ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ നടന്നുവരുന്ന ഭീകരാന്തരീക്ഷത്തെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു എൻഎച്ച്എസ് ഡോക്ടർ. ആളുകളെ രക്ഷിക്കേണ്ടതിനു പകരം ഇപ്പോൾ ആരോഗ്യ സംവിധാനങ്ങൾ അവരെ കൊല്ലുകയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അധികം കേസുകൾ ഉണ്ടാകാത്ത വേനൽക്കാല സമയങ്ങളിൽ പോലും എട്ടു മണിക്കൂറുകളോളം ആക്സിഡന്റ് & എമർജൻസിയിൽ ആളുകൾ കാത്തിരിക്കേണ്ട അവസ്ഥ ഭീകരമാണ്.
തന്റെ മുന്നിലെത്തിയ 60 വയസ്സുള്ള ബ്ലഡ് ക്യാൻസർ രോഗിയെ ക്യാൻസർ വാർഡിൽ സ്ഥലം ഇല്ലാത്തതിനാലാണ് ആക്സിഡന്റ്& എമർജൻസിയിലേക്ക് അയച്ചത്. അവരെ സഹായിക്കാനായി തനിക്ക് വേഗത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യങ്ങൾ തന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ എവിടെയും സ്ഥലമില്ല, രോഗികൾ തോളോട് തോൾ ചേർന്ന് കിടക്കേണ്ട അവസ്ഥയാണ് എല്ലാ ഇടങ്ങളിലും ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും നിരാശാജനകമായ അവസ്ഥയിലൂടെ ആണ് എൻഎച്ച്എസ് ആശുപത്രികൾ ഓരോന്നും കടന്നു പോകുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. എൻഎച്ച്എസിൽ നിന്ന് ആളുകൾക്ക് ചികിത്സ ലഭിക്കുമെന്ന ഉറപ്പു പോലും ഇന്നില്ല. ഗുരുതരമായ രോഗം ബാധിച്ചവർ പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യങ്ങളാണ് എൻഎച്ച്എസ് ആശുപത്രികളിൽ ഉള്ളത്. തനിക്ക് ഒരു യുദ്ധ മേഖലയിൽ ജോലി ചെയ്യുന്ന അനുഭവമാണ് ആക്സിഡന്റ് & എമർജൻസിയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നതെന്ന് ഡോക്ടർ തുറന്നു പറഞ്ഞു.
രോഗികളെ പരിശോധിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ആവശ്യത്തിനുള്ള സ്റ്റാഫുകൾ പലയിടങ്ങളിലും ഇല്ല. സ്ഥലപരിമിതികൾ മൂലം പരിശോധന പലപ്പോഴും ഇടനാഴികളിലും കോറിഡോറുകളിലും ആണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചികിത്സകളുടെ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റുകൾ നീണ്ടതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ താങ്ങാൻ പറ്റാവുന്നവർക്ക് പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുകയാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടൻ : കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീർന്നതിനാൽ പ്രതിസന്ധിയിലാവുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു (75) 60,000ത്തോളം രൂപ സാമ്പത്തിക സഹായമായി നടൻ നൽകിയത്. ടൂറിസ്റ്റ് വീസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ചു കഴിഞ്ഞതിനുള്ള പിഴതുക എന്നിവ ഉൾപ്പെടെയുള്ള ചിലവുകൾക്കായി പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ എന്നിവരാണ് തുക കൈമാറിയത്.
2007 മുതൽ പലപ്പോഴായി കൊച്ചി സന്ദർശിക്കുകയും തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കാൻ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്ത പെനിലോപ് കോയുടെ ജീവിതാവസ്ഥ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഭർത്താവിനൊപ്പം 2007ലാണു പെനിലോപ് കൊച്ചിയിൽ എത്തിയത്. പിന്നീട് പല തവണ വന്നു. 2011ലാണ് സ്വന്തം പണം ഉപയോഗിച്ച് തെരുവ് നായ്ക്കൾക്കായി കേന്ദ്രമൊരുക്കിയത്.
ബ്രിട്ടനിലെ വീടു വിറ്റു ലഭിച്ച എട്ടുകോടിയോളം രൂപ കൊച്ചിയിലുള്ള സഹായിയുടെ സുഹൃത്ത് വിശ്വാസമാർജിച്ച് പല തവണയായി തട്ടിയെടുത്തു. പ്രതിമാസം നിശ്ചിത തുക വാഗ്ദാനം ചെയ്തതോടെ ഏഴരക്കോടി രൂപ പെനിലോപ് അക്കൗണ്ട് വഴി ഇയാൾക്കു കൈമാറി. ഇതിനിടയിൽ നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു പെനിലോപിന്റെ അക്കൗണ്ട് മരവിപ്പിച്ചു. പണം കടം വാങ്ങിയയാൾ 8 വർഷമായി തന്നെ കബളിപ്പിക്കുകയാണെന്നാണു പെനിലോപ് കമ്മിഷണർക്കു നൽകിയ പരാതിയിൽ പറയുന്നു. കടം വാങ്ങിയാണ് താമസം. ഭക്ഷണം പോലും കഴിക്കാൻ പണമില്ലെന്നും പെനിലോപ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്.
ലോക്ക് ഡൗൺ കാലയളവിൽ എ ലെവൽ ഫല നിർണ്ണയം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർ തന്നെ നടത്താനുള്ള തീരുമാനം കൂട്ടായ ചർച്ചകൾക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യഘട്ടത്തിൽ ഓൺലൈൻ ക്ലാസുകളിലൂടെ പഠനം നടത്തിയ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും പൊതു പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൊണ്ടുമായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ അന്ന് പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് നേടിയ പല വിദ്യാർത്ഥികൾക്കും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശിച്ച പല യൂണിവേഴ്സിറ്റി കോഴ്സുകളും പൂർത്തീകരിക്കാതെ ഇടയ്ക്ക് വെച്ച് നിർത്തി പോയി എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
കോവിഡ് സമയത്തെ അധ്യാപക മൂല്യനിർണയത്തിന്റെ ആധികാരികതയെ കുറിച്ച് സംശയമുണർത്തുന്നതാണ് പുറത്തുവരുന്ന കണക്കുകൾ . എ ലെവൽ ഗ്രേഡ് നേടി യൂണിവേഴ്സിറ്റികളിൽ പ്രവേശിച്ച 30 ശതമാനം വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കാതെ പുറത്തുപോയത് . 2020 ലും 2021 ലും അധ്യാപകർ നൽകിയ മൂല്യനിർണയത്തിലൂടെ ഉയർന്ന ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിരുന്നു.
2019 -ന് ശേഷം സാധാരണ രീതിയിൽ നടന്ന എ – ലെവൽ പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിദ്യാർത്ഥികളുടെ ഗ്രേഡുകൾ കുറഞ്ഞേക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഗ്രേഡുകൾ വിലയിരുത്തുന്ന രീതി കാരണം ഉയർന്ന ഗ്രേഡുകൾ കിട്ടിയവരുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു . മന്ത്രിയുടെ പ്രസ്താവന കുട്ടികളുടെയും മാതാപിതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. ഗ്രേഡ് ലെവൽ കുറവാണെങ്കിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് യൂണിവേഴ്സിറ്റി പ്രവേശനം ബുദ്ധിമുട്ടിലാകും.
ലണ്ടൻ : പബ്ബിൽ ടേക്ക്എവേ ആയി ഡ്രിങ്ക്സ് കൊണ്ടുപോകാൻ അനുവദിക്കുന്ന നിയമം തുടരാൻ സർക്കാർ. കോവിഡ് നിയമങ്ങൾ പ്രകാരം പബ്ബുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായപ്പോൾ ടേക്ക്എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പാനീയം നൽകാൻ അനുവദിച്ചു. ഈ നിയമം സെപ്റ്റംബർ 30-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇത് 2025 മാർച്ച് വരെ തുടരും. സാമ്പത്തിക തകർച്ചയിൽ നിന്ന് പബ്ബുകളെ രക്ഷിക്കാനുള്ള നീക്കം കൂടിയാണിത്.
20,000-ത്തിലധികം പബ്ബുകൾ സ്വന്തമായുള്ള ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ തീരുമാനത്തെ സ്വാഗതം ചെയ്തു. ദുഷ്കരമായ സമയങ്ങളിൽ പബ്ബുകളെ പിന്തുണയ്ക്കുന്നതിനായി അവതരിപ്പിച്ച നടപടിയാണിത്, ഈ ബിസിനസുകൾ ഇപ്പോഴും വലിയ സമ്മർദ്ദത്തിലാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം.” അവർ പറഞ്ഞു.
വർദ്ധിച്ചുവരുന്ന ചെലവുകൾ ലഘൂകരിക്കുന്നതിന് ഈ നീക്കത്തിലൂടെ പബ്ബുകൾക്ക് അധിക വരുമാന മാർഗം ലഭിക്കുമെന്ന് ഫെഡറേഷൻ ഓഫ് സ്‌മോൾ ബിസിനസ്സ് ദേശീയ അധ്യക്ഷൻ മാർട്ടിൻ മക്‌ടേഗ് പറഞ്ഞു. 2020 ജൂലൈയിൽ കൊണ്ടുവന്ന നിയമ പ്രകാരം, അനുമതിക്കായി പ്രാദേശിക കൗൺസിലിലേക്ക് അപേക്ഷിക്കാതെ തന്നെ ടേക്ക്‌അവേ മദ്യം വിൽക്കാൻ ഓഫ്-പ്രിമൈസ് ലൈസൻസില്ലാത്ത പബ്ബുകളെ അനുവദിക്കുന്നു.
ലണ്ടൻ : സിഗരറ്റ് പായ്ക്കറ്റുകളിൽ പുകവലി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ. ആരോഗ്യവകുപ്പിന്റെ നിർദേശം ആണിത്. കാനഡ, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ഇത് നിലവിലുണ്ട്. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം, യുകെയിൽ ഏകദേശം 76,000 പേർ ഓരോ വർഷവും പുകവലി മൂലം മരിക്കുന്നുണ്ട്. 2021-ൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന് വേണ്ടി നടത്തിയ ഒരു സർവേ പ്രകാരം, യുകെയിലെ ജനസംഖ്യയുടെ 13% പേർക്ക് ഇപ്പോഴും പുകവലി ശീലമുണ്ടെന്ന് പറയപ്പെടുന്നു.
2030 ഓടെ ഇംഗ്ലണ്ടിൽ പുകവലി അവസാനിപ്പിക്കുമെന്നാണ് സർക്കാർതീരുമാനം . നിലവിലെ പുകവലി നിരക്ക് ജനസംഖ്യയുടെ 5% അല്ലെങ്കിൽ അതിൽ താഴെയായി കുറയ്ക്കുകയാണ് ലക്ഷ്യം. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ലാഭിക്കാനാകുന്ന പണത്തെക്കുറിച്ചും ആരോഗ്യത്തെ പറ്റിയുമുള്ള വിവരങ്ങൾ സിഗരറ്റ് പാക്കറ്റുകൾക്കുള്ളിൽ ഉൾപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കൺസൾട്ടേഷൻ ഒക്ടോബർ വരെ നീളും.
പുകവലി ശീലം എൻ എച്ച് എസ്, സമ്പദ്‌വ്യവസ്ഥ, വ്യക്തികൾ എന്നിവർക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. പുകവലി നിരക്ക് കുറയ്ക്കാൻ നടപടിയെടുക്കുന്നതിലൂടെയും 2030-ഓടെ പുകവലി രഹിതമാകാനുള്ള നീക്കത്തിലൂടെയും എൻ എച്ച് എസിന് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്യാമ്പ് സൈറ്റിലെ ടെന്റിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് ഒൻപത് പേർക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ന്യൂഗേലിലെ പെംബ്രോക്ക്ഷയറിലാണ് വാഹനം റോഡിൽ നിന്ന് ക്യാമ്പ് സൈറ്റിലേക്ക് ഇരച്ച് കയറിയത്. കാർ ഒരു കുഴിക്ക് മുകളിലൂടെ പോയതിനെതുടർന്ന് നിയന്ത്രണം വിട്ട് ടെന്റിലേക്കും അവിടെ നിന്നവരുടെ നേർക്കും ഇടിച്ച് കയറുകയായിരുന്നുവെന്ന് ശനിയാഴ്ച നടന്ന അപകടത്തെ കുറിച്ച് ന്യൂഗേൽ ക്യാമ്പ്‌സൈറ്റിന്റെ ഉടമ പറഞ്ഞു. ടെന്റിലുണ്ടായിരുന്ന ഒരു കുഞ്ഞ് കട്ടിലിലായതിനാൽ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച്ച രാത്രി 10:30 ന് കാർ ക്യാമ്പ് സൈറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ കാറിലുണ്ടായിരുന്ന യാത്രക്കാരുമുണ്ടെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പ് സൈറ്റിലെ ടെന്റുകളോട് ചേർന്ന് ഒരു റോഡ് കടന്നുപോകുന്നുണ്ട്. ഈ റോഡിലൂടെ പോയ വാഹനമാണ് നിയന്ത്രണം വിട്ട് ടെന്റുകളിലേക്ക് ഇടിച്ച് കയറിയത്. നിലവിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന് പിന്നാലെ കോസ്റ്റ്ഗാർഡ് റെസ്ക്യൂ ഹെലികോപ്റ്ററിൽ ഒരാളെ കാർഡിഫിലെ വെയിൽസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചതായി വെൽഷ് ആംബുലൻസ് സർവീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് ആറ് ആംബുലൻസുകൾ എത്തി, മറ്റ് അഞ്ച് പേരെ പാരാമെഡിക്കുകൾ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ നാലു പേരെ കാർമാർഥനിലെ ഗ്ലാങ്‌വിലി ജനറൽ ആശുപത്രിയിലേക്കും മറ്റൊരാളെ സ്വാൻസിയിലെ മോറിസ്റ്റൺ ആശുപത്രിയിലേക്കും കൊണ്ടുപോയി.
അവധിക്ക് കേരളത്തിലെത്തി യുകെയിലേയ്ക്ക് മടങ്ങാനിരുന്ന അമ്മയും മകളും രക്ഷപ്പെട്ടത് സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് . കേരളത്തിലെ ഏറ്റുമാനൂരിൽ ആണ് സംഭവം. സ്വകാര്യതയെ മാനിച്ച് മലയാളം യുകെ ന്യൂസ് വ്യക്തി വിവരങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തുന്നില്ല. രാത്രി സിനിമയ്ക്ക് കൊണ്ടു പോകാതിരുന്നതിന് അമ്മയോട് പിണങ്ങി 16 വയസ്സുകാരിയായ യുകെ മലയാളി പെൺകുട്ടി വീട് വിട്ടിറങ്ങിയതാണ് സംഭവപരമ്പരകളുടെ തുടക്കം. താൻ വീടുവിട്ടിറങ്ങിയെന്നും അടിയന്തര സഹായം വേണമെന്നും പെൺകുട്ടി പോലീസിൽ വിളിച്ചുപറഞ്ഞു. പരാതി ലഭിച്ച് മിനിറ്റുകൾക്കകം പെൺകുട്ടിയെയും കൂട്ടി വീട്ടിലെത്തിയ പോലീസ് കണ്ടത് അവശനിലയിലായ അമ്മയെയാണ്.
പെൺകുട്ടി വഴക്കുണ്ടക്കി വീടുവിട്ടിറങ്ങിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിൽ അമ്മ അമിതമായ അളവിൽ ഗുളികകൾ കഴിക്കുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അടുത്തദിവസം യുകെയിലേയ്ക്ക് തിരിച്ചു വരേണ്ടിയിരുന്ന കുടുംബം വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമായിരുന്നു. അൽപം വൈകിയിട്ടുണ്ടെങ്കിൽ അമ്മയുടെ ജീവൻ അപകടത്തിലാകുമായിരുന്ന എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത്.
ഒരാഴ്ച മുമ്പ് മാത്രമാണ് അമ്മയുടെ സഹോദരൻറെ മൃതസംസ്കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ കവൻട്രിയിൽ താമസിക്കുന്ന ജോബി മാത്യുവിന്റെയും സൗമ്യ ജോബിയുടെയും മൂത്തമകളായ ജിസ്മോൾ മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ചത്. കുടുംബം യുകെയിലേയ്ക്ക് അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദുരന്തം വന്നു ഭവിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടനിലെ ബ്ലൂമ്സ്ബറിയിൽ നടന്ന ലെസ്ബിയൻ സ്പീഡ്- ഡേറ്റിംങ് ഇവന്റിൽ ട്രാൻസ്ജെൻഡേഴ്സിനെ അവഗണിച്ചതായും അപമാനിച്ചതായുമുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ചടങ്ങിന്റെ സംഘാടകർ പൂർണ്ണമായി സ്ത്രീകൾ എന്നു കണക്കാക്കുന്നവർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവുവെന്ന് വെബ്സൈറ്റ് വ്യക്തമാക്കിയ നിബന്ധനങ്ങളിൽ വിശദീകരിച്ചിരുന്നു. ഈ ഇവന്റിൽ ഒരു ട്രാൻസ് – യുവതി പങ്കെടുക്കുവാൻ ശ്രമിക്കുകയും എന്നാൽ സംഘടകർ അനുവദിച്ചില്ല എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ ട്രാൻസ്ജെൻഡേഴ്സിനെ അവഗണിക്കുന്ന തരത്തിലുള്ള സമീപനം സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
” നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ദയവായി ഈ പരിപാടിയിലേയ്ക്ക് വരുന്നത് ഒഴിവാക്കുക.. നിങ്ങൾ ഒരു ലെസ്ബിയൻ അല്ല ” എന്നതായിരുന്നു ചടങ്ങിന്റെ സംഘാടകയായ ജെന്നി വാട്സൺ കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് തന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇത്തരത്തിലുള്ള ഒരു പോസ്റ്റിലൂടെ ട്രാൻസ്ഫോബിയ നിലനിർത്തുവാൻ ശ്രമിച്ച വാട്സനെതിരെ ആക്ടിവിസ്റ്റുകൾ പരാതി നൽകി കഴിഞ്ഞു.
മുൻപ് ഇത്തരത്തിലുള്ള ഇവന്റുകൾ നടത്തിയപ്പോൾ ഉണ്ടായ ദുരനുഭവങ്ങളെ തുടർന്നാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയത് എന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. മുൻപൊരിക്കൽ ഈയൊരു ഇവന്റിൽ പങ്കെടുത്ത ഒരു ട്രാൻസ് യുവതി മറ്റൊരു സ്ത്രീയോട് അപമാനകരമായ രീതിയിൽ പെരുമാറാൻ ശ്രമിച്ചതായുള്ള പരാതി ലഭിച്ചതായും സംഘാടകർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം ഒരു ചടങ്ങിൽ ട്രാൻസ്ജെൻഡറുകളെ അവഗണിച്ചു വന്ന പരാതി ഉയർന്നതിനെ, ഇവന്റ് നടന്ന കോളേജ് ആർമ്സ് പബ്ബിന്റെ ഉടമസ്ഥരായ സ്റ്റോൺ ഗേറ്റ് ഗ്രൂപ്പ് അന്വേഷണം നടത്തി വരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുള്ള പഠന വായ്‌പ നിയമങ്ങളിൽ മാറ്റം.വിദ്യാർത്ഥി വായ്പകൾ സാധാരണ ട്യൂഷൻ ഫീസ് അടയ്ക്കാനോ അല്ലെങ്കിൽ ജീവിത ചിലവുകൾക്കോ വേണ്ടിയാണ് നൽകുക. മിക്ക ആളുകൾക്കും ട്യൂഷൻ ഫീസ് അടയ്ക്കാനായി ലോൺ ലഭിക്കാറുണ്ട്. ഇത് വഴി കോഴ്‌സിന്റെ വാർഷിക ചെലവിന് തുല്യമായി പ്രതിവർഷം £9,250 വരെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കും. ജീവിത ചിലവുകൾ ലക്ഷ്യമിട്ട് നൽകുന്ന മെയിൻറനൻസ് ലോൺ താമസം, ഭക്ഷണം, പുസ്തകങ്ങൾ തുടങ്ങിയ ആവശ്യങ്ങളെ ലക്ഷ്യമിട്ട് നൽകുന്ന ഒന്നാണ്. അതിനാൽ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്ന തുക അവരുടെ കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കും. ഇനി നിങ്ങൾക്ക് എന്തെങ്കിലും തലത്തിലുള്ള അംഗവൈകല്യം ഉണ്ടെങ്കിലോ കുട്ടികൾ ഉണ്ടെങ്കിലോ അധിക പണം ലഭിച്ചേക്കാം.
മാതാപിതാക്കളുമായി ബന്ധമില്ലാത്ത ഇരുപത് വയസ്സിന് താഴെ ഉള്ളവർക്ക് “എന്‍സ്‌ട്രെയിൻജഡ് സ്റ്റുഡൻറ്” എന്ന വിഭാഗത്തിൽ ലോണിനായി അപേക്ഷിക്കാം. ഇവിടെ വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുന്നില്ല. യുകെയിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ലോൺ തുക ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഫിനാൻസ് ഇംഗ്ലണ്ട് വെബ്‌സൈറ്റിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് തങ്ങൾക്ക് എത്ര തുക വരെ ലഭിക്കുമെന്ന് അറിയാൻ സാധിക്കും. വെയിൽസിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഫിനാൻസ് വെയിൽസ് വെബ്‌സൈറ്റിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം. സ്കോട്ട് ലൻഡിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് അവാർഡ് ഏജൻസി സ്കോട്ട്ലൻഡും നോർത്തേൺ അയർലൻഡിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഫിനാൻസ് നോർത്തേൺ അയർലണ്ട് എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം.
വായ്പകൾ എടുത്ത ദിവസം മുതൽ പലിശ ഈടാക്കും എന്നാൽ ലോൺ വാങ്ങിയതിന് ശേഷം നിബന്ധനകളും വ്യവസ്ഥകളും മാറാം. ഇംഗ്ലണ്ടിൽ ഈ വർഷം കോഴ്‌സുകൾ ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക്, പലിശ നിരക്ക് സാധാരണയായി പണപ്പെരുപ്പത്തിന്റെ റീട്ടെയിൽ പ്രൈസ് ഇൻഡക്‌സ് (ആർപിഐ) അനുസരിച്ചായിരിക്കും. സെപ്റ്റംബർ മുതൽ ഇത് 7.3 ശതമാനമായി പരിമിതപ്പെടുത്തും. പുതിയ നിയമം അനുസരിച്ച് ഇംഗ്ലണ്ടിൽ ഈ വർഷം മുതൽ യൂണിവേഴ്സിറ്റി പഠനം ആരംഭിക്കുന്നവർ നാൽപത് വർഷത്തോളം വായ്പ തിരിച്ചടയ്ക്കേണ്ടതായി വരും. വെയിൽസിലും സ്കോട്ട് ലൻഡിലും ഇത് 30 വർഷമാണ്, നോർത്തേൺ അയർലൻഡിൽ ഇത് 25 വർഷമാണ്. കോഴ്‌സ് ഇടയ്ക്ക് വച്ച് നിർത്തിയാലും വായ്‌പ തിരിച്ചടയ്ക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേയ്ക്കുള്ള അനധികൃത കുടിയേറ്റ ശ്രമത്തിനിടയിൽ ബോട്ട് മറിഞ്ഞ് 6 പേർക്ക് ദാരുണാന്ത്യം. 5 മുതൽ 10 പേരെ വരെ കാണാതായതായി തീരസേനാ അതോറിറ്റിയുടെ വക്താവ് അറിയിച്ചു. ബ്രിട്ടീഷ് , ഫ്രഞ്ച് കോസ്റ്റ് ഗാർഡുകൾ മുങ്ങിയ ബോട്ടിൽ നിന്ന് 50 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ശക്തമാണ്.
ബോട്ടിൽ അമിതമായി യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ .ഈ ആഴ്ച തന്നെ ഇത് ഏഴാം തവണയാണ് അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് ആളുകളെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കേണ്ടതായി വരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇംഗ്ലീഷ് ചാനൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും തിരക്കേറിയതുമായ ഷിപ്പിംഗ് പാതകളിലൊന്നാണ്. പ്രതിദിനം 600 ടാങ്കുകളും 2000 ഫെറികളുമാണ് ഇതിലൂടെ കടന്നു പോകുന്നത്.
സംഭവങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഈ വർഷം ഓഗസ്റ്റ് 10 വരെ 15816 പേർ ചെറുവള്ളങ്ങളിൽ ചാനൽ കടന്നതായാണ് സർക്കാർ കണക്കുകൾ . കുടിയേറ്റക്കാരെ അധിവസിപ്പിച്ചിരുന്ന ബിബ്ബി സ്റ്റോക്ഹോം ബാർജിന്റെ ചുറ്റുമുള്ള വെള്ളത്തിൽ ലീജിയനല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ചതായുള്ള വാർത്തകൾ ഇന്നലെ പുറത്തുവന്നിരിന്നു . ഡോർസെറ്റിലെ കപ്പലിലുണ്ടായിരുന്ന എല്ലാ കുടിയേറ്റക്കാരെയും മുൻകരുതൽ എന്ന നിലയിൽ അവിടെ നിന്ന് മാറ്റിയതായി ആഭ്യന്തര ഓഫീസ് അറിയിച്ചു