Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാർ മുന്നോട്ടുവച്ച ശമ്പള വാഗ്ദാനം സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ നിരസിച്ചു. തങ്ങൾക്കു കൂടി സ്വീകാര്യമായ മെച്ചപ്പെട്ട ഓഫർ നൽകിയില്ലെങ്കിൽ ജൂലൈ 12 നും 15 നും ഇടയിൽ മൂന്ന് ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ബി എം എ സ്കോട്ട്‌ ലൻഡ് അറിയിച്ചു. 14.5 % ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർക്ക് നൽകാനായി ഗവൺമെൻറ് മുന്നോട്ടുവെച്ച ഓഫർ .


സർക്കാർ നിർദ്ദേശം തങ്ങളുടെ 71. 1% അംഗങ്ങളും നിരസിച്ചതായി യൂണിയൻ അറിയിച്ചു. സർക്കാരിൻറെ ഭാഗത്തുനിന്നും സമവായ നിർദ്ദേശം ഒന്നും ഉണ്ടായില്ലെങ്കിൽ സ്കോട്ട്‌ ലൻഡിൽ ആദ്യമായി ജൂനിയർ ഡോക്ടർമാർ പണിമുടക്കുമെന്ന് ബിഎംഎയുടെ സ്കോട്ടീഷ് ജൂനിയർ ഡോക്ടർ കമ്മിറ്റി ചെയർ ഡോ. ക്രിസ് സ്മിത്ത് പറഞ്ഞു. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും കണക്ക് കൂട്ടുമ്പോൾ 2008 -ൽ ഒരു ജൂനിയർ ഡോക്ടർക്ക് ഇന്നത്തെ അപേക്ഷിച്ച് 28.5 % ശമ്പളം കൂടുതലായിരുന്നു എന്നാണ് യൂണിയൻ വാദിക്കുന്നത്.

പന്ത് ഇപ്പോൾ ഗവൺമെന്റിന്റെ കോർട്ടിലാണെന്നും അവർ അടിയന്തരമായും ക്രിയാത്മകമായും പ്രതികരിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് യൂണിയൻ വക്താവ് പറഞ്ഞു. ഇതിനിടെ ജൂനിയർ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് പരിഹാരത്തിനായി അടിയന്തര ചർച്ചകൾ സ്കോട്ടിഷ് സർക്കാരിൻറെ ഭാഗത്തുനിന്നും ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ജൂനിയർ ഡോക്ടർമാരുടെ യൂണിയനുമായി പ്രശ്നപരിഹാരത്തിനായി ചർച്ചകൾ ആരംഭിക്കുമെന്ന് സ്കോട്ടിഷ് പ്രൈം മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു. ശമ്പള വർധനവിനോട് അനുബന്ധിച്ച് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരും ആംബുലൻസ് ജീവനക്കാരും നേരത്തെ തന്നെ സമരമുഖത്തിറങ്ങിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തൻെറ കല്യാണത്തിനായി പോയ വരനെ വേഗതയിൽ വാഹനമോടിച്ചതിന് പിടി കൂടി പോലീസ്. മോട്ടോർവേയിൽ 121 മൈൽ വേഗതയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് പോലീസ് പിടികൂടിയത്. ഒരു സിൽവർ ബിഎംഡബ്ല്യുവിന്റെ ചിത്രവും റഡാർ തോക്കിന്റെ വേഗത പ്രദർശിപ്പിക്കുന്ന ചിത്രവും വിൽറ്റ്ഷയർ പോലീസ് സ്‌പെഷ്യലിസ്റ്റ് ഓപ്‌സ് ട്വീറ്റ് ചെയ്‌തു. ജൂൺ 11-ന് ഇട്ട പോസ്റ്റിലാണ് സാധാരണ വധു കല്യാണത്തിന് താമസിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും കല്യാണത്തിന് താമസിച്ച് 121 മൈൽ വേഗതയിൽ വാഹനം ഓടിച്ച വരൻെറ വിവരം പോലീസ് ട്വീറ്റ് ചെയ്‌തത്‌.

എന്നാൽ അമിത വേഗം മാത്രമായിരുന്നില്ല വാഹനത്തിൻെറ ടയറുകൾ നിയമവിരുദ്ധമായ അവസ്ഥയിൽ ആയിരുന്നെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. വരനെ ചടങ്ങിലേയ്ക്ക് കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ പിന്നീട് വന്നതായി വിൽറ്റ്ഷയർ പോലീസ് സ്ഥിരീകരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹേ – ഫീവർ ബാധിച്ചവരുടെ എണ്ണം രാജ്യമൊട്ടാകെ കൂടുന്നതായി കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച മാത്രം 122,650 – ലധികം ആളുകളാണ് ഹേ – ഫീവറിനെതിരെ പരിഹാര നിർദ്ദേശങ്ങൾക്കായി എൻഎച്ച്എസ് വെബ്സൈറ്റ് സന്ദർശിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാധാരണയായി മാർച്ച് അവസാനം മുതൽ സെപ്റ്റംബർ വരെ ചൂടുകാറ്റും ഈർപ്പവും പൂമ്പൊടി കൂടുതലുള്ളതുമായ സമയത്താണ് അലർജി മൂലമുണ്ടാകുന്ന ഈ പനി ബാധിക്കുന്നത്. തുമ്മൽ , ചുമ , മൂക്കൊലിപ്പ്, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. വായുവിലൂടെയുള്ള പൊടിയുടെ വ്യാപനം, അലർജിക്ക് കാരണമായ പൂമ്പൊടി എന്നിവ മൂലമാണ് ഈ പനി പ്രധാനമായും ഉണ്ടാകുന്നത്.


ഹേ ഫീവറിന് ചികിത്സയില്ലെന്നും ഈ ജലദോഷ പനി ചില പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വരാതെ നോക്കാനും നിയന്ത്രണവിധേയമാക്കാമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ജനലുകൾ അടയ്ക്കുന്നതും എയർ ഫ്യൂരിഫയറുകൾ ഉപയോഗിക്കുന്നതും രാവിലെയും വൈകുന്നേരങ്ങളിലും പൂമ്പൊടി കൂടുതൽ അന്തരീക്ഷത്തിൽ പടരുന്ന സമയങ്ങളിൽ ഔട്ട്ഡോറിലുള്ള ജോലികൾ കുറയ്ക്കുകയും ചെയ്യുന്നത് അലർജി മൂലമുള്ള ഈ ജലദോഷപനി വരാതിരിക്കുന്നതിന് സഹായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അനുവദനീയമായ സമയപരിധിക്ക് ശേഷവും ഗർഭചിദ്രത്തിനായി ഗുളികകൾ കഴിച്ച യുവതിക്കെതിരെ കോടതി വിധി. സ്റ്റോക്ക് ഓൺ ട്രെൻഡ് ക്രൗൺ കോടതിയാണ് മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്ക് 2 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 44 കാരിയായ കാർല ഫോസ്റ്റർ ആണ് റിമോട്ട് കൺസൾട്ടേഷനെ തുടർന്ന് ഗർഭ ചിദ്രത്തിനായുള്ള ഗുളികകൾ കഴിച്ചത്. എന്നാൽ തനിക്ക് എത്ര ആഴ്ച ഗർഭം ഉണ്ടെന്നതിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് അവർ നൽകിയത്.

കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ കാലത്ത് ഗർഭചിദ്രം വീട്ടിൽ തന്നെ നടത്താനുള്ള പിൽസ് ബൈ പോസ്റ്റ് സ്കീം രാജ്യത്ത് നടപ്പിലാക്കിയിരുന്നു. ഈ രീതിയിൽ 10 ആഴ്ച വരെയുള്ള ഗർഭചിദ്രം അവസാനിപ്പിക്കാനെ നിയമം അനുശാസിക്കുന്നുള്ളു. എന്നാൽ പ്രതി ഗർഭചിദ്രത്തിനായുള്ള ഗുളികകൾ കഴിക്കുമ്പോൾ അവൾ 32- 34 ആഴ്ചകൾ വരെ ഗർഭിണിയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്.

24 ആഴ്ചകൾ വരെ യുകെയിൽ ഗർഭചിദ്രം നിയമവിധേയമാണ്. പക്ഷേ 10 ആഴ്ചകൾക്ക് ശേഷമാണെങ്കിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ ക്ലിനിക്കിൽ മാത്രമേ ഗർഭചിദ്രം ചെയ്യാൻ പാടുള്ളൂ . പ്രതിക്ക് ഗർഭസ്ഥ ശിശുവിന് ഗുളികകൾ ഉപയോഗിച്ച് സ്വയം ഗർഭചിദ്രം നടത്തുന്നതിനുള്ള സമയപരിധി കഴിഞ്ഞെന്ന് അറിയാമായിരുന്നു എന്ന് കോടതി വിലയിരുത്തി. യുവതി ഡോക്ടറുടെ അടുത്ത് പോകാതെ എങ്ങനെ ഗർഭച്ഛിദ്രം നടത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഓൺലൈനിൽ തിരച്ചിൽ നടത്തിയതിന്റെ വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. സമയപരിധിക്ക് ശേഷം ഗർഭച്ഛിദ്ര ഗുളികകൾ കഴിച്ചത് കുട്ടിയുടെ മരണത്തിന് കാരണമായതാണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുകെയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. വടക്കുപടിഞ്ഞാറൻ ലണ്ടനിൽ ഉണ്ടായ ശക്തമായ പ്രളയത്തെ തുടർന്ന് യാത്രക്കാർ കാറുകളിലും മറ്റും വളരെ ബുദ്ധിമുട്ടോടുകൂടിയാണ് റോഡുകളിലൂടെ നീങ്ങിയത്. ലണ്ടനിലെ ഗാറ്റ് വിക്ക് അന്തർദേശീയ വിമാനത്താവളത്തിൽ നിന്നുമുള്ള ചില ഫ്ലൈറ്റുകൾ മോശം കാലാവസ്ഥ മൂലം റദ്ദാക്കപ്പെട്ടതായി ഈസിജെറ്റ് അധികൃതർ അറിയിച്ചു.

വടക്കൻ അയർലൻഡിലും സ്കോട്ട് ലൻഡിലും ചൊവ്വാഴ്ച കൊടുങ്കാറ്റ് ഉണ്ടാകാമെന്ന മുന്നറിയിപ്പുകൾ നിലവിൽ കാലാവസ്ഥ നിരീക്ഷണ വിഭാഗം നൽകി കഴിഞ്ഞു. മിഡ്‌ ലാൻഡ്‌സിൽ ശക്തമായി ഉണ്ടായ കാറ്റ് തീവ്രമായ മഴയ്ക്ക് കാരണമായതായും, ബെഡ്‌ഫോർഡ്‌ഷയറിലെ വോബർണിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറിനുള്ളിൽ 26.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായും ബിബിസി കാലാവസ്ഥാ നിരീക്ഷകൻ സ്റ്റാവ് ഡാനോസ് വ്യക്തമാക്കി. ചൊവ്വാഴ്ച കൂടുതൽ മഴ ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിരീക്ഷണം. എന്നാൽ നിലവിലെ കാലാവസ്ഥ വ്യതിയാനം മൂലം പ്രവചിക്കാനാകാത്ത അവസ്ഥയിലേക്കാണ് കാലാവസ്ഥ എത്തുന്നതെന്ന നിരീക്ഷണമാണ് പൊതുവേ കാലാവസ്ഥ നിരീക്ഷകർ നൽകുന്നത്.

മോശം കാലാവസ്ഥ നിലവിൽ നിൽക്കെ തന്നെ, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ വിജയാഘോഷത്തിനായി ആയിരക്കണക്കിന് മാഞ്ചസ്റ്റർ സിറ്റി ആരാധകർ സിറ്റി സെന്ററിലെ തെരുവുകളിൽ അണിനിരന്നു . ക്ലബ്ബിലെ ഭൂരിഭാഗം താരങ്ങളും മഴ വകവയ്ക്കാതെ ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കാതെ തങ്ങളുടെ വിജയാഘോഷങ്ങളിൽ പൂർണമായും പങ്കാളികളായി. അതേസമയം, ബെഡ്‌ഫോർഡ്‌ഷെയറിലെ ലൂട്ടൺ ആൻഡ് ഡൺസ്റ്റബിൾ ആശുപത്രി പരിസരങ്ങളിൽ ഉണ്ടായ പ്രാദേശിക വെള്ളപ്പൊക്കം കാരണം അത്യാവശ്യം ഉള്ളവർ മാത്രം ആശുപത്രി സന്ദർശിച്ചാൽ മതിയെന്ന് നിർദ്ദേശം അധികൃതർ നൽകിയിരുന്നു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നും ചില ഫ്ലൈറ്റുകൾ കാലാവസ്ഥ മോശമായതിനെ തുടർന്ന് റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. അനാവശ്യമായ കാർ യാത്രകൾ ഒഴിവാക്കി പൊതുഗതാഗതത്തെ ജനങ്ങൾ ആശ്രയിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ സാമൂഹിക പരിപാലന മേഖലയിൽ ജോലിക്കായി വിദേശത്ത് നിന്ന് നിയമിച്ച നേഴ്‌സുമാർ കടക്കെണിയിൽ. മാസങ്ങളോളം ശമ്പളമില്ലാതെ കുടുങ്ങിപ്പോയതിനെ തുടർന്ന് പലരും ആത്മഹത്യയുടെ വക്കിൽ ആണ്. അവർക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ വേതനമാണ് നൽകിയിരിക്കുന്നതെന്നും ചില കേസുകളിൽ അവരുടെ താമസവും തൊഴിൽ വ്യവസ്ഥകളും സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. കെയർടെക് ഗ്രൂപ്പിന്റെ ഭാഗമായ കാംബിയൻ ചിൽഡ്രൻസ് സർവീസുകളിലെ 400 ഒഴിവുകൾ നികത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഏജൻസികൾ വഴിയാണ് ഇവരെ നിയമിച്ചത്.

വാഗ്ദാനങ്ങൾ പാലിക്കാതെ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ജോലിയിൽ പ്രവേശിച്ച ആളുകൾ പറയുന്നത്. അവർ ഇന്ത്യ വിടുന്നതിന് മുമ്പ്, നേഴ്‌സുമാർക്ക് യുകെയിലെ 11-ാം ദിവസം മുതൽ ഇൻഡക്ഷനുകളും പരിശോധനകളും പൂർത്തിയാകുമ്പോൾ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ഏജന്റുമാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും നടപ്പിലായിട്ടില്ല. ഡ്യൂട്ടി ഷിഫ്റ്റുകൾ ആരംഭിച്ചതിന് ശേഷം മാത്രമേ ശമ്പളം നൽകുകയുള്ളൂ എന്നാണ് ഇപ്പോൾ നേഴ്സുമാർക്ക് കിട്ടിയിരിക്കുന്ന വിവരം. നിലവിൽ ജോബ് വേക്കൻസിയുടെ കാര്യത്തിലും കുറവുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പലർക്കും ജോലി ലഭിക്കാൻ നാലുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയും വന്നുചേർന്നിരുന്നു.

കാംബിയനിലെ ജോലിക്കാർക്ക് ദിവസം ചെല്ലുന്തോറും കടബാധ്യത വർധിച്ചു വരികയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരിൽ പലരും പണം കടം വാങ്ങുകയും വസ്തുക്കൾ വിറ്റുപെറുക്കിയുമാണ് യുകെയിൽ ജോലിക്കായി എത്തിയത്. വാഗ്ദാനം ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇവരുടെ ജീവിത സാഹചര്യം എന്ന് നിസംശയം പറയാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്ത്രീയുടെ വേഷം ധരിച്ച പുരുഷനെ ഒരു ഹോസ്റ്റൽ സ്ത്രീകൾ മാത്രമുള്ള ഡോർമിൽ താമസിക്കാൻ അനുവദിച്ചു. അലിസൻ എന്ന പേരിൽ പിംലിക്കോയിലെ ആസ്റ്റർ വിക്ടോറിയ ഹോസ്റ്റലിൽ സ്ത്രീകൾ മാത്രമുള്ള ഡോർമിലിൽ മുറിയെടുത്ത പുരുഷൻ, കട്ടിലിൽ അർദ്ധനഗ്നനായി പുരുഷ ലൈംഗികാവയവം പ്രദർശിപ്പിച്ചെന്നുമാണ് പരാതി. 23 വർഷം ദാരുണമായ ഗാർഹിക പീഡനത്തിന് ഇരയായ സ്യൂ ബോർഡ്മാൻ, താൻ ചെക്ക് ഇൻ ചെയ്‌ത സ്ത്രീകൾ മാത്രമുള്ള ഡോർമിലിൽ ഒരു പുരുഷൻ ഉണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ പുറത്ത് വന്നത്.

ഷ്രോപ്‌ഷെയറിൽ നിന്നുള്ള 55 കാരൻ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലെറ്റ് വിമൻ സ്പീക്ക് ഇവന്റിനായി മെയ് 28 ന് രണ്ട് രാത്രി ലണ്ടനിലേക്ക് പോയിരുന്നു. സ്ത്രീയുടെ വേഷം ധരിച്ച ഒരു പുരുഷൻ കട്ടിലിൽ, പുരുഷ ജനനേന്ദ്രിയം പ്രദർശിപ്പിച്ചിരിക്കുന്നതായി അവർ കണ്ടതായി സ്ത്രീകൾ വെളിപ്പെടുത്തി . സ്ത്രീയെന്ന് കരുതിയാണ് ഹോസ്റ്റൽ അധികൃതർ താമസം നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം. സ്ത്രീയെ പോലെ വേഷം ധരിച്ചെത്തിയതിനാൽ ആർക്കും സംശയം തോന്നിയില്ല.

എന്നാൽ പരാതി ഉയർത്തിയതിന് ശേഷം ഹോട്ടൽ അധികൃതർ ക്ഷമാപണം നടത്തിയെന്നും സൂചനയുണ്ട്. തെറ്റ് പറ്റിയതാണെന്നും, ആളെ തിരിച്ചറിയാൻ കഴിയാതെ പോയെന്നും അവർ പറയുന്നു. ആൽമാറാട്ടത്തിനൊപ്പം പുരുഷ ലൈംഗിക അവയവം പ്രദർശിപ്പിച്ചു എന്ന നിലയിലുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്കോട്ട് ലാൻഡ് :- സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പാർട്ടി നേതാവും, സ്കോട്ട് ലാൻഡ് മുൻ പ്രധാനമന്ത്രിയുമായ നിക്കോള സ്റ്റർജിയനെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതിന് ശേഷം ഒരു കുറ്റവും ചുമത്താതെ വിട്ടയച്ചതായുള്ള റിപ്പോർട്ടുകളാണ് പുതുതായി പുറത്തു വന്നിരിക്കുന്നത്. ആവശ്യമായ ചോദ്യം ചെയ്യാൻ നടന്നതിനുശേഷമാണ് സ്റ്റർജിയനെ പോലീസ് വിട്ടയച്ചിരിക്കുന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് വളരെ ശക്തമായ ഉറപ്പുണ്ടെന്ന് പുറത്തിറങ്ങിയശേഷം വാർത്ത കുറുപ്പിൽ സ്റ്റർജിയൻ വ്യക്തമാക്കിയിട്ടുണ്ട്.

ക്രൗൺ ഓഫീസിനും പ്രൊക്യുറേറ്റർ ഫിസ്‌കൽ സർവീസിനും അന്വേഷണത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഭാവിയിലെ ഒരു റഫറണ്ടം ക്യാമ്പെയ്‌നിൽ ഉപയോഗിക്കുന്നതിനായി സ്വതന്ത്ര ആക്ടിവിസ്റ്റുകൾ സമാഹരിച്ച് എസ്‌എൻ‌പിക്ക് നൽകിയ 660,000 പൗണ്ട് സംഭാവനയ്ക്ക് എന്ത് സംഭവിച്ചുവെന്നതിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വർഷമായി അന്വേഷണം നടന്നുവരികയാണ്. ഏകദേശം 12 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യുന്ന ശേഷമാണ് സ്കോട്ട്‌ ലൻഡ് മുൻ പ്രധാനമന്ത്രിയെ പോലീസ് വിട്ടയച്ചത്.

അന്വേഷണങ്ങൾ പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഇനിയും അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസിന് ഉണ്ട്. തന്റെ മോചനം സ്ഥിരീകരിച്ച ശേഷം ഉടൻതന്നെ സ്റ്റർജിയൻ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചു “ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളപ്പോൾ ഇന്ന് ഈ അവസ്ഥയിൽ എന്നെത്തന്നെ കണ്ടെത്തുന്നത് വളരെയധികം ഞെട്ടലും ആഴത്തിലുള്ള വേദനയുമാണ് ഉളവാക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ഈ അന്വേഷണം ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പലരും എന്നിൽ വിശ്വാസം പ്രകടമാക്കുന്നത് തുടരുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്, എസ്എൻപിയെയോ രാജ്യത്തെയോ ഉപദ്രവിക്കാൻ ഞാൻ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല.” തനിക്കും തന്റെ കുടുംബത്തിനും ജനങ്ങളിൽ നിന്ന് ലഭിച്ച എല്ലാ പിന്തുണയ്ക്കും അവർ നന്ദി പറയുകയും ചെയ്തു. എന്നാൽ സ്റ്റർജിയനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ചില എംപിമാർ എങ്കിലും മുന്നോട്ടു വച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അന്വേഷണത്തിന് മുന്നോട്ട് ആവശ്യമുണ്ടെങ്കിൽ വീണ്ടും അറസ്റ്റ് ഉണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നേഴ്സിങ് ജോലി സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം കൈവന്നിരിക്കുന്നു. അതും ഒരു രൂപ പോലും ട്യൂഷൻ ഫീ നൽകാതെ നേഴ്സിങ് പഠിക്കാൻ സാധിക്കും. യുകെയിലെ വെയിൽസിൽ നിന്നും ബിഎസ്സി നേഴ്സിങ്ങിൽ ചേർന്ന് തുടർന്ന് അവിടെത്തന്നെ സർക്കാർ സർവീസിൽ ജോലി നേടാനും സാധിക്കുന്നതാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന ഈ സ്കോളർഷിപ്പ് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25 ആണ് .

യുകെയിൽ സാധാരണഗതിയിൽ നേഴ്സിങ് പഠിക്കാൻ ട്യൂഷൻ ഫീ ഇനത്തിൽ 50 ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. സ്കോളർഷിപ്പ് കിട്ടുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീ ഒഴിവായി കിട്ടും എന്നതാണ് ഏറ്റവും വലിയ ആകർഷണം. വെയിൽസിൽ നിന്നുള്ള റെക്സ്ഹാം ഗ്ലിൻഡ്വർ യൂണിവേഴ്സിറ്റിയിൽ നിന്നും അഡൽറ്റ് നഴ്സിംഗ്, മെന്റൽ ഹെൽത്ത് നഴ്സിംഗ് എന്നീ വിഷയങ്ങളിൽ ബിഎസ്സി നേഴ്സിങ് പഠിക്കുന്നതിനാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. 2021 – ന് ശേഷം പ്ലസ് ടു 65 ശതമാനത്തോടെ വിജയിച്ച വിദ്യാർത്ഥികൾക്കും ജനറൽ നേഴ്സിങ് കഴിഞ്ഞവർക്കും അപേക്ഷിക്കാം.

വെയിൽസിലെ നേഴ്സിംഗ് രംഗത്ത് പ്രൊഫഷനുകളുടെ അഭാവം നികത്തുന്നതിനായി സർക്കാർ നേതൃത്വത്തിൽ ഹെൽത്ത് എഡ്യൂക്കേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് വെയിൽസ് ( എച്ച് ഇ ഐ ഡബ്ല്യു ) ആണ് സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎച്ച് എസിന്റെ കീഴിൽ സർക്കാർ സർവീസിൽ ശമ്പളത്തോട് കൂടി പ്രാക്ടീസ്ചെയ്യാനുള്ള സൗകര്യവും കോഴ്സിന്‍റെ ഭാഗമായിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9961277717, 70252 19266.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഈജിപ്തിൽ ഡൈവിംഗ് ട്രിപ്പിനിടെ ബോട്ടിന് തീപിടിച്ച് മൂന്ന് ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികളെ കാണാതായതായി റിപ്പോർട്ട്. ദി ഹുറികെയ്ൻ എന്ന കപ്പലിന് ഈജിപ്തിലെ ചെങ്കടലിൽ വച്ചാണ് തീപിടുത്തമുണ്ടായത്. കപ്പലിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും അമരം തീപിടിച്ച് നശിക്കുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇലക്ട്രിക്കൽ സർക്യൂട്ട് കാരണം എഞ്ചിൻ റൂമിൽ തീ പടർന്നതിനെ തുടർന്നാണ് തീപിടുത്തത്തെക്കുറിച്ച് രക്ഷാപ്രവർത്തകർക്ക് വിവരം ലഭിച്ചത്.

ഇതുവരെ, 26 യാത്രക്കാരെ രക്ഷപെടുത്തി. ഇതിൽ 12 പേർ ബ്രിട്ടീഷുകാരും മറ്റ് 14 പേർ ഈജിപ്തുകാരുമാണ്. രക്ഷപ്പെടുത്തിയ ആളുകൾക്ക് പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഈജിപ്ഷ്യൻ പോലീസ് അറിയിച്ചു. കിഴക്കൻ നഗരമായ മാർസ ആലമിലെ പോർട്ട് ഗാലിബിൽ നിന്ന് ജൂൺ 6 ന് പുറപ്പെട്ട കപ്പൽ ഇന്ന് തിരികെ പോകാനിരിക്കെയാണ് അപകടം.

Copyright © . All rights reserved