Main News

ഷിബു മാത്യൂ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിനു തിരശ്ശീല വീണു. യൂറോപ്പ് കണ്ടതില്‍വെച്ചേറ്റവും വലിയ

കലോത്സവമായിരുന്നു ഗ്രേറ്റ് ബ്രിട്ടണിലെ ബ്രിസ്‌റ്റോളില്‍ നടന്നത്. ഒരു രാജ്യം രൂപതയായി മാറിയപ്പോള്‍ ഉണ്ടായ വെല്ലുവിളികള്‍ക്കുള്ള മറുപടിയും കൂടിയായിരുന്നു ഈ ബൈബിള്‍ കലോത്സവം. ‘ആയിരത്തി ഇരുന്നൂറില്‍പ്പരം മത്സരാര്‍ത്ഥികളും അയ്യാരിരത്തില്‍പ്പരം കാണികളും.”

കവന്‍ട്രി റീജിയണ്‍ കിരീടം ചൂടി. കാര്‍ഡിഫ് ആന്റ് ബ്രിസ്റ്റോള്‍ റീജിയണ്‍ രണ്ടാം സ്ഥാനത്തും ലണ്ടണ്‍ റീജിയണ്‍ മൂന്നാം സ്ഥാനത്തുമെത്തി. രാവിലെ ഒമ്പതു മണിക്ക് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ആരംഭിച്ച മത്സരങ്ങള്‍ വൈകിട്ട് എഴുമണിയോടെ അവസാനിച്ചു. മാര്‍ഗ്ഗംകളിയായിരുന്നു മത്സരയിനങ്ങളിലെ അവസാന

ഇനം. ഏറ്റവും വാശിയേറിയ മത്സരം നടന്ന പരമ്പരാകത ക്രൈസ്തവ കലയായ മാര്‍ഗ്ഗംകളിയില്‍ ലീഡ്‌സ് വിജയം കൈക്കലാക്കി.
എല്ലായിനങ്ങളിലും സമയനിഷ്ടത പാലിച്ച് മുന്നേറിയ മത്സരങ്ങള്‍

പ്രതീക്ഷിച്ച സമയത്തുതന്നെ

പൂര്‍ത്തിയായിരുന്നു. എട്ട് സ്റ്റേജ്കളിലായിട്ടായിരുന്നു മത്സരങ്ങള്‍ നടന്ന്. എല്ലാ മത്സരങ്ങളും ഒന്ന് ഒന്നിനേക്കാള്‍ മെച്ചം. വിധി നിര്‍ണ്ണയത്തില്‍ വിധികര്‍ത്താക്കള്‍പ്പോലും ആശയക്കുഴപ്പത്തിലായ മത്സരങ്ങളാണ് ഓരോ

റീജിയണില്‍ നിന്നും കാഴ്ചവെച്ചത്. ആള്‍ക്കൂട്ടത്തിലൊരുവനായി എട്ട് വേദികളിലും ഉണ്ടായിരുന്ന അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യം മത്സരാര്‍ത്ഥികള്‍ക്ക് അവേശമായി. വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയിലിന്റെ സാന്നിധ്യം

കലോത്സവത്തിലുടനീളം ഉണ്ടായിരുന്നു. വൈകിട്ട് ഏഴുമണിയോടെ സമാപന സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചു. ബൈബിള്‍ കലോത്സവ ഡയറക്ടര്‍ റവ. ഫാ. പോള്‍

വെട്ടിക്കാട്ട് സ്വഗതം പറഞ്ഞ് ആരംഭിച്ച സമാപന സമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു. അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്

ബൈബിള്‍ കലോത്സവ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട് 2019ലെ കലോത്സവ നടത്തിപ്പുകാരായ പ്രസ്റ്റണ്‍ റീജിയണിന് ബാറ്റണ്‍ കൈമാറി. പ്രസ്റ്റണ്‍ റീജിയണിനെ പ്രതിനിധീകരിച്ച് ലീഡ്‌സ് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ബാറ്റണ്‍ എറ്റുവാങ്ങി. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ഫാ. മാത്യൂ മുളയൊലിക്ക് ദീപശിഖ കൈമാറി.
തുടര്‍ന്ന് സമ്മാനദാന ചടങ്ങുകള്‍ നടന്നു.

സംഘാടക മികവുകൊണ്ടും സമയനിഷ്ടത കൊണ്ടും ഇത്രയധികം ബഹുജന പങ്കാളിത്തമുള്ള പരിപാടി നടത്തി വിജയിപ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സംഘാടക മികവ് മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു.

      

ഷിബു മാത്യൂ
മലയാളം യുകെ ന്യൂസ് ടീം

ബ്രിസ്‌റ്റോള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് ബ്രിസ്‌റ്റോളില്‍ വര്‍ണ്ണാഭമായ തുടക്കം. ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍.
ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ എട്ട് സ്റ്റേജുകളില്‍.
ആദം മുതല്‍ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള കാലഘട്ടം കലാരൂപങ്ങളാകുന്നു.
വിശുദ്ധ നാടിന്റെ പ്രതീതിയില്‍ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റര്‍. രാവിലെ ഒമ്പത് മണിക്കു തന്നെ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ നിലവിളക്കു കൊളുത്തി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ മത്സരത്തേക്കാള്‍ ഉപരിയായിട്ട് വചനത്തിന്റെ പ്രഘോഷണവും സാക്ഷ്യവുമാകണം ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യമെന്ന് അഭിവന്ദ്യ പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വി. ബൈബിളിലെ മര്‍ത്തമറിയത്തിന്റെ കഥ ഉദാഹരണമായി പിതാവ് ചൂണ്ടിക്കാട്ടി. മര്‍ത്തമറിയം വിവിധ കാര്യങ്ങളില്‍ വ്യാപരിക്കാതെ കര്‍ത്താവെന്ന ഏക ലക്ഷ്യത്തിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മുതിര്‍ന്നവര്‍ക്കും വളര്‍ന്നു വരുന്നവരുന്ന കുട്ടികള്‍ക്കും ഇതേ ലക്ഷ്യമാവണം ഈ ബൈബിള്‍ കലോത്സവം കൊണ്ട് ഉണ്ടാവേണ്ടതെന്നും ആരോഗ്യപരമായ മത്സരങ്ങളാണ് സഭ ആഗ്രഹിക്കുന്നതെന്നും അഭിവന്ദ്യ പിതാവ് തന്നെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനത്തോടൊപ്പം വിശുദ്ധ ബൈബിളിന്റെ പ്രസക്തി വിളിച്ചോതുന്ന ബൈബിള്‍ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് കലോത്സവത്തിന്റെ സുവനിയറിന്റെ പ്രകാശന കര്‍മ്മം നടന്നു. ബൈബിള്‍ കലോത്സവത്തിന്റെ കോര്‍ഡിനേറ്റര്‍ ജോജി മാത്യുവില്‍ നിന്ന് ആദ്യ പ്രതി സ്വീകരിച്ച് അഭിവന്ദ്യ പിതാവ് സുവനിയര്‍ പ്രകാശനം ചെയ്തു.

രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്നായി ബഹു. വൈദീകരും സന്യസ്തരുമടക്കം ആയിരക്കണക്കിനാളുകള്‍ രാവിലെ തന്നെ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ എത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം കൃത്യം ഒമ്പതു മണിക്കു തന്നെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. എട്ടു സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ കഴിവ് തെളിയിക്കുന്ന ഈ ബൈബിള്‍ കലോത്സവം അഭിവന്ദ്യ പിതാവിന്റെ മേല്‍നോട്ടത്തിലും സംഘാടകരുടെ കര്‍മ്മോത്മുഖമായ പ്രവര്‍ത്തന ശൈലികൊണ്ടും കൃത്യമായ സമയനിഷ്ട പാലിക്കുന്നു എന്നത് ശ്രദ്ധേയമാവുകയാണ്.

എട്ട് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. മത്സരത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മലയാളം യുകെ അപ്‌ഡേറ്റു ചെയ്യുന്നതായിരിക്കും.

അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ വാട്‌സാപ്പ് ഉപയോഗിക്കണമെന്ന് ജീവനക്കാര്‍ക്ക് എന്‍എച്ച്എസ് നിര്‍ദേശം. ആദ്യമായാണ് ഇത്തരമൊരു നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016ലെ ക്രോയ്‌ഡോണ്‍ ട്രാം അപകടം, കഴിഞ്ഞ വര്‍ഷമുണ്ടായ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തം, ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം, മാഞ്ചസ്റ്റര്‍ ഭീകരാക്രമണം എന്നിവയുടെ സമയത്ത് മെഡിക്കല്‍ രംഗത്തുള്ളവര്‍ വാട്‌സാപ്പ് കാര്യക്ഷമമായി ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ഉപയോഗിക്കുന്ന വിഷയത്തില്‍ ജീവനക്കാര്‍ക്കുള്ള ആശയക്കുഴപ്പം ഇതോടെ മാറും. പ്രൈവസി റൂളുകളും ഡേറ്റ ഷെയറിംഗ് നിയമങ്ങളും കണക്കിലെടുത്തുകൊണ്ടാണ് എന്‍എച്ച്എസിന്റെ നിര്‍ദേശം.

എന്‍എച്ച്എസ് എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡാര്‍ഡുകള്‍ അനുസരിക്കുന്ന ആപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡിവൈസുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്, രോഗികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനായി ഡിവൈസിന്റെ ലോക്ക് സ്‌ക്രീനിലെ മെസേജ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. രോഗികള്‍ക്കായി പ്രത്യേകം ക്ലിനിക്കല്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കണം. മെഡിക്കല്‍ റെക്കോര്‍ഡിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തിലും വെസ്റ്റമിന്‍സ്റ്റര്‍ ഭീകരാക്രമണത്തിലും ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനങ്ങളിലൂടെ മികച്ച ഏകോപനമാണ് സാധ്യമായതെന്ന് ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ അനസ്‌തേഷ്യ കണ്‍സള്‍ട്ടന്റായ ഡോ.ഹെല്‍ജി ജോഹാന്‍സണ്‍ പറയുന്നു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് എന്‍എച്ച്എസ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂളില്‍ ആരോ പെപ്പര്‍ സ്‌പ്രേ പ്രയോഗം നടത്തിയതിനെത്തുടര്‍ന്ന് കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം. മാഞ്ചസറ്റര്‍ ഹെല്‍ത്ത് അക്കാഡമിയിലാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് കണ്ണുകളില്‍ നീറ്റലുണ്ടാകുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതായി ഹെഡ്ടീച്ചര്‍ അറിയിച്ചു. മോര്‍ണിംഗ് രജിസ്‌ട്രേഷന്‍ സമയമായ 9 മണിക്കും 9.30നുമിടയില്‍ കോറിഡോ റില്‍ ആരോ പെപ്പര്‍ സ്േ്രപ പ്രയോഗിച്ചുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെവിന്‍ ഗ്രീനും സ്ഥിരീകരിച്ചു. കുട്ടികള്‍ ആരെങ്കിലുമായിരിക്കും പെപ്പര്‍ സ്‌പ്രേ ഇവിടെയെത്തിച്ചതെന്നാണ് മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് അറിയിക്കുന്നത്.

ഏഴു കുട്ടികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് അസ്വസ്ഥതകളുണ്ടായത്. ഇവരില്‍ നാലു പേരെ വീടുകളിലേക്ക് അയച്ചു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി മാഞ്ചസ്റ്റര്‍ ഈവനിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. എന്നാല്‍ അത് വിദ്യാര്‍ത്ഥിയാണോ ജീവനക്കാരില്‍ ആരെങ്കിലുമാണോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ആംബുലന്‍സ് സര്‍വീസ് അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തു. ബുക്ക് വേ ഹൈസ്‌കൂള്‍ എന്ന പേരിലും അറിയപ്പെടുന്ന സ്‌കൂളില്‍ സംഭവത്തെത്തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും എത്തിയിരുന്നു.

ആരോ ഒരു എയറോസോള്‍ തുറന്നു വിട്ടതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്ന് കാട്ടി സ്‌കൂളില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് മെസേജ് ലഭിച്ചു. കുട്ടികള്‍ സുരക്ഷിതരാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പോലീസിനെയും ഫയര്‍ ബ്രിഗേഡിനെയും വിളിച്ചത് നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ബ്രെക്‌സിറ്റില്‍ അന്തിമ ധാരണ രൂപീകരിക്കുന്ന വിഷയത്തില്‍ ക്യാബിനറ്റിന് അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി തെരേസ മേയ്. ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ യൂണിയനുമായി ഏര്‍പ്പെടേണ്ട ബ്രെക്‌സിറ്റ് ധാരണയ്ക്ക് അന്തിമരൂപം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതിനായി വെറും 21 ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ രണ്ടഭിപ്രായങ്ങളുള്ള ക്യാബിനറ്റില്‍ ഇത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മാസം അവസാനത്തോടെ ഒരു ധാരണയ്ക്ക് രൂപം നല്‍കണമെന്ന് ക്യാബിനറ്റ് ഏകകണ്ഠമായി ആവശ്യപ്പെട്ടുവെന്ന് ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്ബര്‍ഗ് അവകാശപ്പെട്ടു. നവംബറില്‍ തന്നെ ധാരണയുണ്ടാക്കണമെന്ന് ചൊവ്വാഴ്ച ക്യാബിനറ്റ് തീരുമാനിച്ചിരുന്നുവെന്നാണ് അവര്‍ ബ്രെക്‌സിറ്റ്കാസ്റ്റ് എന്ന പരിപാടിയില്‍ പറഞ്ഞത്.

ഇത് അസാധ്യമായ കാര്യമല്ലെന്നതിന്റെ സൂചനയാണ് ക്യാബിനറ്റിന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പ്രധാന വിലങ്ങുതടിയാകുന്ന ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ അന്തിമ ധാരണയാകുന്നതിനു വേണ്ടിയാണ് തെരേസ മേയ് പ്രധാനമായും ബുദ്ധിമുട്ടുന്നത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന നിര്‍ദേശം ഐറിഷ് കടലില്‍ ഒരു അതിര്‍ത്തിക്ക് സമാനമായ അവസ്ഥയുണ്ടാക്കുമെന്നാണ് കരുതുന്നത്. ഈ നിര്‍ദേശം ബ്രിട്ടന്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ യൂണിയന്‍ ഉന്നയിച്ചിരിക്കുന്ന തടസവാദം യുകെ അംഗീകരിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് പുതിയ വിവരം. അപ്രകാരം സംഭവിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരുകയും പിന്നീടുണ്ടാകുന്ന വ്യാപാര സംബന്ധമായ ചര്‍ച്ചകളെത്തന്നെ ഇല്ലാതാക്കുകയും ചെയ്‌തേക്കും.

ഇങ്ങനെയൊരു ധാരണയില്‍ എത്തിച്ചേര്‍ന്നാലും അതില്‍ നിന്ന് പിന്മാറാനുള്ള അവകാശം ലഭിക്കുന്നതിനായാണ് ബ്രിട്ടന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്ഥിരം അംഗത്വം എന്നത് ഒഴിവാക്കാനാണ് നീക്കം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തടസവാദമാണ് യൂണിയന്‍ ഉന്നയിക്കുന്നതെങ്കില്‍ അത് ഒരു കാരണവശാലും പ്രധാനമന്ത്രി അംഗീകരിക്കരുതെന്ന് കള്‍ച്ചര്‍ സെക്രട്ടറി ജെറമി റൈറ്റ് ആവശ്യപ്പെട്ടു.

Fr. Mathew Mulayolil

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിനു നേരെയുണ്ടായ അക്രമങ്ങളുടെ CCTV ദ്യശ്യങ്ങള്‍ മലയാളം യുകെ ന്യൂസിന് ലഭിച്ചു. ബുധനാഴ്ച വൈകിട്ട് ദേവാലയത്തിന്റെ മുമ്പിലുള്ള ഗേറ്റ് തല്ലിത്തകര്‍ത്ത് അക്രമികള്‍ ദേവാലയത്തിനുളളില്‍ പ്രവേശിക്കുന്ന കാഴ്ചയാണ് ദൃശ്യമായിരിക്കുന്നത്. ദേവാലയത്തിന്റെ ആനവാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ ദേവാലയത്തിന്റെ പ്രധാന ഭാഗത്തേയ്ക്ക് കടക്കുന്ന ഗ്ലാസിട്ട വാതില്‍ തകര്‍ത്തു. കൂടാതെ കസേരകളും പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരകളും മറ്റും തല്ലിത്തകര്‍ത്തു. ആയിരക്കണക്കിന് പൗണ്ടിന്റെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടവകയിലെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാന്‍ വികാരി ഫാ. മാത്യൂ മുളയോലില്‍ പോയ അവസരത്തിലാണ് അക്രമികള്‍ ദേവാലയം കൈയ്യേറിയത്. ദേവാലയത്തില്‍ തിരിച്ചെത്തിയ ഫാ. മുളയോലില്‍ പോലീസില്‍ വിവരം അറിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നില്‍ വര്‍ഗ്ഗീയതയുതെ ഭിന്നിപ്പുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനോടകം നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ദേവാലയത്തിനു ചുറ്റും താമസിക്കുന്ന നിരവധി പാശ്ചാത്യര്‍ ദേവാലയത്തിനനുകൂലമായി മൊഴി നല്‍കിയെന്നാണ് ഇതിനോടകമറിയാന്‍ കഴിഞ്ഞത്. പോലീസന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഫാ. മാത്യൂ മുളയോലില്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസും ജനപ്രതിനിധികളും മറ്റുമായി ഫാ. മാത്യൂ മുളയോലില്‍ നിരന്തര സമ്പര്‍ക്കത്തിലാണ്.

ദേവാലയത്തിനെതിരേയുണ്ടായ അക്രമത്തിനെ വേദനയോടെയാണ് ലീഡ്‌സ് സമൂഹം കണ്ടത്. വിവരമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ഇടവകയിലെ നൂറുകണക്കിന് വിശ്വാസികള്‍ അര്‍ത്ഥരാത്രിയില്‍ ദേവാലയത്തില്‍ തടിച്ചുകൂടിയിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വികാരി ഫാ. മാത്യൂ മുളയൊലിലുമായി ബന്ധപ്പെട്ടിരുന്നു. വികാരി ജനറല്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയിലും, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്‌റ്റോക്കിന്റെ പ്രതിനിധികളും ഫാ. മാത്യൂ മുളയോലിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരത്തിലുള്ള വെല്ലുവിളികളും താല്ക്കാലീക തിരിച്ചടികളും നേരിടാന്‍ തക്കവണ്ണം ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം വളര്‍ച്ച പ്രാപിച്ചെന്ന് കൈക്കാരന്മാരായ ടോം തോമസ്സും ജോജി കുമ്പളന്താനവും മലയാളം യുകെയോട് പ്രതികരിച്ചു.

CCTV യിലെ ദ്യശ്യങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കല്‍ ക്ലിക് ചെയ്യുക.

[ot-video][/ot-video]

[ot-video][/ot-video]

[ot-video][/ot-video]

ആധുനിക സിടി സ്‌കാനറുകളുടെയും പരിശീലനം സിദ്ധിച്ച റേഡിയോളജിസ്റ്റുകളുടെയും ക്ഷാമം എന്‍എച്ച്എസില്‍ രൂക്ഷമാണെന്ന് വിദഗ്ദ്ധര്‍. ഇതേത്തുടര്‍ന്ന് നിരവധി രോഗികള്‍ ശരിയായ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹാര്‍ട്ട് അറ്റാക്കുമായി ആശുപത്രികളില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ പ്രതിസന്ധി മൂലം വിശദമായ പരിശോധനകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ 56,289 പേര്‍ക്ക് സിടി സ്‌കാന്‍ ടെസ്റ്റ് നടത്താന്‍ കഴിഞ്ഞില്ല. റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വിട്ടുമാറാത്ത നെഞ്ചുവേദനയുമായി എത്തുന്നവര്‍ക്ക് ഈ പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നാണ് എന്‍എച്ച്എസ് മാനദണ്ഡങ്ങള്‍ പറയുന്നത്.

ഈ പരിശോധനയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് യുകെയില്‍ പലയിടത്തും 26 ആഴ്ച വരെ നീളുന്നുണ്ടെന്ന് ആര്‍സിആര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ജിന എന്ന നെഞ്ചുവേദനയുമായെത്തിയവരില്‍ പരിശോധന നടത്താന്‍ കഴിയാതിരുന്നവരുടെ യഥാര്‍ത്ഥ എണ്ണം 1,32,000 ആണെന്നും ആര്‍സിആര്‍ വിലയിരുത്തുന്നു. സ്‌കാന്‍ പരിശോധന നേരത്തേ നടത്താന്‍ കഴിഞ്ഞാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. അടുത്ത ആഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം വന്ന് മരിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കാനും പരിശോധനയിലൂടെ സാധിക്കുമെന്ന് റേഡിയോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. റേഡിയോളജിസ്റ്റുകളും ഉപകരണങ്ങളും ആവശ്യത്തിനുണ്ടെങ്കില്‍ ആയിരക്കണക്കിനാളുകളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ആര്‍സിആര്‍ അവകാശപ്പെടുന്നത്.

ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലൂടെ രോഗികള്‍ക്ക് മരുന്നു മാത്രം മതിയാകുമോ അതോ ശസ്ത്രക്രിയ ആവശ്യമാകുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് ആര്‍സിആര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ആന്‍ഡ്രൂ ബീല്‍ പറയുന്നു. ആര്‍ട്ടറികളിലെ ബ്ലോക്കുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ ഇതിലൂടെ കഴിയും. ഇതു മാത്രമല്ല, നെഞ്ചു വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമല്ലെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും രോഗിക്ക് അറിയാന്‍ കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ആശ്വാസം എത്ര വലുതായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

ഒരു പ്രസവത്തില്‍ നാലു കുട്ടികള്‍ എന്നത് യുവതികളായ അമ്മമാര്‍ക്ക് പോലും അല്പം റിസ്‌കുള്ള കാര്യമാണ്. അപ്പോള്‍ പ്രായമേറുമ്പോള്‍ സങ്കീര്‍ണ്ണതയേറിയ ഗര്‍ഭവും പ്രസവവും ഉണ്ടാക്കാവുന്ന പൊല്ലാപ്പുകള്‍ പറയാവുന്നതിലും വലുതായിരിക്കും. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് നാല്‍വര്‍ സംഘത്തിന് ജന്മം നല്‍കിയിരിക്കുകയാണ് ട്രേസി ബ്രിറ്റന്‍ എന്ന 50 കാരി. കഴിഞ്ഞ മാസമാണ് സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ നാലു കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ ജന്മം നല്‍കിയത്. മൂന്ന് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമാണ് ട്രേസി മാതാവായത്. ഐവിഎഫ് ചികിത്സയിലൂടെയാണ് ഇവര്‍ ഗര്‍ഭം ധരിച്ചത്. ഇതോടെ ബ്രിട്ടനില്‍ ഒരു പ്രസവത്തില്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഏറ്റവും പ്രായമേറിയ അമ്മ എന്ന റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഗര്‍ഭകാലം 31 ആഴ്ച പിന്നിട്ടതോടെ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു.

ഉടന്‍ തന്നെ ഇന്റന്‍സീവ് കെയറില്‍ പ്രവേശിപ്പിച്ച കുട്ടികളെ ക്രിസ്തുമസിന് വീട്ടിലേക്ക് കൊണ്ടുപോകാനാകും എന്ന പ്രതീക്ഷയിലാണ് ട്രേസി. നാലു പേരെയും ഇതുവരെ ഒരുമിച്ച് കിടത്താനായിട്ടില്ല. നാലു മെഷീനുകളിലാണ് ഇവരുള്ളത്. ഈ കുഞ്ഞുങ്ങളുടെ ജനനത്തെ അദ്ഭുതം എന്നാണ് ട്രേസി വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് എന്തു പേരിടണമെന്നത് പിതാവായ സ്റ്റീഫനുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ട്രേസി പറഞ്ഞു. ഒരു കുഞ്ഞിനെയാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ എനിക്ക് നാലു കുഞ്ഞുങ്ങളെ ലഭിച്ചു. ഇതൊരു അദ്ഭുതമാണ്. ഈ പ്രായത്തില്‍ കുട്ടികളുണ്ടാകുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നാണ് തന്നോട് പലരും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് ചരിത്രമാണ് എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

ട്രേസിക്ക് മൂന്നു മക്കള്‍ നേരത്തേയുണ്ട്. രണ്ട് പെണ്‍മക്കളും ഒരു ആണും. ഏഴു മാസം മുതല്‍ 11 വയസ് വരെ പ്രായമായ എട്ട് പേരക്കുട്ടികളും ട്രേസിക്കുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 50 വയസ് പിന്നിട്ടപ്പോളാണ് വീണ്ടും ഒരു കുഞ്ഞിനെ വേണമെന്ന് ട്രേസിക്ക് ആഗ്രഹം തോന്നിയത്. ഇതോടെ ഐവിഎഫ് ചികിത്സക്ക് വിധേയയാകാന്‍ തീരുമാനിക്കുകയായിരുന്നു. സൈപ്രസിലാണ് ഇതിനായി ഇവര്‍ പോയത്. 7000 പൗണ്ടാണ് ഇവര്‍ ചികിത്സക്കായി ചെലവാക്കിയത്.

അദ്ഭുത രോഗശാന്തി വാഗ്ദാനം ചെയ്ത് 88 കാരിയായ ഡിമെന്‍ഷ്യ രോഗിയില്‍ നിന്ന് 10,000 പൗണ്ടിന്റെ തട്ടിപ്പ്. ബാര്‍ബറ എവിറ്റ്‌സ് എന്ന സ്ത്രീയില്‍ നിന്നാണ് വ്യാജ മരുന്നുകള്‍ നല്‍കി തട്ടിപ്പു സംഘം വന്‍ തുക ഈടാക്കിയത്. സെയില്‍സ് കോളുകളിലൂടെ ബാര്‍ബറയെ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ കബളിപ്പിച്ചു വരികയായിരുന്നു. അടുത്തിടെ ഒരു നഴ്‌സിംഗ് ഹോമിലേക്ക് ഇവരെ മാറ്റിയപ്പോളാണ് തട്ടിപ്പ് പുറത്തായത്. ബാര്‍ബറയുടെ അക്കൗണ്ടില്‍ വെറും 30 പൗണ്ട് മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ബാണ്‍സ്ലിയിലെ വൂംബ് വെല്ലില്‍ ബാര്‍ബറ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മകനായ പോള്‍ 400 മരുന്നു ബോക്‌സുകള്‍ കണ്ടെത്തുകയായിരുന്നു. ഒരു പെട്ടിക്കുള്ളില്‍ സെലറി, മഞ്ഞള്‍ എന്നിവയുടെ 22 കണ്ടെയ്‌നര്‍ എക്‌സ്ട്രാക്ട് കണ്ടെത്തി. ഇതിനായി 385 പൗണ്ടാണ് വൃദ്ധയില്‍ നിന്ന് തട്ടിപ്പുകാര്‍ ഈടാക്കിയിരുന്നത്. മറ്റൊന്നില്‍ മാതള നാരങ്ങ സത്തായിരുന്നു ഉണ്ടായിരുന്നത്. 300 പൗണ്ടായിരുന്നു ഇതിന്റെ വില.

നാല് പാക്കേജുകളിലായി 1000 പൗണ്ടിന്റെ ഉല്‍പ്പന്നങ്ങളും 135 പൗണ്ട് വിലയിട്ട് ഒമേഗ ഓയിലും തട്ടിപ്പുകാര്‍ നല്‍കിയിരുന്നു. തങ്ങള്‍ കണ്ടിട്ടുള്ള ഏറ്റവും ദയനീയമായ തട്ടിപ്പെന്നാണ് പോലീസ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഈ വസ്തുക്കളൊന്നും ബാര്‍ബറയ്ക്ക് ആവശ്യമുള്ളതല്ലെന്ന് മകന്‍ പോള്‍ പറഞ്ഞു. ഒരു തവണ ഒരു തട്ടിപ്പുകാരന്റെ ഫോണ്‍ കോള്‍ താനാണ് എടുത്തത്. ബാങ്ക് വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു അയാള്‍. ഇത് താന്‍ ചോദ്യം ചെയ്യുകയും ഇനി വിളിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. പക്ഷേ താന്‍ വീട്ടിലില്ലാത്തപ്പോള്‍ വിളിക്കുമെന്നായിരുന്നു അയാളുടെ പ്രതികരണമെന്നും പോള്‍ പറഞ്ഞു. രോഗിയും വൃദ്ധയുമായ തന്റെ അമ്മയെ വിളിക്കുന്നവര്‍ ഒരു ദയയുമില്ലതെയാണ് പെരുമാറിയതെന്നും പോള്‍ പറയുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റായ സമയത്താണ് ഇതേക്കുറിച്ച് തനിക്ക് സംശയം തോന്നിയത്. ചില അത്യാവശ്യ കാര്യങ്ങള്‍ വീട്ടില്‍ നിന്ന് എടുക്കാനുണ്ടെന്ന് അമ്മ പറഞ്ഞു. ബിസ്‌ക്റ്റുകളും കേക്കുകളും അടങ്ങിയ ഫുഡ് പാക്കേജുകളാണ് തനിക്ക് വീട്ടില്‍ കാണാന്‍ കഴിഞ്ഞത്. അവയ്ക്ക് 125 പൗണ്ട് നല്‍കി വാങ്ങിയതായിരുന്നു. വെറും 35 പൗണ്ടിന് സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന വസ്തുക്കളായിരുന്നു അവ. എന്നാല്‍ തട്ടിപ്പ് ഇത്രയും വലിയ തോതിലുള്ളതായിരുന്നു എന്ന് മനസിലാക്കാന്‍ താന്‍ വൈകിയെന്നും പോള്‍ സമ്മതിക്കുന്നു.

ബ്രിട്ടിനിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രഥമ ദേവാലയങ്ങളിലൊന്നായ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചിന് നേരെ കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി പ്രാര്‍ത്ഥനാ

Fr. Mathew Mulayolil

യോഗത്തിനായി പുറത്തുപോയ അവസരത്തിലാണ് ദേവലയക്കിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയത്. ദേവാലയത്തിന്റെ മുന്‍ ഗേറ്റും ആനവാതില്‍ തകര്‍ത്ത അക്രമികള്‍ ഉള്‍വശത്തെ ഗ്ലാസുകൊണ്ടുള്ള വാതിലും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളടക്കം നൂറ് കണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് തടച്ചുകൂടി.

ലീഡ്‌സ് രൂപതാ ചാപ്ലിന്‍ ഫാ. മാത്യു മുളയോലിയുടെ പരാതിയേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം അര്‍ധരാത്രിയിലും തെളിവെടുപ്പുകളും മറ്റു നടപടിക്രമങ്ങളും തുടരുകയാണ്. നേരം വൈകിയും നൂറ് കണക്കിന് വരുന്ന വിശ്വാസികള്‍ പള്ളി പരിസരത്ത് തന്നെ തുടരുന്നത് പോലീസ് ശക്തമായ നടപടി സ്വീകരിക്കാന്‍ കാരണമായി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അക്രമികളെ പിടികൂടാന്‍ സഹായകമായ സിസിടിവി ദൃശ്യങ്ങള്‍ ദേവാലയത്തിലും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ അക്രമികള്‍ക്ക് എതിരെ സാക്ഷിമൊഴികളുമായി ഇംഗ്ലീഷ് സമൂഹത്തില്‍ നിന്നും പലരും മുന്നോട്ട് വന്നതും ശ്രദ്ധേയമായി.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയം സീറോമലബാര്‍ സഭയുടെ കൈവശമാണ്. ലീഡ്‌സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ വിശ്വാസതീഷ്ണത അടുത്തറിഞ്ഞ ലീഡ്‌സ് രൂപതയാണ് സെന്റ് വില്‍ഫ്രഡ് ചര്‍ച്ച് സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി വിട്ടുനല്‍കിയത്. വിവിധ ആരാധനാ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സഭാ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തി ബ്രിട്ടനില്‍ മൊത്തത്തില്‍ മാതൃകയായതാണ് ലീഡ്‌സിലെ സീറോ മലബാര്‍ സഭ. എല്ലാ ദിവസവും സീറോ മലബാര്‍ സഭാ റീത്തില്‍ ദിവ്യബലിയുള്ള ദേവാലയത്തിലെ വേദപഠനവും ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനവും വളരെ കാര്യക്ഷമമായിട്ടാണ് നടക്കുന്നത്. യു.കെയിലെമ്പാടും ശ്രദ്ധിക്കപ്പെട്ട ദേവാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ ലീഡ്‌സിലും പരിസരങ്ങളിലുമുള്ള വിശ്വാസികള്‍ അഭിമാനമായാണ് കൊണ്ടുനടന്നിരുന്നത്. അതുകൊണ്ടു തന്നെ ദേവാലയത്തിന് നേരെ നടന്ന അതിക്രമം വിശ്വാസികളെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

 

RECENT POSTS
Copyright © . All rights reserved