ലണ്ടന്‍: ചികിത്സയ്‌ക്കെത്തിയ യുവതിയെ പ്രേതബാധയുണ്ടെന്നാരോപിച്ച് ജിപി ബാധയൊഴിപ്പിക്കല്‍ നടത്തിയെന്ന് പരാതി. 54കാരിയായ സാലി ബ്രെയ്‌ഷോ എന്ന സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ചികിത്സ നിര്‍ദേശിക്കുന്നതിന് പകരം തന്റെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബാധ ഒഴിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്ന് നിര്‍ദേശിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് ഒരു പുരോഹിതന്റെ അടുത്തെത്തിക്കുകയും പ്രേതബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില ക്രിയകള്‍ ചെയ്യുകയും ചെയ്തതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പ്രവൃത്തികള്‍ തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തിയെന്ന് ബ്രെയ്‌ഷോ പറയുന്നു. ഡോക്ടര്‍ 50,000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍ സ്‌പെഷ്യല്‍ പോലീസ് കോണ്‍സ്റ്റബിളായിരുന്ന ബ്രെയ്‌ഷോ വന്‍കുടല്‍ സര്‍ജറിക്ക് വിധേയയായിരുന്നു. സര്‍ജറിക്ക് ശേഷം ചില മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് അവര്‍ ഡോ. തോമസ് ഒ’ബ്രെയിന്‍ സമീപിക്കുന്നത്. സാധാരണ ഗതിയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും ഇതര ബുദ്ധിമുട്ടുകള്‍ക്കും നല്‍കുന്ന ചികിത്സയായിരുന്നില്ല ഡോക്ടര്‍ നിര്‍ദേശിച്ചത്. പിശാച് ശരീരത്തില്‍ കടന്നു കൂടിയതാണ് തന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഡോക്ടറുടെ വ്യാഖ്യാനമെന്ന് ബ്രെയ്‌ഷോ പറയുന്നു. വീട്ടില്‍ പിശാചിനെ ആകര്‍ഷിക്കുന്ന ചില വസ്തുക്കളുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

മറ്റൊരു ദിവസം തന്നെ ഒരു മതപരമായ ചടങ്ങിന് ഡോക്ടര്‍ കൊണ്ടുപോയതായും പരാതിക്കാരി പറയുന്നു. ‘പിശാച്’ കണ്ണിലൂടെ പുറത്തേക്ക് വരുമെന്ന് ചടങ്ങുകള്‍ക്കിടെ പുരോഹിതന്‍ പറഞ്ഞതായും ബ്രെയ്‌ഷോ ഓര്‍ക്കുന്നു. റോമന്‍ കാത്തലിക് വിശ്വാസിയായ ബ്രെയിന്‍ഷോയ്ക്ക് ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പ്രേതബാധയുമായി ബന്ധപ്പെട്ട കഥകള്‍ വലിയ ഭയം ജനിപ്പിച്ചതായും കോടതിയില്‍ ബ്രെയിന്‍ഷോ വ്യക്തമാക്കി. 2015ല്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട വ്യക്തിയാണ് ഡോ. തോമസ് ഒ’ബ്രയന്‍. ആരോപണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം കോടതി കേള്‍ക്കാനിരിക്കുകയാണ്. ലണ്ടന്‍ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കുട്ടികളില്ലാത്തവര്‍ ചികിത്സക്കായി സമീപിക്കുന്ന ഐവിഎഫ് ക്ലിനിക്കുകള്‍ അനാവശ്യമായ ചിക്തിസാനുബന്ധ വസ്തുക്കള്‍ നല്‍കി കൊള്ള നടത്തുന്നുവെന്ന് ആരോപണം. 3500 പൗണ്ട് വരെ വില വരുന്ന ആഡ് ഓണുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ ഒട്ടിപ്പിടിച്ച് വളരാന്‍ സഹായിക്കുന്ന ‘പശ’ വരെ ഈ വിധത്തില്‍ ചികിത്സക്കായി എത്തുന്നവരെക്കൊണ്ട് വാങ്ങിപ്പിക്കാറുണ്ടത്രേ. എന്നാല്‍ ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന വസ്തുക്കള്‍ എന്തെങ്കിലും പ്രയോജനമുണ്ടാക്കുന്നതായി യാതൊരു തെളിവുകളും ഇല്ലെന്ന് ഹ്യൂമന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് എംബ്രിയോളജി അതോറിറ്റി വ്യക്തമാക്കുന്നു. സ്വകാര്യ ഐവിഎഫ് ക്ലിനിക്കുകളാണ് ഈ കൊള്ളയ്ക്ക് കുപ്രസിദ്ധമെന്നും റെഗുലേറ്റര്‍ അറിയിക്കുന്നു.

ഇത്തരം വസ്തുക്കള്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടില്ലെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സ്വകാര്യ ഐവിഎഫ് ക്ലിനിക്കുകള്‍ നല്‍കുന്ന ഈ ആഡ് ഓണുകള്‍ പരീക്ഷിക്കുന്നതിലേക്ക് ചികിത്സ തേടുന്ന ദമ്പതികളെ മനഃപൂര്‍വം തള്ളിയിടുകയാണ് ക്ലിനിക്കുകള്‍ ചെയ്യുന്നതെന്ന ആരോപണം നാളുകളായി ഉയരുന്നുണ്ട്. എച്ച്ഇഎഫ്എ അബദ്ധത്തില്‍ പുറത്തു വിട്ട രേഖയിലാണ് ഈ പ്രസ്താവനയുള്ളത്. ഈ ആഡ് ഓണുകളില്‍ ചിലത് ഗര്‍ഭധാരണ സാധ്യതകള്‍ ഇല്ലാതാക്കുമെന്നും ഗര്‍ഭച്ഛിദ്രത്തിനും വൃക്ക രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്.

വിഷയത്തില്‍ അക്കാഡമിക്കുകളും വിദഗ്ദ്ധരും ആശങ്കകള്‍ പങ്കുവെച്ചതോടെയാണ് എച്ച്ഇഎഫ്എ ഈ പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക ഡോക്ടര്‍മാരുടെ ഡ്യൂട്ടിയാണെന്നും അതില്‍ കച്ചവട താല്‍പര്യങ്ങളും രോഗികളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും സ്വാധീനം ചെലുത്തരുതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. 2016ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവിഡെന്‍സ് ബേസ്ഡ് മെഡിസിന്‍ 27 ആഡ ഓണുകളില്‍ നടത്തിയ വിലയിരുത്തലില്‍ 26 എണ്ണവും ഫലപ്രദമല്ലെന്ന് തെളിഞ്ഞിരുന്നു.
ആഗോള പ്രവാസി മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബേസിംഗ് സ്റ്റോക്കില്‍ നടന്ന മനോഹരമായ ചടങ്ങിലാണ് യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കു പൂര്‍ണ്ണ ഫലപ്രാപ്തിയെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടി. സാഹിത്യ സമ്മേളനവും കുട്ടികള്‍ക്കായുള്ള അലൈഡ് എന്റെ കേരളം ക്വിസ് മത്സരവും സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും നിറഞ്ഞ സദസ്സുകള്‍ക്കു നിറഞ്ഞ മനസ്സിന്റെ ദിനമാണ് സമ്മാനിച്ചത്.
പി.എംഫ് ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗവും മുൻ ഗ്ലേബൽ പ്രസിഡന്റുമായ ശ്രീ ജോർജ്ജ്കുട്ടി പടിയ്ക്കകുടി [ഓസ്ട്രിയ], പി.എം.ഫ് ഗ്ലോബൽ വനിതാ കോർഡിനേറ്ററും ലോക കേരള സഭ അംഗവുമായ ശ്രീമതി അനിതാ പുല്ലയിൽ, പിഎംഎഫ് ഗ്ലോബല്‍ അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ് ജോണ്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പിഎംഫ് യുകെ ചാപ്റ്റര്‍ പ്രസിഡന്റ് മംഗളന്‍ വിദ്യാസാഗര്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തോടെ ആയിരുന്നു പിഎംഎഫ് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ബേസിംഗ് സ്റ്റോക്ക് ടീം അവതരിപ്പിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിന് സെക്രട്ടറി ജോണ്‍സന്‍ സ്വാഗതം ആശംസിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിച്ചേര്‍ന്ന പിഎംഎഫിന്റെ വുമണ്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അനിത, വിയന്നയില്‍ നിന്നും വന്ന പിഎംഎഫിന്റെ ഗ്ലോബല്‍ ഡയറക്ട് ബോര്‍ഡ് അംഗം ജോര്‍ജ് പടിക്കാകുടി എന്നിവര്‍ പിഎംഎഫിന്‍റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. പിഎംഎഫ് ഗ്ലോബല്‍ അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ വര്‍ഗ്ഗീസ് ജോണ്‍, സൈമി ജോര്‍ജ്, സാം തിരുവാതില്‍, എന്നിവര്‍ പിഎംഎഫിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ദേശി നാച്ച്, ആന്‍ തെരേസ വര്‍ഗ്ഗീസ്, ആകാശ് സൈമി, യുക്മ കലാതിലകം ശ്രുതി അനില്‍ എന്നിവരുടെ നൃത്തം സദസ്സിനെ ഇളക്കി മറിച്ചു. ബേസിംഗ് സ്റ്റോക്ക് ടീം അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക് നൃത്തം, രജിത നദ്ദ, കിഷോര്‍, ജോണ്‍സന്‍ ലൈജു ലൂക്കോസ്, അജിത് പാലിയത്ത് എന്നിവരുടെ ഗാനങ്ങളും ഓഷ്യാന്‍ ഷിജോയുടെ കവിതയും കാണികളുടെ മനം കവര്‍ന്നു.

പി.എം.ഫ് യു കെ പ്രസിഡന്റ് ശ്രി മംഗള ൻ വിദ്യാസാഗർ, സെക്രട്ടറി ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ബിനോ ആന്റണി, ജോയിന്‍റ് സെക്രട്ടറി മോനി ഷിജോ, ട്രഷറര്‍ ജോണി ജോസഫ് , വർഗ്ഗീസ് ജോൺ , സൈമി ജോർജ് , സാം തിരുവാതിൽ , അജിത് പാലിയത്ത് , ലിഡോ , മീരാ കമൽ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി
മീര കമല, അജിത് പാലിയത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ രാവിലെ പതിനൊന്നിന് തുടങ്ങിയ സാഹിത്യ സമ്മേളനത്തില്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരായ രശ്മി പ്രകാശ്, ബീന റോയ് ജൈസണ്‍ ജോര്‍ജ്, ആനി പാലിയത്ത്, അനിയന്‍ കുന്നത്ത്, മനോജ് ശിവ, മീര കമല, അജിത് പാലിയത്ത് എന്നിവര്‍ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികള്‍ വേദിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് യുകെയിലെ എഴുത്തുകാരെയും അവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും പരിചയപ്പെടുത്തി.
ബാലഭാസ്‌കര്‍ സ്മരണയില്‍ കടല്‍പ്പെന്‍സില്‍ എന്ന പേരില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജയശ്രീ ശ്യാംലാല്‍, ഷെര്‍ഫി അന്റോണിയോ, ജൈസണ്‍ ജോര്‍ജ്, മീര കമല, ശ്രീകല നായര്‍ എന്നിവര്‍ അവതരിപ്പിച്ച ‘പ്രവാസജീവിതവും സാഹിത്യവും’ എന്ന വിഷയത്തിലെ സാഹിത്യ ചര്‍ച്ച ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. യുകെയിലെ അറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ ഫ്രണ്ട്സ് സ്പോര്‍ട്ടിങ് ക്ലബ്ബിലെ ജിജു സൈമണ്‍ ഫിലിപ്പും സീമ സൈമണും നേതൃത്വം നല്‍കി അവതരിപ്പിച്ച ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ എത്തുകയുണ്ടായി.
കുട്ടികളുടെ ക്വിസ് ആവേശവും താല്‍പ്പര്യവും മാതാപിതാക്കളിലും ഏറെ സ്വാധീനം ചെലുത്തി. മൂന്ന് ഭാഗമായി നടത്തിയ അലൈഡ് എന്റെ കേരളം ക്വിസ് കോംപെറ്റീഷന്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സോന്‍സി സാം തിരുവാതിലില്‍, രണ്ടാംസ്ഥാനം ആകാശ് സൈമി, മൂന്നാംസ്ഥാനം ആന്‍ തെരേസ വര്‍ഗ്ഗീസ്, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം എമില്‍ ജോ, രണ്ടാംസ്ഥാനം ഗായത്രി ശ്രീജിത്ത്, മൂന്നാംസ്ഥാനം താര സൈമി, ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മെറിന്‍ പീറ്റര്‍, രണ്ടാംസ്ഥാനം ജാക്ക് വര്‍ഗ്ഗീസ്, മൂന്നാംസ്ഥാനം സ്റ്റെഫി സജു എന്നിവര്‍ വിജയികളായി.

ക്വിസ് വിജയികള്‍ക്ക് ബിനോ ആന്റണിയുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സ്റ്റേല്‍ പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും പരിപാടികളില്‍ സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും മെമന്റോകള്‍ നല്‍കി. സൗത്താംപ്ടണിലെ അമ്മ ചാരിറ്റിയുടെ രുചികരമായ ലൈവ് തട്ടുകടയും മിതമായ നിരക്കിലെ ഭക്ഷണവും ജനം ഏറെ ആസ്വദിച്ചു. എല്‍ഇഡി ലൈറ്റ് ആന്റ് സൗണ്ട് സൗത്താംപ്ടണ്‍ ഉണ്ണികൃഷ്ണനും ടീമിന്റെയും ഗ്രേസ് മെലഡീസ് ആണ് ചെയ്തത്. പരിപാടികള്‍ മോനി ഷിജോയും ആനി പാലിയത്തുമാണ് അവതാരകരായത്. പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയുടെ ആദ്യ ടീം അംഗമായിരുന്ന ദേവലാല്‍ സഹദേവന്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു.
യുകെയിലെ പിഎംഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട് എന്നിവര്‍ അറിയിച്ചു.
ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഇരട്ടി വര്‍ദ്ധന. ഇതേത്തുടര്‍ന്ന് പാരാമെഡിക്കുകള്‍ക്ക് സ്വയരക്ഷയ്ക്ക് പരിശീലനം നല്‍കാന്‍ തീരുമാനം. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ആബുലന്‍സ് ജീവനക്കാരുടെ കോളുകള്‍ക്ക് പോലീസ് ശരിയായ വിധത്തില്‍ പ്രതികരിക്കാത്തതാണ് ഈ നീക്കത്തിന് കാരണം. പോലീസില്‍ നിന്ന് കാര്യമായ സഹായം ലഭിക്കാത്തതിനാല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നല്‍കുകയാണെന്ന് സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സര്‍വീസിലെ അഞ്ചു ശതമാനം ജീവനക്കാര്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി ഉയര്‍ന്നു എന്നാണ് കണക്ക്. 2017-18 വര്‍ഷത്തില്‍ 1049 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഈ പരിശീലനത്തില്‍ പ്രൊഫഷണലായുള്ള ചില ആശങ്കകള്‍ ഉണ്ടെന്ന് യുണൈറ്റ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. രണ്ടു കാര്യങ്ങളാണ് ഇത്തരമൊരു രീതി അനുവര്‍ത്തിക്കുന്നതിലേക്ക് ആംബുലന്‍സ് സര്‍വീസിനെ എത്തിച്ചതെന്ന് എസ്ഡബ്ല്യുഎഎസ് ചീഫ് എക്‌സിക്യൂട്ടീവ് കെന്‍ വെന്‍മാന്‍ പറഞ്ഞു. ജനങ്ങള്‍ ക്ഷുഭിതരാകുന്ന സന്ദര്‍ഭങ്ങളില്‍ പരിഹാരത്തിന് പോലീസ് സഹായം വേണ്ടത്ര ലഭിക്കാറില്ല. അതു കൂടാതെ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള രോഗികളെ കൈകാര്യം ചെയ്യാന്‍ പാരാമെഡിക്കുകള്‍ക്ക് ഈ പരിശീലനം ആവശ്യമാണെന്ന് തങ്ങള്‍ വിലയിരുത്തുകയാണെന്നും ബോര്‍ഡ് മീറ്റിംഗിലെ മിനിറ്റ്‌സ് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. സ്വബോധമില്ലാതെ രോഗികള്‍ ഓടുകയോ മറ്റോ ചെയ്താല്‍ അത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ആവശ്യമാണ്. അല്ലെങ്കില്‍ പൊതുജനങ്ങളുടെ വിമര്‍ശനം ആംബുലന്‍സ് ജീവനക്കാരുടെ നേരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

പാരാമെഡിക്കുകള്‍ക്കും മറ്റുള്ളവര്‍ക്കും ഇത്തരം രോഗികളില്‍ നിന്ന് പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ ഈ പരിശീലനം കുറയ്ക്കുമെന്ന് കോളേജ് ഓഫ് പാരാമെഡിക്‌സ് പ്രതികരിച്ചു. പ്രതിരോധത്തിനിടയില്‍ പോലീസിനെ വിളിക്കാനുള്ള സാവകാശം ലഭിക്കും. എന്നാല്‍ സൗത്ത് വെസ്റ്റ് പോലീസിന്റെ പ്രതികരണ സമയം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. ഗ്ലോസ്റ്റര്‍ഷയര്‍, സ്വിന്‍ഡന്‍, വില്‍റ്റ്ഷയര്‍, ബ്രിസ്‌റ്റോള്‍, ബാത്ത്, സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍, സോമര്‍സെറ്റ്, ഡോര്‍സെറ്റ്, ഡെവണ്‍, കോണ്‍വാള്‍, ഐല്‍സ് ഓഫ് സില്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് സൗത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് സേവനം നല്‍കുന്നത്.
വളരെ കുറച്ചു പേര്‍ മാത്രമുള്ള ഒരു ഓഡിറ്റോറിയത്തില്‍ ലക്ചര്‍ നല്‍കേണ്ടി വരിക എന്നാല്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ അക്കാഡമിക്കുകള്‍ക്ക് അത് തൊഴിലിടത്തിലെ ദുരന്തമായിരിക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ അതിനു അപ്പുറത്തായിരുന്നു ഒരു റസല്‍ ഗ്രൂപ്പ് ലെക്ചറര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം. 400 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ട ലക്ചറിനായി എത്തിയപ്പോള്‍ ഇവര്‍ക്ക് കാണാനായത് ഒഴിഞ്ഞു കിടക്കുന്ന ലക്ചര്‍ ഹാളാണ്. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി അക്കാഡമിക്കായ അധ്യാപിക ഒഴിഞ്ഞ ലക്ചര്‍ തീയേറ്ററിന്റെ ചിത്രം പകര്‍ത്തി എല്ലാ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മെയില്‍ ചെയ്തു. ചൊവ്വാഴ് വോഗന്‍ ജെഫ്രീസ് ലക്ചര്‍ തീയേറ്ററിലായിരുന്നു സംഭവം.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ലക്ചര്‍ ബഹിഷ്‌കരിച്ചത്. കുട്ടികളുടെ താല്‍പര്യമില്ലായ്മ തന്നെ ഞെട്ടിച്ചെന്ന് ഇമെയില്‍ സന്ദേശത്തില്‍ അധ്യാപിക പറഞ്ഞു. ഡീമിസ്റ്റിഫൈയിംഗ് മാര്‍ക്കിംഗ് ക്രൈറ്റീരിയ ആന്‍ഡ് അസസ്‌മെന്റ് എന്ന വിഷയത്തിലുള്ള ലക്ചര്‍ റീഡിംഗ് വീക്കിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ കുട്ടികള്‍ വീടുകളിലേക്ക് പോകുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് എല്ലാ ക്ലാസുകളിലും രജിസ്റ്ററുകള്‍ ഏര്‍പ്പെടുത്താന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. രണ്ടിലേറെത്തവണ ആബ്‌സന്റായാല്‍ വിദ്യാര്‍ത്ഥികള്‍ വെല്‍ഫെയര്‍ ടീമിനെ കാണേണ്ടി വരും.

ലക്ചറുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുകയെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഇമെയില്‍ സന്ദേശത്തില്‍ അധ്യാപിക പറയുന്നു. അതിനാല്‍ ഏഴാമത്തെ ആഴ്ച മുതല്‍ എല്ലാ ക്ലാസുകളിലും രജിസ്റ്ററുകള്‍ നിര്‍ബന്ധമാക്കുകയാണെന്നും സന്ദേശം വ്യക്തമാക്കുന്നു. എന്നാല്‍ ഈ ലക്ചറിനെക്കുറിച്ച് ആര്‍ക്കും അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ഒരു വിദ്യാര്‍ത്ഥി ബര്‍മിംഗ്ഹാം ടാബിനോട് പറഞ്ഞത്. റീഡിംഗ് വീക്കില്‍ വിദ്യാര്‍ത്ഥികള്‍ വീടുകളിലായിരിക്കുമ്പോള്‍ ഈ വിധത്തില്‍ ഒരു ലക്ചര്‍ സംഘടിപ്പിച്ചത് യാഥാര്‍ത്ഥ്യ ബോധത്തോടെയല്ലെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയും പറഞ്ഞു.
പങ്കാളിയുമായി വേര്‍പെട്ട ശേഷം പണത്തിന് ഏറെ ബുദ്ധിമുട്ടിയ 34 കാരി സോഷ്യല്‍ മീഡിയ ബിസിനസിലൂടെ ഇന്ന് നാല് മില്യന്‍ പൗണ്ട് ടേണോവര്‍ ഉള്ള ബിസിനസിന് ഉടമ. ഡെര്‍ബിഷയറിലെ ബക്‌സ്ടണ്‍ സ്വദേശിനിയായ ബെത്ത് ബാര്‍ട്രാം എന്ന യുവതിയാണ് വെറും 100 പൗണ്ടില്‍ ആരംഭിച്ച ബിസിനസിനെ ഇത്രയും ഉയരത്തില്‍ എത്തിച്ചത്. ഫെയിസ്ബുക്കില്‍ ആരംഭിച്ച ഫാഷന്‍ ഷോപ്പാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. ഓണ്‍ലൈനില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ബിസിനസിലൂടെ ആഴ്ചയില്‍ 100 പൗണ്ട് സമ്പാദിക്കാം എന്നായിരുന്നു വിചാരിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഈ വ്യവസായം അതിലുമേറെ വളര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ പത്തു പേര്‍ക്ക് ജോലിയും നല്‍കുന്ന സ്ഥാപനം കുറച്ചു കൂടി സൗകര്യമുള്ള സ്ഥലത്തേക്ക് പറിച്ചുനടാന്‍ ഒരുങ്ങുകയാണ് ബെത്ത് എന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളുടെ ചെലവുകള്‍ക്കായി പണമുണ്ടാക്കാനാണ് ഇവര്‍ 2011ല്‍ ഈ സ്ഥാപനം ആരംഭിച്ചത്. ആഴ്ചയില്‍ 10 വസ്ത്രങ്ങള്‍ വില്‍ക്കാനാകും. അതിലൂടെ 100 പൗണ്ട് നേടാനാകും എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ബെത്ത് ഡെയിലി സ്റ്റാറിനോട് പറഞ്ഞു. എന്നാല്‍ ബിസിനസ് ആരംഭിച്ചപ്പോള്‍ അത് കൂടുതല്‍ മെച്ചപ്പെടുമെന്ന കാര്യം തനിക്ക് മനസിലായി. 2011ല്‍ പങ്കാളിയുമായി ബന്ധം വേര്‍പിരിയുമ്പോള്‍ കുട്ടികള്‍ രണ്ടു പേരും അഞ്ചു വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ബിസിനസ് നടത്തുന്നതിനായി ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതായി വന്നു. കുട്ടികള്‍ ഉറങ്ങിക്കഴിഞ്ഞ് വീടിന്റെ മച്ചില്‍ വെച്ചായിരുന്നു പാക്കേജിംഗ് നടത്തിയിരുന്നത്.

കടുത്ത തണുപ്പില്‍ കോട്ട് ധരിച്ചുകൊണ്ട് താന്‍ ഈ ജോലികള്‍ ചെയ്തിട്ടുണ്ടെന്ന് ബെത്ത് പറയുന്നു. ഒരിക്കല്‍ ഒരു 1000 പൗണ്ടിന്റെ ഓര്‍ഡര്‍ ലഭിച്ചപ്പോളാണ് ബിസിനസ് കുറച്ചുകൂടി വിപുലമായെന്ന് മനസിലായത്. ഇതോടെ ഒരു ഓഫീസ് വാടകയ്ക്ക് എടുത്തു. ഫിയര്‍ലെസ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുന്നത്. fearless.co.uk എന്ന വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സ്വന്തം ബ്രാന്‍ഡിലും മറ്റു ബ്രാന്‍ഡുകളിലുമുള്ള വസ്ത്രങ്ങളും ഫുട്ട്‌വെയറും മറ്റ് ആക്‌സസറികളും ബെത്ത് വിതരണം ചെയ്യുന്നുണ്ട്.
സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നികുതിയേര്‍പ്പെടുത്താന്‍ ഒരുങ്ങി ടോറി സര്‍ക്കാര്‍. 40 വയസിനു മേല്‍ പ്രായമുള്ള ജീവനക്കാരില്‍ നിന്ന് നികുതിയീടാക്കാനാണ് നീക്കം. ജര്‍മനയില്‍ നിലവിലുള്ള നികുതി സമ്പ്രദായം യുകെയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് എംപിമാര്‍ അനുമതി നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 40 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ലെവി ഏര്‍പ്പെടുത്താനാണ് നീക്കം. ജര്‍മനിയില്‍ ശമ്പളത്തിന്റെ 2.5 ശതമാനമാണ് ജര്‍മനിയില്‍ ഈടാക്കുന്നത്. ഇത് ഒരു പ്രത്യേക ഫണ്ടിലേക്കാണ് അടക്കുന്നത്. കെയര്‍ ലഭിക്കുന്ന പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് അണിയറയിലുള്ളത്.

സമ്മറില്‍ കോമണ്‍സ് സെലക്ട് കമ്മിറ്റിയാണ് ഈ നിര്‍ദേശം വെച്ചത്. ഇതില്‍ താന്‍ ആകൃഷ്ടനായിരിക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നു. ജര്‍മനിയില്‍ 20 വര്‍ഷം മുമ്പ് അവതരിപ്പിച്ച് വിജയകരമായി നടത്തി വരുന്ന ഈ പദ്ധതിയുടെ ആശയമാണ് ഇതെന്നും ഇത് അവതരിപ്പിച്ച സെലക്ട് കമ്മിറ്റിയുടെ പാനല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഹാന്‍കോക്ക് പറഞ്ഞു. ഈ പദ്ധതി യുകെയില്‍ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കക്ഷികളില്‍ നിന്നും പദ്ധതിക്ക് അംഗീകാരം കിട്ടിയെന്നതാണ് മറ്റൊരു സുപ്രധാന കാര്യം. ഒരു പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കുകയെന്നത് പ്രധാനമാണ്. എന്നാല്‍ അത് രാഷ്ട്രീയ മത്സരമാകുമ്പോള്‍ ബുദ്ധിമുട്ടേറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുമസിന് സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന സോഷ്യല്‍ കെയര്‍ ഗ്രീന്‍ പേപ്പറില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക ശുപാര്‍ശയുണ്ടാകും. സോഷ്യല്‍ കെയറിന് കുടുംബങ്ങള്‍ പണമടക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായാണ് ഈ ലെവി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ജര്‍മനിയില്‍ 27,000 പൗണ്ടിന് സമാനമായ തുക ശമ്പളം വാങ്ങുന്നവര്‍ ലെവിയായി 675 പൗണ്ടും 50,000 പൗണ്ട് വാങ്ങുന്നവര്‍ 1250 പൗണ്ടുമാണ് നല്‍കുന്നത്.
സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി പോലീസ് മേധാവികള്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാളില്‍ സംശയം തോന്നിയാല്‍ പരിശോധന നടത്താന്‍ നിര്‍ണ്ണയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എടുത്തു കളയണമെന്നാണ് പോലീസ് ചീഫുമാര്‍ ആവശ്യപ്പെടുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് ഈ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ ഉപദേഷ്ടാക്കളുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പോലീസിനു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കിയാല്‍ അത് വംശീയ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ പോലീസിനുള്ള വിവേചനം, പൗരാവകാശങ്ങള്‍, കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത്തരം പരിശോധനകള്‍ക്കാകുമോ തുടങ്ങിയ വിഷയങ്ങൡ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും.

ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിളും നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലില്‍ സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വിഷയത്തിലെ ചുമതലക്കാരനുമായ ഏഡ്രിയന്‍ ഹാന്‍സ്റ്റോക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലും വെയില്‍സിലും നടപ്പാക്കുന്നതിനായാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കത്തി പോലെയുള്ള ആയുധങ്ങളുമായി പിടിക്കപ്പെടുന്നവരെ കോടതികളില്‍ വിചാരണയ്ക്ക് വിധേയരാക്കാതെ അവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിനൊപ്പം ആവിഷ്‌കരിച്ചിട്ടുള്ളത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ട് അനേകം പേരാണ് പോലീസ് മേധാവിമാരെ വിളിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനായുള്ള നിബന്ധനകള്‍ കടുത്തതാണ്. എന്തുകൊണ്ടാണ് ഒരാളില്‍ പരിശോധന നടത്താന്‍ തോന്നിയത് തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തേണ്ടി വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിര്‍ദേശം വിവാദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കത്തിയാക്രമണങ്ങള്‍ വ്യപകമാകുന്ന ലണ്ടനിലും മറ്റും സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനായുള്ള മുറവിളികള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. വെളുത്ത വര്‍ഗ്ഗക്കാരേക്കാള്‍ കറുത്ത വര്‍ഗ്ഗക്കാരെ പരിശോധയ്ക്ക് വിധേയമാക്കുന്നതിനാലാണ് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് വിവാദമായത്. പോലീസ് സേനകളില്‍ വെളുത്തവര്‍ഗ്ഗക്കാര്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യമെന്നത് വിവാദത്തിന് വളമാകുകയും ചെയ്യുന്നു. പരിശോധനയ്ക്ക് വിധേയരാകുന്ന കറുത്ത വര്‍ഗ്ഗക്കാരില്‍ വലിയ ഭൂരിപക്ഷവും നിരപരാധികളാണെന്ന് ബോധ്യമാകുകയും ചെയ്യാറുണ്ട്. പോലീസിന്റെ വംശീയ വിവേചനമാണ് ഇതിലൂടെ പുറത്തു വരുന്നതെന്ന വിമര്‍ശനമാണ് ഇതിനെതിരെ പൊതുവായി ഉയരുന്നത്.
രാജ്യത്ത് ഏറ്റവും മോശം എന്ന പേരുകേള്‍പ്പിച്ച പ്രൈമറി സ്‌കൂളുകളിലൊന്നിനെ നാലു വര്‍ഷം കൊണ്ട് അവാര്‍ഡിന് അര്‍ഹനാക്കി ചെറുപ്പക്കാരനായ ഹെഡ്ടീച്ചര്‍. 31 കാരനായ സാം കോയ് എന്ന ഹെഡ്ടീച്ചറാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. 27-ാമത്തെ വയസിലാണ് സാം കോയ് ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ പ്രവര്‍ത്തിക്കുന്ന ബെഞ്ചമിന്‍ ആഡ്‌ലാര്‍ഡ് സ്‌കൂളില്‍ ഹെഡ്ടീച്ചറായി ചുമതലയേല്‍ക്കുന്നത്. 210 കുട്ടികളായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സ്‌കൂളിന്റെ മോശം എന്ന ഓഫ്‌സ്റ്റെഡ് റേറ്റിംഗ് നല്ലത് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ദേശീയതലത്തില്‍ നോക്കിയാല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥികള്‍ മറ്റു സ്‌കൂളുകളില്‍ പഠിക്കുന്ന അതേ ക്ലാസിലെ കുട്ടികളേക്കാള്‍ ചില വിഷയങ്ങളില്‍ 9 ടേമുകള്‍ക്ക് പിന്നിലായിരുന്നു.

ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് കോയ് പരിഗണിച്ചത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയോ ക്ലാസുകളില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയോ ആയിരുന്നില്ല കോയ് സ്വീകരിച്ച മാര്‍ഗ്ഗം. പകരം വികൃതികളായ കുട്ടികളെ സ്‌കൂളിന്റെ ഫോറസ്റ്റ് ഗാര്‍ഡനിലേക്ക് കളിക്കാന്‍ അയച്ചു. ഇവിടെ കളികള്‍ക്കൊപ്പം പച്ചക്കറിച്ചെടികള്‍ നടാനും കോഴികളെ നോക്കാനും ഇവരെ നിയോഗിച്ചു. ഇവരില്‍ മിടുക്കന്‍മാരെയും മിടുക്കികളെയും കണ്ടെത്താന്‍ ചില ഇന്‍സെന്റീവുകളും നല്‍കി. അതനുസരിച്ച് കുട്ടികളില്‍ ഒരാള്‍ക്ക് ഓരോ ദിവസവും മറ്റുള്ളവരുടെ നേതൃത്വം നല്‍കി. ഇത്തരം പ്രവൃത്തികളിലൂടെ കുട്ടികളെ നല്ല മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.

ലിങ്കണില്‍ സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പരിചയമുള്ള കോയ് പക്ഷേ ഈ നേട്ടത്തിന്റെ ക്രെഡിറ്റ് സ്വന്തമാണെന്ന് അവകാശപ്പെടുന്നില്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. സാം കോയ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി സ്‌കൂളിന് ഇത്തവണത്തെ പിയേഴ്‌സണ്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ചു. സ്‌കൂള്‍ ഓഫ് ദി ഇയര്‍: മേക്കിംഗ് ഡിഫറന്‍സ് അവാര്‍ഡാണ് ലഭിച്ചത്. ഇതു കൂടാതെ സ്‌കൂളിലെ പത്തില്‍ ഏഴ് കുട്ടികള്‍ റീഡിംഗ്, റൈറ്റിംഗ്, കണക്ക് എന്നിവയിലെ ശരാശരിയില്‍ എത്തുകയും ചെയ്തു.
ബിനോയി ജോസഫ്
മനസു നിറയെ സ്വപ്നങ്ങളുമായി യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞു. ആദ്യമൊരു വർക്ക് പെർമിറ്റ് നേടിയെടുക്കാനുള്ള പരിശ്രമമായിരുന്നെങ്കിൽ പിന്നീട് പെർമനന്റ് റസിഡൻസി കൈപ്പിടിയിലൊതുക്കാനുള്ള കഠിന ശ്രമങ്ങളായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ കുടിയേറിയവരിൽ മിക്കവരും യുകെയിൽ കുടുംബ സഹിതം സ്ഥിര താമസമാക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. കുടിയേറിയവരിൽ ഭൂരിപക്ഷവും നഴ്സിംഗ് രംഗത്ത് ജോലി തേടിയെത്തിയവരായിരുന്നു.
ഡിസിഷൻ ലെറ്ററും അഡാപ്റ്റേഷനും ഓർമ്മകളിലേക്ക് മറയുമ്പോൾ ഭൂരിപക്ഷം നഴ്സുമാരും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചെങ്കിലും എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഇംഗ്ലീഷ് യോഗ്യത നേടാനാവാത്തതിന്റെ പേരിൽ നിരവധി നഴ്സുമാരാണ് ഇപ്പോഴും യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയവരും സീനിയർ കെയറർ വിസയിൽ എത്തിയവരും ഉണ്ട് ഇവരിൽ. 2007 ൽ എൻഎംസി നടപ്പാക്കിയ കർശനമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളാണ് ഇവർക്ക് വിനയായത്. ഐഇഎൽടിഎസിനൊപ്പം ഒഇടിയും നടപ്പാക്കിയെങ്കിലും യൂറോപ്യൻ യൂണിയനു പുറത്തുള്ളവർക്കായി നടപ്പാക്കിയിരിക്കുന്ന ഈ നിയന്ത്രണം ആയിരക്കണക്കിന് മലയാളികളുടെ യുകെയിലെ രജിസ്റ്റേർഡ് നഴ്സ് എന്ന പദവി നേടിയെടുക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇംഗ്ലീഷ് യോഗ്യതയുടെ കാര്യത്തിൽ വൻ ഇളവുകൾ NMC നല്കുമ്പോൾ യുകെയിൽ നിലവിൽ വർഷങ്ങളോളം എക്സ്പീരിയൻസുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എതിരെയുള്ള ഈ വിവേചനം ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി തവണ ഇംഗ്ലീഷ് ടെസ്റ്റ് എഴുതി സ്കോർ മെച്ചപ്പെടുത്താൻ പലർക്കും കഴിഞ്ഞെങ്കിലും 2016 ൽ കൊണ്ടുവന്ന ക്ലബ്ബിംഗ് സിസ്റ്റം പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു.
IELTS സ്കോറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തണമെന്ന ആവശ്യവുമായി NMC യെ പലതവണ മുൻപ് സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യായിരം മുതൽ പതിനായിരം പൗണ്ട് വരെ ഏജൻസികൾക്ക് കൊടുത്ത് യുകെയിൽ എത്തിയ നിരവധി പേർ പിൻ നമ്പർ ഇല്ലാതെ യുകെയിലെമ്പാടും ഉണ്ട്. ഇവിടെ എത്തിച്ചേർന്നതിനു ശേഷം വർക്ക് പെർമിറ്റിനായും സ്പോൺസർഷിപ്പ് നേടാനുമായി വീണ്ടും ആയിരക്കണക്കിന് പൗണ്ട് വീണ്ടും ചെലവ് വന്നു.
NMC നടപ്പാക്കിയ ഇംഗ്ലീഷ് ലാംഗ്വേജ് നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽ ഭൂരിപക്ഷവും IELTS നായി ശ്രമം തുടങ്ങി. കുറേയധികം പേർ കടമ്പ കടന്നു. പക്ഷേ ആയിരക്കണക്കിന് പേർ പലതവണ ശ്രമിച്ചിട്ടും ആവശ്യമായ സ്കോർ നേടാനാവാതെ നിരാശരായി. അതിനിടയിൽ OET യും NMC യോഗ്യതയായി നിശ്ചയിച്ചു. എന്നാൽ ഇതു കൊണ്ടൊക്കെ ലാഭമുണ്ടാക്കിയത് IELTS, OET കോഴ്സു നടത്തുന്നവരാണ്. ടെസ്റ്റ് എഴുതുന്നവർ ഓരോ തവണ പരാജയപ്പെടുമ്പോഴും കോഴ്സു നടത്തിപ്പുകാരുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചു കൊണ്ടിരുന്നു. മലയാളം പ്രാഥമിക ഭാഷയായി കുറഞ്ഞത് 20- 30 വർഷം സംസാരിച്ചവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് അത്ര എളുപ്പം പാസാകാൻ സാധിക്കുകയില്ലെന്നത് സാധാരണ കാര്യം മാത്രമാണ്.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലികൾ ഉപേക്ഷിച്ച് എത്തിയവരിൽ നിരവധി പേർ സീനിയർ കെയറർ പോലുള്ള ജോലികൾ ചെയ്ത് യുകെയിൽ തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ ഹെൽത്ത് കെയർ സെക്ടറുകളുടെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുകൂലമായ രീതിയിലുള്ള ഒരു നയമാറ്റം NMC യുടെ ഭാഗത്ത് നിന്ന് നടപ്പാക്കിയെടുക്കാൻ ഉള്ള ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാലയാണ്. ബ്രിട്ടീഷ് പാർലമെൻറിൽ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ലോബിയിംഗ് നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.
വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, സമാന സാഹചര്യങ്ങളിൽ പെട്ട് പിൻ നമ്പർ ലഭിക്കാതെ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് NMC യ്ക്കു നല്കി വീണ്ടുമൊരു ശ്രമം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേംബ്രിഡ്ജിൽ നിന്നുള്ള ഡാനിയേൽ സെയ്നർ, ഹെയ്ഡി അലൻ അടക്കമുള്ള എം.പിമാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. NMC യ്ക്ക് കാര്യങ്ങൾ ബോധ്യപ്പെടുന്ന രീതിയിലുള്ള ഡോക്കുമെന്റുകളും കൃത്യമായ വിശദാംശങ്ങളും സഹിതം രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിക്കൊണ്ടുള്ള നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സംരംഭത്തിൽ പങ്കാളികളാകാൻ താത്പര്യമുളള പിൻ നമ്പർ ലഭിക്കാത്തവർ താഴെപ്പറയുന്ന ഈമെയിൽ അല്ലെങ്കിൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
Baiju Thittala ( Cambridge City Councillor & Lawyer) [email protected]
Binoy Joseph 07915660914
Rinto James 07870828585
Jerish Phillip 07887359660