യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവരാന്‍ ഇടയുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഗൂഗിള്‍ ന്യൂസ് യൂറോപ്പിലെ തങ്ങളുടെ സേവനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ലിങ്ക് ടാക്‌സ് ഏര്‍പ്പെടുത്തന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകാരം നല്‍കിയെന്നാണ് വിവരം. സെപ്റ്റംബറില്‍ അവതരിപ്പിച്ച ഈ ലെജിസ്ലേഷന്‍ മ്യൂസിക്, സിനിമ, മീഡിയ പബ്ലിഷിംഗ് കമ്പനികളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ പുനരവലോകനം ചെയ്യുന്നു.. ഇതനുസരിച്ച് വാര്‍ത്തകള്‍ ഗൂഗിള്‍ ന്യൂസിലും യൂട്യൂബിലും ഉള്‍പ്പെടുത്തണമെങ്കില്‍ അവ തയ്യാറാക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കണം. ഗൂഗിളിന്റെ ന്യൂസ് ആപ്പിനെയും വെബ്‌സൈറ്റിനെയുമാണ് പബ്ലിഷര്‍മാര്‍ ഏറെ ആശ്രയിക്കുന്നതെങ്കിലും ഗൂഗിള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ അമിതമാകരുതെന്ന ആവശ്യം ഇവര്‍ പതിവായി ഉന്നയിക്കാറുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ 500 മില്യന്‍ ആളുകളില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ ഇല്ലാതായേക്കുമെന്ന സൂചനയാണ് യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിക്കാനിരിക്കുന്ന നിയമത്തിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഗൂഗിള്‍ നല്‍കിയത്. ഇത് വാര്‍ത്താ മാധ്യമങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. സ്‌പെയിനില്‍ ഇതേ വിധത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ 2014ല്‍ ഗവണ്‍മെന്റ് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പെയിനില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് കമ്പനി പിന്‍വലിച്ചു. സ്പാനിഷ് ന്യൂസ് വെബ്‌സൈറ്റുകളുടെ ട്രാഫിക് ശോചനീയമായി ഇടിയുകയായിരുന്നു ഇതിന്റെ ഫലം. ഇതേ അവസ്ഥ യൂറോപ്പിലുണ്ടാകുന്നതില്‍ താല്‍പര്യമില്ലെന്നാണ് ഗൂഗിള്‍ ന്യൂസ് െൈവെസ് പ്രസിഡന്റ് പറഞ്ഞത്.

ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ പുതിയ ന്യൂസ് വെബ്‌സൈറ്റുകള്‍ക്ക് ഉപയോക്താക്കളെ ലഭിക്കാതെ വരും. കമ്പനി ഈ ആപ്പിലൂടെ ലാഭമുണ്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ നിയമം പ്രാബല്യത്തിലായാല്‍ സേവനം അവസാനിപ്പിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് കമ്പനിക്കില്ലെന്നും വൈസ് പ്രസിഡന്റ് ജിന്‍ഗ്രാസ് പറഞ്ഞു. ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ കാലം അവസാനിക്കുന്നതിനു മുമ്പ് നിയമം നടപ്പാക്കിയാല്‍ യുകെയിലും ഗൂഗിള്‍ ന്യൂസ് ലഭിച്ചേക്കില്ല.
സ്‌ട്രോക്ക് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്ക് വിഷം നല്‍കിയെന്ന സംശയത്തെത്തുടര്‍ന്ന് നഴ്‌സിനെ അറസ്റ്റ് ചെയ്തു. ലങ്കാഷയര്‍, ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ നഴ്‌സാണ് അറസ്റ്റിലായിരിക്കുന്നത്. രോഗികള്‍ക്ക് ഹാനിയുണ്ടാക്കുന്ന വിധത്തില്‍ വിഷമോ മാരകമായ വസ്തുക്കളോ രോഗികള്‍ക്ക് ഇവര്‍ നല്‍കിയെന്ന സംശയത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. നഴ്‌സിനെതിരെ സഹപ്രവര്‍ത്തകരാണ് ആദ്യം സംശയമുന്നയിച്ചത്. ഇതേത്തുടര്‍ന്ന് ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നവംബര്‍ 8ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നതില്‍ ട്രസ്റ്റ് മതിയായ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നഴ്‌സ് പിടിയിലാകുന്നത്. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജില്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. അന്വേഷണം കുറച്ച് സങ്കീര്‍ണ്ണമാണെന്നും ഒരു പ്രത്യേക ഡിറ്റക്ടീവ് സംഘത്തെ ഇതിനായി നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്നും പോലീസ് അറിയിക്കുന്നു.

ജീവനക്കാരുടെ കുറവു മൂലം ഏജന്‍സി നഴ്‌സുമാരെ കണക്കിലധികം നിയോഗിക്കുന്നുവെന്ന പരാതി ഈ ആശുപത്രിക്കെതിരെ നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന നഴ്‌സ് ഇവിടത്തെ സ്ഥിരം ജീവനക്കാരിയാണെന്നാണ് വിവരം. ഇവരെ സസ്‌പെന്‍ഡ് ചെയ്തത് സ്‌ട്രോക്ക് യൂണിറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് വെന്‍ഡ് സ്വിഫ്റ്റ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും അതുകൊണ്ടാണ് പെട്ടെന്നു തന്നെ പോലീസിനെ വിവരം അറിയിച്ചതെന്നും സ്വിഫ്റ്റ് വ്യക്തമാക്കി.
ലിവര്‍പൂള്‍: നടുറോഡില്‍ റൗഡിത്തരം കാണിക്കുകയും മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത കൗമാരക്കാരെ മാതാപിതാക്കള്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന 13 അംഗ സംഘത്തെയാണ് മാതാപിതാക്കള്‍ നേരിട്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത്. 13നും 16നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. നല്ല നടപ്പിനുള്ള ശാസന നല്‍കിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലിവര്‍പൂളിലെ റീട്ടെയില്‍ പാര്‍ക്കില്‍ വെച്ചാണ് ഇവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ജീവനക്കാരെ അപമാനിക്കുകയും ചെയ്തത്. മക്‌ഡൊണാള്‍ഡ്‌സ്, സെയിന്‍സ്‌ബെറീസ്, ബി ആന്റ് എം റീട്ടെയില്‍ പാര്‍ക്കില്‍ വെച്ച് ജീവനക്കാരുമായി തര്‍ക്കിച്ച കൗമാരക്കാര്‍ അനാവശ്യമായി ബഹളം വെക്കുകയും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരോട് സ്ഥാപനം വിട്ടുപോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ കുട്ടികള്‍ ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അവിടേക്ക് കടന്നുവന്ന ഉപഭോക്താക്കളുടെ കാറുകള്‍ക്ക് നേരെ ഇവര്‍ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഇവരുടെ പ്രവൃത്തികളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാല്‍ട്ടണ്‍ ലെയിന്‍ പോലീസ് സ്‌റ്റേഷന്‍ അധികാരികളും വിദഗദ്ധരും അടങ്ങിയ സംഘമാണ് ഹാജരായ കൗമാരക്കാരുമായി സംസാരിച്ചത്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഇവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നതോടെയാണ് മക്കളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്.
ലണ്ടന്‍: ജീവനക്കാരുടെ അപര്യാപ്തത മൂലം യുകെയിലെ പ്രധാനപ്പെട്ട ആശുപത്രി യൂണിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ആയിരക്കണക്കിന് രോഗികളെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും കുട്ടികള്‍ക്ക് സ്‌പെഷ്യന്‍ വാര്‍ഡുകളും ക്യാന്‍സര്‍ വാര്‍ഡുകളുമാണ് അടച്ചുപൂട്ടല്‍ ഭിഷണി നേരിടുന്നത്. ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഡോക്ടറര്‍മാരോ നഴ്‌സുമാരോ ഇല്ലാത്തതാണ് അടച്ചുപൂട്ടലിന് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. യൂ.കെയില്‍ ആയിരങ്ങള്‍ അധികം ദൂരം സഞ്ചരിച്ചാണ് കൃത്യമായ ചികിത്സ തേടുന്നത്. പല സ്ഥലങ്ങളിലും ആവശ്യമായി ചികിത്സാ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലെന്ന് രോഗികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അധികമായി ഏറെ ദൂരം സഞ്ചരിച്ചാണ് മിക്ക രോഗികളും ചികിത്സ തേടുന്നത്.

എന്‍.എച്ച്.എസ് ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികള്‍ വലയുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജീവനക്കാരില്ലാത്തത് മിക്ക നഴ്‌സുമാര്‍ക്കും അധിക ബാധ്യത നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മിക്ക ജീവനക്കാര്‍ക്കും അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്കാണ് ഇരുട്ടടിയാകുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനായിര്‍ വ്യക്തമാക്കി. എല്ലാ ദിവസം ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികള്‍ക്കുണ്ടാകുന്ന കഥകളാണ് കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഡെയിം ഡോണാ കിനായിര്‍ പറഞ്ഞു.

ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടും അവ പരിഹാരിക്കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. ജിവനക്കാരില്ലാത്തത് പ്രതികൂലമായി ബാധിക്കുന്നത് രോഗികളെ മാത്രമാണെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനായിര്‍ വ്യക്തമാക്കി. നേരത്തെ എന്‍.എച്ച്.എസ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവയൊന്നും പ്രാവര്‍ത്തികമായിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. നഴ്‌സ്, ഡോക്ടര്‍ മാത്രമല്ല ഇതര ജോലികളും ചെയ്യാന്‍ ആളുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ക്യാന്‍സര്‍ പോലുള്ള യൂണിറ്റുകള്‍ അടച്ചിടേണ്ടി വരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.
ലണ്ടന്‍: ബ്രിട്ടനിലെ യുവാക്കളില്‍ പണം കൈയ്യില്‍ കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നവരല്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇടപാടുകള്‍ക്കായി പണം നേരിട്ട് നല്‍കിയല്ലാത്ത ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചില്‍ ഒരാള്‍ പണം കൈയ്യില്‍ കൊണ്ടുനടക്കുന്നത് ഇഷ്ടപ്പെടുന്നില്ല. ചിപ്പ്, കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റ് തുടങ്ങിയ മാര്‍ഗങ്ങളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. ഷോപ്പിംഗ് കാര്‍ഡുകളും സമീപകാലത്ത് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. സര്‍വീസുകള്‍, സാധനങ്ങള്‍ വാങ്ങാല്‍, ഇതര ഇടപാട് തുടങ്ങിയവയ്ക്ക് നേരിട്ട് പണം ഉപയോഗിക്കാത്തത് രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം.

2000ത്തിലധികം യു.കെ സ്വദേശികളായ ചെറുപ്പക്കാരിലാണ് ഈ സര്‍വ്വേ നടത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ ഉഫയോഗിച്ച് പേയ്‌മെന്റ് നടത്തുന്നത് അന്താരാഷ്ട്രതലത്തില്‍ തന്നെ വ്യാപകമായിട്ടുണ്ട്. സര്‍വ്വേ നടത്തിയവരില്‍ ചിലരും ഏറ്റവും സ്വീകാര്യമായ പെയ്‌മെന്റ് രീതികളില്‍ ഒന്നാണ് ഇതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘ക്യാഷ്‌ലെസ്’ സമ്പത്‌വ്യവസ്ഥ യു.കെയില്‍ പൂര്‍ണമായും നിലവില്‍ വരുമെന്ന് വിശ്വസിക്കുന്നവരാണ് സര്‍വ്വേ നടത്തിയവരില്‍ പകുതിയിലേറെപ്പേരും. റീട്ടൈല്‍ മേഖലകളിലും ക്യാഷ്‌ലെസ് പേയ്‌മെന്റ് രീതികള്‍ പൂര്‍ണമായും കീഴടക്കുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.

‘ഫസ്റ്റ് ബസ്’ ആണ് ഗവേഷണം നടത്തിയിരിക്കുന്നത്. 44 ശതമാനം പേര്‍ക്കും ക്യാഷ്‌ലെസ് പെയ്‌മെന്റ് സിസ്റ്റം ഇല്ലാത്തതിനാല്‍ പെയ്‌മെന്റ് നടത്താനാവാത്ത അവസ്ഥയുണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു. വിനോദ സഞ്ചാര മേഖലകളിലെ പാര്‍ക്കിംഗ്, ബസ് ടിക്കറ്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ക്യാഷ്‌ലെസ് രീതികള്‍ സ്വീകാര്യമല്ല. അവിടെ പണം തന്നെ നല്‍കേണ്ടതായി വരും. ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ്‌ലെസ് പെയ്‌മെന്റുകള്‍ നടത്താനുള്ള സൗകര്യമൊരുക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ‘ഫസ്റ്റ് ബസ്’ വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: സാധാരണയായി ബ്രിട്ടനില്‍ നടക്കുന്ന പല ക്യാംപെയിനുകളും കുടിയേറ്റക്കാരായ ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് വേണ്ടിയാണ്. പൊതുവില്‍ കുടിയേറ്റക്കാരുടെ കുട്ടികളില്‍ പഠന വൈദഗ്ദ്ധ്യം കുറവാണെന്ന ധാരണയാണ് ഇതിന് പിന്നില്‍. എന്നാല്‍ സമീപകാലത്ത് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.കെ പൗരന്മാരായ വെള്ളക്കാരായ കുട്ടികള്‍ക്ക് വായിക്കാനുള്ള വൈദഗദ്ധ്യം കുടിയേറ്റക്കാരായ കുട്ടികളെ കുറവാണെന്ന് ബോധ്യമാകുന്നതാണ്. ഫോണിക്‌സ് പരീക്ഷയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 5 വയസുള്ള കുട്ടികളില്‍ നടത്തിയിരിക്കുന്ന പരീക്ഷാഫലം നിലവിലുണ്ടായിരിക്കുന്ന പല ധാരണകളെയും മാറ്റി മറിക്കുന്നതാണ്.

നിരവധി വാക്കുകള്‍ ഒന്നിച്ചുവെച്ച് കുട്ടികളോട് ശരിയായവ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെടുന്നതാണ് ഫോണിക്‌സ് ടെസ്റ്റിന്റെ രീതി. സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക പരീക്ഷകളുടെ ഗണത്തില്‍പ്പെടുത്താവുന്നവയാണിത്. പരീക്ഷയില്‍ വളരെ ആത്മവിശ്വാസത്തോടെ പങ്കെടുത്തത് കുടിയേറ്റക്കാരുടെയും കുട്ടികളാണ്. മാതാപിതാക്കളില്‍ ആരെങ്കിലും യു.കെ പൗരന്മാരായിട്ടുള്ളവരുടെ കുട്ടികളും പരീക്ഷയില്‍ നന്നായി സ്‌കോര്‍ ചെയ്തു. 83.9 ശതമാനം കറുത്തവര്‍ഗക്കാരായ കുട്ടികള്‍ പരീക്ഷയില്‍ വിജയിച്ചു. മാതാപിതാക്കളില്‍ ആരെങ്കിലും യു.കെ പൗരന്മാരായിട്ടുള്ളവരുടെ കുട്ടികള്‍ 84.2 ശതമാനം വിജയം സ്വന്തമാക്കിയപ്പോള്‍ ഏഷ്യന്‍ വംശജരായ 85.5 ശതമാനം കുട്ടികള്‍ പരീക്ഷ വിജയിച്ചു.

അതേസമയം വെറും 82.6 ശതമാനം വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷയില്‍ വിജയിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 79.2 ശതമാനം പേര്‍ ആണ്‍കുട്ടികളും 86.1 ശതമാനം പെണ്‍കുട്ടികളുമാണ്. മറ്റൊരു പ്രധാനകാര്യം വിജയിച്ചവരില്‍ എല്ലാ വിഭാഗക്കാരിലും മികച്ച പ്രകടനം നടത്തിയിരിക്കുന്നത് പെണ്‍കുട്ടികളാണ്. ഏഷ്യന്‍ വംശജരില്‍ 82.1 ശതമാനം മാത്രം ആണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 89.1 ശതമാനം പെണ്‍കുട്ടികളാണ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുടിയേറ്റ വിഭാഗങ്ങളുടെ പഠന സഹായത്തിനായി നിരവധി പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ വിദ്യഭ്യാസ കാര്യത്തിലുളള ‘പാവം’ മനോഭാവം മാറ്റേണ്ട സമയമാണിതെന്നും ഇക്കാര്യങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിട്ടുണ്ടെന്നും റിയല്‍ എജ്യുക്കേഷന്‍ ക്യാംപെയിന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു.
കരട് ബ്രെക്‌സിറ്റ് ഡീല്‍ അവതരിപ്പിച്ച തരേസ മേയ് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ആവശ്യപ്പെടുന്ന ടോറി എംപിമാരുടെ എണ്ണം കൂടുന്നു. ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച കോടീശ്വരനായ എംപി സാക് ഗോള്‍ഡ്‌സ്മിത്തും പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് കത്തു നല്‍കി. ഇതോടെ മേയ്‌ക്കെതിരെ കത്തു നല്‍കിയ എംപിമാരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 48 എംപിമാര്‍ അവിശ്വാസം അറിയിച്ചാല്‍ സ്വാഭാവികമായും അത് വോട്ടിംഗിലേക്ക് നീങ്ങുകയും സഭയില്‍ പ്രധാനമന്ത്രി വിശ്വാസം തെളിയിക്കേണ്ടി വരികയും ചെയ്യും. പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന് ഗോള്‍ഡ്‌സമിത്ത് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പ് വിരുദ്ധനായ എംപി ബില്‍ ക്യാഷും പ്രധാനമന്ത്രിക്കെതിരെ കത്തു നല്‍കുമെന്നാണ് കരുതുന്നത്. ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലാണ് ടോറികളിലെ തീവ്ര ബ്രെക്‌സിറ്റ് അനുകൂലികള്‍ മേയ് പുറത്തുപോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈയാഴ്ച അവസാനത്തോടെ ഇവര്‍ 48 എംപിമാരുടെ കത്ത് ശേഖരിക്കുമെന്നാണ് കരുതുന്നത്. അപ്രകാരം സംഭവിച്ചാല്‍ പാളയത്തിലെ പടയില്‍ പ്രധാനമന്ത്രിക്ക് സഭയില്‍ വിശ്വാസം തെളിയിക്കേണ്ട ഗതികേടുണ്ടാകും. 2016 ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി നിലപാട് എടുത്തയാളാണ് ഗോള്‍ഡ്‌സ്മിത്ത്. എന്നാല്‍ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീല്‍ അംഗീകരിക്കുന്നതിനേക്കാള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാണ് ഭേദമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.

ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് ഗോള്‍ഡ്‌സ്മിത്ത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ ഇദ്ദേഹത്തെ പരാജയപ്പെടുത്തി. ഹീത്രൂ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രാജിവെച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ റിച്ച്മണ്ട് പാര്‍ക്കില്‍ നിന്ന് ഗോള്‍ഡ്‌സ്മിത്ത് പരാജയപ്പെട്ടിരുന്നു. പിന്നീട് കഴിഞ്ഞ ജനറല്‍ ഇലക്ഷനിലാണ് ഇയാള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് തിരികെയെത്തിയത്.
ഷിബു മാത്യൂ
മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. ബാബു തോമസ്സ് പൂഴിക്കുന്നേല്‍ എഴുതുന്ന ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ പുസ്തകമാകുന്നു. നവംബര്‍ ഇരുപതിന് രാവിലെ പതിനൊന്നു മണിക്ക് കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയിലുള്ള നവജീവന്‍ ഓഡിറ്റോറിയത്തില്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നടക്കും. ഡോ. സാബു തോമസ്, വൈസ് ചാന്‍സിലര്‍ MG യൂണിവേഴ്‌സിറ്റി കോട്ടയം, മോന്‍സ് ജോസഫ് MLA, തോമസ്സ് ചാഴികാടന്‍ Ex MLA, ഫാ. എബ്രഹാം പറമ്പേട്ട്, ഫാ. സജി കൊച്ചുപറമ്പില്‍, ഡോ. സി. കരുണ SVM, ജോണി ലൂക്കോസ് എന്നിവരുള്‍പ്പെടെ സമൂഹത്തിലെ നിരവധി പ്രമുഖര്‍ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കും.
ഉഴവൂര്‍ ദേശം വളര്‍ത്തിയ കലാലയമായ
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്.
35 വര്‍ഷം നീണ്ടു നിന്ന അദ്ധ്യാപന ജീവിതത്തിന്റെ സംഭവബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌കാരം പ്രൊ. ബാബു പൂഴിക്കുന്നേല്‍ എഴുതി. അത് ഒരു പുസ്തക രൂപത്തിലാവുകയാണിവിടെ. പ്രിന്‍സിപ്പല്‍, പ്രഭാഷകന്‍, സംഘാടകന്‍, സഞ്ചാരി, സഹൃദയന്‍, എഴുത്തുകാരന്‍, ചിന്തകന്‍, സഭയുടെ പി. ആര്‍. ഒ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ മൂന്നു പതിറ്റാണ്ടിലേറെയുള്ള പ്രവര്‍ത്തനങ്ങളിലെ അറിയപ്പെടാത്ത അദ്ധ്യായങ്ങള്‍. ഇതെല്ലാം കൂട്ടിച്ചേര്‍ത്തതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. കൂടാതെ ഉഴവൂര്‍ ദേശം വിദ്യാര്‍ത്ഥികളോടൊപ്പം കഥാപാത്രങ്ങളാവുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത ബാബു തോമസ്സിന് മനുഷ്യരോടുള്ള ആര്‍ദ്രതയും മനുഷ്യരെ അവരുടെ നന്മതിന്മകളോടെ അംഗീകരിക്കാനുള്ള ശേഷിയുമാണെന്ന് കെ. ആര്‍ മീരയും വിലയിരുത്തി. പ്രൊഫ. ബാബു തോമസ്സിന്റെ അറുപതാം പിറന്നാളിലാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അദ്ധ്യാപന ജീവിതത്തിന്റെ സംഭവബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌കാരം മലയാളം യുകെയില്‍ പ്രസിദ്ധീകരിച്ചത് പുസ്തകമാകുന്നതില്‍ അതീവ സന്തോഷവാനാണെന്ന് മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍ പറഞ്ഞു. വര ആര്‍ട്ട് ഗാലറിയാണ് പുസ്തകം ജനമധ്യത്തിലെത്തിക്കുന്നത്. ഡിസംബര്‍ ആദ്യവാരം മുതല്‍ പുസ്തകം വിപണിയില്‍ എത്തും. കോപ്പികള്‍ മലയാളം യുകെയിലും ലഭ്യമാണ്.
നടുവ് നിവര്‍ത്തി, മുട്ടുകള്‍ വളച്ചു വേണം ഭാരമുയര്‍ത്താന്‍ എന്ന നിര്‍ദേശം അശാസ്ത്രീയമെന്ന് ശാസ്ത്രജ്ഞര്‍. എന്‍എച്ച്എസ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശത്തിനെതിരെയാണ് ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. നടുവ് വളച്ചു കൊണ്ട് ഭാരമുയര്‍ത്തരുതെന്നാണ് എന്‍എച്ച്എസ് നിര്‍ദേശിക്കുന്നത്. ഇത് പുനരവലോകനം ചെയ്യണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. നടുവ് വളച്ചുകൊണ്ട് ഭാരമുയര്‍ത്തുന്നതാണ് കൂടുതല്‍ ഫലപ്രദമാകുകയെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ ജേര്‍ണല്‍ ഓഫ് പെയിനില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫോറസ്ട്രി തൊഴിലാളികളില്‍ നടത്തിയ ഒരു പഠനത്തില്‍ നടുവ് നിവര്‍ത്തി ഭാരമെടുക്കുന്നവര്‍ക്ക് നടുവ് വളച്ച് ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്ന് കണ്ടെത്തി. ഈ രണ്ടു രീതികളിലും ഭാരമുയര്‍ത്തുമ്പോള്‍ നട്ടെല്ലിന് ചെയ്യേണ്ടി വരുന്ന ജോലിയില്‍ കാര്യമായ വ്യത്യാസവും ഇല്ല. എന്നാല്‍ ഏറ്റവും സുരക്ഷിതമായ രീതിയെന്ന പേരില്‍ രാജ്യത്തെ തൊഴിലാൡളെ പരിശീലിപ്പിക്കുന്നത് നടുവ് നിവര്‍ത്തിയുള്ള രീതിയാണ്. എന്‍എച്ച്എസ് വെബ്‌സൈറ്റും ഇതേ നിര്‍ദേശം തന്നെയാണ് നല്‍കുന്നത്.

എന്നാല്‍ നടുവ് വളച്ചുകൊണ്ടുള്ള പ്രവൃത്തി നടുവ് വേദന കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയയിലെ കേര്‍ട്ടിസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഇതിന് പിന്‍പറ്റി അബര്‍ദീന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലും സമാനമായ ഫലമാണ് ലഭിച്ചത്. ഭാരമെടുക്കാന്‍ ഓരോ വ്യക്തിയും അവരുടെ ശാരീരികമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള രീതി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്നും പഠനം പറയുന്നു.
മാസം തികയാതെ പിറന്ന കുഞ്ഞ് കഠിനമായ സാഹചര്യങ്ങളെ തരണം ചെയത് ജീവിതത്തിലേക്ക്. 24-ാം മാസത്തില്‍ പിറന്ന നോവ എന്ന ആണ്‍കുഞ്ഞാണ് കടുത്ത അനാരോഗ്യത്തോട് പടപൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. കുഞ്ഞ് ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. രണ്ട് കാര്‍ഡിയാക് അറസ്റ്റുകളും രണ്ട് ഹൃദയ ശസ്ത്രക്രിയകളും ഇവന് വേണ്ടി വന്നു. തന്റെ 127 ദിവസത്തെ ജീവിതത്തിനുള്ളില്‍ നോവയ്ക്ക് 20ലേറെ തവണ രക്തം നല്‍കേണ്ടി വന്നു. എട്ടു തവണ ഇവന് അണുബാധയും ഉണ്ടായി. തലച്ചോറില്‍ രക്തസ്രാവവും വൃക്കകള്‍ക്ക് തകരാറും നട്ടെല്ലിന് അഞ്ച് ക്ഷതങ്ങളും ഇതിനിടയില്‍ കുഞ്ഞിനുണ്ടായി. എന്നാല്‍ ഇവയെയെല്ലാം അതിജീവിക്കുകയാണ് തങ്ങളുടെ മകനെന്ന് പിതാവായ പോളും മാതാവ് എമ്മയും പറയുന്നു. ഇപ്പോള്‍ നോവയ്ക്ക് വസ്ത്രം ധരിക്കാനുള്ള ആരോഗ്യം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ എമ്മയ്ക്ക് രക്തസ്രാവമുണ്ടായതോടെയാണ് ഇവരുടെ കഷ്ടപ്പാടുകള്‍ ആരംഭിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടിയെ അടിയന്തരമായി പുറത്തെടുക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് പിന്നീട് അവര്‍ തിരിച്ചറിയുകയായിരുന്നു. ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലായിരുന്നു സിസേറിയന്‍ നടത്തിയത്. ഈ ശസ്ത്രക്രിയ അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ അപകടകരമാണെന്ന് പോളിനോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് കുഞ്ഞിനെ കാണിച്ചപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് കരുതിയതെന്ന് പോള്‍ പറഞ്ഞു. പക്ഷേ അവനോട് ഗുഡ് ബൈ പറയാനായിരുന്നു അതെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞു.

ഇന്റന്‍സീവ കെയറില്‍ ഒരു ഇന്‍ക്യുബേറ്ററില്‍ അവനെ പ്രവേശിപ്പിച്ചു. അതില്‍ കുഞ്ഞ് കിടക്കുന്നത് കാണാന്‍ കഴിയുമായിരുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു. ഡോക്ടര്‍മാര്‍ അവരുടെ പരമാവധി ശ്രമങ്ങള്‍ നടത്തി. കുഞ്ഞിന് മാമോദീസ നല്‍കാനും അവര്‍ സഹായിച്ചു. ആദ്യദിവസം പിന്നിടില്ലെന്ന് കരുതിയ നോവ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. 111 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം നവംബര്‍ ഒന്നിന് നോവ വീട്ടില്‍ എത്തിയിരിക്കുകയാണ്.