ന്യൂസ് ഡെസ്ക് മലയാളം യുകെ
ആറ് വർഷം മുമ്പ് കാണാതായ ബ്രിട്ടീഷ് ബാലനെ കണ്ടെത്തി. ആറ് വർഷം മുമ്പാണ് ഓൾഡ്ഹാമില്‍ നിന്നുള്ള കൗമാരക്കാരനെ കാണാതായത്. ഫ്രാൻസിലെ ടുലൂസിലെ ഒരു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന അലക്സ് ബാറ്റി ഉടൻതന്നെ യുകെയിൽ തിരിച്ചെത്തുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.
2017 മുതലാണ് അലക്സ് ബാറ്റിയെ കാണാതാകുന്നത്. സ്പെയിനിൽ അമ്മയ്ക്കും മുത്തശ്ശനും ഒപ്പം അവധിക്ക് പോയ ശേഷമാണ് കുട്ടിയെ കാണാതായത്. അലക്സിന്റെ തിരോധാനത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയും ആണെന്നാണ് റിപ്പോർട്ടുകൾ .

അലക്‌സിന്റെ അമ്മ മെലാനി ബാറ്റിയും മുത്തച്ഛൻ ഡേവിഡ് ബാറ്റിയും അവനെ മൊറോക്കോയിലെ ഒരു ആത്മീയ സമൂഹത്തോടൊപ്പം താമസിക്കാൻ കൊണ്ടുപോയതായി താൻ വിശ്വസിക്കുന്നതായി 2018-ൽ
അവന്റെ മുത്തശ്ശിയും അവന്റെ നിയമപരമായ രക്ഷാധികാരിയുമായ സൂസൻ കരുവാന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ബുധനാഴ്ച പുലർച്ചെ പൈറനീസിലൂടെ വാഹനമോടിക്കുന്നയാളാണ് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നാല് ദിവസമായി താൻ നടക്കുകയാണെന്നാണ് അലക്സ് വാഹന ഡ്രൈവറായ ഫാബിനോട് പറഞ്ഞത്. സംശയം തോന്നിയ അയാൾ അവന്റെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്തതാണ് കേസിന് വഴിത്തിരിവായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തുടർച്ചയായ മൂന്നാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 ശതമാനമായി നിലനിർത്തി. ഉയർന്ന തോതിൽ നിൽക്കുന്ന പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിനാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്താതിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ (എം പിസി ) ആറുപേർ പലിശ നിരക്കുകൾ മാറ്റരുതെന്ന അഭിപ്രായക്കാരായിരുന്നു. എന്നാൽ മൂന്ന് അംഗങ്ങൾ നിരക്ക് 5.5 % ഉയർത്തണമെന്ന അഭിപ്രായം രേഖപ്പെടുത്തി.
പലിശ നിരക്കുകൾ ഉയർത്തരുതെന്ന് വാദിച്ച അംഗങ്ങൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ മുൻകാല വർദ്ധനവ് പര്യാപ്തമാണെന്ന വാദമാണ് മുന്നോട്ട് വച്ചത്. ജോനാഥൻ ഹാസ്‌കെൽ, കാതറിൻ മാൻ, മേഗൻ ഗ്രീൻ എന്നിവരായിരുന്നു 5.5% വർധിപ്പിക്കണമെന്ന് ആവശ്യപെട്ട അംഗങ്ങൾ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി നിരക്കുകളിൽ മാറ്റം വേണ്ട എന്ന നിലപാട് എടുക്കുന്നവർക്ക് ഒപ്പമായിരുന്നു. ഈ വർഷം പണപ്പെരുപ്പം കുറയുന്നതിന് രാജ്യം ഒട്ടേറെ മുന്നോട്ട് പോയെങ്കിലും ഇനിയും ചില മാറ്റങ്ങൾ വരുത്താനുണ്ടെന്നാണ് പലിശ നിരക്കുകളെ കുറിച്ചുള്ള പ്രസ്താവന നടത്തുന്നതിനിടയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ അഭിപ്രായപ്പെട്ടത്.

2008 നു ശേഷം മാറ്റമില്ലാതെ തുടരുന്ന ഏറ്റവും കൂടിയ പലിശ നിരക്കാണ് നിലവിലുള്ളത്. പലിശ നിരക്കുകൾ ഉയർന്നു നിൽക്കുന്നത് ജനങ്ങളുടെ ശേഷി കുറയുകയും പണപ്പെരുപ്പം കുറയുന്നതും ആണ് ലക്ഷ്യം വയ്ക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ പണപ്പെരുപ്പം 10 ശതമാനമായിരുന്നത് ഒക്ടോബറിൽ 4.6 ശതമാനമായി കുറഞ്ഞിരുന്നു. പണപ്പെരുപ്പം കുറയുന്നതിനുള്ള നടപടികൾ ഫലപ്രാപ്തിയിൽ എത്തുന്നതിൽ രാജ്യം ഒരുപാട് മുന്നോട്ട് പോയതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുകവലിക്കെതിരെ ആഗോളതലത്തിൽ നടക്കുന്ന ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി പുകവലിക്കുന്നവരുടെ എണ്ണം നന്നായി കുറഞ്ഞിരുന്നു. എന്നാൽ പുകവലിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവിൽ വൻ ഇടിവ് ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. മഹാമാരിയുടെ സമയത്ത് മാനസിക സമ്മർദ്ദവും മറ്റും മൂലം കൂടുതൽ ആളുകൾ ഈ ദുശീലത്തിന് അടിമയാകാൻ കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഹാമാരിക്ക് മുമ്പ് വർഷങ്ങളായി പുകവലിയിൽ നിന്ന് പിന്മാറുന്നവരുടെ നിരക്ക് 5.2% ആയിരുന്നു . എന്നാൽ ഈ കണക്കുകൾ 2020 ഏപ്രിലും 2022 ഏപ്രിലിനും ഇടയിൽ 0.3 ശതമാനമായി കുറഞ്ഞതായാണ് കണ്ടെത്തൽ . കൂടുതൽ ചെറുപ്പക്കാർ പുകവലിയിലേയ്ക്ക് തിരിഞ്ഞതാണ് ഇതിന് കാരണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

പുകവലിക്കുന്നവരുടെ നിയമാനുസൃത പ്രായം ഉയർന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ് പുകവലിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർ പ്രധാനമായും ആവശ്യപ്പെടുന്നത്. 101, 960 മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ 2017 ജൂണിൽ 16.2% പുകവലിച്ചതായി ആണ് കണ്ടെത്തിയത്.
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ പുകവലി വിരുദ്ധ പ്രോഗ്രാം സർക്കാർ ശക്തമാക്കണമെന്ന അഭിപ്രായം ആണ് രേഖപ്പെടുത്തുന്നത്. ക്യാൻസർ റിസർച്ച് യുകെയുടെ ധനസഹായത്തോടെയാണ് ഗവേഷണം നടന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് വെയിൽസിലെ ഇൻഡസ്ട്രി എസ്റ്റേറ്റിൽ സ്ഫോടനത്തെയും തീപിടുത്തത്തെയും തുടർന്ന് ഒരാളെ കാണാതായി. റോണ്ട സൈനോൺ ടാഫിലെ ട്രെഫോറസ്റ്റ് ഇൻഡസ്ട്രി എസ്റ്റേറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. ദൃക്സാക്ഷികൾ പറയുന്നത് അനുസരിച്ച് തീ ഇപ്പോഴും പടർന്നു പിടിക്കുകയാണ്.

15 ലധികം പോലീസ് വാഹനങ്ങളും 10 ആംബുലൻസും ഒട്ടേറെ ഫയർ എൻജിനുകളും സംഭവസ്ഥലത്ത് തീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ ആശുപത്രികൾക്ക് ഉയർന്ന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വലിയ പുകപടലങ്ങളും തീജ്വാലയും കത്തി നശിച്ച ഒരു കെട്ടിടത്തിന്റെ ചിത്രങ്ങളും സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇൻഡസ്ട്രി എസ്റ്റേറ്റ് ചുറ്റുമുള്ള റോഡുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആവശ്യമുള്ളവർ മാത്രമേ എ ആന്റ് ഇ യുടെ സേവനം പ്രയോജനപ്പെടുത്താവുള്ളൂ എന്ന മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിലെ പ്രോപ്പർട്ടിക്ക് ഏറ്റവും വിലകൂടിയ സ്ഥലങ്ങളിലൊന്നാണ് ലണ്ടൻ . ലണ്ടനിലെ തന്നെ ഏറ്റവും വിലകൂടിയ വീട് സ്വന്തമാക്കി വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ . സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായ അഡാർ പൂനവാലയാണ് ആ കോടീശ്വരൻ. കോവിഡ് പടർന്ന് പിടിച്ച സമയത്ത് പ്രതിരോധ വാക്സിൻ വിപണിയിലിറക്കി സെറം ഇൻസ്റ്റ്യൂട്ട് ഓഫ് വാക്സിൻ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. 138 മില്യൺ പൗണ്ട് വിലാമതിക്കുന്ന മേഫെയർ ബംഗ്ലാവാണ് പൂനാവാല സ്വന്തമാക്കിയത്. 25000 സ്ക്വയർഫീറ്റ് വരുന്ന ബംഗ്ലാവ് ലണ്ടൻ ഹെഡ് പാർക്കിന് സമീപത്താണ് . പോളണ്ടിലെ ഏറ്റവും ധനികനായി അറിയപ്പെടുന്ന ജാൻ കുൻസികി ആണ് നിലവിൽ മേഫെയറിന്റെ ഉടമ.

ഇന്ത്യൻ കമ്പനിയായ സെറാം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ യുകെയിലെ അനുബന്ധ കമ്പനിയായ സെറം ലൈഫ് സയൻസാണ് ബംഗ്ലാവ് ഏറ്റെടുക്കുന്നത് . പൂനാവാലയുടെ കുടുംബം യുകെയിൽ എത്തുമ്പോൾ താമസിക്കാനാണ് ഈ ഭവനം വാങ്ങിയിരിക്കുന്നത്. നേരത്തെ ശതകോടികൾ മുടക്കി വാക്സിൻ റിസർച്ച് നിർമ്മാണ യൂണിറ്റുകൾക്കുള്ള നിക്ഷേപങ്ങളും സെറം ഇൻസ്റ്റ്യൂട്ട് ബ്രിട്ടനിൽ നടത്തിയിരുന്നു. 2011-ലാണ് അഡാർ പൂനാവാല പിതാവിൽ നിന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വം ഏറ്റെടുത്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉയർന്ന പലിശാനിരക്കിനും കാലാവസ്ഥയ്ക്കും പിന്നാലെ യുകെയുടെ സമ്പദ്‌വ്യവസ്ഥ ഒക്ടോബറിൽ പ്രതീക്ഷിച്ചതിലും ചുരുങ്ങിയതായി റിപ്പോർട്ട്. സെപ്റ്റംബറിലെ 0.2% വളർച്ചയ്ക്ക് ശേഷം സമ്പദ്‌വ്യവസ്ഥ ഒക്ടോബർ മാസത്തിൽ 0.3% ആണ് ഇടിഞ്ഞത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം നേരിടുന്നതിൻെറ ഭാഗമായി നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഒക്ടോബറിൽ യുകെയിൽ ആഞ്ഞടിച്ച ബാബറ്റ് കൊടുങ്കാറ്റും ടൂറിസം ഉൾപ്പെടെയുള്ള മേഖലയിൽ കനത്ത ആഘാതമാണ് നൽകിയത്.

സമ്പദ്‌വ്യവസ്ഥ 0.1% ചുരുങ്ങുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നു. എന്നാൽ സർവീസസുകളെയും നിർമ്മാണ മേഖലകളെയും ഇത് ബാധിച്ചതോടെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും ചുരുങ്ങി. നിലവിൽ യുകെ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലാണ്. 2025 ജനുവരി വരെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല അപ്പോഴേക്കും പൊതു തിരഞ്ഞെടുപ്പിനുള്ള സമയം ആകും.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ പാദത്തെ അപേക്ഷിച്ച് ഒക്ടോബർ വരെയുള്ള മൂന്ന് മാസങ്ങളിലെ യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ വല്യ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഐടി, നിയമ, ചലച്ചിത്ര നിർമ്മാണ മേഖലകളിൽ ഉണ്ടായ ഇടിവാണ് ഒക്ടോബറിലെ തകർച്ചയുടെ പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നെന്ന് ഒഎൻഎസ് റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സെപ്തംബർ വരെ തുടർച്ചയായി 14 തവണ പലിശനിരക്ക് ഉയർത്തിയിരുന്നു. ഈ നീക്കം പണപ്പെരുപ്പം കുറയ്ക്കുമെങ്കിലും, സാമ്പത്തിക വളർച്ചയെ വളരെ മോശമായി തന്നെ ബാധിച്ചിട്ടുണ്ട്. നിലവിലെ പലിശനിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25% ആണ്. കുറച്ച് നാളത്തേക്ക് ഇത് നിലനിൽക്കുമെന്നാണ് നിഗമനം
ന്യൂസ് ഡെസ്ക് മലയാളം യുകെ
യൂറോപ്പിലെ തന്നെ ആദ്യത്തെ ലൈവ് പേഷ്യന്റ് ടു പേഷ്യന്റ് ലെഗ് വെയ്ൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ഇംഗ്ലണ്ടിലെ കിങ്‌സ് ആശുപത്രി. ഈ ചരിത്രനേട്ടത്തിൽ മൂന്ന് മലയാളി നേഴ്‌സുമാരുടെ കൈയൊപ്പ് ഉണ്ടെന്ന്! നമുക്ക് അഭിമാനിക്കാം. മിനിജ ജോസഫ്, സോണിമോൾ ജോയ്, ഷൈനി വർഗീസ് എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്ത മലയാളി നേഴ്സുമാർ. വാസ്കുലർ സർജൻ ഹാനി സ്ലിം ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. തിയേറ്റർ ടീമിനെ നയിച്ചത് മലയാളിയായ മിനിജ ജോസഫ് ആണ്. സോണിമോൾ ജോയ് കാർഡിയോവാസ്കുലർ തീയറ്റർ കോർഡിനേറ്ററാണ്. ഷൈനി വർഗീസ് കാർഡിയോവാസ്‌കുലാർ തീയറ്റർ ടീം ലീഡറാണ്.

നവംബർ 27 -നാണ് സഹോദരൻമാരായ ജുബ്രിലും ഗഫാർ ലാവലും സങ്കീർണ്ണമായ കാലിലെ ധമനികളുടെ മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. സഹോദരന്മാരിൽ ജുബ്രിലിൻെറ കാൽ മുറിച്ച് മാറ്റുന്നത് തടയുന്നതിനായി മറ്റയാൾ കാലിലെ വെയ്ൻ ദാനം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരങ്ങൾ സുഖം പ്രാപിച്ച് വരുന്നു.

എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് മലയാളികൾക്ക് അഭിമാനമായി ഈ മാലാഖമാർ ഇടം പിടിച്ചത്. മിനിമലി ഇൻവേസിവ് കീഹോൾ സർജറി ഉപയോഗിച്ച് സംഘം ഗഫാറിന്റെ കാലിൽ നിന്ന് വെയ്ൻ മാറ്റി സഹോദരൻെറ കാലിൽ ചേർക്കുകയാണ് ചെയ്തത്. ജുബ്രിലിന് ഇസ്കെമിയ എന്ന രോഗാവസ്ഥയാണ് ഉണ്ടായിരുന്നത്. ഇത് ശരീരത്തിലെ രക്തപ്രവാഹം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു അവസ്ഥയാണ്. രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പരാജയപ്പെട്ടതിനെത്തുടർന്ന്, ജുബ്രിലിനെ അടിയന്തിരമായി കിംഗ്സ് കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെയ്ൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രധാനമന്ത്രി ഋഷി സുനക് റുവാണ്ട ബില്ലിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് നേരിട്ട ഭീഷണിയുടെ ആദ്യ കടമ്പ കടന്നു. ഇന്നലെ നടന്ന ചർച്ചയിൽ ടോറി എംപിമാരാരും എതിർത്ത് വോട്ട് ചെയ്തില്ല. എന്നിരുന്നാലും പാർട്ടിയിലെ വലതുപക്ഷമായ വിമതർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ബില്ല് കൂടുതൽ കർശനമാക്കണമെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി വിലയിരുത്തുമെന്ന പ്രശ്നമാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള നിയമനിർമ്മാണത്തെ ശക്തമായി എതിർക്കുമെന്ന് ഭരണപക്ഷത്തെ നല്ലൊരു ശതമാനം എംപിമാരും വ്യക്തമാക്കിയിട്ടുണ്ട്.

അഭയാർത്ഥികളെ റുവാണ്ടയിലേയ്ക്ക് അയക്കാനുള്ള സർക്കാരിൻറെ പദ്ധതി പുനരുജീവിപ്പിക്കുന്നതിനാണ് അടിയന്തിര നിയമ നിർമാണം നടക്കുന്നത്. ചെറിയ ബോട്ടുകളിൽ ചാനൽ കടന്ന് യുകെയിൽ എത്തുന്നതിൽ നിന്ന് കുടിയേറ്റക്കാരെ തടയുന്നതിനാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. വലതുപക്ഷത്തെ ചില ടോറി എംപിമാർ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഒടുവിൽ പ്രതിപക്ഷ എംപിമാർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ബിൽ 269 നെതിരെ 313 വോട്ടുകൾക്ക് പാസായി . ബില്ലിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച രാജിവച്ച ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് ഉൾപ്പെടെ 37 ടോറി എം പി മാരും മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും വോട്ട് രേഖപ്പെടുത്തിയില്ല.

പല എംപിമാരും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നിൽ പിന്നീട് ഭേദഗതികൾ ബില്ലിൽ വരുമെന്ന ഉറപ്പാണെന്നാണ് പിന്നാമ്പുറ സംസാരം. കഴിഞ്ഞ മാസം റുവാണ്ടയിലേക്ക് അഭയാർത്ഥികളെ അയക്കുന്ന യുകെയുടെ നടപടി നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അതിനെ മറികടക്കാനാണ് അടിയന്തിര നിയമനിർമ്മാണം ആവശ്യമായി വന്നിരിക്കുന്നത് .മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ലേബർ പാർട്ടി എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്തു. അടുത്ത തിരഞ്ഞെടുപ്പ് വിജയിച്ചാൽ റുവാണ്ട പദ്ധതി ഉപേക്ഷിക്കണമെന്നാണ് ലേബർ പാർട്ടിയുടെ നിലപാട് .നിലവിൽ അവതരിപ്പിച്ചിരിക്കുന്ന ബിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ കോടതികളുടെ ഇടപെടൽ തടയാൻ അപര്യാപ്തമാണെന്നാണ് വിമതപക്ഷത്തിന്റെ വാദം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഉപഭോക്താക്കളെ ദ്രോഹിക്കുന്ന പണപ്പെരുപ്പം മൂലമുള്ള വിലനിർണയം അവസാനിപ്പിക്കാനുള്ള ഓഫ്കോം റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനം മൊബൈൽ ഓപ്പറേറ്റർമാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ തീരുമാനത്തോട് മൊബൈൽ ഓപ്പറേറ്റർമാരുടെ മൂല്യത്തിൽ ഏകദേശം 1 ബില്യൺ പൗണ്ടോളം കുറവ് അനുഭവപ്പെട്ടിരിക്കുകയാണ്. കൺസ്യുമർ പ്രൈസ് ഇൻഡെക്സ് (സി പി ഐ ) പോലുള്ള സങ്കീർണമായ പദങ്ങൾക്ക് പകരം, ഉപഭോക്താക്കളുടെ കരാറിൽ വിൽപ്പന സമയത്ത് എല്ലാ വിലയും പൗണ്ടിൽ വളരെ സുതാര്യമായി തന്നെ രേഖപ്പെടുത്തണമെന്ന് പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ഓഫ്കോം അറിയിച്ചു. നാണയപ്പെരുപ്പവുമായി ബന്ധപ്പെട്ട മിഡ്-കോൺട്രാക്‌ട് വിലക്കയറ്റ നിബന്ധനകൾ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും ഓഫ്കോം പറഞ്ഞു.

എന്നാൽ ഓഫ്കോമിന്റെ ഈ തീരുമാനം മൊബൈൽ ഓപ്പറേറ്റർമാരെ സാരമായി ബാധിച്ചിട്ടുണ്ട്. രാവിലെ വിപണിയിൽ ഇഇ ഉടമസ്ഥതയിലുള്ള ബിടിയുടെ ഓഹരികൾ 3.4 ശതമാനവും, വോഡഫോൺ ഓഹരികൾ 1.1ശതമാനവും , O2 ഉടമസ്ഥതയിലുള്ള ടെലിഫോണിക്കയുടെ ഓഹരികൾ 2 ശതമാനവും ഇടിഞ്ഞു. ഭൂരിഭാഗം മൊബൈൽ, ബ്രോഡ്‌ബാൻഡ് ദാതാക്കളും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വിലനിർണ്ണയ സംവിധാനങ്ങൾ കരാറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് മൂലം, കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതൽ യുകെയിൽ കണ്ട ഉയർന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ചില കരാറുകൾക്ക് രണ്ട് വർഷം മുമ്പ് ചെയ്തതിനേക്കാൾ 30% കൂടുതൽ ചിലവ് നിലവിലുണ്ട്.

എന്നാൽ പകുതിയിലധികം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കും പ്രതിമാസം പണമടയ്ക്കുന്ന മൊബൈൽ ഉപഭോക്താക്കൾക്കും സിപിഐ, ആർപിഐ പോലുള്ള പണപ്പെരുപ്പ നിരക്ക് എന്താണെന്ന് അറിയില്ലെന്ന് ഓഫ്‌കോമിന്റെ അന്വേഷണങ്ങൾ കണ്ടെത്തി. ഈ വർഷം ജനുവരി മുതൽ ഒക്‌ടോബർ വരെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് 800 ഓളം പരാതികളാണ് ഓഫ്കോമിനു ലഭിച്ചത്. ഇത് 2021 ൽ ഇതേ കാലയളവിൽ ലഭിച്ച പരാതികളുടെ ഇരട്ടിയിലധികമാണ്.
ജീവിത ചെലവുകൾക്ക് തന്നെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ പ്രതിസന്ധികൾ അടിച്ചേൽപ്പിക്കാതിരിക്കാനാണ് ഓഫ്കോമിന്‍റെ പുതിയ തീരുമാനം. ഒന്നിലധികം വർഷങ്ങളായി ഒരേ മൊബൈൽ കരാറുകളിൽ കുടുങ്ങിക്കിടക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഓപ്പറേറ്റർമാർ ഈടാക്കുന്ന നിരക്കുകളെക്കുറിച്ചുള്ള കൂടുതൽ തീവ്രമായ സൂക്ഷ്മപരിശോധനയ്ക്കിടെയാണ് ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ഓഫ്കോം മനസ്സിലാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്യാൻസർ ബാധിച്ച് അയർലൻഡിൽ മലയാളി നേഴ്സ് ജെസി പോൾ (33) അന്തരിച്ചു. അയർലൻഡിലെ കെറിയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ പോൾ കുര്യന്റെ ഭാര്യയാണ്. ഏഴു വയസ്സുകാരിയായ ഇവ അന്ന പോളാണ് ഏക മകൾ .
രണ്ടുവർഷം മുമ്പാണ് ജോലി കിട്ടി ജെസി പോൾ അയർലൻഡിൽ എത്തുന്നത്. ട്രലിയിലെ ഔർ ലേഡി ഓഫ് ഫാത്തിമ കെയർഹോമിൽ നേഴ്സായിട്ടാണ് ജെസി അയർലൻഡിൽ എത്തിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്സായി രണ്ട് മാസം മുമ്പാണ് ജെസിക്ക് ജോലി ലഭിച്ചത്. നല്ലൊരു ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ജെസിയും കുടുംബവും . അതിനിടയിലാണ് ആ കുടുംബത്തെ തീരാ ദുഃഖത്തിലാഴ്ത്തി മരണം കടന്നെത്തിയത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടുമാസം മുമ്പ് നടത്തിയ പരിശോധനയിൽ ജെസ്സിക്ക് സ്ഥാനാർബുദം സ്ഥിരീകരിക്കുകയായിരുന്നു. ജെസിക്ക് ജോലി ലഭിച്ച ഹോസ്പിറ്റലിൽ തന്നെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ സി. സി. ജോയിയുടെയും ലിസി ജോയിയുടെയും മകളാണ് ജെസി. ജോസി ജോയി ആണ് ഏക സഹോദരൻ . പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി ജെസി ജോലി രാജി വെച്ചിരുന്നു . ഭാര്യയുടെ ചികിത്സയ്ക്കായി പോൾ കുര്യനും അവധിയെടുത്തിരിക്കുകയാണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്. ഇതിനായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ഫണ്ട് ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സംഭാവനകൾ നൽകാം
ജെസി പോളിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.