ബെയ്ജിംഗ്: ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളുടെ വില്‍പന അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ചൈന. ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്നതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം അറിയിച്ചു. എന്നാല്‍ എത്ര കാലത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ചൈനയിലേത്. പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉദ്പാദനവും വിപണനവും നിര്‍ത്താനുള്ള സമയക്രമം തീരുമാനിക്കാനുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ സിന്‍ ഗുവോബിന്‍ പറഞ്ഞു. പീപ്പിള്‍സ് ഡെയിലിയും സിന്‍ഹുവ ന്യൂസ് ഏജന്‍സിയുമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
2040ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉദ്പാദനവും വില്‍പനയും അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും ബ്രിട്ടനും അറിയിച്ചിരുന്നു. ജൂലൈയിലാണ് ഈ രാജ്യങ്ങള്‍ സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. കാര്‍ബണ്‍ പുറന്തള്ളലും മലിനീകരണവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം ബ്രിട്ടനും ഫ്രാന്‍സും കൈക്കൊണ്ടത്.
ലണ്ടന്‍: യുകെയിലെ ജനങ്ങളുടെ ജീവിത ദൈര്‍ഘ്യം കുറയുന്നുവെന്ന് കണ്ടെത്തല്‍. യൂറോപ്യന്‍ ശരാശരിക്കും താഴെയാണ് യുകെയിലുള്ളവരുടെ ജീവിതദൈര്‍ഘ്യം എന്നാണ് വ്യക്തമായിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ജനങ്ങളുടെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ യുകെയില്‍ അത് താഴ്ന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ വിശദമായ പഠനം അടിയന്തരമായി നടത്തണമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഇക്വിറ്റി ഡയറക്ടര്‍ സര്‍.മൈക്കിള്‍ മാര്‍മോട്ട് പറഞ്ഞു. ദശാബ്ദങ്ങളായി ജീവിത ദൈര്‍ഘ്യത്തില്‍ ക്രമമായുണ്ടായ കുറവിനു ശേഷം ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ അത് തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.
യുകെയില്‍ സ്ത്രീകളുടെ ജീവിതദൈര്‍ഘ്യം 83 വയസാണ്. പുരുഷന്‍മാരില്‍ അത് 79 വയസും. ഇതേ നിരക്ക് തുടര്‍ന്നാണ് യുകെ യൂറോപ്പിലെ രോഗി എന്ന പദവി ഉടന്‍ തന്നെ സ്വന്തമാക്കുമെന്ന് അദ്ദേഹം ദി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 2010 വരെ ജീവി ദൈര്‍ഘ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഓരോ നാലു വര്‍ഷത്തിലും ഇതില്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ക്കു ശേഷം ഇത് പിന്നോട്ടടിക്കുന്ന കാഴ്ചയാണ് കണ്ടത്. സര്‍ക്കാര്‍ നയം തന്നെയാണ് ഈ പ്രതിഭാസത്തിന് ഒന്നാമത്തെ കാരണമെന്നും വിഷയത്തില്‍ പഠനം നടത്തണമെന്നും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിനോട് സര്‍. മാര്‍മോട്ട് ആവശ്യപ്പെട്ടു.
2008ലെ സാമ്പത്തിക മാന്ദ്യ കാലത്ത് ലോകമൊട്ടാകെ ജീവിതദൈര്‍ഘ്യത്തില്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ യുകെയില്‍ ഉണ്ടായത് അതിനേക്കാളും ഗുരുതരമാണ്. സ്ത്രീകളുടെ ജീവിതദൈര്‍ഘ്യത്തിന്റെ നിരക്ക് യൂറോപ്പിലെ ഏറ്റവും മോശം അവസ്ഥയിലാണ് യുകെ പ്രകടിപ്പിക്കുന്നത്.പുരുഷന്‍മാരില്‍ ഇത് രണ്ടാം സ്ഥാനത്താണ്. സ്വാഭാവികമായ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും സര്‍. മൈക്കില്‍ മാര്‍മോട്ട് ഇത് അംഗീകരിക്കുന്നില്ല.
ലണ്ടന്‍: അത്ര അത്യാവശ്യമല്ലാത്ത ഓപ്പറേഷനുകള്‍ മാറ്റിവെക്കുകയും അവയ്ക്കായുള്ള കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുകയും ചെയ്യുന്നത് എന്‍എച്ച്എസില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നു. ഒട്ടേറെ ആളുകള്‍ സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയാണ് എന്‍എച്ച്എസ് ചികിത്സകള്‍ വൈകുന്നതിന് കാരണം. എന്നാല്‍ ഇതുമൂലം ലാഭമുണ്ടാക്കുന്നത് സ്വകാര്യാശുപത്രികളാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് ആശുപത്രി ചെലവുകള്‍ സ്വന്തം കയ്യില്‍ നിന്ന് നല്‍കേണ്ടി വരുന്നു. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കും തിമിര ശസ്ത്രക്രിയക്കുമൊക്കെയായി 15,000 പൗണ്ട് വരെ ചെലവഴിക്കേണ്ടതായി വരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് ഇതുമൂലം 15 മുതല്‍ 25 ശതമാനം വരെ വാര്‍ഷികലാഭത്തില്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. സ്വന്തം സമ്പാദ്യത്തില്‍ നിന്നോ വായ്പകളില്‍ നിന്നോ ഒക്കെയാണ് രോഗികള്‍ സ്വകാര്യാശുപത്രികളിലെ ചികിത്സാച്ചെലവ് കണ്ടെത്തുന്നത്. ശാരീരിക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന അസുഖങ്ങളുടെ ചികിത്സക്ക് എന്‍എച്ച്എസില്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് സ്വകാര്യമേഖലയെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സ്വകാര്യാശുപത്രികളില്‍ വര്‍ദ്ധിച്ചുവരുന്ന ശസ്ത്രക്രിയകള്‍ക്ക് കാരണം ഈ എന്‍എച്ച്എസ് പ്രതിസന്ധിയാണെന്ന് ട്രസ്റ്റുകള്‍ക്ക് വ്യക്തമാണെങ്കിലും അതിന് പരിഹാരം കാണാന്‍ കഴിയാത്ത നിസഹായാവസ്ഥയിലാണ് അവര്‍.
റഫറല്‍ ടു ട്രീറ്റ്‌മെന്റ് പദ്ധതിയനുസരിച്ച് 18 ആഴ്ചക്കുള്ളില്‍ ചികിത്സ ലഭിക്കുമെന്ന് എന്‍എച്ച്എസ് ഉറപ്പു നല്‍കുന്ന രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്രയും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇര്‍മ. ഫ്‌ളോറിഡയില്‍ കനത്ത നാശം വിതയ്ക്കുമെന്ന് കരുതുന്ന ഇര്‍മയെ നേരിടാന്‍ മുന്‍കരുതലുകളുമായി ഭരണകൂടങ്ങള്‍ നീങ്ങുമ്പോള്‍ വിചിത്രമായ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്‌ളോറിഡയിലെ തോക്കുടമകള്‍. ഇര്‍മയെ വെടിവെച്ചു വീഴ്ത്താനാണ് ആഹ്വാനം. ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്ന ആഹ്വാനത്തോട് പതിനായിരക്കണക്കിന് തോക്കുടമകളാണ് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.
കൊടുങ്കാറ്റിനെ വെടിവെച്ചു വീഴ്ത്താനാകുമോ എന്ന സംശയം സ്വാഭാവികമായും ഉയരാം. അതിനും ഉത്തരമുണ്ട്. ഇര്‍മ ഉയര്‍ത്തുന്ന ആശങ്കയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ സൃഷ്ടിച്ച ഫേസ്ബുക്ക് ഇവന്റിന് ഇത്രയും പ്രതികരണങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഇവന്റ് സൃഷ്ടാവായ റ്യോന്‍ എഡ്വേര്‍ഡ്‌സ് പറയുന്നു. ബിബിസി ന്യൂസ്ബീറ്റ് ആയ 22 കാരനാണ് ഇയാള്‍. തമാശയ്ക്ക് ചെയ്ത കാര്യത്തിന് ഇത്രയും പ്രതികരണങ്ങള്‍ ലഭിച്ചതിന്റെ ഞെട്ടലിലാണ് ഇയാള്‍.
ചിലര്‍ ഇതിനെ വളരെ ഗൗരവമായാണ് എടുത്തത്. തോക്കുമെടുത്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഞാന്‍ വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, കൊടുങ്കാറ്റിന്റെ കേന്ദ്രമാണ് എന്റെ ലക്ഷ്യം എന്നൊക്കെ ആളുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി. വെടിവെക്കുന്നത് കൊടുങ്കാറ്റിന്റെ ദേഷ്യം വര്‍ദ്ധിപ്പിക്കില്ലേ എന്ന് ചോദിച്ചവരും നിരവധി. കൊടുങ്കാറ്റിനെ ശാസ്ത്രീയമായി വെടിവെക്കാനുള്ള ഡയഗ്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും തന്റെ ഒരു ഭ്രാന്തന്‍ ആശയം കൈവിട്ടു പോയതിന്റെ ഞെട്ടലിലാണ് എഡ്വേര്‍ഡ്‌സ്. കരീബിയനില്‍ നാശം വിതച്ച ഇര്‍മ 22 പേരുടെ മരണത്തിനു കാരണമായിട്ടുണ്ട്.
ലണ്ടന്‍: ധ്രുവ പ്രദേശങ്ങളില്‍ മാത്രം ദൃശ്യമാകുന്ന നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന ആകാശദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ യുകെ വാസികള്‍ക്കും അവസരം. വെള്ളിയാഴ്ച ആദ്യം ദൃശ്യമായ അറോറയ്ക്കു പിന്നാലെ വരുന്ന രാത്രികളിലും കൂടുതല്‍ അറോറകള്‍ കാണാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന അറിയിപ്പ്. ധ്രുവപ്രദേശത്തോട് അടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് രാത്രികാലങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമാകാറുള്ളത്. ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ സൗരവാതം കഴിഞ്ഞ ദിവസം സൂര്യനില്‍ നിന്ന് പുറത്തു വന്നിരുന്നു. ഇതാണ് ധ്രുവ പ്രകാശം മറ്റു പ്രദേശങ്ങളിലും ദൃശ്യമാകാന്‍ കാരണം.
ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്കാണ് അറോറ നന്നായി ദൃശ്യമാകുക. സൗരവാതത്തിന്റെ ഫലമായുണ്ടായ കാന്തിര പ്രഭാവമാണ് അറോറകള്‍ സാധാരണ ഗതിയില്‍ കാണുന്ന അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എത്താന്‍ കാരണമെന്ന് ദി അറോറ സോണ്‍ മാനേജിംഗ് ഡയറക്ടര്‍ അലിസ്റ്റര്‍ മക് ലീന്‍ പറഞ്ഞു. സൗരവാതത്തിന്റെ രൂക്ഷതയനുസരിച്ച് വന്‍തോതിലുള്ള അറോറകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തില്‍ ജി3 കാന്തിക പ്രവാഹങ്ങള്‍ ഈ സൗരവാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അതാണ് അറോറകള്‍ അതിര്‍ത്തികള്‍ക്കപ്പുറവും ദൃശ്യമാകുന്നതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
തെക്കന്‍ ഇംഗ്ലണ്ടില്‍ പോലും അറോറകള്‍ കാണാന്‍ ഈ ശക്തമായ സൗരവാതം കാരണമാകുമെന്നാണ് വിശദീകരണം. എന്നാല്‍ രാജ്യത്തിന്റെ നോര്‍ത്ത് ഈസ്റ്റ് മേഖലിയാണ് ഇവ കാണാന്‍ ഏറ്റവും സാധ്യതയുള്ളത്. വടക്കന്‍ ചക്രവാളത്തിലാകും ഇവ ദൃശ്യമാകുക. തെളിഞ്ഞതും പ്രകാശസാന്നിധ്യമില്ലാത്തതുമായ ആകാശമായിരിക്കും ഈ അപൂര്‍വ ആകാശപ്പൂരം കാണാന്‍ അനുയോജ്യമായത്. അതുകൊണ്ട് നഗരപ്രദേശങ്ങളില്‍ നിന്ന് അകന്ന് ബീച്ചുകള്‍ പോലെയുള്ള തുറന്ന പ്രദേശങ്ങളില്‍ നിന്നാല്‍ ഈ അപൂര്‍വ കാഴ്ച ആസ്വദിക്കാം.
ലണ്ടന്‍: കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എഴുത്തുപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. പേപ്പറും പേനയുമുപയോഗിച്ച് എഴുതുന്ന പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന കാരണവും വിചിത്രമാണ്. വിദ്യാര്‍ത്ഥികളുടെ കയ്യക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാലാണേ്രത പരീക്ഷകള്‍ തന്നെ ഉപേക്ഷിക്കുന്നത്. ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ കയ്യക്ഷരത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഉത്തരപേപ്പറുകള്‍ വായിച്ചു മനസിലാക്കാന്‍ അധ്യാപകര്‍ ഏറെ ബുദ്ധിമുട്ടുകയാണത്രേ. അതുകൊണ്ട് പരീക്ഷകള്‍ ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.
800 വര്‍ഷത്തോളം നീണ്ട എഴുത്തുപരീക്ഷാ സമ്പ്രദായത്തിനാണ് യൂണിവേഴ്‌സിറ്റി ഇതോടെ അന്ത്യം കുറിക്കുന്നത്. വിദ്യാര്‍ത്ഥിികളുടെ കയ്യക്ഷരം മോശമാകുന്നതിനെക്കുറിച്ച് അധ്യാപകരെന്ന നിലയില്‍ വര്‍ഷങ്ങങ്ങളായി തങ്ങള്‍ ചിന്തിക്കുന്നുണ്ടായിരുന്നുവെന്ന് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികയായ ഡോ.സാറ പേഴ്‌സോള്‍ പറഞ്ഞു. ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ വരുന്നത് അധ്യാപകര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും ദോഷം ചെയ്യും.
തങ്ങള്‍ എഴുതിയ ഉത്തരങ്ങള്‍ വായിച്ചു കേള്‍പ്പിക്കാന്‍ സമ്മര്‍ അവധികള്‍ക്കിടയില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വിളിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസ നടത്തിന്റെ ഭാഗമായി വിഷയത്തില്‍ ഒരു അവലോകനം നടത്തി വരികയാണെന്ന് സര്‍വകലാശാല അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഭാഗമായി ഹിസ്റ്ററി ആന്‍ഡ് ക്ലാസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടുളള ഒരു പരീക്ഷ നടത്തിയിരുന്നു.
ലണ്ടന്‍: ലണ്ടന്‍, മാഞ്ചസ്റ്റര്‍ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായി ചികിത്സയില്‍ കഴിയുന്നവരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ട്രോള്‍ ചെയ്യുന്നതിനെതിരെ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍. ഇക്കാര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ചികിത്സയിലുള്ള ഇരകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ കൂടുതകല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളില്‍ ആദ്യമായാണ് എന്‍എച്ച്എസ് ഇത്തരം ഒരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത്.
ആക്രമണത്തിനിരയായവര്‍ ഇപ്പോള്‍ അതുപയോഗിച്ച് സൗജന്യങ്ങള്‍ പറ്റുകയാണെന്നും പണമുണ്ടാക്കുകയാണെന്നും ആരോപിച്ചുകൊണ്ടുള്ള ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ആക്രമണത്തിന് ഇരയായവര്‍ക്ക് വലിയ മാനസികാഘാതം ഏറ്റിട്ടുണ്ട്. ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അവയുടെ പ്രഹരശേഷി വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ആക്രമണങ്ങള്‍ക്കു ശേഷമുണ്ടാകുന്ന വാര്‍ത്തകള്‍ ഇരകള്‍ക്ക് ദോഷകരമാകാത്ത വിധത്തിലായിരിക്കണമെന്ന നിര്‍ദേശം മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍എച്ച്എസ് നല്‍കുന്നു.
കൊല്ലപ്പെടുന്നവരുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി നല്‍കുന്ന വാര്‍ത്തകളും ആദരാഞ്ജലികളും മറ്റും അര്‍പ്പിച്ചുകൊണ്ട് നല്‍കുന്ന റിപ്പോര്‍ട്ടുകളും അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കുന്നു. പരിക്കേറ്റവരോട് സംസാരിക്കുമ്പോള്‍ പരിധികള്‍ നിശ്ചയിക്കണമെന്ന നിര്‍ദേശവും മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്‍എച്ച്എസ് നല്‍കുന്നു.
ഫ്‌ളോറിഡ: അമേരിക്കയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് എത്തുന്ന ഇര്‍മ ചുഴലിക്കാറ്റിനെ ഭയന്ന് ഫ്‌ളോറിഡ വിട്ടത് 56 ലക്ഷത്തോളം ആളുകള്‍. സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഇത്രയും ആളുകള്‍ ഒഴിപ്പിക്കപ്പെട്ടത്. കരീബിയനില്‍ നാശം വിതച്ച ഇര്‍മ ഫ്‌ളോറിഡയില്‍ കനത്ത നാശമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്തമായ കാറ്റുകളില്‍ ഒന്നാണ് ഇര്‍മ. ഹാര്‍വി ചുഴലിക്കാറ്റുണ്ടാക്കിയ നാശങ്ങളില്‍ നിന്ന് കരകയറുന്നതിനു മുമ്പാമ് ഇര്‍മയുടെ വരവ്. പിന്നാലെ ജോസ് ചുഴലിക്കാറ്റും ഫ്‌ളോറിഡയിലൂടെ കടന്നുപോകുമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇര്‍മയുടെ നശീകരണ ശേഷിയെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരാമര്‍ശങ്ങള്‍ നടത്തി. വളരെ നശീകരണശേഷിയുള്ള കൊടുങ്കാറ്റാണ് ഇതെന്നായിരുന്നു ട്രംപ് പറഞ്ഞത്. പ്രദേശവാസികളോട് ഒഴിഞ്ഞു പോകണമെന്ന് ഫ്‌ളോറിഡ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അടിയന്തരമായി ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. സ്റ്റേറ്റ് അതിന്റെ ചരിത്രത്തില്‍ കാണാത്ത വിധത്തിലുള്ള ചുഴലിക്കാറ്റാണ് ഇര്‍മയെന്നാണ് വിശദീകരണം.
ചുഴലിക്കാറ്റിന്റെ പ്രഭാവം തീരദേശത്ത് ഉടനീളമുണ്ടാകുമെന്ന് ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. കൊടുങ്കാറ്റ് വന്‍ നശീകരണ ശേഷിയുള്ളതാണെന്ന് അമേരിക്കന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് ഗവര്‍ണര്‍ ഫ്‌ളോറിഡയിലുള്ളവര്‍ക്ക് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയത്. ഫ്‌ളോറിഡയിലും അമേരിക്കയിലെ സൗത്ത് ഈസ്‌റ്റേണ്‍ സ്‌റ്റേറ്റുകളിലും ഇര്‍മ കനത്ത നാശം വിതക്കുമെന്നാണ് ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ മുന്നറിയിപ്പ്.
യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വമ്പിച്ച ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ് ലെസ്റ്റര്‍ മലയാളികളുടെ ഓണാഘോഷത്തിന് തുടക്കമാകുന്നത്. മികച്ച ഓഡിറ്റോറിയവും വിശാലമായ പാര്‍ക്കിംഗ് ഗ്രൌണ്ടും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള ജഡ്ജ് മീഡോ കോളജിൽ ആണ് ആഘോഷം നടക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾ ഉള്‍പ്പെടെയുള്ള ഓണാഘോഷം വേറിട്ട അനുഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ലെസ്റ്ററിലെ മലയാളികള്‍.
സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ പരിപാടികളോട് കൂടിയ കലാ സന്ധ്യയും ഓണാഘോഷത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചിരുന്നു. പതിവിന് വിപരീതമായി ഓണാഘോഷ ദിനത്തിന് ഒരാഴ്ച മുന്‍പ് തന്നെ പ്രവേശന കൂപ്പണുകള്‍ മുഴുവന്‍ വിറ്റ് തീര്‍ന്നിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികളുടെ അക്ഷീണമായ പ്രയത്നം മൂലം അംഗത്വ രജിസ്ട്രേഷനിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരത്തോളം ആളുകള്‍ ഇത്തവണ ഓണാഘോഷത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലെസ്റ്റര്‍ കേരള ഡാന്‍സ് അക്കാദമിയിലെ വിവിധ ബാച്ചുകളില്‍ നിന്നുള്ള കുട്ടികളും, പ്രശസ്ത കൊറിയോഗ്രാഫര്‍ ആയ കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച കുട്ടികളും, ബോളിവുഡ് ഡാന്‍സ് പ്രതിഭയായ ഡോ. വീണ ബാബുവിന്‍റെ പരിശീലനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ ഒരുങ്ങുന്നവരും ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ആണ് ഇന്ന് ലെസ്റ്റര്‍ മലയാളികളെ കാത്തിരിക്കുന്നത്. യുകെയിലെ മികച്ച ഗായകരെ പങ്കെടുപ്പിച്ച് കൊണ്ട് ലൈവ് ഓര്‍ക്കസ്ട്രയുടെഅകമ്പടിയോടെ നടത്തുന്ന ഗാനമേളയാണ് മറ്റൊരു ആകര്‍ഷണം.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുപ്പതിന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പതിനൊന്നരയോടെ രജിസ്ട്രേഷന്‍ ആരംഭിക്കും. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് സംഘടിപ്പിച്ച എക്സല്‍ അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാം അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഇന്ന് ഓണാഘോഷ വേദിയില്‍ വിതരണം ചെയ്യും.
ഓണാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ലെസ്റ്ററിലെ എല്ലാ മലയാളികളെയും ജഡ്ജ് മീഡോ സ്കൂള്‍ ഓഡിറ്റോറിയത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി എല്‍കെസി ഭാരവാഹികള്‍ അറിയിക്കുന്നു.
ഓണാഘോഷ വേദിയുടെ അഡ്രസ്സ്:
Judgemeadow College
Maryden Drive
Leicester LE56HP
കാണുന്നതൊക്കെ വായിലെടുത്ത് വെക്കുന്നതാണ് കുഞ്ഞുങ്ങളുടെ സ്വഭാവം. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ കിടക്കുന്ന പല വസ്തുക്കളും കുട്ടികള്‍ക്ക് അപകടകരമാണ്. കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍ മുതല്‍ കട്ടിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വരെ ഇവരുടെ ജീവന് ഭീഷണി ഉയര്‍ത്താറുണ്ട്. തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരിക്കുന്ന കുട്ടികളുടെ എണ്ണം യുകെയില്‍ പ്രതിവര്‍ഷം 24 ആണെന്നത് കേട്ടാല്‍ ഇതിന്റെ ഗുരുതരാവസ്ഥ മനസിലാക്കാം. എന്നാല്‍ തൊണ്ടയില്‍ എന്തെങ്കിലും കുരുങ്ങിയാല്‍ ചില പ്രഥമശുശ്രൂഷകള്‍ അടിയന്തരമായി നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്നതാണ് വാസ്തവം. നിര്‍ഭാഗ്യവശാല്‍ മൂന്നിലൊന്ന് രക്ഷിതാക്കള്‍ക്കും ഈ പ്രഥമശുശ്രൂഷകളെക്കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം. ചില പ്രഥമശുശ്രൂഷാ രീതികള്‍ പരിചയപ്പെടാം.
കുഞ്ഞുങ്ങള്‍ എത്ര ചെറുപ്പമാണോ, തൊണ്ടയില്‍ വസ്തുക്കള്‍ കുരുങ്ങാനുള്ള സാധ്യതകള്‍ അത്രയും കൂടുതലാണ്. മുലപ്പാല്‍ പോലും ചിലപ്പോള്‍ ഈ വിധത്തില്‍ കുഞ്ഞുങ്ങളുടെ ജീവനെടുത്തേക്കാം. അപ്രകാരം തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങുകയും കുട്ടി കരച്ചില്‍ നിര്‍ത്തുകയും ശരീരം നീലനിറമായി വരികയും ചെയ്താല്‍ ഭീതിപ്പെടാതിരിക്കുക എന്നതാണ് അരികിലുള്ളവര്‍ ചെയ്യേണ്ടത്. തൊണ്ടയില്‍ എന്തെങ്കിലും പെട്ടാല്‍ കരയാനോ, ശ്വാസമെടുക്കാനോ ശബ്ദമുണ്ടാക്കാനോ ചുമക്കാനോ പോലും കുഞ്ഞുങ്ങള്‍ക്ക് കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍
കുഞ്ഞിന് ശ്വാസം മുട്ടിയാല്‍
1. കുഞ്ഞിനെ നിങ്ങളുടെ മടിയില്‍ കമഴ്ത്തി കിടത്തുക. തല ശരീരത്തേക്കാള്‍ താഴെ വരുന്ന വിധത്തില്‍ വേണം കിടത്താന്‍. കുഞ്ഞിന്റെ കണ്ഠത്തിനും തോളുകള്‍ക്കുമിടയിലുള്ള സ്ഥലത്ത് ശക്തിയായി 5 തവണ അടിക്കുക. ഇതുകൊണ്ട് തൊണ്ടയിലുള്ള വസ്തു പുറത്തു പോയില്ലെങ്കില്‍ രണ്ടാമത്തെ സ്‌റ്റെപ്പിലേക്ക് നീങ്ങാം.
2. കുഞ്ഞിനെ തിരിച്ച് കിടത്തുക. നെഞ്ചിന് മധ്യത്തിലായി വാരിയെല്ലുകള്‍ക്ക് തൊട്ടു താഴെ അഞ്ച് പ്രാവശ്യം ഞെക്കുക. രണ്ട് വിരലുകള്‍ ഉപയോഗിച്ച് വേണം ഇങ്ങനെ ചെയ്യാന്‍.
3. ഇതുകൊണ്ടും പ്രയോജനമുണ്ടായില്ലെങ്കില്‍ എമര്‍ജന്‍സി സര്‍വീസിനെ വിളിക്കുക. സഹായം എത്തുന്നതുവരെ ആദ്യ രണ്ടു സ്റ്റെപ്പുകളും മാറിമാറി ചെയ്തുകൊണ്ടിരിക്കുക.
കുഞ്ഞ് അബോധാവസ്ഥയിലാണെങ്കില്‍
കുഞ്ഞ് ശ്വാസതടസം മൂലം അബോധാവസ്ഥയിലാണെങ്കില്‍ അവരെ പേരെടുത്ത് വിളിക്കുകയും കാലില്‍ തട്ടുകയും വേണം. പ്രതികരണമുണ്ടായില്ലെങ്കില്‍
1. കുട്ടിയുടെ തല മുകളിലേക്ക് ഉയര്‍ത്തിയ ശേഷം ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക.
2. എമര്‍ജന്‍സി സര്‍വീസില്‍ വിളിക്കാന്‍ ആരെയെങ്കിലും ഏല്‍പ്പിച്ച ശേഷം പ്രഥമശുശ്രൂഷകള്‍ ആരംഭിക്കാം.
3. കുഞ്ഞിന്റെ വായിലേക്ക് നിങ്ങള്‍ വായ ചേര്‍ത്ത് അഞ്ച് തവണ ശക്തിയായി ഉള്ളിലേക്ക് ഊതുക.
4. രണ്ട് വിരലുകള്‍ കുഞ്ഞിന്റെ നെഞ്ചിന്റെ മധ്യത്തില്‍ വെച്ച് സെക്കന്‍ഡില്‍ രണ്ട് തവണ വീതം ഞെക്കുക. ഇത് 30 തവണ വരെ ആവര്‍ത്തിക്കാം.
5. വീണ്ടും വായിലൂടെ ശ്വാസം നല്‍കുക. ഈ രണ്ട് സ്റ്റെപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.
കുഞ്ഞിന് അപസ്മാരമുണ്ടായാല്‍
കുഞ്ഞിന് കടുത്ത പനിയുണ്ടായാല്‍ അപസ്മാരത്തിന് സാധ്യതയുണ്ട്. മറ്റു കാരണങ്ങളാലും ഫിറ്റ്‌സ് ഉണ്ടാകാം. കുഞ്ഞുങ്ങള്‍ നടുവ് വളച്ച് കൈകള്‍ ശക്തിയായി പിടിച്ചുകൊണ്ട് ബലംപിടിക്കുന്നത് കണ്ടാല്‍ അത് ഫിറ്റ്‌സ് ആകാം. മുഖം ചുവന്നു വരികയും ശരീരം ചൂടാകുകയും വിയര്‍ക്കുകയും ചെയ്യും.
1. കുഞ്ഞിന് മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. തലയിടിക്കാതിരിക്കാന്‍ ബ്ലാങ്കറ്റുകളോ തുണിയോ ഉപയോഗിക്കാം.
2. ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ അവരുടെ വസ്ത്രങ്ങള്‍ ഊരിമാറ്റുക. മുറിയിലേക്ക് വായുപ്രവാഹമുണ്ടാക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യുക.
3. ഫിറ്റ്‌സ് മാറിയാല്‍ കുഞ്ഞിനെ വിശ്രമിക്കാന്‍ അനുവദിക്കുക. ഒരു വശം ചരിച്ച് കിടത്തുന്നതാണ് നല്ലത്. തല അല്‍പം ഉയര്‍ത്തി വെക്കുക. ഒന്നിലേറെത്തവണ അപസ്മാരബാധയുണ്ടായാല്‍ വൈദ്യസഹായം തേടണം.
പൊള്ളലിന്
കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. എന്തിനെക്കുറിച്ചും അറിയാനുള്ള ആകാംക്ഷ ഇവരെ അപകടങ്ങളില്‍പ്പെടുത്തുന്നു.
1. പൊള്ളലേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ 10 മിനിറ്റോളം പിടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
2. പൊള്ളലേറ്റ ഭാഗം തണുത്തു കഴിഞ്ഞാല്‍ അവിടെ ക്ലിംഗ് ഫിലിം ഉപയോഗിച്ച് മൂടുന്നത് അണുബാധയുണ്ടാകുന്നത് തടയും. എന്നാല്‍ വലിയ പൊള്ളലാണെങ്കില്‍ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
3. എമര്‍ജന്‍സി സര്‍വീസില്‍ വിളിക്കുക. പൊള്ളലുകള്‍ എപ്പോഴും ഒരു ഡോക്ടര്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.