Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്‌കോട്ട്‌ലൻഡിൽ മയക്കുമരുന്ന് ദുരുപയോഗം മൂലം മരിച്ചവരുടെ എണ്ണം 279 ആയി കുറഞ്ഞു. അഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. സ്കോട്ട്ലൻഡിലെ നാഷണൽ റെക്കോർഡ്സിൻെറ കണക്കുകൾ പ്രകാരം 2022-ൽ മയക്കുമരുന്ന് ദുരുപയോഗം മൂലം 1,051 പേരാണ് മരിച്ചത്. എന്നാൽ ഇപ്പോഴും യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന മയക്കുമരുന്ന് മരണനിരക്ക് സ്കോട്ട് ലൻഡിൽ തന്നെയാണ്. മയക്കുമരുന്ന് ദുരുപയോഗ മരണങ്ങൾ കുറഞ്ഞെങ്കിലും, രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിന്റെ മൂന്നിരട്ടിയിലധികം തന്നെയാണ് ഇപ്പോഴും മരണനിരക്ക് ഉള്ളത്.


2022-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 10 മരണങ്ങളിൽ എട്ടിലധികവും ഹെറോയിൻ, മോർഫിൻ, മെത്തഡോൺ എന്നിവയുൾപ്പെടെയുള്ള ഒപിയേറ്റുകളും ഒപിയോയിഡുകളും മൂലമാണ്. മയക്കുമരുന്ന് ദുരുപയോഗ മരണങ്ങളിൽ ഭൂരിഭാഗവും ആകസ്മികമായ വിഷബാധയായി തരംതിരിച്ചിട്ടുണ്ട്, ഇതിൽ 7% മാത്രമാണ് മനഃപൂർവ്വ സ്വയം വിഷബാധയായി തരംതിരിച്ചിരിക്കുന്നത്. സ്കോട്ട് ലൻഡിലെ മയക്കുമരുന്ന് വിഷബാധയേറ്റ് മരണനിരക്ക് 2021-ൽ യുകെ ശരാശരിയേക്കാൾ 2.7 മടങ്ങ് കൂടുതലായിരുന്നു.

മയക്കുമരുന്ന് മരണങ്ങൾ രണ്ട് പതിറ്റാണ്ടുകളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2013 ന് ശേഷം ഈ കണക്കുകളിൽ കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടായിരുന്നതെന്നും നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട് ലൻഡിലെ ജനസംഖ്യാ സ്ഥിതിവിവരക്കണക്ക് മേധാവി ജൂലി റാംസെ പറഞ്ഞു. 1996 ൽ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഇടിവാണിതെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുവതി. 2010 ൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയാകുമ്പോൾ തനിക്ക് 16 വയസായിരുന്നുവെന്ന് ലോറൻ ടെയ്‌ലർ പറഞ്ഞു. അയാൾ തനിക്ക് 22 വയസ്സുണ്ടെന്ന് പറയുകയും സിനിമയ്ക്ക് കൊണ്ടുപോകാൻ ക്ഷണിക്കുകയുമായിരുന്നു. എന്നാൽ ലണ്ടനിലെ റോംഫോർഡിലെ ഒരു പാർക്കിൽ നടക്കാൻ കൊണ്ടുപോകുകയും തുടർന്ന് ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി ലോറനെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സഫോക്കിലെ ന്യൂമാർക്കറ്റിൽ നിന്നുള്ള 44കാരനായ മുൻ മെറ്റ് ഓഫീസർ, ലോറനെതിരെയുള്ള രണ്ട് ബലാത്സംഗ കേസുകൾക്കും 2003 നും 2005 നും ഇടയിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്ത കേസിനും ഉൾപ്പെടെ 16 വർഷം തടവുശിക്ഷ അനുഭവിച്ചു.


ബലാത്സംഗത്തിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പ്രൊവൻ പെരുമാറിയതെന്നും ഒരു മിൽക്ക് ഷേക്ക് വാങ്ങി നൽകുകയും പിന്നീട് വീണ്ടും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ലോറൻ പറഞ്ഞു. കുറ്റകൃത്യം പോലീസിൽ അറിയിക്കാൻ ആറ് വർഷമെടുത്തു. 2019-ൽ അദ്ദേഹത്തെ മെട്രോപൊളിറ്റൻ പോലീസിൽ നിന്ന് പുറത്താക്കി. എന്നാൽ പിന്നീട് അപ്പീലിൽ അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കപ്പെട്ടു.

ഇപ്പോൾ 29 വയസുള്ള ലോറന്റെ വെളിപ്പെടുത്തൽ ഒരുപാട് പേർക്ക് ഊർജം പകരുന്നതാണ്. ദുരനുഭവങ്ങൾ നേരിട്ടവരെ മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ കഥ പങ്കിടാൻ ആഗ്രഹിക്കുന്നതായി അവൾ പറഞ്ഞു. ബലാത്സംഗവും തെളിവ് നൽകുന്നതിന്റെ ആഘാതവും കാരണം തന്റെ ബന്ധങ്ങൾ തകർന്നതായും ഇപ്പോഴും ഭൂതകാലം തന്നെ വേട്ടയാടുന്നതായും അവൾ പറഞ്ഞു. എന്നാൽ, സത്യത്തിലുള്ള വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ച ഒരേയൊരു കാര്യമെന്ന് ലോറൻ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓരോ മരണവും നൽകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ച് ചെറുപ്രായത്തിലെയുള്ള ആകസ്മിക മരണങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നൽകുന്ന ആഘാതം വളരെ വലുതാണ്. 38 – മത്തെ വയസ്സിൽ ലെസ്റ്ററിൽ താമസിക്കുന്ന അക്ഷധ ശിരോദ്കറിന്റെ മരണം അങ്ങനെയുള്ള ഒന്നാണ്.

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായ ദിൽജിത് തോമസിന്റെ ഭാര്യയാണ് അകാലത്തിൽ മരണമടഞ്ഞ അക്ഷധ ശിരോദ്കർ . വെറും നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു മകനും ദിൽജിത് അക്ഷധ ദമ്പതികൾക്ക് ഉണ്ട് .
പൊതുദർശനത്തിന്റെയും മൃതസംസ്കാര ശുശ്രൂഷകളുടെയും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അക്ഷധ ശിരോദ്കറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എംആർഐ സ്കാൻ ഉപയോഗിച്ച് ഇനി പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസർ പരിശോധിക്കാം. ഉയർന്ന അളവിലുള്ള പിഎസ്എ പ്രോട്ടീന്റെ അളവ് പരിശോധിക്കുന്ന രക്തപരിശോധനയേക്കാൾ ക്യാൻസർ നിർണയിക്കുന്നതിൽ എംആർഐ സ്കാനിങ്ങുകൾ വളരെ കൃത്യതയുള്ളതായി കണ്ടെത്തി. പിഎസ്എ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കാത്ത ചില ഗുരുതരമായ ക്യാൻസറുകൾ എംആർഐ കണ്ടെത്തിയിരുന്നു. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് പിഎസ്എ ടെസ്റ്റുകൾക്കായി അഭ്യർത്ഥിക്കാമെങ്കിലും ഇവയെ മാത്രം ആശ്രയിക്കാൻ സാധിക്കുകയില്ല.

പഠനത്തിൻെറ ഭാഗമായി ബിഎംജെ ഓങ്കോളജി ലണ്ടനിലെ 50 നും 75 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെ എംആർഐ, പിഎസ്എ പരിശോധനകൾക്കായി ക്ഷണിച്ചിരുന്നു. 303 പേരിൽ ആണ് ടെസ്റ്റ് നടത്തിയത്. ഇതിൽ 48 പേർക്ക് എംആർഐയിൽ ക്യാൻസർ ഉള്ളതായി കണ്ടെത്തി. അതിൽ 25 പേർക്ക് ബയോപ്സി ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്ക് ശേഷം കാര്യമായ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു. എന്നാൽ എംആർഐയിൽ ക്യാൻസർ കണ്ടെത്തിയ പകുതിയിലധികം പുരുഷന്മാരുടെയും പിഎസ്എ ടെസ്റ്റിന്റെ ഫലം സാധാരണ നിലയിൽ ആയിരുന്നു.

ഗൗരവമേറിയ ക്യാൻസറുകൾ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാം എംആർഐ എന്ന് യു.സി.എൽ.എച്ച് കൺസൾട്ടന്റ് യൂറോളജിസ്റ്റും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ കരോലിൻ മൂർ പറഞ്ഞു. പ്രോസ്റ്റേറ്റ് ക്യാൻസർ നേരത്തെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചാൽ ഇവ ഭേദമാകാനുള്ള സാധ്യത കൂടുതലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തുക്കളുടെ ശേഖരമുള്ള മ്യൂസിയമാണ് ബ്രിട്ടീഷ് മ്യൂസിയം. എന്നാൽ കോടികൾ വിലമതിക്കുന്ന നിരവധി സ്വർണം, രത്നങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്ലാസ് എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ഒരു ജീവനക്കാരനെ അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കി. കാണാതായതും കേടുപാടുകൾ സംഭവിച്ചതുമായ വസ്തുക്കളിൽ ബിസി 15-ാം നൂറ്റാണ്ട് മുതൽ എഡി 19-ാം നൂറ്റാണ്ട് വരെയുള്ള സ്വർണ്ണാഭരണങ്ങളും വിലയേറിയ കല്ലുകളുടെ രത്നങ്ങളും സ്ഫടികങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് മ്യൂസിയം അധികൃതർ വെളിപ്പെടുത്തി.

കാണാതായവയിൽ ഭൂരിഭാഗം സാധനങ്ങളും മ്യൂസിയത്തിന്റെ ശേഖരത്തിൽ പെട്ട ഒരു സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നവയായിരുന്നു. ഇവ ഒന്നും തന്നെ അടുത്തിടെ പൊതു പ്രദർശനത്തിൽ വച്ചിരുന്നില്ല. അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി മാത്രം ഇവ ഉപയോഗിച്ച് വരുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ജീവനക്കാരനെ പിരിച്ചുവിട്ടു. എന്നാൽ ഇയാളുടെ പേര് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ബ്രിട്ടീഷ് ജനത എന്നും അഭിമാനത്തോടെ കൊണ്ട് നടക്കുന്ന ഒന്നാണ് ബ്രിട്ടീഷ് മ്യൂസിയം. അതുകൊണ്ടുതന്നെ മോഷണ വാർത്ത പലർക്കും സങ്കടകരമായ വാർത്തയാണ്. എന്നാൽ തങ്ങളുടെ കുറവുകൾ മനസിലാക്കി സുരക്ഷ ശക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് മ്യൂസിയം ചെയർമാനായ ജോർജ്ജ് ഓസ്ബോൺ പറഞ്ഞു. പ്രതിവർഷം ആറ് ദശലക്ഷത്തിലധികം ആളുകളാണ് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം സന്ദർശിക്കുന്നത്. മനുഷ്യ ചരിത്രത്തിലെ 2 ദശലക്ഷം വർഷത്തോളം വ്യാപിച്ചുകിടക്കുന്ന എട്ട് ദശലക്ഷത്തിലധികം വസ്തുക്കൾ മ്യൂസിയത്തിൽ ഉണ്ട്. മ്യൂസിയത്തിലെ മോഷണം മുൻപും നടന്നിട്ടുണ്ട്. 2002-ൽ മ്യൂസിയത്തിലെ പൊതു ഗാലറിയിൽ നിന്ന് 2,000 വർഷം പഴക്കമുള്ള ഒരു ഗ്രീക്ക് പുരാവസ്തു മോഷ്ടിക്കപ്പെട്ടിരുന്നു. 2017-ൽ, മ്യൂസിയത്തിന്റെ ശേഖരത്തിൽ നിന്ന് ഒരു കാർട്ടിയർ ഡയമണ്ട് മോതിരം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏഴ് നവജാത ശിശുക്കളെ അതിക്രൂരമായി കൊന്ന നേഴ്സ് ലൂസി ലെറ്റ്ബിക്ക് ജീവിതാവസാനം വരെ ജയിൽശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. പരോൾ ലഭിക്കില്ല. യുകെ ചരിത്രത്തിൽ ഇത്തരമൊരു ശിക്ഷ ലഭിക്കുന്ന നാലാമത്തെ വനിതയാണ് ലൂസി. അതിക്രൂരവും കരുതിക്കൂട്ടിയുമുള്ള കൊലപാതകമായതിനാൽ ലൂസി ദയ അർഹക്കുന്നില്ലെന്ന് ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ ക്രൗൺ കോടതി ജഡ്ജി ജെയിംസ് ഗോസ് പറഞ്ഞു. ശിക്ഷാവിധി കേൾക്കാൻ ലൂസിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കോടതിയിൽ എത്താൻ അവർ വിസമ്മതിക്കുകയായിരുന്നു. കുറ്റവാളികളെ ശിക്ഷാവിധി കേൾക്കാൻ നിർബന്ധമായും ഹാജരാക്കാൻ, നിയമം ഭേദഗതി ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരുവിധത്തിലുമുള്ള മനസ്സാക്ഷികുത്തോ, പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു. വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ദ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സായിരുന്നു 33കാരിയായ ലൂസി. 2015 ജൂണിനും 2016 ജൂണിനും ഇടയ്ക്കാണ് ലൂസി പിഞ്ചുക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നത്. ആറ് കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമിച്ചെന്ന് കണ്ടെത്തി. രോഗം ബാധിച്ചതോ പൂർണവളർച്ചയെത്തും മുമ്പ് ജനിച്ചതോ ആയ കുഞ്ഞുങ്ങളെ അമിതമായി പാലു കുടിപ്പിച്ചും, സിരകളിലും വയറ്റിലും വായുവും ഇൻസുലിനും കുത്തിവച്ചുമാണ് ലൂസി കൊന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 മുതൽ രണ്ട് തവണ അറസ്റ്റിലായെങ്കിലും ലൂസി മോചിതയായി. ഒടുവിൽ 2020 -ലെ മൂന്നാം അറസ്റ്റിൽ ലൂസിക്കെതിരെ കുറ്റംചുമത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ ആദ്യം കുറ്റം സമ്മതിച്ചില്ല. ഓരോ കൊലയ്ക്ക് ശേഷവും അതിനെപ്പറ്റി വിവരിക്കുന്ന കുറിപ്പുകൾ പൊലീസ് അവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. അതിലെ കൈയക്ഷരം ലൂസിയുടേതെന്ന് തെളിഞ്ഞു.

2015 -ൽ ആശുപത്രിയിലെ ഡോക്ടറായ സ്റ്റീഫൻ ബ്രിയറിയും തൊട്ടടുത്ത വർഷം ഇന്ത്യൻ വംശജനായ ഡോ. രവി ജയറാമും കുട്ടികളുടെ മരണത്തിൽ ലൂസിക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ, അകാരണമായി ജീവനക്കാരെ സംശയിക്കരുതെന്നായിരുന്നു മാനേജ്മെന്റിന്റെ പക്ഷം. 2017 ഏപ്രിലിൽ പൊലീസിനെ കാണാൻ ഡോക്ടർമാർക്ക് മാനേജ്മെന്റ് അനുമതി നൽകിയതോടെയാണ് ലൂസിയുടെ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

കൂടുതൽ ഇരകൾ?

ലൂസി ലെറ്റ്ബി കൂടുതൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ചോയെന്ന് സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലേക്കും മറ്റും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, തങ്ങളുടെ കുഞ്ഞുങ്ങളെ ലൂസി ഉപദ്രവിച്ചെന്ന് സംശയിക്കുന്നതായി ഏതാനും മാതാപിതാക്കളും ആരോപിച്ചു. നിലവിൽ ദ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റൽ, ലൂസി മുമ്പ് ജോലി ചെയ്തിട്ടുള്ള ലിവർപൂൾ വിമൺസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജനിച്ചതും പ്രവേശിപ്പിക്കപ്പെട്ടതുമായ 4,000 കുഞ്ഞുങ്ങളുടെ മെഡിക്കൽ റെക്കോർഡുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. 30 -ലേറെ കുട്ടികളെയെങ്കിലും ലൂസി ഉപദ്രവിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡെർബിയിൽ നടന്ന കായികമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 3:50 – ന് അൽവാസ്റ്റണിലെ എൽവസ്റ്റൺ ലെയ്നിൽ നടന്ന കബടി മത്സരത്തിലാണ് സംഘർഷം ഉണ്ടായത്. ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് ഡെർബിഷയർ പോലീസ് അറിയിച്ചു. 24, 28, 30, 38 വയസ്സുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇവർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. തോക്ക് കൈവശം വച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അധികൃതർ കസ്റ്റഡിയിലെടുത്തത്.

സംഭവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതായി ചീഫ് സൂപ്പർടൈറ്റന്റ് എമ്മ ആൽഡ്രെഡ് പറഞ്ഞു. അന്വേഷണത്തിൻെറ ഭാഗമായി ഈ വിഡിയോകൾ പരിശോധിച്ച് വരികയാണെന്നും അവർ കൂട്ടിച്ചേർത്തു. കബഡി ഇന്ത്യയിൽ നിന്ന് ആരംഭിച്ച ഒരു കായിക ഇനമാണ്. ഇതിൽ രണ്ട് ടീമുകൾ മാറിമാറി ഒരു റൈഡറെ മറ്റൊരാളുടെ പ്രദേശത്തേക്ക് അയയ്ക്കും, എതിർ ടീമിലെ അംഗങ്ങളെ തൊട്ട് മറുവശത്ത് പ്രതിരോധക്കാരുടെ തടങ്കലിൽ നിന്ന് സ്വന്തം ടീമിലേക്ക് മടങ്ങുകയും ചെയ്യും.

സംഘർഷം നടന്ന വാർത്തയിൽ താൻ ഏറെ നിരാശനാണെന്നും. ഇത് ബാധിച്ചവരുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഡെർബി സിറ്റി കൗൺസിൽ നേതാവ് ബാഗി ശങ്കർ പറഞ്ഞു. ക്ഷണിക്കപ്പെടാത്ത ഒരു കൂട്ടം ആളുകൾ പരിപാടിയിലേക്ക് എത്തിയിരുന്നെന്നും ഇവരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൻെറ ഞെട്ടലിൽ നിന്ന് താൻ ഇനിയും മോചിതനായിട്ടില്ലെന്ന് ഇംഗ്ലീഷ് കബഡി ഫെഡറേഷനിൽ നിന്നുള്ള കുൽബിന്ദർ സിംഗ് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബെനിഫിറ്റ് പേയ്‌മെന്റുകളിൽ 1000 പൗണ്ട് നഷ്ടമാവാതിരിക്കാൻ ബ്രിട്ടനിലെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. മാതാപിതാക്കൾക്ക് ചൈൽഡ് ബെനിഫിറ്റ് ക്ലെയിം ചെയ്യാൻ കഴിയും. അത് എല്ലാ വർഷവും അവരുടെ വരുമാനം £1,000 വർധിപ്പിക്കും. ചൈൽഡ് ബെനിഫിറ്റ് നിലവിൽ മൂത്ത കുട്ടിക്കോ ഏക കുട്ടിക്കോ ആഴ്ചയിൽ £24 ആണ്. ഒരു വർഷം £1,248 വരെ ലഭിക്കും. തുടർന്നുള്ള ഓരോ കുട്ടിക്കും, മാതാപിതാക്കൾക്ക് ആഴ്ചയിൽ £15.90- അല്ലെങ്കിൽ പ്രതിവർഷം £826.80 ലഭിക്കും. എന്നാൽ കുട്ടിയുടെ 16-ാം ജന്മദിനത്തിലോ അതിന് ശേഷമോ അവർ വിദ്യാഭ്യാസമോ പരിശീലനമോ അവസാനിപ്പിക്കുകയാണെങ്കിലോ പേയ്‌മെന്റ് ഓഗസ്റ്റ് 31ന് അവസാനിക്കും.

എച്ച്‌എംആർസിയുടെ കണക്കനുസരിച്ച്, ഓഗസ്റ്റ് 31-ന് ഈ രണ്ടാഴ്ചയ്ക്കുള്ളിൽ, ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അവരുടെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റുകൾ അവസാനിക്കും. എന്നാൽ നിങ്ങളുടെ കുട്ടി വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ തുടരുകയാണെന്ന് ചൈൽഡ് ബെനിഫിറ്റ് ഓഫീസിനോട് പറഞ്ഞാൽ നിങ്ങൾക്ക് പണം ലഭിക്കുന്നത് തുടരാം.

അർഹത ആർക്കൊക്കെ?

നിങ്ങൾ യുകെയിൽ താമസിക്കുകയും 16 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ പരിപാലിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ സാധാരണയായി ചൈൽഡ് ബെനിഫിറ്റിന് യോഗ്യത നേടും. അംഗീകൃത വിദ്യാഭ്യാസമോ പരിശീലനമോ തുടരുകയാണെങ്കിൽ 20 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പിന്തുണ ക്ലെയിം ചെയ്യാവുന്നതാണ്.

എപ്പോൾ അപേക്ഷിക്കാം?

കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്താലുടൻ, അല്ലെങ്കിൽ അവർ നിങ്ങളോടൊപ്പം താമസിക്കാൻ വന്നാൽ, നിങ്ങൾക്ക് ഒരു ക്ലെയിം തുറക്കാം. ഒരു പുതിയ ചൈൽഡ് ബെനിഫിറ്റ് ക്ലെയിം പ്രോസസ്സ് ചെയ്യുന്നതിന് നാല് മാസമെടുത്തേക്കാം. നിങ്ങൾ യുകെയിൽ പുതിയ ആളാണെങ്കിൽ ചിലപ്പോൾ കൂടുതൽ സമയമെടുക്കും. അപേക്ഷിക്കാൻ, നിങ്ങൾ ചൈൽഡ് ബെനിഫിറ്റ് ക്ലെയിം ഫോം CH2 പൂരിപ്പിച്ച് ചൈൽഡ് ബെനിഫിറ്റ് ഓഫീസിലേക്ക് അയയ്ക്കേണ്ടതുണ്ട്.

വിലാസം :

ചൈൽഡ് ബെനിഫിറ്റ് ഓഫീസ് (GB)
വാഷിംഗ്ടൺ
ന്യൂകാസിൽ അപ്പോൺ ടൈൻ
NE88 1ZD

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സാൽഫോർഡ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഫ്ലാറ്റിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കുത്തേറ്റു. മുഖംമൂടി ധാരികളായ സംഘമാണ് ആക്രമണത്തിന് പിന്നിൽ. കുത്തേറ്റ പിതാവിനെയും മാതാവിനെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവിന് ശസ്ത്രക്രിയ നടത്തി. അമ്മയും മകനും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഫ്‌ളാറ്റിൽ നിന്ന് കരച്ചിൽ കേട്ടപ്പോൾ “എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന് മനസ്സിലായി” എന്ന് അയൽവാസികൾ പറഞ്ഞു.

“ഫ്ലാറ്റിലെ സ്ത്രീ ജനാലയിലൂടെ ഉച്ചത്തിൽ നിലവിളിക്കുന്നതായി കണ്ടു. പുറത്തൊരു കാർ ഉണ്ടായിരുന്നു. ഏകദേശം നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം, മൂന്ന് വ്യക്തികൾ പൂർണ്ണമായും മുഖം മൂടിക്കെട്ടി പുറത്തേക്ക് ഓടി വന്നു, കാറിൽ ചാടിക്കയറി രക്ഷപ്പെട്ടു.” അയൽവാസി പറഞ്ഞു. ആക്രമണത്തെ തുടർന്ന് ആറ് ആംബുലൻസുകളും പത്ത് പോലീസ് വാനുകളും സ്ഥലത്തെത്തി.

“ഇത് ഒറ്റപ്പെട്ട സംഭവം ആണെന്നാണ് പ്രാഥമിക നിഗമനം. ഞങ്ങൾ വീടുതോറും അന്വേഷണങ്ങൾ നടത്തുകയും പ്രദേശത്ത് നിന്ന് സിസിടിവി ഫുട്ടേജുകൾ എടുക്കുകയും ചെയ്യുന്നു. സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്ന ആരെങ്കിലും മുന്നോട്ട് വരാൻ ഞങ്ങൾ ഇപ്പോൾ അഭ്യർത്ഥിക്കുകയാണ്.” ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ യാനിക വെയർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ മലയാളി സംഘടനയായ യുക്മയുടെ ആദ്യകാല ഭാരവാഹിയും, തന്റെ സാമൂഹ്യ സേവനങ്ങൾ കൊണ്ട് യുകെ മലയാളികൾക്കിടയിൽ പ്രശസ്തനുമായ മാത്യു അലക്സാണ്ടർ ഇപ്പോൾ തന്റെ പുതിയ ദൗത്യത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. പാലായിലെ പാർപ്പിടം ഇല്ലാതെ ബുദ്ധിമുട്ടുന്ന 20 കുടുംബങ്ങൾക്ക് സൗജന്യമായി സ്നേഹവീട് ഒരുക്കുന്ന ബൃഹത്തായ പദ്ധതിയുടെ അമരക്കാരനാണ് മാത്യു അലക്സാണ്ടർ ഇപ്പോൾ. പാലാ അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ കുടുംബാംഗങ്ങളാണ്‌ രണ്ടര ഏക്കറോളം വരുന്ന സ്‌ഥലം വാങ്ങി പാർപ്പിടം ഇല്ലാത്തവർക്ക് ആശ്വാസമാകാൻ വീട്‌ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി കുടുംബാംഗങ്ങള്‍ രൂപീകരിച്ച കുര്യന്‍ ചാണ്ടി ഇന്‍ഫന്റ്‌ ജീസസ്‌ മൊമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ചെയർമാനാണ് മാത്യു അലക്‌സാണ്ടർ.

തങ്ങളുടെ മരണപ്പെട്ട മാതാപിതാക്കളുടെ ഓർമ്മയ്ക്കായാണ് കുടുംബാംഗങ്ങൾ ഇത്തരമൊരു സേവന പദ്ധതി പ്രാവർത്തികമാക്കുവാൻ തീരുമാനിച്ചത്. മാത്യു അലക്സാണ്ടറിന്റെ പിതാവ് 1996 ലും മാതാവ് 2019 ലും മരണപ്പെട്ടിരുന്നു. തങ്ങളുടെ സ്വപ്നം പൂവണിയുന്നതിനായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ “ഹോം പാലാ പ്രോജക്ടിന്റെ” ഭാഗമായാണ് 20 വീടുകൾ നിർമ്മിച്ചു നൽകാൻ മാത്യു അലക്സാണ്ടർ തീരുമാനിച്ചത്. ബിഷപ്പ് തന്റെ പ്രോജക്ടിലൂടെ പാലായിലെ നിർധന കുടുംബങ്ങൾക്കായി 2000ത്തോളം വീടുകൾ നിർമ്മിച്ചു നൽകുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.


അന്ത്യാളത്തിനു സമീപം വൈദ്യശാലയില്‍ വീടുകളുടെ കല്ലിടൽ ചടങ്ങ് ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നേതൃത്വം നൽകി. ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ സ്രാമ്പിക്കലും ചടങ്ങില്‍ പങ്കെടുത്തു. താൻ നേടിയ സമ്പത്തിന്റെ ഒരു വിഭാഗം പാവങ്ങൾക്കായി മാറ്റിവയ്ക്കാൻ മാത്യു അലക്സാണ്ടർ കാണിച്ച നന്മയെ ഇരുവരും പ്രശംസിച്ചു. . ഫാ.ജോര്‍ജ്‌ പനയ്‌ക്കല്‍ വി.സി (ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍ പോട്ട), മാണി സി. കാപ്പന്‍ എം.എല്‍.എ, ഫാ. ജോസ്‌ തറപ്പേല്‍, ഫാ. ജോസ്‌ പുലവേലില്‍, ഫാ.ജോസ്‌ വടക്കേക്കുറ്റ്‌, ഫാ.കുര്യാക്കോസ്‌ പുന്നോലില്‍ വി.സി, ഓര്‍മ്മ ഭാരവാഹി ഷാജി ആറ്റുപുറം, ഫെഡറല്‍ ബാങ്ക്‌ മാനേജര്‍ ആല്‍ബിന്‍ ജോര്‍ജ്‌, പഞ്ചായത്തംഗം ലിന്റണ്‍ ജോസഫ്‌ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആദ്യഘട്ടത്തിൽ 10 വീടുകളാണ് നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നു മുറികൾ അടങ്ങുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയവയാണ് പണിയുവാൻ തീരുമാനിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയോളം ഒരു വീടിന് ചിലവാകും.20 വര്‍ഷത്തിലധികമായി യുകെയിലെ ലിവര്‍പൂളിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. ഭാര്യ സിന്‍ലെറ്റ്‌ മാത്യുവും മക്കളായ അലിയും ഫെലിക്‌സുമെല്ലാം തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യം ആകുവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്.

RECENT POSTS
Copyright © . All rights reserved