Main News

ലണ്ടൻ : രാജ്യത്ത് പെട്രോൾ വില വർധന വലിയ ഭീഷണിയാണുയർത്തുന്നത്. നവംബറിൽ പമ്പിലെ പെട്രോളിന്റെ വില ലിറ്ററിന് 1.47 പൗണ്ട് എന്ന റെക്കോർഡ് നിരക്കിലെത്തി. രണ്ട് വർഷം മുമ്പ് ലിറ്ററിന് ഏകദേശം ഒരു പൗണ്ട് എന്ന നിലയിലായിരുന്നു. ഇത്തവണ പമ്പിൽ ലിറ്ററിന് രണ്ട് പെൻസ് മാത്രമാണ് വില കുറഞ്ഞത്. കോവിഡ് മൂലം സമൂഹം അടച്ചിടലിലേക്ക് നീങ്ങിയതും പിന്നീടുള്ള തിരിച്ചുവരവിൽ വിതരണക്കാർക്കുണ്ടായ പ്രതിസന്ധിയും ഇന്ധന വില വർധനവിന് കാരണമായി. അസംസ്‌കൃത എണ്ണയുടെയും ഉൽപന്നങ്ങളുടെയും വില ഉയർന്നു. മൊത്ത ഊർജ്ജ വിലയ്ക്ക് അനുസൃതമായി വില കുറയ്ക്കാൻ പെട്രോൾ റീട്ടെയിലർമാരും തയ്യാറാകുന്നില്ല.

പെട്രോൾ റീട്ടെയിലർമാരാണ് വില ഉയർത്തുന്നതെന്ന് ആർഎസി മോട്ടോറിങ് ഓർഗനൈസേഷൻ ആരോപിച്ചു. എന്നാൽ ഈ വാദം യുക്തിരഹിതമാണെന്ന് പെട്രോൾ റീട്ടെയിലേഴ്സ്‌ അസോസിയേഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി ബില്ലിൽ ഉണ്ടായ വർധനയും ഇന്ധനം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായെന്ന് അവർ പറഞ്ഞു. ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാനായി ഇന്ധനത്തിൽ ചേർക്കുന്ന ബയോഎഥനോളിന്റെ വിലയാണ് മറ്റൊരു ഘടകം. ഇതൊരു ചെറിയ ഭാഗമാണെങ്കിലും പെട്രോൾ, ഡീസൽ എന്നിവയേക്കാൾ ചെലവേറിയതാണ്. മാത്രമല്ല ബയോഎഥനോളിന്റെ വില കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി വർദ്ധിച്ചു.

പെട്രോൾ വില കുറയുമോ എന്ന ചോദ്യമാണ് ഇനിയുള്ളത്. സർക്കാർ പെട്രോൾ നികുതി ഉടൻ കുറയ്ക്കാൻ സാധ്യതയില്ല. ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി പ്രകാരം 2019-20ൽ ഇന്ധന തീരുവയായി ലഭിച്ച 28 ബില്യൺ പൗണ്ട് സർക്കാരിനൊരു പ്രധാന വരുമാന സ്രോതസ്സായിരുന്നു. ഇത് മൊത്തത്തിലുള്ള നികുതിയുടെ 3.3% ആണ്. ഒരു കുടുംബത്തിന് 1,000 പൗണ്ട് എന്നതിന് തുല്യമാണിത്. പെട്രോൾ വില വർധന കാരണം പൊതുഗതാഗതത്തിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും മാറുന്നവരുടെ എണ്ണവും ഉയരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആദ്യ ലോക്ക്ഡൗൺ സമയത്ത് ഡൗണിംഗ് സ്ട്രീറ്റ് ഗാർഡനിൽ നൂറോളം ആളുകളെ ക്ഷണിച്ചുവരുത്തി ഡ്രിങ്ക്സ് ഇവന്റ് നടന്നെന്ന് വെളിപ്പെടുത്തൽ. 2020 മെയ് 20 ന് നടന്ന പാർട്ടിയിൽ പ്രധാനമന്ത്രിയും ഭാര്യയും പങ്കെടുത്തതായി ദൃക്‌സാക്ഷികൾ ബിബിസിയോട് പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ചു വ്യക്തമാക്കാൻ ജോൺസൻ തയ്യാറായില്ല. കോവിഡ് നിയമങ്ങളുടെ ലംഘനമായി ആരോപിക്കപ്പെടുന്ന ഈ സംഭവത്തെപറ്റി അന്വേഷിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഐടിവി ന്യൂസ് വെളിപ്പെടുത്തിയ ഒരു ഇമെയിലിൽ നിന്നാണ് ഡ്രിങ്ക്സ് ഇവന്റിനെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. ജോൺസന്റെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റെയ്‌നോൾഡ്‌സിനെ പാർട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച ഇമെയിൽ ആണിത്. ഇത് മുഴുവനായും ഐടിവി പ്രസിദ്ധീകരിച്ചു.

‘സാമൂഹിക അകലം പാലിച്ചു നടക്കുന്ന പരിപാടി’യെന്ന് മെയിലിലുണ്ട്. കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്താണ് പാർട്ടി നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ആറു പേർക്ക് വാതിൽപ്പുറ ഇടങ്ങളിൽ ഒത്തുകൂടാമെന്ന ഇളവ് 2020 ജൂൺ 1 നാണ് സർക്കാർ കൊണ്ടുവരുന്നത്. അതിന് മുൻപ് നൂറ് പേരെ ഉൾപ്പെടുത്തി സർക്കാർ മന്ദിരത്തിൽ നടന്ന പാർട്ടി ധാരാളം ചോദ്യങ്ങൾ ഉയർത്തുന്നു. പാർട്ടിയിൽ പ്രധാനമന്ത്രി പങ്കെടുത്തതായി കണ്ടെത്തിയാൽ ഗുരുതരമായ ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്ന് ലേബർ പാർട്ടി പറഞ്ഞു. ലിബറൽ ഡെമോക്രാറ്റുകൾ ഒരു പോലീസ് അന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒത്തുചേരലിന്റെ അതേ ദിവസം, അന്നത്തെ സാംസ്കാരിക സെക്രട്ടറി ഒലിവർ ഡൗഡൻ ഡൗണിംഗ് സ്ട്രീറ്റ് കൊറോണ വൈറസ് ബ്രീഫിംഗ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ യുകെയിൽ 363 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. പൊതു സ്ഥലത്ത് രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് അന്നേ ദിവസം അദ്ദേഹം ഓർമിപ്പിച്ചു. 2020-ൽ നടന്ന ഒത്തുചേരലുകളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണത്തിന് സ്യൂ ഗ്രേ നേതൃത്വം നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവർ യുകെയിൽ നിരവധിപേരാണ്. ഇവരെല്ലാം ജനുവരി 30ന് മുമ്പ് സെൽഫ് അസ്സസ്സ്മെന്റ് നടത്തുകയും,ടാക്‌സ് റിട്ടേൺ സമർപ്പിക്കുകയും ചെയ്യണമെ ന്നുള്ളത് യുകെയിലെ അലിഖിത നിയമമാണ് . ജനുവരി 30ന് മുമ്പ് ടാക്സ് റിട്ടേൺ സമർപ്പിക്കാത്തവർക് ഉടൻ വരുക 100 പൗണ്ട് പിഴയാണ് .

നിരവധി മലയാളികളാണ് ഓഫ് ലൈസൻസ് ഷോപ്പുകൾ പോലുള്ള ചെറുകിട ബിസിനസ് സംരംഭങ്ങൾ നടത്തുകയും ടാക്സി ഡ്രൈവർമാരായും മറ്റും ജോലി ചെയ്തു ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. ഇവരെല്ലാം ജനുവരി 30ന് മുമ്പ് ടാക്സ് നൽകാനുള്ള നെട്ടോട്ടത്തിലാണ്. 12.2 മില്യൻ ജനങ്ങൾ ടാക്സ് റിട്ടേൺ നൽകേണ്ടിടത്ത് ഇതിനോടകം പകുതിയോളം പേരെ നൽകിയിട്ടുള്ളൂ .ഇത്തരക്കാർക്ക് ആശ്വാസമായി ടാക്സ് റിട്ടേൺ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 28 വരെയാക്കി ദീർഘിപ്പിച്ചിരിക്കുകയാണ് ഗവൺമെൻറ് .കോവിഡിൻെറ പശ്ചാത്തലത്തിലാണ് വളരെ വിരളമായി പോലും നൽകാത്ത ഈ ആനുകൂല്യം നൽകിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബൾഗേരിയ :- 2001-ലെ ബ്രിട്ടനെതിരെയുള്ള ഭീകരാക്രമണവും, ബ്രെക്സിറ്റുമുൾപ്പെടെ പ്രവചിച്ച ബാബ വാങ്കയുടെ 2022 ലേക്കുള്ള പ്രവചനങ്ങളിൽ പ്രകൃതി ദുരന്തങ്ങളും, ജലക്ഷാമവും, അതോടൊപ്പം തന്നെ അന്യഗ്രഹജീവികളുടെ കടന്നുകയറ്റവുമെല്ലാം ഉൾപ്പെടുന്നു. ബൾഗേറിയയിൽ നിന്നുള്ള ബാബ വാങ്കയ്ക്ക് തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്. അതിനുശേഷം ഭാവികാര്യങ്ങൾ പ്രവചിക്കുന്നതിനായി തനിക്ക് ദൈവത്തിൽനിന്ന് ഒരു പ്രത്യേക കഴിവ് ലഭിച്ചിട്ടുണ്ടെന്നു അവർ അവകാശപ്പെട്ടിരുന്നു. നോസ്ട്രഡാമസ് ഓഫ് ബാൽകൻസ് എന്ന പേരിലറിയപ്പെടുന്ന ബാബ വാങ്കയുടെ പ്രവചനങ്ങളിൽ 85 ശതമാനവും ലോകത്തിൽ നടന്നിട്ടുണ്ട്. ഇതിൽ ചെർണോബിൽ ദുരന്തവും, ഡയാന രാജകുമാരിയുടെ മരണവും, സോവിയറ്റ് യൂണിയന്റെ വിഘടനവുമെല്ലാം ഉൾപ്പെടുന്നു. 2022 വർഷക്കാലവും ദുരന്തങ്ങളുടെ തുടർച്ചയാവുമെന്നാണ് ബാബ വാങ്കയുടെ പ്രവചനം.

വെർച്വൽ റിയാലിറ്റിയുടെ അതിശക്തമായ സ്വാധീനം ഈ വർഷം ഉണ്ടാകുമെന്ന് അവർ പറയുന്നു. ജനങ്ങൾ തങ്ങളുടെ സമയങ്ങളിൽ ഭൂരിഭാഗവും സ്ക്രീനുകൾ ക്ക് മുൻപിൽ ചിലവാക്കും. ഇതോടൊപ്പം തന്നെ മറ്റൊരു മാരകമായ വൈറസിനെ സൈബീരിയയിൽ നിന്നും കണ്ടെത്തുമെന്നും അത് ജനങ്ങളിലേക്ക് പകർന്ന് മറ്റൊരു പകർച്ചവ്യാധി ഉണ്ടാകുമെന്നും വാങ്ക പ്രവചിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ ലോകമെങ്ങും കടുത്ത കുടിവെള്ള പ്രതിസന്ധി ഉണ്ടാകുമെന്നും, ദാഹജലത്തിനുവേണ്ടി മനുഷ്യരും മൃഗങ്ങളും ഒരുപോലെ ബുദ്ധിമുട്ടുമെന്നും വാങ്കയുടെ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ അന്യഗ്രഹജീവികളുടെ കടന്നുകയറ്റവും ഭൂമിയിൽ ഉണ്ടാകുമെന്നും അവർ പറയുന്നു. വാങ്ങേലിയ ഗുഷ്റ്ററോവ എന്നതാണ് ബാബ വാങ്കയുടെ യഥാർത്ഥ പേര്.

ഇതോടൊപ്പംതന്നെ ഇന്ത്യയിൽ കടുത്ത ക്ഷാമം ഉണ്ടാകുമെന്നും വാങ്ക പ്രവചിച്ചിട്ടുണ്ട്. താപനില 50 ഡിഗ്രി സെൽഷ്യസിനു മേൽ ഉയരും. ഇതോടൊപ്പംതന്നെ ഈ വർഷം ഇന്ത്യയിൽ വെട്ടുക്കിളി ആക്രമണം ഉണ്ടാവുകയും അത് വ്യാപകമായ കൃഷി നാശത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും വാങ്കയുടെ പ്രവചനങ്ങൾ വെളിപ്പെടുത്തുന്നു. ഇതോടൊപ്പംതന്നെ ഓസ്ട്രേലിയയിലും മറ്റു ചില ഏഷ്യൻ രാജ്യങ്ങളിലും ഉണ്ടാകുന്ന കനത്ത വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരണപ്പെടുകയും ചെയ്യുമെന്നും ഈ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. 1996 ലാണ് ബാബ വാങ്ക മരണപ്പെട്ടത്. ഭാവിയിലേക്കുള്ള നിരവധി പ്രവചനങ്ങൾ നടത്തിയതിനുശേഷമാണ് അവർ മരണപ്പെട്ടത്. വാങ്കയുടെ പ്രവചനങ്ങൾ സത്യമായാൽ ഈ വർഷവും ലോകത്തിന് ദുരന്തങ്ങൾ മാത്രം ഏറ്റുവാങ്ങാനുള്ള സാധ്യതയാണ് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിർജിൻ മൊബൈൽ, O2 ഉപയോക്താക്കൾക്ക് റോമിംഗ് നിരക്കുകളെ പേടിക്കാതെ യൂറോപ്പിലേക്ക് യാത്ര ചെയ്യാം. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക നിരക്ക് കൂടാതെ മൊബൈൽ ഡേറ്റ ഉപയോഗിക്കാനും യുകെയിൽ ഉള്ള അതേ രീതിയിൽ തുടർന്നും കോൾ ചെയ്യാനും ടെക്സ്റ്റ്‌ ചെയ്യാനും കഴിയുമെന്ന് കമ്പനി അറിയിച്ചു. അതേസമയം യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് അധിക ചാർജ് ഈടാക്കാൻ വോഡഫോൺ, ഇഇ, ത്രീ എന്നീ നെറ്റ്‌വർക്ക് കമ്പനികൾ ഒരുങ്ങുകയാണ്. ബ്രെക്സിറ്റ് ആണ് പ്രധാന കാരണം. യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിന് മുമ്പ്, 2017-ൽ റോമിംഗ് ചാർജുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ 2020 ഡിസംബറിലെ ഇയു വ്യാപാര കരാറിലൂടെ മൊബൈൽ ഓപ്പറേറ്റർമാർ അധിക ചാർജ് വീണ്ടും അവതരിപ്പിക്കുകയുണ്ടായി.

യൂറോപ്പിൽ ഉടനീളം റോമിംഗ് ചാർജുകൾ ഒഴിവാക്കാനുള്ള വിർജിൻ മൊബൈൽ, O2 എന്നിവരുടെ തീരുമാനത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്വാഗതം ചെയ്തു. O2, വിർജിൻ മൊബൈൽ ഉപഭോക്താക്കൾക്ക് യൂറോപ്പിൽ റോമിംഗ് ഫീസ് വീണ്ടും അവതരിപ്പിക്കില്ലെന്ന് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗാരെത് ടർപിൻ ഉറപ്പ് നൽകി. “പല ബ്രിട്ടീഷുകാരും ഇപ്പോൾ ഒരു വിദേശയാത്ര ആസൂത്രണം ചെയ്യുകയാണ്. O2, വിർജിൻ മൊബൈൽ ഉപഭോക്താക്കൾ അധിക റോമിംഗ് നിരക്കുകളെപറ്റി ആശങ്കപ്പെടേണ്ട കാര്യമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി അവസാനത്തോടെ റോമിംഗ് നിരക്കുകൾ തിരികെ കൊണ്ടുവരാൻ വോഡഫോൺ പദ്ധതിയിടുന്നു. ഇഇ മാർച്ചിലും ത്രീ മെയ് മാസത്തിലും പുതിയ നിരക്കുകൾ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിർജിൻ മീഡിയയും O2 ഉം തമ്മിലുള്ള ലയനം നടന്നത്. ഇതിലൂടെ വിർജിൻ മീഡിയ O2 യുകെയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനങ്ങളിലൊന്നായി മാറി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻഎച്ച്എസ് ജീവനക്കാർക്കുള്ള കോവിഡ് വാക്‌സിൻ മാർഗ്ഗനിർദേശത്തെപറ്റി ആരോഗ്യ സെക്രട്ടറിയെ ചോദ്യം ചെയ്ത ഡോക്ടർക്കെതിരെ ആരോഗ്യ വിദഗ്ധർ രംഗത്ത്. ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ (കെസിഎച്ച്) തീവ്രപരിചരണ വാർഡിലെ കൺസൾട്ടന്റ് അനസ്തറ്റിസ്റ്റായ സ്റ്റീവ് ജെയിംസ്, വെള്ളിയാഴ്ച സാജിദ് ജാവിദിന്റെ ആശുപത്രി സന്ദർശന വേളയിലാണ് സർക്കാരിന്റെ നയത്തെ ചോദ്യം ചെയ്തത്. ശാസ്ത്രത്തിന് വേണ്ടത്ര വളർച്ചയില്ലെന്നും താൻ പ്രതിരോധശേഷി നേടിയെടുത്തത് സ്വാഭാവികമായാണെന്നും ജെയിംസ് പറഞ്ഞു. വാരാന്ത്യത്തിൽ നിരവധി അഭിമുഖങ്ങൾ അദ്ദേഹം നടത്തി. വാക്‌സിൻ ഉത്തരവിനോട് വിയോജിക്കുന്നുണ്ടെങ്കിൽ എഴുന്നേറ്റു നിന്ന് എതിർക്കണമെന്ന് അദ്ദേഹം എൻഎച്ച്എസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരണം നടത്തി.

“നിങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിൽ പ്രാദേശിക മാധ്യമങ്ങളെ ബന്ധപ്പെടുക, നിങ്ങളുടെ ആശുപത്രിയിലെ എക്സിക്യൂട്ടീവ് സ്റ്റാഫിന് എഴുതുക. സർക്കാരിന്റെ ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫസർ ക്രിസ് വിറ്റിക്ക് എഴുതുക, ബോറിസ് ജോൺസന് എഴുതുക, സാജിദ് ജാവിദിന് എഴുതുക, നിങ്ങളുടെ കാഴ്ചപ്പാടുകൾ തുറന്നറിയിക്കുക.” ജെയിംസ് കുറിച്ചു. എന്നാൽ ജെയിംസിന്റെ വാക്സിൻ വിരുദ്ധ നിലപാട് രാജ്യത്തുടനീളമുള്ള എൻഎച്ച്എസ് ജീവനക്കാരിൽ നിന്ന് തിരിച്ചടിക്ക് കാരണമായി.

 

വാക്‌സിനുകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് സാജിദ് ജാവിദിനോട് പറഞ്ഞ സ്റ്റീവ് ജെയിംസിനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇത് നിരുത്തരവാദപരവും അപകടകരവുമായ ഇടപെടലാണെന്ന് പല ആരോഗ്യ വിദഗ്ധരും വ്യക്തമാക്കി. വാക്സിനേഷൻ കാരണമാണ് മരണനിരക്ക് ഉയരാത്തതെന്ന് അവർ ചൂണ്ടിക്കാട്ടി.

നിയമം പ്രാബല്യത്തിൽ വരുന്ന ഏപ്രിലിൽ രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത എൻഎച്ച്എസ് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും ഫെബ്രുവരി 3-നകം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസും 2022 ഏപ്രിലിനകം രണ്ടാം ഡോസും നൽകണമെന്ന് കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചു. എൻഎച്ച്എസ് ഇംഗ്ലണ്ടിലെ 93.5 ശതമാനം ജീവനക്കാർക്ക് ഒരു ഡോസും 90.7 ശതമാനം പേർക്ക് രണ്ട് ഡോസ്‌ വാക്സിനും ലഭിച്ചു. എന്നാൽ വാക്സിൻ സ്വീകരിക്കാൻ മടി കാട്ടുന്ന ആരോഗ്യ പ്രവർത്തകരും ഏറെയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രാജ്യമെമ്പാടുമുള്ള എൻ എച്ച് എസ് സ്റ്റാഫുകൾക്കായുള്ള 20% ഡിസ്കൗണ്ട് ഈവർഷം അവസാനം വരെ തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് മക്ഡൊണാൾഡ്സ്. എൻഎച്ച്എസ് ജീവനക്കാർക്ക് തങ്ങളുടെ ഇഷ്ടാനുസരണം ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിൽ ഈ ഡിസ്കൗണ്ട് ലഭ്യമാകും. കഴിഞ്ഞവർഷമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള എൻഎച്ച്എസ് സ്റ്റാഫുകളുടെ ത്യാഗ മനോഭാവത്തോടുള്ള നന്ദിസൂചകമായി മക്ഡൊണാൾഡ്സ് ഡിസ്കൗണ്ട് സംവിധാനം ഏർപ്പെടുത്തിയത്. 2021 ഡിസംബർ മാസത്തിൽ അവസാനിക്കേണ്ട ഈ സ്കീം വീണ്ടും തുടരുമെന്നാണ് ഇപ്പോൾ മക്ഡൊണാൾഡ്സ് അറിയിച്ചിരിക്കുന്നത്. എൻ എച്ച് എസ് വർക്ക്‌ ഇമെയിൽ അഡ്രസ്സിലൂടെ ആപ്പിൽ പ്രവേശിക്കാവുന്ന ജീവനക്കാർക്ക് എല്ലാ പ്രോഡക്ടസിലും ഡിസ്കൗണ്ട് ലഭ്യമാകും.

ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രമാവും സ്റ്റാഫുകൾക്ക് ഈ സേവനം ഉപയോഗിക്കാൻ സാധിക്കുക. കോവിഡ് കാലത്ത് അതികഠിനമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന എൻഎച്ച് സ്റ്റാഫുകൾക്ക് ഈ സേവനം വലിയ തരത്തിൽ ഉപകാരപ്പെടുമെന്ന് എൻ എച്ച് എസ് ഡിസ്കൗണ്ട് ഓഫേഴ്‌സ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡേവിഡ് ബേറ്റർ വ്യക്തമാക്കി. എൻ എച്ച് എസ് ജീവനക്കാരായ മലയാളികൾക്കും ഈ വാർത്ത തികച്ചും സന്തോഷം നൽകുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിസ്റ്റോൾ : ട്രെയിനിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയ്ക്കും പുരുഷനുമെതിരെ ട്രാൻസ്പോർട്ട് പോലീസിൽ പരാതി നൽകി യാത്രക്കാരിയായ യുവതി. ജനുവരി 2 -ന് ബ്രിസ്റ്റോളിൽ നിന്ന് ക്ലീത്തോർപ്‌സിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവം. തന്റെ മുന്നിൽ വെച്ചാണ് സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഇത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നും യുവതി വെളിപ്പെടുത്തി. ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ അവർ തന്നെ നോക്കി കളിയാക്കി ചിരിച്ചുവെന്നും യുവതി പറഞ്ഞു. സ്ത്രീയും പുരുഷനും നല്ലവരാണെന്ന് കരുതിയാണ് യുവതി അവരുടെ എതിർവശം വന്നിരുന്നത്. മദ്യപിച്ചിരുന്ന ഒരു കൂട്ടം ആളുകളുടെ അടുത്ത് നിന്ന് രക്ഷനേടാനുള്ള ശ്രമം കൂടിയായിരുന്നു അത്. എന്നാൽ അതിലും മോശമായ പ്രവൃത്തിയ്ക്കാണ് താൻ സാക്ഷിയായതെന്ന് യുവതി തുറന്നുപറഞ്ഞു.

ട്രെയിൻ സ്‌കൺതോർപ്പിൽ എത്തിയതിനു ശേഷമാണ് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. യുവതിയുടെ തൊട്ട് മുൻപിലാണ് ഇത് നടന്നത്. പുരുഷൻ ബെൽറ്റ്‌ അഴിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും താൻ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും അവർ അത് കാര്യമാക്കിയില്ലെന്നും യുവതി പറഞ്ഞു. ട്രെയിൻ സ്റ്റേഷനിൽ സംഭവം റിപ്പോർട്ട്‌ ചെയ്തതിന് ശേഷമാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസിൽ യുവതി പരാതി നൽകിയത്.

പൊതുഗതാഗത്തിൽ വച്ചുള്ള ഇത്തരം പെരുമാറ്റം അസ്വീകാര്യമാണെന്നും ഉത്തരവാദികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ട്രാൻസ്‌പെനൈൻ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയുള്ള പുതിയ നിയമം വരുമ്പോൾ അവർ ജോലി ഉപേക്ഷിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ലണ്ടനിലെ പ്രശസ്തമായ ആശുപത്രിയുടെ മേധാവി. ഏപ്രിൽ മുതൽ ഇംഗ്ലണ്ടിലെ മുൻനിര എൻഎച്ച്എസ് ജീവനക്കാർ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിരിക്കണം, ഇവ സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു സ്‌ഥാനത്തേക്ക് ഇവർ മാറ്റപ്പെടും. തന്റെ കീഴിലുള്ള 14,000 ജീവനക്കാരിൽ പത്തു ശതമാനത്തോളം പേർ ഇനിയും വാക്സിനേഷൻ സ്വീകരിച്ചിട്ടില്ല എന്ന് കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ക്ലൈവ് കേ പറഞ്ഞു. ജീവനക്കാരെ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുവാൻ താനൊരിക്കലും നിർബന്ധിക്കുകയില്ലെന്നും അതിനായി പക്ഷേ അവരെ പ്രോത്സാഹിപ്പിക്കുക എന്നും ക്ലൈവ് കേ പറഞ്ഞു. എന്നാൽ ജീവനക്കാർ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനുള്ള സാധ്യതയേറെയാണ്. വാക്സിനേഷൻ സ്വീകരിക്കുവാൻ നിരവധി മുൻനിര ജീവനക്കാർ വിമുഖത കാണിക്കുന്നുണ്ട് എന്നും, അതിനാൽ ഈ നിയമം നടപ്പിലാക്കേണ്ടി വന്നാൽ തനിക്ക് കാര്യക്ഷമവും കഴിവുള്ളവരുമായ നിരവധി ജീവനക്കാരെ നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രോഗികളെ സുരക്ഷിതമായി പരിചരിക്കുവാൻ മതിയായ ജീവനക്കാരില്ലാത്ത അവസ്ഥ ഉണ്ടാക്കും.

ഇതേസമയം നാദിം സഹവി സർക്കാരിന്റെ ഈ നയത്തെ ശരിയായ തീരുമാനമായി വാദിച്ചു. ഇംഗ്ലണ്ടിലെ നിയമപ്രകാരം ഏപ്രിൽ ആദ്യം മുതൽ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന എൻഎച്ച്എസ് ജീവനക്കാർ കോവിഡിനെതിരെ വാക്സിനേഷൻ സ്വീകരിച്ചിരിക്കണം. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും സമാനമായ നയം ഇതിനോടകം കൊണ്ടുവന്നിട്ടുണ്ട്. കെയർ ഹോമുകൾക്ക് ഈ മുന്നറിയിപ്പ് ലഭിച്ചതോടെയുള്ള ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പ്രതിസന്ധിയുടെ ആക്കം കൂട്ടും.

പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാത്തതിനെ തുടർന്ന് പിരിച്ചുവിടൽ ഭീഷണി നേരിടുന്ന ഒരു ഡോക്ടർ ഈ വാരാന്ത്യത്തിൽ ആരോഗ്യ സെക്രട്ടറി സാജിദ് ജാവീദിനെ വെല്ലുവിളിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ഐസിയു കൺസൾട്ടന്റായ ഡോക്ടർ സ്റ്റീവ് ജെയിംസ് തനിക്ക് കോവിഡ് പിടിപ്പെട്ടതിനുശേഷം ഇതിനോടകംതന്നെ ശരീരത്തിൽ ആവശ്യമായ ആന്റിബോഡികൾ ഉണ്ടെന്ന് വധിച്ചു. വാക്സിനേഷൻ സ്വീകരിക്കുക എന്നത് വ്യക്തിപരമായ താല്പര്യം ആയിരിക്കണം എന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് മൂലമുള്ള മരണസംഖ്യ 1,50,000 കടന്നു. ഒന്നര ലക്ഷത്തിൽ കൂടുതൽ പേരുടെ ജീവൻ കോവിഡ് കവർന്നെടുത്ത ആദ്യ യൂറോപ്യൻ രാജ്യമാണ് ബ്രിട്ടൻ . ഇന്നലത്തെ 313 കോവിഡ് മരണങ്ങൾ കൂടി കണക്കിലെടുത്താൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 1,50,057 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. ലോകരാജ്യങ്ങളുടെ ഇടയ്ക്ക് 1,50,000 പേർ മഹാമാരി മൂലം മരണമടഞ്ഞ 7 -മത്തെ രാജ്യമാണ് ബ്രിട്ടൻ . യുഎസ് , ബ്രസീൽ, ഇന്ത്യ , റഷ്യ , മെക്സിക്കോ എന്നീ രാജ്യങ്ങളാണ് യുകെയുടെ മുന്നിലുള്ളത്.

കോവിഡ് മൂലമുള്ള ഓരോ മരണവും രാജ്യത്തിനും ബന്ധുമിത്രാദികൾക്കും തീരാനഷ്ടമാണെന്നും തൻറെ ചിന്തകളും അനുശോചനങ്ങളും അവരുടെ ബന്ധുമിത്രാദികൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എല്ലാവരും ബൂസ്റ്റർ വാക്സിൻ എടുക്കണമെന്നും ഇനിയും ആദ്യ 2 ഡോസ് വാക്‌സിൻ എടുക്കാത്തവരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാജ്യത്തെ പ്രതിദിന രോഗവ്യാപന നിരക്ക് 1,46,390 ആണ് . ഒമിക്രോണിൻെറ വ്യാപന ശേഷി മറ്റു വകഭേദങ്ങളേക്കാൾ വളരെ കൂടുതലാണെന്നതാണ് പ്രതിദിന രോഗവ്യാപനം കൂടാൻ കാരണമാകുന്നത്. എങ്കിലും ഒട്ടുമിക്കവരും പ്രതിരോധകുത്തിവയ്പ്പുകൾ എടുത്തത് മൂലം മരണസംഖ്യയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണവും മുൻപ് ഉണ്ടായ അത്രയും ഉയർന്നതല്ലെന്നുള്ള ആശ്വാസം ആരോഗ്യപ്രവർത്തകർക്ക് ഉണ്ട്.

RECENT POSTS
Copyright © . All rights reserved