ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അമേരിക്കയിലും യുകെയിലും തൊണ്ടയിലെ ക്യാൻസർ വ്യാപിക്കുന്നതായി റിപ്പോർട്ട്. ഇതിന് പ്രധാന കാരണമായി മെഡിക്കൽ വിദഗ്ധർ ഓറൽ സെക്സിനെയാണ് ചൂണ്ടികാണിക്കുന്നത്. തൊണ്ടയിലെ കാൻസർ കേസുകളിൽ 70 ശതമാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) കാരണമാകുന്നു എന്നും, ഒന്നിലധികം ഓറൽ സെക്‌സ് പങ്കാളികളുള്ള ആളുകൾക്ക് തൊണ്ടയിലെ ക്യാൻസർ വരാനുള്ള സാധ്യത ഒമ്പത് മടങ്ങ് കൂടുതലാണെന്നും യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഡോ. ഹിഷാം മെഹന്ന പറയുന്നു.
രോഗത്തെ പ്രതിരോധിക്കാൻ ആധുനിക സജ്ജീകരണങ്ങൾ എല്ലാം രാജ്യത്ത് ലഭ്യമാണ്. എന്നാൽ പ്രധാനമായും ഒരു വാക്‌സിൻ HPV ക്ക് എതിരെ ഉണ്ട്. എന്നാൽ 54 ശതമാനം അമേരിക്കക്കാർക്ക് മാത്രമേ ഇത് ലഭിച്ചിട്ടുള്ളൂ എന്നുള്ളതാണ് വസ്തുത. അതായത് ജനസംഖ്യയുടെ 80 ശതമാനത്തിൽ താഴെ മാത്രം.1999 മുതൽ യുഎസിൽ തൊണ്ടയിലെ ക്യാൻസർ കേസുകളുടെ എണ്ണം കുത്തനെ വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളിൽ ഇത് പ്രതിവർഷം ഒരു ശതമാനവും പുരുഷന്മാരിൽ മൂന്ന് ശതമാനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ആറോ അതിലധികമോ ആജീവനാന്ത ഓറൽ സെക്‌സ് പങ്കാളികളുള്ളവർക്ക് ഓറൽ സെക്‌സ് ചെയ്യാത്തവരേക്കാൾ 8.5 മടങ്ങ് കൂടുതലാണ് ഓറോഫറിൻജിയൽ ക്യാൻസർ വരാനുള്ള സാധ്യതയെന്നും പഠനം പറയുന്നു.
‘കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, പടിഞ്ഞാറൻ രാജ്യങ്ങളിൽ തൊണ്ടയിലെ ക്യാൻസർ അതിവേഗം വർദ്ധിക്കുന്നു. ചിലർ അതിനെ പകർച്ചവ്യാധി എന്നാണ് ഇപ്പോൾ തന്നെ വിളിക്കുന്നത്. ‘ഓറോഫറിൻജിയൽ ക്യാൻസർ എന്നറിയപ്പെടുന്ന രോഗത്തിന്റെ വലിയ വർദ്ധനവാണ് ഉണ്ടായത് എന്ന് ഇത് വ്യക്തമാക്കുന്നത്. ഇത് ടോൺസിലുകളിലും തൊണ്ടയുടെ പിൻഭാഗത്തുമാണ് പ്രത്യക്ഷപ്പെടുന്നത്. രോഗം വ്യാപിക്കുന്നതിനുള്ള ഏറ്റവും വലിയ അപകട ഘടകമായി ഡോക്ടർമാർ HPV അണുബാധയെ കണക്കാക്കുന്നു’ – ഡോ മെഹന്നാ വ്യക്തമാക്കി. ഡോ ഹിഷാം മെഹന്ന യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ സർജനാണ്. 10,000 ത്തിലധികം ജീവനുകൾ ഓറോഫറിംഗിയൽ ക്യാൻസർ മൂലം മരണപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹോം ഓഫീസ് നടത്തുന്ന റെയ് ഡ് പുരോഗമിക്കുന്നു. മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുന്ന നിരവധി ആളുകളെ കണ്ടെത്തി തക്കതായ നടപടികൾ സ്വീകരിക്കുവാനാണ് റെയ്ഡ് നടത്തുന്നത്. നിയമവിരുദ്ധ ജോലികളിൽ ഏർപ്പെടുന്ന ആളുകളാണ് ഇതിൽ ഏറെയും. ഡെലിവറൂ, ജസ്റ്റ് ഈറ്റ്, യൂബർ ഈറ്റ്സ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ ജോലി ചെയ്യുന്ന നിരവധി ഡ്രൈവർമാരെയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ അറസ്റ്റ് ചെയ്തത്. ഇതിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ഇവരിൽ നിന്ന് ക്രിമിനൽ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആയുധങ്ങളും പണവും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ മോപ്പഡ് ഡെലിവറി ഡ്രൈവർമാർക്കുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തുന്നതിന് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ഓപ്പറേഷന് മുന്നോടിയായി വിപുലമായ അന്വേഷണം നടത്തി മതിയായ രേഖകൾ ശേഖരിച്ചിരുന്നു. ഏപ്രിൽ 16 മുതൽ 21 വരെ നീണ്ടു നിന്ന അന്വേഷണത്തിലൂടെയാണ് ഇവരെ പിടികൂടിയത്.
നികുതിയും മറ്റ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് എല്ലാ കമ്പനികളും തൊഴിലാളികളും യുകെയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിയമവിരുദ്ധമായ ജോലികൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. യുകെയുടെ സാമ്പത്തിക രംഗത്തെ തകർക്കാൻ ഇത്തരത്തിൽ ശ്രമിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടെ നിയമങ്ങളും അതിർത്തികളും ദുരുപയോഗം ചെയ്യുന്നത് തടയാൻ കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സുഡാനിൽ നിന്ന് ബ്രിട്ടീഷ് വംശജരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ മൂന്നു വിമാനങ്ങളിലായി 260 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ . നിലവിൽ 72 മണിക്കൂർ സമയം മാത്രമാണ് വെടിനിർത്തൽ നിലനിൽക്കുന്നത് . ഈ സമയത്തിനുള്ളിൽ കലാപഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന 4000 പേരെ ഒഴിപ്പിക്കുന്നത് സങ്കീർണ്ണമാണെന്നാണ് വിലയിരുത്തൽ .
സുഡാനിലെ സംഘർഷത്തിൽ ഒരു എൻഎച്ച്എസ് ഡോക്ടർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ ഉണ്ട് . സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയതിനു ശേഷം ഏകദേശം 40 ഓളം ബ്രിട്ടീഷ് പൗരന്മാർ സൈപ്രസിൽ സുരക്ഷിതരായി ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഏകദേശം 1400 ബ്രിട്ടീഷ് സൈനികർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സുഡാനിൽ ഉണ്ട് . തങ്ങളുടെ പൗരന്മാരോട് വീടിനകത്ത് തന്നെ ഇരിക്കുന്നത് ആണ് സുരക്ഷിതമെന്നാണ് ആദ്യം യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചത്. എന്നാൽ പിന്നീട് എല്ലാ ബ്രിട്ടീഷ് പാസ്പോർട്ട് ഉടമകളോടും അവരുടെ കുടുംബാംഗങ്ങളോടും എയർ ഫീൽഡ് വിമാനത്തിൽ രക്ഷപ്പെടാൻ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ആവശ്യപ്പെടുകയായിരുന്നു. 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദേശ മന്ത്രാലയം ഈ നീക്കം നടത്തിയത്.
എയർ ലിഫ്റ്റിനിടെ ആക്രമണം ഉണ്ടാവുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ യുകെ സൈന്യം സുസജ്ജമാണെന്നും എന്നാൽ നിലവിൽ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി കലാപഭൂമിയിൽ നിന്ന് പുറത്തു കടത്തുക എന്നതാണ് സൈന്യത്തിൻറെ പ്രാഥമിക ദൗത്യം എന്നും സൈന്യത്തിൻറെ വക്താവ് പറഞ്ഞു .എയർ ഫീൽഡിലേക്ക് എത്തിച്ചേരാൻ പലരും കഷ്ടപ്പെടുന്നതായുള്ള വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിശ്ചിത സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ഇന്ധനം ഇല്ലെന്നതാണ് പലരെയും ഗുരുതരമായി ബാധിച്ചിരിക്കുന്ന പ്രശ്നം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് ഡസൻ കണക്കിന് സൈനിക വിമാനങ്ങൾ എത്തിചേർന്നു. നിലവിൽ ലിങ്കൺഷെയറിന് മുകളിലൂടെ പരിശീലനം നടത്തുകയായിരുന്നു. കൊട്ടാരത്തെ പ്രതിനിധീകരിച്ച് ഒരു ലാൻകാസ്റ്റർ ബോംബർ ഉൾപ്പെടെ 30-ലധികം വിമാനങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. മെയ് 6 ന് നടക്കുന്ന രാജാവിന്റെ കിരീടധാരണത്തിനായുള്ള മുഴുവൻ ഫ്ലൈപാസ്റ്റിൽ 68 വിമാനങ്ങൾ ഉൾപ്പെടും. 1953-ലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ ഫ്ലൈപാസ്റ്റിന്റെ 93-കാരനായ ഒരു വെറ്ററൻ പങ്കെടുത്തിരുന്നു.
ഡെർബിഷെയറിലെ മെൽബണിൽ നിന്നുള്ള വിരമിച്ച സ്ക്വാഡ്രൺ ലീഡർ ടെറൻസ് ഡെവി സ്മിത്ത് റിഹേഴ്‌സൽ പരുപാടിയിൽ ക്രാൻവെല്ലിലെ വിശിഷ്ടാതിഥിയായിരുന്നു. 70 വർഷം മുമ്പ് രാജ്ഞിയുടെ കിരീടധാരണത്തിൽ പങ്കെടുക്കുമ്പോൾ 23 വയസ്സുള്ള ആർ എ എഫ് ഫ്ലൈയിംഗ് ഓഫീസറായിരുന്നു ഡെവി സ്മിത്ത്. ആ സമയത്തെ സംഭവങ്ങളും ഓർമകളും അദ്ദേഹം പങ്കുവെച്ചു. പലവിധ പ്രതിസന്ധികൾ മുന്നിൽ ഉണ്ടായിരുന്നെങ്കിലും എല്ലാം അതിജീവിക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1953-ലെ എല്ലാ പൈലറ്റുമാരും താഴെയുള്ള വലിയ ജനക്കൂട്ടത്തിൽ ഇടിക്കാതിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും അത്രമാത്രം ശ്രദ്ധാപൂർവമായിരുന്നു ഇടപെടൽ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇപ്പോൾ നടക്കുന്ന ചടങ്ങിന് ആശംസകളും നേർന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തൊടുപുഴ: യുകെയിൽ നേഴ്സായ ഭാര്യയുടെ അടുക്കലേക്കു പോകാനായി ദീർഘകാല അവധിയെടുത്ത പൊലീസുകാരനെ പിരിച്ചുവിട്ടു. കരിങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെതിരെയാണ് നടപടി സ്വീകരിച്ചത്. 107 ദിവസത്തെ ശമ്പളരഹിത അവധിയാണു ജിമ്മി എടുത്തത്. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല. പിന്നാലെ, അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. ജിമ്മി വിദേശത്തുതന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപ്പോർട്ടിനെത്തുടർന്നായിരുന്നു പിരിച്ചുവിടൽ.
കേരളത്തിൽ സർക്കാർ ജോലിയിൽ ഉള്ള കൂടുതൽ ആളുകളും ഇത്തരത്തിൽ അവധി എടുത്ത് വിദേശങ്ങളിലേക്ക് പോകുന്നത് നിത്യ സംഭവമാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് ചോദ്യം ഒന്നും ഉയരാത്തത് കൊണ്ടാണ് ഇവർ ഇങ്ങനത്തെ സമീപനം സ്വീകരിക്കുന്നത്. ജോലിയിൽ കയറി പിന്നീട് അവധിയിൽ പ്രവേശിച്ച് പെൻഷൻ വാങ്ങാനായി മടങ്ങിയെത്താം എന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള താക്കീതാണ് ഈ നടപടി. ഈ വിഷയത്തിൽ കൂടുതൽ നടപടികൾ പുറകെ ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താങ്ങായി സർക്കാർ സഹായം. ബില്ലുകളിൽ ചില ഇളവുകളാണ് അർഹരായവർക്ക് ഇപ്പോൾ നൽകുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റിലുള്ള ആളുകൾ ഉൾപ്പെടെ എട്ട് ദശലക്ഷം ആളുകൾക്ക് ഇപ്പോൾ മുതൽ മെയ് 17 വരെ £301 ഗഡു ലഭിക്കും. അടുത്ത രണ്ട് കാലയളവിലും സമാനമായ രീതിയിൽ ഇളവുകൾ ഉണ്ടാകുമെന്നാണ് അധികൃതർ പങ്കുവെക്കുന്നത്. 45 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ ഭക്ഷ്യവിലകൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങി സകല മേഖലകളിലും അപ്രതീക്ഷിത വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് അനുദിനം ജീവിത ചിലവ് കുതിച്ചുയരുകയാണ്. ഗ്യാസ്, വൈദ്യുതി എന്നിവയുടെ ചെലവ് നേരിടാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാനാണ് ജീവിതച്ചെലവ് പേയ്‌മെന്റുകൾ ആദ്യം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം 650 പൗണ്ടിന്റെ രണ്ട് പേയ്‌മെന്റുകളാണ് നടത്തിയത്. ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചതിലൂടെ ആളുകൾക്ക് പണം അനുയോജ്യമാണെന്ന് തോന്നുന്ന രീതിയിൽ ചിലവഴിക്കാൻ അവസരം നൽകുന്നു.
യോഗ്യരായ സ്വീകർത്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് നൽകാനാണ് തീരുമാനം. ബാങ്ക് അക്കൗണ്ടുകളുടെ പേയ്‌മെന്റ് റഫറൻസ് സ്വീകർത്താവിന്റെ നാഷണൽ ഇൻഷുറൻസ് നമ്പറായിരിക്കും. നികുതി ക്രെഡിറ്റുകളിലൂടെ മാത്രം പണത്തിന് യോഗ്യത നേടുന്നവർക്ക് മെയ് 2 മുതൽ അവരുടെ പേയ്‌മെന്റ് തുക ലഭിക്കും. കൂടാതെ, വേനൽക്കാലത്ത്, ആറ് ദശലക്ഷത്തിലധികം വൈകല്യമുള്ള ആളുകൾക്ക് 150 പൗണ്ട് അധികമായി നൽകുവാനും ആലോചനയുണ്ട്. അടുത്ത ശൈത്യകാലത്ത് എട്ട് ദശലക്ഷത്തിലധികം പെൻഷൻകാർക്ക് 300 പൗണ്ട് അധികമായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പൊതുമേഖലയിൽ ജോലി സമയം ഗണ്യമായി കുറയ്ക്കണമെന്ന ആവശ്യവുമായി വൈറ്റ്ഹാൾ ട്രേഡ് യൂണിയൻ രംഗത്ത്. യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആണിത്. ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരുടെ നടപടികളാണ് യൂണിയൻ അംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. പിക്ക് അപ്പ് ദി സ്റ്റോക്ക് നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. പല സർക്കാർ വകുപ്പുകളിലും ഉൾപ്പെടെ യുകെയിലുടനീളം ഏകദേശം 200,000 അംഗങ്ങളുള്ള പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയൻ അടുത്ത മാസം ഈ വിഷയത്തെ കുറിച്ച് ഗൗരവമായി ചർച്ച നടത്തും.
ഇക്കഴിഞ്ഞ വാർഷിക സമ്മേളനത്തിൽ ജോലി സമയം ഗണ്യമായി കുറയ്ക്കണമെന്ന വിഷയത്തെ കുറിച്ച് പ്രതിനിധികൾ പ്രമേയം പാസ്സാക്കിയിരുന്നു. ന്യായമായ വേതനത്തോടെയും, മതിയായ അവധി ദിനങ്ങളോടെയും ജോലി ചെയ്യാൻ എല്ലാ തൊഴിലാളികൾക്കും കഴിയണമെന്നും പി സി എസിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങളിൽ നടപടി വേണമെന്നും യൂണിയൻ പറഞ്ഞു. തുടർച്ചയായി അഞ്ച് ദിവസങ്ങൾ ജോലി ചെയേണ്ടി വരുമ്പോൾ മാനസിക പിരിമുറുക്കവും ശാരീരിക ക്ഷീണവും അനുഭവപ്പെടുന്നു. തൊഴിലാളികൾക്ക് ആരോഗ്യത്തോടെ ജോലി ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ് പലയിടങ്ങളിലും നിലനിൽക്കുന്നത്.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ പൊതുമേഖലാ പണിമുടക്കുകൾക്കിടയിൽ സിവിൽ സർവീസുകാർ വളരെ കുറച്ച് മണിക്കൂർ മാത്രം ജോലി ചെയ്യണമെന്ന ആവശ്യം മന്ത്രിമാർക്കിടയിൽ ആശങ്കയുണ്ടാക്കും. ആഴ്ചയിൽ പല ദിവസവും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയുള്ളതിനാൽ സർക്കാർ ഓഫീസുകളിൽ മിക്കപ്പോഴും കുറവാണ്. എന്നാൽ അവധി ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കൺസർവേറ്റീവ് എംപി ജേക്കബ് റീസ്-മോഗ് പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്റെ ഒരു ചെറു സൈനിക സംഘം പോർട്ട് സുഡാനിൽ ഇറങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 500 മൈൽ ദൂരെയാണ് പോർട്ട് സുഡാൻ . രണ്ടു റോയൽ നേവി കപ്പലുകൾ ഇതിനകം തന്നെ ഈ മേഖലയിൽ ഉണ്ട് . ആവശ്യഘട്ടങ്ങളിൽ സൈന്യത്തിന് സഹായം നൽകാൻ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏകദേശം നാലായിരത്തോളം ബ്രിട്ടീഷ് പൗരന്മാർ സുഡാനിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ 2000 പേർ രാജ്യം വിടുന്നതിനുള്ള സഹായ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും രീതിയിലുള്ള ഒഴിപ്പിക്കൽ നടപടികൾ പ്രാവർത്തികമാക്കുമ്പോൾ ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടായേക്കാമെന്നതാണ് സർക്കാരിനെ തുടർ നടപടികളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവർ തൽക്കാലം വീടിനുള്ളിൽ കഴിയുന്നതാണ് സുരക്ഷിതമെന്ന് വിദേശകാര്യ മന്ത്രി ആൻഡ്രൂ മിച്ചൽ പറഞ്ഞു.
ഞായറാഴ്ച യുകെ പ്രത്യേക സൈനിക നടപടികളിലൂടെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്ഥിതി വളരെ ഗുരുതരമാകുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഭക്ഷണത്തിനും വെള്ളത്തിനും വൈദ്യുതിയ്ക്കും ക്ഷാമം നേരിട്ടു തുടങ്ങി. 1,100 ഓളം യൂറോപ്യൻ യൂണിയൻ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കലാപ ഭൂമിയിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ യുകെ പിന്നോക്കം പോയതായുള്ള ആക്ഷേപങ്ങൾ ശക്തമാണ്. എന്നാൽ സുഡാനിന്റെ തലസ്ഥാനത്തെ ചുറ്റിപ്പറ്റി പോരാട്ടം കനക്കുന്നതു മൂലവും സൈന്യത്തിന്റെ അഭാവവും കാരണം 2021 – ലെ അഫ്ഗാനിസ്ഥാൻ എയർ ലിഫ്റ്റ് നേക്കാൾ സുഡാൻ ഒഴിപ്പിക്കൽ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രതിരോധവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ത്യയിലുടനീളം നാശം വിതച്ച പുതിയ കോവിഡ് സ്ട്രെയിൻ ആർക്‌ടറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം അഞ്ചായി ഉയർന്നു. ഉയർന്ന പകർച്ചവ്യാധി ശേഷിയുള്ള ഈ വേരിയന്റ് ഇന്ത്യയിൽ രണ്ട് മാസം മുൻപ് കണ്ടെത്തിയതിന് പിന്നാലെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 90 ശതമാനമായി വർദ്ധിച്ചു. ഇത് ഏറ്റവും കൂടുതൽ ബാധിച്ച സംസ്‌ഥാനങ്ങളിൽ നിർബന്ധിത മാസ്‌കുകളുടെ നിയമം സർക്കാർ തിരികെ കൊണ്ടുവന്നിരുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (യുകെഎച്ച്എസ്എ) മേധാവികൾ ഒമൈക്രോൺ ഫെബ്രുവരി പകുതിയോടെ ബ്രിട്ടണിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം 135 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട 135 കേസുകളിൽ അഞ്ച് മരണങ്ങളും ഉൾപ്പെടുന്നു. നിരീക്ഷണ ഡാറ്റ പ്രകാരം നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏകദേശം 2.3 ശതമാനവും XBB.1.16 വിളിക്കപ്പെടുന്ന സ്ട്രെയിൻ ആണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഓരോ ദിവസവും 65,000 ബ്രിട്ടീഷുകാർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് കണ്ടെത്തിയ കോവിഡ് വേരിയന്റിൽ ഏറ്റവും കൂടുതൽ പകർച്ചാ നിരക്ക് കൂടിയ സ്‌ട്രെയിൻ ആണ് ആർക്‌ടറസ് എന്ന് യുകെഎച്ച്എസ്എ അധികൃതർ പറഞ്ഞു.
വരും ആഴ്ചകളിൽ ഈ സ്‌ട്രെയിനുകളിൽ ഒന്ന് രാജ്യത്ത് പ്രബലമാകുമെന്നാണ് ആരോഗ്യ ഏജൻസിയിലെ ഉദ്യോഗസ്ഥർ പ്രവചിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട XBB.1.16 വേരിയന്റുകൾ മൂലമുള്ള കേസുകളുടെ എണ്ണം വളരെ കുറവാണ്. നിലവിലെ കോവിഡിൻെറ ലക്ഷണങ്ങൾ സാധാരണയുള്ള ഇൻഫ്ലുവൻസ പനിയുമായി ഏറെ സാമ്യമുള്ളതാണ്. ഇന്ത്യയിൽ നിലവിൽ പ്രതിദിനം ഏകദേശം 10,000 കോവിഡ് കേസുകളാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രതിരോധശേഷിയുള്ള യുകെയിൽ ഈ വേരിയന്റ് ഒരു പുതിയ തരംഗത്തിന് കാരണമാകുമോ എന്ന് ഇനിയും വ്യക്തമല്ല എന്ന് യു.കെ.എച്ച്.എസ്.എ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഉടമ അറിയാതെ വീട് വിൽക്കുന്ന സംഘങ്ങൾ യുകെയിൽ വർദ്ധിക്കുന്നു. വീട്ടുടമയുടെ അനുവാദം ഇല്ലാതെ വീട് പണയപ്പെടുത്തി ലക്ഷങ്ങളാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത്. വസ്തു ഉടമ അറിയാതെ തന്റെ വീട് വിൽക്കുകയും വീട്ടുപകരണങ്ങൾ അപഹരിക്കുകയും ചെയ്തതായി കഴിഞ്ഞ വർഷം ഒരു വാർത്ത ഉണ്ടായിരുന്നു. വീട്ടുടമസ്ഥൻ ജോലിക്ക് പോയിരുന്ന സമയത്ത് തന്റെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുകയും വീട് വിറ്റ് പണം പോക്കറ്റിലാക്കാനും തട്ടിപ്പുകാർ ശ്രമിക്കുകയായിരുന്നു.
2022 ജനുവരിയിൽ ഒരു ലെറ്റിംഗ് ഏജൻസി മുഖേന ഇൽഫോർഡിലെ മൂന്ന് ബെഡ് വീട് വാടകയ്ക്കുകൊടുത്ത ഒരു മലയാളി ദമ്പതികളുടെ അവസ്ഥ സമാനമാണ്. നിർഭാഗ്യവശാൽ, പുതിയ വാടകക്കാർ വെറും രണ്ട് മാസത്തിന് ശേഷം വാടക നൽകുന്നത് നിർത്തി. സെക്ഷൻ 8 പ്രകാരം വാടക നൽകാത്തതിനാൽ, സ്വത്ത് തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികളിലേക്ക് ദമ്പതികളെ നയിച്ചു. നിലവിൽ കേസ് പുരോഗമിക്കുകയാണ്. 2023 ഫെബ്രുവരിയിൽ, അനധികൃത താമസക്കാർ വസ്തുവിൽ താമസിക്കുകയും പൂട്ടുകൾ മാറ്റുകയും ചെയ്തതായി ദമ്പതികൾക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇടനിലക്കാരായ ലെറ്റിംഗ് ഏജന്റുമാരെ ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിയുകയായിരുന്നു.
എന്നാൽ കഴിഞ്ഞയാഴ്ച മലയാളി ദമ്പതികൾക്ക് അവരുടെ അയൽവാസിയിൽ നിന്ന് വന്ന ഫോൺ കോൾ അനുസരിച്ചു അടുത്തയാഴ്ച അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെന്നും വസ്തുവിന്റെ പേര് മാറ്റിയെന്നും അറിയാൻ കഴിഞ്ഞു. വ്യാജരേഖ ചമച്ചാണ് ഇവർ വസ്തു തട്ടിയെടുത്തതെന്നാണ് മലയാളി ദമ്പതികളുടെ വാദം. 2022 ൽ വാടകയ്ക്ക് എത്തിയവർ 2023 ഓടെ വ്യാജ രേഖകൾ ചമച്ച് വീട് പേരിലാക്കി എടുക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയ സംഘത്തിന് പിന്നിൽ വലിയ ഒരു മാഫിയ ഉൾപ്പെടുന്നുണ്ടെന്നും, വിശ്വസിച്ച് ആരെയും വീട് ഏൽപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതന്നും ദമ്പതികൾ പറഞ്ഞു. നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.