Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് :- വെയിൽസിൽ ഗാർഡൻ ഫെൻസുകൾ ആരാണ് സംരക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ചുള്ള തർക്കങ്ങൾ സാധാരണമാണ്. അടുത്തിടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മറ്റും നിരവധി മതിലുകൾ തകർന്നതിനെ തുടർന്ന് ഈ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. തകർന്ന മതിലുകൾ പുനഃസ്ഥാപിക്കേണ്ടത് ഏത് വസ്തുവിന്റെ ഉടമയാണ് എന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ സർവ്വസാധാരണമാണ്. വെയിൽസിൽ നിലവിൽ ഇത് സംബന്ധിച്ച് വ്യക്തമായ നിയമങ്ങളൊന്നും തന്നെ ഇല്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആരാണോ കെട്ടിടങ്ങൾ പണിയുന്നത് അവരാണ് മതിലുകൾ സംരക്ഷിക്കേണ്ടത് എന്നതാണ് സാധാരണയായി നിയമ വിദഗ്ധർ വ്യക്തമാക്കുന്നത്.

എന്നാൽ ഭൂരിഭാഗം ആളുകളും തങ്ങളുടെ വീടിന്റെ വലതുവശത്തുള്ള മതിൽ തങ്ങളാണ് സംരക്ഷിക്കേണ്ടത് എന്ന വിശ്വാസത്തിലാണ് ജീവിക്കുന്നത്. ലാൻഡ് രജിസ്ട്രി പരിശോധിച്ചാൽ മാത്രമേ ഇത്തരം തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 3 പൗണ്ട് ഫീസ് അടച്ച് ഓരോരുത്തരുടെയും വസ്തുവിനെ സംബന്ധിച്ച വിവരങ്ങൾ പൂർണമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇപ്പോഴും മതിലുകളെ സംബന്ധിച്ച പൂർണ്ണമായ ഉടമസ്ഥാവകാശം വസ്തുവിന്റെ ആധാരങ്ങളിൽ രേഖപ്പെടുത്തണമെന്നുള്ളത് നിർബന്ധമാക്കിയിട്ടില്ല. ചിലയിടങ്ങളിൽ ഇത്തരം ഫെൻസുകൾ പരസ്പരമുള്ള സഹകരണത്തിലൂടെ ആണ് പരിപാലിക്കപ്പെടുന്നത്. ലാൻഡ് രജിസ്ട്രിയിൽ നിന്നും വ്യക്തമായ ധാരണകൾ ലഭിക്കാത്തവർ അയൽക്കാരുമായി മതിലുകളുടെ അവകാശം സംബന്ധിച്ച ധാരണകൾ ഉണ്ടാക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുക്രൈൻ-റഷ്യ യുദ്ധം നടക്കുന്നതിനിടെ യുകെയുടെ ആകാശത്തിൽ യുഎസ് എയർഫോഴ്സിൻെറ ബി-52 ബോംബറുകൾ കണ്ടെത്തി. “ഡ്രാഗൺ ലേഡി” എന്ന് വിളിപ്പേരുള്ള ചാരവിമാനം തൻെറ ദൗത്യം പൂർത്തിയാക്കിയതിനുശേഷം യുകെ റാഫ് ബേസിൽ ഇറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. 8 എൻജിനുകളും 176 ടൺ ഭാരവുമുള്ള 2 യുഎസ് ബി-52 എയർഫോഴ്സ് രാത്രി പതിനൊന്നരയോടെ സ്‌റ്റോർനോവേയ്‌ക്ക് മുകളിലൂടെ ഒന്നിനുപുറകെ ഒന്നായി പറക്കുന്നതാണ് ആദ്യം ട്രാക്ക് ചെയ്‌തത്‌. കോൾ സൈനുകൾ ഒന്നും തന്നെ ഇല്ലാതെ പറന്ന ജെറ്റ് വിമാനങ്ങൾ പിന്നീട് ബെൽറ്റിന് മുകളിലൂടെ 27,000 അടി ഉയരത്തിലും 428 മൈൽ വേഗത്തിലുമാണ് കടന്നുപോയത്.

ഗ്ലോബൽ ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ് റാഡാർ24 ഫോർട്ട് വില്യമിന് വടക്കുള്ള ലോച്ചെബർ ഏരിയയിലെ ലോച്ച് ആർക്കൈഗിന് മുകളിലുള്ള സ്കോട്ടിഷ് വ്യോമാതിർത്തിയിൽ പിന്നീട് വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി.1950-കൾ മുതൽ പ്രവർത്തിക്കുന്ന ദീർഘദൂര സ്ട്രാറ്റജിക് ബോംബറുകൾ ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ സമയമുള്ള വ്യോമഗതാഗത പട്രോളിംഗിനായി യുഎസ് ആണവ പ്രതിരോധത്തിൻെറ ഒരു ഘടകമായി ഉപയോഗിക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ചാരവിമാനമായ ഡ്രാഗൺ ലേഡി ഗ്ലൗസെസ്റ്റർഷെയറിലെ റാഫ് ഫെയർഫോർഡിൽ ഇറങ്ങിയത്. 70,000 അടി ഉയരത്തിൽ പറക്കാനും ചിത്രങ്ങൾ പകർത്താനും സിഗ്നലുകൾ ഇന്റലിജൻസ് തടസ്സപ്പെടുത്താനും കഴിവുള്ള ഡ്രാഗൺ ലേഡി പറക്കാൻ ഏറ്റവും പ്രയാസമുള്ള വിമാനങ്ങളിൽ ഒന്നാണെന്ന് പൈലറ്റുമാർ പറയുന്നു.

ഉയർന്ന ഉയരത്തിൽ പറക്കുന്നതിനാൽ പൈലറ്റുമാർ കംപ്രഷൻ സ്യൂട്ടുകൾ ധരിക്കണം, ലാൻഡ് ചെയ്യുമ്പോൾ ഒരു ചക്രത്തിൽ ഇറങ്ങുന്നതിനായി ഒരു സഹ പൈലറ്റിൻെറ ആശ്രയവും വേണം. യു-2 ചാരവിമാനം ഓപ്പറേഷന്റെ ഭാഗമാണോ എന്നറിയില്ലെങ്കിലും, യുക്രൈനിലെ പ്രതിസന്ധി ഘട്ടത്തിൽ വിമാനത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിരായുധമായ ചാരവിമാനങ്ങളെ അംഗരാജ്യങ്ങളുടെ മുഴുവൻ പ്രദേശത്തും ദൗത്യങ്ങൾ നടത്താൻ അനുവദിക്കുന്ന കരാറായ ഓപ്പൺ സ്കൈസ് ഉടമ്പടി പ്രകാരം യുഎസും അതിന്റെ സഖ്യകക്ഷികളും പണ്ടേ നിരീക്ഷണ വിമാനങ്ങൾ ഉപയോഗിച്ചുവരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നസാനിൻ സാഘരി-റാറ്റ്ക്ലിഫ്, അനൂഷെ അഷൂരി എന്നിവർ വർഷങ്ങളോളമുള്ള ഇറാനിലെ തടങ്കലിന് ശേഷം യുകെയിലേക്ക് എത്തി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നസാനിൻ സഗാരി റാഡ്ക്ലിഫിൻെറ 7 വയസ്സുള്ള മകൾ ഗബ്രിയേല അമ്മയെ കണ്ടതിൻെറ സന്തോഷത്തിലാണ് അഷൂരിയുടെ മകൾ എലികയ്യും തൻെറ പിതാവിനെ കണ്ടുമുട്ടിയതിൻെറ സന്തോഷം വീഡിയോ വഴി പങ്കിട്ടു.

ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്നു. നസാനിന്റെ മോചനത്തിനായി ഭർത്താവ് റിച്ചാർഡും മകൾ ഗബ്രിയേലയും കഴിഞ്ഞ വർഷം നിരാഹാര സമരം നടത്തിയിരുന്നു. മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് നസാനിൻ ജയിലിലായത്.

തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് യുകെ ഇറാന് 405 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുണ്ട്. ഇറാനോടുള്ള കടം തീർപ്പാക്കിയതായി യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് സ്ഥിരീകരിച്ചു. കടവും റാഡ്ക്ലിഫിന്റെ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ബ്രിട്ടീഷ്, ഇറാനിയൻ സർക്കാരുകൾ അവകാശപ്പെട്ടെങ്കിലും കടം തീർത്താൽ റാഡ്ക്ലിഫിനെ വിട്ടയക്കാമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി 2021 ൽ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 1979ന് മുൻപ് യുദ്ധ ടാങ്കുകൾ വാങ്ങാനായി ഇറാനിയൻ ഷാ 400 മില്യൺ പൗണ്ട് ബ്രിട്ടന് നൽകിയെങ്കിലും ഓർഡർ റദ്ദാക്കിയിരുന്നു. ഈ കടമാണ് ഇപ്പോൾ വീട്ടിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്ത് ദയാവധം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ വർധന. 2024 ലെ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ഈ വിഷയം ചർച്ച ചെയ്യണമെന്ന് 10ൽ എട്ട് പേർ ആഗ്രഹിക്കുന്നുവെന്ന് യൂഗവ് വോട്ടെടുപ്പിൽ തെളിഞ്ഞു. ദയാവധം അനുകൂലിച്ചുകൊണ്ട് തങ്ങളുടെ എംപി വോട്ട് ചെയ്യണമെന്ന് 75% ബ്രിട്ടീഷുകാർ ആഗ്രഹിക്കുന്നു. ദയാവധം എന്ന വിഷയത്തിൽ സമ്പൂർണ പാർലമെന്ററി സംവാദം നടക്കണമെന്ന് ടോറി മുൻ ക്യാബിനറ്റ് മന്ത്രി ലോർഡ് ഫോർസിത്ത് ആവശ്യപ്പെട്ടു.

ഫോർസിത്തിന്റെ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. “എന്റെ ഭേദഗതി ദയാവധം നിയമവിധേയമാക്കുന്നതിന്റെ ഗുണവശങ്ങളെ കുറിച്ചല്ല. ഈ വിഷയം പാർലമെന്റിൽ ശരിയായി ചർച്ച ചെയ്യേണ്ടതുണ്ട്.” ഫോർസിത്ത് വ്യക്തമാക്കി. ഇതുവരെ, ദയാവധം അംഗീകരിച്ചിരിക്കുന്ന രാജ്യങ്ങൾ വിരളമാണ്. സ്വിറ്റ്‌സർലാൻഡ്, നെതർലാൻഡ് സ്, ബെൽജിയം, ലക്സംബർഗ്, അമേരിക്കയിലെ ഓറിയോൺ സംസ്ഥാനം, എന്നിവയാണ് ദയാവധം നടപ്പിലാക്കിയ രാജ്യങ്ങൾ. വാഷിങ്ടൺ സംസ്ഥാനവും ഈ നിയമങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കുട്ടികളുടെ ദയാവധം അംഗീകരിച്ചിരിക്കുന്ന രാജ്യം ബെൽജിയമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വ്‌ളാഡിമിർ പുടിൻ ഉയർത്തുന്ന ഭീഷണി മനസ്സിലാക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടതിൻെറ വിലയാണ് ഉക്രെയ്ൻ കൊടുക്കേണ്ടി വന്നത് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഉക്രെയ്നിൻെറ പ്രതിരോധശക്തി കുറച്ചു കണ്ടത് വഴി റഷ്യൻ അധിനിവേശം ഇതിനോടകം പരാജയപ്പെട്ടുവെന്ന് ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. 2014-ൽ ക്രിമിയ പിടിച്ചടക്കിയതിന് ശേഷം പുടിനെ വീണ്ടും സമൂഹത്തിൻെറ ഭാഗമായി യൂറോപ്യൻ രാജ്യങ്ങൾ കണക്കാക്കിയതിനെ അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൗദി അറേബ്യ സന്ദർശിക്കുകയും ഊർജ്ജ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തതിന് പിന്നാലെയാണിത്. പാശ്ചാത്യരാജ്യങ്ങൾ ഇനിയൊരിക്കലും പുടിൻെറ ഭീഷണിക്ക് ഇരയാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും പ്രത്യേകിച്ച് റഷ്യൻ എണ്ണയെയും വാതകത്തെയും ആശ്രയിക്കേണ്ടി വരികയില്ല എന്നും ഉറപ്പുവരുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രയ്ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഒന്നേ മുക്കാൽ മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നും ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിനുമായി യുകെയും സൗദി അറേബ്യയും സഹകരിക്കാൻ തീരുമാനിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിരോധം, സുരക്ഷ, വ്യാപാരം, സംസ്കാരം എന്നിവയിൽ സഹകരണം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചതായി വക്താവ് കൂട്ടിച്ചേർത്തു. എന്നാൽ സൗദി സർക്കാരിന്റെ മനുഷ്യാവകാശ രേഖയുടെ പേരിൽ സന്ദർശനം റദ്ദാക്കണമെന്ന് നിരവധി എംപിമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച മാത്രമായി 81 പേരെയാണ് സൗദി സർക്കാർ വധിച്ചത്. എന്നാൽ ഇതിന് നേരെ താൻ കണ്ണടച്ചിട്ടില്ലെന്നും രാജ്യത്തെ ഉദ്യോഗസ്ഥരെ ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച് എസിൽ ക്യാൻസർ പ്രതിരോധത്തിനായി രോഗികളെ വളരെയേറെ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ക്രോസ്-പാർട്ടി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) മുന്നറിയിപ്പ് നൽകി. നിലവിൽ ചികിത്സയ്ക്കായുള്ള വെയ്റ്റിംഗ് ലിസ്റ്റ് 6.1 ദശലക്ഷം ആയിരിക്കുന്നത് വരും വർഷങ്ങളിൽ വീണ്ടും കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകുകയില്ല. ഡിപ്പാർട്ട്മെൻറ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെതിരെ കടുത്ത വിമർശനങ്ങളാണ് പിഎസി ഉന്നയിച്ചിരിക്കുന്നത് .


കാത്തിരിപ്പ് പട്ടികയിലുള്ള പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. പ്രത്യേകിച്ച് ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ കാത്തിരിപ്പ് പട്ടിക നീളുന്നതിൽ കടുത്ത ആശങ്കയാണ് പിഎസി രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഫെബ്രുവരി മുതൽ ഇംഗ്ലണ്ടിൽ ഹിപ്, കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ചികിത്സകൾക്ക് നിശ്ചയിച്ചിരിക്കുന്ന 18 ആഴ്ചത്തെ ലക്ഷ്യം നേടാൻ എൻഎച്ച്എസിന് ആയിട്ടില്ല. വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾക്കിടയിൽ ക്യാൻസർ പോലുള്ള രോഗങ്ങൾ നിർണ്ണയിക്കപ്പെടാൻ താമസിക്കുന്നത് മൂലം കൂടുതൽ ആളുകൾ മരിക്കാനോ ഗുരുതരമായ രോഗാവസ്ഥയിലാകാനോ ഉള്ള സാധ്യതയിലേയ്ക്ക് ആരോഗ്യവിദഗ്ധർ വിരൽചൂണ്ടിയിരുന്നു.


രാജ്യമൊട്ടാകെ കോവിഡ് പടർന്നുപിടിച്ചത് എൻഎച്ച്എസിൻെറ കാത്തിരിപ്പ് പട്ടിക വളരെ കൂടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് രോഗികളുടെ പരിചരണം എൻഎച്ച്എസിൻെറ മേൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത് . എന്നിരുന്നാലും 2014 മുതൽ ക്യാൻസർ രോഗി പരിചരണത്തിനായുള്ള 8 പ്രധാന മാനദണ്ഡങ്ങൾ പാലിക്കാൻ എൻഎച്ച്എസിന് ആയിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് ക്യാൻസർ സംശയിക്കുന്ന വ്യക്തികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു സ്പെഷ്യലിസ്റ്റിന് സന്ദർശിക്കണം എന്ന മാനദണ്ഡം പോലും പലപ്പോഴും സാധിക്കാറില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി റാഡ്ക്ലിഫ് തിരികെ യുകെയിലേക്ക് എത്തുന്നു. കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്ന നസാനിന് ഈ ആഴ്ച യുകെ പാസ്പോർട്ട് തിരികെ ലഭിച്ചു. ഇനി, ലണ്ടനിലെ ഹാംപ്‌സ്റ്റെഡിൽ കഴിയുന്ന ഭർത്താവിന്റെയും മകളുടെയും അടുത്തേക്ക്. നസാനിന്റെ മോചനത്തിനായി ഭർത്താവ് റിച്ചാർഡും മകൾ ഗബ്രിയേലയും കഴിഞ്ഞ വർഷം നിരാഹാര സമരം നടത്തിയിരുന്നു. മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് നസാനിൻ ജയിലിലായത്.

അതിനിടെ, നസാനിൻ ഉൾപ്പെടെ രണ്ട് ബ്രിട്ടീഷ്-ഇറാൻ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് യുകെ ഇറാന് 405 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുണ്ട്. ഇറാനോടുള്ള കടം തീർപ്പാക്കിയതായി യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് സ്ഥിരീകരിച്ചു. കടവും റാഡ്ക്ലിഫിന്റെ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ബ്രിട്ടീഷ്, ഇറാനിയൻ സർക്കാരുകൾ അവകാശപ്പെട്ടെങ്കിലും കടം തീർത്താൽ റാഡ്ക്ലിഫിനെ വിട്ടയക്കാമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി 2021 ൽ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 1979ന് മുൻപ് യുദ്ധ ടാങ്കുകൾ വാങ്ങാനായി ഇറാനിയൻ ഷാ 400 മില്യൺ പൗണ്ട് ബ്രിട്ടന് നൽകിയെങ്കിലും ഓർഡർ റദ്ദാക്കിയിരുന്നു. ഈ കടമാണ് ഇപ്പോൾ വീട്ടിയത്.

നസാനിനൊപ്പം ജയിലിലായിരുന്ന അനൂഷെ അഷൂരിയെയും വിട്ടയച്ചതായി ഇറാൻ ജുഡീഷ്യറി വക്താവ് പറഞ്ഞു. 2016ൽ കുടുംബത്തെ കാണാൻ ഇളയ മകളോടൊപ്പം ഇറാനിലെത്തിയ നസാനിനെ തെഹ്റാൻ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. 2009ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതും ബി.ബി.സി പേർഷ്യന് അഭിമുഖം നൽകിയതും രാജ്യത്തിനെതിരായ നീക്കമാണെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ അറസ്റ്റ്.

സ്കോട്ട്ലൻഡ് : കറുത്ത വർഗ്ഗക്കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനം. പെൺകുട്ടിയുടെ കൈവശം കഞ്ചാവുണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പെൺകുട്ടിയുടെ ആർത്തവസമയത്ത് പോലീസ് നടത്തിയ പരിശോധന ന്യായീകരിക്കാൻ കഴിയാത്തതാണെന് സേഫ്ഗാർഡിംഗ് റിപ്പോർട്ട് പറയുന്നു. പരിശോധന നേരിടേണ്ടി വന്ന കുട്ടി മാനസികമായി തകർന്ന അവസ്ഥയിലാണ്. പോലീസ്, സന്തോഷവതിയായ പെൺകുട്ടിയെ ഭീരുവാക്കിതീർത്ത് ഏകാന്തതയിലേക്ക് തള്ളിവിട്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

പെൺകുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് ഉണ്ടെന്ന സംശയിച്ച അധ്യാപകർ പോലീസിനെ വിളിക്കുകയായിരുന്നു. രണ്ട് വനിതാ ഉദ്യോഗസ്ഥർ വിദ്യാർഥിയെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയി വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തി. ആർത്തവമാണെന്ന് അറിഞ്ഞിട്ടും സാനിറ്ററി ടവൽ അഴിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, പരിശോധനയിൽ യാതൊന്നും ലഭിക്കാത്തതിനാൽ പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതൊരു വംശീയ അതിക്രമം ആണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. “അവൾ കറുത്തവളല്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.” അവർ പറഞ്ഞു.

2020 അവസാനമാണ് ഇത് നടന്നതെന്ന് ലോക്കൽ ചൈൽഡ് സേഫ്ഗാർഡിംഗ് പ്രാക്ടീസ് റിവ്യൂവിൽ പറയുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സ്കോട്ട്ലൻഡ് യാർഡ് രംഗത്തെത്തി. പരിശോധന ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അവർ സമ്മതിച്ചു.

ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കേസാണിതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഇന്നലെ വ്യക്തമാക്കി. ‘ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഞാൻ അങ്ങേയറ്റം ആശങ്കാകുലനാണ്- ഒരു കുട്ടിക്കും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരരുത്.’ അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലൈറ്റ് ഓണ്‍ ചെയ്ത് ഉറങ്ങുന്ന ആളാണോ നിങ്ങള്‍? മുറിക്കുള്ളില്‍ ഒരു ചെറുവെളിച്ചം എങ്കിലും ഇല്ലെങ്കില്‍ ഉറക്കം വരുന്നില്ലെന്ന് പരാതി പറയാറുണ്ടോ? മിക്ക ആളുകള്‍ക്കും ഈ പ്രശ്നമുണ്ട്. എന്നാൽ ലൈറ്റ് ഓൺ ചെയ്ത് ഉറങ്ങുന്നത് ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകുമെന്ന് പറയുകയാണ് നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. രാത്രിയിൽ ലൈറ്റ് ഓൺ ചെയ്ത് ഉറങ്ങുമ്പോൾ ഹൃദയമിടിപ്പ് ഉയരുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. അടുത്ത ദിവസം രാവിലെ ഇൻസുലിനോട് ശരീരം പ്രതികരിക്കുന്നതിനെയും ഇത് ബാധിച്ചേക്കാം.

ഈ രണ്ട് ഘടകങ്ങളും ഹൃദ്രോഗ, പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ചെറിയ അളവിലുള്ള പ്രകാശത്തിന് ശരീരത്തെ ‘അലർട്ട് സ്റ്റേറ്റിലേക്ക്’ എത്തിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. 20 പേരിലാണ് പരീക്ഷണം നടത്തിയത്. ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ, ആളുകൾ ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാൻ ശ്രമിക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ അഭയാർത്ഥികൾക്കായി ബ്രിട്ടൻ ഏർപ്പെടുത്തിയ ഹോം ഫോർ ഉക്രൈൻ പദ്ധതികൾക്കായുള്ള വെബ്സൈറ്റ് ഇന്നലെ പ്രവർത്തനം ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഈ പദ്ധതിയുടെ ഭാഗമാകാൻ ഒരുലക്ഷത്തിലധികം ബ്രിട്ടീഷുകാരാണ് മുന്നോട്ടുവന്നത്. മറ്റുള്ളവർക്ക് ദുരിതം അനുഭവിക്കുന്ന സമയത്ത് ഏറ്റവും നന്നായി പിന്തുണ കൊടുത്ത ചരിത്രമാണ് യുകെയ്ക്ക് ഉള്ളതെന്ന് ഹൗസിംഗ് ആൻഡ് കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു.


വിവിധ സ്പോൺസർഷിപ്പ് സ്കീമിന്റെ കീഴിൽ എത്ര ഉക്രൈൻകാർക്ക് പ്രവേശിക്കാം എന്ന കാര്യത്തിൽ പരിധിയില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അഭയാർത്ഥികൾക്ക് അഭയം നൽകുന്ന കുടുംബങ്ങൾക്ക് 350 പൗണ്ട് ധനസഹായം നൽകുമെന്ന് ഗവൺമെൻറ് വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തിലധികം ആളുകളും സംഘടനകളും ഉക്രേനിയൻ അഭയാർത്ഥികൾക്ക് അഭയം നൽകാൻ മുന്നോട്ടുവന്നത് സന്തോഷകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു . സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved