Main News

മലയാളം യുകെ ന്യൂസ് ഡെസ്ക്

ഒക്ടോബർ എട്ടിന് യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ബോളിവുഡ് ഡാൻസ് ഫെസ്റ്റ് സംബന്ധിച്ച ആദ്യ വാർത്ത പുറത്ത് വന്നത് മുതൽ വളരെ മികച്ച പ്രതികരണമായിരുന്നു യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. രജിസ്‌ട്രേഷൻ സംബന്ധിച്ചും ഡാൻസ് ഫെസ്റ്റ് നിബന്ധനകൾ സംബന്ധിച്ചും വളരെയധികം അന്വേഷണങ്ങൾ ആണ് മലയാളം യുകെ ന്യൂസ് ഡെസ്കിൽ ലഭിച്ചത്. മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുള്ള അപേക്ഷകൾ ഇമെയിൽ ആയാണ് അയയ്‌ക്കേണ്ടത്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അപേക്ഷകൾ അയക്കേണ്ടത്. ഈ ലിങ്കിൽ (application form) ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആണ് ഇമെയിൽ ആയി അയയ്‌ക്കേണ്ടത്. അൻപതു പൗണ്ടാണ് ഒരു ടീമിന്റെ രജിസ്‌ട്രേഷൻ ഫീസ്. ആയിരത്തിയൊന്നു പൗണ്ട് ആണ് ഡാൻസ് ഫെസ്റ്റിലെ ഒന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് എഴുനൂറ്റി അൻപത്തിയൊന്നു പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് അഞ്ഞൂറ്റിയൊന്നു പൗണ്ടും ട്രോഫിയോടൊപ്പം സമ്മാനമായി ലഭിക്കും.

യോർക്ക്ഷെയറിലെ കീത്തിലിയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വിക്ടോറിയ ഹാളിൽ ആയിരിക്കും 2022 ഒക്ടോബർ എട്ടിന് ബോളിവുഡ് ഡാൻസ് ഫെസ്റ്റ് അരങ്ങേറുക. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മികച്ച ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ടീമിൽ കുറഞ്ഞത് അഞ്ച് അംഗങ്ങളും പരമാവധി പത്ത് അംഗങ്ങളും ആണ് അനുവദനീയം. മത്സരം സംബന്ധിച്ച നിബന്ധനകൾ മനസ്സിലാക്കാൻ ഇവിടെ (Terms and Conditions) ക്ലിക്ക് ചെയ്യുക.

മത്സരങ്ങൾക്ക് മികവും മിഴിവും ഏകുന്ന തരത്തിലുള്ള രംഗ സജ്ജീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കുന്നത്. മികച്ച സംഘാടകത്വത്തിനും സമയക്ലിപ്തതയ്ക്കും മുൻഗണന നൽകുന്ന മലയാളം യുകെ ടീം ഇത്തവണയും ഇക്കാര്യത്തിൽ എല്ലാ മുൻകരുതലുകളും എടുത്ത് കഴിഞ്ഞു. മത്സരത്തിന് എത്തുന്ന ടീമുകളുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യം ആണ് ഹാളിനോട് അനുബന്ധിച്ച് ഉള്ളത്. കോച്ചുകൾക്ക് ഉൾപ്പെടെ പാർക്കിംഗ് സൗകര്യം ഇവിടെ ലഭ്യമാണ്.

അത്യാധുനിക ലൈറ്റ് ആൻറ് സൗണ്ട് സജ്ജീകരണങ്ങളും വീഡിയോ വാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും മത്സര വേദിയിൽ ഉണ്ടായിരിക്കും. മികച്ച സാങ്കേതിക വിദഗ്ദർ ആയിരിക്കും സ്റ്റേജിന്റെ നിയന്ത്രണം നിർവഹിക്കുക. യുകെയിലും പുറത്തുമുള്ള ആളുകൾക്ക് മത്സരങ്ങൾ തത്സമയം കണ്ട് ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. പ്രോഗ്രാം നടക്കുന്ന ഹാളിനോട് അനുബന്ധിച്ച് തന്നെ മിതമായ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രുചിപ്പെരുമയുടെ കാര്യത്തിൽ യുകെയിലെങ്ങും പേര് കേട്ട തറവാട് റെസ്റ്റോറന്റ് ഗ്രൂപ്പ് ആണ് ഭക്ഷണശാലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്.

ഇൻഷുറൻസ്, മോർട്ടഗേജ് രംഗത്ത് യുകെയിലെ വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻസിയേഴ്സും യുകെയിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പ് ആയ തറവാടും ആണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ. മലയാളം യുകെ ഡാൻസ് ഫെസ്റ്റ് സ്‌പോൺസർമാർ ആകാൻ തയ്യാറുള്ള ബിസിനസ് സംരംഭകർക്ക് വിശദ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമുമായി ബന്ധപ്പെടാവുന്നതാണ്.
മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, കവൻട്രി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ്  – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലണ്ടിലെയും വെയിൽസിലെയും പബ്ബുകൾ അടച്ചുപൂട്ടുന്നത് തുടർക്കഥയാവുന്നു. പത്തുവർഷത്തിനിടെ ഏഴായിരം പബ്ബുകളാണ് അടച്ചുപൂട്ടിയതെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ആൾട്ടസ് ഗ്രൂപ്പ് പറഞ്ഞു. ജൂണിലെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇപ്പോൾ 39,970 പബ്ബുകൾ ഉണ്ട്. കോവിഡ് പ്രതിസന്ധിയും കുതിച്ചുയരുന്ന വിലയും ഉയർന്ന ഊർജ്ജ ചെലവുമാണ് വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നത്. പ്രതിസന്ധി നേരിടാനായി നികുതി വെട്ടിക്കുറച്ചിരുന്നുവെന്ന് സർക്കാർ പറഞ്ഞു. എന്നാൽ കൂടുതൽ സഹായം ആവശ്യമാണെന്ന് വ്യവസായ ഗ്രൂപ്പുകൾ അഭ്യർത്ഥിച്ചു.

പബ്ബുകളിലേക്ക് എത്തുന്ന യുവാക്കളുടെ എണ്ണത്തിലും കുറവുണ്ടായി. ഒപ്പം സൂപ്പർമാർക്കറ്റുകൾ വിലകുറഞ്ഞ മദ്യം വിൽക്കാൻ തുടങ്ങിയതോടെ ആളുകൾ അതിലേക്ക് തിരിഞ്ഞു. ആൾട്ടസ് പറയുന്നതനുസരിച്ച്, ഇംഗ്ലണ്ടിലെയും വെയിൽസിലെയും 400 പബ്ബുകൾ കഴിഞ്ഞ വർഷം പൂട്ടി. 2022 ന്റെ ആദ്യ പകുതിയിൽ ഏകദേശം 200 പബ്ബുകളാണ് അടച്ചുപൂട്ടിയത്.

2022ലെ ആദ്യ ആറ് മാസങ്ങളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ അടച്ചുപൂട്ടിയത് വെസ്റ്റ് മിഡ്‌ലാൻഡിലാണ്; 28 എണ്ണം. ലണ്ടനിലും ഈസ്റ്റ്‌ ഓഫ് ലണ്ടനിലും 24 എണ്ണം വീതം അടച്ചു. കോവിഡിൽ കനത്ത പ്രതിസന്ധി നേരിട്ട ഈ മേഖല തിരിച്ചുവരവിന്റെ പാതയിൽ ആയിരുന്നെങ്കിലും ഊർജ വിലയും ഭക്ഷ്യ വിലയും നികുതിയും വർധിച്ചതോടെ പിടിച്ചുനിക്കാനാവാത്ത അവസ്ഥയിലായി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഡെന്മാർക് :- ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ വെച്ച് ഇന്നലെ നടന്ന വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് ചീഫ് സോറൻ തോമസൻ പറഞ്ഞു. ക്രൂരമായ ഒരു ആക്രമണമാണ് ഡെന്മാർക്ക് നേരിട്ടതെന്ന് പ്രധാന മന്ത്രി മെറ്റെ ഫ്രഡറിക് സൺ വ്യക്തമാക്കി. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയം തള്ളിക്കളയാനാവില്ലെന്ന് പോലീസ് ചീഫ് വ്യക്തമാക്കി. വെളുത്ത വർഗ്ഗക്കാരനായ ഡെന്മാർക്കുകാരൻ ആണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് മാത്രമാണ് പോലീസ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. മറ്റ് യാതൊരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ലെങ്കിലും, അടുത്തിടെ യൂട്യൂബിൽ തോക്കുകളും മറ്റുമായി വീഡിയോകൾ പോസ്റ്റ്‌ ചെയ്ത നോഹ എസ്ബെൻസൺ ആണ് സംഭവത്തിന് പിന്നിലെന്ന സംശയം നിലനിൽക്കുന്നുണ്ട്.


ഫീൽഡ് മാളിൽ ഏകദേശം 140 ഓളം കടകളും റസ്റ്റോറന്റുകളുമുണ്ട്. വെടിവെപ്പിന്റെ ശബ്ദം കേട്ട് മാളിൽ ഉണ്ടായിരുന്നവർ പേടിച്ചു പോയതായി ദൃക്സാക്ഷികളിൽ ഒരാളായ ഇസബെൽ മാധ്യമങ്ങളോട് പറഞ്ഞു. 11 പേരോളം ഒരു ടോയ്‌ലറ്റിൽ ആണ് അഭയം പ്രാപിച്ചതെന്ന് അവർ പറഞ്ഞു. പ്രമുഖ ഗായകനായ ഹാരി സ്റ്റൈൽസിന്റെ ഷോ നടക്കാനിരുന്ന സ്ഥലത്തിന്റെ തൊട്ടടുത്താണ് ഈ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് ഷോ ക്യാൻസൽ ചെയ്തതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിലുള്ള തങ്ങളുടെ ദുഃഖം ഡേനിഷ് രാജകുടുംബാംഗങ്ങളും വ്യക്തമാക്കി. അയൽ രാജ്യങ്ങളുടെ നേതാക്കളും സംഭവത്തിൽ ഉള്ള തങ്ങളുടെ ദുഃഖം അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി കുതിച്ചുയരുകയാണ്. ഭൂരിപക്ഷം ജനങ്ങളും വാക്സിൻ എടുത്തതിനാൽ കോവിഡിന്റെ മുൻ വ്യാപനത്തിൽ ആശുപത്രി പ്രവേശനം കുറവായിരുന്നത് ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായിരുന്നു. എന്നാൽ രോഗ വ്യാപനം കൂടിയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുതിച്ചുയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡാം ജെന്നി ഹാരിസ് മുന്നറിയിപ്പ് നൽകി.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനൊപ്പം ആശുപത്രി കേസുകളും വർദ്ധിച്ചത് രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏൽപിച്ചിരിക്കുന്ന സമ്മർദ്ദം അതിഭീകരമായിരിക്കുമെന്നാണ് മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. യുകെയിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കകം 32 ശതമാനമാണ് കുതിച്ചുയർന്നത്.

ഇംഗ്ലണ്ടിൽ ജൂൺ 30 -ന് ഏകദേശം 9000 ആശുപത്രി കിടക്കകളാണ് കോവിഡ് രോഗികൾക്കായി ഏറ്റെടുത്തത് . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദങ്ങളാണ് രോഗ വ്യാപനം കടുത്തതാകാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 2.3 ദശലക്ഷം ആളുകൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അതായത് യുകെയിൽ 30 -ല്‍ ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലണ്ടന്‍ തെരുവുകളിൽ നിറങ്ങൾ ചാലിച്ച് അമ്പതാം പ്രൈഡ് ഘോഷ യാത്ര നടന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പ്രൈഡ് ഘോഷയാത്ര പലയിടത്തും നടന്നിരുന്നില്ല. ഇടവേളയ്ക്ക് ശേഷം നടന്ന മാർച്ചിൽ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. 600ലധികം എല്‍ജിബിടിക്യു+ ഗ്രൂപ്പുകള്‍ മാർച്ചിൽ പങ്കെടുത്തു. അവാ മാക്‌സിന്റെയും എമേലി സാൻഡേയുടെയും പ്രകടനങ്ങൾ മാർച്ചിന് കൂടുതൽ നിറം പകർന്നു. 1972 ലാണ് ലണ്ടനില്‍ ആദ്യ പ്രൈഡ് ഘോഷയാത്ര നടന്നത്. ഗേ ലിബറേഷൻ ഫ്രണ്ട് (GLF) സംഘടിപ്പിച്ച മാർച്ചിന്റെ പേര് ഗേ പ്രൈഡ് എന്നായിരുന്നു.

ക്വീർ വ്യക്തികളുടെ സാന്നിധ്യം പൊതുസമൂഹത്തെ അറിയിക്കുക, അവർക്ക് തുല്യ നീതി ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉയര്‍ത്തി പിടിച്ചായിരുന്നു അന്നത്തെ പ്രൈഡ് യാത്ര. ആദ്യ മാര്‍ച്ചിന് ആദരവ് നല്‍കി കൊണ്ടായിരുന്നു ഇത്തവണത്തെ യാത്ര. ക്വീർ വ്യക്തിത്വങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന രാജ്യങ്ങളിലെല്ലാം ജൂൺ മുഴുവൻ പ്രൈഡ് മാസമായി ആചരിക്കാറുണ്ട്. സ്വന്തം വ്യക്തിത്വം മറച്ചുപിടിച്ച് ഇനി ജീവിക്കില്ല എന്ന മുദ്രാവാക്യം മുഴക്കിയാണ് മിക്കവരും മാർച്ചിൽ പങ്കെടുത്തത്.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ഘോഷയാത്രയിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും പങ്കെടുത്തു. മാനോഹര ദിനമെന്നാണ് അദ്ദേഹം പ്രൈഡ് യാത്രയെ കുറിച്ച് പറഞ്ഞത്. “കഴിഞ്ഞയാഴ്ച്ച ഓസ്ലോയില്‍ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് നേരെ നടന്ന ആക്രമം നമ്മള്‍ കണ്ടതാണ്. ഈ വിഭാഗം ആളുകള്‍ ഇപ്പോഴും വിവേചനം നേരിടുന്നുണ്ട്, അക്രമങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.” അദ്ദേഹം കൂട്ടിചേര്‍ത്തു.

1972ല്‍ നടന്ന ആദ്യമാര്‍ച്ച് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുകെയില്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമാകുന്നത്. എച്ച് ഐവി എയ് ഡ്‌സ് ബാധിതരെ ചേര്‍ത്തു നിര്‍ത്തേണ്ടതിനെ കുറിച്ചും അവര്‍ക്ക് വേണ്ട ബോധവത്കരണവും പ്രൈഡില്‍ ചര്‍ച്ചയായി. വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഘോഷയാത്രയെ നയനമനോഹരമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ ശരത് കാലത്ത് കോവിഡിനെതിരെയുള്ള സംരക്ഷണം വർദ്ധിപ്പിക്കുന്നതിനായി ബൂസ്റ്റർ വാക്സിനുകൾക്ക് പൊതു പിന്തുണ നൽകി ആരോഗ്യ പ്രവർത്തകർ. മോഡേണയുടെ പുതിയ വാക്സിനിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് സെപ്റ്റംബർ ഒന്നിന് എൻഎച്ച്എസ് ബൂസ്റ്റർ ക്യാമ്പയിൻ നടത്താൻ തയ്യാറെടുക്കുകയാണ്. വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ സംബന്ധിച്ച സംയുക്ത സമിതി (ജെസിവിഐ) 65 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുവാൻ ശുപാർശ ചെയ്‌തു. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇവ നൽകണമെന്ന് മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. ഒറിജിനൽ വാക്സിനേക്കാൾ അഞ്ചിരട്ടി മികച്ച പ്രകടനം നൽകുന്ന പുതിയ വാക്സിന്റെ ലക്ഷക്കണക്കിന് ഡോസുകൾ ഇതിനോടകം തന്നെ ഉത്പാദിപ്പിച്ചതായി കമ്പനി പറഞ്ഞു. ഒമിക്രോൺ വേരിയന്റിനെ പ്രതിരോധിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.

പുതിയ വാക്‌സിൻ പുറത്തിറക്കുന്നതിന് മുമ്പ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്ന സാഹചര്യത്തിലാണ് പുതിയ വാക്സിനുകൾ കമ്പനി മുന്നോട്ടു വന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം ഏകദേശം 2.3 ലക്ഷം ആളുകൾക്കാണ് നിലവിൽ രോഗമുള്ളത്. രാജ്യത്തെ അണുബാധാ നിരക്ക് ഒരാഴ്ചക്കുള്ളിൽ മൂന്നിരട്ടിയായി കുതിച്ചുയർന്നിരിക്കുകയാണ്. 65 വയസ്സിനു മുകളിലുള്ളവർക്കും കെയർ ഹോം അന്തേവാസികൾക്കും ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾക്കും ബൂസ്റ്റർ നൽകണമെന്ന് ജെസിവിഐ ശുപാർശ ചെയ്തിരുന്നു. പുതിയ ബൂസ്റ്റർ വാക്‌സിൻ ഉപയോഗിച്ച് കുട്ടികൾ ഉൾപ്പെടെ 65 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ നൽകണമെന്ന് മോഡേണയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ പോൾ ബർട്ടൺ കഴിഞ്ഞ ആഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ വാക്സിനുകൾ വളരെ ഫലപ്രദമാണെന്നും ഇത് വർഷംതോറും മാത്രം ആവശ്യമുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അൻപത് വർഷത്തിലേറെ ദൈർഘ്യമുള്ള മോർട്ട്ഗേജുകൾ ലഭ്യമാക്കാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. അഞ്ച് ദശകമോ, അതിലേറേയോ ദൈര്‍ഘ്യമുള്ള മോര്‍ട്ട്‌ഗേജുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമേകാന്‍ ലെന്‍ഡേഴ്‌സിന് പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയിലൂടെ ലോൺ തിരിച്ചടവ് ഇനി മക്കളുടെ കൂടി ഉത്തരവാദിത്തമായി മാറും. ദീർഘകാല പദ്ധതിയിലൂടെ ആളുകൾക്ക് വാടക വീട് വിട്ട് സ്വപ്‍നഭവനം സ്വന്തമാക്കാൻ കഴിയുമെന്നും സർക്കാർ അവകാശപ്പെടുന്നു. സർക്കാർ പരിഗണനയിലുള്ള പദ്ധതി പ്രകാരം, വസ്തുവകകൾ മക്കൾക്ക് കൈമാറുമ്പോള്‍ ബാക്കിയുള്ള തിരിച്ചടവ് ഇവര്‍ നല്‍കണം. വലിയ ലോണുകൾ എടുക്കാനും സ്വപ്‍ന ഭവനം സ്വന്തമാക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.

സ്വന്തം ജീവിതകാലത്ത് മോര്‍ട്ട്‌ഗേജുകള്‍ അടച്ചുതീര്‍ക്കാന്‍ ആളുകൾക്ക് അവസരം ലഭിക്കില്ല. ഇതിനൊരു പരിഹാരം കൂടിയാണ് പുതിയ പദ്ധതി. ജനങ്ങളെ വീട്ടുടമസ്ഥരാക്കാനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള കൂടുതല്‍ ഭൂമി വിട്ടുനല്‍കാനും, പൊതുമേഖലാ ജീവനക്കാർക്ക് വിലകുറഞ്ഞ വീടുകള്‍ ലഭ്യമാക്കാനും പദ്ധതികളുണ്ട്. 95 ശതമാനം മോര്‍ട്ട്ഗേജ് ലഭ്യമാക്കുന്നത് മികച്ച സാധ്യതയാണെന്ന് ജോൺസൺ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം 4 ലക്ഷം പേരാണ് ആദ്യമായി വീട് വാങ്ങിയത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ ശരാശരി വീട് വില മെയ് മാസത്തിൽ 12.4% ആയി ഉയർന്നു. കൂടാതെ, പലിശ നിരക്ക് ഉയരുന്നതിനൊപ്പം മോർട്ട്ഗേജുകളും ചെലവേറിയതായി മാറുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ സിക്ക് നോട്ടുകൾ നൽകുന്ന രീതിയിലുള്ള മാറ്റങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ മാറ്റം ദശലക്ഷക്കണക്കിന് രോഗികൾക്ക് തങ്ങളുടെ ചികിത്സ എളുപ്പമാക്കും. മുൻപ് ആളുകൾക്ക് തങ്ങളുടെ പ്രാദേശിക ജിപിയുമായി അപ്പോയിന്റ്മെന്റ് ഉറപ്പാക്കേണ്ടിയിരുന്നു. ഇത് രോഗികൾക്കും ബന്ധുക്കൾക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു . എന്നാൽ ഇപ്പോൾ ഫിറ്റ് നോട്ടുകൾ ഡോക്ടർമാർ, നേഴ്‌സുമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും. അതായത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് ഇനി ഫിറ്റ് നോട്ടുകൾ നൽകാൻ കഴിയും.

യുകെയിൽ ഉടനീളം ഉള്ള റിക്രൂട്ട്മെൻറ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എൻഎച്ച്എസ് ഡോക്ടർമാരുടെയും ജിപി മാരുടെയും മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായി നിയമത്തിൽ മാറ്റം വരുത്തിയത്. ഏഴു ദിവസത്തിൽ കൂടുതൽ ഒരു വ്യക്തി അസുഖം ബാധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഔദ്യോഗികമായി ദ സ്റ്റേറ്റ്മെന്റ് ഓഫ് ഫിറ്റ്നസ് ഫോർ വർക്ക് എന്ന് വിളിക്കപ്പെടുന്ന ഫിറ്റ് നോട്ടുകൾ ആവശ്യമാണ്. ജെറിയാട്രിക് നേഴ്‌സ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്‌റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ സ്പെഷ്യലിസ്റ്റ് നേഴ്സുമാരും പുതിയ അധികാരം നൽകിയ ആരോഗ്യ പരിപാലന വിദഗ്ധരിൽ ഉൾപ്പെടുന്നു.

ഈ വർഷം ഏപ്രിലിൽ ഫിറ്റ് നോട്ടുകൾ ഡിജിറ്റലായി സാക്ഷ്യപ്പെടുത്തന്നത് അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഫിറ്റ് നോട്ടുകൾ നൽകുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്ന് ഡിഡബ്ല്യുപി പറയുന്നു. ഇത് ആവശ്യങ്ങൾക്കായി തൊഴിൽ ഉടമയ്ക്ക് തെളിവ് കാണിക്കുന്നതിനും എളുപ്പമാകും. 2010-ൽ ഫിറ്റ് നോട്ടുകൾ അവതരിപ്പിച്ചതിനു ശേഷം ഉള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്. ഫിറ്റ് നോട്ടുകളുടെ സർക്കുലേഷൻ സർട്ടിഫിക്കേഷന്റെ വിപുലീകരണം രോഗികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണെന്നും ഇതുവഴി ഇനി അവർക്ക് ആവശ്യമായ പിന്തുണയും ഉപദേശവും ശരിയായ സ്ഥലത്ത് നിന്നും വളരെ എളുപ്പം ലഭ്യമാകുമെന്നും ഡിസേബിൾഡ് പീപ്പിൾ ഹെൽത്ത് ആൻഡ് വർക്കിന്റെ മന്ത്രി ആയ ക്ലോ സ്മിത്ത് എംപി പറഞ്ഞു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹോങ്കോങ് : ഹോങ്കോങിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കപ്പൽ രണ്ടായി പിളർന്നു മുങ്ങി. 30 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നിന്ന് മൂന്നു പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. കാണാതായ ജീവനക്കാരെ കണ്ടെത്താനുള്ള രക്ഷാദൗത്യം അധികൃതർ ആരംഭിച്ചു. 27 പേരുടെയും ജീവൻ അപകടത്തിലാണെന്ന് സൂചന. രക്ഷാപ്രവർത്തനത്തിനായി അധികൃതർ വിമാനങ്ങളും ഹെലികോപ്റ്ററുകളും അയച്ചു. ശനിയാഴ്ച വൈകുന്നേരം 5:30 വരെ മൂന്നു പേരെ മാത്രമാണ് രക്ഷിക്കാനായത്.

ഹോങ്കോംഗ് ഗവൺമെന്റ് ഫ്ളൈയിംഗ് സർവീസ് പുറത്തുവിട്ട ഫോട്ടോകളിൽ രണ്ടായി പിളർന്നു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ ദൃശ്യം കാണാം. ഒപ്പം ഹെലികോപ്റ്റർ സഹായത്തോടെ ഒരു ജീവനക്കാരനെ രക്ഷപ്പെടുത്തുന്നതായും കാണാം. കപ്പലിന്റെ പേര് ലഭ്യമല്ല. ഹോങ്കോങ്ങിൽ നിന്ന് 186 മൈൽ അകലെ തെക്ക് ഭാഗത്തായിരുന്നു അപകടം.

മണിക്കൂറിൽ 110 കിലോമീറ്റർ (68 മൈൽ) വേഗതയിൽ വീശുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ‘ചാബ’ നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഫിക്‌സഡ് വിംഗ് വിമാനങ്ങളും നാല് ഹെലികോപ്റ്ററുകളും ഹോങ്കോംഗ് സർവീസ് അയച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ റോഡുകളിൽ വാഹനമോടിക്കുമ്പോൾ കണ്ട് വരുന്ന പതിവ് കാഴ്ചയാണ് നന്ദി പ്രകടനം. ഒരു വാഹനം നമ്മെ മറികടക്കാൻ അനുവദിച്ചാലോ, റോഡിൽ നിന്ന് തിരിയുമ്പോൾ നിർത്തി തന്ന് സൗകര്യം ഒരുക്കുമ്പോഴോ ഒക്കെ നന്ദി പറയുന്നവരാണ് നാം. നന്ദി പ്രകടനം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. അത് നല്ലത് തന്നെ. എന്നാൽ, റോഡിലെ നന്ദി പ്രകടനം നിയമലംഘനമാണ്. കൈ ഉയര്‍ത്തി നന്ദി പ്രദര്‍ശിപ്പിക്കുക, ബാക്ക് ലൈറ്റ് പെട്ടെന്ന് ഫ്ലാഷ് ചെയ്യുക തുടങ്ങിയവയാണ് നന്ദി പ്രകടനത്തിനുള്ള മാർഗങ്ങൾ.

എന്നാൽ, ഇപ്രകാരം ചെയ്യുന്നത് ഹൈവേ കോഡിന്റെ ലംഘനമാണ്. ഇപ്രകാരം ചെയ്ത് പിടിക്കപ്പെട്ടാൽ ആയിരം പൗണ്ട് പിഴ നൽകേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റ് പെനാൽറ്റി ലഭിക്കും. നാഷണല്‍ ടയേഴ്‌സ് നടത്തിയ സര്‍വേയില്‍, ബ്രിട്ടനിലെ അഞ്ചില്‍ ഒരു ഡ്രൈവര്‍മാര്‍ വീതം ബാക്ക്‌ലൈറ്റ് ഫ്‌ളാഷ് ചെയ്ത് നന്ദി പറയുന്നവരാണ് എന്ന് വ്യക്തമായി. എന്നാൽ, ഇത് മിന്നിച്ച് മറ്റുള്ളവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് കുറ്റകരമാണ്.

കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്താലും പിഴ ലഭിക്കും. 29.1% ഡ്രൈവർമാരും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. വാഹനം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ല എന്നതാണ് അത് സൂചിപ്പിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ശിക്ഷ ആയിരം പൗണ്ട് തന്നെ. ഹസാര്‍ഡ് ലൈറ്റ് തെളിയിച്ചും ഹെഡ് ലൈറ്റ് തെളിയിച്ചും നന്ദി പ്രകടിപ്പിക്കുന്നവരുണ്ട്. അതും കുറ്റകരമാണ്. ഏതെങ്കിലും അപകടത്തെ പറ്റി മുന്നറിയിപ്പ് നല്‍കാനല്ലാതെ ഹസാര്‍ഡ് ലൈറ്റ് തെളിയിക്കരുത് എന്നാണ് നിയമം. ചുരുക്കത്തിൽ, റോഡിലെ നമ്മുടെ നന്ദിപ്രകടനം മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കരുത്. ഒപ്പം പിഴ ലഭിക്കുന്ന കുറ്റമാണെന്നും ഓർക്കുക.

RECENT POSTS
Copyright © . All rights reserved