ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലെ ഹമാസ് അനുകൂല പ്രതിഷേധങ്ങളോട് പ്രതികരിച്ച് പ്രധാന മന്ത്രി ഋഷി സുനക്. ലണ്ടനിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ഹമാസ് അനുഭാവികളുടെയും പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ ഗുരുതരമായിട്ടാണ് കാണുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇസ്രായേൽ-ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ യുകെ റാലിയിൽ ഏകദേശം 300,000 പാലസ്തീൻ അനുകൂല പ്രതിഷേധക്കാരാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്‌തത്‌. ലണ്ടനിലെ യുദ്ധ സ്മാരകമായ സെനോറ്റാഫിലും ചൈനാ ടൗണിലും പോലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും ചെയ്തു.

രാജ്യത്തിൻെറ സമാധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് ഋഷി സുനക് പറഞ്ഞു. 103 വർഷം പഴക്കമുള്ള യുദ്ധസ്മാരകമായ സെനോറ്റാഫ് സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാളിലേക്ക് എംബാങ്ക്മെന്റിലൂടെ പതാകകൾ വഹിച്ച് നീങ്ങിയ ജനക്കൂട്ടത്തെ തടയാൻ പോലീസ് ശ്രമിച്ചപ്പോഴാണ്‌ ആദ്യ സംഘർഷം ഉടലെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ചില എതിർ-പ്രതിഷേധകരിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ ആക്രമണം നേരിട്ടതായി മെറ്റ് പോലീസ് പറഞ്ഞു.

ഇന്ന് ഞായറാഴ്ച ചാൾസ് രാജാവ്, വെറ്ററൻമാർ, രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർക്കൊപ്പം റിമെംബറെൻസ് ഡേ സർവീസിന് നേതൃത്വം നൽകും. ചൈനാ ടൗണിലേക്ക് നീങ്ങിയ ഒരു സംഘത്തെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു