മകൻ ശ്രീ.ശ്രീധരൻ കുറേ നാളുകൾക്ക്‌ശേഷം ലക്ഷമി അച്ഛാമ്മയ്ക്ക് കാശയച്ചു കൊടുത്തതുമൂലം പ്രാരാബന്ധങ്ങൾ കുറഞ്ഞ് വന്ന സമയമായതിനാൽ ലക്ഷ്മി അച്ഛാമ്മ ഈച്ചാടി കുത്ത് നിർത്തി.
അപ്പോൾ കാറ്റ് ഭവാനിയക്കൊരാഗ്രഹം. അവർ അത് ലക്ഷ്മി അച്ഛാമ്മയോട് പ്രകടിപ്പിച്ചു . കീഴതിലമ്മയ്ക്ക് സ്വന്തക്കാരും പരിചയക്കാരുമായി ധാരാളം ആൾക്കാർ ഉണ്ടല്ലോ? ഏതെങ്കിലും വീട്ടിൽ ജോലിക്കാരിയായി നിർത്തിയാൽ എനിക്ക് കാശുമാകും. ഇത്തിരി സ്ഥലം വാങ്ങാനും ഒരു കൂര കെട്ടാനും അതുപകരിയ്ക്കും. ഇവിടെ എനിയ്ക്കും കുഞ്ഞിനും തല ചായ്ക്കാനിടവും ഭക്ഷണവും ഉണ്ടെങ്കിലും എന്നും അത് പറ്റില്ലല്ലോ?. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാറ്റ് ഭവാനിയെ ആവശ്യാനുസരണം പല വീടുകളിൽ മാറി മാറി ജോലിയ്ക്ക് നിർത്തി . കിട്ടിയ കാശ് സ്വരുകൂട്ടി ഇത്തിരി മണ്ണും ഒരു കൊച്ചു കൂരയും ഭവാനി സ്വന്തമാക്കി. ഇതിനിടയിൽ ജയിലിൽ നിന്നും തിരിച്ചെത്തിയ കാറ്റ് ഗോപാലൻ ഒരു കുട്ടിയെ കൂടി ഭവാനിയ്ക്ക് സമ്മാനിച്ച് വീണ്ടും ജയിലിലേയ്ക്ക് . പോലീസ് മർദ്ദനം പല പ്രാവശ്യമേറ്റ കാറ്റ് ഗോപാലന് ദീർഘായുസ്സുണ്ടായില്ല. ഒരു പ്രണയത്തിന്റെ പേരിൽ വീടുവിട്ടിറങ്ങിയ ഭവാനിയ്ക്ക് എന്നും പ്രാരാബ്ദത്തിന്റെ ഭാണ്ഡക്കെട്ടേറേണ്ടിവന്നു. യഥാസ്ഥിതിക കുടുംബവും കാലഘട്ടവുമായിരുന്നതിനാൽ തറവാട്ടിലേയ്ക്കുള്ള തിരിച്ചു പോക്ക് അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരിക്കൽ പോലും ആരും അവരെ അന്വേഷിച്ച് വന്നതുമില്ല. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാറ്റ് ഭവാനിയെ കൊണ്ടു പോയി നിർത്തിയ ഒരു വീട്ടിൽ തുണി അലക്കിതേച്ച് വച്ചപ്പോൾ ഒരു അടിപ്പാവാടയുടെ റേന്തയിൽ ഇത്തിരി അഴുക്ക് പറ്റിപ്പിടിച്ചിരിയ്ക്കുന്നതു കണ്ട വീട്ടുടമ ഭവാനിയെ ” മൂളിച്ചീ” യെന്ന് വിളിച്ചുവത്രേ. കാറ്റ് ഭവാനി അന്നുമുതൽ വീടുകളിൽ സ്ഥിരമായി നിന്ന് ജോലി ചെയ്യുന്ന പരിപാടി മതിയാക്കി. സ്വന്തം കൂരയിൽ താമസിച്ച് നാട്ടിലെ പണികൾ ചെയ്ത് ജീവിക്കുക പതിവാക്കി. വീട്ടുജോലിക്കാരിക്കും ആത്മാഭിമാനം ഉണ്ടെന്ന് അന്നെനിക്ക് മനസ്സിലായി.
കാലം കടന്നുപോയി. ഭവാനിയെയും ജരാ നരകൾ നന്നായി ബാധിച്ചു. അമ്മയുടെ പണം മാത്രം മതിയെന്നായ മക്കൾക്ക് അമ്മ അധികപറ്റായി തോന്നി തുടങ്ങിയപ്പോൾ കുന്നു വിളയിലെ അപ്പച്ചിയും മാമനും മരിച്ചു കഴിഞ്ഞ് ആളൊഴിഞ്ഞ വീട്ടിലെയും പറമ്പിലേയും കാര്യങ്ങൾ നോക്കി നടത്താൻ അങ്ങോട്ട് താമസം മാറി. കൂട്ടിന് അവിടേയ്ക്ക് കയറി വന്ന നാടോടി നായ്ക്കളും. അവർ അവയ്ക്ക് ചോറു കൊടുത്തു വളർത്തി. തിരിച്ച് നായ്ക്കളുടെ സ്നേഹം അവർക്ക് ധാരാളമായി കിട്ടി. ഒരിക്കൽ ഞാനവരെ കാണുമ്പോൾ പുരികങ്ങളും കണ്ണിമകളും വരെ നരച്ച് തുടങ്ങിയിരുന്നു. കണ്ണിന് കാഴ്ച മങ്ങി തുടങ്ങിയപ്പോൾ അവർ മകളുടെ അടുത്തേയ്ക്ക് തിരികെപ്പോയി. അവർ വളർത്തിയ പട്ടികൾ അനാഥരായില്ല. അവ ഞങ്ങളുടെ അച്ഛനമ്മമാർ താമസിക്കുന്ന പറമ്പിലേയ്ക്ക് ചേക്കേറി . വീട്ടിൽ വളർത്തുന്ന പട്ടികൾക്ക് ചോറു കൊടുമ്പോൾ മറ്റൊരു പാത്രത്തിൽ കഴുത്തിൽ ബെൽറ്റും ചങ്ങലയുമില്ലാതെ സ്വതന്ത്രരായ കാറ്റ് ഭാവാനിയുടെ പട്ടികൾക്കും അച്ഛൻ ചോറു വിളമ്പി .
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.