ന്യൂസ് ഡെസ്ക് മലയാളം യുകെ
വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ ഹെയ്തിക്കെതിരെ ഇംഗ്ലണ്ടിന് മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെങ്കിലും വിജയത്തിൽ ടീം പിടിച്ചുനിന്നു. ജോർജിയ സ്റ്റാൻവേയുടെ രണ്ടാം പെനാൽറ്റി കിക്കാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. ഹെയ്തി ഗോൾകീപ്പർ കെർലി തെയസ് പെനാൽറ്റിയുടെ ആദ്യ ശ്രമത്തിൽ നേരത്തെ തന്നെ തന്റെ ലൈനിൽ നിന്ന് മാറിപ്പോയതായി വീഡിയോ അസിസ്റ്റന്റ് റഫറിവിലയിരുത്തിയതിന് പിന്നാലെ രണ്ടാം അവസരം ലഭിക്കുകയായിരുന്നു. 2022 യൂറോയിൽ ഓസ്ട്രിയയ്‌ക്കെതിരായ ഓപ്പണിംഗ് മത്സരത്തിലെ പ്രകടനത്തോടെ സമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നത്തെ കളി.
ലോക റാങ്കിങ്ങിൽ 53-ാം സ്ഥാനക്കാരാണ് ഹെയ്തി. കളിയിൽ ഹെയ്തി നല്ല ഡിഫൻസ് ആണ് കാഴ്ച്ചവച്ചത്. കളിക്കാരിൽ മെൽച്ചി ഡുമോർനെ എന്ന പത്തൊൻപതുകാരിയുടെ പ്രകടനം കാണികളുടെ ശ്രദ്ധ നേടിയിരുന്നു. മെൽച്ചി ഡുമോർനെയുടെ നീക്കങ്ങൾ ഇംഗ്ലണ്ടിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു. അതേസമയം കാൽമുട്ടിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മില്ലി ബ്രൈറ്റ് ബുദ്ധിമുട്ടി.
രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ഇംഗ്ലണ്ടിന് അവസരങ്ങൾ ലഭിച്ചിരുന്നു. ഇംഗ്ലണ്ട് ഗോൾകീപ്പർ മേരി ഇയർപ്‌സ് മികച്ച സേവിങ്ങിലൂടെ റോസ്‌ലിൻ എലോയ്‌സെയ്‌ന്റിന്റെ സ്‌ട്രൈക്ക് ക്ലോസ് റേഞ്ചിൽ നിന്ന് പുറത്താക്കി. ഏറ്റവും ഒടുവിൽ നടന്ന മത്സരങ്ങളിൽ പോർച്ചുഗലിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരെ മോശം പ്രകടനം കാഴ്ച്ചവച്ചതിന് പിന്നാലെയാണ് ടീം ഓസ്‌ട്രേലിയയിലെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വേനൽക്കാല അവധിയ്ക്കായി സ്കൂളുകൾ അടച്ചതിന് തൊട്ടുപിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ തടിച്ചുകൂടിയത് പരിഭ്രാന്തി പരത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സന്നാഹം നിലകൊണ്ടു. അതേസമയം, വിദ്യാർത്ഥികൾ പോലീസിന് നേരെ മുട്ട എറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. മാർക്കറ്റ് സ്ട്രീറ്റിലും പിക്കാഡിലി ഗാർഡനിലും പോലീസുകാർ നിൽക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും കാണാം.
മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ വെച്ച് ഒരാൾ സംഗീതം പ്ലേ ചെയ്യാൻ തുടങ്ങിയെന്നും കുട്ടികൾ തടിച്ചുകൂടിയപ്പോൾ പോലീസ് അദ്ദേഹത്തോട് സംഗീതം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ രോക്ഷം കൊണ്ട വിദ്യാർത്ഥികൾ പോലീസിന് നേരെ തിരിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വിദ്യാർത്ഥികളുടെ ‘പ്രകടനങ്ങൾ’ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വിദ്യാർത്ഥികൾ കൂട്ടംകൂടിയതിനെ തുടർന്ന് മക്ഡൊണാൾഡ് അതിന്റെ ഗേറ്റുകൾ താൽക്കാലികമായി അടയ്ക്കാൻ നിർബന്ധിതരായി. കടയുടമകൾ വാതിലുകൾ പൂട്ടുകയും സെക്യൂരിറ്റി ഗാർഡുകളെ പുറത്തു നിർത്തുകയും ചെയ്തു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് മാഞ്ചസ്റ്റർ കൗൺസിലർ പാറ്റ് കർണി പ്രതികരിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തനിക്ക് 18 വയസ്സായി എട്ടു ദിവസത്തിനു ശേഷമാണ് താൻ ജോലി ചെയ്തിരുന്ന മക്ഡോണാൾഡ്സിലെ ഒരു സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് എലിസബത്ത് എന്ന യുവതി. ഇത്തരത്തിലുള്ള നിരവധി പരാതികളും ആരോപണങ്ങളും മക്ഡോണാൾഡ്സിനെതിരെ ഉയർന്നുവരുന്നതുവരെ താൻ നിശബ്ദയായിരുന്നുവെന്നും, എന്നാൽ ഇത്തരത്തിൽ നിരവധിപേർ മുന്നോട്ടു വന്നപ്പോഴാണ് തനിക്ക് ധൈര്യം ലഭിച്ച് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ തീരുമാനിച്ചതൊന്നും എലിസബത്ത് വ്യക്തമാക്കുന്നു.
പാർട്ട് ടൈം ജോലിയുടെ ഭാഗമായി ആദ്യമായി മക്ഡോണാൾഡ്സിൽ പ്രവർത്തിച്ചപ്പോഴായിരുന്നു തന്നെക്കാൾ ഏറെ പ്രവർത്തി പരിചയം ഉള്ള സഹപ്രവർത്തകൻ തന്നെ ഉപദ്രവിക്കുവാൻ ശ്രമിച്ചതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ ഇതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ നിലനിന്നിരുന്ന സമ്പ്രദായം ഇത്തരത്തിലുള്ള പരാതികൾ അന്വേഷിക്കാനോ, ജീവനക്കാരെ സഹായിക്കാനോ ഒരിക്കലും ശ്രമിച്ചിരുന്നില്ലെന്നും എലിസബത്ത് തുറന്നു വ്യക്തമാക്കുന്നു. എലിസബത്തിനെ പോലെ നിരവധി പേരാണ് ഈ സ്ഥാപനത്തിന് നേരെ തങ്ങളുടെ പരാതികളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൻെറ ഭാഗമായാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ആ സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും മുൻപ് ജോലി ചെയ്തിരുന്നവരുമായ നിരവധി സ്റ്റാഫുകൾ ആണ് തങ്ങൾക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുവാൻ തയ്യാറായത്. 16,17 വയസ്സുകളിൽ പെട്ട നിരവധി പെൺകുട്ടികൾക്ക് പുരുഷന്മാരിൽ നിന്ന് ലൈംഗികപരമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നതായി അവർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വംശീയപരമായ അധിക്ഷേപങ്ങളും ജീവനക്കാർക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. മക്ഡോണാൾഡ്സിലെ എല്ലാ ഔട്ട്ലെറ്റുകളിലെയും മാനേജർമാരും സീനിയർ മാനേജർമാരും ആണ് ഇത്തരത്തിൽ ഒരു സ്ഥിതി തുടരുന്നതിന് കാരണമായതെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കുന്നത്. ഒരു തരത്തിലുള്ള നടപടികളും ഇവരുടെ ഭാഗത്ത് നിന്നും പരാതി ലഭിച്ചാൽ പോലും ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്നും തെറ്റ് സംഭവിച്ചതായി മക്ഡോണാൾഡ് അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസിൻെറ ഭാഗത്തുനിന്നും കൂടുതൽ നടപടികൾ ഉണ്ടാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ബ്രിട്ടനിലെ ജാഗ്വാർ ലാൻഡ് റോവർ ഫാക്ടറികൾക്ക് ആവശ്യമായ ബാറ്ററി ഉൽപ്പാദനത്തിനാണ് പുതിയ തീരുമാനം. പുതിയ ഫാക്ടറിയുടെ നിർമ്മാണം ഹരിത വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ നീക്കത്തെ ആയിരിക്കും അടയാളപ്പെടുത്തുക. 4 ബില്യൺ പൗണ്ട് മുതൽമുടക്കിൽ ഇന്ത്യയ്ക്ക് പുറത്ത് തങ്ങളുടെ ആദ്യത്തെ ജിഗാഫാക്‌ടറി ബ്രിട്ടനിൽ നിർമ്മിക്കുമെന്ന് ടാറ്റ ബുധനാഴ്ച അറിയിച്ചു. പുതിയ ഫാക്ടറി 4,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കും. മണിക്കൂറിൽ 40 ജിഗാവാട്ട് പ്രാരംഭ ഉൽപ്പാദനം ആയിരിക്കും ഇതിന് ഉണ്ടാവുക.
രാജ്യത്തിന് ആവശ്യമായ ഇലക്ട്രിക്ക് വാഹന ഉത്പാദന ശേഷിയ്ക്കുള്ള വഴിയാണിതെന്ന് പ്രധനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററി ജിഗാഫാക്‌ടറികൾ നിർമ്മിക്കുന്നതിൽ ബ്രിട്ടൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിൽ യൂറോപ്യൻ യൂണിയനിൽ ഉടനീളം ഏകദേശം 30-തിലധികം ആസൂത്രണം ചെയ്തതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ ജിഗാഫാക്‌ടറികൾ ഉണ്ട്.
പുതിയ പ്ലാന്റ് തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അതേസമയം ജാഗ്വാർ ലാൻഡ് റോവറിന്റെ യുകെ ഫാക്ടറികൾ മധ്യ ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാമിന് സമീപമാണ്. റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി, ജാഗ്വാർ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള ജെഎൽആറിന്റെ ഭാവി ബാറ്ററി ഇലക്ട്രിക് മോഡലുകൾ വിതരണം ചെയ്യുന്നതിനായി 2026-ൽ തന്നെ ഉത്പാദനം ആരംഭിക്കും. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകളുടെ നിർണായക ഘട്ടത്തിലാണ് ബ്രിട്ടന്റെ പുതിയ പ്രഖ്യാപനം. പദ്ധതി യുകെയോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിയെന്നും സർക്കാരിനോട് നന്ദിപറയുന്നെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ബ്രിട്ടീഷുകാരന് കൊലപതക കുറ്റത്തിൽ നിന്ന് ഇളവ്. 76 കാരനായ ഡേവിഡ് ഹണ്ടറാണ് 2021 ഡിസംബറിൽ സൈപ്രസിലെ വീട്ടിൽ 74 കാരിയായ ജാനിസ് ഹണ്ടറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന് ഹണ്ടറിനെതിരെ നരഹത്യയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. നോർത്തംബർലാൻഡിലെ ആഷിംഗ്ടണിൽ നിന്നുള്ള മുൻ ഖനിത്തൊഴിലാളിയായ ഇയാൾ ബ്ലഡ് ക്യാൻസർ ബാധിച്ച തൻെറ ഭാര്യയുടെ ദുരിതം അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന മാനിച്ചാണ് കൊലപതാകം നടത്തിയതെന്ന് പറഞ്ഞു. ഡേവിഡിൻെറ ശിക്ഷാ വിധി ജൂലൈ 27നാണ്.
ഗുരുതര രോഗാവസ്ഥയിൽ ആയിരുന്ന ഹണ്ടറിൻെറ ഭാര്യയുടെ വേദന അവസാനിപ്പിക്കാൻ ശ്രമിച്ച ഇയാൾ നടത്തിയത് അസ്സിസ്റ്റഡ് സൂയിസൈഡ് ആണെന്ന് ഹണ്ടറിൻെറ അഭിഭാഷകൻ വാദിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം കൊലപതാകം നടത്തിയ ഇയാൾ പിന്നീട് സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതി വിധി തങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും തൻെറ കക്ഷിയുടെ ശിക്ഷ സസ്പെൻഡ് ചെയ്‌ത് ഹണ്ടറിന് യുകെയിലുള്ള തൻെറ മകളോടൊപ്പം ജീവിക്കാനും സാധിക്കുമെന്ന് ഡേവിഡ് ഹണ്ടറിൻെറ അഭിഭാഷകൻ മൈക്കൽ പോളക്ക് പറഞ്ഞു.
ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപതാകം ആയിരുന്നില്ല. തൻെറ ഭാര്യയെ സഹായിക്കുക മാത്രമാണ് ഡേവിഡ് ചെയ്‌തത്. ഡേവിഡും ജാനിസും വിവാഹിതരായിട്ട് 50 വർഷത്തിൽ ഏറെയായി. കൊലപാതകം നടന്ന ദിവസം രാവിലെ തൻെറ ജീവൻ അവസാനിപ്പിക്കണമെന്ന് ജാനിസ് ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. ഡേവിഡിനെ പിന്തുണച്ച് കൊണ്ട് ദമ്പതികളുടെ മകൾ ലെസ്ലി കാതോർൺ രംഗത്ത് വന്നു. തൻെറ പിതാവിൻെറ നിരപരാധിത്വം തെളിയിക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് ലെസ്ലി.
വൈ. ഷെറിൻ , മലയാളം യുകെ ന്യൂസ് ടീം
കോട്ടയം : ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ ജനനായകൻ മണ്ണിലേക്ക് മടങ്ങി. “ഇല്ല ഇല്ല മരിക്കുന്നില്ല.. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല..ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ” എന്ന് ആയിരങ്ങൾ ഏറ്റുചൊല്ലി. ഔദ്യോഗിക ബഹുമതികൾ ഏതുമില്ലാതെ ജനകീയ ബഹുമതികൾ ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി യാത്രയാകുമ്പോൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരദ്ധ്യായം കൂടി അടയുകയാണ്. അടരുവാൻ വയ്യാതെ ജനലക്ഷങ്ങളാണ് പുതുപ്പള്ളി പള്ളിയിൽ തടിച്ചുകൂടിയത്. അതേ, ഉമ്മൻ ചാണ്ടി ഇനി ദീപ്തസ്മരണ.
അതിവൈകാരിക യാത്രയയപ്പ്
രാത്രി 12 ഓടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കി. പ്രത്യേക കല്ലറയിൽ മൃതദേഹം സംസ്കരിച്ചു. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്കു ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു. വിലാപഗാനങ്ങളും മുദ്രാവാക്യങ്ങളും തളംകെട്ടി നിന്ന അന്തരീക്ഷത്തിൽ ആയിരങ്ങളാണ് തങ്ങളുടെ ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ, ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ അനുഗമിച്ചു. 20 മെത്രാപ്പോലീത്തമാരും നൂറോളം വൈദികരും പങ്കെടുത്ത സംസ്കാര ശുശ്രൂഷയിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ ശുശ്രൂഷയിൽ പങ്കെടുത്തു.
അശ്രുപൂജയർപ്പിച്ച് ആയിരങ്ങൾ
വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം, വൈകിട്ട് ആറേകാലോടെ ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി. രാപകലില്ലാതെ കാത്തുകാത്തുനിന്ന പ്രിയപ്പെട്ടവർ കണ്ണീർ പൊഴിച്ചു. ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു. രാഹുലിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരുമടക്കം പ്രമുഖരുടെ നീണ്ടനിര അന്ത്യോപചാരം അര്‍പ്പിക്കാന്‍ പള്ളിയിലെത്തി.
ഒ.സി ഇനി ഉറങ്ങട്ടെ
ഒരു മനുഷ്യനെ ഇത്രമേൽ സ്നേഹിക്കാൻ എങ്ങനെ കഴിയും? വെയിലും മഴയും ഏറ്റ് ഒരാൾക്ക് വേണ്ടി സമയം നോക്കാതെ കാത്തു നിൽക്കാൻ മലയാളി പഠിച്ചത് എന്നാണ്.. അത് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ആവുമ്പോൾ സമയം അപ്രസക്തം ആവും. മലയാളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് ഒ.സി മടങ്ങുന്നത്. കാലം രണ്ടായി പിരിയും; ഉമ്മൻ ചാണ്ടിക്ക് മുമ്പും ശേഷവുമെന്ന നിലയിൽ. പുതുപ്പള്ളിയിൽ തുടങ്ങി പുതുപ്പള്ളിയിൽ ഒടുങ്ങി ജനലക്ഷങ്ങളിലേക്ക് പടർന്നു കയറിയ ഉമ്മൻ ചാണ്ടിയുടെ കല്ലറ സ്നേഹപൂക്കളാൽ നിറഞ്ഞു. വിശ്രമിച്ചാൽ ക്ഷീണിച്ചുപോകുന്ന മനുഷ്യൻ ഇനി ഉറങ്ങട്ടെ.
ആരോ എഴുതി വെച്ച പോലെ “ഉമ്മൻ ചാണ്ടി സ്വർഗ്ഗത്തിലെത്തുമ്പോൾ കർത്താവ് അവിടെ കാത്തുനിൽക്കുന്നുണ്ടാവും; ഉമ്മൻ ചാണ്ടിയെ കണ്ട് ഒരു പരാതി പരിഹരിക്കാൻ…” വിട… മനുഷ്യസ്നേഹിയായ മഹാമനുഷ്യന്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ പൊതുമേഖലാ വേതന വർധനവ് നേരിടുന്നതിനായി മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിസാ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസിൽ വർദ്ധനവ്. പുതിയ തീരുമാനം പങ്കുവച്ച് പ്രധാനമന്ത്രി ഋഷി സുനക്. അധ്യാപകർ, പോലീസ്, ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിലാളികളുടെ വേതന വർദ്ധനവ് പരിഗണിക്കുന്നതിന് മുന്നോടിയായാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുമ്പോൾ സാധാരണ ഫീസുകളിൽ നിന്ന് 5 മുതൽ 7 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും.
പൊതുമേഖലാ തൊഴിലാളികൾക്ക് കൂടുതൽ ശമ്പളം നൽകുന്നതിന് ഞങ്ങൾ മുൻഗണന നൽകുകയാണെങ്കിൽ, ആ പണം മറ്റേതെങ്കിലും വഴികളിലൂടെ സർക്കാരിന് ലഭിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ നികുതി വർധിപ്പിക്കാൻ താൻ തയ്യാറല്ലെന്നും കൂടുതൽ കടം വാങ്ങുന്നത് പണപ്പെരുപ്പം കൂടുതൽ വഷളാക്കും എന്നതിനാലുമാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് ഋഷി സുനക് കൂട്ടിച്ചേർത്തു. അതിനായി രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാർക്കുള്ള ചാർജുകൾ അതായത് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് (IHS) വർധിപ്പിക്കുമെന്ന് സുനക് പറഞ്ഞു. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ അടുത്ത വർഷങ്ങളിൽ ഒന്നും തന്നെ വർദ്ധന ഉണ്ടാകാതിരുന്നതിനാൽ പുതിയ തീരുമാനം ഉചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ പൊതുമേഖലാ ശമ്പളത്തെ ചൊല്ലിയുള്ള തർക്കങ്ങളുടെ കടുത്ത സമ്മർദം ഋഷി സുനകിൻെറ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി നേരിടുന്നുണ്ട്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം നിരവധി തവണ സ്കൂളുകളിലും ആശുപത്രികളിലും പണിമുടക്കുകൾ നടന്നിരുന്നു. 35 ശതമാനം വേതന വർദ്ധനയ്ക്കുള്ള തങ്ങളുടെ ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ നിലവിൽ അഞ്ചു ദിവസത്തെ പണിമുടക്കിലാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ പല സ്ഥലങ്ങളിലും കുട്ടികൾ പല്ലുവേദനയുമായി ചികിത്സ കിട്ടാതെ കാത്തിരിക്കേണ്ടതായി വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ശരാശരി ദന്തരോഗ വിദഗ്ധനെ കാണാനായി 18 മാസം വരെ കാത്തിരിപ്പു സമയം അധികരിച്ചതായാണ് കണ്ടെത്തൽ . വേദന സഹിച്ച് മൂന്നുവർഷമായി ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ അനുഭവം മാതാപിതാക്കൾ ബിബിസി ന്യൂസുമായി പങ്കുവച്ചു.
ഈ വർഷത്തിന്റെ തുടക്കത്തിൽ 18 വയസ്സിന് താഴെയുള്ള 12,000 -ത്തിലധികം പേരാണ് കമ്മ്യൂണിറ്റി ഡെന്റൽ സർവീസ് ചികിത്സയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. സാധാരണ ജിപിയുടെ അടുത്ത് ചികിത്സിക്കാൻ കഴിയാത്ത ഗുരുതരമായ ദന്തരോഗ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് കമ്മ്യൂണിറ്റി ഡെന്റൽ സർവീസിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് . ഹാരോഗേറ്റ് ആൻഡ് ഡിസ്ട്രിക്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ വിദഗ്ധ സേവനം ലഭിക്കുന്നതിന് 80 ആഴ്ച വരെ കാത്തിരിക്കേണ്ടി വന്നതായുള്ള കണ്ടെത്തൽ എൻഎച്ച്എസിലെ അധികരിക്കുന്ന കാത്തിരിപ്പ് സമയത്തെക്കുറിച്ച് വെളിച്ചം വീശുന്നതാണ്.
എന്നാൽ ചില സ്ഥലങ്ങളിൽ കാത്തിരിപ്പ് സമയം വളരെ കുറവാണ്. മേഴ്സി കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഇത് വെറും മൂന്ന് ആഴ്ചകൾ മാത്രമാണ്. എൻ എച്ച്സിലെ കാത്തിരിപ്പ് സമയത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും ആശാവഹമല്ല. എസെക്സിലെ സോവർകോർട്ടിൽ നിന്നുള്ള 8 വയസ്സുകാരി തൻറെ മോശം പല്ലുകൾ നീക്കം ചെയ്യുന്നതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു വർഷമായി. മകൾ എല്ലാ ദിവസവും രാത്രിയിൽ അനുഭവിക്കുന്ന വേദന തങ്ങളുടെ തീരാ നൊമ്പരമാണെന്ന് എല്ലയുടെ പിതാവ് ചാർളി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സ ലഭിക്കാത്തതിനാൽ പല്ലുവേദനയുമായി സ്കൂളുകളിൽ എത്തുന്ന പല വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് മെയ്ബറി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപിക ആലിസർ ഗ്രന്‌ഥം അഭിപ്രായപ്പെട്ടു
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ മൈഗ്രേഷൻ സംവിധാനത്തെ ദുരുപയോഗപെടുത്തുന്നത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ യുകെ വിസ ആവശ്യകതകൾ ശക്തമാക്കുന്നു. മൈഗ്രേഷൻ, അതിർത്തി സുരക്ഷാ കാരണങ്ങൾ എന്നിവ കണക്കിലെടുത്ത് ഡൊമിനിക്ക, ഹോണ്ടുറാസ്, നമീബിയ, തിമോർ-ലെസ്റ്റെ, വാനുവാട്ടു എന്നീ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസ നിർബന്ധമാക്കിയിരിക്കുകയാണ് യുകെ. എന്നാൽ പുതിയ നടപടി ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ സ്വാധീനിക്കില്ല എന്നും ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു. ബുധനാഴ്ച എംപിമാർക്ക് നൽകിയ രേഖയിൽ ഡൊമിനിക്കയുടെയും വാനുവാട്ടുവിന്റെയും നിയമങ്ങൾ യുകെയിൽ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള വ്യക്തികൾക്കും പൗരത്വം നൽകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
അതേസമയം അഭയം തേടുന്നതിനായി വിസയില്ലാതെ പരിമിത കാലത്തേയ്ക്ക് യുകെ സന്ദർശിക്കാനുള്ള തങ്ങളുടെ അവകാശം നമീബിയയിൽ നിന്നും ഹോണ്ടുറാസിൽ നിന്നുമുള്ള പൗരന്മാർ ദുരുപയോഗം ചെയ്‌തതും ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു. അഭയ ക്ലെയിമുകൾക്കായി വിസ ഇല്ലാത്ത പൗരന്മാരിൽ നമീബിയക്കാരും ഹോണ്ടുറാസുകാരും ആണ് ഒന്നാം സ്ഥാനത്തെന്നും അവർ കൂട്ടിച്ചേർത്തു. മുൻ ബ്രിട്ടീഷ് കോളനികളിൽ ഒന്നായ നമീബിയ കോമൺവെൽത്ത് രാജ്യങ്ങളിൽ ഒന്നാണ്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് യുകെയിലേക്ക് സ്ഥിരീകരിക്കപ്പെട്ട ബുക്കിംഗ് ഉള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യുന്നതിന് നാലാഴ്ചത്തെ കാലയളവ് അനുവദിച്ചിട്ടുണ്ടെന്ന് സുവെല്ല ബ്രാവർമാൻ അറിയിച്ചു. ചാനൽ കടന്ന് യുകെയിൽ അഭയം തേടാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ സർക്കാർ അടിച്ചമർത്തുന്നതിന് പിന്നാലെയാണ് വിസയിൽ ഉള്ള പുതിയ മാറ്റം. അനധികൃത കുടിയേറ്റ ബിൽ ഉടൻ പ്രാബല്യത്തിൽ വരും. 2023-ൽ ഇതുവരെയുള്ള താത്കാലിക കുടിയേറ്റ ക്രോസിംഗുകളുടെ എണ്ണം 13,774 ആണ്. 2022 ൽ ആകെ 45,755 പേരാണ് യാത്ര ചെയ്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അൽഷിമേഴ്‌സിനെതിരായ പോരാട്ടത്തിൽ പുതിയ വഴിത്തിരിവ്. ഡോണനെമാബ് എന്ന പുതിയ മരുന്നിന് വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ സാധിക്കുമെന്ന പരീക്ഷണ റിപ്പോർട്ട് പുറത്ത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഡിമെൻഷ്യ ഉള്ള ആളുകളുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന പ്രോട്ടീൻ നീക്കം ചെയ്യാൻ ഈ ആന്റിബോഡി മെഡിസിൻ സഹായിക്കും. രോഗത്തിന് പൂർണമായ ശമനം ലഭിക്കുന്നില്ലെങ്കിലും അൽഷിമേഴ്‌സ് ചികിത്സിക്കാൻ സാധിക്കുന്ന ഒരു പുതിയ യുഗത്തിന് പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തൽ. വൈകാതെ ഇത് എൻ എച്ച് എസുകളിലെ ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നാണ് കരുതപ്പെടുന്നത്.
പുതിയ മരുന്ന് അൽഷിമേഴ്സ് രോഗത്തിനാണ് ഫലം നൽകുന്നത്. വാസ്കുലർ ഡിമെൻഷ്യ പോലുള്ള മറ്റ് തരത്തിലുള്ള ഡിമെൻഷ്യകളിൽ ഇവ പ്രവർത്തിക്കില്ല. പരീക്ഷണത്തിൽ ഡോണനെമാബ് രോഗത്തിന്റെ വേഗത മൂന്നിലൊന്ന് കുറച്ചതായി കണ്ടെത്തി. പരീക്ഷണത്തിൽ പങ്കെടുത്തവർ തങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചതായി പ്രതികരിച്ചു. ഒപ്പം ഇത്തരക്കാർക്ക് അവരുടെ സാധാരണ ജീവിതം തുടരാൻ സാധിക്കുന്നുണ്ടെന്നും കണ്ടെത്തി.
പുതിയ മരുന്നിൻെറ കണ്ടെത്തൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ ഇത് അപകടരഹിതമായ ചികിത്സ അല്ല. ഡോണനെമാബ് ട്രയലിൽ മൂന്നിലൊന്ന് രോഗികളിലും മസ്തിഷ്ക വീക്കം ഒരു സാധാരണ പാർശ്വഫലമായിരുന്നു. മിക്കവരിലും ഇത് രോഗലക്ഷണങ്ങൾക്ക് മുൻപ് തന്നെ പരിഹരിച്ചു. അഡുകനുമാബ് എന്ന മറ്റൊരു ആന്റിബോഡി അൽഷിമേഴ്‌സ് മരുന്ന്, സുരക്ഷാ പ്രശ്‌നങ്ങളാലും രോഗികൾക്ക് വേണ്ടത്ര ഫലപ്രദമാണെന്നതിന്റെ തെളിവുകളുടെ അഭാവത്താലും യൂറോപ്യൻ റെഗുലേറ്റർമാർ അടുത്തിടെ നിരസിച്ചിരുന്നു.