literature

39 അഭയാർത്ഥികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്ത്‌  ആദില ഹുസൈൻ മലയാളം യുകെ യിൽ എഴുതിയ കവിത “വേരില്ലാത്തവർ ” ഞങ്ങൾ വേദനയോടെ പുനഃപ്രസിദ്ധികരിക്കുന്നു ……..

 

ആദില ഹുസൈൻ | മലയാളം കവിത

ഞാൻ ഒരു ഭാരമാണ്
എന്റെ പേര് ഭൂപടങ്ങളിലില്ല
എന്നെ ഭയപ്പെട്ട് നിങ്ങൾ മതിലുകൾ പണിതു,
എനിക്കെതിരെ നിയമമുണ്ടാക്കി
ലക്ഷ്മണരേഖകൾ വരച്ചു
എന്നെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ നടത്തി
പ്രതീകവൽക്കരിച്ചു
കരളില്ലാത്തവനായി മുദ്രകുത്തി
കണ്ണീരില്ലാത്തവനായി തെറ്റിദ്ധരിച്ചു.
എന്നെ അവർ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചു
എല്ലാം കാണുന്ന ദൈവങ്ങൾ കണ്ണടച്ചു.

ഞാനെണീറ്റു നിന്നു
നിങ്ങൾ അന്ധരായഭിനയിച്ചു.
ഞാൻ ശബ്ദമുയർത്തി
നിങ്ങൾ ബധിരരായി.

ഒടുവിലംബയും കൈവെടിഞ്ഞപ്പോൾ
മറുകര പറ്റാൻ തോണിയേറി,
ഞാനൊരു കടൽത്തീരത്ത് ഭാരങ്ങൾ ഒഴിഞ്ഞു
നിങ്ങളെന്നെ ഐലാൻ കുർദി എന്ന് വിളിച്ചു.
എനിക്ക് വേണ്ടി കരയാൻ നിങ്ങളുണ്ടായിരുന്നോ?
ഇല്ല
ഉണ്ണാൻ
ഉടുക്കാൻ
കിടക്കാൻ
രമിക്കാൻ
എല്ലാം ആവശ്യത്തിലധികം നിങ്ങൾക്കുണ്ട്
പിന്നെന്തിന് ഒരു കണ്ണീർത്തുള്ളി വെറുതെ കളയണം
സമയം വിലപ്പെട്ടതാണ്
ഇനി നിങ്ങൾ നിങ്ങളിലേക്ക് മടങ്ങിക്കോളൂ
പിൻതാങ്ങാൻ ആളില്ലാത്തവന്റെ ജൽപനം
കേട്ടെന്നു നടിക്കേണ്ട.
പതുപതുത്ത ഒരു മെത്ത നിങ്ങളെ കാക്കുന്നു
മുൾപ്പടർപ്പുകൾ എരിവെയിൽ വേദന
വേട്ടയാടാൻ എന്നെയും.

 

 ആദില ഹുസൈൻ .

കായംകുളത്തു ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ , സഹോദരി :  ആൽഫിയാ ഹുസൈൻ.
ഇപ്പോൾ ജാമിയ മിലിയ ഇസ്ലാമിയ, സെൻട്രൽ യൂണിവേഴ്സിറ്റി ന്യൂ ഡൽഹിയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിക്കുന്നു. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡിറ്റിംഗ്, വിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.

സ്‌നേഹാരണ്യകം

ലണ്ടന് പുറത്ത് ബാസില്‍ഡണിലേക്കാണ് സ്ഥലംമാറ്റം. മനസ് വല്ലാതെയായി. പുറത്തെ കൊടുംതണുപ്പിലും വിയര്‍ക്കുന്നതുപോലെ തോന്നി. ഈ സ്ഥലംമാറ്റത്തിന് പിന്നില്‍ ഷൈലാമ്മ ആയിക്കൂടെ? അവരുടെ കാമലീലകള്‍ കണ്ടതിനുള്ള ശിക്ഷ. താന്‍ കണ്ടതൊന്നും ആരോടും പറഞ്ഞിട്ടില്ലെങ്കിലും തന്നെ അവര്‍ ശിക്ഷിക്കുക തന്നെ ചെയ്തു. മറ്റുള്ളവര്‍ അന്ധന്മാരെപ്പോലെ ജോലി ചെയ്യുന്നതിനാല്‍ അവര്‍ക്ക് പ്രശ്‌നമില്ല. തന്നെ മാത്രം അവര്‍ ഉന്നം വച്ചു. അവര്‍ ചെയ്ത കുറ്റത്തിന് നിരപരാധിയായ താന്‍ ശിക്ഷ അനുഭവിക്കുന്നു. അവരുടെ മനസ്സിന് ഇതിലൂടെ സംതൃപ്തി ലഭിച്ചെങ്കില്‍ അതിലവര്‍ ആനന്ദിക്കട്ടെ. എന്നാല്‍ അവളോടും അവളുടെ ഭര്‍ത്താവിനോടും കുട്ടികളോടും എനിക്ക് സഹതാപമുണ്ട്. പുരുഷന്മാരുടെ മുഖസ്തുതിയിലും പ്രലോഭനത്തിലും കുടുങ്ങുന്ന ധാരാളം സ്ത്രീകള്‍ ജോലിസ്ഥലത്തും അല്ലാതെയുമുണ്ട്.

ഇത്തരത്തിലുള്ളവര്‍ക്ക് നല്ലൊരു കുടുംബജീവിതം സാധ്യമല്ല.
ജാക്കി ചിന്താകുലനായി. ബാങ്കിലെ കാശ് ഒക്കെ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. ആ ഭാരം തലയിലുള്ളപ്പോള്‍ ഉള്ള ജോലി കളയാന്‍ വയ്യ. ജാക്കി വാച്ചിലേക്ക് നോക്കി.
ഡാനിച്ചായന്‍ വീട്ടിലെത്തിക്കാണുമായിരിക്കും. ഇതില്‍ ഡാനിച്ചായന് ഒന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമ്പനി ഒന്നാണെങ്കിലും മറ്റൊരു ഡിവിഷനില്‍ ജോലി ചെയ്യുന്ന ആളല്ലേ? ഉള്ള കാര്യങ്ങള്‍ തുറന്നു പറയനുന്നതില്‍ തെറ്റില്ല. അദ്ദേഹം വാങ്ങിത്തന്ന ജോലിയല്ലേ. മറ്റൊരു ജോലിക്ക് വേണ്ടി ഇനിയും ഡാനിച്ചായനെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. കുറെ പരിചയക്കാര്‍ ഉണ്ടല്ലോ. അവര്‍ വഴി മറ്റൊരു ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലത്. ഡാനിച്ചായനോട് തുറന്നു പറയാം ഈ സെയ്ഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ജോലിക്ക് താല്പര്യമില്ലെന്ന്.
തന്റെ വിഷയം സിവില്‍ എന്‍ജിനിയറിംഗാണ്. ഈ കാര്യം സിസ്റ്റര്‍ കാര്‍മേലിനോട് പലവട്ടം പറഞ്ഞിട്ടുണ്ട്. യാത്രകള്‍ കഴിഞ്ഞ് വരട്ടെ, ഒന്നുകൂടി സിസ്റ്ററോട് പറയാം. തടസ്സമായത് സിസ്റ്ററുടെ യാത്രകളാണ്. പുതുമ നിറഞ്ഞ ലോകത്തേക്കുള്ള അന്വേഷണം നല്ലതാണെന്നാണ് സിസ്റ്റര്‍ അവസാനമായി പറഞ്ഞത്. അത് എങ്ങനെയാണ് കണ്ടെത്തുക. സിസ്റ്ററുടെ വാക്കുകള്‍ മനസ് ബലപ്പെടുത്തിയിട്ടുണ്ട്. തിരിഞ്ഞുനോക്കാതെ മുന്നോട്ടു നടക്കുക. കുറെ ത്യാഗങ്ങള്‍ കഷ്ടങ്ങള്‍ സഹിക്കാതെ ആര്‍ക്കും ജീവിക്കാന്‍ ആകില്ല. ദൈവത്തില്‍ ഉറച്ച വിശ്വാസം ഉണ്ടാകണം. സിസ്റ്ററുടെ വാക്കുകള്‍ക്കനുസരിച്ച് ഉയരുകയാണ് വേണ്ടത്.

തുണി മാറി അടുക്കളയില്‍ കയറി ചായയ്ക്ക് വെള്ളം വച്ചു. ഇവിടെ വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ വെള്ളവും കരണ്ടും ഇല്ലാതെ വന്നിട്ടില്ല. പൈപ്പുകള്‍ വഴി ഓരോ വീട്ടിലുമെത്തുന്ന ഗ്യാസും ഇല്ലാതെ വന്നിട്ടില്ല. ഈ രാജ്യത്ത് വന്നപ്പോഴാണ് പൗരസ്വാതന്ത്യം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. പ്രകടനക്കാരോ പ്രതിഷേധക്കാരോ അധികമില്ല. എല്ലാം ശാന്തമായി സമാധാനമായി നേരിടുന്നു. മനുഷ്യന്റെ ആവശ്യങ്ങളെ അനുസരിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ ട്രെയിനും ബസ്സും വന്നുപോകുന്നതുപോലെ പോലീസും ആംമ്പുലന്‍സും വീട്ടിലെത്തും. ഇന്ത്യ പോലുള്ള രാജ്യത്തുനിന്നും വന്നെത്തുന്നവര്‍ക്ക് ഇതുപോലുള്ള കാഴ്ചകള്‍ അത്ഭുതം തന്നെയാണ്. സത്യവും നീതിയും പരിപാലിക്കുന്നതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതും അഭിമാനത്തോടെയാണ് കണ്ടത്. ചായയും ബിസ്കറ്റും കഴിച്ചുകൊണ്ടിരിക്കെ ഡാനിച്ചായനെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഡാനിച്ചായന് വിശ്വസിക്കാനായില്ല. ഒരു മലയാളി സ്ത്രീ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഡാനിച്ചായനെ അത്ഭുതപ്പെടുത്തി.
ഡാനിയേല്‍സാര്‍ ജാക്കിയോട് പറഞ്ഞു. “” ഞാന്‍ ജാക്കിയുടെ മാനേജരുമായി സംസാരിച്ച് അടുത്തുള്ള ഏതെങ്കിലും ജോബ് സെന്ററില്‍ തരാന്‍ പറഞ്ഞുനോക്കാം. ”
“”സിസ്റ്റര്‍ കാര്‍മേലുമായി സംസാരിച്ചിട്ടുണ്ട്. സിസ്റ്ററെ ഞാനൊന്ന് കണ്ടിട്ട് അഭിപ്രായം പറയാം.” ജാക്കിയുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് ഡാനിയേല്‍ സാര്‍ സംസാരം അവസാനിപ്പിച്ചു. മനസ്സിന് ഒരല്പം തളര്‍ച്ച തോന്നിയെങ്കിലും സ്വന്തം തീരുമാനത്തില്‍ പിന്നോട്ടുപോകാന്‍ തോന്നിയില്ല. വിയര്‍ക്കുന്നവന്റെ മുന്നില്‍ ആ വെളിച്ചം മാറി മറിയും. ഓരോ നിമിഷവും ആ വെളിച്ചം നമ്മെ വളര്‍ത്തി വലുതാക്കും. ആത്മാവിന്റെ മൗനം. സിസ്റ്റര്‍ കാര്‍മേലും ഡാനിച്ചായനുമാണ് തന്നെ ഇവിടെ സഹായിച്ചിട്ടുള്ളത്.

ചായ കുടി കഴിഞ്ഞ് കട്ടിലില്‍ നിവര്‍ന്നു കിടന്നു. മുറിക്കുള്ളില്‍ ടി.വി. ഇല്ലാത്തതിനാല്‍ വായനയിലും പഠനത്തിലുമാണ് സമയം ചിലവിടുന്നത്. കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ ലോകത്ത് നടക്കുന്ന കുറെ കാര്യങ്ങള്‍ അതിലൂടെ മനസ്സിലാക്കാം.
മലയാളം നോവലുകള്‍ ഈസ്റ്റ് ഹാം ലൈബ്രറിയില്‍ ഉള്ളത് ഉപകാരമായി. കട്ടിലിനരികില്‍ വച്ചിരുന്ന മലയാളി എഴുതിയ ഇംഗ്ലീഷ് നോവല്‍ “”മലബാര്‍ ഫ്‌ളെയിം ”മറിച്ചുനോക്കി. ആ നോവല്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ ഷാരോണിനോട് പറയണം. ഷാരോണിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. ഇങ്ങോട്ടു വരുന്നതിന് മുമ്പ് പാല്‍ സൊസൈറ്റിയില്‍ നിന്ന് പാല്‍ വാങ്ങി മടങ്ങവെ മുന്നില്‍ തിളങ്ങുന്ന കണ്ണുമായി ഷാരോന്‍ നിന്നത് മങ്ങാതെ നില്ക്കുന്നു.
ഷാരോന്റെ ഒപ്പം സ്വന്തം പെറ്റായ നായ കിട്ടുവുമുണ്ട്. അവള്‍ പറമ്പിലും പാടത്തും പോകുമ്പോഴൊക്കെ കിട്ടുവും ഒപ്പം ഉണ്ടാകും. ഷാരോന്‍ കരാട്ടെ പഠിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ ആദ്യമായി പഠിക്കേണ്ടത് അതാണെന്ന് തോന്നുന്നു. ഷാരോണിനോടുള്ള സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് ചിരിച്ച് നടന്നവര്‍. അവരില്‍ പ്രണയമുണ്ടെന്ന് മറ്റുള്ളവര്‍ക്കു തോന്നുമെങ്കിലും തങ്ങള്‍ ഇന്നുവരെ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. അവര്‍ ഒന്നിച്ചാണ് മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്.

താന്‍ തുടര്‍പഠനത്തിനായി ലണ്ടനിലേക്ക് പറന്നപ്പോള്‍ അവള്‍ കൊട്ടാരം കോശിയുടെ പാത തുടരാനാണ് ആഗ്രഹിച്ചത്. പോസ്റ്റ് ഗ്രാജുവേഷന്‍ എടുത്തിട്ട് എല്‍ എല്‍ ബി ക്ക് പോകുവാനാണ് ആഗ്രഹം. അതിന്റെ കാരണം ഇംഗ്ലീഷ് കൂടുതല്‍ വശമാക്കാനാണ്. ഈ വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളുടെ സിറ്റി ലോകറാങ്കില്‍ ബ്രിട്ടണ്‍ തന്നെയാണ് മുന്നില്‍. ലോകറാങ്കില്‍ ലണ്ടനിലെ ആറ് യൂണികള്‍ ഇടംതേടിയിട്ടുണ്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിയാണ് ഏറ്റവും മുന്നില്‍. അതെല്ലാം തനിക്ക് പുതിയ അറിവുകളായിരുന്നു.
അവളുടെ വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ എല്ലാം അവള്‍ പെട്ടെന്ന് അറിയുന്നു. അതുപോലെ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ കാര്യങ്ങള്‍ അറിയാമായിരുന്നു. റോഡിലൂടെ അവര്‍ മുട്ടിയുരുമ്മി സംസാരിച്ചും പുഞ്ചിരിച്ചും നടക്കുന്നത് കണ്ടാല്‍ പ്രണയജോഡികളെന്ന് കാണുന്നവര്‍ കരുതും. താന്‍ ലണ്ടനിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഷാരോണിന്റെ മനസ്സൊന്നു പിടഞ്ഞു.

പക്ഷെ അതൊന്നും പുറത്തുകാട്ടിയില്ല. പുതിയ നോവലുകള്‍ വാങ്ങാനും പഠനവിഷയങ്ങള്‍ സംസാരിക്കുന്നതിനും താന്‍ ഒരു സഹായിയാണ്. ഷാരോണില്‍ നിന്ന് അകലുമ്പോള്‍ മനസിന് വിഷമമുണ്ടായിരുന്നു. അത് മനസിനെ സങ്കീര്‍ണമാക്കുകയും ചെയ്തു.
എല്ലാം മനുഷ്യരിലും പ്രണയം ഉണ്ടെന്നല്ലേ പറയുന്നത്. മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശയുമൊക്കെ ഓരോരുത്തര്‍ ആഗ്രഹിക്കുന്ന ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. എല്ലാം മൗലികവും ആവശ്യകത നിറഞ്ഞതാണെങ്കിലും ഇരുളും നിലാവും പോലെയുള്ള ഒരവസ്ഥയാണ് ഇതിലുള്ളത്. പ്രണയം ഒരു കാരാഗ്രഹവാസം ആണോ?. ആ തടവറ കമ്പികള്‍ ഭേദിച്ച് പുറത്തുവരിക അത്ര എളുപ്പമുള്ള കാര്യമല്ല. ഷാരോണിനോട് ഇടപെട്ടിട്ടുള്ളത് നിഷ്കളങ്കമായിട്ടാണ്. യൗവനം തുളുമ്പി നില്ക്കുന്ന അവളുടെ സൗന്ദര്യത്തില്‍ ഏതുപുരുഷനാണ് ആകൃഷ്ടനാകാത്തത്. ഞങ്ങളുടെ പെരുമാറ്റത്തില്‍ പലര്‍ക്കും അങ്ങിനെ തോന്നും. ഞാനൊരിക്കലും അവളെ പ്രണയിച്ചിട്ടില്ല. ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടേ ഉള്ളൂ. ആ സ്‌നേഹവും കാരുണ്യവും എന്നും കാണണം. എന്നും അവളെ സന്തോഷവതിയായിട്ടാണ് കണ്ടിട്ടുള്ളത്. ഒരിക്കല്‍ മാത്രമേ അവളെ ദേഷ്യത്തില്‍ കണ്ടിട്ടുള്ളൂ. അതും ഒരു സഹപാഠിയുടെ കരണത്തിടിച്ചുകൊണ്ട്.
സമ്പന്ന കുടുംബത്തിലെ മക്കള്‍ കോളജ് ക്യാമ്പസില്‍ വിലസുന്ന കാലം. കഞ്ചാവും മയക്കുമരുന്നും മദ്യവും അശ്ലീലസിനിമകളും ആണ് അവരുടെ സുഹൃത്തുക്കള്‍. അവരിലൊരുവന്‍ അവളെ സിനിമയ്ക്കു വിളിച്ചു. പിന്നീട് നടത്തിയ ശൃംഗാരവാക്കുകള്‍ അവള്‍ക്കു ഇഷ്ടമായില്ല. പറഞ്ഞുതീരും മുമ്പേ അടിയും ചവിട്ടും രാജേഷിന് ഒന്നിച്ചു കിട്ടി. ഭരണാധികാരിയുട മകന്‍ കോളേജ് റോഡില്‍ മലര്‍ന്നടിച്ചു കിടന്നു. അവന്റെ കൂട്ടുകാര്‍ മുന്നോട്ടു വന്നെങ്കിലും താനും സുഹൃത്തുക്കളും പ്രതികാരഭാവത്തോടെ നില്ക്കുന്നതുകണ്ട് അവര്‍ പിന്‍മാറി.
“”ഭരണപക്ഷത്തെ എം എല്‍ എ യുടെ മകനായതുകൊണ്ട് പ്രത്യേക പദവികളൊന്നും കോളേജിലില്ല. ഞാന്‍ കോളേജില്‍ വരുന്നത് പഠിക്കാനാണ് അല്ലാതെ പ്രണയിക്കാനും പ്രണയസിനിമകള്‍ കാണാനുമല്ല. എന്നോട് അനാവശ്യം പറഞ്ഞിട്ട് ഒരുത്തനും വിലസാമെന്ന് കരുതേണ്ട. അത് ഏത് വമ്പന്റെ മോനായാലും ശരി. ഇനിയും നീ മസില്‍ കാട്ടി സ്ത്രീകളെ അപമാനിക്കാമെന്ന് കരുതേണ്ട. അഴിയെണ്ണും നീ. ഈ പറയുന്നത് കൊട്ടാരം കോശിയുടെ മകളാണ്. മറക്കണ്ട. എന്താടാ പോലീസിനെ വിളിക്കണോ? നിന്റെ ഭരണപോലീസല്ലേ? ”
രാജേഷ് ഭീതിയോടെ നോക്കി. മൂര്‍ഖനെപ്പോലെ പത്തി വിടര്‍ത്തിനിന്നവന്‍ പെട്ടെന്ന് തലയും താഴ്ത്തി കൂട്ടുകാര്‍ക്കൊപ്പം നടന്നു.

അവളുടെ വടിവൊത്ത ശരീരഭംഗിപോലെ ശക്തമായ നിലപാടിനെയും കൂടി നിന്നവര്‍ മനസ്സാലെ പുകഴ്ത്തി. അവളുടെ പ്രവൃത്തികളെല്ലാം ഇതുപോലെയാണ്. കോളേജില്‍ കാറുമായി വരുമ്പോള്‍ അതില്‍ നിറയെ കൂട്ടുകാരികളെ കയറ്റിയാണ് മടങ്ങിപ്പോകുന്നത്. അതുപോലെ പ്രായമുള്ളവരെ കാറില്‍ കയറ്റി വീട്ടിലെത്തിക്കുന്നതും അവള്‍ക്ക് ആഹ്ലാദം പകരുന്ന കാര്യമാണ്. ഇതുപോലെ അനുകമ്പയും ദയയുമുള്ള കുട്ടികള്‍ സമൂഹത്തില്‍ കുറവാണ്. സത്യത്തില്‍ അവരെയാണ് മനുഷ്യന് ആവശ്യമുള്ളത്.

ജോൺ കുറിഞ്ഞിരപ്പള്ളി

കഥയുടെ പിന്നാമ്പുറം

ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.

ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക്‌ (കൊടഗ്) ആക്രമിച്ചു. ആ കാലഘട്ടത്തില്‍ കുടക് ഭരിച്ചിരുന്നത് ഇക്കേരി നായക രാജവംശത്തിൽപെട്ട ചിക്ക വീരരാജാ ആയിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനു മുന്‍പിൽ പിടിച്ചു നിൽക്കാൻ ചിക്ക വീരരാജായ്ക്ക് കഴിഞ്ഞില്ല.

അദ്ദേഹം ബന്ദിയാക്കപ്പെട്ടു.

കേണൽ ഫ്രെയ്‌സർ പിടിച്ചെടുത്ത കുടക് ഭൂപ്രദേശത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി.ചിക്ക വീരരാജയെയും രാജവംശത്തിൽ പെട്ടവരെയും വെല്ലൂർ എന്ന സ്ഥലത്തേക്ക് കേണൽ ഫ്രെയിസർ നാടുകടത്തി.

പിന്നീട് ചിക്കവീരരാജയെയും മകൾ ഗൗരമ്മയെയും അവരുടെ ഇഷ്ടപ്രകാരം ഇംഗ്ളണ്ടിൽ പോകാൻ അനുവദിക്കുകയും അവർ അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു.ഗൗരമ്മ ഇംഗ്ളണ്ടിൽ തൻ്റെ വിദ്യാഭ്യാസം തുടർന്നു.

ഗൗരമ്മയെ റാണി വിക്ടോറിയ ദത്തെടുക്കുകയും അവർ മാമോദിസ സ്വീകരിച്ചു ക്രിസ്തു മതം സ്വീകരിക്കുകയും ചെയ്തു.ഗൗരമ്മയുടെ ഗോഡ് മദർ റാണി വിക്ടോറിയ ആയിരുന്നു എന്നത് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുമായി അവർക്ക് ഉണ്ടായിരുന്ന അടുപ്പത്തെ സൂചിപ്പിക്കുന്നു.

പിന്നീട് ഗൗരമ്മ ഒരു ബ്രിട്ടീഷ് ഓഫീസറെ വിവാഹം ചെയ്തു.ഗൗരമ്മയുടെ മരണത്തിനു ശേഷം അവരുടെ ഭർത്താവും കുട്ടിയും ഒരു ദിവസം ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായി.പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്നത് ആർക്കും അറിഞ്ഞുകൂടാത്ത ഒരു സമസ്യയായി നിലകൊള്ളുന്നു.

ചിക്ക വീരരാജാ മരിച്ചപ്പോൾ കേൻസൽ ഗ്രീൻ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു.

ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണത്തിനുകീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.കുടകിലെ ജനങ്ങൾ സന്തുഷ്ടരായിരുന്നതുകൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികൾക്ക് കാര്യമായ എതിർപ്പുകൾ നേരിടേണ്ടി വന്നില്ല.പുതിയ സ്കൂളുകൾ അരംഭിക്കപ്പെട്ടു.ജനങ്ങള്‍ വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരരായി.

ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ബ്രിട്ടീഷ് ഭരണത്തിനും എതിരായി പലരും ശബ്ദമുയർത്താൻ ശ്രമിച്ചെങ്കിലും ജനശ്രദ്ധ ലഭിക്കുകയുണ്ടായില്ല.

കുടകിൻ്റെ ഭരണം മൈസൂര്‍ കേന്ദ്രമാക്കി റസിഡൻറ് ആണ് നടത്തിവന്നിരുന്നത്.

പിന്നാമ്പുറത്തുനിന്നും മുമ്പിലേക്ക് .

കുടകിൽ മാറ്റങ്ങളുടെ കാറ്റ് വീശിയത് വളരെ വേഗത്തിൽ ആയിരുന്നു.നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളിൽ നിന്നും കൃഷി രീതികളിൽ നിന്നും പുതിയ രീതികളിലേക്ക് കുടകിലെ ജനങ്ങൾ മാറുകയായിരുന്നു.പഴയ സംസ്കാരങ്ങൾക്ക് പുതിയ മാനങ്ങൾ മാറ്റങ്ങൾ വരുത്തി. ഈസ്റ്റ് ഇന്ത്യ കമ്പനി

കുടകിൻ്റെ സമഗ്രമായ വളർച്ചക്ക് പല പദ്ധതികളും തയാറാക്കി.

കോഫി പ്ലാൻറേഷനുകൾ ശാസ്ത്രീയമായി പരിഷ്കരിച്ചു.ഓറഞ്ച് കൃഷി വ്യാപകമാക്കി.കാലാവസ്ഥക്ക് അനുസൃതമായി കൃഷിയിൽ മാറ്റങ്ങൾ വരുത്താൻ ജനങ്ങളെ പ്രേരിപ്പിച്ചു.

കുടക് മലകളിൽ കാപ്പിപൂക്കളുടെ സുഗന്ധം പരന്നു.കോടമഞ്ഞിൽ മധുര കുംഭങ്ങൾ പേറി ഓറഞ്ചു മരങ്ങൾ കൈകോർത്തു നിന്നു.

കണ്ണിനു കുളിർമയേകി വളർന്നുനിൽക്കുന്ന ഓറഞ്ച് തോട്ടങ്ങളും കാപ്പി തോട്ടങ്ങളും കുടകിലെ കൃഷിക്കാരെ പുളകം കൊള്ളിച്ചു..

ഒരു പുതിയ ജീവിത ശൈലിയുടെ ആരംഭം.

പടിഞ്ഞാറൻ സംസ്കാരങ്ങൾ കുടകിൻ്റെ കാലാവസ്തക്ക് അനുയോജ്യമായിരുന്നു.കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന കുടകിൻ്റെ സൗന്ദര്യം കാഴ്ചക്കാരെ മത്തുപിടിപ്പിച്ചു.

മൈസൂരിൽ നിന്നും ഇടക്ക് കുടക് സന്ദർശനത്തിനെത്തിയ റസിഡൻറ് മനുഷ്യസ്പപർശം അധികം ഏൽക്കാത്ത കുടകിലെ വനഭൂമി കണ്ട് അത്ഭുതപ്പെട്ടു.

മുക്കാൽ ഭാഗവും വനങ്ങളായ കുടകിൽ ആകാശം മുട്ടെ വളർന്നുനിൽക്കുന്ന തേക്കും ഈട്ടിയും കൂടാതെ ചന്ദനമരങ്ങളും അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു.

കൃഷിയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രദ്ധ കുടകിലെ (കൂർഗിലെ) നൂറ്റാണ്ടുകൾ പഴക്കമുള്ള വന വിഭവങ്ങളിലേക്ക് തിരിഞ്ഞു.

ഈ മാറ്റം കുടകിലെ കൃഷിക്കാർക്ക് മനസ്സിലായതുമില്ല.

റോസ് വുഡ്,ചന്ദനം, തേക്ക്,തുടങ്ങിയ മരങ്ങൾക്ക് ഇംഗ്ലണ്ടിൽ നല്ല മാർക്കറ്റ് കിട്ടാൻ സാദ്ധ്യതയുണ്ട് എന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അറിയാമായിരുന്നു. അത് മുറിച്ചു ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനേക്കുറിച്ച് അവർ ആലോചന ആരംഭിച്ചു.

കുടകിൻ്റെ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത വനസമ്പത്തു കൊള്ളയടിക്കുവാനുള്ള ശ്രമം ജനങ്ങൾക്ക് മനസ്സിലാകുവാൻ വളരെ താമസിച്ചു പോയി .

റോസ് വുഡ് എന്നു വിളിക്കുന്ന ഈട്ടി (വീട്ടി) തടിയിലും കുടകിലെ കാടുകളിലുള്ള ചന്ദന മരങ്ങളിലും ആയിരുന്നു അവരുടെ പ്രധാന നോട്ടം.

കുടകിൽ വളരുന്നത് ഏറ്റവും വിലപിടിപ്പുള്ള കറുത്ത വീട്ടി മരങ്ങളാണ്. വളരെ സാവകാശം വളരുന്ന വൃക്ഷമാണ് വീട്ടി. കടുപ്പവും സാമാന്യ വലിപ്പമുള്ള വീട്ടി തടിക്കു നൂറ്റാണ്ടുകളുടെ പ്രായം കാണും.

കരിവീട്ടി മുറിച്ചു ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനെക്കുറിച്ചു പഠിക്കുവാൻ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു .

വർഷം ഒന്നുകഴിഞ്ഞിട്ടും ഉത്തരവാദിത്യം ഏറ്റെടുത്തവർക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല.

പ്രാപ്തനായ ഒരാളെ കമ്പനി തേടിക്കൊണ്ടിരിക്കുമ്പോഴാണ് തലശ്ശേരിയിലുള്ള ജെയിംസ് ബ്രൈറ്റ്‌ എന്ന ബ്രിട്ടീഷ് എഞ്ചിനീയറെക്കുറിച്ച് കേൾക്കുന്നത്.

മദ്രാസ് റെസിഡന്റിൻ്റെ കീഴിലുള്ള സർവ്വെ ഡിപ്പാർട്ട് മെന്റിൻ്റെ മേധാവിയാണ് ജെയിംസ് ബ്രൈറ്റ്.

കുടകിനോട് ചേർന്നുകിടക്കുന്ന എന്നാൽ മദ്രാസ് റെസിഡൻറിൻ്റെ ഭരണത്തിന് കീഴിൽ ഉള്ള സ്ഥലമാണ് തലശ്ശേരി,മലബാറിലെ മനോഹരമായ തുറമുഖം.

ബ്രിട്ടീഷ്‌കാർ അവരുടെ പ്രധാനപ്പെട്ട കയറ്റുമതി ഇറക്കുമതി വാണിജ്യ കേന്ദ്രമായി തലശ്ശേരി തുറമുഖം ഉപയോഗിച്ചുവന്നു .

പോർച്ചുഗീസ്സ് കാരുടെയും ഫ്രഞ്ച്കാരുടെയും ആക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി തലശ്ശേരിയിൽ ഒരു കോട്ട ബ്രിട്ടീഷ് ഭരണാധികാരികൾ പണികഴിപ്പിച്ചിരുന്നു

ഈ കോട്ടക്കും തലശ്ശേരി തുറമുഖത്തിനും മദ്ധ്യത്തിലായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സർവ്വേ ഡിപ്പാർട്ടമെൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടം.

ജെയിംസ് ബ്രൈറ്റ് താമസ്സിക്കുന്ന ബംഗ്ലാവിനോട് ചേർന്നുതന്നെ ആയിരുന്നു ഓഫീസും.

ബ്രൈറ്റിൻ്റെ ഓഫീസ് കാര്യങ്ങൾ നോക്കി നടത്തുന്നത് ശങ്കരൻ നായർ, എന്ന “നായർ സാർ ,”ആയിരുന്നു നാല്പത്തഞ്ചു വയസ്സുള്ള സൗമ്യനായ മനുഷ്യൻ.എല്ലാവരോടും സ്നേഹപൂർവ്വം പെരുമാറുന്ന ശാന്തസ്വഭാവി ആണ് നായർ സാർ.

ശങ്കരൻ നായർ ഓഫീസിൽ ഒമ്പതുമണിക്കേ ഹാജരാകും.ജോലിക്കാരെ മേസ്ത്രിമാരുടെ കൂടെ കാലത്തു എട്ടുമണിക്ക് വർക്ക് സൈറ്റിൽ നായർ പറഞ്ഞു വിടും.

പതിവുപോലെ ഒമ്പതുമണിക്ക് ഓഫീസിൽ വരുമ്പോൾ ഒരാൾ കാത്തുനിൽക്കുന്നു.

“എന്താ?”

“മൈസൂരിൽനിന്നും റസിഡൻറ് അയച്ചതാണ്”

അയാൾ ഒരു കവർ നായരുടെ നേരേ നീട്ടി.

“മൈസൂരിൽ നിന്ന്?,എന്താ കാര്യം?”

“അറിഞ്ഞുകൂടാ സാർ”.

എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ആയിരിക്കാൻ സാധ്യതയുണ്ട്.

നായർ കത്തുവാങ്ങി ബ്രൈറ്റിൻ്റെ ബംഗ്ളാവിൽ കൊണ്ടുപോയി കൊടുത്തിട്ടു തിരിച്ചുവന്നു.

കത്തുവായിച്ച ജെയിംസ് ബ്രൈറ്റിന് സന്തോഷം അടക്കുവാൻ കഴിഞ്ഞില്ല.തൻ്റെ കഴിവിന് കിട്ടിയ അംഗീകാരമായി കരുതി ആ കത്ത്.

കൂർഗിലെ വനവിഭവങ്ങൾ സംഭരിക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ സാധിക്കുമോ എന്നായിയിരുന്നു ആ കത്തിൽ .

അതിസമർത്ഥനും കുശാഗ്ര ബുദ്ധിശാലിയും സാഹസികനുമായിരുന്നു ജെയിംസ് ബ്രൈറ്റ്. ചെയ്യുന്ന ജോലികളിൽ കണിശക്കാരൻ.ജോലിക്കാരോട് ക്രൂരമായി പെരുമാറുന്നതിന് അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

ബ്രൈറ്റിൻ്റെ കീഴിൽ ജോലിചെയ്യുന്നവർ അയാളെ ഭയപ്പെട്ടു.

മുപ്പത്തഞ്ചു വയസ്സേ പ്രായം ഉള്ളുവെങ്കിലും നല്ല അറിവും തൊഴിൽ പരിചയവും ഉണ്ടായിരുന്നു ബ്രൈറ്റിന്.

ബ്രൈറ്റിന് ശങ്കരൻ നായരെ വലിയ വിശ്വാസമാണ്..

എന്താവശ്യത്തിനും വിളിക്കും,”നായർ….”

“സാർ……..”,നായർ വിളിപ്പുറത്തുണ്ടാകും.

ഒരിക്കൽപോലും അയാൾ നായരെ വഴക്കുപറയുകയോ നായരോട് ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല.

ബ്രൈറ്റിൻ്റെ എല്ലാ ഉയർച്ചയുടെയും പിന്നിൽ സൗമ്യനായ നായരുടെ കൈയ്യ് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

ജെയിംസ് ബ്രൈറ്റിൻ്റെ ഭാര്യ ആൻ മരിയ ഇടക്ക് ഇംഗ്ലണ്ടിൽനിന്നും വരും. മൂന്നു നാല് മാസം താമസിച്ചിട്ടു തിരിച്ചുപോകും. മുപ്പത് വയസ്സ് പ്രായമുണ്ടെങ്കിലും ഒരു കൗമാരക്കാരിയുടെ സ്വഭാവവും ശരീര പ്രകൃതിയുമുള്ള സുന്ദരിയായിരുന്നു ആൻ മരിയ.

ആരോടും പെട്ടന്ന് സുഹൃത് ബന്ധം സ്ഥാപിക്കാൻ സമർത്ഥ ആയിരുന്നതുകൊണ്ട് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു ആൻ മരിയക്ക് .

ആൻ മരിയ വന്നുകഴിഞ്ഞാൽ ബ്രൈറ്റിൻ്റെ ബംഗ്ലാവ് ഉണരും.സംഗീതവും ഡാൻസും സുഹൃത്തുക്കളുടെ സന്ദർശനവുമായി എപ്പോഴും ശബ്ദമുഖരിതമായിരിക്കും.

എങ്കിലും അവരെ ബ്രൈറ്റിൻ്റെ അമിതമായ മദ്യപാനം വല്ലാതെ അലോസരപ്പെടുത്തിയിരുന്നു .

വൈകുന്നേരങ്ങളിൽ ബ്രൈറ്റ് മദ്യത്തിൽ അഭയം തേടുമ്പോൾ ആൻ മരിയ ലോഗൻസ് റോഡിലുള്ള ക്ലബിലെ ഡാൻസ് ഫ്ലോറിലേക്ക് പോകും.

അവരുടെ ഇടയിൽ വഴക്കും ബഹളവും ഇല്ലാത്ത ദിവസങ്ങൾ കുറവാണ്.

വഴക്കും ചീത്തവിളിയും കൂടുമ്പോൾ നായർ ആൻ മരിയയെ സമാധാനിപ്പിക്കും

.”സാരമില്ല,മദ്യത്തിൻ്റെ ലഹരിയിൽ പറയുന്നതല്ലേ?”

ആൻമരിയക്ക് ശങ്കരൻനായരെ വലിയ ഇഷ്ടവുമായിരുന്നു.

“മിസ്റ്റർ നായർ, അതെന്താണ്? ഇത് എന്താണ്?” ഇങ്ങിനെ ചോദിച്ചു കൊണ്ട് നായരെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും,കൊച്ചുകുട്ടികളെപ്പോലെ.

ജെയിംസ് ബ്രൈറ്റിൻ്റെ കീഴിൽ അമ്പതോളം തൊഴിലാളികൾ സർവ്വേ സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു.

ജോലിക്കാരിൽ രണ്ടു പേർ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം ഇന്ത്യക്കാർ.ഇന്ത്യക്കാരായ തൊഴിലാളികളെ നിയന്ത്രിച്ചിരുന്നത് “നായർ സാർ”, എന്ന് തൊഴിലാളികൾ വിളിക്കുന്ന ശങ്കരൻ നായർ ആണ്..

നായരുടെ കീഴിൽ സമർത്ഥന്മാരായ, കുഞ്ഞിരാമൻ,നാരായണൻ,ഗോപി എന്ന മേസ്തിരിമാർ ജോലിചെയ്യുന്നു.

മൂന്നുപേരും വടകര സ്വദേശികളും സുഹൃത്തുക്കളും ആണ്.

അവർക്ക് മൂന്നുപേർക്കുമായി വിഭജിച്ചു നൽകിയിരിക്കുകയാണ് ജോലിക്കാരെ.ബ്രിട്ടീഷ്‌കാരായ ജോലിക്കാർ ബ്രൈറ്റിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്..

മദ്രാസ് പ്രവിശ്യയിലെ ഡിപ്പാർട് സംബന്ധമായ മുഴുവൻ സർവ്വേ ജോലികളും ബ്രൈറ്റിൻ്റെ കീഴിൽ ആണ് നടന്നു വന്നിരുന്നത്.

ദിവസ്സവും ശങ്കരൻ നായരുമായി ബ്രൈറ്റ് സായാഹ്ന സവാരിക്കിറങ്ങും.

“നായർ……….”..ഇടക്കിടക്ക് ബ്രൈറ്റ് വിളിച്ചുകൊണ്ടിരിക്കും.

എല്ലാകാര്യങ്ങൾക്കും ബ്രൈറ്റ് ആശ്രയിക്കുക ശങ്കരൻ നായരെ ആണ്.

സായാഹ്നസവാരി കഴിഞ്ഞു തിരിച്ചുവരുമ്പോൾ നന്നേ ഇരുട്ടിയിരിക്കും.ഈ സായ്ഹ്നസവാരിക്കിടെ ബ്രൈറ്റ് ശങ്കരൻ നായരുമായി അടുത്ത ദിവസത്തെ ജോലി കാര്യങ്ങൾ ചർച്ച ചെയ്യും. ബ്രൈറ്റ് പറയുന്നത് മൂളികേട്ട് എല്ലാം നായർ കുറിച്ചുവയ്ക്കും.

മദ്യപാനം ബ്രൈറ്റിൻ്റെ ബലഹീനതയായിരുന്നു.മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് ചെയ്യുക എന്ന് പറയാൻ വയ്യ.

ബ്രൈറ്റിൻ്റെ സ്വഭാവം അറിയാവുന്നവർ കഴിവതും അയാളിൽ നിന്നും അകലം പാലിച്ചുപോന്നു .

ആൻ മരിയ ഇംഗ്ളണ്ടിൽ ആയിരിക്കുമ്പോൾ തലശ്ശേരിയിലെ കടൽ പാലത്തിൽ കാറ്റു കൊള്ളുന്നതിനായി ബ്രൈറ്റ് പോകും.

കടൽ തീരത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീകളെ നോക്കി അയാൾ വെറുതെ അനാവശ്യം പറയും.

ഇരുട്ടിൽ തലശ്ശേരിയിലെ നാട്ടുകാരുടെ കൈയ്യുടെ ബലം പലതവണ അറിഞ്ഞിട്ടുള്ളതാണ് ബ്രൈറ്റ്.

പകരം വീട്ടാൻ അടി കിട്ടുന്നതിൻ്റെ പിറ്റേ ദിവസം ബ്രൈറ്റ് പോലീസ്സ്കാരെ കൊണ്ട് വഴിയിൽ കാണുന്നവരെ തല്ലിക്കും.

പതിവായുള്ള സായാഹ്നസവാരിക്കിടയിൽ പലപ്പോഴും ബ്രൈറ്റ്നിലവിറ്റുപെരുമാറും.

വഴിയരികിലെ വീടുകളിലുള്ള സ്ത്രീകളെ മദ്യത്തിൻ്റെ ലഹരിയിൽ ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്യും. ശങ്കരൻ നായർ കഴിവതും ബ്രൈറ്റിനെ ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കും.

എല്ലാം കണ്ടും കേട്ടും ഒരു മൂകസാക്ഷിയായി നിൽക്കേണ്ടിവരും പലപ്പോഴും..

ഒരു വീട്ടിൻ്റെ മുറ്റത്തു കണ്ട സുന്ദരിയായ യുവതിയെക്കുറിച്ച് ബ്രൈറ്റ് ശങ്കരൻനായരോടു ചോദിച്ചു.

“ഹു ഈസ് ദാറ്റ് ഗേൾ?”

നായർ മിണ്ടിയില്ല.

ബ്രൈറ്റ് ചോദ്യം വീണ്ടും ആവർത്തിച്ചു.

“ഹു ഈസ് ദാറ്റ് ഗേൾ?”

അതിവ സുന്ദരി ആയിരുന്ന ആ പെൺകുട്ടിയുടെ രൂപം ബ്രൈറ്റിൻ്റെ മനസ്സിൽ ഇളക്കം സൃഷ്ടിച്ചു.

അയാളുടെ സ്വഭാവം അറിയാവുന്ന നായരുടെ ഉള്ള് ഒന്ന് കാളി.

“ദാറ്റ് ഈസ് മൈ ഡോട്ടർ……………………….എന്റെ മകളാണ് “.

സാധാരണ സായാഹ്നസവാരിക്ക് തൻ്റെ വീടിനടുത്തു കൂടി പോകാതിരിക്കാൻ ശങ്കരൻനായർ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.ഇത് പറ്റിപ്പോയി.

നായരുടെ ഒരേ ഒരു മകളാണ് ഗീത.രണ്ടു വർഷം മുമ്പു് മലമ്പനി വന്ന് ഭാര്യ മരിച്ചതിനു ശേഷം അവർ തലശ്ശേരിയിൽ വന്ന് താമസിക്കുകയാണ്.

അടുത്ത ദിവസവും അതിനടുത്ത ദിവസവും ബ്രൈറ്റ് അതേ വഴി തന്നെ നടക്കാൻ തിരഞ്ഞെടുത്തപ്പോൾ ശങ്കരൻ നായർക്ക് അസുഖം ശരിക്കും പിടികിട്ടി.

ഗീതയ്ക്ക് പതിനെട്ടു വയസ്സ് പ്രായം,പെങ്ങളുടെ മകനുമായി വിവാഹം പറഞ്ഞു വച്ചിരിക്കുകയാണ് ജാതകവശാൽ ഒരു വർഷം കൂടി കാത്തിരിക്കണം.

ഗീതയും ശങ്കരൻ നായരും തലശ്ശേരിയിലേക്ക് താമസം മാറ്റുവാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു.

ബാസൽ മിഷൻ തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളിൽ ഏതാനും സ്‌കൂളുകൾ ആരംഭിച്ചിരുന്നു.ഗീതക്ക് ഏതെങ്കിലും സ്‌കൂളിൽ ഒരു ജോലി തരപ്പെടുത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.

ബ്രൈറ്റിൻ്റെ സ്വഭാവം അറിയാമായിരുന്നതുകൊണ്ട് മകളെ എങ്ങോട്ടെങ്കിലും മാറ്റി താമസിപ്പിക്കുന്നതാണ് നല്ലത് എന്ന് ശങ്കരൻ നായർ തീരുമാനിച്ചു.

രാത്രി തന്നെ നായർ മകളേയും കൂട്ടി പെങ്ങളുടെ വീട്ടിൽ ചെന്നു.

“കുറച്ചു ദിവസം ഞാൻ ബ്രൈറ്റ് സായിപ്പിൻ്റെ കൂടെ സർവ്വേ ജോലിക്കായി ദൂരെ ഒരിടത്തു പോകുകയാണ്.”

നായർ അവരോട് കള്ളം പറഞ്ഞു.

അവർ അത് വിശ്വസിച്ചു. മകളെ അവരുടെ വീട്ടിലാക്കി നായർ തിരിച്ചപോന്നു.

അതിനുശേഷമേ ശങ്കരൻ നായർക്ക് സമാധാനമായുള്ളു.

അടുത്ത ദിവസം ആൻ മരിയ ഇംഗ്ലണ്ടിൽ നിന്നും വന്നു.

ആൻ ഇത്തവണ ആറുമാസത്തോളം തലശ്ശേരിയിൽ താമസിക്കാൻ തീരുമാനിച്ചത് നായർക്ക് ആശ്വാസമായി.

ആൻ മരിയ വന്നുകഴിഞ്ഞാൽ ബ്രൈറ്റ് കുറച്ചു മര്യാദക്കാരനാകും..

പതിവുപോലെ ബ്രൈറ്റിൻ്റെ ബംഗളാവു് അവരുടെ വരവോടു കൂടി ശബ്ദമുഖരിതമായി.

പലപ്പോഴും ആൻ മരിയ ക്ലബിലും ജെയിംസ് ബ്രൈറ്റ് മദ്യത്തിലും സംതൃപ്തി കണ്ടെത്തി.

മുൻപ് പ്ലാൻ ചെയ്തിരുന്നതുപോലെ ആറുമാസത്തിനു ശേഷം ആൻമരിയ തിരിച്ചുപോകുന്നില്ല എന്ന് തീരുമാനിച്ചു.

നായരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആശ്വാസപ്രദമായിരുന്നു.

എല്ലാ ദിവസവും കാലത്തു് ബംഗ്ലാവിനോട് ചേർന്നുള്ള ജിമ്മിൽ ആൻ മരിയ വ്യായാമം ചെയ്യുവാനായി പോകും.

പതിവുപോലെ കാലത്തു് വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോളാണ് ആൻ മരിയ ആ കാഴ്ച കാണുന്നത്.

ഒരുചെറുപ്പക്കാരൻ മൈതാനത്തെ പുൽത്തകിടിയിൽ മറ്റൊരാളുമായി ഗുസ്തി പിടിക്കുന്നു.അയാളുടെ മെയ് വഴക്കവും അഭ്യാസങ്ങളും കണ്ട് ആൻ മരിയക്ക് കൗതുകം തോന്നി.

അവൾ ഉറക്കെ വിളിച്ചു.

“ഹേയ് ”

അയാൾ നോക്കിയപ്പോൾ അവൾ കൈ കാട്ടി വിളിച്ചു.

ചെറുപ്പക്കാരൻ അടുത്തുചെന്നു.

“വാട്ട് ഈസ് യുവർ നെയിം?”

“കുഞ്ചു,കുഞ്ഞിരാമൻ”.

“വാട്ട് ഈസ് ദാറ്റ് ഗെയിം?”

“കളരിപ്പയറ്റാണ് മാഡം”

കുഞ്ചു കളരിപ്പയറ്റിൽ അതിസമർത്ഥനായിരുന്നു.കളരിപ്പയറ്റുകൊണ്ട് ജീവിതം മുൻപോട്ടു പോവില്ല എന്ന തിരിച്ചറിവിൽ ബ്രൈറ്റിൻ്റെ കീഴിൽ ജോലിക്ക് ചേർന്നതാണ് .

അങ്കം വെട്ടിയിരുന്ന കുടുംബത്തിലെ അംഗം, ഇപ്പോൾ അത്തരം അവസരങ്ങള്‍ വരാറില്ല.

ഇരുണ്ട നിറവും ഉരുക്കു പോലത്തെ ശരീരവുമുള്ള കുഞ്ചു വളരെ ഊർജ്വസ്വലനും ജോലികാര്യങ്ങളിൽ സമർത്ഥനും ആയ യുവാവ് ആണ്.

“എന്നെ കളരിപ്പയറ്റ് പഠിപ്പിക്കാമോ?”ആൻ മരിയ ചോദിച്ചു .

കുഞ്ചു ഒന്ന് സംശയിച്ചു.

“എനി പ്രോബ്ലം?”

“ഒന്നുമില്ല മാഡം”എങ്കിലും കുഞ്ചുവിന് ഒരു മടി.

“പിന്നെ?”

“പഠിക്കാൻ നന്നായിട്ട് കഠിനാദ്ധ്വാനം ചെയ്യണം”

“ഞാനല്ലേ അത് ചെയ്യേണ്ടത്?ഡോണ്ട് വറി”.അവർ വല്ലാത്ത ആവേശത്തിലാണ്.

“പക്ഷെ സ്ത്രീകളെ ഞാൻ .പഠിപ്പിക്കാറില്ല.”

“സ്ത്രീകൾ മനുഷ്യരല്ലേ?”

കുഞ്ചുവിന് ഉത്തരം മുട്ടി.

ഉടനെ തന്നെ ആൻ മരിയ ശങ്കരൻ നായരെ വിളിപ്പിച്ചു.

“കുഞ്ചുവിന് ജോലിക്കിടയിൽ പഠിപ്പിക്കുക വിഷമമായിരിക്കും”നായർ ഒഴിഞ്ഞുമാറി.

പക്ഷെ അവസാനം നായർക്ക് അവരുടെ നിർബ്ബന്ധത്തിന് വഴങ്ങേണ്ടി വന്നു.

നായരുടെ നിർബന്ധത്തിന് വഴങ്ങി കുഞ്ചു ഒഴിവു ദിവസങ്ങളിൽ ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കാൻ ആരംഭിച്ചു.

കളരിപ്പയറ്റിൽ ബോഡി പൊസിഷനിംഗ് ശരിയാകാതെ വരുമ്പോൾ കുഞ്ചുവിന് അവരുടെ കയ്യും മറ്റും പിടിച്ചു് പൊസിഷനിൽ നിർത്തേണ്ടിവരും .ആൻ മരിയക്ക് അതിൽ യാതൊരു എതിർപ്പും ഇല്ലായിരുന്നു അയാൾ മടിച്ചു നിൽക്കുമ്പോൾ ആൻ മരിയ പറയും.

“കമോൺ ,ഐ ആം എ ഹ്യൂമൻ ബിയിങ് .സിംഹം ഒന്നുമല്ല.”അവർ പ്രോത്സാഹിപ്പിക്കും.

പഠിക്കാൻ സമർത്ഥയായിരുന്നു ആൻ മരിയ.

എന്നാൽ ബ്രൈറ്റിനെ അത് അരിശം കൊള്ളിച്ചു.

ആൻ മരിയയെ കുഞ്ചു കളരിപ്പയറ്റ്‌ പഠിപ്പിക്കുന്നത് ബ്രൈറ്റിന് ഒട്ടും ഇഷ്ട്ടമായിരുന്നില്ല.എന്നാൽ അത് തുറന്നുപറയാന്‍ അയാൾക്ക് ധൈര്യവും ഇല്ലായിരുന്നു.

ആരും അടുത്തില്ലാത്തപ്പോൾ ബ്രൈറ്റ് നായരോട് ചോദിക്കും,”വാട്ട് ഈസ് ദിസ് നോൺസെൻസ് ?യു കിക്ക്‌ ഔട്ട് ദാറ്റ് ബാസ്റ്റാർഡ്”.

നായർ ഒന്നും മിണ്ടില്ല.

കുഞ്ചുവിനെ കഴിവതും ദൂര സ്ഥലങ്ങളില്‍ൽ ജോലിക്ക് അയക്കാൻ ബ്രൈറ്റ് ശങ്കരൻ നായരെ നിർബന്ധിച്ചുകൊണ്ടിരുന്നു.

രണ്ടുപേരുടെയും ഇടയിൽ കിടന്ന് ശങ്കരൻ നായർ വിഷമിച്ചു.

ജെയിംസ് ബ്രൈറ്റ്‌ ചുമതല ഏറ്റതോടുകൂടി വന വിഭവങ്ങൾ സംഭരിക്കുന്നതിനുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അന്വേഷണത്തിന് ജീവൻ വച്ചു.ബ്രൈറ്റ് സ്വന്തം നിലക്ക് റിപ്പോർട്ടുകൾ തയ്യാറാക്കി റെസിഡൻറിന് അയച്ചു കൊടുത്തു.

ഇതിനിടയില്‍ൽ രണ്ടു മൂന്ന് തവണ മൈസൂർ റെസിഡൻറിൻ്റെ താല്പര്യപ്രകാരം ജെയിംസ് ബ്രൈറ്റ് കുടക്‌ സന്ദർശിച്ചു

ഈ യാത്രകൾ കഠിനവും ക്ലേശകരവുമായിരുന്നു.റോഡും മറ്റു സൗകര്യങ്ങളും പരിമിതമായിരുന്നതുകൊണ്ട് ഓരോ യാത്രകഴിഞ്ഞുവരുമ്പോഴും ബ്രൈറ്റ് രോഗ ബാധിതനായി.

ജെയിംസ് ബ്രൈറ്റുമായി മൈസൂർ റസിഡൻറ് സംസാരിക്കുന്ന സമയത്താണ് , ഈസ്റ്റ് ഇന്ത്യ റെയിൽവേ കമ്പനി`, എന്ന പേരിൽ ഇന്ത്യൻ റെയിൽവേ രൂപീകരിക്കപ്പെടുന്നത്.

ജെയിംസ് ബ്രൈറ്റിനെ റെയിൽവേ എന്ന ആശയം ആവേശഭരിതനാക്കി.അതിൻ്റെ സാദ്ധ്യതകൾ അയാൾ നിരീക്ഷിച്ചുവന്നു.

ആ സമയത്തു് കൽക്കട്ടയിലും ബോംബെയിലും റെയിൽവേ ജോലികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു

മരിയയും കുഞ്ചുവും ആയിട്ടുള്ള അടുപ്പവും ഇടപഴകുന്നതും ബ്രൈറ്റിൻ്റെ മനോനില തെറ്റിച്ചു.അയാളുടെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞുവന്നു.

ആൻ മരിയയെ എങ്ങിനെയെങ്കിലും കളരിപ്പയറ്റ് പഠിക്കുന്നതിൽ നിന്നും പിന്മാറ്റണമെന്ന് ബ്രൈറ്റ് തീരുമാനിച്ചു. പക്ഷെ ഇക്കാര്യം നേരിട്ട് സംസാരിക്കാൻ അയാൾ തയ്യാറായില്ല.

അയാളുടെ കുടിലബുദ്ധി ഉണർന്നു

എങ്ങിനെയാണ് കുഞ്ചുവിനെ ഒഴിവാക്കേണ്ടത് എന്നതിലായി ബ്രൈറ്റിൻ്റെ ശ്രദ്ധ മുഴുവനും.

പതിവിന് വിപരീതമായി ഒരു ദിവസം കാലത്തു ജെയിംസ് ബ്രൈറ്റ് ശങ്കരൻ നായരെ വിളിപ്പിച്ചു.

ജെയിംസ് ബ്രൈറ്റിൻ്റെ പ്ലാനുകൾ കേട്ട ശങ്കരൻ നായർ അമ്പരന്നുപോയി.

ഇത് ഒരു കെണിയാണ് എന്ന് നായർക്ക് തോന്നി.എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് ജെയിംസ് ബ്രൈറ്റ് എന്നത് ശങ്കരൻ നായർ നേരത്തെ മനസ്സിലാക്കിയിട്ടുള്ളതാണ്.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

നാഴികമണിനാദം

ബഹ്‌റിനില്‍ നിന്നും തിരികെയെത്തിയ സിസ്റ്റര്‍ കാര്‍മേലിന് ഒരാഴ്ചയ്ക്കുള്ളില്‍ ബഹ്‌റിന്‍ മന്ത്രി അബ്ദുള്ളയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. പോലീസടക്കമുള്ള എല്ലാ വകുപ്പുമേധാവികളെയും രഹസ്യവിചാരണ ചെയ്തു. എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, ഹോട്ടലുകള്‍ അങ്ങിനെ എല്ലാം രംഗത്തും നിയമങ്ങള്‍ കര്‍ശനമാക്കി. വേശ്യാവൃത്തിക്ക് കൂട്ടുനില്ക്കുന്ന ഹോട്ടലുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പു നല്കി. ഇതിനൊക്കെ കൂട്ടു നില്ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്കാനും നിര്‍ദ്ദേശം നല്കി. ഈ നടപടികള്‍ കാമരോഗികളുടെ മനോവീര്യം കെടുത്തുകതന്നെചെയ്യും. വേശ്യകളുടെ പുനരധിവാസത്തിനും ആതുരശാലകളുമായി കൂട്ടിയോജിപ്പിക്കുമെന്നും സിസ്റ്റര്‍ കാര്‍മേലിന്റെ ലേഡീസ് കെയര്‍ ഗോമിന്റെ മാതൃക ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമെന്നും അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകത്തിനുള്ള ഒരു സന്ദേശമാണ്. ഏതു ദാരിദ്ര്യവും പാപവും ധാര്‍മീകമൂല്യങ്ങള്‍ക്ക് അപ്പുറമല്ല. നല്ല ഭരണാധിപന് തിന്മയെ നന്മകൊണ്ട് തകര്‍ത്തെറിയാന്‍ കഴിയും. പലരാജ്യങ്ങളിലും അധികാരികളില്‍ വിശ്വാസമില്ലാത്ത ഒരു ജനതയാണ് വളര്‍ന്നു വരുന്നത്. അതിനാല്‍ തിന്മകള്‍ വളരുന്നു.

ഭരണത്തിനെതിരെ ജനങ്ങള്‍ അണി നിരക്കുന്നു. ജനതയെ നേരായ പാതയില്‍ നടത്താന്‍ ഇവര്‍ക്കാവില്ല. സിസ്റ്റര്‍ കാര്‍മേല്‍ ജനാലയിലൂടെ വൈകിയെത്തിയ സൂര്യപ്രകാശത്തെ നോക്കിയിരുന്നു. സ്‌നേഹവും സത്യവും പ്രകാശത്തിനൊപ്പമാണ്. ഇരുട്ടിനൊപ്പം പോകാന്‍ അവര്‍ക്കാവില്ല. അവരുടെ പ്രതീക്ഷകളെ സ്വപ്നങ്ങളെ ആര്‍ക്കും തല്ലിക്കെടുത്താനാകില്ല. മനുഷ്യമനസ്സിനെ ഇരുളില്‍നിന്ന് ഇല്ലായ്മ ചെയ്ണം . ഈ പ്രകാശത്തിന്‍ തിളക്കമുള്ള ഒരു നിഴലായി ജീവിച്ചുമരിക്കാനാണ് മോഹം. നമുക്ക് ലഭിക്കുന്ന പ്രകാശത്തിന് പേലും സ്‌നേഹവും അനുകമ്പയും കാരുണ്യവുമുണ്ട്. ആ കാരുണ്യത്തിലല്ലേ ഓരോ സസ്യങ്ങളും മരങ്ങളും വളര്‍ന്ന് നമുക്ക് ഭക്ഷിക്കാന്‍ ധാന്യങ്ങളും മധുരങ്ങളും കായ്കനികളും നല്കുന്നത്. ഒരു മരം നല്കുന്ന സ്‌നേഹവും കാരുണ്യവും കരുതലും മനുഷ്യനില്ലാത്തത് എന്താണ്?

പുറത്തെ പ്രകാശത്തില്‍ മുഴുകിയിരുന്ന സിസ്റ്റര്‍ കാര്‍മേല്‍ സിസ്റ്റര്‍ നോറിന്‍ അകത്ത് വന്നത് കണ്ടില്ല. സിസ്റ്റര്‍ പുറത്തേക്ക് നോക്കി മയങ്ങി ഇരിക്കുന്നത് എന്താണ്? കഴിഞ്ഞ രാത്രിയില്‍ ശരിക്കുറങ്ങിയില്ലേ? സിസ്റ്റര്‍ ശങ്കിച്ചു നിന്നു. ചിലപ്പോള്‍ സിസ്റ്റര്‍ ഇങ്ങനെയാണ്. കസേരയിലാണെങ്കിലും ധ്യാനത്തില്‍ മുഴുകിയിരിക്കും. എത്ര ശ്രമിച്ചിട്ടും അതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പാപത്തില്‍ അകപ്പെട്ടുപോയ വേശ്യകള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമല്ലേ. അതായിരിക്കാം മനസ് എപ്പോഴും സംഘര്‍ഷമാകുന്നത്. സുഖഭോഗജീവിതം നയിക്കുന്നവരെയും ആ വ്യവസ്ഥിതിയെയും വലിച്ചെറിയുക അത്ര എളുപ്പമല്ലെന്ന് സിസ്റ്റര്‍ നോറിന് അറിയാം.
“”ഗുഡ് മോര്‍ണിംഗ് സിസ്റ്റര്‍”
സിസ്റ്റര്‍ കാര്‍മേല്‍ തിരിഞ്ഞുനോക്കി പുഞ്ചിരിയോടെ പറഞ്ഞു “”ഗുഡ്‌മോര്‍ണിംഗ്”
“”എന്താണ് സിസ്റ്റര്‍ ആലോചിക്കുന്നത്”
“”ഞാന്‍ പ്രകാശത്തിന്റെ നന്മകളെക്കുറിച്ചോര്‍ക്കയായിരുന്നു. ”
“”സത്യം വെളിച്ചമാണ്.അത് മനസ്സിലാക്കാന്‍ മനുഷ്യന് കഴിയുന്നില്ല” സിസ്റ്റര്‍ നോറിന്‍ സന്തോഷത്തോടെ മറുപടി പറഞ്ഞു.

“”ഞാന്‍ വന്നത് നന്ദി പറയാനാണ്. ബഹ്‌റിനിലെ ഭരണാധികാരിയുടെ കത്ത് വായിച്ചു. ആ യാത്രക്ക് ഫലമുണ്ടായി. ഇതുപോലെ മറ്റു രാജ്യങ്ങളില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ഉണ്ടാകട്ടെ.” ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് പ്രാധാന്യം. അവരുടെ സഹകരണവും സാമ്പത്തിക സഹായവുമൊക്കെ തുടര്‍ന്നും ഉണ്ടാകണമെങ്കില്‍ അവരുടെ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനാവില്ല.”
“”എന്റെ ബഹ്‌റിന്‍ യാത്രയുടെ വെളിച്ചത്തില്‍ ഒരു കാര്യം ബോധ്യമായി. ദരിദ്രരാജ്യത്തെ ജനാധിപത്യത്തെക്കാള്‍ നല്ലത് ബഹ്‌റിലെ രാജഭരണം തന്നെയാണ്. ഞാന്‍ അവതരിപ്പിച്ച വിഷയത്തില്‍ എത്ര പെട്ടെന്നാണ് നടപടികളുണ്ടായത്. പരിചയമുള്ള ഒരു സ്കൂള്‍ പ്രിന്‍സിപ്പിള്‍ നിര്‍മലയുടെ വീട്ടിലായിരുന്നു ഞങ്ങള്‍ക്ക് ഊണ്. സമയം കുറവായതിനാല്‍ അവരുടെ സ്കൂള്‍കുട്ടികളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ല. നിര്‍മ്മല ഇന്നലെ വിളിച്ചിരുന്നു. പോലീസ് മൊത്തം അരിച്ചുപെറുക്കുകയാണെന്നും സംശയാസ്പദമായി കാണുന്നവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുന്നു എന്നും നിര്‍മ്മല പറഞ്ഞു.”
“”ഇനി ഇന്ത്യയിലേക്ക് പോകണം. അവിടെ ഒരു മാസമെങ്കിലും താമസിക്കണം. എന്നെ സ്വീകരിക്കാന്‍ എന്റെ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. ഞാന്‍ പഠിച്ചു വളര്‍ന്ന സ്ഥലം അല്ലെ? ”

കാര്‍മേലിന്റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം അലയടിച്ചു. ജന്മനാടിന്റെ മഹത്വം സിസ്റ്റര്‍ നോറിനറിയാം. സമയം കിട്ടുമ്പോഴൊക്കെ തന്റെ ജന്മദേശമായ സ്‌കോട്‌ലണ്ടിലേക്ക് പോകാറുണ്ട്. അതിനാല്‍ സിസ്റ്ററുടെ ആഗ്രഹത്തിന് എതിരഭിപ്രായം പറയാന്‍ തനിക്ക് എങ്ങനെ കഴിയും? എത്രയോ വര്‍ഷമായി ഈ സ്ഥാപനത്തിന്റെ വെളിച്ചമാണ് ഈ ദൈവദാസി. സ്വന്തം നാട്ടിലേക്ക് അവരും പോകട്ടെ.
“”ഒരു നീണ്ട യാത്ര എനിക്കിവിടെ ബുദ്ധിമുട്ടുണ്ടാക്കും. എന്നാലും സിസ്റ്റര്‍ക്ക് എത്രനാള്‍ വേണമെങ്കിലും ഇന്ത്യയില്‍ കഴിയാം. കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ കഴിയുമല്ലോ. സത്യം പറയാമല്ലോ കേരളം കാണാന്‍ എനിക്കും വളരെ കൊതിയാണ്. നമ്മള്‍ രണ്ട് പേരും ഇവിടെനിന്നും മാറി നില്ക്കാനും പാടില്ല.” “” ങ്ഹാ! പാടില്ല. ഞാന്‍ പ്രാര്‍ത്ഥന കഴിഞ്ഞിട്ടുവരാം സിസ്റ്റര്‍.” ഞാന്‍ പെട്ടെന്ന് സിസ്റ്റര്‍ നോറിന്റെ കവിളത്ത് ഒരു ചുംബനം കൊടുത്തിട്ട് പ്രാര്‍ത്ഥനാമുറിയിലേക്ക് പോയി. സിസ്റ്റര്‍ നോറിന്‍ ആ പോക്ക് സന്തോഷത്തോടെ നോക്കി നിന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഒപ്പമുണ്ടെങ്കില്‍ എല്ലായിടത്തും ഒരു ശ്രദ്ധയുണ്ട്. സിസ്റ്റര്‍ പോയാല്‍ പ്രഭാഷണങ്ങള്‍ ആരു നടത്തും.

രോഗികള്‍ വര്‍ദ്ധിച്ചാല്‍ സഹായത്തിന് ആരുണ്ട്. എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തില്ലേ? എന്തെങ്കിലും അത്യാവശ്യ യാത്രകള്‍ വന്നാല്‍ ആരാണ് പോകുക? ആശുപത്രിയുടെയും മറ്റു കാര്യങ്ങളുടെയും ഉത്തരവാദിത്വം ആരെ ഏല്പിക്കും. സിസ്റ്റര്‍ നോറിന്‍ ആലോചനയോടെ നിന്നു. സിസ്റ്റര്‍ക്ക് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ റോമില്‍ നിന്നുള്ള അനുമതി വേണം. അവിടുത്തെ ഡയറക്ടറോട് കാര്യങ്ങള്‍ അവതരിപ്പിക്കാം. അവരും സമ്മതിക്കണം. സിസ്റ്റര്‍ കാര്‍മേല്‍ ഇറ്റലി യാത്രയില്‍ അവര്‍ കൂടി സംസാരിക്കട്ടെ. അങ്ങോട്ടുള്ള യാത്രയും സിസ്റ്റര്‍ കര്‍മേലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ ഒരാളെ കണ്ടെത്തണം. ഒരാഴ്ച നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ ദൈവത്തെ സേവിപ്പാന്‍ കഴിവുള്ള ഒരാളെ കണ്ടെത്തണം.
സൂര്യന്റെ സഞ്ചാരപദം പടിഞ്ഞാറേക്കു മാറിയ സമയം കെയര്‍ ഹോമിലെ കൃഷിക്കാരായ സ്ത്രീകള്‍ വിളവെടുപ്പിനായി കൃഷിസ്ഥലത്തേക്കിറങ്ങി. അവരുടെ ഇടയില്‍ സിസ്റ്റര്‍ കാര്‍മേലും സിസ്റ്റര്‍ നോറിനും ഉണ്ട്. തക്കാളിയുടെ വിളവെടുപ്പായിരുന്നു അന്ന്. മെര്‍ളിനും ഫാത്തിമയും പയര്‍ പറിക്കുകയാണ്. കൃഷിക്കിറങ്ങിയവരെ സിസ്റ്റര്‍ അഭിനന്ദിച്ചു. പെട്ടെന്ന് ആകാശം ഇരുണ്ടു കാണപ്പെട്ടു.സൂര്യരശ്മികള്‍ എങ്ങോ പോയൊളിച്ചു. കനത്ത മഴ പെയ്യാന്‍ തുടങ്ങി. പച്ചക്കറികളുമായി അവര്‍ അകത്തേക്ക് ഓടി.

മാസങ്ങള്‍ കഴിഞ്ഞു. തണുപ്പും മഞ്ഞും പ്രകൃതിയെ മൂടിപ്പുതച്ചു. ജാക്കിയും സിസ്റ്റര്‍ കാര്‍മേലും പലവട്ടം ഫോണില്‍ സംസാരിച്ചു.
ഈസ്റ്റ് ലണ്ടനിലെ ജോബ് സെന്റര്‍ പ്ലസിലേക്ക് മൂടിപ്പുതച്ചു കിടന്ന മഞ്ഞിലൂടെ ജാക്കി മുന്നോട്ടു നടന്നു. ഇടയ്ക്കിടെ അന്തരീക്ഷത്തില്‍ വെളുത്ത നിറത്തിലുള്ള മഞ്ഞുപൂക്കള്‍ ഭൂമിയിലേക്ക് പതിക്കുന്നു. മഞ്ഞും മഞ്ഞുവീഴ്ചയും മഞ്ഞുപൂക്കളും ജാക്കിക്ക് പുതിയ അനുഭവങ്ങളാണ്. ഇതിനിടയില്‍ തണുത്ത കാറ്റും വീശിയടിക്കുന്നുണ്ട്. ജോബ് സെന്ററിലെത്തി മുറിയുടെ രഹസ്യ നമ്പര്‍ അമര്‍ത്തി കതക് തുറന്ന് അകത്തു പ്രവേശിച്ചു. സെക്യൂരിറ്റി മുറിയുടെ കതക് തുറന്നയുടനെ അടുത്ത വാതിലിലൂടെ ജോബ് സെന്ററിലെ ജോലിക്കാരിയും മലയാളി സ്ത്രീയുമായ ഷൈലാമ്മ ധൃതിയില്‍ പോകുന്നതു കണ്ടു.

സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ ഇംഗ്ലീഷുകാരനായ ഡേവിഡ് ലൂയിസ് ആണ്. ജോബ് സെന്റര്‍ രാവിലെ ഒന്‍പത് മണിക്കാണ് തുറക്കുന്നതെങ്കിലും അത് തുറക്കേണ്ടത് എട്ടുമണിക്കാണ്. ആ ജോലി ചെയ്യുന്നത് സൂപ്പര്‍വൈസറാണ്. ഈ സ്ത്രീ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. അവര്‍ രാവിലെ വരുന്നത് എന്തിനാണ്? സ്കൂളില്‍ നിന്ന് എട്ടു വയസുള്ള മൂത്തമകള്‍ സ്കൂള്‍ കഴിഞ്ഞ് ജോബ് സെന്ററില്‍ വരുന്നത് പല ദിവസങ്ങളിലും കണ്ടിട്ടുണ്ട്.

ഷൈലാമ്മയുടെ മാതാപിതാക്കള്‍ സിങ്കപ്പൂരില്‍ നിന്ന് വന്നിട്ടുള്ള മലയാളികളാണ്. ചിലപ്പോഴൊക്കെ ഈ സ്ത്രീയുടെ വഴിവിട്ട ബന്ധങ്ങള്‍ കണ്ണില്‍ പെടുകയും ചെയ്തു. ഒരു ദിവസം കണ്ട കാഴ്ച സെക്യൂരിറ്റിയുടെ മുറിക്കുള്ളില്‍ ഷൈലാമ്മയെ ഡേവീസ് ലൂയിസ് മുകളിലേക്ക് ഉയര്‍ത്തുന്ന കാഴ്ചയാണ്. കുടുംബവും കുഞ്ഞുങ്ങളുമായി കഴിയുന്ന ഈ സ്ത്രീ എന്തിനിങ്ങനെ!. ഇവരുടെ ബന്ധത്തെപ്പറ്റി ജോബ്‌സെന്ററില്‍ എല്ലാവര്‍ക്കുമറിയാം. മറ്റു പല രാജ്യത്തുനിന്നുള്ള സ്ത്രീകളും ഇവിടെ ജോലിയിലുണ്ട്. ഇവര്‍ മാത്രമാണ് ഇങ്ങനെ വഴിവിട്ടു നടക്കുന്നത്. ഇവര്‍ മലയാളികള്‍ക്ക് തന്നെ അപമാനമാണ്. വന്നപ്പോള്‍ മലയാളി എന്നറിഞ്ഞതില്‍ സന്തോഷം തോന്നിയിരുന്നു.

പക്ഷെ മലയാളം അവര്‍ക്ക് ഇഷ്ടമല്ല. ഒരു മലയാളി മറ്റൊരു മലയാളിയെ പരിചയപ്പെട്ട മാനസിക സംഘര്‍ഷം ഇപ്പോഴും മനസ്സിലുണ്ട്. വിദേശത്ത് എല്ലാ മലയാളികള്‍ക്കും മലയാളം ഇഷ്ടമല്ലെന്ന് അന്നാണ് മനസ്സിലായത്. അതിന് ശേഷം ഒരു മലയാളിയോടും മലയാളത്തിന്റെ മഹത്വം താന്‍ വിളമ്പാറില്ല. മാതൃഭാഷയെ ബഹുമാനിക്കാത്ത, മലയാളത്തെ പീഡിപ്പിക്കുന്ന മലയാളികള്‍ പലയിടത്തുമുണ്ട്. അവളുടെ ചുണ്ടിലെ ചുവപ്പു നിറവും മുഖത്തെ ചായങ്ങളും ആഡംബരവസ്ത്രങ്ങളും അവളെക്കുറിച്ച് കൂടുതലറിയാന്‍ തന്നെ പ്രേരിപ്പിച്ചു. അവിടുത്തെ മറ്റു മലയാളികള്‍ നന്നായി തന്നെയാണ് തന്നോട് ഇടപെട്ടത്. അവരെല്ലാവരും സന്തോഷമുള്ളവരായിരുന്നു. ഷൈലാമ്മയ്ക്ക് തന്നോട് അമര്‍ഷമുണ്ട്. ഞാന്‍ കണ്ട കാഴ്ചകള്‍ ഇവരുടെ സമനില തെറ്റിച്ചുകാണാം. അതാണ് ശൗര്യത്തിന്റെ ജ്വാലകള്‍ അവരുടെ കണ്ണുകളില്‍ എരിയുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ജോബ് സെന്ററില്‍ തൊഴിലില്ലാ വേതനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങാന്‍ വരുന്നവരോടുള്ള ഇവരുടെ ഇടപെടലും കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.
ജോലി കഴിഞ്ഞ് മുറിയിലെത്തിയ ജാക്കി കട്ടിലില്‍ കിടന്ന കത്ത് തുറന്നു വായിച്ചു. സ്ഥലംമാറ്റം അറിയിച്ചുകൊണ്ടുള്ള കത്താണ്.

മഹിത ദിലീപ്

എന്തിനു നീയെന്റെ ജീവന്റെ ജീവനായ്

എന്നിലെ ആത്മാവിൻ നൊമ്പരമായ്

കടലിനു തിരപോലെ കായലിന് ഓളം പോൽ

അറിയാതെൻ ആത്മാവിൽ ലയിച്ചു പോയി നീ

കളിയായ് ചിരിയായ് കളിവാക്കായ് ജീവിതം

അവസാനം തോരാത്ത മഴ പോലാവോ

അറിയുന്നു ഞാൻ ഇന്നു നിന്നെയും

നിന്റെ പ്രണയത്തെയും തിരിച്ചറിയുന്നു ഞാൻ

വിധിയോ ഈശ്വര ഹിതമോ അറിയില്ലി

കാലചക്രത്തിന്റെ കാരുണ്യമോ

അറിയുന്നു ഞാൻ എന്റെ ജീവിത ഭാഗ്യം

നിൻ പ്രണയത്തെ അനുഭവിച്ചതു തന്നെയാ

എന്നിലെ ഏകാന്ത ഭാവന തീരത്തു

നിന്നെ കുറിച്ചു കിനാവു മാത്രം

നമ്മിലെ സ്നേഹത്തിൻ തീവ്ര ശരങ്ങളിൽ

അലിയുന്നു നാം തമ്മിൽ അണയുവോളം

എന്തിനു നീ എന്റെ ജീവന്റെ ജീവനായ്

എന്നിലെ ആത്മാവിൻ നൊമ്പരമായ്

കടലിനു തിരപോലെ കായലിന് ഓളം പോൽ

അറിയാതെൻ ആത്മാവിൽ ലയിച്ചു പോയ്‌ നീ

 

 

മഹിത ദിലീപ്

തിരുവല്ല മക്‌ഫാസ്റ് കോളേജിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ  . ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ദുബായ് , ഷാർജ, ബഹ്‌റൈൻ, മസ്കറ്റ് എന്നിവടങ്ങളിൽ ലൈബ്രേറിയൻ ആയി ജോലി അനുഷ്ടിച്ചു. കപ്ലാമ്മൂട്ടിൽ പരേതനായ ശ്രീമാൻ കെ എൻ മണിയുടെയും ശ്രീമതി രാജമ്മ മണിയുടെയും മകൾ. ഭർത്താവ് ദിലീപ് ചന്ദ്രൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയർ ആണ് . മക്കൾ :ആത്മജ്‌, ആവു ഷിൻ. സാമൂഹിക , രാഷ്ട്രീയ, സാഹിത്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി

കഥാസൂചന

മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായിബന്ധപ്പെട്ടുകിടക്കുന്നു  അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ.

രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.

ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ വിലാസങ്ങൾക്കനുസരിച്ച് വളച്ച് ഒടിക്കപ്പെടുന്നുണ്ട്

ഈ കഥ എൻ്റെ , വായനക്കാരുടെ ഔചിത്യബോധത്തിന് വിടുന്നു എന്നു പറയുന്നത് മുൻ‌കൂർ ജാമ്യം എടുക്കുന്നതുപോലെ തോന്നാം.

കുടകിൻ്റെ ചരിത്രവും ആയി ചേർന്ന് കിടക്കുന്ന ഈ കഥയ്ക്ക് സാധാരണ നോവലുകൾ എഴുതുന്ന രീതികളിൽനിന്നും വ്യത്യസ്തമായ മാർഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്.അത് ഒരു നോവലിൻ്റെകൃത്യമായ ഫ്രെയിമിനുള്ളിൽ നിന്നും ചിലപ്പോഴൊക്കെ പുറത്തുചാടേണ്ടി വരുന്നതിനാലാണ് . അതിൻ്റെ ഒരു കാരണം ഇരുന്നൂറു വർഷങ്ങൾക്കു പിന്നിലുള്ള ചരിത്രവും സംസ്കാരവും എന്നെ സംബന്ധിച്ചിടത്തോളം പരിചിതമല്ല എന്നതാണ്

.പിറകിലേക്ക് നോക്കി നടക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത പോലെ എന്തോ ഒന്ന് എഴുതുമ്പോൾ എനിക്ക് അനുഭവപ്പെടുന്നു.വായനക്കാരുടെ അനുഭവം വ്യത്യസ്തമാകാം.

മൂലകഥ, എൻ്റെ കയ്യിൽ കിട്ടുന്നത് വെറും വൺ ലൈൻ സ്റ്റോറി ആയിട്ടാണ്

എൻ്റെ കുട്ടിക്കാലത്ത് കൂട്ടുപുഴ വഴി മൈസൂർക്ക് യാത്ര ചെയ്ത എൻ്റെ ചേട്ടൻ കർണ്ണാടക റിസേർവ് ഫോറെസ്റ്റിന് നടുവിൽക്കൂടിയുള്ള റോഡിൻ്റെ അരികിൽ കണ്ട ഒരു ബോർഡിനെക്കുറിച്ച് പറയുന്നത് കേൾക്കാൻ ഇടയായി.ആ ബോർഡിൽ കണ്ട സ്ഥലപ്പേരാണ് മേമനെകൊല്ലി.

ഞാൻ അപ്പോൾ പ്രൈമറി സ്‌കൂളിൽ മൂന്നാം ക്‌ളാസിൽ പഠിക്കുകയാണ്. രസകരമായി തോന്നിയ ആ പേരിനേക്കുറിച്ചു ചേട്ടനോട് ചോദിച്ചപ്പോൾ ഒരു സ്ഥലത്തിൻ്റെ പേര് എന്നതിൽ കവിഞ്ഞു കൂടുതൽ വിവരങ്ങൾ അറിയില്ല.

ജിജ്ഞാസ അടങ്ങാതെ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞുതന്ന വൺ ലൈൻ സ്റ്റോറിയിൽ നിന്ന് കഥ ആരംഭിക്കുന്നു.

മനസ്സിൽ പതിഞ്ഞുകിടന്ന ആ വൺ ലൈൻ സ്റ്റോറി പൊടി തട്ടി പുറത്തു എടുക്കുന്നു.

കർണ്ണാടക സംസ്ഥാനത്തിൻ്റെ റിസർവ്വ് ഫോറസ്റ്റിന് ഉള്ളിൽ കൂടിയാണ്കൂട്ടുപുഴ മൈസൂർ റോഡ് കടന്നു പോകുന്നത്. ഇന്ന് ഈ വഴിയുള്ള യാത്ര സുഖകരമാണ്. എന്നാൽ ഒരുകാലത്ത് വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിൻ്റെ ഇരുവശവും അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു പ്രദേശമായിരുന്നു, കൂട്ടുപുഴ മാക്കൂട്ടം വഴിയുള്ള വീരരാജ്പേട്ട മൈസൂർ റോഡ്. വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് കാട്ടാനക്കൂട്ടങ്ങളുടേയും കടുവകളുടേയും വിഹാരകേന്ദ്രങ്ങളായിരുന്നു ഈ പ്രദേശം.

നട്ടുച്ചക്കുപോലും ഇരുൾ മൂടിയ വഴികൾ. വൃക്ഷങ്ങൾ വളർന്നു പടർന്നു പന്തലിച്ചു കിടക്കുന്ന ഈ കൊടുംകാട്ടിൽ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുക വിരളമായ കാഴ്ച ആയിരിക്കും.പെരുമ്പാമ്പുകളും അതിലും വലിയ മലമ്പാമ്പുകളും സർവ്വസാധാരണമായിരുന്നു.അതുകൊണ്ട് ഉൾവനങ്ങളിൽ പ്രവേശിക്കുന്ന നായാട്ടുകാരും ആദിവാസികളും വളരെ മുൻ കരുതലുകളോടെ മാത്രമേ പോകാറുള്ളൂ.

അധികം മനുഷ്യസ്പർശം ഏൽക്കാത്ത ഈ കാടുകളിൽ രാജവെമ്പാലകളും അണലികളും കൂടാതെ പലതരത്തിലുള്ള വിഷപ്പാമ്പുകൾ കടന്നൽ കൂടുകൾ ,അങ്ങിനെ മനുഷ്യരെ ഭയപ്പെടുത്തുന്ന ധാരാളം സാഹചര്യങ്ങൾ നിലനിന്നിരുന്നു.നായാട്ടിനായി വനത്തിൽ കയറുന്നവരുടെ പേടിസ്വപ്നമായിരുന്നു പെട്ടന്ന് മുൻപിൽ പ്രത്യക്ഷപെടുന്ന കടുവകൾ. നായാട്ടുകൂട്ടങ്ങളുടെ ഒന്നിച്ചുള്ള നായ്ക്കൾ കടുവകളുടെ ഇഷ്ടഭക്ഷണമായിരുന്നു.

കാട്ടിൽക്കൂടി ഒഴുകിയെത്തുന്ന മൂന്നു പുഴകളുടെ സംഗമസ്ഥലമാണ് കൂട്ടുപുഴ.

ഒരുകാലത്തു് പടുകുറ്റൻ കാട്ടുമരങ്ങളും കരിവീട്ടി പോലെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങളാൽ സമ്പന്നമായ ഒരു ഭൂവിഭാഗമായിരുന്നു കൊടഗ് അല്ലങ്കിൽ കുടക് എന്നു വിളിക്കുന്ന ഈ പ്രദേശം.

മാക്കൂട്ടത്തുനിന്ന് ആരംഭിക്കുന്ന ഹെയർ പിൻ വളവുകളം കയറ്റങ്ങളം ഇറക്കങ്ങളും ഏതാണ്ട് വീരരാജ്പേട്ട വരെ തുടരും.

മാക്കൂട്ടത്തുനിന്ന് ഏകദേശം പത്തുകിലോമീറ്റർ വീരരാജ്പേട്ട ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ കൊടും വളവുകളും ഗർത്തങ്ങളും മറ്റും ഉണ്ടായിരുന്ന മേമനെകൊല്ലി ആയി . ഇന്ന് ഗർത്തങ്ങൾ മണ്ണ് ഇടിഞ്ഞു വീണ് നിരന്നു പോയിരിക്കുന്നു.അതോടൊപ്പം ഇന്ന് മേമനെകൊല്ലി എന്ന സ്ഥലവും വിസ്മൃതിയിലായി എന്ന് പറയാം.

എന്തിന് കൊല്ലി എന്ന വാക്ക് പോലും ഇന്ന് അധികം ഉപയോഗിക്കപ്പെടുന്നില്ല.

.റോഡുകൾ പുതുക്കി വീതികൂട്ടി നല്ല രീതിയിൽ പണിതു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഇന്നും ശ്രദ്ധിച്ചാൽ പഴമയുടെ അവശിഷ്ട്ടങ്ങൾ കാണാനുണ്ട്.ഒരു കയറ്റവും കൊടിയവളവും ഇന്നും മേമനെകൊല്ലി എന്നു വിളിച്ചിരുന്ന സ്ഥലത്ത് നിലനിൽക്കുന്നുണ്ട്.അവിടെ നിന്നും ഏതാണ്ട് രണ്ടുകിലോമീറ്റർ മാറി ഒരു ചെറിയ ചായപ്പീടിക വനമദ്ധ്യത്തിലെ റോഡരുകിൽ കാണാം. സമീപത്തു തന്നെ ശുദ്ധ ജലവും ലഭ്യമായതുകൊണ്ട് ദീർഘദൂരം ഓടുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഇവിടെ നിർത്തി വിശ്രമിക്കാറുണ്ട്.

ഇന്ന് എവിടെയും മേമനെകൊല്ലി എന്ന ബോർഡ് കാണാനില്ല. വിചിത്രമായ ഈ പേരിൻ്റെ പിന്നിൽ ഒരു ചരിത്രം കാണാതിരിക്കില്ല.പഴമക്കാരുടെ വായ്ത്താരികളല്ലാതെ മറ്റു വിവരങ്ങൾ ലഭ്യമല്ല.ഇന്ന് ഗവണ്മെന്റ് രേഖകളിൽ മേമനെകൊല്ലി എന്ന പേർ ഉള്ളതായി അറിവില്ല.

എങ്കിലും മേമനെകൊല്ലി എന്ന് വിളിക്കുന്ന സ്ഥലത്തിനടുത്തുള്ള ചായക്കടയിൽ, വിശ്രമത്തിനായി നിർത്തുന്ന ബസുകളിലെ യാത്രക്കാർ പലപ്പോഴും മേമനെകൊല്ലി എന്ന പേർ കേട്ട് അത് എന്താണ് എന്ന ചോദിക്കാറുണ്ട്.

തലമുറകളായി ആവർത്തിക്കുന്ന കഥയും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നു.അതിൽ കുറെയെങ്കിലും സത്യം കണ്ടേക്കാം. എങ്കിലും പരസ്പര വിരുദ്ധങ്ങളായ ഈ കഥകളെ ആശയിക്കാതെ ഞാൻ എൻ്റെ ഓർമ്മയിലുള്ള വൺ ലൈൻ സ്റ്റോറിയിൽ നിന്ന് ആരംഭിക്കുന്നു –

ഏതാണ്ട് രണ്ടു നൂറ്റാണ്ട് പഴക്കമുള്ള കഥ.

ഇപ്പോൾ വായനക്കാർക്ക് എന്തായിരുന്നു ആ “വൺ ലൈൻ സ്റ്റോറി”, എന്നറിയുവാൻ താല്പര്യം കാണും.

കഥാന്ത്യം വരെ കാത്തിരിക്കുക

 

(തുടരും )

ജോൺ കുറിഞ്ഞിരപ്പള്ളി

എം . ഡൊമനിക്

ചേട്ടാ, ഇന്നലെ ഞാൻ ഡ്യൂട്ടി യ്ക്ക് ചെന്നപ്പോൾ നമ്മടെ മോളി പറയുവാ അവര് ഈ പ്രാവശ്യം അവധിയ്ക്ക് പോയത് നാട്ടിൽ അല്ല, ടർക്കിയിൽ ആണെന്ന്. ഭാര്യ സൂസമ്മ  പറഞ്ഞ  ഈ വിശേഷം കേട്ട് കൊണ്ടാണ് ശ്രീമാൻ  വർക്കി ബാത്‌റൂമിൽ  നിന്നും  മുഖം  കഴുകി, ടർക്കിയിൽ മുഖവും  തുടച്ച്
ഇറങ്ങി വന്നത്. അയാൾ ഭാര്യ യോട് ചോദിച്ചു.”അതിന് അവരുടെ ആരാ തുർക്കിയില് ഉള്ളത്”?

അയ്യോ ചേട്ടാ അവരുടെ ആരും ടർക്കിയിൽ ഇല്ല. അവര് ഹോളിഡേയ്ക്ക് പോയതാ അവിടെ “.
നമുക്കും ഇനി അവധിക്ക് നാട്ടിൽ പോകുന്നതിനു പകരം ടർക്കിയിൽ പോകണം. അവിടെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു അവരുടെ താമസം. ഒത്തിരി നല്ലതാ എന്നാ അവൾ പറഞ്ഞത്.

വർക്കിയും സൂസമ്മ യും രണ്ടു മൂന്ന് കൊല്ലമായി അയർലണ്ട് ൽ ആണ് ജോലി. സൂസമ്മ മദ്രാസിൽ നഴ്സിംഗ് പഠിച്ചു കഴിഞ്ഞു അവിടെ തന്നെ ഒരു ഹോസ്പിറ്റലിൽ ജോലി ആയിരുന്നു.എങ്ങനെ യെങ്കിലും വിദേശത്തു പോയി ജോലി ചെയ്തു ജീവിതം കരുപ്പിടിപ്പിക്കണം അതായിരുന്നു അവളുടെ സ്വപ്നം. അവളുടെ കൂടെ പഠിച്ച ഒരു സരസമ്മ പരീക്ഷ എഴുതി അയർലണ്ട് ൽ
ജോലി കിട്ടി പോയി. അവരാണ് അയർലണ്ട് ൽ പോകാൻ ഉള്ള വഴിഇവൾക്ക് പറഞ്ഞു കൊടുത്തത്.
താൻ അല്ലാതെ മറ്റാരും പച്ച പിടിക്കരുത് എന്ന് വിചാരിക്കുന്ന ചില ആൾക്കാർ ഉണ്ട്. അങ്ങനെ ചിന്തിക്കുന്നആൾ അല്ലായിരുന്നു സരസമ്മ എന്ന കൂട്ടുകാരി.

അയർലണ്ട് ൽ പോകുന്നതിനു ഒരു കൊല്ലം മുൻപ് ആയിരുന്നു സൂസമ്മയുടെ വിവാഹം. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അവരുടെ, അപ്പൻ അതിന് മുൻപേ മരിച്ചു പോയി. മകളുടെ വിവാഹം നടത്താൻആ പിതാവിനു യോഗം ഉണ്ടായില്ല.

ഒരു വിവാഹ ദല്ലാൾ വഴി യാണ് സൂസമ്മ യുടെ വിവാഹം നടന്നത്. ചെറുക്കൻ വർക്കിയ്ക്ക് ജോലി ഹാർഡ്‌വെയറാ ണെന്നും പറഞ്ഞാണ് കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞാണ് വർക്കിയുടെ ജോലി ഇരുമ്പുകടയിൽ സെയിൽസ് മാൻ ആണ് എന്ന് പെണ്ണ് വീട്ടുകാർക്ക് മനസ്സിലായത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നൊക്കെ കേട്ടാൽ കമ്പ്യൂട്ടർ എന്ന്
മാത്രം ചി ന്തിക്കുന്ന ഈ കാലത്ത് ഹാർഡ്‌വെയറാ എന്ന് കേട്ടപ്പോൾ ചെറുക്കൻ ഹാർഡ്‌വെയർ എഞ്ചിനീയർ ആയിരിക്കും എന്നാണ് പാവം സൂസമ്മയും കൂട്ടരും ധരിച്ചത്. കളിപ്പ് പറ്റിയിട്ടു ഇനി പരിതപിച്ചിട്ട് എന്ത് കാര്യം. വർക്കിയുടെ വീട്ടുകാർ സൂസമ്മയെ പറ്റിച്ചതാണോ? എന്ന് ചോദിച്ചാൽ ഹാർഡ്‌വെയറാ എന്ന് പറഞ്ഞപ്പോൾ കമ്പ്യൂട്ടർ എന്ന് വിചാരിച്ചത് അവരുടെ കുഴപ്പം ആണോ എന്ന് ചോദിക്കാം. ഒരു തട്ടിപ്പ് മണക്കുന്നുണ്ട് എന്ന് പറയാതെയും തരമില്ല. കല്യാണം ആലോചിക്കുമ്പോൾ വേണ്ടപോലെ അന്നെഷിക്കാതെ എടുത്തു ചാടുന്നവർക്ക് പറ്റാവുന്ന ഒരു അബദ്ധം.

വർക്കിയ്ക്ക് വിദ്യാഭ്യാസം കുറവിന്റെ ചില പരിമിതികൾ അനുഭവപ്പെടുന്നത് അയർലണ്ട് ൽ വന്നതിനു ശേഷം ആണ്. ഇംഗ്ലീഷ് പരിഞ്ജാനം അൽപ്പം കമ്മി ആയതു കൊണ്ട് ശ്രീമാൻ വർക്കി,
സായിപ്പിന്റെ ഇംഗ്ലീഷ് മനസ്സിലാകാതെ വന്നാൽ യാ, യാ. ഒക്കെ, ഒക്കെ എന്നൊക്കെ പറഞ്ഞാണ് തടി തപ്പുന്നത്. എല്ലാവർക്കും ഇപ്പോൾ ശശി തരൂർ ആകാൻ പറ്റില്ലല്ലോ. ഇംഗ്ലീഷ് ൽ Phd ഇല്ലെങ്കിലും അയർലണ്ട് ൽ ജീവിക്കാൻ പറ്റും എന്നതിന് ഉത്തമ ഉദാഹരണം ആണ് വർക്കി. കുറച്ചു നാളായി അയാൾ KFC യിൽ ആണ് ജോലി ചെയ്യുന്നത്.ഭാര്യ ഹോസ്പിറ്റലിൽ രാവിലെ ജോലിക്ക് പോകുമ്പോൾ നമ്മുടെ വർക്കി വീട്ടു കാര്യങ്ങൾ നോക്കിയിട്ട് ഉച്ചക്ക് ശേഷം ഉള്ള ഷിഫ്റ്റ്‌ ൽ
ആണ് KFC ൽ ജോലിക്ക് പോകുന്നത്.

വലിയ മോഹങ്ങൾ ഒന്നും ഇല്ലാത്ത സൂസമ്മയാണേൽ മറ്റു ആളുകളെയോ അവരുടെ ജോലിയോ വരുമാനത്തിലോ നോക്കി നെടുവീർപ്പെടാറില്ല. ഉള്ളത് കൊണ്ട് സന്തോഷം കണ്ടെത്തണം എന്ന
പോളിസിക്കാരിയാണ് അവർ. അതു കൊണ്ട് അവരുടെ ലളിതമായ കൊച്ചു ജീവിതം സ്വച്ഛമായി
ഒഴുകുകയാണ്.

അന്നേരമാണ് സൂസമ്മയുടെ കൂടെ ജോലി ചെയ്യുന്ന മോളി “ടർക്കിയുടെ കഥ”കൊണ്ടുവന്ന് വിളമ്പുന്നത്. തനി നാടൻ സ്വഭാവകാരൻ ആയ വർക്കി യ്ക്ക് കേരളത്തിന്റെ വെളിയിൽ പോകുന്നത് പോലും ഇഷ്ടം ഉള്ള കാര്യം അല്ല. ഭാര്യ വിദേശത്തു ആയി പ്പോയാൽ പിന്നെ അനു ഗമിക്കാതെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് അയർലണ്ട് ൽ വന്നത് തന്നെ.

 

വല്ല നാട്ടിലും ഒക്കെ പോയി ഹോട്ടലിൽ ഒക്കെ പോയി കിടക്കുന്നത് എന്തിനാ? അവധി കിട്ടുമ്പോൾ നാട്ടിൽ പോവുക, ബന്ധു വീടുകളിൽ ഒക്കെ കറങ്ങുക.വല്ല പള്ളിപ്പെരുനാളും ഉണ്ടെങ്കിൽ അതു കൂടുക, നാട്ടുകവലയിൽ ചായ കടയിൽ പോയി ഒരു ചായ കുടിക്കുക,കൂടിയാൽ ഒരു കുപ്പി വാങ്ങി കൂട്ടുകാരും കൂടി ഒന്ന് മിനുങ്ങുക. അതൊക്കെയാണ് വർക്കിയുടെ ഇഷ്ടങ്ങൾ.

ചേട്ടാ നല്ല ഹോട്ടലാ, നല്ല ഫുഡാ, നല്ല സ്ഥലമാ, എല്ലാരും പോകുന്ന സ്ഥലമാ.നല്ല രസമാ, എന്നിങ്ങനെ ഭാര്യ സൂസമ്മയുടെ യുടെ നിർത്താതെ യുള്ള “ടർക്കി പുരാണം” കേട്ടു മടുത്ത് വർക്കി നമുക്കും
ടർക്കി യ്ക്ക് പോകാം എന്ന് സമ്മതിച്ചു. അഞ്ചു ദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണവും താമസവും. നല്ല ഡീൽ ആണത്രേ. വർക്കിക്കും സൂസമ്മയ്ക്കും ഒട്ടും പരിചയം ഇല്ലാത്ത
മേഖല യാണ് ഫൈവ് സ്റ്റാർ. ഒരു പ്രാവശ്യം നാട്ടിൽ പോയപ്പോൾ എയർ ലൈൻസ് കാരുടെ ഫ്ലൈറ്റ്,
ഡിലെ, ഉണ്ടായി.

അന്നേരം എയർ ലൈൻ അറേഞ്ച് ചെയ്ത ഹോട്ടലിൽ ഏതാനും മണിക്കൂർ ചെലവിട്ടതാണ് മാത്രമാണ് ഈ മേഖലയിൽ ഉള്ള ഏക പരിചയം.

സൂസമ്മ കാത്തിരുന്ന ഹോളിഡേ വന്നെത്തി. വർക്കിക്ക് ഒരു ത്രില്ല് ഉം ഇല്ല. പൂച്ചയുടെ കഴുത്തിൽ വള്ളികെട്ടി യിട്ട് വലിച്ചാൽ എങ്ങനിരിക്കും, അതേ അവസ്ഥ. എന്നാലും സൂസമ്മ യുടെ ഇഷ്ടം നിറവേറ്റാൻ വേണ്ടി വർക്കിയും റെഡി ആയിരിക്കുക ആണ്.

വെളുപ്പിന് തന്നെ അവർ എയർപോർട്ടിൽ എത്തി. നേരത്തെ ബുക്ക്‌ ചെയ്തതിനും പടി ടർക്കിഷ് എയർ ലൈൻസിൽ അന്റാലിയ യ്ക്ക് ആണ് യാത്ര. നനുത്ത മഞ്ഞുപാളികളെയും പിന്നെ അതിന് മുകളിൽ ഒഴുകി നടക്കുന്ന വെള്ളിമേഘങ്ങളെയും തലോടി കൊണ്ട് അവരുടെ വിമാനം ആകാശ
നീലിമയിൽ ഉയർന്നു പൊങ്ങി. വിമാനം നിറയെ വിവിധ ദേശക്കാർ ആയ സഹയാത്രികർ. എല്ലാവരും തന്നെ വിനോദ സഞ്ചാരികൾ എന്ന് തോന്നുന്നു. ഹോളിഡേ യുടെ മധുര നിമിഷങ്ങളെ സ്വപ്നം കണ്ട് സൂസമ്മയും ഹോട്ടലിൽ ചെന്നാൽ എങ്ങനെ ഒക്കെ ആയിരിക്കും എന്ന ഉദ്വേഗത്തിൽ
വർക്കിയും ആകാശ യാത്രയുടെ നാല്‌ മണിക്കൂർ ചിലവിട്ടു.

അപ്പോൾ അവരുടെ വിമാനം അന്റാലിയ എയർപോർട്ട്, എന്ന ലക്ഷ്യം, ദൂരെ കണ്ടു. ആകാശത്തിൽ നിന്ന് ഇരപിടിക്കാൻ പറന്നു താഴുന്ന ഒരു പരുന്തിനെ പോലെ താഴ്ന്നു വന്ന് അവൻ റൺവേയിൽ ഇറങ്ങി ഓടി കിതച്ചിട്ടു നിൽക്കുകയും ചെയ്തു. മുൻകൂട്ടി ഇടപാട് ചെയ്തപോലെ ഹോട്ടലുകാരുടെ വണ്ടി വന്നു വർക്കിയെയും സൂസമ്മ യെയും പിന്നെ മറ്റു ചിലരെയും
ഹോട്ടലിലേക്ക് കൊണ്ടുപോയി.

നല്ല വൃത്തി യുള്ള വലിയ ഒരു ഹോട്ടൽ സമുച്ചയം. മെഡിറ്ററേനിയൻ കടൽ തീരത്ത് മധ്യാഹ്ന സൂര്യന്റെ ചെങ്കതിരിൽ പത്തു പതിനാറു നിലകളിൽ തല ഉയർത്തി നിൽക്കുകയാണ്. അതിന്റെ വിശാലമായ ചുറ്റുപാടിൽ ബാറുകളും നീന്തൽ കുളങ്ങളും തൊട്ടുരുമ്മുന്ന സുദീർഘമായ ബീച്ച്.
നിഴൽ വിരിച്ച ബീച്ച് കുടകളിൽ ശരീരത്തിലെ വെളുപ്പിനെ കറുപ്പിക്കാൻ പാടുപെടുന്ന വെള്ളക്കാർ.
അതിന്റെ ഇടയ്ക്കാണ് ശരീരത്തിന്” ദൈവം അൽപ്പം കൂടി വെളുപ്പ് തന്നില്ലല്ലോ “എന്ന് പരിതപിച്ചിട്ടുള്ള സൂസമ്മ യും കെട്ടിയവനും ചെന്ന് പെട്ടിരിക്കുന്നത്. വെളുത്തവന് കറക്കാൻ ബീച്ചിൽ പോയി കിടക്കാം. എത്ര എളുപ്പം. കറുത്തവന് വെളുക്കാൻ സഹായിക്കുന്ന ഏതെങ്കിലും എളുപ്പ വഴി ഉണ്ടായിരുന്നെങ്കിൽ.

ഹോട്ടൽ റിസപ്ഷൻ വർക്കിയെയും ഭാര്യ യെയും സ്വീകരിച്ചു. അവരുടെ മുറിയുടെ താക്കോൽ കൊടുത്തു. അവിടുത്തെ മറ്റു സൗകര്യങ്ങൾ വിവരിക്കുന്ന കാർഡും കൊടുത്തു. കൌണ്ടർ ൽ വച്ച് ഹോട്ടൽ സ്റ്റാഫ്‌ അവരുടെ ഡീറ്റെയിൽസ് ചോദിച്ചു, എല്ലാം ഇംഗ്ലീഷിൽ.

അവിടെ വച്ച് വർക്കിയ്ക്ക് ഒരു കാര്യം മനസ്സിൽ ആയി. വർക്കിയുടെ ഇംഗ്ലീഷ് ഹോട്ടൽ കാരുടെ ഇംഗ്ലീഷ് നേക്കാൾ പതിൻ മടങ്ങു മെച്ചം. ജീവിതത്തിൽ ആദ്യം ആണ് വർക്കി ആരെ എങ്കിലും ഇംഗ്ലീഷ് ന് തോൽപ്പിക്കുന്നത്. ഒന്നാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് ന് വർക്കിയെ എല്ലാവരും തോല്പിച്ചരുന്ന ചരിത്രമേ ഉള്ളൂ.

വർക്കിയും സൂസമ്മയും തങ്ങളുടെ മുറിയിൽ സാധനങ്ങൾ കൊണ്ടുപോയി വച്ചു. അവർ ഒരു കർട്ടൻ വലിച്ചപ്പോൾ അടുത്ത് കാണുന്നത് ചെറുതിരകൾ ഇളകുന്ന സുന്ദരമായ മെഡിറ്ററേനിയൻ
കടലിന്റെ നീല പരപ്പാണ്. ഹാ, എത്ര സുന്ദരം ആണാ കാഴ്ച്ച, സൂസമ്മ പറഞ്ഞു. വൈകുന്നേരം അവർ റെസ്റ്ററന്റ് കണ്ടു പിടിച്ചു. ചായയും ബണ്ണും ബിസ്ക്കറ്റ് ഒക്കെ കഴിച്ചു.

 

സൂസമ്മ ഉത്സാഹത്തിൽ ആണെങ്കിലും വർക്കിയ്ക്ക് നിലവത്തു കോഴി ഇറങ്ങിയത് പോലെ യാണ്. ആകെ ഒരു അസ്വസ്ഥത.

വൈകുന്നേരം ഡിന്നർ കഴിക്കാൻ സമയം ആയി. ഗ്രൗണ്ട് ഫ്‌ളോർ ൽ നടന്നു അവർ ഡൈനിങ്ങ് ഹാൾ കണ്ടു പിടിച്ചു. ഒരു വലിയ ഹാൾ. അതിൽ വെള്ള നിറം ഉള്ള കസേരകൾ. പല വലിപ്പത്തിൽ ഉള്ള
മേശകൾ. അതിൽ വെള്ളയിൽ പിങ്ക് നിറം ബോർഡർ ലൈൻ ഉള്ള വിരികൾ. ഉയർന്ന സിലിങ്ങിൽ വലിയ ചാൻഡ്ലൈയർ ലൈറ്റുകൾ വെള്ള വെളിച്ചം വിതറി നിൽക്കുന്നു.

ഒരു വലിയ കല്യാണ സദ്യ യുടെ സെറ്റ് അപ്പ്‌ പോലെ ഉള്ള അന്തരീക്ഷം. കുറെ ആളുകൾ അവിടെ ഇരുന്നു എന്തൊക്കെയോ കഴിക്കുന്നത് കാണാം. അവർ രണ്ട് പേരും ഡൈനിങ്ങ് ഹാൾ ലേക്ക് കടന്നു. അവിടെ എങ്ങനെ ഒക്കെയാണ് രീതികൾ എന്ന് ഒരു തപ്പൽ ഉണ്ട്. ഒരുനിരയിൽ പ്ലേറ്റുകളും അതിന് ശേഷം ഭക്ഷണസാധനങ്ങൾ പല ഡിഷുകളിൽ നിരയായി ഒരു ഡെസ്കിൽ നിരത്തി വച്ചിരിക്കുന്നു.
വർക്കിയും സൂസമ്മയും ഒരൊ പ്ലേറ്റ് കൾ എടുത്ത് ഒന്നാമത്തെ ഡിഷിന്റെ അടുത്ത് ചെന്നു. അതിൽ ക്യാരറ്റ് ഉം ടൊമാറ്റോ യും അരിഞ്ഞത്. അവർ അതു കുറേശ്ശേ എടുത്തു അടുത്ത ഡിഷിന്റെ
അടുത്ത് ചെന്നു. അതിൽ ക്യൂകമ്പർ ഉം പുതിന ഇലയും. അവർ അതും കുറച്ച് എടുത്തു. അടുത്ത ഡിഷ്‌ ൽ ചിക്കൻ അല്ലെങ്കിൽ മട്ടൺ ആയിരിക്കും അവർക്ക്‌ അറിയാം. അടുത്ത ഡിഷ്‌ നോക്കുമ്പോൾ അതിൽ ടോമാറ്റോയും ഉള്ളിയും ചീരയും അരി ഞ്ഞത്. ആ ടേബിൾ ലെ അടുത്ത എല്ലാ ഡിഷ്‌ ലും പല തരം സാലഡ് കൾ ! ഇവിടെ ഡിന്നർ ന് സാലഡ് മാത്രം ആയിരിക്കും. വല്ലതും പറയാൻ പറ്റുമോ, ഫൈവ് സ്റ്റാർ അല്ലെ. പുതിയ ഹെൽത്തി ഈറ്റിംഗ്സ്റ്റൈൽ ആയിരിക്കും, അവർ മനസില്ലാ മനസോടെ കുറേ സാലഡ് കഴിച്ചേച്ചു എഴുന്നേറ്റ് പോയി. റൂമിലേക്കു പോകുന്ന വഴി വർക്കി ഈ ടൂറിനു ഇറങ്ങി തിരിച്ചതിനെകുറിച്ച് മറ്റാരും കേൾക്കാതെ സൂസമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

 

പിറ്റേ ദിവസവും ബ്രേക്ക്ഫാസ്റ് ന് റെസ്റ്റോറന്റ് ൽ ചെന്ന് ചായയും ഓംലറ്റ് ഒക്കെ കഴിച്ചു.
വൈകിട്ട് മാത്രം ആയിരിക്കും സാലഡ് കൊണ്ട് ഉള്ള ഡിന്നർ അവർ കരുതി.

ബ്രേക് ഫാസ്റ്റ് ന് ശേഷം അവർ മനോഹരമായ ബീച്ചിൽ പോയി. വെള്ള കുടക്കീഴില് സൺ ലൗഞ്ചിൽ ഇരുന്ന് സൂസമ്മ കടലിന്റെ സൗന്ദര്യം ആസ്വദിച്ചു.

 

വർക്കിക്ക് പ്രേത്യേക വിശേഷം ഒന്നും തോന്നിയില്ല. അയാൾ കൂട്ടിൽ ഇട്ട വെരുകിനെ പൊലെ
കുറെ നേരം അലക്ഷ്യമായി കടൽ തീരത്തു കൂടി നടന്നു. പിന്നെ സൂസമ്മയും അയാളെ അനുഗമിച്ചു.
“വൈകുന്നേരം കിട്ടിയപോലെ സാലഡ് മാത്രം ആണ് ഊണിനും കിട്ടുന്നതെങ്കിൽ എന്റെ വിധം മാറും പറഞ്ഞേക്കാം” ദേഷ്യം വന്ന വർക്കി സൂസമ്മ യോട് കോപിച്ചു.”അതിനെന്താ ചേട്ടാ, നമുക്ക് ഒന്നുകൂടി നോക്കാം, സമാധാനപ്പെട് “സൂസമ്മ രംഗം തണുപ്പിച്ചു. ഉച്ച നേരം ആയപ്പോൾ അവർ തിരിച്ചു റൂമിലേക്ക് പോയി. അന്നേരം സൂസമ്മ ഭർത്താവിനോട് പറഞ്ഞു.”ഞാൻ ഒന്ന് കുളിച്ചു റെഡി ആകാം അപ്പോഴേക്കും ചേട്ടൻ റെസ്റ്ററന്റ് ലേക്ക് ചെന്നു ഉച്ച ഊണിനു എന്ത് കിട്ടും എന്ന് നോക്ക്. എന്നിട്ട് ഇങ്ങു വാ. പിന്നെ നമുക്ക് ഒരുമിച്ച് ഊണ് കഴിക്കാൻ പോകാം”.

അത് നല്ല ഐഡിയ ആണെന്ന് വർക്കിയ്ക്കും തോന്നി. അയാൾ സൂസമ്മയെ റൂമിൽ വിട്ടിട്ട് റെസ്റ്റോറന്റ് ലേക്ക് ചെന്നു. നോക്കുമ്പോൾ ഊണ് മുറിയിൽ ഡെസ്കിൽ ഇന്നലെ കണ്ടപോലെ
വീണ്ടും വേറെ കുറേ സാലഡുകൾ പല ഡിഷിൽ നിരത്തി വച്ചിരിക്കുന്നു. ഒന്ന് ചോദിച്ചിട്ടുതന്നെ, ഈ കണ്ട കാശ് എല്ലാം കൊടുത്തിട്ട് ഇതെന്തു ഫൈവ് സ്റ്റാർ? അകലെ മറി നിന്ന ഒരു വെയ്റ്റർ നോട്‌ ചോദിക്കാൻ വർക്കി മുന്നോട്ട് ചെന്നു.

അന്നേരം ദേണ്ടെ പോകുന്ന വഴിയിൽ മുഴുനീള ഡെസ്കിൽ നിറയെ ആവിപറക്കുന്ന പത്തു നാൽപ്പതു വിഭവങ്ങൾ ഇരിക്കുന്നു. വർക്കി അന്തം വിട്ടു പോയി. ഇന്നലെ ഇതൊന്നും ഞാൻ
കാണാഞ്ഞതാണോ?

അയാൾ ഇതിന് മുൻപ് ആകെ കണ്ടിട്ടുള്ളത് മലയാളി അസോസിയേഷന്റെ പരിപാടിക്ക് വിളമ്പാൻ നിരത്തി വച്ചിരിക്കുന്ന നാലും മൂന്ന് ഏഴു ഐറ്റംസ് ആണ്. അതു ചോറ്, ദാൽ കറി, ക്യാബേജ് തോരൻ, ചിക്കൻ കറി, റൈത്ത, പപ്പടം അച്ചാർ, കഴിഞ്ഞു, അത്ര മാത്രം. ഇത് എന്തെരെ ഐറ്റംസ് ആണ് എന്റെ ദൈവമേ ! ഇത് മുഴുവൻ എങ്ങനെ കഴിക്കും?

ഈ സമയം വെറുതെ കറങ്ങി നടക്കുന്ന വർക്കിയെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു വെയ്റ്റർ അയാളുടെ അടുത്ത് കൂടി വന്നു വർക്കിയെ നോക്കി. എന്തോ മനസിലാക്കിയ മട്ടിൽ അയാൾ വേഗം പോയി അയാളുടെ മാനേജർ നെ വിളിച്ചു കൊണ്ട് വന്നു.

 

വർക്കി യോട് അയാൾ ചോദിച്ചു.
“സോറി സാർ, നെയിം,
യുവർ നെയിം? ”

“നെയിം?
നെയിം വർക്കി ”

“വാട്ട്‌? നെയിം ടർക്കി?

നോ ടർക്കി, വർക്കി, വർക്കി “.
വർക്കി വീണ്ടും പറഞ്ഞു.

വാട്ട്‌? വർക്കി? പേര് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

സോറി സാർ, യൂ നോ ഫുഡ്‌.

ഫുഡ്‌ തരില്ല എന്ന് പറഞ്ഞത് മനസ്സിൽ ആയി. എന്തു കൊണ്ട് തരില്ല എന്ന് വർക്കിക്ക്‌ മനസ്സിൽ ആയില്ല.

അവർ സെക്യൂരിറ്റിയെ വിളിച്ച് വർക്കിയെ ബലമായി പുറത്തോട്ട് ഇറക്കാൻ നോക്കുകയാണ്. ഈ സമയം റെസ്റ്ററന്റ് ൽ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഇത് കാണുന്നുണ്ട്.
എല്ലാവരും വർക്കിയെ നോക്കുന്നു. വർക്കിക്കും ആകെ നാണക്കേട്. പക്ഷേ, കാശ് ഒക്കെ കൊടുത്തിട്ടാണ് താനും ഇവിടെ വന്നിരിക്കുന്നത് എന്ന് ഇവരെ എങ്ങനെ മനസ്സിൽ ആക്കും?
മനസ് ഒന്ന് പതറിയ വർക്കി സമനില വീണ്ടെടുത്തു അവരോടു പറഞ്ഞു
“മൈ വൈഫ്, റൂം 500 ”

“വൈഫ് റൂം? “എന്ന് ചോദിച്ചിട്ട് സെക്യൂരിറ്റികൾ വർക്കിയെയും കൊണ്ട് റൂം നമ്പർ 500 ൽ ചെന്ന് ബെൽ അടിച്ചു.അപ്പോളേക്കും കുളിച്ചു റെഡി ആയി നിന്ന സൂസമ്മ കതകു തുറന്നു.
നോക്കുമ്പോൾ സെക്യൂരിറ്റിക്കാർ പിടിച്ചോണ്ട് നിൽക്കുന്ന കെട്ടിയവൻ വാതിൽക്കൽ !

പേടിച്ചു പോയ അവർ ചോദിച്ചു “എന്തു പറ്റി ചേട്ടാ? “വർക്കി എന്തെങ്കിലും പറയുന്നതിന് മുൻപ് സെക്യൂരിറ്റികാരൻ പറഞ്ഞു. “മാഡം, ദിസ് ഹുസ്ബൻഡ്, നോ റിസ്റ്റ് ബാൻഡ് , കമിങ് റെസ്റ്ററന്റ് “. യൂ നോ ഫുഡ്‌.

അന്നേരം ആണ് വർക്കിയുടെ കൈയിൽ ഹോട്ടൽ കാര് കെട്ടി കൊടുത്ത റിസ്റ് ബാൻഡ് ഇല്ല എന്ന് സൂസമ്മ ശ്രദ്ധിച്ചത്.

സൂസമ്മ ചോദിച്ചു ഇന്നലെ അവര് കയ്യിൽ കെട്ടി തന്ന സാധനം എന്തിയെ?

“അത് ഇന്നലെ രാത്രി കൈ ചൊറിഞ്ഞിട്ട് ഞാൻ വലിച്ചു പറിച്ചു കളഞ്ഞു, ഇനി അതെന്തിനാ? ”

ചേട്ടൻ എന്ത് പണിയാ കാണിച്ചത്, എവിടാ അത് ഇട്ടത്?

അത് ആ റൂമിൽ എങ്ങാനും കിടപ്പുകാണും. വർക്കി പറഞ്ഞു. സെക്യൂരിറ്റികൾ ഇവരുടെ സംസാരം കോട്ട് ഒന്നും മനസ്സിൽ ആകാതെ മിഴിച്ചു നിൽക്കുകയാണ്.നാണം കേട്ട് വർക്കിയും

സൂസമ്മ അവരെ ലോഞ്ച് ൽ ഇരുത്തിയിട്ട് . “വൺ മിനിറ്റ് ” എന്ന് പറഞ്ഞു ബെഡ്‌റൂം ൽ പോയി റിസ്റ്റ് ബാൻഡ് തപ്പി. ആരുടെയോ ഭാഗ്യത്തിന് വർക്കി പറിച്ചു കളഞ്ഞ റിസ്റ്റ് ബാൻഡ്
കാർപെറ്റ് ൽ നിന്നും കണ്ടുകിട്ടി. അവർ അതുകൊണ്ടെ സെക്യൂരിറ്റി കാരെ കാണിച്ചു.
സംഗതിയുടെ കിടപ്പുവശം മനസ്സിൽ ആയ അവർ സോറി പറഞ്ഞ് ഇറങ്ങി പോയി.

നിസാരം എന്ന് തോന്നാവുന്ന ഒരു റിസ്റ്റ് ബാൻഡും ഇംഗ്ലീഷ് ന്റെ പരിമിതിയും. വർക്കിയ്ക്ക് ടർക്കിയിൽ കിട്ടി ഒരു ഫൈവ് സ്റ്റാർ പണി !

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

 

 ശ്രീ അഖിൽ മുരളിയുടെ “നിഴൽക്കുപ്പായം “കവിതാ സമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ്‌ വെച്ച് നോവലിസ്റ്റും കഥാകൃത്തുമായ ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. പ്രശസ്ത കവി ആറ്റിങ്ങൽ സി ദിവാകരൻ പുസ്‌തകം ഏറ്റുവാങ്ങി. മാക്‌ഫാസ്‌റ് കോളേജ് പ്രിൻസിപ്പൽ ആയ ഫാദർ ഡോ .ചെറിയാൻ ജെ കോട്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ :ടിജി തോമസ് സ്വാഗതം ആശംസിച്ചു.

മഹാഭാരതകഥയെ ഓർമിപ്പിക്കുന്ന ചില മിത്തുകൾ അഖിലിന്റെ കവിതയിൽ കാണാൻ സാധിക്കുമെന്ന് ഡോ . ജോർജ് ഓണക്കൂർ പറയുകയുണ്ടായി. മലയാള സാഹിത്യ ശാഖയിൽ പുതു ശൈലിയുടെ ഉടമയാണ് ശ്രീ അഖിൽ മുരളി. സമൂഹത്തെക്കുറിച്ചും സമൂഹത്തിലെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെക്കുറിച്ചും തന്റെ കവിതയിലൂടെ വർണ്ണിക്കാൻ അഖിൽ മറന്നില്ല. ധ്യാനധന്യമായ ഒരു മനസ്സിൽ നിന്ന് കവിഞ്ഞൊഴുകുന്ന വികാരങ്ങളുടെ തിരനോട്ടമാണ് കവിതയെങ്കിൽ ഈ പുസ്തകത്തിലെ ആദ്യ കവിതയായ വഴിത്താര മുതൽ അവസാന കവിതയായ ജീവിത വേഷങ്ങൾ വരെ ഈ പ്രസ്താവന ശരിവെയ്ക്കുന്നവയാണെന്ന് ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ പറയുകയുണ്ടായി. തുടർന്ന് ഡോ :വി ആയിഷ, സന്തോഷ്‌ കല്ലറ, രാധാകൃഷ്ണൻ തുടങ്ങിയർ ആശംസകൾ അറിയിച്ചു.

രാജു കാഞ്ഞിരങ്ങാട്

എന്നേ മരിച്ച ഞാൻ….!

അന്ന്,
ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു
പ്രണയത്തിന്റെ അലകടൽ തീർത്തു
സ്നേഹത്തിന്റെ ഭൂമിയും ആകാശവും –
പണിതു
സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം –
കണ്ടു.

ഇന്ന്,
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
നിന്റെ പാകത്തിന്
പൊരിച്ചെടുത്തില്ലെ

കാലിലൊരു കാണാച്ചരടിട്ട്
ചിന്തകൾക്ക് ചിന്തേരിട്ട്
വഴങ്ങാത്തതൊക്കെവശപ്പെടുത്തി
കാണാ കമ്പിയുടെ കൂട്ടിലടച്ച്
ചിരിയുടെ ചായങ്ങൾ കൊണ്ട്
ചുണ്ടുകളെ കെട്ടി
കണ്ണീരിനെ കാണാക്കയത്തിലൊളി –
പ്പിക്കാൻ മെരുക്കിയെടുത്ത്
ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ

വളരാതിരിക്കാൻ വേരുകൾ പിഴുതു
പടരാതിരിക്കാൻ ശാഖകളും
ഭൂമിയും
ആകാശവും
കടലും
വർണ്ണപ്പെട്ടിയിലടച്ച്
സ്വർണ്ണമത്സ്യത്തെപ്പോലെ പിടിച്ചിട്ടില്ലെ

എന്നിട്ടും,
ആഹ്ലാദാ,ഭിമാനത്തോടെ നീ പറയുന്നു
രാജകുമാരിയെപ്പോലെ ജീവിതം
ഞാനില്ലെങ്കിൽ നീ എന്താകുമായിരുന്നു
എന്റെ അലച്ചിലെല്ലാം
നിന്നെ ഉയർത്തുക എന്ന ലക്ഷ്യം.
പക്ഷേ,
അറിയുന്നില്ലല്ലോ നീ
ആചിരി കരച്ചിലിന്റെ ബഹിർസുഫുരണമെന്ന്
ഇല്ലാതാക്കിയത് സർഗ്ഗ സാന്നിദ്ധ്യമെന്ന്
കരളിലൊളിപ്പിച്ച കൊച്ചു കൊച്ചു സ്വപ്നമെന്ന്
എന്നെ ഞാനാക്കുന്ന വർണ്ണങ്ങളെന്ന്
ഞാൻ എന്നേ മരിച്ച ഞാനെന്ന്.

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138
Email – [email protected]

ചിത്രീകരണം : അനുജ കെ

ആകാശങ്ങള്‍ക്കപ്പുറത്ത്

ഡാനിയേല്‍ സാര്‍ സന്തോഷത്തോടെ കടന്നുവന്നു. സിസ്റ്റര്‍ കാര്‍മേല്‍ അതേ സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തോട് പ്രത്യേക ഇഷ്ടമാണ് സിസ്റ്റര്‍ക്ക്. ആര്‍ക്കും എന്തു സഹായവും ചെയ്യുന്ന സാധുവായ മനുഷ്യന്‍. നല്ല സേവനങ്ങള്‍ ചെയ്യുന്നവര്‍ സ്‌നേഹസമ്പന്നരാണ്. ആദ്യമായിട്ടാണ് ഒരു ആവശ്യം അദ്ദേഹത്തോട് പറഞ്ഞത്. അതു നന്നായി നിറവേറ്റുകയും ചെയ്തു. ഏറ്റെടുത്ത കാര്യം നിറവേറ്റിയതിന് സിസ്റ്റര്‍ അഭിനന്ദിച്ചു.

“”അണ്ണാനായാലും തന്നാലായത് അങ്ങനെയല്ലേ പഴമൊഴി. ഈ നഗരത്തില്‍ ചെറിയ കാര്യങ്ങളെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്”. “”സാര്‍ ഞാന്‍ നാളെ ബഹ്‌റിനില്‍ പോകുകയാണ്. ജാക്കിയുടെ കാര്യങ്ങള്‍ക്ക് ഒരു കുറവുണ്ടാകരുത്. ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് സഹായിക്കണം. സഹായിക്കാന്‍ ആരുമില്ലാത്തവരെ സഹായിക്കുമ്പോഴാണല്ലേ മനുഷ്യനാകുന്നത് ജാക്കീ ചെന്ന് പെട്ടിയെടുത്തു വരൂ”
അവന്‍ അകത്തേക്കു നടന്നു. സിസ്റ്റര്‍ കര്‍മേലിന്റെ ഫോണ്‍ ശബ്ദിച്ചു. അവര്‍ ഫോണെടുത്ത് സംസാരിച്ചു നില്‌ക്കെ ഡാനിയേല്‍ സാറും അകത്തേക്കു പോയി. ജാക്കി പെട്ടിയുമായി തിരികെയെത്തി. സിസ്റ്റര്‍ കാര്‍മേല്‍ ഫോണില്‍ സംസാരിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. മെര്‍ളിന്‍ അവിടേക്കുവന്ന് ജാക്കിയെ സ്‌നേഹപൂര്‍വ്വം നോക്കി. അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ജാക്കിക്ക് മടിയായിരുന്നു. അവള്‍ ശരിക്കുമൊരു സുന്ദരിയാണ്. പുഞ്ചിരിയോടെയാണ് ജാക്കി അവളോട് യാത്ര പറഞ്ഞത്. എല്ലാ നന്മകളും നേര്‍ന്ന് സിസ്റ്റര്‍ കാര്‍മേല്‍ അവരെ യാത്രയാക്കി.
മുറ്റത്ത് തത്തിക്കളിച്ചുകൊണ്ടിരുന്ന പ്രാവുകള്‍ ആകാശത്തേക്ക് പറന്നു.

അടുത്തു ദിവസംതന്നെ സിസ്റ്റര്‍ കര്‍മേലും ഫാത്തിമയും ഗള്‍ഫ് എയറില്‍ ബഹ്‌റിനിലെത്തി. ഫാത്തിമ മുമ്പ് മോഡലുകള്‍ക്കും കസ്റ്റമേഴ്‌സിനുമൊപ്പം പലതവണ ഗള്‍ഫ് രാജ്യത്ത് വന്നിട്ടുണ്ട്. ആ കഥകളെല്ലാം സിസ്റ്ററോട് പറഞ്ഞു. അതിനാല്‍ അറബി കുറച്ചറിയാം. അന്ന് പോയത് പാട്ടിലും ഡാന്‍സിലും കാമത്തിലും ആഘോഷിക്കാനായിരുന്നു. ഇന്ന് പോകുന്നത് പുതിയൊരു ജീവിത വഴിത്തിരിവിലേക്ക് അറിയാവുന്ന സുഹൃത്തുക്കളെ വഴിതിരിച്ചു വിടാനാണ്. അവര്‍ താമസിച്ച ഹോട്ടലില്‍ ധാരാളം വിദേശ വനിതകളെ കാണാനിടയായി. അവരില്‍ പലര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അറിയാവുന്നവര്‍ അത് പരിഭാഷപ്പെടുത്തി. ധാരാളം രാജ്യങ്ങളിലെ സ്ത്രീകള്‍ വേശ്യാവൃത്തിക്കായി അവിടെയുണ്ട്. ദേശാടനക്കിളികളെപ്പോലെ ഇവിടേക്ക് സ്ത്രീകള്‍ പറന്നു വരുന്നു. അവരെ തേടി ഗള്‍ഫിന്റെ പലഭാഗത്തുനിന്നും സമ്പന്നരായ അറബികള്‍ എത്തുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ആഴ്ചയുടെ അവസാനനാളുകള്‍ ചിലവിടുന്നത് ബഹ്‌റിനിലാണ്. അവരുടെ കാമം തീര്‍ക്കാന്‍ കൊഴുത്തു തടിച്ചതും മെല്ലിച്ചതുമായ സുന്ദരികള്‍ കാത്തിരിക്കുന്നു.

ഹോട്ടലുകള്‍ക്കുള്ളില്‍ ധാരാളം കലാപരിപാടികള്‍ അരങ്ങേറുന്നു. സ്വന്തം ഭാര്യമാരെ വീട്ടിലിരുത്തി അന്യസ്ത്രീകളുമായി പ്രണയവും അനുരാഗവും പങ്കിടുന്ന ഭര്‍ത്താക്കന്മാര്‍. സൗദിയില്‍ നിന്ന് ഒന്നോ ഒന്നരയോ മണിക്കൂര്‍ യാത്ര ചെയ്താല്‍ ബഹ്‌റിനിലെത്താം. സൗദിയും ബഹ്‌റിനും തമ്മില്‍ കടലിലൂടെ തീര്‍ത്തിരിക്കുന്ന പാലമാണ് ഇരുരാജ്യങ്ങളെയും കൂട്ടിയോജിപ്പിക്കുന്നത്. അവധി ദിവസങ്ങളില്‍ ഈ പാലത്തിലൂടെ അറബികളുടെ പ്രവാഹമാണ്. ഇവര്‍ കാമത്തിന്റെ പാരമ്യത്തില്‍ വിദേശസുന്ദരിമാരുടെ മുന്നില്‍ എല്ലാം മറന്ന് ഗാഢനിദ്രകൊള്ളുന്നു. സുഗന്ധപൂരിതമായാ മുറിക്കുള്ളില്‍ ശ്വാസംമുട്ടിയും വിറച്ചും വേദനിച്ചും ലജ്ജിച്ചും ശരീരമാസകലം അടയാളങ്ങള്‍ രേഖപ്പെടുത്തുന്നു. മദ്യം നിരോധിച്ചിട്ടുളള അറബ് രാജ്യങ്ങളിലെ കുടിയന്മാര്‍ മദ്യവും മദിരാക്ഷിയുമായി ഹോട്ടലിന്റെ വരാന്തയിലേക്ക് വേച്ച് വേച്ച് നടക്കുന്നതും സിസ്റ്റര്‍ കാര്‍മേല്‍ കണ്ടു. ഒന്നിലധികം ഭാര്യമാരും ധാരാളം കുട്ടികളും ഉള്ള ഇവര്‍ക്ക് ഇതില്‍ കുറ്റബോധം ഇല്ലേ? ഭര്‍ത്താക്കന്മാരുടെ സ്വഭാവം അറിയുന്ന ഭാര്യമാര്‍ ഭര്‍ത്താവ് ഇല്ലാത്ത രാവിലും പകലിലും വീട്ടിലെ ഡ്രൈവര്‍മാരടക്കമുള്ള വിദേശപുരുഷന്മാരെയും സുഹൃത്തുക്കളേയും വീട്ടില്‍ വിളിച്ചുവരുത്തി കിടപ്പറ പങ്കിടാറുണ്ടെന്ന് സൗദിയില്‍ നിന്ന് മനസ്സിലാക്കി. കണക്കെടുപ്പ് നടത്തിയാല്‍ പലഗള്‍ഫ് രാജ്യങ്ങളും മുന്‍നിരയില്‍ ആയിരിക്കുമെന്ന് സിസ്റ്റര്‍ കര്‍മേലിനെ ഫാത്തിമ ധരിപ്പിച്ചു.

ഗള്‍ഫിലെ സമ്പന്ന ഷേയ്ക്കന്മാരുടെ ഉല്ലാസ വീടുകളില്‍ ഫാത്തിമ പോയതും അനുഭവിച്ചതും വിവരിച്ചുകൊടുത്തു. സിസ്റ്റര്‍ കാര്‍മേലിന് അതിലൂടെ ഒരു കാര്യം മനസ്സിലായി. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളതുകൊണ്ടാണ് വിസിറ്റിംഗ് വിസപോലും ആവശ്യമില്ലാതെ ഗള്‍ഫിന്റെ നാഗരികതയില്‍ അവള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞത്. കുറ്റവാളികളെ തീവ്രമായ ശിക്ഷകള്‍ കൊടുത്ത് ജയിലില്‍ അടയ്ക്കുന്ന രാജ്യങ്ങളിലെ അന്തഃര്‍നാടകങ്ങള്‍ സിസ്റ്റര്‍ കാര്‍മേലിന് പുതിയൊരു അറിവായിരുന്നു. ആരോരുമറിയാതെ സ്വന്തം വീടുകള്‍പോലും വേശ്യകളെ സൃഷ്ടിക്കുന്നു. മനുഷ്യര്‍ ദൈവത്തിന്റെ കണ്‍മുന്നില്‍ നിന്ന് മറഞ്ഞിരിക്കുന്നതുപോലെ ഭാര്യയും ഭര്‍ത്താവും ഭൗതിക സുഖങ്ങളില്‍ മറഞ്ഞിരിക്കുന്നു. മദ്യവും മയക്കമരുന്നും കാമവും മനുഷ്യനെ അശുദ്ധിയിലേക്കും മ്ലേച്ഛതയിലേക്കും വഴി നടത്തുന്നതിന്റെ പ്രധാനകാരണം ആത്മീയാനന്ദം അനുഭവിപ്പാന്‍ മനസ്സില്ലാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത്
“”ഞാന്‍ പാപികളെ തേടിയാണ് വന്നിരിക്കുന്നത്. ”
തളര്‍വാതരോഗികളെ സൗഖ്യപ്പെടുത്തി പറഞ്ഞത്. “”നിനക്ക് സൗഖ്യമായല്ലോ, അധികം തിന്മയായത് ഭവിക്കാതിരിപ്പാന്‍ ഇനിയും പാപം ചെയ്യരുത്”

ഇവരൊക്കെ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട കപ്പലിലെ യാത്രക്കാരാണ്. അവരെ രക്ഷപെടുത്താനാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവിടുത്തെ ഹോട്ടലുകളിലും സമ്പന്നരായ അറബികളുടെ ഉല്ലാസസൗധങ്ങളിലും യാതൊരു ഭയവുമില്ലാതെ അവര്‍ കഴിയുന്നു. ഇവിടെ ജീവിക്കാന്‍ വിസ ഉളളവര്‍ക്ക് ഒരു പുനരധിവാസം ആവശ്യമാണ്. അതിനൊപ്പം ഈ രാജ്യത്ത് സന്ദര്‍ശനത്തിനായി വരുന്ന സ്ത്രീകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ടാകണം. അങ്ങനെ കുറച്ചുപേരെയെങ്കിലും ഈ പാപപങ്കിലമായ ജീവിതത്തില്‍ നിന്ന് സ്വതന്ത്രമാക്കിയെടുക്കാന്‍ കഴിയും.
പല സ്ത്രീകളും ഇവിടെയെത്തിയിരിക്കുന്നത് അവരുടെ പട്ടിണിയും ദാരിദ്ര്യവും മൂലമാണ്. മറ്റ് ചിലര്‍ ജഡികസുഖത്തിനും. ഇവരൊക്കെ ഈ പാതയില്‍ നിന്ന് മാറി സഞ്ചരിക്കണം. അവരെ പുനരധിവസിപ്പിക്കാന്‍ ഭരണാധിപന്മാര്‍ തന്നെയാണ് മുന്നോട്ടു വരേണ്ടത്. എല്ലാ പാപങ്ങളും അക്രമങ്ങളും മനുഷ്യമനസ്സില്‍ മുളച്ചു പൊന്തുന്നതിന്റെ കാരണം മാനസിക ദൗര്‍ബല്യമാണ്.

ആ മനസ്സിന് ധൈര്യവും ജീവനും പകരാന്‍ കരുത്താര്‍ന്ന ഭരണസംവിധാനങ്ങളും ആത്മീയ കാഴ്ചപ്പാടുകളുമുണ്ടെങ്കില്‍ ഈ നിരാശയനുഭവിക്കുന്ന ജനവിഭാഗത്തെ നന്മയുള്ളവരാക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ ഇവരൊക്കെ ഉയര്‍ത്തെഴുന്നേല്ക്കും.

യാത്രാക്ഷീണം കാരണം ഫാത്തിമ നേരത്തെ കിടന്നുറങ്ങിയെങ്കിലും സിസ്റ്റര്‍ കാര്‍മേല്‍ ഭരണത്തിലുള്ളവര്‍ക്ക് കൊടുക്കാനുള്ള ഉപദേശ-നിര്‍ദേശങ്ങള്‍ ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്ത് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നത്.

രാവിലെതന്നെ എഴുതി തയ്യാറാക്കിയ നിവേദനവുമായി അവര്‍ ആരോഗ്യവകുപ്പിലെ ഭരണാധിപനെ കാണാന്‍ പുറപ്പെട്ടു. അറേബ്യന്‍ സംസ്കൃതിയുമായി വസിക്കുന്ന നഗരത്തിലൂടെ അവര്‍ ടാക്‌സിക്കാറില്‍ യാത്ര ചെയ്തു. കൊടും ചൂടാണെങ്കിലും കാറില്‍ എ.സി. ഉള്ളതിനാല്‍ ചൂട് അനുഭവിക്കുന്നില്ല. നഗരറോഡുകള്‍ വികസിത രാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഓഫീസിലെത്തിയ സിസ്റ്റര്‍ കാര്‍മേലിനെ അറബികള്‍ സൂക്ഷിച്ചുനോക്കി. കന്യാസ്ത്രീ വേഷമാണ് അവരെ ആകര്‍ഷിച്ചത്. റിസപ്ഷനില്‍ കാര്യങ്ങള്‍ വിവരിച്ചു. അവിടെ ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. സിസ്റ്റര്‍ക്ക് അറബി ഭാഷ ഒട്ടും വശമില്ല. ഫാത്തിമയുടെ ശരീരഭംഗി പല അറബികളെയും ആകര്‍ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞത് കാമാഗ്നി മാത്രമായിരുന്നു.

സിസ്റ്റര്‍ കര്‍മേല്‍ വളരെ എളിമയോടും പ്രതീക്ഷയോടും കാത്തിരുന്നു. ഓഫീസ് ബോയ് അവര്‍ക്ക് ചായ കൊണ്ടുവച്ചു. ചായ കുടിക്കാന്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഫാത്തിമയാണ് സിസ്റ്ററുടെ വാക്കുകള്‍ അവര്‍ക്കായി ഓഫീസറോട് പറഞ്ഞത്. അറുപത് വയസ് തോന്നിക്കുന്ന അബ്ദുള്ള സൗമ്യതയോടെ പറഞ്ഞു.
“”എന്റെ രാജ്യത്ത് വേശ്യകളുടെ എണ്ണം പെരുകിയതിന് കാരണം അന്യരാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകവിസയില്‍ ഇവിടെ എത്തുന്നവര്‍ മുഖാന്തിരമാണ്. ഇത്തരം രഹസ്യവിവരങ്ങള്‍ ഞങ്ങള്‍ക്ക് അറിയാനും സാധിക്കുന്നില്ല. ഒന്നെനിക്കറിയാം സൗദി-ബഹ്‌റിന്‍ കടല്‍ പാലത്തിലൂടെ പലരും ഇവിടേക്ക് വന്ന് ലഹരി കുപ്പികള്‍ വാങ്ങി പോകാറുണ്ട്. ഇത് ആരും എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല”.

“” അത് രഹസ്യവിഭാഗത്തിന്റെ വീഴ്ചയല്ലേ?
ഇവിടേക്ക് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വരുന്നത് വിദേശരാജ്യങ്ങളില്‍ നിന്നാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങയുടെ പുണ്യഭൂമിയില്‍ ഇതനുവദിക്കരുത്” സിസ്റ്റര്‍ വിനയത്തോടെ പറഞ്ഞു.
വളരെ ശ്രദ്ധയോടെ എല്ലാം കേട്ടുകൊണ്ടിരുന്ന അബ്ദുള്ള വികാരാവേശത്തോടെ അറിയിച്ചു.
“” ഞങ്ങളിത് അതികര്‍ശനമായി നിയന്ത്രിക്കും. ഇതില്‍ പോലീസിനും പങ്കുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് ശിക്ഷ ഉറപ്പാണ്. എന്റെ രാജ്യം വേശ്യാലയമാക്കാന്‍ ഞാന്‍ അനുവദിക്കില്ല. കര്‍ശന നിയമം ഞാനിതിന് ഉപയോഗപ്പെടുത്തും. ഉടനടി ഇതിനുള്ള ഉത്തരവിറക്കും. ഈ പുണ്യപ്രവര്‍ത്തിയുടെ ദൗത്യം ഏറ്റെടുത്ത് ലണ്ടനില്‍നിന്നും ഇവിടെയെത്തിയ നിങ്ങളെ എന്റെ രാജ്യം വരവേല്‍ക്കുന്നു. നന്ദി സിസ്റ്റര്‍ നന്ദി. നിങ്ങള്‍ ഇന്ന് എന്റെ അതിഥിയായി വിരുന്നില്‍ പങ്ക് കൊള്ളണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു”

സിസ്റ്റര്‍ ബഹുമാനത്തോടെ അദ്ദേഹത്തെ നോക്കി.
ആ വാക്കുകള്‍ ഹൃദയസ്പര്‍ശിയായി തോന്നി. സിസ്റ്റര്‍ കര്‍മേല്‍ അബ്ദുള്ളയ്ക്ക് നന്ദി പറഞ്ഞു. സിസ്റ്റര്‍ ബാഗില്‍ നിന്ന് കെയര്‍ഹോമിന്റെ പുനരധിവാസ രീതികളുടെ ലീഫ് ലെറ്ററുകളും മറ്റും അദ്ദേഹത്തെ ഏല്പിച്ചു. ഇതുപോലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവരുടെ സുരക്ഷ ഗവണ്‍മെന്റ് ഏറ്റെടുക്കണം. വികസിത രാജ്യത്തെ കോപ്പി ചെയ്താണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും മുന്നോട്ട് പോയിട്ടുള്ളത്. അവരുടെ ബുദ്ധിയും ടെക്‌നോളജിയും എല്ലാം മേഖലയിലും ഉപയോഗിക്കാമെങ്കില്‍ എന്തുകൊണ്ട് സിസ്റ്റര്‍ മുന്നോട്ടുവെച്ചകാര്യങ്ങള്‍ ചെയ്തുകൂടാ. ഇതിനൊരു പരിഹാരമുണ്ടാകുമെന്ന് ഉറപ്പുകൊടുത്തിട്ട് അബ്ദുള്ള അവരെ യാത്രയാക്കി.

RECENT POSTS
Copyright © . All rights reserved