Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

12 വയസ്സുകാരനായ കാലം റൈക്രോഫ്റ്റ് അപകടത്തിൽ മരിച്ച സംഭവത്തിൽ ഒരാളെ പ്രതിചേർത്തു. ലീഡ്സ് സ്വദേശിയായ കാലം റൈക്രോഫ്റ്റ് വെസ്റ്റ് യോർക്ക് ഷെയറിലെ M 62 മോട്ടോർ വേ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച ഉണ്ടായ അപകടത്തിൽ ക്ലെക്ക് ഹീറ്റണിന് സമീപമാണ് കുട്ടിയെ വാഹനം ഇടിച്ചത്.

അപകടകരമായ രീതിയിൽ കുട്ടിയുമായി മോട്ടോർ വേ മുറിച്ചു കടന്നതിന് അറസ്റ്റിലായ 36 വയസ്സുകാരനായ മാത്യു റൈക്രോഫ്റ്റ് ഇന്ന് കോടതിയിൽ ഹാജരാകണം. കുട്ടിയും മാത്യുവും അപകടത്തിന് മുൻപ് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് അറസ്റ്റിലായ ബോൾട്ടൺ സ്വദേശിയായ 47 വയസ്സുകാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി വെസ്റ്റ് യോർക്ക് ഷെയർ പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ അഭിമാന നിമിഷങ്ങളാണിത്. ഉപജീവനമാർഗം തേടി യുകെയിലെത്തിയ മലയാളികൾ പുതിയ വിജയങ്ങൾ വെട്ടിപ്പിടിക്കുമ്പോൾ ഓരോ മലയാളികൾക്കും അഭിമാനിക്കാം . ബാഡ്മിന്റണിൽ ലിയോൺ കിരണിൻ്റെ നേട്ടങ്ങൾ മലയാളം യുകെ ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

ഏറ്റവും മുൻനിര കളിക്കാരുടെ മത്സരമായ അണ്ടർ 13 ഗോൾഡ് കാറ്റഗറിയിൽ ഡബിൾസിലും മിക്സഡ് ഡബിൾസിലും ഒന്നാമനായും സിംഗിൾസിൽ ബ്രോൺസും ലിയോൺ കിരൺ സ്വന്തമാക്കി. ഗോൾഡ്, സിൽവർ , ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇതിൽ ഏറ്റവും മുൻനിര കളിക്കാർ കളിക്കുന്ന ഗോൾഡ് വിഭാഗത്തിൽ തന്നെ ഒന്നാമതെത്തിയതിൽ അഭിമാനമുണ്ടെന്ന് ലിയോൺ കിരൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നേരത്തെ മാർച്ച് 18 -ന് ബക്കിംഗ് ഹാം ഷെയർ മിൽട്ടൺ കെയിൻസിൽ വച്ച് നടന്ന മത്സരത്തിൽ ലിയോൺ ഓൾ ഇംഗ്ലണ്ട് അണ്ടർ 13 ബ്രോൺസ് വിഭാഗത്തിൽ സിംഗിൾസിന് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ നേടി ഏവരെയും അത്ഭുതപ്പെടുത്തിയത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ ഗോൾഡ് വിഭാഗത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതിൽ നിന്ന് വ്യക്തമാകുന്നത് ലിയോൺ ബാഡ്മിൻറൺ കളിയിൽ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നതാണ്.

ലെസ്റ്റർ സെന്റ് പോൾസ് കാത്തലിക്ക് ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ ലിയോണിന് സ്പോർട്സിനോട് പ്രത്യേകിച്ച് ബാഡ്മിന്റനോടുള്ള സ്നേഹം പാരമ്പര്യമായി ലഭിച്ചതാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ ലിയോണിന്റെ പിതാവ് കിരൺ വോളിബോളിൽ ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ടീമായിരുന്ന പാലാ സെൻറ് തോമസ് കോളേജിലെ വോളിബോൾ ടീമിൻറെ നെടുംതൂണ് ആയിരുന്നു. ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ കിരൺ യുകെയിലും, യൂറോപ്പിലുമുള്ള ഒട്ടുമിക്ക വോളിബോൾ ബാഡ്മിൻറൺ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ബാഡ്മിൻറണില് ചൈനയിലെ മുൻ നാഷണൽ ചാമ്പ്യനായിരുന്ന ബില്ലിയുടെയും തമിഴ്നാട് സ്വദേശി ഇമ്മാനുവേലിന്റെയും കീഴിലാണ് ലിയോൺ കിരണിന്റെ പരിശീലനം. ലെസ്റ്റർ ബാഡ്മിൻറൺ ക്ലബ്ബിൻറെ മെമ്പറായ ലിയോണിന്റെ നേട്ടങ്ങൾക്ക് ക്ലബ്ബിൻറെ സജീവ പിന്തുണയുണ്ട്. ലിയോണിന്റെ പിതാവ് കിരൺ ഇടുക്കി, ഉപ്പുതറ ചിറ്റപ്പനാട്ട് കുടുംബാംഗമാണ്. പൂഞ്ഞാർ , പെരിങ്ങുളം നെടുങ്ങനാൽ കുടുംബാംഗമാണ് മാതാവ് ദീപാ മരിയ. സഹോദരൻ റയൺ ജിസിഎസ്സി വിദ്യാർത്ഥിയാണ്

ലണ്ടൻ : അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ മൂന്നിരട്ടിയായി വർധിപ്പിച്ചു സർക്കാർ. അനധികൃത കുടിയേറ്റക്കാരെ ജോലിക്കെടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും £60,000 വരെ പിഴ ചുമത്താം. സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ പ്രകാരം ആണിത്. 2024 തുടക്കം മുതൽ നിയമം പ്രാബല്യത്തിൽ വരും. ചെറിയ ബോട്ടുകൾ വഴിയുള്ള അപകടകരമായ ചാനൽ ക്രോസിംഗുകൾ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു. അനധികൃതമായ ജോലിയും താമസവും നിയമവിരുദ്ധ കുടിയേറ്റത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ് വാദിക്കുന്നു.

അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്നതിനുള്ള പിഴ ആദ്യ കുറ്റത്തിന് 15,000 പൗണ്ടിൽ നിന്ന് 45,000 പൗണ്ടായി ഉയരും. കുറ്റം ആവർത്തിക്കുന്നവർക്ക് £20,000 മുതൽ £60,000 വരെ പിഴ മൂന്നിരട്ടിയായി വർദ്ധിക്കും. അതേസമയം, കുടിയേറ്റക്കാർക്ക് താമസം നൽകുന്നവർക്ക് £1,000 £ 5,000 എന്നിങ്ങനെ £10,000 വരെ പിഴ ചുമത്തും. എത്ര പേർ യുകെയിൽ അനധികൃതമായി താമസിക്കുന്നുവെന്നതിന് ഇതുവരെയും കണക്കില്ല. ഗ്രേറ്റർ ലണ്ടൻ അതോറിറ്റി 2020-ൽ നടത്തിയ ഒരു പഠനം അനുസരിച്ച്, 594,000 – 745,000 രേഖകളില്ലാത്ത ആളുകൾ രാജ്യത്ത് താമസിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം.

2018 മുതൽ, രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിച്ചതിന് തൊഴിലുടമകൾക്ക് ഏകദേശം 4,000 സിവിൽ പെനാൽറ്റികൾ നൽകിയിട്ടുണ്ട്. ഇതിലൂടെ ലഭിച്ച പിഴതുക 74 മില്യൺ പൗണ്ട് വരും. ചാനൽ ക്രോസിങ്ങിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുക എന്നത് നിലവിലെ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ചാനൽ ക്രോസിംഗുകൾ വഴി 45,000-ത്തിലധികം ആളുകൾ യുകെയിൽ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയ പിഴകൾ യഥാർത്ഥത്തിൽ 2016 മുതൽ മൂന്നിൽ രണ്ട് കുറഞ്ഞുവെന്ന് ലേബറിന്റെ ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.

യു കെ :- ചെയ്യാത്ത റേപ്പ് കുറ്റത്തിന് 17 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ആൻട്രു മാൽകിൻസണ്ണിന് സർക്കാർ ഒരു മില്യൻ പൗണ്ട് തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാൽ തനിക്ക് നഷ്ടമായ ജീവിതത്തിന് പകരം വയ്ക്കുവാൻ ഈ തുകയ്ക്ക് സാധിക്കില്ലെന്ന് ആൻട്രു പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. 20 വർഷം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ആൻട്രുവിനു നീതി ലഭിച്ചത്. 2004 ൽ സാൽഫോർഡിൽ നിന്നുള്ള ഒരു യുവതിയെ റേപ്പ് ചെയ്ത കുറ്റത്തിനാണ് ആൻട്രുവിന് ജയിൽ ശിക്ഷ ലഭിച്ചത്. നിരന്തരമായ പോരാട്ടത്തിന് ഒടുവിൽ പുതിയ തെളിവുകൾ മറ്റൊരു പ്രതിയിലേക്ക് വിരൽ ചൂണ്ടിയതിനെ തുടർന്നാണ് ആൻട്രുവിന്റെ കേസ് അപ്പീൽ കോടതിയിലേക്ക് ഈ വർഷം ജനുവരിയിൽ റഫർ ചെയ്യപ്പെട്ടത്. സാൽഫോർഡിലെ ആക്രമണത്തിനും കൊലപാതകശ്രമത്തിനും രണ്ടാഴ്ചയ്ക്ക് ശേഷം ജന്മനാടായ ഗ്രിംസ്ബിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് മാൽകിൻസൺ കുറ്റകൃത്യത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്.


താത്കാലികമായി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ അക്കാലത്ത് കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്നു. 2003-ൽ നടന്ന ഒരു വിചാരണയെത്തുടർന്ന് മാൽകിൻസൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും, കുറഞ്ഞത് ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, താരിഫ് കാലഹരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹം 10 വർഷം കൂടി ജയിൽവാസം അനുഭവിച്ചു. ഈ സമയങ്ങളിലൊക്കെയും തന്നെ താൻ കുറ്റം ചെയ്തതായി അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

താൻ ജയിലിൽ വച്ച് അനുഭവിച്ചതിനും തനിക്ക് നഷ്ടപ്പെട്ട വർഷങ്ങൾക്കും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തുക ഒരിക്കലും പര്യാപ്തമല്ലെന്ന മറുപടിയാണ് ആൻട്രു മുന്നോട്ടുവയ്ക്കുന്നത്. അവർക്ക് എനിക്കുവേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇതൊന്നും ആൻട്രു പ്രതികരിച്ചു. ഇതോടൊപ്പം തന്നെ ജയിലിൽ അധികൃതർക്ക് നൽകേണ്ട തുക ഇനിമുതൽ കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ടവർ നൽകേണ്ടതില്ലെന്ന തീരുമാനവും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

വെസ്റ്റ് യോർക്ക് ഷെയറിലെ M 62 മോട്ടോർ വേയിൽ 12 വയസ്സുള്ള ആൺകുട്ടി വാഹനം ഇടിച്ച് മരണമടഞ്ഞു. ശനിയാഴ്ച ഉണ്ടായ അപകടത്തിൽ ക്ലെക്ക് ഹീറ്റണിന് സമീപമാണ് കുട്ടിയെ വാഹനം ഇടിച്ചത്.

സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവറിനെ കുറിച്ചുള്ള അന്വേഷണം പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് നടത്തിയ തുടരന്വേഷണത്തിൽ രണ്ടുപേർ മോട്ടോർ വേയിലൂടെ നടന്നു പോയതായുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് സംശയത്തിന്റെ പേരിൽ 36കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .നിലവിൽ അയാൾ കസ്റ്റഡിയിലാണ്. അപകടത്തിന് കാരണമായ വാഹനം ഓടിച്ച ഡ്രൈവർ സംഭവസ്ഥലത്ത് നിർത്തുകയോ അപകടത്തെക്കുറിച്ച് പോലീസിൽ അറിയിക്കുകയോ ചെയ്തിട്ടില്ല .

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെന്റിലെ മെയ്ഡ്സ്റ്റോണിൽ താമസിക്കുന്ന ബിബിൻ അനു ദമ്പതികളുടെ മകൾ സെറ മരിയ ബിബിൻ (9) നിര്യാതയായി. പിതാവ് ബിബിനുമായി നാട്ടിൽ എത്തിയ സെറ തലചുറ്റി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് സെറയെ പിന്നീട് പാലായിലെ മാർ സ്ലീവ ആസ്റ്റർ മെഡിസിറ്റിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടന്ന വിദഗ്ദ്ധ പരിശോധനയിൽ ആണ് കുട്ടിയുടെ തലയിലെ ഞരമ്പ് പൊട്ടിയതായി അറിഞ്ഞത്.

ബിബിൻ അനു ദമ്പതികളുടെ ഏക മകളാണ് സെറ. സെറയും കുടുംബവും യുകെയിൽ എത്തിയിട്ട് മൂന്ന് വർഷം മാത്രം ആയിട്ടുള്ളു. മാതാവായ അനുവിന് ലീവ് ലഭിക്കാതിരുന്നതിനാൽ ബിബിനും സെറയും മാത്രമാണ് നാട്ടിലേക്ക് വന്നിരുന്നത്. ബിബിൻ രാമമംഗലം കട്ടയ്ക്കകത്ത് കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ നാളെ ഓഗസ്റ്റ് 7 തിങ്കളാഴ്ച നാലുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂത്ത്യക്ക സെന്റ് ജെയിംസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കും.

സെറ മരിയ ബിബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ കവൻട്രിയിൽ താമസിക്കുന്ന യുകെ മലയാളികളുടെ പതിനഞ്ചുകാരിയായ മകളും. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.

ജിസ്മോൾ യുകെ റഗ്ബി ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. അമ്മയുടെ സഹോദരനായ സജി മാത്യു (51 ) വിൻെറ മൃതസംസ്‌കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയതാണ് ജിസ്മോളും കുടുംബവും. നാളെ യുകെയ്ക്ക് പോകാൻ ഇരിക്കെയാണ് അപകടം. ജിസ്മോൾ കാൽ വഴുതി വീണു വെള്ളത്തിൽ താഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഒഴുക്കിൽ പ്പെടുകയായിരുന്നു. രാവിലെ 11 ഓടെയാണ് അപകടം നടന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.

ജോബി മാത്യു സൗമ്യ ജോബി ദമ്പതികളുടെ മൂത്ത മകളാണ് ജിസ്മോൾ ജോബി. ജുവൽ ജോബി ജോയൽ ജോബി എന്നിവരാണ് സഹോദരങ്ങൾ. ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേന എത്തി രണ്ടു മണിക്കൂറോളം നീണ്ട് തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ജിസ്മോൾ ജോബിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അന്റോണി കൊടുങ്കാറ്റിൽ വലഞ്ഞ് ബ്രിട്ടീഷുകാർ. രാജ്യത്ത് ഇതുവരെ ലഭിച്ചത് 64 മില്ലിമീറ്റർ മഴ. 78 മൈൽ വേഗതയുള്ള കാറ്റാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.. ബ്യൂഫോർട്ട് വിൻഡ് സ്കെയിൽ അനുസരിച്ച്, 73 മൈൽ വേഗതയിൽ കൂടുതൽ വീശുന്ന ഏത് കാറ്റിനെയും ചുഴലിക്കാറ്റായാണ് പരിഗണിക്കുക. ന്യൂനമർദത്തിന്റെ പിന്നാലെ ഉണ്ടായ ചുഴലിക്കാറ്റിൻെറ തീവ്രത മനസിലാക്കിയ മെറ്റ് ഓഫീസ് യെല്ലോ അലെർട്ടിൽ നിന്നും ആംബർ അലെർട്ടിലേക്ക് മുന്നറിയിപ്പുകൾ അപ്‌ഗ്രേഡുചെയ്‌തിരുന്നു. കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നോർത്ത് യോർക്ക്ഷെയറിലെ വിറ്റ്ബിയിൽ കാറുകൾ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. ഇന്ന് മുതൽ കാലാവസ്ഥ സാധാരണ അകാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ താപനില ഉയർന്ന് തന്നെ ഇരിക്കുകയാണ്. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്തെ ചില പ്രദേശങ്ങളിൽ മഴ കാണുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിലവിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ഇന്നലെ രാത്രി 10 മണിക്ക് മെറ്റ് ഓഫീസ് പിൻവലിച്ചു. ഇന്ന് രാജ്യത്തെ ചില ഭാഗങ്ങളിൽ താപനില 22C വരെ ഉയരാൻ സാധ്യത ഉണ്ട്.

നോർത്ത് യോർക്ക്ഷെയറിലെ സ്കാർബറോയിൽ 43 മില്ലിമീറ്റർ മഴ പെയ്തതായി മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകൻ സൈമൺ പാട്രിഡ്ജ് പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് നോർത്ത് യോർക്ക്ഷെയറിൽ നിരവധി ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. അയർലണ്ടിൽ ഉടനീളം നിരവധി പവർ കട്ടുകളും റിപ്പോർട്ട് ചെയ്‌തു. കൗണ്ടി കോർക്കിലെ കാരിഗലൈനിലും ക്രോസ്‌ഷേവനിലും നൂറുകണക്കിന് ആളുകൾക്ക് ശനിയാഴ്ച രാവിലെ വൈദ്യുതി മുടങ്ങിയിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്യൂട്ടീഷ്യനായ എല്ലെ എഡ്വേർഡ്സിനെ വെടിവെച്ചു കൊലപ്പെടുത്തിയ ആൾ നികുതിദായകരുടെ പണത്തിൽ നിന്ന് 75,000 പൗണ്ട് പ്രതിഭാഗം അഭിഭാഷകർക്കായി ചെലവഴിച്ചതായുള്ള വിവരം പുറത്ത്. 14 വയസ്സ് മുതൽ കോണർ ചാപ്മാൻ ചെയ്ത നിരവധി കുറ്റകൃത്യങ്ങൾ നികത്താൻ നിയമസഹായ പേയ്‌മെന്റുകളാണ് ഉപയോഗിച്ചിരുന്നത്. 2021ലെ ക്രിസ്മസ് ദിനത്തിൽ ബംഗൾഡ് ഡ്രൈവ്-ബൈ വെടിവയ്പ്പിൽ 26 കാരിയായ എല്ലെയെ കൊലപ്പെടുത്തിയതിന് ചാപ്‌മാനെ 43 വർഷം ജയിലിൽ കഴിയാൻ കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു.

ഇരുപത്തിമൂന്നുകാരനായ ചാപ്‌മാൻ വിറാലിലെ വാലസെയിലെ ലൈറ്റ്‌ഹൗസ് പബ്ബിന് പുറത്ത് രണ്ട് ഗുണ്ടാ എതിരാളികൾക്ക് നേരെ വെടിവയുതിർക്കുകയായിരുന്നു. കവർച്ച, ആക്രമണം, ആയുധം കൈവശം വയ്ക്കൽ, വാഹന മോഷണം, കൊക്കെയ്ൻ, കഞ്ചാവ് കൈവശം വയ്ക്കൽ എന്നിവ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ ഉണ്ട്.

18-ാം വയസ്സിൽ, മോഷ്ടിച്ച ഓഡിയിൽ വേഗ പരിധിയേക്കാൾ ഇരട്ടി വേഗത്തിൽ വാഹനം ഓടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്‌ത്‌ എട്ട് മാസത്തോളം ലോക്കപ്പിൽ ചാപ്മാൻ കിടന്നിരുന്നു. ചെറുപ്പം മുതൽ കുറ്റകൃത്യങ്ങൾ ചെയ്ത ചാപ്മാന് 20 വയസ്സായപ്പോഴേക്കും 43 കുറ്റങ്ങൾക്ക് 19 ശിക്ഷകൾ ലഭിച്ചു എന്ന് ജഡ്‌ജി ചൂണ്ടി കാട്ടി. ഏകദേശം 40 കേസുകൾക്കായി 74,348 പൗണ്ട് അഭിഭാഷകർ നികുതിയിൽ നിന്ന് ചിലവഴിച്ചതായി വിവരാവകാശ നിയമത്തെ തുടർന്ന് പുറത്ത് വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അവധിക്കാലമാണ്. കുട്ടികളുമായി പുറത്ത് പോയി അടിച്ചുപൊളിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടാവും. എന്നാൽ പലപ്പോഴും ഭാരിച്ച ജീവിത ചെലവാണ് പ്രതിസന്ധി. എന്നാൽ അധികം പണം ചിലവഴിക്കാതെ കുട്ടികളെ സന്തോഷിപ്പിക്കാനുള്ള അനേകം സ്ഥലങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലുമായി ഉണ്ട്. കുട്ടികളുടെ മനം മയക്കുന്ന സ്ഥലങ്ങൾ. അവയിൽ ചിലത് അറിയാം.

1. ലണ്ടനിലെ കാനറി വാർഫിലെ മൾട്ടി-കളർ മിനിഗോൾഫ് കോഴ്‌സ് സൗജന്യമായി ആസ്വദിക്കാം. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ 6 വരെ പ്രവേശനം. വിവരങ്ങൾ : Montgomery Square, Canary Wharf, London; canarywharf.com

2. ദി ഗ്രുഫാലോ, റൂം ഓൺ ദ ബ്രൂം തുടങ്ങിയ കഥകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങളുടെ കുട്ടികൾ. എങ്കിൽ ഈ എക്സിബിഷൻ അവരുടെ മനം കവരും. പ്രവേശനം സൗജന്യം. വിവരങ്ങൾ : The Lowry, The Quays, Salford, Manchester; free; 10/11am-5pm daily; thelowry.com

3. യോർക്കിലെ നാഷണൽ റെയിൽവേ മ്യൂസിയം സൗജന്യമായി സന്ദർശിക്കാം. ആറു വയസിൽ താഴെയുള്ളവർക്ക് മികച്ച കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾ : Leeman Road, York; free; 10am-5pm daily; railwaymuseum.org.uk

4. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ സീഫ്രണ്ട് എയർ ഷോ ഓഗസ്റ്റ് 17 മുതൽ 20 വരെ ഈസ്റ്റ്ബോണിൽ നടക്കും. റെഡ് ആരോസ് ആണ് അവതരിപ്പിക്കുന്നത്. വിവരങ്ങൾ : Eastbourne, East Sussex; free; visiteastbourne.com/airshow

5. നോർത്ത് ലണ്ടനിൽ ഒരു ദിനം നടന്നുകണ്ട് ആസ്വദിക്കാൻ പറ്റിയ മൃഗശാലയാണ് ഗോൾഡേഴ്സ് ഹിൽ പാർക്ക്. കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. വിവരങ്ങൾ : Golders Hill Park, London; free; 7.30am to dusk daily; cityoflondon.gov.uk

6. ഈജിപ്ഷ്യൻ മമ്മികൾ മുതൽ അക്വേറിയം വരെ; ലിവർപൂളിലെ സൗജന്യ വേൾഡ് മ്യൂസിയം കുട്ടികളെ മണിക്കൂറുകളോളം പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്. കുറഞ്ഞ ചെലവിൽ പ്ലാനറ്റോറിയവും ആസ്വദിക്കാം. വിവരങ്ങൾ : William Brown Street, Liverpool; free; 10am-5pm daily; liverpoolmuseums.org.uk

7. യൂറോപ്പിലെ ഏറ്റവും വലിയ അർബൻ ഗ്ലാസ്ഹൗസ് ആയ ഷെഫീൽഡിന്റെ വിന്റർ ഗാർഡനിൽ 2,500 ഓളം സസ്യങ്ങളാണ് ഉള്ളത്. അകത്തളങ്ങളിലെ മരങ്ങൾ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുമെന്ന് ഉറപ്പ്. വിവരങ്ങൾ : Surrey Street, Sheffield; free; 8am-8pm Mon-Sat, 10am-5pm Sun; welcometosheffield.co.uk

8. ആഗസ്റ്റ് 16-17 തീയതികളിൽ നടക്കുന്ന ബ്രിട്ടീഷ് ഫയർവർക്സ് ചാമ്പ്യൻഷിപ്പിൽ ആറ് പൈറോടെക്നിക് കമ്പനികളാണ് പോരാടുന്നത്. അത് കാണാൻ പ്ലിമൗത്ത് ഹോയിലേക്ക് പോകുക. വിവരങ്ങൾ : Plymouth, Devon; free; visitplymouth.co.uk.

9. മാഞ്ചസ്റ്ററിലെ സയൻസ് ആൻഡ് ഇൻഡസ്ട്രി മ്യൂസിയത്തിൽ രസകരമായ നിരവധി കാഴ്ചകൾ കണ്ടറിയാം. വിവരങ്ങൾ : Liverpool Road, Manchester; free; 10am-5pm daily; scienceandindustrymuseum.org.uk

10. ലണ്ടനിലെ ഇംപീരിയൽ വാർ മ്യൂസിയം, സയൻസ് മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയ്‌ക്കൊപ്പം അത്ര അറിയപ്പെടാത്ത നാഷണൽ ആർമി മ്യൂസിയത്തിലേക്കും പോകാം. ഇവിടെ ആർമി യൂണിഫോം ധരിക്കാമെന്നത് പ്രത്യേകതയാണ്. വിവരങ്ങൾ : Royal Hospital Road, Chelsea, London; free; 10am-5.30pm Tue-Sun; nam.ac.uk

RECENT POSTS
Copyright © . All rights reserved