Main News

നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിട്ടുണ്ടെന്ന് ഫോന്‍ന്‍സിക് പരിശോധനാ ഫലം. ബാത് ടബ്ബയിലുണ്ടായ വീഴ്ച്ചയിലാണോ ഇത് സംഭവിച്ചെതെന്ന് പരിശോധിച്ച് വരികയാണ്. അതേസമയം ശ്രീദേവിയുടെ മരണം കൊലപാതകമാണോയെന്ന സംശയം ബലപ്പെടുന്നു. ദൂരൂഹത നിറഞ്ഞതാണ് മരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാപിക്കുന്നുണ്ട്. അന്വേഷണത്തില്‍ സംശയം ബലപ്പെടുന്നതിനാല്‍ ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കാന്‍ സാധ്യതയുണ്ടെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു. ബോണി കപൂര്‍ നേരത്തെ നല്‍കിയ മൊഴികളില്‍ വൈരൂധ്യമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ച് മുബൈയിലേക്ക് പോയതിന് ശേഷം വീണ്ടും ദുബായിലേക്ക് തിരിച്ചെത്തിയ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്.

മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണങ്ങള്‍ അവസാനിക്കുന്നതുവരെ ബോണി കപൂറിന് ദുബായില്‍ തുടരേണ്ടി വരും. തലയില്‍ ആഴത്തില്‍ മുറിവുണ്ടായിട്ടുണ്ട് എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍്ട്ടുകള്‍ എന്നാല്‍ പിന്നീട് മരണം ബാത്‌റൂമില്‍ കുഴഞ്ഞുവീണാണെന്നായി അവസാനം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാത്ടബ്ബയില്‍ മൂങ്ങി മരിക്കുകയായിരുന്നുവെന്ന് പറയുന്നു. ദൂബായ് പോലീസില്‍ നിന്ന് കൂടുതല്‍ സ്ഥീരീകരണം ലഭിക്കുന്നതു വരെ മരണം കൊലപാതകമാവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

അപകട മരണമാണ് എന്ന് സ്ഥീരികരിച്ച റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ ദുബായിലെ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ആവശ്യമുണ്ട്. മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ മൃതദേഹം ദുബായില്‍ തന്നെ സൂക്ഷിക്കാനാണ് സാധ്യത. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചിരുന്നതെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി വേഗത്തില്‍ നീങ്ങുമായിരുന്നു. പക്ഷേ ശ്രീദേവി മരണപ്പെട്ടിരിക്കുന്നത് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പാണ്. അതുകൊണ്ടു തന്നെ ഔപചാരിക നടപടി ക്രമങ്ങള്‍ ഏറെയാണ്.

പരിശോധനയ്ക്കായി അനുവദിച്ചിരുന്ന സമയത്തിലും വൈകിയെത്തിയെന്ന് ആരോപിച്ച് ജിപി ചികിത്സ നിഷേധിച്ച അഞ്ച് വയസ്സുകാരി മരിച്ചു. എല്ലി മേയ് ക്ലാര്‍ക്കെന്ന അഞ്ച് വയസ്സുകാരി ന്യൂപോര്‍ട്ടിലെ ക്ലിനിക്കില്‍ എത്തിയത് അനുവദിച്ച സമയത്തിനും 10 മിനിറ്റുകള്‍ വൈകിയായിരുന്നു ഇക്കാരണത്താല്‍ കുട്ടിയെ പരിശോധിക്കേണ്ട ജിപി ചികിത്സ നിഷേധിക്കുകയായിരുന്നു. ജിപിയെ കാണാന്‍ സാധിക്കാതെ വന്നതോടെ തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഗുരുതര ആസ്മ രോഗത്തിന് അടിമായ പെണ്‍കുട്ടിയുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പോലും പരിശോധിക്കാന്‍ തയ്യാറാകാതിരുന്ന ജിപിയുടെ നടപടി പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ജനുവരി 25 അഞ്ച് മണിക്കായിരുന്നു ക്ലാര്‍ക്കിനെ പരിശോധിക്കാനായി അനുവദിച്ച സമയം എന്നാല്‍ സമയത്തിലും വൈകിയെ ക്ലിനിക്കില്‍ എത്തിച്ചേരാന്‍ കഴിഞ്ഞുള്ളു. എല്ലി മേയും മാതാവ് ഷാനീസ് ക്ലാര്‍ക്കും 5.10 മുതല്‍ 5.18 വരെ ഡോക്ടര്‍ ജോണി റോവിനെ കാണാനുള്ള വരിയില്‍ തുടര്‍ന്നെങ്കെലും ഫലമുണ്ടായില്ല.

ഡോക്ടര്‍ ജോണി റോവ് സാധാരണഗതിയില്‍ 10 മിനിറ്റില്‍ കൂടുതല്‍ വൈകി വരുന്ന രോഗികളെ കാണുന്നതില്‍ വിസമ്മതം കാണിക്കുന്ന വ്യക്തിയാണ്. മാല്‍പ്പാസിലെ വീട്ടിലേക്ക് തിരികെയെത്തിയ സമയത്ത് എല്ലി മേയ് ഡോക്ടറെ കാണാന്‍ സാധിക്കാത്തതിന്റെ കാരണം മിസിസ് ക്ലാര്‍ക്കിനോട് ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്ന് രാത്രി ഏകദേശം 8 മണിയോട് അടുപ്പിച്ച സമയത്താണ് എല്ലി മേയ് ഉറങ്ങാനായി പോയത്. രാത്രി 10.30 ഓടെ ശക്തമായ ചുമയുണ്ടായതിനെ തുടര്‍ന്ന് ക്ലാര്‍ക്ക് അടിയന്തര ആംബുലന്‍സ് സേവനം തേടി. ഈ സമയം കുട്ടിയുടെ കൈകളും മുഖവും നീലനിറത്തിലായതായി ക്ലാര്‍ക്ക് പറയുന്നു. റോയല്‍ ജിവെന്റ് ആശുപത്രിയിലെത്തി നിമിഷങ്ങള്‍ക്കകം എല്ലി മേയ് മരണപ്പെടുകയായിരുന്നു. ഡോ. റോവിന് കുട്ടിയുടെ രോഗത്തിന്റെ അപകടാവസ്ഥ സൂചിപ്പിക്കുന്ന കണ്‍സള്‍ട്ടന്റിന്റെ കത്ത് നേരത്തെ ലഭ്യമായിരുന്നു. ആസ്മ കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്ന് കത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഡോ. റോവ് എല്ലി മേയുടെ അടിയന്തര അപോയിന്‍മെന്റ് എടുക്കാനുണ്ടായ സാഹചര്യം പോലും ആരാഞ്ഞിരുന്നില്ല.

ചികിത്സ നിഷേധിക്കുന്നതിന് മുന്‍പ് കുട്ടിയുടെ മെഡിക്കല്‍ രേഖകളെങ്കിലും പരിശോധിക്കാമായിരുന്നുവെന്ന് ന്യൂപോര്‍ട്ട് കോര്‍ണേഴിസിലെ കോടതിയില്‍ വാദമുണ്ടായി. ഇത് ഒരിക്കലും അനുവദിച്ചു നല്‍കാന്‍ കഴിയുന്ന വസ്തുതയല്ല. കുട്ടിയെ രക്ഷിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. അവ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. വാദം കേട്ട ജഡ്ജ് കോര്‍ണര്‍ വെന്‍ഡി ജെയിംസ് പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ ചികിത്സ നഷ്ട്‌പ്പെട്ടത് മൂലമാണ് കുട്ടിയുടെ മരണമെന്നും എന്നാല്‍ സ്വഭാവിക കാരണങ്ങളാണ് മരണത്തിന് പിന്നിലെന്നും കോടതി വിധിയില്‍ പറയുന്നു. കോടതിയുടെ വിധിയില്‍ തൃപ്തിയില്ലെന്നും മരണത്തിന് ജിപിയുടെ അശ്രദ്ധയും നിഷേധവും കാരണമാണെന്നും എല്ലി മേയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ശതമാനത്തില്‍. 2017ന്റെ അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ വേഗത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തിലെ നാലമത്തെ കോര്‍ട്ടറില്‍ വളര്‍ച്ചാ നിരക്ക് 0.4 ശതമാനമായിരുന്നെങ്കില്‍ അതിനു മുന്‍പത്തെ നിരക്ക് 0.5ശതമാനയിരുന്നവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ കണക്കുകൂട്ടിയതിലും കുറവാണ് യുകെയില്‍ നടക്കുന്ന ഉത്പാദനം. ഉപഭോക്താക്കള്‍ വിപണിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും കണക്കുകള്‍ പറയുന്നു. ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും പൗണ്ടിന്റെ മൂല്ല്യ തകര്‍ച്ചയുമാണ് ഉപഭോക്താക്കളുടെ പിന്‍മാറ്റത്തിന് കാരണം. 2017ലെ സാമ്പത്തിക വളര്‍ച്ചാക്രമം താഴോട്ട് പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വളര്‍ച്ചാ ശതമാനം 1.8 ശതമാനത്തില്‍ നിന്നും 0.1 ശതമാനം കുറഞ്ഞ് 1.7ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് വളര്‍ച്ചാ ശതമാനമാണ്.

ഖനന മേഖലയിലും ഊര്‍ജ മേഖലയിലും സേവന രംഗത്തും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും പ്രസ്തുത മേഖലകളിലുള്ള വളര്‍ച്ചാ നിരക്ക് ചെറിയ രൂപത്തില്‍ താഴോട്ട് പോയതായും ഒഎന്‍എസിലെ സ്ഥിതിവിവരശാസ്ത്ര വിദഗ്ദ്ധന്‍ ഡാരന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. സേവന മേഖല 2017ന്റെ അവസാനം വരെ വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവുണ്ടാക്കി എന്നാല്‍ ഉപഭോക്താക്കളെ ആശ്രയിച്ചു കഴിയുന്ന വ്യവസായിക മേഖല കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്ക് കൂപ്പുകുത്തി. വിലക്കയറ്റം ഗാര്‍ഹിക ബജറ്റുകളെ സാരമായി ബാധിച്ചെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെ മറ്റു സാമ്പത്തിക ശക്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്റെ വളര്‍ച്ചാ നിരക്ക് താഴോട്ടാണെന്ന് മനസ്സിലാക്കാം. ജര്‍മ്മന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2017ല്‍ 2.2 ശതമാനം ഉയര്‍ച്ച നേടിയപ്പോള്‍ ഫ്രഞ്ച് ജിഡിപി 1.9 വളര്‍ച്ച കൈവരിച്ചു. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കും ഇക്കാലയളവില്‍ 2.3 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു.

ഉപഭോക്താക്കളുടെ വിപണിയിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ ആശ്രയിച്ചാണ് യുകെയുടെ സാമ്പത്തിക അടിത്തറ നിലനില്‍ക്കുന്നത്. ഇതില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴാണ് വളര്‍ച്ചാ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ സമീപകാലത്തായി വിപണിയില്‍ പണം ചെലവഴിക്കുന്നതില്‍ ഉപഭോക്താക്കള്‍ കാര്യമായി വിമുഖത പ്രകടിപ്പിക്കുന്നതായി കണക്കുകള്‍ പറയുന്നു. ഗാര്‍ഹിക ഉപയോഗങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് 0.3 ശതമാനം മാത്രമാണ് 2017ന്റെ അവസാന മാസങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് 1.8ശതമാനമാണ് വളര്‍ച്ചാ നിരക്ക് എന്നു കാണാന്‍ കഴിയും ഇത് 2012 മുതല്‍ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. സ്ഥാപനങ്ങളും പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. ബിസിനസ് നിക്ഷേപങ്ങളെയും ഇത് ബാധിക്കുന്നതായി കണക്കുകള്‍ പറയുന്നു.

വലതുപക്ഷ തീവ്രവാദം ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി മുന്നറിയിപ്പ്. കൗണ്ടര്‍ ടെററിസ്റ്റ് പോലീസ് തലവനാണ് രാജ്യത്തിന് ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം തടഞ്ഞതായി അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ക്ക് റൗലി പറഞ്ഞു. അടുത്ത മാസം മെറ്റ് പോലീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് മാര്‍ക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ ഏകദേശം 10ലേറെ ഇസ്ലാമിക തീവ്രവാദ ഗ്രുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ പരാജയാപ്പെടുത്താന്‍ സുരക്ഷാ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ക്ക് പറഞ്ഞു. പോളിസ് എക്‌സ്‌ചേജില്‍ നടത്തിയ പ്രസംഗത്തിലാണ് മാര്‍ക്ക് റൗലിയുടെ പ്രസ്താവന. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന രീതിയിലാണ് വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ അസഹിഷുണത വളര്‍ത്തിയെടുക്കുകയും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ ക്ലേശമനുഭവിക്കുന്നവരെ മുതലെടുക്കുകയും സര്‍ക്കാര്‍ അനുബന്ധ സംഘടനകളില്‍ അവിശ്വാസ രാഷ്ട്രീയം വളര്‍ത്തുകയും ചെയ്യുന്നതാണ് ഇത്തരം ഗ്രൂപ്പുകളുടെ രീതിയെന്നും മാര്‍ക്ക് പറുന്നു.

കഴിഞ്ഞ വര്‍ഷം ഏകദേശം നാലോളം തീവ്ര-വലതുപക്ഷ ഭീകാരക്രമണ ശ്രമങ്ങള്‍ സുരക്ഷ സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. തീവ്ര-വലതുപക്ഷ ഭീകരന്‍ ഏഥന്‍ സ്റ്റാബിള്‍സ് ആസൂത്രണം ചെയ്ത ആക്രമണ ശ്രമം പരാജയപ്പെട്ടിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ കോടാലിയും വടിവാളും ഉപയോഗിച്ച് ഗേ പ്രൈഡ് പരിപാടിയില്‍ ആക്രണം നടത്താന്‍ ഏഥന്‍ പദ്ധതി ആവിശ്കരിച്ചിരുന്നു. ബാരോ എന്നു പേരായ പബില്‍ നടക്കാനിരുന്ന പരിപാടിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ നമ്മുടെ സമൂഹത്തിലേക്ക് കടന്നു കയറ്റം നടത്തുന്നത് കൃത്യമായി ആശയപ്രചരണങ്ങളിലൂടെയാണ്. വിധ്വംസക തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ ആളുകളെ പ്രലോഭനത്തില്‍ വീഴ്ത്തിയും ചൂഷണം ചെയ്തുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയൊക്കെ തന്നെ ഭീകാരക്രമണങ്ങളിലേക്ക് വഴിതെളിയിക്കാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളാണെന്ന് റൗലി പറയുന്നു.

ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള ഏതാണ്ട് 10 ഓളം ഗൂഢാലോചനകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തിന് ശേഷം തടയാന്‍ സാധിച്ചിട്ടുണ്ട്. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് യുകെയില്‍ നാല് തീവ്ര-വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണ ശ്രമം സുരക്ഷ സൈന്യം പരാജയപ്പെടുത്തിയിരിക്കുന്നത്. ആക്രമണ ശ്രമങ്ങള്‍ നടന്ന വിവരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കേണ്ടതുണ്ട് വലുപക്ഷ തീവ്രവാദ സംഘടനകള്‍ സമൂഹത്തില്‍ നിലയൊറപ്പിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഇത് ഉപകാരപ്രദമാകുമെന്നും റൗലി വ്യക്തമാക്കി. ഇതാദ്യമായാണ് നമ്മുടെ രാജ്യത്ത് തന്നെ വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകള്‍ വളര്‍ന്നു വരുന്നത്. ഇത്തരം പുതിയ നിയോ-നാസി തീവ്രവാദ ഗ്രൂപ്പുകള്‍ അന്തര്‍ദേശീയ ബന്ധങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവരും രാജ്യത്ത് ഭീകാരാക്രമണങ്ങള്‍ നടത്താന്‍ പ്ലാന്‍ ചെയ്യുന്നവരുമാണെന്ന് റൗലി കൂട്ടിച്ചേര്‍ത്തു. സുരക്ഷ സൈന്യത്തിലെ എം15 നാണ് നിലവില്‍ വലുതപക്ഷ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും സംഘടനകളെക്കുറിച്ചും അന്വേഷണം നടത്തുന്നത്.

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറച്ച് പുതിയ വെളിപ്പെടുത്തലുകള്‍. ശ്രീദേവിയുടെ മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ അരികിലില്ലായിരുന്നുവെന്നും ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുബൈ ജുമെരിയ എമിരേറ്റ്സ് ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ മാധ്യമമായ മിഡ് ഡേ ആണ് ഇതുവരെ പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ജുമെരിയ എമിറേറ്റ്സിലെ ജീവനക്കാരനെ ഉദ്ധരിച്ചാണ് മിഡ് ഡേ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഹോട്ടല്‍ ജീവനക്കാര്‍ മിഡ് ഡേയ്ക്ക് വിവരങ്ങള്‍ കൈമാറിയത്.

മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സര്‍വീസില്‍ വിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. പതിനഞ്ച് മിനിട്ടിനകം ജീവനക്കാരന്‍ റൂമിലെത്തി. എന്നാല്‍, നിരവധി തവണ ഡോര്‍ ബെല്‍ അടിച്ചിട്ടും അവര്‍ വാതില്‍ തുറന്നില്ല. എന്തോ കാര്യമായി കുഴപ്പമുണ്ടെന്ന് തോന്നിയ ഇയാള്‍ മറ്റു ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബലമായി വാതില്‍ തുറന്ന് റൂമില്‍ കയറിയ ജീവനക്കാര്‍ കണ്ടത് ബാത്റൂമിലെ തറയില്‍ വീണു കിടക്കുന്ന ശ്രീദേവിയെ ആണ്. അപ്പോള്‍ സമയം ഏതാണ്ട് പതിനൊന്ന് മണിയായിക്കാണും. അവരെ കണ്ടെത്തുമ്പോള്‍ അവര്‍ക്ക് നാഡീമിടിപ്പുണ്ടായിരുന്നു. ജീവനക്കാര്‍ അവരെ പെട്ടെന്ന് തന്നെ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു എന്നാല്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു-

കപൂര്‍ കുടുംബത്തിന്റെ വാദങ്ങള്‍ പാടേ തള്ളുന്നതാണ് ഹോട്ടല്‍ ജീവനക്കാരുടെ പുതിയ വെളിപ്പെടുത്തല്‍. ശ്രീദേവിയുടെ മരണ ദിവസം മുംബൈയില്‍ നിന്നും വൈകീട്ട് അഞ്ചരയോടെ ബോണി കപൂര്‍ ദുബൈയില്‍ മടങ്ങിയെത്തി എന്നും വൈകീട്ട് പത്തരയ്ക്ക് ശേഷം ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറിനായി പോകുന്നതിന് മുന്‍പ് ശുചിമുറിയില്‍ കയറിയ ശ്രീദേവിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനാല്‍ ചെന്ന് നോക്കിയപ്പോഴാണ് ബാത്റൂമില്‍ കുഴഞ്ഞ് വീണ നിലയില്‍ കിടക്കുന്നത് കണ്ടതെന്നുമായിരുന്നു കപൂര്‍ കുടുംബത്തിന്റെ വാദം.

ശ്രീദേവിയുടെ മരണ കാരണം ഹൃദയാഘാതമാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് തൊട്ട് പിന്നാലെയാണ് മരിച്ചത് ബാത്ടബ്ബിലെ വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയത്തിനാലാണെന്ന ഫോറന്‍സിക് ഫലം പുറത്തു വന്നത്.

കൊച്ചി: എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വാദം പുരോഗിക്കുന്നു. ഭൂമി ഇടപാടില്‍ താന്‍ തെറ്റു ചെയ്താല്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിന് മാത്രമാണ് അധികാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ അറിയിച്ചു. കാനോന്‍ നിയമം അതാണ് പറയുന്നത്. പോപ്പ് ഇതുവരെ തനിക്കെതിരെ ഒരു നടപടിയും സ്വീകരിക്കിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിനെതിരെ പലരും പരാതിയുമായി പോപ്പിനെ സമീപിച്ചിരുന്നുവെന്നും അതില്‍ പോപ്പ് ഒരു നടപടിയും എടുത്തിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിനു വേണ്ടി അഡ്വ.ശ്രീകുമാറും ഹര്‍ജിക്കാരനായ ഷൈന്‍ വര്‍ഗീസിനു വേണ്ടി അഡ്വ.രാമന്‍പിള്ളയുമാണ് ഹാജരാകുന്നത്.

എന്നാല്‍ രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേ എന്ന മറുചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. കര്‍ദ്ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമികുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പ് കാരന്‍ മാത്രമാണ്. ബിഷപ് എന്നാല്‍ രൂപത ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസവഞ്ചന കുറ്റം നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നതെന്നും മറ്റു കാര്യങ്ങളിലേക്ക് ഒന്നും ഇപ്പോള്‍ കടക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭൂമി വില്‍ക്കാന്‍ സഭാ സമിതിയുടെ അനുമതി ആവശ്യമാണെന്നും ബിഷപ്പിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. സഭ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്ഥാപനമായിട്ടാണെന്നും കര്‍ദ്ദിനാളിന്റെ അഭിഭാഷകനും അറിയിച്ചു. ജസ്റ്റീസ് കെമാല്‍പാഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ന്യൂസ് ഡെസ്ക്

ലെസ്റ്ററിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നിരവധി പേരെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരം 7.19നാണ് ലെസ്റ്ററിനെ വിറപ്പിച്ച സ്ഫോടനം നടന്നത്. ഹിക്ക് ലി  റോഡിലുള്ള സിറ്റി സെന്ററിൽനിന്നും ഒരു മൈൽ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ‘ലോണ്ടിസ്’ സൂപ്പർ മാർക്ക് ഇരിക്കുന്ന കെട്ടിടത്തിലാണ് രാത്രി  സ്ഫോടനം നടന്നത്. താഴത്തെ നിലയിൽ ഷോപ്പുകളും മുകളിലെ രണ്ടു നിലകളിൽ ഫ്ളാറ്റുകളുമാണ് ഈ ബിൽഡിംഗിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ ബിൽഡിംഗ് പൂർണമായും തകർന്നു. അഗ്നിനാളങ്ങൾ ഇരുപതിലേറെ മീറ്റർ ഉയരത്തിൽ കത്തി. കനത്ത പുകയും പൊടിപടലവും പരിസരത്ത് നിറഞ്ഞു. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ അറുപതോളം വീടുകൾ പോലീസ് ഒഴിപ്പിച്ചിരുന്നു.

സംഭവത്തെ തുടർന്ന് ആറു ഫയർ യൂണിറ്റുകളും പോലീസ്, ആംബുലൻസ് സർവീസുകളും സ്ഥലത്ത് കുതിച്ചെത്തി. ഹിക്ക് ലി റോഡും കാർസിൽ റോഡും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഈ ഏരിയയിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. പോലീസിലെ വിവിധ വിഭാഗങ്ങളും ഡോഗ് സേർച്ച് ടീമും ഫയർഫോഴ്സും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ പേർ ബിൽഡിംഗിൽ ഉണ്ടായിരുന്നോ എന്ന് അറിവില്ല. സ്ഫോടന കാരണം ഇത് വരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ശക്തമായ സ്ഫോടനത്തില്‍ സമീപത്തുള്ള വീടുകള്‍ വരെ കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

“നഴ്സായി ജോലി ചെയ്ത ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഇനി എൻറെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കണം”. മോണിക്ക ബുൾമാൻ പറയുന്നു. യുകെയിൽ ഏറ്റവും കൂടുതൽ സർവീസുള്ള നഴ്സാണ് മോണിക്ക ബുൾമാൻ. എൻഎച്ച്എസിൽ 66 വർഷം നഴ്സായി ജോലി ചെയ്ത മോണിക്ക റിട്ടയർ ചെയ്യുകയാണ്. എൻഎച്ച്എസിന് നാല് വർഷം പ്രായമുള്ളപ്പോൾ ആണ് മോണിക്ക ബുൾമാൻ സ്റ്റേറ്റ് എൻറോൾഡ് നഴ്സായി ജോലിക്ക് കയറിയത്. എൻഎച്ച്എസ് ആരംഭിച്ചത് 1948 ജൂലൈ 5 നാണ്. 1952 ൽ തൻറെ പത്തൊമ്പതാം വയസിൽ എൻഎച്ച്എസിൽ ട്രെയിനിയായി നഴ്സിംഗ് കരിയർ തുടങ്ങിയ മോണിക്ക ബുൾമാൻ 1957 ൽ സ്റ്റേറ്റ് രജിസ്റ്റേർഡ് നഴ്സ് എന്ന ഇപ്പോഴത്തെ രജിസ്റ്റേർഡ് ജനറൽ നഴ്സിന് തുല്യമായ പോസ്റ്റിൽ നിയമിക്കപ്പെട്ടു.

മോണിക്ക ബുൾമാന് ഇപ്പോൾ പ്രായം 84 ആണ്. ഡെവണിലെ ടോർബെ ഹോസ്പിറ്റലിൽ ഹച്ചിങ്ങ്സ് വാർഡിൽ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എൻഡോസ്കോപി യൂണിറ്റിലെ സ്പെഷ്യലിസ്റ്റ് ഔട്ട് പേഷ്യന്റ് സർജിക്കൽ ക്ലിനിക്ക് ടീമിലെ മെമ്പറാണ് രജിസ്റ്റേർഡ് ജനറൽ നഴ്സായ മോണിക്ക. എൻഎച്ച്എസിലെ തൻറെ ജോലി ജീവിതത്തിലെ തന്നെ ഒരു പ്രധാന അദ്ധ്യായമായിരുന്നുവെന്ന് മോണിക്ക പറയുന്നു. നഴ്സിൻറെ യൂണിഫോം അഴിച്ചു വയ്ക്കാൻ സമയമായി എന്നാണ് കരുതുന്നതെന്ന് അവർ പറഞ്ഞു. നഴ്സായി എന്നും ജോലിയ്ക്ക് വന്നിരുന്ന ആ ദിനങ്ങളിലെ ഓർമ്മകളിൽ നിന്ന് പെട്ടെന്ന് മുക്തമാകാൻ കഴിയില്ലെന്ന് മോണിക്ക കരുതുന്നു.

തൻറെ 66 വർഷത്തെ നഴ്സിംഗ് സേവനത്തിനിടയിൽ ആരോഗ്യ രംഗത്തെ നിരവധി മാറ്റങ്ങൾക്ക് മോണിക്ക ബുൾമാൻ സാക്ഷ്യം വഹിച്ചു. ടെക്നോളജിയുടെ മാറ്റം അത്ഭുതകരമായിരുന്നുവെന്ന് അവർ അഭിപ്രായപ്പെടുന്നു. പേപ്പർ വർക്കുകൾ കൂടിയെങ്കിലും എക്സ് റേ അടക്കമുള്ള ടെസ്റ്റ് റിസൾട്ടുകൾക്ക് നീണ്ട കാത്തിരിപ്പ് ആവശ്യമില്ലെന്നതും ഒരു ബട്ടൺ അമർത്തിയാൽ അത് സ്ക്രീനിൽ തെളിയുമെന്നതും അത്ഭുതകരമായ മാറ്റങ്ങളാണെന്ന് മോണിക്ക പറഞ്ഞു.  യൂണിഫോം പല തവണ മാറി. എന്നാൽ നഴ്സായ തനിക്ക് യൂണിഫോം ഒരു പ്രത്യേക ഗ്ലാമറാണ് തന്നിരുന്നതെന്ന് അവർ സന്തോഷപൂർവ്വം ഓർക്കുന്നു.  1957 ൽ ആദ്യമായി യൂണിഫോമിട്ടപ്പോൾ ഉപയോഗിക്കാനായി വാങ്ങിയ ബെൽറ്റാണ് 66 വർഷത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൻറെപടിയിറങ്ങുമ്പോഴും മോണിക്ക ബുൾമാൻ ഉപയോഗിച്ചിരുന്നത്. പതിനായിരക്കണക്കിന് രോഗികളെയാണ് മോണിക്ക ബുൾമാൻ തൻറെ ആറു ദശകത്തിലേറെ നീണ്ടു നിന്ന കരിയറിൽ ശുശ്രൂഷിച്ചത്.

ലണ്ടനിലെ എൽതാം ഹോസ്പിറ്റലിൽ ആണ് 1952 ൽ നഴ്സിംഗ് ട്രെയിനിയായി  മോണിക്ക തുടക്കമിടുന്നത്. 1954 ൽ സെൻറ് ജോൺസ് ലണ്ടനിൽ ജോലിയാരംഭിച്ചു. സെൻറ് ജോൺസിൽ തീയറ്റർ നഴ്സായി 1959 വരെയും ജോലി ചെയ്തു. പിന്നീട് വിവിധ ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത മോണിക്ക 1968 ൽ ടോർക്വെയിലേയ്ക്ക് ഭർത്താവിനും രണ്ടു പുത്രന്മാരോടുമൊത്ത് താമസം മാറ്റുകയും ഏജൻസി നഴ്സായി കരിയർ തുടരുകയും ചെയ്തു. 1998 ൽ റിട്ടയർമെന്റ് പ്രായമെത്തിയെങ്കിലും കരിയർ തുടരാൻ തന്നെയായിരുന്നു മോണിക്കയുടെ തീരുമാനം. 1998 ലാണ് ടോർബെ ഹോസ്പിറ്റലിൽ ജോലിയാരംഭിച്ചത്.

നല്ല അനുഭവങ്ങളുടെയും സുഹൃദ് ബന്ധങ്ങളുടെയും നീണ്ട നാളുകളാണ് തൻറെ കരിയർ നല്കിയതെന്ന് മോണിക്ക ബുൾമാൻ സന്തോഷത്തോടെ ഓർക്കുന്നു. പുസ്തകങ്ങൾ വായിച്ചും ലോക്കൽ സ്കിറ്റിൽ ക്ലബ്ബിൽ സമയം ചിലവഴിച്ചും റിട്ടയർമെന്റ് ആഘോഷിക്കാനാണ് മോണിക്ക ബുൾമാന്റെ പ്ലാൻ. കുടുംബത്തോടും കൊച്ചുമക്കളോടുമൊപ്പം ബാക്കിയുള്ള ജീവിതം സന്തോഷത്തോടെ കഴിയാനാണ് യുകെയിലെ ഏറ്റവും കൂടുതൽ സർവീസുള്ള നഴ്സിൻറെ ആഗ്രഹം.

ലോകത്തിലെ ആദ്യത്തെ ഇരട്ട അപ്പേര്‍ച്ചര്‍ ക്യാമറ ഫോണുകള്‍ പുറത്തിറക്കി സാംസഗ്. ഗാലക്‌സി എസ്9, എസ്9 പ്ലസും വിപണയില്‍ വന്‍ നേട്ടമുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ മോഡലുകളിലെ ക്യാമറകള്‍ സ്മാര്‍ട്ട് ഫോണ്‍ ഇനത്തില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഴയ മോഡലുകളെപ്പോലെ തന്നെ ഫുള്‍ ടച്ച് സ്‌ക്രീനുമായി എത്തിയിരിക്കുന്ന ഗാലക്‌സി എസ്9, എസ്9 പ്ലസ് അതിന്റെ ഡ്യുയല്‍ അപ്പേര്‍ച്ചര്‍ ക്യാമറ ഫീച്ചറുകൊണ്ടാണ് വ്യത്യസ്തമാകുന്നത്. ബാര്‍സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് തങ്ങളുടെ പുതിയ മോഡല്‍ സാംസഗ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫോണുകള്‍ രണ്ട് വ്യത്യസ്ത മോഡലുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണി കീഴടക്കിയ മോഡല്‍ ഗാലക്‌സി എസ്8ന്റെ പാത പിന്തുടര്‍ന്നാണ് പുതിയ ഫോണുകളും എത്തിയിരിക്കുന്നത്.

മുന്‍വശത്ത് ഗ്ലാസ് കവറിംഗും മെറ്റല്‍ ഫ്രൈം ബാക്ക് കവറുമായെത്തുന്ന പുതിയ മോഡലുകളില്‍ വാട്ടര്‍ പ്രൂഫ് സംവിധാനവും വയര്‍ലെസ് ചാര്‍ജിംഗ് സിസ്റ്റവും ഹെഡ് ഫോ്ണ്‍ സോക്കറ്റുമുണ്ട്. ഗാലക്‌സി എസ്9 സ്‌ക്രിനിന്റെ വലിപ്പം 5.8 ഇഞ്ചാണ്. ഇതോടപ്പം പുറത്തിറങ്ങിയ ഗാലക്‌സി എസ്9പ്ലസിന് എസ്9 നെക്കാളും വലിയ സ്‌ക്രീനുകളാണ്. 6.2 ഇഞ്ചസാണ് എസ്9 പ്ലസിന്റെ സ്‌ക്രീനിന്റെ വലിപ്പം. ഇരു ഫോണുകളും 8.5 മില്ലീമീറ്റര്‍ തിക്ക് ബോഡിയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്കും സമാന കട്ടിയോടു കൂടിയ ബോഡിയാണ് ഉണ്ടായിരുന്നത്. സ്റ്റീരിയോ സ്പീക്കറുകളോട് കൂടിയ മോഡല്‍ സാധാരണ മൊബൈലുകളുടെ ശബ്ദ സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തും. മുന്‍കാല മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി സ്‌ക്രീനിന്റെ താഴെത്തും മുകളിലുമായി സ്‌ക്രീന്‍ എലമെന്‍സുകള്‍ കുറച്ചിട്ടുണ്ട്. ഗാലക്‌സ് എസ്9 അപേക്ഷിച്ച് മെമ്മറി കപ്പാസിറ്റി കൂടുതലുള്ളത് എസ്9 പ്ലസിനാണ്.

ഇരട്ട ക്യാമറ സംവിധാനത്തോടു കൂടിയാണ് പുതിയ മോഡലുകള്‍ എത്തിയിരിക്കുന്നത്. സാംസഗ് മോഡലായ നോട്ട് 8 ന്റെ അതേ രീതിയിലാണ് പുതിയ മോഡലുകളിലും ക്യാമറകള്‍ ക്രമീകരിച്ചിരിക്കുന്നത്. ടെലിഫോട്ടോ സംവിധാനവും ഇവയ്ക്കുണ്ടാകും. ഇരു മോഡലുകളിലും ഘടിപ്പിച്ചിരിക്കുന്ന വൈഡ് ആംഗിള്‍ ക്യാമറകള്‍ സ്മാര്‍ട് ഫോണ്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 12 മെഗാ പിക്‌സല്‍ ക്യാമറകള്‍ക്ക് ഇരട്ട അപ്പേര്‍ച്ചര്‍ സംവിധാനമുണ്ട്. 1.5 വരെ എഫ് സ്‌റ്റോപ്പുകളില്‍ നിന്ന് ചിത്രങ്ങളെടുക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. കുറഞ്ഞ പ്രകാശമുള്ള സ്ഥലങ്ങളെ പകര്‍ത്തുന്നതിന് ഇത് സഹായിക്കും. കൂടുതല്‍ പ്രകാശമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിനായി 2.4 വരെ എഫ്‌സ്‌റ്റോപ് ലഭ്യമാണ്. മനുഷ്യന്റെ കണ്ണുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപോലെ സാധ്യമാകുന്നവയെ നിര്‍മ്മിക്കുകയാണ് ശ്രമമെന്ന് സാംസഗ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ പറഞ്ഞു.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജീവനക്കാരെ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കരുതെന്ന നിയമത്തില്‍ യൂറോപ്പ്യന്‍ ടോപ് കോടതി ഇളവ് അനുവദിച്ചു. ആവശ്യമെങ്കില്‍ ഗര്‍ഭിണികളേയും ജോലിയില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. സ്പാനിഷ് ധനകാര്യ സ്ഥാപനമായ ബാങ്കിയക്കെതിരെ ജീവനക്കാരിയായ ജസീക്ക പൊറാസ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി.

ചെലവ് ചുരുക്കലിന്റെ പേരില്‍ ബാങ്കിയ പുറത്താക്കിയ ജീവനക്കാരുടെ കൂട്ടത്തില്‍ ജസീക്കയും ഉണ്ടായിരുന്നു. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഇത്തരം നടപടിക്ക് വിധേയയാതെന്നും യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ച് തന്നെ പുറത്താക്കാന്‍ ബാങ്കിയക്ക് അവകാശമില്ലെന്നും ജസീക്ക ഹര്‍ജിയില്‍ വാദിച്ചു. ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ മെറ്റേണിറ്റി ലീവ് കഴിയും വരെ ജീവനക്കാരെ പുറത്താക്കുന്നതില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ നിയമം സ്ഥാപനങ്ങളെ വിലക്കുന്നുണ്ട്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കാരണത്താല്‍ പുറത്താക്കരുതെന്നാണ് ഈ നിയമം അനുശാസിക്കുന്നത്.

ജസീക്കയുടെ വിഷയം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്ന സാഹചര്യങ്ങളില്‍ ഗര്‍ഭിണികളും ഉള്‍പ്പെട്ടേക്കാം. എന്നാല്‍ പിരിച്ചുവിടുന്നതിന്റെ കാരണം ജീവനക്കാരെ രേഖാമൂലം അറിയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അധിക ജീവനക്കാരെ പുറത്താക്കുന്ന പട്ടിക തയ്യാറാക്കുന്നതിന് സ്ഥാപനം സ്വീകരിച്ച മാനദണ്ഡങ്ങളും അവരെ അറിയിക്കണം.

ഗര്‍ഭകാലത്തും കുട്ടികള്‍ ഉണ്ടായ ശേഷവും സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് മൂലം ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങള്‍ ഓരോവര്‍ഷവും വലിയ തുക നഷ്ടം വരുത്തുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. 280 മില്ല്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ നഷ്ടം വരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. പിരിച്ച് വിടുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക, പുതിയ ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവയും പരിചയമുള്ള ജീവനക്കാര്‍ പോകുന്നത് മൂലമുള്ള ഉത്പാദന നഷ്ടവുമെല്ലാം കണക്കാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്. സ്ത്രീ ജീവനക്കാരില്‍ പത്തില്‍ ഒരാള്‍ കുട്ടികള്‍ ഉണ്ടായ ശേഷം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പറയുന്നു. ഓരോ വര്‍ഷവും 54000 സ്ത്രീകള്‍ക്കാണ് ഇങ്ങനെ തൊഴില്‍ നഷ്ടമാകുന്നത്.

Copyright © . All rights reserved