Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബെർമിംങ്‌ഹാം സിറ്റി കൗൺസിലിന്റെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേകം കമ്മീഷണർമാരെ ഗവൺമെന്റ് നേരിട്ട് അയക്കാനുള്ള തീരുമാനവും അടിയന്തരമായി കൈക്കൊണ്ടിട്ടുണ്ട്. നിലവിൽ സാമ്പത്തികപരമായി പൂർണ്ണമായി തകർന്ന നിലയിൽ ആയിട്ടുള്ള സിറ്റി കൗൺസിലിനെ ഇനി മുതൽ നിയന്ത്രിക്കുക ഇവരാകും. അവർക്ക് സ്വന്തമായ രീതിയിൽ ഇനിമുതൽ തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രാദേശികമായ നിലയിൽ അന്വേഷണം ഉണ്ടാകുമെന്ന് മൈക്കൽ ഗോവ് വ്യക്തമാക്കി. പണം സ്വരൂപിക്കുന്നതിനായി നിലവിലെ കൗൺസിലിന്റെ ചില ആസ്തികൾ എങ്കിലും നിൽക്കേണ്ടതായി വരുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂമിയും വസ്തു വകകളും അതോടൊപ്പം തന്നെ കൗൺസിലിന്റെ ബെർമിംങ്‌ഹാം എയർപോർട്ടിൽ ഉള്ള ഓഹരിയും വില്പനയ്ക്ക് വിധേയമാകുമെന്ന് സൂചനകളുണ്ട്. തുല്യ വേതന ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഏകദേശം 760 മില്യൺ പൗണ്ടിന്റെ ആവശ്യകതയാണ് അതോറിറ്റി നേരിടുന്നത്. ഓരോ മാസവും ഈ ബിൽ 5 മില്യൺ മുതൽ 14 മില്യൺ പൗണ്ട് വരെ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യം നേരിടുവാൻ കൗൺസിലിന് ഗവൺമെന്റ് അധിക സഹായം നൽകുവാൻ തയ്യാറാണെങ്കിലും, കൗൺസിൽ ടാക്സ് വർദ്ധനവ്, ആസ്തികൾ വിൽക്കുക തുടങ്ങിയ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും മൈക്കൽ ഗോവ് നൽകിയിട്ടുണ്ട്.

കൗൺസിലിനെ ശക്തമായ സാമ്പത്തിക അടിത്തറയിലേക്ക് തിരികെ കൊണ്ടുവരാൻ അതോറിറ്റി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബർമിംഗ്ഹാം അഡ്മിനിസ്ട്രേഷൻ മേധാവി ജോൺ കോട്ടൺ പറഞ്ഞു. എന്നാൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് ഇപ്പോൾ ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കോമൺസിൽ പ്രതികരിച്ച ഷാഡോ ലെവലിംഗ് അപ്പ് സെക്രട്ടറി ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ലോക്കൽ അധികാരികൾക്ക് യാതൊരുവിധ പിന്തുണയും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സർക്കാരിന്റെ ചില പ്രധാന ഹരിത നയങ്ങളിൽ അയവ് വരുത്താനുള്ള തീരുമാനത്തിലേക്ക് പ്രധാനമന്ത്രി ഋഷി സുനക്. പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധനം വൈകിപ്പിക്കുന്നതും ഗ്യാസ് ബോയിലറുകൾ ഘട്ടംഘട്ടമായി നിർത്തുന്നതും ഇതിൽ ഉൾപ്പെടും. വരും ദിവസങ്ങളിലെ പ്രസംഗത്തിൽ മാറ്റങ്ങൾ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി. 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ “കൂടുതൽ ആനുപാതികമായ രീതിയിൽ” ആണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിൽ ബ്രിട്ടൻ ലോകത്തെ നയിക്കുന്നതിൽ അഭിമാനിക്കുന്നു. യുകെ ഇതിനകം ഉണ്ടാക്കിയ അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച അവസാനം താൻ ഒരു പ്രസംഗം നടത്തുമെന്നും സുനക് കൂട്ടിച്ചേർത്തു. ഓഫ്-ഗ്രിഡ് ഓയിൽ ബോയിലറുകളുടെ നിരോധനം 2026ൽ നിന്ന് 2035ലേക്ക് വൈകിപ്പിക്കും, വിമാനയാത്രയെ കുറയ്ക്കാൻ പുതിയ നികുതികളോ ജനങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള സർക്കാർ നയങ്ങളോ ഉണ്ടാവില്ല തുടങ്ങിയ പദ്ധതി മാറ്റങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

വീടുകളിൽ “ഏഴ് ബിന്നുകൾ” സ്ഥാപിക്കുന്ന ഒരു പുനരുപയോഗ തന്ത്രം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആറ് പ്രത്യേക റീസൈക്ലിംഗ് ബിന്നുകളും പൊതു മാലിന്യങ്ങൾക്കായി ഒന്നും. അതേസമയം, സുനക് തീരുമാങ്ങൾക്ക് എതിരാണ് ലേബർ പാർട്ടി. ഇതൊരു സമ്പൂർണ്ണ പ്രഹസനമാണെന്നും പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് ഇടറിവീഴുന്ന ഒരു യാഥാസ്ഥിതിക സർക്കാരിനൊപ്പം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ലേബർ വക്താവ് പ്രതികരിച്ചു. അവലോകനത്തിനായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എട്ട് നയങ്ങളിലും മന്ത്രിമാർ അടിയന്തിരമായി വ്യക്തത നൽകേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആഗോളതലത്തിൽ എണ്ണ വില കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെ രാജ്യത്തെ ഇന്ധനവിലയിലും വർദ്ധനവ് ഉണ്ടാവുമെന്ന് സൂചന. ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെയും റഷ്യയുടെയും തീരുമാനം ഈ വർഷാവസാനത്തോടെ കാര്യമായ വിതരണ കുറവിന് കാരണമാകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസിയായ (ഐഇഎ) അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ചൊവ്വാഴ്ച ബാരലിന് 95 ആയി ഉയർന്നു. ഉയർന്ന ഇന്ധനവിലയിൽ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നുണ്ടെന്ന് മോട്ടോറിംഗ് ഗ്രൂപ്പ് പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ ഡ്രൈവർമാർ പെട്രോളിന് ലിറ്ററിന് ശരാശരി 1.55 പൗണ്ടും, ഡീസലിന് 1.59 പൗണ്ടുമാണ് നൽകേണ്ടി വരുന്നത്. ആഗസ്റ്റ് മാസം ആരംഭം മുതൽ ശരാശരി പെട്രോൾ വില ലിറ്ററിന് 10 പൈസയും ഡീസൽ വില 13 പൈസയും വർദ്ധിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന്, എണ്ണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ വില ബാരലിന് 120 ഡോളറിലധികം എത്തിയിരുന്നു. ഈ വർഷം മെയ് മാസത്തിൽ അവ ബാരലിന് 70 ഡോളറിന് മുകളിലായി കുറഞ്ഞു.

വിപണിയെ പിന്തുണയ്ക്കുന്നതിനായി ഉൽ‌പാദനം നിയന്ത്രിക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചതിന്റെ ഫലമായി വില ക്രമാനുഗതമായി ഉയർന്ന് വരികയാണ്. ഒപെക് + ഗ്രൂപ്പിലെ അംഗങ്ങളും ലോകത്തിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായ സൗദി അറേബ്യയും റഷ്യയും ഓഗസ്റ്റിൽ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുടിയേറ്റക്കാരുടെ ഹോട്ടൽ ബില്ലുകൾ ഇപ്പോൾ പ്രതിദിനം 8 മില്യൻ പൗണ്ടിലെത്തിയതായി ആഭ്യന്തരവകുപ്പ് ഓഫീസ് അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും അതിർത്തികളുടെ ചുമതലയുള്ള ആഭ്യന്തരവകുപ്പ് ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥന് ശമ്പളത്തിനൊപ്പം ബോണസ് കൂടി നൽകിയത് പുതിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിലവിൽ കുടിയേറ്റക്കാരുടെ താമസസൗകര്യങ്ങളുടെയും മറ്റും മൊത്തം ചിലവ് 3 ബില്യൺ പൗണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ കുതിച്ചുയരുന്ന ചിലവുകൾക്കിടയിലും മൈഗ്രേഷൻ & ബോർഡേഴ്‌സിന്റെ ഹോം ഓഫീസ് ഡയറക്ടർ ജനറലായ എമ്മ ചർച്ചിലിന് 135000 പൗണ്ട് ശമ്പളത്തിന് പുറമേ, 20,000 പൗണ്ട് ബോണസ് നൽകിയതാണ് പുതിയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. ബോർഡർ ഫോഴ്‌സിന്റെ ഇടക്കാല ഡയറക്ടർ ജനറലായ ഫിൽ ഡഗ്ലസിന് തന്റെ 115,000 പൗണ്ടിന്റെ ശമ്പളത്തിനു പുറമെ മികച്ച പ്രകടനത്തിന് 5,000 പൗണ്ട് അധികം നൽകിയതും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ ചെലവുകൾ ക്രമാതീതമായി ഉയർന്നതായി മന്ത്രിമാരും അംഗീകരിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഓഫീസിന്റെ വാർഷിക റിപ്പോർട്ടിലാണ് പുതിയ കണക്ക് വിവരങ്ങൾ എല്ലാം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള നിയന്ത്രണാതീതമായ ചിലവുകൾ കുറയ്ക്കുന്നതിനായി ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരുടെ കടന്നുവരവ് കുറയ്ക്കണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റ നിയമത്തിലൂടെ, അനധികൃതമായി ബ്രിട്ടനിലേക്ക് എത്തുന്നവരെ തടവിലാക്കുവാനും കൃത്യമായ ശിക്ഷ നൽകുവാനുമുള്ള നിയമസംവിധാനം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നികുതി ദായകർക്ക് പ്രതിദിനം 8 മില്യൺ പൗണ്ടിന്റെ ചിലവ് വരുന്ന കുടിയേറ്റക്കാരുടെ ചിലവുകൾ പരിഹരിക്കുവാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. ടോറി ഗവൺമെന്റിന്റെ കഴിവില്ലായ്മയാണ് ഇവിടെ തെളിയുന്നതെന്ന് ലേബർ പാർട്ടി ഷാഡോ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ വ്യക്തമാക്കി. ഗവൺമെന്റിനെതിരെ നിരവധി വിമർശനങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നു വരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രാസിൽഡണിലെ എസെക്സിൽ കുടുംബമായി താമസിക്കുന്ന റോസമ്മ ജെയിംസ് പാലാത്ര അന്തരിച്ചു . ചങ്ങനാശേരി തുരുത്തിയിൽ പാലാത്ര കുടുംബാംഗമായ റോസമ്മ ജെയിംസിന് 68 വയസ്സായിരുന്നു പ്രായം .

റോസമ്മ ജെയിംസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹോളിവുഡ് നടനും അവതാരകനുമായ റസൽ ബ്രാൻഡിന്റെ പേരിൽ ഉണ്ടായ ലൈംഗികാതിക്രമ ആരോപണം ശരിവെച്ച് പോലീസ്. 2003ൽ ലൈംഗികാതിക്രമം നടന്നതായി മെറ്റ് പോലീസിന് റിപ്പോർട്ട് ലഭിച്ചു. സ്ത്രീയുമായി സമ്പർക്കത്തിലാണെന്നും അവർക്ക് പിന്തുണ നൽകുകയാണെന്നും പറഞ്ഞു. ദ സൺഡേ ടൈംസ്, ദ ടൈംസ്, ചാനൽ 4 ഡിസ്പാച്ചസ് എന്നീ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ നാലുസ്ത്രീകളാണ് ബ്രാൻഡിനുനേരെ ആരോപണമുയർത്തിയത്. ബലാത്സംഗം, ലൈംഗികാതിക്രമം, വൈകാരിക അധിക്ഷേപം എന്നിവ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് സ്ത്രീകൾ പറഞ്ഞു. അന്വേഷണറിപ്പോർട്ട് ‘സൺഡേ ടൈംസ്’ പ്രസിദ്ധീകരിച്ചു. ആരോപണങ്ങളെത്തുടർന്ന്, ബ്രാൻഡിന്റെ ലൈവ് ടൂറിലെ വരാനിരിക്കുന്ന ഷോകൾ മാറ്റിവച്ചതായി പ്രൊമോട്ടർ സ്ഥിരീകരിച്ചു.

2006 മുതൽ 2013 വരെയുള്ള കാലഘട്ടത്തിലാണ് റസ്സൽ നാലു സ്ത്രീകളെ ലൈം​ഗികാതിക്രമത്തിന് വിധേയരാക്കിയത്. ഇതിലൊരാൾക്ക് ആ സമയത്ത് 16 വയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ലോസ് ഏഞ്ചൽസിൽ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതികളിലൊരാൾ തുറന്നുപറഞ്ഞിട്ടുണ്ട്. 2012-ലായിരുന്നു ഇത്. സംഭവശേഷം നടൻ മാപ്പുചോദിച്ച് മെസേജ് അയച്ചതായും അവർ വെളിപ്പെടുത്തി. ഈ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്ത്രീകൾക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങൾ റസ്സൽ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ഹെലൻ ബെർ​ഗർ സൺഡേ ടൈംസിനോട് വെളിപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ ബ്രാൻഡ് നിഷേധിച്ചു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ടെന്നും അതെല്ലാം ഉഭയസമ്മതത്തോടെയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എം.ടി.വി യുകെ എന്ന പരിപാടിയുടെ അവതാരകനായെത്തിയതോടെയാണ് റസ്സൽ പ്രശസ്തിയിലേക്കുയർന്നത്. ഫോർ​ഗെറ്റിങ് സാറാ മാർഷൽ, ​ഗെറ്റ് ഹിം റ്റു ദ ​ഗ്രീക്ക് എന്നീ ചിത്രങ്ങളിലും റസ്സൽ ബ്രാൻഡ് വേഷമിട്ടിട്ടുണ്ട്. 2010-ൽ ​ഗായിക കാറ്റി പെറിയെ വിവാഹംകഴിക്കുകയും ചെയ്തു അദ്ദേഹം. പിന്നീടിരുവരും വേർപിരിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ കൺസൾട്ടന്റുമാരും ജൂനിയർ ഡോക്ടർമാരും എൻഎച്ച്എസിന്റെ ചരിത്രത്തിൽ ആദ്യമായി സംയുക്ത സമരത്തിന് ഒരുങ്ങുകയാണ്. കൺസൾട്ടന്റുമാർ ഇന്ന് രാവിലെ മുതൽ പണിമുടക്കും. ജൂനിയർ ഡോക്ടർമാരുടെ സമരം നാളെയാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കൺസൾട്ടന്റുമാരുടെ പണിമുടക്ക് രണ്ട് ദിവസം നീണ്ടുനിൽക്കും. ജൂനിയർ ഡോക്ടർമാർ നാളെ മുതൽ മൂന്നു ദിവസം പണിമുടക്കും.


എമർജൻസി കെയർ മുടങ്ങാതെ പ്രവർത്തിക്കുമെങ്കിലും രോഗികൾ പ്രതിസന്ധിയിലാകുമെന്ന് എൻ എച്ച് എസ് മേധാവികൾ പറഞ്ഞു. ശമ്പള വർദ്ധനവിനെ ചൊല്ലി സർക്കാരും ഡോക്ടർമാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ സമരം. അടിയന്തര പരിചരണം ആവശ്യമുള്ള ആളുകൾ 999 എന്ന നമ്പറിൽ വിളിക്കണം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക്, 111 അല്ലെങ്കിൽ ജി പി സേവനങ്ങൾ ഉപയോഗിക്കണം.

എൻ എച്ച് എസിന്റെ ചരിത്രത്തിൽ ഒരിക്കലും ഇത്തരത്തിലുള്ള സമരം കണ്ടിട്ടില്ല. ഇത് ഒരു വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. കൺസൾട്ടന്റുമാരുടെ മൂന്നാമത്തെയും ജൂനിയർ ഡോക്ടർമാരുടെ ആറാമത്തെയും സമരമാണിത്. ഡിസംബർ മുതലുള്ള പണിമുടക്ക് കാരണം ചില ക്യാൻസർ കെയർ ഉൾപ്പെടെ ഏകദേശം പത്തുലക്ഷത്തോളം അപ്പോയിന്റ്‌മെന്റുകളും ചികിത്സകളും മാറ്റിവച്ചു.

നഴ്‌സുമാർ, റേഡിയോഗ്രാഫർമാർ, ആംബുലൻസ് ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള മറ്റ് സ്റ്റാഫ് ഗ്രൂപ്പുകളുടെ സമരം മൂലമുണ്ടാകുന്ന തടസ്സങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഡോക്ടർമാരുടെ സമരം കൂടുതൽ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഈ വർഷത്തെ ശമ്പള വർദ്ധനവ് നടപ്പാക്കിയതിനാൽ ഇനി ബിഎംഎ നേതാക്കളുമായി ശമ്പള ചർച്ചകൾക്കായി ഇരിക്കില്ലെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിലപാട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലെ ഡേറ്റാ സെൻററിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ 20000 – ത്തോളം പേരുടെ വ്യക്തി വിവരങ്ങൾ ചോർന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോകളും ഉൾപ്പെടെ ചോർന്നതായാണ് റിപ്പോർട്ടുകൾ .


ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന്റെ (ജി എം പി) ഐഡി കാർഡുകൾ നിർമ്മിക്കുന്ന സ്റ്റോക്ക് പോർട്ടിലെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ മാസമാണ് സൈബർ അറ്റാക്ക് ഉണ്ടായത്. ഇത് വളരെ ഗുരുതരമായ സംഭവമാണെന്ന് ചീഫ് റിസോഴ്‌സ് ഓഫീസർ ലീ റോളിൻസൺ പറഞ്ഞു. സമാനമായ സംഭവങ്ങൾ മറ്റു പോലീസ് ഡിപ്പാർട്ട്മെന്റുകളിലും സർക്കാർ വകുപ്പുകളിലും സംഭവിച്ചിട്ടുണ്ടാകാൻ സാധ്യത ഉണ്ടെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.


സംഭവങ്ങളെ വളരെ ഗൗരവത്തോടെയാണ് ഉന്നതാധികാരികൾ കാണുന്നത് .യുകെയിലെ വിവിധ വകുപ്പുകളുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്ഥാപനത്തിലെ ഡേറ്റാ ചോർച്ചയെ കുറിച്ച് പല തലത്തിലുള്ള അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. സൈബർ അറ്റാക്കിലൂടെ കിട്ടിയ വിവരങ്ങൾ ദുരുപയോഗം ചെയ്തേക്കാവുന്ന സാഹചര്യവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സംഭവത്തെ വളരെ ഗുരുതരമായി തന്നെ പരിഗണിക്കുമെന്ന് പോലീസ് ഡിപ്പാർട്ട്മെൻറ് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഡേറ്റാ ചോർച്ച ലണ്ടനിലെ മെട്രോപോളിറ്റൻ പോലീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ഡേറ്റാ ചോർച്ചയ്ക്ക് ഇരയായിട്ടുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചു വരികയാണെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലണ്ടൻ നഗരത്തിൽ വലിയ ഭൂചലന സാധ്യതയെന്ന് ശാസ്ത്രലോകം. ലണ്ടന്റെ മധ്യഭാഗത്തും കാനറി വാർഫിന് സമീപത്തും രണ്ട് ഫോൾട്ട് ലൈനുകൾ ഉണ്ട്. ഇത് വലുതാകുന്നുണ്ടെന്ന് ഇംപീരിയൽ കോളേജിലെ ഗവേഷകർ കണ്ടെത്തി. വലിയൊരു ഭൂചലനം ഉണ്ടായാൽ അത് ലണ്ടന്റെ തകർച്ചയ്ക്ക് കാരണമായേക്കും. ലണ്ടൻ ഭൂമിശാസ്ത്രപരമായി സ്ഥിരതയുള്ളതാണെന്ന അഭിപ്രായത്തെ ഈ കണ്ടെത്തൽ മാറ്റിമറിച്ചതായി വിദഗ്ധർ പറയുന്നു. ഭൂമിയുടെ ഉപരിതലമായ ടെക്റ്റോണിക് പ്ലേറ്റുകള്‍ നീങ്ങുന്നതുവഴി ഭൂചലന സാധ്യതയും ഉയരുന്നുവെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ പറഞ്ഞു.

എന്നാൽ, 1700 മുതൽ ലണ്ടൻ നഗരത്തിൽ ഭൂകമ്പം ഉണ്ടായിട്ടില്ല. രാജ്യത്ത് ശക്തമായ ഭൂചലനം ഉണ്ടാകാനുള്ള സാധ്യത ആയിരം വർഷത്തിൽ ഒന്ന് മാത്രമാണ്. 2008-ൽ മാർക്കറ്റ് റാസനിൽ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു അത്. ഈ വർഷം ജൂണിൽ സ്റ്റോക്ക്-ഓൺ-ട്രെന്റിലും സ്റ്റാഫോർഡ്ഷയറിലും ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു.


വലിയ ഭൂചലനത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ആഴത്തെക്കുറിച്ചോ ഇതുവരെ വിശദാംശങ്ങളൊന്നുമില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും. 2022 മെയ് മാസത്തിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം വടക്കൻ സ്കോട്ട്‌ലൻഡിന്റെ ചില ഭാഗങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഷെറ്റ്‌ലാൻഡ്, അബർഡീൻ, എലോൺ, സ്റ്റോൺഹേവൻ, ഹെൽംസ്‌ഡേൽ, ഇൻവെറൂറി, ലെയർഗ്, ഹണ്ട്‌ലി, ബാൻഫ്, ഫ്രേസർബർഗ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചാൽ യൂറോപ്യൻ യൂണിയനുമായി കൂടുതൽ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറിന് ശ്രമിക്കുമെന്ന് കെയർ സ്റ്റാർമർ. കാനഡയിലെ മോൺട്രിയലിൽ സെന്റർ ലെഫ്റ്റ് നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെയർ. എന്നാൽ കസ്റ്റംസ് യൂണിയനിലോ സിംഗിൾ മാർക്കറ്റിലോ യൂറോപ്യൻ യൂണിയനിലോ വീണ്ടും ചേരുന്നത് അദ്ദേഹം നിരസിച്ചു. അതേസമയം മുൻ കൺസർവേറ്റീവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 2021 ൽ അംഗീകരിച്ച കരാറിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബ്രസ്സൽസ് തയ്യാറാണോ എന്ന് വ്യക്തമല്ല.

തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ യൂറോപ്യൻ യൂണിയനിൽ വീണ്ടും ചേരാൻ താൻ ശ്രമിക്കില്ലെന്ന് കെയർ പറയുന്നു. “ജോൺസൺ ഉണ്ടാക്കിയ കരാർ ഒരു നല്ല ഇടപാടല്ലെന്ന് മിക്കവാറും എല്ലാവരും തിരിച്ചറിയുന്നു. യുകെയ്‌ക്കായി കൂടുതൽ മികച്ച ഡീൽ നേടാൻ ഞങ്ങൾ ശ്രമിക്കും.” അദ്ദേഹം പറഞ്ഞു, എന്നിരുന്നാലും കരാറിന്റെ ഏതെല്ലാം ഭാഗങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ബ്രസ്സൽസുമായി ഒരു മികച്ച ഇടപാട് ചർച്ച ചെയ്യാമെന്നും അതോടൊപ്പം വ്യാപാര ബന്ധത്തിന് കഴിയുമെന്ന് ഉറപ്പുണ്ടെന്നും കെയർ വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. ഈ ആഴ്ച അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ കാണാൻ അദ്ദേഹം പാരീസിലേക്ക് തിരിക്കും. അവിടെ കൂടുതൽ കാര്യങ്ങളിൽ ചർച്ച ഉണ്ടായേക്കും.

RECENT POSTS
Copyright © . All rights reserved