തെരേസ മേയ് അവതരിപ്പിച്ച കരട് ബ്രെക്‌സിറ്റ് ധാരണയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമം. ഇതിനായി പ്രധാനമന്ത്രിയെ പ്രേരിപ്പിക്കാന്‍ ക്യാബിനറ്റിനുള്ളില്‍ ശ്രമം ആരംഭിച്ചു. മേയുടെ ക്യാബിനറ്റിലെ പ്രമുഖരായ അഞ്ച് മന്ത്രിമാരാണ് ഈ ഉദ്യമവുമായി രംഗത്തെത്തിയിരിക്കുന്നത്. കോമണ്‍സിലെ പ്രമുഖയായ ആന്‍ഡ്രിയ ലീഡ്‌സം ഈ സംഘത്തിന്റെ ഏകോപനം നിര്‍വഹിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മൈക്കിള്‍ ഗോവ്, ലിയാം ഫോക്‌സ്, പെന്നി മോര്‍ഡുവന്റ്, ക്രിസ് ഗ്രെയിലിംഗ് എന്നിവരാണ് സംഘത്തിലെ മറ്റ് മന്ത്രിമാര്‍. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ സമീപനം തിരുത്തുകയാണ് സംഘത്തിന്റെ ദൗത്യം. ബ്രസല്‍സുമായുള്ള ചര്‍ച്ചകളിലെ കീറാമുട്ടി പ്രശ്‌നങ്ങളിലൊന്നാണ് ഇത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ ചിലത് തുടരണമെന്നാണ് ഈ വ്യവസ്ഥ പറയുന്നത്. ബ്രെക്‌സിറ്റില്‍ ഒരു ദീര്‍ഘകാല ധാരണ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപയോഗിക്കാവുന്ന ബാക്ക് അപ്പ് പ്ലാനായാണ് ഇത് നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ അനുമതിയില്ലാതെ ഇതില്‍ നിന്ന് യുകെയ്ക്ക് പിന്മാറാനും കഴിയില്ല. ഈ ധാരണയെ വിമര്‍ശകര്‍ എതിര്‍ക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെ കാര്യത്തിലാണ് ഈ നിബന്ധന ഉദ്ദേശിക്കുന്നത്. ബുധനാഴ്ചയാണ് 585 പേജുകളുള്ള കരട് ബ്രെക്‌സിറ്റ് കരാര്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത്.

ഇതില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതിലുള്ള നിബന്ധനകളും യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരുന്ന പണം എത്രയാണെന്നും പരിവര്‍ത്തന കാലം പൗരാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇതിനെതിരെ ക്യാബിനറ്റിനുള്ളില്‍ത്തന്നെ എതിര്‍പ്പുകള്‍ ഉയരുകയും രണ്ട് സീനിയര്‍ മന്ത്രിമാരും ജൂനിയര്‍ മന്ത്രിമാരുള്‍പ്പെടെയുള്ള സഹായികളും രാജി നല്‍കുകയും ചെയ്തു. തെരേസ മേയ്‌ക്കെതിരെ ടോറികള്‍ തന്നെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മേയ്‌ക്കെതിരെ 48 പേര്‍ അവിശ്വാസം പ്രകടിപ്പിച്ച് കത്ത് നല്‍കിയാല്‍ അത് വോട്ടിംഗിലേക്ക് നീങ്ങുകയും കോമണ്‍സില്‍ അവര്‍ക്ക് വിശ്വാസം തെളിയിക്കേണ്ടി വരികയും ചെയ്യും.
ഉപയോക്താക്കളില്‍ നിന്ന് അമിത നിരക്ക് വാങ്ങിയതിന് രണ്ട് ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് പിഴശിക്ഷ. ഇഇ, വിര്‍ജിന്‍ മീഡിയ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. രണ്ടു കമ്പനികളും കൂടി 13.3 മില്യന്‍ പൗണ്ട് പിഴയായി നല്‍കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സേവനം വേണ്ടെന്നുവെച്ച 5 ലക്ഷം ഫോണ്‍, ബ്രോഡ്ബാന്‍ഡ് വരിക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഏര്‍ലി എക്‌സിറ്റ് ചാര്‍ജായാണ് ഈ പണം വാങ്ങിയതെന്ന് ഓഫ്‌കോം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെലികോം വാച്ച്‌ഡോഗ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഇഇക്ക് 6.3 മില്യന്‍ പൗണ്ടും വിര്‍ജിന്‍ മീഡിയയ്ക്ക് 7 മില്യന്‍ പൗണ്ടുമാണ് പിഴ. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷയെന്നും ഓഫ്‌കോം വ്യക്തമാക്കി. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സേവനം ഉപേക്ഷിക്കുന്നവരില്‍ നിന്ന് ഫോണ്‍, ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ക്ക് പണമീടാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അത് എത്രയാണെന്ന് ഉപയോക്താവിന് വ്യക്തമായി അറിയിക്കണമെന്നും മറ്റൊരു സര്‍വീസിലേക്ക് മാറുന്നത് ചെലവേറിയതായി മാറുന്ന വിധത്തില്‍ വലിയ തുക ഈടാക്കരുതെ ് ഓഫ്‌കോം നിയമം പറയുന്നു. 4 ലക്ഷം ഉപയോക്താക്കളില്‍ നിന്ന് ഇഇ അമിതമായി പണമീടാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

4.3 മില്യന്‍ പൗണ്ടാണ് ഈ വിധത്തില്‍ കമ്പനി ഈടാക്കിയത്. വിര്‍ജിന്‍ മീഡിയ 82,000 ഉപയോക്താക്കളില്‍ നിന്നായി ഈടാക്കിയത് 2.8 മില്യന്‍ പൗണ്ടാണ്. സേവനം നേരത്തേ അവസാനിപ്പിച്ചാല്‍ നല്‍കേണ്ടി വരുന്ന തുക എത്രയാണെന്ന് കമ്പനികള്‍ നേരത്തേ ഉപയോക്താക്കള്‍ക്ക് വിവരം നല്‍കിയിരുന്നുമില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓഫ്‌കോമിന്റെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ ഗോച്ചോ റാസ്മുസ്സെന്‍ പറഞ്ഞു. ഈ ശിക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നും വാച്ച്‌ഡോഗ് അറിയിച്ചു.
ബ്രിട്ടനിലെ ഏറ്റവും വലിയ പൊണ്ണത്തടിയന്‍മാരില്‍ ഒരാളായ 33 കാരന്‍ ആറു മാസത്തിലേറെയായി ആശുപത്രിയില്‍ അനധികൃതമായി തുടരുന്നു. നാല് ആശുപത്രി ബെഡുകള്‍ക്ക് വേണ്ട സ്ഥലവും ലക്ഷക്കണക്കിന് പൗണ്ടുമാണ് ഇയാള്‍ക്കു വേണ്ടി എന്‍എച്ച്എസിന് അധികമായി ചെലവാക്കേണ്ടി വരുന്നത്. ആറു മാസം ആശുപത്രിയില്‍ കഴിഞ്ഞ വകയില്‍ 55 സ്റ്റോണ്‍ ഭാരമുള്ള മാത്യൂ ക്രോഫോര്‍ഡിന് വേണ്ടി രണ്ടര ലക്ഷം പൗണ്ടാണ് എന്‍എച്ച്എസിന് ചെലവായത്. മൂന്ന് മാസം മുമ്പ് ഇയാള്‍ക്ക് ഡിസ്ചാര്‍ജ് നല്‍കിയതാണെന്നാണ് വിവരം. അതിനു ശേഷം 1,20,000 പൗണ്ട് ഇയാള്‍ക്കു വേണ്ടി ചെലവായിട്ടുണ്ടത്രേ. ഇയാള്‍ക്കു വേണ്ടി ഒരു സോഷ്യല്‍ കെയര്‍ കണ്ടെത്താതെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. എങ്കിലും ഇയാളെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് ആശുപത്രിയും അറിയിക്കുന്നത്.

മാത്യുവിന് നഴ്‌സുമാരെ ഉപദ്രവിക്കുന്ന ശീലമുണ്ടെന്ന് വ്യക്തമായതോടെ ഇയാളുടെ പരിചരണം ഏല്‍ക്കാന്‍ തയ്യാറായ ഒരു സോഷ്യല്‍ കെയര്‍ അതില്‍ നിന്ന് പിന്മാറിയെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ആദ്യമാണ് ഇയാള്‍ കെയര്‍ ഹോമില്‍ വെച്ച് നാല് നഴ്‌സുമാരെ ഉപദ്രവിച്ച സംഭവത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇയാളോട് നിര്‍ദേശിച്ചിരുന്നു. ദേശീയ മാധ്യമങ്ങളില്‍ പോലും ഇയാളുടെ ആശുപത്രി വാസം വാര്‍ത്തയായി. എന്നിട്ടും അതേ അവസ്ഥയില്‍ മാത്യു തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് ക്രിസ്മസിനും ഇയാള്‍ ആശുപത്രിയില്‍ തന്നെയായിരിക്കും. കഴിഞ്ഞ മെയ് മുതല്‍ സട്ടന്‍-ഇന്‍-ആഷ്ഫീല്‍ഡിലെ കിംഗ്‌സ് മില്‍ ഹോസ്പിറ്റലില്‍ കഴിയുകയാണ് മാത്യു.

ഇയാള്‍ക്കു വേണ്ടി പ്രത്യേക ബെഡ് ആണ് ഉപയോഗിക്കുന്നത്. ഇതിനു വേണ്ടി മാത്രം ആഴ്ചയില്‍ 7000 പൗണ്ട് വാടകയിനത്തില്‍ എന്‍എച്ച്എസിന് ചെലവാകുന്നു. മാത്യുവിന്റെ അനധികൃത ആശുപത്രിവാസത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു ശേഷം 60,000 പൗണ്ട് ഈയിനത്തില്‍ ചെലവായിട്ടുണ്ട്. അര്‍ഹരായ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ഇത്തരം സാഹചര്യങ്ങളില്‍ സാധിക്കാതെ വരുമെന്ന ആശങ്ക ജീവനക്കാര്‍ പങ്കുവെക്കുന്നു.
മിഡില്‍സ്ബറോയില്‍ യുവാവ് ഭാര്യയെ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ വാദം തുടങ്ങി. മിഡില്‍സ്ബറോയില്‍ ഫാര്‍മസി സ്ഥാപനം നടത്തിയിരുന്ന മിതേഷ് പട്ടേലാണ് ഭാര്യ ജെസിക്ക പട്ടേലിന്റെ കൊലപാതകം നേരിട്ട് ആസൂത്രണം ചെയ്തത് നടത്തിയതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മാസങ്ങളും വര്‍ഷങ്ങളും നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്താനായി നിരവധി തയ്യാറെടുപ്പുകള്‍ ഇയാള്‍ നടത്തിയതായി പ്രൊസിക്യൂഷന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൊലപാതകത്തിനായി എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നു. ഡയബെറ്റിക് രോഗിയല്ലാത്ത ഒരാള്‍ മരിക്കാന്‍ എത്ര അളവില്‍ ഇന്‍സുലിന്‍ കുത്തിവെക്കണമെന്ന് പട്ടേല്‍ അന്വേഷിച്ചിരുന്നു. ഇതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഡാര്‍ക്ക് വെബ്ബില്‍ ഇയാള്‍ അന്വേഷിച്ച കാര്യങ്ങളുടെ ഡിജിറ്റല്‍ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വാടകക്കൊലയാളിക്കായി പട്ടേല്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഭാര്യയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള അന്വേഷണവും ഇന്റര്‍നെറ്റില്‍ നടത്തി. ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തിയ മിക്ക അന്വേഷണങ്ങളും മരണത്തെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വീട്ടില്‍ ആരോ അതിക്രമിച്ചു കയറിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പട്ടേല്‍ ശ്രമിച്ചതായും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജെസിക്കയെ ടെസ്‌കോയില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പാക്കാനും പട്ടേല്‍ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്.

തന്റെ വീട് ആക്രമിക്കപ്പെട്ട കാര്യം പോലീസിനെ വിളിച്ചറിയിക്കുന്നതിന് മുന്‍പ് പട്ടേല്‍ പരിഭ്രാന്തനായിരുന്നു. ഭാര്യയുമൊന്നിച്ച് ഹോളി ഡേ ആഘോഷിക്കാന്‍ പോയ സമയത്ത് ഇന്റര്‍നെറ്റില്‍ സെക്‌സിന് പട്ടേല്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് പുരുഷന്മാരോടും ലൈംഗിക താല്‍പര്യമുണ്ടായിരുന്നതായി പ്രൊസിക്യൂഷന്‍ വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട നിരവധി പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായിട്ടാണ് സൂചന. തന്റെ കൂട്ടുകാരനുമൊന്നിച്ച് ആസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കാനായിരുന്നു പട്ടേലിന്റെ പദ്ധതിയെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീലില്‍ ടോറികള്‍ക്കുള്ളില്‍ അസംതൃപ്തി പുകയുന്നു. പ്രധാനമന്ത്രിക്കെതിരെ ബ്രെക്‌സിറ്റ് അനുകൂലികളായ ടോറി എംപിമാര്‍ പടപ്പുറപ്പാട് തുടങ്ങിയിരിക്കുകയാണ്. മേയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അവിശ്വാസ പ്രമേയം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തെരേസ മേയെ പുറത്താക്കാന്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ യോജിക്കണമെന്ന് ജേക്കബ് റീസ് മോഗ് ആവശ്യപ്പെട്ടു. കരട് ബ്രെക്‌സിറ്റ് ഡീല്‍ മേയ് അവതരിപ്പിച്ചതിനു തൊട്ടു പിന്നാലെ രണ്ട് ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ രാജി നല്‍കിയിരുന്നു. ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വി എന്നിവരാണ് രാജി നല്‍കിയത്.

ഇതിനു പിന്നാലെയാണ് ടോറികള്‍ തെരേസ മേയുടെ രക്തത്തിനായി പാഞ്ഞടുത്തത്. പാര്‍ലമെന്റിന് പുറത്ത് നടത്തിയ അസാധാരണ വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് റീസ് മോഗ് താന്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചുവെന്ന് പ്രഖ്യാപിച്ചു. ഇതിനു മുമ്പ് കോമണ്‍സില്‍ പ്രധാനമന്ത്രിയുമായി മോഗ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവിശ്വാസ വോട്ടെടുുപ്പ് നടക്കണമെങ്കില്‍ ചുരുങ്ങിയത് 48 എംപിമാര്‍ ആവശ്യമുന്നയിക്കണം. ഈ ലക്ഷ്യവുമായി മറ്റു 15 എംപിമാരും പ്രധാനമന്ത്രിക്കെതിരെ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അട്ടിമറി നീക്കത്തിനെതിരെ മിതവാദികളായ എംപിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ താഴെയിറക്കാനുള്ള യൂറോപ്പ് വിരുദ്ധരുടെ ഈ നീക്കം ഗവണ്‍മെന്റിനെ വീഴ്ത്തുമെന്നും സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്നും ബ്രെക്‌സിറ്റിനെത്ത ന്നെ ഇല്ലാതാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ആരെതിര്‍ത്താലും പോരാടാനാണ് തീരുമാനമെന്ന് മേയ് പ്രതികരിച്ചു. മൈക്കിള്‍ ഗോവ്, ക്രിസ് ഗെയ്‌ലിംഗ്, പെന്നി മോര്‍ഡുവന്റ് എന്നിവര്‍ രാജി വെച്ചേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. ബ്രെക്‌സിറ്റി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനുള്ള മേയുടെ ക്ഷണം ഗോവ് നിരസിച്ചിരുന്നു. പകരം ബ്രസല്‍സുമായി വ്യക്തിപരമായി സംസാരിച്ചുകൊള്ളാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
ഡ്രൈവിംഗിനിടയില്‍ ഡ്രൈവര്‍മാര്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് പിടികൂടാന്‍ പോലീസ് പ്രത്യേക ക്യാമറ ഉപയോഗിക്കുന്നു. അതിശക്തമായ ഈ ക്യാമറ ഉപയോഗിച്ച് ഒരു മൈല്‍ ദൂരെ നിന്നു തന്നെ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ലോംഗ് റേഞ്ചര്‍ എന്നാണ് ക്യാമറയുടെ വിളിപ്പേര്. ഓപ്പറേഷന്‍ ഇന്‍ഡെംനിസ് എന്ന പൈലറ്റ് പ്രോജക്ട് അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഈ ക്യാമറ പ്രദര്‍ശിപ്പിച്ചു. ഗ്ലോസ്റ്റര്‍ പോലീസ് ഇപ്പോള്‍ ഈ ക്യാമറ ഉപയോഗിച്ചു വരുന്നുണ്ട്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമിതവേഗത പിടികൂടാന്‍ സ്പീഡ് ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ക്യാമറ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ വീഡിയോ ഫുട്ടേജുകളും നിശ്ചല ചിത്രങ്ങളും നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

സാധാരണ ക്യാമറകള്‍ നല്‍കുന്നതിനേക്കാള്‍ വ്യക്തമായ ചിത്രങ്ങള്‍ ഇരട്ടി ദൂരത്തു നിന്ന് എടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാര്‍ട്ടിന്‍ സേള്‍ പറഞ്ഞു. ഗ്ലോസ്റ്റര്‍ഷയറിനെയും വില്‍റ്റ്ഷയറിനെയും ബന്ധിപ്പിക്കുന്ന എ417, എ419 പാതകളിലും എം4, എം5 പാതകളിലും നിരീക്ഷണത്തിനാണ് പദ്ധതി. പീക്ക് ടൈമില്‍ 35,000 വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രദേശം ഒരു അപകട മേഖലയായി മാറിയിരിക്കുകയാണ്. ലോംഗ് റേഞ്ചര്‍ ക്യാമറയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ (ANPR) സംവിധാനവും ഉപയോഗിച്ച് വാഹനങ്ങള്‍ ഈ പ്രദേശത്ത് നിരീക്ഷിക്കാനാണ് ഉദ്ദേശ്യം. അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പദ്ധതിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ചില ഡ്രൈവര്‍മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി വിട്ടയക്കും. എന്നാല്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗ്രാനീസ് പമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന എ417ലെ ലേ ബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചത്. പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റു റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം.
ലണ്ടന്‍: ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഡ്രാഫ്റ്റ് എഗ്രിമെന്റിന് കാബിനെറ്റിന്റെ അംഗീകാരം. 5 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കാബിനെറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. തെരെസാ മെയ് നേരിട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. അതേസമയം ബ്രക്‌സിറ്റുമായി മുന്നോട്ട് പോകണമെങ്കില്‍ പാര്‍ലമെന്റിനെക്കൂടി പ്രധാനമന്ത്രിക്ക് മറികടക്കേണ്ടി വരും. വിഷയം പാര്‍ലമെന്റിലെത്തിയാല്‍ ചൂടേറിയ സംവാദങ്ങളുണ്ടാകുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഡ്രാഫ്റ്റ് എഗ്രിമെന്റിന് കാബിനെറ്റ് അംഗീകാരം നല്‍കിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിസിനസ് ലീഡേഴ്‌സ് രംഗത്ത് വന്നു. കാബിനെറ്റിലെ തീരുമാനം മാര്‍ക്കറ്റുകളിലും പ്രതിഫലിക്കുമെന്നാണ് സൂചന.

തെരേസ മെയ് സംബന്ധിച്ചടത്തോളം പാര്‍ലമെന്റ് എന്ന കടമ്പ മറികടക്കുക വലിയ പ്രയാസമുള്ളതായിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ വിഷയത്തില്‍ വലിയ ചര്‍ച്ചകളുണ്ടായാലും അനുകൂലമായ നിലപാടായിരിക്കും പാര്‍ലമെന്റും സ്വീകരിക്കുകയെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. കാബിനെറ്റ് തീരുമാനം പുറത്തുവന്നതോടെ മാര്‍ക്കറ്റിലുണ്ടായിരിക്കുന്ന ചലനങ്ങള്‍ തെരേസ മെയ്‌യുടെ നീക്കങ്ങളെ സാധൂകരിക്കുന്നതാണ്. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കാബിനെറ്റില്‍ ഏതാണ്ട് 5 മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനുകൂലമായ നിലപാടുണ്ടായത്. സമാന സ്ഥിതിയായിരിക്കും പാര്‍ലമെന്റിലും.

585 പേജുള്ള ഡ്രാഫ്റ്റ് യു.കെയുടെ സമ്പത്ഘടനയ്ക്കും രാജ്യത്തിനാകെയും ഗുണപ്രദമാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. എന്നാല്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ എഗ്രിമെന്റിനെതിരെ രൂക്ഷവിമര്‍ശമാണ് ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനുള്ള ശേഷിയുള്ളതല്ല പുതിയ എഗ്രിമെന്റെന്നും വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഇന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലേബര്‍ പാര്‍ട്ടി എഗ്രിമെന്റിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നാണ് ജെറമി കോര്‍ബന്റെ വാക്കുകളില്‍ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ തെരേസ മെയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും.
ലെസ്റ്റര്‍: ജീവനക്കാരി ഉള്‍പ്പെടെ 5 പേരുടെ മരണത്തിനിടയാക്കിയ ലെസ്റ്റര്‍ സ്ഥാപനത്തിലെ തീപിടുത്തം ഉടമയുടെ സൃഷ്ടിയെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ കേസിന്റെ വാദത്തിനിടയിലാണ് ഉടമയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരം കുര്‍ദ്, ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 25നുണ്ടായ തീപിടുത്തത്തിന് കാരണമെന്നാണ് കോടതിയില്‍ വാദമുയര്‍ന്നിരിക്കുന്നത്. ഏറെ നാള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു മൂവരും ചേര്‍ന്ന് സ്ഥാപനത്തിന് തീകൊടുക്കാന്‍ പദ്ധതിയിട്ടത്. സ്ഥാപനത്തില്‍ പെട്രോള്‍ ശേഖരിച്ചുവെച്ചിരുന്നതായും കോടതിയില്‍ വാദമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരോടപ്പം ചേര്‍ന്ന് ആരം കുര്‍ദ് സ്വന്തം സ്ഥാപനം തീയിടാന്‍ തീരുമാനിക്കുന്നത്. വന്‍ തുകയ്ക്ക് സ്ഥാപനം ഇന്‍ഷൂറന്‍സ് ചെയ്തതിന് ശേഷമായിരുന്നു തീയിടാന്‍ പദ്ധതിയൊരുക്കിയത്. ഏതാണ്ട് 300,000 പൗണ്ട് അപകടത്തില്‍ കട നശിച്ചാല്‍ ഇയാള്‍ക്ക് ലഭിക്കും. ഇത് സ്വന്തമാക്കുന്നതിന് സ്വഭാവിക അപകടമെന്ന രീതിയില്‍ കട കത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥാപനത്തിനുള്ളില്‍ പെട്രോള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. ജീവനക്കാരിയും സ്ഥാപനത്തിന് മുകളില്‍ താമസിക്കുന്ന കുടുംബവും തീപിടുത്തത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു.

സ്ഥാപനത്തിന് മുകളില്‍ താമസിച്ചിരുന്ന നേരി രഘുബീര്‍(46), മകന്‍ ഷെയിന്‍(18), ഷീന്‍(17), ഷെയിനിന്റെ കാമുകിയായ ലേയ് റീക്ക്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. സാധാരണ തീപിടത്തത്തില്‍ നിന്നും വ്യത്യസ്തമായി ബില്‍ഡിംഗ് മുഴുവനും കത്തിയമര്‍ന്നതിന് പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് തുടക്കം മുതല്‍ പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ക്കെതിരെ കൊലപാതകം, നരഹത്യ, വ്യാജരേഖകള്‍ ചമച്ച് പണം തട്ടാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്നും തീപിടുത്തം സ്വഭാവികമായ അപകടമാണെന്നുമാണ് പ്രതികളുടെ വാദം.
ലണ്ടന്‍: അപൂര്‍വ്വരോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കായി വിലകൂടിയ മരുന്നുകള്‍ നല്‍കാന്‍ കഴിയില്ലെന്ന എന്‍.എച്ച്.എസ് നിലപാടിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി 34കാരി. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് വ്യക്തമായിട്ടും പണത്തിന്റെ കാര്യം പറഞ്ഞ് മരുന്ന നിഷേധിക്കുന്നതിനെതിരായാണ് ജുഡിഷ്യറിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് പരാതിക്കാരി സാറാ ബര്‍ഗ്വിന്‍ വ്യക്തമാക്കി. കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ സാറയുടെ 6 വയസുകാരിയായ മകള്‍ കെയിറ്റിന് മരണം നിശ്ചയമാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്ന സൈസ്റ്റിക് ഫിബ്‌റോസിസ് എന്ന അപൂര്‍വ്വ രോഗമാണ് കെയ്റ്റിനെ പിടികൂടിയിരിക്കുന്നത്.

അപൂര്‍വ്വ രോഗത്തിന് നിലവില്‍ ലഭ്യമായിട്ടുള്ള മരുന്നുകള്‍ വളരെ ചെലവേറിയതാണ്. വര്‍ഷത്തില്‍ ഏതാണ്ട് 104,000 പൗണ്ട് കെയ്റ്റിന്റെ ചികിത്സയ്ക്കായി വേണ്ടി വരും. ഇത്രയും തുക മുടക്കാന്‍ കഴിയില്ലെന്നാണ് എന്‍.എച്ച്.എസിന്റെ വാദം. ‘അവര്‍ എന്റെ മകളുടെ ജീവനോടാണ് കൡക്കുന്നത്, ദൈവത്തോട് ഏറ്റുമുട്ടുന്നതിന് തുല്യമാണത്. നിലവില്‍ ലഭ്യമായ മരുന്ന് കെയ്റ്റിന്റെ ജീവന്‍ രക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും’ സാറാ പറഞ്ഞു. മരുന്നുകള്‍ നിഷേധിക്കുന്ന നിലപാടില്‍ നിന്ന് എന്‍.എച്ച്.എസ് പുറകോട്ട് പോകില്ലെന്ന് വ്യക്തമായതോടെയാണ് ജുഡിഷ്യറിയെ സമീപിക്കാന്‍ സാറാ തീരുമാനിക്കുന്നത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും തന്റെ മകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും സാറാ പ്രത്യാശ പ്രകടിപ്പിച്ചു.

10,000ത്തിലധികം ബ്രിട്ടീഷുകാര്‍ കെയ്റ്റിനെ പിടികൂടിയ അതേ രോഗത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. ദീര്‍ഘകാലത്തെ ഗവേഷണത്തിലൂടെ കണ്ടുപിടിച്ച പുതിയ മരുന്ന് രോഗികളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതായി വ്യക്തമായിട്ടുണ്ട്. പ്രസ്തുത ചികിത്സ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ ലഭ്യമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വലിയ ചെലവുള്ള ഈ ചികിത്സാരീതി പ്രത്യേക കേസുകള്‍ക്ക് മാത്രമെ നല്‍കുകയുള്ളുവെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ അറിയിച്ചിരിക്കുന്നത്.
ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന് ബ്രസല്‍സ്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് സാധ്യമാകുന്നതെങ്കില്‍ പോലും ഇത് നിലനില്‍ക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കാനും ഇളവുണ്ടെന്ന് പ്രസ്താവന പറയുന്നു. ഇതിനായി യുകെയുടെ സമ്മതം മാത്രമാണ് ആവശ്യമുള്ളതെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഹോളിഡേകള്‍ക്കായി പോകുന്നവര്‍ക്കും ടൂറിസം വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ഈ പ്രസ്താവന ആശ്വാസമാകുന്നത്.

അന്തിമ ധാരണയിലെത്താതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തു പോകുകയാണെങ്കില്‍ ഇത് 2019 മാര്‍ച്ച് 30 മുതല്‍ പ്രാബല്യത്തിലുണ്ടാകും. ബ്രെക്‌സിറ്റ് ധാരണയിലെത്തിയാല്‍ പരിവര്‍ത്തന കാലപരിധിക്കു ശേഷം ഈ സംവിധാനം നടപ്പിലാകുമെന്നും ബ്രസല്‍സ് അറിയിക്കുന്നു. പരസ്പര സമ്മതത്തോടെയും വിവേചന രഹിതമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയിലേക്കും വിസ രഹിത യാത്രാ സൗകര്യം നല്‍കിയെങ്കില്‍ മാത്രമേ ഇത് നടപ്പാകൂ. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും യൂറോപ്യന്‍ പാര്‍ലമെന്റ് നിര്‍ദേശത്തിന് അംഗീകാരം നല്‍കുകയെന്നും പ്രസ്താവന പറയുന്നു.

ബ്രെക്‌സിറ്റില്‍ ഒരു ധാരണക്ക് മാത്രമാണ് ഇപ്പോഴും യൂറോപ്യന്‍ കമ്മീഷന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മാന്‍ പറഞ്ഞു. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇവയ്ക്ക് പുരോഗതിയുണ്ടെങ്കിലും ധാരണയുടെ രൂപത്തിലേക്ക് അവ എത്തിച്ചേര്‍ന്നിട്ടില്ല. നോ ഡീല്‍ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകളുണ്ടായി. ധാരണയ്ക്കായാണ് ശ്രമിക്കുന്നത്. എന്നാല്‍ എല്ലാ സാഹചര്യങ്ങളും നേരിടാന്‍ ബ്രസല്‍സ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.