literature

ഡോ. ഐഷ വി

ചിറക്കര ഗവ. യു പി എസിലെ മറ്റൊരു പ്രത്യേകത ബള്ളിയാഴ്ചകളിലെ അവസാനത്തെ പീരിഡിലുള്ള സോഷ്യൽ ആയിരുന്നു. കുട്ടികളെ സംബന്ധിച്ച് അതൊരു ഉത്സവം തന്നെയായിരുന്നു. ആ സ്കൂളിലെ പരിപാടികളിൽ ഏറ്റവും ആഹ്ലാദമുള്ള പീരീഡ്‌ ഞാൻ സ്കൂളിൽ ആദ്യമായി ചെന്ന് കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ചയിൽ . ഉച്ച ഭക്ഷണ സമയം മുതൽ കുട്ടികളുടെ മുഖത്തെ സന്തോഷം ഞാൻ ശ്രദ്ധിച്ചു. അങ്ങനെയാണ് ആരോ ഒരാൾ ഇന്ന് അവസാന പീരീഡ് സോഷ്യൽ ആണെന്ന് പറഞ്ഞത്. അതെന്താണെന്നറിയാനുള്ള ജിജ്ഞാസയായിരുന്നു എനിക്ക്. കുട്ടികളെല്ലാം വേഗം തന്നെ ഉച്ച ഭക്ഷണം കഴിച്ച് തയ്യാറായി. വട്ടയില, വാഴയില പിന്നെ ഒന്നുരണ്ട് പേരുടെ കൈവശമുള്ള തുണി സഞ്ചികൾ എല്ലാമായി കുട്ടികൾ വിവിധ കൂട്ടമായി വയൽ വരമ്പുകളിലൂടെ നടന്നു. ഓരോരുത്തരും വയൽ വരമ്പുകളുടെ വിളുമ്പിൽ നിൽക്കുന്ന നീലയും വയലറ്റും മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ കുട്ടികൾ ഇറുത്തെടുത്തു. അവരരുടെ കൈകളിലുള്ള വാഴയില വട്ടയില തുടങ്ങിയവയിൽ നിറച്ചു. അന്ന് ഇന്നത്തേതുപോലുള്ള പ്ലാസ്റ്റിക് കവറുകൾ ഇല്ലായിരുന്നു. തുണിക്കടകളിൽ നിന്നും ലഭിക്കുന്ന കവറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചവർ നന്നായി സൂക്ഷിച്ച് ഉപയോഗിച്ചിരുന്നു.

എന്റെ കൈയ്യിലെ ചോറ്റുപാത്രത്തിൽ ഞാനും പൂക്കൾ നിറച്ചു. അതിൽ തുമ്പയും കാശി തുമ്പയും കാള പൂവും കായാമ്പൂവും പേരറിയാത്ത വൈവിധ്യമാർന്ന പൂക്കളും ഉണ്ടായിരുന്നു. ചിറക്കര വയലിൽ അക്കാലത്ത് കായാമ്പൂ ഉണ്ടായിരുന്നത് രണ്ടേ രണ്ട് ഭാഗത്താണ്. ഒന്ന് ഏറം ഭാഗത്ത് തെക്ക് കിഴക്കായുള്ള ഭാഗത്ത്. മറ്റൊന്ന് താവണം പൊയ്ക ഭാഗത്ത് വയൽ താവണം പൊയ്കയോട് ചേർന്ന് കിടക്കുന്നിടത്ത്. കാർ വർണ്ണന്റെ മെയ്യിലെ കായാമ്പൂവിന്റെ നിറം ഓരോ സോഷ്യൽ ദിവസവും കായാമ്പൂ പറിക്കുമ്പോൾ ഞാൻ ഓർത്തു. കളമ്പോട്ടി( അതിരാണി) യായിരുന്നു മറ്റൊരത്ഭുതം. കുട്ടികൾ പുസ്തകത്താളിൽ വയലറ്റ് നിറം ചാർത്താൻ കളമ്പോട്ടി കായകൾ ഉപയോഗിച്ചിരുന്നു. ഒരു കാൽനടയാത്രക്കാരൻ സാധാരണ ശ്രദ്ധിക്കാനിടയില്ലാത്ത വർണ്ണവൈവിധ്യമാണ് ഈ കേദാര ഭൂമി ഞങ്ങൾക്കായി കാത്തുവച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചനേരത്തെ ഇടവേളയിൽ പൂക്കൾ ശേഖരിച്ച് ക്ലാസ്സിലെത്തിയവർ അവരവരുടെ പുസ്തകം സൂക്ഷിച്ചിരുന്നതിനടുത്തായി അവ സൂക്ഷിച്ചു.

അവസാന പീരിഡ് ആയപ്പോൾ കുട്ടികൾ ഓരോരുത്തരായി കൊണ്ടു വന്ന പൂക്കൾ മേശപ്പുറത്തേയ്ക്കിട്ടു. നിയതമായ ആകൃതിയില്ലാതെ . അവ മേശപ്പുറത്ത് കൂടിക്കിടന്നു. എല്ലാ പേരുടേയും പുക്കൾ മേശപ്പുറത്തെത്തിയപ്പോൾ ആരോ ഒരാൾ കൈ കൊണ്ട് മ്യദുവായി അവയെ ഒന്നൊതുക്കി വൃത്താകൃതി ഒപ്പിച്ചു. മറ്റൊരാൾ മൂന്ന് ചന്ദനത്തിരി കത്തിച്ച് വച്ചു. ഇതിനിടെ ക്ലാസ്സിലെത്തിയ ടീച്ചർ ഒന്നൊതുങ്ങിനിന്നു. കുട്ടികൾ മേശയുടെ അടുത്തു നിന്നും മാറിയപ്പോൾ കസേരയിൽ ഇരുന്നു. പിന്നെ കാര്യപരിപാടി നടന്നു. ടീച്ചർ ഓരോരുത്തരെയായി വിളിച്ചു. അവരവർക്ക് അവതരിപ്പിക്കേണ്ട പരിപാടികളും പാട്ടുകളും യാതൊരു സഭാകമ്പവുമില്ലാതെ കുട്ടികൾ അവതരിപ്പിച്ചു. അവസാന ബെല്ലടിച്ചപ്പോൾ ആരോ ഒരാൾ മേശ പുറത്തു നിന്നും പൂക്കളെല്ലാo എടുത്ത് കളഞ്ഞു. വർഷാവസാനത്തെ സോഷ്യൽ ദിനം കുട്ടികൾ പിരിവിട്ട തുക വച്ച് അമ്മമാരുടെ സഹായത്തോടെ വാങ്ങുന്ന പരിപ്പുവട .ചായ എന്നിവയിൽ അവസാനിച്ചു.

ഓരോ വർഷവും എല്ലാ വെള്ളിയാഴ്ച്ചയും കുട്ടികൾ പൂക്കളിറുക്കാനിറങ്ങുന്ന പതിവ് മുടങ്ങിയത് അലക്സാണ്ടർ സർ സ്ഥലം മാറി വന്നപ്പോഴാണ്. മേശപ്പുറത്തെ പൂക്കളുടെ കൂമ്പാരം സാറിനത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു ഇങ്ങനെ പൂക്കൾ പറിച്ചു കൂട്ടേണ്ട ആവശ്യമില്ല ഒരു ചന്ദനത്തിരി കത്തിച്ചു വച്ചാൽ മതിയെന്ന് . പിന്നെ ഞങ്ങൾ ഈ പതിവ് തുടർന്നു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

മിനി സുരേഷ്

മഴ ഇടമുറിയാതെ പെയ്തു തകർക്കുകയാണ്. രണ്ടു ദിവസമായി ദുരിതപ്പെയ്ത്തു തുടങ്ങിയിട്ട്. തോടിനെ കലക്കി മറിച്ചു മലവെള്ളം വരാൻ തുടങ്ങി.ഇങ്ങനാണേൽ ഇന്നു ഡാം തുറന്നേക്കും. പിന്നെ റോഡും, തോടുമെല്ലാം ഇണ ചേർന്ന് ഒന്നാകാൻ അധികസമയമെടുക്കില്ല.

“പത്തുമണിക്ക് ഷിബു അണ്ണന്റെ പെട്ടി ഓട്ടോ വരും.ഒന്നു വേഗമാകട്ടെന്റെ വിമലേ”

കാൽ പെട്ടിപ്പുറത്തേക്ക് കയറ്റി വച്ച് ശശിധരൻപറഞ്ഞു കൊണ്ടേയിരുന്നു. ചുമരിനോട് ചേർത്തുള്ള തടിപ്പാളിയിൽ വയ്ക്കാവുന്നത്ര സാധനങ്ങൾ പെറുക്കി വയ്ക്കുകയായിരുന്നവിമലയ്ക്ക അതു കേട്ട് കലി വന്നു.

“നിങ്ങളാ ടി.വി ഒന്നെടുത്ത് അലമാരേടെ മുകളിൽ കേറ്റി വയ്ക്ക മനുഷ്യാ..

അവൾപറഞ്ഞതു കേൾക്കാതെ ശശി ടി.വിയുടെ ശബ്ദം ഒന്നു കൂടെ കൂട്ടി. ടി.വി കണ്ടു തകർക്കുകയാണ് അപ്പനും,മക്കളും വാശി പിടിച്ച്,ഒരു കണക്കിന് പൂതി തീർക്കട്ടെ അവിടെ ചെന്നാലിതു പോലെ സ്വാതന്ത്യം
ഇല്ലല്ലോ,ഓരോരുത്തരുടെ ‘മുഞ്ഞീം ,മോറും’ നോക്കി വേണ്ടേ..’ഓരോന്നു ചെയ്യാൻ.

എടുക്കാവുന്ന സാധനങ്ങളത്രയും പൊതിഞ്ഞെടുത്തു വച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തെപ്പോലെയല്ല കൊറോണ കാരണം ബസ്സുകളിലൊന്നും കെട്ടും,ദാണ്ഡവുമായി കയറാൻ പറ്റില്ല. സാധനങ്ങളൊക്കെ കോട്ടയത്ത് എത്തിച്ചു തരാമെന്നു പറഞ്ഞതു തന്നെ ഷിബു അണ്ണന്റെ വലിയ മനസ്സ്. വെള്ളംകേറിയാൽ ബസ്സ് സർവ്വീസും നാളെ തന്നെ നിലയ്ക്കും.

ഓട്ടോ വീടുവരെ വരില്ല ,ഇടവഴിയിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

“ചെക്കാ നെൻറെ കളിപ്പാട്ടം എന്തേലുമൊക്കെ എടുത്തു വയ്ക്ക,അവടെ ചെന്ന് ഓരുടെ പുള്ളേരുമായി ശണ്ഠ കൂടാതെ”

തറയിൽ മലന്നു കിടന്നു കറുമുറാ മുറുക്കും കടിച്ച് കിടക്കുന്ന മകന്റെ ചന്തിക്കിട്ട് ഒന്നു കൊടുത്ത്
വിമല ദേഷ്യം തീർത്തു.

ചുമടുകളും താങ്ങി മുട്ടൊപ്പം വെള്ളം കയറിയ വഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ അവളൊന്നു
തിരിഞ്ഞു നോക്കി.’ഈശ്വരാ..കാത്തോളണേ, തിരിച്ചു വരുമ്പോൾ ഈ കൂരഇവിടെ കാണണേ..
വെള്ളക്കുഴി ആണേലും അന്തിയുറങ്ങാനൊരിടം ഉള്ളതാ,

ക്യാമ്പിൽ പോയി നിൽക്കാമെന്നു വച്ചാൽ ശശിക്ക് ഇഷ്ടമില്ല. കു:ടുംബ വീടാണേൽ കൂടി മറ്റൊരു വീട്ടിൽ നിൽക്കുന്നതിൽ പരം ദുരിതമൊന്നും ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. പ്രകടമായ ഇഷ്ടക്കേട് നേരെ കാണിക്കും അനുജന്റെ ഭാര്യ.

വയനാട്ടിലുമൊക്കെ കെട്ടിടങ്ങളും,മലകളും വേരോടെ പിഴുതെറിയുന്ന കാഴ്ച കണ്ട് നെഞ്ച് പൊള്ളിയിരിക്കുമ്പോഴായിരിക്കും കുത്തു വർത്തമാനം പറയുന്നത്.

” ഇപ്പോൾ ക്യാമ്പിലൊക്കെ നല്ല സുഖാന്നാ അറിയണത്, ബിരിയാണീം,പലഹാരോം ഒക്കെ വിതരണം ചെയ്യാൻ ആൾക്കാര് മൽസരിക്കുകയാണത്രേ..”

അതു കേൾക്കുമ്പോൾ ശശിക്ക് തരിച്ചു കയറും.
പിന്നെ വഴക്കും,ബഹളവും തുടങ്ങും.

” നിനക്കത് പറയാനെന്താടീ അവകാശം,ഞാൻ ജനിച്ചു വളർന്ന വീടാണ്, നക്കാപിച്ച തന്ന് എന്റെ
ഭാഗം കൂടി നെന്റെ കെട്ടിയോൻ വാങ്ങിയെന്നും വച്ച് ..
പിന്നെ ഒന്നും,രണ്ടും പറഞ്ഞ് ശണ്ഠ തുടങ്ങുകയായി. അതിനിടയിൽ കളിപ്പാട്ടത്തെ ചൊല്ലി പിള്ളേരുടെ കലഹം,ഭക്ഷണം തരുന്നതിൽ പോലും കാണാം വേറുകൃത്യം,
കുളിമുറിയിലെ സോപ്പു മാറ്റി വില കുറഞ്ഞ ഏതോ സോപ്പു വച്ചതിനാണ് കഴിഞ്ഞ കുറി ശശി കലഹത്തിനു തുടക്കമിട്ടത്.

ഇത്തവണഅങ്ങനെയുള്ളആളിപ്പടരുകൾക്കൊന്നും തിരികൊളുത്താതെ എല്ലാംകരുതിയിട്ടുണ്ട്. സോപ്പ്, പലവ്യഞ്ജനങ്ങൾഅങ്ങനെ എല്ലാം കരുതിയിട്ടുണ്ട്.ശശി പണിയില്ലാതെ രണ്ടു മാസമായിരിക്കുന്നു.
അയൽക്കൂട്ടത്തിന്റെ ഓണക്കുറി കൊണ്ടാണ് എല്ലാമൊന്നു തരപ്പെടുത്തിയത്, എന്നാലും പരാതികൾ കാണും ഒരു പാട്,..കുട്ടികൾ സോഫ വൃത്തികേടാക്കി ,ശശി ബാത് റൂമിൽ കയറിയാൽ വെള്ളമൊഴിക്കില്ല,.. അങ്ങനെ..അങ്ങനെ…ആട്ടും,തുപ്പും കേട്ട് സഹിച്ച് മഴ മാറുന്നതും നോക്കികാത്തിരിക്കുന്ന ഗതികേട്. മഴ മാറി തിരിച്ചെത്തിയാലോ .പകുതി സാധനങ്ങൾ വെളളം കേറി നശിച്ചിട്ടുണ്ടാവും. എല്ലാം തേച്ചു കഴുകി എടുക്കാനുള്ള പാടു വേറെ. മഹാമാരി വന്നെല്ലാം കാർന്നു തിന്നതിനാൽ ഇക്കുറി സർക്കാർ സഹായ
മൊന്നും പ്രതീക്ഷിക്കേണ്ടന്നാണ് കേട്ടത്.

ഈശ്വരാ..അടുത്ത ജന്മത്തിലെങ്കിലും ഇതു പോലെയുള്ള ദുരിതങ്ങളൊന്നും തരരുതേ.അവളറിയാതെ കണ്ണു തുടച്ചു.

ബസ്സിൽ തീരെ ആൾക്കാരുണ്ടായിരുന്നില്ല. മുഖം മൂടി വച്ച് നിശ്ചലരായിരിക്കുന്ന രണ്ടു മൂന്നു പേർ മാത്രം. കണ്ണുകളിൽ വറ്റിയ പ്രതീക്ഷകളുടെ നിഴൽപ്പാടുകൾ തെളിഞ്ഞു നിൽക്കുന്നു.

ദാരിദ്രത്തിന്റെ അമ്മ വിളയാട്ടങ്ങളുടെ വടുക്കൾ നാട്ടിലെങ്ങും തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇരുവശത്തുമുള്ള പാടങ്ങളുടെ നടുവിലൂടെ പകുത്തുണ്ടാക്കിയ റോഡിലെ വിജനതയിലൂടെ
ഒറ്റപ്പെട്ടവന്റെ ദുഃഖവും പേറി ബസ്സിഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു.

കഴിഞ്ഞവർഷംഎന്തുസഞ്ചാരികളായിരുന്നു’മലരിക്കലെ’ ആമ്പൽപ്പാടം കാണാനിതു വഴി വന്നത്.
ഈ വർഷം അടച്ചു പൂട്ടലിന്റെ താഴിട്ട് എല്ലാംനിശ്ചലമായികിടക്കുകയാണ്.

രണ്ടു മഴ അടുപ്പിച്ചു പെയ്താൽ വെള്ളക്കെട്ടിനടിയിലാവുന്ന കുമരകത്തെ സാധാരണക്കാരുടെ വ്യസനം വിനോദ സഞ്ചാരികളൊന്നും അറിയുന്നതു പോലുമില്ലല്ലോ.

സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോ തടഞ്ഞു കൊണ്ട് അനുജൻ പടിക്കൽ തന്നെ ഉണ്ടായിരുന്നു.
” അല്ല,നിങ്ങളെന്തു ഭാവിച്ചാ ഇപ്രാവശ്യം കെട്ടും കെട്ടി ഇങ്ങോട്ടു പോന്നത്. അത്യാവശ്യത്തിനല്ലാതെ
പുറത്തിറങ്ങരുതെന്ന് നാഴികക്കു നാൽപതു വട്ടം നാടെങ്ങും കൊട്ടിഘോഷിക്കുവാ. വരുന്നേനു മുൻപ്
ഒന്നു വിളിച്ചു ചോദിക്കാർന്നല്ലോ…ഞാൻ പറയാതെ തന്നെ കേൾക്കായിരുന്നു ഫോണിലൂടെ വീടിനു വെളിയിലിറങ്ങിയാലുള്ള ഭവിഷ്യത്ത്. അയൽപക്ക കാരോടും കൂടി സമാധാനം പറയണം. കുമരകം
ഭാഗത്തൊക്കെ അസുഖമുള്ളതാ..യാതൊരു ബോധവുമില്ലാതെ ..ഛെ”

വിമല ശശിയുടെ മുഖത്തേക്ക് നോക്കി. എന്തു പറയണമെന്നറിയാതെ അയാളും കുഴങ്ങി നിൽക്കുകയാണ്. ശരിയാണ് എല്ലാവരും തങ്ങളെ മാത്രമേ കുറ്റം പറയൂ.ഇനിയിപ്പോൾ എവിടെപ്പോകും. പിള്ളേരും തളർന്ന മട്ടാണ്.

“ശശിച്ചേട്ടാ എനിക്കു പോയിട്ട് തിരക്കുണ്ട്‌” ഷിബു അണ്ണൻ തിരക്കുകൂട്ടി.

” അല്ല രവീ, ഞങ്ങളാ പുറകിലത്തെ വരാന്തയിൽ കഴിഞ്ഞോളാം.യാതൊരു ശല്യവും വരാതെ ഞാൻ
നോക്കിക്കോളാം,കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ.വെളിയിലൊരു അടുപ്പു കൂട്ടി ഭക്ഷണവും
വച്ച് കഴിച്ചോളാം. “. വിമല കെഞ്ചി.

“നടക്കത്തില്ലെന്നു പറഞ്ഞാൽ അത്ര തന്നെ .. നടക്കത്തില്ല”രവി ഗേറ്റിനകത്തു കയറി ഒരു നിമിഷം കൊണ്ട് പൂട്ടിക്കഴിഞ്ഞു.

ഗേറ്റിൽ തട്ടി വിളിക്കാനൊരുങ്ങിയ ശശിധരനെ ഷിബു തടഞ്ഞു.” വേണ്ട ചേട്ടാ വിളിക്കണ്ട.വെള്ളം
കയറാത്ത ഒരു കൊച്ചു വീട് അധികം ദൂരത്തല്ലാതെ എനിക്കുമുണ്ട്,വേനൽ വരുമ്പോൾ ചിലപ്പോൾ കിണറ്റിൽ വെള്ളം കുറയാറുണ്ട്. പക്ഷേ മഴ തന്ന് അപ്പോളേക്കും ദൈവം കനിവു കാട്ടാറുണ്ട്. നിങ്ങൾക്ക് സമ്മതമാണേൽ ഇപ്രാവശ്യം അങ്ങോട്ടു പോകാം.ഈ കൊച്ചു പിള്ളേരേം കൊണ്ട് അലയണ്ട.”

” നന്ദിയുണ്ട് ഷിബുവണ്ണാ .ഇനിയിപ്പോൾ തിരിച്ചു ക്യാമ്പിലോട്ടു പോകാമെന്നു വച്ചാലും റോഡിലെല്ലാം
വെള്ളമായിക്കാണും.അത്രക്കു മലവെള്ളം വരുന്നുണ്ടായിരുന്നു. കൊറോണ വന്നിട്ടും ചിലരുടെ
മനസ്സിലൊന്നുംവെളിച്ചംവീശിയിട്ടില്ല. മനുഷ്യരിനിയും ഒരുപാട് പഠിക്കാനുണ്ട്. ഷിബുവിന്റെ കൈ ചേർത്തു പിടിച്ചു കൊണ്ട് ശശി മെല്ലെപറഞ്ഞു.

 

മിനി സുരേഷ്

കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

സുരേഷ് നാരായണൻ

1 മഴയുടെ ദൂതൻ.

പ്രാർത്ഥനയാണെന്നറിയാതെ
‘ചന്തമേറിയ പൂവിലും’
പാടിക്കൊണ്ടിരിക്കുമ്പോൾ
വാതിൽക്കൽ മുട്ടു കേട്ടു.

(അതെന്തോ, അവൾ മാത്രമേ കേട്ടുള്ളൂ)

കറുത്ത ഉടുപ്പിട്ട ഒരു ചിരിയിലേക്കാണ് വാതിൽ തുറന്നത്.

ഒരു കുട നീട്ടിക്കൊണ്ടവൻ പറഞ്ഞു,
‘നാളെ മഴക്കാലം തുടങ്ങ്വാ.
ഇദ് വെച്ചോ!ഞാൻ പോട്ടെ.’

അവൾ പോലുമറിയാതെ കൈനീണ്ടു.
പതുപതുത്ത ശീലക്കുട !

നന്ദി പറഞ്ഞു കൊണ്ടവൾ ചോദിച്ചു,
‘നിക്ക്, നിൻറെ പേരെന്താ?’

‘മഴക്കാറ്’.പയ്യൻ അപ്രത്യക്ഷനായി.

2. കേട്ടെഴുത്ത്

എല്ലാ ദിവസോം
മലയാളം മാഷ് കേട്ടെഴുത്തിടും.

അന്നത്തെ വാക്ക് ചെറുതായിരുന്നു,
‘ഇംഗിതം’

പേപ്പർ നോക്കിവന്ന മാഷ്
എൻറടുത്തെത്തിയപ്പോൾ ബ്രേക്കിട്ടു .

ഞാൻ എഴുതിയിരിക്കുന്നു, ‘ഇങ്കിതം’.

‘പോയി അമ്മേടെ
ഇങ്കു കുടിച്ചിട്ട് വാ!’
മാഷ് അലറി.

സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.

ഡോ. ഐഷ വി

ചിറക്കര ഗവ.യുപിഎസിൽ 1976 നവംബറിൽ നാലാം ക്ലാസ്സിൽ പ്രവേശനം നേടുമ്പോൾ കാസർഗോട്ടെ കൂട്ടുകാരെ വേർപിരിഞ്ഞു വന്ന വിഷമമായിരുന്നു എനിക്ക് . തികച്ചും ഗ്രാമാന്തരീക്ഷം. പ്രകൃതി രമണീയമായ സ്ഥലം. സ്കൂൾ വക സ്ഥലത്തോട് ചേർന്ന് തന്നെയാണ് ചിറക്കര ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ‘ ക്ഷേത്ര പറമ്പിൽ ഒരു കാവും ഉണ്ട്. വയലേലയോട് ചേർന്ന് ക്ഷേത്രക്കുളവും. കാവിൽ വൻ വൃക്ഷങ്ങളും വടം പോലുള്ള വള്ളികളും ചെറു ചെടികളും നിറഞ്ഞിരുന്നു. അവിടെ ഏതാനും . നാഗദൈവ പ്രതിഷ്ഠകളും ഉണ്ടായിരുന്നു. കാവിലെ ജൈവ വൈവിധ്യവും മറ്റും മറ്റെങ്ങും ഞങ്ങൾ കുട്ടികൾക്ക് കണ്ട് പരിചയമുള്ളതായിരുന്നില്ല. അതിൽ പടർന്നു കിടന്നിരുന്ന ചില വള്ളികളിൽ പിടിയ്ക്കുന്ന കായകൾ തോട് പൊട്ടിച്ചാൽ ജാതിക്കായുടെ ജാതിപത്രി പോലെ ഒരു പത്രി അകത്തെ വിത്തിന് മുകളിൽ പറ്റിപ്പിടിച്ചിരുന്നു. ഇത് രണ്ട് നിറങ്ങളിൽ ഉണ്ടായിരുന്നു. ഒന്ന് കടും ചുവപ്പ് പത്രിയും കടുo മഞ്ഞ നിറമുള്ള പത്രിയും.

കാസർഗോഡ് ടൗണിലെ കുട്ടികൾക്ക് ലഭ്യമായിരുന്ന ജലഛായങ്ങളൊന്നും തന്നെ ചിറക്കര സ്കൂളിലെ കുട്ടികളുടെ പക്കലില്ലായിരുന്നു. അക്കാലത്ത് അവർക്ക് അതേ പറ്റി അറിവും ഇല്ലായിരുന്നു. അവിടത്തെ കുട്ടികളുടെ വരകൾക്ക് വർണ്ണങ്ങളും മിഴിവും ഏകിയിരുന്നത് ഈ കാവിൽ ലഭ്യമായിരുന്ന ഇത്തരം കായകളുടെ പത്രികളായിരുന്നു. പിന്നെ തേക്കിന്റെ കുരുന്നിലയിൽ നിന്ന് ലഭിക്കുന്ന ചുവന്ന നിറവും മഞ്ഞളും നീലമഷിയും കലർത്തിയാൽ കിട്ടുന്ന പച്ചനിറവും മറ്റുമായിരുന്നു. ഈ ചുവന്ന പത്രിയും മഞ്ഞപത്രിയും തൂവെള്ള താളിൽ വരച്ച ചിത്രങ്ങളിൽ ഉരസി പ്രകൃതിദത്തമായ നല്ല ചുവപ്പ് നിറവും മഞ്ഞ നിറവും കുട്ടികൾ സൃഷ്ടിക്കുമ്പോൾ ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. വീട്ടിൽ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്ന ഒരു ജലച്ഛായ പെട്ടിയുണ്ടായിരുന്നെങ്കിലും ഞാനും ഇത്തരത്തിൽ വർണ്ണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഈ നിറങ്ങൾ പിന്നീട് മങ്ങിപ്പോയിരുന്നില്ല.

കാവിലെ ഒരു വലിയ വള്ളി അല്പമകലെയുള്ള മറ്റൊരു വൃക്ഷത്തിൽ കയറി ഒരു ഊഞ്ഞാൽ പോലെ തൂങ്ങി കിടന്നിരുന്നു. അതിനാൽ ചിറക്കര സ്കൂളിലെ കുട്ടികൾക്ക് ഓണത്തിന് മാത്രമല്ല ഊഞ്ഞാലാടാൻ അവസരം ലഭിച്ചത്. എന്നും ആ വള്ളിയിൽ കയറി ഊഞ്ഞാലാടുക ഞങ്ങളുടെ പതിവായിരുന്നു. ചിറക്കര ദേവീക്ഷേത്ര ശ്രീകോവിലിന് ചുറ്റുമതിൽ ഉണ്ടായിരുന്നെങ്കിലും പറമ്പിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. അതിർ വരമ്പു പോലുമില്ലാതിരുന്നതിനാൽ സ്കൂൾ പറമ്പ് എവിടെ തീരുന്നു ക്ഷേത്രപറമ്പ് എവിടെ ആരംഭിക്കുന്നു എന്ന് കുട്ടികൾക്കും തിട്ടമില്ലായിരുന്നു. ഞങ്ങളുടെ കളികൾ കൂടുതലും ഈ കാവിന്റെ തണൽ പറ്റിയായിരുന്നു. അത് ക്ഷേത്രത്തിലെ അല്പം ഉയരം കുറഞ്ഞ പോറ്റിക്ക് അത്രയ്ക്കിഷ്ടമല്ലായിരുന്നു എന്നു വേണം പറയാൻ. ഞങ്ങൾ കാവിലെ വള്ളിയിൽ ഊഞ്ഞാലാടുന്നത് കാണുമ്പോൾ ഈ പോറ്റി ഞങ്ങളെ വഴക്ക് പറഞ്ഞ് ഓടിച്ചിരുന്നു. എന്നിരുന്നാലും മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങളവിടെ പോകും ഞങ്ങളുടെ കളികൾ തുടരും. ചിലപ്പോൾ അമ്മ തന്നയയ്ക്കുന്ന പച്ചരിയും ശർക്കരയും തേങ്ങയും പിന്നെ പത്തോ ഇരുപതോ പൈസയും ഞങ്ങൾ ഈ പോറ്റിയെ ഏൽപ്പിക്കും. ഉച്ച കഴിഞ്ഞുള്ള ഇടവേളയിൽ പടച്ചോർ പോലെ തയ്യാറാക്കിയ കട്ടിപ്പായസം ഞങ്ങൾക്ക് കിട്ടും. ഞങ്ങളും കൂട്ടുകാരും കുറച്ച് അവിടെ വച്ച് കഴിക്കും പിന്നെ ബാക്കിയുള്ളത് വീട്ടിൽ കൊണ്ടുപോകും.

ചിറക്കര ഗവ യു. പി എസിൽ അക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളം ലഭ്യമല്ലായിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ സ്കൂളിന്റെ പറമ്പിൽ മൂന്ന് കിണറുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഹെഡ് മാസ്റ്ററുടെ ഓഫീസ് കെട്ടിടം നിൽക്കുന്ന തട്ടിലായിരുന്നു. അതിലെ വെള്ളം അധ്യാപകർ മാത്രം ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് വെള്ളം കോരാനായി തൊട്ടിയും കയറും ഒന്നും കിണറ്റിന് സമീപം ഉണ്ടായിരുന്നില്ല. രണ്ടാമത്തേത് അതിന് തൊട്ടു താഴെയുള്ള തട്ടിലെ ഒരു പൊട്ടക്കിണർ ആണ്. മൂന്നാമത്തേത് ചിറക്കര പോസ്റ്റോഫീസിനടുത്തായി സ്കൂൾ പറമ്പിൽ കുടുങ്ങിത്താണിരുന്ന മറ്റൊരു കിണർ ആണ് . ഒരു ദിവസം ഇടിവെട്ടിയപ്പോൾ ഈ കിണർ കുടുങ്ങിത്താണതാണെന്നാണ് കുട്ടികൾ എനിക്ക് തന്ന വിവരം. ആളു തൊടി ഉണ്ടായിരുന്ന ഈ കിണർ കുടുങ്ങിത്താണതോടെ ആളു തൊടി തറനിരപ്പിനും താഴെയായി. ആളു തൊടിയില്ലാതെ കിടന്നിരുന്ന പൊട്ടക്കിണറ്റിലും കൂടുങ്ങിത്താണ കിണറ്റിലും അവിടൊക്കെ ഓടിക്കളിച്ചിരുന്ന ഒരു കുട്ടി പോലും വീണില്ല എന്നത് ഭാഗ്യമെന്ന് തന്നെ പറയാം.

കുട്ടികൾ വെള്ളം കുടിച്ചിരുന്നത് സമീപത്തെ വീടുകളിൽ നിന്നോ ക്ഷേത്ര കിണറ്റിൽ നിന്നോ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികൾ കൈയും പാത്രവും കഴുകിയിരുന്നത് ചിറക്കര ക്ഷേത്രത്തിനടുത്തു കൂടി ഒഴുകിയിരുന്ന തോട്ടിലായിരുന്നു. ആ തോട്ടിന്റെ കരയിലും ശ്രീകോവിലിനടുത്തും ക്ഷേത്രം വക കിണറുകൾ ഉണ്ട്. അന്ന് തോടിനടുത്തുള്ള ക്ഷേത്രം വക കെട്ടിടത്തിന്റെ തിണ്ണയിലിരുന്ന് കുട്ടികൾ ഭക്ഷണം കഴിക്കും. പിന്നെ തോട്ടിൽ പാത്രo കഴുകും ക്ഷേത്രം വക കിണറ്റിൽ തൊട്ടിയും കയറും ഉണ്ടെങ്കിൽ കുട്ടികൾ അതിലെ വെള്ളം കോരി കുടിക്കും. ഈ കിണറ്റിനും ഞങ്ങളുടെ വീടായ കാഞ്ഞിരത്തും വിളയിലെ കിണറ്റിനും ചില സാമ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു കിണറുകളും തറനിരപ്പിൽ നിന്ന് മുകളിലായി ഉസാഗ് ആകൃതിയിലുള്ള വലിയ വീതിയുള്ള വെട്ടുകല്ലുകൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു. ഞങ്ങളുടെ വീട്ടിലെ കിണറിന് അച്ഛന്റെ അമ്മാവൻ ആളുപടി കെട്ടിച്ച് കപ്പിയും കയറും ഇടാനുള്ള തൂണും മറ്റും നിർമ്മിച്ചിരുന്നു. അച്ഛൻ വീടും പറമ്പും വാങ്ങിയ ശേഷം ഈ കിണർ സിമന്റ് പൂശി എടുത്തു. 1000 വർഷത്തിലധികം പഴക്കമുള്ള കിണർ ആണിതെന്നാണ് അച്ഛൻ പറഞ്ഞുള്ള അറിവ് . എന്നാൽ ചിറക്കര ക്ഷേത്രത്തിന്റെ തോട്ടിൻ കരയിലുള്ള കിണറിന് ആളു തൊടി ഉണ്ടായിരുന്നില്ല. വലിയ കല്ലുകൾ സിമന്റ് പൂശിയിരുന്നില്ല. മണ്ണാങ്കട്ടയുടെ അംശം തീരെയില്ലാത്ത അത്തരം കറുത്ത നല്ല കട്ടിയുള്ള ലാറ്ററൈറ്റ് കല്ലുകൾ എവിടെ നിന്നാണ് അവിടെ എത്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ചിറക്കര പ്രദേശത്തെ വെട്ടുകല്ലുകൾക്കൊന്നും ആ സ്വഭാവമില്ല. എന്നാൽ കണ്ണൂർ ജില്ലയിലെ കല്ലുകൾക്ക് ആ സ്വഭാവമുണ്ട് താനും. ഞങ്ങളുടെ പൂർവ്വികർ ഞങ്ങളുടെ വീട്ടിലെ കിണർ പണിയാനായി കൊണ്ടുവന്ന കല്ലിന്റെ ബാക്കിയെന്ന് കരുതാവുന്ന കുറേ കല്ലുകൾ ഗംഗാധരൻ വല്യച്ചന്റെ ഭാര്യ യശോധര വല്യമ്മച്ചി വിറ്റിട്ടു പോയ പറമ്പിൽ മൺ കയ്യാലകൾക്ക് മുകളിലായി അടുക്കിയിരുന്നതായി കണ്ടിട്ടുണ്ട്.

ചിറക്കര ക്ഷേത്രത്തിലെ കിണറിന്റെ ഉസാഗ് ആകൃതിയിലുള്ള കല്ലുകൾക്ക് മുകളിൽ കയറി നിന്ന് തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം മുക്കിയെടുക്കുകയായിരുന്നു കുട്ടികൾ ചെയ്തിരുന്നത്. ഈ കിണറ്റിൽ നിന്നും ഞങ്ങൾ വെള്ളം കോരുമ്പോൾ കാവിൽ നിന്നും ഞങ്ങളെ ഓടിച്ചിരുന്ന പോറ്റി എത്തി ഞങ്ങളെ ഓടിക്കുമായിരുന്നു. കിണറിന്റെ താഴെയറ്റം മുതൽ മുകൾ ഭാഗം വരെ ഒരേ ആകൃതിയിലും വലിപ്പത്തിലുമുള്ള കല്ലുകൾ അടുക്കിയാണ് ചെയ്തിട്ടുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൊല്ലം ജില്ലയിലുള്ള ഈ ക്ഷേത്രത്തിന്റെ മൂലകുടുംബം കണ്ണൂർ മാടായി കാവാണെന്ന് ക്ഷേത്രത്തിൽ രസീതെഴുതാനിരുന്ന ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ വെട്ടുകല്ലുകൾ കണ്ണൂരിൽ നിന്നും വന്നിരിയ്ക്കാൻ സാധ്യതയുണ്ട്. ഈ ക്ഷേത്രത്തിന് എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ശ്രീ അഡ്വ. സുഗതൻ ചിറക്കരയെ കുറിച്ച് എഴുതിയ ഒരു കുറിപ്പിൽ പറയുന്നത്. പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള മേഘസന്ദേശത്തിൽ ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ കൃതികളിൽ എഴുതിയിട്ടുണ്ടെന്ന് ആ കുറിപ്പിൽ പറയുന്നു.

ചിറക്കര ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി തടിയിൽ നിർമ്മിച്ച ഒരു കളിത്തട്ടും തെക്ക് കിഴക്ക് ഭാഗത്ത് ഒരു അരയാലും ഉണ്ട്. നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ കളിത്തട്ട് വേദിയായിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് ഞങ്ങൾ ആ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു വലിയ പനയുണ്ടായിരുന്നു. ചിരവാ തോട്ടത്തെ അമ്മവീട്ടിൽ കിളയ്ക്കാനായി വന്നിരുന്ന ശ്രീ സുരേന്ദ്രന് നടുവിനിത്തിരി പ്രശ്നവും കൂനും ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പനയിൽ കയറി വീണിട്ടാണ് അങ്ങനെയായത് എന്നാണ് ഞങ്ങളുടെ വല്യമ്മച്ചി പറഞ്ഞുള്ള അറിവ് . പിന്നീട് ഈ വലിയ പന മുറിച്ചു. പകരം ഒരു തൈ പന നട്ടുപിടിപ്പിച്ചു. ക്ഷേത്രക്കുളത്തിലെ നിറ വെള്ളത്തിന്റെ രഹസ്യവും ഞാനന്ന് നിരീക്ഷിച്ച് കണ്ടുപിടിച്ചിരുന്നു. ഇത് നിരീക്ഷിക്കാൻ ഒരു കാരണമുണ്ട്. ഞങ്ങളുടെ തൊടിയിൽ ഉള്ള ഒരു വെള്ളച്ചാലിൽ വെണ്ടയ്ക്ക് വെള്ള മൊഴിയ്ക്കാനായി ഞാനും അമ്മയും അനുജനും കൂടി ഒരു കൊച്ചു കുളം കുഴിച്ചു. ഉറവയുടെ നിരപ്പിലുള്ള വെള്ളമല്ലാതെ അതിൽ വെള്ളം കൂടിയിരുന്നില്ല. ധാരാളം വെള്ളം വരാൻ എനിക്കും അനുജനും ആഗ്രഹം തോന്നി. അങ്ങനെ ഞങ്ങൾ തോട്ടിൽ നിന്നും വെള്ളം കോരി ഈ കുട്ടിക്കുളത്തിൽ നിറച്ചു. നേരം വെളുക്കുമ്പോൾ വെള്ളത്തിന്റെ നിരപ്പ് താഴ്ന്നിട്ടുണ്ടാകും. അങ്ങനെയാണ് ഞാൻ ചിറക്കര ക്ഷേത്ര കുളത്തിലെ ജലനിരപ്പിന്റെ രഹസ്യം അറിയാൻ ശ്രമിച്ചത്. കുളത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ സമീപത്തുള്ള തോട്ടിൽ നിന്നും വെള്ളമെത്തിക്കാനായി ഒരു ഓവുണ്ട്. ഈ ഓവിലൂടെ ദിവസവും കുളത്തിലേയ്ക്ക് വെള്ളമെത്തുന്നുണ്ട്. അല്ലാതെ അത്രയും ജലം ആ പ്രദേശത്ത് അന്തരീക്ഷമർദ്ദത്തേയും ദേദിച്ച് ഉറവ ജലം മാത്രമായി ഉയർന്ന് നിൽക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ അധ്യാപകരില്ലാതിരുന്ന സമയത്ത് അടുത്ത ക്ലാസ്സിൽ മലയാളം പഠിപ്പിച്ചിരുന്ന വാസു സാറ് വരാനിടയായി. അദ്ദേഹം ഞങ്ങളോട് ഇപ്പോൾ ഏത് വിഷയത്തിന്റെ പീരീഡ്‌ ആണെന്ന് ചോദിച്ചു. “മലയാള”മാണെന്ന് കുട്ടികൾ മറുപടി പറഞ്ഞു. അടുത്ത ചോദ്യം മലയാളമെന്താണെന്നായി. “ഒരു ഭാഷ” എന്നായി കുട്ടികൾ. അപ്പോൾ ” ഭാഷ” എന്നാൽ എന്തെന്നായി വാസു സാർ. കുട്ടികളുടെ ഉത്തരം മുട്ടി. പലരും പലതും പറഞ്ഞു. അവസാനം സാറ് പറഞ്ഞു:” ആശയം വിശദമാക്കാനുള്ള ഉപാധിയാണ് ഭാഷ”. എന്നിട്ട് ” ആംഗ്യ ഭാഷ” യും ഒരു ഭാഷയാണെന്ന് സാറ് പറഞ്ഞു. പിന്നെ സ്കൂളിനെ കുറിച്ച് ഒരു ഖണ്ഡിക എഴുതാൻ സാറ് പറഞ്ഞു. ഞങ്ങൾക്കാർക്കും അധികമൊന്നും എഴുതാനോ വർണ്ണിക്കാനോ അക്കാലത്ത് അറിയാമായിരുന്നില്ല. എല്ലാവരും എഴുതിയത് വായിച്ചു നോക്കിയ ശേഷം സാറ് സ്കൂളിനെ കുറിച്ച് വർണ്ണിച്ച് പറഞ്ഞു. അതിൽ ഒരു വാചകം ഇങ്ങനെയായിരുന്നു: ചിറക്കര ഗവ: യു പി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രത്തിന് സമീപം ഒരു ദേവീ ക്ഷേത്രമുണ്ട്. അങ്ങനെ അവിചാരിതമായി വാസു സാർ ഞങ്ങളുടെ ക്ലാസ്സിലെത്തിയത് വേറിട്ട ചിന്തയ്ക്കിടയാക്കി.

1980-81 അധ്യയന വർഷം ചിറക്കര ഗവ: യു പി എസ് വളർന്ന് ഹൈസ്കൂളായി മാറി.
1979 -ൽ ഞാൻ ആ സ്കൂൾ വിട്ട് ഭൂതക്കുളം ഗവ.ഹൈസ്കൂളിൽ ചേർന്നു. എന്നാലും പ്രകൃതിദത്ത നിറങ്ങൾ ചാലിച്ചിട്ട ഓർമ്മകൾ മറക്കാനാവില്ലല്ലോ?

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ഐശ്വര്യ ലക്ഷ്മി.എസ്സ്.

മിഴിയിണകൾ തഴുകിവരും
സന്ധ്യാരാഗങ്ങളിൽ
ചേർന്നമരുന്നു ചരൽപാതയും മൗനവും.
ഓലഞ്ഞാലിയോടല്ലലു പാടുന്നു ചാരെ പടിക്കെട്ടകലെ ചെമ്പോത്തും.
കാതിലരികെ മായും ഓർമ്മകളായ് നീയും.
മറയത്തു നീ കൊരുത്തിട്ടോരു വാക്കുകളൊക്കെയും
ചിലമ്പുന്നു അകലെ.
വറ്റിപ്പോയോരു കുളത്തിലാണ്ട നിന്നോർമ്മകളൊക്കെയും ഇടവപ്പാതിയിലാകെ ഇടമുറിയാതെ പെയ്തൊഴുകുന്നു മനമാകെ.
സന്ധ്യക്കു മീതെ തിരിതെളിയും അസ്ഥിത്തറയിലുണ്ടൊരു കാലത്തിൻ സ്മരണയിന്നോളം.
കൂടെയുണ്ടിന്നോളമെന്നു പറയാതെ പറയും വേനലിൽ തളരാത്തൊരാ തുളസിയും.
നെറ്റിത്തടത്തിലണിയും ചന്ദനം ചൊല്ലുമാ കുളിരോർമ്മകൾ മായ്ക്കുവാനാവതില്ലൊരുനാളും .
അകലുവതാണിന്നേറെ നല്ലതുവെന്നാലും
ഒരുപിടി ചിതാഭസ്മമായി മാറിയാലും അടരരുതൊരുനാളും
മനസ്സിൽ നിന്നായ്.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

രാജു കാഞ്ഞിരങ്ങാട്

കുന്നുകയറി വേച്ചു വേച്ചു വരുന്നുണ്ട്
ഒരു തൊപ്പിപ്പാള
ഇറ്റിറ്റു വീഴുന്നുണ്ട് വിയർപ്പുതുള്ളികൾ
ആർത്തിയോടെ മണ്ണ് നക്കി നക്കി
കുടിക്കുന്നു ആ ഉപ്പുജലത്തെ

ആകാശത്തെ നോക്കി അടയാളങ്ങൾ
വെയ്ക്കുന്നു
അക്ഷരം പഠിച്ചിട്ടില്ലാത്ത വിരലുകൾ
ഭൂമിയാകുന്ന ഉത്തരക്കടലാസിനെ
ജീവൻ്റെ മഷി കൊണ്ട് പൂരിപ്പിക്കുന്നു

അന്നത്തിൻ്റെ അക്ഷയഖനിയാണത്
നിങ്ങൾ തിരസ്കരിച്ച
ആഴങ്ങുടെ ജലരേഖ
വൃക്ഷ ജാതകം

ആ ശരീരത്തിലെ പച്ച ഞരമ്പുകളിൽ
കാണാം
മഴക്കാടുകൾ
ഹരി നീല പത്രങ്ങൾ
ജലരേഖകൾ

ആ തൊലിയുടെ വരൾച്ചയിൽ കാണാം
വേനൽ വഴികൾ
വരണ്ട നോവുകൾ
കത്തും കനൽപ്പാടുകൾ

എത്ര പണിതിട്ടും
മതിയാകുന്നില്ലെന്നു മാത്രം പരാതി
കുന്നിൻ്റെ ഉച്ചിയിലുണ്ടൊരു കൊച്ചു വീട്
ദാഹിച്ചനാക്ക് വരണ്ട ചുണ്ടുകളെ
തലോടുന്നു

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ഡോ. ഐഷ വി

അമ്മയോടൊപ്പം കാസർഗോഡ് നെല്ലിക്കുന്നിലെ മാർക്കറ്റിൽ ഒരു ദിവസം രാവിലെ അമ്മയോടൊപ്പം പോയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഒരു വലിയ കുട്ടയോളം വലുപ്പമുള്ള ആമകൾ . കൂട്ടത്തിൽ വിരുതു കൂടിയ ഒരാമ ഓടാൻ ശ്രമിച്ചപ്പോൾ ഒരാൾ അതിന്റെ പുറത്ത് കയറി നിൽക്കുന്നു. കുട്ടകളിൽ കറുത്ത നിറത്തിലുള്ള വലിയ ആമ മുട്ടകളുമായി സ്ത്രീകൾ. അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോൾ നെല്ലിക്കുന്ന് കടൽപ്പുറത്ത് മണൽ മാന്തി മുട്ടയിടാനായി കടലിൽ നിന്നും കൂട്ടമായി കരയിൽ കയറിയ കടലാമകളെയാണ് അവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കടലാമകൾ തങ്ങളുടെ മുട്ടകൾ കര സംരക്ഷിച്ചു കൊള്ളുമെന്ന് കരുതി കാണണം. ചില ആമകൾ തലയും കൈകാലുകളും തോടിനുള്ളിലേയ്ക്ക് വലിച്ച് പതുങ്ങി ഒരു കുട്ട കമഴ്ത്തിയതു പോലെ കിടന്നു. ഒന്നു രണ്ടെണ്ണം ഇടയ്ക്കിടെ തല മാത്രം പുറത്തേയ്ക്കിട്ട് നോക്കുന്നുണ്ട്. ഒരാൾ പറയുന്നത് കേട്ടു: ആമകളെ തീയിലിട്ട് ചുട്ടാൽ മാംസം പുറത്തെടുക്കാൻ എളുപ്പമുണ്ടെന്ന് .അന്ന് രണ്ടാം ക്ലാസ്സിലായിരുന്ന( കാലം 1974) ഞാൻ ജീവിതത്തിൽ ആദ്യമായാണ് ആമകളെ കാണുന്നത്. അതും ജീവനുള്ളവ. ഒന്നാo പാഠത്തിലെ രണ്ടാം സ്വരാക്ഷരം പഠിപ്പിക്കാനുള്ള ചിത്രവും “ആ – ആമ” എന്ന വാക്കുമാണ് എനിയ്ക്കപ്പോൾ ഓർമ്മ വന്നത്. അന്ന് അമ്മ രണ്ട് ആമ മുട്ടകൾ വാങ്ങി. ഞങ്ങൾ വീട്ടിലേയ്ക്ക് പോന്നു. എന്റെ കൈ വെള്ളയിൽ ഒതുങ്ങുന്നതായിരുന്നില്ല അവ. അത്രയ്ക്ക് വലുപ്പമുണ്ടായിരുന്നു. കോഴി മുട്ടയുടെ തോടു പോലുള്ള തോട് അവയ്ക്കില്ലായിരുന്നു. തോൽ പോലുള്ളതായിരുന്നു മുട്ടയുടെ ആവരണം. അമ്മ അത് തോരൻ വച്ചു തന്നു.

ആമകളെ കുറിച്ച് കൂടുതൽ അറിയുന്നത് പിന്നീടാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ വാർഷിക പരീക്ഷയ്ക്ക് ആറാം ക്ലാസ്സുകാർക്ക് ഒരു ചോദ്യമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവിയേത്? ആറാം ക്ലാസ്സിലെ മഹിളാമണിയായിരുന്നു എന്റെ അടുത്തിരുന്ന് പരീക്ഷയെഴുതിയത്. വർഷം 1978. ഉത്തരം അറിയാതിരുന്ന മഹിളാമണി അവരുടെ ജൂനിയറായ എന്നോട് ടീച്ചർ കാണാതെ ആ ചോദ്യത്തിന്റെ ഉത്തരമറിയാമോ എന്ന് ചോദിച്ചു. എനിക്കത് അറിയില്ലായിരുന്നു. ഞാൻ വീട്ടിലെത്തി. ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് എനിക്ക് തിരയാൻ വല്യമാമൻ സമ്മാനിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഞാൻ എല്ലാ പുസ്തകങ്ങളും വീണ്ടും പരതി. അതിൽ ഒരിടത്തു നിന്നു ആമയുടെ ആയുസ്സിനെപ്പറ്റി എനിക്ക് വിവരം ലഭിച്ചു . 500 വർഷത്തിലധികം ജീവിച്ചിരിക്കുന്ന ജീവിയാണത്രേ ആമ . കട്ടിയുള്ള പുറന്തോടും കൈകാലുകളും തലയും അപകട ഘടത്തിൽ ഉൾ വലിക്കാനുള്ള കഴിവും കരയിലും വെള്ളത്തിലും കഴിയാമെന്ന ഉഭയ ജീവിയായതു കൊണ്ടുമാകാം ആമയ്ക്ക് അത്രയും ആയുസ്സ് ഉള്ളത് എന്ന് ഞാൻ ചിന്തിച്ചു.

ജീവനുള്ള ആമകളെ എനിക്ക് ലഭിക്കുന്നത് 2007 ലാണ്. ഞങ്ങൾ മാവേലിക്കരയിൽ ശ്രീകൃഷ്ണവിലാസം എന്ന വീട്ടിൽ വാടകയ്ക് താമസിക്കുമ്പോൾ. ആ വീട്ടിൽ മുറ്റത്തിന്റെ അരിക് കെട്ടാനായി ഇറക്കിയ മണലിൽ ഇരുന്ന ആമകളായിരുന്നു അത്. ചെറിയ കരയാമകൾ ആണ് അവയെന്ന് പിന്നീട് അറിഞ്ഞു. ആ പ്രദേശത്ത് അത്തരം ആമകൾ ഉണ്ടത്രേ. മാവേലിക്കരയിലെ പല വീടുകളിലും വലിയ ആഴമുള്ള കുളങ്ങൾ ഉണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ പുറകിലും ഒരു വലിയ കുളമുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ ആ കുളത്തിന് ഒന്നര മീറ്റർ താഴ്ചയേ ഉണ്ടായിരുന്നുള്ളൂ. രണ്ട് തലമുറകൾ പരിശ്രമിച്ച് ആ കുളം നികത്തി അത്രത്തോളമാക്കി. കാളവണ്ടിയിലും മറ്റുo മണ്ണടിച്ചിട്ട് കാലങ്ങൾ കൊണ്ടാണ് അവർ അത്രത്തോളമാക്കിയത്.

ഞങ്ങൾ അവിടെ താമസിക്കുമ്പോൾ മൂന്നാം തലമുറയുടെ ഊഴമായിരുന്നു. ഇന്ദു എന്ന വീട്ടുടമസ്ഥ ആ പറമ്പ് കൃഷി ഭൂമിയാക്കാനായി കുളം മണ്ണിട്ട് നികത്താൻ കല്ലേലിൽ ഉണ്ണി എന്നയാളെ ഏൽപ്പിച്ചു . ഇന്ദുവും കുടുംബവും കൽക്കട്ടയിലായിരുന്നു താമസം. ജെ സി ബി, ലോറി തുടങ്ങിയവയൊക്കെയുള്ള കാലമായതുകൊണ്ട് കല്ലേലിൽ ഉണ്ണിയ്ക്ക് വേഗം പണി പൂർത്തിയാക്കാൻ സാധിച്ചു. കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങളായിരുന്നു ആ കുളം നികത്താൻ ഉപയോഗിച്ചത്. കൂട്ടത്തിൽ അയൽപക്കക്കാരും മടിച്ചില്ല. അവരുടെ വീട്ടിലെ സകല പ്ലാസ്റ്റിക്ക് വേസ്റ്റുകളും ചപ്പ് ചവറുകളും ഓരോ തവണയും ലോറികൾ വരുന്നതിന് മുമ്പ് കൊണ്ടു തള്ളി. ഇത്രയും കെട്ടിട വേസ്റ്റുകൾ കൊണ്ടു ത്തള്ളിയാൽ ആ ഭൂമി കൃഷിഭൂമിയായി ഉപയോഗിയ്ക്കാൻ കഴിയുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതിനും കല്ലേലിൽ ഉണ്ണി പരിഹാരം കണ്ടെത്തി. ആ പറമ്പിലെ തന്നെ നല്ല മണ്ണുള്ള സ്ഥലത്തു നിന്നും ജെസിബി വച്ച് മണ്ണ് മാന്തി കുളത്തിന്റെ ഏറ്റവും മുകളിലായി നിക്ഷേപിച്ചു . നിരത്തി നല്ല കൃഷിഭൂമിയാക്കി മാറ്റി.

ഇങ്ങനെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ആമകളാകണം ഞാൻ മണലിൽ നിന്നും എടുത്തത്. ആ വീടിന്റെ കിണറിനരികിലായി ഒരു സിമന്റ് ടാങ്കുണ്ടായിരുന്നു. ഞാനതിൽ വെള്ളം നിറച്ച് ആമകളെ അതിലിട്ടു. ഞങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കും കൊടുത്തു. പക്ഷേ അവ അതൊന്നും തിന്നു കണ്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ടാങ്കിനരികിൽ ചെന്ന് നോക്കിയപ്പോൾ ടാങ്കിൽ ആമകളില്ലായിരുന്നു. സ്വന്തം ഭക്ഷണവും അവർക്ക് പറ്റിയ ആവാസ വ്യവസ്ഥയും തേടി പോയതാകണം. അവ ജീവിക്കട്ടെ 500 വർഷത്തിലധികം എന്ന് മനസ്സാൽ ആഗ്രഹിച്ചു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ഡോ. ഐഷ വി

ചേന മിക്കവാറും എല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാൽ ചൊറിയൻ ചേനയായാലോ? സാധാരണ ചേന തൊട്ടവർക്കറിയാം അതിന്റെ ചൊറി. അപ്പോൾ പിന്നെ ചൊറിയൻ ചേനമൂലമുണ്ടാകുന്ന ചൊറിച്ചിലിനെ പറ്റി പറയേണ്ടല്ലോ? ഞങ്ങൾ കാസഗോഡുനിന്നും ചിരവാതോട്ടത്ത് എത്തുന്നതിന് വളരെ മുമ്പ് നടന്ന സംഭവമാണ്. ചിരവത്തോട്ടത്തെ വീട്ടിൽ ധാരാളം സാധാരണ കാണുന്ന നമ്മൾ ഭക്ഷ്യാവാശ്യത്തിന് ഉപയോഗിക്കുന്ന ചേനകൾ നട്ടുവളർത്തിയിരുന്നു. എന്നാൽ കൂവളത്തിന് കിഴക്ക് ഭാഗത്തായി സാധാരണ ചേനയെ അപേക്ഷിച്ച് വളരെ ഉയരം കൂടിയ ചേനകൾ നിന്നിരുന്നു. മറ്റു ചേനകൾ ഭക്ഷണാവശ്യത്തിന് എടുക്കുമ്പോൾ ഈ ചേനകൾ മാത്രം വെട്ടിയെടുത്തിരുന്നില്ല. ഇത് ഞങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു വൈകുന്നേരം അപ്പി മാമൻ( രവീന്ദ്രൻ) ഞങ്ങൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുതരാനായി ഇരുന്നപ്പോൾ ഞങ്ങൾ ഇക്കാര്യം ചോദിച്ചു. ഈ ചേന സാധാരണ ചേനയെ അപേക്ഷിച്ച് ചൊറി കൂടിയ ഇനമാണെന്നും ഔഷധഗുണം കൂടുതൽ ഉണ്ടെന്നും അർശസ് പോലുള്ള അസുഖങ്ങൾ മാറാനായി ഈ ചേന ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞു തന്നു.

ഔഷധാവശ്യത്തിന് ഉപയോഗിക്കുമ്പോൾ ചൊറിയൻ ചേനയെ തൈരിലോ മോരിലോ സംസ്കരിച്ചാണ് ഉപയോഗിക്കുകയെന്നും അപ്പി മാമൻ പറഞ്ഞു തന്നു . പിന്നെ അപ്പി മാമൻ വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ചേന മോഷണത്തിന്റെ കഥ പറഞ്ഞു. ഒരു രാത്രി ഒരാൾ വന്ന് അവിടത്തെ ചൊറിയൻ ചേന ഒരെണ്ണം മോഷ്ടിച്ചുവത്രേ. മോഷണ മുതൽ പിന്നീട് ആ നാട്ടിലെ തന്നെ ഒരു വീട്ടിൽ കൊണ്ടുപോയി വിറ്റു. ചേന അരിഞ്ഞവർക്കും വച്ചവർക്കും തിന്നവർക്കും ചൊറിയോട് ചൊറി. ചേന തിന്ന വായും തൊണ്ടയുമെല്ലാം ചൊറിഞ്ഞു. ചൊറിയ്ക്ക് യാതൊരു ശമനവുമില്ലാതായപ്പോൾ അവർ ചിരവാതോട്ടത്ത് വൈദ്യന്മാരുടെ അടുത്ത് ചികിത്സയ്ക്ക് എത്തി. കഴിച്ച ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ചേനയാണ് പണി പറ്റിച്ചതെന്ന് മനസ്സിലായി. അവർക്ക് പ്രതിവിധി നൽകി പറഞ്ഞയച്ചു.

ഞങ്ങൾ എത്ര ചോദിച്ചിട്ടും ആരാണ് മോഷ്ടിച്ചതെന്നോ എവിടെയാണ് വിറ്റ തെന്നോ അപ്പി മാമൻ ഞങ്ങളോട് പറഞ്ഞില്ല. മോഷ്ടിച്ചയാളുടെ വീട്ടിലെ ദാരിദ്ര്യം കൊണ്ടും ഈ ചേനയെ കുറിച്ച് അറിയാത്തതു കൊണ്ടും പറ്റിയ അബദ്ധമാവാം എന്നു മാത്രം പറഞ്ഞു. ഞങ്ങളിലെ ഡിക്ടറ്റീവുകൾ തലപ്പൊക്കി. ചൊറിയൻ ചേനയുടെ കാര്യം ഞങ്ങൾ അന്വേഷണം തുടർന്നു. 24 മണിക്കൂറിനകം ഞങ്ങൾ ചേനയെടുത്തയാളെയും കൊടുത്ത വീടിനെയും കണ്ടുപിടിച്ചു. പക്ഷേ അതാരെന്ന് പറയാതിരുന്ന അപ്പി മാമനാണ് വല്യ ശരിയെന്ന് ഞാനിന്നും വിശ്വസിക്കുന്നു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

കാരൂർ സോമൻ

കിഴക്കേ മലമുകളിൽ പുലരി പെറ്റു. ആർത്തിയോടെ ജനാലയിലൂടെ സുര്യനെ നോക്കി ശാസ്ത്രജ്ഞൻ ശശിധരൻ നായർ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങാൻ സാധിച്ചില്ല. മനസ്സ് നിറയെ കിനാവിന്റ തേരോട്ടമായിരിന്നു. എന്തിനാണ് താന്‍ സുര്യനെ നോക്കി കരയുന്നത്? കരച്ചിലടക്കാൻ സാധിക്കാത്തത് എന്താണ്? നിറപ്പകിട്ടാർന്ന ആകാശത്തേക്ക് നോക്കിയിരുന്നു. മണ്ണിൽ നിന്ന് മറ്റ്‌ ഗ്രഹങ്ങളിലേക്ക് തീനാളമുയർത്തി തൊടുത്തു വിട്ട ഉപഗ്രഹ വിക്ഷേപണങ്ങൾ ആ ഗ്രഹങ്ങളെ എത്രമാത്രം ഇളക്കി മറിച്ചു കാണണം. ആർക്കും യാതൊരു ഉപദ്രവും ചെയ്യാതെ നിശ്ശബ്‌ദമായി കിടന്നുറങ്ങിയ ഗ്രഹത്തിൽ കിളികളെപോലെ ആരോ പറന്നു വന്നിരിക്കുന്നു. അവിടെമാകെ ഇപ്പോൾ അലർച്ചകൾ മാത്രം. നിർമ്മലമായ നീലിമയാർന്നു കിടന്നയിടം മലീനസമാക്കാൻ ഭൂമിയിൽ നിന്ന് മനുഷ്യർ എത്തിയിരിക്കുന്നു. ഭീതിയോടെ മിഴിച്ചു നോക്കി.

കതകടച്ചാണ് കരയുന്നതെങ്കിലും ആ കണ്ണീർ കണ്ടാൽ കാണുന്നവർ കരുതും തനിക്കെന്തോ മാനസിക പ്രശ്നമുണ്ടെന്ന്. അല്ലെങ്കിൽ ശാസ്ത്രലോകത്തിന് ധാരാളം സംഭവനകൾ ചെയ്ത താൻ കിറുക്കനെന്ന് പറയും. പക്ഷെ അങ്ങനെയല്ല സംഗതിയുടെ കിടപ്പ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കരച്ചിലിന്റെ കാരണങ്ങൾ പലതാണ്. ശശി തന്റെ സ്വന്തം മുറിയിലിരുന്ന് കരഞ്ഞുകൊണ്ട് കമ്പ്യൂട്ടർ തുറന്നു. അവിവാഹിതനായ ശശി ഇതുവരെ നേരില്‍കാണുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ലോകത്തിന്റെ പല ഭാഗത്തുമുള്ള തന്റെ അനേകം കാമുകിമാര്‍ക്ക് സങ്കടം പങ്കുവെച്ചുള്ള കത്തുകളയച്ചു. പലപ്പോഴും തന്റെ കലങ്ങിയ മനസ്സിന് വിടർന്ന മിഴികളുള്ള സുന്ദരിമാർ അനുരാഗത്തെക്കാൾ സ്‌നേഹവർഷങ്ങൾ കൊണ്ടു മുടാറുണ്ട്. ക്ഷണനേരത്തെ ആ ആ ബന്ധം ഹൃദയത്തിന് ഒരാശ്വാസമാണ്. ഇങ്ങനെയിരിക്കുന്ന അവസരത്തിലാണ് ശശിയുമായുള്ള അഭിമുഖത്തിന് ഒരു ടീവി ചാനൽ രാവിലെ തന്നെ വീട്ടിലെത്തിയത്. അവർ തന്നെയാണ് കതകിൽ മുട്ടിയത്. ശശി കതക് തുറന്നു. മുന്നിൽ ചാനലുകാർ. അവർ പുഞ്ചിരി തൂകി പ്രഭാത വന്ദനങ്ങൾ അറിയിച്ചു. തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി. ഇവർ എന്തിന് വന്നു? തനിക്ക് വല്ല പുരസ്കാരവും കിട്ടിയോ? അവരെകുട്ടി അടുത്ത മുറിയിലേക്ക് നടന്നു. ചാനലുകാർ ശശിധരനെ മിഴിച്ചു നോക്കികൊണ്ടറിയിച്ചു.

“അങ്ങയുടെ ഒരഭിമുഖം ഞങ്ങള്‍ക്കു വേണം. പിന്നെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും തരണം.. ഇന്ന് രാവിലെ ഈ വീട്ടിലുള്ളവർ ഞങ്ങളെ വിളിച്ചറിയിച്ചത് സാറ് വല്ലാതെ കരയുന്നു എന്നാണ്” ഇങ്ങനെ പറഞ്ഞുകൊണ്ട് ചാനല്‍ പ്രതിനിധി തന്റെ പണിതുടങ്ങി.

“ശരിക്കും സാറെന്തിനാണ് ഇങ്ങനെ നിര്‍ത്താതെ കരയുന്നത്?

ചോദ്യം കേട്ട് ശശിയുടെ ഉള്ളൊന്ന് ഞരങ്ങി. അമ്മ അതിരാവിലെ അമ്പലത്തിൽ പോകാനിറങ്ങിയപ്പോൾ കരച്ചിൽ കണ്ടു കാണണം. അമ്മക്ക് മുറിയിൽ വരാൻ അല്പം ഭയവുമുണ്ട്. കാരണം ഈ മുറിയിൽ നിന്ന് പല പൊട്ടിത്തെറികളു൦, ശബ്തങ്ങളും പുറത്തുവരാറുണ്ട്. ഇപ്പോഴിത തൻ്റെ പരീക്ഷണ ശാലയിൽ കണ്ടത് കരച്ചിലാണ്. എല്ലാമോർത്തു് ശശി കൂടുതല്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. ചാനലുകാര്‍ക്കും സങ്കടം വന്നു തുടങ്ങി. മിന്നൽപ്പിണർപോലെ തീയും പുകയും ഓരോ ഗ്രഹത്തിലേക്ക് പറപ്പിക്കുന്ന ശാസ്ത്രജ്ഞൻ മുന്നിലിരുന്ന് കരയുമ്പോള്‍ നാമെന്തുചെയ്യും. ശശിയുടെ കരച്ചിലിന്റെ താളത്തിനൊപ്പിച്ച് ശബ്ദത്തെ താളക്രമത്തിൽ സംഗീതമാക്കി. ചാനലുകാർ പരസ്പരം പിറുപിറുത്തു. ശുഭപ്രതീക്ഷയോട് ചോദിച്ചു.

“സാറെ കുടുംബത്തിൽ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ സഹപാഠികൾ വല്ല പാരയും പണിതോ?
“ഒ… ഒന്നുമില്ല”. കരഞ്ഞുകൊണ്ട് ശശി പറഞ്ഞു.
“എന്തെങ്കിലും മാനസിക പ്രയാസങ്ങൾ വല്ലതുമുണ്ടോ? ഒന്നുമില്ലെന്ന് ഉത്തരം കൊടുത്തു.
ശശി തികഞ്ഞ ഒരു സാമൂഹ്യ ജീവിയായതിനാല്‍ സാമൂഹ്യപരമായ കാരണങ്ങളാവും കരച്ചിലിനു പിന്നില്‍ എന്നു സംശയിച്ചുകൊണ്ട് ചില സമകാലിക വിഷമതകളെക്കുറിച്ച് ചോദിക്കുവാന്‍ ചാനലുകാര്‍ തീരുമാനിച്ചു.

“കടംകയറി കേരളത്തിലെ അനേകം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഭരണത്തിലുള്ളവരുടെ ആശ്രിതർക്ക് തൊഴിൽ കിട്ടുന്നു. പാവങ്ങൾക്ക് തൊഴിൽ കിട്ടുന്നില്ല. പല പേരിൽ കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ നടക്കുന്നു. രാഷ്ട്രീയക്കാർ മതങ്ങളെ തെരുവിലിറക്കി മനഃസമാധാനം നഷ്ടപ്പെടുത്തുന്നു. എങ്ങും കൈക്കൂലി, അനീതി നടക്കുന്നു. ഇതിൽ എന്തെങ്കിലും കണ്ടിട്ടാണോ അങ്ങ് കരയുന്നത്?

”അത് മാത്രമല്ല ” അമർഷത്തോടുള്ള വ്യക്തമായ ഉത്തരം ഉടനെ ലഭിച്ചു.

”ഇവിടെ കുന്നിടിച്ച് നിരപ്പാക്കി വെള്ളപൊക്കമുണ്ടാക്കുന്നതുപോലെ ഇതര ഗ്രഹങ്ങളും നമ്മൾ ഇടിച്ചു നിരപ്പാക്കുന്നു. ഞാനും അതിൽ പങ്കാളിയാണ്. അവിടുന്ന് എന്ത് പ്രളയമെന്ന് വരാനിരിക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായിരുന്ന നമ്മുടെ നാട്ടില്‍ മനുഷ്യനേക്കാൾ മതത്തെ സ്‌നേഹിക്കുന്നവരും സകല ജീവിത മൂല്യങ്ങളേയും കാറ്റില്‍ പറത്തി ഭരണകൂടങ്ങൾ എങ്ങും ഇടിച്ചു നിരത്തുകയാണ്. എല്ലാം കാണുമ്പൊൾ കരച്ചിൽ വരുന്നു”

ചാനലുകാര്‍ക്ക് സമാധാനമായി. അമ്മയുടെ മുലഞെട്ടില്‍ നിന്നും ഊറിവരുന്ന സ്തന്യാമൃതം നുകരുവാന്‍ കുഞ്ഞ് കാത്തിരിക്കുന്നതുപോലെ ചാനലുകാർ ശശിയുടെ വാക്കുകള്‍ക്കായി ചെവിതുറന്ന് വച്ച് അയാളെ ഉറ്റുനോക്കി.
”ഞാന്‍ കരയുന്നത് ചിലപ്പോള്‍ എൻ്റെ മനസ്സിന്റ കുറ്റബോധമാകാം” ഇങ്ങനെ പറഞ്ഞുകൊണ്ട് ശശി
തന്റെ വചനപ്രഘോഷണം ആരംഭിച്ചു.
”കന്യകയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍കൊള്ളുന്ന അനേകായിരം ജീവികളിൽ ഒന്ന് മാത്രം ലോകനീതിയുടെ ഉള്‍പ്രേരണയാല്‍ സ്വയം സഞ്ചരിച്ച് മാതപേടകത്തില്‍ പ്രവേശിച്ചതു മുതല്‍ പുറത്ത് വന്ന്, സകല ലോകരസങ്ങളേയും അനുഭവിക്കാന്‍ തക്കവണ്ണം ഇന്ദ്രിയ-അതിന്ദ്രിയ ഉപകരണങ്ങളുമായി ജീവിതം ആരംഭിച്ചതേ കരഞ്ഞുകൊണ്ടായിരുന്നു. അങ്ങനെ കരഞ്ഞു കരഞ്ഞ് ഞാന്‍ വളര്‍ന്നു. ആരും, വ്യക്തമായി മനസ്സിലാക്കാതെ സംഭവങ്ങളെ ചരിത്രമെന്ന് തെറ്റിദ്ധരിച്ച് അവയെല്ലാം വാരിവലിച്ച് ഉറക്കമിളച്ചിരുന്ന് പഠിച്ച് ബിരുദം വാങ്ങി. ശാസ്ത്ര രംഗത്തെ ശിഷ്യരെ താൻ കടിച്ചുകീറി. ഇപ്പോഴവർ ഗ്രഹങ്ങളെ ഇടിച്ചു നിരത്തുന്നു. സാമൂഹ്യ പരിശീലനം ലഭിച്ചവർ ദേശങ്ങളെ ഇടിച്ചു നിരത്തുന്നു. യേശുവിനെ ഒറ്റികൊടുത്തതുപോലെ എല്ലാവരും മുപ്പതുവെള്ളിക്കാശിന് ഓരോന്നിനെ ഒറ്റികൊടുത്തു ജീവിക്കുന്നു”.

ശശി കരയുകയോ ചിരിക്കുകയോ ചെയ്യട്ടെ എന്നു കരുതി ഈ പ്രശ്‌നത്തെ തള്ളി കളയരുത്. ഒരു നൂലില്‍ കൊരുത്ത മുത്തുകള്‍പോലെ സകലമനുഷ്യരും പരസ്പരം ബന്ധമുള്ളവരാണ്. അപ്പോൾ ശശിയുടെ ദുഃഖം നമ്മുടെ ദുഃഖമാണ്. ഈ ലോകത്തിന്റെ ദുഃഖമാണ്.
ഒരു ജീവിതകാലം മുഴുവന്‍ കരയുവാനായി അവസരം ലഭിച്ചിട്ടും സമൂഹത്തെ ബോധിപ്പിക്കുവാനായി കൃത്രിമമായി ചിരിച്ചുകൊണ്ട് ജീവിച്ചു. ഇനിയും അതിന് തയ്യാറല്ല. കരഞ്ഞുകലങ്ങിയ മിഴികൾ തളരുക മാത്രമല്ല അയാളുടെ നാവും മനസ്സും നിറയെ ഉപ്പുനിറഞ്ഞിരിക്കുന്നു. അതിനാല്‍ ജീവന്റെ ഉപ്പിനെ തിരിച്ചറിഞ്ഞ ശശി പൂര്‍വ്വാധികം ഭംഗിയായി കരയട്ടെ. എല്ലാം പാപഭാരവും കരഞ്ഞു തീർക്കട്ടെ. ചാനലുകാർ പുറത്തിറങ്ങുമ്പോഴും ശശി തൻ്റെ നീണ്ട താടി മാറിമാറി തലോടികൊണ്ടിരിന്നു.

ഡോ. ഐഷ വി

ഞാൻ കണ്ണൂർ തളിപറമ്പിനടുത്ത് പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സമയത്ത് കോളേജിലെ എൻ എസ് എസ് യൂണിറ്റ് സഞ്ജീവനി പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങൾ പട്ടുവത്തുള്ള കൃഷ്ണൻ – മറിയാമ്മ ദമ്പതികളുടെ വീട്ടിൽ പോകാനിടയായി. രണ്ടു പേർക്കും കാഴ്ചയില്ലായിരുന്നു. മക്കളില്ലാത്ത ദമ്പതികൾ . അവരുടെ അപ്പോഴത്തെ പ്രശ്നം പഴകി ദ്രവിച്ച വീട്ടിന്റെ അറ്റകുറ്റ പണി . പിന്നെ കക്കൂസില്ലാത്ത വീടിന് കക്കൂസ് നിർമ്മിച്ച് കിട്ടണം എന്നതായിരുന്നു. ഞങ്ങളുടെ കോളേജിലെ ജോമിഷ ജോസഫ് എന്ന വിദ്യാർത്ഥിനിയുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ അവരുടെ പ്രശ്നം പരിഹരിച്ചു കൊടുത്തു. ജോമിഷ ജോസഫിന് 2013-14 ലെ മികച്ച എൻ എസ് എസ് വോളന്റിയറിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്കായി എനിക്കും പല പ്രാവശ്യം അവിടെ പോകേണ്ടി വന്നു. ഓരോ കാര്യങ്ങൾ അന്വേഷിച്ച കൂട്ടത്തിലാണ് അവർക്ക് വസ്തുവും വീടുമൊക്കെ ഒരു അച്ചനാണ് കൊടുത്തതെന്ന് അറിയുന്നത്. ആദ്യം അച്ചൻ വച്ചു കൊടുത്ത വീടും പറമ്പുമൊക്കെ വിറ്റിട്ടാണ് ഇപ്പോഴത്തെ വീട്ടിൽ താമസിക്കുന്നത്. ആ അച്ചൻ ആ പരിസരത്തുള്ള ധാരാളം പേർക്ക് വീടും സ്ഥലവുമൊക്കെ നൽകിയെന്ന് അയൽപക്കക്കാർ എന്നോട് പറഞ്ഞു. ആദ്യമാധ്യം വീട് ലഭിച്ചവർക്ക് രണ്ടേക്കറും പിന്നീട് ലഭിച്ചവർക്ക് ഒന്നരയേക്കർ ഒരേക്കർ എന്നിങ്ങനെ കുറഞ്ഞു വന്നു. സ്ഥലവില കൂടിയതും ഫണ്ടിന്റെ കുറവുമാകാണം ഇതിന് കാരണം. ഈ അച്ചൻ വിവിധ സ്ഥലങ്ങളിലായി ഏഴായിരത്തിലധികം വീടുകൾ വച്ച് നൽകിയിട്ടുണ്ടത്രേ. ഇത്രയും ആസ്തി ലഭിച്ച പലരും ഇതൊന്നും കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ആ യാത്രകളിൽ നിന്ന് എനിക്ക് മനസ്സിലായത്.

പൊതു ജനങ്ങൾക്ക് ഇത്രയുമൊക്കെ വാരിക്കോരി സംഭാവന ചെയ്ത അച്ചനെ കുറിച്ച് കൂടുതലറിയാൻ കൗതുകം തോന്നി. 1948 ൽ ഇറ്റലിയിൽ നിന്നും വന്ന് മുബൈയിലും വയനാട്ടിലും മിഷനറി പ്രവർത്തനം ആരംഭിച്ച ഫാദർ സുക്കോൾ ആണ് അതെന്ന് പിന്നീട് മനസ്സിലായി. ഫാദർ സുക്കോൾ കൈവച്ച എല്ലാ പദ്ധതികളും അതിന്റെ പൂർണ്ണതയിലെത്തിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് സുക്കോളച്ചനെ കാണാൻ ഭാഗ്യം ലഭിച്ചത്.
സഞ്ജീവനി പാലിയേറ്റീവ് കെയറിലെ ശോഭയാണ് എന്നോട് പരിയാരം മറിയാപുരത്തുള്ള വൃക്ക രോഗo ബാധിച്ച രണ്ട് സഹോദരമാരുടെ കാര്യം പറയുന്നത്. അങ്ങനെ ഞാനും ശോഭയും ഞങ്ങളുടെ പിറ്റിഎ പ്രസിഡന്റ് ഗോപാലകൃഷ്ണൻ സാറും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും ശ്രീനിവാസൻ സാറും ജോമിഷയും കൂടി അവരെ കാണാനായി പോയി. ഞങ്ങൾ ചെല്ലുമ്പോഴേക്കും അവർക്ക് പുറത്ത് നിന്ന് ധാരാളം സഹായം കിട്ടി വീട് പുതുക്കിപണിയാൻ തുടങ്ങിയിരുന്നു. അവരുടെ വീടും ആദ്യം സുക്കോളച്ചൻ നൽകിയതാണ്. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ സുക്കോളച്ചനെ ഒന്ന് കാണണമെന്ന് തോന്നി. അങ്ങനെ ഞങ്ങൾ സുക്കോളച്ചനെ കാണാനായി കയറി. അവിടെ ജോലിയ്ക്ക് നിന്നിരുന്നത് ഞങ്ങളുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി നവനീതിന്റെ അച്ഛനായിരുന്നു. ഞങ്ങൾ ചെന്നപ്പോൾ സുക്കോളച്ചൻ ഉച്ചയുറക്കത്തിലായിരുന്നു. അദ്ദേഹം ഉറക്കം കഴിഞ്ഞ് എഴുനേൽക്കുന്നത് വരെ ഞങ്ങൾ കാത്തു നിന്നു. നവനീതിന്റെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ കുറേ നേരം കൊച്ചുവർത്തമാനം പറഞ്ഞിരുന്നപ്പോൾ ഫാദർ സുക്കോൾ എഴുന്നേറ്റു വന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തു വന്നിരുന്നു. ഞങ്ങളും അദ്ദേഹത്തെ വണങ്ങി. ഞങ്ങളെ പരിചയപ്പെട്ടശേഷം അദ്ദേഹം അകത്തു പോയി ഒരു മിഠായി ഭരണിയുമായി തിരികെ വന്നു. ഞങ്ങൾക്കെല്ലാം അദ്ദേഹം മിഠായി തന്നു. എന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിച്ച ശേഷം അവർക്കും കൂടി കൊടുക്കാനുള്ള മിഠായികൾ അദ്ദേഹം എനിക്ക് നൽകി. കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പാതി ഇംഗ്ലീഷിലും പാതി മലയാളത്തിലുമായാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പറഞ്ഞു: എനിക്കിപ്പോൾ തൊണ്ണൂറ്റി എയിറ്റ് വയസ്സായി(98) . എന്നിട്ടദ്ദേഹം ചിരിച്ചു . പിന്നെ തുടർന്നു. കേരളത്തിൽ വയനാട്ടിലാണ് ആദ്യ പ്രവർത്തനം. അന്നൊക്കെ(1948 -ൽ) സൈക്കിളിലായിരുന്നു സഞ്ചാരം. 1980 -ൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം കൊടുത്തു. കുറേ കാര്യങ്ങൾ ചെയ്തു. ഫണ്ടിനായി ആരോടും കൈ നീട്ടിയില്ല. പക്ഷേ സുമനസ്സുകൾ അദ്ദേഹത്തോടൊപ്പം നിന്നു. വൃക്കരോഗ ബാധിതനായ ആളെ കാണാനാണ് ഞങ്ങൾ വന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. പലർക്കും ജീവിക്കാൻ ഒരടിത്തറ കിട്ടിക്കഴിഞ്ഞാൽ അഞ്ചാറ് കോഴിയെ വളർത്തിയാലും അഞ്ചാറ് ആട്ടിനെ വളർത്തിയാലും ജീവിക്കാം. പക്ഷേ പലരും അത് ചെയ്യുന്നില്ല. നന്നായി ജീവിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പലരും മദ്യപിച്ച് സ്വയം നശിക്കുന്നതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. അങ്ങനെ പല വിഷയങ്ങളും സംസാരിച്ച ശേഷം ഫോണിൽ കുറച്ചു ഫോട്ടോകളുമെടുത്താണ് ഞങ്ങൾ മടങ്ങിയത്. എന്റെ ഫോൺ കേടായപ്പോൾ എടുത്ത ഫോട്ടോകൾ നഷ്ടപ്പെട്ടു. പക്ഷേ ആ കർമ്മയോഗിയെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും നല്ല തിളക്കത്തോടെ നിൽക്കുന്നു. 2014 ജനുവരിയിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അന്ന് തളിപറമ്പ് എഴാം മൈലിൽ നാഷണൽ ഹൈവേയ്ക്കടുത്ത് സെയിഫ് ഗാർഡ് കോംപ്ലെക്സിൽ പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ കോളേജിന് മുന്നിലൂടെയായിരുന്നു ആശുപത്രിയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദ്ദേഹം കൊണ്ടുപോയത്.

ഇന്ന് കോവിഡ് പടർന്നു പിടിയ്ക്കുന്ന കാലഘട്ടത്തിൽ അവരവരുടെ നാടുകളിലേയ്ക്ക് തിരിച്ചെത്തുന്നവരിൽ കുറച്ചുപേർക്കെങ്കിലും ആശങ്കയുണ്ടാകും. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന്. ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ഉള്ള സമയം നന്നായി പ്രവർത്തിക്കുക. സ്വന്തം നാട്ടിൽ തന്നെ നന്നായി പ്രവർത്തിക്കുക. നീണ്ട് നിവർന്നു കിടക്കുന്ന ജീവിതത്തിന് നേരെയൊന്ന് പുഞ്ചിരിച്ച് മുന്നേറുക. സുക്കോളച്ചന്റെ വാക്കുകൾ കടമെടുക്കുക. ജീവിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. ആടിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ജീവിക്കാം.
അവരവരുടെ അഭിരുചിയ്ക്കും കഴിവിനും അനുസരിച്ച് തുടങ്ങുക. കാലം മാറുന്നതിനനുസരിച്ച് കളം മാറ്റി ചവിട്ടുക . പ്രയത്നിയ്ക്കാൻ എന്തെങ്കിലും മടിയുണ്ടെങ്കിൽ അതെല്ലാം ഇന്നു തന്നെ മാറ്റുക. വരുമാനത്തിന്റെ 25 ശതമാനമെങ്കിലും ഭാവിയിലേയ്ക്കായി സൂക്ഷിച്ച് വയ്ക്കുക. നേരിന്റെ വഴിയിൽ മുന്നേറുക.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

RECENT POSTS
Copyright © . All rights reserved