ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: 40 വർഷത്തിനുള്ളിൽ വെള്ളക്കാരായ ബ്രിട്ടീഷ് വിദ്യാർത്ഥികൾ സ്കൂളുകളിൽ ന്യൂനപക്ഷമായേക്കുമെന്ന് അവകാശവാദവുമായി പഠനം. ഓക്സ്ഫോർഡ് അക്കാദമിക് ഡോ. പോൾ മോർലാൻഡിന്റെ ഗവേഷണത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. 2060 ഓടെ മൊത്തം ബ്രിട്ടീഷ് ജനസംഖ്യയുടെ 50 മുതൽ 60 ശതമാനം വരെ വെള്ളക്കാരായ ബ്രിട്ടീഷുകാരായി ചുരുങ്ങുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം പുറത്തുവിട്ട 2021 ലെ സെൻസസ് ഡേറ്റയ്ക്ക് ശേഷമാണ് ഈ കണ്ടെത്തലുകൾ വരുന്നത്. ലണ്ടനിലും ബർമിംഗ്ഹാമിലും ഇപ്പോൾ ന്യൂനപക്ഷമായിട്ടുള്ളത് വെളുത്ത വംശജരായ കുട്ടികളാണ്.
അതിനിടെ, ഇമിഗ്രേഷൻ വിദഗ്ധരുടെ പ്രവചനങ്ങൾ കാണിക്കുന്നത് 2022 ലെ നെറ്റ് മൈഗ്രേഷൻ 650,000 നും ഒരു ദശലക്ഷത്തിനും ഇടയിലാകാൻ സാധ്യതയുണ്ടെന്നാണ്. ഇത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു. സർക്കാരിന് പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് പഠനം കാണിക്കുന്നതെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഈ ഗവൺമെന്റിന്റെ കീഴിലുള്ള മറ്റെല്ലാ കാര്യങ്ങളെയും പോലെ, ഒരു പദ്ധതിയും ഇല്ല, നിയന്ത്രണവുമില്ല, മറ്റെല്ലാ കാര്യങ്ങളും പോലെ, ഈ സംവിധാനവും തകർന്നതായി തോന്നുന്നു’- അദ്ദേഹം കൂട്ടിച്ചേർത്തു. മൊത്തത്തിൽ കുടിയേറ്റം കുറയ്ക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.
നിയമവിരുദ്ധ കുടിയേറ്റവും പോയിന്റ് അധിഷ്ഠിത സംവിധാനത്തിലൂടെയും സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രതിനിധികൾ അവകാശപ്പെട്ടു. മുന്നോട്ട് കാര്യങ്ങൾ നീങ്ങുന്നത് അനുസരിച്ച് വെള്ളക്കാരുടെ എണ്ണം സ്കൂളുകളിൽ കുറയുമെന്നാണ് പഠനം കാണിക്കുന്നത്. കേവല ന്യൂനപക്ഷമായി വെളുത്ത വിഭാഗം മാറിയാൽ സർക്കാരിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുക എന്നുള്ളതാണ് യാഥാർഥ്യം. പഠനം പുറത്ത് വന്നതിനു പിന്നാലെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ നിരന്തര ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ശമ്പള വർദ്ധനവിനായി ആർഎം റ്റി യൂണിയൻ നടത്തുന്ന പണിമുടക്കിൽ രാജ്യത്തെ ട്രെയിൻ ഗതാഗതം താറുമാറായി. വാരാന്ത്യത്തിലുള്ള സമരം ഒട്ടേറെ യാത്രക്കാരെയാണ് ബാധിച്ചത്. 14 ട്രെയിൻ കമ്പനികളുടെയും സർവീസുകളെ സമരം ബാധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 14 ട്രെയിൻ കമ്പനികളിൽ ചിലത് പരിമിതമായ സർവീസുകൾ മാത്രം നടത്തി .
ന്യായമായ ശമ്പള വർദ്ധനവിനുള്ള ട്രെയിൻ കമ്പനികൾ മുന്നോട്ട് വച്ച നിർദേശത്തെ ആർഎം റ്റി യൂണിയൻ നിരാകരിച്ചതായാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വാദം. ലിവർപൂളിൽ നടക്കുന്ന ഫൈനൽ മത്സരങ്ങൾ അലങ്കോലപ്പെടുത്താനാണ് ഇന്ന് സമരം ആസൂത്രണം ചെയ്തതെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. എന്നാൽ യൂറോ വിഷൻ ഗാന മത്സരത്തിന്റെ ഫൈനലിനോട് അനുബന്ധിച്ചാണ് പണിമുടക്കെന്ന ആരോപണങ്ങൾ ആർഎം റ്റിയും അസ്ലെഫും നിഷേധിച്ചിട്ടുണ്ട്.
സർവീസുകൾ മുടങ്ങുമെന്ന മുന്നറിയിപ്പ് ട്രെയിൻ കമ്പനികൾ യാത്രക്കാർക്ക് നൽകിയിരുന്നു. പണിമുടക്കിന് ശേഷമുള്ള ദിവസങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ട്രെയിൻ കമ്പനികൾ അറിയിച്ചിരിക്കുന്നത്. എന്നാൽ പണിമുടക്ക് തങ്ങളെ ബാധിച്ചിട്ടില്ലെന്നും രാത്രി വൈകിയും സർവീസുകൾ നടത്തുമെന്നും ലിവർപൂളിന് ചുറ്റും ട്രെയിൻ സർവീസുകൾ നടത്തുന്ന മെർസെറെയിൽ അറിയിച്ചിട്ടുണ്ട്. ആരാധകരെ യൂറോ വിഷനിലേയ്ക്ക് എത്തിക്കാൻ ലിവർ പൂളിലേക്ക് 37 അധിക സർവീസുകൾ നടത്തുന്നുണ്ടെന്ന് നാഷണൽ എക്സ്പ്രസ്സ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വംശീയമായ പലവിധ അസമത്വങ്ങൾ നിലനിൽക്കുന്ന നാടാണ് യുകെ എന്നുള്ളത് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരികയാണ്. നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ വരെ നിലനിൽക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കറുത്ത വിഭാഗത്തിൽപ്പെട്ട ഏഷ്യൻ വംശജർ ഭൂ ഉടമകളുടെ അവകാശ നിഷേധത്തിന്റെ ഇരകളാണ്. ദി ഇൻഡിപെൻഡന്റ് നടത്തിയ വിശദമായ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. റോച്ച്ഡെയ്ലിലെ കുടുംബത്തിന്റെ ഒറ്റമുറി ഫ്ളാറ്റിൽ പൂപ്പൽ ബാധിച്ച് അവാബ് ഇഷാക്ക് എന്ന കുഞ്ഞിന്റെ മരണം, ഭൂവുടമകൾ വാസയോഗ്യമല്ലാത്ത അവസ്ഥയിൽ നൽകുന്ന വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെയാണ് ചൂണ്ടികാണിക്കുന്നത്.
ആഫിക്കൻ ,ഏഷ്യൻ വംശജർ അവരുടെ ഭൂവുടമകളിൽ നിന്നുള്ള നിയമവിരുദ്ധമായ പെരുമാറ്റത്തിന് ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണം കാണിക്കുന്നു. മുതലാളിമാരുടെ താല്പര്യത്തെ തുടർന്നാണ് പൂപ്പൽ നിറഞ്ഞ ഒരു കിടപ്പുമുറിയിലേക്ക് ഈ കുടുംബം വലിച്ചെറിയപ്പെട്ടത്. വർഷങ്ങളായി വാസയോഗ്യമല്ലാത്ത വീടിനെപറ്റി പരാതികൾ ബോധിപ്പിച്ചെങ്കിലും, യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വംശീയമായ വിവേചനങ്ങളും, നിറത്തിന്റെ പേരിലുള്ള വ്യത്യാസങ്ങളും അവർ അനുഭവിക്കുന്നുണ്ട്. ജോലിക്ക് പുറമെ വാടക നൽകേണ്ട അവസ്ഥയിലാണ് നിലവിൽ ഇവർ. ഭൂഉടമ പറയുന്ന എല്ലാ ജോലികൾക്കും പുറമെ വാസയോഗ്യമല്ലാത്ത വീടുകൾക്ക് കനത്ത വാടകയും നൽകേണ്ട അവസ്ഥയാണ്.
വിവേചനം നേരിടുന്ന വാടകക്കാരെ സഹായിക്കാൻ നിയമനിർമ്മാണവുമായി ഉടനടി നടപടിയെടുക്കാൻ ചാരിറ്റികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിലവാരമില്ലാത്ത ഭവനങ്ങളിൽ വസിക്കുന്നത് എല്ലാവരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിക്കുമെന്ന് ലേബർ പാർട്ടി വിമർശനം ഉന്നയിച്ചിട്ടുണ്ട്. സ്വൈര്യജീവിതം എന്ന മാനുഷിക പരിഗണനപോലും ലഭിക്കാതെയാണ് ഇത്തരം ലയങ്ങളിൽ താമസിക്കുന്ന കറുത്ത വിഭാഗത്തിൽപ്പെട്ട ആളുകളുടെ അവസ്ഥ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഷെഫീൽഡിൽ താമസിക്കുന്ന ജോസ് മോൻ ജില്ലിറ്റ് ദമ്പതികളുടെ മകൾ ഇസമരിയ (8 മാസം ) ഹൃദയസംബന്ധമായ അസുഖം മൂലം നിര്യാതയായി. നാട്ടിൽ കോട്ടയമാണ് പിതാവ് ജോസ് മോന്റെ സ്വദേശം .കൈറ്റാട്ട് പറമ്പിൽ കുടുംബാംഗമാണ് ജോസ് മോൻ . കോട്ടയം ലൂർദ് മാതാ ചർച്ച് ഇടവകാംഗമാണ്.
കുഞ്ഞു മാലാഖയായ ഇസമരിയയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബില്ലിങ്സ്റ്റിലില് നടന്ന കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് അത്യാസന്ന നിലയിൽ. ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഡോര്ക്കിങ്ങിലെ മലയാളി കുടുംബത്തിലെ 23 വയസുള്ള യുവാവ് ആണ് ഗുരുതരമായ പരുക്കുകളോടെ ബ്രൈറ്റന് റോയല് ഹോസ്പിറ്റലില് ചികിത്സയിൽ തുടരുന്നത്. ബുധനാഴ്ച രാത്രിയിൽ സുഹൃത്തിനൊപ്പം ഫുട്ബോൾ പരിശീലനത്തിനായി പോയി മടങ്ങുന്നതിനിടയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ തൽക്ഷണം മരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.
ഡോര്ക്കിങില് താമസിക്കുന്ന സാജു അഞ്ജു ദമ്പതികളുടെ മൂത്ത പുത്രന് രാഹുലിനാണ് അപകടം സംഭവിച്ചത്. പതിവായി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്ത് വന്നത്. രാത്രി 11 മണിയോടെ പോലീസ് വീട്ടിലെത്തി അപകട വിവരം പങ്കുവെച്ചു. അപകടത്തിൽ അതിമാരകമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ നിരവധി സർജറികൾ നടത്തിയും, മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.
ഓവർ ടേക്കിങ് നിരോധിച്ച ഇടത്താണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന റെനോൾട് കാറാണ് ഇടിച്ചു കയറിയത്. സ്ക്കോഡ കാറിൽ ആയിരുന്നു രാഹുലും സംഘവും യാത്ര ചെയ്തത്. ഡോര്ക്കിങില് 20 വര്ഷമായി താമസിക്കുന്ന ദമ്പതികള് നാട്ടില് കോട്ടയം മണിമല അടുത്ത് നെടുമണ്ണി സ്വദേശികളാണ് കുടുംബം. റോഷനും, റിജിലും രാഹുലിന്റെ സഹോദരങ്ങളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാനും ആദരിക്കാനുമായാണ് നേഴ്സിംഗ് ദിനം കൊണ്ടാടുന്നത്. ഫ്ളോറൻസ് നൈറ്റിൻജലിന്റെ ജന്മദിനമാണ് നേഴ്സിങ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് നേഴ്സ് ആയ ഫ്ലോറൻസിന്റെ 203-ാം മത്തെ ജന്മദിനമാണ് ഇന്ന് . ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സുത്യർഹ സേവനമാണ് മഹാമാരിയെ പിടിച്ചുനിർത്താൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്. വാക്സിനുകൾ നൽകുന്നതിലും വൈറസ് വ്യാപനം തടയുന്നതിലും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നേഴ്സുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. എൻഎച്ച്എസിൽ തുടർച്ചയായി നേഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നേഴ്സുമാരും ശമ്പള വർദ്ധനവിൽ തൃപ്തരല്ല എന്ന കാര്യം മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യുകെയിലെ പ്രമുഖ നേഴ്സിങ് സംഘടനയായ ആർസിഎൻ ഒഴിച്ചുള്ള മിക്ക യൂണിയനുകളും ശമ്പള വർദ്ധനവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. നേഴ്സിംഗ് സമരം യുകെ മലയാളി നേഴ്സുമാർക്ക് നൽകിയത് കൈയ്പ്പു കാലമാണ്. ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തപ്പോൾ ആത്മാർത്ഥതയും പ്രവർത്തന മികവും കൈമുതലായ മലയാളി നേഴ്സുമാർക്ക് എൻ എച്ച് എസിന് പിടിച്ചുനിർത്താൻ കൂടുതൽ ജോലി ഭാരം ഏറ്റെടുക്കേണ്ടതായി വന്നു.
ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യു കെ. അധികരിച്ച പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം യുകെയിലെ നേഴ്സുമാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നേഴ്സുമാരുടെ ക്ഷാമം യുകെയിലെ നേഴ്സിംഗ് മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. മതിയായ നേഴ്സുമാരുടെ കുറവുമൂലം കടുത്ത ജോലിഭാരവും സമർദ്ദവുമാണ് നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ അഭിമുഖീകരിക്കുന്നത്. പരിമിതമായ ഇടവേളകളോടെ അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കൗമാരക്കാരിയായ അമ്മ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വാദം പൂർത്തിയായി. അപ്രതീക്ഷിതമായി പ്രസവിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. തൊണ്ടയിൽ പഞ്ഞി തിരുകി പുറത്തേക്ക് ശബ്ദം വരാതെയാണ് കൃത്യം നടത്തിയത്. ഇപ്പോൾ 19 വയസ്സുള്ള പാരീസ് മയോയ്ക്ക് , സംഭവസമയത്ത് 15 വയസ്സായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു ബിൻ ബാഗിൽ ഉപേക്ഷിച്ചു . 2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് സഹോദരൻ മുഖേന മൃതദേഹം കളയാൻ ശ്രമം നടത്തിയ യുവതി ഒടുവിൽ പിടിയിലാകുകയായിരുന്നു. വെസ്റ്റ് മെർസിയ പോലീസിന്റെ നീണ്ട അന്വേഷണത്തിനൊടുവിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തത്.
മയോ തന്റെ ഗർഭം വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചതിനു ശേഷമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആരുടേയും സഹായമില്ലാതെയാണ് പ്രസവിച്ചത്. കുഞ്ഞിനെ തൽക്ഷണം കൊലപ്പെടുത്തിയതതായും പ്രോസിക്യൂട്ടർ ജോനാസ് ഹാങ്കിൻ കെസി പറഞ്ഞു. മയോ അവളുടെ മാതാപിതാക്കൾക്കും സഹോദരൻ ജോർജിനുമൊപ്പം താമസിച്ചിരുന്ന കുടുംബ വീടിന്റെ സ്വീകരണമുറിയിലായിരുന്നു പ്രസവിച്ചത്. മുകളിലത്തെ നിലയിൽ രോഗിയായ പിതാവ് ഡയാലിസിസ് ചെയ്യുകയായിരുന്നു. ‘പ്രസവത്തിന് ശേഷം പ്രതി കുഞ്ഞിന്റെ തലയുടെ മുകളിൽ ഇടതും വലതും ഭാഗത്തേക്ക് മർദിക്കുകയും തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ‘ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ അവൾ അവന്റെ വായിലും കഴുത്തിലും പഞ്ഞി കഷ്ണങ്ങൾ തിരുകിക്കയറ്റി’- പ്രോസിക്യൂട്ടർ പറഞ്ഞു.
2019 മാർച്ചിൽ സ്റ്റാൻലി മയോയ്ക്ക് ജന്മം നൽകുമ്പോൾ മയോയ്ക്ക് വെറും 15 വയസ്സായിരുന്നു. സംഭവത്തെ തുടർന്ന് നാളുകളായി പോലീസ് അന്വേഷണം നടത്തിയിരുന്നു. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ നിന്നാണ് മയോയെ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയെ നടുക്കിയ കൊലപാതകത്തിൽ ഇതോടെ അന്തിമ വിധി വന്നിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുദ്ധമുഖത്ത് റഷ്യൻസേനയെ പ്രതിരോധിക്കാൻ യുക്രൈന് ബ്രിട്ടൻ ദീർഘദൂര ക്രൂസ് മിസൈലുകൾ നൽകും. 250 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള സ്റ്റോം ഷാഡോ മിസൈലാണ് കൈമാറുന്നത്. യുദ്ധവിമാനങ്ങളിൽനിന്ന് പ്രയോഗിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഇവ. യുക്രൈന് യു.എസ്. നൽകിയ ഹിമാർസ് മിസൈലിന് 80 കിലോമീറ്റർ സഞ്ചാരശേഷിയേ ഉള്ളൂ. മിസൈൽ നൽകുന്ന കാര്യം ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി ബെൻ വാലസ് വ്യാഴാഴ്ച ജനപ്രതിനിധിസഭയിൽ അറിയിച്ചു. എത്ര മിസൈലുകളാണ് നൽകുക എന്നതുസംബന്ധിച്ച വിശദീകരണം അദ്ദേഹം നൽകിയില്ല.
ദീർഘദൂരമിസൈലുകളുൾപ്പെടെയുള്ള ആയുധസഹായം യുക്രൈന് നൽകുന്ന ആദ്യരാജ്യം ബ്രിട്ടനായിരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഈ മിസൈലുകളുപയോഗിച്ച് റഷ്യയെ അങ്ങോട്ടുകയറി ആക്രമിക്കില്ലെന്നും പക്ഷേ, സ്വയംപ്രതിരോധത്തിന് ഉപയോഗിക്കുമെന്നും യുക്രൈൻ അറിയിച്ചതായി വാലസ് വ്യക്തമാക്കി. അധിനിവേശ റഷ്യൻ ശക്തിയെ സമയോചിതമായി പ്രതിരോധിക്കാൻ യുക്രൈനു കഴിയുക എന്നുള്ളതാണ് ഇതിലൂടെ ബ്രിട്ടൻ ലക്ഷ്യമിടുന്നത്.
ഫെബ്രുവരിയിൽ, യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉക്രെയ്നിലേക്ക് ദീർഘദൂര മിസൈലുകൾ അയയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ആയുധം സമാഹരിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി. റഷ്യൻ ബോംബുകളിൽ നിന്നും ഇറാനിയൻ ഡ്രോണുകളിൽ നിന്നും യുക്രൈനു രക്ഷ സാധ്യമാകണമെന്നും, അതിനായിട്ടാണ് ദീർഘദൂര ആയുധങ്ങൾ നൽകുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തി. ജീവിത ചിലവുകളും പണപ്പെരുപ്പവും വർദ്ധിക്കുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. പണപ്പെരുപ്പം നേരത്തെ പ്രതീക്ഷിച്ചതിലും ഉയർന്ന നിലയിൽ ആയതിനാലാണ് അപ്രതീക്ഷിത നടപടി. ഇതോടെ കാൽ പോയിന്റ് വർധനവോടെ 4.5 ശതമാനമായി ഉയർത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ദ്രുതഗതിയിലുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. മോണിട്ടറി പോളിസി കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെയും അനുവാദത്തോടെയാണ് മാറ്റം. തുടർച്ചയായി 12 മത്തെ വർദ്ധനവാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ആഗോള സമ്പദ്വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്ന 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ ഉള്ളത്. നാണയപ്പെരുപ്പം നേരത്തെ പ്രവചിച്ചതിലും കൂടുതൽ കാലം തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. സമീപമാസങ്ങളിലായി നിലവിൽ ഏറ്റവും വലിയ നിരക്കിലാണ് പണപ്പെരുപ്പം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ചിൽ 10.1% ആയിരുന്നു. ജി 7 ഗ്രൂപ്പിലെ നിരക്കുകളിലെ ഏറ്റവും വലിയ വർദ്ധനവാണിത്.
തൊഴിൽ ക്ഷാമവും, ഭക്ഷ്യവസ്തുക്കളുടെ അമിത വില വർദ്ധനവും കാരണം ജനജീവിതം അനുദിനം ദുഃസഹമായിരിക്കുകയാണ്. അതിന് പുറമെയാണ് ജനജീവിതത്തിനുമേൽ കനത്ത പ്രഹരമായാണ് പലിശ നിരക്ക് വർദ്ധനവ്. അതേസമയം, ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിഷി സുനക് സർക്കാരിന് കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെ സോമർസെറ്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ചില വീടുകൾ ഒഴിപ്പിക്കേണ്ടിവന്നു. കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കാൻ ശ്രമിക്കരുതെന്ന് ജനങ്ങളോട് അധികൃതർ അറിയിച്ചു. ഏതാനും മണിക്കൂറുകൾകൊണ്ട് പല സ്ഥലങ്ങളിലും രണ്ടാഴ്ച ലഭിക്കേണ്ട മഴ ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച മാത്രം സോമർസെറ്റിലെ യോവിൽട്ടണിൽ 35.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. മെയ് മാസം ലഭിക്കുന്ന ശരാശരി മഴയുടെ തോത് 62.5 മില്ലീമീറ്റർ ആയിരിക്കെയാണ് ഇത്. വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി സോമർസെറ്റ് കൗൺസിൽ മാർസ്റ്റൺ മാഗ്നയിൽ ഒരു വിശ്രമ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളിലും മഴമൂലം സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഡെവോണിൽ ഉണ്ടായ കൊടുങ്കാറ്റിലും മഴയിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹെർട്ട്ഫോർഡ്ഷയർ, നോർത്താംപ്ടൺഷയർ, എസെക്സ് എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടായിരിക്കും തീവ്രമായ മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു.