ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വിൽകോ സ്റ്റോറുകൾ എല്ലാം തന്നെ ഒക്ടോബർ മാസം ആദ്യത്തോടെ പൂട്ടും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത് നിരവധി മലയാളികൾക്ക് പോലും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് വകവയ്ക്കുന്നുണ്ട്. യുകെയിലുടനീളമുള്ള 400 സ്റ്റോറുകളും ഒക്ടോബർ ആദ്യത്തോടെ അടച്ചുപൂട്ടുമെന്ന് ജി എംബി യൂണിയൻ അറിയിച്ചു കഴിഞ്ഞു. ഇതോടെ ഈ സ്റ്റോറുകളിൽ ജോലി ചെയ്തിരുന്ന ഏകദേശം 12,500 ഓളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. വിൽകോ എന്ന പേരിൽ തന്നെ വാങ്ങിയവരാരും സ്റ്റോറുകൾ നിലനിർത്താനുള്ള സാധ്യത ഇല്ല. എച്ച് എം വി ഉടമ ഡഗ് പുഡ്മാൻ 300 ഓളം വിൽകോ ഒരുമിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും ഇതുവരെ ഡീൽ നടന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈയാഴ്ച തന്നെ മുൻപ് അഡ്മിനിസ്ട്രേറ്റ്സ് പ്രഖ്യാപിച്ച പ്രകാരം 52 ഓളം സ്റ്റോറുകൾ പൂട്ടും. അടുത്ത റൗണ്ട് കൂട്ടുന്നത് സംബന്ധിച്ചുള്ള അറിയിപ്പും ഈയാഴ്ച തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബി &എം, പൗണ്ട്‌ലാൻഡ്, ദി റേഞ്ച്, ഹോം ബാർഗെയ്‌ൻസ് തുടങ്ങിയ സപ്ലൈ ചെയിനുകളിൽ നിന്നുള്ള മത്സരമാണ് വിൽകോയെ തളർത്തിയത് എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
13 മില്യൺ പൗണ്ടിന്റെ ഡിലീൽ വിൽകോയുടെ 400 ഷോപ്പുകളിൽ 51 എണ്ണം വരെ ഏറ്റെടുക്കുമെന്ന് ബി& എം അറിയിച്ചു. ഈ സ്റ്റോറുകൾ എല്ലാം ബി & എം എന്ന പേരിൽ തന്നെ ആകുമെന്നാണ് നിലവിലെ ധാരണ. എന്നാൽ ഈ സ്റ്റോറുകളിൽ വിൽകോയിലെ ജീവനക്കാർക്ക് പ്രാധാന്യം നൽകുമോ എന്ന കാര്യത്തിൽ ഇതുവരെയും അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അടച്ചുപൂട്ടൽ മലയാളികളെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ എൻഎച്ച്എസ് ട്രസ്റ്റിനെതിരെ അന്വേഷണം നടത്തി ഹോസ്പിറ്റൽ ഇൻസ്‌പെക്ടർമാർ. ഇതിൽ ട്രസ്റ്റ് കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നോട്ടിംഗ്‌ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റിനെ കെയർ ക്വാളിറ്റി കമ്മീഷനു (സിക്യുസി) 2021-ൽ നടന്ന ശിശുക്കളുടെ മരണത്തിൽ പ്രോസിക്യൂട്ട് ചെയ്യാം. ഇതിനോടകം ട്രസ്റ്റിന്റെ മറ്റേർണിറ്റി സേവനങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സിക്യുസിയുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.
4 ആഴ്‌ചയ്‌ക്കുള്ളിൽ മരിച്ച മൂന്ന് കുഞ്ഞുങ്ങളുടെ പ്രസവസമയത്ത് സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ ട്രസ്‌റ്റ് പരാജയപ്പെട്ടോ എന്നാണ് അന്വേഷിക്കുക. നിലവിൽ എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസവ സമ്പന്ധമായി മരണങ്ങളുടെ നോട്ട പുള്ളിയാണ് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റ്. സീനിയർ മിഡ്‌വൈഫായ ഡോണ ഒക്കെൻഡന്റെ നേതൃത്വത്തിലുള്ള ഒരു അവലോകനത്തിലൂടെ ഏകദേശം 1800 കേസുകളാണ് ഇതുവരെ പരിശോധിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ട്രസ്റ്റിന്റെ മറ്റേർണിറ്റി സേവനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയാണെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. ട്രസ്റ്റിന്റെ സിറ്റി ഹോസ്പിറ്റലിൽ 2021 ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന മൂന്ന് മരണങ്ങളാണ് സിക്യുസി അന്വേഷിക്കുക. ഒരു ക്രിമിനൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നാണ് തങ്ങൾ അന്വേഷിക്കുന്നതെന്ന് സിക്യുസി ഓപ്പറേഷൻസ് ഡയറക്ടർ ലോറൈൻ ടെഡെസ്ചിനി പറഞ്ഞു. 2021 ജൂലൈയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള ക്വിൻ ലിയാസ് പാർക്കറുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, ആശുപത്രിയുടെ നിരവധി പിശകുകൾ കുട്ടിയുടെ മരണത്തിന് കാരണമായതായി കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ കെയർ ഹോമുകളിൽ താമസിക്കുന്ന വയോധികർക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ജനിതക വകഭേദം വന്ന കൊറോണ വൈറസിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമായ സാഹചര്യത്തിലാണ് പ്രായമായവർക്ക് വാക്സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഇംഗ്ലണ്ടിൽ ഇതുവരെ 34 പേർക്ക് പുതിയ വൈറസ് വകഭേദമായ. BA. 2.86 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 28 പേരും നോർഫോക്കിലെ അന്തേവാസികളാണ്.
പുതിയ വൈറസ് വകഭേദം മുൻകാല വേരിയന്റുകളെക്കാൾ ഗുരുതരമാണോ എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ. കെയർ ഹോമുകളിൽ കഴിയുന്നവർ, വീടുകളിൽ താമസിക്കുന്ന വയോധികർ , അർഹരായ മറ്റ് വിഭാഗങ്ങൾ എന്നിവരെ ഉടൻതന്നെ വാക്സിൻ നൽകുന്നതിനായി ക്ഷണിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ . ഇംഗ്ലണ്ടിനൊപ്പം തന്നെ സ്കോട്ട് ലൻഡ്, വെയിൽസ് , നോർത്തേൺ അയർലൻഡും ബൂസ്റ്റർ ഡോസുകൾ നൽകുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.
വാക്സിൽ എടുക്കാൻ അർഹരായവരെ എൻഎച്ച്എസ് ബന്ധപ്പെടും. ഇംഗ്ലണ്ടിലെ ആളുകൾക്ക് എൻഎച്ച്എസ് വെബ്സൈറ്റ് വഴിയോ എൻഎച്ച്എസ് ആപ്പ് വഴിയോ സെപ്റ്റംബർ 18 മുതൽ അവരുടെ വാക്സിൻ ബുക്ക് ചെയ്യാൻ സാധിക്കും. ഇത് കൂടാതെ 119 എന്ന നമ്പറിലേയ്ക്ക് വിളിച്ചോ ബുക്ക് ചെയ്യാം. എല്ലാ മരുന്നുകളെ പോലെ വാക്സിനും പൂർണ്ണമായി ഫലപ്രദമല്ല. വാക്സിൻ സ്വീകരിച്ചാലും കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് ബാധയുടെ കാഠിന്യം കുറവായിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തുടർച്ചയായ ഏഴാം ദിവസവും ബ്രിട്ടനിൽ കഠിനമായ ഉഷ്ണ തരംഗം തുടരുകയാണ്. 30 ഡിഗ്രി സെൽഷ്യസിന് മേലെ താപനില തുടരുന്നതിനാൽ, പലയിടങ്ങളിലും ജനങ്ങൾ ബീച്ചുകളിലേക്ക് ഒഴുകുകയാണ്. എന്നാൽ കിഴക്കൻ ഇംഗ്ലണ്ടിലും തെക്ക്- കിഴക്കൻ ഇംഗ്ലണ്ടിലും ഇത്തരത്തിൽ കഠിനമായ ചൂട് അനുഭവപ്പെടുമ്പോൾ, വടക്കൻ ഇംഗ്ലണ്ടിലും മറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. ലണ്ടനിലെ ക്യു ബ്രിഡ്ജിൽ ശനിയാഴ്ച 33.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
കേംബ്രിഡ്ജ്, റോച്ചസ്റ്റർ, കാന്റർബറി തുടങ്ങിയ ഇംഗ്ലണ്ടിന്റെ കിഴക്ക്, തെക്ക് കിഴക്ക് ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ താപനില 31 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടൊപ്പം തന്നെ ലണ്ടനിലെ ഹീത്രു എയർപോർട്ടിന് സമീപത്തും കൊച്ചിയോട് 30 ഡിഗ്രി സെൽഷ്യസിന് മേലെ താപനില ഉയർന്നു. കെന്റ് തീരത്തെ കടൽത്തീരങ്ങളായ മാർഗറ്റ്, ബ്രോഡ്‌സ്റ്റെയർ, ഡീൽ എന്നിവിടങ്ങളിലേക്ക് സൺബാത്തിങ് നടത്തുവാനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
മുൻപുണ്ടാകാത്ത തരത്തിൽ അത്ഭുതപൂർവ്വമായ മാറ്റങ്ങളാണ് കാലാവസ്ഥയിൽ രേഖപ്പെടുത്തുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ടോം മോർഗൻ വ്യക്തമാക്കി.
സെപ്റ്റംബറിലെ ഉഷ്ണ തരംഗം ഒരിക്കലും ഇത്രയും ദിവസം നീണ്ടു നിന്നതായി കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും ചൂട് നിലനിൽക്കുമ്പോഴും വടക്കൻ പ്രദേശങ്ങളിൽ അപ്രതീക്ഷിതമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. വടക്കൻ ഇംഗ്ലണ്ടിലും വടക്കൻ അയർലണ്ടിലും സ്കോട്ട് ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ അലെർട്ട് കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ പാർലമെന്റിലെ ഗവേഷകനെ ഒഫീഷ്യൽ സീക്രെറ്റ്സ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്‌തു. ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. മാർച്ചിൽ ഇരുപതും മുപ്പതും വയസ്സുള്ള രണ്ടുപേർ ഈ നിയമപ്രകാരം അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചു. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ഇതിൽ ഒരാൾ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇടപെടുന്ന ഒരു പാർലമെന്ററി ഗവേഷകനാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഇയാൾക്ക് നിരവധി കൺസർവേറ്റീവ് എംപിമാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വക്താവ് അറിയിച്ചു. യുകെയുടെ പാർലമെന്ററി ജനാധിപത്യത്തിൽ ചൈനയുടെ ഇടപെടലിനെക്കുറിച്ചുള്ള തന്റെ ആശങ്കയും പ്രധാനമന്ത്രി പങ്കുവച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.
അറസ്റ്റിലായ ഗവേഷകന് സുരക്ഷാ മന്ത്രി ടോം തുഗെൻദാറ്റിനും വിദേശകാര്യ കമ്മിറ്റി ചെയർവുമൺ അലിസിയ കെയേഴ്‌സുമായും ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അറസ്റ്റിലായ രണ്ട് പേരെയും സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, തുടർന്ന് ഒക്ടോബർ ആദ്യം വരെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്.
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാവർത്തികമാക്കാൻ തിടുക്കം കൂട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു റിഷി സുനക് . യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് സമയപരുധി നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. എന്നാൽ ഈ വർഷവസാനത്തിനുള്ളിൽ കരാർ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായി നിർമ്മലാ സീതാറാം അറിയിച്ചത്.
2021 – ൽ യൂറോപ്യൻ യൂണിയൻറെ വ്യാപാര വ്യവസ്ഥയിൽ നിന്ന് പുറത്തുപോയതിനു ശേഷം യുകെയുമായി ഇതുവരെ വ്യാപാര കരാറിൽ ഏർപ്പെടാത്ത ഏറ്റവും വലിയ രാജ്യമാണ് നിലവിൽ ഇന്ത്യ. ഈ വാരാന്ത്യത്തിൽ ഉച്ചകോടിക്കിടെ സുനക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സ്വതന്ത്ര വ്യാപാരക്കാരാറിന്റെ പുരോഗതിയെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് നിർമ്മിത കാറുകൾ, പാലുൽപന്നങ്ങൾ മദ്യം എന്നിവയ്ക്ക് ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്നാണ് സ്വതന്ത്ര വ്യാപാര കരാറിൽ ബ്രിട്ടൻ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ഇതിനിടെ 2017 മുതൽ ഇന്ത്യയിൽ തടങ്കലിലായ ബ്രിട്ടീഷ് പൗരനായ ജഗ്താർ സിംഗിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്കിടയിൽ ഉന്നയിച്ചതായി റിഷി ബുനക് പറഞ്ഞു. കൊലപാതക ഗൂഢാലോചന കുറ്റത്തിനാണ് ഡംബർട്ടണിൽ നിന്നുള്ള ജഗ്താർ സിംഗ് ജോഹൽ ജയിലിൽ കഴിയുന്നത്. 2017 ലാണ് 36 കാരനായ ഇയാൾ വിവാഹിതനാകാനാണ് ഇന്ത്യയിലേയ്ക്ക് പോയത്. എന്നാൽ പഞ്ചാബിലെ നിരവധി വലതുപക്ഷ ഹിന്ദു മത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ആയുധങ്ങൾ വാങ്ങുന്നതിന് പണം നൽകിയെന്ന് ആരോപിച്ചാണ് ജോഹലിനെ തടവിലാക്കിയത്. സുനക് ഇന്ത്യയിലെത്തുമ്പോൾ ജോഹലിന്റെ മോചനത്തിനായി പരിശ്രമിക്കണമെന്ന് 70 – തിലധികം എംപിമാർ റിഷി സുനുകിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പ്രതിരോധ മേഖലയിൽ ഉണ്ടായിരിക്കുന്ന വെട്ടിച്ചുരുക്കൽ മൂലം വ്യോമ പ്രതിരോധ മേഖലയിലും മറ്റും ഉണ്ടായിരിക്കുന്ന വിടവ് രാജ്യത്തെ അപകടത്തിലേയ്ക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഒരുകൂട്ടം എംപിമാർ. ഉക്രൈനിനു മേലുള്ള റഷ്യൻ അധിനിവേശത്തിനു ശേഷവും പ്രതിരോധ മന്ത്രാലയം നിലവിൽ ഉണ്ടായിരിക്കുന്ന വെട്ടിച്ചുരുക്കലുകൾ നികത്താത്തത് അപകടത്തിലേയ്ക്ക് നയിക്കുമെന്നാണ് ഡിഫൻസ് സെലക്ട് കമ്മിറ്റിയിലെ എംപിമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. C-130 ജെ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഫ്ലീറ്റിന്റെ കാലാവധി 7 വർഷം കൂടി നിലനിൽക്കെ, അത് നിർത്തലാക്കിയ തീരുമാനത്തെയും കമ്മറ്റി വിമർശിച്ചു. ഇത്തരത്തിൽ ഉയർന്ന ശേഷിയുള്ള ഒരു സൈനിക വിമാനത്തിന്റെ കാലാവധിക്ക് മുന്നേയുള്ള ഒഴിവാക്കൽ തികച്ചും തെറ്റായ തീരുമാനമാണെന്ന് എംപിമാർ കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ ഇ -7 വെഡ്ജ്ടെയിൽ വാണിംഗ് എയർക്രാഫ്റ്റുകളുടെ എണ്ണം അഞ്ചിൽ നിന്നും മൂന്നായി കുറയ്ക്കാനുള്ള തീരുമാനവും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളെയും മാനുഷിക ദൗത്യങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള റോയൽ എയർ ഫോഴ്സിന്റെ ശേഷിയെ കുറയ്ക്കുന്നതാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളന്ന് എംപിമാർ കുറ്റപ്പെടുത്തി.
വിമാനങ്ങളുടെ ലഭ്യത കുറവായതിനാൽ പൈലറ്റുമാരെ ഫാസ്റ്റ് ജെറ്റ് പരിശീലനത്തിനായി വിദേശത്തേക്ക് അയയ്ക്കുന്നതിന് പ്രതിരോധ മന്ത്രാലയം 55 മില്യൺ പൗണ്ടിലധികം ചെലവഴിക്കേണ്ടി വരുമെന്നും എംപിമാർ അഭിപ്രായപ്പെട്ടു. പറക്കൽ പരിശീലനത്തിനായി സിമുലേറ്ററുകൾ ഉപയോഗിക്കാമെന്നുള്ള ആശയം ഉണ്ടെങ്കിലും ഇത് ഒരിക്കലും യഥാർത്ഥത്തിലുള്ള പറക്കൽ പരിശീലനം പോലെ ആകില്ലെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ വായു സേന ശക്തമായി തന്നെ തുടരേണ്ടതിന്റെ ആവശ്യകത പ്രതിരോധ കമ്മിറ്റി ചെയർമാൻ തോബിയസ് എൽവുഡ് എടുത്തുകാട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മൊറോക്കോയിലെ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,000-ത്തിലധികമായി. ഭൂകമ്പത്തിൽ 1,400-ലധികം പേർക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്ന് അറിയിച്ചു. മാരാകേഷിന്റെ തെക്ക് ഭാഗത്തുള്ള പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. മുഹമ്മദ് ആറാമൻ രാജാവ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും അതിജീവിച്ചവർക്ക് താമസവും ഭക്ഷണവും മറ്റ് സഹായങ്ങളും നൽകുകയും ചെയ്തു. പലരും രണ്ടാം രാത്രിയും തുറസ്സായ സ്ഥലത്താണ് കഴിയുന്നത്.
മാരാകേഷിന് 71 കിലോമീറ്റർ (44 മൈൽ) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ താഴ്ചയുള്ള ഹൈ അറ്റ്‌ലസ് പർവതനിരയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11:11നാണ് (22:11 ജിഎംടി) ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 മാഗ് നിറ്റൂടുള്ള തുടർചലനമുണ്ടായി. തലസ്ഥാനമായ റബാറ്റിലും കാസബ്ലാങ്ക, അഗാദിർ, എസ്സൗയിറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം അൽ ഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര ഗ്രാമങ്ങളിലെ കല്ലുകളും തടികളും കൊണ്ട് പണിത വീടുകൾ തകർന്നുവീണിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട പ്രദേശങ്ങളിലെ നാശത്തിന്റെ തോത് വിലയിരുത്താൻ ഇനിയും സാധിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സെൻട്രൽ മൊറോക്കോയിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 632 പേർ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാരാകേഷിന് 71 കിലോമീറ്റർ (44 മൈൽ) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ താഴ്ചയുള്ള ഹൈ അറ്റ്‌ലസ് പർവതനിരയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11:11നാണ് (22:11 ജിഎംടി) ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 മാഗ് നിറ്റുടുള്ള തുടർചലനമുണ്ടായി.
മാരാകേഷിലും തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലും ഉള്ള നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായെന്ന് മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പലരും ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവരാണെന്നാണ് കരുതുന്നത്. ഭൂകമ്പത്തിൽ അൽ-ഹൗസ്, മാരാകേഷ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലും 329 പേർക്ക് പരിക്കേറ്റതായും നിരവധി പേർക്ക് ജീവൻ നഷ്ടമായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയയിലെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ തകർന്ന കെട്ടിടങ്ങളും കെട്ടിടങ്ങൾ കുലുങ്ങുന്നതും അവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകളും മറ്റും കാണാം. വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ശക്തമായ തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾ താത്കാലികമായി പുറത്ത് താമസിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ മരുമകൻ ആയതിനാൽ ജി 20 ഉച്ചകോടിക്കുള്ള യാത്ര പ്രിയപ്പെട്ടതാണെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത് വളരെ പെട്ടെന്ന് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായ എൻ. ആർ. നാരായണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി. റിഷി സുനകും ഇന്ത്യൻ വംശജനാണ്. പ്രധാനമന്ത്രിയായതിനുശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനം ആയതുകൊണ്ട് തന്നെ റിഷി സുനകിന്റെ ഇന്ത്യാ സന്ദർശനം ചരിത്രത്തിൽ ഇടം പിടിക്കുന്നതായി.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന രാഷ്ട്രത്തലവൻമാരെയും നയതന്ത്ര പ്രതിനിധികളെയും കൊണ്ട് ഇന്നലെ മാത്രം 21 പ്രത്യേക വിമാനങ്ങളാണ് ഡൽഹിയിൽ വന്നിറങ്ങിയത്. റഷ്യയുടെയും ചൈനയുടെയും തലവന്മാരില്ലാതെ ഇന്നാരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമായും 4 മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കുക, രാജ്യാന്തര കടം ഏറ്റെടുപ്പ് സംവിധാനത്തിൽ കൂടുതൽ സുതാര്യത, ക്രിപ്റ്റോ കറൻസിയെ നിയന്ത്രിക്കാൻ പുതിയ സംവിധാനം, യുദ്ധവും മറ്റ് പ്രശ്നങ്ങളും ഭക്ഷ്യവിതരണവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കുക എന്നീ 4 വിഷയങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ടതാണ് ജി 20 . തൻറെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ റിഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുമായി നടത്താനിരിക്കുന്ന ചർച്ചകളെ ഈ രാജ്യങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. യുകെ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചാണ് പ്രധാനമായും ഇരു പ്രധാനമന്ത്രിമാരും തമ്മിൽ ചർച്ചകൾ നടക്കുക. ഈ വർഷാരംഭത്തിന് മുമ്പായി കരാർ നിലവിൽ വരുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായ നിർമലാ സീതാരാമൻ നേരത്തെ പറഞ്ഞത്. എന്നാൽ കരാർ നിലവിൽ വരാനുള്ള സമയ പരുധിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ തരാൻ യുകെ ഇതുവരെ തയ്യാറായിട്ടില്ല.