ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കുതിച്ചുയരുകയാണ്. എൻഎച്ച് എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് തന്ത്രപ്രധാനമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് സർക്കാർ . ഇതു പ്രകാരം വെയിറ്റിംഗ് ലിസ്റ്റിൽ വളരെ നാളായി തുടരുന്ന ഇതുവരെ ചികിത്സ ലഭിക്കാത്ത രോഗികൾക്ക് രാജ്യത്തെ മറ്റ് എവിടെയെങ്കിലും ചികിത്സ ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യും .ഇതിൻ പ്രകാരം രാജ്യത്തെ ആയിരക്കണക്കിന് രോഗികൾക്ക് മറ്റു ഹോസ്പിറ്റലുകളിൽ നിന്ന് ചികിത്സാസഹായം ലഭിക്കും.
40 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കുന്ന രോഗികൾക്കും അടുത്ത 8 ആഴ്ച വരെ അപ്പോയിൻമെന്റ് ലഭിക്കാത്തവർക്കും ആണ് ഈ സ്കീമിന്റെ പ്രയോജനം ലഭിക്കുന്നത്. അർഹരായവർക്ക് അവരുടെ ഹോസ്പിറ്റലുകളിൽ നിന്ന് ഇ-മെയിൽ മുഖേനയോ ടെക്സ്റ്റ് മെസ്സേജ് ആയോ കൂടുതൽ വിവരങ്ങൾ കൈമാറപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസും സർക്കാരും ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഈ പദ്ധതി ചികിത്സയ്ക്കായി കാത്തിരിക്കുന്ന 4 ലക്ഷം രോഗികൾക്ക് ഉടൻ പ്രയോജനം ചെയ്യും. ഇത് മൊത്തത്തിലുള്ള വെയ്റ്റിംഗ് ലിസ്റ്റിന്റെ 5 ശതമാനം ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അർഹരായവർക്ക് മറ്റു സ്ഥലങ്ങളിൽ അപ്പോയിൻമെന്റ് എടുക്കാനുള്ള സംവിധാനം എൻഎച്ച്എസ്സിന്റെ സംവിധാനത്തിലൂടെയാണ് തിരിച്ചറിയുന്നത്. ഒരു രോഗിക്ക് ഉചിതമായ മറ്റൊരു സ്ഥലം ലഭിച്ചില്ലെങ്കിൽ നിലവിലെ സംവിധാനത്തിൽ തന്നെ തുടരുകയും വെയിറ്റിംഗ് ലിസ്റ്റിൽ അവർക്ക് കിട്ടണ്ടിയിരുന്ന മുൻഗണനാക്രമം നഷ്ടമാവുകയും ചെയ്യുകയില്ല. ഇങ്ങനെ മറ്റു ഹോസ്പിറ്റലുകളിൽ ചികിത്സാർത്ഥം പോകുന്നവർക്ക് ടാക്സി, മറ്റ് താമസം എന്നിവയുടെ ചിലവുകൾ എൻഎച്ച്എസ് ആണ് വഹിക്കുന്നത്. ഇനി പണിമുടക്കുകൾ ഒന്നും നടന്നില്ലെങ്കിൽ കൂടി എൻ എച്ച് എസ് വെയിറ്റിങ് ലിസ്റ്റ് അടുത്ത വേനൽ അവധിക്കാലത്ത് 8 ദശലക്ഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ‘ആളുകൾ എന്തായാലും മരിക്കുന്ന കോവിഡിൽ’ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച എങ്ങനെയെന്നു മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചോദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കോവിഡിനെ തന്റെ സർക്കാർ കൈകാര്യം ചെയ്തതിന് തെളിവ് നൽകാൻ മുൻ പ്രധാനമന്ത്രിയും മുൻ രാഷ്ട്രീയ സഹായികളും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരും ഒരുങ്ങുകയാണ്. ജോൺസന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഡയറിയിൽ നടത്തിയ വിനാശകരമായ പരാമർശങ്ങളും വെളിപ്പെടുത്തി. “എന്തായാലും ഉടൻ മരിക്കുന്ന ആളുകൾക്കായി ഞങ്ങൾ എന്തിനാണ് സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുന്നത്” എന്നാണ് ജോൺസൻ ചോദിച്ചത്.
2020 മാർച്ചിൽ, യുകെയിലെ ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് അന്നത്തെ ചാൻസലർ ഋഷി സുനക്കുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മുൻ പ്രധാനമന്ത്രി ഈ പരാമർശം നടത്തിയതായി താൻ വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥൻ ഇമ്രാൻ ഷാഫി അന്വേഷണത്തിൽ പറഞ്ഞു. അതേസമയം, കോവിഡിന്റെ പാരമ്യത്തിൽ ബോറിസ് ജോൺസണിന് രാജ്യത്തെ നയിക്കാൻ കഴിയില്ലെന്ന് യുകെയിലെ ഉന്നത ഉദ്യോഗസ്ഥൻ സഹപ്രവർത്തകരോട് സ്വകാര്യമായി പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്.
2020 സെപ്തംബർ മുതലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ, മുൻ പ്രധാനമന്ത്രി “എല്ലാ ദിവസവും ദിശ മാറ്റുകയാണ്” എന്ന് സൈമൺ കേസ് പറഞ്ഞു. കോവിഡിന്റെ ആദ്യ മാസങ്ങളിൽ ഡൗണിംഗ് സ്ട്രീറ്റിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ വ്യാപ്തിയെ നേരിടാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ അന്നത്തെ ക്യാബിനറ്റ് ഓഫീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ജനലുകളും വാതിലുകളും മറ്റും നിർമ്മിക്കുന്ന ബ്രിട്ടനിലെ പ്രശസ്തമായ സേഫ്സ്റ്റൈൽ കമ്പനി കടബാധ്യതകൾ മൂലം അഡ്മിനിസ്ട്രേഷൻ ഭരണത്തിൻ കീഴിലേക്ക് പ്രവേശിക്കുകയാണ്. ഇതിനെ തുടർന്ന് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഏകദേശം 680 ഓളം പേർക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. കടബാധ്യത മൂലം തകർന്നിരിക്കുന്ന കമ്പനി വാങ്ങുവാൻ ആളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സേഫ്സ്റ്റൈൽ യുകെ ഓഹരി വ്യാപാരം താൽക്കാലികമായി നിർത്തിവച്ചതായി അഡ്മിനിസ്ട്രേറ്റർമാരുടെ ഇന്റർപാത്ത് അഡൈ്വസറിയിൽ നിന്നും പൊതു അറിയിപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. യോർക്ക്ഷെയറിലെ ബ്രാഡ്‌ഫോർഡ് ആസ്ഥാനമായുള്ള ഈ ബിസിനസിന് വോംബ്‌വെല്ലിൽ ഒരു നിർമ്മാണ സൈറ്റും, രാജ്യത്തുടനീളമുള്ള 42 ഓളം ശാഖകളും ഡിപ്പോകളും ഉണ്ട്.
പണപ്പെരുപ്പവും, ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുവാൻ കഴിയാത്തതുമെല്ലാം കമ്പനിയുടെ പരാജയത്തിന് കാരണമാണെന്ന് അഡ്മിനിസ്ട്രേറ്റർമാർ വ്യക്തമാക്കി. സെപ്റ്റംബറിലെ അസാധാരണമായ ചൂടുള്ള കാലാവസ്ഥയും കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഡിമാൻഡിനെ ഇല്ലാതാക്കിയതായും ഈ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു റെസ്ക്യൂ ഡീലിലൂടെ ഷെയർഹോൾഡർമാർക്ക് പണം തിരികെ നൽകാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ സേഫ്സ്റ്റൈൽ കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ട്രേഡിംഗിൽ നിന്ന് ഓഹരികൾ താൽക്കാലികമായി പിൻവലിച്ചിരുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എച്ച്പിഎഎസും, ഹോൾഡിംഗ് കമ്പനികളായ സ്റ്റൈൽ ഗ്രൂപ്പ് ഹോൾഡിംഗ്‌സ്, സ്റ്റൈൽ ഗ്രൂപ്പ് യുകെ എന്നിവയും തൽഫലമായി വ്യാപാരം തുടരാൻ കഴിയില്ലെന്ന നിഗമനത്തിലെത്തി.
സ്ഥാപനത്തിന്റെ 750 ജീവനക്കാരിൽ 70 പേരെ മാത്രം ബിസിനസ് അവസാനിപ്പിക്കാൻ സഹായിക്കുന്നതിനായി ഹ്രസ്വകാലത്തേക്ക് നിലനിർത്തുമെന്ന് ഇന്റർപാത്ത് അഡ്വൈസറി പറഞ്ഞു. ഇതുവരെയും ഡെലിവറി ചെയ്യാത്ത ഉപഭോക്തൃ ഓർഡറുകൾ ഇനിയും നൽകാൻ സാധിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർമാർ പറഞ്ഞു. നിരവധി ജീവനക്കാർക്ക് ജോലി നഷ്ടമായതിനെ തുടർന്ന് ജി എം പി യൂണിയൻ വോംബെല്ലിലെ കമ്പനിയുടെ നിർമ്മാണ യൂണിറ്റിന് പുറത്ത് പ്രതിഷേധം നടത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ – പാലസ്തീൻ സംഘർഷത്തിന്റെ പേരിൽ ലേബർ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പിനു വേണ്ടി പാർട്ടി സജ്ജമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലുള്ള സംഭവവികാസങ്ങൾ വൻ പ്രതിസന്ധിയിലേയ്ക്കാണ് ലേബർ പാർട്ടിയെ തള്ളി വിട്ടിരിക്കുന്നത്. പാലസ്തീൻ അനുകൂല റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ആന്റി മക് ഡൊണാൾഡിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതാണ് ഏറ്റവും പുതിയ സംഭവ വികാസം. മിഡിൽസ് റോയിലെ എംപിയാണ് ആൻറി മക് ഡൊണാൾഡ്.
പാലസ്തീൻ അനുകൂല പ്രതിഷേധ റാലിയിൽ എംപി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ പ്രകോപനപരമാണതാണ് വിമർശകർ ഉന്നയിക്കുന്ന ആക്ഷേപം. എന്നാൽ തന്റെ വാക്കുകൾ ഈ മേഖലയിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ആത്മാർത്ഥമായ അഭ്യർത്ഥന മാത്രമായിരുന്നു എന്ന് ഡൊണാൾഡ് പറഞ്ഞു. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതുകൊണ്ട് നിലവിൽ അദ്ദേഹം സ്വതന്ത്ര എംപിയായി ഇരിക്കേണ്ടി വരും. ജെറമി കോർബ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഷാഡോ മിനിസ്റ്റർ ആയിരുന്ന എംപിയാണ് മക് ഡൊണാൾഡ്. ഞങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ലെന്ന് പ്രസംഗത്തിൽ പറഞ്ഞ അദ്ദേഹം പാലസ്തീൻ അനുകൂല പ്രകടനത്തിൽ സ്ഥിരമായി കേൾക്കുന്ന ഒരു ഗാനത്തിന്റെ വരികൾ ഉദ്ധരിക്കുകയും ചെയ്തു. നദിയിൽ നിന്ന് കടലിലേയ്ക്ക് എന്ന ഗാനത്തിലെ വാചകം ഇസ്രയേൽ വിരുദ്ധർ സ്ഥിരമായി ഉപയോഗിക്കുന്നതാണ്.
പാലസ്തീൻ അനുകൂല പ്രകടനത്തിൽ ശക്തമായ സാഹചര്യത്തിൽ വിവാദമായ ഗാനം കടുത്ത പ്രകോപനപരമായതായി കാണണമെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിലെ മിക്ക ജൂത ഗ്രൂപ്പുകളും തങ്ങളെ ഈ ലോകത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള ആഹ്വാനമായാണ് പ്രസ്തുത ഗാനത്തെ കാണുന്നത്. എന്നാൽ ഇസ്രയേലിന്റെ നാശത്തെയല്ല ഉദ്ദേശിക്കുന്നതെന്നും അവരുടെ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഉപരോധവും അധിനിവേശവും അവസാനിപ്പിക്കുന്നതിനെയാണ് ഈ ഗാനം അർത്ഥമാക്കുന്നത് എന്നാണ് പാലസ്തീൻ അനുകൂലികൾ വാദിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികൾ ഉൾപ്പെടെ യുകെയിലേക്ക് കുടിയേറാൻ നോക്കുന്ന നിരവധി വിദേശ തൊഴിലാളികളെയും വിദ്യാർത്ഥികളെയും കബളിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കമ്പനികളുണ്ടെന്ന മുന്നറിയിപ്പുമായി ഹോം ഓഫീസ്. നിരവധി ആളുകൾക്ക് അനധികൃതമായി വിസ നൽകി നൂറുകണക്കിന് പൗണ്ട് ലാഭമാണ് ഇത്തരം കമ്പനികൾ നേടുന്നത്. ദക്ഷിണേഷ്യയിലെ ചില ഭാഗങ്ങളിൽ ബ്രോക്കർമാർ ബയോമെട്രിക് അപ്പോയിന്റ്മെന്റുകൾക്കായി 800 പൗണ്ട് വരെ ഈടാക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവയ്ക്കാകട്ടെ ഫേസ്ബുക്കിലും ടെലിഗ്രാം തുടങ്ങിയവയിൽ വൻ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പ്രചാരണത്തിൽ ഇറങ്ങിയ പോസ്റ്റിൽ ഔദ്യോഗിക സംവിധാനത്തിലെ താമസങ്ങളിൽ നിന്ന് രക്ഷപെടാൻ സഹായിക്കുമെന്ന വാഗ്‌ദാനം കമ്പനികൾ നൽകുന്നുണ്ട്. മുൻകൂർ പണമടയ്ക്കാതെ തന്നെ ഉടൻ അപ്പോയ്ന്റ്മെന്റുകളും ഇവ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പലപ്പോഴും വിദ്യാർത്ഥികളുടെയും മറ്റും നിസ്സഹായ അവസ്ഥ മുതലാക്കിയാണ് ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ.
ആറ് മാസത്തിൽ കൂടുതൽ യുകെയിൽ തുടരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അവരുടെ വിരലടയാളവും ഫോട്ടോയും നൽകുന്നതിന് അവരുടെ മാതൃരാജ്യത്ത് ഒരു വ്യക്തിഗത അപ്പോയിന്റ്മെന്റിൽ പങ്കെടുക്കണം. ബയോമെട്രിക് അപ്പോയിന്റ്‌മെന്റുകളുടെ നേരിട്ടുള്ള ബുക്കിംഗ് സാധാരണയായി സൗജന്യമാണെങ്കിലും മുൻഗണനാ സേവനങ്ങൾക്കായി £30 നും £ 85 നും ഇടയിൽ ഒരു തുക നൽകേണ്ടതായി വരും. ദക്ഷിണേഷ്യയിലെ മിക്ക ആളുകൾക്കും ഈ സ്ലോട്ടുകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടും. അതിനാൽ ഈ മേഖലയിലെ യുകെ വിസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഹോം ഓഫീസ് പുറത്തുള്ള കമ്പനികൾക്ക് കരാർ നൽകിയിരിക്കുകയാണ്. ഇതിനായി ഏജന്റുമാർ പല രീതികളിലാണ് സമീപിക്കുന്നത്. പലരും ആവശ്യമില്ലാത്ത അപ്പോയിന്റ്‌മെന്റുകളും മറ്റും നടത്തുന്നതായി ഹോം ഓഫീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകൾക്ക് ഒറ്റരാത്രികൊണ്ട് ചാർജിങ്ങിനായി കട്ട്- പ്രൈസ് താരിഫുകൾ വാഗ്ദാനം ചെയ്യുന്ന എനർജി ഡീലുകളുടെ എണ്ണം ബ്രിട്ടനിൽ വർദ്ധിച്ചിരിക്കുകയാണ്. 2021 അവസാനത്തോടെ ഊർജ്ജ വില ക്രമാതീതമായി ഉയരാൻ തുടങ്ങിയതിന് ശേഷം, ഇലക്ട്രിക് വാഹനങ്ങളുടെ ഊർജ്ജ ഡീലുകൾ ഏതാണ്ട് ഇല്ലാതായി മാറിയിരിക്കുകയായിരുന്നു.ഒക്ടോപസ് എനർജി മാത്രമായിരുന്നു അവരുടെ സ്പെഷ്യലിസ്റ്റ് ഇലക്ട്രിക് വാഹന താരിഫ് നിലനിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിലവിൽ ഏഴ് എനർജി ഡീലുകളോളം ആണ് വിവിധ കമ്പനികൾ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിനായി നൽകുന്നത്. ഏറ്റവും പുതിയ എനർജി ഡീൽ ഇഡി എഫ് കമ്പനിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം, അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെ ഉപയോഗിക്കുന്ന ഊർജത്തിന് ഒരു കിലോവാട്ട് മണിക്കൂറിന് 7.4 പെൻസ് മാത്രമാകും ഈടാക്കുക. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഈ ഡീൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പല സ്പെഷ്യലിസ്റ്റ് ഇലക്ട്രിക് വെഹിക്കിൾ എനർജി താരിഫുകളും പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് സ്റ്റാൻഡേർഡ് ഡീലുകളേക്കാൾ കൂടുതൽ ഈടാക്കുന്ന സാഹചര്യവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. നിലവിലുള്ള എല്ലാ ഇലക്ട്രിക് വെഹിക്കിൾ ഇലക്‌ട്രിസിറ്റി താരിഫുകളേക്കാളും, ഏറ്റവും വിലകുറഞ്ഞതാണ് തങ്ങളുടെ ഡീലെന്ന് ഇ ഡി എഫ് അവകാശപ്പെടുന്നുണ്ട്. എന്നാൽ 7.4 പെൻസ് എന്ന ഓവർനൈറ്റ് നിരക്ക് അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെ മാത്രമേ ലഭ്യമാകൂ എന്നതാണ് ഈ ഡീലിലെ മുഖ്യപ്രശ്നം. പകൽ സമയത്ത് മണിക്കൂറിൽ ഒരു കിലോവാട്ടിനു 30.9 പെൻസ് ആണ് ഇ ഡി എഫ് ചാർജ് ചെയ്യുന്നത്. ഇത് മറ്റു ചില കമ്പനികളെക്കാൾ കൂടുതലാണ്. അതിനാൽ തന്നെ ജനങ്ങൾ തങ്ങളുടെ ഡീലുകൾ തിരഞ്ഞെടുക്കുന്നത് ശ്രദ്ധാപൂർവ്വം ആയിരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയിൽ തന്നെ സ്കോട്ട് ലാൻഡും വെയിൽസുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലണ്ടിലാണ് ലൈസൻസ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കുറവ് വിജയനിരക്ക് യോർക്ക് ഷെയർ ഉൾപ്പെടുന്ന ഹോൺസിയിലാണ് .23.6 ശതമാനമാണ് ഹോൺസിയിലെ വിജയശതമാനം . ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടതായി വരും. വിദ്യാർത്ഥികളായി എത്തുന്നവരെ ടെസ്റ്റിനായി മുടക്കേണ്ട ഭീമമായ തുകയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏകദേശം 1650 പൗണ്ട് ആണ് ഡ്രൈവിംഗ് ടെസ്റ്റിനായി പലരീതിയിൽ വിനിയോഗിക്കേണ്ടതായി വരുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലെ സ്കൂളുകളിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനം വിപുലമാക്കുന്നു. സ്കൂളുകളിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ രഹസ്യന്വേഷണ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന അധ്യാപകർക്ക് അയച്ച കത്തിൽ സുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനുമായി പോലീസ് ഓഫീസർമാരുമായി സഹകരിക്കണമെന്ന് നിർദ്ദേശം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
പോലീസ് ഉദ്യോഗസ്ഥരും സ്കൂൾ ജീവനക്കാരും തമ്മിൽ ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് രഹസ്യാന്വേഷണത്തെയും വിവരശേഖരണത്തെയും സഹായിക്കുമെന്ന് മെറ്റ് പോലീസ് ഓഫീസർ ആയ ക്ലെയർ കെല്ലണ്ട് പറഞ്ഞു . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, ക്രിമിനൽ പ്രവർത്തനത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുക, പോലീസിലുള്ള വിശ്വാസം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാൽ ഈ നടപടികൾ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. പോലീസിന്റെ ഈ പ്രവർത്തനത്തിൽ യുവാക്കളെ പ്രത്യേകിച്ച് ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്ന് മുതിർന്ന സാമൂഹിക പ്രവർത്തകനായ സ്റ്റാഫോർഡ് സ്കോട്ട് പറഞ്ഞു. പോലീസ് സ്കൂളുകളിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പോലീസ് മോണിറ്ററിംഗ് ഗ്രൂപ്പ് ആയ മെറ്റ് പോലീസും അഭിപ്രായപ്പെട്ടിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
മികച്ച ജീവകാരുണ്യ സംഘടനയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് കലാകേരളം ഗ്ലാസ്ഗോയ്ക്ക് വേണ്ടി പ്രസിഡന്റ് മിനി സേവ്യർ ഏറ്റുവാങ്ങി. 2006 മുതൽ ഗ്ലാസ്ഗോ, കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവർത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഗ്ലാസ്ഗോ ആണ് ഈ വർഷത്തെ മികച്ച ജീവകാരുണ്യ സംഘടനയ്ക്കുള്ള അവാർഡിന് അർഹമായത്.
ഒരു പതിറ്റാണ്ടായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമാണ് കലാകേരളം.തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ ‘നല്ല ‘ ഇന്നലെകളുടെ മാധുര്യം ഒട്ടും ചോർന്ന് പോകാതെ നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിച്ച ഒരു കൊച്ചു സമുഹത്തിന്റെ , ആത്മാർപ്പണത്തിന്റെയും, ആവേശത്തിന്റെയും , സാക്ഷാത്കാരമായി 2014-ൽ ആണ് കലാകേരളം ഔദ്യോഗികമായി ഒരു സംഘടനാ പദവിയിലെത്തി.
വളരെ ചുരുങ്ങിയ പ്രവർത്തന കാലയളവുകൊണ്ട് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി സംഘടനയെന്ന ഖ്യാതിയും കലാകേരളം സ്വന്തമാക്കി.സാമൂഹ്യസന്നദ്ധ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് കലാകേരളം നാളിതു വരെ നടത്തിയിട്ടുള്ളത്.
പ്രളയാനന്തര പ്രദേശങ്ങളിൽ നടത്തിയ സേവനങ്ങൾ, പ്രളയബാധിതർക്കായി നിർമ്മിച്ച് നൽകിയ 5 ഭവനങ്ങൾ, സ്മൈൽ വില്ലേജിലെ അന്തേവാസികൾക്കായി എല്ലാവർഷവും ഓണത്തിനും ക്രിസ്തുമസ്സിനും നടത്തുന്ന ആഘോഷങ്ങൾ, കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ, ഉക്രൈനിലെ യുദ്ധത്തിൽ ദുരിതാശ്വാസം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആത്മാർത്ഥമായ സംഘടനാ പ്രവർത്തനം കൊണ്ട് യു കെ മലയാളി സമൂഹത്തിന്റെ മുൻപിൽ, ജന സ്വീകാര്യതയുടെ പിൻബലത്തിൽ, അംഗങ്ങളുടെ നിശ്ചയദാർഢ്യത്തിലും, നിഷ്പക്ഷതയിലും, നിലപാടുകളിൽ നിന്നും അണുവിട വ്യതിചലിക്കാതെ, തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന പ്രസ്ഥാനമാണ് കലാകേരളം ഗ്ലാസ്ഗോ .
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച അസോസിയേഷനുള്ള അവാർഡ് അബർഡീൻ മലയാളി അസോസിയേഷന് (എ എം എ) സമ്മാനിച്ചു. ഗ്ലാസ്കോയിലെ ബെൻഹിൽ അക്കാദമിയിൽ വച്ച് നടത്തപ്പെട്ട അവാർഡ് നൈറ്റിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അബർഡീൻ മലയാളി അസോസിയേഷനു വേണ്ടി വൈസ് പ്രസിഡന്റായ നാജി ഇട്ടീര നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെലിൽ നിന്ന് മലയാളം യുകെ അവാർഡ് ഏറ്റുവാങ്ങി.
യുകെയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയാണ് അബർഡീൻ മലയാളി അസോസിയേഷൻ. 2007 -ൽ തുടക്കമിട്ട് 2015 മുതൽ ചാരിറ്റി സംഘടനയായി പ്രവർത്തിക്കുന്ന എ എം എ പ്രവാസ ജീവിതത്തിലും ഇന്ത്യയിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. 2018 -ലെ മഹാപ്രളയ കാലത്ത് ദുരന്ത ബാധിതരെ സഹായിക്കാൻ 18000 പൗണ്ടോളം സംഭാവന ചെയ്ത എ എം എ, യുകെയിലെ മറ്റേതൊരു സംഘടനയ്ക്കും സാധിക്കാത്ത ഇടപെടലുകളാണ് സമൂഹത്തിൽ നടത്തുന്നത്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ ആഘോഷങ്ങൾക്ക് ഉപരിയായി മലയാളി സമൂഹത്തിൽ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും , അംഗങ്ങളുടെ മാനസികോല്ലാസത്തിനുമായി പതിവായി മാസംതോറുമുള്ള ഒത്തുചേരൽ എ എം എ യുടെ പ്രത്യേകതയാണ്. മലയാളി സമൂഹത്തിന് അപ്പുറത്തേയ്ക്കുള്ള സാമൂഹികമായ ഇടപെടലുകളും വർഷംതോറുമുള്ള ബാഡ്മിൻറൺ ടൂർണമെന്റും അബർഡീൻ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളാണ്. നവംബർ മാസത്തിൽ സ്കോട്ട് ലൻഡിലെ ക്യാൻസർ രോഗികൾക്കായുള്ള ചാരിറ്റബിൾ സംഘടനയായ സി എൽ എ എമ്മിൻറെ ധനശേഖരണാർത്ഥം ചാരിറ്റബിൾ ഇവന്റ് അബർഡീൻ മലയാളി അസോസിയേഷൻ നടത്തുന്നുണ്ട്. അറുനൂറിൽ അധികം അംഗങ്ങളുള്ള മലയാളി അസോസിയേഷൻ അബർഡീനിലുള്ള മലയാളികളുടെ സാമൂഹിക ജീവിതത്തിൽ നിർണ്ണായകമായ ഇടപെടലുകളാണ് നടത്തുന്നത്. മികച്ച അസോസിയേഷനുള്ള അവാർഡ് ലഭിച്ച അബർഡീൻ മലയാളി അസോസിയേഷന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.