ന്യൂസ് ഡെസ്ക് മലയാളം യുകെ
അടിസ്ഥാന സ്വകാര്യ വികസനത്തിനായി കൂടുതൽ ഫണ്ട് വേണമെന്ന് വാട്ടർ കമ്പനികൾ ആവശ്യമുന്നയിച്ചു. ഇത് അനുവദിക്കപ്പെടുകയാണെങ്കിൽ 2030 ഓടെ വാട്ടർ ബില്ലുകൾ 156 പൗണ്ട് ഓളം വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . നവീകരണത്തിനും , മലിന ജലം പുറന്തള്ളുന്നത് കുറയ്ക്കുന്നതിനുമായാണ് കമ്പനികൾ ഈ തുക വിനിയോഗിക്കുക. അടിസ്ഥാന സ്വകാര്യ വികസനത്തിനായും 10 പുതിയ റിസർവോയറുകളുടെയും നിർമ്മാണത്തിനായി 96 ബില്യൺ പൗണ്ട് ചെലവഴിക്കേണ്ടതായി വരുമെന്നാണ് വാട്ടർ ഇൻഡസ്ട്രിയുടെ കണക്കുകൂട്ടൽ.
നദികളിലേയ്ക്കും കടലുകളിലേയ്ക്കും ഒഴുക്കിവിടുന്ന മലിന ജലത്തിൻറെ അളവിനെ കുറിച്ച് കടുത്ത ജനരോക്ഷം വാട്ടർ കമ്പനികൾ നേരിടുന്നുണ്ട്. നവീകരണത്തിനായുള്ള പുതിയ പദ്ധതികൾക്ക് അനുമതി ലഭിച്ചാൽ ദീർഘകാലത്തേയ്ക്ക് രാജ്യത്തെ ജലവിതരണം സുരക്ഷിതമാകുമെന്നാണ് വാട്ടർ കമ്പനികൾ പറയുന്നത്. വിക്ടോറിയൻ കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും വിപുലമായ ആധുനികവൽക്കരണത്തിനാണ് വാട്ടർ ഇൻഡസ്ട്രി ആസൂത്രണം ചെയ്യുന്നത്. ഇത് സാക്ഷാത്കരിക്കുകയാണെങ്കിൽ 2020 – നെ അപേക്ഷിച്ച് ചോർച്ചയുടെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നവീകരണത്തിന്റെ ഭാഗമായി ജനങ്ങളുടെ മേൽ നല്ലൊരു ഭാരം അടിച്ചേൽപ്പിക്കപ്പെടുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. വാട്ടർ കമ്പനികളുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ 2025 ഓടെ വാർഷിക ബില്ലുകളിൽ ശരാശരി 84 പൗണ്ട് വർദ്ധിച്ച് 2030 ഓടുകൂടി ഇത് 156 പൗണ്ട് ആയി ഉയരും . പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി നിക്ഷേപ പദ്ധതികളെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ വാട്ടർ കമ്പനികളുടെ മോശം പ്രകടനത്തിന്റെ ഭാഗമായി പണം തിരികെ നൽകണമെന്ന ഓഫ്വാട്ട് നിർദ്ദേശം നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ പ്രധാന റീറ്റെയിൽ ഷോപ്പുകളുടെ ഉടമകൾ തങ്ങളുടെ കടകൾക്കും ജീവനക്കാർക്കും ആക്രമികളിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു . ടെസ്‌കോ, സെയിൻസ്‌ബറി, ബൂട്ട്‌സ്, ഡബ്ല്യുഎച്ച് സ്മിത്ത് എന്നിവ ഉൾപ്പെടെയുള്ള 90 റീറ്റെയിൽ ഷോപ്പുകളുടെ ഉടമകളാണ് ആക്രമികൾക്ക് എതിരെ ശക്തമായി നടപടി ആവശ്യപ്പെട്ട് ഗവൺമെന്റിന് കത്തയച്ചത്. ആൽഡി, പ്രിമാർക്ക്, സൂപ്പർ ഡ്രഗ് എന്നീ കമ്പനികളുടെ ഉടമകളും സംയുക്തമായി കത്തയച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ജീവനക്കാരെ ഷോപ്പുകളിൽ ആക്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യത്തിന്റെ പട്ടികയിൽ പെടുത്തണമെന്നാണ് പ്രധാനമായും കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആവശ്യം. സമാനമായ ഒരു നിയമം സ്കോട്ട് ലൻഡിൽ നിലവിലുണ്ട്. അതുകൊണ്ടുതന്നെ സ്കോട്ട്‌ലൻഡിൽ ഈ രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് കുറ്റവാളികൾക്ക് ലഭിക്കുന്നത്. 88 റീറ്റെയിൽ ബിസിനസ് ഉടമകൾ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം ചോദിച്ചിട്ടുണ്ട്.
ഇതേ ആവശ്യത്തെ മുൻനിർത്തി നേരത്തെ ക്രൈം മന്ത്രി ക്രിസ് ഫിലിപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുവേണ്ടി ഒരു കർമ്മപദ്ധതി വികസിപ്പിക്കാമെന്ന് മന്ത്രിയുടെ ഭാഗത്തുനിന്നും വാഗ്ദാനം നൽകപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഷോപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 73% ഗുരുതരമായ കുറ്റകൃത്യങ്ങളോട് പ്രതികരിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 44 ശതമാനം റീട്ടെയിൽ ഡീലർമാർ അക്രമങ്ങളോടുള്ള പോലീസിന്റെ പ്രതികരണത്തെ വളരെ മോശം എന്നാണ് വിലയിരുത്തിയിരിക്കുന്നത് . സംഘടിത സംഘങ്ങൾ ജീവനക്കാരെ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുന്നതും കടകൾ ഒഴിപ്പിക്കുന്നതിലും കടുത്ത ആശങ്കയാണെന്ന് ഷോപ്പ് ഉടമകൾ ആഭ്യന്തര സെക്രട്ടറിക്കുള്ള കത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. യുകെയിൽ കടകളിലുള്ള കുറ്റകൃത്യങ്ങൾ, മോഷണം സാമൂഹിക വിരുദ്ധ പെരുമാറ്റം എന്നീ കാര്യങ്ങളിൽ ഓരോ വർഷവും കഴിയുംതോറും 35 ശതമാനം വർദ്ധനവ് ഉണ്ടാകുന്നതായാണ് കണക്കുകൾ . ഈ വർഷത്തെ ആദ്യ 6 മാസങ്ങളിൽ 175000 ത്തിലധികം നിയമവിരുദ്ധ സംഭവങ്ങളാണ് യുകെലെ ഷോപ്പുകളിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ 20 വർഷത്തിനിടെ അപൂർവ്വമായ കരൾ കാൻസറിന്റെ കേസുകൾ ഇരട്ടിയായാതായി റിപ്പോർട്ട്. പല ഡോക്ടർമാർക്കും ഇത് എങ്ങനെ കണ്ടെത്താമെന്നോ ചികിത്സിക്കണമെന്നോ അറിയില്ലെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. ബൈൽ ജ്യുസ് വഹിക്കുന്ന ബൈൽ ഡക്ടിൽ ക്യാൻസർ ബാധിക്കാറുണ്ട്. ഇത് അടുത്തിടെ വരെ പ്രായമായവരെ മാത്രം ബാധിക്കുന്ന അപൂർവ്വരോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം കരൾ അർബുദ രോഗനിർണ്ണയങ്ങളിൽ പകുതിയോളം വരുന്നതും ചോളൻജിയോകാർസിനോമ എന്നറിയപ്പെടുന്ന ബൈൽ ഡക്ട് ക്യാൻസറാണ്. ഇതിൽ കൂടുതലും കണ്ടുവരുന്നത് ചെറുപ്പക്കാരിലും.
റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും പല ജിപിമാർക്കും ക്യാൻസർ വിദഗ്ധർക്കും ഈ രോഗം പരിചിതമല്ല. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിൽ മിക്കവരും പരാജയപ്പെടുന്നു. 2015-ൽ കോളാങ്കിയോകാർസിനോമ രോഗനിർണയം നടത്തിയ ഒരു രോഗിയോട്, ലക്ഷണങ്ങൾ കണ്ട ഡോക്ടർ ചികിത്സ ആവശ്യമില്ലെന്നാണ് പറഞ്ഞത്. വേദന സഹിക്കാൻ പറ്റാത്ത സ്ഥിതിയിൽ സ്‌കാൻ ചെയ്‌തപ്പോഴാണ് കരളിലെ ട്യൂമർ കണ്ടെത്തിയത്.
2020-ൽ ഇംഗ്ലണ്ടിൽ ഏകദേശം 2,700 പേർക്ക് ചോളൻജിയോകാർസിനോമ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറുപ്പക്കാരിൽ ഈ രോഗം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. ചോളൻജിയോകാർസിനോമയെക്കുറിച്ചുള്ള അറിവില്ലായ്‌മയും രോഗവും എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചുള്ള അവ്യക്തതയും പലരുടെയും ജീവൻ നഷ്ടമാകുന്നതിന് കാരണമാകുന്നു. യുകെയിൽ ഓരോ വർഷവും 6,000 പേർ കരൾ കാൻസർ ബാധിച്ച് മരിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ട പാർട്ടി സമ്മേളനത്തിലേയ്ക്ക് കൺസർവേറ്റീവ് പാർട്ടി പ്രവേശിച്ചു. ഇന്നലെ ആരംഭിച്ച 4 ദിവസത്തെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷത മൂർത്തിക്കൊപ്പം മാഞ്ചസ്റ്ററിൽ എത്തിച്ചേർന്നു. സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി 1.1 ബില്യൺ പൗണ്ട് ആണ് വിവിധ നഗരങ്ങളുടെ വികസനത്തിനായി അദ്ദേഹം പ്രഖ്യാപിച്ചത്.
വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി ഋഷി സുനക് തന്റെ പാർട്ടിയിൽ നിന്നുതന്നെ കടുത്ത സമ്മർദ്ദങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ടുകൾ . നികുതിയിളവും ഹൈ സ്പീഡ് റെയിൽവേയുടെ കാര്യത്തിലും കടുത്ത വിമർശനങ്ങളാണ് അദ്ദേഹം നേരിടുന്നത്. കഴിഞ്ഞദിവസം കടുത്ത വിമർശനങ്ങൾ ഉയർത്തി അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റിച്ചാർഡ് വാക്കർ പാർട്ടിയിൽ നിന്ന് രാജിവച്ചത് മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. പാർട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടു എന്നാണ് പുറത്തു പോകുന്നതിനെ തൊട്ടുമുമ്പ് ഐസ് ലാൻഡ് സൂപ്പർമാർക്കറ്റുകളുടെ മേധാവിയായ അദ്ദേഹം പറഞ്ഞത്.
മിക്ക ഇടങ്ങളിലും ടോറി എംപിമാർ നികുതി ഇളവിനായി വാദിക്കുന്നത് പ്രധാനമന്ത്രിക്ക് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രിയായ ലിസ് ട്രസ്സ് കോർപ്പറേഷൻ ടാക്സ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രസംഗം നടത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിൻറെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ കഴിയുമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിക്ക് വിജയിക്കാൻ കഴിയുമെന്ന് ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലിസ് ട്രസ്സ് പറഞ്ഞിരുന്നു. നിലവിൽ അതിവേഗ റെയിൽ പാത ബെർമിംഗ്ഹാമിൽ നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് പ്രധാനമന്ത്രിക്ക് ആയിട്ടില്ല. മുൻ പ്രധാനമന്ത്രിമാരായ തെരേസ മേയും ബോറിസ് ജോൺസനും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
മത്സരത്തിനിടയിൽ ക്യാൻസർ ബാധിച്ച് മരിച്ച ഫുട്ബോൾ ആരാധകനായ കുട്ടിയെ പരിഹസിച്ചതിന് രണ്ട് പേർ അറസ്റ്റിൽ. 27-ഉം 31-ഉം വയസ്സുള്ള രണ്ടു പേരും പൊതു മര്യാദ ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറയുന്നു. വെള്ളിയാഴ്ച സണ്ടർലാൻഡ് എ.എഫ്.സി യും ഷെഫീൽഡ് വെഡ്നെസ്ടേയും തമ്മിൽ നടന്ന കളിയിലാണ് സംഭവം ഉണ്ടായത്. സണ്ടർലാൻഡിനോട് 3-0 ത്തിന് ക്ലബ് തോറ്റത്തിന് പിന്നാലെ പരിഹസിച്ച് ചിരിച്ചുകൊണ്ട് ബ്രാഡ്‌ലി ലോറിയുടെ മുഖം കാണിക്കാൻ ഫോൺ ഉയർത്തിപ്പിടിക്കുകയായിരുന്നു.
ഫോട്ടോകളുമായി ബന്ധപ്പെട്ട് നിരവധി കോളുകളും സന്ദേശങ്ങളും ലഭിച്ചതിനെത്തുടർന്ന് ബ്രാഡ്‌ലിയുടെ മാതാപിതാക്കളായ കാളിനെയും ജെമ്മ ലോവറിയെയും ഡർഹാം പോലീസ് സന്ദർശിച്ചു. കുട്ടികളിൽ അപൂർവമായി കാണുന്ന ന്യൂറോബ്ലാസ്റ്റോമ ബാധിതനായിരുന്നു ബ്രാഡ്‌ലി. 18 മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയിൽ രോഗം സ്ഥിരീകരിച്ചത്. 2017 ൽ തൻെറ ആറാം വയസ്സിൽ രോഗത്തെ തുടർന്ന് ബ്രാഡ്‌ലി ലോകത്തോട് വിടപറയുകയായിരുന്നു.
ജോജി തോമസ്
ഈ വർഷത്തെ മലയാളം യുകെ സ്പെഷ്യൽ ജൂറി അവാർഡിന് ലീഡ്സിൽ നിന്നുള്ള പ്രൊഫസർ പി .എ .മുഹമ്മദ് ബഷീർ അർഹനായി. എൻജിനീയറിംഗ് രംഗത്തുള്ള സംഭാവനകളെ മാനിച്ച് ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ മുഹമ്മദ് ബഷീർ ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നുള്ള കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാര ജേതാവാണ്. ചാൾസ് രാജാവ് ബഷീറിന് ബ്രിട്ടീഷ് എംപെയർ പുരസ്കാരം സമ്മാനിക്കും. 2014 -ൽ ഫിലിപ്പ് രാജകുമാരൻ നിന്ന് റോയൽ അക്കാഡമി ഓഫ് എൻജിനീയറിംഗ് ഫെലോഷിപ്പ് വാങ്ങാനുള്ള ഭാഗ്യവും ബഷീറിന് ഉണ്ടായിരുന്നു. താൻ തെരഞ്ഞെടുത്ത മേഖലയിൽ മികവിന്റെ ഔന്നിത്യത്തിലെത്തി എന്നതാണ് ബഷീറിൻറെ നേട്ടം. ലണ്ടനിൽ നിന്നുള്ള എം എം സി ഡബ്ല്യു എ – ലൈഫ് ടൈം അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് , മിനറൽ ആന്റ് മൈനിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയറിംഗ് തുടങ്ങിയ സ്ഥലങ്ങളിൽ ഫെലോ മെമ്പറായി പ്രവർത്തിക്കുന്ന പി.എ.മുഹമ്മദ് ബഷീർ അക്കാദമിക് രംഗത്ത് യുകെയിൽ നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളികളിൽ മുൻ നിരയിലാണ്.
യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിഎഡിങ് ബ്രോയിൽ എക്സിക്യൂട്ടീവ് ഡീനായിട്ടാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺക്രീറ്റ് ടെക്നോളജിയുടെ മുൻ പ്രസിഡന്റായിരുന്നു.
തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവീത്( ലണ്ടൻ).
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://malayalamuk.com/applications-are-invited-for-the-outstanding-nurse-and-carer-award-presented-as-part-of-the-malayalam-uk-awards-night-2023/
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികളെ ബലാത്സംഗം ചെയ്ത കൊടും കുറ്റവാളിയായ സ്റ്റീഫൻ പെന്നിംഗ്ടണിനായി പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും അപകട സാധ്യതയുള്ള കൊടും ക്രിമിനൽ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ തന്നെ 999, 01253604019 എന്നീ നമ്പറുകളിൽ വിളിക്കുകയോ [email protected]. എന്ന ഇ മെയിലിലോ ബന്ധപ്പെടണം. 35 വയസ്സുകാരനായ സ്റ്റീഫൻ പെന്നിംഗ്ടണിനായി അടിയന്തിര തിരച്ചിൽ തുടരുകയാണെന്ന് ലങ്കാ ഷെയർ പോലീസ് അറിയിച്ചു. 2009 -ൽ ഒരു കുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഇയാൾ ജയിലിലായിരുന്നു. ലൈംഗികാതിക്രമം തടയുന്നതിനുള്ള ഉത്തരവുകൾ ലംഘിച്ചതിന് കഴിഞ്ഞവർഷം ഇയാളെ വീണ്ടും ജയിലിൽ അടച്ചിരുന്നു.
വെളുത്ത് മെലിഞ്ഞ് 6 അടി ഉയരവും കഷണ്ടിയുള്ള ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നോർത്തംബർലാൻഡിൽ ലോകപ്രശസ്തമായ സൈക്കമോർ ഗ്യാപ് മരം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് 60കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇയാളെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ തുടരുകയാണെന്നും നോർത്തുംബ്രിയ പോലീസ് പറഞ്ഞു. നേരത്തെ കസ്റ്റഡിയിൽ എടുത്ത 16 കാരനെ ജാമ്യത്തിൽ വിട്ടയച്ചു.
ലോകത്തിൽ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള റോമൻ നിർമ്മിത ഹാഡ്രിയൻസ് മതിലിന് സമീപം 200 വർഷത്തിലധികം പഴക്കമുള്ള പ്രശസ്ത സൈക്കാമോർ ഗ്യാപ്പ് എന്ന വൻ മരമാണ് ഒറ്റ രാത്രികൊണ്ട് വെട്ടിമാറ്റപ്പെട്ടത്. സംഭവം പ്രാദേശിക സമൂഹത്തിലും പുറത്തും വലിയ ഞെട്ടലും ദേഷ്യവും ഉണ്ടാക്കിയിട്ടുണ്ടെന്ന് നോർത്തുംബ്രിയ പൊലീസ് പറഞ്ഞു.റോബിൻ ഹുഡ്‌സ് ട്രീ എന്നറിയപ്പെടുന്ന മരം മനപ്പൂർവ്വം വെട്ടിമാറ്റിയതാണെന്ന് നാഷണൽ പാർക്ക് അതോറിറ്റി അധികൃതർ പ്രതികരിച്ചു. വൃക്ഷത്തിന് ഏകദേശം 300 വർഷത്തെ പഴക്കമാണ് പറയപ്പെടുന്നത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച ഹാഡ്രിയന്റെ മതിലിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. റോമൻ സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി സംരക്ഷിക്കുന്നതിനായി ഏകദേശം 1,900 വർഷങ്ങൾക്ക് മുമ്പാണ് ഈ മതിൽ നിർമ്മിച്ചത്.1991-ൽ കെവിൻ കോസ്റ്റ്‌നർ അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്‌സ് എന്ന സിനിമയിലൂടെയാണ് ഈ മരം ലോക ജനതയ്ക്ക് പരിചിതമായത്. 2016ൽ വുഡ്‌ലാൻഡ് ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ട്രീ ഓഫ് ദ ഇയർ ആയും സൈക്കാമോർ ഗ്യാപ്പ് തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിറാലിലെ എം 53-ൽ ഉണ്ടായ സ്കൂൾ ബസ് അപകടത്തിൽ പതിനഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. രാവിലെ 8:00 ന് മെർസിസൈഡിലെ മോട്ടോർവേയിലെ യാത്രാക്കാരിയായിരുന്ന ജെസീക്ക ബേക്കറാണ് അപകടത്തിൽ മരണപ്പെട്ടത്. ബസ്സിൽ വെസ്റ്റ് കിർബിയിലെ കാൽഡേ ഗ്രാഞ്ച് ഗ്രാമർ സ്കൂളിലേക്കും വെസ്റ്റ് കിർബി ഗ്രാമർ സ്കൂളിലേക്കും ഉള്ള വിദ്യാർത്ഥികളെ കൊണ്ടുപോകുകയായിരുന്നു എന്ന് മെർസിസൈഡ് പോലീസ് പറഞ്ഞു. അപകടത്തിൽ കോച്ച് ഡ്രൈവറും കൊല്ലപ്പെട്ടു.
58 പേർക്ക് പരുക്കേറ്റ സംഭവത്തിൽ ഒരു പതിനാലുകാരൻ ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ ആണെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ വാലസിയിലെ ക്ലിയറിംഗ് സെന്ററിലേക്ക് കൊണ്ടുപോയ മറ്റ് 52 പേരിൽ 39 പേരെ കൂടുതൽ ചികിത്സ ആവശ്യമില്ലാതെ വിട്ടയച്ചു, 13 പേർക്ക് ചെറിയ പരിക്കുകൾ ഉണ്ട്. വാഹനാപകടത്തിൽ ജെസിക്കയ്ക്ക് ജീവൻ നഷ്ടമായ വാർത്ത പോലീസ് അധികൃതർ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തേയ്ക്ക് രണ്ട് എയർ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ എത്തിയിട്ടുണ്ട്. അപകടത്തിന്ന് പിന്നാലെ മോട്ടോർവേ അടച്ചിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ അന്വേഷണത്തിൻെറ ഭാഗമായി ഇവ അടച്ചിടുമെന്ന് ഹൈവേസ് ഇംഗ്ലണ്ട് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ കുട്ടികളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ചീഫ് സൂപ്പർടൈൻഡന്റ് റോബ്‌സൺ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകരാജ്യങ്ങളുടെയെല്ലാം സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതമാണ് മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും സമ്മാനിച്ചത്. എന്നാൽ പകർച്ചവ്യാധിയുടെ ആഘാതത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥ ഉയർത്തെഴുന്നേൽക്കുന്നതിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവന്നു. ഈ വർഷം പകുതിയോടെ ജി ഡി പി കോവിഡിന് മുമ്പുള്ളതിനേക്കാൾ 1.8% കൂടിയ നിലയിലെത്തി. ഇത് പ്രതീക്ഷിച്ച കണക്കുകളെക്കാൾ 50 ബില്ല്യൺ പൗണ്ട് കൂടുതലാണ്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് (ഒ എൻ എസ് ) ന്റെ കണക്കുകളിലൂടെയാണ് സമ്പദ് വ്യവസ്ഥയിലെ യുകെയുടെ മുന്നേറ്റത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നത്. വികസന കുതിപ്പിൽ യു കെ ഫ്രാൻസിനെയും ജർമ്മനിയെയും പിന്നിലാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ G 7 -ലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചയിൽ യുകെ പിന്നിലാണ്. യുഎസ് ആണ് ഏറ്റവും മുന്നിൽ. കാനഡ, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളും വളരെ ശക്തമായ നിലയിലാണ് .
യുകെ സമ്പദ് വ്യവസ്ഥയുടെ മോശമല്ലാത്ത പ്രകടനം പ്രധാനമന്ത്രി ഋഷി സുനകിനും ആശ്വാസം പകരുന്നതാണ്. കൺസർവേറ്റീവ് പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ സ്വന്തം പാർട്ടിയിൽ നിന്ന് നേരിടുന്ന വിമർശനങ്ങളെ അതിജീവിക്കാൻ പുതിയ കണക്കുകൾ പ്രധാനമന്ത്രിക്ക് ആത്മവിശ്വാസം നൽകും . വിമർശകർ സമ്പദ് വ്യവസ്ഥയുടെ ശക്തിയെ സംശയിക്കുന്നതായും എന്നാൽ കണക്കുകൾ അത് തെറ്റാണെന്ന് തെളിയിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.