തിരുവനന്തപുരം: ആരെയും പേടിക്കാനില്ലെന്ന ഭാവത്തില്‍ തോന്നിയതു പോലെ ആശുപത്രിക്കച്ചവടം നടത്തുന്ന തിരുവനന്തപുരത്തെ നക്ഷത്ര ആശുപത്രി കിംസിന് വീണ്ടും കനത്ത തിരിച്ചടി . സാധാരണ സര്‍ജറിക്കായി പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ 35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവു വന്നതാണ് കിംസ് ആശുപത്രിക്ക് തിരിച്ചടിയായത് . തിരുവനന്തപുരം സ്വദേശിയായ ദീപക് (28) എന്ന യുവാവ് ആണ് സര്‍ജറിയെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍വച്ച് മരണപ്പെട്ടത്.
ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ശസ്ത്രക്രിയാമേശയില്‍ വച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് ദീപക്കിന്റെ കുടുംബം എട്ട് വര്‍ഷമായി നിയമ പോരാട്ടത്തിലായിരുന്നു. ഉന്നതരുടെ അധികാരത്തിന്റെ ബലത്തിലും വാര്‍ത്ത മുക്കി സഹായിക്കുന്ന മാദ്ധ്യമങ്ങളുടെ മിടുക്കിലും കേസ് ഒതുക്കാമെന്ന കിംസിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയാണ് ഈ വിധി . എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ആശുപത്രിയ്‌ക്കെതിരായി വിധി പ്രസ്താവിക്കുകയും ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കിംസിനോട് നിര്‍ദ്ദേശിക്കുക ആയിരുന്നു.
കോസ്‌മെറ്റിക് ശസത്രക്രിയക്കും ലിംഗചര്‍മം നീക്കം ചെയ്യുന്നതിനുമായാണ് ദീപക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. പരാതിയില്‍ പറഞ്ഞതനുസരിച്ച് 2008 ഡിസംബര്‍ 9നാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന കിംസില്‍ ദീപക്ക് ശസ്ത്രക്രിയക്ക് വിധേയനായത്. ഉച്ചക്ക് 12.15ന് അനസ്‌തേഷ്യ നല്‍കാനാരംഭിച്ചു. അനസ്‌തേഷ്യ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ ദീപക്കിന് ഹൃദയാഘാതമുണ്ടായി. എന്നാല്‍ കാര്‍ഡിയോളജിസ്റ്റിനെ ഇരുപതു മിനിറ്റുകള്‍ക്കു ശേഷമാണ് വിളിച്ചു വരുത്തിയത്. ശരിയായ ചികിത്സ ലഭിക്കാന്‍ വൈകിയതാണ് ദീപക്കിന്റെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കാന്‍ വൈകിയതാണ് മരണത്തിനു കാരണമെന്ന് അഭിഭാഷകന്‍ ആര്‍. നാരായണനും വ്യക്തമാക്കി.
പരാതിയേത്തുടര്‍ന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ദീപക്കിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ചികിത്സാപ്പിഴവ് സംഭവിച്ചില്ലെന്ന വാദമാണ് ആശുപത്രി ഉയര്‍ത്തിയത്. ഒടുവില്‍ എട്ടു വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. മകനെ തിരികെ കിട്ടില്ലെങ്കിലും തങ്ങള്‍ക്കുണ്ടായ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് ദീപക്കിന്റെ അമ്മയും സഹോദരിയും പറയുന്നു.
അതേസമയം പിഴശിക്ഷ വിധിച്ച ട്രിബ്യൂണല്‍ വിധിക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ അപ്പീലുമായി കിംസ് അധികൃതര്‍ പോയ ഘട്ടത്തിലെല്ലാം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കണ്ണടച്ച് ആശുപത്രിക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. കിംസിന് എതിരായ നിര്‍ണ്ണായകമായ ഈ വിധി പ്രമുഖ മാദ്ധ്യമങ്ങള്‍ അവഗണിച്ച മട്ടാണ്. മിക്ക മാദ്ധ്യമങ്ങളിലും വാര്‍ത്ത പോലും വരാതിരുന്നപ്പോള്‍ ചിലര്‍ പേരില്ലാതെയും വാര്‍ത്ത നല്‍കി. മതിയായ ശസ്ത്രക്രിയാ സൗകര്യം ഇല്ലാത്തതിനാല്‍ രോഗിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച ഡോക്ടറെ പിരിച്ചുവിട്ട സംഭവം നടന്നത് കിംസ് ആശുപത്രിയില്‍ ആയിരുന്നു. കിംസില്‍ ഇങ്ങനെ രോഗി മരിച്ച സംഭവം ഉണ്ടെന്നും അന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.
സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഈ പഞ്ചനക്ഷത്ര ആശുപത്രിയെക്കുറിച്ചു പല ആരോപണങ്ങളും പല തവണയും ഉയര്‍ന്നിട്ടും എല്ലാം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തില്‍ പോലും ഇടപെടലുകള്‍ ഉണ്ടായിരുന്നു. ദീപകിന്റെ മരണത്തിനു ഇടയാകിയ മേല്പറഞ്ഞ സംഭവത്തിലും സാങ്കേതികത്വം പറഞ്ഞു ജില്ലാ ഉപഭോക്തൃ സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീലിന് പോയ ആശുപത്രി അധികൃതരെ തുറന്നു കാട്ടാനുള്ള അവസരം മുഖ്യധാരാ മാധ്യമങ്ങള്‍ പലതവണ നഷ്ട്ടപ്പെടുത്തിയിരുന്നു. പരസ്യവരുമാനത്തില്‍ കണ്ണുവച്ചാണ് മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകള്‍.
സ്വന്തം ലേഖകന്‍
ന്യൂദല്‍ഹി : ഇന്ത്യയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളെ വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കഠ്ജു . ദാരിദ്ര്യം , തൊഴിലില്ലായ്മ , പോഷകാഹാരക്കുറവ് തുടങ്ങിയ പ്രതിസന്ധികള്‍ തുടരുന്നിടത്തോളം കാലം ഇത്തരം ആഘോഷങ്ങള്‍ വെറും പരിഹാസം മാത്രമാണെന്നും കഠ്ജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി .
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ
1. ഇന്ത്യയില്‍ ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ആഘോഷിക്കാന്‍ മാത്രം ഇവിടെ എന്താണുള്ളത് ?
2. ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്‌തോ ?
3. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ജോലി ലഭിച്ചോ ?
4. പോഷകാഹാരക്കുറവുള്ള പകുതിയോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണം കിട്ടിയോ ?
5. നമ്മുടെ ജനതയ്ക്ക് ശരിയായ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ലഭിച്ചോ ?
6. നമ്മുടെ കര്‍ഷകര്‍ക്ക് സമൃദ്ധി ലഭിച്ചോ , അവരുടെ ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞോ ?
7. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ വിവേചനങ്ങള്‍ അവസാനിച്ചോ ?ഇല്ലല്ലോ ?
8. അങ്ങനെവരുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യദിന , റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഗിമ്മിക്കുകളല്ലേ ?
9. ഇന്ത്യന്‍ ജനതയ്ക്കുനേരെയുള്ള കാപട്യവും ക്രൂരമായ പരിഹാസവുമല്ലേ ഇത് ?
നിങ്ങളില്‍ പലരും പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ എന്നെ നെഗറ്റീവ് എന്ന് വിളിക്കുമെന്ന് എനിക്കറിയാം . അതെ,,,, ഞാന്‍ നെഗറ്റീവാണ് , കാരണം ദാരിദ്ര്യത്തിലും , തൊഴിലില്ലായ്മയിലും , പോഷകക്കുറവിലും , നല്ല വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെ അഭാവത്തിലും എനിക്കൊന്നും പോസിറ്റീവായി കാണാന്‍ കഴിയുന്നില്ല . നിങ്ങളുടെ വലിയ ബുദ്ധിയില്‍ ഇതെല്ലാം പോസിറ്റീവായി നിങ്ങള്‍ക്കു തോന്നിയേക്കാം . പക്ഷെ എന്റെ ചെറിയ ബുദ്ധിയില്‍ എനിക്കിതെല്ലാം നെഗറ്റീവായേ തോന്നുന്നുള്ളൂ.
എല്ലാ വ്യവസ്ഥിതിക്കുമുള്ള ഏക പരിശോധന ഇതു മാത്രമാണ് :
ആ വ്യവസ്ഥിതിക്ക് കീഴിലുള്ള ജനതയുടെ ജീവിതനിലവാരം ഉയര്‍ന്നോ ? ഇല്ലെങ്കില്‍ ഈ ആഘോഷങ്ങളെല്ലാം വെറും പരിഹാസം മാത്രമാണ്.
ലണ്ടന്‍: രാജ്യത്ത് നിലവിലുള്ള ഫെയ്ത്ത് സ്‌കൂളുകളുടെ അഡ്മിഷന്‍ നയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ മതേതര ഗ്രൂപ്പുകള്‍ക്ക് അവകാശമില്ലെന്ന സര്‍ക്കാര്‍ നയത്തിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. ഇത് ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. മതപരമായ വേര്‍ തിരിവുകള്‍ ആയിരക്കണക്കിന് കുട്ടികളെ ബാധിക്കുമെന്ന് ദ ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷനും നാഷണല്‍ സെക്യുലര്‍ സൊസൈറ്റിയും ആരോപിച്ചു. ഫെയ്ത്ത് സ്‌കൂളുകള്‍ക്കെതിരേ നിരന്തരം പരാതികള്‍ ഉന്നയിക്കുന്ന ക്യാംപെയ്ന്‍ ഗ്രൂപ്പുകളെ അതില്‍നിന്ന വിലക്കാനുള്ള നയം കഴിഞ്ഞ വാരാന്ത്യത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗനാണ് അവതരിപ്പിച്ചത്.
എന്നാല്‍ സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നത് ധാരാളം പൊതുപ്പണവും സമയവും നഷ്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ചീഫ് സ്‌കൂള്‍സ് അഡ്ജൂഡിക്കേറ്റര്‍ ഡോ.എലിസബത്ത് പാസ്‌മോര്‍ പ്രതികരിച്ചത്. രക്ഷിതാക്കളുടെ ആശങ്കകളെ തുടര്‍ന്നാണ് തങ്ങള്‍ പരാതിയുമായെത്തിയതെന്ന് ബിഎച്ച്എ പറയുന്നു. സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ബിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.
ഫെയ്ത്ത് സ്‌കൂളുകളില്‍ പ്രത്യേക മതവിഭാഗങ്ങളില്‍ നിന്നുളള കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിന് നിയമപരമായ അനുവാദവും ഉണ്ട്. എന്നാല്‍ ഈ അധികാരം വംശീയ ന്യൂനപക്ഷങ്ങളെയും തൊഴിലാളി വര്‍ഗ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന കുട്ടികളും തമ്മിലുളള വിവേചനത്തിന് കാരണമാകുന്നുവെന്നും ഇത്തരം സ്‌കൂളുകളിലെ പ്രവേശനങ്ങള്‍ക്ക് സുതാര്യതയില്ലെന്നും ആരോപണമുണ്ട്. കുട്ടികളുടെ രക്ഷിതാക്കളുടെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് കുട്ടികളെ തമ്മില്‍ വേര്‍തിരിക്കുന്നത് ശരിയില്ലെന്ന് എന്‍എസ്എസ് പ്രചാരകന്‍ സ്റ്റീഫന്‍ ഇവാന്‍സ് വ്യക്തമാക്കി.
ലണ്ടന്‍: പാസ്‌പോര്‍ട്ട് രഹിത യാത്രാമേഖലയുടെ ഭാവിയില്‍ ആശങ്ക. അഭയാര്‍ത്ഥി പ്രശ്‌നം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഷെങ്കന്‍ കരാര്‍ രണ്ട് കൊല്ലത്തേക്ക് വേണ്ടെന്ന് വയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുളള കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രണാതീതമായിരിക്കുന്നതിനാല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ മെയ് മാസം മുതല്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്താന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ നടന്ന യോഗത്തില്‍ ഡച്ച് കുടിയേറ്റമന്ത്രി ക്ലാസ് ദൈഹോഫ് ആവശ്യപ്പെട്ടു.
ഡബ്ലിന്‍ കരാര്‍ പ്രകാരം അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന രാജ്യത്ത് അഭയം തേടുന്ന കാര്യവും പരിഗണിക്കണമെന്ന് ചില മന്ത്രിമാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിലൂടെ ഗ്രീസിലും മറ്റും കൂടുതല്‍ അഭയാര്‍ത്ഥികള്‍ തമ്പടിക്കും. ഇതിനകം തന്നെ 40,000 അഭയാര്‍ത്ഥികള്‍ തുര്‍ക്കിയില്‍ നിന്ന് കടല്‍ മാര്‍ഗം ഇവിടെയെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ഇത്. അതിര്‍ത്തി അടയ്ക്കുന്നത് കൊണ്ട് അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാകില്ലെന്നാണ് ഗ്രീക്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ ജര്‍മനി പോലുളള വടക്കന്‍ സര്‍ക്കാരുകളുടെ മേല്‍ അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയുമാണ്.
അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനായി അംഗരാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റ കമ്മീഷണര്‍ ദിമിത്രിസ് അവ്‌റാമോപൗലോസ് അഭിപ്രായപ്പെടുന്നത്. അല്ലെങ്കില്‍ മുപ്പത് കൊല്ലം പഴക്കമുള്ള ഷെങ്കന്‍ മേഖലയെ രക്ഷിക്കാനുളള സമയം കടന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ദൈഹോഫിന്റെ അഭിപ്രായത്തില്‍ സമയം നഷ്ടപ്പെട്ട് കഴിഞ്ഞു.
പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഷെങ്കന്‍ നിയമം പ്രതിസന്ധിയിലാകുമെന്ന് ഒരു കൊല്ലം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ആറ് മാസം വരെ നിയന്ത്രണം ഏര്‍പ്പെടുത്താനുളള അധികാരം ഇപ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. 2018 വരെ ഇത്തരത്തില്‍ മൂന്ന് തവണയിലേറെ നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ഭീഷണിക്കിടയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളൊരുക്കി ഇന്ത്യ അറുപത്തേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാജ്യത്തിന്റെ ശ്ക്തിയും പാരമ്പര്യവും സംസ്‌കാരവും വിളംബരം ചെയ്യുന്ന റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹി രാജ്പഥില്‍ നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്‍ദേയായിരുന്നു മുഖ്യാതിഥി.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റേയും ഐസിസ് ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളുടേയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. വിമാന വേധ മിസൈല്‍ സംവിധാനമടക്കമുള്ളവ സജ്ജമാക്കിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 10.35നും 12.15 നും ഇടയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ അനുവാദം നല്‍കിയിരുന്നില്ല. പാരീസ് ആക്രമണത്തിന്റെ നമാതൃകയില്‍ ഡല്‍ഹിയിലും ആക്രമണം നടത്തുമെന്ന് ഐസിസ് ഭീഷണിയേത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഇത്തവണത്തെ പരേഡ് 90 മിനിറ്റായി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 115 മിനിറ്റായിരുന്നു. ഫ്രഞ്ച് സൈന്യത്തിന്റെ ഒരു വിഭാഗം പരേഡില്‍ മാര്‍ച്ച് ചെയ്തതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മാറ്റു കൂട്ടിയത്. ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ സേനാവിഭാഗം പരേഡില്‍ പങ്കെടുക്കുന്നത്. 1604ല്‍ രൂപവത്കരിച്ച 35-ാം കാലാള്‍ സേനയാണ് പരേഡില്‍ പങ്കെടുത്തത്. 1780ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താനൊപ്പം ഈ സൈനികവിഭാഗം യുദ്ധം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുന്നില്‍ ഇന്നലെ ഹാജരായ മുഖ്യമന്ത്രി കമ്മീഷനോടൊപ്പം ചെലവിട്ടത് പതിനാലു മണിക്കൂര്‍. രാവിലെ പതിനൊന്നിന് ആരംഭിച്ച സിറ്റിംഗ് പൂര്‍ത്തിയാക്കി പൂലര്‍ച്ചെ 1.15നാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്. കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറല്ലെന്ന് അറിയിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നുണപരിശോധനക്ക് തയാറാണോ എന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനാണ് മുഖ്യമന്ത്രിയോട് ചോദിച്ചത്. തന്റെ കക്ഷി നുണപരിശോധനക്ക് തയാറാണെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സിറ്റിംഗിന്റെ ഒടുവില്‍ രാത്രി 12 മണിയോടെയാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ മുഖ്യമന്ത്രിയെ വിസ്തരിച്ചത്. ബിജുവിനെ നശിപ്പിക്കാനായിരുന്നോ നീക്കങ്ങള്‍ എന്ന ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകും, നിരപരാധികളെ ശിക്ഷിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നത്. നടപടികള്‍ ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് മൊഴിയെടുപ്പും ക്രോസ് വിസ്താരവും മണിക്കൂറുകള്‍ നീണ്ടത്. നുണപരിശോധനക്ക് തയാറല്ലെന്ന് കമീഷന് മൊഴി നല്‍കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്ത് സാഹചര്യത്തിലാണ് നുണപരിശോധനക്ക് താന്‍ തയാറാകേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സോളാര്‍ ഇടപാടില്‍ ഖജനാവിന് നഷ്ടമോ അവര്‍ക്ക് ലാഭമോ ഉണ്ടായിട്ടില്ല. താന്‍ ഒരു കളവും പറഞ്ഞിട്ടില്ലെന്നും മന:സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: പ്രമേഹ പ്രതിരോധ രംഗത്ത് ഒരു ചുവട് കൂടി നേട്ടമുണ്ടാക്കാനായെന്ന് ശാസ്ത്രജ്ഞര്‍. ടൈപ്പ് 1 പ്രമേഹത്തെ തടയാനുളള മാര്‍ഗമാണ് ഇപ്പോള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുളളത്. കഴിഞ്ഞ ആറ് മാസമായി എലികളില്‍ നടത്തിയ പരീക്ഷണം വിജയമായതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മനുഷ്യ വിത്തുകോശങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഇന്‍സുലിന്‍ ഉദ്പാദക കോശങ്ങളുപയോഗിച്ചാണ് പരീക്ഷണം നടന്നത്. ഈ കോശങ്ങളെ വളരെ ഫലപ്രദമായി എലികളിലേക്ക് മാറ്റി വയ്ക്കാന്‍ അമേരിക്കയിലെയും ഹാര്‍വാര്‍ഡ് സര്‍വകലാശാല അടക്കമുളള കേന്ദ്രങ്ങളിലെയും വിദഗ്ദ്ധര്‍ക്ക് കഴിഞ്ഞു. എലികളിലേക്ക് മാറ്റി വയ്ക്കപ്പെട്ട ഈ കോശങ്ങള്‍ ഉടന്‍ തന്നെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടൈപ്പ്1 പ്രമേഹ രോഗികളെ ഈ പ്രക്രിയയിലൂടെ ഭേദപ്പെടുത്താനാകുമെന്ന ഉറപ്പാണ് ഗവേഷക സംഘം നല്‍കുന്നത്. ഇതേ സാഹചര്യം മനുഷ്യരില്‍ സൃഷ്ടിക്കാനുളള ശ്രമം ഇവര്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍സുലിന്‍ ഉദ്പാദക കോശങ്ങള്‍ വന്‍ തോതില്‍ സൃഷ്ടിക്കാനുളള ഗവേഷകരുടെ ശ്രമം ഫലം കണ്ടതായി 2014ല്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഹാര്‍വാര്‍ഡിലെ പ്രൊഫസറായ ഡൗഗ് മെല്‍ട്ടണ്‍ ആണ് പുതിയ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലെ പ്രധാനി. ഇദ്ദേഹത്തിന്റെ മകന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ടൈപ്പ് 1 പ്രമേഹ രോഗിയാണെന്ന് കണ്ടെത്തിയതോടെയാണ് ഇത്തരത്തിലുളള ഗവേഷണങ്ങളിലേക്ക് ഇദ്ദേഹം തിരിഞ്ഞത്. മനുഷ്യ ഇന്‍സുലിന്‍ ഉദ്പാദക കോശം വികസിപ്പിച്ചെടുത്തത് ഇദ്ദേഹം തന്നെയാണ്.
ഈ മനുഷ്യ കോശം എലികളില്‍ വച്ചുപിടിപ്പിച്ചതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനനുസരിച്ച് ഈ കോശങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദനം ആരംഭിച്ചു. പഠനം നടന്ന 174 ദിവസ കാലയളവില്‍ ഇവയുടെ അളവ് ആരോഗ്യപരമായി തന്നെ നിലനിര്‍ത്താനും കഴിഞ്ഞു. നേച്ചര്‍ മെഡിസിന്‍, നേച്ചര്‍ ബയോടെക്‌നോളജി തുടങ്ങിയ മാസികകളില്‍ പഠനത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജുവനൈല്‍ ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷനാണ് പഠനത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത്. പുതിയ കണ്ടെത്തലുകള്‍ ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ഏറെ ഫലപ്രദമാകുമെന്നാണ് നിരീക്ഷണം.
ലണ്ടന്‍: കുട്ടികളുടെ ദാരിദ്ര്യം കണക്കാക്കാനുളള പുതിയ സര്‍ക്കാര്‍ പദ്ധതിക്ക് തിരിച്ചടി. ഹൗസ് ഓഫ് ലോര്‍ഡ്‌സ് പുതിയ നിര്‍ദേശത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ദാരിദ്ര്യം കണക്കാക്കി വര്‍ഷം തോറും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുളള സര്‍ക്കാര്‍ നീക്കത്തെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് 192നെതിരെ 290 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യം കണക്കാക്കുന്നതിന് പകരം തൊഴിലില്ലാത്ത കുടുംബങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബാലദാരിദ്ര്യം കണക്കാക്കണമെന്നാണ് മന്ത്രിമാരുടെ അഭിപ്രായം.
പദ്ധതിയെ ചൈല്‍ഡ് പോവര്‍ട്ടി ചാരിറ്റികളും എതിര്‍ത്തിരുന്നു. ദാരിദ്ര്യത്തിന്റെ പ്രധാന ഘടകമായ പണമില്ലായ്മ കണക്കിലെടുക്കാതെ എങ്ങനെ കുട്ടികളുടെ ദാരിദ്ര്യം കണക്കാക്കാനാകുമെന്നാണ് മുന്‍ മന്ത്രി അലന്‍ മില്‍ബേണ്‍ അധ്യക്ഷനായ രാജ്യത്തെ ഏറ്റവും വലിയ ചൈല്‍ഡ് പോവര്‍ട്ടി ചാരിറ്റി ചോദിക്കുന്നത്. അത്തരം കണക്കുകള്‍ എത്രമാത്രം വിശ്വാസ്യമാകുമെന്നും അലന്‍ മില്‍ബേണ്‍ ചോദിക്കുന്നു. 2010ലെ ചൈല്‍ഡ് പോവര്‍ട്ടി ആക്ടിനെ ലൈഫ് ചാന്‍സസ് ആക്ട് എന്ന് പുനര്‍നാമകരണം ചെയ്ത് ഹൗസ് ഓഫ് കോമണ്‍സില്‍ പാസാക്കി. എന്നാല്‍ സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമില്ലാത്ത ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഇത് പാസാക്കാനായില്ല.
പ്രശ്‌നത്തില്‍ സര്‍ക്കാരിന് കൃത്യമായ ധാരണയില്ലെന്ന് ചൈല്‍ഡ് പോവര്‍ട്ടി ആക്ഷന്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അലിസണ്‍ ഗാണ്‍ഹാം പറഞ്ഞു. ചൈല്‍ഡ് പോവര്‍ട്ടിയെ കുറിച്ച് കൃത്യമായി പാര്‍ലമെന്റിന് റിപ്പോര്‍ട്ട് നല്‍കണം. കുട്ടികളുടെ ദാരിദ്ര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും ചര്‍ച്ച ചെയ്യണം. വരുമാനത്തെ അത്ര ലളിതമായി തളളിക്കളയാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വരുമാനത്തെ എടുത്ത് മാറ്റി കുട്ടികളുടെ ദാരിദ്ര്യത്തെ പുനര്‍നിര്‍വചിക്കാനുളള ശ്രമം നാണക്കേടാണെന്ന് ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ഓവന്‍ സ്മിത്ത് പ്രതികരിച്ചു. ഓരോ കുട്ടിയ്ക്കും അഭിമാനത്തോടെയുളള തുടക്കം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇതിനായി വരുമാനത്തിലുളള അസമത്വങ്ങള്‍ ഇല്ലാതാകണം.
ഇത്തരം നടപടികള്‍ പുതിയ സമഗ്ര പദ്ധതികളിലേക്കുളള സമീപനത്തിന്റെ തുടക്കമാണെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ വകുപ്പിന്റെ വക്താവ് പറഞ്ഞു. സര്‍ക്കാരിനെ ഫലപ്രദമായ നടപടികളിലേക്ക് ഇത് നയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഇന്ന് നടന്നത് വെറും നടപടിക്രമം മാത്രമാണെന്നും അടുത്ത പടിയെന്താണെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പ്രവാസി അല്‍മായ സംഘടനയായ യുകെകെസിഎയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള സാരഥികളെ തീരുമാനിക്കുന്നതിനുള്ള ദിവസം അടുത്ത് വരും തോറും ക്നാനായ സമുദായാംഗങ്ങള്‍ക്കിടയിലും ഇതര വിഭാഗങ്ങള്‍ക്കിടയിലും ആകാംക്ഷ വര്‍ദ്ധിക്കുകയാണ്. പതിവിനു വിപരീതമായി കടുത്ത മത്സരം അരങ്ങേറുന്നു എന്നതാണ് ഇത്തവണത്തെ യുകെകെസിഎ തെരഞ്ഞെടുപ്പില്‍ പിരിമുറുക്കം കൂട്ടുന്നത്. പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാന പോസ്റ്റുകളില്‍ രണ്ട് സ്ഥാനങ്ങളിലേക്ക് എതിരില്ലാത്ത തെരഞ്ഞെടുപ്പ് ആയിരുന്നു നടന്നത്. സെക്രട്ടറിയായി ജോസി ജോസും വൈസ് പ്രസിഡണ്ടായി ജോസ് മുഖച്ചിറയുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബിജു മടുക്കക്കുഴിയും സ്വിന്‍ഡന്‍ യൂണിറ്റില്‍ നിന്നുള്ള റോയ് സ്റ്റീഫനും ആണ് മത്സരിക്കുന്നത്. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മോന്‍സി തോമസും ബാബു തോട്ടവും തമ്മിലും ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജോണ്‍ ചാക്കോയും സക്കറിയ പുത്തന്‍കളവും തമ്മിലും ആണ് മത്സരം നടക്കുന്നത്.
യുകെകെസിഎയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ വച്ച് നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം നടത്തിയത്. നിലവിലെ യുകെകെസിഎ പ്രസിഡണ്ട് ബെന്നി മാവേലില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ആശംസ നേര്‍ന്നു. തുടര്‍ന്ന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോരുത്തര്‍ക്കായി തങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ അവസരം നല്‍കുകയായിരുന്നു.
ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ശേഷമായിരുന്നു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയത്. നറുക്കെടുപ്പിലൂടെ ആദ്യം സംസാരിക്കാനുള്ള ഊഴം ലഭിച്ചത് ബിജു മടുക്കക്കുഴിയ്ക്കായിരുന്നു. ഇത്തവണത്തെ യുകെകെസിഎ ഇലക്ഷനില്‍ മത്സരിക്കുവാന്‍ ലഭിച്ച അവസരം ദൈവം നല്‍കിയ നിയോഗമായി കാണുന്നു എന്ന്‍ പറഞ്ഞ് ആരംഭിച്ച ബിജു മടുക്കക്കുഴി ‘സഭയ്ക്കൊപ്പം സമുദായത്തിനൊപ്പം വരും തലമുറയ്ക്കായി കൈ കോര്‍ക്കാം’ എന്ന ആപ്തവാക്യം അന്വര്‍ഥമാക്കുന്നതിനായിരിക്കും താന്‍ ഊന്നല്‍ കൊടുക്കുകയെന്ന് സമുദായാംഗങ്ങളെ അറിയിച്ചു.
ചുരുങ്ങിയ വാക്കുകളില്‍ സമുദായത്തെ അടുത്ത രണ്ട് വര്‍ഷക്കാലം കൊണ്ട് എങ്ങനെ പുരോഗതിയിലേയ്ക്ക് നയിക്കാം എന്ന്‍ പറഞ്ഞ ബിജു യുവതലമുറയുടെ പാരമ്പര്യ തനിമയിലുള്ള വിശ്വാസ വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും സൂചിപ്പിച്ചു. ക്‌നാനായ ചാപ്ലൈന്‍സി, ക്‌നാനായതല ആസ്ഥാനമന്ദിരത്തിന്റെ വിപുലീകരണം, നാഷണല്‍ റിസോഴ്‌സ് ടീമിന്റെ രൂപീകരണം, ക്‌നാനായ യുവജനങ്ങള്‍കായി പ്രീമാര്യേജ് കോഴ്‌സ്, കലാമേള, കായിക മത്സരങ്ങള്‍, കുട്ടികള്‍ക്കുവേണ്ടി കരിയര്‍ ഗൈഡന്‍സ്, ഓള്‍ യുകെ തലത്തില്‍ ബാഡ്മിന്റണ ടൂര്‍ണമെന്റ്, ക്‌നാനായ വനിതകളുടെ സംഘടനയായ വുമന്‍സ് ഫോറത്തിന്റെ സ്വയം ശാക്തീകരണം എന്നിങ്ങനെയുള്ള തന്‍റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ എണ്ണി പറഞ്ഞ ബിജു ഇവ പ്രാവര്‍ത്തികമാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ് എന്നും തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.
യുകെകെസിഎയുടെ അതിശക്തമായ യൂണിറ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം യൂണിറ്റില്‍നിന്നാണ് ശ്രീ ബിജു മടുക്കക്കുഴി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി യുകെയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ബിജു നാഷണല്‍ തലത്തിലും യൂണിറ്റ് തലത്തിലും യുകെകെസിഎയുടെ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. മികച്ച സംഘാടകനായ ബിജു നിരവധി പ്രസംഗ മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്. ബര്‍മിംഗ്ഹാമിലെ വാല്‍സാള്‍ നിവാസിയാണ്.
വ്യത്യസ്തമായ പ്രവര്‍ത്തനശൈലികൊണ്ട് ശ്രദ്ധേയനാവുന്ന ബിജു മിഡ്‌ലാന്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെകെസിഎ ബര്‍മിംഗ്ഹാം യൂണിറ്റിന്‍റെ ഭാരവാഹിയായും യുകെകെസിഎ ജോയിന്‍റ് സെക്രട്ടറിയായും യകെകെസിഎ അഡൈ്വസറായും ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുമുണ്ട്. ബിജു യുകെകെസിവൈഎല്‍ ബിര്‍മിംഗ്ഹാം യൂണിറ്റിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിച്ച സമയത്താണ് ബിര്‍മിംഗ്ഹാം യുകെകെസിവൈഎല്ലിന് ശക്തമായ അടിത്തറയണ്ടാവുന്നതും മുഴുവന്‍ യുവജനങ്ങളെയും യൂണിറ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതും.
കടുത്തുരുത്തി ഫൊറോനായിലെ പൂഴിക്കോല്‍ സെന്റ് ലൂക്ക്‌സ് പള്ളി ഇടവകാംഗമാണ് ബിജു. കല്ലറ പഴയപള്ളി ഇടവകാംഗമായ ആശാമോള്‍ ആണ് ഭാര്യ. ഓസ്‌വിന്‍, ആല്‍ബിയ, ജോയന്ന എന്നിവര്‍ മക്കളുമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷക്കാലം യുകെകെസിഎയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം ആയി കാണുന്ന താന്‍ വീണ്ടും ഒരു രണ്ട് വര്‍ഷം കൂടി നേതൃസ്ഥാനത്ത് തുടരുവാനുള്ള സമുദായാംഗങ്ങളുടെ അംഗീകാരമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് തുടങ്ങിയ റോയ് സ്റ്റീഫന്‍ സംഘടനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് തനിക്ക് സഹായകമാകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും യുകെകെസിഎയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കാവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നും അറിയിച്ചു. ലോങ്ങ് ടേം മിഷന്‍, ഷോര്‍ട്ട് ടേം മിഷന്‍ എന്നിങ്ങനെ രണ്ട് തരം ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി താന്‍ തയ്യാറാക്കിയ പ്രകടന പത്രിക വിലയിരുത്തി തന്നെ പിന്തുണയ്ക്കണം എന്ന്‍ റോയ് സ്റ്റീഫന്‍ അഭ്യര്‍ഥിച്ചു.
സ്വിണ്ടനിലെ മലയാളി അസോസിയേഷന്റെയും സീറോ മലബാര്‍ സഭയുടെയും പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു റോയി സ്റ്റീഫന്‍. വില്‍ഷയര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി നാലുവര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള റോയി തന്റെ ഭരണസമയത്ത് ഈ അസോസിയേഷന്‍ ചാരിറ്റിയായി രജിസ്റ്റര്‍ചെയ്യുകയും കൗണ്‍സിലില്‍നിന്ന് നിരവധി ധനസഹായം നേടിയെടുത്ത് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
സ്വിണ്ടനിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേറ്ററായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള റോയി ഈ കാലയളവില്‍ കുട്ടികള്‍ക്ക് വേദപാഠം ക്ലാസുകള്‍ ആരംഭിക്കുകയും വേദപാഠം അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. റോയി സ്റ്റീഫന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ആദരിച്ച് സ്വിണ്ടന്‍ ബറോ കൗണ്‍സില്‍ 2015ല്‍ അദ്ദേഹത്തിന് പ്രൈഡ് ഓഫ് സ്വിണ്ടന്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. എല്ലാ മൂന്നുമാസവും പുറത്തിറങ്ങുന്ന യുകെകെസിഎ ന്യൂസ് ലെറ്ററിന്റെ ചീഫ് എഡിറ്ററായ റോയി ഇതിന്റെ പ്രചാരണാര്‍ഥം ബിഗ് ലോട്ടറി ഫണ്ടിന്റെ സഹായത്തോടെ യൂണിറ്റുകള്‍ സന്ദര്‍ശിച്ച് പരിശീലനക്കളരികള്‍ സംഘടിപ്പിച്ചിരുന്നു.
ന്യൂസ് ലെറ്ററുകള്‍ തപാല്‍ മാര്‍ഗം എല്ലാ വീടുകളിലുമെത്തിക്കുക, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സമുദായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വാര്‍ഷിക ചെലവ് മുപ്പതു ശതമാനം വരും വര്‍ഷങ്ങളിലേക്ക് സേവ് ചെയ്യുക, ക്‌നാനായ മിഷന്‍ ആരംഭിക്കുക, കുടുംബങ്ങളിലെ കെട്ടുറപ്പ് ഭദ്രമാക്കുന്നതിനായി ക്ലാസുകള്‍ സംഘടിപ്പിക്കുക, ആസ്ഥാന മന്ദിരത്തില്‍ എല്ലാ മാസവും മലയാളം കുര്‍ബാന നടത്താന്‍ സംവിധാനമൊരുക്കുക, ആസ്ഥാനമന്ദിരത്തിന്റെ ഹാളുകള്‍ ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമൊരുക്കുക, ആസ്ഥാനമന്ദിരം വിപുലീകരിക്കുക, കണ്‍വന്‍ഷനോടനുബന്ധിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വുമണ്‍സ് ഫോറവും യുകെകെസിവൈഎല്ലും ശക്തിപ്പെടുത്തുക, എല്ലാ വര്‍ഷവും ഓള്‍ യുകെ തലത്തില്‍ ഉപന്യാസ രചനാ മത്സരങ്ങള്‍ നടത്തുക എന്നിവയാണ് റോയി സ്റ്റീഫന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.
കിടങ്ങൂര്‍ സെന്റ് മേരീസ് ഇടവകാംഗമാണ് റോയി. പുന്നത്തുറ ഇടവകാംഗമായ ലിസി ഭാര്യയും സ്റ്റീഫന്‍, സ്‌റ്റെന്‍സി എന്നിവര്‍ മക്കളുമാണ്.
എല്ലാം കൊണ്ടും മികച്ച സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരം നടക്കുന്നതിനാല്‍ സമുദായാംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരു തെരഞ്ഞെടുപ്പ് സാദ്ധ്യമല്ല എന്ന്‍ തന്നെ പറയാം. സ്ഥാനാര്‍ഥികളുടെ വ്യക്തി ഗത മിടുക്കുകളെക്കാളുപരി സമുദായത്തിലെ ആത്മീയ നേതൃത്വത്തിന്‍റെ പിന്തുണയും സ്ഥാനാര്‍ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സമ്മതിയും ഒക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നും കരുതപ്പെടുന്നു.
മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമിന്‍റെ വീഡിയോ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആന്‍റണി ജോണ്‍, തിരുവന്തപുരം
അമ്പത്താറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാനം സാക്ഷിയായി. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിരാഹാരത്തിനും സംസ്ഥാന സമ്മേളനങ്ങള്‍ക്കും ഒടുവില്‍ പല പേരിലുള്ള കേരള യാത്രകള്‍ക്കും സാക്ഷിയായ തിരുവനന്തപുരം ഇക്കുറി ഭാവി തലമുറകളുടെ കലോത്സവത്തിനു സാക്ഷിയായി. ജനപങ്കാളിത്തം കൊണ്ടും അപ്പീലുകൊണ്ടും ശ്രദ്ധേയമായ കലോത്സവം ഇത്തവണ ജഡ്ജിനെ അയോഗ്യനാക്കുന്ന അവസ്ഥ വരെയെത്തി. ഈ ബഹളത്തിനിടയിലും 919 പോയിന്റ് നേടി കോഴിക്കോട് പത്താം തവണയും കിരീടം ചൂടിയപ്പോള്‍ വെറും 7 പോയിന്റിന്റെ വ്യത്യാസത്തില്‍ പാലക്കാട് തൊട്ടു പിറകിലെത്തി. 908 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതും. വെറും 11 പോയിന്റിന്റെ വ്യത്യസത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ മത്സരിച്ചപ്പോള്‍ ആതിഥേയരായ തിരുവനംന്തപുരം ഒമ്പതാം സ്ഥാനത്തുമെത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 416 പോയിന്റും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 503 പോയിന്റുമാണ് ലഭിച്ചത്. എന്നാല്‍ എറണാകുളത്തിനും ഈ വിഭാഗത്തില്‍ 503 പോയിന്റ് ലഭിച്ചു. തുടക്കം മുതലേ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ മുന്നില്‍ തന്നെയായിരുന്നു. എല്ലാ വിഭാഗത്തിലും തുല്യ നിലവാരം പുലര്‍ത്തിയ കോഴിക്കോട് ഒടുവില്‍ ഒന്നാമതെത്തി.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കലോത്സവത്തിന്റെ സമാപന വേദിയില്‍ എത്തിയിരുന്നു.. ആയിരങ്ങള്‍ നിറഞ്ഞ സദസ്സില്‍ ചലച്ചിത്ര താരങ്ങളായ നിവിന്‍ പോളിയും സുരാജ് വെഞ്ഞാറമ്മൂടും നിറഞ്ഞു നിന്ന വേദിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സമ്മാനദാനം നിര്‍വ്വഹിച്ചു. കേരള സംസ്ഥാനം കണ്ടതില്‍ വെച്ചേറ്റവും വലിയൊരു സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് തലസ്ഥാനം സാക്ഷിയായി.