ലണ്ടന്‍: കഞ്ചാവ് ഉല്‍പന്നം ആദ്യമായി വിപണിയിലെത്തിച്ച് ഹെല്‍ത്ത് റീട്ടെയിലര്‍. ഹോളണ്ട് ആന്‍ഡ് ബാരെറ്റ് ആണ് മെഡിസിനല്‍ കഞ്ചാവ് ഓയില്‍ വിപണിയിലെത്തിച്ചത്. ബ്രിട്ടനില്‍ എല്ലായിടത്തും സ്റ്റോറുകളുള്ള റീട്ടെയില്‍ ഭീമനാണ് ഹോളണ്ട് ആന്‍ഡ് ബാരെറ്റ്. ഒരു മാസം മുമ്പാണ് ഈ ഉല്‍പന്നം സ്റ്റോറുകളില്‍ എത്തിയത്. എന്നാല്‍ വില്‍പന ശരവേഗത്തിലാണ് കുതിക്കുന്നത്. 37 ശതമാനം വരെ വില്‍പന ഉയര്‍ന്നുവെന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം 1,25,000 കഞ്ചാവ് ഓയില്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടര ലക്ഷമായി ഉയര്‍ന്നിട്ടുണ്ടെന്ന് കനാബി ട്രേഡ് അസോസിയേഷന്‍ യുകെ അറിയിച്ചു. ആവശ്യക്കാരേറിയതിനാല്‍ ഈ ഉല്‍പന്നത്തിന്റെ നാല് വകഭേദങ്ങള്‍ കൂടി അടുത്ത മാസത്തോടെ സ്‌റ്റോറുകളില്‍ എത്തിക്കുമെന്ന് ഹോളണ്ട് ആന്‍ഡ് ബാരെറ്റ് അറിയിച്ചു.
സിബിഡി ഓയിലിന്റെ ജനപ്രീതിയില്‍ തങ്ങള്‍ അതിശയിച്ചുപോയെന്നാണ് കമ്പനി അറിയിക്കുന്നത്. ഡച്ച് കമ്പനിയായ ജേക്കബ് ഹൂയ്‌സ് ആണ് ഈ ഉല്‍പന്നത്തിന്റെ നിര്‍മാതാക്കള്‍. 0.2 ശതമാനം വരെ മാത്രം സൈക്കോആക്ടീവ് ടെട്രാഹൈഡ്രോ കാനബിനോള്‍ അടങ്ങിയിരിക്കുന്ന ഇത് കാര്യമായ ലഹരിയുണ്ടാക്കില്ല. അതുകൊണ്ട് തന്നെ ഇതിന്റെ വില്‍പന നിയമവിധേയമാണ്.
ലണ്ടന്‍: ‘പിറന്നുവീഴുന്ന നിമിഷം മുതല്‍ അടുത്ത ഏതുനിമിഷവും മരണത്തിനു കീഴടങ്ങാനുള്ള സാധ്യതയാണ് ഒരു മനുഷ്യനു മുമ്പിലുള്ളത്,’ ബ്രിട്ടീഷ് ചരിത്രകാരന്‍ ആര്‍നൊള്‍ഡ് ടോയിന്‍ബി എഴുതി. ‘ഈ സാധ്യത ഒടുവില്‍ ഒരു വസ്തുതയായി മാറുന്നു,’ പ്രിയപ്പെട്ട ഒരു കുടുംബാംഗത്തെയോ ഒരു ഉറ്റ സുഹൃത്തിനെയോ മരണം തട്ടിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദന എത്ര തീവ്രമാണ്! നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരണത്താല്‍ വേര്‍പിരിയുമ്പോള്‍ നാം നിസ്സഹായതയുടെ ആഴക്കയത്തിലേക്ക് ആണ്ടുപോകുന്നു. കുടില്‍തൊട്ടു കൊട്ടാരംവരെ മരണം കയറിയിറങ്ങുന്നു. അത് ആരെയും വിടില്ല. ‘മരണം വരുത്തിവെക്കുന്ന ദുഃഖത്തിനുമുമ്പില്‍ നാമെല്ലാം ഒന്നുമറിയില്ലാത്ത കുട്ടികളെപ്പോലെയാണ്. ഇത്തരത്തിൽ മരണം ഒരു കള്ളനെപ്പോലെ കടന്നു വന്നപ്പോൾ ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത്.
ലണ്ടനിലെ ലെവിഷാമില്‍ മലയാളിയായ ബൈജു (43) വിന്റെ മരണം ഒരു കുടുംബത്തെ മാത്രമല്ല യുകെ മലയാളികളെ ഞെട്ടിച്ച്, ഈ ലോകത്തോട് വിട പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ബൈജു, ലെവിഷാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. എന്നാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ ഡോക്ടര്‍മാര്‍ വെന്റിലേറ്ററിന്റെ സഹായം നിർത്തുകയായിരുന്നു.
ബൈജു കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് ഇരുമ്പയം സ്വദേശിയാണ്. ഭാര്യ നിഷ കുറുപ്പന്തറ മാന്‍വെട്ടം സ്വദേശിനിയാണ്. ബൈജു നിഷ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ലെവിഷാമിലെ മലയാളി സമൂഹം നിഷക്കും കുഞ്ഞുങ്ങള്‍ക്കും ആശ്വാസവും സഹായങ്ങളുമായി ആശുപത്രിയില്‍ എത്തിച്ചേർന്നിട്ടുണ്ട്. ബൈജുവിന്റെ വേർപാട് മൂലം വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ മലയാളംയുകെ ന്യൂസ് ടീം പങ്ക് ചേരുകയും ചെയ്യുന്നു.
ലണ്ടന്‍: ടെസ്‌കോ എക്‌സ്പ്രസ് സ്റ്റോറുകളില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഷോപ്പിംഗിന് ഉപഭോക്താക്കളില്‍ നിന്ന് വീണ്ടും പണമീടാക്കി ടെസ്‌കോ. അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായതോടെയാണ് ഉപഭോക്താക്കളില്‍ പലരും ഇതേക്കുറിച്ച് അറിയുന്നത്. പലരും ഓവര്‍ഡ്രാഫ്റ്റായെന്ന പരാതിയും ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 300 ടെസ്‌കോ എക്‌സ്പ്രസ് സ്റ്റോറുകളിലെ കാര്‍ഡ് പെയ്‌മെന്റ് സിസ്റ്റത്തിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് ടെസ്‌കോ പിന്നീട് വിശദീകരിച്ചു. ഷോപ്പിംഗ് സമയത്ത് ശരിയായ വിധത്തില്‍ പ്രോസസിംഗ് നടത്താതിരുന്ന കാര്‍ഡുകളില്‍ നിന്നാണ് പണമീടാക്കിയതെന്നാണ് വിശദീകരണം.
നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളില്‍ നടത്തിയ ഷോപ്പിംഗുകളുടെ പണം ഒറ്റയടിക്ക് ഡെബിറ്റ് ടചെയ്യപ്പെട്ടത് കണ്ട് ഉപഭോക്താക്കളുടെ കണ്ണുതള്ളിയെന്ന് മണിസേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്കുണ്ടായ ദുരനുഭവം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയിനിംഗും ആരംഭിച്ചതോടെ ക്ഷമാപണവുമായി ടെസ്‌കോയുടെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ അലെസാന്ദ്ര ബെല്ലിനി എത്തി. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി ബെല്ലിനി എഴുതി.
നേരത്തേ നടത്തിയ ഷോപ്പിംഗില്‍ നടക്കാതെ പോയ പണമിടപാടുകളാണ് ഇപ്പോള്‍ നടന്നതെന്നും അവയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പെന്‍ഡിംഗ് പെയ്‌മെന്റ് എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളില്‍ മൂന്ന് മാസമായി കാണാത്ത തുക പെട്ടെന്ന് പിന്‍വലിക്കപ്പെട്ടത് ഞെട്ടിച്ചെന്ന് ചില ഉപഭോക്താക്കള്‍ പറഞ്ഞു. 9 ട്രാന്‍സാക്ഷനുകള്‍ വരെ ഒറ്റയടിക്ക് നടത്തിയത് കടക്കെണിയിലാക്കിയെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ലണ്ടന്‍: ബിറ്റ്‌കോയിന്‍, എഥീരിയം, റിപ്പിള്‍ മുതലായ മുന്‍നിര ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ മാസം ക്രിപ്‌റ്റോകറന്‍സികളില്‍ വന്‍തോതിലുണ്ടായ ഇടിവിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും ഉണര്‍വുണ്ടായിരിക്കുന്നത്. 2017 അവസാന മാസങ്ങളില്‍ രേഖപ്പെടുത്തിയ വളര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സികളിലുണ്ടായ ഇടിവിനെ ക്രിപ്‌റ്റോപ്പോകാലിപ്‌സ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഈ ഡിജിറ്റല്‍ കറന്‍സികള്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ വിലയിടിവിന് കാരണമായിരുന്നു. എന്നാല്‍ ഇവയെ നിയന്ത്രിക്കുന്നത് തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ഡ്രാഗി പറഞ്ഞതോടെയാണ് വിപണിയില്‍ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഉയര്‍ന്നത്.
ബിറ്റ്‌കോയിന്‍ ഇപ്പോള്‍ 8800 ഡോളര്‍ മൂല്യത്തിലാണ് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ 400 ഡോളറാണ് ഇതിന് വര്‍ദ്ധിച്ചത്. ക്രിപ്‌റ്റോകറന്‍സികളുടെ ചാഞ്ചാട്ടത്തിലുള്ള നഷ്ടസാധ്യതകള്‍ അതിന്റെ ഉപയോക്താക്കള്‍ മനസിലാക്കിയിരിക്കണമെന്നും മരിയോ ഡ്രാഗി പറഞ്ഞു. ഗവണ്‍മെന്റുകള്‍ ക്രിപ്‌റ്റോകറന്‍സികള്‍ നിയന്ത്രിക്കുന്നതിന് കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ട്. അതിനായി പുതിയ നിയമങ്ങളും അവതരിപ്പിക്കുന്നു. ഇവയാണ് ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രിപ്‌റ്റോകറന്‍സികളുടെ ലെഡ്ജര്‍ ടെക്‌നോളജിയായ ബ്ലോക്ക്‌ചെയിന്‍ മികച്ചതാണെന്ന് ഡ്രാഗി അഭിപ്രായപ്പെട്ടു. ഒട്ടേറെ സാധ്യതകളും ഗുണങ്ങളുമുള്ള ഒന്നാണ് ഇത്. എന്നാല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് തലവന്‍ അഗസ്റ്റിന്‍ കാഴ്‌സ്‌റ്റെന്‍സ് ക്രിപ്‌റ്റോകറന്‍സികളെ നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ബ്യൂണസ് അയേഴ്‌സില്‍ ചേരുന്ന ജി20 രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് തലവന്‍മാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
മലയാളം യുകെ സ്പെഷ്യൽ
ലെനിന്‍ എന്ന പേര് തനിക്ക് ലഭിച്ചതെങ്ങനെയെന്ന് ലെനിന്‍ തോമസിന് ധാരണയില്ല. ഒരു പക്ഷെ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തിരുന്ന അച്ഛന് റഷ്യയിലെ വിപ്ലവ നായകന്‍ വ്ളാഡിമിര്‍ ലെനിനോട് തോന്നിയ ആരാധനയാവാം മകന് ലെനിന്‍ എന്ന പേര് നല്‍കാന്‍ കാരണം. എന്നാൽ ലെനിന്‍ തൻറെ പേര് അന്വര്‍ത്ഥമാക്കി ജീവിതത്തില്‍ വിപ്ലവ നായകനാവുകയായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ ഒപ്പം പഠിച്ച ബാല്യകാല സഖിയെ ജീവിത പ്രതിസന്ധികളോട് സമരം ചെയ്ത് സ്വന്തമാക്കിയതിലുപരി ഈ വാലൻൈറൻസ് ദിനത്തില്‍ കൊച്ചി വൈപ്പിന്‍ സ്വദേശികളായ ലെനിന്‍ തോമസിൻറെയും ആതിര അഗസ്റ്റിൻറെയും പ്രണയത്തെ ശ്രദ്ധേയമാക്കുന്നത് അതിൻറെ സ്ഥായിയായ ഭാവമാണ്. ഒരുപക്ഷെ പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും ഇഷ്ടങ്ങളിലെയും പ്രണയത്തിലേയും ഈ സ്ഥായിയായ ഭാവമാണ്. പ്രണയത്തെ ആസ്പദമാക്കിയുള്ള നല്ലൊരു ചലച്ചിത്രത്തിന് കഥാതന്തുവാകാന്‍ സാധിക്കുന്നതാണ് ഇവരുടെ പ്രണയത്തിലെ പ്രത്യേകതകള്‍.
നാലാം ക്ലാസ് വരെ ലെനിനും ആതിരയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. മൂന്നാം ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് അറിവിൻറെ ലോകത്തേയ്ക്ക് കൈപിടിച്ച് നടന്നത് രണ്ടുപേര്‍ക്കും ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷെ അന്നൊന്നും അവര്‍ ഓര്‍ത്തിരുന്നില്ല ജീവിതയാത്രയിലുടനീളം പരസ്പരം കൈപിടിക്കാനും കൈത്താങ്ങാകാനും ഉള്ളവരാണ് തങ്ങളെന്ന്. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിട്ടുള്ള സ്‌കൂളിലേയ്ക്ക് പഠനം മാറ്റിയെങ്കിലും രണ്ടുപേരുടേയും കുടുംബങ്ങളുടെ ഇടവക കുഴുപ്പള്ളി സെന്റ് അഗസ്റ്റ്യന്‍ ദേവാലയം ആയിരുന്നത് വേദപഠന ക്ലാസിലൂടെ ബാല്യകാല സൗഹൃദം കാത്തു സൂക്ഷിക്കുവാന്‍ സാധിച്ചു. മനസിലെപ്പോഴോ തോന്നിയ പരസ്പരമുള്ള ഇഷ്ടം ഇവര്‍ തുറന്നു പറയുന്നത് ഹയര്‍ സെക്കന്ററി പഠന കാലത്താണ്. അപ്പോഴേക്കും അഭിരുചികളിലും താല്‍പര്യങ്ങളിലും ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്നവര്‍ കരിയറിലും ഒരേ മേഖല തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിരുന്നു. ലെനിന്‍ ബാംഗ്ലൂരിലും ആതിര കൊച്ചിയിലും നഴ്സിംഗ് പഠനത്തിന് ചേര്‍ന്നു.
പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് രണ്ട് പേര്‍ക്കും ഉണ്ടാകുന്നത്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസൃതമായ മാന്യമായ ജോലി കിട്ടാനുള്ള വൈഷമ്യങ്ങള്‍ തന്നെയാണ് പ്രതിബന്ധമായത്. പഠനം പൂര്‍ത്തിയായതോടെ ആതിരയ്ക്ക് പലയിടത്തുനിന്നും വിവാഹാലോചനകള്‍ വരാന്‍ തുടങ്ങിയത് രണ്ടുപേരേയും സമ്മര്‍ദ്ദത്തിലാക്കി. പക്ഷെ ലെനിനും ആതിരയും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. യോഗ്യതക്കനുസൃതമായ മികച്ച ജോലി കിട്ടാന്‍ സാധ്യത കൂടുതല്‍ വിദേശത്താണെന്ന് തിരിച്ചറിഞ്ഞ് ലെനിനാണ് ആദ്യം ആ വഴിക്ക് നീങ്ങിയതും സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടണില്‍ വരാനുള്ള ശ്രമങ്ങളാരംഭിച്ചതും. പക്ഷെ ബാങ്കുകള്‍ ഇരുവരുടെയും ജീവിത യാത്രയില്‍ വില്ലന്‍ വേഷമണിഞ്ഞു.
സ്റ്റുഡന്റ്സ് ലോണിനുവേണ്ടി ലെനിന്‍ മുട്ടാത്ത വാതിലുകളും കയറി ഇറങ്ങാത്ത ബാങ്കുകളും കൊച്ചി നഗരത്തിലുണ്ടാവില്ല. നിരന്തര പരിശ്രമത്തിൻറെ ഭാഗമായി ധനലക്ഷ്മി ബാങ്കില്‍ നിന്ന് ലഭിച്ച 5 ലക്ഷം രൂപയുടെ ലോണും വീട്ടുകാരുടെ സാമ്പത്തിക സഹായത്തോടെയും ആദ്യം യുകെയില്‍ എത്തിയത് ലെനിനാണ്. 2010ല്‍ ബ്രിട്ടണിലെത്താനുള്ള വഴി ലെനിന് തുറന്നു കിട്ടിയപ്പോള്‍ പിന്നാലെ ആതിരയ്ക്ക് കാനഡയില്‍ ജോലിക്കുള്ള അവസരം ഒത്തുവന്നു. 2014 ജൂലൈയില്‍ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായ ലെനിനും ആതിരയ്ക്കും അലക്സ്, റെയ്ച്ചല്‍ എന്നീ രണ്ടു കുട്ടികളുമായി ബ്രിട്ടണിലെ യോര്‍ക്ക്ഷയറിലുളള ഡ്യൂസ്ബറിയിലാണ് സ്ഥിരതാമസം.
വാലൻൈറൻസ് ദിനത്തോടനുബന്ധിച്ച് ലെനിനും ആതിരയ്ക്കും പറയാനുള്ളത് ഇഷ്ടങ്ങളിലെയും താല്‍പര്യങ്ങളിലെയും സ്ഥായിയായ ഭാവത്തെക്കുറിച്ചാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരുപക്ഷേ അന്യമാകുന്നതും, ബന്ധങ്ങള്‍ ശാശ്വതമാകാത്തതിൻറെ കാരണവും മനസിൻറെ ഇഷ്ടങ്ങളേക്കാള്‍ ഉപരി ബന്ധങ്ങളില്‍ സ്വാര്‍ത്ഥത കടന്നുവരുന്നതാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പണത്തിനും പ്രൊഫഷനും മറ്റും മുന്‍തൂക്കം നല്‍കുമ്പോള്‍ മനസിൻറെ ഇഷ്ടത്തെ മാറ്റിനിര്‍ത്തുകയും കൈ പിടിച്ചു തുഴയേണ്ടവര്‍ വിപരീത ദിശയില്‍ യാത്ര ചെയ്യുകയും ചെയ്യുന്നു. ബന്ധങ്ങളിലെ ഇഴയടുപ്പമില്ലായ്മയ്ക്ക് പലപ്പോഴും കാരണമാകുന്നത്. മനസിൻറെ ഇഷ്ടങ്ങളെ പണത്തിൻറെയും പ്രൊഫഷൻറെയും തിളക്കത്തില്‍ ഉപേക്ഷിക്കുന്നതാണ്. ബാല്യകാലങ്ങളില്‍ തുടങ്ങിയ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും നഷ്ടപ്പെടാതെ സൂക്ഷിച്ച ലെനിനും ആതിരയും തീര്‍ച്ചയായും ഊ വാലൻൈറൻസ് ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കൊരു മാതൃകയാണ്.
മിഡ്‌ലാന്‍ഡ്‌സ്: വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ മയക്കു മരുന്നിന് അടിമകളായവര്‍ക്ക് ഇനി ഡോക്ടര്‍മാര്‍ അവ നേരിട്ട് നല്‍കും. ഹെറോയിന്‍ അടിമകളായവര്‍ക്ക് ഡോക്ടര്‍മാര്‍ അവ കുറിച്ചു നല്‍കാനും വൃത്തിയുള്ള സിറിഞ്ചുകള്‍ ഉപയോഗിച്ച് ഡ്രഗ് കണ്‍സംപ്ഷന്‍ മുറികളില്‍ മെഡിക്കല്‍ ജീവനക്കാര്‍ തന്നെ ഇന്‍ജെക്ഷന്‍ നല്‍കാനുമുള്ള പദ്ധതി പ്രദേശത്തെ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണറാണ് അവതരിപ്പിച്ചത്. പ്രാദേശിക മയക്കുമരുന്ന് നയത്തിന്റെ ഭാഗമായാണ് ഇത് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മയക്കുമരുന്ന് അടിമകളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനേക്കാള്‍ അവരെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഡിസംബറില്‍ ചേര്‍ന്ന റീജിയണല്‍ ഡ്രഗ്‌സ് പോളിസി സമ്മിറ്റില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഈ പരിഷ്‌കാരം.
ഓവര്‍ഡോസ് ട്രീറ്റ്‌മെന്റിനുള്ള നാക്‌സലോണ്‍ പോലീസിന് നല്‍കുകയും നൈറ്റ് ക്ലബുകളില്‍ ഓണ്‍സൈറ്റ് മയക്കുമരുന്ന് പരിശോധനകള്‍ നടത്തുകയുമാണ് മറ്റ് പരിഷ്‌കാരങ്ങള്‍. തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ഡ്രഗ്‌സ് പോളിസിയെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്മീഷണര്‍ ഡേവിഡ് ജാമീസണ്‍ വ്യക്തമാക്കിയത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് ഇവയെന്ന് അദ്ദേഹം പറഞ്ഞു.
2020ല്‍ താന്‍ വിരമിക്കുമ്പോള്‍ ഈ നിര്‍ദേശങ്ങളുടെ ഫലങ്ങള്‍ വ്യക്തമാകുമെന്നും കുറ്റകൃത്യങ്ങളുടെ നിരക്കുകള്‍ കുറയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത്, അസോസിയേഷന്‍ ഓഫ് പോലീസ് ആന്‍ഡ് െൈക്രം കമ്മീഷണേഴ്‌സ് എന്നിവ ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഡ്രഗ് കണ്‍സംപ്ഷന്‍ മുറികള്‍ സ്ഥാപിക്കാനും മയക്കുമരുന്ന് ഉപയോഗത്തിന് നിയമത്തിന്റെ പിന്തുണ നല്‍കാനും പദ്ധതികളൊന്നും ഇല്ലെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്.
മാഗ്നറ്റുകള്‍ കൗമാരക്കാരിലും കുട്ടികള്‍ക്കിടയിലും ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പിയേഴ്‌സിംഗിനു പകരം ഇവ ഉപയോഗിച്ചാല്‍ ശരീരം കുത്തിത്തുളയ്ക്കുകയും വേണ്ട, എന്നാല്‍ കിടിലന്‍ ലുക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇവ സൃഷ്ടിക്കാനിടയുള്ള അപകടങ്ങളേക്കുറിച്ച് കുട്ടികള്‍ ബോധവാന്‍മാരാണോ എന്നതാണ് ചോദ്യം. അപകട രഹിതമെന്ന് കരുതി മൂക്കിനുള്ളിലും കണ്‍പോളകള്‍ക്കുള്ളിലും വായിലുമൊക്കെയാണ് ഇവ ഘടിപ്പിക്കുന്നത്. ഫ്രെഡി വെബ്സ്റ്റര്‍ എന്ന പന്ത്രണ്ടുകാരനുണ്ടായ അനുഭവം ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ്.
ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഡ്രിഫീല്‍ഡ് സ്‌കൂളില്‍ സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിയായ ഫ്രെഡി മാഗ്നറ്റ് ബോളുകള്‍ കവിളില്‍ വെച്ച് നോക്കുന്നതിനിടെ അറിയാതെ വിഴുങ്ങി. വായ്ക്കുള്ളില്‍ വെച്ച മാഗ്നറ്റും കവിളില്‍ സ്ഥാപിച്ചതും ചുണ്ടിനടുത്ത് വെച്ച് തമ്മില്‍ ആകര്‍ഷിച്ച് ചേരുകയും വായിലൂടെ ഉള്ളില്‍ പോകുകയുമായിരുന്നു. പിന്നീട് രണ്ട് മാഗ്നറ്റുകള്‍ കൂടി ഫ്രെഡി വിഴുങ്ങി. ഈ ലോഹ ബോളുകള്‍ പക്ഷേ ഫ്രെഡിയുടെ ചെറുകുടലില്‍ വെച്ച് തുരുമ്പെടുക്കുകയും വലിയൊരു ദ്വാരം സൃഷ്ടിക്കുകയും ചെയ്തു.
കുട്ടിയെ രക്ഷിക്കാന്‍ സര്‍ജന്‍മാര്‍ക്ക് ചെറുകുടലിന്റെ 10 സെന്റീമീറ്റര്‍ നീളം മുറിച്ചു മാറ്റേണ്ടി വന്നു. ഫെബ്രുവരി മൂന്നിന് നടന്ന നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫ്രെഡിയുടെ ജീവന്‍ രക്ഷിക്കാനായത്. ഹള്‍ റോയല്‍ ഇന്‍ഫേമറിയില്‍ എട്ട് ദിവസത്തോളം ചികിത്സയില്‍ കഴിയേണ്ടി വന്നു ഫ്രെഡ്ഡിക്ക്. ഇത്തരം വസ്തുക്കള്‍ കുട്ടികള്‍ക്ക് സൃഷ്ടിക്കാവുന്ന അപകടങ്ങളേക്കുറിച്ച് മറ്റ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഫ്രെഡിയുടെ അമ്മ സാറ. നവംബറിനു ശേഷം ആശുപത്രിയിലെത്തുന്ന സമാനമായ നാലാമത്തെ സംഭവമാണ് ഫ്രെഡിയുടേതെന്നാണ് ആശുപത്രി അറിയിച്ചത്. ഇത്തരം വസ്തുക്കള്‍ വയറ്റിലെത്തുന്നത് അത്യന്തം അപകടകരമാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും സാറ വെളിപ്പെടുത്തി.
ലണ്ടന്‍: ഡീസല്‍ കാറുകളുടെ റോഡ് ടാക്‌സില്‍ വന്‍ വര്‍ദ്ധന വരുത്തിയതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുമായി പുതുക്കിയ വാഹന നികുതി നിരക്കുകള്‍ പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ത്രീ ബാന്‍ഡ് ടാക്‌സ് സംവിധാനമാണ് നടപ്പിലാകുന്നത്. ടാക്‌സ് ഫ്രീ ബാന്‍ഡിലേക്ക് പ്രവേശനം ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് പുതിയ നിയമങ്ങള്‍. നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. കാറുകളുടെ റോഡ് ടാക്‌സ് 800 പൗണ്ടില്‍ നിന്ന് 1200 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ കാറുകള്‍ വാങ്ങിയവര്‍ക്ക് ആദ്യമായി രണ്ടാം വര്‍ഷ ചാര്‍ജുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതും ഈ പരിഷ്‌കാരത്തിന്റെ പ്രത്യേകതയാണ്.
ആദ്യ വര്‍ഷത്തെ കാര്‍ ടാക്‌സുകള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണ്ണയിക്കുക. പരമാവധി 2000 പൗണ്ട് വരെയായിരിക്കും ഈ നിരക്ക്. രണ്ടാം വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 140 പൗണ്ട് മാത്രം റോഡ് ടാക്‌സായി നല്‍കിയാല്‍ മതിയാകും. ഹൈബ്രിഡ്, ബയോ എഥനോള്‍, എല്‍പിജി വാഹനങ്ങള്‍ക്ക് ഇത് 130 പൗണ്ട് മാത്രമായിരിക്കും. സിറോ എമിഷന്‍ വാഹനങ്ങള്‍ക്ക് ഈ തുക നല്‍കേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. ഇത് കൂടാതെ പുതിയ ചില വ്യവസ്ഥകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഡീസല്‍ കാറുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് പുതിയ നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധനകളില്‍ യൂറോ 6 മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതില്‍ ടാക്‌സ് ബാന്‍ഡില്‍ ഒരു നില മുകളിലേക്കായിരിക്കും ഇവ കടക്കുക. പുതിയ ഫോര്‍ഡ് ഫോക്കസിന് ആദ്യവര്‍ഷം 20 പൗണ്ട് അധികം നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോര്‍ഷെ കായേന്‍ 500 പൗണ്ട് അധികമായി നല്‍കേണ്ടി വരും. ഇത് കാറുകള്‍ക്ക് മാത്രമാണ്. വാനുകള്‍ക്കും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും ഈ നിരക്ക് ബാധകമല്ല.
കിലോമീറ്ററിന് 50 ഗ്രാം വരെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്ന കാറുകള്‍ പത്ത് പൗണ്ടും 51 മുതല്‍ 71 വരെ ഗ്രാം പുറത്തുവിടുന്നവ 25 പൗണ്ടുമാണ് നല്‍കേണ്ടി വരിക. ഉയര്‍ന്ന നിരക്കായി 2000 പൗണ്ട് വരെ ഈടാക്കും. 40,000 പൗണ്ടില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് 310 പൗണ്ട് സര്‍ചാര്‍ജ് അടക്കേണ്ടതായി വരും. വില കുറഞ്ഞ കാര്‍ വാങ്ങി അതില്‍ എക്‌സ്ട്രാകള്‍ ഘടിപ്പിച്ച് മൊത്തം വില 40,000 പൗണ്ടിനു മേലെത്തിയാലും ഈ പ്രീമിയം നല്‍കേണ്ടിവരും. എന്നാല്‍ 40,000പൗണ്ടിനു മേല്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് ഇത് ബാധകമാകില്ല.
ലണ്ടന്‍: പ്ലാനിംഗ് നിയമങ്ങള്‍ ലംഘിച്ച് വീടിന്റെ ഗാരേജ് എക്‌സ്റ്റെന്‍ഷനാക്കി പരിഷ്‌കരിച്ച ദമ്പതികള്‍ക്ക് പിഴയിട്ട് കൗണ്‍സില്‍. ലെസ്റ്റര്‍ഷയറിലെ ഡോക്ടര്‍ ദമ്പതിമാരായ ഡോ.റീത്ത ഹെര്‍സല്ല, ഹമാദി അല്‍മസ്രി എന്നിവര്‍ക്കാണ് ബ്ലാബി ഡിസ്ട്രിക്ട് കൗണ്‍സില്‍ പിഴയിട്ടത്. പിഴയായി 770 പൗണ്ടും കോടതിച്ചെലവിന് 1252 പൗണ്ടും വിക്ടിം സര്‍ച്ചാര്‍ജ് ആയി 77 പൗണ്ടുമാണ് ഇവര്‍ അടക്കേണ്ടി വരിക. ഗാരേജ് പൂര്‍വ്വാവസ്ഥിലാക്കാനും നിര്‍ദേശമുണ്ട്. 2015 ഒക്ടോബറിലാണ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. എന്‍ഡെര്‍ബി, ലെസ്റ്റര്‍യര്‍ എന്നിവിടങ്ങളിലെ രജിസ്ട്രാര്‍മാരും കൗണ്‍സില്‍ അധികൃതരും വീട് സന്ദര്‍ശിച്ചാണ് തെളിവെടുത്തത്.
ഗാരേജ് അനുമതിയില്ലാതെ പുതുക്കിപ്പണിത ദമ്പതികള്‍ അത് മറക്കാനായി ഒരു ഗാരേജ് ഡോര്‍ സ്ഥാപിക്കുകയും പാര്‍ക്കിംഗിന് സ്ഥലമൊഴിച്ചിട്ടുകൊണ്ട് ഫെന്‍സുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്ട്രീറ്റ് പാര്‍ക്കിംഗിനെ തടസപ്പടുത്തിക്കൊണ്ടായിരുന്നു ഇവര്‍ ഫെന്‍സ് സ്ഥാപിച്ചതെന്നും അനധികൃതമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പ്ലാനിംഗ് അതോറിറ്റി വക്താവ് പറഞ്ഞു. ലെസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ദമ്പതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ബി4114 ഡ്യുവല്‍ കാര്യേജ് വേയില്‍ നിന്ന് വീട്ടിലേക്ക് വാഹനം കയറ്റുന്നതിന് സൗകര്യമുണ്ടാക്കിയത് അനധികൃതമായാണെന്നും കോടതി കണ്ടെത്തി.
ഇവയുടെ അടിസ്ഥാനത്തില്‍ 1990ലെ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ആക്ടിന്റെ 171ഡി(1) സെക്ഷന്‍ ലംഘിച്ചെന്ന് കാട്ടി ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. 2007ല്‍ അനുമതി നല്‍കിയപ്പോള്‍ പാര്‍ക്കിംഗ് സൗകര്യവും ഗാരേജും റോഡില്‍ പാര്‍ക്കിംഗ് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ മാറ്റം വരുത്താതെ നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഡ്രൈവ് വേ നിര്‍മിക്കുന്നതിന് വേറെ അനുമതി എടുക്കണമെന്നും പറഞ്ഞിരുന്നു. ഇവ ചൂണ്ടിക്കാട്ടി 2015ല്‍ കൗണ്‍സില്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും 2016ല്‍ പുതിയ നിര്‍മാണങ്ങള്‍ നിലനിര്‍ത്തണമെന്ന് കാട്ടി പുതിയ അപേക്ഷയുമായി കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ അപേക്ഷ തള്ളിയിരുന്നു.
ലണ്ടന്‍: ലോകത്തെ ഏറ്റവും അസന്തുലിതമായ സ്‌റ്റേറ്റ് പെന്‍ഷന്‍ സംവിധാനം ബ്രിട്ടന്റേതാണെന്ന് റിപ്പോര്‍ട്ട്. ഒട്ടും ഉദാരമല്ലാത്ത വിധത്തിലാണ് യുകെയില്‍ പെന്‍ഷനുകള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഗ്രൂപ്പായ ഒഇസിഡി തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. പ്രതിവര്‍ഷം ശരാശരി ശമ്പളമായി 26,500 പൗണ്ട് ലഭിക്കുന്നവര്‍ക്ക് അതിന്റെ 29 ശതമാനം സ്റ്റേറ്റ് പെന്‍ഷനായി ലഭിക്കുമെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഭാവിയില്‍ 85 വയസെങ്കിലും പ്രായമാകാതെ പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹോളണ്ട് തങ്ങളുടെ പൗരന്‍മാര്‍ക്ക് വാര്‍ഷിക ശമ്പളം പൂര്‍ണ്ണമായിത്തന്നെ പെന്‍ഷനായി നല്‍കുമ്പോളാണ് യുകെ ഇത്രയും മോശം സമീപനം സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. ചിലി, പോളണ്ട്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് യുകെയെക്കാള്‍ മികച്ച സ്‌റ്റേറ്റ് പെന്‍ഷന്‍ പദ്ധതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രഷറി ഗ്രാന്റുകളുടെ സഹായം ലഭിച്ചില്ലെങ്കില്‍ യുകെ പെന്‍ഷനുകള്‍ കൂടുതല്‍ അസന്തുലിതമാകുമെന്നാണ് സര്‍ക്കാര്‍ ആക്ച്വറിയായ മാര്‍ട്ടിന്‍ ക്ലാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ഇപ്പോള്‍ 30 വയസിനു താഴെ പ്രായമുള്ളവര്‍ സ്റ്റേറ്റ് പെന്‍ഷനുകള്‍ ലഭിക്കണമെങ്കില്‍ 70 വയസ് വരെ കാത്തിരിക്കണമെന്നാണ് വ്യക്തമാക്കപ്പെടുന്നതെങ്കിലും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് യോഗ്യതാ പ്രായപരിധി അതിനും മുകളില്‍ പോകുമെന്നാണ്. ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തികളിലൊന്നാണെങ്കിലും അതിന്റെ മുതിര്‍ന്ന പൗരന്‍മാരെ സാമ്പത്തികമായി സംരക്ഷിക്കുന്നതില്‍ പിന്‍നിരയിലാണെ് യുകെയെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്റര്‍ ബാരോണെസ് ആള്‍ട്ട്മാന്‍ പറയുന്നു. എന്നാല്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനം ആവിഷ്‌കരിച്ചതിലൂടെ പെന്‍ഷനര്‍മാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.