literature

മിനി സുരേഷ്

കർമ്മകാണ്ഡങ്ങളെല്ലാമൊഴിഞ്ഞു
നോക്കെത്താ ദൂരത്തസ്തമയസൂര്യനെരിയുന്നു.
കണ്ണുകളിലെരിയും നിസ്സഹായത,
ചുട്ടുപൊള്ളുമോർമ്മകൾ തൻ ജ്വാലാമുഖങ്ങൾ.

മങ്ങിയ കാഴ്ചകൾക്കിനി ജലയാന നൗകകളില്ല,
നിറമാർന്ന നിറക്കാഴ്ചകളില്ല.
ഭീതിതമാം ഏകാന്തതയിൽ നൊന്തും
നിശ്ശബ്ദതയുടെ ആഴം തേടുന്നവർ.

പുണ്യ ,ത്യാഗ,ദു:ഖപ്പെരുമഴയിൽ
നനഞ്ഞുതിരും മനുഷ്യാത്മാക്കൾ
സ്വയമലിഞ്ഞരങ്ങൊഴിയാനിടം തേടുന്നവർ
പൊള്ളലേൽപ്പിക്കുമീ വൃദ്ധസദനകാഴ്ചകൾ

 

മിനി സുരേഷ് ,കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

ഡോ. ഐഷ വി

ഒരു ദിവസം മൂന്നാം ക്ലാസ്സിലെ ഒരു ടീച്ചർ പറഞ്ഞ വാക്കാണ് “ചിറ്റമ്മനയം ” . ഭയങ്കരിയായ രണ്ടാനമ്മയെ കുറിച്ചൊരു സങ്കല്പമാണ് എനിയ്ക്കാ വാക്കിലൂടെ ലഭിച്ചത്. രണ്ടാനമ്മമാരിൽ ദുഷ്ടകളും , നല്ലവരും ഉണ്ടാകാം എന്ന് പിന്നീട് എനിയ്ക്ക് മനസ്സിലായി. ഏത് പ്രശ്നങ്ങളേയും നമ്മൾ മുൻ വിധിയോടെ സമീപിക്കുമ്പോഴാണ് തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത. തുറന്ന സമീപനമാണെങ്കിൽ അതിനുള്ള സാധ്യത കുറയും.

“ചിറ്റമ്മ നയം ” എന്ന വാക്കു ലഭിച്ച വൈകുന്നേരം ഞാൻ വീട്ടിലെത്തി എന്റെ അമ്മയോട് അതങ്ങ് പ്രയോഗിച്ചു. അമ്മ എന്നോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് . അമ്മയ്ക്ക് പുത്ര വാത്സല്യം ഇത്തിരി കൂടുതലാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഞാനന്ന് അങ്ങനെ പറഞ്ഞത്. അന്ന് ചായ കുടി കഴിഞ്ഞ് അയലത്തെ ദേവയാനി ചേച്ചിയുമായുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ ഞങ്ങൾ മൂവരും അടുത്തു നിൽക്കത്തന്നെ അമ്മ ഞാനങ്ങനെ പറഞ്ഞതിനെ കുറിച്ച് ചേച്ചിയോട് പറഞ്ഞു. അങ്ങനെ ഓരോന്ന് പറഞ്ഞ കൂട്ടത്തിൽ എന്റെ അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നെന്നും കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിൽ ആയിരുന്നു വീടെന്നും മരിച്ചു പോയെന്നും മനസ്സിലായി. അമ്മയുടെ അച്ഛനമ്മമാരെയും അച്ഛന്റെ അമ്മാവന്മാരേയും മറ്റും ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അച്ഛന്റെ അച്ഛനമ്മമാരെ കുറിച്ച് അതുവരെ ഒന്നും അറിയില്ലായിരുന്നു. കാസർഗോഡ് ആയിരുന്നു ഞങ്ങളുടെ താമസം എന്നതിനാൽ അച്ഛനമ്മമാർ അതേ കുറിച്ച് പറഞ്ഞു തരാതിരുന്നതിനാൽ അച്ഛന് അച്ഛനമ്മമാർ ഉണ്ടെന്നു പോലും ഞാൻ ചിന്തിച്ചിരുന്നില്ല. അന്നു സന്ധ്യയ്ക്ക് അച്ഛനെത്തിയപ്പോൾ ഞാൻ അച്ഛനോട് അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നോ എന്ന് ചോദിച്ചു. അപ്പോഴാണ് അച്ഛൻ അച്ഛന്റെ മാതാപിതാക്കളെ കുറിച്ച് ഞങ്ങളോട് പറഞ്ഞു തുടങ്ങിയത്. അച്ഛന് അച്ഛന്റെ അമ്മയെ ഒൻപതാം വയസ്സിൽ നഷ്ടപ്പെട്ടെന്നും കുതിരകൾ വലിയ്ക്കുന്ന വില്ലുവണ്ടിയിൽ സഞ്ചരിച്ചപ്പോൾ വില്ലുവണ്ടി മറിഞ്ഞ് ക്ഷതമേറ്റായിരുന്നു മരണമെന്ന് അച്ഛൻ പറഞ്ഞു തന്നു. അച്ഛന്റെ അമ്മയുടെ സ്ഥലം കൊല്ലം ജില്ലയിലെ ചിറക്കര താഴത്തും അച്ഛന്റെ അച്ഛന്റെ സ്ഥലം കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിലും . അച്ഛന്റെ അച്ഛൻ ശ്രീ കറുമ്പന്റെ ആദ്യ ഭാര്യ കൊച്ചു കുഞ്ചേക്കിയായിരുന്നു. കൊച്ചു കുഞ്ചേക്കിക്ക് നീലാംബരൻ , ദാമോദരൻ, ഗംഗാധരൻ എന്നീ ആൺ മക്കളും തങ്കമ്മ , ലക്ഷ്മി , കാർത്യായനി, ഗൗരി എന്നീ പെൺമക്കളും ആയിരുന്നു. ഇതിൽ കാർത്യായനിയും ഗാരിയും ഇരട്ട കുട്ടികളായിരുന്നു. ഇരട്ട കുട്ടികളെ പ്രസവിച്ച ഉടനേ തന്നെ കൊച്ചു കുഞ്ചക്കി അമ്മൂമ്മ മരിച്ചു. പിന്നെയാണ് അച്ഛാച്ചൻ എന്റെ അച്ഛാമ്മയായ “നീലമ്മ അമ്മു കുഞ്ഞിനെ” വിവാഹം ചെയ്യുന്നത്. കല്ലട “തോപ്പു വിള” തറവാട്ടിലെ കാരണവരായിരുന്ന “കറുമ്പൻ” എന്ന എന്റെ അച്ഛാച്ചന് ചിറക്കര ത്താഴത്ത് നാട്ടുവാഴിത്തറവാടിന്റെ കാരണവർ കൂടിയായിരുന്ന ആലുവിള “കൊച്ചു പത്മനാഭനെ” പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് അനന്തരവളായ “അമ്മു കുഞ്ഞിനെ” കാരണവർ തോപ്പു വിളയിലെ കാരണവർക്ക് വിവാഹം കഴിച്ചു കൊടുത്തത്.

അമ്മുക്കുഞ്ഞ് കൊച്ചു കുഞ്ചേക്കിയുടെ മക്കൾക്ക് സ്നേഹമയിയായ കുഞ്ഞമ്മയായിരുന്നു. അച്ഛാച്ചന് അമ്മു കുഞ്ഞിൽ രണ്ടാൺമക്കൾ കൂടി ജനിച്ചു. വിദ്യാധരൻ എന്ന എന്റെ അച്ഛനും വിശ്വംഭരനും. അങ്ങനെ മഹാഭാരതത്തിലെ കുന്തിയ്ക്കും മാദ്രിയ്ക്കും കൂടി അഞ്ചാൺ മക്കൾ എന്ന് പറഞ്ഞതു പോലെ കുഞ്ചേക്കിയ്ക്കും അമ്മു കുഞ്ഞിനുമായി അഞ്ചാൺ മക്കൾ. അവരെ പഞ്ച പാണ്ഡവന്മാരെന്ന് കിഴക്കേ കല്ലടയിലെ ആളുകൾ പറഞ്ഞു പോന്നു.

എന്റെ അച്ഛാമ്മ സ്വാത്വികയും സ്നേഹമയിയുമായിരുന്നെന്ന് അച്ഛൻ പറഞ്ഞു തന്നു. രണ്ടാനമ്മ നല്ലവളുമാകാമെന്ന് എനിയ്ക്ക് മനസ്സിലായി. പിന്നീട് അച്ഛന്റെ അർദ്ധ സഹോദന്മാരേയും സഹോദരിമാരേയും പരിചയപ്പെട്ടപ്പോൾ അത് കൂടുതൽ വ്യക്തമായി . അവരുടേയും അനന്തര തലമുറകളുടേയും സ്നേഹം ഇന്നും നിലനിൽക്കുന്നു. പിന്നെയുള്ള ഓരോ ദിവസങ്ങളിലും അച്ഛന്റെ ബന്ധുക്കളെ കുറിച്ച് ഞാൻ അച്ഛനോട് ചോദിക്കുമായിരുന്നു. അച്ഛൻ അതെല്ലാം പറഞ്ഞു തരും. അച്ഛാമ്മ വെളുത്ത് മെലിഞ്ഞ് ബോബ് ചെയ്ത മുടിയുള്ള സാമാന്യം നല്ല സൗന്ദര്യമുള്ള സ്ത്രീയായിരുന്നെന്നാണ് അച്ചന്റെ വർണ്ണനയിൽ നിന്നും എനിയ്ക്ക് മനസ്സിലായത്. അന്നുമുതൽ ഒരു ഫോട്ടോ പോലുമില്ലാതെ എന്റെ അച്ഛാമ്മയെ ഞാൻ മനസ്സിൽ കണ്ടു. അവരോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ഞാൻ ജനിക്കുന്നതിനും 23 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ അവരുടെ ഏകദേശ ചിത്രം എന്റെ മനസ്സിൽ പൂർത്തിയാക്കാൻ സാധിച്ചത് ശ്രീമതി അമ്മു കുഞ്ഞിന്റെ ചേച്ചി കുഴുപ്പിൽ കാർത്ത്യായനി അച്ചാമ്മയേയും അനുജത്തി കീഴതിൽ ലക്ഷ്മി അച്ഛാമ്മയേയും പിന്നീട് കണ്ടപ്പോഴാണ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

രാജു കാഞ്ഞിരങ്ങാട്

സ്ത്രീ ഒരു കടലാണ്
ഒറ്റത്തുള്ളിയും
തുളുമ്പാത്ത കടൽ

തിരക്കൈകൾ നീട്ടി
തീരത്ത് കയറാൻ
ശ്രമിച്ചിട്ടും
ഊർന്ന് ഉൾവലിഞ്ഞ്
പോകുന്നവൾ

ചുണ്ടിലൊരു നിലാച്ചിരി
കെടാതെ സൂക്ഷിക്കുന്ന
വൾ
ഹൃത്തിലൊരഗ്നിയും പേറി
നടക്കുന്നവൾ

എന്തൊക്കെയാണ് നീ
അവൾക്ക് കൽപ്പിച്ച്
നൽകിയ പര്യായം
അമ്മ
പൂജാ വിഗ്രഹം
ഭാര്യ
മകൾ
വേശ്യ.

ഇണയെന്നും
തുണയെന്നും പറഞ്ഞ്
ചവുട്ടി താഴ്ത്താനും
ചവിട്ടുപടിയാക്കാനും
കൈക്കലയാക്കി
മാറ്റിയിടാനുമുള്ള ജന്മം.

പാടണമിനിയൊരു പുതു
ഗാനം
പെണ്ണിൻ പുതുജീവിത
ഗാനം

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

ഡോ. ഐഷ വി

ജൂൺ 19 വായനാ ദിനം. ശ്രീ പി എൻ പണിക്കരെ നമ്മൾ സ്മരിയ്ക്കുന്നത് ഈ ദിനത്തിലൂടെയാണ്. ഓരോ ദിനാചരണത്തിനും ചില സവിശേഷതകളുണ്ട്. വർഷം മുഴുവൻ കാര്യമായി ഒന്നും ചെയ്യാത്തവർ പോലും ദിനാചരണത്തോടനുബന്ധിച്ച് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒക്കെ ചെയ്യും. അതുപോലെ വായനാ ദിനം ആചരിക്കാൻ വേണ്ടിയെങ്കിലും കുറേപ്പേർ പുസ്തകങ്ങൾ വായിക്കും.  വായനയുടെ ലോകത്തേയ്ക്ക് നമ്മളെ പിച്ച നടത്തിച്ച ധാരാളം പേരുണ്ടാകും നമ്മുടെ ജീവിതത്തിൽ . അവരെയെല്ലാം നമുക്ക് നന്ദിയോടെ സ്മരിയ്ക്കാം. ഓരോ വായനയും നമുക്ക് വിശാലമായ ലോകാനുഭവങ്ങൾ നൽകുന്നു.

കുട്ടിക്കാലത്തെ എന്റെ വായനയിൽ സ്വാധീനം ചെലുത്തിയവരിൽ അധ്യാപകരും സഹപാഠികളും മാതാപിതക്കളും ബന്ധുക്കളും അയൽപക്കക്കാരുമുണ്ട്. മുതിർന്നപ്പോൾ സഹപ്രവർത്തകരും.
ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ചിരവാത്തോട്ടത്തെ അമ്മ വീട്ടിൽ ഒരു രാത്രി വല്യമാമൻ വന്നപ്പോൾ ഒരു ശാസ്ത്രകേരളവും ഒരു ശാസ്ത്രഗതിയും ഒരു യുറീക്കയുമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. പിന്നീട് എല്ലാ ആഴ്ചയും വല്യമാമൻ വരുമ്പോൾ ഞങ്ങൾക്ക് നല്ല നല്ല പുസ്തകങ്ങൾ കിട്ടിക്കൊണ്ടിരുന്നു. വല്യമാമന് നല്ല പുസ്തകശേഖരം ഉണ്ടായിരുന്നു. മഹാഭാരതം എല്ലാ വാല്യങ്ങളും മെഡിസിന്റെ ഇന്റർ നാഷണൽ ജേർണലുകൾ പരിണാമ സിദ്ധാന്തം ആയുർവേദ പുസ്തകങ്ങൾ എല്ലാം അതിൽപ്പെടും. എന്റെ അച്ഛൻ വല്യമാമന്റെ ശേഖരത്തിലെ മഹാഭാരതം ചിട്ടയായി വായിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം അതിലെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന ശ്ലോകങ്ങളും വായിച്ചു തീർത്തു.

ഞാൻ ഋതുമതിയായ വിവരമറിഞ്ഞ വല്യമാമൻ എനിക്ക് മനുഷ്യ ശരീരത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് സമ്മാനിച്ചത്. ശാസ്ത്രീയമായ അറിവുകൾ സ്വായത്തമാക്കുവാൻ ഇന്റർനെറ്റില്ലാത്ത അക്കാലത്തെ ഈ വായനകൾ സഹായിച്ചു. വല്യമാമന് സംസ്കൃതം നല്ല വശമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലെ നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗിന് സംസ്കൃത വ്യാകരണം പറ്റിയതാണെന്നറിഞ്ഞപ്പോൾ ഒരു സംസ്കൃത വ്യാകരണ ഗ്രന്ഥം അദ്ദേഹം എനിക്ക് സമ്മാനിച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ സ്വയo പുസ്തകങ്ങളുo മാഗസിനുകളും തിരഞ്ഞെടുക്കാൻ തുടങ്ങി. അച്ഛൻ ബാലരമ, പൂമ്പാറ്റ, ഭാഷാപോഷിണി എന്നിവ വരുത്തുമായിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്ത് കോമ്പറ്റീഷൻ സക്സസ് റിവ്യൂ വായിക്കുമായിരുന്നു. ഒരു ദിവസം അച്ഛൻ ബാലരമ എന്റെ കൈയ്യിലേയ്ക്ക് വച്ചു തന്നപ്പോൾ ഞാൻ അച്ഛന് കോമ്പറ്റീഷൻ സക്സസ് റിവ്യൂ കാട്ടിക്കൊടുത്തു. അപ്പോഴാണ് അച്ഛന് മകൾ വളർന്നു എന്ന് തോന്നിയത് എന്നെനിയ്ക്ക് തോന്നി. അച്ഛനമ്മമാർ അങ്ങനെയാണ്. മക്കൾ അവർക്കെന്നും കുട്ടികളാണ്. അമ്മയുടെ ബജറ്റ് പലപ്പോഴും താളം തെററിയത് എന്റെ പുസ്തകം വാങ്ങുന്ന സ്വഭാവം കൊണ്ടാണ്. വല്യമാമന് സ്ട്രോക്ക് വരുന്നതിന് ഒരു മാസം മുമ്പ് ഞാനും അനുജത്തിയും കൂടി വല്യമാമനെ കാണാൻ പോയപ്പോൾ ശ്രീ നാരായണ ഗുരുവെഴുതിയ “ശ്രീമത് ശങ്കര ” എന്ന് തുടങ്ങുന്ന ശ്ലോകം ഞങ്ങളെക്കൊണ്ട് വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിരുന്നു. “ആത്മോപദേശ ശതകവും” അദ്ദേഹം ഇതുപോലെ വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിട്ടുണ്ട്.

ഞാൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ കോളേജ് ലൈബ്രറിയിലേയും കൊല്ലം പബ്ലിക് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഹോമർ , പി.വത്സല, ഒ എൻ.വി , തകഴി , ജി ശങ്കര കുറുപ്പ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിച്ചത് അവിടെ നിന്നാണ്. കൊല്ലം പബ്ലിക് ലൈബ്രറിയിലെ അന്നത്തെ ലൈബ്രറേറിയൻ ഒരല്പം കർക്കശ സ്വഭാവമുള്ളയാളായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ബുക്ക് ഷെൽഫുകളുടെ സ്ഥാനം മാറ്റി വയ്ക്കാറുണ്ടായിരുന്നു. അതിനാൽ അടുത്ത ദിവസം അതേ സ്ഥാനത്ത് നമ്മൾ ഉദ്ദേശിച്ച പുസ്തകം തിരഞ്ഞാൽ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഈ ഭരണ പരിഷ്കാരത്തെ തുഗ്ലക്കിന്റെ ഭരണ പരിഷ്കാരമെന്ന് ചിലർ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാലും ലൈബ്രറി നിശബ്ദവും വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. ഈ ഭരണ പരിഷ്കാരം ആളുകൾ പുസ്തകങ്ങൾ അടിച്ചു മാറ്റി കൊണ്ടുപോകുന്നത് ഒഴിവാക്കാനാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഞങ്ങളുടെ കോളേജിലെ ഒരു ഹിന്ദി പ്രൊഫസറായിരുന്നു എന്നെ ആ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കാൻ ഇൻട്രൊഡ്യൂസ് ചെയ്തത്. എ ക്ലാസ്സ് മെമ്പർഷിപ്പുണ്ടായിരുന്ന എനിക്ക് മൂന്ന് പുസ്തകങ്ങൾ എടുക്കാമായിരുന്നു.

കോഴിക്കോട് ആർ ഇ സി യിലെ ലൈബ്രറി വളരെ വല്യ ലൈബ്രറി ആയിരുന്നു. പഠനം സാങ്കേതിക തയിലേയ്ക്ക് വഴിമാറിയപ്പോൾ വായനയും ആ വഴിക്കായി. തൃശൂരിലെ മാള പോളിടെക്നിക്കിൽ ജോലി ചെയ്യുന്ന സമയത്ത് ഞാനും അഞ്ചുവും കൂടി അതിനടുത്ത ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ എടുത്തു വായിക്കുമായിരുന്നു. സിഡ്നി ഷിൽസന്റെ നോവലുകൾ വായിച്ചത് ആ സമയത്താണ്. പല ഹോസ്റ്റലുകളിലും താമസിച്ചിട്ടുള്ളപ്പോൾ റും മേറ്റ്സ് വായിക്കാനായി കൊണ്ടുവരുന്ന പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.

ജോലി സ്ഥലത്ത് പല പ്രസാധകരുടെ ഏജന്റുമാരും പുസ്തകവുമായി വരുമ്പോഴും ടെയിനിൽ യാത്ര ചെയ്യുമ്പോഴും ഞങ്ങൾ പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. അങ്ങനെയൊരിക്കൽ മാവേലിക്കരയിൽ ജോലി ചെയ്യുമ്പോൾ പുസ്തകം കൊണ്ടുവന്നയാളിൽ നിന്നും അധ്യാപകർ വ്യത്യസ്തമായ പുസ്തകങ്ങൾ വാങ്ങി. അങ്ങനെ വാങ്ങുമ്പോൾ കൈമാറി വായിക്കാമല്ലോ? അന്ന് കണക്ക് അധ്യാപകനായ ഹാരിസ് സാർ വാങ്ങിയത് ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ “അഗ്നി ചിറകുകൾ ” ആയിരുന്നു. ഞാൻ ഹാരിസ് സാറിനോട് ആ പുസ്തകം വായിച്ചു തീരുമ്പോൾ എനിക്ക് വായിക്കാൻ തരണേയെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അല്പം ഡിപ്രഷൻ ഉണ്ടായിരുന്നു. അവിടത്തെ സഹപ്രവർത്തകൾ അദ്ദേഹത്തിന്റെ ഡിപ്രഷൻ മാറ്റാനായി കോളേജ് സമയം കഴിഞ്ഞ് സാറിനേയും കൂട്ടി പന്തുകളിയ്ക്കുമായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹാരിസ് സാറിന് ആറ്റിങ്ങലേയ്ക്ക് ട്രാൻസ്ഫർ ആയി. പോകാൻ നേരം ” അഗ്നി ചിറകുകൾ” എനിക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയത്. കുറേ നാൾ കഴിഞ്ഞ് ഹാരിസ് സാറിന്റെ ആത്മഹത്യാ വാർത്തയാണ് ഞങ്ങൾ അറിയുന്നത്. അഗ്നി ചിറകുകളെ കുറിച്ച് ഓർക്കുമ്പോഴോ കേൾക്കുമ്പോഴോ ഹാരിസ് സാറിനേയും ഓർമ്മ വരും.

അതുപോലെ തന്നെയാണ് ഡിഗ്രിയ്ക്ക് ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്ന ഉഷ. കുമാരനാശാന്റെ ലീല എനിയ്ക്ക് സമ്മാനിച്ചത് ഉഷയാണ്. ഉഷയും ആത്മഹത്യ ചെയ്തിട്ട് കാലമേറെയായി.

ചിലർ പുസ്തകങ്ങൾ വാങ്ങിയാൽ തിരികെ കൊടുക്കാത്തവരാകും. തിരികെ കൊടുക്കേണ്ടവ തിരികെ കൊടുക്കണമെന്ന നിലപാടിലാണ് ഞാൻ. എൻട്രൻസ് പരീക്ഷയെഴുതുന്ന സമയത്ത് പരവൂരിലെ വല്യച്ഛന്റെ മകളും കോളേജ് അധ്യാപികയുമായ സത് ലജ് ചേച്ചിയുടെ അടുത്ത് ചെന്ന് കെമിസ്ട്രി സംശയ നിവാരണം ഞാൻ നടത്തിയിരുന്നു. അങ്ങനെ ഒരു ദിവസം ചേച്ചി എനിക്ക് കുറച്ച് കെമിസ്ട്രി പുസ്തകങ്ങൾ തന്നു. ചേച്ചി ഒരു കണ്ടീഷനേ വച്ചുള്ളൂ. പുസ്തകങ്ങൾ തിരികെ കൊടുക്കണം. ഞാൻ പഠിച്ച ശേഷം പുസ്തകങ്ങൾ തിരികെ കൊടുക്കുകയും ചെയ്തു. രഘു മാമനും അതു പോലെ ഒരു ഫിസിക്സ് പുസ്തകം തന്നിട്ടുണ്ടായിരുന്നു. അതും പഠിച്ച ശേഷം തിരികെ കൊടുത്തു. ഇതെല്ലാം പാഠപുസ്തകത്തിനുപരിയായുള്ള വായനയ്ക്ക് ഇടയാക്കിയിരുന്നു.

ചില പ്രസാധകരും പുസ്തകങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ ഈയിടെ ലഭിച്ച പുസ്തകങ്ങളാണ് ശ്രീ എം മുകുന്ദന്റെ ” തട്ടാത്തി പെണ്ണിന്റെ കല്യാണം” ശ്രീ ചന്ദ്ര പ്രകാശിന്റെ ” പുഴ മത്സ്യത്തിൽ ഒഴുകുമ്പോൾ” എന്നിവ . എന്റെ അധ്യാപകനായിരുന്ന ഡയറ്റ് പ്രിൻസിപ്പാളായി പെൻഷൻ പറ്റിയ ഡോ. പ്രസന്നകുമാർ സാറിന്റെ ” ഗാന്ധിജിയും പരിസ്ഥിതിയും” എന്ന പുസ്തകവും ഈയിടെ വായിച്ചിരുന്നു.

നല്ല പുസ്തകങ്ങൾ എന്നും നല്ല കൂട്ടുകാരെപ്പോലെയാണ്. നമ്മുടെ ജീവിതത്തെ നേർവഴിയ്ക്ക് നയിക്കാനും പ്രചോദിപ്പിക്കാനും അവ ഉതകും. സ്വീകരിച്ചാൽ മാത്രം പോരല്ലോ കൊടുക്കുകയും വേണ്ടേ. എന്റെ വല്യമാമന് ഞാൻ രണ്ടു മൂന്ന് പുസ്തകങ്ങൾ വാങ്ങി നൽകി. അതിലൊന്ന് ഡോ. ബി. ഇക്ബാൽ എഴുതിയ 21-)o നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തേയും ആരോഗ്യത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായിരുന്നു. ഒരിക്കൽ ഞാൻ പെരേരയുടെ “28 ദിവസത്തിനുള്ളിൽ വിജയം “എന്ന പുസ്തകം വാങ്ങിയിരുന്നു. ആ 38 രൂപയ്ക്ക് വാങ്ങിച്ച ആ പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അക്കാലത്ത് ഞാൻ 38000 രൂപ അധിക വരുമാനം ഉണ്ടാക്കിയിരുന്നു. ഏകദേശം അക്കാലത്തെ 6 പവന്റെ തുക. പിന്നീട് ആ പുസ്തകം ഞാൻ എന്റെ പ്രിയ ശിഷ്യൻ അരുണിന് സമ്മാനിക്കുകയായിരുന്നു. പ്രതിപാദ്യ വിഷയമനുസരിച്ച് വായന നമ്മെ പല ലോകത്തേയ്ക്കും കൊണ്ടുപോകും. കാണാത്ത പല ലോകവും കാട്ടിത്തരും. വായനയുടെ ലോകത്ത് ഞാനിന്നും ഒരു ശിശു മാത്രമാണ്. ഇനിയും എത്രയോ വായിക്കാനിരിയ്ക്കുന്നു. വായിക്കാത്ത ലോകം ശ്രീ നാലാപ്പാട് നാരായണ മേനോൻ പറഞ്ഞത് കടമെടുത്തു പറഞ്ഞാൽ അനന്തം അജ്ഞാതം അവർണ്ണനീയം….” നിങ്ങൾക്ക് എല്ലാ പേർക്കും നല്ല പുസ്തകങ്ങൾ വായിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

കാരൂർ സോമൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിത്യ കൂട്ടായ്‌മ “ആധുനികതയും വായനയും” എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്‌പ്പോടെയായാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമല്ല. അത് യാത്രപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വായനയിൽകൂടി ലഭിക്കുന്ന അറിവ് ജീവിതത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്തിയെടുക്കാൻ വളരെ സഹായിക്കുക്കുക മാത്രമല്ല അത് നമ്മെ എത്തിക്കുന്നത് ഉയരങ്ങളിലാണ്. ഈ കാലത്ത് കൊറോണ ദുഷ്ട ദൈവം നമ്മെ അത്യാധുനികതയിൽ എത്തിച്ചതുകൊണ്ടാണല്ലോ അദ്ധ്യാപനം ഓൺലൈൻ വഴി നടത്താൻ ഇടവന്നതും കുട്ടികൾ കംപ്യൂട്ടറിന്റ മുന്നിൽ ഇരിക്കാൻ ഇടയായതും. ഈ രംഗത്ത് നമ്മൾ എത്ര മികവുള്ളവരായാലും നമ്മുടെ മനസ്സിൽ ആഴത്തിൽ വേരുറയ്ക്കുന്നതാണ് വായന. അത് ആർജ്ജിച്ചെടുത്തവരാണ് നമ്മൾ കണ്ടിട്ടുള്ള മഹാന്മാർ. ചിന്തകനായ കൺഫ്യൂഷ്യസ് പറയുന്നു. “ചിന്ത കൂടാതെയുള്ള പഠനം നിഷ്‌ഫലമാണ്. പഠനം കൂടാതെയുള്ള ചിന്ത അപകടകരവും. തെറ്റുകളിൽ വീഴാതിരിക്കുന്നതിലല്ല വീഴ്ച്ചയിൽ നിന്ന് എഴുന്നേൽക്കുന്നതിലാണ് മനുഷ്യന്റെ മഹത്വ൦”. ഈ ചിന്താശകലങ്ങൾ നമുക്ക് തരുന്നത് വായനയാണ്. അതുകൊണ്ടാണ് ചിന്തകനായ പ്ലേറ്റോ പറഞ്ഞത് “തങ്ങൾക്ക് മനസ്സിലാകാത്ത കാര്യങ്ങളെപ്പറ്റി, അനീതികളെപ്പറ്റി ആധികാരികമായി എഴുതുന്നവരാണ് സർഗ്ഗ സാഹിത്യകാരന്മാർ, കവികൾ.

സാഹിത്യത്തിന്റ മണിമുറ്റത്ത് ഓരോരുത്തരുടെ മനോസുഖത്തിനായി പുതിയ പുതിയ അനുഭൂതി ആവിഷ്കാരങ്ങൾ ആധുനികകാലത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് 19 ജൂൺ 2020 പി.എൻ.പണിക്കരെ സ്മരിച്ചുകൊണ്ടുള്ള വായനാദിനം നമ്മൾ ആചരിക്കുന്നത്. മാർച്ച് ഒന്ന് 1909 ൽ നിലംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, മലയാള പത്രപ്രവർത്തനത്തിന്റ പിതാവ് ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ ഇങ്ങനെ നല്ല പിതാക്കന്മാരുടെ പാതകളാണ് നമ്മൾ പിന്തുടരുന്നത്. പി. എൻ.പണിക്കർ ഗ്രന്ഥശാല 1945 ലാണ് ആരംഭിച്ചത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് “വായിച്ചു വളരുക. അറിവ് നേടാനാണ് നാം വായിക്കുന്നത്”. ജൂൺ 19, 1995 ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോൾ 6000 ത്തിലധികം ഗ്രന്ഥശാലകൾ കേരളത്തിലെങ്ങും അദ്ദേഹം വഴി ഉടലെടുത്തു. മുപ്പത്തിരണ്ട് വർഷങ്ങൾ ഗ്രന്ഥശാല സംഘത്തിന്റ സെക്രട്ടറിയായിരിന്നു. പിന്നീടത് കേരളസർക്കാർ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തിരുവനന്തപുരത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയുള്ളത് കൊൽക്കത്തയിലെ ആലിപ്പൂരിലാണ്. കേരളത്തിലാകമാനം ഒരു വിപ്ലവകരമായ സാമുഹ്യ സാംസ്കാരിക മാറ്റമാണ് ഗ്രന്ഥശാലകൾ വഴി അദ്ദേഹമുണ്ടാക്കിയത്. 1975 ൽ യുനെസ്കോയുടെ “കൃപസ്കയ പുരസ്‌കാരം” ലഭിച്ചു. 2004 കേന്ദ്രസർക്കാർ അദ്ദേഹത്തിന്റ പേരിൽ അഞ്ചു രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആത്മാവിനെ അറിവിന്റ മൂല്യബോധത്തിൽ വളർത്തികൊണ്ടുവരാൻ തറക്കല്ലിട്ടവരാണ് നമ്മുടെ ആദിമ സർഗ്ഗ പ്രതിഭകളായ വ്യാസമഹർഷി, വാല്മികിമഹർഷി തുടങ്ങിയവർ. ഇന്ന് ഇന്ത്യയുടെ മുക്കിലും മൂലയിലും എഴുത്തും വായനയുമില്ലത്ത ജനകോടികൾ ജീവിക്കുന്നു. മനുഷ്യമനസ്സിന്റ ചാലകശക്തിയാണ് വായന എന്നറിഞ്ഞിട്ടും ഇന്ത്യയുടെ ആത്മാവിനെ വരിഞ്ഞുമുറുക്കി ബോധപൂർവ്വം പാവങ്ങളെ അറിവില്ലായ്മയുടെ പടുകുഴിയിലേക്ക് ഭരണകൂടങ്ങൾ തള്ളിവിടുന്നു. മനുഷ്യമനസ്സിന്റ പ്രേരണകൾ ആത്മാവിന്റ പാതയിലാണ് സഞ്ചരിക്കുന്നത്. അവർ യാഥാർഥ്യത്തിലേക്ക് സഞ്ചരിക്കുമെന്നറിഞ്ഞിട്ടാണ് അവർക്ക് മതിയായ വായന സാഹചര്യങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കാത്തത്. അറിവുള്ളവരായാൽ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ മാത്രമല്ല ജാതിമതരാഷ്‌ട്രീയം കൂട്ടികുഴച്ചുള്ള ജനാധിപത്യവും അവസാനിക്കും. ഈ കൂട്ടരെ പാടി പുകഴ്ത്തുന്ന എഴുത്തുകാർക്ക് പ്രതിഫലവും കിട്ടുന്നുണ്ട്. അവരുടെ കർത്തവ്യബോധം മതരാഷ്ട്രിയ പ്രമാണിമാർക്ക് പണയം വെച്ചിരിക്കുന്നു. സത്യം പറയുന്നവന് ഭീഷണികളും വെടിയുണ്ടകളും ലഭിക്കുന്നു.

വായനയെ ഹൃദയത്തോടെ ചേർത്ത് പിടിച്ചു ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാർ. അതിന് അടിത്തറയിട്ടത് 1066 -1087 ൽ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. സമൂഹത്തിൽ എഴുത്തും വായനയും അദ്ദേഹം നിർബന്ധമാക്കി. അതാണ് ബ്രിട്ടന്റെ ഓരോ കോണിലും ലൈബ്രറികൾ കാണാൻ സാധിക്കുന്നത്. ലോകമെങ്ങും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും വളർത്തുന്നതിൽ രാജകുടുംബത്തിന്റ പങ്ക് വളരെ വലുതാണ്. രാജകുടുംബത്തിൽ നിന്ന് തന്നെ പല സാമൂഹ്യവിഷയങ്ങളെ കോർത്തിണക്കിയുള്ള ആദ്യ പുസ്തകം “ഡോമസ് ഡോ ഡേ” പുസ്തകം പുറത്തിറങ്ങി. മാത്രവുമല്ല ബ്രിട്ടീഷ് അധീനതയിലുള്ള എല്ലാം രാജ്യങ്ങളോടും കർശനമായി അറിയിച്ചു. “ഇറങ്ങുന്ന ആദ്യ പുസ്തകം ഇംഗ്ലണ്ടിന് നൽകണം”. അങ്ങനെയാണ് ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ബ്രിട്ടീഷ് ലൈബ്രറിയിൽ നമ്മുടെ മഹാഭാരതവും, രാമായണവും, മലയാളിയുടെ താളിയോല ഗ്രന്ഥങ്ങളും ഇന്ദുലേഖയൊക്കെ എനിക്കും കാണാൻ സാധിച്ചത്. ആ പൂർവ്വപിതാക്കന്മാരുടെ പാത ഇന്നത്തെ ഭരണകൂടങ്ങളും പിന്തുടരുന്നു. ഒരു സമൂഹത്തിന്റ വളർച്ചയിൽ പ്രധാനപങ്കുള്ളവരാണ് ഭാഷ രംഗത്തുള്ള സർഗ്ഗപ്രതിഭകൾ, മറ്റ് എഴുത്തുകാർ. ഒരു ഭരണകൂടം എങ്ങനെ ഇടപെടുന്നുവെന്ന് ബ്രിട്ടൻ ഭരിച്ചിരുന്ന ഹെൻഡ്രി എട്ടാമൻ രാജാവിനെ പഠിച്ചാൽ മതി. നമ്മുടെ ജവഹർലാൽ നെഹ്‌റു പഠിച്ച കേ൦ബ്രിഡ്ജ് ഡ്രിനിറ്റി കോളേജ് സ്ഥാപിച്ചത് ഈ രാജാവാണ്. ലോകത്ത് ആദ്യമായി പാവപ്പെട്ട കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാതെ പഠിപ്പിച്ചു. അത് പല രാജ്യങ്ങൾക്കും മാതൃകയായി മാറി. ആ കുട്ടത്തിൽ ഒരു പാവപ്പെട്ട കുട്ടിയുണ്ടായിരുന്നു. ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിച്ച മഹാനായ ഐസക്ക് ന്യൂട്ടൻ. മലയാളി വായനാദിനം ആചരിക്കുമ്പോൾ ലോകമെങ്ങും ഇംഗ്ലണ്ടുകാരനായ വില്യം ഷേക്‌സ്‌പിയറുടെ ജനനമരണ തീയതി ഏപ്രിൽ 23 ലോക പുസ്തകദിനമായി യുനെസ്കോ ആചരിക്കുന്നു.

ഒരു ദേശത്തിന്റ വളർച്ചയും സാമൂഹ്യ സാംസ്കാരിക പുരോഗതിയും കൈവരിക്കുന്നത് അറിവിലൂടെയാണ്. ആ അറിവ് കേരളം നേടിയിട്ടുള്ളത് പുസ്തകങ്ങളിലൂടെയാണ്. അതിന് നമ്മുടെ വായനശാലകൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഓരോ വാർഡുകളിലും ഒരു ഗ്രന്ഥശാലയുണ്ടാക്കാൻ കേരള സർക്കാർ മുന്നോട്ട് വരണം. മുൻപുണ്ടായിരുന്ന വായനശീലം യവ്വനക്കാരിൽ കുറഞ്ഞതുമൂലം നമ്മുടെ നാട്ടിൽ അന്ധവിശ്വാങ്ങൾ, അനാചാരങ്ങൾ, അനീതി, അഴിമതി, മതമൗലികവാദികളുടെ രാഷ്ട്രീയ ഇടപെടൽ, വർഗ്ഗിയത, പണാധിപത്യം, ജാതിചിന്ത, അധികാരചൂഷണം തുടങ്ങിയ ധാരാളം ജീർണ്ണതകൾ കാണുന്നുണ്ട്.. ഇതൊക്കെ സംഭവിക്കുന്നത് വായനയുടെ കുറവും വിജ്ഞാനയാപനം ഇല്ലാത്തതുമാണ്. ജനങ്ങളെ മദ്യപന്മാരാക്കി വളർത്താതെ അറിവിൽ വളർത്തുകയാണ് വേണ്ടത്.

പുതിയ സാങ്കേതിക വിദ്യകൾ കണ്മുന്നിൽ തുറന്നിടുമ്പോൾ വായന നമ്മിൽ വികസിക്കുന്നുണ്ടോ എന്നൊരു ചോദ്യമാണുയരുന്നുണ്ട്. കാളിദാസന്റെ ഭാഷയിൽ പറഞ്ഞാൽ വാകപ്പൂവിന് ചിത്രശലഭത്തിന്റ ഭാരം താങ്ങാനാവും എന്നാൽ പക്ഷികളുടെ ഭാരം താങ്ങാനാവില്ല. സാങ്കേതിക വിദ്യകൾ അധികകാലം ജീവിതഭാരം താങ്ങാൻ നമുക്കൊപ്പം സഞ്ചരിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ കൊറോണ നമ്മെ ഭരിക്കുന്നതുപോലെ ആധുനിക സാങ്കേതികവിദ്യകൾ നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ സാങ്കേതിക വിദ്യകളിൽ നമ്മൾ ആറാടുമ്പോൾ കാലത്തിന്റ പരുക്കുകളേറ്റു കിടക്കുന്ന, ജീവിതം അലങ്കോലപ്പെട്ടുകിടക്കുന്ന പലരെയും കാണാൻ സാധിക്കും. ഒരാൾ അപകടത്തിൽ കിടന്ന് രകതം വാർന്നൊഴുകുമ്പോൾ അതിന്റ ഫോട്ടോയെടുത്തു് രസിക്കുന്ന സാങ്കേതിക വളർച്ചയാണോ നമ്മുക്ക് വേണ്ടതെന്ന് ചിന്തിക്കണം. ആ ചിന്ത നമ്മെ എത്തിക്കുന്നത് വായനയിലാണ്. നമ്മൾ അറിയേണ്ടത് ഹ്ര്യദയാനുഭൂതികളുടെ ചേതോഹരമായ സൃഷ്ടിയാണ് സാഹിത്യം അല്ലാതെ സ്‌ക്രീനിൽ തെളിയുന്ന മായാപ്രപഞ്ചമല്ല. ഉപരിതലത്തിൽ കാണിക്കുന്ന മായാജാലമാണ് ഒരു കൂട്ടർക്ക് ഇഷ്ടവിനോദം. ഒരു സിനിമയെടുക്കു. അതിലെ നായകൻ പത്തുപേരെ ഇടിച്ചുവീഴ്ത്തുന്നത് കണ്ടിരുന്ന രസിക്കാൻ അറിവിൽ വരണ്ടുണങ്ങിപോയ അന്ധകാരത്തിലുലാത്തുന്നവർക്ക് മാത്രമേ സാധിക്കു. അറിവുള്ളവർക്ക് സാധിക്കില്ല. കാരണം. അത് ജീവിതത്തിൽ നടപ്പുള്ള കാര്യമല്ലെന്ന് വിവേകികൾക്കറിയാം. എന്നാൽ സാഹിത്യ സൃഷ്ടികൾ ആത്മാവിന്റ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്. സമൂഹത്തിൽ ചൂഴ്ന്നു നിൽക്കുന്ന ധാരാളം തിന്മകളുണ്ട്. ആ കൂട്ടരേ നശിപ്പിക്കാൻ മൂർച്ചയേറിയ ആയുധം ലോകചരിത്രത്തിൽ സാഹിത്യമാണ്. ലോകത്തുണ്ടായ വിപ്ലവങ്ങൾ അതിനുദാഹരണങ്ങളാണ്. ആധുനികത അവകാശപ്പെടുന്നവർക്ക് ഇതിന് സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്. ആധുനികത്വത്തിന്റ ചൈതന്യമുള്ള സൃഷ്ടികൾ ഇന്നല്ല ഇതിന് മുൻപും മലയാള ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. അത് ചൂഷണം, ഹിംസ,അനീതി, അന്ധതക്കെതിരെയുള്ള പോരാട്ടമായിരിന്നു.

പൗരാണികാലത്തായാലും ആധുനിക കാലത്തായാലും ആധുനികരായാലും അത്യാധുനികരായാലും ഒരു വ്യക്തിയുടെ മാഹാത്മ്യം നിലകൊള്ളുന്നത് അവന്റെ അറിവിലാണ്. അറിവുണ്ടാകണമെങ്കിൽ നല്ല സാഹിത്യകൃതികൾ വായിക്കണം. ഇന്നത്തെ സ്കൂൾ കുട്ടികളടക്കം ഇൻറർനെറ്റിൽ നിന്ന് പകർത്തുകയാണ്. വായിച്ചു പഠിക്കേണ്ടതില്ല. ഈ വിദ്യാവിവരണത്തിലൂടെ അറിവിനെ അളന്നെടുക്കാൻ സാധിക്കുമോ? ഇതിനെയാണോ ആധുനികതയെന്ന് വിശേഷിപ്പിക്കുന്നത്? ഇതുപോലെയാണ് ശൈലീപരമായ അക്ഷരങ്ങളെ അളന്നെടുത്തു രൂപപരമായ അഭ്യാസങ്ങൾ നടത്തി ആധുനികത്വ൦ സൃഷ്ടിക്കാൻ ഭാഷയിൽ ഒരു കൂട്ടർ ശ്രമിക്കുന്നത്. ഈ കൂട്ടർക്ക് സ്തുതിപാടാൻ സോഷ്യൽ മീഡിയ പോലുള്ള തലച്ചോറില്ലാത്ത പ്രചാര തന്ത്രങ്ങളുണ്ട്. ഇന്നത്തെ ചില കവിതകൾ ഒന്നെടുക്കു. സുഗതകുമാരി ടീച്ചർ പറയുന്നതുപോലെ നാട്ടിലെങ്ങും കവികളുടെ പ്രളയമാണ്. കുട്ടികൾ കടൽപ്പുറത്ത് മണലുകൊണ്ട് വീട് തീർക്കുന്നതുപോലെയാണ് പല കവിതകൾ വായിക്കുമ്പോൾ തോന്നുന്നത്. നല്ല കവിതകൾ നല്ല അടിത്തറയിൽ പടുത്തുയർത്തുന്നതാണ്. കടലിലെ തിരമാലകൾ വന്ന് ആ വീട് കൊണ്ടുപോകുമ്പോൾ വീണ്ടും ഈ മണൽ കവികൾ വീടുണ്ടാക്കി ലൈക്കുകൾ നേടുന്നു. അവരെയും ആധുനിക കവികൾ എന്ന് ചിലരൊക്ക വിളിക്കുന്നുണ്ട്. ഇതുപോലുള്ള പരീക്ഷണങ്ങൾ പലരും സാഹിത്യരംഗത്ത് നടത്തി രസിക്കുന്നു. സ്വാധീനമുള്ളവർ അതൊക്കെ പ്രസിദ്ധപ്പെടുത്തി ധാരാളം ഫേസ് ബുക്ക് പോലുള്ള ലൈക്കുകൾ വാങ്ങുന്നു. രാഷ്ട്രീയ രംഗത്തുള്ളവരെങ്കിൽ പദവിയും പത്രാസും അവരെ തേടിയെത്തും.

ഇംഗ്ലീഷ് സാഹിത്യകാരനായ ക്രിസ്റ്റഫർ മോർളി പറയുന്നത് “പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരംപോലെയാണ് “. ഇവിടെയാണ് നമ്മുടെ ആത്മാവിനെ തട്ടിയുണർത്താൻ കാലമായിരിക്കുന്നത്. നമുക്ക് ചുറ്റും എന്തെല്ലാം തിന്മകൾ നടമാടുന്നു. കൺമുന്നിൽ കണ്ടാലും പ്രതികരിക്കില്ല. നമ്മൾ ഒരു ശരീരം വലിച്ചുകൊണ്ട് നടക്കുന്നു. ആത്മാവ് പോലും പ്രതികരിക്കുന്നില്ല. കുറെ ചത്ത ശവങ്ങൾ എന്ന് പറഞ്ഞാലും തെറ്റില്ല. സാഹിത്യ രംഗത്തും ഇത്തരക്കാരുണ്ട്. സമൂഹത്തിന് വേണ്ടിയാണ് സർഗ്ഗസൃഷ്ഠി നടത്തുന്നതെങ്കിൽ നായുടെ സ്വഭാവമുള്ളവനെ നായെന്ന് വിളിക്കാനുള്ള ചങ്കൂറ്റം കാണിക്കണം. ഇന്നത്തെ ആധുനിക അത്യാധുനിക എഴുത്തുകാർ പൊൻകുന്നം വർക്കിയെ പഠിക്കണം. കത്തോലിക്ക മതമേധാവികൾ വർക്കി സഭയെ കരിവാരിത്തേക്കുന്നുവെന്ന് പരാതി പറഞ്ഞപ്പോൾ അദ്ദേഹം കൊടുത്ത മറുപടി “ആ കരി ഞാൻ തേച്ചതല്ല അത് നിങ്ങളുടെ മുഖത്തുള്ളതാണ്”. ഇങ്ങനെ ധീരമായ മറുപടികൊടുക്കാൻ ചങ്കൂറ്റമുള്ള എത്ര എഴുത്തുകാർ നമ്മുക്കുണ്ട്? നല്ല സാഹിത്യകൃതികൾ മനുഷ്യരെ വാരിപുണരുന്നതാണ്. കാളിദാസൻ നടത്തിയ ചാട്ടവാറടിപോലെ കേരളത്തിലും എത്രയോ കവികൾ, സാഹിത്യമാരന്മാർ അടിയേറ്റു പിടഞ്ഞവന്റെ ഒപ്പം നിന്നു. ഇന്ന് മതരാഷ്ട്രീയത്തിൽ നടക്കുന്ന അധാർമിക്കതിരെ തൂലിക ചലിപ്പിക്കാൻ എത്രപേരുണ്ട്? ചങ്കുറപ്പുള്ള സർഗ്ഗ പ്രതിഭകൾ ഉയർത്തെഴുനേൽക്കാൻ കാലമായിരിക്കുന്നു.

കാരൂർ സോമൻ

വീടിനടുത്തുള്ള മരങ്ങളിൽ പക്ഷികൾ മംഗളഗീതം ആലപിച്ചിരിക്കെയാണ് അരുൺ നാരായണൻ പശുവിനെ കറക്കാൻ തൊഴുത്തിലെത്തിയത് . പശുവിന്റെ അകിട്ടിനു നല്ലതുപോലെ വെള്ളമൊഴിച്ചു കഴുകി പാൽ കറന്നുകൊണ്ടിരിക്കെ പശുക്കുട്ടി പുറത്തേക്കോടി , കോളജ് കുമാരി ശാലിനി മുറ്റത്തെ ചെറിയ ഉദ്യാനത്തിൽ ശോഭയാർജ്ജിച്ച് നിന്ന പൂക്കളിൽ വിടർന്ന മിഴികളോടെ നോക്കി നിന്നപ്പോഴാണ് പശുക്കിടാവ് ഓടുന്നത് കണ്ടത് , അവൾ പിറകേയോടി. വീട്ടിലേക്ക് വന്ന ദീപു അഭിലാഷ് പാഞ്ഞു വന്ന പശുക്കിടാവിനെ പിടിച്ചു നിർത്തി അവളെയേൽപ്പിച്ചു . അവളുടെ കണ്ണുകൾ പ്രകാശമാനമായി . കൃതാർഥതയോടെ പുഞ്ചിരിച്ചു . അരുൺ ആ പുഞ്ചിരി മടക്കിക്കൊടുത്തു.

അവിവാഹിതനായ ദീപു ചാരുംമൂട് ബാങ്കിലെ ഉദ്യോഗസ്ഥനാണ് . അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു . ദീപു ചായക്കടയിൽ നിന്നുള്ള ചായകുടി അവസാനിപ്പിക്കാൻ തീരുമാനിച്ചു . അതിന്റെ കാരണം പാലിൽ മായം , ചായപ്പൊടിയിൽ മായം . സമൂഹത്തിലെ അനീതി , അഴിമതിപോലെ ഭക്ഷണത്തിലും മാത്രം , ദീപു സന്തോഷചിത്തനായി പറഞ്ഞു .

” എനിക്ക് അച്ഛനെയൊന്ന് കാണണം ‘ , അവർ അവിടേക്ക് ചെല്ലുമ്പോൾ അരുൺ പാലുമായി പുറത്തേക്ക് വന്നു . മകളെ ഒരു പുരുഷനാപ്പം കണ്ടത് അത്ര രസിച്ചില്ല . അമർഷമടക്കി ചോദിച്ചു . ”

നിന്റെ അമ്മയെവിടെ ?

– അടുക്കളയിൽ ‘

” ങ്ഹാ . ഇതിന് തള്ളേടെ അടുത്ത് വിട്” അവൾ അനുസരിച്ചു . മടങ്ങിയെത്തി പാലും വാങ്ങി അകത്തേക്ക് പോയി .

എന്താ നിങ്ങള് വന്നേ?

‘ ഒരു ലിറ്റർ പാല് വേണമായിരിന്നു ‘ സൗമ്യനായി അറിയിച്ചു . പെട്ടെന്ന് വിസമ്മതിച്ചെന്നു മാത്രമല്ല മുഖഭാവവും മാറി . അയൽക്കാരോടുള്ള വെറുപ്പ് പുറത്തു ചാടി .

എനിക്ക് അയൽക്കാരുമായി ബന്ധം കൂടാൻ ഇഷ്ടമില്ല . പരദൂഷണക്കാരായ കുറെ അയൽക്കാർ . എന്നോട് സ്‌നേഹം കാണിക്കും മറ്റുള്ളവരോട് പറയും ഞാനൊരു നാറിയാണെന്ന് ‘.

ദീപു ചിന്തയിലാണ്ടു . അയൽക്കാരുടെ സാമൂഹ്യശാസ്ത്രം വൈകാരികമായി എന്നോട് എന്തിന് പറയണം എന്നോടും വെറുപ്പുണ്ട് .

വീടിന്റെ ജനാലയിലൂടെ ശാലിനി അവരുടെ സംസാരം ശ്രദ്ധിച്ചു . നിസ്സാര കാര്യങ്ങളെ അച്ഛൻ ഗൗരവമായി എന്താണ് കാണുന്നത് ? ഈ തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തെല്ലാം ആൾക്കാർ എഴുതുന്നു . മനുഷ്യരുടെ വായ് മൂടിക്കെട്ടാൻ പറ്റുമോ ? ദീപു ആശങ്കയോടെ നോക്കി , ഇദ്ദേഹത്തിന് വല്ല മാനസിക പ്രശ്നവുമുണ്ടോ ? സ്നേഹപൂർവ്വം അറിയിച്ചു .

” ഞാനിവിടെ രണ്ട് വർഷമായി താമസിക്കുന്നു . രാവിലെ ജോലിക്ക് പോയാൽ രാത്രി വൈകിയാണ് വരുന്നത് . ഒരു അയൽക്കാരനെന്ന നിലയ്ക്ക് എന്നിൽ നിന്ന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടോ ?

അതൊരു മൂർച്ചയുള്ള ചോദ്യമാണ് . അരുൺ ആ കണ്ണിലേക്ക് തുറിച്ചു നോക്കി , എന്താണ് ഉത്തരം പറയുക . പൂക്കൾക്ക് മുകളിൽ വരണ്ട ശബ്ദത്തിൽ മൂളിപ്പറന്ന വണ്ടും തലയ്ക്ക് മുകളിലൂടെ പറന്നു പോയ തത്തയും പറഞ്ഞത് മറുപടി പറയണമെന്നാണ് . അരുണൻ പെട്ടന്നൊത്തരം കണ്ടെത്തി .

” അതിന് നിങ്ങളെ എനിക്ക് അറിയില്ലല്ലോ ‘ “

എന്റെ പേര് ദീപൂ . ഞാനും അയൽക്കാരനാണ് എന്നെ അറിയില്ല എന്നത് സത്യം . എന്നാൽ ചേട്ടനെ എനിക്കറിയാം , ഇങ്ങനെ സ്വയം ചെറുതായി ജീവിക്കണോ ? ഈ വീടിന് ചുറ്റും മതിൽ കെട്ടിപൊക്കിയതും അയൽക്കാരെ വെറുക്കാനാണോ ? ഈ ഉയർന്നു നിൽക്കുന്ന മതിലുപോലെ നമ്മുടെ മനസ്സും ഉയർന്ന നിലവാരമുള്ളതാകണം , സ്നേഹം വീടിനുള്ളിൽ മാത്രമല്ല വേണ്ടത് അയൽക്കാർക്കും കൊടുക്കാം . അത് ദേശത്തിനും ഗുണം ചെയ്യും . അറിവും വായനയുമുള്ള മനുഷ്യർ പരദൂഷണം പറയുന്നവരോ മറ്റുള്ളവർക്ക് ശവക്കുഴികളും ചിന്തകളും ഉണ്ടാക്കുന്നവരോ അല്ല . ചേട്ടൻ – ആ വിഡ്ഢികളുടെ പട്ടികയിൽ വരരുതെന്നാണ് എന്റെ അപേക്ഷ ‘

അദ്ഭുതത്തോടെ അരുൺ നോക്കി . ഇളം വെയിലിൽ നിന്നെ ദീപുവിന്റെ അകത്തേക്ക് ക്ഷണിച്ചിരുത്തി , മകളെ വിളിച്ചിട്ട് പറഞ്ഞു .

‘ മോളെ ദീപു സാറിന് ഒരു പായ കൊണ്ടുവാ ‘ , അരുൺ മറ്റൊരു വിശദീകരണത്തിനും പിന്നീട് മുതിർന്നില്ല .

വാക്കുകൾ ഉരകല്ലും ചൂടുമായി മിന്നി . മനസ്സിലെ ഭ്രമചിത്രങ്ങൾ , വ്യഥകൾ വായ് പിളർത്തുന്ന തീപ്പൊള്ളലായി . ഒരു തീക്കാറ്റുപോലെ നെടുവീർപ്പ് അരുണിനുണ്ടായി . ബന്ധങ്ങൾ ഹൃദയ സ്പർശിയാകണമെന്ന് ആ മനസ്സ് കണ്ടെടുത്തു .

അഖിൽ മുരളി

അപ്രതീക്ഷിതമായ് ആരോ എന്റെ കൈകളിൽ തലോടിയപോലൊരനുഭൂതി .മനുഷ്യരും വാഹനങ്ങളും ഇല്ലാതെ ആദ്യമായാണീ നിരത്ത്‌ കാണപ്പെട്ടത് ,അങ്ങനെയുള്ള ഈ പ്രദേശത്ത്‌ ആരാണ് എന്റെ കരങ്ങളിൽ സ്പർശിച്ചത് ,തിരിഞ്ഞു നോക്കുവാൻ തുനിഞ്ഞെങ്കിലും ഉള്ളിലൊരു ഭയം .ഒക്കത്തിരുന്ന എന്റെ കുഞ്ഞോമനയെ നെഞ്ചോട് ചേർത്ത് ഒരു ദീർഘനിശ്വാസമെടുത്ത്‌ ഞാൻ തിരിഞ്ഞു നോക്കി .

എന്റെ മനസ്സിന്റെ തോന്നലായിരുന്നു ,ആരുടെയോ സാമീപ്യം ഞാൻ മനസ്സിലാക്കിയതാണ് .
പക്ഷെ ഇവിടെ ആരും തന്നെയില്ല .കുറച്ചകലെ ഞാൻ നിർത്തിയിട്ട എന്റെ വാഹനം കാണാം
എത്ര വിജനമാണീ പ്രദേശം ഉള്ളിൽ ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം .അപ്രതീക്ഷിതമായ-
തെന്തോ സംഭവിക്കാൻ പോകുന്നതുപോലെ, ആകെ നൊമ്പരപ്പെട്ടു നിൽക്കുന്ന പ്രകൃതി .
ശൂന്യമായ നിരത്തുകളിൽ കണ്ണോടിക്കേ ഞാൻ കണ്ട കാഴ്ച മനസ്സിനെ കീറിമുറിക്കുന്നതാ-
യിരുന്നു .പിഞ്ചുകുഞ്ഞിന്റെ തേങ്ങലിനു സമമായ കരച്ചിൽ ,അതേ ഒരു കൂട്ടം പട്ടിക്കു-
ഞ്ഞുങ്ങൾ .എന്തിനാണവ ഇത്ര ദയനീയമായി തേങ്ങുന്നത് , കൂടി നിൽക്കുന്ന കുഞ്ഞുങ്ങളു-
ടെ നടുവിലായ് കണ്ടത് അവരുടെ മാതാവായിരിക്കാം ,എന്നാൽ എന്തിനാണ് ഇത്ര സങ്കടം കണ്ണു നനയ്ക്കുന്ന കരച്ചിൽ .

ജിജ്ഞാസയോടെ ഞാൻ പതിയെ അവിടേക്കു നീങ്ങി ,അടുത്തേക്ക് പോകാൻ ഭയം ,അവർ ആക്രമിച്ചാലോ ,കുറച്ചടുത്തെത്തിയ ഞാൻ സസൂക്ഷ്മം അവയെ നിരീക്ഷിച്ചു . ആ ശ്വാനമാതാവിന് ചലനമില്ല , മരിച്ചിരിക്കുന്നു . എങ്ങനെ സംഭവിച്ചതാകാം ,അവയുടെ അരികിലാണ് എന്റെ വാഹനം കാണപ്പെട്ടത് ,ഈശ്വരാ ഞാനാണോ ഈ പാതകം ചെയ്തത് .
അന്തരീക്ഷത്തിൽ തിങ്ങിയ കരച്ചിൽ എന്റെ കാതിനെ വല്ലാതെ വിഭ്രാന്തിയിലാക്കുന്നു .
ദാഹം സഹിക്കാൻ വയ്യാതെ തന്റെ മാതാവ് ചുരത്തിനൽകുന്ന ക്ഷീരത്തിനായാണ് അവരുടെ മുറവിളി . ഒരു നിമിഷം ഞാനെന്റെ കുഞ്ഞിനെയൊന്ന് നോക്കി ,നിഷ്കളങ്കമായ മുഖം.
ജനിച്ചപ്പോൾ തന്നെ അമ്മയെ നഷ്ടപ്പെട്ട എന്റെ പൊന്നോമന . അമ്മയുടെ മുലപ്പാൽ കുടി-
ക്കാൻ ഭാഗ്യമില്ലാതെപോയ കുഞ്ഞിന്റെ നൊമ്പരം എങ്ങനെ പ്രകടമായി കാണാൻ കഴിയും .
ശ്വാനമാതാവിന്റെ ജഡത്തിനരികിൽ മുലപ്പാൽ കുടിക്കാൻ വിതുമ്പുന്ന കുഞ്ഞുങ്ങളെ
കണ്ടപ്പോൾ ഒരു നിമിഷം ഞാൻ മരിച്ചപോലെയായി . ഇത്തരമൊരു കാഴ്ച കാണുവാൻ എന്തു
തെറ്റാണ് ഞാൻ ചെയ്തത് ..സ്വയം പഴിച്ചു കുറെ നിമിഷങ്ങൾ .വല്ലാതെ വിയർക്കുന്നുണ്ടായി-
യിരുന്നു ഞാൻ . നിയന്ത്രണം തെറ്റിയ വണ്ടിപോലെ മനസ്സ് എവിടെയൊക്കെയോ ഉടക്കുന്നു .
മനസ്സ് പൊട്ടിപ്പിളർന്നതുപോലെ തോന്നുന്നു .

ഒരുപക്ഷെ ഈ നിരത്തുകൾ ശാന്തമായതുകൊണ്ടാകാം ഇവർ നിരത്തുകളിൽ സ്വൈര്യവി-
ഹാരം നടത്തിയത് ,അശ്രദ്ധമൂലമോ ,കാഴ്ചമറഞ്ഞുപോയതു കൊണ്ടോ  എന്നിലൂടെ
ഇങ്ങനൊരു പാതകം സംഭവ്യമായത് .ആൾസഞ്ചാരമില്ലാത്ത ഈ നഗരത്തിൽ ഇപ്പോൾ ഇറ-
ങ്ങേണ്ട ആവശ്യമെന്തായിരുന്നു .വീട്ടിൽ ഇരിക്കാൻ മടി കാണിച്ച എനിക്ക് ലഭിച്ചത്
തോരാത്ത കണ്ണുനീർ മാത്രം .അവശനിലയിൽ കിടക്കുന്ന കുറെ മനുഷ്യർ .മൂടിക്കെട്ടി
വെച്ചിരിക്കുന്ന ചില പീടികകൾ ,നാൽചക്രങ്ങളിൽ ഉപജീവനം നടത്തുന്നവരുടെ
പഞ്ചറായ ടയറുകൾ ,ഞാൻ കാരണം ‘അമ്മ നഷ്ടപ്പെട്ട കുറെ നാല്ക്കാലികൾ .
ചലനമറ്റ നിരത്തിലൂടെ നടക്കാനിറങ്ങിയ ഞാൻ അപരാധിയോ ,വഴിയിൽക്കണ്ട
മരണങ്ങളുടെ നിഴലുകൾ എന്നെ ഭയപ്പെടുത്തുന്നു ,ഉച്ചവെയിലിൽക്കണ്ട സ്വന്തം
നിഴലിനെപോലും ഞാൻ ഭയക്കുന്നു ,നിശ്ചലമായിപ്പോയ ഈ വീഥികളിൽ ഞാൻ
കാരണം നിശ്ചലമായ ചില ജീവിതങ്ങളെ സ്വാന്ത്വനിപ്പിക്കാൻ എനിക്ക് കഴിയില്ല ,
പക്ഷെ ഒന്നറിയാം അനാവശ്യമായി എന്തിനു ഞാൻ പുറത്തിങ്ങി .

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

വര : അനുജ സജീവ്

ഡോ. ഐഷ വി

അച്ഛൻ പറഞ്ഞു തന്ന അച്ചന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൊന്ന് ഇങ്ങനെയാണ്. ഒൻപതാം വയസ്സിൽ മാതാവും 13-ാം വയസ്സിൽ പിതാവും നഷ്ടപ്പെട്ട അച്ഛൻ അതീവ ദുഃഖിതനായിരുന്നു. മക്കൾക്ക് ഒരായുഷ്കാലത്തേയ്ക്കുള്ള നന്മകൾ പകർന്നു നൽകിയാണ് അച്ചന്റെ അച്ഛൻ യാത്രയായത്. പ്രായപൂർത്തിയാകാത്ത ഇളയ 2 ആൺമക്കൾക്ക് ജീവിക്കാനായി ഒരു കിഴിക്കെട്ട് നിറയെ പണം നൽകിയിട്ട് ആ പണം തന്റെ ഒരു മരുമകളുടെ അച്ഛനെ ഏൽപ്പിയ്ക്കാൻ ശട്ടം കെട്ടി. മരുമകളുടെ അച്ഛന് തൊണ്ടു മൂടുന്ന ബിസിനസ് ഉണ്ടായിരുന്നു. ആറു മാസം കൂടുമ്പോൾ അതിൽ നിന്നും ആദായം ലഭിയ്ക്കും അത് കൊണ്ട് ഫീസും മറ്റു കാര്യങ്ങളുമൊക്കെ നടത്താം എന്ന് മക്കളെ പറഞ്ഞ് ഏൽപ്പിച്ചു. മക്കൾ അത് അനുസരിക്കുകയും ചെയ്തു.

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് അതീവ ദുഃഖിതനായ അച്ഛൻ തൊട്ടടുത്തുള്ള വൈദ്യശാലയുടെ തിണ്ണയിൽ തലയിൽ കൈയും വച്ചിരിപ്പായി. ഇതു കണ്ട വൈദ്യർ അച്ഛനെ അടുത്ത് വിളിച്ച് മറ്റൊന്നും പറയാതെ ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയിൽ കാർണഗിയുടെ “How to stop worrying and start living ” എന്ന പുസ്തകമായിരുന്നു അത്. കാലം 1949 . ഒരു 13 കാരന് ആ പുസ്തകത്തിലെ മുഴുവൻ കാര്യങ്ങളും അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അച്ഛന്റെ മനസിൽ ഉറഞ്ഞു കൂടിയിരുന്ന ദു:ഖം നിശേഷം മാറ്റാൻ ഈ പുസ്തകത്തിന്ന് കഴിഞ്ഞു. നല്ല പുസ്തകങ്ങൾ നല്ല കുട്ടുകാരെ പോലെയാണ്. നോവുന്ന മനസ്സിന്റെ വേദനയറിയുന്ന വൈദ്യൻ അതിലും ശ്രേഷ്ഠൻ.
Don’t think of what you are lacking only think of what you have എന്ന് എന്റെ അച്ഛനെ കൊണ്ട് ചിന്തിപ്പിച്ച ഡെയിൽ കാർണഗിയ്ക്ക് ആയിരം പ്രണാമങ്ങൾ

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

കാരൂർ സോമൻ, ലണ്ടൻ

ഇന്ത്യയിലെ ആൾദൈവങ്ങൾ ചോദിക്കാത്തത് കേരളത്തിലെ മതമേധാവികൾ ചോദിക്കുന്നത് വിശ്വാസികളിൽ ആശങ്കയുണർത്തുന്നു. മദ്യഷാപ്പുകൾ തുറന്നില്ലേ എന്നിട്ടും എന്താണ് ആരാധനാലയങ്ങൾ തുറക്കാത്തത് ? ആ ചോദ്യത്തിന് മുന്നിൽ സർക്കാരുകളുടെ ഉൾക്കരുത്തു് നഷ്ടപ്പെട്ടു. അതിന്റ കാരണങ്ങൾ നിസ്വാർത്ഥ ലക്ഷ്യത്തിന്റ സാഫല്യത്തിനായി നിലകൊള്ളുന്നവരാണ് രണ്ടുകൂട്ടരും. അവരുടെ നിഗുഢത ജനങ്ങൾക്കറിയില്ല. ചില കന്യസ്ത്രീകളുടെ ആത്മഹത്യകൾ, പുരോഹിത വർഗ്ഗത്തിന്റ ഹിംസകൾ അതിനുദാഹരണങ്ങളാണ്. ക്രിസ്തിയാനികളെപ്പറ്റി പറയുമ്പോൾ ഇവരാരും എ.ഡി.72 ഡിസംബർ 18 ന് മദ്രാസിലെ മൈലാപ്പൂരിൽ രക്തസാക്ഷിയായ ക്രിസ്തുശിഷ്യൻ സെന്റ് തോമസിന്റ അനുഭവങ്ങൾ ഉള്ളവരല്ല. അദ്ദേഹം ഇരുപത് വർഷക്കാലം വിശ്വാസികളെ നയിച്ചത് സ്‌നേഹ സമാധാനത്തിനായി, സൗഖ്യത്തിനായി പെരുമ്പറ മുഴക്കനായിരിന്നു. ആ പേരിൽ വളർന്ന സഭകൾ ഇന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുക്കാൻ മുന്നോട്ട് വന്നിരിക്കുന്നു. കൊറോണ മഹാമാരിയെ ആട്ടിപായിക്കാൻ കഴിയാത്ത വേഷങ്ങൾ കെട്ടിയാടുന്ന വിശ്വാസ-മൺകൂടാരങ്ങൾ.

മുസ്ലിം വിശ്വാസികളുടെ വത്തിക്കാനായ മക്കയും കേരളത്തിലെ തിരുവനന്തപുരം പാളയം മുസ്ലിം പള്ളിയൊക്കെ കൊറോണ കാലത്തു് അടച്ചിടുമ്പോൾ രോഗ വളർച്ചയുണ്ടാകാൻ ദേവാലയങ്ങൾ തുറക്കണമെന്ന് ക്രിസ്തിയ സഭകൾ മുന്നോട്ട് വരുന്നത് എന്താണ്? പേർഷ്യൻ ചക്രവർത്തിയായിരുന്ന സാപ്പേർ രണ്ടാമൻ എ.ഡി. 339 – 379 കാലയളവിൽ ക്രിസ്തിയാനികളെ അതിക്രൂരമായി പീഡിപ്പിച്ച കാലമാണ്. കേരളത്തിൽ ഈ കൊറോണ കാലവും ഒരു പീഡനകാലമായി വിലയിരുത്താം. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാരുകൾ പല അടവുകളും നടത്താറുണ്ട്. അതിലൊന്നാണ് ഈ ദുരിതകാലത്തു് ദേവാലയങ്ങൾ തുറക്കാം എന്ന തീരുമാനമെടുത്തത്. രാഷ്ട്രീയം മതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ജനങ്ങളുടെ ജീവന് വിലകൊടുക്കുന്ന നട്ടെല്ലുള്ള ഒരു ഭരണമായിരുന്നെങ്കിൽ പറയുമായിരുന്നു പോയി പണി നോക്കാൻ. കൊറോണ ദൈവം വായ് പിളർന്നു നിൽക്കുമ്പോൾ ജീവശ്ശവമായി കിടക്കുന്ന ദേവാലയങ്ങൾ തുറക്കാൻ പറയില്ലായിരുന്നു. കഴിഞ്ഞ മൂന്ന് മംസങ്ങളായി ദേവാലയങ്ങൾ എല്ലാവർക്കുമായി തുറന്നിട്ടില്ല. അപ്പോഴൊന്നും അവിടുത്തെ ദൈവങ്ങൾ കണ്ണുതുറന്ന് ഈ കൊറോണ ദൈവത്തെ കിഴടക്കാനോ, പ്രതിരോധിക്കാൻ മുന്നോട്ട് വന്നില്ല. അത് പുണ്യ ഗുരുവായൂർ, ശബരിമല, മലയാറ്റൂർ, എടുത്താലും കാണാൻ സാധിക്കും. ഇതിലൂടെ കൊറോണ ദൈവം മനുഷ്യരെ പഠിപ്പിച്ചത് വർണ്ണശബളമായ വസ്ത്രങ്ങൾ ധരിച്ചു് വിലപിടിപ്പുളള നിവേദ്യങ്ങൾ, പൂജ- പ്രസാദങ്ങൾ, സംഭാവനകൾ ദൈവത്തിന് പ്രസാദമുള്ള വഴിപാടുകളല്ല അതിലുപരി നിങ്ങളുടെ സന്തോഷത്തിനും പേരിനും ആവേശത്തിനും നടത്തുന്ന പ്രാർത്ഥനകളാണ് നിത്യവും നടത്തുന്നത്. ഇതിലൂടെ നിങ്ങളുടെ പാപങ്ങൾ കഴുകിക്കളയാൻ സാധിക്കില്ല എന്ന സന്ദേശമാണ് നൽകിയത്.

കൊറോണ രോഗത്താൽ ആരോഗ്യരംഗത്തുള്ളവർപോലും രോഗികളായി മാറികൊണ്ടിരിക്കുമ്പോൾ മത മൗലിക വാദികളും മതനേതാക്കളും ദേവാലയങ്ങൾ തുറക്കണമെന്ന് പറയുന്നത് മനുഷ്യ ജീവനേക്കാൾ വലുത് മത മൗലിക വിശ്വാസങ്ങളാണ്. ഇതിലൂടെ വിശ്വസീനയമായി കരുതപ്പെട്ട മതങ്ങൾ അവിശ്വാസികളുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നതാണ്. ഈ പ്രാര്ഥിക്കുന്നിടത്തൊന്നും ഒരു ദൈവങ്ങളുമില്ല എന്നത് വിവേകമുള്ളവർക്കറിയാം. അന്ധമായ വിശ്വാസ ആചാരങ്ങൾ അറിവിൽ അന്ധന്മാരായ വിശ്വാസികളിൽ കുത്തിനിറച്ചു് പ്രപഞ്ച ശക്തിയെ ചിത്രീകരിക്കാനാണ് ഈശ്വരന്റെ മനസ്സറിയാത്ത മതങ്ങൾ ചെയ്തിട്ടുള്ളത്. എത്ര മതങ്ങൾ ശത്രുക്കളോടു പൊറുക്കാൻ, പാപങ്ങളെ വെറുക്കാൻ പഠിപ്പിക്കുന്നു? പരസ്പര വിദ്വേഷങ്ങൾ, പക, അസൂയ, വർഗ്ഗിയതയല്ലാതെ എന്താണ് ഇവർ സമൂഹത്തിന് നൽകുന്നത്. ഈ കൂട്ടർ അറിയേണ്ടത് ദൈവം മാനുഷരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ഒരു മനുഷ്യൻ അവന്റെ ജീവിതകാലത്തു് ചെയ്യുന്ന നന്മ-തിന്മകളുടെ കർമ്മങ്ങളാണ് മരണത്തിൽപോലും വിലയിരുത്തുന്നത്. അവിടെയും ആത്മാവ്, സ്വർഗ്ഗം നരകം എന്നൊക്കെ വിശേഷണങ്ങൾ കൊടുത്തു് മനുഷ്യരെ അന്ധതയിലേക്ക് വഴിനടത്തുന്നു. ഇന്ത്യൻ മണ്ണ് മതങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ്. എത്ര നാൾ അത് തഴച്ചുവളരുമെന്നറിയില്ല. വിദ്യാസമ്പന്നരായവർ ഇന്നല്ലെങ്കിൽ നാളെ ഇതിനൊരു അന്ത്യം വരുത്താതിരിക്കില്ല. ലോകത്തിന്റ പല ഭാഗങ്ങളിൽ റോമൻ സാംബ്രാജ്യമടക്കം എത്രയോ ദേവീദേവന്മാരെ ആരാധിച്ചു. എല്ലാം മണ്ണോട് ചേർന്നുപോയി. നല്ല പ്രവർത്തികൾ ചെയ്യുന്നവരിൽ ഇശ്വരാനുണ്ട്. അവരാണ് ഈശ്വരന്റെ സന്തതികൾ. അവിടെ ഒരു ദേവാലയ പ്രാത്ഥന ആവശ്യമില്ല. യേശുക്രിസ്തുപോലും പറഞ്ഞത് എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ എവിടെ കൂടിയാലും ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ട്. സ്വന്തം വീടുകളെ ഉദ്ദേശിച്ചു തന്നെയാണ് അദ്ദേഹം അത് പറഞ്ഞത്.

കേരളത്തിൽ അൻപതിനായിരത്തിലധികം ആരാധനാകേന്ദ്രങ്ങളുണ്ട്. ഇവിടെ അറുപത്തഞ്ചു വയസ്സിനുമുകളിലുള്ളവർ. കുട്ടികൾ വരാൻ പാടില്ലെന്ന് ഒരു സർക്കാർ പറഞ്ഞാൽ അത് മനുഷ്യവകാശ ലംഘനമാണ്. ഈ ദേവാലയങ്ങളുടെ നെടുംതൂൺ അവരാണ്. വളർന്നുവരുന്ന തലമുറയെ നന്മകൾ മാത്രമല്ല തുടർന്നുവരുന്ന മതാന്ധത പഠിപ്പിക്കുന്നതിന് മതത്തിന് ഈ കൂട്ടരേ ആവശ്യമാണ്. അവരെ പുറത്തു നിർത്തി ഒരു പ്രാർത്ഥന നടത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഗുജറാത്ത് സർക്കാർ വിശ്വാസികളോട് പറഞ്ഞത്. സ്വന്തമായി പൂജകൾ നടത്താം. ആൾക്കൂട്ടം പാടില്ലെന്നാണ്. സർക്കാരിന്റ ഭാഗത്തു നിന്ന് കൃത്യമായ ഒരു പദ്ധതിയോ പ്ലാനിങ്ങോ ഇല്ല. ഇതുതന്നെയാണ് പ്രവാസികളുടെ കാര്യത്തിലും സംഭവിച്ചത്. ആദ്യം രണ്ടര ലക്ഷം പ്രവാസികൾക്ക് എല്ലാംവിധ സൗകര്യങ്ങളും ഉണ്ടാക്കിയെന്ന് പറഞ്ഞു. പതിനായിരം പേർ വന്നപ്പോൾ മലക്കം മറിഞ്ഞു. കോടതിയിലും മലക്കം മറിഞ്ഞു. പ്രവാസികൾ അങ്ങനെ ദുഃഖദുരിതത്തിൽ കഴിയുന്ന ദുരവസ്ഥപോലെയാണ് ആരാധനാക്രമങ്ങളിലും കാണുന്നത്.

മദ്യശാലയായാലൂം ദേവാലയമായാലും ആളുകളുടെ എണ്ണം കൂടിയാൽ അവരെ ശിശ്രുഷിക്കാൻ മതിയായ ആശുപത്രികൾ സജ്ജമായിട്ടുണ്ടോ? ഐ സി,.യൂ. വെന്റിലേറ്ററുകൾ ആയിരമോ അതോ പതിനായിരമോ? ആരോഗ്യഅടിയന്ദ്രവസ്ഥയുണ്ടായാൽ അതിനെ നേരിടാൻ തയ്യാറാണോ? എത്ര സ്വകാര്യ ആശുപത്രികൾ കൊറോണ ചികിത്സക്കായി സർക്കാർ ഏറ്റെടുത്തു? നിത്യവും എത്ര ടെസ്റ്റുകൾ നടത്തുന്നു? അയൽക്കാരായ ആന്ധ്രാപ്രദേശ്, കാണാടക നമ്മെക്കാൾ വളരെ മുന്നിലെന്ന് ഓർക്കുക. സാധാരണ നടത്തുന്ന മറ്റുള്ളവരുടെ കയ്യടി നേടുന്ന മൈതാനപ്രസംഗമല്ല ഇവിടെ വേണ്ടത്. രോഗം വരുന്നതിനെ മുൻപേ രോഗം വരാതിരിക്കാനുള്ള മുന്കരുതലുകളാണ് എടുക്കേണ്ടത്. നമ്മൾ എത്ര പൊങ്ങച്ചം പറഞ്ഞാലും ഇന്ത്യ ആരോഗ്യരംഗത്തു് വളരെ പിന്നിലെന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു. രോഗം വരാതിരിക്കാൻ ഓരോ വ്യക്തികൾ ജാഗ്രത പാലിക്കണം. എല്ലാം സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ പറ്റില്ല.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇളവുകൾ കൊടുക്കേണ്ടത് അത്യാവശ്യ് മേഖലകളിലാണ്. ദേവാലയങ്ങൾ ഉടനടി തുറന്നില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല. രോഗത്തെ പ്രതിരോധിക്കേണ്ടത് സർക്കാരാണ്. കേരള മുഖ്യമന്തി പറഞ്ഞത്. മാമോദിസ നടത്തുമ്പോൾ കുട്ടിയുടെ ശരീരത്തു് പുരോഹിതൻ തൊടരുത്. ഇതൊക്കെ നടക്കുന്ന കാര്യമാണോ? ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ മറ്റ് മതങ്ങളിലേതുപോലെ ക്രിസ്ത്യൻ സഭകളിലുമുണ്ട്. ചില മത നേതാക്കൾ പറഞ്ഞത് മദ്യ ശാലകൾ, മാളുകൾ തുറന്നു. എന്തുകൊണ്ട് ദേവാലയങ്ങൾ തുറക്കുന്നില്ല? നിങ്ങൾ ഒരു കാര്യമറിയുക. വികസിത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷമാളുകളും പള്ളിയിൽ പോകുന്നവരല്ല. കാരണം സഭകൾ നടത്തുന്ന ചൂഷണങ്ങൾ പതിനഞ്ചാം നൂറ്റാണ്ടു മുതൽ അവർ മനസ്സിലാക്കി. ഇന്ന് പല പള്ളികളും മാളുകൾ ആകുന്ന കാഴ്ച്ചയാണ്. ഇവിടെ ആരും പറയുന്നില്ല പള്ളികൾ തുറക്കണമെന്ന്. മദ്യലഹരിപോലെ പലരും ഭക്തിലഹരിയിലാണ്. ഈ ഭക്തന്മാർക്ക് അല്പം പോലും സഹനശക്തിയും ക്ഷമയുമില്ലേ? കൊറോണ ദൈവം പള്ളി അടപ്പിച്ചത് ഈ കൂട്ടർ അറിയുക. മത രാഷ്ട്രീയത്തിൽ തിരിച്ചറിവുള്ള ഒരു ജനതയാണ് വികസിത രാജ്യങ്ങളിൽ പാർക്കുന്നത്. അവരെ കബളിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ല. ചതിയും വഞ്ചനയും അഴിമതിയും നടത്തുന്നവർ ഭരണത്തിലും വാഴില്ല. ജനങ്ങൾ കുപ്പത്തൊട്ടിയിൽ വലിച്ചെറിയും. അമേരിക്കയിൽ ഒരു കറുത്ത വർഗ്ഗക്കാരെനെ കൊലപ്പെടുത്തിയപ്പോൾ അവിടെ കത്തിയത് നമ്മൾ കണ്ടില്ലേ? മനുഷ്യനാണ് വലുത്. അതിനപ്പുറം ജാതിമതമല്ല. ഇന്ത്യയിൽ എത്രയോ പാവങ്ങളെ കൊന്നൊടുക്കുന്നു. കൊലപാതകികൾക്ക് കൂട്ടുനിൽക്കുന്ന ജനാധിപത്യം ഇന്ത്യയിലല്ലേ കാണാൻ സാധിക്കു. ഇന്ത്യൻ ജനാധിപത്യ൦ പൊളിച്ചെഴുതാൻ കാലമായിരിക്കുന്നു.

കൊറോണ കാലം സ്വന്തം ജീവൻ നിലനിർത്തുന്നതിനേക്കാൾ വലുതാണോ ദേവാലയങ്ങൾ തുറക്കുന്നത്? തുറന്നു പറഞ്ഞാൽ വൈകല്യമുള്ള മനസ്സുകളാണ് വിവേകമില്ലത്ത വിശ്വാസികളെ അവിടേക്ക് ആനയിക്കുന്നത്. സിനിമാഷൂട്ടിങ് കാണാൻ വരുന്നതുപോലെയല്ല പ്രാർത്ഥനകൾക്ക് വരുന്നത്. ശ്വാശ്വതമായ ആത്മീയന്നോതി ഇവർക്ക് നേടാൻ സാധിക്കുമോ? അവർക്ക് ചുറ്റും കൊറോണ ദൈവം സഞ്ചരിക്കയാണ്. അവസരം കിട്ടിയാൽ കൊറോണ ദൈവം പിടിമുറുക്കും. രാഷ്ട്രീയ പാർട്ടികളുടെ വോട്ടുപെട്ടി നിറക്കാൻ ആധുനിക വൈദ്യശാസ്ത്രം ഈ അന്ധവിശ്വാസികൾ എഴുതിത്തള്ളരുത്. ഇവിടെ നടക്കുന്നത് കോറോണയും മതങ്ങളും തമ്മിലുള്ള വടംവലിയാണ്. പ്രാർത്ഥനക്ക് ആവശ്യം വേണ്ടത് ഏകാഗ്രതയാണ്. കൊറോണ ദൈവം പിറകെ കുടിയിരിക്കുമ്പോൾ അത് ദേവാലയമല്ല പൊതുനിരത്തിലും കിട്ടുന്ന കാര്യമല്ല. മനസ്സിനെ ഏകാഗ്രമായി പ്രാർത്ഥിക്കാൻ സ്വന്തം വിടുതന്നെയാണ് ഉത്തമം. അവിടെയാണ് “ഓം” എന്ന ഓങ്കാരത്തിന്റ ശക്തി. “ഓങ്കാര ധാന്യം” മനസ്സിന്റ ഏകദ്രതയാണ്. അതിന് ദേവാലയമല്ല ഉത്തമം അടച്ചിരിക്കുന്ന മുറികളാണ്. അല്ലെങ്കിൽ കൈലാസപർവ്വതത്തിൽ പരമശിവൻ തപസ്സനുഷ്ഠിച്ച ഗുഹകളാണ് നല്ലത്. മതനേതാക്കളും ഭരണാധികാരികളും തമ്മിലുള്ള കുട്ടുകച്ചവടം അവസാനിപ്പിക്കുക. ഇപ്പോൾ മനുഷ്യരുടെ ജീവൻ രക്ഷിക്കൂ. തെരെഞ്ഞെടുപ്പ് വരുമ്പോൾ രഹസ്യകച്ചവടം നടത്തി ലാഭം പങ്കുവെക്കാം. (www.karoorsoman.net )

ഡോ. ഐഷ വി

“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ
നരകത്തീന്നെ കരകയറ്റിടേണേ തിര വയ്ക്കും വാഴും ശിവശംഭോ…”
ഒരു സന്ധ്യയ്ക്ക് ഞാനും അമ്മയും കൂടി നീട്ടി സന്ധ്യാനാമം ചൊല്ലുകയാണ്. അച്ഛൻ അതു കേട്ടുകൊണ്ടാണ് കയറി വന്നത്. പിന്നീട് അച്ഛൻ അമ്മയോട് പറഞ്ഞു. ആ സന്ധ്യാനാമം ജപിയ്ക്കുന്നതിൽ അല്പം ഋണാത്മകതയുണ്ട്. അത് കൊണ്ട് അത് ചൊല്ലേണ്ട. അമ്മ അത് അനുസരിച്ചു. ഞാനും പിന്നെയത് ചൊല്ലിയില്ല.

പിന്നെയും ഏതാനും വർഷങ്ങൾ കഴിഞ്ഞ് അച്ഛൻ ഒരു ദിവസം ഞങ്ങളെ മൂന്നുപേരേയും വിളിച്ചു നിർത്തി പറഞ്ഞു: ” ആത്മഹത്യ ഒരിയ്ക്കലും ഒന്നിനും ഒരു പരിഹാരമല്ല. ഈ മനോഹരമായ ഭൂമിയിൽ ഈശ്വരൻ നമുക്ക് ജീവിയ്ക്കാൻ തന്ന അവസരം നന്നായി ജീവിക്കണം. എല്ലാ പ്രതിസന്ധികളേയും തന്റേടത്തോടെ നേരിടണം. ഈശ്വരൻ തന്ന ജീവൻ ഈശ്വരൻ തിരിച്ചെടുക്കുമ്പോൾ പൊയ്ക്കോട്ടെ.” ദിന പത്രങ്ങളിലെ വർദ്ധിച്ചു വരുന്ന ആത്മഹത്യാ കണക്ക് കണ്ടിട്ടാവണം അച്ഛൻ ഞങ്ങളോട് അങ്ങനെ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കാലo വരെയും ഞങ്ങൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. കൊച്ചു കുട്ടികളുടെ മനസ്സ് ഒരു തൂവെള്ള പ്രതലം പോലെയാണ്. അതിൽ എന്തെഴുതുന്നുവോ അത് നന്നായി തെളിഞ്ഞു നിൽക്കും. യഥാസമയം വേണ്ട നിർദ്ദേശങ്ങൾ എല്ലാ കാര്യങ്ങളെയും കുറിച്ച് കുട്ടികൾക്ക് നൽകിയാൽ അവർക്കത് നന്നായി ഗ്രഹിക്കാനും പ്രാവർത്തികമാക്കാനും കഴിയും.

ഒരിക്കൽ അനുജൻ ” ആത്മവിദ്യാലയമേ അവനിയിൽ ആത്മവിദ്യാലയമേ …..” എന്ന സിനിമാ ഗാനം പാടുന്നത് കേട്ടപ്പോൾ അമ്മ ഞങ്ങളോട് പറഞ്ഞു. അമ്മയ്ക്ക് ആ ഗാനം കേൾക്കുന്നത് ഇഷ്ടമല്ലായിരുന്നെന്ന്. ഞാനന്നേരം അമ്മയോട് ചോദിച്ചു: ആ ഗാനത്തിന്റെ അന്ത:സത്തയറിഞ്ഞിട്ടാണോ അമ്മ അങ്ങനെ പറഞ്ഞതെന്ന് . അപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. അമ്മയുടെ കൗമാരപ്രായത്തിൽ കമന്റടിച്ചിരുന്ന ഒരുവൻ സ്ഥിരമായി പാടുന്ന പാട്ടായിരുന്നെന്ന്. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ടപ്പോൾ അമ്മ പറഞ്ഞു: ആത്മവിദ്യാലയമേ പാടി നടന്നിരുന്ന ആളായിരുന്നു മരിച്ചതെന്ന്.

അമ്മയുടെ കുടുംബ വീട്ടിൽ താമസിച്ചിരുന്ന സമയം ഒരു മഴയുള്ള ദിവസം വൈകുന്നേരം പത്മനാഭൻ മേസ്തിരി വീട്ടിലേയ്ക്ക് പോയി. പിന്നീട് നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് പത്മനാഭൻ മേസ്തിരി വന്നത്. വന്നപ്പോൾ വല്യമ്മച്ചിയോട് പറയുന്നത് കേട്ടു. ഇടിമിന്നലേറ്റ് അദ്ദേഹത്തിന്റെ അമ്മാവൻ മരിച്ചു പോയെന്ന്. തുറന്നിട്ട ജാലകത്തിനരികിൽ പുസ്തകം വായിച്ചിരിയ്ക്കുകയായിരുന്നത്രേ. അപ്പോൾ അപ്പി മാമൻ( രവീന്ദ്രൻ) പറഞ്ഞു: ഇടിമിന്നലുള്ളപ്പോൾ തുറന്നിട്ട ജനലിനടുത്ത് ഇരിയ്ക്കരുതെന്ന്. വല്യമ്മച്ചി പറഞ്ഞു: കൃഷ്ണതുളസി ധാരാളം നട്ടുപിടിപ്പിയ്ക്കുന്ന വീട്ടിലും എള്ളുപായസം വയ്ക്കുന്ന വീട്ടിലും ആർക്കും ഇടിമിന്നൽ ഏൽക്കില്ലെന്ന്. ഇടിമിന്നൽ മരണ കാരണമാകാമെന്നത് എനിയ്ക്ക് പുതിയ അറിവായിരുന്നു. പിന്നെ ഏതാനും ദിവസത്തേയ്ക്ക് പത്മനാഭൻ മേസ്തിരി തന്റെ അമ്മാവന്റെ മരണത്തെ കുറിച്ച് വല്യമ്മച്ചിയോട് പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നുള്ള മരണത്തിലെ വ്യസനവും കിടന്ന് നരകിച്ച് മരിച്ചില്ലല്ലോ എന്ന ആശ്വാസവും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. പതിയെ പതിയെ അമ്മാവനെ കുറിച്ച് അദ്ദേഹം പറയാതായി. പിന്നെ വിസ്മരിച്ചു. മരണം വരുത്തുന്ന വിടവ് കാലം നികത്തുമെന്ന പുത്തനറിവായിരുന്നു എനിയ്ക്കത് . കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ?

ഇടിമിന്നലേറ്റ് മരിച്ച ഒരു സ്ത്രീയുടെ വീട്ടിൽ പോയി വന്ന അമ്മ പറഞ്ഞതിങ്ങനെ : അവർ അത്താഴം വിളമ്പിക്കൊണ്ട് നിൽക്കുന്ന സമയത്താണ് ഇടിമിന്നലേറ്റ് മരണം സംഭവിച്ചതെന്ന്. അലൂമിനിയം കലവും കൈയ്യിൽ പിടിച്ച് നിന്ന നിലയിൽ തന്നെ അവർ യാത്രയായെന്ന്. ആ നിൽപ് ഞാൻ മനസ്സിൽ സങ്കല്പിച്ചു. അക്കാലത്ത് സെന്റർ ഓഫ് ഗ്രാവിറ്റിയെ കുറിച്ച് പഠിച്ചതിനാൽ ഞാൻ മനസ്സിൽ വിചാരിച്ചു. അവർ നിന്ന നിൽപിൽ സെന്റർ ഓഫ് ഗ്രാവിറ്റി വീഴാതെ മൃതദേഹത്തിന് നിൽക്കാൻ പാകത്തിനായതിനാലായിരിയ്ക്കണം അങ്ങനെ നിന്നതെന്ന് .
അങ്ങനെ ഓരോ മരണത്തിനും ഓരോരോ കാരണങ്ങളുമായി കാലം കടന്നുപോയി.

ഞാൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് അച്ഛന്റെ ഗോപാലനമ്മാവന്റെ മരണം നടന്നത്. അപ്പോഴേയ്ക്കും എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിലെ ജീവിതത്തിന് ഒരു പരിധിയുണ്ടെന്നും ആ പരിധിയെത്തിയാൽ ഭൂമിയിലെ പഞ്ചഭൂതങ്ങൾ സ്വീകരിച്ച് വളർന്ന സ്ഥൂല ദ്ദേഹം വെടിഞ്ഞ് ദേഹി അനശ്വരതയിലേയ്ക്ക് യാത്രയാവുമെന്നും ദേഹി വെടിഞ്ഞ പഞ്ചഭൂതങ്ങൾ ഭൂമിയിൽ തന്നെ ലയിക്കുമെന്നും മരണം ഒരു അനിവാര്യതയാണെന്നും ഞാൻ മനസ്സിലാക്കിയിരുന്നു. അതിനാൽ കാഞ്ഞിരത്തും വിളയിലെ ഗോപാലൻ വല്യച്ഛന്റെ മരണാനന്തര ചടങ്ങുകൾ തികഞ്ഞ നിസംഗതയോടെയാണ് ഞാൻ വീക്ഷിച്ചത്. ശാരദ വല്യമ്മച്ചി വിതുമ്പിക്കൊണ്ട് തന്റെ പ്രിയതമന്റെ മുണ്ടിന്റെ കോന്തലയിൽ എതാനും ചില്ലറകൾ കെട്ടിയിടുന്നത് ഞാൻ കണ്ടു. പിന്നീട് വല്യമ്മച്ചിയോട് അതേ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് അന്ത്യ യാത്രയിൽ വണ്ടിക്കൂലിയ്ക്ക് പ്രയാസം നേരിടാതിരിയ്ക്കാനാണ് അങ്ങനെ ചെയ്തതെന്ന്. ഗോപാലൻ വല്യച്ഛന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു: വല്യച്ഛന് നിന്നോട് എന്ത് സ്നേഹമായിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നല്ലോ. പിന്നെയെന്താണ് നിന്റെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി പോലും വരാതിരുന്നതെന്ന് . എനിയ്ക്കതിന് മറുപടി പറയാൻ കഴിഞ്ഞില്ല. പക്ഷേ ഒന്നറിയാം. ഉപാധികളില്ലാതെ ഞങ്ങളെ സ്നേഹിച്ച ഒരാളായിരുന്നു ആ വല്യച്ഛനെന്ന്. ആ സ്നേഹം അന്നും ഇന്നും എന്നും മനസ്സിൽ നില നിൽക്കും.

ചില മരണങ്ങൾ നടന്നപ്പോൾ തോന്നിയിട്ടുണ്ട് ഈ ഭൂമിയിലെ നിയോഗം പൂർത്തിയാക്കി കഴിയുമ്പോൾ അവർ യാത്രയാകുന്നു എന്ന്. ചിലപ്പോൾ തോന്നും ബന്ധുമിത്രാദികൾക്ക് വേണ്ടാതാകുമ്പോൾ ചിലർ യാത്രയാകുന്നെന്ന്. ചിലർ വർഷങ്ങൾ കിടന്നു മരിയ്ക്കുമ്പോൾ തോന്നും അവരുടെ മരണം ബന്ധുമിത്രാദികളിൽ സൃഷ്ടിയ്ക്കുന്നത് വലിയ ആഘാതമായിരിയ്ക്കുമെന്നും കുറച്ചു നാൾ കിടന്നു മരിയ്ക്കുന്നത് ആ ആഘാതം കുറയ്ക്കുമെന്നും. എന്റെ അമ്മയുടെ മൂത്ത സഹോദരൻ ചിരവാത്തോട്ടത്ത് സുകുമാരൻ വൈദ്യൻ മൂന്ന് വർഷത്തിലധികം സ്ട്രോക്ക് വന്ന് കിടന്നിട്ടാണ് മരിച്ചത്. എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പെട്ടെന്ന് മരിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത ആഘാതമായിരുന്നേനെയെന്ന്. വല്യമാമൻ ജീവിച്ചിരിക്കെ തന്നെ സ്വന്തം മരണ വാർത്ത കേട്ടയാളാണ്. ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം ആ വാർത്ത സ്വീകരിച്ചത്. പക്ഷേ വല്യമ്മച്ചിയ്ക്ക് യാഥാർത്ഥ്യമില്ലാത്ത ആ വാർത്ത വ്യസനമുണ്ടാക്കുന്നതായിരുന്നു.

ശ്രീ ആറ്റിങ്ങൽ ദിവാകരൻ എന്ന കവിയ്ക്ക് തന്റെ പ്രിയതമയുടെ വിയോഗം പത്തിരുപത് കവിതകളുടെ അനസ്യൂത പ്രവാഹത്തിനിടയാക്കിയെന്നും പിന്നീട് മരണത്തിന്റെ പൊരുൾ അദ്ദേഹത്തിന് മനസ്സിലായെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.

എന്റെ അച്ഛന്റെ അച്ഛാമ്മ 113 വയസ്സു വരെ ജീവിച്ച സ്ത്രീയായിരുന്നു. മക്കളും കൊച്ചുമക്കളുമൊക്കെയായി കഴിഞ്ഞ് കിളികൊല്ലൂരിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിയ്ക്കുന്ന സമയത്ത് ഒരു കൊച്ചു വെളുപ്പാൻ കാലത്ത് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവരുണർന്നത്. അവരുടെ പറമ്പിൽ ചേന തടത്തിൽ കരിയില കൂട്ടിയിരുന്നതിന് മുകളിലായി ഒരു നവജാത ശിശു. അതിനെ കൂടി നോക്കി വളർത്തി ഉദ്യോഗസ്ഥനാക്കുന്നതു വരെ ഈശ്വരൻ അവർക്ക് ആയുസ്സ് നീട്ടിക്കൊടുത്തു എന്നും അതോടെ അവരുടെ ഈ ഭൂമിയിലെ നിയോഗം പൂർത്തിയായെന്നും വിശ്വസിക്കാനാണ് എനിയ്ക്കിഷ്ടം. വളരെ പ്രായം ചെന്നിട്ടും നന്നായി നിവർന്നു നിൽക്കുന്ന നല്ല പൊക്കമുള്ള സ്ത്രീയായിരുന്നു ആ മുതുമുത്തശ്ശി എങ്കിലും അവർ ഒരു ഊന്നുവടി ഉപയോഗിച്ചിരുന്നു എന്നാണ് അച്ഛൻ പറഞ്ഞറിവ്. വാർദ്ധക്യത്തിൽ കാലുകൾ മൂന്നാണെന്നാണല്ലോ ?

2019 മാർച്ച് 31 നായിരുന്നു മണി(രാജൻ) മാമന്റെ മരണം. ICWA പഠിച്ചയാൾ ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനത്തിൽ ജീവിതത്തിന്റെ കണക്കുകൾ പൂർത്തിയാക്കി യാത്രയായത് തികച്ചും യാദൃശ്ചികം. രാത്രി ശവസംസ്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. രാത്രി 9 മണിയ്ക്ക് കൊളുത്തിയ ചിതയിലെ അവസാന കൊള്ളിയും കത്തിത്തീരുന്നതുവരെ ഞാനും അനുജനും അവിടെ കാത്തു നിന്നു . സമയം അർദ്ധരാത്രി കഴിഞ്ഞു. ഞാനും അനുജനും കൂടി അവിടെ നിന്നും പോരുമ്പോൾ. ഒരാളുടെ ചിതയെരിഞ്ഞ് തീരുന്നതു വരെ അവിടെ നിൽക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യമായായിരുന്നു.

ഞങ്ങളുടെ നാട്ടിൽ മരണത്തിന് ചാക്കാല, കണ്ണാക്ക് , ക്ഷണനം തുടങ്ങിയ പ്രയോഗങ്ങളിൽ പ്രാദേശിക ഭേദങ്ങൾ ഉണ്ടായിരുന്നു. മൃതദേഹം സംസ്കരിക്കുന്ന രീതിയിലും വ്യത്യാസങ്ങൾ ഉണ്ട്. ചിലർ പെട്ടിയിലടക്കം ചെയ്യും. ചിലർ വാഴയിലയിൽ പൊതിഞ്ഞടക്കും. ചിലർ ചിതകൂട്ടി ദഹിപ്പിയ്ക്കും. കല്ലറ കൂട്ടി അടക്കം ചെയ്ത് കണ്ടത് എന്റെ അറിവിൽ ഇന്ദിരാമ്മയുടെ മൃതദേഹം മാത്രമാണ്. അവരുടെ ആഗ്രഹ പ്രകാരമാണ് അങ്ങനെ ചെയ്തതത്രേ.

ജനനം മുതൽ മരണം വരെയുള്ള ഒരു നൂൽ പാലമാണ് മനുഷ്യ ജീവിതം അത് ഏറ്റവും ഉത്കൃഷ്ടമായി ജീവിച്ചു തീർക്കുവാൻ എല്ലാവരും ശ്രമിക്കുക. ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന നന്മകളൊക്കെ ചെയ്യുക.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

Copyright © . All rights reserved