Main News

ലണ്ടന്‍: ബ്രിട്ടനിലെ കുടിവെള്ള വ്യവസായം ദേശസാത്കരിക്കാനുള്ള ലേബര്‍ പാര്‍ട്ടി പദ്ധതിക്ക് രാജ്യത്തിന്റെ മൊത്തം പ്രതിരോധ ബജറ്റിൻറെ ഇരട്ടി തുക വേണ്ടിവരുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം ലേബര്‍ പ്രഖ്യാപിച്ച ഇടതു ചായ്‌വുള്ള പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കുടിവെള്ള കമ്പനികളുടെ ദേശസാത്കരണം. മുമ്പ് സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പിന്നീട് സ്വകാര്യവല്‍ക്കരണത്തിന് വിധേയമായിരുന്നു. റെയില്‍വേ, റോയല്‍ മെയില്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, കുടിവെള്ള വിതരണം എന്നിവ ദേശസാത്കരിക്കുമെന്നാണ് ജെറമി കോര്‍ബിന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം.

സോഷ്യല്‍ മാര്‍ക്കറ്റ് ഫൗണ്ടേഷന്‍ എന്ന സ്വതന്ത്ര തിങ്ക്ടാങ്ക് നടത്തിയ പഠനമാണ് കുടിവെള്ള കമ്പനികളുടെ ദേശസാത്കരണത്തിനു വേണ്ടി വരുന്ന ഭീമമായ തുകയെക്കുറിച്ച് സൂചന നല്‍കുന്നത്. നിലവില്‍ കുടിവെള്ള വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന 19 കമ്പനികളുടെ ടേണോവര്‍, ആസ്തി മുതലായവ കണക്കുകൂട്ടിയാണ് ഈ അനുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 90 ബില്യന്‍ പൗണ്ട് ചെലവാക്കി നടത്തുന്ന ദേശസാത്കരണം മൊത്തം ദേശീയ കടം 5 ശതമാനം ഉയര്‍ത്തുമെന്നും എസ്എംഎഫ് കണ്ടെത്തി.

പ്രതിരോധ രംഗത്ത് മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ വാര്‍ഷിക ബജറ്റ് 40 ബില്യന്‍ പൗണ്ടാണ്. അതിന്റെ ഇരട്ടിയിലേറെ വരും ഈ തുക. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷൻറെ ആനുവല്‍ ബജറ്റ് 86 ബില്യന്‍ പൗണ്ടാണ്. സുപ്രധാന മേഖലകളില്‍ ചെലവാക്കുന്നതിനേക്കാള്‍ അധികം തുക ഇതിനായി ചെലവാക്കേണ്ടി വരുമെന്ന സൂചനയാണ് തിങ്ക് ടാങ്ക് നല്‍കുന്നത്. ഈ ഭാരം ഒഴിവാക്കുന്നതിനായി വെള്ള കമ്പനികള്‍ കുറഞ്ഞ തുകയ്ക്ക് ഏറ്റെടുക്കാന്‍ ലേബര്‍ തീരുമാനിച്ചാല്‍ അത് കുടിവെള്ള വ്യവസായ മേഖലയിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പോക്കറ്റിനെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ ആള്‍പാര്‍പ്പില്ലാത്ത വീടുകളുടെ നികുതി നിരക്ക് കുത്തനെ ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. പാര്‍പ്പിടങ്ങള്‍ വളരെ ആഡംബരത്തോടെ പണികഴിപ്പിക്കുന്ന മലയാളികള്‍ അത് ഉപയോഗിക്കുന്നതില്‍ ശുഷ്‌കാന്തി കാട്ടുന്നില്ല. കൊച്ചിയില്‍ മാത്രം ഏകദേശം 50,000 വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ അര്‍ഹമായ പാര്‍പ്പിട സൗകര്യങ്ങളില്ലാതെ വലയുമ്പോള്‍ ഇത്രയധികം വീടുകള്‍ താമസക്കാരില്ലാതെ ഒഴിച്ചിടുന്നത് മനുഷ്യ വംശത്തിന് മൊത്തത്തില്‍ അര്‍ഹതപ്പെട്ട വിഭവങ്ങളുടെ ദുരുപയോഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ നല്ലൊരു ശതമാനമെങ്കിലും വാടകയ്ക്ക് മാര്‍ക്കറ്റില്‍ എത്തുകയാണെങ്കില്‍ കേരളത്തില്‍ കുതിച്ചുകയറിയ വീടു വാടക നിരക്ക് കുറയുകയും അത് സാധാരണക്കാരായ വാടകക്കാര്‍ക്ക് ആശ്വാസമാകുകയും ചെയ്യും.

കേരളത്തിലെ മൊത്തം വീടുകളില്‍ 14 ശതമാനമാണ് ആള്‍ താമസമില്ലാത്തത്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളായ മലയാളികളുടേത് ആണ്. ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് കേരളത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ എണ്ണം. എന്നാല്‍ ഗുജറാത്ത് ആണ് ഇക്കാര്യത്തില്‍ മുന്നില്‍. വളരെയധികം പ്രവാസികളുള്ള ഗുജറാത്തില്‍ 19 ശതമാനം വീടുകളിലും ആള്‍പാര്‍പ്പില്ല. ഇന്ത്യയൊട്ടാകെ 12.38 ശതമാനം വീടുകളും പൂട്ടിക്കിടക്കുന്നു. എണ്ണത്തില്‍ മഹാരാഷ്ട്രയിലാണ് ഏറ്ററവുമധികം വീടുകള്‍ പൂട്ടിക്കിടക്കുന്നത്. മഹാരാഷ്ട്രയില്‍ 20 ലക്ഷം വീടുകളിലാണ് ആള്‍പാര്‍പ്പില്ലാത്തത്. മുംബൈയില്‍ മാത്രം അഞ്ചുലക്ഷത്തോളം വീടുകളില്‍ ആള്‍പ്പാര്‍പ്പില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആള്‍താമസമില്ലാത്ത വീടുകളുടെ എണ്ണത്തില്‍ 46 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സര്‍വേയിലാണ് മുകളില്‍ പറഞ്ഞ കണക്കുകള്‍ ഉള്ളത്. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം കുറയ്ക്കാന്‍ വീടുകള്‍ കൈകാര്യം ചെയ്യാനും വാടകയ്ക്ക് നല്‍കുന്നതിനും പുതിയ നയം കൊണ്ടുവരണമെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു.

ബ്രിട്ടണ്‍ ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം കുറയ്ക്കുന്നതിന് വ്യക്തമായ നിയമങ്ങളും നയങ്ങളുമുണ്ട്. ബ്രിട്ടണില്‍ രണ്ട് വര്‍ഷത്തിലേറെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കൗണ്‍സില്‍ ടാക്‌സ് ഇരട്ടിയിലേറെയാണ്. വിഭവങ്ങളുടെ ദുരുപയോഗം തടയുകയാണ് പ്രസ്തുത നയത്തിന്റെ അടിസ്ഥാനം. ഇതിലൂടെ പാര്‍പ്പിടമില്ലാത്തവര്‍ക്ക് കൂടുതല്‍ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു. ഇന്ത്യയിലും പാര്‍പ്പിട കാര്യത്തില്‍ ഇത്തരമൊരു നയം അത്യന്താപേക്ഷിതമാണ്.

ലണ്ടന്‍: എന്‍എച്ച്എസിലെ ജീവനക്കാരുടെ കുറവ് മൂലം രോഗികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഡെന്റിസ്റ്റിനെ കാണണമെങ്കില്‍ രോഗികള്‍ക്ക് 70 മൈല്‍ വരെ സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ പറയുന്നത്. എന്‍എച്ച്എസില്‍ നിന്ന് ഡെന്റിസ്റ്റുകള്‍ വ്യാപകമായി കൊഴിഞ്ഞു പോയതും ഒഴിവുകള്‍ നികത്താന്‍ സാധിക്കാതെ വരുന്നതും പ്രതിസന്ധി ഗുരുതരമാക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ഡെന്റിസ്റ്റ് പ്രാക്ടീസുകളും കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഒഴിവുകള്‍ നികത്താന്‍ ബുദ്ധിമുട്ടിയെന്നാണ് അസോസിയേഷന്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്ന ഡെന്റിസ്റ്റുകള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലിയാണ് മെച്ചമെന്ന തോന്നല്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. എന്‍എച്ച്എസ് ഇംഗ്‌ളണ്ടിലെ 9000ത്തോളം നീളുന്ന കാത്തിരിപ്പ് പട്ടികയില്‍ പരിഹാരമുണ്ടാക്കണമെന്ന് പ്ലിമത്തിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ക്ക് കൗണ്‍സിലര്‍മാര്‍ നല്‍കിയ നിര്‍ദേശമാണ് ഡെന്റല്‍ രംഗത്തെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. ജീവനക്കാരുടെ കുറവ് മൂലം രോഗികള്‍ക്ക് 70 മൈല്‍ വരെ ഡോക്ടര്‍മാരെ കാണാന്‍ യാത്ര ചെയ്യേണ്ടി വരുന്നുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.

ടാര്‍ജറ്റുകളും ശമ്പളം വെട്ടിക്കുറയ്ക്കലും മൂലം ഒഴിവുകള്‍ നികത്താനാകാത്ത അവസ്ഥയാണ് ഉള്ളതെന്ന് ബിഡിഎ വൈസ് ചെയര്‍മാന്‍ എഡ്ഡി ക്രൗച്ച് പറയുന്നു. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് രോഗികളെയാണ് ത്രിശങ്കു സ്വര്‍ഗ്ഗത്തിലാക്കുന്നത്. എന്‍എച്ച്എസ് എന്നത് ഒട്ടും ആകര്‍ഷണീയമല്ലാത്ത ജോലിസ്ഥലമാക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ് ഉള്ളതെന്നും ക്രൗച്ച് പറഞ്ഞു.

ലണ്ടന്‍: പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഒരു രാസഘടകം പുരുഷന്‍മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍. ഈ രാസവസ്തുവിന്റെ സാന്നിധ്യം കൗമാര പ്രായക്കാരിലും കണ്ടെത്തിതായി പഠനം പറയുന്നു. 80 ശതമാനത്തോളം കൗമാരക്കാരായ ആണ്‍കുട്ടികളുടെ ശരീരത്തിലും ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 17നും 19നുമിടയില്‍ പ്രായമുള്ള 94 ആണ്‍കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. കുടിവെള്ളം ലഭിക്കുന്ന കുപ്പികളിലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലും ടില്‍ റെസിപ്റ്റുകളിലും തുടങ്ങി മനുഷ്യര്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ബിസ്‌ഫെനോള്‍ എ എന്ന രാസഘടകമാണ് വില്ലന്‍.

സ്ത്രീ ലൈംഗിക ഹോര്‍മോണായ ഈസ്ട്രജനുമായി വളരെയേറെ സാമ്യമുള്ള ഈ രാസവസ്തു പുരുഷന്‍മാരില്‍ ബീജത്തിന്റെ എണ്ണം കുറയാന്‍ കാരണമാകുമെന്ന് നേരത്തേ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. വളരെ സുരക്ഷിതമാണെന്നും മനുഷ്യരില്‍ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ലെന്നും പ്ലാസ്റ്റിക് വ്യവസായ മേഖല അവകാശപ്പെടുന്ന ഇത് ചില ജീനുകളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്നതായാണ് തെളിഞ്ഞത്. ഡെവണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ പഠനത്തില്‍ പങ്കെടുത്തത്.

ഒരാഴ്ചയോളം പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് അകലം പാലിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ടിന്‍ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും നിത്യോപയോഗത്തിന് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഉപകരണങ്ങളും നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ മനുഷ്യശരീരത്തില്‍ ആറ് മണിക്കൂറുകള്‍ മാത്രമേ ഈ രാസവസ്തു നിലനില്‍ക്കുകയുള്ളു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും പഠനത്തില്‍ പങ്കെടുത്തവരുടെ ശരീരത്തില്‍ ഇതിന്റെ അംശങ്ങള്‍ കണ്ടെത്തി. അവയുടെ അളവില്‍ കാര്യമായ കുറവുണ്ടാകുന്നില്ലെന്നും വ്യക്തമായി. പ്ലാസ്റ്റിക്കിന്റെ വ്യാപക ഉപയോഗം മൂലം മനുഷ്യന് ഈ രാസവസ്തുവില്‍ നിന്ന് മോചനം അത്ര എളുപ്പമല്ലെന്നാണ് പഠനം സ്ഥിരീകരിക്കുന്നത്.

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തില്‍ സ്ഥാനം നേടിയ മൈക്കിള്‍ ഷൂമാക്കര്‍ തിരികെയെത്തുമോ? സ്‌കീയിംഗിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 2013 മുതല്‍ ചികിത്സയില്‍ കഴിയുന്ന ഷൂമാക്കറിന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കി മകളുടെ ഇന്‍സ്റ്റഗ്രാം സന്ദേശം. ഫോര്‍മുല വണ്‍ ഇതിഹാസത്തിന്റെ മൂത്ത മകളായ ജീന മരിയയാണ് പിതാവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കിയത്. അമച്വര്‍ കുതിരയോട്ടക്കാരിയായ ജീന തന്റെ പിതാവിന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശം നല്‍കിയത്. ”ജീവിതത്തില്‍ ഒരേയൊരു സന്തോഷമേയുള്ളു, സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നത്” എന്നാണ് കീപ്പ് ഫൈറ്റിംഗ് എന്ന ഹാഷ്ടാഗില്‍ ജീന കുറിച്ചത്.

2007ല്‍ ഷൂമാക്കര്‍ തന്നെ പറഞ്ഞ ചില വാചകങ്ങളുടെ ചുവടുപിടിച്ച് തയ്യാറാക്കിയതാണ് ഈ വാക്കുകള്‍. ഷൂമാക്കറിന്റെ കുടുംബം നടത്തുന്ന ചാരിറ്റി ഫൗണ്ടേഷനും ഇതെ സന്ദേശം കടമെടുത്തിട്ടുണ്ട്. ഒരു മെഡിക്കല്‍ മിറക്കിളിന് പ്രതീക്ഷിക്കുകയാണ് ഷൂമാക്കറിന്റെ കുടുംബമെന്ന് കുടുംബ സുഹൃത്ത് വെളിപ്പടുത്തിയതിന് പിന്നാലെയാണ് ഷൂമാക്കര്‍ തന്റെ പരിക്കുകളില്‍ നിന്ന് മുക്തി നേടുന്നതായ സൂചന ജീന നല്‍കുന്നത്. സ്‌കീയിംഗിനിടെ അപകടത്തില്‍പ്പെട്ട ഷൂമാക്കര്‍ അതിനു ശേഷം കോമ അവസ്ഥയില്‍ കഴിയുകയായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുകയായിരുന്ന അദ്ദേഹം അപകടത്തില്‍ പരിക്കേറ്റിട്ട് അഞ്ച് ക്രിസ്തുമസുകള്‍ കടന്നു പോയി. 2013 ഡിസംബറിലായിരുന്നു അപകടമുണ്ടായത്. പിന്നീട് 2014 ജൂണ്‍ വരെ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ കോമ അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചികിത്സ നല്‍കിയത്.

ഇതിനു ശേഷം വീട്ടില്‍ പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിക്കൊണ്ട് ചികിത്സ തുടരുകയായിരുന്നു. നിലവില്‍ 1,15,000 പൗണ്ടാണ് ഷൂമാക്കറിന് ഒരാഴ്ച ചികി നല്‍കാന്‍ വേണ്ടി മാത്രം ചെലവഴിക്കുന്നത്. 15 ഫിസിഷ്യന്‍മാരും നഴ്‌സുമാരുമാണ് അദ്ദേഹത്തിന്റെ ചികിത്സക്കായി ലേക്ക് ജനീവയിലെ വീട്ടില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട വിദഗ്ദ്ധ ചികിത്സ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന സൂചനയും ഈ സന്ദേശം നല്‍കുന്നു.

പരിസ്ഥിതി സൗഹൃദ സണ്‍സ്‌ക്രീനുകളുടെ ഉത്പാദനത്തില്‍ വന്‍ ചുവടുവപ്പ്. സണ്‍സ്‌ക്രീനുകളില്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ചേരുവയായ ഷിനോറിന്‍ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. സണ്‍സ്‌ക്രീനിലെ ചില ചേരുവകള്‍ നിര്‍മ്മിച്ചെടുക്കുന്നത് പരിസ്ഥിതിക്ക് വലിയ തോതില്‍ ദോഷം വരുത്തുന്ന രീതി ഉപയോഗിച്ചാണ്. കടലില്‍ നിന്നും ലഭിക്കുന്ന ചില ആല്‍ഗകളില്‍ നിന്നാണ് ഷിനോറിന്‍ വേര്‍തിരിച്ചെടുത്തിരുന്നത്. ആല്‍ഗകള്‍ വന്‍തോതില്‍ ശേഖരിക്കുന്നതു വഴി പവിഴപുറ്റകള്‍ക്ക് നാശമുണ്ടാക്കുകയും മീനുകളുടെ പ്രത്യല്‍പ്പാദന വ്യവസ്ഥയെ സ്വാധീനിക്കുകയായും കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ ഇത്തരം സണ്‍സ്‌ക്രീനുകള്‍ ഉത്പാദിപ്പിക്കാനുള്ള സങ്കേതങ്ങള്‍ വികസിപ്പിച്ചിരുന്നു എന്നാല്‍ ഷിനോറിന്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ജനിതകമാറ്റത്തിലൂടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ബാക്ടീരിയകള്‍ക്ക് ഷിനോറിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള പ്രാപ്തിയുള്ളവയാണ്. ആദ്യഘട്ടത്തില്‍ ബാക്ടീരിയകളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഷിനോറിന്റെ അളവ് ആല്‍ഗകളില്‍ നിന്നും ലഭ്യമാകുന്നതിനേക്കാള്‍ വളരെയധികം കുറവായിരുന്നു. എന്നാല്‍ പ്രമോട്ടേഴ്‌സ് എന്നു പേരായ ഡിഎന്‍എ സീക്വന്‍സുകള്‍ ബാക്ടീരിയകളില്‍ കുത്തിവെച്ചതിനു ശേഷം ഷിനോറിന്‍ ഉത്പാദത്തിനത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയിലെ ഡോ. ഗുവാങ് യാങിന്റെ നേതൃത്വത്തിലാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. പഠനത്തിന്റെ വിവരങ്ങള്‍ ജേണല്‍ എസിഎസ് സിന്തറ്റിക് ബയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.

അമിനോ ആസിഡിനെപ്പോലെയുള്ള മൈകോസ്‌പൊറിന്‍ പാദാര്‍ഥങ്ങളുടെ ഗണത്തില്‍പ്പെട്ട രാസവസ്തുവാണ് ഷിനോറിന്‍. അള്‍ട്രവയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്നതില്‍ ഷിനോറിന് പ്രത്യേക കഴിവുണ്ട്. വ്യാവസായിക ആവശ്യത്തിനായി ഇപ്പോള്‍ ഉപയോഗിക്കുന്ന ഷിനോറിന്‍ കടലില്‍ നിന്നും കണ്ടെത്തുന്ന റെഡ് ആല്‍ഗകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നവയാണ്. ജനിതകമാറ്റം വരുത്തിയ ബാക്ടീരിയകളെ ഉപയോഗിച്ചുള്ള ഷിനോറിന്‍ ഉത്പാദനം ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

ലണ്ടൻ: പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങൾ യുകെയിൽ വർദ്ധിക്കുന്നു. മരണകാരണമാകുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്നാണ് സൂചന. സ്ത്രീകളിൽ മാരകമാകുന്ന സ്തനാർബുദം മൂലമുണ്ടാകുന്ന മരണങ്ങളെയും പിന്തള്ളി പുരുഷൻമാരുടെ മാത്രം രോ​ഗമായ പ്രോസ്റ്റേറ്റ് ക്യാൻസ‍ർ‌ കുതിക്കുകയാണന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്രെസ്റ്റ് ക്യാൻസർ മരണങ്ങൾ കുറഞ്ഞുവരികയാണെന്നാണ് 1999 മുതലുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചുള്ള മരണങ്ങളിൽ കുറവുണ്ടാകുന്നില്ല. ഓരോ വർഷവും 11819 പുരുഷൻമാർ പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കുമ്പോൾ 11442 സ്ത്രീകൾ സ്തനാർബുദം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്.

ശ്വാസകോശാർബുദം, വൻകുടലിനെ ബാധിക്കുന്ന അർബുദം എന്നിവയാണ് യുകെയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത്. സ്തനാർബുദ മരണങ്ങൾ കുറയുന്നത് ആശാവഹമാണെന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ യുകെ ചീഫ് എക്സിക്യൂട്ടീവ് ആൻ‍ജല കുൽഹെയിൻ പറയുന്നു. കൃത്യമായ മരുന്നുകൾ ആവിഷ്കരിക്കാൻ കഴിഞ്ഞതും രോ​ഗപരിശോധനക്കായി സ്ക്രീനിം​ഗ് പ്രോ​ഗ്രാമുകൾ അവതരിപ്പിച്ചതും ​ഗവേഷണങ്ങൾ പുരോ​ഗമിക്കുന്നതും ഇതിന് കാരണമ‌ായിട്ടുണ്ട്. എന്നാൽ ​ഗവേഷണങ്ങൾ കുറവായതും അതിനായി കാര്യമായി പണം മുടക്കാത്തതും പ്രോസ്റ്റേറ്റ് ക്യാൻസർ കുറയുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ക്യാൻസർ ചികിത്സയിൽ ഉണ്ടാകുന്ന പുരോ​ഗതി പ്രോസ്റ്റേറ്റ് ക്യാൻസർ മേഖലയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്നതാണ് വസ്തുത. ആവശ്യമായ ഫണ്ടിം​ഗ് ലഭ്യമായാൽ അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ മരണങ്ങൾ കാര്യമായി കുറക്കാനാകുമെന്നും അവർ പറഞ്ഞു. രോ​ഗലക്ഷണങ്ങൾ അവ​ഗണിക്കാതിരിക്കുകയെന്നതാണ് പ്രധാനം. വലിയ ലക്ഷണങ്ങളൊന്നും കാണിക്കാത്ത അസുഖമാണ് ഇതെന്നതാണ് പ്രത്യേകത. മൂത്രമൊഴിക്കാൻ അടിക്കടി തോന്നുക, എന്നാൽ മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, മൂത്രം പൂർണ്ണമായി ഒഴിച്ചില്ലെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോ​ഗം മൂർച്ഛിച്ചാൽ അസ്ഥികൾക്കും നടുവിനും വേദന, വൃഷണങ്ങളിൽ വേദന, ഭക്ഷണത്തോട് വിരക്തി, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കാണാനാകും.

ലണ്ടൻ: പ്രതിസന്ധികളിൽ‌ നിന്ന് കരകയറ്റി എൻഎച്ച്എസിനെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. ഇന്നലെ സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധ മാർച്ചിൽ സിനിമാതാരം റാൽഫ് ലിറ്റിൽ ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. ജീവനക്കാരുടെ കുറവും വിന്റർ പ്രതിസന്ധിയും മൂലം ഊ​ർദ്ധ്വശ്വാസം വലിക്കുന്ന ആരോ​ഗ്യ സർവീസിനെ രക്ഷിക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിനെത്തിയവർ ഉന്നയിച്ചത്. എൻഎച്ച്എസിന് ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കണമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും റാലി സംഘടിപ്പിച്ച പീപ്പിൾസ് അസംബ്ലിയും ഹെൽത്ത് ക്യാംപെയിൻസ് ടു​ഗെതറും ആവശ്യപ്പെട്ടു.

എൻഎച്ച്എസിലെ മെന്റൽ ഹെൽത്ത് കെയർ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് റാൽഫ് ലിറ്റിൽ കഴിഞ്ഞ വർഷവും റാൽഫ് ലിറ്റിൽ രം​ഗത്തെത്തിയിരുന്നു. ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടുമായി ഇക്കാര്യത്തിൽ ലിറ്റിൽ വാ​ഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ചലച്ചിത്ര മേഖലയിൽ എത്തുന്നതിനു മുമ്പ് വൈദ്യശാസ്ത്രം പഠിച്ചിട്ടുള്ളയാളാണ് ലിറ്റിൽ. എൻഎച്ച്എസിനെ സ്വകാര്യവൽക്കരിക്കാനോ ഫണ്ടുകൾ വെട്ടിക്കുറച്ച് ശ്വാസം മുട്ടിക്കാനോ ഉള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എൻഎച്ച്എസ് വിൽപനക്കില്ല, എൻഎച്ച്എസിൽ നിന്ന് കയ്യെടുക്കൂ തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന പ്ലക്കാർഡുകളേന്തിക്കൊണ്ടായിരുന്നു ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. എൻ‌എച്ച്എസിന് കൂടുതൽ ഫണ്ടുകൾ നൽകിക്കൊണ്ട് സ്വകാര്യമമേഖല ആരോ​ഗ്യസേവന രം​ഗത്ത് പ്രാമുഖ്യം നേടുന്നതിനെ ചെറുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കൻ ശൈലിയിലുള്ള യൂസർ പേയ് സംവിധാനം ആവിഷ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇം​ഗ്ലണ്ടിൽ മാത്രം 40,000 നഴ്സിം​ഗ് പോസ്റ്റുകൾ ഒഴിഞ്ഞു കിടിക്കുന്നുണ്ടെന്നാണ് റോയൽ‌ കോളേജ് ഓഫ് നഴ്സിം​ഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണത്തിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ലണ്ടൻ: കുട്ടികളെ വീടുകളിൽ അടച്ചിട്ട് വളർത്തുന്നത് അവരുടെ ശാരീരികാരോ​ഗ്യത്തെയും മാനസികാരോ​ഗ്യത്തെയും ബാധിക്കുമെന്നത് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ശുദ്ധവായു ശ്വസിക്കാൻ പരമാവധി അവസരം ലഭിക്കുന്നത് കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനവുമാണ്. ഒരു കാലത്ത് ബ്രിട്ടീഷ് കുടുംബങ്ങളിലെ മുത്തശ്ശൻമാരും മുത്തശ്ശികളും തങ്ങളുടെ പേരക്കുട്ടികളെ ഉറക്കിയിരുന്നത് വീടിനു പുറത്ത് പ്രാമുകളിലായിരുന്നു. തണുപ്പേൽക്കാതിരിക്കാൻ നന്നായി പുതപ്പിച്ച് ഇങ്ങനെ ഉറങ്ങാൻ അവരെ അനുവദിക്കുന്നത് ആരോ​ഗ്യപരമായി ഒട്ടേറെ ​ഗുണങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടെ കുട്ടികളുടെ സുരക്ഷയിലുണ്ടാകുന്ന ആശങ്ക രക്ഷിതാക്കളെ ഈ പഴയ രീതിയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചു.

കുട്ടികളെ തങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി ​ഗാർഡനിൽ‌ പോലും ഒറ്റക്ക് നിൽക്കാൻ രക്ഷിതാക്കൾ അനുവദിക്കാത്ത അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റങ്ങൾ വരുന്നു എന്നാണ് സൂചനകൾ. തുറന്നയിടങ്ങളിൽ കുട്ടികളെ ഉറങ്ങാൻ അനുവദിക്കുന്ന രീതിയെ നഴ്സറി സ്കൂളുകളും മറ്റും പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഫോറസ്റ്റ് സ്കൂൾ പ്രസ്ഥാനമാണ് ഈ രീതിയെ തിരിച്ച് കൊണ്ടുവരുന്നത്. ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ 1950കൾ മുതൽ വിദ്യാഭ്യാസരം​ഗത്ത് സജീവമായ ഫോറസ്റ്റ് സ്കൂൾ കുട്ടികൾക്ക് മുറികൾക്ക് പുറത്ത് കളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങൾ നൽകി വരുന്നു.

1990കളിൽ ഡെൻമാർക്കിലെ ഫോറസ്റ്റ് സ്കൂൾ സന്ദർശിച്ച വിദ​ഗ്ദ്ധരാണ് ഈ രീതി ബ്രിട്ടനിൽ‌ വീണ്ടും ആവിഷ്കരിക്കാൻ മുൻകയ്യെടുത്തത്. കുട്ടികൾ ടിവികൾക്കും കമ്പ്യൂട്ടർ സ്ക്രീനുകൾക്കും മുന്നിൽ ചെലവഴിക്കുന്ന സമയം കുറക്കാനും അവർക്ക് പരമാവധി ശുദ്ധവായു ശ്വസിക്കാനുള്ള അവസരം നൽകാനും മുറികൾക്ക് പുറത്തേക്കിറക്കിയുള്ള രീതി സഹായിക്കുമെന്നാണ് ഫോറസ്റ്റ് സ്കൂൾ പ്രതിനിധികൾ പറയുന്നത്. ബ്രിട്ടനിലെ 74 ശതമാനം കുട്ടികളും ജയിലിൽ കഴിയുന്നത്പോലെയാണ് വീടുകൾക്കുള്ളിൽ തങ്ങളുടെ ബാല്യം ചെലവഴിക്കുന്നതെന്ന് ഒരു സർവേ വ്യക്തമാക്കുന്നു.

ആവശ്യമായ സുര​ക്ഷാ മുൻകരുതലുകളും തണുപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വസ്ത്രങ്ങളുമുണ്ടെങ്കിൽ കുട്ടികൾ വീടിനു പുറത്ത് ഉറങ്ങുന്നതിൽ കുഴപ്പമൊന്നുമില്ലെന്നാണ് നോർഫ്ലോക്കിലെ ഔട്ട്ഡോർ നഴ്സറിയായ ഡാൻഡേലിയൻ‌ എജ്യുക്കേഷനിലെ ഹെയ്ലി റൂം പറയുന്നത്. മഴയില്ലെങ്കിലും മൃ​ഗങ്ങൾ‌ ആക്രമിക്കാൻ സാധ്യതയില്ലെങ്കിൽ, വീടുകൾക്ക് പുറത്ത് ഉറങ്ങുന്നത് തണുപ്പുള്ള കാലാവസ്ഥയിൽ പോലും അത്ര കുഴപ്പമുള്ള കാര്യമല്ലെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സിലെ ഡോ.രാഹുൽ‌ ചൗധരി പറയുന്നു.

ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ ഭക്ഷണത്തില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍ അപകടം സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍. കുറഞ്ഞ അളവില്‍ കലോറികളുള്ള ഭക്ഷണക്രമം തെരെഞ്ഞെടുക്കും മുന്‍പ് വിദ്ഗദരുടെ സഹായം തേടണമെന്നും പുതിയ ഗവേഷണം പറയുന്നു. മാഗ്‌നെറ്റിക്ക് റിസ്സോനെന്‍സ് ഇമാജിനിംഗ് (എംആര്‍ഐ) ഉപയോഗിച്ച് നടത്തിയ പുതിയ പഠനം ഒരു ദിവസം 800 കലോറയില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ചാല്‍ ഉദരത്തിലും കരളിലും ഹൃദയ പേശികളിലും വിതരണം ചെയ്യപ്പെടുന്ന കൊഴുപ്പിന്റെ അളവിനെ അവംലംബിച്ചാണ് നടത്തിയിരിക്കുന്നത്. ആരോഗ്യവാനായ ഒരു പുരുഷന്റെ ശരീരത്തിന് ഒരു ദിവസം 2,500 കലോറി ആവശ്യമാണ് സ്ത്രീകളുടെ കാര്യത്തിലിത് 2,000 കലോറിയാണ്. പക്ഷേ സാധാരണയായി പെട്ടന്ന് ശരീരവണ്ണം കുറയ്ക്കാനായി ആളുകള്‍ ഭക്ഷണം ഏതാണ്ട് മുഴുവനായും ഒഴിവാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഡയറ്റ് ഷെയ്ക്കുകള്‍ മാത്രമാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.

ഭക്ഷണം ക്രമാതീതമായി കുറക്കുന്ന ഇത്തരം രീതികള്‍ ഒരു ഫാഷനായിട്ടാണ് ഇപ്പോള്‍ ആളുകള്‍ കാണുന്നതെന്ന് ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ മാഗ്‌നെറ്റിക്ക് റിസോണന്‍സ് ഗവേഷകന്‍ ഡോ.ജെന്നിഫര്‍ റൈനര്‍ പറയുന്നു. ദിവസം 600 മുതല്‍ 800 വരെയുള്ള കലോറികള്‍ മാത്രം ലഭ്യമാക്കിയുള്ള ഇത്തരം ഭക്ഷണ ക്രമീകരണ രീതി വണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമാണെങ്കിലും ഹൃദയത്തെ ഇതങ്ങെനെ ബാധിക്കുന്നവെന്നുള്ള പഠനങ്ങള്‍ നടന്നിട്ടില്ല ഡോ. ജെന്നിഫര്‍ പറയുന്നു. ബ്രിട്ടനിലെ മൂന്നില്‍ രണ്ട് പേര്‍ ഇത്തരം ഡയറ്റുകള്‍ പിന്തുടരുന്നവരാണെന്ന് സമിപകാല ഗവേഷണങ്ങള്‍ പറയുന്നു. 800,000 പേര്‍ ഹൃദയ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ ഉള്ളവരാണ് കൂടാതെ രണ്ട് മില്ല്യണ്‍ ആളുകള്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരാണ്.

52 വയസ്സു വരെയുള്ള 21 വളണ്ടിയര്‍ മാരിലാണ് ഈ ഗവേഷണം നടത്തിയിരിക്കുന്നത്. എട്ട് ആഴ്ച്ചകളിലായി കുറഞ്ഞ കലോറി ഭക്ഷണം കഴിച്ച ഇവരില്‍ ആദ്യ മുതല്‍ക്കു തന്നെ എംആര്‍ഐ ടെസ്റ്റുകള്‍ നടത്തി. ഹൃദയത്തിലെ ഫാറ്റിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുന്നതായി പഠനത്തില്‍ നിന്നും വ്യക്തമായി. രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പരീക്ഷണത്തിന്റെ ആദ്യത്തെ ആഴ്ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കുറഞ്ഞ അളവില്‍ കലോറി കഴിക്കുന്ന രീതി ബാധിക്കുന്നതായി ഗവേഷണത്തില്‍ നിന്നും വ്യക്തമാകുന്നതായി ഡോ. ജെന്നിഫര്‍ പറയുന്നു.

പെട്ടന്ന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുന്ന ഹൃദയ സംബന്ധിയായ രോഗമുള്ളവര്‍ സൂക്ഷിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഡയറ്റുകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഹൃദയ സംബന്ധിയായ രോഗികള്‍ ഡയറ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണെണമെന്ന് ഡോ. ജെന്നിഫര്‍ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved