literature

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

“ഓർമ്മകൾ വേണം, നമ്മുടെ സംസ്കാരവും പൈതൃകവും മറക്കാതിരിക്കാനും വരും തലമുറയ്ക്ക് പകർന്നുകൊടുക്കാനും അവയൊക്കെ നശിക്കാതെ സൂക്ഷിക്കയും വേണം” ആരോട് പറയാൻ !
എന്റെ വല്യപ്പന്റെ അപ്പനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ നല്ലതുപോലെ അറിയാം. കുട്ടിക്കാലത്ത് ഓടിച്ചാടി നടന്ന പഴയ തറവാടിന്റെ കൊത്തുപണികൾ നിറഞ്ഞ നിരയിൽ വളരെ ബ്ളാക് ആൻഡ് വൈറ്റ് ഫോട്ടോകൾ നിരന്നു നിറഞ്ഞുനിന്നിരുന്നു. കുടുംബത്തിലെ പഴയതലമുറയിലെ അച്ചായന്മാരും അപ്പാപ്പന്മാരും ചുരുക്കം ചില അമ്മച്ചിമാരും പേരമ്മമാരും സിസ്‌തു പാസ്സായതിന്റെ നിറം മങ്ങിക്കൊണ്ടിരുന്ന ചില്ലിട്ട ഫോട്ടോകൾ ആയിരുന്നു അവയിൽ പലതും. പിന്നെ കുറെ കളർപ്പടങ്ങൾ ഉണ്ടായിരുന്നത് , ഈശോ മറിയം ഔസേപ്പും തിരുവത്താഴവും ക്രൂശിൽക്കിടക്കുന്ന യേശുനാഥന്റെ ദയനീയമായ ചിത്രവും, കുടുംബത്തിൽ മരിച്ചുപോയ തിരുമേനിയുടെയും ഒക്കെ പടങ്ങൾ ആയിരുന്നു . എന്നാൽ അവയിൽനിന്നൊക്കെയും വ്യത്യസ്തമായി ഇന്നും ഓർമ്മയിൽ നിൽക്കുന്ന രണ്ട്‌ എണ്ണ ഛായാ ചിത്രങ്ങൾ ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു . ഒന്നു, മുൻപ് പറഞ്ഞ വല്യപ്പച്ചന്റെ അപ്പൻ, വലിയ തലേക്കെട്ടും കെട്ടി, പിച്ചളകെട്ടിയ സിംഹമുഖമുള്ള കൈപ്പിടിയിൽ വലതുകൈപ്പത്തിയും അമർത്തിപ്പിടിച്ചു, കസവു നേര്യതും ചാർത്തി, നരച്ച കൊമ്പൻമീശയും വിരാജിച്ചു, ഉണ്ടക്കണ്ണുകൊണ്ട് കൃത്യം എന്നെ നോക്കുന്നതുപോലെയുള്ള ആ പടം. രണ്ടാമത്തേത് , കുടുംബത്തിൽപ്പെട്ട ഒരു അപ്പാപ്പൻ രണ്ടാംലോകമഹായുദ്ധത്തിനു മുമ്പേ ബ്രിട്ടീഷ് പൈലറ്റ് ആയിരിക്കുമ്പോൾ മൗണ്ട് ആബുവിൽ വിമാനം തകർന്നതിൽ ഒരു പൊടിപോലും കിട്ടാതെ കടന്നുപോയ അദ്ദേഹം വീരപുരുഷനായി പൈലറ്റിന്റെ യൂണിഫോമിൽ തൊപ്പിയും സ്യൂട്ടിൽ നിറയെ മെഡലുകളുമായി വീടിന്റെ നിരയിൽതൂങ്ങിക്കിടന്നിരുന്നത്. ഇവയെല്ലാം കുടുംബത്തിന്റെ സ്മാരകങ്ങളായിരുന്നു , ഓർമ്മകൾ ആയിരുന്നു , പൈതൃകത്തിൽ എന്നും അഭിമാനപുരസ്സരം ഓർമ്മയിലിരിക്കുന്ന ചരിത്രത്തിലെ ചില ഏടുകൾ വെളിവാക്കുന്ന താളിയോലകൾപോലെ!

പഴയ കൊത്തുപണികളുള്ള പിത്തളമൊട്ടുകൾ തറച്ച അറയും നിരയും, കോട്ടയം നഗരസഭാധ്യക്ഷൻ ആയിരുന്ന ടി .കെ. ഗോപാലകൃഷ്ണപ്പണിക്കർ തന്റെ “ഇന്ദ്രപ്രസ്ഥം” ഹോട്ടൽസമുച്ചയത്തിന്റെ ലോബിയും റിസപ്ക്ഷൻകൗണ്ടറും അലങ്കരിക്കാൻ പിൽക്കാലത്തു പൊളിച്ചുകൊണ്ടുപോയപ്പോൾ, അന്നത്തെ ഫോട്ടോകളിൽ പലതും വീടിന്റെ ഏതോ മൂലയിലും തട്ടിൻ പുറത്തും ചേക്കേറിയെന്നത് മറ്റൊരു ദയനീയ ചരിത്രമായതും മറച്ചുവെക്കുന്നില്ല. വല്യപ്പന്റെയോ എന്റെയോ പടം ഭിത്തിയിൽ കാണുന്നില്ലെങ്കിലും, ഇന്നത്തെ തലമുറ അവരുടെ കാര്യം മാത്രം നോക്കി ജീവിക്കാൻ മിടുക്കരായതിന്റെ പിന്നിൽ അതിജീവനത്തിന്റെ പുത്തൻ ചരിത്രങ്ങൾ മാത്രമേയുള്ളു.

പക്ഷെ മഹത്തായ രാഷ്ട്രങ്ങൾക്ക് ഇന്നിന്റെ സംഭവവികാസങ്ങൾ, ഇന്നലെയുടെ ചരിത്രങ്ങളിൽ കെട്ടിപ്പൊക്കിയ വിജയകഥകൾ മാത്രമാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ചരിത്രം ഉറങ്ങുന്നത്, ഗവേഷകന്റെ ചരിത്രപുസ്തകത്തിലും, മ്യൂസിയത്തിലും മാത്രമല്ല, പൂർവ പിതാക്കന്മാർ പടുത്തുയർത്തിയ സ്‌മാരകങ്ങളിലും അന്നത്തെ അവരുടെ പൂർണ്ണകായ പ്രതിമകളിലും കൂടെയാണ്. ഇൻഡ്യാക്കാർക്കു വടിയും പിടിച്ചു അർദ്ധനഗ്നനായി നിൽക്കുന്ന അവരുടെ രാഷ്ട്രപിതാവിന്റെ പ്രതിമ എന്നും ആദരവിന്റെ, സ്വാതന്ത്ര്യ ലബ്‌ധിയുടെ ബഹുമാനസൂചകമാണ്. അതേപോലെ തന്നെ നമ്മുടെ രാജ്യം പടുത്തുയർത്താൻ സഹായിച്ച ചരിത്രപുരുഷന്മാരുടെ പ്രതിമകളും നമ്മുടെ മനസ്സിലെ സ്മാരകശിലകളായും, സാംസ്കാരിക പൈതൃകങ്ങളായി പരിരക്ഷിച്ചുകൊണ്ടുമിരിക്കുന്നത്, നമ്മുടെ ചരിത്രം ലോകത്തിനു തുറന്നുകാട്ടുന്ന സത്യങ്ങൾ മാത്രമാണ് .ഇക്കാര്യത്തിൽ ഇൻഡ്യാ മഹാരാജ്യം വളരെ വിശാലമനസ്കർ തന്നെയാണ്. പക്ഷെ ആരെങ്കിലും മഹാത്മാഗാന്ധിജിയുടെ പ്രതിമ തകർത്താൽ, ജാതിമതഭേദമെന്യേ ഒരു ഇൻഡ്യാക്കാരനും അത് സഹിക്കാനാവില്ല, പ്രതികരിക്കാനും മടിക്കില്ല. പാവപ്പെട്ട ഇൻഡ്യാക്കാരന്റെ പാവപ്പെട്ട സംസ്കാരമായിട്ടു ആരും അതിനെ തള്ളിക്കളയേണ്ടതില്ല.
പ്രത്യുതാ, സമ്പന്നമായ അമേരിക്കയിൽ അടുത്തകാലത്ത് നടമാടിക്കൊണ്ടിരുന്നത് എത്രയോ അപലപനീയമായിരുന്നു. ഇവിടെ ഇന്ത്യയിലെപ്പോലെ നിരവധി പാർട്ടികളോ, വിഭാഗീയതകളോ ഉണ്ടായിരുന്നില്ല. കറമ്പനും വെളുമ്പനും പിന്നെക്കുറേ ബ്രൗൺ നിറക്കാരും, സ്വാതന്ത്ര്യം വേണ്ടതിലധികം ആസ്വദിച്ചു ജീവിച്ചു വരികയായിരുന്നു. പല കേസുകളിലും പ്രതിയായും ജയിൽവാസം പലപ്പോഴും അനുഭവിച്ചിട്ടുള്ള ഫ്ലോയിഡ് എന്ന കറുമ്പനെ , വെളുമ്പനായ ഒരു പോലീസുകാരൻ പിടിച്ചു കയ്യാമം വെച്ചതിന്റെ പിന്നാലെ ബലപ്രയോഗം നടത്തി, കഴുത്തിൽ കാൽമുട്ട് കുത്തി ശാസം മുട്ടിച്ചു കൊന്നുവെന്നത് തികച്ചും ദയനീയം തന്നെ. അതിന് പോലീസുകാരന് കടുത്ത ശിക്ഷ തന്നെ കൊടുക്കുകയും വേണം. എന്നാൽ അതിന്റെ പേരിൽ വംശീയതയും വർണ്ണവിവേചനവും വെറുപ്പും ആളിക്കത്തിച്ചുകൊണ്ടു സംഘടിതമായി നിരവധി വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ വാഹനങ്ങളും കൊള്ളയടിച്ചു അഗ്നിക്കിരയാക്കിയതിന്റെ പിന്നിൽ, ആരുടെയൊക്കെയോ സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നു സ്പഷ്ടമാണ്. സാംസ്‌കാരത്തിന്റെയും അമേരിക്കയുടെയും ചരിത്രം നൂറ്റാണ്ടുകളായി വിളിച്ചോതുന്ന പല ചരിത്രപുരുഷന്മാരുടെയും പ്രതിമകൾ തല്ലിത്തകർത്തുകളഞ്ഞു .

ചരിത്രത്തിലുടനീളം ഇതുപോലെ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിനു തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു. റഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ബോൾഷെവിക് വിപ്ലവത്തിൽ , മില്യൺകണക്കിനാളുകൾ പിടഞ്ഞു മരിച്ചു. വിപ്ലവകാരികൾ തങ്ങളുടെ രാജ്യത്തിന്റെ സാസ്കാരികപൈതൃകത്തിന്റെ കണികപോലും അവശേഷിപ്പിക്കാതിരിക്കാൻ കൊട്ടാരങ്ങളും, പള്ളികളും, കലാശേഖരങ്ങളും, പ്രമാണങ്ങളും നശിപ്പിച്ചെന്നു മാത്രമല്ല , റഷ്യയുടെ സർവാധികാരിയായിരുന്ന സാർ അലക്‌സാണ്ടർ മൂന്നാമന്റെ വെങ്കലപ്രതിമയും തരിപ്പണമാക്കി .ചൈനയിലെ 1966ലുണ്ടായ സാംസ്കാരിക വിപ്ലവത്തിനും സമാനമായ നശീകരണ പ്രവണത നടമാടി. 20 മില്യണിലധികം ജനങ്ങൾ കൊല്ലപ്പെട്ടു. പുരാതന സ്മാരകങ്ങൾ , കലാരൂപങ്ങൾ എന്നിവക്കുപുറമെ , ഷാങ്‌ഡോങിലെ 2000വർഷത്തെ ചരിത്രങ്ങൾ ഉറങ്ങുന്ന കൺഫ്യൂഷ്യസ്‌ ടെമ്പിൾ വരെ തകർത്തുകളഞ്ഞത്, ചൈനീസ് ജനത എന്നും വേദനയോടെ മാത്രമേ സ്മരിക്കയുള്ളു. ഇറാക്കിലെ സദ്ധാം ഹുസ്സൈന്റെ കിരാതവാഴ്ചയുടെ അവസാനം, അദ്ദേഹത്തെ വധിച്ചതോടൊപ്പം, ആ ചരിത്രം മറന്നുകളയാനായി സദ്ധാമിന്റെ പ്രതിമകൾ വലിച്ചു താഴെയിട്ടു ജനങ്ങൾ തൊഴിക്കുന്നതു മാത്രമേ, ഈ വിഷയത്തിന് ഉപോത്ബലകമായി ഓർമ്മയിലുള്ളു.

പക്ഷേ അമേരിക്കകാരന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ഈ കോവിഡ് കാലത്ത് സാമൂഹിക അകലവും മാസ്കും ധരിച്ചുകൊണ്ട് സ്വന്തം ജീവൻ പരിരക്ഷിക്കാൻ ഓരോ വ്യക്തിയും പാടുപെടുമ്പോൾ, വംശീയവെറിയും ഛിദ്രവാസനകളും പെട്ടെന്ന് തലപൊക്കാൻ തക്കതായ കാരണങ്ങൾ വല്ലതുമുണ്ടോ? അതോ സ്ഥാപിത താല്പര്യങ്ങൾ ഉള്ള സംഘടനകൾ വെറുതെ വികാര വിക്ഷോഭങ്ങൾക്കു തിരി കൊളുത്തി വിട്ടതാണോ ? അമേരിക്കയുടെ സാംസ്കാരിക പൈതൃകങ്ങളെപ്പറ്റി വേണ്ട അവബോധമില്ലാത്ത വിദ്യാർത്ഥികളെയും യുവാക്കളെയും, ഈ രാജ്യം ഒരു വിധത്തിലും സഹായിക്കില്ലെന്ന തെറ്റിദ്ധാരണ വളർത്തിയത് എങ്ങനെയാണ് ?
കറുത്ത വർഗ്ഗക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം വെളുമ്പരാണ്, ചില ക്രിസ്തീയ മൂരാച്ചി വിഭാഗങ്ങളാണ് തുടങ്ങിയ ചിന്താഗതികൾ അവരിൽ കുത്തിവെയ്ക്കപ്പെട്ടത് എങ്ങനെയാണ് ? കൊളമ്പസ്‌ അമേരിക്കയിൽ വന്നതെങ്ങനെയാണെന്നോ, ആരുമായിട്ടാണ് അദ്ദേഹം ചർച്ചകൾ നടത്തിയതെന്നോ , ഇന്ന് വിപ്ലവം അഴിച്ചുവിട്ട പലർക്കും അറിയില്ലായിരിക്കാം.
കൊളംബസ് അമേരിക്കയിൽ നൂറ്റാണ്ടുകൾക്കു മുമ്പേ വന്നതുകൊണ്ടാണല്ലോ ഇന്ന് കാണുന്ന വെളുമ്പനും കറമ്പനും ബ്രൗണനും അമിതമായ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ട്, കൊളംബസ്സിന്റെ പ്രതിമ തല്ലിത്തകർക്കാൻ മുമ്പോട്ട് വന്നത് !. 1984 ൽ പ്രസിഡന്റ് ആയിരുന്ന റീഗൻ ബാൾട്ടിമോറിൽ അനാച്ഛാദനം ചെയ്ത, അമേരിക്കയുടെ രാഷ്ട്രപിതാവിന്റെ സ്ഥാനത്തു നിൽക്കുന്ന കൊളംബസ്സിന്റെ പൂർണ്ണകായ പ്രതിമ പറിച്ചുമാറ്റി ഇന്നർ ഹാർബറിൽ കൊണ്ടുപോയി മറിച്ചിട്ടപ്പോൾ മറിചകറുത്തവന്റെ ജീവനെല്ലാം വിലപ്പെട്ടതായോ ? കറുത്തവന്റെ മാത്രമല്ല, എല്ലാവരുടെ ജീവനും തുല്യ വിലയും മഹത്വവുമുള്ളതാണെന്ന വിവേക ചിന്തയ്ക്കു മുൻ‌തൂക്കം കൊടുക്കാൻ നമ്മൾ എന്തെ മറന്നുപോയി?

168 വർഷങ്ങൾക്കുമുമ്പേ അടിമത്വം അവസ്സാനിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള വിളംബര പ്രസംഗം നടത്തിയ ഫ്രഡറിക് ഡഗ്‌ളാസ്സ് എന്ന മഹാത്മാന്റെ പ്രതിമ റോചെസ്റ്ററിലെ പാർക്കിൽ നിന്നും ജൂലൈ അഞ്ചാം തീയതി, പറിച്ചുമാറ്റി അടുത്തുള്ള നദിയിൽ മുക്കിയപ്പോൾ , അമേരിക്കയിലെ വംശീയ വെറി അവസാനിച്ചോ ?

യുവാക്കൾ തൊഴിലില്ലാതിരിക്കയും കടക്കെണിയിൽ മുങ്ങി നട്ടം തിരിയുകയും ചെയ്യുമ്പോൾ, വെറുപ്പും വിവരക്കേടും അവരുടെ ബുദ്ധിയെ തകിടം മറിക്കുവാൻ വെറുതെ ഒരു ഫ്ലോയ്ഡ് തരംഗം മതിയെന്ന് അമേരിക്ക ലജ്ജയോടെ അനുഭവിച്ചറിഞ്ഞപ്പോൾ , ലോകമാസകലം ആശ്ചര്യത്തോടെ ആ ഭ്രാന്തൻ വിപ്ലവത്തെ പുച്ഛത്തോടെ വീക്ഷിച്ചിരിക്കാം , എന്നല്ലാതെ ഇപ്പോൾ എന്ത് ചിന്തിക്കാൻ !!

വംശീയതയും വർഗീയതയും തൊലിക്കറുപ്പും കൊണ്ട് കറപിടിച്ചു മങ്ങിയ ചില്ലുകൊട്ടാരങ്ങൾ തച്ചുടക്കണം. ന്യായവും നീതിയും സമാധാനവും യാതൊരു പക്ഷപാതവുമില്ലാതെ നിലനിർത്തേണ്ടത് അതാത് രാജ്യത്തെ ഗവെർന്മെന്റിന്റെ പരമപ്രധാനമായ ചുമതലയാണ്. അതിന് സാധിച്ചില്ലെങ്കിൽ, ഇതുപോലെയുള്ള നശീകരണ പ്രവണതയുമായി ഏതെങ്കിലും ഒരു വിഭാഗം ഇറങ്ങിത്തിരിച്ചാൽ, ഈ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകങ്ങളും, ചരിത്ര സ്മാരകങ്ങളും നിലനിർത്താൻ നന്നേ പാടുപെടേണ്ടിവരും.

ജോർജ് ശാമുവേൽ 

എല്ലാ കുട്ടികളും ജനിക്കുന്നത് കരഞ്ഞുകൊണ്ടാണെങ്കിൽ ഞാൻ പിറന്നു വീണതേ ഒരു പുഞ്ചിരിയോടെ ആയിരുന്നു. കാലം മാറുമ്പോൾ അതിനനുസരിച്ചു നമ്മളും മാറണമെന്ന് അപ്പൻ അമ്മയോട് പറയുന്നത് ഇരുട്ടറയ്ക്കുള്ളിൽ കിടന്നു എത്രയോ തവണ കേട്ടിരിക്കുന്നു. എന്നാൽ പിന്നെ ആ ദുരന്ത മുഖം മുതൽ അപ്പനെയങ്ങ് സന്തോഷിപ്പിക്കാമെന്നു കരുതി. എന്റെ ചിരി കണ്ട് അസൂയ തോന്നിയാവണം മാലാഖയെന്ന് ഞാൻ തെറ്റിദ്ധരിച്ച പൂതന എന്നെ ഒന്ന് നുള്ളിയത്. 2020 മാർച്ചിൽ ജനിച്ച ഒരു ശിശുവിനെ ദേഹോപദ്രവം ചെയ്തയാളെ വെറുതെ വിടാനോ ! പുണ്യാഹം തളിച്ച് ഒരു ശുദ്ധികലശമങ്ങു നടത്തി. മുഖാവരണമുള്ളതു കൊണ്ട് മുഖത്തുണ്ടായ ഭാവമേതെന്നു അറിയാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കാര്യം മനസിലായി. ഇവർക്കൊക്കെ എന്തോ സംഭവിച്ചിരിക്കുന്നു.
വിദേശികളെ പുറത്തിറക്കാതെ നിരീക്ഷണത്തിലാക്കിയെന്നു എനിക്ക് മുമ്പേ സ്ഥാനം പിടിച്ചവൻ വായിക്കുന്നത് കേട്ടു. ഞാനും വിദേശത്തു നിന്ന് എത്തിയത് കൊണ്ടാവും രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു ഇളം വെയിൽ പോലും കാണിക്കാഞ്ഞത്. ഇവിടെ കൊറോണ വന്നു കൊറോണ വന്നു എന്ന് സ്ഥിരം കേൾക്കാൻ തുടങ്ങിയ ഞാൻ കരുതിയത് അത് എന്റെ പേരാണെന്നാണ്. എന്നാൽ പിന്നീട് ക്രമേണ ആ ചമ്മൽ ഞാൻ എന്റെയുള്ളിൽ ഒതുക്കി.
അങ്ങനെ എന്നെ വീട്ടിലേക്കയക്കാനൊരുങ്ങി. അമ്മയിൽ നിന്ന് ഞാൻ കേട്ടറിഞ്ഞ ലോകത്തിലേക്കാദ്യമായി… ഓർക്കുമ്പോൾ തന്നെ ഉള്ളിലൊരു മഞ്ഞു പെയ്ത അനുഭവം. പുറത്തിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണ് എന്നിലായിരിക്കും. ഓർക്കുമ്പോൾ തന്നെയൊരു നാണം. ങേ… എന്താ ഈ കൊണ്ട് വരുന്നേ, വരവത്ര പന്തിയല്ലല്ലോ! പ്രതീക്ഷിച്ച പോലെ എന്റെ നേരെ തന്നെ. അമ്മയുടെ മുഖത്തിരിക്കുന്ന അതേ സാധനം. ഓഹ്.. ഇവർക്കൊക്കെ പ്രാന്തായോ? എന്റെ സ്വാതന്ത്ര്യം ഇതോടെ ആരൊക്കെയോ കൈക്കലാക്കുകയാണോ. തടയാൻ ശ്രമിച്ചെങ്കിലും എന്റെ വായും മൂക്കുമെല്ലാം അതിന്റെ സ്വാധീനത്തിലായി കഴിഞ്ഞിരുന്നു. പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഞാൻ ഞെട്ടി. ഒരു ഈച്ച പോലുമില്ല ഇവിടെ എന്നെ സ്വീകരിക്കാൻ. കാറിലെ യാത്രയ്ക്കിടെ കുറെ പേരെ കണ്ടു. പക്ഷേ എന്നെ കാണണമെങ്കിൽ അവരുടെ തലയും കൈയ്യിലിരിക്കുന്ന പലക കക്ഷണവും തമ്മിലുള്ള കാന്തിക ബലം ഞാൻ വിച്ഛേദിക്കേണ്ടിയിരിക്കുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. വെളിച്ചമില്ലാത്ത അറയിൽ കിടന്നു ഞാൻ കണ്ട ലോകമല്ല യഥാർത്ഥ ലോകം, ഇത് ആധുനിക മനുഷ്യരുടെ… പരസ്പരം അറിയാത്തവരുടെ… നേരെ നോക്കി ലോകം കാണാത്തവരുടെ… രാജ്യ ദ്രോഹവും രാജ്യ സ്നേഹവും ഒരേ കയ്യിൽ കൊണ്ട് നടക്കുന്നവരുടെ നവലോകം. ഈ നാടിനിത്‌ എന്ത് പറ്റി… അല്ലേൽ തന്നെ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? നേരത്തെ കണ്ടിട്ടില്ലല്ലോ ഒന്നും. ചിലയിടത്തു ചീയുന്ന രാഷ്ട്രീയവും ചിലയിടത്തു പുകയുന്ന മതവും.. ലോകം മുഴുവൻ കീടാണുക്കളും. ഇതിങ്ങനെ തുടർന്നാൽ ഇനിയുള്ള ജീവിതം ഗുതാ ഹവ.
അപ്പൻ പറഞ്ഞ ലോകം തന്നെയാ ശരിക്കുള്ള ലോകം. മാറി മറിയുന്ന കാലവും അതിനൊത്ത രാഷ്ട്രീയവും. വളർന്നു വളർന്നു അക്രമത്തിന്റെയും മത തീവ്രവാദത്തിന്റെയും കൊടുമുടിയിലെത്തി നിൽക്കുന്ന ഭ്രാന്തൻമാരുടെ സ്വന്തം നാട്. സ്കൂളിൽ പോകാതെ ബൈജു ആശാന്റെ ആപ്പിൽ പെട്ട് പുതു ജീവിതം പഠിക്കുന്ന കൂട്ടത്തിലേക്കാണ് നമ്മുടെ കുഞ്ഞു വരുന്നതെന്ന് അപ്പൻ പറഞ്ഞപ്പോൾ എന്തിനെന്നില്ലാത്ത ദേഷ്യമായിരുന്നു. കേൾക്കുന്നതിനേക്കാൾ സത്യം കാണുന്നതിലാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
അമ്മ പുറത്തു പോകുമ്പോൾ കൂടെ പോകണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നു ഒരു ചന്ത മുഴുവൻ അതാ അകത്തേക്ക്. വീട്ടിലേക്ക് ഒരു മാസത്തേക്ക് വേണ്ട എല്ലാ സാധനവും ഓൺലൈൻ ആയി വാങ്ങിയിരിക്കുന്നു. ഇനിയെന്തിനു പുറത്തു പോകണം. എന്തിനു ആഗ്രഹിക്കണം. അപ്പനൊക്കെ കളിച്ചു വളർന്നത് തോപ്പിലും തൊടിയിലുമാണെങ്കിൽ ഞാൻ വളരുന്നതും കളിക്കുന്നതുമെല്ലാം ഓൺലൈൻ എന്ന അധോലോകത്തിന്റെ വീട്ടു മുറ്റത്താണ്. ജനിച്ചു ഒരു മാസം പോലും തികയുന്നതിനു മുൻപ് വെർച്വൽ ലോകത്തിന്റെ ആന്തരികാവയവങ്ങളെ ഞാൻ പരിചയപ്പെട്ടു തുടങ്ങി.
എന്റെ പ്രൈമറി സ്കൂളും പ്ലേ സ്കൂളും എല്ലാം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുമെന്ന സത്യവും മനസ്സിലാക്കി. അമ്മയുടെ കണ്ണുകളേക്കാൾ വാത്സല്യത്തോടെ കമ്പ്യൂട്ടറും കാമറ കണ്ണുകളും എന്നെ പരിഗണിക്കുന്നതായി പല തവണ തോന്നി. ഒരുപാട് പ്രതീക്ഷകളോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഞാൻ അങ്ങനെ അതിനെയെല്ലാം ഒരു മൂലയ്ക്ക് കൂട്ടിയിട്ടു. അല്ലെങ്കിൽ തന്നെ എന്ത് പ്രതീക്ഷിക്കാൻ, രാഷ്ട്രീയ രംഗത്തെ കൂറ് മാറ്റം കണ്ടു സഹികെട്ടാകണം കാലം പോലും അതിവേഗത്തിൽ മാറുന്നത്. പേരിനു വേണ്ടി പോരെടുക്കുന്ന വീരന്മാരുടെ നാട്ടിൽ എങ്ങനെ പിടിച്ചു നിൽക്കും. നടുവേ ഓടുക തന്നെ അല്ലാതെ എന്ത് ചെയ്യാൻ ! ഏതായാലും കൊറോണക്കാലത്തു ജനിച്ചത് കൊണ്ട് വീട്ടിലിരിക്കാൻ എങ്കിലും കഴിയുന്നു. വല്ല പ്രളയകാലത്തെങ്ങാനുമായിരുന്നെങ്കിൽ പ്രായം തികയുന്നതിനു മുന്നേ ബൈജു അങ്കിളിനെ തള്ളിപ്പറഞ്ഞു പള്ളിക്കൂടത്തിന്റെ പടി ചവിട്ടുകയും ഒഴുകി നടക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. അമ്മയുടെ ഉദരത്തിനുള്ളിൽ ഒരു ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി ഉണ്ടായിരുന്നെങ്കിൽ ഇവിടേക്ക് വരേണ്ടിയിരുന്നില്ല. ചിലപ്പോൾ ഒരു ഇരുപതോ മുപ്പതോ വർഷം കാത്തിരുന്നെങ്കിൽ ആ ആഗ്രഹവും പൂർത്തിയാകുമായിരുന്നിരിക്കാം.

 

ജോർജ് ശാമുവേൽ.
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.

ഡോ. ഐഷ വി

എന്റെ അച്ഛാമ്മയെ കുറിച്ച് കുറച്ചൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ അച്ഛന്റെ അച്ഛനെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ സ്വാഭാവികമായും ഉണ്ടാകുമല്ലോ? അതിനാൽ അച്ഛന്റെ അച്ഛനെ കുറിച്ചാണ് ഞാൻ പിറ്റേ ദിവസം അച്ഛനോട് ചോദിച്ചത്. അച്ഛാച്ചന്റെ പേര് കറുമ്പൻ എന്നാണെന്നും പേര് പോലെ കരിം കറുപ്പ് നിറമായിരുന്നു അച്ഛന്റെ അച്ഛനെന്ന് അച്ഛൻ എനിയ്ക്ക് പറഞ്ഞു തന്നു. കാവനാട്ട് കുടുംബാംഗമായിരുന്ന അച്ഛാച്ഛന്റെ അച്ഛനമ്മമാർ താമസിച്ചിരുന്നത് കൊല്ലം കിളികൊല്ലൂരിലായിരുന്നു. അച്ഛാച്ഛന്റെ അച്ഛന്റെ പേര് മാതേവൻ (മഹാദേവൻ ലോപിച്ചത്) എന്നായിരുന്നു. അച്ഛാച്ചന്റെ അമ്മ 113 വയസ്സു വരെ ജീവിച്ചിരുന്ന പൂർണ്ണ ആരോഗ്യവതിയായ സ്ത്രീയാണെന്നാണ് അച്ഛൻ പറഞ്ഞത്. അവരുടെ പേര് ഞാൻ ചോദിച്ചപ്പോൾ അച്ഛന് അറിയില്ലായിരുന്നു. അച്ഛാച്ഛന്റെ മറ്റ് മക്കളോടെല്ലാം ഞാൻ അന്വേഷിച്ചെങ്കിലും അവർക്കാർക്കും ആ പൂർവികയുടെ പേര് അറിയില്ലായിരുന്നു. കൊച്ചു മക്കൾക്ക് അവരുടെ അച്ഛാമ്മയുടെ പേര് അറിയാ ത്തതിൽ എനിയ്ക്ക് അതിശയം തോന്നി. ഒരു സ്ത്രീയായതു കൊണ്ടാണോ ആരും അവരുടെ പേര് ഓർത്ത് വയ്ക്കാഞ്ഞതെന്ന് ഞാൻ ചിന്തിച്ചു. ഒരനാഥ ബാലനെ കൂടി എടുത്ത് വളർത്തിയ അവർക്ക് എന്റെ മനസ്സിൽ ഒരു മഹതിയുടെ സ്ഥാനമായിരുന്നു. അവർക്ക് ആകെ രണ്ട് മക്കളായിരുന്നു. ഒരു മകളും ഒരു മകനും (എന്റെ അച്ഛാച്ഛൻ). അച്ഛാച്ഛന്റെ പെങ്ങളുടെ ഭർത്താവ് തിരുവിതാം കൂറിലെ പേഷ്കാർ ആയിരുന്നു. ഇന്നത്തെ ജില്ലാ കളക്ടറുടെ സ്ഥാനം. അച്ഛാച്ഛന്റെ പെങ്ങൾക്ക് ശങ്കരൻ എന്ന ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീമാൻ ശങ്കരനും ഭാര്യയ്ക്കും കുട്ടികൾ ഇല്ലായിരുന്നു. എന്റെ വിവാഹത്തിന് അവർ സന്നിഹിതരായിരുന്നു.

എന്റെ അച്ഛാച്ചന്റെ വിദ്യാഭ്യാസം വാരണപ്പള്ളി ഗുരുകുലത്തിലായിരുന്നു. അന്നൊക്കെ ഗുരു കുല വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു തിരുവിതാം കൂറിൽ നിലനിന്നിരുന്നത്. ആ കാലഘട്ടത്തിൽ വിദ്യനേടാൻ അവസരം ലഭിച്ചവർ തുലോം തുച്ഛം. കുഞ്ഞായിരുന്ന കറുമ്പന് സഹായത്തിനായി “ചാത്തിനൻ”എന്ന പരിചാരകനെ കൂടി അച്ഛാച്ചന്റെ അച്ഛനമ്മമാർ ഗുരുകുലത്തിൽ താമസിപ്പിച്ചിരുന്നു. ചാത്തിനൻ കുട്ടിയെ നന്നായി നോക്കി. ചാത്തിനനെ ഞാനിവിടെ അനുസ്മരിച്ചില്ലെങ്കിൽ ഒരു പക്ഷേ മറ്റാരും തന്നെ ചാത്തിനന്റെ പേരുപോലും സൂചിപ്പിച്ചില്ലെന്നിരിയ്ക്കും. ഉയരങ്ങളിലെത്തിയ പലരുടേയും പേര് നാലാൾ അറിയുമ്പോഴും അവർക്ക് ഒരു കൈ സഹായം ചെയ്തവരുടെ പേര് ആരും തന്നെ അനുസ്മരിച്ചില്ലെന്നിരിയ്ക്കും.

വാരണപ്പള്ളി ഗുരുകുലത്തിൽ അച്ഛാച്ചന്റെ സഹപാഠിയായിരുന്നു ശ്രീ നാരായണ ഗുരു. ശ്രീ ആറാട്ടുപുഴ വേലായുധന്റെ പുത്രനായ ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരും അച്ഛാച്ഛന്റെ സഹപാഠിയായിരുന്നു. ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരുടെ മകളെ അച്ഛാച്ഛന്റെ മൂത്ത മകൻ പിൽക്കാലത്ത് വിവാഹം കഴിച്ചു.

പഠനമൊക്കെ കഴിഞ്ഞ് പ്രായപൂർത്തിയായപ്പോൾ അച്ഛാച്ഛൻ കൃഷിയാണ് ജീവിത മാർഗ്ഗമായി തിരഞ്ഞെടുത്തത്. അക്കാലത്ത് കൃഷിയിൽ മികവ് പുലർത്തുന്നവർക്ക് തിരുവിതാംകൂർ മഹാരാജാവ് കല്പിച്ചു നൽകുന്ന സ്ഥാനപ്പേരായിരുന്നു “ചാന്നാർ” എന്നത്. അങ്ങിനെ കറുമ്പൻ , ” കറുമ്പൻ ചാന്നാർ” ആയിത്തീർന്നു. കിളികൊല്ലൂർ , അഞ്ചൽ, കിഴക്കനേല, കിഴക്കേ കല്ലട തുടങ്ങിയ സ്ഥലങ്ങളിൽ സ്വത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹം കിഴക്കേ കല്ലട സ്ഥിര വാസസ്ഥലമായി തിരഞ്ഞെടുത്തു. കാവുങ്ങൽ കുടുംബാംഗമായ കൊച്ചു കുഞ്ചേക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ . ആദ്യ ഭാര്യയുടെ മരണശേഷം എന്റെ അച്ഛാമ്മയെ അദ്ദേഹം വിവാഹം കഴിച്ചു.

സംസ്കൃതത്തിൽ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം മക്കളെ കൊണ്ട് പല പുരാണ ഗ്രന്ഥങ്ങളും വായിപ്പിയ്ക്കുകയും അവ വ്യാഖ്യാനിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പരാശ്രയ ജീവി ആകാതെ സ്വാശ്രയ ശീലം മക്കളിൽ വളർത്തിയെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വയാർജ്ജിത സ്വത്തിൽ നിന്നും അല്പമെങ്കിലും മിച്ചം വയ്ക്കാൻ അറിയുന്നവനാണ് ധനവാൻ എന്നാണ് അദ്ദേഹം മക്കളെ പഠിപ്പിച്ചത്. അതുപോലെ കഴിയുന്നതും കടം വാങ്ങാതിരിയ്ക്കുക. കടം വാങ്ങുന്നെങ്കിൽ അത് എന്ന് തിരിച്ച് കൊടുക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കടം വാങ്ങാവൂ എന്നും വാങ്ങുന്ന കടം കൃത്യമായി തിരിച്ചു കൊടുക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. തോപ്പു വിളയിൽ തറവാട്ടിലെ മറ്റു തായ് വഴികളിൽ പെട്ട പെങ്ങന്മാരുടെ മക്കൾക്കു കൂടി ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. അനന്തിരവന്മാരെ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി മദിരാശിയിലേയ്ക്ക് അയച്ചിരുന്നു. അന്ന് കേരള സർവകലാശാല പിറവിയെടുത്തിട്ടില്ലാത്ത കാലമാണ്. തിരുവിതാം കൂറിൽ മരുമക്കത്തായ സമ്പ്രദായം മാറ്റി മക്കത്തായ സമ്പ്രദായമാക്കിയപ്പോൾ സ്വാഭാവികമായും സ്വത്തുക്കൾ എല്ലാം മക്കൾക്ക് വന്ന് ചേരേണ്ടതാണ്. എന്നാൽ ധർമ്മിഷ്ഠനായ അദ്ദേഹം സ്വത്ത് ഭാഗം ചെയ്തപ്പോൾ ഒരു പകുതി സ്വത്ത് പല തായ് വഴികളിൽപ്പെട്ട മരുമക്കൾക്കും ഒരു പകുതി മക്കൾക്കും കൊടുത്തു.

സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനോ പുരുഷനൊപ്പം സ്ത്രീയെ പരിഗണിയ്ക്കുന്നതിനോ അദ്ദേഹം അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് എന്റെ നിരീക്ഷണത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീയ്ക്ക് അർഹമായ പരിഗണ നൽകാതിരുന്നതിൽ എനിയ്ക്കദ്ദേഹത്തോട് നീരസവും തോന്നിയിട്ടുണ്ട്.

അച്ഛാച്ഛൻ ഇരട്ട കുട്ടികൾക്ക് പേരിടാനായി തന്റെ സഹപാഠിയായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ അടുത്ത് ( വർക്കല) കൊണ്ടുപോയി. ഇരട്ടകൾ ആയിരുന്നെങ്കിലും ഒരാൾക്ക് മുഖത്തല്പം കറുപ്പ് കൂടുതലും മറ്റേയാൾക്ക് വെളുപ്പ് കൂടുതലുമായിരുന്നു. രണ്ടു കുട്ടികളേയും നന്നായി നിരീക്ഷിച്ച ഗുരു ” കാർത്ത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ …” എന്ന ശ്ലോകം ചൊല്ലി. അയനം കറുത്ത കുട്ടിയ്ക്ക് കാർത്ത്യായനി എന്നും ഗൗരം(വെളുപ്പ്) കൂടിയ കുട്ടിയ്ക്ക് ഗൗരി എന്നും പേരിട്ടു. രണ്ടും പാർവതീ ദേവിയുടെ പര്യായങ്ങൾ. ഇതിൽ കാർത്ത്യായനി അപ്പച്ചിയുടെ കൊച്ചു മകളെയാണ് എന്റെ അനുജൻ വിവാഹം ചെയ്തത്.

കാര്യങ്ങൾ ചെയ്യാനും ചെയ്യിക്കാനും അച്ഛാച്ഛൻ മികവ് പുലർത്തിയിരുന്നു. കാരണവരായിരുന്ന് ഭരിക്കുക മാത്രമല്ല കൃഷിയിടത്തിലേയ്ക്കിറങ്ങി പണി ചെയ്യുകയും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അദ്ദേഹത്തിന്റെ കാൽ പാദങ്ങളിൽ തള്ള വിരലുകൾക്ക് താഴെയായി എല്ലുകൾ തള്ളി നിന്നിരുന്നു. അദ്ദേഹത്തിന്റെ മക്കളുടേയും കൊച്ചുമക്കളുടേയും കാര്യമെടുത്താൽ എന്റെ കാൽ പാദങ്ങളിൽ രണ്ടിലും അതുപോലെ എല്ലു തള്ളി നിൽക്കുന്നത് കിട്ടിയിട്ടുള്ളൂ എന്ന് കുടുംബാംഗങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു പാദത്തിൽ മാത്രമേ ഈ പ്രത്യേകത ലഭിച്ചിട്ടുള്ളൂ. എന്റെ അച്ഛൻ വിശാലമായ കൃഷിയിടത്തിൽ അച്ഛാച്ഛൻ എവിടെയാണ് നിൽക്കുന്നത് എന്നറിയാൻ ഇളകിയ മണ്ണിൽ പതിഞ്ഞ കാൽപാദം നോക്കി പോകുമായിരുന്നത്രേ. ജനറ്റിക്സ് പഠിച്ചപ്പോൾ എനിയ്ക്ക് തോന്നിയിട്ടുണ്ട് എന്റെ കാലിന്റെ പ്രത്യേകത ഒരു റിസിസീവ് ജീനിന്റേതാണെന്ന് . അതുപോലെ അച്ഛാച്ഛന്റെ കരിം കറുപ്പ് നിറവും റിസിസീവ് ജീനാണെന്ന് . കാരണം മക്കളും കൊച്ചുമക്കളുമെടുത്താൽ ദാമോദരൻ വല്യച്ഛന്റെ മകനായ കൊച്ചു കറുമ്പൻ എന്നു വിളിച്ചിരുന്ന ലാൽ സുരേഷിന് മാത്രമാണ് അച്ഛാച്ചനോടടുത്ത നിറം ലഭിച്ചിട്ടുള്ളത്. ലാൽ സുരേഷിനെ കാണുമ്പോൾ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ അച്ഛാച്ഛനെ ഞാൻ സങ്കല്പിച്ചിരുന്നു. ആ കുടുംബത്തിലെ മറ്റൊരു പ്രത്യേകത പിതാവിൽ നിന്നും പുത്രനിലേയ്ക്ക് മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഹൈപ്പർ ട്രൈക്കോസിസ്( ചെവികളിൽ എഴുന്ന്_ നിൽക്കുന്ന രോമങ്ങൾ”) എന്ന .ജനിതക സ്വഭാവമായിരുന്നു. ഇതൊക്കെ നിരീക്ഷിയ്ക്കുക എന്റെ പതിവായിരുന്നു.

അച്ഛാച്ഛന്റെ കൃഷി രീതികൾ ശാസ്ത്രീയമായ കൃഷിരീതിയായിരുന്നു. കൃഷി മാറ്റം അദ്ദേഹം കൃത്യമായി ചെയ്തിരുന്നു. വാഴ നട്ടിടത്ത് അടുത്ത തവണ വാഴയെല്ലാം പിഴുതിട്ട് ചേനയേ നടുകയുള്ളൂ . ചേന നട്ടിടത്ത് വിള മാറ്റം ചെയ്യുമ്പോൾ വാഴ നടും. അതിനാൽ ഒരു സസ്യം വലിച്ചെടുക്കാത്ത പോഷകങ്ങൾ മറ്റ് സസ്യത്തിന് വലിച്ചെടുക്കാനാകും. കിഴക്കേ കല്ലടയിലെ 18 ഏക്കർ വരുന്ന പറമ്പിന്റെ അതിരുകളിൽ അദ്ദേഹം മുരിങ്ങ നട്ടു. മൂന്ന് കാളവണ്ടി നിറയെ മുരിങ്ങയ്ക്ക ഓരോ വിളവെടുപ്പിലും ചന്തയിലെത്തിയ്ക്കാൻ കഴിഞ്ഞിരുന്നു എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നടീൽ വസ്തുക്കളുടെ എണ്ണം കൂട്ടാൻ അദ്ദേഹം കാച്ചിൽ മുറിച്ച് നട്ടിരുന്നത്രേ. കാച്ചിലിന്റെ ചെത്തിയെടുത്ത തോലിൽ നിന്നും ധാരാളം തൈകൾ ഉത്പാദിപ്പിയ്ക്കാൻ എനിയ്ക്കും കഴിഞ്ഞിട്ടുണ്ട്. ബുൾബുൾ അധികം പിടിയ്ക്കാത്ത വർഷങ്ങളിൽ ഈ രീതി പ്രായോഗികമാണ്.

അദ്ദേഹത്തിന് കൃഷിയോടുണ്ടായിരുന്നതു പോലുള്ള ആത്മ ബന്ധം എനിക്കും പിന്നെ ഗൗരി അപ്പച്ചിയുടെ മകൻ ശങ്കരനണ്ണനുമാണ് കിട്ടിയിട്ടുള്ളത്. പറമ്പിലെ കൃഷി കൂടാതെ നെൽകൃഷിയും അദ്ദേഹം ചെയ്തിരുന്നു. കൊയ്ത്ത് കാലം കഴിയുമ്പോൾ ഉമിത്തീയ്യിൽ കോഴിമുട്ട വേവിച്ച് തിന്നുന്ന രീതി എന്റെ അച്ഛൻ കുട്ടിക്കാലത്ത് ചെയ്തിരുന്നതായി പറഞ്ഞിട്ടുണ്ട്. വൈക്കോലിനിടയിലും പശുവിന്റെ പുൽകൂട്ടിലും മറ്റും കോഴികൾ മുട്ടയിട്ട് വയ്ക്കും. ഇത് വീട്ടിലെ സ്ത്രീ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാറില്ല. കുട്ടികൾ മുട്ടയെടുത്ത് അതിന്റെ പുറത്ത് ചാണകം പൊതിഞ്ഞ ശേഷം ഉമിത്തീയിൽ ഇട്ട് ചുടും. പിന്നീട് തീയിൽ നിന്നെടുക്കുമ്പോൾ മുട്ട പുഴുങ്ങിയ പാകത്തിന് ലഭിക്കുമത്രേ. മുട്ടയിൽ പൊതിഞ്ഞ ചാണകം ഭസ്മമാകുകയും ചെയ്യും. അഗ്നിയ്ക്ക് വിശുദ്ധീകരിക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ?

ഒരായുഷ്കാലത്തേയ്ക്ക് വേണ്ട നന്മകൾ മക്കൾക്കും അനന്തരവർക്കും പകർന്നു നൽകിയ ശേഷമാണ് വെറും 69 വർഷക്കാലത്തെ ഭൗമ ജീവിതം കഴിഞ്ഞ് അദ്ദേഹം പോയത്. അപ്പോൾ എന്റെ അച്ഛന് 13 വയസ്സ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

മിനി സുരേഷ്

കർമ്മകാണ്ഡങ്ങളെല്ലാമൊഴിഞ്ഞു
നോക്കെത്താ ദൂരത്തസ്തമയസൂര്യനെരിയുന്നു.
കണ്ണുകളിലെരിയും നിസ്സഹായത,
ചുട്ടുപൊള്ളുമോർമ്മകൾ തൻ ജ്വാലാമുഖങ്ങൾ.

മങ്ങിയ കാഴ്ചകൾക്കിനി ജലയാന നൗകകളില്ല,
നിറമാർന്ന നിറക്കാഴ്ചകളില്ല.
ഭീതിതമാം ഏകാന്തതയിൽ നൊന്തും
നിശ്ശബ്ദതയുടെ ആഴം തേടുന്നവർ.

പുണ്യ ,ത്യാഗ,ദു:ഖപ്പെരുമഴയിൽ
നനഞ്ഞുതിരും മനുഷ്യാത്മാക്കൾ
സ്വയമലിഞ്ഞരങ്ങൊഴിയാനിടം തേടുന്നവർ
പൊള്ളലേൽപ്പിക്കുമീ വൃദ്ധസദനകാഴ്ചകൾ

 

മിനി സുരേഷ് ,കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

ഡോ. ഐഷ വി

ഒരു ദിവസം മൂന്നാം ക്ലാസ്സിലെ ഒരു ടീച്ചർ പറഞ്ഞ വാക്കാണ് “ചിറ്റമ്മനയം ” . ഭയങ്കരിയായ രണ്ടാനമ്മയെ കുറിച്ചൊരു സങ്കല്പമാണ് എനിയ്ക്കാ വാക്കിലൂടെ ലഭിച്ചത്. രണ്ടാനമ്മമാരിൽ ദുഷ്ടകളും , നല്ലവരും ഉണ്ടാകാം എന്ന് പിന്നീട് എനിയ്ക്ക് മനസ്സിലായി. ഏത് പ്രശ്നങ്ങളേയും നമ്മൾ മുൻ വിധിയോടെ സമീപിക്കുമ്പോഴാണ് തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത. തുറന്ന സമീപനമാണെങ്കിൽ അതിനുള്ള സാധ്യത കുറയും.

“ചിറ്റമ്മ നയം ” എന്ന വാക്കു ലഭിച്ച വൈകുന്നേരം ഞാൻ വീട്ടിലെത്തി എന്റെ അമ്മയോട് അതങ്ങ് പ്രയോഗിച്ചു. അമ്മ എന്നോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് . അമ്മയ്ക്ക് പുത്ര വാത്സല്യം ഇത്തിരി കൂടുതലാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഞാനന്ന് അങ്ങനെ പറഞ്ഞത്. അന്ന് ചായ കുടി കഴിഞ്ഞ് അയലത്തെ ദേവയാനി ചേച്ചിയുമായുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ ഞങ്ങൾ മൂവരും അടുത്തു നിൽക്കത്തന്നെ അമ്മ ഞാനങ്ങനെ പറഞ്ഞതിനെ കുറിച്ച് ചേച്ചിയോട് പറഞ്ഞു. അങ്ങനെ ഓരോന്ന് പറഞ്ഞ കൂട്ടത്തിൽ എന്റെ അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നെന്നും കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിൽ ആയിരുന്നു വീടെന്നും മരിച്ചു പോയെന്നും മനസ്സിലായി. അമ്മയുടെ അച്ഛനമ്മമാരെയും അച്ഛന്റെ അമ്മാവന്മാരേയും മറ്റും ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അച്ഛന്റെ അച്ഛനമ്മമാരെ കുറിച്ച് അതുവരെ ഒന്നും അറിയില്ലായിരുന്നു. കാസർഗോഡ് ആയിരുന്നു ഞങ്ങളുടെ താമസം എന്നതിനാൽ അച്ഛനമ്മമാർ അതേ കുറിച്ച് പറഞ്ഞു തരാതിരുന്നതിനാൽ അച്ഛന് അച്ഛനമ്മമാർ ഉണ്ടെന്നു പോലും ഞാൻ ചിന്തിച്ചിരുന്നില്ല. അന്നു സന്ധ്യയ്ക്ക് അച്ഛനെത്തിയപ്പോൾ ഞാൻ അച്ഛനോട് അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നോ എന്ന് ചോദിച്ചു. അപ്പോഴാണ് അച്ഛൻ അച്ഛന്റെ മാതാപിതാക്കളെ കുറിച്ച് ഞങ്ങളോട് പറഞ്ഞു തുടങ്ങിയത്. അച്ഛന് അച്ഛന്റെ അമ്മയെ ഒൻപതാം വയസ്സിൽ നഷ്ടപ്പെട്ടെന്നും കുതിരകൾ വലിയ്ക്കുന്ന വില്ലുവണ്ടിയിൽ സഞ്ചരിച്ചപ്പോൾ വില്ലുവണ്ടി മറിഞ്ഞ് ക്ഷതമേറ്റായിരുന്നു മരണമെന്ന് അച്ഛൻ പറഞ്ഞു തന്നു. അച്ഛന്റെ അമ്മയുടെ സ്ഥലം കൊല്ലം ജില്ലയിലെ ചിറക്കര താഴത്തും അച്ഛന്റെ അച്ഛന്റെ സ്ഥലം കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിലും . അച്ഛന്റെ അച്ഛൻ ശ്രീ കറുമ്പന്റെ ആദ്യ ഭാര്യ കൊച്ചു കുഞ്ചേക്കിയായിരുന്നു. കൊച്ചു കുഞ്ചേക്കിക്ക് നീലാംബരൻ , ദാമോദരൻ, ഗംഗാധരൻ എന്നീ ആൺ മക്കളും തങ്കമ്മ , ലക്ഷ്മി , കാർത്യായനി, ഗൗരി എന്നീ പെൺമക്കളും ആയിരുന്നു. ഇതിൽ കാർത്യായനിയും ഗാരിയും ഇരട്ട കുട്ടികളായിരുന്നു. ഇരട്ട കുട്ടികളെ പ്രസവിച്ച ഉടനേ തന്നെ കൊച്ചു കുഞ്ചക്കി അമ്മൂമ്മ മരിച്ചു. പിന്നെയാണ് അച്ഛാച്ചൻ എന്റെ അച്ഛാമ്മയായ “നീലമ്മ അമ്മു കുഞ്ഞിനെ” വിവാഹം ചെയ്യുന്നത്. കല്ലട “തോപ്പു വിള” തറവാട്ടിലെ കാരണവരായിരുന്ന “കറുമ്പൻ” എന്ന എന്റെ അച്ഛാച്ചന് ചിറക്കര ത്താഴത്ത് നാട്ടുവാഴിത്തറവാടിന്റെ കാരണവർ കൂടിയായിരുന്ന ആലുവിള “കൊച്ചു പത്മനാഭനെ” പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് അനന്തരവളായ “അമ്മു കുഞ്ഞിനെ” കാരണവർ തോപ്പു വിളയിലെ കാരണവർക്ക് വിവാഹം കഴിച്ചു കൊടുത്തത്.

അമ്മുക്കുഞ്ഞ് കൊച്ചു കുഞ്ചേക്കിയുടെ മക്കൾക്ക് സ്നേഹമയിയായ കുഞ്ഞമ്മയായിരുന്നു. അച്ഛാച്ചന് അമ്മു കുഞ്ഞിൽ രണ്ടാൺമക്കൾ കൂടി ജനിച്ചു. വിദ്യാധരൻ എന്ന എന്റെ അച്ഛനും വിശ്വംഭരനും. അങ്ങനെ മഹാഭാരതത്തിലെ കുന്തിയ്ക്കും മാദ്രിയ്ക്കും കൂടി അഞ്ചാൺ മക്കൾ എന്ന് പറഞ്ഞതു പോലെ കുഞ്ചേക്കിയ്ക്കും അമ്മു കുഞ്ഞിനുമായി അഞ്ചാൺ മക്കൾ. അവരെ പഞ്ച പാണ്ഡവന്മാരെന്ന് കിഴക്കേ കല്ലടയിലെ ആളുകൾ പറഞ്ഞു പോന്നു.

എന്റെ അച്ഛാമ്മ സ്വാത്വികയും സ്നേഹമയിയുമായിരുന്നെന്ന് അച്ഛൻ പറഞ്ഞു തന്നു. രണ്ടാനമ്മ നല്ലവളുമാകാമെന്ന് എനിയ്ക്ക് മനസ്സിലായി. പിന്നീട് അച്ഛന്റെ അർദ്ധ സഹോദന്മാരേയും സഹോദരിമാരേയും പരിചയപ്പെട്ടപ്പോൾ അത് കൂടുതൽ വ്യക്തമായി . അവരുടേയും അനന്തര തലമുറകളുടേയും സ്നേഹം ഇന്നും നിലനിൽക്കുന്നു. പിന്നെയുള്ള ഓരോ ദിവസങ്ങളിലും അച്ഛന്റെ ബന്ധുക്കളെ കുറിച്ച് ഞാൻ അച്ഛനോട് ചോദിക്കുമായിരുന്നു. അച്ഛൻ അതെല്ലാം പറഞ്ഞു തരും. അച്ഛാമ്മ വെളുത്ത് മെലിഞ്ഞ് ബോബ് ചെയ്ത മുടിയുള്ള സാമാന്യം നല്ല സൗന്ദര്യമുള്ള സ്ത്രീയായിരുന്നെന്നാണ് അച്ചന്റെ വർണ്ണനയിൽ നിന്നും എനിയ്ക്ക് മനസ്സിലായത്. അന്നുമുതൽ ഒരു ഫോട്ടോ പോലുമില്ലാതെ എന്റെ അച്ഛാമ്മയെ ഞാൻ മനസ്സിൽ കണ്ടു. അവരോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ഞാൻ ജനിക്കുന്നതിനും 23 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ അവരുടെ ഏകദേശ ചിത്രം എന്റെ മനസ്സിൽ പൂർത്തിയാക്കാൻ സാധിച്ചത് ശ്രീമതി അമ്മു കുഞ്ഞിന്റെ ചേച്ചി കുഴുപ്പിൽ കാർത്ത്യായനി അച്ചാമ്മയേയും അനുജത്തി കീഴതിൽ ലക്ഷ്മി അച്ഛാമ്മയേയും പിന്നീട് കണ്ടപ്പോഴാണ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

രാജു കാഞ്ഞിരങ്ങാട്

സ്ത്രീ ഒരു കടലാണ്
ഒറ്റത്തുള്ളിയും
തുളുമ്പാത്ത കടൽ

തിരക്കൈകൾ നീട്ടി
തീരത്ത് കയറാൻ
ശ്രമിച്ചിട്ടും
ഊർന്ന് ഉൾവലിഞ്ഞ്
പോകുന്നവൾ

ചുണ്ടിലൊരു നിലാച്ചിരി
കെടാതെ സൂക്ഷിക്കുന്ന
വൾ
ഹൃത്തിലൊരഗ്നിയും പേറി
നടക്കുന്നവൾ

എന്തൊക്കെയാണ് നീ
അവൾക്ക് കൽപ്പിച്ച്
നൽകിയ പര്യായം
അമ്മ
പൂജാ വിഗ്രഹം
ഭാര്യ
മകൾ
വേശ്യ.

ഇണയെന്നും
തുണയെന്നും പറഞ്ഞ്
ചവുട്ടി താഴ്ത്താനും
ചവിട്ടുപടിയാക്കാനും
കൈക്കലയാക്കി
മാറ്റിയിടാനുമുള്ള ജന്മം.

പാടണമിനിയൊരു പുതു
ഗാനം
പെണ്ണിൻ പുതുജീവിത
ഗാനം

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

ഡോ. ഐഷ വി

ജൂൺ 19 വായനാ ദിനം. ശ്രീ പി എൻ പണിക്കരെ നമ്മൾ സ്മരിയ്ക്കുന്നത് ഈ ദിനത്തിലൂടെയാണ്. ഓരോ ദിനാചരണത്തിനും ചില സവിശേഷതകളുണ്ട്. വർഷം മുഴുവൻ കാര്യമായി ഒന്നും ചെയ്യാത്തവർ പോലും ദിനാചരണത്തോടനുബന്ധിച്ച് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒക്കെ ചെയ്യും. അതുപോലെ വായനാ ദിനം ആചരിക്കാൻ വേണ്ടിയെങ്കിലും കുറേപ്പേർ പുസ്തകങ്ങൾ വായിക്കും.  വായനയുടെ ലോകത്തേയ്ക്ക് നമ്മളെ പിച്ച നടത്തിച്ച ധാരാളം പേരുണ്ടാകും നമ്മുടെ ജീവിതത്തിൽ . അവരെയെല്ലാം നമുക്ക് നന്ദിയോടെ സ്മരിയ്ക്കാം. ഓരോ വായനയും നമുക്ക് വിശാലമായ ലോകാനുഭവങ്ങൾ നൽകുന്നു.

കുട്ടിക്കാലത്തെ എന്റെ വായനയിൽ സ്വാധീനം ചെലുത്തിയവരിൽ അധ്യാപകരും സഹപാഠികളും മാതാപിതക്കളും ബന്ധുക്കളും അയൽപക്കക്കാരുമുണ്ട്. മുതിർന്നപ്പോൾ സഹപ്രവർത്തകരും.
ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ചിരവാത്തോട്ടത്തെ അമ്മ വീട്ടിൽ ഒരു രാത്രി വല്യമാമൻ വന്നപ്പോൾ ഒരു ശാസ്ത്രകേരളവും ഒരു ശാസ്ത്രഗതിയും ഒരു യുറീക്കയുമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. പിന്നീട് എല്ലാ ആഴ്ചയും വല്യമാമൻ വരുമ്പോൾ ഞങ്ങൾക്ക് നല്ല നല്ല പുസ്തകങ്ങൾ കിട്ടിക്കൊണ്ടിരുന്നു. വല്യമാമന് നല്ല പുസ്തകശേഖരം ഉണ്ടായിരുന്നു. മഹാഭാരതം എല്ലാ വാല്യങ്ങളും മെഡിസിന്റെ ഇന്റർ നാഷണൽ ജേർണലുകൾ പരിണാമ സിദ്ധാന്തം ആയുർവേദ പുസ്തകങ്ങൾ എല്ലാം അതിൽപ്പെടും. എന്റെ അച്ഛൻ വല്യമാമന്റെ ശേഖരത്തിലെ മഹാഭാരതം ചിട്ടയായി വായിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം അതിലെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന ശ്ലോകങ്ങളും വായിച്ചു തീർത്തു.

ഞാൻ ഋതുമതിയായ വിവരമറിഞ്ഞ വല്യമാമൻ എനിക്ക് മനുഷ്യ ശരീരത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് സമ്മാനിച്ചത്. ശാസ്ത്രീയമായ അറിവുകൾ സ്വായത്തമാക്കുവാൻ ഇന്റർനെറ്റില്ലാത്ത അക്കാലത്തെ ഈ വായനകൾ സഹായിച്ചു. വല്യമാമന് സംസ്കൃതം നല്ല വശമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലെ നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗിന് സംസ്കൃത വ്യാകരണം പറ്റിയതാണെന്നറിഞ്ഞപ്പോൾ ഒരു സംസ്കൃത വ്യാകരണ ഗ്രന്ഥം അദ്ദേഹം എനിക്ക് സമ്മാനിച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ സ്വയo പുസ്തകങ്ങളുo മാഗസിനുകളും തിരഞ്ഞെടുക്കാൻ തുടങ്ങി. അച്ഛൻ ബാലരമ, പൂമ്പാറ്റ, ഭാഷാപോഷിണി എന്നിവ വരുത്തുമായിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്ത് കോമ്പറ്റീഷൻ സക്സസ് റിവ്യൂ വായിക്കുമായിരുന്നു. ഒരു ദിവസം അച്ഛൻ ബാലരമ എന്റെ കൈയ്യിലേയ്ക്ക് വച്ചു തന്നപ്പോൾ ഞാൻ അച്ഛന് കോമ്പറ്റീഷൻ സക്സസ് റിവ്യൂ കാട്ടിക്കൊടുത്തു. അപ്പോഴാണ് അച്ഛന് മകൾ വളർന്നു എന്ന് തോന്നിയത് എന്നെനിയ്ക്ക് തോന്നി. അച്ഛനമ്മമാർ അങ്ങനെയാണ്. മക്കൾ അവർക്കെന്നും കുട്ടികളാണ്. അമ്മയുടെ ബജറ്റ് പലപ്പോഴും താളം തെററിയത് എന്റെ പുസ്തകം വാങ്ങുന്ന സ്വഭാവം കൊണ്ടാണ്. വല്യമാമന് സ്ട്രോക്ക് വരുന്നതിന് ഒരു മാസം മുമ്പ് ഞാനും അനുജത്തിയും കൂടി വല്യമാമനെ കാണാൻ പോയപ്പോൾ ശ്രീ നാരായണ ഗുരുവെഴുതിയ “ശ്രീമത് ശങ്കര ” എന്ന് തുടങ്ങുന്ന ശ്ലോകം ഞങ്ങളെക്കൊണ്ട് വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിരുന്നു. “ആത്മോപദേശ ശതകവും” അദ്ദേഹം ഇതുപോലെ വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിട്ടുണ്ട്.

ഞാൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ കോളേജ് ലൈബ്രറിയിലേയും കൊല്ലം പബ്ലിക് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഹോമർ , പി.വത്സല, ഒ എൻ.വി , തകഴി , ജി ശങ്കര കുറുപ്പ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിച്ചത് അവിടെ നിന്നാണ്. കൊല്ലം പബ്ലിക് ലൈബ്രറിയിലെ അന്നത്തെ ലൈബ്രറേറിയൻ ഒരല്പം കർക്കശ സ്വഭാവമുള്ളയാളായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ബുക്ക് ഷെൽഫുകളുടെ സ്ഥാനം മാറ്റി വയ്ക്കാറുണ്ടായിരുന്നു. അതിനാൽ അടുത്ത ദിവസം അതേ സ്ഥാനത്ത് നമ്മൾ ഉദ്ദേശിച്ച പുസ്തകം തിരഞ്ഞാൽ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഈ ഭരണ പരിഷ്കാരത്തെ തുഗ്ലക്കിന്റെ ഭരണ പരിഷ്കാരമെന്ന് ചിലർ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാലും ലൈബ്രറി നിശബ്ദവും വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. ഈ ഭരണ പരിഷ്കാരം ആളുകൾ പുസ്തകങ്ങൾ അടിച്ചു മാറ്റി കൊണ്ടുപോകുന്നത് ഒഴിവാക്കാനാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഞങ്ങളുടെ കോളേജിലെ ഒരു ഹിന്ദി പ്രൊഫസറായിരുന്നു എന്നെ ആ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കാൻ ഇൻട്രൊഡ്യൂസ് ചെയ്തത്. എ ക്ലാസ്സ് മെമ്പർഷിപ്പുണ്ടായിരുന്ന എനിക്ക് മൂന്ന് പുസ്തകങ്ങൾ എടുക്കാമായിരുന്നു.

കോഴിക്കോട് ആർ ഇ സി യിലെ ലൈബ്രറി വളരെ വല്യ ലൈബ്രറി ആയിരുന്നു. പഠനം സാങ്കേതിക തയിലേയ്ക്ക് വഴിമാറിയപ്പോൾ വായനയും ആ വഴിക്കായി. തൃശൂരിലെ മാള പോളിടെക്നിക്കിൽ ജോലി ചെയ്യുന്ന സമയത്ത് ഞാനും അഞ്ചുവും കൂടി അതിനടുത്ത ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ എടുത്തു വായിക്കുമായിരുന്നു. സിഡ്നി ഷിൽസന്റെ നോവലുകൾ വായിച്ചത് ആ സമയത്താണ്. പല ഹോസ്റ്റലുകളിലും താമസിച്ചിട്ടുള്ളപ്പോൾ റും മേറ്റ്സ് വായിക്കാനായി കൊണ്ടുവരുന്ന പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.

ജോലി സ്ഥലത്ത് പല പ്രസാധകരുടെ ഏജന്റുമാരും പുസ്തകവുമായി വരുമ്പോഴും ടെയിനിൽ യാത്ര ചെയ്യുമ്പോഴും ഞങ്ങൾ പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. അങ്ങനെയൊരിക്കൽ മാവേലിക്കരയിൽ ജോലി ചെയ്യുമ്പോൾ പുസ്തകം കൊണ്ടുവന്നയാളിൽ നിന്നും അധ്യാപകർ വ്യത്യസ്തമായ പുസ്തകങ്ങൾ വാങ്ങി. അങ്ങനെ വാങ്ങുമ്പോൾ കൈമാറി വായിക്കാമല്ലോ? അന്ന് കണക്ക് അധ്യാപകനായ ഹാരിസ് സാർ വാങ്ങിയത് ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ “അഗ്നി ചിറകുകൾ ” ആയിരുന്നു. ഞാൻ ഹാരിസ് സാറിനോട് ആ പുസ്തകം വായിച്ചു തീരുമ്പോൾ എനിക്ക് വായിക്കാൻ തരണേയെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അല്പം ഡിപ്രഷൻ ഉണ്ടായിരുന്നു. അവിടത്തെ സഹപ്രവർത്തകൾ അദ്ദേഹത്തിന്റെ ഡിപ്രഷൻ മാറ്റാനായി കോളേജ് സമയം കഴിഞ്ഞ് സാറിനേയും കൂട്ടി പന്തുകളിയ്ക്കുമായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹാരിസ് സാറിന് ആറ്റിങ്ങലേയ്ക്ക് ട്രാൻസ്ഫർ ആയി. പോകാൻ നേരം ” അഗ്നി ചിറകുകൾ” എനിക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയത്. കുറേ നാൾ കഴിഞ്ഞ് ഹാരിസ് സാറിന്റെ ആത്മഹത്യാ വാർത്തയാണ് ഞങ്ങൾ അറിയുന്നത്. അഗ്നി ചിറകുകളെ കുറിച്ച് ഓർക്കുമ്പോഴോ കേൾക്കുമ്പോഴോ ഹാരിസ് സാറിനേയും ഓർമ്മ വരും.

അതുപോലെ തന്നെയാണ് ഡിഗ്രിയ്ക്ക് ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്ന ഉഷ. കുമാരനാശാന്റെ ലീല എനിയ്ക്ക് സമ്മാനിച്ചത് ഉഷയാണ്. ഉഷയും ആത്മഹത്യ ചെയ്തിട്ട് കാലമേറെയായി.

ചിലർ പുസ്തകങ്ങൾ വാങ്ങിയാൽ തിരികെ കൊടുക്കാത്തവരാകും. തിരികെ കൊടുക്കേണ്ടവ തിരികെ കൊടുക്കണമെന്ന നിലപാടിലാണ് ഞാൻ. എൻട്രൻസ് പരീക്ഷയെഴുതുന്ന സമയത്ത് പരവൂരിലെ വല്യച്ഛന്റെ മകളും കോളേജ് അധ്യാപികയുമായ സത് ലജ് ചേച്ചിയുടെ അടുത്ത് ചെന്ന് കെമിസ്ട്രി സംശയ നിവാരണം ഞാൻ നടത്തിയിരുന്നു. അങ്ങനെ ഒരു ദിവസം ചേച്ചി എനിക്ക് കുറച്ച് കെമിസ്ട്രി പുസ്തകങ്ങൾ തന്നു. ചേച്ചി ഒരു കണ്ടീഷനേ വച്ചുള്ളൂ. പുസ്തകങ്ങൾ തിരികെ കൊടുക്കണം. ഞാൻ പഠിച്ച ശേഷം പുസ്തകങ്ങൾ തിരികെ കൊടുക്കുകയും ചെയ്തു. രഘു മാമനും അതു പോലെ ഒരു ഫിസിക്സ് പുസ്തകം തന്നിട്ടുണ്ടായിരുന്നു. അതും പഠിച്ച ശേഷം തിരികെ കൊടുത്തു. ഇതെല്ലാം പാഠപുസ്തകത്തിനുപരിയായുള്ള വായനയ്ക്ക് ഇടയാക്കിയിരുന്നു.

ചില പ്രസാധകരും പുസ്തകങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ ഈയിടെ ലഭിച്ച പുസ്തകങ്ങളാണ് ശ്രീ എം മുകുന്ദന്റെ ” തട്ടാത്തി പെണ്ണിന്റെ കല്യാണം” ശ്രീ ചന്ദ്ര പ്രകാശിന്റെ ” പുഴ മത്സ്യത്തിൽ ഒഴുകുമ്പോൾ” എന്നിവ . എന്റെ അധ്യാപകനായിരുന്ന ഡയറ്റ് പ്രിൻസിപ്പാളായി പെൻഷൻ പറ്റിയ ഡോ. പ്രസന്നകുമാർ സാറിന്റെ ” ഗാന്ധിജിയും പരിസ്ഥിതിയും” എന്ന പുസ്തകവും ഈയിടെ വായിച്ചിരുന്നു.

നല്ല പുസ്തകങ്ങൾ എന്നും നല്ല കൂട്ടുകാരെപ്പോലെയാണ്. നമ്മുടെ ജീവിതത്തെ നേർവഴിയ്ക്ക് നയിക്കാനും പ്രചോദിപ്പിക്കാനും അവ ഉതകും. സ്വീകരിച്ചാൽ മാത്രം പോരല്ലോ കൊടുക്കുകയും വേണ്ടേ. എന്റെ വല്യമാമന് ഞാൻ രണ്ടു മൂന്ന് പുസ്തകങ്ങൾ വാങ്ങി നൽകി. അതിലൊന്ന് ഡോ. ബി. ഇക്ബാൽ എഴുതിയ 21-)o നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തേയും ആരോഗ്യത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായിരുന്നു. ഒരിക്കൽ ഞാൻ പെരേരയുടെ “28 ദിവസത്തിനുള്ളിൽ വിജയം “എന്ന പുസ്തകം വാങ്ങിയിരുന്നു. ആ 38 രൂപയ്ക്ക് വാങ്ങിച്ച ആ പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അക്കാലത്ത് ഞാൻ 38000 രൂപ അധിക വരുമാനം ഉണ്ടാക്കിയിരുന്നു. ഏകദേശം അക്കാലത്തെ 6 പവന്റെ തുക. പിന്നീട് ആ പുസ്തകം ഞാൻ എന്റെ പ്രിയ ശിഷ്യൻ അരുണിന് സമ്മാനിക്കുകയായിരുന്നു. പ്രതിപാദ്യ വിഷയമനുസരിച്ച് വായന നമ്മെ പല ലോകത്തേയ്ക്കും കൊണ്ടുപോകും. കാണാത്ത പല ലോകവും കാട്ടിത്തരും. വായനയുടെ ലോകത്ത് ഞാനിന്നും ഒരു ശിശു മാത്രമാണ്. ഇനിയും എത്രയോ വായിക്കാനിരിയ്ക്കുന്നു. വായിക്കാത്ത ലോകം ശ്രീ നാലാപ്പാട് നാരായണ മേനോൻ പറഞ്ഞത് കടമെടുത്തു പറഞ്ഞാൽ അനന്തം അജ്ഞാതം അവർണ്ണനീയം….” നിങ്ങൾക്ക് എല്ലാ പേർക്കും നല്ല പുസ്തകങ്ങൾ വായിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

കാരൂർ സോമൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിത്യ കൂട്ടായ്‌മ “ആധുനികതയും വായനയും” എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്‌പ്പോടെയായാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമല്ല. അത് യാത്രപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വായനയിൽകൂടി ലഭിക്കുന്ന അറിവ് ജീവിതത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്തിയെടുക്കാൻ വളരെ സഹായിക്കുക്കുക മാത്രമല്ല അത് നമ്മെ എത്തിക്കുന്നത് ഉയരങ്ങളിലാണ്. ഈ കാലത്ത് കൊറോണ ദുഷ്ട ദൈവം നമ്മെ അത്യാധുനികതയിൽ എത്തിച്ചതുകൊണ്ടാണല്ലോ അദ്ധ്യാപനം ഓൺലൈൻ വഴി നടത്താൻ ഇടവന്നതും കുട്ടികൾ കംപ്യൂട്ടറിന്റ മുന്നിൽ ഇരിക്കാൻ ഇടയായതും. ഈ രംഗത്ത് നമ്മൾ എത്ര മികവുള്ളവരായാലും നമ്മുടെ മനസ്സിൽ ആഴത്തിൽ വേരുറയ്ക്കുന്നതാണ് വായന. അത് ആർജ്ജിച്ചെടുത്തവരാണ് നമ്മൾ കണ്ടിട്ടുള്ള മഹാന്മാർ. ചിന്തകനായ കൺഫ്യൂഷ്യസ് പറയുന്നു. “ചിന്ത കൂടാതെയുള്ള പഠനം നിഷ്‌ഫലമാണ്. പഠനം കൂടാതെയുള്ള ചിന്ത അപകടകരവും. തെറ്റുകളിൽ വീഴാതിരിക്കുന്നതിലല്ല വീഴ്ച്ചയിൽ നിന്ന് എഴുന്നേൽക്കുന്നതിലാണ് മനുഷ്യന്റെ മഹത്വ൦”. ഈ ചിന്താശകലങ്ങൾ നമുക്ക് തരുന്നത് വായനയാണ്. അതുകൊണ്ടാണ് ചിന്തകനായ പ്ലേറ്റോ പറഞ്ഞത് “തങ്ങൾക്ക് മനസ്സിലാകാത്ത കാര്യങ്ങളെപ്പറ്റി, അനീതികളെപ്പറ്റി ആധികാരികമായി എഴുതുന്നവരാണ് സർഗ്ഗ സാഹിത്യകാരന്മാർ, കവികൾ.

സാഹിത്യത്തിന്റ മണിമുറ്റത്ത് ഓരോരുത്തരുടെ മനോസുഖത്തിനായി പുതിയ പുതിയ അനുഭൂതി ആവിഷ്കാരങ്ങൾ ആധുനികകാലത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് 19 ജൂൺ 2020 പി.എൻ.പണിക്കരെ സ്മരിച്ചുകൊണ്ടുള്ള വായനാദിനം നമ്മൾ ആചരിക്കുന്നത്. മാർച്ച് ഒന്ന് 1909 ൽ നിലംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, മലയാള പത്രപ്രവർത്തനത്തിന്റ പിതാവ് ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ ഇങ്ങനെ നല്ല പിതാക്കന്മാരുടെ പാതകളാണ് നമ്മൾ പിന്തുടരുന്നത്. പി. എൻ.പണിക്കർ ഗ്രന്ഥശാല 1945 ലാണ് ആരംഭിച്ചത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് “വായിച്ചു വളരുക. അറിവ് നേടാനാണ് നാം വായിക്കുന്നത്”. ജൂൺ 19, 1995 ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോൾ 6000 ത്തിലധികം ഗ്രന്ഥശാലകൾ കേരളത്തിലെങ്ങും അദ്ദേഹം വഴി ഉടലെടുത്തു. മുപ്പത്തിരണ്ട് വർഷങ്ങൾ ഗ്രന്ഥശാല സംഘത്തിന്റ സെക്രട്ടറിയായിരിന്നു. പിന്നീടത് കേരളസർക്കാർ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തിരുവനന്തപുരത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയുള്ളത് കൊൽക്കത്തയിലെ ആലിപ്പൂരിലാണ്. കേരളത്തിലാകമാനം ഒരു വിപ്ലവകരമായ സാമുഹ്യ സാംസ്കാരിക മാറ്റമാണ് ഗ്രന്ഥശാലകൾ വഴി അദ്ദേഹമുണ്ടാക്കിയത്. 1975 ൽ യുനെസ്കോയുടെ “കൃപസ്കയ പുരസ്‌കാരം” ലഭിച്ചു. 2004 കേന്ദ്രസർക്കാർ അദ്ദേഹത്തിന്റ പേരിൽ അഞ്ചു രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആത്മാവിനെ അറിവിന്റ മൂല്യബോധത്തിൽ വളർത്തികൊണ്ടുവരാൻ തറക്കല്ലിട്ടവരാണ് നമ്മുടെ ആദിമ സർഗ്ഗ പ്രതിഭകളായ വ്യാസമഹർഷി, വാല്മികിമഹർഷി തുടങ്ങിയവർ. ഇന്ന് ഇന്ത്യയുടെ മുക്കിലും മൂലയിലും എഴുത്തും വായനയുമില്ലത്ത ജനകോടികൾ ജീവിക്കുന്നു. മനുഷ്യമനസ്സിന്റ ചാലകശക്തിയാണ് വായന എന്നറിഞ്ഞിട്ടും ഇന്ത്യയുടെ ആത്മാവിനെ വരിഞ്ഞുമുറുക്കി ബോധപൂർവ്വം പാവങ്ങളെ അറിവില്ലായ്മയുടെ പടുകുഴിയിലേക്ക് ഭരണകൂടങ്ങൾ തള്ളിവിടുന്നു. മനുഷ്യമനസ്സിന്റ പ്രേരണകൾ ആത്മാവിന്റ പാതയിലാണ് സഞ്ചരിക്കുന്നത്. അവർ യാഥാർഥ്യത്തിലേക്ക് സഞ്ചരിക്കുമെന്നറിഞ്ഞിട്ടാണ് അവർക്ക് മതിയായ വായന സാഹചര്യങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കാത്തത്. അറിവുള്ളവരായാൽ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ മാത്രമല്ല ജാതിമതരാഷ്‌ട്രീയം കൂട്ടികുഴച്ചുള്ള ജനാധിപത്യവും അവസാനിക്കും. ഈ കൂട്ടരെ പാടി പുകഴ്ത്തുന്ന എഴുത്തുകാർക്ക് പ്രതിഫലവും കിട്ടുന്നുണ്ട്. അവരുടെ കർത്തവ്യബോധം മതരാഷ്ട്രിയ പ്രമാണിമാർക്ക് പണയം വെച്ചിരിക്കുന്നു. സത്യം പറയുന്നവന് ഭീഷണികളും വെടിയുണ്ടകളും ലഭിക്കുന്നു.

വായനയെ ഹൃദയത്തോടെ ചേർത്ത് പിടിച്ചു ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാർ. അതിന് അടിത്തറയിട്ടത് 1066 -1087 ൽ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. സമൂഹത്തിൽ എഴുത്തും വായനയും അദ്ദേഹം നിർബന്ധമാക്കി. അതാണ് ബ്രിട്ടന്റെ ഓരോ കോണിലും ലൈബ്രറികൾ കാണാൻ സാധിക്കുന്നത്. ലോകമെങ്ങും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും വളർത്തുന്നതിൽ രാജകുടുംബത്തിന്റ പങ്ക് വളരെ വലുതാണ്. രാജകുടുംബത്തിൽ നിന്ന് തന്നെ പല സാമൂഹ്യവിഷയങ്ങളെ കോർത്തിണക്കിയുള്ള ആദ്യ പുസ്തകം “ഡോമസ് ഡോ ഡേ” പുസ്തകം പുറത്തിറങ്ങി. മാത്രവുമല്ല ബ്രിട്ടീഷ് അധീനതയിലുള്ള എല്ലാം രാജ്യങ്ങളോടും കർശനമായി അറിയിച്ചു. “ഇറങ്ങുന്ന ആദ്യ പുസ്തകം ഇംഗ്ലണ്ടിന് നൽകണം”. അങ്ങനെയാണ് ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ബ്രിട്ടീഷ് ലൈബ്രറിയിൽ നമ്മുടെ മഹാഭാരതവും, രാമായണവും, മലയാളിയുടെ താളിയോല ഗ്രന്ഥങ്ങളും ഇന്ദുലേഖയൊക്കെ എനിക്കും കാണാൻ സാധിച്ചത്. ആ പൂർവ്വപിതാക്കന്മാരുടെ പാത ഇന്നത്തെ ഭരണകൂടങ്ങളും പിന്തുടരുന്നു. ഒരു സമൂഹത്തിന്റ വളർച്ചയിൽ പ്രധാനപങ്കുള്ളവരാണ് ഭാഷ രംഗത്തുള്ള സർഗ്ഗപ്രതിഭകൾ, മറ്റ് എഴുത്തുകാർ. ഒരു ഭരണകൂടം എങ്ങനെ ഇടപെടുന്നുവെന്ന് ബ്രിട്ടൻ ഭരിച്ചിരുന്ന ഹെൻഡ്രി എട്ടാമൻ രാജാവിനെ പഠിച്ചാൽ മതി. നമ്മുടെ ജവഹർലാൽ നെഹ്‌റു പഠിച്ച കേ൦ബ്രിഡ്ജ് ഡ്രിനിറ്റി കോളേജ് സ്ഥാപിച്ചത് ഈ രാജാവാണ്. ലോകത്ത് ആദ്യമായി പാവപ്പെട്ട കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാതെ പഠിപ്പിച്ചു. അത് പല രാജ്യങ്ങൾക്കും മാതൃകയായി മാറി. ആ കുട്ടത്തിൽ ഒരു പാവപ്പെട്ട കുട്ടിയുണ്ടായിരുന്നു. ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിച്ച മഹാനായ ഐസക്ക് ന്യൂട്ടൻ. മലയാളി വായനാദിനം ആചരിക്കുമ്പോൾ ലോകമെങ്ങും ഇംഗ്ലണ്ടുകാരനായ വില്യം ഷേക്‌സ്‌പിയറുടെ ജനനമരണ തീയതി ഏപ്രിൽ 23 ലോക പുസ്തകദിനമായി യുനെസ്കോ ആചരിക്കുന്നു.

ഒരു ദേശത്തിന്റ വളർച്ചയും സാമൂഹ്യ സാംസ്കാരിക പുരോഗതിയും കൈവരിക്കുന്നത് അറിവിലൂടെയാണ്. ആ അറിവ് കേരളം നേടിയിട്ടുള്ളത് പുസ്തകങ്ങളിലൂടെയാണ്. അതിന് നമ്മുടെ വായനശാലകൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഓരോ വാർഡുകളിലും ഒരു ഗ്രന്ഥശാലയുണ്ടാക്കാൻ കേരള സർക്കാർ മുന്നോട്ട് വരണം. മുൻപുണ്ടായിരുന്ന വായനശീലം യവ്വനക്കാരിൽ കുറഞ്ഞതുമൂലം നമ്മുടെ നാട്ടിൽ അന്ധവിശ്വാങ്ങൾ, അനാചാരങ്ങൾ, അനീതി, അഴിമതി, മതമൗലികവാദികളുടെ രാഷ്ട്രീയ ഇടപെടൽ, വർഗ്ഗിയത, പണാധിപത്യം, ജാതിചിന്ത, അധികാരചൂഷണം തുടങ്ങിയ ധാരാളം ജീർണ്ണതകൾ കാണുന്നുണ്ട്.. ഇതൊക്കെ സംഭവിക്കുന്നത് വായനയുടെ കുറവും വിജ്ഞാനയാപനം ഇല്ലാത്തതുമാണ്. ജനങ്ങളെ മദ്യപന്മാരാക്കി വളർത്താതെ അറിവിൽ വളർത്തുകയാണ് വേണ്ടത്.

പുതിയ സാങ്കേതിക വിദ്യകൾ കണ്മുന്നിൽ തുറന്നിടുമ്പോൾ വായന നമ്മിൽ വികസിക്കുന്നുണ്ടോ എന്നൊരു ചോദ്യമാണുയരുന്നുണ്ട്. കാളിദാസന്റെ ഭാഷയിൽ പറഞ്ഞാൽ വാകപ്പൂവിന് ചിത്രശലഭത്തിന്റ ഭാരം താങ്ങാനാവും എന്നാൽ പക്ഷികളുടെ ഭാരം താങ്ങാനാവില്ല. സാങ്കേതിക വിദ്യകൾ അധികകാലം ജീവിതഭാരം താങ്ങാൻ നമുക്കൊപ്പം സഞ്ചരിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ കൊറോണ നമ്മെ ഭരിക്കുന്നതുപോലെ ആധുനിക സാങ്കേതികവിദ്യകൾ നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ സാങ്കേതിക വിദ്യകളിൽ നമ്മൾ ആറാടുമ്പോൾ കാലത്തിന്റ പരുക്കുകളേറ്റു കിടക്കുന്ന, ജീവിതം അലങ്കോലപ്പെട്ടുകിടക്കുന്ന പലരെയും കാണാൻ സാധിക്കും. ഒരാൾ അപകടത്തിൽ കിടന്ന് രകതം വാർന്നൊഴുകുമ്പോൾ അതിന്റ ഫോട്ടോയെടുത്തു് രസിക്കുന്ന സാങ്കേതിക വളർച്ചയാണോ നമ്മുക്ക് വേണ്ടതെന്ന് ചിന്തിക്കണം. ആ ചിന്ത നമ്മെ എത്തിക്കുന്നത് വായനയിലാണ്. നമ്മൾ അറിയേണ്ടത് ഹ്ര്യദയാനുഭൂതികളുടെ ചേതോഹരമായ സൃഷ്ടിയാണ് സാഹിത്യം അല്ലാതെ സ്‌ക്രീനിൽ തെളിയുന്ന മായാപ്രപഞ്ചമല്ല. ഉപരിതലത്തിൽ കാണിക്കുന്ന മായാജാലമാണ് ഒരു കൂട്ടർക്ക് ഇഷ്ടവിനോദം. ഒരു സിനിമയെടുക്കു. അതിലെ നായകൻ പത്തുപേരെ ഇടിച്ചുവീഴ്ത്തുന്നത് കണ്ടിരുന്ന രസിക്കാൻ അറിവിൽ വരണ്ടുണങ്ങിപോയ അന്ധകാരത്തിലുലാത്തുന്നവർക്ക് മാത്രമേ സാധിക്കു. അറിവുള്ളവർക്ക് സാധിക്കില്ല. കാരണം. അത് ജീവിതത്തിൽ നടപ്പുള്ള കാര്യമല്ലെന്ന് വിവേകികൾക്കറിയാം. എന്നാൽ സാഹിത്യ സൃഷ്ടികൾ ആത്മാവിന്റ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്. സമൂഹത്തിൽ ചൂഴ്ന്നു നിൽക്കുന്ന ധാരാളം തിന്മകളുണ്ട്. ആ കൂട്ടരേ നശിപ്പിക്കാൻ മൂർച്ചയേറിയ ആയുധം ലോകചരിത്രത്തിൽ സാഹിത്യമാണ്. ലോകത്തുണ്ടായ വിപ്ലവങ്ങൾ അതിനുദാഹരണങ്ങളാണ്. ആധുനികത അവകാശപ്പെടുന്നവർക്ക് ഇതിന് സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്. ആധുനികത്വത്തിന്റ ചൈതന്യമുള്ള സൃഷ്ടികൾ ഇന്നല്ല ഇതിന് മുൻപും മലയാള ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. അത് ചൂഷണം, ഹിംസ,അനീതി, അന്ധതക്കെതിരെയുള്ള പോരാട്ടമായിരിന്നു.

പൗരാണികാലത്തായാലും ആധുനിക കാലത്തായാലും ആധുനികരായാലും അത്യാധുനികരായാലും ഒരു വ്യക്തിയുടെ മാഹാത്മ്യം നിലകൊള്ളുന്നത് അവന്റെ അറിവിലാണ്. അറിവുണ്ടാകണമെങ്കിൽ നല്ല സാഹിത്യകൃതികൾ വായിക്കണം. ഇന്നത്തെ സ്കൂൾ കുട്ടികളടക്കം ഇൻറർനെറ്റിൽ നിന്ന് പകർത്തുകയാണ്. വായിച്ചു പഠിക്കേണ്ടതില്ല. ഈ വിദ്യാവിവരണത്തിലൂടെ അറിവിനെ അളന്നെടുക്കാൻ സാധിക്കുമോ? ഇതിനെയാണോ ആധുനികതയെന്ന് വിശേഷിപ്പിക്കുന്നത്? ഇതുപോലെയാണ് ശൈലീപരമായ അക്ഷരങ്ങളെ അളന്നെടുത്തു രൂപപരമായ അഭ്യാസങ്ങൾ നടത്തി ആധുനികത്വ൦ സൃഷ്ടിക്കാൻ ഭാഷയിൽ ഒരു കൂട്ടർ ശ്രമിക്കുന്നത്. ഈ കൂട്ടർക്ക് സ്തുതിപാടാൻ സോഷ്യൽ മീഡിയ പോലുള്ള തലച്ചോറില്ലാത്ത പ്രചാര തന്ത്രങ്ങളുണ്ട്. ഇന്നത്തെ ചില കവിതകൾ ഒന്നെടുക്കു. സുഗതകുമാരി ടീച്ചർ പറയുന്നതുപോലെ നാട്ടിലെങ്ങും കവികളുടെ പ്രളയമാണ്. കുട്ടികൾ കടൽപ്പുറത്ത് മണലുകൊണ്ട് വീട് തീർക്കുന്നതുപോലെയാണ് പല കവിതകൾ വായിക്കുമ്പോൾ തോന്നുന്നത്. നല്ല കവിതകൾ നല്ല അടിത്തറയിൽ പടുത്തുയർത്തുന്നതാണ്. കടലിലെ തിരമാലകൾ വന്ന് ആ വീട് കൊണ്ടുപോകുമ്പോൾ വീണ്ടും ഈ മണൽ കവികൾ വീടുണ്ടാക്കി ലൈക്കുകൾ നേടുന്നു. അവരെയും ആധുനിക കവികൾ എന്ന് ചിലരൊക്ക വിളിക്കുന്നുണ്ട്. ഇതുപോലുള്ള പരീക്ഷണങ്ങൾ പലരും സാഹിത്യരംഗത്ത് നടത്തി രസിക്കുന്നു. സ്വാധീനമുള്ളവർ അതൊക്കെ പ്രസിദ്ധപ്പെടുത്തി ധാരാളം ഫേസ് ബുക്ക് പോലുള്ള ലൈക്കുകൾ വാങ്ങുന്നു. രാഷ്ട്രീയ രംഗത്തുള്ളവരെങ്കിൽ പദവിയും പത്രാസും അവരെ തേടിയെത്തും.

ഇംഗ്ലീഷ് സാഹിത്യകാരനായ ക്രിസ്റ്റഫർ മോർളി പറയുന്നത് “പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരംപോലെയാണ് “. ഇവിടെയാണ് നമ്മുടെ ആത്മാവിനെ തട്ടിയുണർത്താൻ കാലമായിരിക്കുന്നത്. നമുക്ക് ചുറ്റും എന്തെല്ലാം തിന്മകൾ നടമാടുന്നു. കൺമുന്നിൽ കണ്ടാലും പ്രതികരിക്കില്ല. നമ്മൾ ഒരു ശരീരം വലിച്ചുകൊണ്ട് നടക്കുന്നു. ആത്മാവ് പോലും പ്രതികരിക്കുന്നില്ല. കുറെ ചത്ത ശവങ്ങൾ എന്ന് പറഞ്ഞാലും തെറ്റില്ല. സാഹിത്യ രംഗത്തും ഇത്തരക്കാരുണ്ട്. സമൂഹത്തിന് വേണ്ടിയാണ് സർഗ്ഗസൃഷ്ഠി നടത്തുന്നതെങ്കിൽ നായുടെ സ്വഭാവമുള്ളവനെ നായെന്ന് വിളിക്കാനുള്ള ചങ്കൂറ്റം കാണിക്കണം. ഇന്നത്തെ ആധുനിക അത്യാധുനിക എഴുത്തുകാർ പൊൻകുന്നം വർക്കിയെ പഠിക്കണം. കത്തോലിക്ക മതമേധാവികൾ വർക്കി സഭയെ കരിവാരിത്തേക്കുന്നുവെന്ന് പരാതി പറഞ്ഞപ്പോൾ അദ്ദേഹം കൊടുത്ത മറുപടി “ആ കരി ഞാൻ തേച്ചതല്ല അത് നിങ്ങളുടെ മുഖത്തുള്ളതാണ്”. ഇങ്ങനെ ധീരമായ മറുപടികൊടുക്കാൻ ചങ്കൂറ്റമുള്ള എത്ര എഴുത്തുകാർ നമ്മുക്കുണ്ട്? നല്ല സാഹിത്യകൃതികൾ മനുഷ്യരെ വാരിപുണരുന്നതാണ്. കാളിദാസൻ നടത്തിയ ചാട്ടവാറടിപോലെ കേരളത്തിലും എത്രയോ കവികൾ, സാഹിത്യമാരന്മാർ അടിയേറ്റു പിടഞ്ഞവന്റെ ഒപ്പം നിന്നു. ഇന്ന് മതരാഷ്ട്രീയത്തിൽ നടക്കുന്ന അധാർമിക്കതിരെ തൂലിക ചലിപ്പിക്കാൻ എത്രപേരുണ്ട്? ചങ്കുറപ്പുള്ള സർഗ്ഗ പ്രതിഭകൾ ഉയർത്തെഴുനേൽക്കാൻ കാലമായിരിക്കുന്നു.

കാരൂർ സോമൻ

വീടിനടുത്തുള്ള മരങ്ങളിൽ പക്ഷികൾ മംഗളഗീതം ആലപിച്ചിരിക്കെയാണ് അരുൺ നാരായണൻ പശുവിനെ കറക്കാൻ തൊഴുത്തിലെത്തിയത് . പശുവിന്റെ അകിട്ടിനു നല്ലതുപോലെ വെള്ളമൊഴിച്ചു കഴുകി പാൽ കറന്നുകൊണ്ടിരിക്കെ പശുക്കുട്ടി പുറത്തേക്കോടി , കോളജ് കുമാരി ശാലിനി മുറ്റത്തെ ചെറിയ ഉദ്യാനത്തിൽ ശോഭയാർജ്ജിച്ച് നിന്ന പൂക്കളിൽ വിടർന്ന മിഴികളോടെ നോക്കി നിന്നപ്പോഴാണ് പശുക്കിടാവ് ഓടുന്നത് കണ്ടത് , അവൾ പിറകേയോടി. വീട്ടിലേക്ക് വന്ന ദീപു അഭിലാഷ് പാഞ്ഞു വന്ന പശുക്കിടാവിനെ പിടിച്ചു നിർത്തി അവളെയേൽപ്പിച്ചു . അവളുടെ കണ്ണുകൾ പ്രകാശമാനമായി . കൃതാർഥതയോടെ പുഞ്ചിരിച്ചു . അരുൺ ആ പുഞ്ചിരി മടക്കിക്കൊടുത്തു.

അവിവാഹിതനായ ദീപു ചാരുംമൂട് ബാങ്കിലെ ഉദ്യോഗസ്ഥനാണ് . അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു . ദീപു ചായക്കടയിൽ നിന്നുള്ള ചായകുടി അവസാനിപ്പിക്കാൻ തീരുമാനിച്ചു . അതിന്റെ കാരണം പാലിൽ മായം , ചായപ്പൊടിയിൽ മായം . സമൂഹത്തിലെ അനീതി , അഴിമതിപോലെ ഭക്ഷണത്തിലും മാത്രം , ദീപു സന്തോഷചിത്തനായി പറഞ്ഞു .

” എനിക്ക് അച്ഛനെയൊന്ന് കാണണം ‘ , അവർ അവിടേക്ക് ചെല്ലുമ്പോൾ അരുൺ പാലുമായി പുറത്തേക്ക് വന്നു . മകളെ ഒരു പുരുഷനാപ്പം കണ്ടത് അത്ര രസിച്ചില്ല . അമർഷമടക്കി ചോദിച്ചു . ”

നിന്റെ അമ്മയെവിടെ ?

– അടുക്കളയിൽ ‘

” ങ്ഹാ . ഇതിന് തള്ളേടെ അടുത്ത് വിട്” അവൾ അനുസരിച്ചു . മടങ്ങിയെത്തി പാലും വാങ്ങി അകത്തേക്ക് പോയി .

എന്താ നിങ്ങള് വന്നേ?

‘ ഒരു ലിറ്റർ പാല് വേണമായിരിന്നു ‘ സൗമ്യനായി അറിയിച്ചു . പെട്ടെന്ന് വിസമ്മതിച്ചെന്നു മാത്രമല്ല മുഖഭാവവും മാറി . അയൽക്കാരോടുള്ള വെറുപ്പ് പുറത്തു ചാടി .

എനിക്ക് അയൽക്കാരുമായി ബന്ധം കൂടാൻ ഇഷ്ടമില്ല . പരദൂഷണക്കാരായ കുറെ അയൽക്കാർ . എന്നോട് സ്‌നേഹം കാണിക്കും മറ്റുള്ളവരോട് പറയും ഞാനൊരു നാറിയാണെന്ന് ‘.

ദീപു ചിന്തയിലാണ്ടു . അയൽക്കാരുടെ സാമൂഹ്യശാസ്ത്രം വൈകാരികമായി എന്നോട് എന്തിന് പറയണം എന്നോടും വെറുപ്പുണ്ട് .

വീടിന്റെ ജനാലയിലൂടെ ശാലിനി അവരുടെ സംസാരം ശ്രദ്ധിച്ചു . നിസ്സാര കാര്യങ്ങളെ അച്ഛൻ ഗൗരവമായി എന്താണ് കാണുന്നത് ? ഈ തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തെല്ലാം ആൾക്കാർ എഴുതുന്നു . മനുഷ്യരുടെ വായ് മൂടിക്കെട്ടാൻ പറ്റുമോ ? ദീപു ആശങ്കയോടെ നോക്കി , ഇദ്ദേഹത്തിന് വല്ല മാനസിക പ്രശ്നവുമുണ്ടോ ? സ്നേഹപൂർവ്വം അറിയിച്ചു .

” ഞാനിവിടെ രണ്ട് വർഷമായി താമസിക്കുന്നു . രാവിലെ ജോലിക്ക് പോയാൽ രാത്രി വൈകിയാണ് വരുന്നത് . ഒരു അയൽക്കാരനെന്ന നിലയ്ക്ക് എന്നിൽ നിന്ന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടോ ?

അതൊരു മൂർച്ചയുള്ള ചോദ്യമാണ് . അരുൺ ആ കണ്ണിലേക്ക് തുറിച്ചു നോക്കി , എന്താണ് ഉത്തരം പറയുക . പൂക്കൾക്ക് മുകളിൽ വരണ്ട ശബ്ദത്തിൽ മൂളിപ്പറന്ന വണ്ടും തലയ്ക്ക് മുകളിലൂടെ പറന്നു പോയ തത്തയും പറഞ്ഞത് മറുപടി പറയണമെന്നാണ് . അരുണൻ പെട്ടന്നൊത്തരം കണ്ടെത്തി .

” അതിന് നിങ്ങളെ എനിക്ക് അറിയില്ലല്ലോ ‘ “

എന്റെ പേര് ദീപൂ . ഞാനും അയൽക്കാരനാണ് എന്നെ അറിയില്ല എന്നത് സത്യം . എന്നാൽ ചേട്ടനെ എനിക്കറിയാം , ഇങ്ങനെ സ്വയം ചെറുതായി ജീവിക്കണോ ? ഈ വീടിന് ചുറ്റും മതിൽ കെട്ടിപൊക്കിയതും അയൽക്കാരെ വെറുക്കാനാണോ ? ഈ ഉയർന്നു നിൽക്കുന്ന മതിലുപോലെ നമ്മുടെ മനസ്സും ഉയർന്ന നിലവാരമുള്ളതാകണം , സ്നേഹം വീടിനുള്ളിൽ മാത്രമല്ല വേണ്ടത് അയൽക്കാർക്കും കൊടുക്കാം . അത് ദേശത്തിനും ഗുണം ചെയ്യും . അറിവും വായനയുമുള്ള മനുഷ്യർ പരദൂഷണം പറയുന്നവരോ മറ്റുള്ളവർക്ക് ശവക്കുഴികളും ചിന്തകളും ഉണ്ടാക്കുന്നവരോ അല്ല . ചേട്ടൻ – ആ വിഡ്ഢികളുടെ പട്ടികയിൽ വരരുതെന്നാണ് എന്റെ അപേക്ഷ ‘

അദ്ഭുതത്തോടെ അരുൺ നോക്കി . ഇളം വെയിലിൽ നിന്നെ ദീപുവിന്റെ അകത്തേക്ക് ക്ഷണിച്ചിരുത്തി , മകളെ വിളിച്ചിട്ട് പറഞ്ഞു .

‘ മോളെ ദീപു സാറിന് ഒരു പായ കൊണ്ടുവാ ‘ , അരുൺ മറ്റൊരു വിശദീകരണത്തിനും പിന്നീട് മുതിർന്നില്ല .

വാക്കുകൾ ഉരകല്ലും ചൂടുമായി മിന്നി . മനസ്സിലെ ഭ്രമചിത്രങ്ങൾ , വ്യഥകൾ വായ് പിളർത്തുന്ന തീപ്പൊള്ളലായി . ഒരു തീക്കാറ്റുപോലെ നെടുവീർപ്പ് അരുണിനുണ്ടായി . ബന്ധങ്ങൾ ഹൃദയ സ്പർശിയാകണമെന്ന് ആ മനസ്സ് കണ്ടെടുത്തു .

അഖിൽ മുരളി

അപ്രതീക്ഷിതമായ് ആരോ എന്റെ കൈകളിൽ തലോടിയപോലൊരനുഭൂതി .മനുഷ്യരും വാഹനങ്ങളും ഇല്ലാതെ ആദ്യമായാണീ നിരത്ത്‌ കാണപ്പെട്ടത് ,അങ്ങനെയുള്ള ഈ പ്രദേശത്ത്‌ ആരാണ് എന്റെ കരങ്ങളിൽ സ്പർശിച്ചത് ,തിരിഞ്ഞു നോക്കുവാൻ തുനിഞ്ഞെങ്കിലും ഉള്ളിലൊരു ഭയം .ഒക്കത്തിരുന്ന എന്റെ കുഞ്ഞോമനയെ നെഞ്ചോട് ചേർത്ത് ഒരു ദീർഘനിശ്വാസമെടുത്ത്‌ ഞാൻ തിരിഞ്ഞു നോക്കി .

എന്റെ മനസ്സിന്റെ തോന്നലായിരുന്നു ,ആരുടെയോ സാമീപ്യം ഞാൻ മനസ്സിലാക്കിയതാണ് .
പക്ഷെ ഇവിടെ ആരും തന്നെയില്ല .കുറച്ചകലെ ഞാൻ നിർത്തിയിട്ട എന്റെ വാഹനം കാണാം
എത്ര വിജനമാണീ പ്രദേശം ഉള്ളിൽ ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം .അപ്രതീക്ഷിതമായ-
തെന്തോ സംഭവിക്കാൻ പോകുന്നതുപോലെ, ആകെ നൊമ്പരപ്പെട്ടു നിൽക്കുന്ന പ്രകൃതി .
ശൂന്യമായ നിരത്തുകളിൽ കണ്ണോടിക്കേ ഞാൻ കണ്ട കാഴ്ച മനസ്സിനെ കീറിമുറിക്കുന്നതാ-
യിരുന്നു .പിഞ്ചുകുഞ്ഞിന്റെ തേങ്ങലിനു സമമായ കരച്ചിൽ ,അതേ ഒരു കൂട്ടം പട്ടിക്കു-
ഞ്ഞുങ്ങൾ .എന്തിനാണവ ഇത്ര ദയനീയമായി തേങ്ങുന്നത് , കൂടി നിൽക്കുന്ന കുഞ്ഞുങ്ങളു-
ടെ നടുവിലായ് കണ്ടത് അവരുടെ മാതാവായിരിക്കാം ,എന്നാൽ എന്തിനാണ് ഇത്ര സങ്കടം കണ്ണു നനയ്ക്കുന്ന കരച്ചിൽ .

ജിജ്ഞാസയോടെ ഞാൻ പതിയെ അവിടേക്കു നീങ്ങി ,അടുത്തേക്ക് പോകാൻ ഭയം ,അവർ ആക്രമിച്ചാലോ ,കുറച്ചടുത്തെത്തിയ ഞാൻ സസൂക്ഷ്മം അവയെ നിരീക്ഷിച്ചു . ആ ശ്വാനമാതാവിന് ചലനമില്ല , മരിച്ചിരിക്കുന്നു . എങ്ങനെ സംഭവിച്ചതാകാം ,അവയുടെ അരികിലാണ് എന്റെ വാഹനം കാണപ്പെട്ടത് ,ഈശ്വരാ ഞാനാണോ ഈ പാതകം ചെയ്തത് .
അന്തരീക്ഷത്തിൽ തിങ്ങിയ കരച്ചിൽ എന്റെ കാതിനെ വല്ലാതെ വിഭ്രാന്തിയിലാക്കുന്നു .
ദാഹം സഹിക്കാൻ വയ്യാതെ തന്റെ മാതാവ് ചുരത്തിനൽകുന്ന ക്ഷീരത്തിനായാണ് അവരുടെ മുറവിളി . ഒരു നിമിഷം ഞാനെന്റെ കുഞ്ഞിനെയൊന്ന് നോക്കി ,നിഷ്കളങ്കമായ മുഖം.
ജനിച്ചപ്പോൾ തന്നെ അമ്മയെ നഷ്ടപ്പെട്ട എന്റെ പൊന്നോമന . അമ്മയുടെ മുലപ്പാൽ കുടി-
ക്കാൻ ഭാഗ്യമില്ലാതെപോയ കുഞ്ഞിന്റെ നൊമ്പരം എങ്ങനെ പ്രകടമായി കാണാൻ കഴിയും .
ശ്വാനമാതാവിന്റെ ജഡത്തിനരികിൽ മുലപ്പാൽ കുടിക്കാൻ വിതുമ്പുന്ന കുഞ്ഞുങ്ങളെ
കണ്ടപ്പോൾ ഒരു നിമിഷം ഞാൻ മരിച്ചപോലെയായി . ഇത്തരമൊരു കാഴ്ച കാണുവാൻ എന്തു
തെറ്റാണ് ഞാൻ ചെയ്തത് ..സ്വയം പഴിച്ചു കുറെ നിമിഷങ്ങൾ .വല്ലാതെ വിയർക്കുന്നുണ്ടായി-
യിരുന്നു ഞാൻ . നിയന്ത്രണം തെറ്റിയ വണ്ടിപോലെ മനസ്സ് എവിടെയൊക്കെയോ ഉടക്കുന്നു .
മനസ്സ് പൊട്ടിപ്പിളർന്നതുപോലെ തോന്നുന്നു .

ഒരുപക്ഷെ ഈ നിരത്തുകൾ ശാന്തമായതുകൊണ്ടാകാം ഇവർ നിരത്തുകളിൽ സ്വൈര്യവി-
ഹാരം നടത്തിയത് ,അശ്രദ്ധമൂലമോ ,കാഴ്ചമറഞ്ഞുപോയതു കൊണ്ടോ  എന്നിലൂടെ
ഇങ്ങനൊരു പാതകം സംഭവ്യമായത് .ആൾസഞ്ചാരമില്ലാത്ത ഈ നഗരത്തിൽ ഇപ്പോൾ ഇറ-
ങ്ങേണ്ട ആവശ്യമെന്തായിരുന്നു .വീട്ടിൽ ഇരിക്കാൻ മടി കാണിച്ച എനിക്ക് ലഭിച്ചത്
തോരാത്ത കണ്ണുനീർ മാത്രം .അവശനിലയിൽ കിടക്കുന്ന കുറെ മനുഷ്യർ .മൂടിക്കെട്ടി
വെച്ചിരിക്കുന്ന ചില പീടികകൾ ,നാൽചക്രങ്ങളിൽ ഉപജീവനം നടത്തുന്നവരുടെ
പഞ്ചറായ ടയറുകൾ ,ഞാൻ കാരണം ‘അമ്മ നഷ്ടപ്പെട്ട കുറെ നാല്ക്കാലികൾ .
ചലനമറ്റ നിരത്തിലൂടെ നടക്കാനിറങ്ങിയ ഞാൻ അപരാധിയോ ,വഴിയിൽക്കണ്ട
മരണങ്ങളുടെ നിഴലുകൾ എന്നെ ഭയപ്പെടുത്തുന്നു ,ഉച്ചവെയിലിൽക്കണ്ട സ്വന്തം
നിഴലിനെപോലും ഞാൻ ഭയക്കുന്നു ,നിശ്ചലമായിപ്പോയ ഈ വീഥികളിൽ ഞാൻ
കാരണം നിശ്ചലമായ ചില ജീവിതങ്ങളെ സ്വാന്ത്വനിപ്പിക്കാൻ എനിക്ക് കഴിയില്ല ,
പക്ഷെ ഒന്നറിയാം അനാവശ്യമായി എന്തിനു ഞാൻ പുറത്തിങ്ങി .

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

വര : അനുജ സജീവ്

RECENT POSTS
Copyright © . All rights reserved