Main News

തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചു കൊന്നു. വക്കം മണക്കാട്ട് വീട്ടില്‍ ഷബീറാണ് (23) മരിച്ചത്. കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വക്കം റയില്‍വേ ക്രോസിനടുത്താണ് സംഭവം.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഷബീറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് നിലത്തുവീണ ഷബീറിന്റെ കാലുകള്‍ ഒരാള്‍ പിടിച്ചുയര്‍ത്തിയ ശേഷം മൂന്നു പേര്‍ ചേര്‍ന്ന് തല്ലിതകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അക്രമികള്‍ രക്ഷപ്പെട്ട ശേഷം നാട്ടുകാരാണ് ഷബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതരമായി പരുക്കേറ്റിരുന്ന ഷബീര്‍ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു

ഉപഹാറിന്റെ ആഭിമുഖ്യത്തില്‍ ദക്ഷിണേഷ്യന്‍ സമൂഹത്തിനായി ഏകദിന അവയവ സ്റ്റെംസെല്‍ ദാന ബോധവല്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27ന് രാവിലെ 10 മുത ല്‍ ഉച്ചകഴിഞ്ഞു 3 വരെയാണ് ബോധവല്ക്കരണ ക്ലാസ്. വോന്‍ഫോര്‍ഡ് കമ്യൂണിറ്റി ആന്റ് ലേണിംഗ് സെന്ററിലാണ് പരിപാടി.
എംപി ബെന്ബ്രാന്‍ഡ് ഷോ, ഉപഹാറിന്റെ സന്നദ്ധ പ്രവര്‍ത്തകയായ ഡോ അജിമോള്‍ പ്രദീപ്, യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് എന്‍എച്ച്എസ്ബിടി ഓര്‍ഗന്‍ അംബാസിഡര്‍ ഷിബു ചാക്കോ, ഹീതെര്‍ ആറ്റ്കിന്‍സ് (Organ donation coordinator RD&E Hospital Exeter), അഗ്‌നീഷ്‌ക ക്രോസിയേല്‍ ( Manager Delate Blood Cancer ) , പ്രമോദ് പിള്ള (Apheresis Specialist Nurse ) എന്നിവര്‍ പങ്കെടുക്കും.

കെട്ടിടത്തിനു മുന്നില്‍ സൗജന്യ കാര്‍ പാര്‍ക്കിംഗ് പരിമിതമാണ്. അതുകൊണ്ട് വേഗം തന്നെ രജിസ്റ്റര്‍ ചെയ്യുക. പങ്കെടുക്കുന്നവര്ക്ക് പരിശീലന സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നവീന്‍ തോമസ് 07576455131 , ഷാജി ജോസഫ് 07506714897

വിലാസം: Wonford Communtiy&Learning Cetnre,
Exeter EX2 6NF
(Near RD&E Hospital and close to Lidl supermarket).

സ്വന്തം ലേഖകന്‍
സൗത്താംപ്ടന്‍:  മാര്‍ച്ച് അഞ്ചിന് സൌത്താംപ്ടനില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റ് 2016 ന്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധ വര്‍ണ്ണങ്ങളില്‍ കലാപരമായും ആകര്‍ഷകമായും ഡിസൈന്‍ ചെയ്ത ലോഗോ ഡിസൈന്‍ ചെയ്തത് യുക്മ നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ്‌ പന്നിവേലില്‍ ആണ്.  യുക്മ ഫെസ്റ്റ് എന്ന ആശയം ജനമനസ്സുകളിലേക്ക് ആഴത്തില്‍ പതിയുക എന്ന ആശയം മുന്‍നിര്‍ത്തി ഡിസൈന്‍ ചെയ്ത ലോഗോ ലളിതവും സുന്ദരവുമാണ്. ഇന്ത്യന്‍ ബ്രിട്ടീഷ് ദേശീയ പതാകകളിലെയും യുക്മ ലോഗോയിലെയും നിറങ്ങള്‍ സമന്വയിപ്പിച്ച് ഡിസൈന്‍ ചെയ്ത ലോഗോ കുടുംബത്തിന്‍റെ പിന്തുണയാണ് ഓരോ യുക്മ പ്രവര്‍ത്തകന്‍റെയും ശക്തി എന്നും സൂചിപ്പിക്കുന്നതാണ്. ലോഗോ പ്രകാശനം യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ആണ് നിര്‍വഹിച്ചത്. യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം, നാഷണല്‍ ട്രഷററും യുക്മ ഫെസ്റ്റ് കണ്‍വീനറും കുടിയായ ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് മനോജ്‌ കുമാര്‍ പിള്ള, നാഷണല്‍ കമ്മറ്റിയംഗം വര്‍ഗീസ്‌ ജോണ്‍, നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു പന്നിവേലില്‍ എന്നിവരും സന്നിഹിതരായിരുന്നു.

വിപുലമായ തയ്യാറെടുപ്പോടെ ആണ് യുക്മ ഫെസ്റ്റ് 2016 ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത് . യുക്മ പ്രവര്‍ത്തകര്‍ക്ക് കുടുംബ സമേതം ഒത്തു ചേരാനും യുക്മ സഹയാത്രികരെയും യുകെ മലയാളികളിലെ കഴിവുറ്റവരെയും ആദരിക്കാനുമായി ആണ് ഓരോ വര്‍ഷവും യുക്മ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യു കെ യിലെ നൂറോളം മലയാളി സംഘടനയുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്‍സിന്റെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഈ വര്‍ഷം അരങ്ങേറുന്നത് സൗതാംപ്ട്ടണില്‍ മാര്‍ച്ച് 5 ശനിയാഴ്ചയാണ് ആണ്. ഈ വര്‍ഷത്തെ യുക്മ ഫെസ്റ്റിന് ആതിഥ്യം നല്‍കുന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ പ്രമുഖ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്റ്റന്‍ ആണ്.uukma fest 2016 logoഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനും, കലാ സാംസ്‌കാരിക സാമൂഹിക ബിസിനസ് മേഖലകളില്‍ മികച്ച സേവനം നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനും യുക്മ ഫെസ്റ്റ് വേദിയാകും. കൂടാതെ കുടുംബവുമായി ഒരു ദിവസം ഉല്ലസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായ യുക്മ ഫെസ്റ്റ് വേദി സൗഹൃദങ്ങള്‍ പുതുക്കുന്നതിനും, പങ്കു വക്കുന്നതിനുമുള്ള വേദി കൂടി ആയി മാറും. മിതമായ നിരക്കില്‍ മികച്ച നാടന്‍ ഭക്ഷണവും, പാര്‍ക്കിംഗ് സൗകര്യവും, കുട്ടികള്‍ക്ക് വിനോദത്തിനായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ് പോലുള്ള കാര്യങ്ങളും ഈ ആഘോഷത്തിന് മാറ്റ് കൂട്ടും.

നിരവധി പേരുടെ കൂട്ടായ പരിശ്രമ ഫലമാണ് യുക്മയുടെ ഓരോ സാംസ്‌കാരിക പരിപാടികളും. അതുകൊണ്ടുതന്നെ ഇക്കുറിയും യുക്മ ഫെസ്റ്റ് ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ലക്ഷ്യമിട്ടിരിക്കുന്നത് യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും കുടാതെ യുക്മയുടെ എല്ലാ അഭ്യുദയ കാംഷികളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ ഫെസ്റ്റ് കണ്‍വീനര്‍ ഷാജി തോമസ് അഭ്യര്‍ത്ഥിച്ചു.

യുക്മ യുടെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും, മത്സരത്തിന്റെ സമ്മര്‍ദമില്ലാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള സുവര്‍ണാവസരം കൂടിയാണ് ‘യുക്മ ഫെസ്റ്റ്’. ഇതിനോടകം തന്നെ നിരവധി അംഗ അസ്സോസ്സിയെഷനുകള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി മുന്‍പോട്ടു വന്നു കഴിഞ്ഞു പരിപാടികളുടെ ആധിക്യം മൂലം അവസരം നഷ്ട്ടപ്പെടാതിരിക്കുവാന്‍ വേണ്ടി, അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എത്രയും വേഗം രജിസ്ടര്‍ ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ചക്ക് മുന്‍പായി [email protected] എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം (07706913887), ‘യുക്മ ഫെസ്റ്റ്’ ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് (07737736549) എന്നിവരെ നേരിട്ട് വിളിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ബേണ്‍: എട്ടു ദിസവം മാത്രം പ്രായമുളള സയാമീസ് ഇരട്ടകളായ പെണ്‍കുഞ്ഞുങ്ങളെ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ഈ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധഏയരായ ഏറ്റവും ചെറുതും പ്രായംകുറഞ്ഞവരുമായ സയാമീസ് ഇരട്ടകളാണ് ഈ കുഞ്ഞുങ്ങള്‍. 2.2 കിലോഗ്രാമാണ് ഇവരുടെ ആകെ ഭാരം. വെറും ഒരുശതമാനം മാത്രമായിരുന്ന സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന ഈ ശസ്ത്രക്രിയയുടെ വിജയ പ്രതീക്ഷ.
ഡിസംബറിലാണ് ലിഡിയ, മായ എന്ന ഈ കുഞ്ഞുങ്ങള്‍ ജനിച്ചത്. കരളുകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു ഇവരുടെ ജനനം. ഇവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുഞ്ഞു കൂടി ഉണ്ടായിരുന്നു. വളര്‍ച്ച പൂര്‍ത്തായാകുന്നതിന് ഒരു മാസം മുമ്പ് തന്നെ ഇവര്‍ ഭൂമിയിലെത്തി. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഒരാളുടെ ശരീരത്തില്‍ നിന്ന് മറ്റൊരാളിലേക്ക് കരളിലൂടെയായിരുന്നു രക്തം പ്രവഹിച്ചിരുന്നത്. ഒരാളില്‍ രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന തോതിലും മറ്റേയാള്‍ക്ക് കുറവുമായിരുന്നു.

എന്തായാലും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവില്‍ ഇരുവരേയും വിജയകരമായി വേര്‍പെടുത്താന്‍ സാധിച്ചു. കുട്ടികള്‍ മുലപ്പാല്‍ കുടിച്ച് തുടങ്ങിയതായും ഇവര്‍ക്ക് ഭാരം വര്‍ദ്ധിക്കുന്നുണ്ട്.ഇവരുടെ സഹോദരിയുടെ ആരോഗ്യവും മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ സരിത തെൡവുകള്‍ സമര്‍പ്പിച്ചു. താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന ടെലഫോണ്‍ സംഭാഷണങ്ങളുടെ സിഡിയാണ് സരിത നല്‍കിയത്. സലിം രാജ്, ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകളാണ് കൈമാറിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തിയതായും സരിത വെളിപ്പെടുത്തി. ഇത് സാധൂകരിക്കുന്ന, ദൃശ്യങ്ങളടങ്ങിയ സിഡിയും സരിത കമ്മിഷന് കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്നും ഇതുവരെ നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിക്കണമെന്നുമാണ് എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തിയതെന്ന് സരിത വ്യക്തമാക്കി.ആറന്മുള വിമാനത്താവള നിര്‍മാണ കമ്പനിയുടെ പ്രധാനിയാണ് എബ്രഹാം കലമണ്ണില്‍. കലമണ്ണിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ബെന്നി ബെഹനാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളാണ് ഒരു സിഡിയിലുള്ളത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ബെന്നി ബെഹനാന്‍ നടത്തിയ സംഭാഷണങ്ങളാണ് ഇതില്‍ പ്രധാനം. കേസുകള്‍ ഒത്തുതീര്‍ക്കാനും അതില്‍ സഹായിക്കാനും ബെന്നി ബെനാന്‍ നടത്തിയ ഇടപെടലുകളും മുഖ്യമന്ത്രിയും സര്‍ക്കാരും നല്‍കുന്ന വാഗ്ദാനങ്ങളുമാണ് ഈ സംഭാഷണത്തിലെ ഉള്ളടക്കം. സിഡികളും ഇതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും സരിത കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് തമ്പാനൂര്‍ രവി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സംഭാഷണവും തെളിവായി നല്‍കിയിട്ടുണ്ട്. സിഡിയിലുള്ളത്. ആലപ്പുഴക്കാരന്‍ ബാബുരാജിന്റെ ഭൂമി റീ സര്‍വ്വെ ചെയ്യണമെന്നാവശ്യപ്പെട്ട് സരിതയുടെ കൈപ്പടയില്‍ നല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രി ഒപ്പിട്ടതിന്റെ തെളിവും സരിത കമ്മിഷന് കൈമാറി. ഈ അപേക്ഷ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സോളാര്‍ കമ്മിഷനില്‍ സരിതെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷവും എല്ലാ നിഷേധിച്ച മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും തെളിവുകള്‍ ഹാജരാക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഒരു കടലാസ് എങ്കിലും തെളിവായി സരിത നല്‍കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഈ വെല്ലുവിളിക്കുള്ള മറുപടിയായാണ് സരിത തെളിവുകള്‍ കൈമാറിയത്. സരിത നല്‍കിയ സിഡികളും രേഖകളും ആധികാരികത ഉറപ്പുവരുത്താതെ തെളിവായി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ കമ്മിഷനില്‍ ആവശ്യപ്പെട്ടു.

ലണ്ടന്‍: യുകെയിലെ മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയെന്ന് വെളിപ്പെടുത്തല്‍. 2014ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ 2,26,739 മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചതായി ക്രൂവെല്‍റ്റി ഫ്രീ ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന സര്‍വകലാശാലകളില്‍ രണ്ടാം സ്ഥാനം എഡിന്‍ബറോ സര്‍വകലാശാലക്കാണ്. 2,00,861 മൃഗങ്ങളെയാണ് ഇവര്‍ ഉപയോഗിച്ചത്. 1,76,901 മൃഗങ്ങളുമായി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം സ്ഥാനത്തത്തെത്തി. 1,65,068 മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്കുപയോഗിച്ച കിംഗ് കോളേജ് ലണ്ടനും തൊട്ടു പിന്നിലുണ്ട്. കേംബ്രിഡ്ജ് 1,60,557മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചു.

എലികള്‍, ചുണ്ടെലികള്‍, പക്ഷികള്‍, തവളകള്‍, മത്സ്യങ്ങള്‍, ഗിനിപ്പന്നികള്‍, ആട്, കുരങ്ങ് തുടങ്ങിയവയെയാണ് പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ലോകമൊട്ടാകെ നടക്കുന്ന പരീക്ഷണങ്ങളില്‍ പകുതിയും ബ്രിട്ടനിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബ്രിട്ടനിലെ അഞ്ച് സര്‍വകലാശാലകളിലായി പത്ത് ലക്ഷം മൃഗങ്ങളെ പരീക്ഷണത്തിന് വിധേയമാക്കുന്നു എന്ന കണക്ക് ഏറെ ഞെട്ടിക്കുന്നതാണെന്ന് ക്രൂവല്‍റ്റി ഫ്രീ ഇന്റര്‍നാഷണലിന്റെ ശാസ്ത്രവിഭാഗം മേധാവി പറഞ്ഞു. പല സര്‍വകലാശാലകളും ഗവേഷണത്തിനുളള മാര്‍ഗം ഇതല്ലെന്ന് തിരിച്ചറിയുന്ന വേളയിലാണ് ഈ ക്രൂരത. ഇത്തരം പരീക്ഷണങ്ങള്‍ നിറുത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍വകലാശാലകള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാജ്യത്തെ 70 സര്‍വകലാശാലകളോട് വിവരങ്ങള്‍ തേടി. 48 സര്‍വകലാശാലകള്‍ മാത്രമാണ് ചോദ്യത്തോട് മതിയായ രീതിയില്‍ പ്രതികരിച്ചത്. പതിനേഴെണ്ണം പകുതി വിവരങ്ങള്‍ മാത്രമാണ് നല്‍കിയത്. മാഞ്ചസ്റ്റര്‍, സതാംപ്ടണ്‍, ലണ്ടന്‍ ഇംപീരിയല്‍ കോളേജ്, ബ്രിസ്‌റ്റോള്‍, അസ്റ്റണ്‍ തുടങ്ങിയ സര്‍വകലാശാലകള്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി.

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനുമെതിരേ കോഴ ആരോപണവുമായി ബിജു രമേശ് രംഗത്ത്. ചെന്നിത്തലക്ക് രണ്ട് കോടിയും വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും കൊടുത്തതായി ബിജു രമേശ് പറഞ്ഞു. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെപിസിസി ഓഫീസില്‍ എത്തി നേരിട്ട് കോഴ കൊടുക്കുകയായിരുന്നു. വിഎസ് ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹത്തിന്റെ പിഎ വാസുവിന്റെ കയ്യില്‍ 25 ലക്ഷം രൂപയും നല്‍കിയെന്നും ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയത്. എന്നാല്‍ ഇതിനു രസീതിയൊന്നുമില്ലെന്നും ബിജു രമേശ് പറഞ്ഞു.
എന്തിനു പണം നല്‍കി എന്ന ചോദ്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും കച്ചവടം സുഗമമായി നടക്കാന്‍ വേണ്ടിയാണ് നല്‍കിയതെന്നും ബിജുരമേശ് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനും കോഴ നല്‍കിയ കാര്യം മീഡിയാവണ്‍ അഭിമുഖത്തില്‍ ബിജു രമേശ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തുകയോ മറ്റു കാര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. തെളിവുകളില്ലാത്തതിനാലാണ് ഈ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാത്തതെന്ന് ബിജു രമേശ് പറഞ്ഞിരുന്നത്

അതേസമയം കോഴയാരോപണം നിഷേധിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. കെപിസിസി വാങ്ങുന്ന പണത്തിന് രസീത് നല്‍കാറുണ്ടെന്നും ബിജുരമേശിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ ആരോഗ്യവകുപ്പാണ് കൈകാര്യം ചെയ്യുന്നതുകൊണ്ട് ബാറിന്റെ വിഷയത്തില്‍ ഇടപെട്ട് കാശ് വാങ്ങേണ്ട ആവശ്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. താന്‍ പണം വാങ്ങിയിട്ടില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ചെലവുകള്‍ നടത്തിയത് പാര്‍ട്ടിയാണ്. നിയമസഭയില്‍ ഈ വിഷയത്തില്‍ നേരത്തെ വിശദീകരണം നല്‍കിയതാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.

ലണ്ടന്‍: സിറിയന്‍ അഭയാര്‍ത്ഥിക്കുട്ടികള്‍ ബ്രിട്ടനിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലകള്‍ക്കുവേണ്ടി ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ വസ്ത്ര ഫാക്ടറികളിലാണ് കുട്ടികള്‍ തൊഴിലെടുക്കുന്നത്. എച്ച് ആന്‍ഡ് എമ്മും നെക്സ്റ്റുമാണ് തങ്ങളുടെ ഫാക്ടറികളില്‍ സിറിയയിലെ കുട്ടികള്‍ ജോലി ചെയ്യുന്ന കാര്യം സമ്മതിച്ചിട്ടുളളത്. കൂടുതല്‍ കമ്പനികളില്‍ സിറിയന്‍ കുട്ടികള്‍ ഉണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. ബ്രിട്ടനില്‍ വ്യാപാരം നടത്തുന്ന വസ്ത്രങ്ങളിലേറെയും ചൈന, കമ്പോഡിയ, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലാണ് നിര്‍മിക്കുന്നത്. സിറിയന്‍ അഭയാര്‍ത്ഥികളില്‍ ഏറെ പേരും തമ്പടിച്ചിട്ടുളളത് തുര്‍ക്കിയിലാണ്.
2011ല്‍ ആഭ്യന്തരകലാപം ഉടലെടുത്തതിനെ തുടര്‍ന്ന് ഇരുപത്തഞ്ച് ലക്ഷത്തോളം പേര്‍ ഇതുവരെ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുളള അഭയാര്‍ത്ഥികള്‍ രാജ്യത്ത് തൊഴില്‍ ചൂഷണം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു കമ്പനികളും മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് റിസോഴ്‌സ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് മുതിര്‍ന്നവരും തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ ഇവരിലേറെയും വളരെ താഴ്ന്ന വേതനത്തിനാണ് ജോലി ചെയ്യുന്നത്. തുര്‍ക്കിയിലെ കുറഞ്ഞ പ്രതിമാസ വേതനമായ 309 പൗണ്ടിനും താഴെയാണ് ഇവരുടെ കൂലി.

പല കുട്ടികളും പാടത്തും ഫാക്ടറികളിലും വളരെക്കുറഞ്ഞ കൂലിയില്‍ പണിയെടുക്കുന്നു. രാജ്യാന്തര തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്. പന്ത്രണ്ട് വയസില്‍ താഴെയുളള കുട്ടികളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കരുതെന്ന് നിയമമുണ്ട്. പതിമൂന്നും പതിനാലും വയസുളള കുട്ടികളെ ചെറിയ ജോലികള്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളെ പഠനത്തിലേക്ക് തിരിച്ച് വിടാമെന്ന് എച്ച് ആന്‍ഡ് എമ്മും നെക്സ്റ്റും ഉറപ്പ് നല്‍കി. ഇവരുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കാമെന്നും ഈ കമ്പനികള്‍ അറിയിക്കുന്നു.

എന്നാല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ പ്രായം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രിമാര്‍ക്കിലും സി ആന്‍ഡ് എയിലും സിറിയന്‍ അഭയാര്‍ത്ഥികള്‍ പണിയെടുക്കുന്നതായി അവര്‍ വ്യക്തമാക്കി. എന്നാല്‍ അഡിഡാസ്, ബര്‍ബെറി, നികെ, പ്യുമ തുടങ്ങിയ കമ്പനികളില്‍ രേഖകളില്ലാത്ത സിറിയക്കാര്‍ പണിയെടുക്കുന്നില്ലെന്നാണ് അവരുടെ വിശദീകരണം. ടോപ്‌ഷോപ്പ്, ഡൊറോത്തി പെര്‍ക്കിന്‍സ്, ബര്‍ട്ടന്‍ മെന്‍സ് വെയര്‍ തുടങ്ങിയവയുടെ ഉടമകളായ അര്‍കാഡിയ ഗ്രൂപ്പിന്റെയും വിശദീകരണം ഇതുതന്നെയാണ്. എം ആന്‍ഡ് എസ്, അസോസ്, ഡെബെന്‍ഹാംസ്, സൂപ്പര്‍ഡ്രൈ തുടങ്ങിയ കമ്പനികള്‍ സിറിയന്‍ തൊഴിലാളികളെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഗ്യാപ്, ന്യൂ ലുക്ക്, റിവര്‍ ഐലന്‍ഡ് തുടങ്ങിയ കമ്പനികളും പ്രതികരിച്ചിട്ടില്ല.

ന്യൂയോര്‍ക്ക്: പുകവലി ദൃശ്യങ്ങള്‍ ഉളള സിനിമകള്‍ അഡല്‍റ്റ്‌സ് ഒണ്‍ലി വിഭാഗത്തില്‍ പെടുത്തണമെന്ന് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. ഇത്തരം സിനിമകള്‍ കുട്ടികളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങളെത്തിക്കാനുളള മാര്‍ഗമായി സിഗരറ്റ് കമ്പനികള്‍ ഉപയോഗിക്കുന്നതായും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ചലച്ചിത്രങ്ങള്‍ പുകയില രഹിതമാകണമെന്നാണ് നിര്‍ദേശം. 2014ല്‍ പുറത്തിറങ്ങിയ ഹോളിവുഡിലെ നാല്‍പ്പത്തിനാല് ശതമാനം ചിത്രങ്ങളിലും കുട്ടികള്‍ക്കായുളള 36 ശതമാനം സിനിമകളിലും പുകവലി ദൃശ്യങ്ങള്‍ ഉളളതായും ലോകാരോഗ്യസംഘടന നിരീക്ഷിക്കുന്നു.
കുട്ടികള്‍ക്കായുളള ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ഏജ് ഏഫ് എക്സ്റ്റിന്‍ക്ഷന്‍ എന്ന 3ഡി സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയില്‍ ഒരു റോബോട്ട് പുകവലിക്കുന്നുണ്ട്. കുറച്ച് കാലം സിനിമയിലും മറ്റ് വിനോദപരിപാടികളിലും നിന്ന് പുകയില ഉത്പന്നങ്ങളെയും സംഭവങ്ങളെയും ഒഴിച്ച് നിര്‍ത്തിയിരുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പുകയില വിരുദ്ധ പ്രചാരണങ്ങളുടെ അധ്യക്ഷ ഡോ. അര്‍മാന്‍ഡോ പെറുഗ പറയുന്നു. 2013-14 ഓടെ വീണ്ടും ഇവ തിരിച്ച് വന്നു. സിനിമകളിലും മറ്റും ധാരാളം പുകവലി രംഗങ്ങള്‍ കാണാന്‍ തുടങ്ങി. പുകയില ഉത്പന്ന കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പരസ്യ മാധ്യമങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. സിനിമകളാണ് ഇവരുടെ അവസാന തട്ടകമായി കണ്ടെത്തിയിട്ടുളളത്.

പ്രായപൂര്‍ത്തിയായ പത്തില്‍ നാല് പേരും തങ്ങള്‍ പുകയില ശീലങ്ങള്‍ തുടങ്ങിയത് സിനിമകളിലും ടിവിയിലും നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണെന്ന് ഒരു അമേരിക്കന്‍ പഠനം വെളിപ്പെടുത്തുന്നു. ടെലിവിഷനിലും മറ്റും തങ്ങളുടെ ഇഷ്ടതാരങ്ങള്‍ പുകവലിക്കുന്നത് കണ്ട് അറുപത് ലക്ഷം ചെറുപ്പക്കാര്‍ 2014ല്‍ പുകവലിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
പുകവലി രഹിത സിനിമകള്‍ക്കായി 2009ലും സമാനമായ ആഹ്വാനം ലോകാരോഗ്യ സംഘടന നല്‍കിയിരുന്നു. എന്നാല്‍ ലോകത്തെ മിക്ക സര്‍ക്കാരുകളും ഇതവഗണിച്ചു. തങ്ങളുപയോഗിക്കുന്ന പുകയില ഉത്പന്നങ്ങളുടെ ബ്രാന്‍ഡുകള്‍ വ്യക്തമാക്കുകയോ അവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുകയോ ചെയ്യരുതെന്ന് സിനിമാ നിര്‍മാതാക്കളോടും നിര്‍ദേശിച്ചിരുന്നു. ഇതും വ്യാപകമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെതിരായ ആക്രമണത്തെ അപലപിച്ചു സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. ക്രിമിനല്‍ കേസിലെ പ്രതി ഉപദ്രവിക്കുന്നതു കണ്ടിട്ടും മിണ്ടാതിരുന്ന പൊലീസുകാരുടെ നടപടി നാണക്കേട് ആണെന്നും ഇവരെ പിരിച്ചുവിടണമെന്നും ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു.
ക്രിമിനല്‍ കേസിലെ പ്രതി ഉപദ്രവിക്കുന്നത് കണ്ടിട്ടും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടാത്തത് ലജ്ജാകരമാണ്. സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കും വീഴ്ച പറ്റി. കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുകയാണ് വേണ്ടതെന്നും ടി.പി സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

കേരള പൊലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പൊലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പൊലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പൊലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും പരിക്കേല്‍ക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികള്‍ക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഡിജിപി പറയുന്നു.

ഡിജിപിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു.

ശ്രീ. ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) ആക്രമിക്കപ്പെട്ടപ്പോള്‍ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതിന് തിരുവനന്തപുരം റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറലിന് സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശങ്ങള്‍………………….

കേരള പോലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ശ്രീ. ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പോലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പോലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പോലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും പരിക്കേല്‍ക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികള്‍ക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത്. കോവളത്ത് ബഹു. കേരള മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന ചടങ്ങ് പ്രതീക്ഷിച്ച് ആവശ്യത്തിന് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആവശ്യമായ അധിക പോലീസ് സേനയെ നല്‍കുകയും, നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതാണ്. ശ്രീ. ടി പി ശ്രീനിവാസന്‍ സാമാന്യേന അറിയപ്പെടുന്ന വ്യക്തിയാണ്. മാത്രമല്ല, അദ്ദേഹം സര്‍ക്കാര്‍ വാഹനത്തിലാണ് അവിടെയെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അപ്പോള്‍ തന്നെ ശരിയായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതും, നടപടികള്‍ സ്വീകരിക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, അദ്ദേഹത്തെ വളരെയധികം സമരക്കാര്‍ ഉപദ്രവിക്കുന്നതു കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചില്ല. ഒടുവില്‍ ഒരു കൂട്ടം പോലീസുദ്യോഗസ്ഥരുടെ ഇടയിലേയ്ക്ക് നടന്നു വന്ന അദ്ദേഹത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരാള്‍ പോലീസുദ്യോഗസ്ഥരുടെ മദ്ധ്യത്തില്‍ വെച്ച് ആക്രമിക്കുമ്പോള്‍ അത് തടയുന്നതിനോ, അക്രമിയെ പിടികൂടുന്നതിനോ യാതൊരു ശ്രമവും നടത്തി കണ്ടില്ല. മര്‍ദ്ദനമേറ്റയാളെ സഹായിക്കുന്നതിനുപോലും അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിച്ചു കണ്ടില്ല. രണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് പോലീസുദ്യോഗസ്ഥരും തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്തവിധമാണ് പെരുമാറിയത്. സമീപകാലത്തൊന്നും കേരള പോലീസിനെ ഇത്രയധികം നാണംകെടുത്തിയ ഒരു പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. ആയതിനാല്‍ തന്നെ ഈ പോലീസുദ്യോഗസ്ഥര്‍ തികച്ചും
മനുഷ്യാവകാശ ലംഘനത്തിന് കൂട്ടു നില്‍ക്കുകയും ഔദ്യോഗിക നിര്‍വ്വഹണത്തില്‍ തികച്ചും അലക്ഷ്യഭാവം കാണിക്കുകയും, തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും ബോധപൂര്‍വ്വം വിട്ടു നില്‍ക്കുന്നതായും കാണുന്നു. മര്‍ദ്ദനമേറ്റ് വീണുകിടക്കുന്ന ഒരു മനുഷ്യന് ഒരു താങ്ങ് കൊടുക്കുന്നതിനുള്ള സാമാന്യമര്യാദപോലും കാണിക്കാത്ത ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറും അവിടെ കാണപ്പെട്ടു. ഇത്തരത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാകുന്നത് സമൂഹത്തിന് അപകടകരമായിരിക്കും. ആയതുകൊണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (തിരുവനന്തപുരം റെയിഞ്ച്) ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേരാവുന്നതും ഗുരുതര ശിക്ഷാനടപടികള്‍ക്കായുള്ള വകുപ്പുതല നടപടികള്‍ ഉടനടി സ്വീകരിക്കേണ്ടതുമാണ്.
ഒരു സസ്‌പെന്‍ഷനില്‍ നില്‍ക്കുന്നതുകൊണ്ട് ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല. ആയതുകൊണ്ട് ഇവരുടെ കര്‍ത്തവ്യബോധം, മനുഷ്യാവകാശ സംരക്ഷണം, പോലീസുദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂന്നി തുടര്‍പരിശീലനം നല്‍കുന്നതിനായി കേരള പോലീസ് അക്കാഡമിയില്‍ ഒരു വര്‍ഷത്തെ തുടര്‍ പരിശീലനത്തിനായി അയക്കേണ്ടതാണ്. ഇവര്‍ക്ക് കാര്യക്ഷമവും, കൃത്യവുമായ പരിശീലനം നല്‍കുന്നതിന് കേരള പോലീസ് അക്കാഡമി ഡയറക്ടര്‍ കൃത്യമായ നടപടികള്‍ എടുക്കേണ്ടതാണ്. ഈ ഉദ്യോഗസ്ഥരെ ഉടനടി തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി പോലീസ് അക്കാഡമിയിലേക്ക് പാസ്‌പോര്‍ട്ട് ചെയ്യേണ്ടതാണ്. അവിടെ റിപ്പോര്‍ട്ട് ചെയ്തതിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇനിയുള്ള ഇവരുടെ ശമ്പളവും പോലീസ് അടിസ്ഥാനത്തിലുള്ള മറ്റ് സൗകര്യങ്ങളും നല്‍കേണ്ടതുള്ളൂ.
ഈ സംഭവം നടക്കുന്ന സമയം കോവളത്ത് ചാര്‍ജിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യില്‍ നിന്നും, എന്തുകൊണ്ട് കൃത്യവിലോപത്തിനും, മനുഷ്യാവകാശ ലംഘനത്തിനും നടപടി സ്വീകരിക്കാതിരിക്കണം എന്നതിനുള്ള വിശദീകരണം വാങ്ങേണ്ടതാണ്.

Copyright © . All rights reserved