Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച് എസിലെ ചികിത്സാ പിഴവുകൾ മൂലം ഓരോ വർഷവും ഭീമമായ തുക രോഗികൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടതായി വരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. തെറ്റായി ഓവറി നീക്കം ചെയ്തത് ഉൾപ്പെടെയുള്ള ചികിത്സാ പിഴവുകൾക്ക് 800 മില്യൺ പൗണ്ട് ആണ് ഓരോ വർഷവും എൻഎച്ച്എസ് നഷ്ടപരിഹാരമായി നൽകേണ്ടതായി വരുന്നത്. പിഴവുകൾ വരുത്തുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടും ചികിത്സാ പിഴവുകൾ തുടർക്കഥയായി കൊണ്ടിരിക്കുകയാണ്.

മതിയായ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും അഭാവം ചികിത്സാ പിഴവുകൾക്ക് കാരണമാകുന്നതെന്ന് പറയുന്നത് ശരിയായ വിശദീകരണമല്ലെന്നും കൂടുതൽ കർശന നടപടികളിലേയ്ക്ക് സർക്കാർ കടക്കേണ്ടതുണ്ടെന്നുമാണ് ഇത് സംബന്ധിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . 2013 മുതലുള്ള 10 വർഷക്കാലം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്ന് കരുതപ്പെടുന്ന 4328 ഗുരുതരമായ ചികിത്സാ പിഴവുകളാണ് എൻഎച്ച്എസിൽ കണ്ടെത്തിയത്. ഇതിൽ യൂട്രസ്, ഓവറി എന്നിവ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലും മറ്റും ഗുരുതരമായ പിഴവുകൾ പല ആവർത്തി സംഭവിച്ചിട്ടുണ്ട് .

ശാസ്ത്രക്രിയയ്ക്ക് ശേഷം സർജറി കൈയുറകൾ പോലുള്ളവ ഉള്ളിലിട്ട് തുന്നിക്കെട്ടിയ ഗുരുതര പിഴവുകൾ പലവട്ടം ആവർത്തിക്കപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിലിരിക്കെ ഒരു തടവുകാരൻ രക്ഷപ്പെട്ടതും എൻഎച്ച്എസിന്റെ സുരക്ഷാ വീഴ്ചയായി രേഖപ്പെടുത്തിയിട്ടുണ്ട്. 2014 – ൽ അന്നത്തെ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിന് സുരക്ഷാ രീതികൾ ഗണ്യമായി മെച്ചപ്പെടുത്താൻ ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ഓരോ വർഷവും ചികിത്സാ പിഴവുകളുടെ എണ്ണം വർധിക്കുന്നത് നാം അനുഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നതിന്റെ തെളിവാണെന്ന് ചാരിറ്റി ദി പേഷ്യന്റ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ റേച്ചൽ പവർ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലൈംഗികാതിക്രമത്തിന് ഇരയായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ട് അവധിയിലായിരുന്ന വിദ്യാർത്ഥിനിയോട് മാനുഷിക പരിഗണന കാട്ടിയില്ലെന്ന് യൂണിവേഴ്സിറ്റിക്ക് എതിരെ കടുത്ത ആരോപണം ഉയർന്നു. അവധിയിലായിരുന്ന സമയത്ത് ഫീസിനായി വിദ്യാർഥിനിയെ വേട്ടയാടി എന്ന കടുത്ത ആരോപണമാണ് അവർ പഠിക്കുന്ന കാർഡിഫ് സർവകലാശാലയ്ക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് ആരോപിച്ച് മറ്റ് വിദ്യാർത്ഥികളും രംഗത്ത് വന്നിട്ടുണ്ട്.

2021 മാർച്ചിൽ ബലാൽസംഗത്തിന് ഇരയായപ്പോൾ 23 കാരിയായ പെൺകുട്ടി കാർഡിഫ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്നു. 9000 പൗണ്ട് ഫീസ് കുടിശിക അടയ്ക്കുന്നതിനായി സർവകലാശാലയിലെ ഫിനാൻസ് വിഭാഗത്തിൽനിന്ന് തന്നെ നിരന്തരമായ ശല്യപ്പെടുത്തലാണ് അവധിയിലായിരുന്നപ്പോൾ പോലും പെൺകുട്ടി നേരിടേണ്ടിവന്നത്. ഇതിൽ തനിക്ക് കടുത്ത നിരാശ തോന്നിയതായി ഇരയായ പെൺകുട്ടി പറഞ്ഞു. ശാരീരികവും മാനസികവുമായി പ്രശ്നങ്ങളെ തെല്ലും പരിഗണിക്കാതെ അനാവശ്യ സമർദ്ധം ചെലുത്തുകയാണ് യൂണിവേഴ്സിറ്റി അധികൃതർ ചെയ്തതെന്ന് പെൺകുട്ടി ആരോപിച്ചു.

പണം നൽകിയില്ലെങ്കിൽ കോഴ്സിൽ നിന്ന് പുറത്താക്കുമെന്ന കത്തുകൾ പലവട്ടമാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്. 2017 മുതൽ 2021 വരെയുള്ള അധ്യയന വർഷത്തിൽ 691 ലൈംഗിക അതിക്രമങ്ങളുടെ റിപ്പോർട്ടുകളാണ് കാർഡിഫ് സർവകലാശാലയിൽ നിന്ന് ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്നത്. 2017 നും 2023 നും ഇടയിൽ ലൈംഗികാതിക്രമങ്ങൾക്ക് പ്രതി ചേർക്കപ്പെട്ട അഞ്ചോളം വിദ്യാർഥികളെയാണ് സർവകലാശാല പുറത്താക്കിയത്.ലൈംഗികാതിക്രമത്തിന് ഇരയായവരുടെ ആശങ്കകൾ ചർച്ചചെയ്യുമെന്ന് കാർഡിഫ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ വെൻഡി ലാർണർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നിയമവിരുദ്ധമായ സിന്തറ്റിക് മയക്കുമരുന്നുകൾ അടങ്ങിയ വേപ്പ് ഉപയോഗിച്ച 12 വയസ്സുള്ള വിദ്യാർത്ഥി കുഴഞ്ഞ് വീണതിന് പിന്നാലെ നിയമവിരുദ്ധമായ പുകവലി കുട്ടികളെ കൊല്ലാൻ വരെ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി ഒരു പ്രധാന അധ്യാപകൻ രംഗത്ത്. ഓൾഡ്‌ഹാമിൽ നിന്നുള്ള ഗ്ലിൻ പോട്ട്‌സ്, കുട്ടികളിലെ പുകവലി തടയാൻ നടപടിയെടുത്തില്ലെങ്കിൽ വലിയൊരു ദുരന്തമായിരിക്കും നാം അഭിമുഖീകരിക്കുക എന്ന് പറഞ്ഞു. സൈക്കോ ആക്റ്റീവ് കന്നാബിസ് ഓയിൽ, ടെട്രാഹൈഡ്രോകണ്ണാബിനോൾ എന്നിവ ഉയർന്ന അളവിൽ അടുത്ത ദിവസങ്ങളിലായി ഇലക്ട്രോണിക് സിഗരറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവരിൽ പുകവലി തടയാൻ പുതിയ നിയമങ്ങൾ ഉടൻ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഓൾഡ്ഹാമിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തലിക് കോളേജ് മേധാവി മിസ്റ്റർ പോട്ട്സ് വിദ്യാർത്ഥികളുടെ ഇടയിലുള്ള പുകവലിയുടെ വർദ്ധനവ് അധികൃതർ ഗൗരവത്തോടെ കാണണമെന്ന് അറിയിച്ചു. നിലവിൽ രാജ്യത്ത് 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഇംഗ്ലണ്ടിലെ അഞ്ച് കൗമാരക്കാരിൽ ഒരാൾ ഇലക്ട്രോണിക് സിഗരറ്റുകൾ പരീക്ഷിച്ചതായി കണ്ടെത്തി.

നിയമപരമായ പരിധിക്ക് മുകളിലുള്ള നിക്കോട്ടിൻ ലെഡ്, നിക്കൽ തുടങ്ങിയവ അടങ്ങിയ നിയമവിരുദ്ധമായ ഇലക്ട്രോണിക് സിഗരറ്റുകൾ പ്രചരിക്കുന്നതിൻെറ ആശങ്കകൾക്കിടയിലാണ് യുവാക്കൾക്കിടയിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ പ്രചാരം. അടുത്തിടെ, ചില ഇലക്ട്രോണിക് സിഗരറ്റുകളിൽ ടെട്രാഹൈഡ്രോകണ്ണാബിനോൾ (THC), സുഗന്ധവ്യഞ്ജ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് വളരെ നിരാശജനകമായ വിവരങ്ങൾ പുറത്തുവന്നു. തുടർച്ചയായി പലിശ നിരക്കുകൾ വർദ്ധിച്ചതു മൂലം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള യു കെ സമ്പദ് വ്യവസ്ഥ വളരുന്നതിൽ പരാജയപ്പെട്ടെന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഉയർന്ന പലിശ നിരക്കുകൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന് ചാൻസിലർ ജെറമി ഹണ്ട് അഭിപ്രായപ്പെട്ടു.

ഇനിയും മാസങ്ങളോളം സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് പറയുമ്പോഴും വളർച്ചാ നിരക്ക് പൂജ്യം ആകുമെന്നാണ് കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞത് . കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സെപ്റ്റംബർ മാസം വരെ തുടർച്ചയായ 14 തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത്.

പലിശ നിരക്ക് ഉയർത്തിയതു മൂലം പണപ്പെരുപ്പം കുറയ്ക്കാൻ ആയെന്ന നേട്ടമുണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകുന്നതിലൂടെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ഉയർന്ന പലിശ നിരക്കുകൾ സാരമായി ബാധിക്കും. നിലവിൽ പലിശ നിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 % ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൽക്കരി ഉപയോഗം നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റം വയ്ക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരമൊരു നടപടിയുടെ പ്രായോഗികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അത്തരം ഒരു സാഹചര്യമാണ് ഇപ്പോൾ ഇലക്ട്രിക് കാറുകൾക്കുമുള്ളത്. തന്റെ കാർ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, കാർ മൂലം പണം ചെലവാകുന്നുണ്ടെന്നാണ് ഒരു ഉടമ പറഞ്ഞത്. ഇതേ അനുഭവമാണ് മറ്റു പലർക്കും പറയാനുമുള്ളത്. ഈ വർഷമാദ്യം ഉണ്ടായ ഒരു അപകടത്തെ തുടർന്ന് തന്റെ ജാഗ്വാർ ഇലക്ട്രിക് കാർ റിപ്പയർ ചെയ്യുവാനായി നൽകേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. അതിനു പകരമായി അദ്ദേഹത്തിന് ഉപയോഗിക്കുവാൻ ഒരു ഫോർഡ് ഫീസ്റ്റാ കാർ ലഭിച്ചു. എന്നാൽ ഇപ്പോൾ ലഭിച്ച ഫോര്‍ഡ് ഫിസ്റ്റയില്‍ ഇന്ധനം നിറയ്ക്കാന്‍ പണം മുടക്കുന്നതിനൊപ്പം തന്നെ, ഇലക്ട്രിക് കാറിന്റെ ലീസ് തുകയും നല്‍കേണ്ട സാഹചര്യത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

കാർ റിപ്പയർ കഴിഞ്ഞ് എപ്പോൾ തിരികെ ലഭിക്കുമെന്നതിനെ സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും നൽകാനാവില്ല എന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാലറി സാക്രിഫൈസ് ഡീല്‍ ഉപയോചിച്ച് ടസ്‌കര്‍ എന്ന കമ്പനിയില്‍ നിന്നും ഈ ഇലക്ട്രിക് കാര്‍ ലീസിന് എടുക്കുകയായിരുന്നു ഇദ്ദേഹം. അപകടത്തെ തുടര്‍ന്ന് റിപ്പയർ ചെയ്യുവാനായി കൊണ്ടുപോയ കാര്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ അഞ്ചു മാസമായി താൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


തന്റെ അവസ്ഥ വിശദീകരിച്ച അദ്ദേഹം ഗാർഡിയൻ പത്രത്തിന് മെയിൽ അയച്ചതിനെ തുടർന്നാണ് പത്രം നടത്തിയ ഇലക്ട്രിക് കാർ ഉടമകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുന്നത്. വളരെ ചെറിയ റിപ്പയറുകൾക്ക് നൽകുന്ന കാറുകൾ പോലും മാസങ്ങൾ കഴിഞ്ഞാണ് തിരികെ ലഭിക്കുന്നത്. ഇലക്ട്രിക് കാറിന്റെ പല പാര്‍ട്ട്സുകള്‍ക്കും ആഗോളാടിസ്ഥാനത്തില്‍ തന്നെ ക്ഷാമം അനുഭവപ്പെടുന്നതിനാലാണിത്. പാര്‍ട്ട്സുകള്‍ ലഭ്യമാകാത്തത് പല ഗ്യാരേജുകളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാര്‍ട്ട്സുകള്‍ ലഭിക്കാതെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പല സ്വകാര്യ ഗ്യാരേജുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി രൂക്ഷമാകുന്നതല്ലാതെ, ഇത് എപ്പോൾ പരിഹരിക്കപ്പെടും എന്നത് സംബന്ധിച്ച് യാതൊരു ധാരണയും ആർക്കും തന്നെയില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

16 ദശലക്ഷത്തിലധികം അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി ആണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി. ഇതിന്റെ പ്രവർത്തനം കേരളത്തിലെ ഒരു സഹകരണ സംഘത്തിൻറെ മാതൃകയിലാണ്. അംഗങ്ങളാണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ ഉടമകൾ . കറന്റ് അക്കൗണ്ടുകൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ, മോർട്ട്‌ഗേജുകൾ, ഇൻഷുറൻസ്, ലോണുകൾ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് രാജ്യ വ്യാപകമായി നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി നൽകുന്നത്.

യുകെയിൽ ബാങ്ക് അക്കൗണ്ട് ഉള്ള ആർക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പദ്ധതിയാണ് നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റി മുന്നോട്ട് വച്ചിരിക്കുന്നത്. മാർക്കറ്റിംഗ് സ്വിച്ചിങ് ഇൻസെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത് . പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കും ഈ സ്വിച്ച് ഓഫർ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കൾ മറ്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകൾ നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയിലേയ്ക്ക് മാറ്റേണ്ടതായി വരും.

ഉപഭോക്താക്കൾ നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ ഫ്ലക്സ് പ്ലസ്, ഫ്ലക്സ് ഡയറക്ട്, ഫ്ലക്സ് അക്കൗണ്ട് എന്ന വിഭാഗത്തിലുള്ള അക്കൗണ്ടുകളിലേയ്ക്ക് മാറുന്നതിനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് സ്വിച്ചിങ് ആഗ്രഹിക്കുന്നവർക്ക് 7 ദിവസത്തെ സമയപരിധിയാണ് വേണ്ടിവരുന്നത്. സ്വിച്ചിംഗ് പൂർത്തിയാക്കി കഴിഞ്ഞാൽ 10 പ്രവർത്തി ദിനങ്ങൾക്ക് ഉള്ളിൽ 200 പൗണ്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുമെന്നാണ് ബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് സമയത്ത് പോലീസ് ചുമത്തിയ പിഴയായ 10000 പൗണ്ട് വളരെ കൂടുതലായിരുന്നുവെന്ന് ആ സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന പ്രീതി പട്ടേൽ പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2020 ഓഗസ്റ്റിൽ ബാങ്ക് ഹോളിഡേയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ പിഴ ആനുപാതികമല്ലെന്നാണ് പ്രീതി പട്ടേൽ കോവിഡ് കാലത്തെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണ നടത്തുന്ന സമിതിയോട് വെളിപ്പെടുത്തിയത്. ഹോം ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും താനും അതിന് എതിരായിരുന്നു എന്നാണ് അവർ സമിതി മുമ്പാകെ വെളിപ്പെടുത്തിയത്.


പകർച്ചവ്യാധിയുടെ സമയത്ത് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം നൂറുകണക്കിന് പിഴവുകൾ വന്നതിന്റെ വിവരങ്ങൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 10000 പൗണ്ട് വരെ പിഴ ചുമത്താൻ പോലീസിന് അധികാരം ലഭിച്ചതിനെ 2021ലെ എംപിമാർ തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ നിശിതമായി വിമർശിക്കപ്പെട്ട തീരുമാനമായിരുന്നു. ഇത്രയും വലിയ ഒരു പിഴ ചുമത്താൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് എംപിമാർ അന്ന് വാദിച്ചത്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസ് 366 കേസുകൾക്കാണ് 10,000 പൗണ്ട് പിഴ ചുമത്തിയത്. 2021 ജൂൺ മുതലുള്ള നാഷണൽ പോലീസ് ചീഫ്സ് കൗൺസിലിന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കോമൺ ജസ്റ്റിസ് കമ്മറ്റിയിലെ എംപിമാർ പൊതുജനാരോഗ്യ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ വളരെ വലിയ തുകയുടെ സ്പോട്ട് ഫൈനുകളെ ആശ്രയിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പോലീസിന് ജനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാൻ സാധിക്കില്ലെന്നാണ് ഇതിനെ പ്രധാന കാരണമായി എംപിമാർ ചൂണ്ടി കാണിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ ഏകദേശം ഒരു ദശലക്ഷം ആളുകൾ ചികിത്സയ്ക്കായി കാത്തിരിപ്പിലാണെന്ന് കണക്കുകൾ പുറത്തുവന്നു. ഇത് ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ആണ് .സെപ്റ്റംബർ അവസാനം 7.77 ദശലക്ഷം പേരാണ് നോൺ- എമർജൻസി കെയറിനായി കാത്തിരുന്നത്. ഓഗസ്റ്റിൽ ഇത് 7.75 ദശലക്ഷം ആയിരുന്നു. അതേസമയം എൻഎച്ച്എസ് ഇംഗ്ലണ്ട് നടത്തിയ വിശകലനത്തിൽ ഒന്നിലധികം ചികിത്സകൾക്കായി കാത്തിരിക്കുന്ന നിരവധി ആളുകൾ ലിസ്റ്റിൽ ഉൾപ്പെ ടുന്നുണ്ടെന്ന് കണ്ടെത്തി.

പലരും രണ്ടോ മൂന്നോ വെയ്റ്റിംഗ് ലിസ്റ്റുകളിലുണ്ട്. ഇതിൽ ഭൂരിഭാഗം പേരും കാൽമുട്ടും ഇടുപ്പും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഫിസിയോതെറാപ്പി ഉൾപ്പെടെ വിവിധതരം അടിയന്തര ചികിത്സകൾക്കായി കാത്തിരിക്കുന്ന പ്രായമായവരാണ്. രോഗികളുടെ എൻഎച്ച്എസ് നമ്പറുകൾ ഉപയോഗിച്ച് എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൾ പരിശോധിച്ചതിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ അധികൃതർ പങ്കുവച്ചത്.

പകർച്ചവ്യാധിയുടെ മുമ്പുള്ളതിനേക്കാൾ 3.5 ദശലക്ഷം കൂടുതലാണ് നിലവിലെ വെയ്റ്റിംഗ് ലിസ്റ്റ്. വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം അനിയന്ത്രിതമാകുകയാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് ചീഫ് നേഴ്‌സ് പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണെന്നും നേഴ്‌സുമാരുടെ കുറവാണ് ഇതിന് അടിസ്ഥാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ റെക്കോർഡ് നിരക്കിലേക്ക് ഉയരുന്നതായി റിപ്പോർട്ട്‌. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിന്റെ മൂന്നാം പാദത്തിൽ സമ​ഗ്ര ഇൻഷുറൻസ് പരിരക്ഷ 29 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്സ് പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള തുകയിൽ 9% വർദ്ധനവ് രേഖപ്പെടുത്തി. ശരാശരി 561 പൗണ്ട്. വർഷത്തിന്റെ മൂന്നാം പാദത്തിൽ പെയിന്റിന്റെ വില 16 ശതമാനവും സ്പെയർ പാർട്‌സ് വില 11 ശതമാനവും വർദ്ധിച്ചതായി ഇൻഷുറർമാർ റിപ്പോർട്ട് ചെയ്തു.

അറ്റകുറ്റപ്പണികളുടെയും വിതരണ ശൃംഖലകളിലെയും കാലതാമസവും ചെലവേറാൻ കാരണമാകുന്നു. വർദ്ധിച്ചുവരുന്ന പ്രീമിയങ്ങൾ, ഡ്രൈവർമാർക്കും ബിസിനസ്സുകൾക്കും തലവേദനയാകുകയാണ്. മാത്രമല്ല, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെന്ന അപകടസാധ്യതയും ഉണ്ട്. വരാനിരിക്കുന്ന മിനി ബജറ്റിൽ ഇൻഷുറൻസ് പ്രീമിയം നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ സർക്കാരിന് കഴിയുമെന്ന് എബിഐ പറഞ്ഞു.

“വിലയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പോളിസി തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ പ്രീമിയം അടയ്ക്കാൻ നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ, സഹായിക്കാൻ കഴിയുന്ന നിങ്ങളുടെ ഇൻഷുററുമായി സംസാരിക്കുക. ” എബിഐയിലെ ജനറൽ ഇൻഷുറൻസ് പോളിസി ഡയറക്ടർ മെർവിൻ സ്‌കീറ്റ് പറഞ്ഞു. വർദ്ധിച്ച മോട്ടോർ ഇൻഷുറൻസ് പ്രീമിയം കുടുംബങ്ങൾക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ പ്രമുഖ പ്രൈവറ്റ് സ്കൂളായ ഈറ്റൺ കോളേജിലെ മുൻ അധ്യാപകനെതിരെ പീഡന ആരോപണം ഉയർന്നിരിക്കുകയാണ്. കൗമാരക്കാരനായ വിദ്യാർത്ഥിയെ നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയനാക്കി എന്നതാണ് ആരോപണം. മുപ്പത്തിയഞ്ചുകാരനായ ജേക്കബ് ലെലാൻഡിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 2010 മുതൽ 2012 വരെ ഇയാൾ സ്കൂളിൽ ജോലി ചെയ്തിരുന്ന സമയത്ത്, കൗമാരക്കാരനായ വിദ്യാർത്ഥിയെ പതിനാലോളം തവണ പീഡനത്തിനിരയാക്കി എന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. നോർത്ത് ലണ്ടനിലെ കാംഡനിൽ നിന്നുള്ള ലെലാൻഡ് ആധുനിക ഭാഷാ വിഭാഗത്തിലാണ് പഠിപ്പിച്ചിരുന്നത്. ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ നടന്ന ഹിയറിംഗിൽ അദ്ദേഹം കുറ്റം നിഷേധിച്ചു.

ആരോപണം ഉന്നയിച്ച വിദ്യാർത്ഥിയോടൊപ്പം ഈറ്റൺ കോളേജ് നിലകൊള്ളുമെന്ന് അധികൃതർ തങ്ങളുടെ നിലപാട് അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ആണ് കോളേജിന് എപ്പോഴും മുഖ്യമെന്നും അധികൃതർ വ്യക്തമാക്കി. ബ്രിട്ടനിലെ തന്നെ വളരെ പ്രശസ്തമായ ഒരു പ്രൈവറ്റ് സ്കൂളാണ് ഈറ്റൺ കോളേജ്. കേസിൽ കോടതിവിധി ഉടൻ ഉണ്ടാകും.

RECENT POSTS
Copyright © . All rights reserved