ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നോർത്താംപ്ടണിൽ താമസിക്കുന്ന ഏലിയാമ്മ ഇട്ടി (69) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ അന്തരിച്ചു. കോട്ടയം അമയന്നൂർ തേമ്പിള്ളിൽ കുടമം പാറയിൽ വർഗീസ് ഇട്ടിയുടെ ഭാര്യയാണ് പരേത . ആദ്യകാല യുകെ മലയാളിയായ ഏലിയാമ്മഇട്ടി 2003 ലാണ് യുകെയിലെത്തിയത്. വ്യാഴാഴ്ച മിൽട്ടൺ ടണിൽ താമസിക്കുന്ന മകന്റെ വീട്ടിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. സംസ്കാരം ശുശ്രൂഷകൾക്കായി ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നോർത്താംപ്ടണിലെ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച്ഇടവകാംഗമാണ് പരേത
ഏലിയാമ്മ ഇട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കാനഡ : ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചവർക്ക് സങ്കടകടൽ ബാക്കി. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ കോസ്റ്റ് ഗാർഡും അറിയിച്ചു. യാത്രക്കാരെ നഷ്ടമായെന്ന് ദുഃഖത്തോടെ അറിയിക്കുന്നതായി ഓഷ്യൻഗേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ (അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ക്ടൺ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ടൈറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാൻഡ് ഷിപ്പിൽ നിന്ന് യുഎസ് കോസ്റ്റ് ഗാർഡിന് ലഭിക്കുന്നത്. തുടർന്ന് യുഎസ് നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്. ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞ വർഷം ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സിഇഒ സ്റ്റോക്ക്ടൺ റഷ് നൽകിയ അഭിമുഖവും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറിൽ ‘സിബിഎസ് സൺഡേ മോണിംഗ്’ എന്ന പരിപാടിയിൽ വച്ചാണ് റഷ് അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ സംശയം പ്രകടിപ്പിച്ചത്. അന്തർവാഹിനി യാത്ര അത്ര അപകടം പിടിച്ചതല്ല. പക്ഷേ, പല കാരണങ്ങൾ കൊണ്ട് വാഹനം ജലോപരിതലത്തിൽ മടങ്ങിയെത്തുമോ എന്ന് ഭയമുണ്ടെന്നായിരുന്നു റഷിന്റെ പ്രതികരണം.
ടൈറ്റാനിക്കിനും ടൈറ്റനും സംഭവിച്ച ദുരന്തത്തിലെ സാമ്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അടുത്തമാസം വീണ്ടും രാജ്യത്തെ ട്രെയിൻ ഗതാഗതം തടസ്സപ്പെടും. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി മൂന്ന് ദിവസത്തെ പണിമുടക്കാണ് ആർഎംറ്റി യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. 14 ട്രെയിൻ കമ്പനികളിൽ ജൂലൈ 20, 22, 29 തീയതികളിലാണ് പണിമുടക്ക് നടത്തപ്പെടുന്നത്. ശമ്പള വർദ്ധനവിനായി നടന്നു വന്നിരുന്ന ചർച്ചകൾ അവസാനിച്ച സാഹചര്യത്തിലാണ് പണിമുടക്കിനായുള്ള കടുത്ത തീരുമാനവുമായി മുന്നോട്ടു പോകേണ്ടതായി വന്നതെന്ന് യൂണിയൻ അറിയിച്ചു.
യൂണിയൻ നടപടി തികച്ചും അനാവശ്യമാണെന്നാണ് ട്രെയിൻ ഓപ്പറേറ്റർമാർ വാദിക്കുന്നത്. മുമ്പ് നടന്ന സമരങ്ങൾ വ്യാപകമായ രീതിയിൽ ജനങ്ങൾക്ക് യാത്രാ തടസ്സം സൃഷ്ടിച്ചിരുന്നു. ആഷസ് ടെസ്റ്റുകളും ഓപ്പൺ ഗോൾഫ് ചാമ്പ്യൻഷിപ്പും ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലെ ട്രെയിൻ സമരം മത്സരങ്ങളെ സാരമായി ബാധിക്കും എന്ന ആശങ്ക പരക്കെയുണ്ട്.
പണപ്പെരുപ്പവും വിപണിയിലെ വില വർദ്ധനവും 8.7 % ആയി ഉയരുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവ് അതിന് ആനുപാതികമായിരിക്കണമെന്നാണ് യൂണിയനുകൾ പ്രധാനമായും ആവശ്യപ്പെടുന്നത്. നിലവിൽ റെയിൽവേ ജീവനക്കാർക്ക് ട്രെയിൻ ഓപ്പറേറ്റർമാർ മുന്നോട്ടു വച്ചിരിക്കുന്ന ശമ്പള വർദ്ധനവ് 5 ശതമാനമാണ്. കൂടുതൽ ശമ്പള വർദ്ധനവ് നൽകുന്നതിനെതിരായി കഴിഞ്ഞദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി രംഗത്ത് വന്നിരുന്നു. പണിമുടക്ക് രണ്ടു പ്രധാനപ്പെട്ട കായിക മത്സരങ്ങളെയും സ്കൂൾ വേനൽ അവധിയുടെ തുടക്കത്തിൽ ജനങ്ങളുടെ യാത്രയെയും തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് ഗതാഗത വകുപ്പ് കുറ്റപ്പെടുത്തി
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- തെക്കൻ ഇംഗ്ലണ്ടിലെ ഫ്രൂട്ട് ഫാമുകളിൽ പഴങ്ങൾ പറിക്കുന്ന ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ തങ്ങൾ അടിമകളെ പോലെയാണ് ഇവിടെ ആയിരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തങ്ങൾ മനുഷ്യരെന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ ഒരാളായ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വനിത സിബിൽ മസെസാൻ ഹൗസ് ഓഫ് ലോർഡ്സ് കമ്മിറ്റിയോട് പറഞ്ഞു. ജയിലുകളിലെ പോലെ പേര് ഉപയോഗിച്ചല്ല, മറിച്ച് നമ്പറുകൾ ഉപയോഗിച്ചാണ് തങ്ങളെ അഭിസംബോധന ചെയ്യുന്നതെന്നും, അതോടൊപ്പം തന്നെ ഒരു ദിവസം 18 മണിക്കൂറോളം ജോലി ചെയ്യുവാൻ തങ്ങൾ നിർബന്ധിതരാകുന്നുണ്ടെന്നും, അതിനുശേഷം തങ്ങൾ പാർക്കുന്നത് വളരെയധികം ഇടുങ്ങിയ സ്ഥലങ്ങളിൽ ആണെന്നും അവർ വ്യക്തമാക്കി. മേലധികാരികളോട് പരാതിപ്പെട്ടാൽ തങ്ങളെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ലോഡ്സ് ഹോർട്ടികൾച്ചറൽ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഫാമുകളിൽ കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനത്തെ പറ്റിയുള്ള വ്യക്തമായ അന്വേഷണത്തിലാണ് കമ്മിറ്റി. വളരെ വേഗത്തിലും, കൃത്യമായ ഗുണനിലവാരത്തിലും തങ്ങൾ ജോലി പൂർത്തീകരിച്ചില്ലെങ്കിൽ തങ്ങളുടെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയയ്ക്കും എന്ന ഭീഷണിയാണ് തങ്ങൾക്ക് നേരെ ഉന്നയിക്കുന്നതെന്ന് ഖസാക്കിസ്ഥാനിൽ നിന്നുള്ള മറ്റൊരു തൊഴിലാളിയായ ആന്ദ്രേ ഒഖ്രിമെൻകോ വ്യക്തമാക്കി. തികച്ചും മോശമായ സാഹചര്യങ്ങളിലാണ് തങ്ങൾ ജീവിക്കുന്നതെന്നും, അതോടൊപ്പം തന്നെ തങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു പരസ്യത്തിലൂടെ അദ്ദേഹത്തിന്റെ രാജ്യത്ത് തന്നെയുള്ള ഒരു ഏജന്റ് വഴിയാണ് ഇവിടെ എത്തിപ്പെട്ടതെന്നും, ഫ്ലൈറ്റ് ടിക്കറ്റ് വിസ ചെലവുകളുമെല്ലാം താൻ തന്നെയാണ് വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ ആരും തന്നെ പഞ്ച നക്ഷത്ര ഹോട്ടലുകളിലെ സൗകര്യങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും, മറിച്ച് തികച്ചും മാന്യമായ ജീവിത സാഹചര്യങ്ങൾ മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയിരിക്കുന്നത്. യുകെയിൽ വരുന്നതിനുള്ള ചെലവുകൾ വഹിക്കാനായി പലരും വായ്പയെടുത്തിട്ടുണ്ടെന്നും, അതോടൊപ്പം തന്നെ താമസത്തിനായി ആഴ്ചയിൽ 80 പൗണ്ട് വരെ വാടക നൽകേണ്ടിവരുമെന്നും, ഇതു മൂലം ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ അവർ സംസാരിക്കാൻ മടിക്കുന്നതായും കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥകളെക്കുറിച്ച് ലേഖനം എഴുതിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ പത്രപ്രവർത്തകനായ എമിലിയാനോ മെല്ലിനോ വ്യക്തമാക്കി. നിലവിൽ കുടിയേറ്റ തൊഴിലാളികൾ ചെയ്യുന്ന ബ്രിട്ടീഷ് ഫാമുകളിലെ 50,000 ത്തോളം സീസണൽ ജോലികൾ നികത്താൻ ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ഔദ്യോഗിക നയം. സ്കീം ഓപ്പറേറ്റർമാർ” എന്നറിയപ്പെടുന്ന വളരെ കുറച്ച് റിക്രൂട്ട്മെന്റ് കമ്പനികൾക്ക് മാത്രമാണ് സീസണൽ വർക്കർ വിസകൾ ക്രമീകരിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ വ്യക്തമായ ഇടപെടലുകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി തുടർച്ചയായി 13-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതിയ നിരക്ക് വർദ്ധന ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . മോർട്ട്ഗേജ് വിപണിയിലെ മാന്ദ്യവും തകർച്ചയും വകവയ്ക്കാതെ അടിസ്ഥാന നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ നടപടി സാമ്പത്തിക വിദഗ്ധരിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. നിലവിൽ ഉള്ളത് 15 വർഷത്തെ ഉയർന്ന നിരക്കാണ്. ഇന്നലെ നടന്ന മീറ്റിംഗിൽ പണപ്പെരുപ്പം കുറയാനുള്ള സാധ്യതകളെക്കുറിച്ച് അധികൃതർ വിലയിരുത്തിയിരുന്നു. അതേസമയം സമ്പദ്വ്യവസ്ഥയുടെ വളർച്ച നിലനിർത്തുന്നതിനും നിത്യോപയോഗസാധനങ്ങളുടെ വിപണി വില പിടിച്ചുനിർത്തുന്നതിനുമാണ് പലിശ നിരക്ക് വർദ്ധനയുമായി മുന്നോട്ടു പോകുന്നതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വാദം.
ഈ രീതിയിൽ പോയാൽ ക്രിസ്തുമസോടെ നിരക്ക് 6 ശതമാനത്തിലെത്തുമെന്നാണ് വിപണികൾ പ്രവചിക്കുന്നത്. ശരാശരി രണ്ട് വർഷത്തെ മോർട്ട്ഗേജ് ഫിക്സ് ഇപ്പോൾ 6.19 ശതമാനത്തിലെത്തി. 2021 ൻെറ തുടക്കത്തിലേ അപേക്ഷിച്ച് ഇത് മൂന്നിരട്ടിയാണ്. ബാങ്കിന് ശക്തമായ പിന്തുണ നൽകികൊണ്ട് ചാൻസിലർ ജെറമി ഹണ്ട് മുന്നോട്ട് വന്നു. മോർട്ട്ഗേജുകളുള്ള കുടുംബങ്ങളുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കാനുള്ള ഒരേയൊരു ദീർഘകാല മാർഗ്ഗം വില നിയന്ത്രിക്കലാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിൽ പരാജയപെട്ടതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി കടുത്ത വിമർശനം നേരിട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി റിഷി സുനകിന്റെ പൂർണ്ണ പിന്തുണ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രസിഡന്റ് ആൻഡ്രൂ ബെയ്ലിയ്ക്ക് ഉണ്ടെന്നും അദ്ദേഹം തൻറെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഉയർന്ന എനർജി ബില്ലുകളുമായി മല്ലിടുന്നവർക്ക് ആശ്വസിക്കാൻ വഴി ഒരുങ്ങുന്നു. ഉയർന്ന എനർജി ബിൽ സാധാരണക്കാരായ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബ ബജറ്റുകളിൽ വലിയ സമ്മർദ്ദം ചെലുത്തി. കോവിഡിന് ശേഷം ലോകം ലോക്ക്ഡൗണിൽ നിന്ന് പുറത്തു വന്നപ്പോൾ വർദ്ധിച്ച ആവശ്യകതയും തുടർന്ന് 2022 ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രെയ്നിലെ യുദ്ധവും ഉൾപ്പെടെ ഊർജ്ജ വില കുത്തനെ ഉയരുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. എന്നാൽ ജൂലൈ മുതൽ എനർജി ബില്ലിൽ കുറവുണ്ടാവും എന്നതാണ് സന്തോഷവാർത്ത. വർഷം 3433.85 പൗണ്ട് ആണ് ജൂൺ അവസാനം വരെയുള്ള എനർജി ബിൽ. 1831.52 പൗണ്ട് ഗ്യാസിനും 1602.33 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഗ്യാസിന്റെ യൂണിറ്റ് റേറ്റ് 10.236 പെൻസ് /kWh, വൈദ്യുതിയുടെ യൂണിറ്റ് റേറ്റ് 32.811 പെൻസ് / kWh എന്നിങ്ങനെ ആണ്.
എന്നാൽ ജൂലൈ മുതൽ വർഷം 2823.84 പൗണ്ട് എന്ന നിലയിലേക്ക് തുക മാറും. . 1358.74 പൗണ്ട് ഗ്യാസിനും 1465.10 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഇവിടെ ഗ്യാസിന്റെ യൂണിറ്റ് റേറ്റ് 7.431 പെൻസ് /kWh, വൈദ്യുതിയുടെ യൂണിറ്റ് റേറ്റ് 29.607 പെൻസ് /kWh എന്നിങ്ങനെ കുറയും. ഇവിടെ ദിവസേനയുള്ള സ്റ്റാൻഡിങ് ചാർജ് ഗ്യാസിന് 29.106 പെൻസും വൈദ്യുതിക്ക് 53.964 പെൻസും ആയിരിക്കും.
പുതിയ താരിഫ് പ്രൈസ് നിലവിൽ വരുമ്പോൾ വർഷം 610.01 പൗണ്ടിന്റെ വ്യത്യാസം ബില്ലിൽ ഉണ്ടാകും.
യുകെയിലും യൂറോപ്പിലും വർഷത്തിലെ ഈ സമയത്തെ നേരിയ കാലാവസ്ഥ, പ്രതീക്ഷിച്ചതിലും കൂടുതൽ ഗ്യാസ് സംഭരണം, ഊർജ്ജം കുറച്ച് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ, ഉയർന്ന വില കാരണം കിഴക്കൻ ഏഷ്യയിൽ ഡിമാൻഡ് കുറവ്, യൂറോപ്പിൽ റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് കുറച്ചു തുടങ്ങിയവ തുക കുറയുന്നതിന്റെ പ്രധാന കാരണങ്ങളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചാൾസ് മൂന്നാമൻ രാജാവിൻറെ ഒന്നാം ജന്മദിനത്തിൽ ആദരിക്കപ്പെടുന്ന പ്രമുഖരിൽ യുകെ മലയാളിയായ ജോയ്സി ജോണും ഇടം പിടിച്ചു. നൈപുണ്യ മേഖലയിലെ മികവിനും സംഭാവനകൾക്കുമാണ് ജോയ്സിയെ ആദരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ മേഖലകളിലും വെൽഷ് ഗവൺമെന്റിന്റെ വിദഗ്ധസമിതികളിലും ജോയ്സി ഉപദേശകയായി മികച്ച സേവനം നൽകിയതിനെ തുടർന്നാണ് ബഹുമതി തേടിയെത്തിയത്.
യുകെയുടെ സ്കിൽ ഡെവലപ്പ്മെൻ്റ് ഫൗണ്ടേഷനായ നെസ്റ്റയിൽ വിദ്യാഭ്യാസ ഡയറക്ടറും നാഷണൽ കോളേജ് ഫോർ ഡിജിറ്റൽ സ്കിൽസ് ആയ അഡയുടെ ചീഫ് ഇൻഡസ്ട്രി ഓഫീസറും ആയി ജോയ്സി പ്രവർത്തിച്ചിരുന്നു. സിംഗപ്പൂർ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ബാങ്കിംഗ് മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചതിനു ശേഷമാണ് സ്ത്രീകളുടെയും പ്രത്യേകിച്ച് താഴ്ന്ന വരുമാന മാർഗ്ഗമുള്ളവരുടെയും നൈപുണ്യ വികസനത്തിനായി പ്രവർത്തിക്കാൻ അവർ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു .
സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദവും ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എംബിഎയും നേടിയിട്ടുണ്ട്. കേരളത്തിലെ തൃശൂർ ജില്ലയിലെ മാള സ്വദേശിയായ ജോയ്സി കാൺപൂരിലാണ് വളർന്നത്. ഭർത്താവ് ടോണി തോമസ് . ഇൻവെനിയോ കൺസൾട്ടിങ്ങിന്റെ ഡയറക്ടർ ടോണി തോമസ് ആണ് . രണ്ട് പെൺമക്കൾ: അമേലിയ, എലനോർ .
മലയാളിയായ അധ്യാപകൻ പി . എ മുഹമ്മദ് ബഷീർ ബ്രിട്ടന്റെ ഉന്നത പദവി നേടിയത് മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെതിരുന്നു.. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അദ്ദേഹത്തിന് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാരം ആണ് ലഭിച്ചത്. എൻജിനീയറിങ് രംഗത്തുള്ള സംഭാവനകളെ പരിഗണിച്ചാണ് പ്രൊഫസർ മുഹമ്മദ് ബഷീറിന് പുരസ്കാരം ലഭിച്ചത്. യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം സെപ്റ്റംബറിൽ ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിയിൽ എക്സിക്യൂട്ടീവ് ഡീനായി ചുമതലയേൽക്കും. യുകെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവനീത് ( ലണ്ടൻ).
വിവിധ മേഖലകളിൽ നിന്ന് 1171 പേർക്കാണ് ബഹുമതികൾ ലഭിക്കുന്നത്. ചാൾസ് മൂന്നാമൻ രാജാവായതിനു ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് .പ്രൊഫസർ മുഹമ്മദ് ബഷീറിനെയും ജോയ്സി ജോണിനെയും കൂടാതെ കൂടാതെ അൻപതോളം ഇന്ത്യൻ വംശജരും അവാർഡിന് അർഹരായിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡ് മഹാമാരിയുടെ സമയത്ത് ഉണ്ടായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയം . പാർട്ടി ഗേറ്റ് വിവാദങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ എംപി സ്ഥാനം രാജിവച്ചത് ഭരണപക്ഷത്തിന്റെ ഉള്ളിൽ തന്നെ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. അടുത്തു വരുന്ന ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി റിഷി സുനക് സർക്കാരിനെ സംബന്ധിച്ച് നിർണ്ണായകമാണ്.
ഇതിനിടെ കോവിഡ് കാലത്തെ പല നടപടികളും തെറ്റായ തീരുമാനമായിരുന്നു എന്ന് നിലവിലെ ചാൻസിലർ ആയ ജെറമി ഹണ്ട് പറഞ്ഞത് വൻ വാർത്താപ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് ജനങ്ങളെ ക്വാറന്റൈൻ ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് എൻക്വയറി കമ്മറ്റിയോടാണ് 2012 നും 2018 നും ഇടയിൽ ആരോഗ്യ സെക്രട്ടറി കൂടിയായിരുന്ന ജെറമി ഹണ്ട് തന്റെ അഭിപ്രായം പറഞ്ഞത്. മുൻ ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ മഹാമാരിയെ നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ ജെറമി ഹണ്ട് ഒരു പ്രധാന പങ്കുവഹിച്ചിരുന്നു.
കൂടുതൽ പരിശോധനകൾ നടക്കുകയാണെങ്കിൽ രോഗം പടർന്നുപിടിക്കുന്നത് മന്ദഗതിയിൽ ആകുമായിരുന്നെന്ന് ജെറമി ഹണ്ട് എൻക്വയറി കമ്മിറ്റിയോടെ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ . മഹാമാരി പടർന്ന് പിടിച്ച സമയത്ത് മറ്റു രാജ്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ യുകെയ്ക്ക് കഴിഞ്ഞില്ല. ദക്ഷിണകൊറിയയിൽ മഹാമാരിയുടെ ആദ്യഘട്ടത്തിൽ ലോക്ഡൗൺ ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ പണപ്പെരുപ്പം തുടർച്ചയായി നാലാം മാസവും പ്രതീക്ഷിച്ചതിലും വളരെ ഉയർന്ന നിലയിൽ തുടരുന്നതിന് പിന്നാലെ പലിശ നിരക്ക് വീണ്ടും ഉയരുമെന്ന അഭിപ്രായം ഉയരുന്നു. വിലക്കയറ്റത്തിന്റെ തോത് അളക്കുന്ന പണപ്പെരുപ്പം മെയ് മാസത്തിൽ 8.7 ശതമാനത്തിൽ എത്തിയിരുന്നു. വിമാനങ്ങൾക്കും സെക്കൻഡ് ഹാൻഡ് കാറുകൾക്കുമുള്ള ഉയർന്ന വിലയും മറ്റുമാണ് വിലക്കയറ്റത്തിൻെറ പിന്നിലെ കാരണമായി വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നത്. അതേസമയം സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലയും ദിനംപ്രതി ഉയർന്നുവരികയാണ്.
പ്രധാന മന്ത്രി റിഷി സുനകും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറും പങ്കെടുത്ത പരിപാടിയിൽ “മോർട്ട്ഗേജ് ദുരന്തത്തിന്” കൺസേർവേറ്റീവ് പാർട്ടിയാണ് ഉത്തരവാദികളെന്ന് സർ കെയർ ആരോപിച്ചു. എന്നാൽ “ആഗോള മാക്രോ ഇക്കണോമിക് സാഹചര്യം” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉയർന്ന ജീവിത ചിലവിൻെറ സാഹചര്യത്തിൽ ജനങ്ങളെ പിന്തുണയ്ക്കാൻ കോടികൾ ചിലവഴിച്ചതും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച പലിശ നിരക്ക് 0.25% മുതൽ 4.75% വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്കുകൾ ഉയരുമ്പോൾ ഭവന ഉടമകൾക്ക് മോർട്ട്ഗേജ് പേയ്മെന്റുകളിൽ വലിയ വർദ്ധനവ് ഉണ്ടാവും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് (ഐ.എഫ്.എസ്) ഉയർന്ന നിരക്കുകൾ മോർട്ട്ഗേജ് ഹോൾഡർമാരുടെ ഡിസ്പോസിബിൾ വരുമാനത്തിൻെറ 20 ശതമാനത്തിലധികം ഇടിവിന് കാരണമാകുന്നതായി മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ) : വർഷങ്ങൾക്ക് മുമ്പേ അടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലിൽ ഇനി അവശേഷിക്കുന്നത് 30 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്സിജനാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ കാണാതാകുന്നത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. 21 അടി നീളമുള്ള ടൈറ്റനിൽ രണ്ട് ജീവനക്കാരും മൂന്ന് കോടീശ്വരന്മാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, മുൻ ഫ്രഞ്ച് നാവികസേനാ മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നാർസലേ, ഓഷ്യൻഗേറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റോക്ക്ടൺ റഷ് എന്നിവരാണ് ഉള്ളത്.
മുങ്ങിക്കപ്പലിന് പര്യടനം ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. കനേഡിയൻ നാവികസേനയ്ക്കൊപ്പം യു എസ് കോസ്റ്റ്ഗാർഡും ഡീപ് എനർജി എന്ന കപ്പലും തിരച്ചിലിൽ പങ്കുചേരുന്നു. കോസ്റ്റ് ഗാർഡിന്റെ രണ്ട് സി 130 വിമാനങ്ങളും നിരീക്ഷണത്തിനുണ്ട്.
7,600 ചതുരശ്ര മൈൽ ( 20,000 ചതുരശ്ര കിലോമീറ്റർ) പരന്ന് കിടക്കുന്ന രണ്ട് മൈലിലേറെ ആഴമുള്ള വടക്കൻ അറ്റലാന്റിക് സമുദ്രത്തിൽ തെരച്ചിൽ നടത്തുക അത്ര എളുപ്പമല്ല. ‘സമുദ്രത്തിന്റെ ആഴങ്ങളിൽ കൂരിരുട്ടാണ്. രക്തമുറയുന്ന തണുപ്പും. മുഖത്തിന് നേരെ കൈ പിടിച്ചാൽ പോലും കാണില്ല’- ടൈറ്റാനിക് വിദഗ്ധൻ ടിം മാൾട്ടിൻ എൻബിസി ന്യൂസിനോട് പറഞ്ഞു. ബഹിരാകാശത്ത് പോകുന്നതിന് സമാനമാണ് സമുദ്രത്തിലെ തെരച്ചിലെന്നും അദ്ദേഹം പറയുന്നു. കരയേക്കാൾ 400 ഇരട്ടി മർദ്ദമാണ് നാല് കിലോമീറ്റർ ആഴത്തിൽ വെള്ളത്തിനടിയിലുണ്ടാവുക. ഈ മർദ്ദം എക്വിപ്മെന്റുകളിൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നും വളരെ കുറച്ച് അന്തർവാഹിനികൾക്ക് മാത്രമേ ഈ മർദ്ദം താങ്ങാനാകൂവെന്നും കീലി സർവകലാശാല പ്രൊഫസർ ജെയ്മി പ്രിംഗ്ലി പറഞ്ഞു.
അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ്. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും. അകത്തു നിന്ന് തുറക്കാനാകാത്ത സമുദ്രപേടകത്തിലുള്ള അഞ്ചു പേരെ രക്ഷിക്കാനുള്ള ശ്രമം അവസാന മണിക്കൂറുകളിലാണ്.. എവിടെയാണ് ടൈറ്റൻ ചോദ്യം ബാക്കിയാവുന്നു.