Main News

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലുണ്ടായ പിഴവ് ഫെയിസ്ബുക്കിനെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഷെയറുകളില്‍ 22 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് വിവരം. കമ്പനിക്കുണ്ടായ വീഴ്ചകള്‍ പുതിയ ഉപയോക്താക്കളുടെ എണ്ണം കുറയാനും കാരണമായിട്ടുണ്ട്. ഇതു മൂലം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റവന്യൂ വളര്‍ച്ച മന്ദീഭവിക്കുമെന്നും അടുത്ത വര്‍ഷത്തോടെ വരുമാനത്തേക്കാള്‍ ചെലവുകളുടെ നിരക്ക് ഉയരുമെന്നും ഫെയിസ്ബുക്ക് ബുധനാഴ്ച അറിയിച്ചു. ഉപയോക്താക്കളുടെ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും യൂസേഴ്‌സ് പോളിസി കൈകാര്യം ചെയ്യാനും സമവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാല്‍ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാമെന്ന് നിക്ഷേപകര്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കി.

രണ്ടാം പാദത്തിലെ ചെലവുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ദ്ധധനവാണ് രേഖപ്പെടുത്തിയത്. 7.4 ബില്യനായാണ് ഇത് കുതിച്ചുയര്‍ന്നത്. പുതിയ ഉപയോക്താക്കളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. രണ്ടാം പാദത്തില്‍ പ്രതിദിന, പ്രതിമാസ ആക്ടീവ് യൂസര്‍മാരായി 11 ശതമാനം പേര്‍ മാത്രമാണ് എത്തിയത്. ആദ്യപാദത്തില്‍ ഇത് 13 ശതമാനമായിരുന്നു. സെക്യൂരിറ്റി, മാര്‍ക്കറ്റിംഗ്, ഉള്ളടക്ക പരിശോധന എന്നിവയില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതിനാല്‍ ചെലവുകള്‍ 50 മുതല്‍ 60 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് വെഹ്നര്‍ പറഞ്ഞു.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവും ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വാട്‌സാപ്പ് വ്യാജ സന്ദേശങ്ങള്‍ കാരണമാകുന്നുവെന്ന വിലയിരുത്തലും തങ്ങളുടെ സര്‍വീസുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഫെയിസ്ബുക്കിനെ പ്രേരിപ്പിക്കുന്നുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഫെയിസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പല തവണ ഖേദപ്രകടനം നടത്തേണ്ടി വരികയും അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കേണ്ടി വരികയും ചെയ്തിരുന്നു.

സണ്‍സ്‌ക്രീനുകള്‍ ത്വക്കിന് മതിയായ സുരക്ഷ നല്‍കുന്നില്ലെന്ന് പഠനം. സമ്മര്‍ ചൂട് വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് സണ്‍സ്‌ക്രീനുകളുടെ ഉപയോഗം സംബന്ധിച്ചുള്ള സുപ്രധാന പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ത്വക്കിന് സംരക്ഷണം നല്‍കുന്ന ഇവ ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് സ്‌കിന്‍ ക്യാന്‍സറിന് വളംവെക്കുന്നതിന് തുല്യമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കിംഗ്‌സ് കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ബ്രിട്ടനില്‍ ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നത്.

സണ്‍സ്‌ക്രീനുകള്‍ ശരീരത്തിന് പരിരക്ഷ നല്‍കണമെങ്കില്‍ അത് നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന വിധത്തില്‍ ഉപയോഗിക്കണം. മിക്കയാളുകളും ഇവ ശരീരത്തില്‍ വളരെ നേരിയ തോതിലാണ് പുരട്ടാറുള്ളത്. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ എന്ന എസ്പിഎഫ് 50 ഉള്ള സണ്‍സ്‌ക്രീനുകള്‍ പോലും 40 ശതമാനത്തോളം സംരക്ഷണം മാത്രമാണ് നല്‍കുന്നത്. അതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് ആവശ്യമായ സംരക്ഷണം ലഭിക്കണമെങ്കില്‍ എസ്പിഎഫ് മൂല്യം കൂടുതലുള്ള സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. സണ്‍സ്‌ക്രീനുകള്‍ ത്വക്കിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സുരക്ഷ നല്‍കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ അവ എപ്രകാരം ഉപയോഗിക്കുന്നു എന്നത് പ്രധാനമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഫോട്ടോബയോളജിസ്റ്റ് ആന്റണി യുംഗ് പറഞ്ഞു.

16 വെളുത്ത നിറക്കാരായ വോളണ്ടിയര്‍മാരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരില്‍ പലവിധത്തില്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടി. പിന്നീട് ഇവരില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിച്ചു. അതിനു ശേഷം ഇവരുടെ ത്വക്കിലെ ഡിഎന്‍എ ഡാമേജ് പരിശോധിച്ചു. ഇതാണ് സ്‌കിന്‍ ക്യാന്‍സറിലേക്ക് നയിക്കുന്നത്. അതിലൂടെയാണ് എത്ര അളവില്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടണമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ എത്തിച്ചേര്‍ന്നത്. 30നു മുകളില്‍ എസ്പിഎഫ് ഉള്ള സണ്‍സ്‌ക്രീനുകള്‍ വേണം ഉപയോഗിക്കാനെന്നാണ് പരീക്ഷണഫലത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കുന്നത്.

മോസ്‌കോ: റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാന്‍ കഴിവുള്ള ആണവായുധം പരീക്ഷിക്കാനൊരുങ്ങി റഷ്യ. ശക്തിയേറിയ ആണവായുധങ്ങളെ വഹിക്കാന്‍ പ്രാപ്തയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിളാണ് ഇപ്പോള്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിന്നെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ ആയുധത്തിന് പേര് നിര്‍ദേശിക്കാന്‍ പബ്ലിക്ക് പോള്‍ നടത്തിയതോടെയാണ് റഷ്യയുടെ നീക്കം വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്. നാവിക കേന്ദ്രങ്ങള്‍, അന്തര്‍വാഹിനികള്‍, തീരദേശങ്ങളിലുള്ള സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിവ ആക്രമിക്കാന്‍ പ്രാപ്തിയുള്ള പുതിയ ആയുധത്തിന് 100 മെഗാടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയും.

തീരപ്രദേശങ്ങളെ മുഴുവനായും ഇല്ലാതാക്കാനുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഇത്തരം യുയുവി ലോകത്തിലെ തന്നെ ആദ്യത്തെതാണ്. ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസീഡോണിന്റെ പേരാണ് യുയുവിക്ക് നല്‍കിയിരിക്കുന്നത്. സുനാമിയിലൂടെ ഒരു പ്രദേശം മുഴുവന്‍ തച്ചുതകര്‍ക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന യുയുവിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റഷ്യന്‍ പ്രതിരോധരംഗം തയ്യാറാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഫ്രാന്‍സിന്റെ വലിപ്പമുള്ള രാജ്യങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആണവായുധം റഷ്യ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോര്‍ത്ത് പോളില്‍ നിന്നും സൗത്ത് പോളില്‍ നിന്നും ഒരുപോലെ ആക്രമണം നടത്താന്‍ ഇവയ്ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പൊസീഡോണ്‍ വൈകാതെ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന റഷ്യ വ്യക്തമാക്കി. അവസാനഘട്ടം പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടുണ്ട്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് മറുപടിയായി അമേരിക്ക നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പുതിയ ആയുധം പരീക്ഷിക്കാന്‍ റഷ്യയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ അമേരിക്ക കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊസീഡോണുമായി ബന്ധപ്പെട്ട ഗവേഷണം റഷ്യ ആരംഭിച്ചിട്ട് ഏതാണ്ട് 8 വര്‍ഷത്തോളമായി എന്നാണ് അമേരിക്കന്‍ ചാരവൃത്തങ്ങള്‍ നല്‍കുന്ന വിവരം. യൂറോപ്യന്‍ രാജ്യങ്ങളെ ഭയപ്പെടുത്താനാണ് പുതിയ ആയുധം ധൃതിയില്‍ പരീക്ഷിക്കുന്നതെന്നും സൂചനയുണ്ട്.

വീഡിയോ കാണാം.

ബാങ്കോക്ക്: ശക്തമായ മഴയെ തുടർന്ന് തെക്ക് കിഴക്കൻ ലാവോസിലെ ഡാം തകർന്ന് 600ലേറെ ആളുകളെ കാണാതായി. കംബോഡിയൻ അതിർത്തിയിലെ അറ്റാപ്പൂ പ്രവിശ്യയിൽ ഹൈഡ്രോപവർ പ്രോജക്ടിന്റെ ഭാ​ഗമായി നിർമ്മിച്ച ഡാമാണ് തകർന്നത്. ഷെ-പിയാൻ ഷെ നാംനോയി എന്ന് പേരിട്ടിരിക്കുന്ന ഡാമിന്റെ നിർമ്മാണം പൂർത്തിയായിരുന്നില്ല. അപകടത്തിൽ ആറോളം ​ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6000ത്തിലധികം വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. 7500ലധികം വീടുകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായിട്ടാണ് വിവരം. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സൗത്ത് കൊറിയൻ കമ്പനിയാണ് ഡാം നിർമ്മിച്ചിരുന്നത്. ഡാമിലെ പ്രശ്നങ്ങൾ രണ്ട് ദിവസം മുൻപ് തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി കമ്പനി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ഞൂറ് കോടി ക്യുബിക് മീറ്റർ വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. ഡാമിന്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ​ഗ്രാമങ്ങളെല്ലാം ഡാമിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിൽ മുങ്ങി. കാണാതായവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

2013ലാണ് ഡാമിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 2019ൽ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കാനായിരുന്നു ശ്രമം. 770 മീറ്റർ നീളവും 16 മീറ്റർ ഉയരവുമുള്ള അണക്കെട്ടിൽ നിന്ന് ഏതാണ്ട് 410 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാൻ കഴിയുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ ഡാമിന്റെ ചില ഭാ​ഗങ്ങളിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ വ്യക്തമാക്കുന്നു. രണ്ട് ദിവസം മുൻപ് ചോർച്ചയും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 7000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് കരുതുന്നത്.

ബ്രെക്‌സിറ്റ് സെക്യൂരിറ്റി ഡീല്‍ തീവ്രവാദികളുടെയും കുറ്റവാളികളുടെയും മോചനത്തിന് കാരണമായേക്കമെന്ന് മുന്നറിയിപ്പ്. യുകെയും യൂറോപ്യന്‍ യൂണിയനുമായി ശരിയായ ധാരണയിലെത്തിയില്ലെങ്കില്‍ അത് പൗരന്‍മാരുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഹോം അഫയേഴ്‌സ് കമ്മിറ്റി ആശങ്കയറിയിച്ചു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാര പരിധിയില്‍ യുകെ തുടരണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. സുപ്രധാന ഡേറ്റബേസുകളില്‍ യുകെയ്ക്ക് സ്വാധീനമുണ്ടാകണമെങ്കില്‍ ഇത് അനിവാര്യമാണ്. എന്നാല്‍ ബ്രെക്‌സിറ്റ് നയത്തില്‍ യൂറോപ്യന്‍ കോടതിയുടെ അധികാരത്തില്‍ നിന്ന് യുകെ പിന്മാറുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

യുകെ യൂറോപ്യന്‍ യൂണിയന്‍ പോലീസിംഗ് സഹകരണത്തില്‍ കുറവുണ്ടാകുന്നത് ഒട്ടേറെ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഹോം അഫയേഴസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യിവെറ്റ് കൂപ്പര്‍ പറഞ്ഞു. സുരക്ഷാ സഹകരണത്തില്‍ ധാരണകള്‍ രൂപീകരിക്കാന്‍ കഴിയാത്തത് ചിന്തിക്കാന്‍ പോലും കഴിയാത്ത സംഗതിയാണ്. അപകടകാരികളായ അന്താരാഷ്ട്ര കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ പോലീസ് സേനകള്‍ക്ക് ഇതിലൂടെ പ്രതിബന്ധങ്ങളുണ്ടാകും. രാജ്യാതിര്‍ത്തികള്‍ കടക്കാനൊരുങ്ങുന്ന ക്രിമിനലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ബോര്‍ഡര്‍ ഒഫീഷ്യലുകള്‍ക്കും സാധിക്കാതെ വരും.

ട്രാഫിക്കിംഗ്, തീവ്രവാദം, അടിമക്കച്ചവടം, ഓര്‍ഗനൈസ്ഡ് ക്രൈം തുടങ്ങിയവയിലെ അന്വേഷണത്തെ ഇത് ബാധിക്കും. ഇപ്പോള്‍ നടന്നു വരുന്ന പല വിചാരണകളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപോള്‍, യൂറോപ്യന്‍ അറസ്റ്റ് വാറന്റ് ആന്‍ഡ് ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 2 (സിസ് 2) ഡേറ്റാബേസ് എന്നിവയിലുള്ള സ്വാധീനം ബ്രിട്ടന് നഷ്ടമാകുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. തീവ്രവാദികള്‍, കുറ്റവാളികള്‍, കാണാതായവര്‍ എന്നിവരെക്കുറിച്ചുള്ള വിലമതിക്കാനാകാത്ത ഡേറ്റാബേസാണ് ഇത്.

തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പറ്റാത്തതില്‍ കോണ്‍ഗ്രസ് എംഎല്‍എ സ്വന്തം നിയോജകമണ്ഡലത്തിലെ രോഗികള്‍ക്ക് മുന്നില്‍ മാപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ചുവരെഴുത്തുകളിലും പ്രസംഗങ്ങളിലും മാത്രമൊതുക്കുകയും അതില്‍ യാതൊരു ലജ്ജയുമില്ലാതെ തലയുയര്‍ത്തി നടക്കുകയും ചെയ്യുന്ന ജനപ്രതിനിധികള്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ്. ആസാമില്‍ നിന്നുള്ള ഒരു എംഎല്‍എ. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കര്‍മിയാണ് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മുട്ടില്‍ നിന്ന് പാലിക്കാന്‍ പറ്റാതെ വാഗ്ദാനങ്ങളോര്‍ത്ത് രോഗികള്‍ക്കു മുന്നില്‍ മാപ്പിരന്നത്.

അസമിലെ മരിയാനി ജോഹത്ത് ജില്ലയിലെ മരിയാനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രൂപ്‌ജ്യോതി കര്‍മി. രാഗികള്‍ക്ക് മതിയായ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്നും മാപ്പു തരണമെന്നും മുട്ടില്‍ നിന്ന് കൂപ്പുകൈകളോടെ അദ്ദേഹം രോഗികളോട് പറഞ്ഞു. ഗ്രാമങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഏഴ് ഡോക്ടര്‍മാരെ നിയമിച്ചുവെങ്കിലും എംഎല്‍എയുടെ സന്ദര്‍ശന സമയത്ത് ഒരു ഡോക്ടര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് രൂപ്‌ജ്യോതി കര്‍മി.

ലണ്ടന്‍: യുകെ തലസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍. വാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറില്‍ 20 മൈലാക്കി ചുരുക്കും. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് നടപടി. ലണ്ടന്‍ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഈ നിയമം നടപ്പിലാക്കും. അതേസമയം 2020ന്റെ ആരംഭത്തോടെ മാത്രമെ 20 മൈല്‍ വേഗത നിയമം നടപ്പിലാക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് റോഡ് സുരക്ഷാ ക്യാംപയിനേഴ്‌സും രംഗത്ത് വന്നു. ലണ്ടന്‍ നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

നഗരത്തിലെ തിരക്കേറിയ റോഡുകളിലുണ്ടാകുന്ന അപകടങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത്. പുതിയ വേഗതാ പരിധി കൊണ്ടുവന്നാല്‍ ഇത്തരം അപകടങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുള്ള വേഗതാ നിയന്ത്രണമായിരിക്കും ഇത്. ലണ്ടനിലെ മറ്റു പ്രദേശങ്ങളിലെ വേഗതാ പരിധിയും പുനര്‍നിര്‍ണയിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ റോഡപകടങ്ങള്‍ നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.

വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ നിയമപ്രകാരം നഗരപരിധിയില്‍ ഓടിക്കാവുന്ന പരമാവധി വേഗത 30 മൈലാണ്. അപകടങ്ങളുടെ തോത് വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു കൗണ്‍സില്‍ വേഗത നിയന്ത്രണം കൊണ്ടുവന്നത്. ലണ്ടനില്‍ മാത്രം ഒരു വര്‍ഷം 2,000ത്തിലധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുയോ ചെയ്യുന്നുണ്ട്. ഇതില്‍ 80 ശതമാനവും സൈക്കിള്‍, കാല്‍നട യാത്രക്കാരാണ്. ലണ്ടന്‍ നഗരത്തിലെ അപകടങ്ങള്‍ നിയന്ത്രിച്ചേ മതിയാകൂ. ഓരോ മരണങ്ങളും പരിക്കുകളും വലിയ ആഘാതമാണ് കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്നതെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

ബ്രിട്ടനില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം ദാരിദ്ര്യനിരക്കില്‍ വന്‍ വര്‍ദ്ധനവ്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ കൂടുതല്‍ കഷ്ടപ്പാടിലേക്ക് നീങ്ങുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചതെന്ന് റെസൊല്യൂഷന്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ പറയുന്നു. മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലിരുന്ന സമയത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റും ഗവണ്‍മെന്റിന്റെ ഓസ്‌റ്റെരിറ്റി നയങ്ങളും സാധാരണക്കാരുടെ ജീവിത നിലവാരത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ടെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

2016 അവസാനം വരെയുള്ള കണക്കുകളാണ് ഔദ്യോഗിക സര്‍വേ ഡേറ്റയില്‍ പറഞ്ഞിട്ടുള്ളതെങ്കിലും ചരിത്രപരമായ ഘടകങ്ങളും സ്റ്റാറ്റിസ്റ്റിക്‌സുകളുമാണ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ജനസംഖ്യയില്‍ വര്‍ക്കിംഗ് എയിജിലുള്ള ദരിദ്ര വിഭാഗത്തിലുള്ളവരില്‍ മൂന്നിലൊന്നിന്റെയും വരുമാനത്തില്‍ 50 മുതല്‍ 150 പൗണ്ട് വരെ കുറവുണ്ടായിട്ടുണ്ട്. 2017-18 വരെയുള്ള കണക്കാണ് ഇത്. നാണയപ്പെരുപ്പം വരുമാനത്തെ ബാധിച്ചതും ബെനഫിറ്റുകളും ടാക്‌സ് ക്രെഡിറ്റുകളും വെട്ടിക്കുറച്ചതും ദരിദ്ര വിഭാഗക്കാര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. മറ്റുള്ളവരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുമില്ല.

കഴിഞ്ഞ വര്‍ഷം 3 ശതമാനത്തോളമാണ് നാണയപ്പെരുപ്പത്തില്‍ വര്‍ദ്ധനവുണ്ടായത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ശരാശരി വേതന നിരക്ക് ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ തുടരുകയും ചെയ്തു. ഈ നിരക്കില്‍ കണക്കാക്കുമ്പോള്‍ ഔദ്യോഗിക പോവര്‍ട്ടി റേറ്റ് 22.1 ശതമാനത്തില്‍ നിന്ന് 23.2 ശതമാനമായാണ് ഉയര്‍ന്നത്. 1988നു ശേഷമുണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ഇതെന്നും ഫൗണ്ടേഷന്‍ സര്‍വേ പറയുന്നു.

മുസാഫര്‍പുര്‍: ബിഹാറിലെ ഗവ. അഗതിമന്ദിരത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ ജില്ലാ ശിശുസംക്ഷണ ഓഫീസറും വനിതാവാര്‍ഡന്മാരും ഉള്‍പ്പെടെ 10 പേര്‍ അറസ്‌റ്റില്‍.

മുംബൈ ആസ്‌ഥാനമായുള്ള എന്‍.ജി.ഒ. സംഘടന നടത്തിയ പരിശോധനയെത്തുടര്‍ന്നാണു പുറംലോകം ഇക്കാര്യം അറിഞ്ഞത്‌. ആകെയുള്ള 40 പെണ്‍കുട്ടികളില്‍ 20 പേരും ലൈംഗിക പീഡനത്തിനിരയായെന്ന്‌ വൈദ്യപരിേശാധനയില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനസാമൂഹികക്ഷേമവകുപ്പ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.

ഇതിനിടെ, ഒരു പെണ്‍കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തി മന്ദിരത്തിന്റെ അങ്കണത്തില്‍ കുഴിച്ചിട്ടതായി മറ്റൊരു അന്തേവാസി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷപാര്‍ട്ടിയായ ആര്‍.ജെ.ഡി. നിയമസഭയില്‍ ബഹളംവച്ചു.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ നിശ്‌ചിതസ്‌ഥലങ്ങള്‍ പോലീസ്‌ കുഴിച്ചുനോക്കിയെങ്കിലും മൃതദേഹത്തിന്റെ അവശിഷ്‌ടമൊന്നും കിട്ടിയില്ല. അതിനാല്‍, കൂടുതല്‍ സ്‌ഥലങ്ങളില്‍ പരിശോധന നടത്തുമെന്നു പോലീസ്‌ സുപ്രണ്ട്‌ ഹര്‍പ്രീത്‌ കൗര്‍ പറഞ്ഞു.

ലൈംഗികപീഡനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ അന്തേവാസികളെ മറ്റുജില്ലകളിലെ അഗതിമന്ദിരങ്ങളിലേക്കു നീക്കി. അഗതിമന്ദിര നടത്തിപ്പു ചുമതലയുണ്ടായിരുന്ന സന്നദ്ധസംഘടനയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്‌. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഉന്നതര്‍ക്കു സംഭവുമായി ബന്ധമുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ്‌ തേജസ്വി യാദവ്‌ ആരോപിച്ചു.

വാര്‍ദ്ധക്യത്തിന്റെ ആരംഭത്തില്‍ മനുഷ്യ ശരീരത്തിലുണ്ടാവുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ത്വക്ക് ചുളിയുക, മുടി കൊഴിച്ചില്‍ തുടങ്ങിയവ. ശരീരത്തിലെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജീനിന്റെ പ്രവര്‍ത്തനഫലമായിട്ടാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഈ മാറ്റങ്ങളെ ഇല്ലാതാക്കാന്‍ ശാസ്ത്രലോകത്തിന് കഴിയുമെന്നാണ് ബെര്‍മിംഗ്ഹാമിലെ യൂണിവേഴ്‌സിറ്റി ഓഫ് അലബാമയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കുന്ന ജീനിനെ നിയന്ത്രിക്കുക വഴി വാര്‍ദ്ധ്യക്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.

അദ്ഭുതകരമായ ഈ കണ്ടുപിടിത്തം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. പ്രായം വര്‍ദ്ധിക്കുമ്പോള്‍ ത്വക്ക് ചുളിയുന്നതിന് കാരണമാകുന്ന ജീനിന്റെ പ്രവര്‍ത്തനങ്ങളെ ഓഫ് ചെയ്യാമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ സെല്ലുകളുടെ ഇത്തരം പ്രവൃത്തികള്‍ ഇല്ലാതായാല്‍ മരണം സംഭവിക്കുന്നത് വരെ നമ്മുടെ യവൗനം നിലനില്‍ക്കും. അതേസമയം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനെത്തെയോ ശരീരത്തിലെ ഇതര രോഗങ്ങളെയോ നിയന്ത്രിക്കാനോ സംരക്ഷിക്കാനോ ഇതിന് കഴിയില്ല. ചുരുക്കി പറഞ്ഞാല്‍ വാര്‍ദ്ധക്യം തരുന്ന ത്വക്കിലെ ചുളിവും മുടി കൊഴിച്ചിലും മാത്രമെ പുതിയ കണ്ടുപിടിത്തം പ്രതിവിധിയാകുകയുള്ളു.

മുടികൊഴിച്ചിലും ത്വക്കിലെ ചുളിവും മനുഷ്യനില്‍ പ്രായം വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്ന ഫോണോടെപ്പിക് മാറ്റങ്ങളാണ്. ഈ ഫോണോടെപ്പിക് മാറ്റങ്ങളെ ഇല്ലാതാക്കാന്‍ ഡി.എന്‍.എ കണ്ടന്റുകള്‍ പുനഃസ്ഥാപിക്കുവാന്‍ കഴിയുമെന്നതാണ് ഞങ്ങളുടെ കണ്ടുപിടുത്തമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് അലബാമയിലെ പ്രൊഫസര്‍ കേശവ് സിംഗ് അവകാശപ്പെട്ടു. പുതിയ കണ്ടെത്തല്‍ ലോകത്തിലെ തന്നെ ആദ്യത്തേതാണ്. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കും ഡയബറ്റിക്‌സിനും പുതിയ കണ്ടുപിടുത്തം ഉപകാരപ്പെടുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Copyright © . All rights reserved