Main News

സാധാരണ ഉപയോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഒരു നീണ്ട പട്ടിക ഇനി മുതല്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനുകളില്‍ ഉണ്ടാകില്ല. മെയ് 31 മുതല്‍ ചില മരുന്നുകള്‍ എന്‍എച്ച്എസില്‍ നിന്ന് ലഭിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ചുമ മരുന്ന്, ഐ ഡ്രോപ്‌സ്, വിരേചന മരുന്നുകള്‍, സണ്‍ ക്രീമുകള്‍, ആന്റി ഡാന്‍ഡ്രഫ് ഷാംപൂ, പാരസെറ്റമോള്‍ തുടങ്ങി ലഭ്യമല്ലാതാകുന്ന മരുന്നുകളുടെ പട്ടികയും എന്‍എച്ച്എസ് പ്രസിദ്ധീകരിച്ചിരുന്നു. മലബന്ധം, ചെറിയ പൊള്ളലുകള്‍, ഗുരുതരമല്ലാത്ത നടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികിത്സയും ഇനി മുതല്‍ ആശുപത്രികളില്‍ നിന്ന് ലഭ്യമാകില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന എന്‍എച്ച്എസിന് ഇതിലൂടെ വര്‍ഷം 100 മില്യന്‍ പൗണ്ട് മിച്ചംപിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഹെല്‍ത്ത് സര്‍വീസ് നേരിട്ട ഏറ്റവും മോശം വിന്ററിനു ശേഷമാണ് ഈ തീരുമാനം. നിരവധി ഓപ്പറേഷനുകള്‍ കഴിഞ്ഞ വിന്ററില്‍ മാറ്റിവെക്കേണ്ടതായി വന്നിരുന്നു. അടുത്ത വിന്ററിലെങ്കിലും പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. അതിനൊപ്പമാണ് പണം ലാഭിക്കാനുള്ള ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ എന്‍എച്ച്എസ് ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമായത്.

മിച്ചം പിടിക്കുന്ന പണം അത്യാവശ്യ കാര്യങ്ങള്‍ക്കായി നീക്കിവെക്കാനുള്ള നിര്‍ദേശത്തെ എന്‍എച്ച്എസ് ഒഫീഷ്യലുകളില്‍ ഭൂരുപക്ഷവും പിന്തുണച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വസ്തുക്കളാണ് എന്‍എച്ച്എസ് വിതരണം ചെയ്യുന്നതെന്ന് നേരത്തേ വിവാദമുയര്‍ന്നിരുന്നു. ചികിത്സക്കായുള്ള ഫണ്ടില്‍ നിന്നാണ് ഇത്തരം വസ്തുക്കള്‍ക്കായി അനാവശ്യ ചെലവഴിക്കല്‍ ഉണ്ടാകുന്നതെന്നായിരുന്നു വിവാദം.

ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു മൂന്ന് ലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിക്കുന്നു. അപകടങ്ങള്‍ക്ക് വഴിവെക്കാവുന്ന ഗുരുതരമായ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഓടുന്നതിനിടയില്‍ എന്‍ജിന്‍ അപ്രതീക്ഷിതമായി നിന്നുപോകുന്നതാണ് തകരാറ്. ഈ തകരാര്‍ കാരണമുണ്ടായ അപകടത്തില്‍ ഒരു മുന്‍ ഗൂര്‍ഖ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 36,140 പെട്രോള്‍ കാറുകള്‍ കമ്പനി തിരികെ വിളിക്കുകയും ചെയ്തു. എന്നാല്‍ 2007 മാര്‍ച്ചിനും 2011 ഓഗസ്റ്റിനുമിടയില്‍ നിര്‍മിച്ച വണ്‍ സീരീസ്, 3 സീരീസ്, Z4, X1 പെട്രോള്‍, ഡീസല്‍ മോഡലുകളിലെല്ലാം ഈ സുരക്ഷാപ്രശ്‌നമുണ്ടെന്ന് വ്യക്തമായതോടെ 3,12,000 കാറുകള്‍ തിരികെ വിളിച്ചിരിക്കുകയാണ്.

2016 ക്രിസ്മസ് ദിനത്തിലാണ് നാരായണ്‍ ഗുരുങ് എന്ന് മുന്‍ ഗൂര്‍ഖ സൈനികന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹവും ഭാര്യയും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫിയസ്റ്റ ഹാംപ്ഷയറിലെ എ- റോഡില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. എന്‍ജിന്‍ നിലച്ചതുമൂലം നടുറോഡില്‍ നിന്നുപോയ ഒരു ബിഎംഡബ്ല്യു ബ്ലാക്ക് 3 സീരീസ് കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കാര്‍ ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ തകരാറാണ് കാര്‍ നിന്നുപോകാന്‍ കാരണമായത്. ബ്രേക്ക്‌ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. അപകടത്തിനു പിന്നാലെ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ തകരാര്‍ ബിഎംഡബ്ല്യു കാറുകളില്‍ വ്യാപകമായുണ്ടാകാനിടയുണ്ടെന്ന് വ്യക്തമായത്.

അടുത്ത മൂന്നാഴ്ചയില്‍ ബിഎംഡബ്ല്യു കാറുകളുടെ ഉടമസ്ഥരെ നിര്‍മാതാക്കള്‍ ബന്ധപ്പെടുമെന്ന് വക്താവ് അറിയിച്ചു. ഒരു പ്ലഗ് മാറ്റിവെച്ചാല്‍ മാത്രം മതിയാകുമെന്നതിനാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാനാകുമെന്നും വക്താവ് പറഞ്ഞു. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായത് കാറുകളുടെ ഇലക്ട്രിക്കല്‍ തകരാറാണെന്നത് കമ്പനി ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ഡിവിഎല്‍എ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൂള്‍വര്‍ഹാംപ്ടണിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ യുവതി സരബ് ജിത് കൗറിന്റെ (38) ഘാതകന്‍ ഭര്‍ത്താവും ബിസിനസുകാരനുമായ ഗുര്‍പ്രീത് സിംഗ് തന്നെയാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മോഷണ ശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍ യുവതിയെ കൊന്നുവെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്ന് വന്നതെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് അന്വേഷണത്തിനിടയില്‍ തെളിവുകള്‍ സഹിതം വ്യക്തമാവുകയായിരുന്നു. ഇതോടെ ഈ ബിസിനസ് കുടുംബത്തില്‍ സംഭവിച്ചത് എന്തെന്നറിയാതെ നാട്ടുകാര്‍ വലയുകയാണ്. അന്ന് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഭര്‍ത്താവ് തന്നെയാണ് യുവതിയുടെ മരണത്തിന് ഉത്തരവാദിയെന്നാണ്വെ ഇപ്പോള്‍ളിപ്പെട്ടിരിക്കുന്നത്.

വൂള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള റൂകെറി ലെയ്നിലെ വീട്ടിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് കൗര്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ കൗറിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗിന്റെ മേല്‍ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തുവെന്നാണ് ഇന്നലെ വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് വെളിപ്പെടുത്തിയത്. വൂള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള കോള്‍വേ അവന്യൂവില്‍ താമസിക്കുന്ന 42 കാരനായ സിംഗിനെ ഇന്ന് ബര്‍മിംഗ്ഹാമിലെ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

പ്രദേശവാസികളെ ഞെട്ടിച്ച ഈ കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം വെളിച്ചത്ത് കൊണ്ട് വരാന്‍ തങ്ങള്‍ സമഗ്രമായ അന്വേഷണത്തിലാണെന്നാണ് വെസ്റ്റ് മിഡ്ലാന്റ്സ് പോലീസിലെ ഹോമിസൈഡ് ടീമിലെ ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ ക്രിസ് മാല്ലെറ്റ് വെളിപ്പെടുത്തുന്നത്. ഭര്‍ത്താവ് തന്നെയാണ് ഘാതകന്‍ എന്ന് കണ്ടെത്തിയത് കേസ് അന്വേഷണത്തിലൂടെ സുപ്രധാന ചുവട് വയ്പാണെന്നും കൗറിന്റെ കുടുംബവും സുഹൃത്തുക്കളും കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കൗറിന്റെ കൊലപാതകത്തിന് ശേഷം ആ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കാണാതെ പോയതിനാല്‍ പോലീസ് ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് ആ വീട്ടില്‍ സാധനങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലും ചിലത് നശിപ്പിച്ച നിലയിലുമായിരുന്നുവെന്നും നിരവധി സാധനങ്ങള്‍ കളവ് പോയിരുന്ന നിലയിലുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. താന്‍ ഫെബ്രുവരി 16ന് രാവിലെ ധാന്‍ഡ പ്രോപ്പര്‍ട്ടീസ് യുകെ ലിമിറ്റഡില്‍ ജോലിക്ക് പോകുന്നതിന് മുമ്പായിരുന്നു ഭാര്യയെ അവസാനമായി കണ്ടിരുന്നതെന്നാണ് അന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നത്. ഈ സ്ഥാപനത്തില്‍ കമ്പനി ഡയറക്ടറായിട്ടാണ് സിംഗ് ജോലി ചെയ്യുന്നത്.

നാല് ബെഡ്റൂമുകളുള്ള ആ വീട്ടില്‍ ജാഗ്വര്‍, മെര്‍സിഡെസ് എന്നീ കാറുകളുടക്കം ആഢംബരത്തിലാണ് ആ കുടുംബം ജീവിച്ചിരുന്നതെന്നാണ് അയല്‍വാസികള്‍ വെളിപ്പെടുത്തിയിരുന്നത്. കൊല്ലപ്പെട്ട കൗര്‍ വളരെ ദാനശീലയായിരുന്നുവെന്നും സമ്മാനങ്ങളും മധുരപലഹാരങ്ങളും ഏവര്‍ക്കും കൈമാറാന്‍ അവര്‍ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും ഒരു അയല്‍വാസി വേദനയോടെ ഓര്‍ക്കുന്നു. കൗര്‍ ബോധരഹിതയായി കിടക്കുന്ന നിലയില്‍ താന്‍ ആദ്യം അവരെ കണ്ടെന്നായിരുന്നു അന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പാരാമെഡിക്‌സ് എത്തി അവരുടെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നുവെന്നുമായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ഇവരുടെ നാല് ബെഡ്‌റൂം വീട് വ്യാപകമായ രീതിയില്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്ന് സ്ഥിരീകരിക്കുകും ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള നിരവധി വസ്തുക്കളാണ് കാണാതായിരുന്നത്. മതിലും ഗേയ്റ്റുമടക്കം എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളും ആഢംബരങ്ങളുമുളള്ള വീട്ടില്‍ കവര്‍ച്ച നടന്നത് അന്ന് ഏവരുടെയും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കൗറിന്റെ കൊലപാതകത്തോടെ ഇവിടെയുള്ള ഇന്ത്യന്‍ വംശജരുടെ ഭയാശങ്കയേറുകയും ചെയ്തിരുന്നു.

കൗറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 42ഉം 32ഉം വയസുള്ള പുരുഷന്‍മാര്‍, 39 വയസുളള സ്ത്രീ എന്നിവരെയാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നത്. ഡ്രസ് മേയ്ക്കറായ കൗറിന്റെ കസ്റ്റമര്‍മാരെന്ന നിലയില്‍ എത്തിയ ഇവര്‍ കൗറിനെ കൊല ചെയ്യുകയായിരുന്നുവെന്നായിരുന്നുവെന്നാണ് അന്ന് പോലീസ് അനുമാനിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവ് തന്നെയാണ് കൊലപാതകിയെന്ന് തെളിഞ്ഞതോടെ അന്വേഷണം ഇപ്പോള്‍ വഴി മാറിയിരിക്കുകയാണ്.

വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ യുകെയില്‍ ശക്തമായ നിയമം വരുന്നു. വിദ്വേഷ പ്രചാരകന്‍ എതെങ്കിലും അതോറിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണെങ്കില്‍ ശിക്ഷ കടുത്തതാകും. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരുടെ സമൂഹത്തിലുള്ള സ്വാധീനത്തിന് അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുകയെന്ന് പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ശിക്ഷ വിധിക്കുമ്പോള്‍ പ്രചാരകന്റെ ഫോളോവേഴ്‌സിന്റെ എണ്ണമായിരിക്കും പരിശോധിക്കുക. പ്രചാരണം കൂടുതല്‍ പേരിലെത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ കടുത്ത ശിക്ഷ കുറ്റാരോപിതന് ലഭിക്കും. ദി സെന്റന്‍സിംങ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സാണ് പുതിയ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്. നിറം, മതം, ലൈംഗികാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളില്‍ വിദ്വേഷം നിറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പുതിയ ഭേദഗതി പ്രകാരം കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.

സമൂഹം ബഹുമാനിക്കുന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ നടത്തുന്ന വിദ്വേഷം കലര്‍ന്ന പ്രചരണങ്ങള്‍ ഇനി മുതല്‍ കടുത്ത കുറ്റമായി കണക്കാപ്പെടും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്താന്‍ കോടതികള്‍ക്ക് കഴിയും. സമൂഹത്തില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. ജനങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ തകര്‍ക്കുന്നതിനും ചിലരുടെ ജീവന് തന്നെ ഭീഷണിയായും ഇത്തരം ക്യാംമ്പയിനുകള്‍ മാറാനുള്ള സാധ്യതകളുണ്ടെന്നും ദി സെന്റന്‍സിംങ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് വ്യക്തമാക്കുന്നു. ഇന്നത്തെ സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ളവര്‍ നടത്തുന്ന ക്യാംമ്പയിനുകളും വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്നവയാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ പ്രവര്‍ത്തിക്കുന്നവരുടെ വിദ്വേഷ പരാമര്‍ശങ്ങളും കടുത്ത ശിക്ഷ ലഭിക്കാന്‍ പാകത്തിനുള്ള കുറ്റങ്ങളുടെ ഗണത്തില്‍പ്പെടും. ക്യാംമ്പയിനിന്റെ/പരാമര്‍ശത്തിന്റെ ഓഡിയന്‍സ് റീച്ച് അനുസരിച്ചായിരിക്കും കോടതി ശിക്ഷ തീരുമാനിക്കുക. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ നടത്തുന്ന തീവ്രസ്വഭാവമുള്ള പ്രസംഗങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കഴിയുന്നതാണെന്ന് സെന്റന്‍സിംങ് കൗണ്‍സില്‍ നിരീക്ഷിച്ചു. വിവേചന പരമാര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കുന്നതും കുറ്റകരമാണ്. ചില പ്രത്യേക വിഭാഗങ്ങളെ അപമാനിക്കുന്ന ദൃശ്യങ്ങളോ പരമാര്‍ശങ്ങളോ ഉള്‍പ്പെടുന്ന യൂട്യൂബ് കണ്ടന്റുകള്‍ പ്രചരിപ്പിച്ചാലും ശിക്ഷ ഉറപ്പാണെന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നു. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. പ്രചാരണത്തിന്റെ സ്വഭാവം, സ്വാധീനം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുക.

രക്ഷിതാക്കളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ കുരുങ്ങി ദരിദ്രരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ മീലുകള്‍ നിഷേധിക്കപ്പെടുന്നു. നോ റീകോഴ്‌സ് ടു പബ്ലിക് ഫണ്ടിംഗ് (NRPF) എന്ന അവസ്ഥയിലുള്ള കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കില്ല. അങ്ങേയറ്റം ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇത്തരക്കാരുടെ കുട്ടികള്‍ക്കാണ് സ്‌കൂളുകളില്‍ നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണം പോലും നിഷേധിക്കപ്പെടുന്നത്. വിഷയത്തില്‍ ക്യാംപെയിനര്‍മാരും ഹെഡ്ടീച്ചര്‍മാരും ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എസെക്‌സിലെ ഇല്‍ഫോര്‍ഡിലുള്ള ഡൗണ്‍ഷാള്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായ ഇയാന്‍ ബെന്നറ്റ് തന്റെ സ്‌കൂളില്‍ ഈ വിധത്തില്‍ ഭക്ഷണം നിഷേധിക്കപ്പെട്ട 12 കുട്ടികള്‍ക്കു വേണ്ടി എജ്യുക്കേഷന്‍ ബജറ്റില്‍ നിന്ന് പണമെടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി.

കടുത്ത് ഇമിഗ്രേഷന്‍ പോളിസികള്‍ ഈ കുരുന്നുകള്‍ക്ക് ശിക്ഷയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് കുറച്ചുകൂടി സ്‌നേഹത്തോടെയുള്ള പരിഗണനയാണ് ആവശ്യം. സര്‍ക്കാര്‍ നയം ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നുണ്ട്. ഇതിന് ഇമിഗ്രേഷന്‍ സ്റ്റാറ്റസോ അഭയാര്‍ത്ഥിയാണോ എന്ന പരിഗണനകളൊന്നുമില്ല. എന്നാല്‍ ഇതിലും മുതിര്‍ന്നവര്‍ക്ക് സൗജന്യ മീലുകള്‍ അവരുടെ രക്ഷിതാക്കള്‍ ബെനഫിറ്റുകള്‍ക്ക് അര്‍ഹരാണോ എന്നതും എന്‍ആര്‍പിഎഫ് അവസ്ഥയും പരിഗണിച്ചു മാത്രമാണ് നല്‍കുന്നത്.

ഇവരില്‍ പലര്‍ക്കും ഭക്ഷണത്തിന് പണം നല്‍കാനുള്ള സാഹചര്യങ്ങളുമില്ലെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ സഹായമാവശ്യപ്പെട്ട് ബെന്നറ്റ് ലോക്കല്‍ കൗണ്‍സിലിന് കത്തയച്ചെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരു കുട്ടിക്ക് പോലും ഇമിഗ്രേഷന്‍ സ്റ്റാറ്റസിന്റെ പേരില്‍ സൗജന്യ ഭക്ഷണം നിഷേധിക്കപ്പെടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും 2012ല്‍ അവതരിപ്പിക്കപ്പെട്ട ഫാമിലി മൈഗ്രേഷന്‍ റൂള്‍ അനുസരിച്ച് പരിമിത കാലത്തേക്ക് യുകെയില്‍ താമസ സൗകര്യം അനുവദിച്ചിരിക്കുന്നവര്‍ക്ക് ബെനഫിറ്റുകള്‍ ലഭ്യമാകില്ല. കുട്ടികളുള്ള കുടുംബങ്ങള്‍ക്കു പോലും ഇത് ലഭിക്കില്ല. ഈ നയത്തിന്റെ ഇരകളാകുകയാണ് കുട്ടികള്‍ എന്നാണ് വിലയിരുത്തല്‍.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അങ്ങേയറ്റം പ്രവചനാതീതമാണ് തെരഞ്ഞെടുപ്പ് ചിത്രം. തീരദേശ മേഖലയില്‍ ഹിന്ദുത്വ പ്രചാരണത്തിന്റെ ബലത്തില്‍ ബിജെപി മുന്നേറ്റം നടത്തുമെന്ന് കരുതപ്പെടുന്നു. മധ്യ കര്‍ണാടകത്തില്‍ യെദിയുരപ്പ ഈശ്വരപ്പ ദ്വന്ദത്തിന്റെ കരുത്തില്‍ ബിജെപി മുന്നേറുമെന്നാണ് സൂചന. മൈസൂര്‍ മേഖലയില്‍ ജെഡിഎസുമായാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. ലിംഗായത്ത് ന്യൂനപക്ഷ പദവി തീരുമാനം കൊണ്ട് നിര്‍ണായകമായ ഉത്തര കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അപ്രവചനീയ പോരാട്ടമാണ് നടക്കുന്നത്. ഹൈദരബാദ് കര്‍ണ്ണാടക മേഖലയില്‍ ഒബിസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍. ബംഗ്ലൂരു നഗര മണ്ഡലങ്ങളില്‍ ബിജെപിയും ഗ്രാമ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മുന്നേറുമെന്ന് കരുതപ്പെടുന്നു.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ആശ്രയിച്ചായിരുന്നു ബിജെപി മുന്നോട്ട് പോയത്. മൂന്നാം കക്ഷിയായ ജെഡിഎസ് തങ്ങളുടെ സ്വാധീന മേഖലകളില്‍ ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചു. രാഷ്ട്രീയമെന്നതിനേക്കാള്‍ വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളാല്‍ നിറഞ്ഞതായിരുന്ന പ്രചാരണ രംഗം.

ലണ്ടന്‍ മേയര്‍ പിയേഴ്‌സ് മോര്‍ഗനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗുഡ്‌മോര്‍ണിംഗ് ബ്രിട്ടന്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍. തന്റെ ടിവി ഷോയില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഒളിച്ചുകളി അവസാനിപ്പിക്കാനും മോര്‍ഗന്‍ സാദിഖ് ഖാനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ ലണ്ടന്‍കാര്‍ക്ക് യാതൊരു സുരക്ഷിതത്വവും നല്‍കുന്നില്ലെന്നും മോര്‍ഗന്‍ സാദിഖ് ഖാനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. കഴിഞ്ഞ വീക്കെന്‍ഡില്‍ ലണ്ടനിലുണ്ടായ അക്രമ സംഭവങ്ങളിലാണ് മേയര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. വെടിവെപ്പും കത്തിക്കുത്തും ഉള്‍പ്പെടെയുള്ള ആക്രമണങ്ങളാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. ഇവയില്‍ ഒരു 17 കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. സൗത്ത്വാര്‍ക്കില്‍ വെച്ച് വെടിയേറ്റ് മരിച്ച നിലയിലാണ് റെയ്‌ഹെയിം എയിന്‍സ്വര്‍ത്ത് ബാര്‍ട്ടന്‍ എന്ന പതിനേഴുകാരനെ കണ്ടെത്തിയത്.

ഹാരോയില്‍ മാതാപിതാക്കളുമൊത്ത് നടക്കുകയായിരുന്ന 13 കാരന്റെ തലക്ക് വെടിയേറ്റിരുന്നു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു 15 കാരന് നേര്‍ക്കുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഈ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു. 2018 തുടക്കം മുതല്‍ ലണ്ടനില്‍ അക്രമസംഭവങ്ങള്‍ പെരുകി വരികയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ 24 മണിക്കൂറോളം നീളുന്ന അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അക്രമങ്ങള്‍ തടയാന്‍ എല്ലാവിധത്തിലുള്ള നടപടിയും സ്വീകരിക്കുമെന്ന് മേയര്‍ പ്രതികരിച്ചിരുന്നു. അക്രമ സംഭവങ്ങളെ താന്‍ അപലപിക്കുകയാണെന്നും മേയര്‍ പറഞ്ഞു.

ലണ്ടന്‍ വാസികളുടെ സുരക്ഷയാണ് തന്റെ പ്രഥമ പരിഗണനയെന്നും മെട്രോപോളിറ്റന്‍ പോലീസുമായി താന്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും മേയര്‍ വ്യക്തമാക്കി. അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പോലീസ് എല്ലാ പരിശ്രമവും നടത്തി വരികയാണെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും സാദിഖ് ഖാന്‍ വ്യക്തമാക്കി.

മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍

ജോജി തോമസ്

കേരള ടൂറിസത്തിന്റെ വന്‍ കുതിച്ചു ചാട്ടത്തിനും അതുവഴി കേരള വികസനത്തിനും വഴിതെളിക്കുന്ന നവീന ആശയവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും കൈകോര്‍ക്കുന്നു. ലോകാത്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധി ശേഖരത്തിന്റെ ദൃശ്യവിരുന്നൊരുക്കി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാര്‍ത്യമാകുകയാണെങ്കില്‍ കേരള തലസ്ഥാനമായ തിരുവനന്തപുരം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറും. ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിനെക്കാള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിവുള്ള അത്ഭുതങ്ങളുടെ വിസ്മയ ലോകമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനും സമീപം തന്നെ പ്രദര്‍ശനശാലയൊരുക്കും. മൂല്യം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ നിധി ശേഖരമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളത്. അതുകൊണ്ടുതന്നെ അറിയപ്പെടാതിരുന്ന ഒരു ലോകാത്ഭുതമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അറകളിലുള്ളത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളുമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി.

പ്രദര്‍ശന ശാലയ്ക്കും സുരക്ഷാചിലവുകള്‍ക്കുമായി 300 കോടി രൂപയോളം ചിലവാകുമെന്ന് കരുതപ്പെടുന്നു. സുപ്രീംകോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുമതി ലഭിക്കുക എന്നതാണ് പദ്ധതി നേരിടുന്ന പ്രധാന കടമ്പ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പിണറായി വിജയനും അല്‍ഫോന്‍സ് കണ്ണന്താനവുമായി അടുത്ത ബന്ധമാണ് ഉള്ളത്. കേരള വികസനത്തിനായി ഇരുവരും കൈ കോര്‍ക്കാന്‍ പദ്ധതി സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകും.

അമൂല്യമായ നിധി ശേഖരം ഒളിപ്പിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 6 നിലവറകളാണ് ഉള്ളത്. ഒരു നിലവറയൊഴിച്ച് ബാക്കിയുള്ളവ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി പരിശോധിച്ചിരുന്ന ഇനിയും തുറക്കാത്ത ബി നിലവറയിലാണ് കൂടതല്‍ നിധിശേഖരമുള്ളതെന്ന് കരുതപ്പെടുന്നു. എന്തായാലും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുകയും സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കുകയും ചെയ്യും.

ടാക്‌സി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഊബര്‍ യാത്രക്കാര്‍ക്കുവേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പറക്കും ടാക്‌സികള്‍ അവതരിപ്പിക്കാനാണ് പദ്ധതി. ലോസ് ആന്‍ജലസില്‍ നടക്കുന്ന എലിവേറ്റ് സമ്മിറ്റില്‍ ഇതിന്റെ മാതൃക ഊബര്‍ അവതരിപ്പിച്ചു. ഹെലികോപ്ടറിന്റെ മാതൃകയില്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന എയര്‍ക്രാഫ്റ്റായിരിക്കും ഇതിനായി ഉപയോഗിക്കുക. തിരക്കേറിയ നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ ഈ പറക്കു ടാക്‌സികള്‍ സഹായിക്കും. 2020 മുതല്‍ ഈ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി.

ഒരു എയര്‍ക്രാഫ്റ്റില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാം. ആദ്യഘട്ടത്തില്‍ പൈലറ്റുമാരുള്ള മോഡലുകളായിരിക്കും അവതരിപ്പിക്കുക. പിന്നീട് സ്വയം പറക്കുന്ന മോഡലുകള്‍ നിലവില്‍ വരും. ഇത് 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. വാഹനത്തിന്റെ മിനിയേച്ചറും പൂര്‍ണ്ണ രൂപത്തിലുള്ള മോഡലും സമ്മിറ്റില്‍ ഊബര്‍ പ്രദര്‍ശിപ്പിച്ചു. ഈ സര്‍വീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണീയത അതിന്റെ നിരക്കാണ്. മൈലിന് 1.50 പൗണ്ട് മാത്രമേ യാത്രക്കാര്‍ക്ക് ചെലവാകൂ എന്നാണ് ഊബര്‍ അവകാശപ്പെടുന്നത്. ഹെലികോപ്ടറിന്റെ മാതൃകയിലുള്ള ഒന്നിലേറെ റോട്ടറുകളിലാണ് ഇത് പറന്നുയരുന്നത്.

എന്നാല്‍ ഇലക്ട്രിക് വാഹനമായതിനാല്‍ ഹെലികോപ്ടറിന്റെയത്ര ശബ്ദമുണ്ടാകില്ലെന്ന മെച്ചവുമുണ്ട്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് 4.20 പൗണ്ട് വീതം ഒരു മൈല്‍ യാത്രക്ക് ചെലവാകുമെങ്കിലും പെട്ടെന്നു തന്നെ നിരക്കുകള്‍ കുറയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങള്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ ഇനി മറ്റൊരു സമീപനം സ്വീകരിക്കേണ്ട സമയം വന്നിരിക്കുകയാണെന്ന് ഊബര്‍ സിഇഒ ദാര ഖോസ്രോഷാഹി പറഞ്ഞു. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് ഫോണുകള്‍ക്കു ഭീഷണിയായി മറ്റൊരു ‘ടെക്സ്റ്റ് ബോംബ്’. പുതിയ ടെക്‌സറ്റ് വൈറസിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് സൈബര്‍ ലോകം. ആന്‍ഡ്രോയിഡ്, ഐഒഎസ് വ്യത്യാസമില്ലാതെ ഫോണുകളെ നിശ്ചലമാക്കുവാന്‍ കഴിവുള്ള മാരക വൈറസുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്ത സന്ദേശമാണ് അപകടം സൃഷ്ടിക്കുക. പരസ്പര ബന്ധമില്ലാത്ത കുറച്ച് അക്ഷരങ്ങളും ഒരു ഇമോജിയും അടങ്ങുന്ന ഒരു കുഞ്ഞു വാട്ട്‌സാപ്പ് സന്ദേശത്തിന് സ്മാര്‍ട്ട് ഫോണുകളെ തകര്‍ക്കാന്‍ കഴിയുമെന്നതാണ് വാസ്തവം. വൈറസിന്റെ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച മൊബൈല്‍ നിര്‍മാതാക്കളുടെ വിശദീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

സന്ദേശം ഇതാണ്: ‘This is very interesting!’ ഇതിന്റെ അവസാനം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഇമോജിയും ഉണ്ടായിരിക്കും. ഡൈഹോ (DieHoe) എന്നു പേരുള്ള റെഡിറ്റ് ഉപയോക്താവ് പറയുന്നത് ആന്‍ഡ്രോയിഡിലെ മാത്രമല്ല ഐഒഎസിലെയും വാട്സാപ്പ് ഈ മെസേജിലൂടെ ക്രാഷ് ആകുന്നു എന്നാണ്. ഈ മെസേജ് കംപ്യൂട്ടറില്‍ നിന്നോ, വാട്സാപ്പ് വെബില്‍ (WhatsApp Web) നിന്നോ ആയിരിക്കും അയയ്ക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്ക് ഈ സന്ദേശങ്ങളെ താങ്ങാനുള്ള റാം (RAM) കപ്പാസിറ്റിയുണ്ടാവില്ലെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. വാട്‌സാപ്പിന്റെ ലെഫ്റ്റ് ടു റൈറ്റ് എന്ന സംവിധാനത്തിന് എതിരായി റൈറ്റ് ടു ലെഫ്റ്റ് എന്ന ഫോര്‍മാറ്റ് ഉപയോഗിക്കുന്നതിനാലാണ് ഫോണ്‍ ഹാംഗ് ആകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു വൈറസ് സന്ദേശവും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ വലച്ചിരുന്നു. If you touch the black point then your WhatsApp will hang.’ എന്നായിരുന്നു മുന്‍പുണ്ടായിരുന്ന മറ്റൊരു വൈറസ് സന്ദേശം. ഈ സന്ദേശത്തിലുള്ള ഒരു കറുത്ത ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഫോണ്‍ പ്രതികരിക്കാതാകും.

വാട്‌സാപ്പ് നിര്‍മ്മാതാക്കള്‍ പുതിയ നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കാനിരിക്കെ പുറത്തു വന്നിരിക്കുന്ന വൈറസ് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. ടെക്സ്റ്റ് ബോംബാണെന്ന് സംശയം തോന്നുന്ന അപരിചതമായ സന്ദേശങ്ങള്‍ തുറക്കാതിരിക്കുകയെന്നതാണ് വൈറസ് ആക്രമണം നേരിടാനുള്ള പോംവഴി. ലഭിക്കുന്ന സന്ദേശങ്ങള്‍ വളരെ സൂക്ഷ്മതയോടെ മാത്രം തുറക്കുക. അതേസമയം പുതിയ ഫീച്ചറുകളുമായി ഉടന്‍ എത്തുമെന്നാണ് വാട്ട്‌സാപ്പിന്റെ ഡയറക്ടര്‍ മുബാറിക് ഇമാം പറയുന്നത്. സ്റ്റിക്കറുകളും ഗ്രൂപ്പ് വീഡിയോ കോളിങും ഉടന്‍ തന്നെ നിലവില്‍ വരും. പുതിയ ഫീച്ചറുകള്‍ വരുന്നതോടെ വാട്‌സാപ്പിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്.

 

RECENT POSTS
Copyright © . All rights reserved