ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയ് ക്രിസ്മസോടെ സ്ഥാനമൊഴിയണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആവശ്യം ഉയരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന്റെ പേരാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഒബ്‌സര്‍വര്‍ നടത്തിയ ഒരു സര്‍വേയിലാണ് മേയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം പുറത്തു വന്നത്. എന്നാല്‍ തെരേസ മേയ് നേതൃസ്ഥാനത്തു നിന്ന് മാറണമെന്ന അഭിപ്രായം അറിയിച്ചത് 22 ശതമാനം ആളുകള്‍ മാത്രമാണ്. 71 ശതമാനം പേര്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്ന് തന്നെയാണ് വ്യക്തമാക്കിയത്.
എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് കൂടി നടക്കുമോ എന്ന ആശങ്കയും ഇവര്‍ക്ക് ഉണ്ട്. തെരഞ്ഞെടുപ്പിനു ശേഷം തന്റെ പൂര്‍ണ്ണാധികാരം വീണ്ടെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചേക്കില്ലെന്ന് കണ്‍സര്‍വേറ്റീവിന്റെ മുന്‍നിര നേതാക്കള്‍ കരുതുന്നതായി സണ്‍ഡേ ടെലിഗ്രാഫ് പറയുന്നു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്റെ അഭിപ്രായങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നത് ഈ മോശം അവസ്ഥ മൂലം ഇല്ലാതായേക്കുമെന്ന ആശങ്കയും ഇവര്‍ ഉയര്‍ത്തുന്നു. ക്രിസ്മസിനു ശേഷം നേതൃസ്ഥാനത്തു നിന്ന് മേയ് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി പ്രതിനിധി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഈ സമ്മര്‍ ഇടവേളയില്‍ നേതൃമാറ്റത്തെക്കുറിച്ച് മേയ് ആലോചിക്കണമെന്നും മറ്റൊരു നേതൃതെരഞ്ഞെടുപ്പിലേക്ക് നയിച്ച് പാര്‍ട്ടിക്ക് കൂടുതല്‍ തകരാറുണ്ടാകാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടിയുടെ താഴേക്കിടയിലുള്ള അംഗങ്ങളില്‍ നേതാവാകാന്‍ യോഗ്യന്‍ ഡേവിഡ് ഡേവിസ് ആണെന്ന വികാരം ശക്തമാണ്. 1000 പാര്‍ട്ടി അംഗങ്ങളില്‍ നടത്തിയ മറ്റൊരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ലണ്ടന്‍: താല്‍ക്കാലിക താമസ സൗകര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 40 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടന്‍ നേരിടുന്നത് ഏറ്റവും ഭീകരമായ ഹൗസിംഗ് പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 1,20,540 കുട്ടികളെയാണ് അവരുടെ മാതാപിതാക്കള്‍ക്കൊപ്പം താല്‍ക്കാലിക താമസ സൗകര്യങ്ങളില്‍ കൗണ്‍സിലുകള്‍ പാര്‍പ്പിച്ചിരിക്കുന്നത്. 2014നെ അപേക്ഷിച്ച് 32,650 കുട്ടികള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.
ഈ ഞെട്ടിക്കുന്ന കണക്കുകളില്‍ മന്ത്രിമാര്‍ ലജ്ജിക്കണമെന്ന് ലേബര്‍ ഷാഡോ ഹൗസിംഗ് മിനിസ്റ്റര്‍ ജോണ്‍ ഹീലിപറഞ്ഞു. ഏറ്റവും മികച്ചതെന്ന് കരുതുന്ന രാജ്യത്ത് എല്ലാ കുട്ടികള്‍ക്കും അവരുടെ വീടുകള്‍ ഉണ്ടായിരിക്കണം. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 24 വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. ചാരിറ്റികള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും കൗണ്‍സില്‍ ബജറ്റുകളും വെട്ടിക്കുറച്ചു. പ്രൈവറ്റ് റെന്റര്‍മാര്‍ക്കുള്ള സംരക്ഷണം ഇല്ലാതാക്കിയെന്നും ഹീലി കുറ്റപ്പെടുത്തി.
സ്ഥിരം വീടുകള്‍ ലഭിക്കുന്നത് വരെയുള്ള ഒരു സൗകര്യം മാത്രമാണ് ടെംപററി അക്കോമഡേഷനുകള്‍. എന്നാല്‍ ഇത്തരം സൗകര്യങ്ങളില്‍ അനിശ്ചിത കാലത്തേക്ക് കുടുംബങ്ങള്‍ തളയ്ക്കപ്പെടുകയാണെന്ന് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരിയായ സംവിധാനമുണ്ടായിരുന്നെങ്കില്‍ ഈ വിധത്തിലുള്ള പ്രതിസന്ധി കുട്ടികള്‍ നേരിടേണ്ടി വരികയില്ലായിരുന്നുവെന്ന വിമര്‍ശനവും സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്.
തോമസ് ഫ്രാന്‍സിസ്
ലിവര്‍പൂള്‍: അയ്യെടാ…പോയെടാ.. ഊരെടാ…കുത്തെടാ..പേടിക്കേണ്ട. ഇതൊരു നാടിന്റെ ആരവമാണിത്. അതെ, വിസിലൂത്തിന്റെയും ഇടിത്താളത്തിന്റെയും ചുവടുവച്ച് കൈത്തോടുകളിലൂടെ പാഞ്ഞു പോകുന്ന ആരവം..ഊരിപ്പോകുന്ന വള്ളിനിക്കര്‍ ഊരിപ്പിടിച്ച് തെന്നിത്തെറിക്കുന്ന നടവരമ്പിലൂടെ ഓടിയെത്തുമ്പോള്‍ കൈതയോലകള്‍ക്കിയിലൂടെ ചിതറി വീഴുന്ന പെരുവെള്ളത്തുള്ളി കള്‍. ചിങ്ങപ്പുലരിയില്‍ വെള്ളിപൂശുന്ന കായല്‍പരപ്പിലേക്ക് ചാട്ടുളിപോലെ ചീറിപ്പായുന്ന കറുകറുത്ത കളിവള്ളം. ഒന്നിച്ചു പൊങ്ങിത്താഴുന്ന ഒരുപാട് തുഴകളുടെ ദ്രുതതാളം. തുള്ളിത്തുളുമ്പുന്ന മനസ്സില്‍ ഒരു കൊച്ചു തുഴയുമായി കൊതുമ്പുവള്ളംപോലെ വെമ്പിനില്‍ക്കുന്ന കൊച്ചു കരുമാടിക്കുട്ടന്മാരുടെ ആവേശമാണിത്. കുട്ടനാട്ടിലെ തോട്ടുതീരങ്ങളില്‍ഇത് അലയടിക്കുമ്പോള്‍, ഇതാ ഇവിടെ ഈ ശൈത്യഭൂമിയിലും കേരളമക്കളുടെ വള്ളംകളിയോടുള്ള ആവേശം അലയടിച്ചു തുടങ്ങിയിരിക്കുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ജലോല്‍സവമായ നെഹ്റു ട്രോഫിക്കുവേണ്ടി കടുത്ത പരിശീലനം തേടുന്ന ചുണ്ടന്‍ വള്ളങ്ങള്‍ ഭൂഖണ്ഡങള്‍ക്കപ്പുറത്തുനിന്ന് നമ്മുടെ നേരെ പങ്കായമെറിയുമ്പോള്‍, ഇതാ യുകെ മലയാളി വള്ളംകളി പ്രേമികള്‍ നാളുകളായി ഒളിപ്പിച്ചുവച്ചിരുന്ന ഒരു മോഹം ആദ്യമായി ഇവിടെ തുഴയെറിയാന്‍ കൊതിപൂണ്ടുനില്‍ക്കുന്നു. അതെ,മറ്റൊരു പുന്നമടക്കായലായി..പായിപ്പാട്ടാറായി.. കണ്ടശ്ശാംകടവായി..പമ്പാനദിയായി വാര്‍വിക്ക്ഷയറിലെ ഡേക്കോട്ട് നദീതടം മാറ്റപ്പെടുന്നു.. നാളിതുവരെ അവിടെ നടത്തപ്പെട്ടുപോരുന്ന ഡ്രാഗണ്‍ ബോട്ട് റേസ് വള്ളങ്ങളുടെ രൂപഭാവങ്ങള്‍ മാറ്റി, തികച്ചും ഓടിവള്ളത്തിന്റെ അമരവും ചുണ്ടും വച്ചുപിടിപ്പിച്ച ഈ ഫൈബര്‍ നിര്‍മ്മിത വള്ളങ്ങള്‍ മലയാളക്കരയിലെ വളളംകളി പ്രേമികള്‍ക്കായി നീറ്റിലിറക്കുകയാണ്.
കരയിലും വെള്ളത്തിലും ഒരുപോലെ ആവേശം തിരതല്ലുന്ന ആ ജലോല്‍സവത്തിനായുള്ള ശംഖൊലിക്ക് കാതോര്‍ക്കാന്‍ ഇനി ദിനങ്ങള്‍ മാത്രം ബാക്കി. യു.കെ മലയാളി സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ മഹത്തായ ആവിഷ്‌കാരമായ ‘യുക്മ’എന്ന പ്രവാസി മലയാളി കൂട്ടായ്മ അണിയിച്ചൊരുക്കുന്ന മല്‍സര വള്ളംകളി. അതെ, യൂറോപ്പിലെതന്നെ പ്രവാസി മലയാളി സമൂഹം ഇദംപ്രഥമമായി ആവിഷ്‌കരിക്കുന്ന ജലോല്‍സവം തന്നെയാണിതെന്ന് യുക്മക്ക് ആത്മാഭിമാനത്തോടുകൂടി പറയുവാന്‍ കഴിയും. ഈ കന്നി അങ്കത്തിനായി യുകെ യുടെ വിവിധ മേഖലകളില്‍നിന്നായി കരുത്തുറ്റ 22 ടീമുകളാണ് അരമുറുക്കിയെത്തുന്നത്. ഏകദേശം 450ല്‍ പരം തുഴച്ചില്‍ക്കാര്‍. അതായത് ഒരു മല്‍സര ട്രാക്കില്‍ അണിനിരന്നു കിടക്കുന്ന 4 ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്കു തുല്യം. കുട്ടനാട്ടിലെ പ്രശസ്തമായ ചുണ്ടന്‍ വള്ളങളുടെയും അത് പ്രതിനിധാനം ചെയ്യുന്ന ഗ്രാമങ്ങളുടെയും പേരില്‍ അങ്കം കുറിക്കാനെത്തുന്ന 22 ടീമുകളില്‍ ലിവര്‍പൂളിന്റെ ചെമ്പട യുക്മ ട്രോഫിയില്‍ മുത്തമിടാനെത്തുകയാണ്.
യൂറോപ്പിന്റെ സാംസ്‌കാരിക നഗരമായി വിളങ്ങുന്ന, മേഴ്സി നദിയുടെ പുളിനത്തില്‍ തലോടലേറ്റു കിടക്കുന്ന ലിവര്‍പൂളിലെ മലയാളി കമ്മ്യൂണിറ്റിയുടെ സ്വന്തം ജവഹര്‍ ബോട്ട് ക്ലബ് തുഴയെറിയാനെത്തുന്നു. തോമസുകുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായുള്ള ജവഹര്‍ വള്ളത്തില്‍ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ കന്നി അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ്. 1990ലെ നെഹ്റുട്രോഫിയില്‍ ജവഹര്‍ തായങ്കരി ചുണ്ടനിലും, പമ്പാ ബോട്ട് റേസില്‍ ചമ്പക്കുളം ചുണ്ടനിലും ക്യാപ്റ്റനായിരുന്ന പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സിസ്, കാല്‍ നൂറ്റാണ്ടിനുശേഷം ഒരു ഈശ്വരനിശ്ചയമായി വീണ്ടുമൊരു തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുക്കുകയാണ്. ജവഹര്‍ ബോട്ട് ക്ലബില്‍ പകുതിയില്‍ താഴെ മാത്രമേ കുട്ടനാട്ടുകാരായ തുഴച്ചില്‍ക്കാരുള്ളു. മറ്റുള്ളവരെല്ലാംതന്നെ മറ്റു പല ജില്ലകളില്‍ നിന്നുള്ളവരാണ്. എന്നാല്‍ കുട്ടനാട്ടുകാരേക്കാള്‍ ഏറെ ആവേശവും, അര്‍പ്പണമനോഭാവവുമായി അവര്‍ തുഴ കൈയ്യിലടുത്തിരിക്കുകയാണ്.
വള്ളവും വെള്ളവും ഒരുപോലെ തങ്ങള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണവര്‍. അതിനായി മെയ്യും മനവും സജ്ജമാക്കുകയാണ് ലിവര്‍പൂളിന്റെ ഈചുണക്കുട്ടന്മാര്‍. ഒരേ താളത്തില്‍ ഒരേ ആവേശത്തില്‍ തുഴയെറിഞ്ഞ് കുതിച്ചുകയറാന്‍ ഇവിടെയുള്ള മലയാളി അസോസിയേഷനുകളുടെയോ, മതവിശ്വാസ കൂട്ടായ്മകളുടെയോ ആഭിമുഖ്യമില്ലാതെ ഒരു മലയാളി സൗഹൃദകൂട്ടായ്മയുടെ പരിവേഷമാണ് ഈ കരുത്തറ്റ ടീമിനുള്ളത്. അതുകൊണ്ട് തന്നെ വരുംനാളുകളിലെ ക്രിയാത്മകമായ മറ്റു പല പൊതു പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു നാന്ദികുറിക്കല്‍ കൂടിയാണി തെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഫുട്ബോള്‍ കളിക്ക് പ്രശസ്തമായ ലിവര്‍പൂളിന്റെ മണ്ണില്‍ നിന്നുള്ള ഈ മലയാളി ചെംപട ഇന്ന് ഉന്നം വയ്ക്കുന്നത് പ്രഥമ യുക്മ ജലോല്‍സവ ട്രോഫി തന്നെ.
ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമായി കായിക- സാമൂഹിക – സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായി നില്‍ക്കുന്ന ഒരു യുവശക്തിയാണ് ജവവഹര്‍ വള്ളത്തില്‍ അണിനിരക്കുന്നത്. ഹരികുമാര്‍ ഗോപാലന്‍, തോമസ് ജോണ്‍ വാരികാട്, ജോജോ തിരുനിലം, പോള്‍ മംഗലശ്ശേരി, തൊമ്മന്‍ ലവര്‍പൂള്‍, റ്റോമി നങ്ങച്ചിവീട്ടില്‍, ജോസ് കണ്ണങ്കര, ജോഷി അങ്കമാലി, ജോസ് ഇമ്മാനുവല്‍, സെബാസ്റ്റ്യന്‍ ആന്റണി, ബിജി വര്‍ഗ്ഗീസ്, മോന്‍ വള്ളപ്പുരയ്ക്കല്‍, പ്രിന്‍സ് ജോസഫ്, ജോസഫ് ചമ്പക്കുളം, അനില്‍ ജോസഫ്, നിജു പൗലോസ്, തോമസ് ഫിലിപ്പ്, ജില്‍സ് ജോസ്, ജിനുമോന്‍ ജോസ് എന്നിവരാണ് റഗ്ബിയില്‍ തുഴയെറിയാനെത്തുന്ന
ലിവര്‍പൂള്‍ ജവഹര്‍ബോട്ട് ക്ലബ് അംഗങ്ങള്‍.
ജന്മം കൊണ്ട് കുട്ടനാട്ടുകാരനും, ലിവര്‍പൂളിലെ അറിയപ്പെടുന്ന ഒരു സോളിസിറ്റര്‍ കൂടിയായ ഡൊമിനിക് കാര്‍ത്തികപ്പള്ളിയുടെ Dominic& Co Solicitors ആണ് ജവഹര്‍ വള്ളത്തിന്റെ സ്പോണ്‍സേഴ്സ്. യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഒരു ചരിത്രമായി മാറ്റപ്പെടുന്ന യുക്മ ജലോല്‍സവത്തിനും, ഇതിന് അണിയം പിടിക്കുന്ന യുക്മയുടെനേതൃത്വനിരക്കും, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ലിവര്‍പൂള്‍ മലയാളി സമൂത്തിന്റെ അഭിനന്ദങ്ങളും ആശംസകളും ഇതിലൂടെ അറിയിക്കുകയാണ്.
ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം ബ്രെക്‌സിറ്റിനു ശേഷവും തുടരാന്‍ മന്ത്രിസഭയുടെ അനുമതി. നാല് വര്‍ഷം കൂടി യൂറോപ്യന്‍ പൗരന്‍മാര്‍ക്കും യുകെ പൗരന്‍മാര്‍ക്കും നിയന്ത്രണങ്ങളില്ലാതെ അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാം. രണ്ട് വര്‍ഷത്തേക്ക് അനുമതി നല്‍കാമെന്നാ പ്രധാനമന്ത്രി പറഞ്ഞതെങ്കിലും അത് നാല് വര്‍ഷം വരെ നീളാമെന്ന് ഒരു മുതിര്‍ന്ന ക്യാബിനറ്റ് അംഗത്തെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന യാത്രാവിലക്കു മൂലം പല കാര്യങ്ങളും തടസപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഫിലിപ്പ് ഹാമണ്ടിന്റെ നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
2019 മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ യാത്രാ സ്വാതന്ത്ര്യവും വിലക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ ന്യായീകരിക്കാനാകുന്ന വിധത്തിലുള്ള ബ്രെക്‌സിറ്റ് നയത്തിനായാണ് ഹാമണ്ട് ആവശ്യമുന്നയിക്കുന്നത്. എന്നാല്‍ യാത്രാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഡൗണിംഗ് സ്്രടീറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബ്രെക്‌സിറ്റ് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വ്യവസായികളുടെ യോഗത്തിലും സഞ്ചാര സ്വാതന്ത്ര്യം പെട്ടെന്ന് ഒരു ദിവസം ഇല്ലാതാക്കില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
യൂറോപ്പുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ ഉള്‍പ്പെടെ വളരെ വേഗത്തിലും എന്നാല്‍ തടസങ്ങള്‍ ഇല്ലാത്തതുമായ ബ്രെക്‌സിറ്റാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യവസായികളെ അറിയിച്ചിട്ടുണ്ട്. വ്യവസായങ്ങളെ മുഖവിലയ്ക്ക് എടുത്തുകൊണ്ടു മാത്രമേ സര്‍ക്കാര്‍ ബ്രെക്‌സിറ്റ് നയം പ്രഖ്യാപിക്കൂ എന്നാണ് വ്യക്തമാകുന്നതെന്ന് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഫ്രാന്‍സിസ് മാര്‍ട്ടിന്‍ പറഞ്ഞു.
ലണ്ടന്‍: എന്‍എച്ച്എസില്‍ ഇനി മുതല്‍ ഹോമിയോ ചികിത്സ ലഭ്യമാകില്ല. വര്‍ഷത്തില്‍ 190 മില്യന്‍ പൗണ്ടിന്റെ ചെലവ് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഈ പദ്ധതി. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഹോമിയോ ചികിത്സയ്ക്കായി 2016ല്‍ 92,412 പൗണ്ട് ആണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ചെലവായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 5,78,000 പൗണ്ട് ചെലവായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഹോമിയോപ്പതി ചികിത്സ പ്ലാസിബോ മാത്രമാണ് ഉണ്ടാക്കുന്നതെന്നും ഇപ്പോള്‍ ലഭിക്കുന്ന കുറഞ്ഞ ഫണ്ടിന്റെ ദുരുപയോഗമാണ് ഇതെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമന്‍ സ്റ്റീവന്‍സ് പറഞ്ഞു.
മരുന്ന് എന്ന പേരില്‍ വെള്ളം നല്‍കിയാലും രോഗമുക്തിയുണ്ടാകുമെന്ന് രോഗിക്ക് തോന്നുന്നതിനെയാണ് പ്ലാസിബോ ഇഫക്റ്റ് എന്ന് പറയുന്നത്. ഹോമിയോപ്പതി ചികിത്സയ്ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നത് എന്നും വിവാദമായിരുന്നു. ഹോമിയോ പ്രിസ്‌ക്രിപ്ഷനുകള്‍ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഹൗസ് ഓഫ് കോമണ്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മിറ്റിയും നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ഹോമിയോപ്പതിക്കു പുറമേ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനുകളില്‍നിന്ന് 17 മറ്റ് ഇനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ചെലവിനൊത്ത മൂല്യം നല്‍കാത്തതും ക്ലിനിക്കല്‍ ഫലങ്ങള്‍ കുറഞ്ഞതുമായ കാര്യങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.
പച്ച മരുന്നുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് കോംപൗണ്ടുകള്‍, പേശിവേദനയ്ക്ക് ഉപയോഗിക്കുന്ന ഓയിന്റ്‌മെന്റുകള്‍ തുടങ്ങിയവയും ഇനി എന്‍എച്ച്എസില്‍ രോഗികള്‍ക്കായി നിര്‍ദേശിക്കില്ല. ഹെപ്പറ്റൈറ്റിസ് ബി, യെല്ലോ ഫീവര്‍, റാബീസ് എന്നീ ട്രാവല്‍ വാക്‌സിനുകള്‍ എന്നറിയപ്പെടുന്ന പ്രതിരോധ മരുന്നുകളും ഇനി നല്‍കില്ല. ഇവ എന്‍എച്ച്എസ് നല്‍കേണ്ടതില്ലെങ്കിലും ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കി വരുന്നുണ്ട്.
ലണ്ടന്‍: ബ്രെന്‍ഡ് ഹെയില്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് മൂന്ന് ജഡ്ജിമാരുടെയും നിയമനം ഇതിനൊപ്പം ഉണ്ടാകും. അതില്‍ ഒരാളും വനിതയാണ്. 2009ലാണ് ലേഡി ഹെയില്‍ സുപ്രീം കോടതിയില്‍ എത്തിയത്. ഈ നിയമനങ്ങളോടെ സുപ്രീം കോടതിയിലെ 12 ജഡ്ജിമാരില്‍ 2 പേര്‍ വനിതകളാകും.
സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിമാരില്ലാത്തത് കാര്യമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ജുഡീഷ്യറിയില്‍ പുരുഷ മേധവിത്വം മാത്രമല്ല വെളുത്ത വര്‍ഗ്ഗക്കാരുടെ മേധാവിത്വവും വിമര്‍ശന വിധേയമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഹെയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2015ല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിക്കെതിരെ ഫാമിലി ലോ വിദഗ്ദ്ധ കൂടിയായ ഇവര്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.
വിരമിക്കല്‍ പ്രായം 75 ആയ ജഡ്ജുമാരില്‍ ഏറ്റവും അവസാനത്തെ തലമുറയുടെ പ്രതിനിധി കൂടിയാണ് ലേഡി ഹെയില്‍. 1995ല്‍ വിരമിക്കല്‍ പ്രായം 70 ആക്കി നിജപ്പെടുത്തിയിരുന്നു. യോര്‍ക്ക്ഷയറില്‍ 194ല്‍ ജനിച്ച ഇവര്‍ കേംബ്രിഡ്ജില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. 1989ല്‍ ക്വീന്‍സ് കൗണ്‍സല്‍ ആയി നിയമിതയായ ഇവര്‍ 1994ലാണ് ഹൈക്കോടതിയില്‍ ജഡ്ജിയായത്.
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വന്‍ വര്‍ദ്ധന. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് തയ്യാറാക്കിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. പത്ത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തെ കണക്ക് അനുസരിച്ച് ക്രൂരമായ കുറ്റകൃത്യങ്ങൡ 18 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. തോക്കുകളും കഠാരയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 20 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തി.
നരഹത്യയുടെ നിരക്ക് 26 ശതമാനം ഉയര്‍ന്ന് 723ല്‍ എത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 1989ല്‍ ഹില്‍സ്ബറോയില്‍ ഉണ്ടായ 96 കൊലപാതകക്കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. 2015ല്‍ 3 ശതമാനമാണ് ഉയര്‍ന്നതെങ്കില്‍ അടുത്ത വര്‍ഷം 8 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഈ വര്‍ഷം 10 ശതമാനമാണ് നിരക്ക്. ഇത് ആശങ്കാജനകമാണെന്ന് കണക്കുകള്‍ തയ്യാറാക്കിയ വിദഗ്ദ്ധര്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി ഹോം ഓഫീസ് കണക്കുകളും സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 924 ഉദ്യോഗസ്ഥരാണ് സേനകള്‍ക്ക് പുറത്തേക്ക് പോയത്. ആയുധങ്ങള്‍ കാട്ടിയുള്ള അതിക്രമങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ മാത്രം ഇക്കാര്യത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കത്തിമുനയില്‍ നിര്‍ത്തിയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലും സാരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
ലണ്ടന്‍: മുമ്പ് പ്രവചിച്ചതിനു വിരുദ്ധമായി യുകെ നഗരങ്ങളിലെ വസ്തു വിലയില്‍ വര്‍ദ്ധനയുണ്ടായേക്കാമെന്ന് നിരീക്ഷണം. 20 വന്‍ നഗരങ്ങളിലെ വസ്തു വിലയില്‍ 6 മുതല്‍ 7 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്ന് പ്രോപ്പര്‍ട്ടി അനലിസ്റ്റ് ഹോംട്രാക്ക് തയ്യാറാക്കിയ ഇന്‍ഡെക്‌സ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 4 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വമുണ്ടെങ്കിലും ലീഡ്‌സ്, ബര്‍മിംഗ്ഹാം തുടങ്ങിയ വലിയ നഗരങ്ങൡ വീടുകള്‍ക്ക് വില കുറയുന്നില്ലെന്നും ഇന്‍ഡെക്‌സ് പറയുന്നു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് വസ്തുവില ഉയരുന്നത്.
ലണ്ടനിലെ വാര്‍ഷിക വില വര്‍ദ്ധനവ് 2.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. വസ്തു വില ഏറ്റവും വേഗത്തില്‍ വര്‍ദ്ധിക്കുന്നത് ബര്‍മിംഗ്ഹാമിലാണ്. 7.8 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. വില വര്‍ദ്ധനവ് ഈ വര്‍ഷം തുടരുമെന്നാണ് ഹോംട്രാക്ക് പ്രവചിക്കുന്നത്. ബര്‍മിംഗ്ഹാമിലെ ശരാശരി പ്രോപ്പര്‍ട്ടി വില 1,54,000 പൗണ്ട് ആണ്. എന്നാല്‍ ലണ്ടനില്‍ ഇത് 4,92,000 പൗണ്ട് വരും. മാഞ്ചസ്റ്റര്‍, ലീഡ്‌സ് എന്നീ നഗരങ്ങളിലും വിലവര്‍ദ്ധനവ് തുടരുകയാണ്.
ഒരു വര്‍ഷത്തിനിടെ ലണ്ടന്‍, ബ്രിസ്റ്റോള്‍, ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിലെ വിലയില്‍ സാരമായ കുറവ് ഉണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റ് വോട്ടിനു ശേഷം ഉണ്ടായ അനിശ്ചിതാവസ്ഥ ഇതിന് കാരണമായിട്ടുണ്ട്. എന്നാല്‍ മോര്‍ട്ടഗേജ് നിരക്കുകള്‍ കുറഞ്ഞതും തൊഴിലില്ലായ്മ കുറഞ്ഞതും വസ്തു വില വര്‍ദ്ധിക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഹോംട്രാക്ക് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു.
ബ്രിട്ടനിലെ 20 നഗരങ്ങളിലെ ഇന്‍ഡെക്‌സ് കാണാം
Aberdeen, £184,300, minus 2.7%
Belfast, £130,600, 4.3%
Birmingham, £154,900, 7.8%
Bournemouth, £280,400, 5.2%
Bristol, £270,900, 5.6%
Cambridge, £425,500, 1.9%
Cardiff, £195,800, 4%
Edinburgh, £211,100, 6.5%
Glasgow, £117,700, 3.3%
Leeds, £161,400, 5.4%
Leicester, £164,500, 5.8%
Liverpool, £118,300, 4.8%
London, £492,700, 2.6%
Manchester, £155,700, 6.4%
Newcastle, £126,600, 2.4%
Nottingham, £146,000, 6%
Oxford, £424,800, 2.1%
Portsmouth, £229,700, 5.6%
Sheffield, £133,700, 4.7%
Southampton, £228,100, 5.7%
ലണ്ടന്‍: എന്‍എച്ച്എസിന് അടിയന്തരമായി 2200 ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കണ്‍സള്‍ട്ടന്റുമാരുടെ സേവനം ആവശ്യമുണ്ടെന്ന് കണക്കുകള്‍. രോഗികള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിന് നിലവിലുള്ളതിന്റെ ഇരട്ടി കണ്‍സള്‍ട്ടന്റുമാരെയാണ് വേണ്ടത്. 1632 പേരാണ് ഇപ്പോള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2200 പേരെക്കൂടി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നിയമിക്കേണ്ടി വരും. എമര്‍ജന്‍സി ഡോക്ടര്‍മാരുടെ സമിതിയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
കഴിഞ്ഞ വിന്ററില്‍ നേരിട്ടതുപോലെയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കണമെങ്കില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഏജന്‍സികള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന 400 മില്യന്‍ പൗണ്ട് മാത്രം മതിയാകും പുതിയ ഡോക്ടര്‍മാരെ നിയമിക്കാനെന്നും ആര്‍സിഇഎം വ്യക്തമാക്കുന്നു. നിലവിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കാന്‍ ഏജന്‍സികളെയാണ് എന്‍എച്ച്എസ് ആശ്രയിക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ആവശ്യമുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നതും ഡോക്ടര്‍മാരില്‍ നല്ലൊരു ശതമാനം പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നുണ്ട്.
എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന 6261 ഡോക്ടര്‍മാരില്‍ 1632 പേര്‍ മാത്രമേ കണ്‍സള്‍ട്ടന്റുമാരുള്ളു. ഇവര്‍ക്ക് പ്രതിവര്‍ഷം 10,000ത്തോളം രോഗികളെയാണ് ചികിത്സിക്കേണ്ടി വരുന്നത്. ആകെയുള്ളവരില്‍ മൂന്നിലൊന്ന് മാത്രമേ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എന്ന ഈ ഗണത്തില്‍ വരുന്നുള്ളു. ബാക്കിയുള്ളവര്‍ ട്രെയിനികളാണ്. ട്രെയിനികളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്താനും ശ്രദ്ധിക്കണമെന്ന് ആര്‍സിഇഎം പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു.
ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഫസ്റ്റ്ക്ലാസ് ഡിഗ്രി കരസ്ഥമാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. വിദ്യാര്‍ത്ഥികളില്‍ നാലിലൊരാള്‍ വീതം ഉയര്‍ന്ന ഓണേഴ്‌സ് ബിരുദങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. രാജ്യത്തെ മൂന്നിലൊന്ന് സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ ഉന്നത ഗ്രേഡുകള്‍ നേടുന്നുണ്ട്. 2010 മുതല്‍ ട്യൂഷന്‍ ഫീസ് 9250 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിട്ടും ഇതാണ് അവസ്ഥയെന്നാണ് പ്രസ് അസോസിയേഷന്‍ നടത്തിയ വിശകലനത്തില്‍ വ്യക്തമാകുന്നത്. ഗ്രേഡ് ഇന്‍ഫ്‌ളേഷന്‍ സംബന്ധിച്ചുള്ള സംവാദത്തിനും ഈ വിശകലനം തുടക്കമിട്ടിട്ടുണ്ട്.
ഗ്രേഡ് നിര്‍ണ്ണയ രീതികളില്‍ പുനഃപരിശോധന വേണമെന്ന ആവശ്യവും ഇതേത്തുടര്‍ന്ന് ഉയരുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ മിക്കവയും ഇപ്പോളും പിന്തുടരുന്നത്. പ്രവേശനത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ മികച്ച വിദ്യാര്‍ത്ഥികളെ മാത്രം ലഭിക്കുന്നതും പഠന വിഭാഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതുമായിരിക്കാം കാരണങ്ങളൊന്നും എന്നാല്‍ ചില കാര്യങ്ങളില്‍ ഈ വര്‍ദ്ധനവ് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിയൂട്ട് ഡയറക്ടര്‍ നിക്ക് ഹില്‍മാന്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി ലീഗ് ടേബിളുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉദാരമായി ഗ്രേഡുകള്‍ നല്‍കാന്‍ തുടങ്ങിയതും ഇതിന് കാരണമായിരിക്കാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരെ പുറത്തുനിന്ന് കൊണ്ടുവരുന്ന രീതിയും കുറ്റമറ്റതല്ലെന്ന അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തി.