Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നിരവധിയാളുകളെ ആകർഷിക്കാനായി ബ്രിട്ടീഷ് സൈന്യം പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നു. ‘നഥിംഗ് കാൻ ഡു വാട്ട് എ സോൾജിയർ കാൻ’ എന്ന കാമ്പെയ്‌ൻ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യമാണിത്. യുദ്ധത്താൽ തകർന്നടിഞ്ഞ പ്രദേശം ഒരു റോബോട്ട് പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, ഒരു സൈനികൻ ചെയ്യുന്നതുപോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് വീഡിയോയുടെ അവസാനത്തിൽ പറയുന്നു. ബ്രിട്ടീഷ് സൈന്യം പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നതായും വീഡിയോയിൽ പറയുന്നുണ്ട്.

സാങ്കേതികവിദ്യ പ്രാധാന്യമുള്ളതാണെങ്കിലും, ഒരു സംഘർഷമേഖലയിൽ സൈനികർക്ക് മാത്രമേ സഹജമായ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ എന്ന് വീഡിയോയിൽ കാണിക്കുന്നു. ഈ പരസ്യം സിനിമ തിയേറ്ററിലും ടെലിവിഷനിലും ഓൺലൈനിലും പ്രദർശിപ്പിക്കും. റിക്രൂട്ട്‌മെന്റ് ഭീമനായ ക്യാപിറ്റയും ബ്രിട്ടീഷ് ആർമിയും ചേർന്ന് വികസിപ്പിച്ചെടുത്ത “ദിസ് ഈസ് ബിലോംഗിംഗ്” പരമ്പരയിലെ ആറാമത്തേതാണ് ഈ കാമ്പെയ്‌ൻ. ഒരു സൈനികന് ചെയ്യാൻ കഴിയുന്നതുപോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണെന്ന് റിക്രൂട്ടിംഗ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ നിക്ക് മക്കെൻസി പറഞ്ഞു.

“ഞങ്ങൾ എന്ത് സാങ്കേതിക മുന്നേറ്റം നടത്തിയാലും, നമ്മുടെ സൈനികരുടെ ബുദ്ധിയും ശക്തിയും സൈന്യത്തിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഭാവിയിൽ റിക്രൂട്ട് ചെയ്യുന്നവരോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” മക്കെൻസി കൂട്ടിച്ചേർത്തു. കൂടുതൽ പേരെ സൈന്യത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യൂണിഫോം സ്‌കേർട്ടിൻെറ നീളം കുറവാണെന്ന കാരണത്താൽ മകളെ സ്കൂളിൽ നിന്നും പുറത്താക്കിയെന്നുള്ള ആരോപണവുമായി രംഗത്തെത്തിരിക്കുകയാണ് കുട്ടിയുടെ മാതാവ്. നോട്ടിങ്ഹാമിലെ ബേക്കർസ് ഫീൽഡിലുള്ള സോയി ഗ്രഹാമാണ് ഇത്തരത്തിൽ സ്കൂളിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ ഒരു കാരണം മൂലം തന്റെ മകൾക്ക് വിലപ്പെട്ട പഠനസമയം നഷ്ടമാവുകയാണെന്നും, അതോടൊപ്പം തന്നെ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുകയാണെന്നും അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒമ്പതു മാസമായി ഇതേ വസ്ത്രം തന്നെയാണ് തന്റെ മകൾ സ്ഥിരമായി സ്കൂളിൽ ധരിച്ചു വരുന്നത്. എന്നാൽ ഇപ്പോൾ 9 മാസങ്ങൾക്കുശേഷം ജൂണിൽ സ്കൂൾ അധികൃതർ ഉണ്ടാക്കിയ പുതിയ യൂണിഫോം പോളിസി പ്രകാരമാണ് തന്റെ മകളെ സ്കൂളിൽ നിന്നും പുറത്താക്കിയിരിക്കുന്നതെന്നും സോയി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകൾ പഠന വൈകല്യമുള്ള കുട്ടിയാണെന്നും അതിനാൽ തന്നെ നഷ്ടപ്പെടുന്ന സമയം വിലപ്പെട്ടതാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച വരെ തന്റെ മകൾ ക്ലാസ്സിൽ പങ്കെടുത്തിരുന്നെന്നും എന്നാൽ പിന്നീട് തനിക്ക് വന്ന ഫോൺകോളിൽ ആണ് തിങ്കളാഴ്ച വരെ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചതെന്നും സോയി വ്യക്തമാക്കി. സ്‌കേർട്ടിന്റെ നീളം കുറഞ്ഞു എന്ന് ഒറ്റ കാരണത്താൽ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുന്നത് തെറ്റാണെന്ന് സോയി പറഞ്ഞു. ജൂൺ മാസം ആദ്യം തന്നെ പുതിയ യൂണിഫോം പോളിസികളെ സംബന്ധിച്ചുള്ള അറിയിപ്പ്‌ മാതാപിതാക്കൾക്ക് നൽകിയിരുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. എന്നാൽ തന്റെ മകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുവാൻ ഇത് മാത്രം കാരണമാക്കുവാൻ സാധിക്കില്ലെന്ന് സോയി പറഞ്ഞു. അതോടൊപ്പം തന്നെ പഠന വൈകല്യം അനുഭവിക്കുന്ന തന്റെ മകൾക്ക് യാതൊരു പിന്തുണയും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും സോയി കുറ്റപ്പെടുത്തി. ഈയാഴ്ച നടക്കുന്ന മോക്ക് എക്സാമുകളിൽ പങ്കെടുക്കുവാൻ തന്റെ മകൾക്ക് സാധിച്ചില്ലെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹോങ്കോങ് ബ്രിട്ടീഷുകാർ ചൈനയ്ക്ക് കൈമാറിയിട്ട് ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകും. ആഘോഷങ്ങളുടെ ഭാഗമായി ചൈനയുടെ പ്രസിഡൻറ് ഷി ജിൻപിംഗ് നഗരം സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൈമാറ്റത്തിന്റെ 20-ാം വാർഷികാഘോഷ വേളയിലാണ് അവസാനമായി അദ്ദേഹം ഹോങ്കോങ് സന്ദർശിച്ചത്. അന്നത്തെ വാർഷികം കടുത്ത പ്രതിഷേധങ്ങളാണ് ഹോങ്കോങ്ങിൽ അരങ്ങേറിയത്. എന്നാൽ 2020 – ൽ ചൈന സുരക്ഷാനിയമം പാസാക്കിയതിനെ തുടർന്ന് പ്രതിഷേധക്കാർ നിശബ്ദമാക്കപ്പെട്ടിരുന്നു.

156 വര്‍ഷത്തെ കോളനി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബ്രിട്ടന്‍ ചൈനയ്ക്കു ഹോങ്കോങിന്റെ ഭരണം കൈമാറിയത്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ 1997 ജുലൈ ഒന്നിന് ചൈനീസ് പതാക പാറിപ്പറക്കുമ്പോള്‍, ഹോങ്കോങിനെ ചൈനീസ് വന്‍കരയിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നില്ല. കോളനി ഭരണകാലത്തു സ്ഥാപിച്ച സ്വതന്ത്രമായ ജുഡീഷ്യറി, നിയമനിര്‍മാണ സഭ തുടങ്ങിയ പല സ്ഥാപനങ്ങളും ഹോങ്കോങ് നിലനിര്‍ത്തി പോരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന സമ്പ്രദായമാണു ഹോങ്കോങ് പിന്തുടരുന്നത്. ഇതുപ്രകാരം ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.

1997ല്‍ ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിനു സ്വയം ഭരണാവകാശം ഉണ്ടാകും. ഈയൊരു കാരണം കൊണ്ടാണു ഹോങ്കോങ് സ്വന്തമായി ജൂഡീഷ്യറി, നിയമനിര്‍മാണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതും.1843-ല്‍ കറുപ്പ് യുദ്ധം ജയിച്ചതിനു ശേഷമാണു ഹോങ്കോങിനെ ചൈനയില്‍നിന്നും ബ്രിട്ടന്‍ സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത കരാറിലൂടെയായിരുന്നു ഹോങ്കോങിനെ ബ്രിട്ടന്‍ സ്വന്തമാക്കിയത്. 1842-ലെ ട്രീറ്റി ഓഫ് നാന്‍കിങ്, 1860-ലെ കണ്‍വെന്‍ഷന്‍ ഓഫ് പീകിങ്, 1898-ലെ ദി കണ്‍വെന്‍ഷന്‍ ഫോര്‍ ദി എക്‌സ്റ്റെന്‍ഷന്‍ ഓഫ് ഹോങ്കോങ് ടെറിട്ടറി എന്നിവയായിരുന്നു മൂന്ന് കരാറുകള്‍. 1898-ലെ കരാറിലൂടെ ബ്രിട്ടനു ഹോങ്കോങിന്റെയും കൊവ് ലൂണിന്റെയും ന്യൂ ടെറിട്ടറീസിന്റെയും നിയന്ത്രണം കൈവന്നു. കൊവ് ലൂണ്‍, ഹോങ്കോങ് എന്നിവ ബ്രിട്ടന് ചൈന സമ്മാനിച്ചതും, ന്യൂ ടെറിട്ടറീസ് ബ്രിട്ടന്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തതുമായിരുന്നു. 1984 ൽ അന്നത്തെ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനീസ് സർക്കാരുമായി സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. 1997 ൽ ഹോങ്കോംങ് ചൈനയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിച്ചു.

ബ്രിട്ടന്‍, ഹോങ്കോംങ് പ്രവിശ്യയുടെ നിയന്ത്രണം ചൈനയ്ക്കു കൈമാറിയതിന്റെ 23 ആം വാര്‍ഷികദിനമായിരുന്നു 2020 ജുലൈ ഒന്നിന് കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയിലും ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യവും പരമാധികാരവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിച്ചിരുന്നു . ചൈന ച പാസാക്കിയ ഈ നിയമം ഹോങ്കോംങ് നിവാസികൾക്ക് നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി അന്താരാഷ്ട്ര തലത്തിൽ വരെ അപലപിക്കപ്പെട്ടു. ഇതിന് മറുപടിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുപ്പതുലക്ഷം ഹോങ്കോംങ് നിവാസികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാനും ഒടുവിൽ പൗരത്വത്തിന് അപേക്ഷിക്കാനും അവസരം നൽകുമെന്ന് നിലപാടെടുത്തത് .

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യു എസിൽ അബോർഷനെ സംബന്ധിച്ച് അടുത്തിടെ ഉണ്ടായ ചരിത്രപ്രധാനമായ വിധിയുടെ മാറ്റൊലികൾ ബ്രിട്ടനിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ പ്രമുഖ അബോർഷൻ കെയർ പ്രൊവായിഡർമാരിൽ ഒരെണ്ണം. ബ്രിട്ടനിൽ നിലവിലുള്ള അബോർഷൻ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 1861 ലെ നിയമങ്ങൾ പ്രകാരം ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഗർഭാവസ്ഥയുടെ ഏതൊരു ഘട്ടത്തിലും അബോർഷൻ നടത്തുന്നത് നിയമവിരുദ്ധമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ 1967 ൽ നിലവിൽ വന്ന അബോർഷൻ ആക്ട് പ്രകാരം ഡോക്ടറുടെ അനുവാദത്തോടെ അബോർഷൻ നടത്തുന്നത് നിയമവിരുദ്ധമല്ല. എന്നാൽ 1967 ൽ നിലവിൽ വന്ന ആക്ട് 1861 ലെ നിയമത്തെ അസാധുവാക്കുന്നതുമില്ല. നിലവിൽ ബ്രിട്ടനിൽ 24 ആഴ്ചകൾക്കുള്ളിൽ രണ്ട് ഡോക്ടർമാരുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം അബോർഷൻ അനുവദനീയമാണ്. അടുത്തായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് ബിൽ ഓഫ് റൈറ്റ്സിൽ സ്ത്രീകൾക്ക് അബോർഷൻ നടത്താനുള്ള അവകാശം പ്രാഥമിക അവകാശമാക്കി ഭേദഗതി ചെയ്യണമെന്ന് ലേബർ പാർട്ടി എംപി സ്റ്റെല്ല ക്രീസി കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ ഈ ഭേദഗതിയെ താൻ പിന്തുണക്കില്ലെന്ന് ഡെപ്യൂട്ടി പ്രധാന മന്ത്രി ഡൊമിനിക് റാബ് അറിയിച്ചു.


നിലവിലെ നിയമം ഭേദഗതി നടത്തിയില്ലെങ്കിൽ, ഡോക്ടറുടെ അനുവാദമില്ലാതെ അബോർഷൻ നടത്തുന്ന സ്ത്രീകൾക്ക് ജയിൽ ശിക്ഷ വരെ ലഭിക്കാനുള്ള നിയമമാണ് ഉള്ളതന്നും, ഇത് അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും ബ്രിട്ടീഷ് പ്രെഗ്നനൻസി അഡ്വൈസറി സർവീസ് വക്താവ് വ്യക്തമാക്കി. അബോർഷൻ നടത്തുന്നത് ഒരു ക്രിമിനൽ കുറ്റമായി കാണുന്നത് അവസാനിപ്പിക്കണമെന്നും, യു എസ് കോടതി വിധി കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുമെന്നും , പാർലമെന്റിൽ ഇത്തരം നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1861 ലെ നിയമം ഇപ്പോഴും നിലനിൽക്കുന്നതിനാൽ, രാഷ്ട്രീയ പ്രവർത്തകർക്ക് എപ്പോൾ വേണമെങ്കിലും അബോർഷൻ നടത്തുന്നത് തടയാനുള്ള അനുവാദമുണ്ട്. അബോർഷൻ നടത്താനുള്ള അവകാശം കുറയ്ക്കുന്ന നടപടികൾക്കെതിരെ സംഘടന ശക്തമായി കഴിഞ്ഞ കാലങ്ങളിൽ പ്രതികരിച്ചിട്ടുണ്ടെന്നും, തുടർന്നും കൂടുതൽ പ്രവർത്തനങ്ങൾ സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അബോർഷൻ നടത്തുന്നത് കുറ്റമായി കാണുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമൻസ് ഇക്വാളിറ്റി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

യുഎസ് സുപ്രീം കോടതി തീരുമാനം ലോകമെങ്ങും അബോർഷനെ സംബന്ധിച്ച ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ബ്രിട്ടണിലും ഉടനടി നിലവിലുള്ള നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പതിനാലു വയസുകാരനായ സ്കൂൾ കുട്ടിയെ പാർട്ടിയിൽ വെച്ച് ലൈംഗികപരമായി ചൂഷണം ചെയ്ത കുറ്റത്തിൽ ആരോപിതയായിരുന്ന നേഴ്സ് കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. നാൽപതുകാരിയായ നേഴ്സ് കേയ്റ്റി ബാരെറ്റിനെതിരെയാണ് ആരോപണങ്ങൾ ഉണ്ടായിരിക്കുന്നത്. മൂന്നു ദിവസമായി നടന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്. 2020 ൽ നടന്ന ഒരു വി ഇ പാർട്ടിക്കിടെയാണ് സംഭവം നടന്നതായി ആരോപിക്കപ്പെടുന്നത്. തന്നെ മനപ്പൂർവമായി ബെഡ്റൂമിൽ കൊണ്ടുപോയി ദുരുപയോഗം ചെയ്യുവാൻ ശ്രമിച്ചതായാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആൺകുട്ടി വ്യക്തമാക്കിയത്. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കേയ്റ്റി നിഷേധിച്ചിരുന്നു. കുട്ടിയോട് സൗഹൃദപരമായി ഇടപെടുവാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും അവർ കോടതിയിൽ പറഞ്ഞു.

കേയ്റ്റിയുടെ സ്വഭാവത്തിന് തികച്ചും വിരുദ്ധമായ ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അവരുടെ ബോയ്ഫ്രണ്ട് കോടതിയിൽ വ്യക്തമാക്കി. തികച്ചും നന്മയുള്ള മനസ്സിന് ഉടമയാണ് കേയ്റ്റിയെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ സംഭവം നടന്നതിന് വ്യക്തമായ തെളിവുകൾ ഒന്നും തന്നെ ഇല്ല എന്നാണ് ജൂറി വിലയിരുത്തിയത്. കോടതി വിധിയെ സംബന്ധിച്ച് ഒന്നും തന്നെ പ്രതികരിക്കുവാൻ കേയ്റ്റി തയ്യാറായില്ല. ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെടുന്ന കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന വിവരണങ്ങൾ വിശ്വസിക്കാൻ പറ്റാത്തവയാണെന്ന് കോടതി വിലയിരുത്തി. കുട്ടിയോട് സൗഹൃദപരമായ രീതിയിൽ സ്കൂളിനെ സംബന്ധിച്ചും മറ്റും സംസാരിക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്ന് കേയ്റ്റി കോടതിയിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പീറ്റർബറോ : പീറ്റർബറോയുടെ മുഖമായി മാറി, 600 വർഷം പടർന്നു പന്തലിച്ചു നിന്ന ഓക്ക് മരം മുറിച്ചു മാറ്റാൻ തുടങ്ങി. ബ്രെട്ടണിലുള്ള ഓക്ക് മരമാണ് പീറ്റർബറോ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റുന്നത്. മരത്തിന്റെ ശിഖരങ്ങളും മറ്റും വീണ് സമീപത്തെ വീടുകൾക്ക് കനത്ത നാശനഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതോടെ, 600 വർഷം പഴക്കമുള്ള ഓക്ക് മരം സംരക്ഷിക്കാനുള്ള പോരാട്ടവും വിഫലമായി. മരം മുറിക്കുന്നത് തടയാനായി രണ്ട് പേർ മരത്തിൽ കയറിയിരുന്നു പ്രതിഷേധിച്ചു. മരത്തിന് ചുറ്റും വേലി സ്ഥാപിച്ച് പോലീസ് സാന്നിധ്യത്തിലാണ് മുറിച്ചുമാറ്റൽ പുരോഗമിക്കുന്നത്.

വുഡ്‌ലാൻഡ് ട്രസ്റ്റ് ഏൻഷ്യന്റ് ട്രീ രജിസ്റ്ററിലുള്ള ഈ വൃക്ഷം ഗ്രിമെഷോ കാടുകളിൽ നിന്നുള്ള അവസാനത്തെ ഓക്ക് മരങ്ങളിൽ ഒന്നാണെന്നും പതിനാലാം നൂറ്റാണ്ട് മുതലുള്ളതാണെന്നും പ്രദേശവാസികൾ പറഞ്ഞു. മരം മുറിക്കാൻ തുടങ്ങിയതോടെ പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പിരിഞ്ഞുപോയി. മറ്റു ചിലർ വികാരനിർഭരരായി. “അറുനൂറ് വർഷമായി ഇതിവിടെയുണ്ട്. ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് അവർ പകുതി വെട്ടിമാറ്റിയിരിക്കുന്നു. ഇത് കാണുമ്പോൾ സങ്കടമുണ്ട്. മരം നശിപ്പിക്കാനുള്ള തീരുമാനം ശരിയാണെന്നു തോന്നുന്നില്ല.” ഒരു പ്രദേശവാസി അഭിപ്രായപ്പെട്ടു.

മരം മുറിയുമായി ബന്ധപ്പെട്ട കേസ് പീറ്റർബറോ കൗണ്ടി കോടതിയിൽ വരെ എത്തിയെങ്കിലും തള്ളിപോയി. മരം സംരക്ഷിക്കുന്നത് തുടർന്നാൽ, അത് മൂലം വീടുകൾക്ക് ഉണ്ടാകുന്ന അറ്റകുറ്റപ്പണികൾക്ക് ലക്ഷക്കണക്കിന് പൗണ്ട് ചിലവാകുമെന്ന് കൗൺസിലിന്റെ കൺസർവേറ്റീവ് കാബിനറ്റ് അംഗം നിഗൽ സൈമൺസ് പറഞ്ഞു. അതേസമയം, ഈ നടപടിയെ തുടർന്നുണ്ടാവുന്ന പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുന്നതിനായി ശരത്കാലത്തും ശൈത്യകാലത്തും നഗരത്തിലുടനീളം 100 ഓക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് കൗൺസിൽ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സെയ്ൻസ്ബറി സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിംങ്ങിൽ വച്ച് കാറിലിരുന്ന് മുലയൂട്ടുകയായിരുന്ന തന്നോട് മുലയൂട്ടുന്നത് അവസാനിപ്പിക്കുവാൻ സൂപ്പർമാർക്കറ്റ് സ്റ്റാഫ് ആവശ്യപ്പെട്ടതായി നാലാഴ്ച മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മ രംഗത്തെത്തിയിരിക്കുകയാണ്. താൻ ചെയ്യുന്നത് അനുചിതമായ കാര്യം എന്നുള്ള നിലയ്ക്കാണ് അവർ സംസാരിച്ചതെന്നും കുഞ്ഞിന്റെ അമ്മയായ ഇരുപത്തഞ്ചുകാരി ബെത് കോൾസ് വ്യക്തമാക്കി. വോർസെസ്റ്റർഷെയറിലെ കിഡ്ഡർമിനിസ്റ്ററിലുള്ള സെയ്ൻസ്ബറി സൂപ്പർമാർക്കറ്റിന് പുറത്ത് വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സൂപ്പർമാർക്കറ്റിൽ വെച്ച് കുഞ്ഞ് കരഞ്ഞ് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പാല് കൊടുക്കാനായി പുറത്ത് കാർ പാർക്കിങ്ങിൽ എത്തി കാറിൽ ഇരിക്കുമ്പോഴായിരുന്നു സൂപ്പർ മാർക്കറ്റ് സ്റ്റാഫ് എത്തി കാറിൽ തട്ടി തന്നോട് നിർത്തുവാൻ ആവശ്യപ്പെട്ടതെന്ന് ബെത് പറഞ്ഞു. കുട്ടിയുടെ മാതാവിന് ഉണ്ടായ നിർഭാഗ്യകരമായ അനുഭവത്തിൽ മാപ്പ് ചോദിക്കുന്നതായി സെയ്ൻസ്ബറി അധികൃതർ ഔദ്യോഗികമായ വാർത്തകുറിപ്പ് പുറത്തിറക്കി. സൂപ്പർമാർക്കറ്റിലെ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കുവാൻ ഇഷ്ടം ഇല്ലാത്തതിനാലാണ് താൻ കാറിലിരുന്നതെന്നും ബെത് പറഞ്ഞു.

തന്നോട് മുലയൂട്ടുന്നത് അവസാനിപ്പിക്കണം എന്ന് പറഞ്ഞ നിമിഷത്തിൽ തന്നെ താൻ കരയുവാൻ ആരംഭിച്ചതായും, തനിക്ക് ഈ അനുഭവം വളരെയധികം പ്രയാസം ഉണ്ടാക്കിയതായും ബെത് മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തോടെ തനിക്ക് വീടിനു പുറത്തിറങ്ങുവാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതായും, അതോടൊപ്പം തന്നെ മുലയൂട്ടുന്നതിനെ കുറിച്ച് താൻ കുറച്ചുകൂടി ബോധവതിയായെന്നും ബെത് പറഞ്ഞു. ബ്രിട്ടനിൽ പൊതുസ്ഥലങ്ങളിൽ എല്ലായിടത്തും മുലയൂട്ടുവാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. നിരവധി പേർ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും, സ്റ്റാഫുകൾക്ക് കൂടുതൽ ബോധവൽക്കരണ ക്ലാസുകൾ നൽകുമെന്നും സെയ്‌ൻസ്ബറി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മായ്യോർക്ക : സ്പാനിഷ് ദ്വീപായ മയ്യോർക്കയിൽ 17 കാരിയായ ബ്രിട്ടീഷ് പെൺകുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ആൻഡ്രാറ്റ്‌ക്സിലെ ഒരു ഹോട്ടലിൽ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. പ്രതികളിൽ ഒരാൾ പ്രശസ്ത വിയറ്റ്നാമീസ് നടനും സംഗീതജ്ഞനുമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. 37ഉം 42ഉം വയസ്സുള്ള കലാകാരന്മാരെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് പെൺകുട്ടി പരിചയപ്പെട്ടത്. പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചെടുത്ത ഇവർ പീഡനത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു.

രണ്ട് വിയറ്റ്നാമീസ് പൗരന്മാരെ ശനിയാഴ്ച രാവിലെ തന്നെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ബ്രിട്ടീഷ് പെൺകുട്ടി പോലീസിൽ മൊഴി നൽകിയ ശേഷം കുടുംബത്തോടൊപ്പം ദ്വീപ് വിട്ടു.

പോലീസ് മൊഴി നൽകുന്നതിന് മുമ്പ് സ്റ്റാൻഡേർഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പെൺകുട്ടിയെ പാൽമയിലെ സോൺ എസ്പേസ് ഹോസ്പിറ്റലിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അറസ്റ്റിലായ രണ്ടുപേരുടെയും പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ജാമ്യത്തിൽ വിട്ടെങ്കിലും സ്പെയിൻ വിട്ടുപോകാൻ ഇവർക്ക് അനുവാദമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ തളരാത്ത മനോവീര്യത്തിന്റെ അടയാളമായ ബി ബി സി പോഡ് കാസ്റ്റ് അവതാരക ഡെബോറ ജെയിംസ് മരണത്തിന് കീഴടങ്ങി. 40 വയസ്സായിരുന്നു പ്രായം.
മരണകിടക്കയിലും തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവൾ ശ്രമിച്ചിരുന്നു . അഞ്ചു വർഷമായി ക്യാൻസറിനോട് പടപൊരുതുന്ന ഡെബോറ സ്വരൂപിക്കുന്ന ഫണ്ടില്‍ ഇതുവരെ എത്തിയത് 6 .8 ബില്യൺ പൗണ്ടാണ് . ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കും മരുന്നുകളുടെ ഗവേഷണത്തിനും ബോധവൽക്കരണത്തിനുമായാണ് ഫണ്ട് സ്വരൂപിച്ചത് . പ്രാരംഭ ലക്ഷ്യം 250,000 പൗണ്ട് ആയിരുന്നെങ്കിലും ഡെബോറയുടെ പോരാട്ടത്തിന് മുന്നിൽ ജനങ്ങൾ മനസറിഞ്ഞു സഹായിച്ചു.

ഡെബോറയ്ക്ക് ഡെയിംഹുഡ് നല്‍കി ആദരിക്കുവാന്‍ അവരുടെ വീട്ടില്‍ വില്യം രാജകുമാരൻ നേരിട്ടെത്തിയിരുന്നു . ഡെബോറയുടെ ധീരതയ്ക്കുള്ള പ്രതിഫലമായിരുന്നു ഈ ഡെയിം പദവി. ഈ പദവി ആരെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ഡെബോറ മാത്രമാണെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ന് അഭിപ്രായപ്പെട്ടത്.

2016-ല്‍ ബോവല്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട ഡെബോറ അന്നുമുതൽ ചികിത്സയിലായിരുന്നു. തന്റെ അവസാന നിമിഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവിടാൻ ആഗ്രഹിച്ച അവൾ, ആശുപത്രി ചികിത്സ മതിയാക്കി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു . ആശുപത്രി വിടുന്നതിനു മുൻപ് “ഇനി എത്ര നാൾ കൂടി ബാക്കിയുണ്ടെന്ന് അറിയില്ലെന്ന് ” ഡെബോറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഹൃദയഭേദകമായ കുറിപ്പ് ജനങ്ങളെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു . ചികിത്സകള്‍ എല്ലാം അവസാനിപ്പിച്ച് ഇനിയുള്ള നിമിഷങ്ങള്‍ തന്റെ മക്കളായ ഹ്യൂഗോയുടെയും എലോയ്‌സിനോടും ഭര്‍ത്താവ് സെബാസ്റ്റ്യന്റെയും ഒപ്പം സന്തോഷത്തോടെ കഴിയാൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഡെബോറ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജായ @bowelbabe ൽ ആണ് ഹൃദയഭേദകമായ കുറിപ്പ് അന്ന് ഡെബോറ പങ്കുവച്ചത്. ഡെബോറയുടെ മരണവാർത്ത ലോകമെങ്ങുമുള്ള ആരാധകർ വേദനയോടെയാണ് ഏറ്റുവാങ്ങിയത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പെൺകുട്ടികളെ ലൈംഗികപരമായി ദുരുപയോഗം ചെയ്യുന്നതിന് ജെഫ്രി എപ്സ്റ്റിനെ സഹായിച്ച കുറ്റത്തിന് ഗിസ്ലെയ്ൻ മാക്സ്വെല്ലിന് 20 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് അറുപതുകാരിയായ മാക്സ്വെൽ ജെഫ്രിക്കു വേണ്ടി പെൺകുട്ടികളെ എത്തിച്ചു കൊടുത്ത കുറ്റത്തിന് പ്രതിയാണെന്ന് കോടതി വിധിച്ചത്. പെൺകുട്ടികളെ ലൈംഗികപരമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് മാൻഹാട്ടനിലെ ഒരു ജയിലിൽ വെച്ച് തന്റെ വിധി കാത്ത് കഴിയവേ, 2019 ൽ ജെഫ്രി എപ്സ്റ്റിൻ സ്വയം മരിച്ചിരുന്നു. 1994 മുതൽ 2004 വരെയുള്ള വർഷങ്ങളിലാണ് മാക്സ്വെൽ തന്റെ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് കോടതി വിലയിരുത്തി. എപ്സ്റ്റിനുവേണ്ടി പെൺകുട്ടികളെ തിരഞ്ഞെടുത്തു നൽകിയിരുന്നത് മാക്സ്വെൽ ആയിരുന്നുവെന്നും കോടതി പറഞ്ഞു. മാക്സ്വെലിന്റെ അഭിഭാഷകർ അഞ്ചുവർഷം മാത്രം ശിക്ഷക്ക് മതി എന്നു വാദിച്ചെങ്കിലും കോടതി 20 വർഷം വിധിക്കുകയായിരുന്നു. യാതൊരു വികാരവിക്ഷോഭങ്ങളുമില്ലാതെയാണ് മാക്സ്വെൽ കോടതിവിധി സ്വീകരിച്ചത്. ജൂലൈ 2020ൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം മാക്സ്വെൽ പോലീസ് കസ്റ്റഡിയിൽ ബ്രൂക്ക്ലിനിലെ മെട്രോപോളിൻ ഡിറ്റെൻഷൻ സെന്ററിൽ ആയിരുന്നു.


മാക്സ്വെലിന്റെ അടുത്ത സുഹൃത്തായ ആൻഡ്രു രാജകുമാരന്റെ പേരും സംഭവത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. പ്രശ്നത്തിൽ പങ്കുണ്ടെങ്കിൽ അടുത്തതായി ശിക്ഷ ലഭിക്കാൻ പോകുന്നത് ആൻട്രു രാജകുമാരനാകും എന്നാണ് ബ്രാഡ് എഡ്വാർഡ് സ് എന്ന അഭിഭാഷകൻ വ്യക്തമാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ, എഫ് ബി ഐയ്ക്ക് മുൻപിൽ ആൻട്രു രാജകുമാരൻ മുഴുവൻ സത്യങ്ങളും വെളിപ്പെടുത്തട്ടെ എന്നാണ് മറ്റൊരു അഭിഭാഷകൻ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ മാക്സ്വെലിന്റെ വിധി ആൻട്രു രാജകുമാരനെയും പ്രതിസന്ധിയിലാക്കും എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

RECENT POSTS
Copyright © . All rights reserved