Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവനന്തപുരം : ആരോഗ്യ വകുപ്പിൽ നേഴ്സിങ് വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തിയായി പൂഞ്ഞാർ പെരിങ്ങുളം സ്വദേശിനി ഡിനു എം ജോയി. എം ജി സർവകലാശാലയിൽ നിന്ന് ഡവലപ്മെന്റ് സ്റ്റഡീസിലാണ് (നഴ്സിങ് ) ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മികച്ച നേഴ്സിനുള്ള പ്രഥമ സംസ്ഥാന അവാർഡ് (സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) ജേതാവ് കൂടിയാണ് ഡിനു. തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷനിൽ കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി ഇപ്പോൾ ജോലി ചെയ്യുന്നു.

പൂഞ്ഞാർ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫിന്റെ ഭാര്യയും ഉരുളികുന്നം മടുക്കാവിൽ പരേതനായ എം.വി.തോമസിന്റെയും മേരി തോമസിന്റെയും മകളുമാണ്. ഡിജൽ, ഡിയോൺ എന്നിവരാണ് മക്കൾ. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി നഴ്സിംഗ് സ്കൂളിൽ ജനറൽ നഴ്‌സിങ്  1998 ൽ പാസ്സായ ഡിനു പിന്നീട് ബി എസ് സി നഴ്‌സിങ്, എം എസ് സി നഴ്‌സിങ് എന്നിവ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നേടുകയുണ്ടായി.

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് (SGTDS) മുൻ ഡയറക്ടർ ആയ ഡോ.റോയ് സി മാത്യുവിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ലൈംഗികാതിക്രമം തടയുന്നതിനായി കേരളത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ ബോധവൽക്കരിക്കുന്നതിനുള്ള മാർഗങ്ങൾ വിശകലനം ചെയ്യുന്ന ഗവേഷണപഠനം വലിയ ശ്രദ്ധയാകർഷിച്ചു. കൗമാരക്കാരായ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഏറി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടക്കുന്നത്. കേരളത്തിലെ മിക്ക ഹൈസ്കൂളുകളും കൗമാര ആരോഗ്യത്തിനും ലൈംഗികാതിക്രമത്തിനെതിരെയുള്ള ബോധവൽക്കരണത്തിനും വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്നും ഇതൊരു ഗുരുതര പ്രതിസന്ധിയാണെന്നും ഡിനു മലയാളംയുകെയോട് പറഞ്ഞു.

പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. ദിവസവും ഇത്രയും കിലോമീറ്റർ സഞ്ചരിച്ചുള്ള പഠനം ദുഷ്ക്കരമായി. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ക്ലാസുകൾ. ഒരു കുട്ടിയും ഇന്ന് വരെ വീട്ടിൽ നിന്നും വന്ന് പഠിച്ചു പാസ്സായിട്ടില്ല എന്ന് ട്യൂട്ടർമാരുടെ കമെന്റ്… ഹോസ്റ്റൽ സൗകര്യം ഉപയോഗിച്ചാൽ രണ്ട് വയസ്സുകാരൻ കുഞ്ഞിനെ വിട്ടിരിക്കാൻ സാധ്യമല്ലാത്ത മനസികാവസ്ഥ… മാനസികമായി തളരുന്ന സാഹചര്യം. ഒരുപാട് കഷ്ടപ്പെടുന്ന ഭർത്താവ്… വീട്ടിലെ കാര്യം നടക്കുന്നില്ല… ഇത്രയും വിഷമിച്ചു പഠിക്കാനോ എന്ന് ബന്ധുക്കൾ… എങ്കിലും പൂർണ്ണമായ മനസ്സോടെ ഡിനു പറഞ്ഞു.. ഈ റിസൾട്ട് എന്റെ ഭർത്താവായ ജോബിക്കുള്ളത്.. ജോബി സഹായിച്ചതുകൊണ്ടാണ് ഇന്ന് ഞാൻ ഡോക്ടറേറ്റ് നേടാൻ വഴിയൊരുങ്ങിയത്… എല്ലാവരും പറയും ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന്.. എന്റെ കാര്യത്തിൽ ഇത് തിരിച്ചാണ് എന്ന് മാത്രം… എന്റെ മാത്രം കഴിവ് കൊണ്ടല്ല മറിച്ച് ഭർത്താവായ ജോബി തന്ന സപ്പോർട്ട് ആണ് എന്റെ വിജയങ്ങളുടെ അടിത്തറ…

കൂടെയുള്ള കൂട്ടുകാരികൾ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലും ഓസ്‌ട്രേലിയിലെ പെർത്തിലും, അയർലണ്ട്, അമേരിക്ക എന്നിവടങ്ങളിൽ  എല്ലാം പോയി ജോലി ചെയ്യുന്നു. പുറത്തുപോയാൽ മാത്രമല്ല നഴ്സിങ്ങിൽ വിജയിക്കുക എന്ന് കൂടി ഡിനു നമുക്ക് കാണിച്ചു തരുന്നു. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്.

പാലായ്ക്ക് അടുത്തുള്ള ഉരുളികുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു. 

രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി.

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു.  ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർ ഹോം അന്തേവാസികളോട് മോശമായ രീതിയിൽ പെരുമാറിയതിന് മൂന്ന് കെയർഹോം ജീവനക്കാർക്ക് ജയിൽശിക്ഷ ലഭിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ അവരോട് സംസാരിച്ചുവെന്നും ഒരു അവസരത്തിൽ ഒരു സ്ത്രീയെ സോഫയിൽ നിന്ന് വലിച്ചിറക്കി അവരുടെ വയറിൽ മുട്ടുകുത്തുകയും തലയിടിപ്പിക്കുകയും ചെയ്തതായുമുള്ള ആരോപണത്തെ തുടർന്നാണ് സ്വാൻസി ക്രൗൺ കോടതി സ്വാൻസീയിലെ ഗോവർട്ടണിലെ ഗോവർ ലോഡ് ജിൽ ജോലി ചെയ്തിരുന്ന ഡഗ്ലസ് സ്റ്റീഫൻസന് ശിക്ഷ വിധിച്ചത്. ഇയാൾ ഒരു പുരുഷന് നേരെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയും ഉണ്ട്. പ്രായമായവരോട് മോശമായി പെരുമാറിയതിന് ആന്റണി തോമസിനും ഡേവിഡ് വെഡ്‌ലേക്കിനുമൊപ്പം 41 കാരനായ സ്റ്റീഫൻസ് ശിക്ഷിക്കപ്പെട്ടു. വെഡ്‌ലെക്ക് തൻെറ തെറ്റ് നേരത്തെ സമ്മതിച്ചിരുന്നു അതേസമയം സ്റ്റീഫൻസും തോമസും കോടതി വിചാരണയ്ക്ക് ശേഷം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ട്രാക്ക്‌കെയർ എന്ന കമ്പനി നടത്തുന്ന ഗോവർ ലോഡ് ജ് മുതിർന്നവർക്കുള്ള ഒരു റെസിഡൻഷ്യൽ ഹോമാണ്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും സങ്കീർണ്ണമായ പെരുമാറ്റ പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളും നേരിടുന്നവരാണ്. സ്വാൻസീ ക്രൗൺ കോടതിയുടെ വിചാരണ സമയത്ത് ഇവിടുത്തെ താമസക്കാരുടെ പെരുമാറ്റം പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് അംഗീകരിക്കപ്പെട്ടിരുന്നു. ജീവനക്കാർ സ്റ്റുഡിയോ III എന്ന ഒരു സംവിധാനമാണ് ഇവിടുത്തെ താമസക്കാരെ പരിചരിക്കാൻ ഉപയോഗിച്ചിരുന്നത്. ശാരീരികമായുള്ള ഇടപെടലുകൾ അവസാന ആശ്രയമായി ആണ് കണ്ടിരുന്നത്. 2015 നും 2017 നും ഇടയിൽ നടന്ന ഈ ദുരനുഭവം മുൻ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾ കണ്ടെത്തുകയും തന്റെ ആശങ്ക ഉന്നയിക്കുകയും ചെയ്തതോടെയാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്. പോലീസിന് മുന്നറിയിപ്പ് ലഭിക്കുന്നതിനു മുൻപ് പരാതി ആരോപിക്കപ്പെട്ട ജീവനക്കാർക്കെതിരെ കെയർ കമ്പനി അന്വേഷണം നടത്തിയിരുന്നു.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ക്രീമി കസ്റ്റാർഡും ചോക്കലേറ്റ് ഗനാഷും ചേർത്ത് ബിസ്‌ക്കറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ക്ലാസിക് പുഡ്ഡിംഗ്, എല്ലാ പ്രായക്കാർക്കും ഏത് അവസരങ്ങളിലും ആഘോഷങ്ങളിലും വിളമ്പാൻ കഴിയുന്ന അനുയോജ്യമായ ഒരു ഡെസേർട്ടാണ്.

ചേരുവകൾ

ബിസ്ക്കറ്റ് ലെയർ :

200 ഗ്രാം ബിസ്‌ക്കറ്റ് (any digestive biscuit)
2 ടേബിൾ സ്പൂൺ കൊക്കോ പൗഡർ /MILO
1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
3 ടേബിൾ സ്പൂൺ വെണ്ണ (ഉരുക്കിയത് )

കസ്റ്റാർഡ് :

3 കപ്പ് പാൽ
¼ കപ്പ് കസ്റ്റാർഡ് പൗഡർ
¼ കപ്പ് പഞ്ചസാര

ചോക്കലേറ്റ് ഗനാഷ് :

200 ഗ്രാം ചോക്ലേറ്റ് ചിപ്സ്
100 ഗ്രാം കട്ടിയുള്ള ക്രീം

ഉണ്ടാക്കുന്ന രീതി

ബിസ്ക്കറ്റ് ലെയറിനു വേണ്ടി :

ആദ്യം, ഒരു മിക്സിയിൽ ബിസ്ക്കറ്റ് തരി തരിയായി പൊടിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക
കൊക്കോ പൗഡർ,വാനില എക്സ്ട്രാക്റ്റ്, വെണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

കസ്റ്റാർഡ് ലെയറിനു വേണ്ടി :

ഒരു പാത്രത്തിൽ, 2 3/4 കപ്പ് പാലിലേക്കു, ¼ കപ്പ് പഞ്ചസാര ചേർത്ത് ചൂടാക്കുക

1/4 കപ്പ് പാലിലേക്കു 1/4 കപ്പ് കസ്റ്റാർഡ് പൗഡർ ചേർത്ത് നന്നായി യോചിപ്പിക്കുക

ഈ മിശ്രിതം ചൂടായ പാലിലേക്കു ചേർത്ത് കട്ട കെട്ടാതെ ഇളക്കുക.

മിശ്രിതം കട്ടിയാകാൻ തുടങ്ങുന്നതുവരെ പാചകം തുടരുക.

മിശ്രിതം മിനുസമാർന്ന സിൽക്ക് ഘടനയിലേക്ക് മാറണം. കസ്റ്റാർഡ് തയ്യാർ.

പുഡ്ഡിംഗ് ലയെറിങ് :

ആദ്യം, ഒരു ചെറിയ കപ്പിലേക്ക് 2 ടേബിൾ സ്പൂൺ ബിസ്കറ്റ് പൊടിച്ചത് ഇടുക .

ഒരു ചെറിയ സ്പൂൺ ഉപയോഗിച്ച് പ്രസ് ചെയ്തു ലെവൽ ആക്കുക.

തയ്യാറാക്കിയ കസ്റ്റാർഡ്, കപ്പിന്റെ ¾ വരെ ഒഴിക്കുക.

30 മിനിറ്റ് അല്ലെങ്കിൽ കസ്റ്റാർഡ് സെറ്റ് ആകുന്നത് വരെ ഫ്രിഡ്ജിൽ വെക്കുക.

ചോക്കലേറ്റ് ഗനാഷ് ലെയറിനു വേണ്ടി :

ഒരു ചെറിയ പാത്രത്തിൽ 200 ഗ്രാം ചോക്ലേറ്റ് ചിപ്സ് എടുത്ത് 100 ഗ്രാം ചൂടുള്ള കട്ടിയുള്ള ക്രീം ഒഴിക്കുക.
ചോക്ലേറ്റ് പൂർണ്ണമായും ഉരുകുന്നത് വരെ നന്നായി ഇളക്കുക.
മിശ്രിതം സിൽക്കി മിനുസമാർന്ന ഘടനയിലേക്ക് മാറണം.
ചോക്ലേറ്റ് കഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മൈക്രോവേവ് അല്ലെങ്കിൽ ഡബിൾ ബോയിലർ രീതി ഉപയോഗിച്ച് ഉരുക്കാം.
ചോക്കലേറ്റ് ഗനാഷ് തയ്യാർ. ചെറുതായി തണുപ്പിക്കുക.

ഗനാഷ് ലയെറിങ് ( Final layer)

കസ്റ്റാർഡ് സെറ്റായ ശേഷം, അതിന് മുകളിൽ 2 ടേബിൾ സ്പൂൺ ഗനാഷ് ഒഴിക്കുക.
എന്നിട്ടു കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

ബിസ്‌ക്കറ്റ് കസ്റ്റാർഡ് പുഡ്ഡിംഗ് ആസ്വദിക്കാൻ തയ്യാറായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിലെ ക്ലാസ് മുറിയിൽ പുള്ളിപ്പുലി പ്രവേശിച്ചത് വാർത്തയാക്കി ബിബിസി. വടക്കേ ഇന്ത്യൻ നഗരമായ അലിഗഢിലാണ് സംഭവം. പുള്ളിപ്പുലി ഒളിച്ചിരിക്കുന്നത് കണ്ട് ക്ലാസ്സ് മുറിയിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഞ്ച് വയസ്സുള്ള പുലിയെ പിടികൂടാനായത്. സമീപപ്രദേശത്ത് വനമേഖലയിൽ നിന്നാണ് പുലി സ്കൂളിൽ പ്രവേശിച്ചതെന്നാണ് നിഗമനം.

വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ മാറ്റം വരുന്നതാണ് ഇവയെ ജനവാസമേഖലയിൽ ഭക്ഷണം തേടാൻ പ്രേരിപ്പിക്കുന്നത് എന്നതാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിൽ വനാതിർത്തി മേഖലകളിൽ മനുഷ്യനും വന്യമൃഗങ്ങളുമായിട്ടുള്ള ഏറ്റുമുട്ടലിൻെറ വാർത്തകൾ നിത്യസംഭവമാണ്. ഈയിടെ വയനാട്ടിൽ മുറിവേറ്റ കടുവ മനുഷ്യനും വളർത്ത് മൃഗങ്ങൾക്കും കടുത്ത ഭീഷണിയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നത് എന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യമായിരുന്നു . ആദ്യകാല യുകെ മലയാളികൾ നാട്ടിൽ സ്ഥലവും ഫ്ലാറ്റും വീടും മേടിച്ച് നിക്ഷേപിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത് . എന്നാൽ കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയവരെക്കാൾ കൂടുതൽ ലാഭം കൊയ്യാൻ ബ്രിട്ടനിൽ നിക്ഷേപിച്ച യുകെ മലയാളികൾക്കായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിന് ഒരു പ്രധാന കാരണമായി പറയുന്നത് നാട്ടിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ തകർച്ച നേരിട്ടപ്പോഴും യുകെയിലെ വീടുവിലയിൽ സമീപകാലത്തുണ്ടായ വൻ കുതിച്ചു കയറ്റമാണ്.

യുകെയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർദ്ധനവാണ് വീടുകളുടെ വിലയിൽ ഉണ്ടായിരിക്കുന്നത് . പ്രോപ്പർട്ടി വില 9.8 ശതമാനം വർധിച്ചതായാണ് സാമ്പത്തിക പഠനങ്ങൾ കാണിക്കുന്നത്. ഇത് 2007 -ന് ശേഷം പ്രോപ്പർട്ടി മാർക്കറ്റിൽ ഉള്ള ഏറ്റവും കൂടിയ വർധനവാണ്. മഹാമാരിയുടെ ഞെരുക്കം ഉണ്ടായിരുന്നെങ്കിലും 2021 – ൽ ഭവന വിപണി 8 തവണയാണ് റെക്കോർഡ് ഉയരത്തിലെത്തിയത്.

കോവിഡ് മൂലം കർശനമായ നിയന്ത്രണങ്ങൾ നിലവിൽ നിന്നത് ആൾക്കാർക്ക് പണം ചെലവഴിക്കാനുള്ള അവസരം കുറച്ചതായും കരുതപ്പെടുന്നു. എന്നാൽ ഭാവിയിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാൻ പലിശ നിരക്ക് ഉയരുന്നത് പ്രോപ്പർട്ടി മാർക്കറ്റിൻെറ മൂല്യം കുറയ്ക്കും എന്ന അഭിപ്രായവും സാമ്പത്തിക വിദഗ്ധർക്ക് ഉണ്ട്.

പുതിയതായി യുകെയിലെത്തി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് പ്രോപ്പർട്ടി മാർക്കറ്റിലെ ഉയർന്നവില കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതും ഒരു വസ്തുതയാണ്. വിസാ നയങ്ങളിൽ വന്ന മാറ്റത്തെ തുടർന്ന് ഒട്ടേറെ മലയാളികളാണ് പഠനത്തിനായും ജോലിക്കായും യുകെയിൽ എത്തിച്ചേരുന്നത് . ഉയർന്ന വാടകയും പ്രോപ്പർട്ടിമാർക്കറ്റിലെ വൻ വർദ്ധനവും പുതുതലമുറ യുകെ മലയാളികളിൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിവാദ വെബ്സൈറ്റായ ഐ ലിവ് ഹിയർ ഇംഗ്ലണ്ടിൽ താമസിക്കാൻ ഏറ്റവും മോശം സ്ഥലങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വോട്ടെടുപ്പ് പുറത്തിറക്കി. 110,172 പ്രദേശവാസികൾ അവരുടെ സ്വന്തം കമ്മ്യൂണിറ്റിക്ക് വോട്ട് ചെയ്യുകയും അവിടെ ജീവിക്കാൻ എന്തുകൊണ്ട് തങ്ങൾ ഇഷ്ടപ്പെടുന്നത് പങ്കുവയ്ക്കുകയും ചെയ്തു. ഈ വർഷം ആദ്യം നടന്ന പോളിംഗിൽ കവൻട്രി ആദ്യ 50-ൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ യുകെയിൽ ജീവിക്കാൻ ഏറ്റവും മോശമായ സ്ഥലങ്ങളിൽ പീറ്റർബറോയെ ഉൾപ്പെടുത്തി എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഐ ലിവ് ഹിയറിന്റെ കണക്കുകാൾ പ്രകാരം എയിൽസ്ബറി, ഹഡേർസ് ഫീൽഡ്, ലൂട്ടൺ, ലിവർപൂൾ, പീറ്റർബറോ, ബോൾട്ടൺ, കോർബി, ജയ് വിക്ക്, സ്ലോ, ബ്രാഡ്ഫോർഡ് എന്നിവയാണ് ഇംഗ്ലണ്ടിലെ ഏറ്റവും മോശമായ 10 സ്ഥലങ്ങൾ. ഇംഗ്ലണ്ടിലെ ഏറ്റവും മോശമായ 50 സ്ഥലങ്ങളിൽ കവൻട്രിക്ക് മുപ്പത്തിനാലാം സ്ഥാനമാണ്.

കവൻട്രിയെ അപകീർത്തിപ്പെടുത്താൻ നിരവധി പേർ ടങ് ഇൻ ചീക് വെബ്സൈറ്റിൽ തങ്ങളുടെ ആരോപണം മുന്നോട്ടുവച്ചു. ഒരു മഹത്തായ വ്യവസായിക നഗരം ആകേണ്ട നഗരം ഒരു വലിയ യൂണിവേഴ്സിറ്റി ക്യാമ്പസായി ചുരുങ്ങി എന്നായിരുന്നു ഒരു ഉപയോക്താവിൻെറ ആരോപണം.രാജ്യത്തെ ജലാശയങ്ങളിൽ നിന്നും അകലെയാണ് കവൻട്രി എന്നതും മോശം സ്ഥലങ്ങളിലെ പട്ടികയിൽ വരാൻ കാരണമായി. നഗരത്തിൽ വിനോദത്തിനായി ആകെയുള്ളത് പബ്ബുകളും ക്ലബ്ബുകളും ആണെന്നും എന്നാൽ ഇവയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ് എന്നുമായിരുന്നു മറ്റൊരാളുടെ ആരോപണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം: വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട കൊലയാളിയെ പുകഴ്ത്തിയുള്ള ഇമാമിന്റെ പ്രഭാഷണത്തിനെതിരെ പോലീസ് അന്വേഷണം. ബർമിംഗ്ഹാം സ്‌മോൾ ഹീത്തിലെ സെൻട്രൽ ജാമിയ മസ്ജിദ് ഗാംകോൾ ഷെരീഫിലാണ് തീവ്രവാദ അനുകൂല നിലപാടിന് സമാനമായ വാചകം മുഴങ്ങിയത്. പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയ മുംതാസ് ഖാദ്രിയെ പുകഴ്ത്തിയായിരുന്നു ഇമാമിന്റെ പുതുവത്സര പ്രഭാഷണം. ജനുവരി 1 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രാർത്ഥനാ യോഗത്തിന്റെ ലൈവ് സ്ട്രീമിൽ, പാകിസ്ഥാനിൽ നിന്നുള്ള ഇമാം, ഖാദ്രിയെ “ഗാസി” എന്നാണ് വിശേഷിപ്പിക്കുന്നത്. ഗാസി എന്ന ഉറുദു പദത്തിന് ‘ധീരയോദ്ധാവ്’ എന്നർത്ഥം. നഗരത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നിൽ നടന്ന പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു.

‘ഈ ലോകം വിട്ടുപോയ ഗാസി മുംതാസ് ഖാദ്രിയെ സ്തുതിക്കുന്നു’ എന്ന വാചകവും പ്രഭാഷണത്തിൽ ഉയർന്നുകേട്ടു. ഖാദ്രിയുടെ ക്രൂരകൃത്യങ്ങളെ അനുകൂലിച്ച് പ്രസംഗകൻ സംസാരിക്കുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇമാമിന്റെ വാക്കുകളിൽ താൻ വളരെ നിരാശനാണെന്നും പ്രസംഗത്തെ അപലപിച്ച് സംസാരിക്കാൻ പള്ളി നേതാക്കളോട് ആവശ്യപ്പട്ടതായും അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് മുസ്‌ലിംകളുടെ മാനേജിംഗ് ഡയറക്ടറും ബർമിംഗ്ഹാം സർവകലാശാലയിലെ മുസ്ലീം ചാപ്ലിനുമായ പോൾ സലാഹുദ്ദീൻ അംസ്ട്രോങ്ങ് വെളിപ്പെടുത്തി.

പാക്കിസ്ഥാന്റെ കഠിനമായ മതനിന്ദ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ ക്രിസ്ത്യൻ വനിതയായ ആസിയ ബീബിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്ത വ്യക്തിയാണ് സൽമാൻ തസീർ. പാകിസ്ഥാനില്‍ ഇത് ഏറെ പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ആസിയ ബീബിയെ അനുകൂലിച്ച് സംസാരിച്ച പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ 2011ൽ കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി മുംതാസ് ഖാദ്രിയെ വധശിക്ഷക്ക് വിധേയമാക്കിയെങ്കിലും തീവ്ര വലതുപക്ഷം അയാള്‍ക്ക് നായക പരിവേഷം നല്‍കുകയും അയാളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പില്‍ 20 ലക്ഷം വോട്ടുകളാണ് പാര്‍ട്ടി നേടിയത്. ബ്രിട്ടനിലും ഖാദ്രിക്ക് നിരവധി പിന്തുണക്കാരുണ്ടായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ നിന്നുള്ള യാത്രക്കാർ 2022 അവസാനം മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് ഫീസ് അടയ്ക്കണം. പ്രധാനമായി, ബ്രെക്‌സിറ്റിനെ തുടർന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിന്റെ ഫലമായാണ് ഈ മാറ്റം ഉണ്ടാകുന്നത്. ബ്രിട്ടനിൽ നിന്ന് ഷെൻഗെൻ വിസയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് അധിക നിരക്ക് ഈടാക്കും. മറ്റ് യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളെപ്പോലെ ബ്രിട്ടനെ പരിഗണിക്കുകയും ചെയ്യും. യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് 5.88 പൗണ്ട് (€7) വിസ ഫീസ് ഈടാക്കുമെന്നും ഷെൻഗെൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ വിശദാംശങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും യൂറോപ്യൻ കമ്മീഷൻ സ്ഥിരീകരിച്ചു.

18 നും 70 നും ഇടയിൽ പ്രായമുള്ള യാത്രക്കാർക്ക് വിസ ഫീസ് ബാധകമാണ്. യാത്രയ്ക്ക് മുമ്പ് ഒരു ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ഫോൺ ആപ്പ് വഴിയോ ഈ നടപടി പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ യൂറോപ്യൻ ട്രാവൽ ആന്റ് ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സ്കീമിലൂടെ (ETIAS) 61 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലെ താമസക്കാർക്ക് ഷെൻഗെൻ രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയും. ആ രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ ഷെൻഗെൻ വിസ ആവശ്യമായി വരുന്നില്ല എന്നതാണ് സ്കീമിന്റെ പ്രത്യേകത. ബ്രെക്‌സിറ്റിനു ശേഷമുള്ള ക്രമീകരണങ്ങളെത്തുടർന്ന്, 2022 അവസാനം മുതൽ യുകെയെ ഈ സ്കീമിലേക്ക് ചേർക്കും.

യൂറോപ്യൻ ട്രാവൽ ആന്റ് ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സ്കീം പാസാക്കുന്നതിനുള്ള നിയമപരമായ നടപടിക്രമം 2016 ൽ ആരംഭിച്ചു. 2022 അവസാനം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. യുകെ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയുൾപ്പെടെ 60 രാജ്യങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും. കോവിഡ് കാരണം യുകെയിൽ നിന്ന് യൂറോപ്പ് സന്ദർശിക്കുന്ന യാത്രക്കാരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 2020 ൽ ഗണ്യമായി കുറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യനിൽ പക്ഷിപനി സ്ഥിരീകരിച്ചു. ഡെവോണിൽ കഴിയുന്ന അലൻ ഗോസ്ലിങ്ങ് (79) ആണ് മാരകമായ എച്ച് 5 എൻ 1 പിടിപെട്ടു സെൽഫ് ഐസൊലേഷനിൽ കഴിയുന്നത്. അദ്ദേഹം വീട്ടിൽ വളർത്തിയ താറാവുകളിൽ നിന്നാണ് രോഗം പകർന്നത്. 160 മസ്‌കോവി താറാവുകളിൽ 20 എണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അവയെ കൊന്ന് സുരക്ഷിതമായി മറവു ചെയ്തു. മുൻ റെയിൽവേ ജീവനക്കാരനായിരുന്ന ഗോസ്ലിംഗ് ഇപ്പോൾ ആരോഗ്യവാനാണെന്നും സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രോഗം മറ്റാരിലേക്കും പടർന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

“എന്റെ ജീവനും ജീവിതവും ആയിരുന്നവർ. 20 വർഷത്തിലേറെയായി ഞാൻ അവരോടൊപ്പമാണ് കഴിഞ്ഞത്.” താറാവുകളെ കൊന്നതറിഞ്ഞ ഗോസ്ലിംഗ് കണ്ണീരോടെ പറഞ്ഞു. തന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന താറാവുകളെ കൊല്ലരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നു. എന്നാൽ വൈറസ് ബാധിച്ച പക്ഷികളെ കൊല്ലുകയല്ലാതെ മറ്റ് മാർഗമില്ല. കോവിഡിന് പിന്നാലെ രാജ്യത്ത് പക്ഷിപനിയും പടർന്നു പിടിച്ചാൽ അത് വലിയ ആശങ്കയ്ക്ക് കാരണമാകും. എച്ച്5എൻ1 നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇതുവരെ 20 ലക്ഷം പക്ഷികളെ കൊന്നൊടുക്കിയതായി കരുതപ്പെടുന്നു. നിലവിൽ യൂറോപ്പിനെ തകർത്തുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ഭാഗമായാണ് ബ്രിട്ടനിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.


എന്താണ് പക്ഷിപനി? മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കിൽ എച്ച്5എൻ1. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് സ്രവങ്ങൾ വഴിയാണ് രോഗാണു പരക്കുന്നത്. അതുകൊണ്ട് തന്നെ പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴി രോഗം വേഗം തന്നെ പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പരക്കുന്നു. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴി രോഗാണു മനുഷ്യനിലേക്കും പ്രവേശിക്കാൻ സാധ്യതയുണ്ട്.


ഇത്തരത്തിൽ മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുള്ളതാണ് പക്ഷിപനിയെ അപകടകരമാക്കുന്നത്.രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. 1997 ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് ആദ്യമായി മനുഷ്യനിലേക്കെത്തിയത്. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ , ക്ഷീണം എന്നിവയാണ് പക്ഷിപനിയുടെ ലക്ഷണങ്ങൾ. ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാനും ഈ വൈറസുകൾ കാരണമാവാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡിൻെറ തേരോട്ടം തുടരുകയാണ്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഡിസംബർ 30 – ന് ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലധികമായത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. എന്നിരുന്നാലും ലഭ്യമായ കണക്കുകൾ പ്രകാരം കോവിഡിൻെറ മറ്റ് ജനിതക വക ഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ അത്രമാത്രം ഗുരുതരമല്ലെന്നുള്ള വിലയിരുത്തലാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.

പക്ഷേ ഒമിക്രോണിൻെറ വ്യാപന ഭീഷണി കടുത്തതാകയാൽ കൂടുതൽ ആൾക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഡെൽറ്റ, ആൽഫ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കേസുകളുടെ എണ്ണം ഉയരുന്നത് വളരെ വേഗത്തിലാണ്.

മറ്റ് വകഭേദങ്ങൾ പിടിപെട്ടതിന് ശേഷം രണ്ടു ദിവസത്തിലും രണ്ട് ആഴ്ചയ്ക്കും ശേഷവുമാണ് രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. പക്ഷേ ഒമിക്രോണിൻെറ ഇൻകുബേഷൻ കാലയളവ് രണ്ടു മുതൽ അഞ്ചു ദിവസം വരെയാണ്. വൈറസ് ബാധിച്ച രോഗിയിൽനിന്ന് അവർ ലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപ് തന്നെ മറ്റുള്ളവരിലേയ്ക്ക് വൈറസ് പടർന്നു പിടിക്കാൻ തുടങ്ങിയിരിക്കും. അതായത് രോഗി ഒറ്റപ്പെടലിന് വിധേയമാകുന്നതിനു മുൻപ് തന്നെ പലർക്കും രോഗംപകർന്ന് നൽകിയിരിക്കും . ക്ഷീണം, ശരീരവേദന തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയാണ് ഒമിക്രോണിൻെറ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ലാറ്റെറൽ ഫ്ലോ ടെസ്റ്റ് നടത്തുകയും പോസിറ്റീവ് ആണെങ്കിൽ ഒറ്റപ്പെടൽ വിധേയമാകുകയും ചെയ്യണം .

RECENT POSTS
Copyright © . All rights reserved