Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ബ്രിട്ടനിൽ പഠിക്കാനായി വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് ഇനിമുതൽ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാനാവില്ല. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ തന്നെ ബിരുദ വിദ്യാർത്ഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് സാധിക്കുമായിരുന്നില്ല. മിക്ക മലയാളി വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് യുകെയിൽ എത്തുന്നതിന്റെ പ്രധാന ഉദ്ദേശം ഭാര്യയെയോ ഭർത്താവിനെയോ ആശ്രിത വിസയിൽ കൊണ്ടുവരുക എന്നതായിരുന്നു.

ഈ വർഷം തന്നെ യുകെയിലേയ്ക്കുള്ള കുടിയേറ്റം 700, 000 കടന്നതായുള്ള കണക്കുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞവർഷം മാത്രം 135,788 പേരാണ് ആശ്രിത വിസയിൽ യുകെയിലെത്തിയത്. ഇത് 2019 -ലെ കണക്കുകളുടെ ഒമ്പത് ഇരട്ടിയാണ്. കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി റിഷി സുനക്‌ പ്രഖ്യാപിച്ചിരുന്നു .

പുതിയ കുടിയേറ്റം നിയമമനുസരിച്ച് ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഗവേഷണത്തിനായി യുകെയിലെത്തുന്നവർക്ക് മാത്രമാണ് ആശ്രിതവിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കുന്നത്. ഗവേഷണത്തിനായി യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്.
യുകെയിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

രണ്ട് കൗമാരക്കാരായ കുട്ടികൾ മരിച്ചതിനെ തുടർന്ന് കാർഡിഫിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തിങ്കളാഴ്ച എലിയിൽ 150 ആളുകൾ സംഭവ സ്ഥലത്ത് തടിച്ചുകൂടി ഒട്ടേറെ കാറുകൾ കത്തിക്കുകയും പോലീസിനു നേരെ സ്ഫോടന വസ്തുക്കൾ എറിയുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ നിരവധി പോലീസുകാർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ . രണ്ടു കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ പങ്കുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ അഭ്യൂഹങ്ങൾ പരന്നത് പോലീസ് നിഷേധിച്ചിട്ടുണ്ട്.

പോലീസിന്റെ വേട്ടയാടലിനെ കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചെങ്കിലും അത് ശരിയല്ലെന്ന് സൗത്ത് വെയിൽസ് പോലീസ് കമ്മീഷൻ അലൻ മൈക്കിൾ പറഞ്ഞു. നിരവധി വാഹനങ്ങൾ കത്തിച്ചതായും സംഭവങ്ങളെ തുടർന്ന് ഒട്ടേറെ അറസ്റ്റുകൾ നടന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. രണ്ട് കൗമാരക്കാർ മരിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രസ്തുത സംഭവത്തെക്കുറിച്ച് സ്വന്തമായി അന്വേഷിക്കുകയാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു .കലാപത്തെ തുടർന്ന് രണ്ടു പോലീസ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം വർദ്ധിക്കുന്നതായി റിപ്പോർട്ട്‌. ഐടി പ്രൊഫഷണലുകൾ, നേഴ്സുമാർ, അക്കൗണ്ടന്റുമാർ എന്നിവരെ കൊണ്ടുവരാൻ ബിസിനസ്സുകൾ പുതിയ പോസ്റ്റ്-ബ്രെക്‌സിറ്റ് മൈഗ്രേഷൻ സംവിധാനം നിലവിൽ ഉപയോഗപ്പെടുത്തുകയാണ്. 2021 ജനുവരി മുതൽ, പുതിയ സംവിധാനം യൂറോപ്പിന് പുറത്തുള്ള തൊഴിലാളികൾക്ക് യുകെയിൽ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു. ഇതോടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.

സമീപ വർഷങ്ങളിൽ യൂറോപ്യൻ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. ഈ ആഴ്‌ച പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത് നെറ്റ് മൈഗ്രേഷൻ ഒരു ദശലക്ഷത്തിനടുത്താണ് എന്നാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഘാന എന്നീ രാജ്യങ്ങളാണ് പുതിയ സ്കിൽഡ് വിസയിൽ എത്തുന്നവർ. ഘാനയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് 2019 നും 2022 നും ഇടയിൽ 5,133 വിസകൾ അനുവദിച്ചതായി എവർഷെഡ്‌സ് സതർലാൻഡ് എന്ന നിയമ സ്ഥാപനത്തിന് ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് വിസ നേടുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണം 6,784 ആയി ഉയർന്നു. എന്നാൽ 116,301 ഇന്ത്യക്കാരാണ് സ്കിൽഡ് വിസയിൽ ആധിപത്യം പുലർത്തുന്നത്.

ആരോഗ്യമേഖല ഈ സ്കീമിനെ വളരെയധികം ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ് യാഥാർഥ്യം. എന്നാൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്കും സമ്പദ്‌വ്യവസ്ഥയിലുടനീളം ഉയർന്ന ഡിമാൻഡാണ്. 35,000 ത്തിലധികം ഐടി പ്രൊഫഷണലുകൾ പുതിയ സംവിധാനത്തിന് കീഴിൽ യുകെയിൽ എത്തിയിട്ടുണ്ട്. 2021 ജനുവരി മുതൽ പാചകവിദഗ്ധർക്ക് 5,368 വിദഗ്ധ വിസകൾ അനുവദിച്ചിട്ടുണ്ട്. ചാർട്ടേഡ്, സർട്ടിഫൈഡ് അക്കൗണ്ടന്റുമാരുടെ എണ്ണം 9,147 ആയിരുന്നു. എന്നിരുന്നാലും, നഴ്‌സുമാരും കെയർ മേഖലയിലെ തൊഴിലാളികളും യഥാക്രമം 53,820, 35,494 വിസകൾ അനുവദിച്ചുകൊണ്ട് പദ്ധതിയിൽ ആധിപത്യം പുലർത്തി. വൈദികർക്കും ബാൻഡ് 9 നേഴ്‌സുമാർക്കും ആദ്യ വൈദഗ്ധ്യമുള്ള വിസകൾ അനുവദിച്ചു. കഴിഞ്ഞ വർഷം അവസാന മൂന്ന് മാസങ്ങളിൽ 274 വൈദികരും സ്ത്രീകളുമാണ് ബ്രിട്ടനിലെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഋഷി സുനക് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാന് വിവാദങ്ങൾ കൂടെപ്പിറപ്പാണ്. 47 ദിവസം മാത്രം പ്രായമുള്ള ലിസ് ട്രസ് മന്ത്രിസഭയിൽ നിന്ന് അവർക്ക് രാജിവയ് ക്കേണ്ടതായി വന്നിരുന്നു . ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചതിനെ തുടർന്നുള്ള വിവാദമാണ് അവരുടെ രാജിയിൽ അവസാനിച്ചത് . പക്ഷേ ലിസ് ട്രസ് മന്ത്രിസഭയുടെ പതനത്തെ തുടർന്ന് പ്രധാനമന്ത്രിയായ റിഷി സുനകും ഹോം സെക്രട്ടറിയാക്കിയത് സുല്ല ബ്രാവർമാനെയാണ്.

2022 ലാണ് ഹോം സെക്രട്ടറിക്കെതിരെ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന വിവാദങ്ങളുടെ തുടക്കം. അമിത വേഗത്തിൽ കാറോടിച്ചതിന് പോലീസ് സുവല്ലയെ പിടികൂടിയിരുന്നു. ലൈസൻസിന്റെ മൂന്ന് പോയിൻ്റും പിഴയും അടയ്ക്കുന്ന കുറ്റത്തിൽ നിന്ന് തലയൂരാൻ സുവല്ല വളഞ്ഞ വഴി സ്വീകരിച്ചു എന്നാണ് ആരോപണം ഉയർന്നു വന്നിരിക്കുന്നത്. ലൈസൻസിന്റെ പോയിന്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ട്രാഫിക് അവയർനസ് കോഴ്സിൽ പങ്കെടുക്കാൻ തീരുമാനിച്ച സുവല്ല തനിക്ക് മാത്രമായി കോഴ്സ് നടത്താനുള്ള പദ്ധതികൾ ആലോചിച്ചതാണ് വിവാദമായത്. സുരക്ഷാ ഭീഷണിയാണ് ഇതിന് കാരണമായി അവർ പറഞ്ഞത്. ഔദ്യോഗികതലത്തിൽ വഴിവിട്ട സഹായങ്ങൾ ലഭിക്കാതായതോടെ അവർക്ക് പിഴ അടയ്ക്കേണ്ടതായി വന്നു. കൂടാതെ ലൈസൻസിലെ പോയിന്റുകളും നഷ്ടമായി.

എല്ലാവർക്കും രാജ്യത്തെ നിയമ സംവിധാനങ്ങൾ തുല്യമാണെന്നാണ് വിമർശകർ പ്രധാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിയമത്തെ മറികടക്കാൻ രാജ്യത്തെ ഹോം സെക്രട്ടറി കുറുക്കുവഴി തേടിയെന്ന ആരോപണം തെളിഞ്ഞാൽ അവർക്ക് മന്ത്രിസഭയിൽ നിന്ന് പുറത്തു പോകേണ്ടതായി വന്നേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സുവല്ലയ്ക്കെതിരെയുള്ള വിവാദങ്ങളെ അതിശയത്തോടെയാണ് യുകെയിലെ മലയാളി സമൂഹം കാണുന്നത്. ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥ മേലധികാരികൾക്കും പുതിയ AI ക്യാമറ ബാധകമല്ലാത്ത, മന്ത്രിമാർക്ക് സ്പീഡ് ലിമിറ്റ് ഇല്ലാത്ത കേരളത്തിൽ നിന്ന് വന്നിട്ടുള്ള പുതുതലമുറ വിദ്യാർഥികൾക്കും കുടിയേറ്റക്കാർക്കും ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണം അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

സ്കോട്ട് ലൻഡിൽ ജൂണിൽ ഡോക്ടർമാരുടെ യൂണിയനായ ബിഎംഎയും സർക്കാരും തമ്മിൽ ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ധാരണയായി . സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർക്ക് 14.5 ശതമാനം ശമ്പള വർധനവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സർക്കാരും ബിഎംഎ സ്കോട്ട്‌ലന്റുമായുള്ള ചർച്ചകൾക്ക് ഒടുവിലാണ് ഇനി രണ്ടു വർഷത്തെ കാലാവധിയുള്ള സ്കോട്ടിഷ് സർക്കാർ പുതിയ ഓഫർ നൽകിയിരിക്കുന്നത്. ഈ മാസം ആദ്യം സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.


സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള വർദ്ധനവിനെ കുറിച്ച് തങ്ങളുടെ യൂണിയൻ അംഗങ്ങളുമായി ചർച്ച ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു. നിലവിൽ കരാർ അംഗീകരിച്ചില്ലെന്നും അവസാന തീരുമാനം അംഗങ്ങളുടെ ഇടയിൽ നടക്കുന്ന വോട്ടെടുപ്പിനെ ആശ്രയിച്ചായിരിക്കും എന്നാണ് യൂണിയൻറെ നിലപാട്. സ്കോട്ടിഷ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ഏറ്റവും മികച്ച കരാറാണ് ഇതെന്ന അഭിപ്രായം യൂണിയൻ പ്രകടിപ്പിച്ചിട്ടുണ്ട് . ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർദ്ധനവിനായി 61.3 മില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് സർക്കാർ നടത്തേണ്ടതായി വരുന്നത്.

നിലവിൽ ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശിക്കപ്പെട്ട ശമ്പള വർദ്ധനവ് 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഓഫർ ആണെന്നാണ് സർക്കാരിൻറെ നിലപാട്. 72 മണിക്കൂർ പണിമുടക്കിനായി യൂണിയൻ അംഗങ്ങൾ നേരത്തെ വോട്ട് ചെയ്തിരുന്നു . പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി 23.5 ശതമാനം ശമ്പള വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെട്ടിരുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഹൃദ്രോഗം, ഹൃദയാഘാതം, ആത്മഹത്യ എന്നിവ മൂലമുണ്ടാകുന്ന ജീവഹാനി കുറയ്ക്കാൻ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ ഒരുങ്ങി എൻ എച്ച് എസ്. ഇത് സംബന്ധിച്ച് കെയർ സ്റ്റാർമർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ലേബർ ഗവൺമെന്റ് 10 വർഷത്തിനുള്ളിൽ ഹൃദ്രോഗവും പക്ഷാഘാതവും മൂലമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാനും ആത്മഹത്യാ കണക്കുകൾ അഞ്ചിനുള്ളിൽ കുറയാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് സമൂലമായി മാറ്റം വരുത്തുക എന്നുള്ള ലക്ഷ്യത്തിന്റെ പുറത്താണ് നടപടി. എന്നാൽ അതേസമയം, ഇതിനെതിരെ ടോറി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.

നിലവിലുള്ള നല്ല മാറ്റങ്ങളെ കുറച്ച് കാണിക്കാൻ ലേബർ നേതൃത്വം നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയിൽ ആധുനികവത്കരണം, ക്യാൻസർ രോഗത്തിന് മതിയായ ചികിത്സ ലഭ്യമാക്കൽ, വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളെ മുൻ നിർത്തിയാണ് സ്റ്റാർമർ പ്രസംഗം പൂർത്തിയാക്കിയത്. ടോറി സർക്കാരിന്റെ ഇനിയുള്ള കാലയളവിൽ എൻ എച്ച് എസ് വളരുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, ലേബർ പാർട്ടിക്ക് അവസരം ജനങ്ങൾ നൽകുമെന്നും വ്യക്തമാക്കി. ജനങ്ങളുടെ ജീവിതത്തോട് യാതൊരുവിധ മമതയും പുലർത്താതെയാണ് നിലവിലെ ഭരണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

മൊത്തത്തിലുള്ള എൻഎച്ച്എസ് ബജറ്റിന്റെ അടിസ്ഥാനത്തിൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലേബർ പാർട്ടി അതിന്റെ ഫണ്ടിംഗ് പദ്ധതികൾ തയ്യാറാക്കുമെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ഇതിന് മുന്നോടിയായി ഷുഗർ, ജങ്ക് ഭക്ഷണങ്ങൾ തുടങ്ങിയവ നിരോധിക്കാനുമാണ് ലേബർ പാർട്ടി നീക്കം. നമ്മുടെ യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്, കുട്ടികളെ വഴി തെറ്റിക്കുന്ന പരസ്യത്തിന് ശക്തമായ നിരോധനം ഏർപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തികമായി മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല എൻ എച്ച് എസ് നേരിടുന്ന പ്രശ്നങ്ങൾ എന്ന് മനസിലാക്കിയ ലേബർ പാർട്ടി, സാമൂഹിക ക്യാമ്പയിനുകളും നടത്താനുള്ള ഒരുക്കത്തിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാൽ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.


ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിധിയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.


രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയർന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ ബന്ധുക്കൾ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവർഷം 135,788 ആയി ഉയർന്നിരുന്നു. 2019 – നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാർത്ഥികൾക്ക് കുടുംബത്തെ കൊണ്ടുവരാൻ സാധിക്കില്ല. എന്നാൽ പി എച്ച് ഡി വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമായിരിക്കില്ല

ലണ്ടൻ: 2023-ൽ കൈവശം വയ്ക്കാവുന്ന ഏറ്റവും മികച്ച പാസ്‌പോർട്ടുകൾ പുതിയ ആഗോള സൂചികയിൽ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായി ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യമായി ലക്സംബർഗിനെ കണക്കാക്കിയിരുന്നെങ്കിലും, ഈ
വർഷം കണക്കുകൾ മാറിമറിഞ്ഞു. ഓഫ്‌ഷോർ കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപിറ്റലിസ്റ്റ് സമാഹരിച്ച പട്ടികയിലെ 199 രാജ്യങ്ങളിൽ 2023 -ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒന്നാം സ്ഥാനത്തെത്തി. വിസ രഹിത യാത്രാ അവസരങ്ങൾ, പൗരന്മാരുടെ നികുതി, ഇരട്ട പൗരത്വ സാധ്യതകൾ, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് എല്ലാ രാജ്യങ്ങളെയും പട്ടികയിൽ റാങ്ക് ചെയ്തത്.

2020-ൽ യുകെയിൽ ചുവപ്പിന് പകരം നീല ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ നിലവിൽ വന്നു. ഈ വർഷം, യുകെ പാസ്‌പോർട്ട് റാങ്കിംഗിൽ 30-ാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു എന്നുള്ളതാണ് വസ്തുത. അഞ്ച് വിഭാഗങ്ങളിലായി മൊത്തം 110.50 സ്‌കോർ നേടിയ യുഎഇ ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എന്നാൽ 2022-ൽ 35-ാം സ്ഥാനത്തും 2021-ൽ 38-ാം സ്ഥാനത്തുമായി നിലകൊണ്ട യുഎഇയുടെ തിരിച്ചുവരവ് എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ്. മറ്റ് മിഡിൽ ഈസ്റ്റേൺ പാസ്‌പോർട്ടുകളൊന്നും ആദ്യ 20-ൽ ഇടം പിടിച്ചിട്ടില്ല. ലക്സംബർഗ് രണ്ടാം സ്ഥാനത്തേയ്ക്ക് പോയപ്പോൾ, സ്വിറ്റ്സർലൻഡും അയർലൻഡും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

കോർപ്പറേറ്റ് നികുതിയുടെ കുറഞ്ഞ നിരക്ക് കണക്കിലെടുത്തപ്പോൾ അയർലൻഡ് പോർച്ചുഗലിനൊപ്പം പട്ടികയിൽ നാലാമതെത്തി. എന്നാൽ അതേസമയം റാങ്കിങ്ങിൽ യുകെ പിൻതള്ളപ്പെട്ടു എന്നുള്ളതാണ് യാഥാർഥ്യം. കഴിഞ്ഞ വർഷം 109.50 സ്‌കോറുമായി 26-ാം സ്ഥാനത്തായിരുന്നു യുകെ . എന്നാൽ ഈ വർഷം അത് 30-ാം സ്ഥാനത്താണ്. യഥാക്രമം 38-ഉം 43-ഉം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ, യു.എസ് എന്നിവയെക്കാൾ യുകെ മുന്നിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഗ്ലാസ് ഗോയിൽ ഡബിൾ ഡക്കർ ബസ്സ് റെയിൽവേ മേൽപാലത്തിൽ കുടുങ്ങിയതിന് തുടർന്ന് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ബസ്സിന്റെ മേൽക്കൂര തകർന്നതായാണ് റിപ്പോർട്ടുകൾ . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ കൂടാതെ നിസ്സാര പരിക്കേറ്റ പലർക്കും സംഭവസ്ഥലത്തു തന്നെ പ്രഥമശുശ്രൂഷ നൽകി.


ഇന്നലെ രാവിലെ 11:35 ഓടെ കുക്ക് സ്ട്രീറ്റിലെ ഒ 2 വെന്യുവിന് സമീപമുള്ള റെയിൽവേ പാലത്തിലാണ് അപകടം ഉണ്ടായത്. പാലത്തിനടിയിൽ കുടുങ്ങിക്കിടന്ന ബസ്സിന്റെ മേൽക്കൂര വെട്ടി മാറ്റിയാണ് സംഭവ സ്ഥലത്തു നിന്നും മാറ്റിയത്. സംഭവത്തെ തുടർന്ന് പോലീസും അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കലും അടിയന്തര രക്ഷാപ്രവർത്തനം നടത്തി. നെറ്റ്‌വർക്ക് റെയിലും രക്ഷാപ്രവർത്തനത്തിൽ സഹായത്തിനെത്തിയിരുന്നു.


പരിക്കേറ്റവരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകൾ ആർക്കും തന്നെയില്ലെന്നാണ് അറിയാൻ സാധിച്ചത്. ഗ്ലാസ്‌ഗോ സെൻട്രലിനും പെയ്‌സ്‌ലി ഗിൽമോറിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഗതാഗത കമ്പനിയായ ഫസ്റ്റ് ബസ്സിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാലത്തിൻറെ സുരക്ഷാ പരിശോധന പൂർത്തിയായതിനു ശേഷം മാത്രമേ ഇതുവഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുകയുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഊർജ്ജ ബില്ലുകളിൽ കൂടുതൽ സഹായം നൽകുന്നത് നിരസിച്ച് സർക്കാർ. മെയ് 25 ന് ഓഫ്ജെം പുതിയ വില പരിധി പ്രഖ്യാപിക്കുന്നതിന് പിന്നാലെയാണ് സർക്കാരിൻെറ പ്രഖ്യാപനം. കൺസൾട്ടൻസി സ്ഥാപനമായ കോൺവാൾ ഇൻസൈറ്റിൻെറ പ്രവചനത്തിൽ സാധാരണ ഒരു കൂടുംബത്തിൻെറ ഊർജ്ജ ബിൽ ഏകദേശം 450 പൗണ്ട് വരെ കുറയും. ഊർജ്ജ വില 2019 നെ അപേക്ഷിച്ച് ഇരട്ടിയാണ്. നിലവിൽ ഗവൺമെന്റിന്റെ ഊർജ്ജ വില ഗ്യാരണ്ടി കാരണം ഒരു സാധാരണ ഉപയോക്താവിന് അവരുടെ ഊർജ്ജത്തിനായി പ്രതിവർഷം 2,500 പൗണ്ട് ചിലവഴിച്ചാൽ മതി. ജൂലൈയിൽ പുതിയ വില പരിധി പ്രാബല്യത്തിൽ വരുമ്പോൾ ഇത് 2,054 പൗണ്ടായി കുറയുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ഒക്ടോബറിൽ ഇത് 1,976 പൗണ്ടായി കുറയുമെന്നാണ് പ്രതീക്ഷ.

മാസങ്ങൾക്കുമുമ്പ് തന്നെ ജനങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ ചാൻസലർ കരുതിയിട്ടുണ്ടെന്ന് പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി പറഞ്ഞു. യുകെയിൽ സ്വന്തമായി ഊർജ്ജ വിതരണങ്ങൾ നടത്താൻ ന്യൂക്ലിയർ പവർ സ്റ്റേഷനുകളും കൂടുതൽ ഓഫ്‌ഷോർ വിൻഡ് ഫാമുകളും നിർമ്മിക്കുന്നതിൽ പ്രാധാന്യം കൊടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ വീടുകളിലും സർക്കാരിൽ നിന്ന് ശൈത്യകാലത്ത് 400 പൗണ്ട് വീതം ലഭിച്ചിരുന്നു.

സർക്കാരിൻെറ ഊർജ്ജ വില ഗ്യാരണ്ടിയുടെ പദ്ധതി അടുത്ത മാർച്ചിൽ പൂർണ്ണമായും അവസാനിക്കും. അതേസമയം ഓഫ്ജെമിന്റെ പുതിയ നീക്കം ജനങ്ങൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണെന്ന് കോൺവാൾ ഇൻസൈറ്റിന്റെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ ക്രെയ്ഗ് ലോറി പറഞ്ഞു. പ്രവചനങ്ങൾ അനുസരിച്ച് ഒരു ശരാശരി ഉപഭോക്താവിന് നിലവിലുള്ള ഊർജ്ജ വിലയിൽ നിന്ന് ഏകദേശം 450 പൗണ്ട് കുറയും. കഴിഞ്ഞ വർഷം നടന്ന റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ മൊത്തവ്യാപാര ഊർജ്ജത്തിന്റെ വില വർദ്ധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനുവരിയിൽ ഓഫ്ജെമിന്റെ വില പരിധി 4,279 പൗണ്ട് ആയി ഉയർന്നിരുന്നു. സാധരണക്കാരെ സഹായിക്കുന്നതിൻെറ ഭാഗമായി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിരുന്നു. ഊർജ്ജ ബില്ലുകൾ 2021-ൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇപ്പോഴും 1,000 പൗണ്ട് കൂടുതലാണ്.

RECENT POSTS
Copyright © . All rights reserved