ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എൻ എച്ച് എസ് 75 ന്റെ നിറവിലാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് കരുതലും കരുത്തും ഏകുന്ന എൻ എച്ച് എസിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ അനേകമായിരങ്ങൾ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. നേട്ടങ്ങൾ ഉണ്ടെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ബ്രിട്ടീഷ് ആരോഗ്യമേഖല കടന്നുപോകുന്നത്. ശക്തമായ മാറ്റങ്ങൾ ഉണ്ടാകാതെ 100-ാം ജന്മദിനം വരെ എത്താൻ എൻ എച്ച് എസിന് കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇതിനെ മറികടക്കാൻ എന്തൊക്കെ വഴികളാണ് ഉള്ളത്? ജനസംഖ്യ പരിശോധിച്ചാൽ ഹൃദ്രോഗം, ഡിമെൻഷ്യ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുമായി ധാരാളം ആളുകൾ ജീവിക്കുന്നുണ്ട്. ഇത്തരം അവസ്ഥകൾക്ക് ദീർഘകാല പരിചരണം ആവശ്യമാണ്. എൻ എച്ച് എസിൽ ചിലവഴിക്കുന്ന പത്തു പൗണ്ടിൽ ഏഴു പൗണ്ടും ഇത്തരം രോഗാവസ്ഥകൾ ഉള്ളവർക്കായി ചിലവഴിക്കുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യയിൽ 65 വയസ് കഴിഞ്ഞവരുടെ എണ്ണവും ഉയരുകയാണ്. അതിനാൽ ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ട് ദശകങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യസേവനം ആരംഭിച്ചതുമുതൽ എൻ എച്ച് എസിനായി ചെലവഴിക്കുന്ന പൊതുപണത്തിന്റെ അളവ് വർദ്ധിച്ചുവരികയാണ്. വരും വർഷങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതിനായി മറ്റ് സേവനങ്ങൾ വെട്ടിക്കുറയ്ക്കുകയോ നികുതി വർദ്ധിപ്പിക്കുകയോ വേണമെന്ന് ട്രഷറിയിലെ പൊതു ചെലവുകളുടെ ഡയറക്ടറായിരുന്ന ചാൾസ്വർത്ത് പറയുന്നു. മോശം ആരോഗ്യം കാരണം 25 ലക്ഷം പേർ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്ന കണക്ക് കൂടി ഇതിനോട് ചേർത്ത് വായിക്കണമെന്ന് അവർ പറയുന്നു.
സാമ്പത്തിക വളർച്ച നല്ല ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കൂടുകയാണ്. മാനസികാരോഗ്യത്തിലും വെല്ലുവിളി നേരിടുന്നു. മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് എൻ എച്ച് എസിൽ ജീവനക്കാരും സ്കാനറുകൾ പോലുള്ള ഉപകരണങ്ങളും കുറവാണ്. ഇതും പരിഹരിക്കപ്പെടണം.
അതേസമയം, ജനങ്ങളുടെ ജീവിതരീതിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ( വിദ്യാഭ്യാസം, ജോലി, പാർപ്പിടം, അയൽപക്കബന്ധം) എൻഎച്ച്എസിന്റെ നിയന്ത്രണത്തിന് പുറത്താണ്. നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ആളുകളെ സഹായിക്കുന്ന സേവനങ്ങളേക്കാൾ ആയുസ്സ് വർദ്ധിപ്പിക്കുന്ന മരുന്നുകളിലും ചികിത്സയിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് എൻ എച്ച് എസ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സൈഡ് എഫക്‌ട്‌സ് എന്ന പുസ്തകം എഴുതിയ ഡേവിഡ് പറയുന്നു. കൂടാതെ നേഴ്സുമാർ ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകരുടെ ശമ്പളവർദ്ധനവിനെ ചൊല്ലിയുള്ള സമരവും ആരോഗ്യ മേഖലയെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ഇത് ഉചിതമായി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയണം. എങ്കിൽ മാത്രമേ ആരോഗ്യമേഖല മുന്നോട്ട് കുതിക്കൂ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ബിൽ തുക ഉയർത്താൻ ഒരുങ്ങി വാട്ടർ കമ്പനികൾ. 2025 മുതൽ ഉയർന്ന ബില്ലുകൾക്ക് സാധ്യതയുണ്ടെന്ന് റെഗുലേറ്റർ ഓഫ്വാട്ട് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ജല വിതരണ കമ്പനി മലിനജല ചോർച്ചയും പ്ലഗ്ഗിംഗ് ചോർച്ചയും സംബന്ധിച്ച് രൂക്ഷ വിമർശനം നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. പല കമ്പനികളും നിലവിൽ കടക്കെണിയിലുമാണ്. നിലവിൽ 15 ദശലക്ഷം ഉപഭോക്താക്കളുള്ള തേംസ് വാട്ടർ സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ്. അതേസമയം വ്യവസായത്തെ നന്നായി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണം ഓഫ്വാട്ട് മേധാവി ഡേവിഡ് ബ്ലാക്ക് നിഷേധിച്ചു.
ഉയർന്ന ചീഫ് എക്സിക്യൂട്ടീവ് വേതനത്തോടുള്ള എതിർപ്പ് എടുത്ത് കാട്ടിയ ഡേവിഡ് ബ്ലാക്ക്, കമ്പനികൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഉപഭോക്തൃ ബില്ലുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. 2025-ൽ ബില്ലുകളിലെ തുക ശരാശരി 42 പൗണ്ട് വീതം വർദ്ധിക്കുമെന്ന് മുൻ പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു. നിലവിലെ ബിൽ തുകയിൽ നിന്ന് 40% വരെ വർദ്ധനവ് ഉണ്ടാകുമെന്ന് ടൈംസ് പത്രത്തിൽ വന്ന റിപ്പോർട്ടിന് പിന്നാലെ ബിൽ തുകയിൽ ഉള്ള വർദ്ധനവ് ചെറിയ തോതിലായിരിക്കുമെന്ന് ജോർജ്ജ് യൂസ്റ്റിസ് വ്യക്തമാക്കിയത്.
ജലവിതരണ സ്ഥാപനങ്ങൾ തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ പേരിൽ ബില്ലുകൾ ഉയർത്തുന്നത് നാണക്കേടാകുമെന്ന് ക്യാമ്പെയ്‌ൻ ഗ്രൂപ്പായ സർഫേഴ്‌സ് എഗെയ്ൻസ്റ്റ് സ്വീവേജ് പ്രതികരിച്ചു. ജലവിതരണ സ്ഥാപനങ്ങളുടെ തെറ്റായ നടത്തിപ്പിൻെറ ഭാരം ഉപഭോക്താക്കൾ അല്ല വഹിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ പതിനേഴുവർഷം നേഴ്‌സായി സേവനമനുഷ്ഠിച്ച ഏലിയാമ്മ ഇട്ടി (69) അന്തരിച്ചു. ഇംഗ്ലണ്ടിലെ മിൽട്ടൻ കെയിൻസിൽ വച്ചായിരുന്നു മരണം. ഏലിയാമ്മ കോട്ടയം അമയന്നൂർ പാറയിലായ വള്ളികാട്ടിൽ (തേമ്പള്ളിൽ) കുടുംബാംഗമാണ്. ഭർത്താവ് വർഗീസ് ഇട്ടി (കുഞ്ഞുമോൻ) കോന്നി കുളത്തുങ്കലായ പനമൂട്ടിൽ കുടുംബാംഗമാണ്. മകൻ കെവിൽ മിൽട്ടൻ കെയിൻസിൽ ആണ് താമസം. മരുമകൾ: ഫ്രൻസി കൂനുപറമ്പിൽ കുറിച്ചി.
മൂന്ന് വർഷം മുമ്പ് നേഴ്‌സിങ് സർവീസിൽ നിന്ന് വിരമിച്ച ഏലിയാമ്മ ഭർത്താവിനൊപ്പം മിൽട്ടൻ കെയിൻസിൽ മകന്റെ വസതിയിൽ ആയിരുന്നു താമസം. യുകെയിൽ ആദ്യകാലത്ത് കുടിയേറിയ മലയാളി കുടുംബങ്ങളിൽ ഒന്നാണ് വർഗീസ് ഇട്ടിയുടേത്. സംസ്കാരം വെള്ളിയാഴ്ച 2 -ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാര്‍ തീമോത്തയോസിന്റെ നേതൃത്വത്തിൽ നടക്കും.
ഏലിയാമ്മ ഇട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മകളുടെ മായാത്ത ഓർമ്മയിൽ നീറി കഴിയുകയാണ് വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകൻ. എന്നാൽ ഈ വിധി അദ്ദേഹത്തിന് സന്തോഷം പകരുന്നു. കെറ്ററിംഗിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ജുവിന്റെ (36) പിതാവാണ് അശോകൻ. അഞ്ജുവിനെയും മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ (52) 40 വർഷം തടവിനു ശിക്ഷിച്ച വാർത്ത ഇന്നലെയാണ് അശോകൻ അറിയുന്നത്. ഇന്നലെ ആയിരുന്നു അഞ്ജുവിന്റെ ജന്മദിനവും.
പിറന്നാൾ സമ്മാനമായി ഈ വിധി മകൾക്ക് സമർപ്പിക്കുന്നു എന്നാണ് അശോകൻ പറഞ്ഞത്. എന്റെ മകൾക്ക് ഒരു സ്വഭാവദൂഷ്യവും ഇല്ലെന്നു തെളിഞ്ഞു. അർഹിച്ച ശിക്ഷയാണു സാജുവിനു ലഭിച്ചത്’ – അശോകൻ പറഞ്ഞു.
അഞ്ജുവിന്റെ ഓർമ്മയിൽ ഒരു വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ് അശോകൻ. പുതിയ വീട് അഞ്ജുവിന്റെ ആഗ്രഹമായിരുന്നു. അഞ്ജുവിന്റെ ഇൻഷുറൻസ് തുകകൊണ്ട് വീടു നിർമ്മിക്കും. അഞ്ജുവിന്റെയും മക്കളുടെയും ഫോട്ടോകളും കളിപ്പാട്ടങ്ങളും ബ്രിട്ടനിൽ നിന്ന് എത്തിച്ചിരുന്നു. അതൊക്കെ പുതിയ വീട്ടിലെ മുറിയിൽ സൂക്ഷിക്കണം എന്ന ആഗ്രഹത്തിലാണ് അശോകൻ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വീട്ടുടമസ്ഥർക്ക് ഇരുട്ടടിയായി മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും ഉയർന്നു. അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്ക് 6 ശതമാനം പിന്നിട്ടു. പണപ്പെരുപ്പം കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ മാസം പലിശനിരക്ക് അഞ്ചു ശതമാനത്തിലേക്ക് ഉയർത്തിയതിന് പിന്നാലെയാണ് ഈ പ്രതിസന്ധി. മണിഫാക്‌സ് പ്രകാരം അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി നിരക്ക് ഇന്ന് 6.01% ആണ്. ശരാശരി രണ്ട് വർഷത്തെ ഫിക്സഡ് ഡീൽ നിരക്ക് ഇപ്പോൾ 6.47% ആണ്. ഒരു വർഷം മുമ്പ്, ഫിക്സഡ് മോർട്ട്ഗേജ് ഡീലുകളുടെ നിരക്ക് 3 ശതമാനത്തിന് അടുത്തായിരുന്നു.
2021 ഡിസംബർ മുതൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 13 തവണയാണ് പലിശ നിരക്ക് ഉയർത്തിയത്. വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുക്കുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് വർദ്ധനയെ പിന്തുണക്കുകയും ചെയ്തു. ഇപ്പോഴത്തെ മോർട്ട്ഗേജ് നിരക്ക് വർദ്ധനവ് വീട്ടുടമസ്ഥരെ മാത്രമല്ല, വാടകക്കാരെയും ബാധിക്കും. തങ്ങൾ അടച്ചിരുന്നതിനെക്കാൾ നൂറുകണക്കിന് പൗണ്ട് കൂടുതൽ ചെലവേറിയ പ്രതിമാസ തിരിച്ചടവുകൾക്കായി പലരും ഒരുങ്ങേണ്ടി വരും.
വിലക്കയറ്റത്തെ നേരിടാൻ പലിശ നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ യുകെയ്ക്ക് “മറ്റൊന്നുമില്ല” എന്ന് ചാൻസിലർ ജെറമി ഹണ്ട് പറഞ്ഞു. മോര്‍ട്ട്‌ഗേജ് കൃത്യമായി അടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും അതുകൊണ്ടു തന്നെ പലരും മാനം രക്ഷിക്കാന്‍, വ്യക്തിപരമായ പല ആവശ്യങ്ങളും ഉപേക്ഷിച്ച് മോര്‍ട്ട്‌ഗേജ് അടവിനുള്ള തുക കണ്ടെത്തുകയാണ്. ചിലര്‍ വീട് വില്‍ക്കുന്ന കാര്യം പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് അടവു തുക വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാടകയും വര്‍ദ്ധിച്ചേക്കും എന്നതിനാല്‍, സ്വന്തമായി വീടുള്ളവരെ മാത്രമല്ല ഇത് ബാധിക്കുക. ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനി അമിത വാടകയും നല്‍കേണ്ടി വന്നേക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ 5 ബുധനാഴ്ചയും 7-ാം തീയതി വെള്ളിയാഴ്ചയും ഇംഗ്ലണ്ടിലെ അധ്യാപകർ പണിമുടക്ക് നടത്തും. നാഷണൽ എഡ്യൂക്കേഷൻ യൂണിയന്റെ നേതൃത്വത്തിലാണ് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് വ്യാപകമായി കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടും. ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ അധ്യാപകർ ഇതുവരെ 5 ദിവസങ്ങൾ നേരത്തെ പണിമുടക്കിയിരുന്നു.
നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ നേതൃത്വത്തിൽ നടക്കുന്ന സമരം മൂലം പല സ്കൂളുകളും പൂർണ്ണമായി അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് അറിയാൻ സാധിച്ചത്. അധ്യാപകർ സമരം നടത്തുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ സാധ്യമെങ്കിൽ സ്കൂളുകൾ തുറക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം . എന്നാൽ എത്ര അധ്യാപകർ പണിമുടക്കിൽ പങ്കെടുക്കും എന്നതിനെ കുറിച്ച് മുൻധാരണകൾ ഇല്ലാത്തത് മൂലം സ്കൂളുകൾ പ്രവർത്തിക്കുമോ ഇല്ലയോ എന്ന് മുൻകൂട്ടി പറയാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. സ്കൂളുകൾ പ്രവർത്തിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പ്രധാന അധ്യാപകരാണ് തീരുമാനം കൈക്കൊള്ളേണ്ടത്.
സമരത്തെ നേരിടാൻ ചില സ്കൂളുകൾ എങ്കിലും ഓൺലൈനായി ക്ലാസുകൾ നടത്തും എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ പല മാതാപിതാക്കൾക്കും തങ്ങൾ അവധി എടുക്കണോ എന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്തിലാണ്. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ക്ലാസുകൾ ഇല്ലെങ്കിൽ അവരെ വീട്ടിൽ ഒറ്റയ്ക്കാക്കി പോകുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ ഒട്ടേറെ മാതാപിതാക്കളെയാണ് പ്രശ്നത്തിലാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ അടിയന്തര ശിശുസംരക്ഷണത്തിനായി മാതാപിതാക്കൾക്ക് അവധിയെടുക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും ഇങ്ങനെ അടിയന്തിര സാഹചര്യത്തിൽ എടുക്കുന്ന അവധി ലോസ് ഓഫ് പേയിൽ ആയിരിക്കും എന്നതും പലരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിദ്യാർത്ഥികൾക്കുള്ള വായ്‌പയിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. പുതിയ മാറ്റം സർവ്വകലാശാലകളിൽ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണയ്ക്കാത്തവരുടെ എണ്ണം കുത്തനെ ഉയർന്നതിന് പിന്നാലെയെന്ന് ആരോപണം. നല്ല കരിയർ വാഗ്‌ദാനം ചെയ്യാത്ത ബിരുദങ്ങൾ പിന്തുണയ്ക്കുന്നത് നിർത്താനുള്ള പദ്ധതികൾ കഴിഞ്ഞ ഓഗസ്റ്റിൽ ഗ്രേറ്റ് മാഞ്ചസ്റ്റർ ബറിയിലെ ടോറി അനുകൂലികളെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് നേതാവാകാൻ ലിസ് ട്രസുമായി പോരാടുന്നതിനിടെയാണ് ഓക്‌സ്‌ഫോർഡിൽ നിന്ന് വിദ്യാഭ്യാസം നേടിയ സുനക് പ്രചാരണ പാതയിൽ അഭിപ്രായപ്രകടനം നടത്തിയത്.
ഇപ്പോൾ, പ്രധാനമന്ത്രി ആയതിന് ശേഷം സർക്കാർ വിദ്യാർത്ഥികൾക്കുള്ള വായ്പാ ധനസഹായം സെപ്റ്റംബർ മുതൽ 44 പെൻസിൽ നിന്ന് 19 പെൻസായി മാറ്റിയിരിക്കുകയാണ്. പുതിയ മാറ്റം പ്രാബല്യത്തിൽ വരുമ്പോൾ വിദ്യാർത്ഥികൾ അവരുടെ വായ്പകൾ £27,295 ന് പകരം £25,000 സമ്പാദിക്കുമ്പോൾ മുതൽ അടയ്ക്കേണ്ടിവരും. ഇതിന് പുറമേ തിരിച്ചടവ് കാലാവധി 30 വർഷം എന്നുള്ളത് 40 വർഷമായി ഉയർന്നു.
ടോറികളുടെ ഭരണത്തിൽ നിലവിൽ സർക്കാരിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ ധനസഹായം 1990-കൾക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് മാറുമെന്നാണ് പ്രവചനം . ഏറ്റവും ധനികനായ പ്രധാനമന്ത്രി, സർവ്വകലാശാലയിൽ പ്രവേശിക്കാൻ കഠിനാധ്വാനം ചെയ്ത യുവാക്കൾക്ക് അവരുടെ അവസരം നിരസിക്കുന്നത് വേദനാജനകമാണെന്ന് ലേബർ പാർട്ടി എംപി റിച്ചാർഡ് ബർഗൺ പറഞ്ഞു. ആർക്ക് വോട്ട് ചെയ്‌താലും എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെ പിന്തുണയ്‌ക്കുക എന്നതാണ് ഒരു പ്രധാനമന്ത്രിചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ള റിഷി സുനക് ആർട്ട്സ് ആൻഡ് ഹ്യുമാനിറ്റീസ് ഡിഗ്രികളോട് നിസ്സംഗത പുലർത്തുന്നു എന്ന പരാമർശം പരക്കെ ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അത്ഭുതകരമായി ഹൃദ്രോഗിയായ അമ്മയെ രക്ഷപ്പെടുത്തി ആറു വയസ്സുകാരി. സ്മാർട്ട് സ്പീക്കറിൻെറ സഹായത്തോടെയാണ് ഈ കൊച്ച് മിടുക്കി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്മയെ രക്ഷപ്പെടുത്തിയത്. ഗ്ലാസ്‌ഗോയിലെ റോബ്രോസ്റ്റണിൽ നിന്നുള്ള എമ്മ ആൻഡേഴ്സണിന് 15 വയസ്സിൽ തന്നെ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവരുടെ മകൾ ഡാർസിക്ക് അമ്മയുടെ അവസ്ഥയെ പറ്റി അറിയുകയും ചെയ്യാം.
തൻെറ 27 കാരിയായ അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ രണ്ടു തവണയാണ് ഈ കൊച്ചു മിടുക്കി അലക്‌സ ഉപയോഗിച്ച് ബന്ധുക്കളെ വിളിച്ചത്. എന്തെങ്കിലും ആവശ്യ ഘട്ടത്തിൽ ബന്ധുക്കളുമായി ബന്ധപ്പെടുന്ന രീതിയിൽ എമ്മ അലക്‌സ സജ്ജീകരിച്ചതും ഏറെ സഹായകമായി. അതിനാൽ തന്നെ എമ്മ ബോധരഹിതയാകുകയോ അസുഖം അനുഭവപ്പെടുകയോ ചെയ്താൽ കുട്ടിക്ക് “അലക്‌സാ കോൾ ഹെൽപ്” എന്ന് പറഞ്ഞാൽ മാത്രം മതി.
ഹൃദയത്തിന് ചുറ്റുമുള്ള പേശികൾ കട്ടിയുള്ളതായി മാറുന്ന രോഗാവസ്ഥയാണ് തനിക്കെന്ന് എമ്മ ആൻഡേഴ്ൺ പറയുന്നു. മരുന്ന് കഴിച്ച് ഇത് ഒരുപരിധി വരെ നിയന്ത്രിക്കാമെങ്കിലും എമ്മയ്ക്ക് അടിയന്തിരമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതിനാൽ 2022 ഏപ്രിലിൽ ക്ലൈഡ്ബാങ്കിലെ എൻഎച്ച്എസ് ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ എമ്മ ട്രാൻസ്പ്ലാൻറ് സർജറി നടത്തി. ബ്രിട്ടീഷ് ജേണൽ ഓഫ് കാർഡിയോളജി പ്രകാരം ഏകദേശം 28,000 സ്കോട്ടീഷുകാർക്ക് പാരമ്പര്യമായ ഹൃദയസംബന്ധമായ അസുഖമുണ്ട്. ഇതിൽ ഏറ്റവും കൂടുതലായി കാണുന്നത് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കെറ്ററിങ്ങിൽ നേഴ്സായ അഞ്‌ജു അശോക് (35), മക്കളായ ജീവ ( 6 ), ജാൻവി (4) എന്നിവരെ മലയാളിയായ ഭർത്താവ് സാജു ( 52 ) കൊലപ്പെടുത്തിയ സംഭവത്തിന്റെ വിചാരണവേളയിൽ കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ . സംഭവത്തിൽ 40 വർഷത്തെ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. യുകെയിൽ ഒരു മലയാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.
സാജുവിന്റെ സംശയരോഗമായിരുന്നു കൊലപാതകത്തിലേയ്ക്ക് നയിച്ച പ്രധാന കാരണം. വാക്കു തർക്കത്തിനിടെ സാജുവിന്റെ അമ്മയെ കുറിച്ച് മോശമായി അഞ്ജു പരാമർശിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും എന്നാൽ കുട്ടികളെ കൊന്നത് ഓർക്കുന്നില്ല എന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്. സാജുവും ഭാര്യ അഞ്ജുവുമായി 15 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇവരുടേത് പ്രേമ വിവാഹമായിരുന്നു. നിലവിൽ 52 വയസ്സുകാരനായ സാജു ഇനി 92-ാം വയസ്സിലെ ശിക്ഷ കഴിഞ്ഞ് പുറത്തുവരികയുള്ളൂ. പ്രതി കുറ്റം സമ്മതിച്ചതു കൊണ്ടാണ് 45 വർഷം കിട്ടേണ്ട ശിക്ഷ 40 വർഷമായി കോടതി കുറച്ചു കൊടുത്തത്.
വിചാരണവേളയിൽ കോടതിയിൽ പലപ്പോഴും അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. കൊലപാതകം അരങ്ങേറിയപ്പോൾ പ്രതിയുടെ മൊബൈലിന്റെ ഫോൺ റെക്കോർഡിങ് ഓൺ ആയിരുന്നത് കോടതിയിൽ വലിയ തെളിവായി മാറിയിരുന്നു. അമ്മയെ കൊല്ലരുതെന്ന് കുട്ടികൾ വാവിട്ടു കരയുന്ന ശബ്ദരേഖ കേൾപ്പിച്ചപ്പോൾ പ്രതി സാജു വാവിട്ട് കരഞ്ഞതായാണ് കോടതി നടപടികൾ വീക്ഷിക്കാനെത്തിയ അഞ്ജുവിന്റെ സഹപ്രവർത്തകനായ യുകെ മലയാളി മനോജ് മാത്യു പറഞ്ഞത്.
അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെയിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെ അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിൻ ആയി ചുമതലപ്പെടുത്തിയിരുന്നു . നേരത്തെ അഞ്ചുവിന്റെയും മക്കളുടെയും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ മൃതദേഹങ്ങളെ അനുഗമിച്ച് മനോജ് മാത്യു കേരളത്തിൽ എത്തിയിരുന്നു. ഇതിനായി അദ്ദേഹത്തിന് പ്രത്യേക അവധി ഉൾപ്പെടെ എൻഎച്ച്എസിൽ നിന്ന് അനുവദിച്ചു കിട്ടിയിരുന്നു.
ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സാജുവിനെ വീട്ടിലെത്തി കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ നോർത്താംപ്ടൺ പോലീസ് പുറത്തുവിട്ടു. യുവതിക്കും രണ്ടു കുട്ടികൾക്കും പരിക്കേറ്റന്ന സന്ദേശത്തെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. കത്തി കൈയ്യിൽ പിടിച്ചിരിക്കുന്ന സാജുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കത്തി താഴെയിടാൻ വിസമ്മതിക്കുന്ന സാജുവിനെ ടേസർ തോക്ക് ഉപയോഗിച്ച് അവർ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻ എച്ച് എസിൽ ആദ്യമായി മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അന്ധത തടയാനുള്ള മരുന്ന് നൽകാൻ തീരുമാനമായി. കണ്ണിന്റെ പിൻഭാഗത്ത് അസാധാരണമായ രക്തക്കുഴലുകളുടെ വളർച്ച മൂലമുണ്ടാകുന്ന പാടുകൾ തടയാൻ റാണിബിസുമാബ് എന്ന കുത്തിവയ്പ്പിന് കഴിയും. ഇത് ലേസർ തെറാപ്പിക്ക് പകരമായി ചെയ്യാം. കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഈ കാഴ്ച പ്രശ്‌നം പരിഹരിക്കാൻ മാസം തികയാത്ത കുട്ടികളിൽ ലേസർ തെറാപ്പി അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ ഈ കുത്തിവയ്പ്പ് ഏറെ സഹായകമാണ്. ശരിയായ ചികിത്സയിലൂടെ റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി (ആർഒപി) എന്ന അവസ്ഥ ഒഴിവാക്കാവുന്നതാണ്.
മാസം തികയാതെ ജനിക്കുന്നതോ ഭാരക്കുറവോ ഉള്ള എല്ലാ കുട്ടികളേയും കണ്ണ് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഇതിൽ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുന്ന കേടുപാടുകൾ ഒഴിവാക്കാൻ 20-ൽ ഒരാൾക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. പുതിയ രക്തക്കുഴലുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വാസ്കുലർ എൻഡോതെലിയൽ ഗ്രോത്ത് ഫാക്‌ടറിന്റെ പ്രവർത്തനത്തെ തടയാനാണ് റാണിബിസുമാബ് കണ്ണിൽ കുത്തിവയ്ക്കുന്നത്. രക്തക്കുഴലുകളുടെ അസാധാരണ വളർച്ച റെറ്റിനയെ മൂടുന്ന ടിഷ്യുവായി മാറും. ഇത് കാഴ്ച്ച ശക്തിയെ പൂർണമായി ഇല്ലാതാക്കും.
ഇംഗ്ലണ്ടിൽ പ്രതിവർഷം 20 കുഞ്ഞുങ്ങൾക്കെങ്കിലും ലേസർ തെറാപ്പിക്ക് പകരം കുത്തിവയ്പ്പ് ആവശ്യമായി വന്നേക്കാം. ലേസർ തെറാപ്പിക്ക് വിധേയരാകാൻ കഴിയാത്ത കുട്ടികൾക്ക് ഇത്തരം ചികിത്സാ രീതികൾ ഏറെ സഹായകരമാണെന്ന് എൻ എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. മാസം തികയാതെ ജനിക്കുന്ന പല കുഞ്ഞുങ്ങളെയും റെറ്റിനോപ്പതി ബാധിക്കുന്നതിനാൽ പുതിയ ചികിത്സാ രീതി ദേശീയതലത്തിൽ അവതരിപ്പിക്കുന്നത് തികച്ചും അഭിനന്ദനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.